വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

യോഹന്നാൻ 11:35 പറയുന്നപ്രകാരം ലാസറിന്റെ പുനരുത്ഥാനത്തിനു മുമ്പായി യേശു കണ്ണുനീർ വാർത്തത്‌ എന്തുകൊണ്ട്‌?

പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോൾ നാം കരയുന്നത്‌ സ്വാഭാവികമാണ്‌. കാരണം, ഇനി ആ വ്യക്തി നമ്മോടൊപ്പമില്ല. ലാസറിനോട്‌ അതിയായ സ്‌നേഹമുണ്ടായിരുന്നെങ്കിലും അവൻ മരിച്ചു എന്നതുകൊണ്ടല്ല യേശു കണ്ണുനീർ വാർത്തത്‌. യോഹന്നാന്റെ വിവരണത്തിന്റെ പശ്ചാത്തലം സൂചിപ്പിക്കുന്നതുപോലെ ദുഃഖാർത്തരായ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഉള്ള സഹാനുഭൂതിനിമിത്തമാണ്‌ അവൻ കണ്ണുനീർ പൊഴിച്ചത്‌.—യോഹ. 11:36.

ലാസർ രോഗിയായി കിടക്കുന്നെന്ന്‌ ആദ്യം കേട്ടയുടനെതന്നെ അവനെ സുഖപ്പെടുത്താനായി യേശു തിരക്കിട്ട്‌ അവിടേക്കു തിരിച്ചില്ല. വിവരണം പറയുന്നു: “ലാസർ കിടപ്പിലായി എന്നു കേട്ടിട്ടും താൻ പാർത്തിരുന്ന സ്ഥലത്തുതന്നെ അവൻ രണ്ടുദിവസംകൂടി താമസിച്ചു.” (യോഹ. 11:6) എന്തുകൊണ്ടാണ്‌ യേശു വൈകിയത്‌? അങ്ങനെ ചെയ്‌തതിന്‌ അവന്‌ ഒരു ഉദ്ദേശ്യമുണ്ടായിരുന്നു. അവൻ പറഞ്ഞു: “ഈ രോഗം മരണത്തിൽ അവസാനിക്കാനുള്ളതല്ല; പ്രത്യുത, ദൈവത്തിന്റെ മഹത്ത്വത്തിനും അതുവഴി ദൈവപുത്രൻ മഹത്ത്വപ്പെടുന്നതിനുംവേണ്ടി ഉള്ളതത്രേ.” (യോഹ. 11:4) ലാസറിന്റെ രോഗത്തിന്റെ അന്തിമഫലം മരണം ആയിരുന്നില്ല. യേശു ലാസറിന്റെ മരണത്തെ “ദൈവത്തിന്റെ മഹത്ത്വ”ത്തിനായി ഉപയോഗിക്കാൻ ഉദ്ദേശിച്ചു. എങ്ങനെ? തന്റെ പ്രിയപ്പെട്ട സുഹൃത്തിനെ കല്ലറയിൽനിന്ന്‌ ഉയിർപ്പിച്ചുകൊണ്ട്‌ യേശു ഒരു മഹാത്ഭുതം പ്രവർത്തിക്കാൻ പോകുകയായിരുന്നു.

ശിഷ്യന്മാരുമായി ഈ അവസരത്തിൽ നടത്തിയ സംഭാഷണത്തിൽ മരണത്തെ നിദ്രാസമാനമായ ഒരു അവസ്ഥയോട്‌ യേശു താരതമ്യപ്പെടുത്തി. അതുകൊണ്ടാണ്‌ “(ലാസറിനെ) നിദ്രയിൽനിന്ന്‌ ഉണർത്താൻ ഞാൻ അവിടേക്കു പോകുന്നു” എന്ന്‌ അവൻ ശിഷ്യന്മാരോടു പറഞ്ഞത്‌. (യോഹ. 11:11) യേശുവിനെ സംബന്ധിച്ചിടത്തോളം, ലാസറിനെ മരണത്തിൽനിന്ന്‌ ഉയിർപ്പിക്കുന്നത്‌ ഒരു മാതാവോ പിതാവോ തന്റെ കുട്ടിയെ ഉറക്കത്തിൽനിന്ന്‌ ഉണർത്തുന്നതുപോലെ ആയിരിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ലാസറിന്റെ മരണത്തിൽ വേദനിക്കേണ്ട യാതൊരു കാരണവും യേശുവിന്‌ ഉണ്ടായിരുന്നില്ല.

അങ്ങനെയെങ്കിൽ, യേശു കണ്ണുനീർ വാർക്കാൻ ഇടയാക്കിയത്‌ പിന്നെയെന്താണ്‌? വീണ്ടും, സന്ദർഭംതന്നെ നമുക്ക്‌ ഉത്തരം നൽകുന്നു. യേശു ലാസറിന്റെ സഹോദരി മറിയയെ കണ്ടപ്പോൾ അവളും കൂടെയുണ്ടായിരുന്നവരും കരയുകയായിരുന്നു. ഇതു കണ്ട്‌ “യേശുവിന്റെ ഉള്ളം നൊന്തുകലങ്ങി.” അവരുടെ വേദന കണ്ടത്‌ ‘ഉള്ളം നൊന്തുകലങ്ങുവോളം’ അവന്റെ വികാരങ്ങളെ ആഴത്തിൽ സ്വാധീനിച്ചു. അതുകൊണ്ടാണ്‌ ‘യേശു കണ്ണുനീർ വാർത്തത്‌.’ തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ ദുഃഖത്തിൽ ആഴ്‌ന്നുപോയിരിക്കുന്നത്‌ കണ്ടത്‌ യേശുവിനെ അഗാധമായി ദുഃഖിപ്പിച്ചു.—യോഹ. 11:33, 35.

വരാനുള്ള പുതിയ ലോകത്തിൽ നമ്മുടെ പ്രിയപ്പെട്ടവരെ ആരോഗ്യത്തോടെ വീണ്ടും ജീവനിലേക്ക്‌ മടക്കിവരുത്താനുള്ള ശക്തിയും പ്രാപ്‌തിയും യേശുവിനുണ്ടെന്ന്‌ ഈ വിവരണം വ്യക്തമാക്കുന്നു. ആദാം വരുത്തിവെച്ച മരണം മൂലം പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവരോട്‌ യേശുവിന്‌ സമാനുഭാവമുണ്ട്‌ എന്നു മനസ്സിലാക്കാനും ഇതു നമ്മെ സഹായിക്കുന്നു. പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖിക്കുന്ന ആളുകളോട്‌ നാം സഹാനുഭൂതിയുള്ളവരായിരിക്കണം എന്നും ഈ വിവരണം നമ്മെ പഠിപ്പിക്കുന്നു.

താൻ ലാസറിനെ ഉയിർപ്പിക്കാൻ പോകുകയാണെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. എന്നിട്ടും, തന്റെ സുഹൃത്തുക്കളോടുള്ള അഗാധമായ സ്‌നേഹവും സഹാനുഭൂതിയും നിമിത്തം അവൻ കരഞ്ഞു. സമാനുഭാവം നമ്മെയും ഇതുപോലെ, ‘കരയുന്നവരോടൊപ്പം കരയാൻ’ പ്രേരിപ്പിച്ചേക്കാം. (റോമ. 12:15) ഇങ്ങനെയൊരു സന്ദർഭത്തിൽ ദുഃഖം പ്രകടിപ്പിക്കുന്നത്‌ ഒരു വ്യക്തിക്ക്‌ പുനരുത്ഥാനപ്രത്യാശയിൽ വിശ്വാസമില്ല എന്നു സൂചിപ്പിക്കുന്നില്ല. ലാസറിനെ ഉയിർപ്പിക്കാൻ പോകുകയായിരുന്നിട്ടും സന്തപ്‌തകുടുംബാംഗങ്ങളോട്‌ സഹാനുഭൂതി കാണിക്കുകയും നിഷ്‌കപടമായി കണ്ണുനീർ പൊഴിക്കുകയും ചെയ്യുകവഴി തികച്ചും ഉചിതമായ ഒരു മാതൃകയാണ്‌ യേശു നമുക്കു വെച്ചത്‌.