വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതകഥ

യഹോവയിൽ ആശ്രയമർപ്പിച്ചതു പ്രതിഫലദായകമായിരുന്നു

യഹോവയിൽ ആശ്രയമർപ്പിച്ചതു പ്രതിഫലദായകമായിരുന്നു

ചില സാഹചര്യങ്ങളിൽ മുൻകൂട്ടിക്കാണാൻ കഴിയാത്തതും അനിശ്ചിതത്വം നിറഞ്ഞതും ബുദ്ധിമുട്ടുള്ളതും ആയ ഒന്നാണ്‌ ജീവിതം. എന്നാൽ സ്വന്തവിവേകത്തിൽ ഊന്നാതെ യഹോവയിൽ ആശ്രയിക്കുന്നവരെ അവൻ അനുഗ്രഹിക്കുമെന്ന്‌ ദീർഘവും പ്രതിഫലദായകവുമായ ജീവിതത്തിലൂടെ ഞാനും ഭാര്യയും അനുഭവിച്ചറിഞ്ഞു. അത്‌ എങ്ങനെയെന്നു ഞങ്ങൾ പറയാം.

എന്റെ പിതാവും മാതാവും 1919-ൽ യു.എസ്‌.എ.-യിലെ ഒഹായോയിലുള്ള സീഡാർ പോയിന്റിൽ ബൈബിൾവിദ്യാർഥികൾ സംഘടിപ്പിച്ച കൺവെൻഷനിലാണ്‌ ആദ്യമായി കണ്ടുമുട്ടുന്നത്‌. അതേ വർഷംതന്നെ അവർ വിവാഹിതരായി. 1922-ൽ ഞാനും രണ്ടു വർഷം കഴിഞ്ഞപ്പോൾ എന്റെ സഹോദരൻ പോളും ജനിച്ചു. എന്റെ ഭാര്യയായിത്തീർന്ന ഗ്രെയ്‌സ്‌ ജനിച്ചത്‌ 1930-ൽ ആയിരുന്നു. അവളുടെ മാതാപിതാക്കളായ റോയും രൂത്ത്‌ ഹോവലും ബൈബിൾവിദ്യാർഥികളായിട്ടുതന്നെയാണ്‌ വളർന്നത്‌. ബൈബിൾവിദ്യാർഥികളായിരുന്ന അവളുടെ വല്യപ്പനും വല്യമ്മയും ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ സഹോദരന്റെ സുഹൃത്തുക്കളായിരുന്നു.

1947-ൽ ഞാൻ ഗ്രെയ്‌സിനെ കണ്ടുമുട്ടുകയും 1949 ജൂലൈ 16-ാം തീയതി ഞങ്ങൾ വിവാഹിതരാകുകയും ചെയ്‌തു. വിവാഹിതരാകുന്നതിനു മുമ്പുതന്നെ ഭാവിയെക്കുറിച്ചു ഞങ്ങൾ തുറന്നു സംസാരിച്ചിരുന്നു. കുട്ടികൾ വേണ്ടെന്നുവെച്ച്‌, മുഴുസമയശുശ്രൂഷ ഏറ്റെടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. 1950 ഒക്‌ടോബർ 1 മുതൽ ഞങ്ങൾ പയനിയർ സേവനം ആരംഭിച്ചു. പിന്നീട്‌, 1952-ൽ ഞങ്ങൾക്കു സഞ്ചാരവേലയ്‌ക്കുള്ള ക്ഷണം ലഭിച്ചു.

സഞ്ചാരവേലയും ഗിലെയാദ്‌ പരിശീലനവും

ലഭിച്ചിരിക്കുന്ന ഈ പുതിയ നിയമനം നിർവഹിക്കാൻ ഞങ്ങൾക്കു വളരെയധികം സഹായം ആവശ്യമുണ്ടെന്നു തോന്നി. അതിനായി ഞാൻ പരിചയസമ്പന്നരായ സഹോദരന്മാരിൽനിന്നു കാര്യങ്ങൾ പഠിക്കുകയും ഒപ്പം ഗ്രെയ്‌സിനുവേണ്ടി സഹായം തേടുകയും ചെയ്‌തു. തുടർന്ന്‌, ദീർഘനാളായി കുടുംബസുഹൃത്തും സഞ്ചാരവേലയിൽ അനുഭവസമ്പന്നനും ആയ മാർവെൻ ഹോലെനെ സമീപിച്ച്‌ ഞാൻ അദ്ദേഹത്തോട്‌ ഇങ്ങനെ ചോദിച്ചു: “ഗ്രെയ്‌സ്‌ ചെറുപ്പമായതിനാൽ അനുഭവപരിചയം കുറവാണ്‌. പരിശീലനം നേടാനായി അവളോടൊപ്പം പ്രവർത്തിക്കാൻ പറ്റുന്ന ഒരാളെ നിർദേശിക്കാമോ?” അപ്പോൾ അദ്ദേഹം പറഞ്ഞു: “തീർച്ചയായും. എഡ്‌നാ വിങ്കിൾ അനുഭവപരിചയമുള്ള പയനിയറാണ്‌. അവൾക്കു സഹായിക്കാനാകും.” പിന്നീട്‌, എഡ്‌നയെക്കുറിച്ചു ഗ്രെയ്‌സ്‌ ഇങ്ങനെ പറഞ്ഞു: “വീട്ടുവാതിൽക്കൽ സംഭ്രമമില്ലാതിരിക്കാൻ അവൾ എന്നെ സഹായിച്ചു. തടസ്സങ്ങളെ എങ്ങനെ നന്നായി കൈകാര്യം ചെയ്യാം എന്ന്‌ അവൾക്ക്‌ അറിയാമായിരുന്നു. അതുപോലെ, വീട്ടുകാരനു നല്ല ശ്രദ്ധ കൊടുത്തുകൊണ്ട്‌ എങ്ങനെ കൃത്യമായ ഉത്തരം നൽകാമെന്ന്‌ അവൾ എന്നെ പഠിപ്പിച്ചു. ഞാൻ ആഗ്രഹിച്ചത്‌ എന്തായിരുന്നോ അതായിരുന്നു അവൾ!”

ഇടത്തുനിന്ന്‌: നേഥൻ നോർ, മാൽക്കം അലൻ, ഫ്രെഡ്‌ റസ്‌ക്‌, ലിൽ റൂഷ്‌, ആൻഡ്രൂ വാഗ്നർ

ഞാനും ഗ്രെയ്‌സും സൗത്ത്‌ ഡെക്കോട്ട, മിനിസോട്ട എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും അയോവ ജില്ലയിലെ രണ്ടു സർക്കിട്ടുകളിലും സേവിച്ചു. പിന്നീട്‌ ന്യൂയോർക്കിലെ ഒന്നാം സർക്കിട്ടിലേക്കു ഞങ്ങൾക്കു സ്ഥലംമാറ്റം കിട്ടി. ബ്രുക്ലിനിലേയും ക്യൂൻസിലേയും ചില സ്വയംഭരണപ്രദേശങ്ങൾ ഉൾപ്പെട്ടതായിരുന്നു അത്‌. അവിടേക്കുള്ള ആ നിയമനം ലഭിച്ചപ്പോൾ ഞങ്ങൾക്കുണ്ടായ അപര്യാപ്‌തതാബോധം ഒരിക്കലും മറക്കാനാവില്ല. ബ്രുക്ലിൻ ഹൈറ്റ്‌സ്‌ സഭ ഉൾപ്പെട്ടതായിരുന്നു ആ സർക്കിട്ട്‌. അവർ കൂടിവന്നിരുന്നത്‌ ബെഥേലിലുള്ള രാജ്യഹാളിലായിരുന്നു, അവിടെ പ്രഗത്ഭരായ അനേകം ബെഥേൽ കുടുംബാംഗങ്ങളുണ്ടായിരുന്നു. ആ സഭയിൽ ആദ്യത്തെ സേവനപ്രസംഗം നടത്തിക്കഴിഞ്ഞപ്പോൾ നേഥൻ എച്ച്‌. നോർ സഹോദരൻ എന്നോട്‌ ഇങ്ങനെ പറഞ്ഞു: “മാൽക്കം, ഞങ്ങൾ പ്രാവർത്തികമാക്കേണ്ട ചില ബുദ്ധിയുപദേശങ്ങൾ നീ തന്നു. അത്‌ ഉചിതവുമായിരുന്നു. എന്നാൽ ഒരു കാര്യം മറക്കരുത്‌; ബുദ്ധിയുപദേശങ്ങൾ നൽകിക്കൊണ്ടു ഞങ്ങളെ സഹായിക്കുന്നതിൽ നീ തുടരുന്നില്ലെങ്കിൽ സംഘടനയ്‌ക്കു നിന്നെക്കൊണ്ടു വലിയ പ്രയോജനമൊന്നും കാണില്ല. അതുകൊണ്ട്‌ നിന്റെ നല്ല വേലയിൽ തുടരുക.” യോഗത്തിനു ശേഷം ഞാൻ ഇതു ഗ്രെയ്‌സിനോടു പറഞ്ഞു. പിന്നീട്‌ ഞങ്ങൾ മുറിയിൽ ചെന്ന്‌ ഉത്‌കണ്‌ഠയും സംഭ്രമവും നിമിത്തം കരഞ്ഞുപോയി.

“ബുദ്ധിയുപദേശങ്ങൾ നൽകിക്കൊണ്ടു ഞങ്ങളെ സഹായിക്കുന്നതിൽ നീ തുടരുന്നില്ലെങ്കിൽ സംഘടനയ്‌ക്കു നിന്നെക്കൊണ്ടു വലിയ പ്രയോജനമൊന്നും കാണില്ല. അതുകൊണ്ടു നിന്റെ നല്ല വേലയിൽ തുടരുക”

ഏതാനും മാസങ്ങൾക്കു ശേഷം ഗിലെയാദിന്റെ 24-ാമത്തെ ക്ലാസ്സിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം ഞങ്ങൾക്കു ലഭിച്ചു. 1955 ഫെബ്രുവരിയിലായിരുന്നു ബിരുദദാനം. ഈ പരിശീലനം ഞങ്ങളെ മിഷനറിമാരായി നിയമിക്കുന്നതിനുവേണ്ടിയാണെന്നു കരുതരുതെന്നു മുന്നമേ അറിയിച്ചിരുന്നു. പകരം അതു ഞങ്ങളെ സഞ്ചാരവേലയിൽ കൂടുതൽ ഫലപ്രദരായിരിക്കാൻ സജ്ജരാക്കുമായിരുന്നു. സ്‌കൂളിൽ പങ്കുപറ്റാനായത്‌ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര നല്ലൊരു അനുഭവമായിരുന്നു. എത്ര അറിവു കുറഞ്ഞവരായിരുന്നു ഞങ്ങൾ എന്ന്‌ അപ്പോൾ ഞങ്ങൾക്കു മനസ്സിലായി!

1954-ൽ ഗിലെയാദിൽ എന്നോടും ഗ്രെയ്‌സിനോടും ഒപ്പം ഫാണും ജോർജ്‌ കൗച്ചും

കോഴ്‌സു കഴിഞ്ഞപ്പോൾ ഞങ്ങളെ ഡിസ്‌ട്രിക്‌റ്റ്‌ വേലയിൽ നിയമിച്ചു. ഞങ്ങളുടെ ഡിസ്‌ട്രിക്‌റ്റിൽ ഇൻഡിയാനാ, മിഷിഗൺ, ഒഹായോ എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെട്ടിരുന്നു. പിന്നീട്‌ ഞങ്ങളെ അതിശയിപ്പിച്ചുകൊണ്ട്‌ 1955 ഡിസംബറിൽ നോർ സഹോദരനിൽനിന്ന്‌ ഒരു കത്തു ലഭിച്ചു. അത്‌ ഇപ്രകാരം ആയിരുന്നു: “നിങ്ങളുടെ മനസ്സിലുള്ളത്‌ എന്താണെന്നു മടികൂടാതെ എന്നോടു തുറന്നുപറയുക. ബെഥേലിൽ സേവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? . . . അതോ കുറച്ചുനാൾ ബെഥേലിൽ സേവിച്ചശേഷം ഒരു വിദേശരാജ്യത്തു സേവിക്കാൻ ആഗ്രഹിക്കുന്നുവോ? അല്ലെങ്കിൽ ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്ന ഡിസ്‌ട്രിക്‌റ്റ്‌/സർക്കിട്ട്‌ വേലയിൽ തുടരാനാണോ ആഗ്രഹിക്കുന്നത്‌? ഏതാണെങ്കിലും എന്നെ അറിയിക്കുക.” ഞങ്ങൾക്ക്‌ ഏതു നിയമനം ലഭിച്ചാലും അതു സന്തോഷപൂർവം നിർവഹിക്കാൻ തയ്യാറാണെന്നു ഞങ്ങൾ മറുപടി നൽകി. അധികം താമസിയാതെ, ബെഥേലിൽ എത്തിച്ചേരാൻ ഞങ്ങളോട്‌ ആവശ്യപ്പെട്ടു.

ബെഥേലിലെ ആവേശജനകമായ വർഷങ്ങൾ

എന്റെ ആവേശജനകമായ ബെഥേൽസേവനത്തിൽ ഐക്യനാടുകളിൽ ഉടനീളമുള്ള സഭകളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും പ്രസംഗങ്ങൾ നടത്തുന്നത്‌ ഉൾപ്പെട്ടിരുന്നു. യഹോവയുടെ സംഘടനയിൽ പിന്നീട്‌ വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത അനേകം യുവപ്രായക്കാരായ സഹോദരന്മാരെ സഹായിക്കുന്നതിലും പരിശീലിപ്പിക്കുന്നതിലും ഞാൻ ഒരു പങ്കു വഹിച്ചു. കാലാന്തരത്തിൽ, ലോകവ്യാപകപ്രസംഗവേലയ്‌ക്കു മേൽനോട്ടം വഹിക്കുന്ന ഓഫീസിൽ നോർ സഹോദരന്റെ സെക്രട്ടറിയായും ഞാൻ പ്രവർത്തിച്ചു.

1956-ൽ സേവനവിഭാഗത്തിൽ സേവിക്കുന്നു

സേവനവിഭാഗത്തിൽ ചെലവഴിച്ച വർഷങ്ങൾ ഞാൻ ശരിക്കും ആസ്വദിച്ചു. അവിടെ ടി.ജെ. സള്ളിവനോടൊപ്പം (ബഡ്‌ സള്ളിവൻ) പ്രവർത്തിക്കാനായി. അനേകം വർഷങ്ങളായി അദ്ദേഹം ആ വിഭാഗത്തിന്റെ മേൽവിചാരകനായിരുന്നു. അതുപോലെ മറ്റു പലരിൽനിന്നും എനിക്ക്‌ അനേകം കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. എന്നെ പരിശീലിപ്പിക്കാൻ ഏൽപ്പിച്ച ഫ്രെഡ്‌ റസ്‌ക്‌ അവരിൽ ഒരാളായിരുന്നു. ഫ്രെഡിനോടു വളരെ പ്രിയത്തോടെ ചോദിച്ച വാക്കുകൾ ഇപ്പോഴും ഞാൻ ഓർക്കുന്നു: “ഫ്രെഡ്‌, എന്റെ ചില കത്തുകളിൽ അനേകം മാറ്റങ്ങൾ വരുത്തുന്നത്‌ എന്തിനാണ്‌?” അദ്ദേഹം ചിരിച്ചുകൊണ്ട്‌ സമചിത്തതയോടെ ഇങ്ങനെ കൂട്ടിച്ചേർത്തു: “മാൽക്കം, വാഗ്രൂപേണ എന്തെങ്കിലും പറയുമ്പോൾ കൂടുതൽ വാക്കുകൾ ചേർത്ത്‌ അതിനെ വിശദീകരിക്കാൻ കഴിയും. എന്നാൽ എന്തെങ്കിലും കാര്യങ്ങൾ എഴുതുമ്പോൾ, പ്രത്യേകിച്ച്‌ ഇവിടെനിന്ന്‌ അയയ്‌ക്കുമ്പോൾ, അതു കൃത്യതയുള്ളതും തികവുറ്റതും ആയിരിക്കണം.” ദയാപൂർവം ഇങ്ങനെയും കൂട്ടിച്ചേർത്തു: “ധൈര്യമുള്ളവനായിരിക്കുക—നീ ഇപ്പോൾത്തന്നെ നന്നായി ചെയ്യുന്നു. കാലക്രമേണ, ഇനിയും മെച്ചപ്പെടും.”

ബെഥേലിലായിരുന്ന വർഷങ്ങളിൽ, താമസമുറികൾ വൃത്തിയാക്കുന്നത്‌ ഉൾപ്പെടെ ഗ്രെയ്‌സിനു പല നിയമനങ്ങൾ ലഭിച്ചു. അവൾ അതെല്ലാം വളരെയധികം ആസ്വദിച്ചു. ഞങ്ങൾ ബെഥേലിലായിരുന്നപ്പോൾ ചെറുപ്പമായിരുന്ന അനേകം സഹോദരന്മാർ ഇന്നു ഗ്രെയ്‌സിനെ കാണുമ്പോൾ ഒരു ചെറുചിരിയോടെ ഇങ്ങനെ പറയും: “കിടക്ക എങ്ങനെ ഭംഗിയായി ഒരുക്കാം എന്നു സഹോദരി ഞങ്ങളെ പഠിപ്പിച്ചു. അത്‌ ഞങ്ങളുടെ അമ്മ വളരെയധികം വിലമതിക്കുന്നു.” കാസറ്റിന്റെ പകർപ്പെടുക്കൽ, മാസിക, കത്തുകൾ കൈകാര്യം ചെയ്യൽ എന്നീ വിഭാഗങ്ങളിൽ പ്രവർത്തിച്ചതും ഗ്രെയ്‌സ്‌ ആസ്വദിച്ചു. യഹോവയുടെ സംഘടനയിൽ നാം എന്തു ചെയ്‌താലും എവിടെ സേവിച്ചാലും അതൊരു പദവിയും അനുഗ്രഹവും ആണെന്നു വിലമതിക്കാൻ ഈ വിധത്തിൽ വ്യത്യസ്‌തനിയമനങ്ങൾ നിർവഹിച്ചതുമൂലം അവൾക്കായി. അവൾ ഇന്നുവരെ അത്‌ അങ്ങനെതന്നെ കരുതുന്നു.

ഞങ്ങൾ വരുത്തിയ പൊരുത്തപ്പെടുത്തലുകൾ

1970-കളുടെ മധ്യത്തിൽ പ്രായാധിക്യത്തിലായിരുന്ന മാതാപിതാക്കൾക്കു കൂടുതൽ ശ്രദ്ധ ആവശ്യമാണെന്നു ഞങ്ങൾ മനസ്സിലാക്കി. താമസിയാതെ, ഞങ്ങൾക്കു ബുദ്ധിമുട്ടേറിയ ഒരു തീരുമാനം എടുക്കേണ്ടതുണ്ടായിരുന്നു. ബെഥേലിനെയും അവിടെ ഞങ്ങൾ ആഴമായി സ്‌നേഹിച്ചിരുന്ന ഞങ്ങളുടെ കൂട്ടുവേലക്കാരായ യഹോവയുടെ ദാസന്മാരെയും വിട്ടുപോകാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല. എന്നിരുന്നാലും, ഞങ്ങളുടെ മാതാപിതാക്കൾക്കായി കരുതുക എന്നത്‌ എന്റെ ഉത്തരവാദിത്വമാണെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. അതുകൊണ്ട്‌, സാഹചര്യങ്ങൾ മാറുകയാണെങ്കിൽ തിരിച്ചുവരാമെന്ന പ്രതീക്ഷയോടെ ഞങ്ങൾ ബെഥേലിൽനിന്നു പോയി.

പണപരമായ ആവശ്യങ്ങൾ നിറവേറ്റാനായി ഞാൻ ഒരു ഇൻഷുറൻസ്‌ ഏജന്റായി ജോലി ചെയ്‌തുതുടങ്ങി. പരിശീലനകാലയളവിൽ ഒരു മാനേജർ പറഞ്ഞത്‌ ഞാൻ ഇപ്പോളും ഓർക്കുന്നു: “വൈകുന്നേരങ്ങളിൽ ആളുകളെ സന്ദർശിക്കുന്നെങ്കിൽ മാത്രമേ ഈ ബിസിനെസ്സ്‌ മെച്ചപ്പെടുത്താൻ കഴിയൂ. അപ്പോളാണ്‌ നിങ്ങൾക്ക്‌ ആളുകളെ കണ്ടെത്താൻ കഴിയുക. അതുകൊണ്ട്‌ വൈകുന്നേരങ്ങളിൽ ആളുകളെ കണ്ടുമുട്ടുന്നതിലും പ്രധാനമായി മറ്റൊന്നില്ല.” അപ്പോൾ ഞാൻ പറഞ്ഞു: “താങ്കൾ താങ്കളുടെ അനുഭവത്തിൽനിന്നാണ്‌ ഇതു പറയുന്നതെന്ന്‌ എനിക്ക്‌ അറിയാം. ഞാൻ അതു വിലമതിക്കുന്നു. എന്നാൽ ആത്മീയമായ ചില ഉത്തരവാദിത്വങ്ങളും എനിക്കുണ്ട്‌. ഇന്നേവരെ ഞാനത്‌ ഒഴിവാക്കിയിട്ടില്ല. ഇനി അത്‌ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുമില്ല. ചൊവ്വാഴ്‌ചയും വ്യാഴാഴ്‌ചയും വൈകുന്നേരങ്ങളിൽ വളരെ പ്രധാനപ്പെട്ട യോഗങ്ങളിൽ സംബന്ധിക്കേണ്ടതുള്ളതിനാൽ മറ്റു ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ ആളുകളെ സന്ദർശിച്ചുകൊള്ളാം.” ലൗകികജോലിക്കായി യോഗങ്ങൾ മുടക്കാതിരുന്നതിനാൽ യഹോവ എന്നെ ധാരാളമായി അനുഗ്രഹിച്ചു.

1987 ജൂലൈയിൽ ഒരു നഴ്‌സിങ്‌ ഹോമിൽവെച്ചു അമ്മ മരിക്കുമ്പോൾ ഞങ്ങൾ അമ്മയുടെ സമീപത്തുണ്ടായിരുന്നു. ഒരു നേഴ്‌സു വന്നു ഗ്രെയ്‌സിനോട്‌ ഇങ്ങനെ പറഞ്ഞു: “മിസ്സിസ്സ്‌ അലൻ, നിങ്ങൾ നിങ്ങളുടെ അമ്മായിയമ്മയുടെ അടുത്ത്‌ മുഴുസമയവും ഉണ്ടായിരുന്നെന്ന്‌ എല്ലാവർക്കുമറിയാം. അതുകൊണ്ട്‌ അഭിമാനത്തോടും സ്വസ്ഥതയോടും കൂടെ വീട്ടിൽപോയി കുറച്ചു വിശ്രമിച്ചുകൊള്ളൂ.”

1987 ഡിസംബറിൽ ഞങ്ങൾക്ക്‌ ഏറ്റവും ഇഷ്ടമുള്ള സ്ഥലമായ ബെഥേലിൽ സേവിക്കുന്നതിനു ഞങ്ങൾ വീണ്ടും അപേക്ഷാഫാറം പൂരിപ്പിച്ചു. എന്നാൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ ഗ്രെയ്‌സിന്‌ കുടലിൽ ക്യാൻസറുണ്ടെന്നു മനസ്സിലായി. ഒരു ശസ്‌ത്രക്രിയയ്‌ക്കു ശേഷം അവൾ ക്യാൻസറിൽനിന്നു വിമുക്തയായെന്ന്‌ അറിഞ്ഞു. ഇതേസമയത്തുതന്നെ, തങ്ങളുടെ പ്രാദേശികസഭയോടൊത്തു സേവിക്കുന്നതിൽ തുടരാൻ ആവശ്യപ്പെട്ടുകൊണ്ടു ബെഥേലിൽനിന്ന്‌ ഒരു കത്തു ലഭിച്ചു. ഞങ്ങൾ രാജ്യപ്രസംഗവേലയിൽത്തന്നെ തുടരാൻ ദൃഢനിശ്ചയമുള്ളവരായിരുന്നു.

അങ്ങനെയിരിക്കെ, എനിക്കു ടെക്‌സസിൽ ജോലിക്കുള്ള ഒരു അവസരം ലഭിച്ചു. അവിടെ ചൂടുള്ള കാലാവസ്ഥയായിരുന്നതിനാൽ അതു നല്ലതായിരിക്കുമെന്നു ഞങ്ങൾ കരുതി. അതു ശരിയായിരുന്നു. കഴിഞ്ഞ 25 വർഷമായി ഞങ്ങൾ താമസിക്കുന്നത്‌ ഞങ്ങളെ വളരെ സ്‌നേഹിക്കുന്ന, ഞങ്ങൾക്കു വളരെ അടുപ്പമുള്ള സഹോദരീസഹോദരന്മാരുള്ള ടെക്‌സസിലാണ്‌.

ഞങ്ങൾ പഠിച്ച പാഠങ്ങൾ

കുടലിലെ ക്യാൻസർ, തൈറോയ്‌ഡ്‌, അടുത്തിടെയുണ്ടായ സ്‌തനാർബുദം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളുമായി ഗ്രെയ്‌സിന്‌ മല്ലിടേണ്ടിവന്നു. എന്നാൽ ഒരിക്കൽപ്പോലും അവൾ സാഹചര്യത്തെക്കുറിച്ചു പരാതിപ്പെടുകയോ ശിരഃസ്ഥാനതത്ത്വത്തെ വെല്ലുവിളിക്കുകയോ നിസ്സഹകരിക്കുകയോ ചെയ്‌തിട്ടില്ല. അവളോടു പലപ്പോഴും പലരും ഇങ്ങനെ ചോദിച്ചിട്ടുണ്ട്‌: “ദമ്പതികൾ എന്ന നിലയിൽ നിങ്ങളുടെ വിജയത്തിന്റെയും നിങ്ങളുടെ മുഖത്തു പ്രസരിക്കുന്ന സന്തോഷത്തിന്റെയും രഹസ്യം എന്താണ്‌?” അതിന്‌ അവൾ നാലു കാരണങ്ങൾ പറഞ്ഞു: “ഞങ്ങൾ ആത്മമിത്രങ്ങളാണ്‌. ദിവസവും സംസാരിക്കാൻ ഞങ്ങൾ സമയം മാറ്റിവെക്കുന്നു. ഒരുമിച്ചായിരിക്കുന്നതിൽ ഞങ്ങൾ വളരെ സന്തോഷം കണ്ടെത്തുന്നു. അതുപോലെ, രാത്രി പരസ്‌പരം കോപിഷ്‌ഠരായി ഞങ്ങൾ ഒരിക്കലും ഉറങ്ങാൻ പോകാറില്ല. വല്ലപ്പോഴുമൊക്കെ ഞങ്ങൾ പരസ്‌പരം വഴക്കുണ്ടാക്കാറുണ്ടെങ്കിലും ക്ഷമിക്കുകയും മറക്കുകയും ചെയ്യുന്നു.”

“എല്ലായ്‌പോഴും യഹോവയിൽ ആശ്രയിക്കുകയും അവൻ അനുവദിക്കുന്നത്‌ സ്വീകരിക്കുകയും ചെയ്യുക”

ജീവിതത്തിൽ നേരിട്ട പരിശോധനകളിലൂടെ ഞങ്ങൾ ധാരാളം നല്ല പാഠങ്ങൾ പഠിച്ചു:

  1. എല്ലായ്‌പോഴും യഹോവയിൽ ആശ്രയിക്കുകയും അവൻ അനുവദിക്കുന്നതു സ്വീകരിക്കുകയും ചെയ്യുക. സ്വന്തവിവേകത്തിൽ ഊന്നരുത്‌.—സദൃ. 3:5, 6; യിരെ. 17:7.

  2. ഏതൊരു സാഹചര്യത്തിലും മാർഗനിർദേശത്തിനായി യഹോവയുടെ വചനത്തിൽ ആശ്രയിക്കുക. യഹോവയോടും അവന്റെ വചനത്തോടും ഉള്ള അനുസരണം മർമപ്രധാനമാണ്‌. അനുസരണം അല്ലെങ്കിൽ അനുസരണക്കേട്‌—അതിനിടയിൽ ഒന്നില്ല.—റോമ. 6:16; എബ്രാ. 4:12.

  3. യഹോവയുടെ മുമ്പാകെ നല്ല പേർ സമ്പാദിക്കുക എന്നതാണു ജീവിതത്തിൽ ഏറ്റവും പ്രധാനം. ധനവാനാകുന്നതിനു ബദ്ധപ്പെടാതെ യഹോവയുടെ ഇഷ്ടം ഒന്നാമതു വെക്കുക.—സദൃ. 28:20; സഭാ. 7:1; മത്താ. 6:33, 34.

  4. യഹോവയുടെ സേവനത്തിൽ നിങ്ങളാൽ ആവോളം ഫലപ്രാപ്‌തരും തീക്ഷ്‌ണതയുള്ളവരും ആയിരിക്കാനായി പ്രാർഥിക്കുക. നിങ്ങൾക്കു ചെയ്യാനാകാത്തതിലല്ല പകരം ചെയ്യാനാകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.—മത്താ. 22:37; 2 തിമൊ. 4:2.

  5. യഹോവയുടെ അംഗീകാരവും അനുഗ്രഹവും ഉള്ള മറ്റൊരു സംഘടനയും ഇല്ലെന്നു മനസ്സിൽപ്പിടിക്കുക.—യോഹ. 6:68.

75 വർഷത്തിലധികം—ഏതാണ്ട്‌ 65 വർഷം ദമ്പതികളെന്ന നിലയിൽ—ഗ്രെയ്‌സും ഞാനും യഹോവയെ സേവിച്ചു. ഒരുമിച്ച്‌ യഹോവയെ സേവിക്കുന്നതു ഞങ്ങൾ വളരെയധികം ആസ്വദിച്ചു. യഹോവയിൽ ആശ്രയമർപ്പിക്കുന്നത്‌ എത്ര പ്രതിഫലദായകമാണെന്നു ഞങ്ങൾ അനുഭവിച്ചറിഞ്ഞതുപോലെ മറ്റു സഹോദരീസഹോദരന്മാരും അത്‌ അനുഭവിച്ചറിയണമെന്നു ഞങ്ങൾ ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.