വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏഴ്‌ ഇടയന്മാരും എട്ട്‌ പ്രഭുക്കന്മാരും, ഇന്ന്‌ അവർ ആരാണ്‌?

ഏഴ്‌ ഇടയന്മാരും എട്ട്‌ പ്രഭുക്കന്മാരും, ഇന്ന്‌ അവർ ആരാണ്‌?

നാം അവരുടെ നേരെ ഏഴു ഇടയന്മാരെയും എട്ടു മാനുഷപ്രഭുക്കന്മാരെയും നിർത്തും.”—മീഖാ 5:5.

1. സിറിയ-ഇസ്രായേൽ സഖ്യത്തിന്റെ ഗൂഢതന്ത്രം പരാജയപ്പെടേണ്ടിയിരുന്നത്‌ എന്തുകൊണ്ട്‌?

 ഏതാണ്ട്‌ ബി.സി. 762-നും 759-നും ഇടയ്‌ക്കുള്ള സമയം. ഇസ്രായേലിലെയും സിറിയയിലെയും രാജാക്കന്മാർ യെഹൂദയോടു യുദ്ധം പ്രഖ്യാപിച്ചു. എന്തായിരുന്നു അവരുടെ ലക്ഷ്യം? യെരുശലേമിനെ ആക്രമിച്ച്‌ ആഹാസ്‌ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി തൽസ്ഥാനത്ത്‌ സാധ്യതയനുസരിച്ച്‌ ദാവീദിന്റെ വംശാവലിയിൽപ്പെടാത്ത ഒരുവനെ അവരോധിക്കുക. (യെശ. 7:5, 6) തന്റെ സിംഹാസനത്തിൽ ദാവീദിന്റെ പിൻഗാമികളിൽ ഒരാൾ സ്ഥിരമായുണ്ടായിരിക്കും എന്ന്‌ യഹോവ പ്രഖ്യാപിച്ചിരുന്നു. ദൈവത്തിന്റെ വചനം നിവൃത്തിയേറാതെ പോകുകയില്ല എന്ന വസ്‌തുത ഇസ്രായേൽരാജാവ്‌ വാസ്‌തവത്തിൽ അറിഞ്ഞിരിക്കേണ്ടതായിരുന്നു.—യോശു. 23:14; 2 ശമൂ. 7:16.

2-4. (എ) യെശയ്യാവു 7:14, 16 ബി.സി. എട്ടാം നൂറ്റാണ്ടിൽ എങ്ങനെ നിവൃത്തിയേറി? (ബി) ഈ തിരുവെഴുത്ത്‌ എ.ഡി. ഒന്നാം നൂറ്റാണ്ടിൽ എങ്ങനെ നിവൃത്തിയേറി?

2 തുടക്കത്തിൽ, സിറിയ-ഇസ്രായേൽ സഖ്യത്തിന്‌ മേൽക്കൈയുള്ളതായി തോന്നി. കാരണം, ഒരൊറ്റ ഏറ്റുമുട്ടലിൽ മാത്രം ആഹാസിന്‌ പരാക്രമശാലികളായ 1,20,000 പോരാളികളെ നഷ്ടപ്പെട്ടു! “രാജകുമാരനായ” മയശേയാവും കൊല്ലപ്പെട്ടു. (2 ദിന. 28:6, 7) എന്നാൽ യഹോവ സംഭവഗതികൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവൻ ദാവീദിനോടുള്ള തന്റെ വാഗ്‌ദാനം ഓർത്തു. അതുകൊണ്ട്‌ അങ്ങേയറ്റം ബലപ്പെടുത്തുന്ന ഒരു സന്ദേശവുമായി അവൻ പ്രവാചകനായ യെശയ്യാവിനെ അവിടേക്ക്‌ അയച്ചു.

3 യെശയ്യാവ്‌ ഇങ്ങനെ പറഞ്ഞു: “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും. . . . തിന്മതള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലന്നു പ്രായമാകും മുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും (സിറിയയും ഇസ്രായേലും) ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.” (യെശ. 7:14, 16) ഈ പ്രവചനത്തിന്റെ ആദ്യഭാഗം മിക്കപ്പോഴും മിശിഹായുടെ ജനനത്തിനു ബാധകമാക്കാറുണ്ട്‌, അത്‌ ശരിയാണുതാനും. (മത്താ. 1:23) എന്നിരുന്നാലും, ആ ‘രണ്ടു രാജാക്കന്മാർ’ അതായത്‌ സിറിയയിലെ രാജാവും ഇസ്രായേലിലെ രാജാവും എ.ഡി. ഒന്നാം നൂറ്റാണ്ടിൽ യെഹൂദയ്‌ക്ക്‌ ഒരു ഭീഷണിയായിരുന്നില്ല. അതുകൊണ്ട്‌, ഇമ്മാനൂവേലിനെക്കുറിച്ചുള്ള പ്രവചനത്തിന്‌ യെശയ്യാവിന്റെ കാലത്ത്‌ ഒരു പ്രാഥമികനിവൃത്തി ഉണ്ടായിരുന്നിരിക്കണം.

4 യെശയ്യാവ്‌ ആ ശ്രദ്ധേയമായ പ്രവചനം നടത്തി അധികം വൈകാതെ അവന്റെ ഭാര്യ ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു. അവന്‌ മഹേർ-ശാലാൽ ഹാശ്‌-ബസ്‌ എന്നു പേരിട്ടു. യെശയ്യാവ്‌ പരാമർശിച്ച “ഇമ്മാനൂവേൽ” അവന്റെ ഈ പുത്രനായിരിക്കാനാണ്‌ ഒരു സാധ്യത. * കാരണം, ബൈബിൾക്കാലങ്ങളിൽ ഒരു ശിശുവിന്റെ ജനനസമയത്ത്‌, ഒരുപക്ഷേ ഏതെങ്കിലും പ്രത്യേകസംഭവത്തെ അനുസ്‌മരിച്ചോ മറ്റോ, ഒരു പേരു നൽകുന്ന രീതിയുണ്ടായിരുന്നു. എന്നാൽ, മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ഇടയിൽ കുട്ടി മറ്റൊരു പേരിലായിരിക്കും അറിയപ്പെടുക. (2 ശമൂ. 12:24, 25) യേശുവിനെ ഇമ്മാനൂവേൽ എന്നു സംബോധന ചെയ്‌തിരുന്നതായി രേഖയൊന്നുമില്ല.—യെശയ്യാവു 7:14; 8:3, 4 വായിക്കുക.

5. ആഹാസ്‌ രാജാവ്‌ ബുദ്ധിശൂന്യമായ ഏതു തീരുമാനമാണ്‌ എടുത്തത്‌?

5 ഇസ്രായേലും സിറിയയും യെഹൂദയെ ലക്ഷ്യമിട്ടിരുന്ന അതേസമയത്തുതന്നെ, സൈനികബലമുള്ള മറ്റൊരു രാഷ്‌ട്രവും യെഹൂദയെ നോട്ടമിട്ടു. ലോകശക്തിയായി ഉയർന്നുകൊണ്ടിരുന്ന അസീറിയയായിരുന്നു അത്‌. യെശയ്യാവു 8:3, 4 അനുസരിച്ച്‌, തെക്കേദേശമായ യെഹൂദയെ ആക്രമിക്കുന്നതിനു മുമ്പ്‌ അസീറിയ “ദമ്മേശെക്കിലെ ധനവും ശമര്യയിലെ കൊള്ളയും” എടുത്തുകൊണ്ടുപോകുമായിരുന്നു. യെശയ്യാവിലൂടെ അരുളിച്ചെയ്‌ത ദൈവത്തിന്റെ ഈ വചനത്തിൽ വിശ്വസിക്കാഞ്ഞ ആഹാസ്‌ അസീറിയയുമായി അപകടകരമായ ഒരു ഉടമ്പടിയിൽ ഏർപ്പെട്ടു. അസീറിയക്കാർ യെഹൂദയെ അടിച്ചമർത്തുന്നതിൽ അതു കലാശിച്ചു. (2 രാജാ. 16:7-10) യെഹൂദയുടെ ഇടയനെന്ന നിലയിൽ ആഹാസ്‌ തികച്ചും ഒരു പരാജയമായിരുന്നു! അതുകൊണ്ട്‌, നമുക്ക്‌ സ്വയം ഇങ്ങനെ ചോദിക്കാം: ‘നിർണായകമായ തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ ഞാൻ ആശ്രയം വെക്കുന്നത്‌ ദൈവത്തിലോ, അതോ മനുഷ്യരിലോ?’—സദൃ. 3:5, 6.

വേറൊരു സമീപനം സ്വീകരിക്കുന്ന ഒരു പുതിയ ഇടയൻ

6. ആഹാസിന്റെയും ഹിസ്‌കീയാവിന്റെയും ഭരണം താരതമ്യം ചെയ്യുക.

6 ബി.സി. 746-ൽ ആഹാസ്‌ മരിച്ചു. അവന്റെ പുത്രൻ ഹിസ്‌കീയാവ്‌ യെഹൂദയുടെ രാജാവായി. സാമ്പത്തികമായി തകർന്ന, ആത്മീയമായി ശോഷിച്ച, ഒരു രാജ്യമാണ്‌ അവന്‌ ഏറ്റെടുക്കേണ്ടിവന്നത്‌. യുവാവായ രാജാവിന്റെ മുൻഗണന എന്തായിരിക്കും? മോശമായ സാമ്പത്തികസ്ഥിതിയിൽനിന്ന്‌ യഹൂദയെ കരകയറ്റുക എന്നതായിരിക്കുമോ? അല്ല. ഹിസ്‌കീയാവ്‌ ആത്മീയമനസ്‌കനായ ഒരു പുരുഷനായിരുന്നു. തന്റെ പ്രജകളാകുന്ന ആടുകളെ മേയ്‌ക്കാൻ യോഗ്യനായ ഒരു ഇടയൻതന്നെ! നിർമലാരാധന പുനഃസ്ഥാപിച്ചുകൊണ്ട്‌, വഴിപിഴച്ച ആ ജനതയെ യഹോവയുമായുള്ള ബന്ധത്തിലേക്ക്‌ മടക്കിക്കൊണ്ടുവരുക എന്നതായിരുന്നു അവൻ ആദ്യം ചെയ്‌തത്‌. തന്നെ സംബന്ധിച്ച ദൈവേഷ്ടം തിരിച്ചറിഞ്ഞ ഹിസ്‌കീയാവ്‌ നിർണായകമായ ചില നടപടികൾ സ്വീകരിച്ചു. നമുക്കുള്ള എത്ര നല്ല മാതൃക!—2 ദിന. 29:1-19.

7. ലേവ്യർക്ക്‌ പുതിയ രാജാവിന്റെ പിന്തുണ ആവശ്യമായിരുന്നത്‌ എന്തുകൊണ്ട്‌?

7 നിർമലാരാധന പുനഃസ്ഥാപിക്കുന്ന സുപ്രധാനവേലയിൽ ഒരു നിർണായകപങ്ക്‌ വഹിക്കേണ്ടവരായിരുന്നു ലേവ്യർ. അതുകൊണ്ട്‌ തന്റെ പിന്തുണ അവർക്ക്‌ ഉറപ്പുകൊടുക്കുന്നതിനായി ഹിസ്‌കീയാവ്‌ അവരെ വിളിച്ചുകൂട്ടി. രാജാവ്‌ ഇങ്ങനെ പറഞ്ഞു: ‘തന്നെ ശുശ്രൂഷിക്കേണ്ടതിന്നു തന്റെ സന്നിധിയിൽ നില്‌പാൻ യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നുവല്ലോ.’ വിശ്വസ്‌തരായ ലേവ്യർ രാജാവിന്റെ മനംകുളിർപ്പിക്കുന്ന ആ വാക്കുകൾ കേട്ട്‌ ആനന്ദാശ്രുക്കളോടെ നിൽക്കുന്ന രംഗം ഒന്നു സങ്കൽപ്പിച്ചുനോക്കൂ! (2 ദിന. 29:11) അതെ, നിർമലാരാധന ഉന്നമിപ്പിക്കുന്നതിന്‌ അധികാരം ലഭിച്ചവരായിരുന്നു ലേവ്യർ.

8. തന്റെ ജനത്തിന്റെ ആത്മീയത വീണ്ടെടുക്കാൻ ഹിസ്‌കീയാവ്‌ എന്തു തുടർന്നടപടികളാണ്‌ സ്വീകരിച്ചത്‌, എന്തു ഫലമുണ്ടായി?

8 ഹിസ്‌കീയാവ്‌ മുഴു യെഹൂദയെയും ഇസ്രായേലിനെയും വലിയൊരു പെസഹാ ആഘോഷത്തിനായി വിളിച്ചുവരുത്തി. അതേത്തുടർന്ന്‌ ഏഴ്‌ ദിവസത്തെ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളും ഉണ്ടായിരുന്നു. ജനം സന്തോഷത്താൽ മതിമറന്നു! അതുകൊണ്ട്‌ ഉത്സവം ഏഴ്‌ ദിവസംകൂടി നീട്ടി. ബൈബിൾവിവരണം പറയുന്നു: “അങ്ങനെ യെരൂശലേമിൽ മഹാസന്തോഷം ഉണ്ടായി; യിസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോന്റെ കാലംമുതൽ ഇതുപോലെ യെരൂശലേമിൽ സംഭവിച്ചിട്ടില്ല.” (2 ദിന. 30:25, 26) ആ ആത്മീയവിരുന്ന്‌ ജനങ്ങൾക്കു പ്രചോദനമേകിയോ? 2 ദിനവൃത്താന്തം 31:1-ൽ നാം ഇങ്ങനെ വായിക്കുന്നു: “ഇതൊക്കെയും തീർന്നശേഷം വന്നുകൂടിയിരുന്ന എല്ലായിസ്രായേലും. . . സ്‌തംഭവിഗ്രഹങ്ങളെ തകർത്തു . . . അശേരാപ്രതിഷ്‌ഠകളെ വെട്ടി പൂജാഗിരികളെയും ബലിപീഠങ്ങളെയും ഇടിച്ചു നശിപ്പിച്ചുകളഞ്ഞു.” അങ്ങനെ യെഹൂദ കൂടുതൽ കരുത്തോടെ, ആവേശത്തോടെ യഹോവയിങ്കലേക്കു മടങ്ങിവന്നു. ഈ ആത്മീയശുദ്ധീകരണം അങ്ങേയറ്റം പ്രാധാന്യമുള്ള ഒന്നായിരുന്നു. കാരണം, വൈകാതെ ചില സംഭവങ്ങൾ അരങ്ങേറാനിരിക്കുകയായിരുന്നു.

രാജാവ്‌ യഹോവയിൽ ആശ്രയിക്കുന്നു

9. (എ) ഇസ്രായേലിന്റെ പദ്ധതികൾ എങ്ങനെയാണ്‌ വിഫലമായത്‌? (ബി) തുടക്കത്തിൽ സൻഹേരീബിന്‌ യെഹൂദയിൽ എത്രമാത്രം വിജയമുണ്ടായി?

9 യെശയ്യാവിന്റെ വാക്കുകൾ സത്യമായി. അസീറിയക്കാർ വടക്കേരാജ്യമായ ഇസ്രായേൽ കീഴടക്കുകയും അതിലെ നിവാസികളെ ബന്ദികളായി പിടിച്ചുകൊണ്ടുപോകുകയും ചെയ്‌തു. അങ്ങനെ ദാവീദിന്റെ സിംഹാസനം അട്ടിമറിച്ച്‌ മറ്റൊരുവനെ വാഴിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതികൾ വിഫലമായി. അസീറിയക്കാരുടെ പദ്ധതികൾ സംബന്ധിച്ചോ? അസീറിയക്കാർ ഇപ്പോൾ യെഹൂദയുടെ നേരെ തിരിഞ്ഞു. “യെഹൂദാരാജാവായ ഹിസ്‌കീയാവിന്റെ പതിന്നാലാം ആണ്ടിൽ അശ്ശൂർരാജാവായ സൻഹേരീബ്‌ യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടെയും നേരെ പുറപ്പെട്ടുവന്നു അവയെ പിടിച്ചു.” സൻഹേരീബ്‌ അങ്ങനെ മൊത്തം 46 യെഹൂദാപട്ടണങ്ങൾ പിടിച്ചടക്കിയതായി പറയപ്പെടുന്നു. യെഹൂദാപട്ടണങ്ങൾ ഒന്നൊന്നായി പിടിച്ചടക്കി അശ്ശൂർപ്പട മുന്നേറുകയാണ്‌. ആ സമയത്ത്‌ നിങ്ങൾ യെരുശലേമിൽ ജീവിച്ചിരുന്ന ഒരാളായിരുന്നെങ്കിൽ നിങ്ങളുടെ മാനസികാവസ്ഥ എന്തായിരുന്നേനെ?—2 രാജാ. 18:13.

10. മീഖാ 5:5, 6-ലെ വാക്കുകൾ ഹിസ്‌കീയാവിനെ ധൈര്യപ്പെടുത്തിയിരിക്കാവുന്നത്‌ എന്തുകൊണ്ട്‌?

10 അടുത്തുകൊണ്ടിരുന്ന അപകടത്തെപ്പറ്റി ഹിസ്‌കീയാവ്‌ തികച്ചും ബോധവാനായിരുന്നു. വിശ്വാസത്യാഗിയായ തന്റെ പിതാവ്‌ ആഹാസ്‌ ചെയ്‌തതുപോലെ ആശയറ്റ്‌ അവൻ ഒരു വിജാതീയരാഷ്‌ട്രത്തിന്റെ സഹായം തേടിപ്പോയില്ല. പിന്നെയോ അവൻ യഹോവയിൽ ആശ്രയിച്ചു. (2 ദിന. 28:20, 21) മീഖാപ്രവാചകന്റെ വാക്കുകളും അവന്‌ അറിയാമായിരുന്നിരിക്കാം. ഹിസ്‌കീയാവിന്റെ സമകാലീനനായിരുന്ന ഈ പ്രവാചകൻ അസീറിയയെക്കുറിച്ച്‌ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞിരുന്നു: “അശ്ശൂർ നമ്മുടെ ദേശത്തു വന്നു നമ്മുടെ അരമനകളിൽ ചവിട്ടുമ്പോൾ നാം അവരുടെ നേരെ ഏഴു ഇടയന്മാരെയും എട്ടു മാനുഷപ്രഭുക്കന്മാരെയും നിർത്തും. അവർ അശ്ശൂർദേശത്തെ . . . വാൾകൊണ്ടു പാഴാക്കും. (“ഭരിക്കും,” പി.ഒ.സി.)” (മീഖാ 5:5, 6) ഈ നിശ്വസ്‌തവാക്കുകൾ ഹിസ്‌കീയാവിന്‌ തീർച്ചയായും ധൈര്യം പകർന്നിരിക്കണം. കാരണം, അസീറിയക്കാർക്കെതിരെ തികച്ചും അസാധാരണമായ ഒരു സേനയെ അണിനിരത്തുമെന്നും അങ്ങനെ ക്രൂരരായ ആ ശത്രുക്കൾ പരാജയമടയുമെന്നും ആ വാക്കുകൾ വ്യക്തമാക്കുന്നു.

11. ഏഴ്‌ ഇടയന്മാരെയും എട്ട്‌ പ്രഭുക്കന്മാരെയും കുറിച്ചുള്ള പ്രവചനത്തിന്റെ സുപ്രധാനനിവൃത്തി എപ്പോഴായിരിക്കും?

11 ഏഴ്‌ ഇടയന്മാരെയും എട്ട്‌ പ്രഭുക്കന്മാരെയും കുറിച്ചുള്ള പ്രവചനത്തിന്റെ സുപ്രധാനമായ നിവൃത്തി, ‘യിസ്രായേലിന്നു അധിപതിയായവനും ഉത്ഭവം പണ്ടേയുള്ളവനും’ എന്ന്‌ വിശേഷിപ്പിച്ചിരിക്കുന്ന യേശുവിന്റെ ജനനത്തിന്‌ ഏറെ നാളുകൾക്ക്‌ ശേഷമാണ്‌ സംഭവിക്കുമായിരുന്നത്‌. (മീഖാ 5:1, 2 വായിക്കുക.) ആധുനികകാല “അശ്ശൂർ” യഹോവയുടെ ദാസന്മാരുടെ നിലനിൽപ്പുതന്നെ അപകടത്തിലാക്കുന്ന ഒരു സമയത്തായിരിക്കും അതു സംഭവിക്കുക. ഭയങ്കരനായ ഈ ശത്രുവിനെ നേരിടുന്നതിന്‌ ഇപ്പോൾ വാഴ്‌ച നടത്തുന്ന തന്റെ പുത്രൻ മുഖേന യഹോവ ഏതു ശക്തികളെയായിരിക്കും അണിനിരത്തുക? അത്‌ നാം പിന്നീട്‌ ചർച്ച ചെയ്യും. എന്നാൽ ആദ്യം നമുക്ക്‌, ദ്രോഹബുദ്ധികളായ അസീറിയക്കാരുടെ ഭീഷണി നേരിട്ടപ്പോൾ ഹിസ്‌കീയാവ്‌ സ്വീകരിച്ച നടപടിയിൽനിന്ന്‌ എന്തു പഠിക്കാമെന്ന്‌ നോക്കാം.

ഹിസ്‌കീയാവ്‌ ചില മുൻകരുതലുകൾ സ്വീകരിക്കുന്നു

12. ദൈവത്തിന്റെ ജനത്തെ സംരക്ഷിക്കുന്നതിന്‌ ഹിസ്‌കീയാവും കൂടെയുണ്ടായിരുന്നവരും ഏതൊക്കെ നടപടികളാണ്‌ കൈക്കൊണ്ടത്‌?

12 നമ്മുടെ കഴിവിനതീതമായ കാര്യങ്ങൾ ചെയ്‌തുതരാൻ യഹോവ സദാസന്നദ്ധനാണ്‌. പക്ഷേ, നമ്മെക്കൊണ്ടു കഴിയുന്ന കാര്യങ്ങൾ നാം ചെയ്യാൻ അവൻ പ്രതീക്ഷിക്കുന്നു. ഹിസ്‌കീയാവ്‌ അതു ചെയ്‌തു. അവൻ, “പട്ടണത്തിന്നു പുറത്തുള്ള ഉറവുകളിലെ വെള്ളം നിർത്തിക്കളയേണ്ടതിന്നു തന്റെ പ്രഭുക്കന്മാരോടും വീരന്മാരോടും ആലോചിച്ചു.” അങ്ങനെ ചെയ്യാൻ അവർ ഒരുമിച്ച്‌ തീരുമാനിക്കുകയും ചെയ്‌തു. പിന്നെ, “അവൻ ധൈര്യപ്പെട്ടു, ഇടിഞ്ഞുപോയ മതിലൊക്കെയും പണിതു, . . . അനവധി കുന്തവും പരിചയും ഉണ്ടാക്കി.” (2 ദിന. 32:2-5) തന്റെ ജനത്തെ സംരക്ഷിക്കുന്നതിനും മേയ്‌ക്കുന്നതിനും ആയി യഹോവ അക്കാലത്ത്‌ ഹിസ്‌കീയാവ്‌, അവന്റെ പ്രഭുക്കന്മാർ, ആത്മീയമായി ശക്തരായ പ്രവാചകന്മാർ തുടങ്ങിയ ധീരരായ പുരുഷന്മാരെ ഉപയോഗിച്ചു.

13. വരാനിരുന്ന ആക്രമണത്തെ നേരിടാൻ ജനത്തെ ഒരുക്കുന്നതിന്‌ ഹിസ്‌കീയാവു സ്വീകരിച്ച ഏറ്റവും പ്രധാനപ്പെട്ട നടപടി എന്തായിരുന്നു? വിശദീകരിക്കുക.

13 വെള്ളം നിറുത്തിക്കളയുന്നതിലും നഗരമതിലുകൾ പണിതുറപ്പിക്കുന്നതിലും ഏറെ പ്രധാനപ്പെട്ട കാര്യമാണ്‌ ഹിസ്‌കീയാവ്‌ പിന്നീട്‌ ചെയ്‌തത്‌. ചിന്തയുള്ള ഇടയനെന്ന നിലയിൽ ഹിസ്‌കീയാവ്‌ ജനത്തെ കൂട്ടിവരുത്തി അവരെ ആത്മീയമായി ബലപ്പെടുത്തിക്കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “അശ്ശൂർരാജാവിനെ . . . ഭയപ്പെടരുതു; നിങ്ങൾ ഭ്രമിക്കരുതു; അവനോടുകൂടെയുള്ളതിലും വലിയൊരുവൻ നമ്മോടുകൂടെ ഉണ്ടു. അവനോടുകൂടെ മാംസഭുജമേയുള്ളു; നമ്മോടുകൂടെയോ നമ്മെ സഹായിപ്പാനും നമ്മുടെ യുദ്ധങ്ങളെ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ ഉണ്ട്‌.” അതെ, യഹോവ തന്റെ ജനത്തിനുവേണ്ടി യുദ്ധം ചെയ്യും! ഉൾക്കരുത്തു പകരുന്ന എത്ര നല്ല ഓർമിപ്പിക്കൽ! അതു കേട്ട “ജനം യെഹൂദാരാജാവായ യെഹിസ്‌കീയാവിന്റെ വാക്കുകളിൽ ആശ്രയിച്ചു.” ആളുകളെ ധൈര്യപ്പെടുത്തിയത്‌ ‘യെഹിസ്‌കീയാവിന്റെ വാക്കുകൾ’ ആയിരുന്നു എന്നത്‌ ശ്രദ്ധിക്കുക. യഹോവ തന്റെ പ്രവാചകനിലൂടെ മുൻകൂട്ടിപ്പറഞ്ഞതുപോലെ ഹിസ്‌കീയാവും അവന്റെ പ്രഭുക്കന്മാരും വീരന്മാരായ പുരുഷന്മാരും അതുപോലെ പ്രവാചകന്മാരായ മീഖായും യെശയ്യാവും കരുതലുള്ള ഇടയന്മാരാണെന്നു തെളിഞ്ഞു.—2 ദിന. 32:7, 8; മീഖാ 5:5, 6 വായിക്കുക.

ഹിസ്‌കീയാവിന്റെ വാക്കുകൾ ധൈര്യം സംഭരിക്കാൻ ജനങ്ങളെ സഹായിച്ചു (12, 13 ഖണ്ഡികകൾ കാണുക.)

14. എന്തായിരുന്നു റബ്‌-ശാക്കേയുടെ തന്ത്രം, ജനം അതിനോട്‌ എങ്ങനെ പ്രതികരിച്ചു?

14 അശ്ശൂർരാജാവു വന്ന്‌ യെരുശലേമിനു തെക്കുപടിഞ്ഞാറുള്ള ലാഖീശിൽ പാളയമടിച്ചു. അവൻ മൂന്നു നയതന്ത്രപ്രതിനിധികളെ അയച്ച്‌ നഗരത്തോടു കീഴടങ്ങാൻ ആജ്ഞാപിച്ചു. റബ്‌-ശാക്കേ എന്ന സ്ഥാനപ്പേരുള്ള രാജപ്രതിനിധി പല ഉപായങ്ങളും പ്രയോഗിച്ചുനോക്കി. അവൻ എബ്രായഭാഷയിൽ ജനത്തോടു സംസാരിച്ചു. ഹിസ്‌കീയാരാജാവിനോടുള്ള കൂറ്‌ ഉപേക്ഷിച്ച്‌ അസീറിയക്കാർക്കു കീഴടങ്ങാൻ ജനത്തെ നിർബന്ധിച്ചു. സുഖസമൃദ്ധമായ ഒരു ജീവിതം നയിക്കാൻ പറ്റിയ ഒരു ദേശത്ത്‌ അവരെ പുനരധിവസിപ്പിക്കാമെന്ന്‌ അവൻ വ്യാജവാഗ്‌ദാനവും നൽകി. (2 രാജാക്കന്മാർ 18:31, 32 വായിക്കുക.) അടുത്തതായി, യഹോവയ്‌ക്ക്‌ അശ്ശൂര്യരുടെ ഉരുക്കുമുഷ്ടിയിൽനിന്ന്‌ യഹൂദരെ വിടുവിക്കാൻ കഴിയില്ലെന്ന്‌ അവൻ വാദിച്ചു. മറ്റു ജനതകളുടെ ദേവന്മാർക്കാർക്കും അശ്ശൂര്യരുടെ കൈയിൽനിന്ന്‌ അവരുടെ ഭക്തരെ സംരക്ഷിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ്‌ അവൻ പറഞ്ഞ ന്യായം. ജനം ബുദ്ധിപൂർവം ഈ ഏഷണിവാക്കുകൾക്ക്‌ മറുപടിയൊന്നും പറഞ്ഞില്ല. സമാനമായി ഇക്കാലത്തെ യഹോവയുടെ ദാസന്മാരും ഇത്തരം നുണപ്രചാരണങ്ങൾക്ക്‌ മറുപടി പറയാൻ മിനക്കെടാറില്ല.—2 രാജാക്കന്മാർ 18:35, 36 വായിക്കുക.

15. യെരുശലേം നിവാസികൾ എന്താണ്‌ ചെയ്യേണ്ടിയിരുന്നത്‌, യഹോവ എങ്ങനെയാണ്‌ നഗരത്തെ രക്ഷിച്ചത്‌?

15 ഹിസ്‌കീയാവിന്‌ സ്വാഭാവികമായും ആശങ്ക തോന്നിയിട്ടുണ്ടാകണം. പക്ഷേ, സഹായത്തിനായി ഒരു അന്യരാജ്യത്തെ ആശ്രയിക്കുന്നതിനു പകരം അവൻ പ്രവാചകനായ യെശയ്യാവിൽനിന്ന്‌ മാർഗനിർദേശം തേടി. യെശയ്യാവ്‌ ഹിസ്‌കീയാവിനോട്‌ ഇപ്രകാരം പറഞ്ഞു: “അവൻ (സൻഹേരീബ്‌) ഈ നഗരത്തിലേക്കു വരികയില്ല; ഒരു അമ്പു അവിടെ എയ്‌കയില്ല.” (2 രാജാ. 19:32) യെരുശലേം നിവാസികൾ ചെയ്യേണ്ടിയിരുന്നത്‌ ഇത്രമാത്രം: ധൈര്യപ്പെട്ട്‌ ഉറച്ചുനിൽക്കുക. യെഹൂദയ്‌ക്കുവേണ്ടി യഹോവ യുദ്ധം ചെയ്യുമായിരുന്നു. അവൻ അങ്ങനെതന്നെ ചെയ്‌തു! “അന്നു രാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർപാളയത്തിൽ ഒരുലക്ഷത്തെണ്‌പത്തയ്യായിരം പേരെ കൊന്നു.” (2 രാജാ. 19:35) ഒടുവിൽ യെഹൂദയ്‌ക്ക്‌ രക്ഷ കൈവന്നു! അത്‌, ഹിസ്‌കീയാവ്‌ വെള്ളം നിറുത്തിക്കളഞ്ഞതുകൊണ്ടോ നഗരമതിലുകൾ പണിതുറപ്പിച്ചതുകൊണ്ടോ ആയിരുന്നില്ല; ദൈവം ഇടപെട്ടതുകൊണ്ടായിരുന്നു.

ഇന്നു നമുക്കുള്ള പാഠം

16. ആധുനികകാലത്തെ (എ) യെരുശലേം നിവാസികൾ (ബി) “അശ്ശൂർ” (സി) ഏഴ്‌ ഇടയന്മാരും എട്ട്‌ പ്രഭുക്കന്മാരും ആരാണ്‌?

16 ഏഴ്‌ ഇടയന്മാരെയും എട്ട്‌ പ്രഭുക്കന്മാരെയും കുറിച്ചുള്ള പ്രവചനത്തിന്റെ പ്രധാനനിവൃത്തി നമ്മുടെ നാളിലാണ്‌. പുരാതനയെരുശലേമിലെ നിവാസികൾ അസീറിയക്കാരാൽ ആക്രമിക്കപ്പെട്ടു. സമാനമായി സമീപഭാവിയിൽ, ദുർബലരും സംരക്ഷണമില്ലാത്തവരും ആയി കാണപ്പെടുന്ന യഹോവയുടെ ജനവും ആധുനികകാല ‘അശ്ശൂരിന്റെ’ ആക്രമണത്തിന്‌ വിധേയരാകും. ദൈവജനത്തെ തുടച്ചുനീക്കുകയാണ്‌ ആക്രമണോദ്ദേശം. തിരുവെഴുത്തുകൾ ഈ ആക്രമണത്തെക്കുറിച്ചു പറയുന്നതോടൊപ്പം “മാഗോഗ്‌ദേശത്തിലെ ഗോഗിന്റെ”യും ‘വടക്കെദേശത്തിലെ രാജാവിന്റെയും’ ‘ഭൂരാജാക്കന്മാരുടെയും’ ആക്രമണങ്ങളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്‌. (യെഹെ. 38:2, 10-13; ദാനീ. 11:40, 44, 45; വെളി. 17:14; 19:19) ഇവ വെവ്വേറെ ആക്രമണങ്ങളാണോ? അങ്ങനെയാകണമെന്നില്ല. ഒരേ ആക്രമണത്തെ പല പേരുകളിൽ ബൈബിൾ പരാമർശിച്ചിരിക്കുന്നതാകാം. നിർദയശത്രുവായ ‘അശ്ശൂരിന്‌’ എതിരെ യഹോവ ഏത്‌ ‘രഹസ്യായുധം’ തൊടുക്കുമെന്നാണ്‌ മീഖായുടെ പ്രവചനം സൂചിപ്പിക്കുന്നത്‌? തികച്ചും അസാധാരണമായ ഒന്ന്‌—‘ഏഴ്‌ ഇടയന്മാരും എട്ട്‌ പ്രഭുക്കന്മാരും!’ (മീഖാ 5:5) അവിശ്വസനീയമെന്നു തോന്നിയേക്കാവുന്ന ഈ സേനയിലെ ഇടയന്മാരും പ്രഭുക്കന്മാരും സഭാമൂപ്പന്മാരാണ്‌. (1 പത്രോ. 5:2) ഇന്ന്‌, ആത്മീയമനസ്‌കരായ ധാരാളം പുരുഷന്മാരെ യഹോവ നൽകിയിരിക്കുന്നു. തന്റെ വിലപ്പെട്ട ആടുകളെ മേയ്‌ക്കുന്നതിനും ആധുനികകാല ‘അശ്ശൂരിന്റെ’ ഭാവിയാക്രമണത്തെ നേരിടുന്നതിന്‌ തന്റെ ജനത്തെ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ്‌ അത്‌. * “അവർ അശ്ശൂർദേശത്തെ . . . വാൾകൊണ്ടു പാഴാക്കും (“ഭരിക്കും,” പി.ഒ.സി.)” എന്ന്‌ മീഖായുടെ പ്രവചനം പ്രസ്‌താവിക്കുന്നു. (മീഖാ 5:6) അതെ, ‘പോരാട്ടത്തിനുള്ള അവരുടെ ആയുധങ്ങളുടെ’ കൂട്ടത്തിൽ “ദൈവവചനം എന്ന ആത്മാവിന്റെ വാളും” ഉണ്ട്‌.—2 കൊരി. 10:4; എഫെ. 6:17.

17. ഇതുവരെ പരിചിന്തിച്ച വിവരങ്ങളിൽനിന്ന്‌ മൂപ്പന്മാർക്ക്‌ ഉൾക്കൊള്ളാനാകുന്ന നാല്‌ പാഠങ്ങൾ ഏവ?

17 മൂപ്പന്മാരേ, ഇതുവരെ കണ്ട വിവരങ്ങളിൽനിന്ന്‌ നിങ്ങൾക്ക്‌ ചില പാഠങ്ങൾ ഉൾക്കൊള്ളാനാകും: (1) ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുകയും അങ്ങനെ ചെയ്യാൻ സഹോദരങ്ങളെ സഹായിക്കുകയും ചെയ്യുക. ‘അശ്ശൂരിന്റെ’ ആസന്നമായ ആക്രമണത്തെ നേരിടാനൊരുങ്ങവെ നിങ്ങൾക്കു സ്വീകരിക്കാവുന്ന ഏറ്റവും പ്രായോഗികമായ പടി അതാണ്‌. (2) “അശ്ശൂർ” ആക്രമിക്കുമ്പോൾ യഹോവ നമ്മെ വിടുവിക്കുമെന്ന്‌ നിങ്ങൾക്ക്‌ തികഞ്ഞ ബോധ്യമുണ്ടായിരിക്കണം. (3) ആ സമയത്ത്‌ യഹോവയുടെ സംഘടനയിൽനിന്നു നിങ്ങൾക്കു ലഭിക്കുന്ന ജീവരക്ഷാകരമായ നിർദേശങ്ങൾ ഒരു മാനുഷികകാഴ്‌ചപ്പാടിൽ അത്ര പ്രായോഗികമല്ലെന്നു തോന്നിയേക്കാം. അങ്ങനെ തോന്നിയാലും ഇല്ലെങ്കിലും അവ അനുസരിക്കാൻ നാമെല്ലാം തയ്യാറായിരിക്കണം. (4) ലൗകികവിദ്യാഭ്യാസം, ഭൗതികവസ്‌തുക്കൾ, മാനുഷികസംഘടനകൾ എന്നിവയിൽ ആശ്രയം വെച്ചിരിക്കുന്നവർക്കെല്ലാം മാറിച്ചിന്തിക്കാനുള്ള സമയം ഇപ്പോഴാണ്‌. അതുകൊണ്ട്‌ ഇന്ന്‌ യഹോവയിൽ പൂർണമായും ആശ്രയംവെക്കാതിരിക്കുന്ന ഏതൊരാളെയും സഹായിക്കാൻ നിങ്ങൾ സജ്ജരായി നിൽക്കണം.

18. ഈ ലേഖനത്തിൽ പരിചിന്തിച്ച കാര്യങ്ങൾ ഭാവിയിൽ നമുക്ക്‌ എങ്ങനെ പ്രയോജനം ചെയ്യും?

18 ഹിസ്‌കീയാവിന്റെ കാലത്ത്‌ യെരുശലേമിൽ കുടുങ്ങിപ്പോയ യഹൂദന്മാരെപ്പോലെ ദൈവത്തിന്റെ ആധുനികകാലദാസന്മാരും ദുർബലരും നിസ്സഹായരും ആയി കാണപ്പെട്ടേക്കാവുന്ന സമയം വരുന്നു. ആ സമയത്ത്‌, ഹിസ്‌കീയാവിന്റെ വാക്കുകളിൽനിന്ന്‌ നമുക്കെല്ലാം ശക്തിയാർജിക്കാം. അതെ, നമ്മുടെ ശത്രുവിനോടുകൂടെ “മാംസഭുജമേയുള്ളു; നമ്മോടുകൂടെയോ നമ്മെ സഹായിപ്പാനും നമ്മുടെ യുദ്ധങ്ങളെ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ ഉണ്ട്‌.”—2 ദിന. 32:8.

^ യെശയ്യാവു 7:14-ൽ “കന്യക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദത്തിന്‌ വിവാഹിതയായ സ്‌ത്രീയെയും കുറിക്കാനാകും. അതുകൊണ്ട്‌ യെശയ്യാവിന്റെ ഭാര്യക്കും യഹൂദകന്യകയായ മറിയയ്‌ക്കും ഈ പദം ബാധകമാക്കാനാകും.

^ തിരുവെഴുത്തുകളിൽ ഏഴ്‌ എന്ന സംഖ്യ പൂർണതയെക്കുറിക്കാനാണ്‌ മിക്കപ്പോഴും ഉപയോഗിക്കുന്നത്‌. എട്ട്‌ എന്ന സംഖ്യ (ഏഴിനെക്കാൾ ഒന്ന്‌ കൂടുതൽ) ചിലപ്പോഴൊക്കെ സമൃദ്ധിയെ കുറിക്കാൻ ഉപയോഗിക്കുന്നു.