വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പയനിയറിങ്‌ ദൈവവുമായുള്ള നമ്മുടെ ബന്ധം ബലിഷ്‌ഠമാക്കും

പയനിയറിങ്‌ ദൈവവുമായുള്ള നമ്മുടെ ബന്ധം ബലിഷ്‌ഠമാക്കും

“നമ്മുടെ ദൈവത്തിന്നു കീർത്തനം പാടുന്നതു നല്ലത്‌.”—സങ്കീ. 147:1.

1, 2. (എ) നാം സ്‌നേഹിക്കുന്ന ഒരാളെക്കുറിച്ചു ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നത്‌ എന്തു ഫലമുളവാക്കും? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) ഏതു ചോദ്യങ്ങൾ നാം പരിചിന്തിക്കും?

 നാം സ്‌നേഹിക്കുന്ന ഒരാളെക്കുറിച്ചു ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നത്‌ ആ വ്യക്തിയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ശക്തമാക്കുന്നു. യഹോവയാം ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്റെ കാര്യത്തിലും ഇതു ശരിയാണ്‌. ഒരു ഇടയൻ എന്ന നിലയിൽ ദാവീദ്‌ അനേകം രാത്രികളിൽ തെളിമയുള്ള താരനിബിഡമായ ആകാശത്തു നോക്കി അനുപമനായ സ്രഷ്ടാവിനെക്കുറിച്ചു ധ്യാനിക്കാറുണ്ടായിരുന്നു. അവൻ ഇങ്ങനെ എഴുതി: “നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?” (സങ്കീ. 8:3, 4) ആത്മീയയിസ്രായേലിനോടുള്ള ബന്ധത്തിൽ യഹോവയുടെ ഉദ്ദേശം മഹത്തായ വിധത്തിൽ നിവൃത്തിയേറിക്കൊണ്ടിരുന്നതു കണക്കിലെടുത്ത്‌ അപ്പൊസ്‌തലനായ പൗലോസ്‌ ഇപ്രകാരം പ്രസ്‌താവിച്ചു: “ഹാ, ദൈവത്തിന്റെ ധനവും ജ്ഞാനവും അറിവും എത്ര അഗാധം!”—റോമ. 11:17-26, 33.

2 ശുശ്രൂഷയിലായിരിക്കുമ്പോൾ നാം യഹോവയെക്കുറിച്ചു ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. അതു നല്ല ഫലങ്ങൾ ഉളവാക്കുന്നു. മുഴുസമയശുശ്രൂഷയിൽ ഏർപ്പെടാൻ കഴിഞ്ഞ പലർക്കും തങ്ങളുടെ ശുശ്രൂഷ വികസിപ്പിച്ചതിലൂടെ നിരവധി അനുഗ്രഹങ്ങൾ ലഭിച്ചു. അവയിൽ ഒന്നാണു യഹോവയോടുള്ള തങ്ങളുടെ സ്‌നേഹം കൂടുതൽ ആഴമുള്ളതായിത്തീർന്നു എന്നത്‌. നിങ്ങൾ ഇപ്പോൾ മുഴുസമയശുശ്രൂഷയിലായിരിക്കുകയോ ആ ലക്ഷ്യത്തിലെത്താൻ യത്‌നിക്കുകയോ ചെയ്യുന്ന ഒരാളാണെങ്കിൽ ഇതു പരിചിന്തിക്കുക: ‘മുഴുസമയശുശ്രൂഷ യഹോവയുമായുള്ള നിങ്ങളുടെ ബന്ധം എങ്ങനെ ശക്തമാക്കും?’ നിങ്ങൾ ഒരു പയനിയറാണെങ്കിൽ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘പ്രതിഫലദായകമായ ഈ സേവനത്തിൽ തുടരാൻ എന്നെ എന്തു സഹായിക്കും?’ ഇനി, നിങ്ങൾ ഇതുവരെ പയനിയറിങ്‌ തുടങ്ങിയിട്ടില്ലെങ്കിൽ, ‘എന്തെല്ലാം പൊരുത്തപ്പെടുത്തലുകൾ വരുത്തിയാൽ എനിക്കു പയനിയറിങ്‌ തുടങ്ങാനാകും’ എന്നു സ്വയം ചോദിക്കുക. യഹോവയുമായുള്ള നമ്മുടെ ബന്ധം ശക്തമാക്കാൻ മുഴുസമയശുശ്രൂഷയ്‌ക്കു കഴിയുന്ന വിധത്തെക്കുറിച്ചു നമുക്കു ചിന്തിക്കാം.

മുഴുസമയസേവനവും യഹോവയുമായുള്ള നമ്മുടെ ബന്ധവും

3. ശുശ്രൂഷയിലായിരിക്കെ രാജ്യാനുഗ്രഹങ്ങളെക്കുറിച്ചു സംസാരിക്കുന്നതു നമുക്ക്‌ എങ്ങനെ പ്രയോജനം ചെയ്യും?

3 രാജ്യാനുഗ്രഹങ്ങളെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുന്നതു നമ്മെ യഹോവയോടു കൂടുതൽ അടുപ്പിക്കും. വീടുതോറുമുള്ള ശുശ്രൂഷയിലായിരിക്കെ താഴെ പറയുന്ന ഏതു തിരുവെഴുത്ത്‌ ഉപയോഗിക്കാനാണു നിങ്ങൾ ഏറെ ഇഷ്ടപ്പെടുക? സങ്കീർത്തനം 37:10, 11; ദാനീയേൽ 2:44; യോഹന്നാൻ 5:28, 29; വെളിപാട്‌ 21:3, 4. ഇവയിൽ ഏതെങ്കിലുമാണോ? ഓരോ പ്രാവശ്യവും ഇതുപോലുള്ള വാഗ്‌ദാനങ്ങളെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ “എല്ലാ നല്ല ദാനങ്ങളും തികഞ്ഞ വരങ്ങൾ ഒക്കെയും” നമുക്കു ധാരാളമായി ലഭിക്കുന്നതു യഹോവയിൽ നിന്നാണെന്നു നാം ഓർക്കുന്നു. ഇതു നമ്മെ അവനോടു കൂടുതൽ അടുപ്പിക്കും.—യാക്കോ. 1:17.

4. മറ്റുള്ളവരുടെ ആത്മീയദാരിദ്ര്യം കാണുമ്പോൾ യഹോവയുടെ നന്മയെക്കുറിച്ചുള്ള നമ്മുടെ വിലമതിപ്പ്‌ ആഴമുള്ളതായിത്തീരുന്നത്‌ എങ്ങനെ?

4 നാം സുവാർത്ത അറിയിക്കുന്നവരുടെ ആത്മീയദാരിദ്ര്യത്തെക്കുറിച്ചു മനസ്സിലാക്കുന്നതു സത്യത്തോടുള്ള നമ്മുടെ വിലമതിപ്പ്‌ ആഴമുള്ളതാക്കിത്തീർക്കുന്നു. സന്തോഷവും വിജയവും നേടാൻ സഹായിക്കുന്ന തരത്തിലുള്ള ആശ്രയയോഗ്യമായ മാർഗനിർദേശം ലോകത്തിലേ ആളുകൾക്കു ലഭ്യമല്ല. മിക്കവരും ഭാവിയെക്കുറിച്ച്‌ പ്രത്യാശയില്ലാത്തവരും ആശങ്കാകുലരും ആണ്‌. അവർ ജീവിതത്തിന്റെ അർഥം അന്വേഷിക്കുന്നു. ഇനി, മതവിശ്വാസികളാണെന്ന്‌ അവകാശപ്പെടുന്നവർക്കുപോലും തിരുവെഴുത്തുഗ്രാഹ്യം ഒട്ടുംതന്നെയില്ല. പുരാതനനിനെവേയിലെ ആളുകളെപോലെയാണ്‌ അവർ. (യോനാ 4:11 വായിക്കുക.) ശുശ്രൂഷയിലെ നമ്മുടെ പങ്കു വർധിപ്പിക്കുമ്പോൾ യഹോവയുടെ ജനത്തിന്റെയും ലോകത്തിലേ ആളുകളുടെയും ആത്മീയാവസ്ഥയിലേ ആ വലിയ അന്തരം നമുക്കു കൂടുതൽ വ്യക്തമായി കാണാനാകും. (യെശ. 65:13) നമ്മുടെ മാത്രം ആത്മീയാവശ്യങ്ങൾക്കായിട്ടല്ല യഹോവ കരുതുന്നത്‌; പകരം നവോന്മേഷവും യഥാർഥപ്രത്യാശയും സ്വീകരിക്കാൻ അവൻ എല്ലാവരെയും ക്ഷണിക്കുന്നു. യഹോവ എത്ര നല്ലവനാണെന്നു മനസ്സിലാക്കാൻ ഇതു നമ്മെ സഹായിക്കുന്നു.—വെളി. 22:17.

5. മറ്റുള്ളവരെ ആത്മീയമായി സഹായിക്കുന്നതു നമ്മുടെ സ്വന്തം പ്രശ്‌നങ്ങളെ എങ്ങനെ വീക്ഷിക്കാൻ ഇടയാകും?

5 മറ്റുള്ളവർക്ക്‌ ആത്മീയസഹായം നൽകുന്നതു നമ്മുടെ വ്യക്തിപരമായ പ്രശ്‌നങ്ങളെക്കുറിച്ച്‌ അമിതമായി ആകുലപ്പെടാതിരിക്കാൻ നമ്മെ സഹായിക്കും. തന്റെ മാതാപിതാക്കൾ വിവാഹമോചനം നേടിയപ്പോൾ തൃഷ എന്ന സാധാരണ പയനിയർ ഇക്കാര്യം സത്യമാണെന്നു മനസ്സിലാക്കി. അവൾ വിവരിക്കുന്നു: “എന്റെ ജീവിതത്തിൽ ഏറ്റവും വൈകാരികവേദന ഉളവാക്കിയ സംഭവങ്ങളിൽ ഒന്നായിരുന്നു മാതാപിതാക്കളുടെ വിവാഹമോചനം.” ഒരു ദിവസം, വളരെ ദുഃഖിതയായിരുന്നതിനാൽ അവൾക്കു വീട്ടിൽനിന്നു പുറത്തു പോകാൻ തോന്നിയില്ല. എന്നിരുന്നാലും, അവൾ ഒരു ബൈബിളധ്യയനത്തിനു പോയി. അനവധി പ്രശ്‌നങ്ങളുണ്ടായിരുന്ന ഒരു കുടുംബത്തിലെ മൂന്നു കുട്ടികൾക്കാണ്‌ അവൾ അധ്യയനം നടത്തിയിരുന്നത്‌. പിതാവ്‌ ഉപേക്ഷിച്ചുപോയ അവർക്ക്‌, മൂത്ത സഹോദരനിൽനിന്നു പീഡനം സഹിക്കേണ്ടിവന്നിരുന്നു. തൃഷ പറയുന്നു: “അവരുടെ പ്രശ്‌നങ്ങളോടുള്ള താരതമ്യത്തിൽ ഞാൻ അനുഭവിക്കുന്ന ഹൃദയവേദന ഒന്നുമല്ലെന്ന്‌ എനിക്കു തോന്നി. ഞങ്ങൾ ഒരുമിച്ചു പഠിക്കുമ്പോൾ അവരുടെ കുഞ്ഞുമിഴികൾ തിളങ്ങുന്നതും അത്ഭുതവും സന്തോഷവും കൊണ്ട്‌ അവർ കുണുങ്ങിച്ചിരിക്കുന്നതും എനിക്കു മറക്കാനാവില്ല. യഹോവ എനിക്കു തന്ന സമ്മാനമായിരുന്നു ആ കുഞ്ഞുങ്ങൾ, പ്രത്യേകിച്ച്‌ ആ ദിവസം.”

6, 7. (എ) ബൈബിൾസത്യങ്ങൾ പഠിപ്പിക്കുമ്പോൾ നമ്മുടെ വിശ്വാസം ശക്തമായിത്തീരുന്നത്‌ എങ്ങനെ? (ബി) തിരുവെഴുത്തുതത്ത്വങ്ങൾ ബാധകമാക്കിക്കൊണ്ട്‌ ബൈബിൾവിദ്യാർഥികൾ ജീവിതം മെച്ചപ്പെടുത്തുന്നതു കാണുമ്പോൾ ദൈവികജ്ഞാനത്തോടുള്ള നമ്മുടെ വിലമതിപ്പിന്‌ എന്തു സംഭവിക്കും?

6 ബൈബിൾസത്യങ്ങൾ പഠിപ്പിക്കുമ്പോൾ നമ്മുടെ വിശ്വാസം കൂടുതൽ ശക്തമാകും. തങ്ങൾ പ്രസംഗിച്ചിരുന്നതു പ്രവൃത്തിപഥത്തിലാക്കാൻ പരാജയപ്പെട്ട തന്റെ കാലത്തെ ചില യഹൂദന്മാരെക്കുറിച്ചു പൗലോസ്‌ എഴുതി: “ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തതെന്ത്‌?” (റോമ. 2:21) ഇന്നത്തെ പയനിയർമാർ അവരിൽനിന്ന്‌ എത്രയോ വ്യത്യസ്‌തർ! മറ്റുള്ളവരെ സത്യം അറിയിക്കുന്നതിനും അതുപോലെ ബൈബിളധ്യയനങ്ങൾ നടത്തുന്നതിനും പയനിയർമാർക്കു ധാരാളം അവസരങ്ങളുള്ളതിനാൽ അവ ഫലകരമായി നിർവഹിക്കുന്നതിന്‌ അവർ നന്നായി തയ്യാറാകുന്നു; വീട്ടുകാരുടെ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ പലപ്പോഴും ഗവേഷണം ചെയ്യുന്നു. പയനിയറായ ജനീൻ പറയുന്നു: “മറ്റുള്ളവരെ സത്യം പഠിപ്പിക്കുന്ന ഓരോ അവസരത്തിലും ഈ സത്യങ്ങൾ എന്റെ മനസ്സിലും ഹൃദയത്തിലും ആഴത്തിൽ പതിയുന്നതായി എനിക്ക്‌ അനുഭവപ്പെടുന്നു. അതിന്റെ ഫലമായി എന്റെ വിശ്വാസം മുരടിച്ചുപോകാതെ വളർന്നുകൊണ്ടിരിക്കുന്നു.”

7 ബൈബിൾതത്ത്വങ്ങൾ ബാധകമാക്കിക്കൊണ്ടു ബൈബിൾവിദ്യാർഥികൾ തങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതു കാണുമ്പോൾ ദൈവികജ്ഞാനത്തോടുള്ള നമ്മുടെ വിലമതിപ്പ്‌ ആഴമുള്ളതായിത്തീരും. (യെശ. 48:17, 18) ബൈബിൾതത്ത്വങ്ങൾ നമ്മുടെ ജീവിതത്തിൽ ബാധകമാക്കുന്നതിൽ ദൃഢചിത്തരായിരിക്കാൻ അതു നമ്മെ സഹായിക്കുന്നു. മറ്റൊരു പയനിയറായ അഡ്രിന ഇങ്ങനെ അഭിപ്രായപ്പെടുന്നു: “സ്വന്തജ്ഞാനത്തിൽ ആശ്രയിക്കുമ്പോൾ ആളുകളുടെ ജീവിതം താറുമാറായേക്കാം. എന്നാൽ അവർ യഹോവയുടെ ജ്ഞാനത്തിൽ ആശ്രയിച്ചുതുടങ്ങുമ്പോൾത്തന്നെ അവർക്കു പ്രയോജനങ്ങൾ ലഭിച്ചുതുടങ്ങും.” സമാനമായി, ഫിൽ പറയുന്നു: “മാറ്റം വരുത്താൻ സ്വയം ശ്രമിച്ചിട്ടും പരാജയപ്പെട്ട വ്യക്തികളെ മാറ്റിയെടുക്കാൻ യഹോവയ്‌ക്കു കഴിയുന്നതു നിങ്ങൾക്കു കാണാനാകും.”

8. സഹോദരങ്ങളോടൊപ്പം ശുശ്രൂഷയിലായിരിക്കുന്നതു നമുക്ക്‌ എങ്ങനെ ഗുണം ചെയ്യും?

8 സഹോദരീസഹോദരന്മാരോടുകൂടെ ശുശ്രൂഷയിലായിരിക്കുന്നതു നമ്മെ ആത്മീയമായി കെട്ടുപണി ചെയ്യും. (സദൃ. 13:20) മിക്ക പയനിയർമാരും സമയത്തിൽ നല്ലൊരു പങ്കും മറ്റു സുവാർത്താപ്രസംഗകരോടൊപ്പമാണു പ്രവർത്തിക്കുന്നത്‌. “പരസ്‌പരം പ്രോത്സാഹനം” കൈമാറാനുള്ള അവസരങ്ങൾ ഇതു പ്രദാനം ചെയ്യുന്നു. (റോമർ 1:12; സദൃശവാക്യങ്ങൾ 27:17 വായിക്കുക.) പയനിയറായ ലിസ ഇങ്ങനെ നിരീക്ഷിച്ചു: “ജോലിസ്ഥലത്തു മിക്കപ്പോഴും മത്സരത്തിന്റെയും അസൂയയുടെയും ആത്മാവാണുള്ളത്‌. പരദൂഷണത്തിനും അശ്ലീലസംസാരത്തിനും ദിവസവും നിങ്ങൾ പാത്രമായേക്കാം. എന്തു ത്യാഗം ചെയ്‌തും ഒന്നാമനാകുക എന്നതാണു മിക്കവരുടെയും ലക്ഷ്യം. ചിലപ്പോൾ, നിങ്ങളുടെ ക്രിസ്‌തീയപെരുമാറ്റരീതി നിമിത്തം മറ്റുള്ളവർ നിങ്ങളെ കളിയാക്കുകയോ പരിഹസിക്കുകയോ ചെയ്‌തേക്കാം. എന്നാൽ, സഹക്രിസ്‌ത്യാനികളുടെകൂടെ ഞാൻ ശുശ്രൂഷയിൽ പ്രവർത്തിക്കുമ്പോൾ പ്രോത്സാഹിതയായിത്തീരുന്നു. എത്ര ക്ഷീണിതയാണെങ്കിലും ദിവസത്തിന്റെ അവസാനം ഉന്മേഷവതിയായി ഞാൻ തിരികെയെത്തുന്നു.”

9. ഇണയോടൊപ്പം പയനിയറിങ്‌ ചെയ്യുന്നത്‌ ഇരുവർക്കും എന്തു പ്രയോജനം കൈവരുത്തും?

9 ഇണയോടൊപ്പം പയനിയറിങ്‌ ചെയ്യുന്നതു വിവാഹബന്ധം കൂടുതൽ ബലിഷ്‌ഠമാക്കും. (സഭാ. 4:12) ഭർത്താവിനോടൊപ്പം പയനിയറിങ്‌ ചെയ്യുന്ന മാഡലിൻ പറയുന്നു: “ശുശ്രൂഷയിലേ അനുഭവങ്ങളെക്കുറിച്ചും ബൈബിൾവായനാഭാഗത്തുനിന്നു ലഭിച്ച വിവരങ്ങൾ ശുശ്രൂഷയിൽ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും സംസാരിക്കാൻ എനിക്കും ഭർത്താവിനും സമയം ലഭിക്കുന്നു. ഞങ്ങൾ ഒരുമിച്ചു പയനിയറിങ്‌ ചെയ്യുന്നതിനാൽ ഓരോ വർഷം കഴിയുന്തോറും ഞങ്ങൾ പരസ്‌പരം അടുക്കുന്നു.” സമാനമായി തൃഷ പറയുന്നു: “കടക്കെണിയിലാകാതിരിക്കാൻ ഞങ്ങൾ ഇരുവരും ശ്രദ്ധിക്കുന്നു. ഞങ്ങൾക്കിടയിൽ പണസംബന്ധമായ വാക്കുതർക്കങ്ങളില്ല. ഞങ്ങൾക്ക്‌ ഇരുവർക്കും ഒരേ വയൽസേവനപ്പട്ടികയാണുള്ളത്‌. അതുകൊണ്ട്‌ മടക്കസന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും ഒരുമിച്ചു നടത്താൻ ഞങ്ങൾക്കു കഴിയുന്നു. അതു ഞങ്ങളെ വൈകാരികമായും ആത്മീയമായും ഒരേപോലെ മുന്നേറാൻ സഹായിക്കുന്നു.”

മുഴുസമയസേവനത്തിൽ സജീവരായിരിക്കുന്നത്‌ സംതൃപ്‌തിദായകമായ ജീവിതം നയിക്കാൻ ഇടയാക്കും (9-ാം ഖണ്ഡിക കാണുക)

10. രാജ്യം ഒന്നാമതു വെക്കുകയും ദൈവത്തിന്റെ പിന്തുണ അനുഭവിച്ചറിയുകയും ചെയ്യുന്നത്‌ അവനിലുള്ള നമ്മുടെ ആശ്രയത്തെ എങ്ങനെ ബാധിക്കും?

10 ദൈവരാജ്യതാത്‌പര്യങ്ങൾ ഒന്നാമതു വെക്കുകയും യഹോവയുടെ പിന്തുണ അനുഭവിച്ചറിയുകയും പ്രാർഥനകൾക്ക്‌ അവൻ ഉത്തരം നൽകുന്നതു കാണുകയും ചെയ്യുമ്പോൾ യഹോവയിലുള്ള നമ്മുടെ വിശ്വാസം വർധിക്കുന്നു. ഒരു പരിധിവരെ എല്ലാ വിശ്വസ്‌തക്രിസ്‌ത്യാനികളെ സംബന്ധിച്ചും ഇതു സത്യമാണ്‌. എന്നാൽ, യഹോവയിൽ ആശ്രയിക്കുന്നത്‌ പയനിയറിങ്ങിൽ തുടരാൻ തങ്ങളെ സഹായിക്കുമെന്നു മുഴുസമയശുശ്രൂഷകർ തിരിച്ചറിഞ്ഞിരിക്കുന്നു. (മത്തായി 6:30-34 വായിക്കുക.) ഒരു പയനിയറും പകരം സഞ്ചാരമേൽവിചാരകനും ആയ കെർട്ട്‌ തന്റെ വീട്ടിൽനിന്നു രണ്ടര മണിക്കൂർ അകലെയുള്ള ഒരു സഭ സന്ദർശിക്കാനുള്ള നിയമനം സ്വീകരിച്ചു. എന്നാൽ, വണ്ടിയിൽ വേണ്ടത്ര ഇന്ധനം നിറയ്‌ക്കാൻ അപ്പോൾ അവർക്കു പണമില്ലായിരുന്നു. അദ്ദേഹത്തിനും പയനിയറായ ഭാര്യക്കും അങ്ങോട്ട്‌ പോകുന്നതിനുള്ള ഇന്ധനം മാത്രമേ ഉണ്ടായിരുന്നുള്ളൂ, തിരികെ വരാനുള്ള ഇന്ധനമില്ലായിരുന്നു. ഒരാഴ്‌ചയ്‌ക്കു ശേഷമേ അദ്ദേഹത്തിനു ശമ്പളം ലഭിക്കുമായിരുന്നുള്ളൂ. “ആ നിയമനം സ്വീകരിക്കുന്നതു ബുദ്ധിയാണോ എന്നു ഞങ്ങൾക്ക്‌ ഉറപ്പില്ലായിരുന്നു” എന്നു കെർട്ട്‌ പറയുന്നു. അവർ പ്രാർഥിക്കുകയും പോകാൻതന്നെ തീരുമാനിക്കുകയും ചെയ്‌തു. ദൈവം തങ്ങളുടെ ആവശ്യങ്ങൾക്കായി കരുതുമെന്ന്‌ അവർ ഉറച്ചു വിശ്വസിച്ചു. അവർ അവിടേക്കു പോകാൻ ഇറങ്ങിയപ്പോൾ ഒരു സഹോദരി സമ്മാനമായി അവർക്കു കുറച്ചു പണം കൊടുത്തു. ആ തുക അവരുടെ യാത്രയ്‌ക്കു മതിയായതായിരുന്നു. കെർട്ട്‌ പറയുന്നു: “ഇത്തരത്തിലുള്ള അനുഭവങ്ങൾ ഇടയ്‌ക്കിടയ്‌ക്ക്‌ ഉണ്ടാകുമ്പോൾ യഹോവയുടെ സഹായഹസ്‌തം അനുഭവിച്ചറിയാൻ കഴിയുന്നു.”

11. പയനിയർമാർ ആസ്വദിക്കുന്ന ചില അനുഗ്രഹങ്ങൾ ഏതെല്ലാം?

11 തങ്ങളെത്തന്നെ യഹോവയുടെ സേവനത്തിൽ വിനിയോഗിക്കുകയും അവനുമായി ഒരു അടുത്ത ബന്ധം നിലനിറുത്തുകയും ചെയ്യുന്നതു തങ്ങൾക്കു നിലയ്‌ക്കാത്ത അനുഗ്രഹങ്ങൾ “സിദ്ധി”ക്കാൻ ഇടയാകുമെന്നു പയനിയർമാർ കണ്ടെത്തിയിരിക്കുന്നു. (ആവ. 28:2) എന്നിരുന്നാലും, പയനിയറിങ്ങിന്‌ അതിന്റേതായ വെല്ലുവിളികളുണ്ട്‌. ആദാമിന്റെ മത്സരംമൂലം ഉളവായ പ്രശ്‌നങ്ങളിൽനിന്ന്‌ ഒരു ദൈവദാസനും ഒഴിവുള്ളവനല്ല. ഇക്കാരണത്താൽ, ചില പയനിയർമാർക്കു കുറച്ചുകാലത്തേക്കു തങ്ങളുടെ സേവനം നിറുത്തിവെക്കേണ്ടിവന്നിട്ടുണ്ട്‌. എങ്കിലും, പലപ്പോഴും അത്തരം പ്രശ്‌നങ്ങൾ തരണം ചെയ്യുന്നതിനോ ഒഴിവാക്കുന്നതിനോ കഴിയും. പ്രതിഫലദായകമായ ഈ വേലയിൽ തുടരുന്നതിനു പയനിയർമാരെ എന്തു സഹായിക്കും?

മുഴുസമയസേവനത്തിൽ തുടരാനാകുമോ?

12, 13. (എ) മണിക്കൂർവ്യവസ്ഥതയിലെത്താൻ ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന ഒരു പയനിയർ എന്തു ചെയ്യണം? (ബി) ക്രമമായി ബൈബിൾ വായിക്കാനും പഠിക്കാനും ധ്യാനിക്കാനും വേണ്ടി പട്ടിക തയ്യാറാക്കുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

12 മിക്ക പയനിയർമാർക്കും തിരക്കേറിയ ദിനചര്യയാണുള്ളത്‌. ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യുക അത്ര എളുപ്പമായിരിക്കില്ല. അതുകൊണ്ട്‌, വ്യക്തിപരമായ കാര്യങ്ങൾ ക്രമപ്പെടുത്തി മുൻഗണനകൾ വെക്കേണ്ടത്‌ അനിവാര്യമാണ്‌. (1 കൊരി. 14:33, 40) ഒരു പയനിയറിന്‌ മണിക്കൂർവ്യവസ്ഥയിലെത്താൻ പ്രയാസമുണ്ടെങ്കിൽ താൻ സമയം എങ്ങനെ വിനിയോഗിക്കുന്നെന്നു പുനഃപരിശോധന ചെയ്യുന്നതു നല്ലതാണ്‌. (എഫെ. 5:15, 16) തന്നോടുതന്നെ ഇങ്ങനെ ചോദിക്കാനാകും: ‘യഥാർഥത്തിൽ വിനോദത്തിനും നേരമ്പോക്കിനും ആയി ഞാൻ എത്രമാത്രം സമയം ചെലവഴിക്കുന്നു? ഞാൻ ആത്മശിക്ഷണം വളർത്തിയെടുക്കേണ്ടതുണ്ടോ? എന്റെ ജോലിസമയത്തിൽ പൊരുത്തപ്പെടുത്തൽ വരുത്താനാകുമോ?’ ഒരു വ്യക്തിയുടെ ദിനചര്യയിൽ പലതും ഉൾപ്പെടുത്താൻ വളരെ എളുപ്പമാണെന്ന്‌ ഏതൊരു ക്രിസ്‌ത്യാനിയും സമ്മതിക്കും. അതുകൊണ്ടുതന്നെ മുഴുസമയ ശുശ്രൂഷയിലായിരിക്കുന്നവർ തങ്ങളുടെ കാര്യാദികൾ ഇടയ്‌ക്കിടെ വിലയിരുത്തുകയും ആവശ്യമെങ്കിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുകയും വേണം.

13 ക്രമമായ ബൈബിൾവായന, വ്യക്തിപരമായ പഠനം, ധ്യാനം ഇവയെല്ലാം ഒരു പയനിയറിന്റെ പട്ടികയുടെ ഭാഗമായിരിക്കേണ്ടതുണ്ട്‌. പ്രാധാന്യമർഹിക്കുന്ന ഈ കാര്യങ്ങൾക്കുവേണ്ടി മാറ്റിവെച്ചിരിക്കുന്ന സമയത്തെ പ്രാധാന്യം കുറഞ്ഞ കാര്യങ്ങൾ ഞെരുക്കിക്കളയാതിരിക്കാൻ ആത്മശിക്ഷണം ആവശ്യമാണ്‌. (ഫിലി. 1:10) ഉദാഹരണത്തിന്‌, പകൽ മുഴുവൻ ശുശ്രൂഷയിൽ ചെലവഴിച്ച ഒരു പയനിയർ വീട്ടിൽ തിരിച്ചെത്തുന്നതായി ഭാവനയിൽ കാണുക. ആ സായാഹ്നം യോഗത്തിനു തയ്യാറാകാൻ അദ്ദേഹം ഉദ്ദേശിക്കുന്നു. എന്നാൽ ആദ്യം അദ്ദേഹം കത്തുകൾ വായിക്കുന്നു. അതിനു ശേഷം ഇ-മെയിലുകൾ വായിച്ച്‌ അവയ്‌ക്കു മറുപടി നൽകുന്നു. വാങ്ങിക്കാൻ ഉദ്ദേശിക്കുന്ന ഒരു വസ്‌തുവിന്റെ വില കുറഞ്ഞോ എന്ന്‌ അറിയുന്നതിനായി ഇതിനിടയിൽ അദ്ദേഹം മറ്റൊരു സൈറ്റ്‌ സന്ദർശിക്കുന്നു. ഏതാണ്ടു രണ്ടു മണിക്കൂർ പോയത്‌ അറിഞ്ഞില്ല. സായാഹ്നത്തിൽ ചെയ്യാൻ ഉദ്ദേശിച്ചിരുന്ന പഠനം അദ്ദേഹം അതുവരെ തുടങ്ങിയിട്ടുപോലുമില്ല. ഇത്‌ ഒരു പ്രശ്‌നമാണോ? അതെ. കായികമത്സരത്തിൽ പങ്കെടുക്കുന്നവർ ക്രമമായി പോഷകസമൃദ്ധമായ ആഹാരം കഴിക്കുകയും ആരോഗ്യം പരിപാലിക്കുകയും ചെയ്യേണ്ടതുപോലെ മുഴുസമയസേവനത്തിൽ തുടരാൻ പയനിയർമാർ തങ്ങളെ ആത്മീയമായി പരിപോഷിപ്പിക്കേണ്ടതുണ്ട്‌. അതിന്‌, ക്രമമായ പഠനം അനിവാര്യമാണ്‌.—1 തിമൊ. 4:16.

14, 15. (എ) പയനിയർമാർ ജീവിതം ലളിതമാക്കേണ്ടത്‌ എന്തുകൊണ്ട്‌? (ബി) ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ ഒരു പയനിയർ എന്തു ചെയ്യണം?

14 വിജയപ്രദരായ പയനിയർമാർ തങ്ങളുടെ ജീവിതം ലളിതമായി നിലനിറുത്താൻ യത്‌നിക്കുന്നു. ലളിതമായൊരു കണ്ണുണ്ടായിരിക്കാൻ യേശു തന്റെ അനുഗാമികളെ പ്രോത്സാഹിപ്പിച്ചു. (മത്താ. 6:22) ശ്രദ്ധാശൈഥില്യമില്ലാതെ ശുശ്രൂഷ പൂർത്തീകരിക്കുന്നതിന്‌ അവൻ തന്റെ ജീവിതം ലളിതമാക്കിനിറുത്തി. അതുകൊണ്ട്‌ അവന്‌ ഇങ്ങനെ പറയാനായി: “കുറുനരികൾക്കു മാളങ്ങളും ആകാശത്തിലെ പക്ഷികൾക്കു കൂടുകളുമുണ്ട്‌; മനുഷ്യപുത്രനോ തലചായ്‌ക്കാൻ ഇടമില്ല.” (മത്താ. 8:20) യേശുവിന്റെ മാതൃകയിൽനിന്നു പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു പയനിയർ ജീവിതം ലളിതമായി സൂക്ഷിക്കാൻ ശ്രദ്ധിക്കും. തനിക്ക്‌ എത്രമാത്രം ഭൗതികവസ്‌തുവകകളുണ്ടോ അത്രമാത്രം സമയം അവ സൂക്ഷിക്കാനും കേടുപോക്കാനും മാറ്റിവാങ്ങാനും ആയി ചെലവഴിക്കേണ്ടിവരും എന്ന കാര്യവും മനസ്സിൽപ്പിടിക്കുന്നു.

15 തങ്ങൾക്ക്‌ എന്തെങ്കിലും സവിശേഷതയുള്ളതുകൊണ്ടല്ല ഈ പദവി ലഭിച്ചിരിക്കുന്നത്‌ പകരം, ഈ സമ്മാനം ദൈവത്തിന്റെ അനർഹദയയാലാണു ലഭിച്ചിരിക്കുന്നത്‌ എന്നു പയനിയർമാർ മനസ്സിലാക്കുന്നു. അതുകൊണ്ട്‌, ഒരു പയനിയറായി തുടരുന്നതിനു യഹോവയിൽ ആശ്രയിക്കേണ്ടതുണ്ട്‌. (ഫിലി. 4:13) വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുമെന്നതു ശരിയാണ്‌. (സങ്കീ. 34:19) അത്തരം സാഹചര്യങ്ങളിൽ പയനിയർമാർ തങ്ങളുടെ സേവനപദവി പെട്ടെന്ന്‌ ഉപേക്ഷിക്കാതെ മാർഗനിർദേശത്തിനായി യഹോവയിലേക്കു തിരിയുകയും സഹായിക്കാനായി അവന്‌ അവസരം നൽകുകയും ചെയ്യേണ്ടതുണ്ട്‌. (സങ്കീർത്തനം 37:5 വായിക്കുക.) ദൈവത്തിന്റെ സ്‌നേഹപുരസ്സരമായ വഴിനടത്തിപ്പ്‌ അനുഭവിക്കുമ്പോൾ പയനിയർമാർ കരുതലുള്ള തങ്ങളുടെ സ്വർഗീയപിതാവിനോടു കൂടുതൽ അടുക്കും.—യെശ. 41:10.

നിങ്ങൾക്കു പയനിയർനിരയിലേക്കു വരാനാകുമോ?

16. നിങ്ങൾ പയനിയറിങ്‌ തുടങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ എന്തു ചെയ്യണം?

16 മുഴുസമയസേവനത്തിലുള്ളവർ ആസ്വദിക്കുന്ന തരം അനുഗ്രഹങ്ങൾ നിങ്ങൾക്കും ആസ്വദിക്കണമെന്നുണ്ടെങ്കിൽ അക്കാര്യം യഹോവയെ അറിയിക്കുക. (1 യോഹ. 5:14, 15) ഇപ്പോൾ പയനിയറിങ്‌ ചെയ്യുന്നവരുമായി ഇക്കാര്യത്തെക്കുറിച്ചു സംസാരിക്കുക. ഒരു പയനിയറാകാനുള്ള ആഗ്രഹത്തോടെ പുരോഗമനാത്മകമായ ലക്ഷ്യങ്ങൾ വെക്കുക. കെത്തും എറിക്കയും അതാണു ചെയ്‌തത്‌. മുഴുസമയം ജോലി ചെയ്‌തിരുന്ന അവർ വിവാഹശേഷം അധികം താമസിയാതെ അവരുടെ പ്രായത്തിലുള്ള മറ്റു ദമ്പതികളെപ്പോലെ ഒരു പുതിയ വീടും കാറും വാങ്ങി. അവർ പറയുന്നു: “സംതൃപ്‌തി നേടാൻ ഇവയൊക്കെ സഹായിക്കുമെന്നാണു ഞങ്ങൾ വിചാരിച്ചിരുന്നത്‌. പക്ഷേ അവ സംതൃപ്‌തി നൽകിയില്ല.” പിന്നീടു കെത്തിനു ജോലി നഷ്ടപ്പെട്ടപ്പോൾ അദ്ദേഹം സഹായപയനിയറിങ്‌ ചെയ്‌തു. അദ്ദേഹം പറയുന്നു: “ശുശ്രൂഷയിലായിരിക്കുന്നത്‌ എത്രമാത്രം സന്തോഷം കൈവരുത്തുന്നെന്ന്‌ അപ്പോൾ എനിക്കു ശരിക്കു മനസ്സിലായി.” പിന്നീട്‌, അവർ ഒരു പയനിയർ ദമ്പതികളുമായി സൗഹൃദത്തിലായി. ലളിതമായ ജീവിതം നയിച്ചുകൊണ്ടു പയനിയറിങ്‌ ചെയ്യുന്നതു സന്തോഷം നൽകുമെന്നു മനസ്സിലാക്കാൻ ആ ദമ്പതികൾ അവരെ സഹായിച്ചു. കെത്തും എറിക്കയും എന്തു ചെയ്‌തു? “മനസ്സിലുണ്ടായിരുന്ന ആത്മീയലക്ഷ്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കി ഞങ്ങൾ ഫ്രിഡ്‌ജിന്റെ പുറത്ത്‌ ഒട്ടിച്ചുവെച്ചു. അതിലെ ഓരോ ലക്ഷ്യത്തിലും എത്തിച്ചേരുമ്പോൾ അതു ഞങ്ങൾ അടയാളപ്പെടുത്തി.” താമസിയാതെ അവർക്കു പയനിയറിങ്‌ തുടങ്ങാൻ സാധിച്ചു.

17. പയനിയറിങ്‌ ചെയ്യാനായി നിങ്ങളുടെ ദിനചര്യയിലോ ജീവിതരീതിയിലോ മാറ്റം വരുത്തുന്നതിനെക്കുറിച്ചു ചിന്തിക്കുന്നതു ജ്ഞാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

17 പയനിയർനിരയിൽ പ്രവേശിക്കാൻ നിങ്ങൾക്കാകുമോ? ഇപ്പോൾ പയനിയറിങ്‌ ചെയ്യാൻ കഴിയുമെന്നു നിങ്ങൾക്കു തോന്നുന്നില്ലെങ്കിൽ ശുശ്രൂഷയിൽ നിങ്ങളുടെ പരമാവധി ചെയ്‌തുകൊണ്ടു യഹോവയോടുള്ള അടുപ്പം വർധിപ്പിക്കാൻ ആവുന്നതെല്ലാം ചെയ്യുക. പ്രാർഥനാപൂർവം കാര്യങ്ങൾ വിലയിരുത്തുക. നിങ്ങളുടെ ദിനചര്യയിലും ജീവിതരീതിയിലും ചില പൊരുത്തപ്പെടുത്തലുകൾ വരുത്തിയാൽ പയനിയറിങ്‌ ചെയ്യാനാകുമെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. നിങ്ങൾക്കു പയനിയറിങ്‌ ചെയ്യാൻ കഴിയുന്നെങ്കിൽ അതിനുവേണ്ടി നിങ്ങൾ ചെയ്യുന്ന ഏതു ത്യാഗവും പ്രതിഫലദായകമാണ്‌; സമൃദ്ധമായ അളവിൽ നിങ്ങൾക്കു സന്തോഷം ലഭിക്കും. (മത്താ. 6:33) വ്യക്തിപരമായ താത്‌പര്യങ്ങൾക്ക്‌ ഉപരി രാജ്യതാത്‌പര്യങ്ങൾ വെക്കുന്നതിനാൽ നിങ്ങൾക്കു വർധിച്ച സംതൃപ്‌തി ലഭിക്കും. കൊടുക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷവും നിങ്ങൾക്ക്‌ അനുഭവിക്കാനാകും. മാത്രമല്ല, യഹോവയെക്കുറിച്ചു ചിന്തിക്കാനും സംസാരിക്കാനും ഉള്ള നിരവധി അവസരങ്ങളും നിങ്ങൾക്കു ലഭിക്കും. അത്‌ അവനോടുള്ള നിങ്ങളുടെ സ്‌നേഹം ആഴമുള്ളതാക്കിത്തീർക്കുകയും അവനെ സന്തോഷിപ്പിക്കുകയും ചെയ്യും.