വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ നൽകിയിരിക്കുന്ന ഇടയന്മാരെ അനുസരിക്കുക

യഹോവ നൽകിയിരിക്കുന്ന ഇടയന്മാരെ അനുസരിക്കുക

“നിങ്ങളുടെ ഇടയിൽ നേതൃത്വംവഹിക്കുന്നവരെ അനുസരിച്ച്‌ അവർക്കു കീഴ്‌പെട്ടിരിക്കുവിൻ; എന്തെന്നാൽ അവർ . . . നിങ്ങൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു.”—എബ്രാ. 13:17.

1, 2. യഹോവ തന്നെത്തന്നെ ഒരു ഇടയനോടു താരതമ്യപ്പെടുത്തിയിരിക്കുന്നത്‌ അർഥപൂർണമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

 നമ്മുടെ പിതാവായ യഹോവ തന്നെത്തന്നെ ഒരു ഇടയനോടു താരതമ്യപ്പെടുത്താറുണ്ട്‌. (യെഹെ. 34:11-14) യഹോവ എങ്ങനെയുള്ള ഒരു വ്യക്തിയാണെന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന ഒരു വാങ്‌മയചിത്രം അതു നൽകുന്നു. സ്‌നേഹമുള്ള ഒരു ഇടയൻ ആട്ടിൻകൂട്ടത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കും; ആട്ടിൻപറ്റത്തിന്റെ നിലനിൽപ്പും ക്ഷേമവും ഉറപ്പുവരുത്തും. അവൻ അവയെ പുൽപ്പുറങ്ങളിലേക്കും നീരുറവുകളിലേക്കും കൊണ്ടുപോകുന്നു. (സങ്കീ. 23:1, 2) രാപകലെന്യേ അവയെ കാത്തുപാലിക്കുന്നു. (ലൂക്കോ. 2:8) ഹിംസ്രജന്തുക്കളിൽനിന്ന്‌ അവയെ സംരക്ഷിക്കുന്നു. (1 ശമൂ. 17:34, 35) കുഞ്ഞുങ്ങളെ മാർവിടത്തിൽചേർത്ത്‌ വഹിക്കുന്നു. (യെശ. 40:11) കൂട്ടംതെറ്റിപ്പോയവയെ തിരഞ്ഞുപോകുന്നു, പരിക്കേറ്റവയെ വെച്ചുകെട്ടി പരിപാലിക്കുന്നു.—യെഹെ. 34:16.

2 മുഖ്യമായും ആടുവളർത്തലും കൃഷിയും തൊഴിലാക്കിയവരായിരുന്നു യഹോവയുടെ പുരാതനകാലത്തെ ജനം. അതിനാൽ യഹോവയെ സ്‌നേഹമുള്ള ഒരു ഇടയനോട്‌ താരതമ്യപ്പെടുത്തുന്നതിന്റെ പ്രയുക്തത അവർക്ക്‌ എളുപ്പം മനസ്സിലാകുമായിരുന്നു. ആട്ടിൻകൂട്ടം പുഷ്ടിപ്രാപിക്കണമെങ്കിൽ നല്ല പരിചരണവും ശ്രദ്ധയും വേണമെന്ന കാര്യവും അവർക്ക്‌ അറിയാമായിരുന്നു. ആടുകളുടെ കാര്യത്തിലെന്നപോലെതന്നെ ഒരു ആത്മീയാർഥത്തിൽ മനുഷ്യരുടെ കാര്യത്തിലും ഇതു ശരിയാണ്‌. (മർക്കോ. 6:34) നല്ല ആത്മീയപരിരക്ഷയും നേതൃത്വവും ഇല്ലെങ്കിൽ അവർ കഷ്ടത്തിലാകും. ‘ഇടയനില്ലാത്ത ആടുകളെപ്പോലെ’ അവർ ചിതറിക്കപ്പെട്ട്‌ ദുർബലരും ധാർമികമായി വഴിതെറ്റിയുഴലുന്നവരും ആയിപ്പോകും. (1 രാജാ. 22:17) എന്നാൽ, യഹോവ സ്‌നേഹപൂർവം തന്റെ ജനത്തിന്റെ ആവശ്യങ്ങൾക്കായി കരുതുന്നു.

3. ഈ ലേഖനത്തിൽ നാം എന്താണ്‌ ചിന്തിക്കാൻപോകുന്നത്‌?

3 യഹോവ ഒരു ഇടയനായിരിക്കുന്നത്‌ എങ്ങനെയെന്ന്‌ ഇക്കാലത്തു ജീവിക്കുന്ന നമുക്കും നന്നായി മനസ്സിലാകും. ചെമ്മരിയാടുതുല്യരായ തന്റെ ജനത്തിന്‌ വേണ്ടതെല്ലാം അവൻ നൽകുന്നു. ഇന്ന്‌ അവൻ തന്റെ ആടുകളെ നയിക്കുന്നതും അവരുടെ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്തുന്നതും എങ്ങനെയാണ്‌? യഹോവ സ്‌നേഹപൂർവം താത്‌പര്യമെടുക്കുമ്പോൾ ആടുകൾ എങ്ങനെ പ്രതികരിക്കണം? നമുക്കു നോക്കാം.

നല്ല ഇടയൻ കീഴിടയന്മാരെ നൽകുന്നു

4. യഹോവയുടെ ആടുകൾക്കുവേണ്ടി യേശു എങ്ങനെ കരുതുന്നു?

4 യഹോവ യേശുവിനെ ക്രിസ്‌തീയസഭയുടെ ശിരസ്സായി നിയമിച്ചിരിക്കുകയാണ്‌. (എഫെ. 1:22, 23) ‘നല്ല ഇടയനായ’ യേശു തന്റെ പിതാവിനെപ്പോലെതന്നെ ആടുകളെ സ്‌നേഹിക്കുന്നു, അവയെ പരിപാലിക്കുന്നു. അവൻ “ആടുകൾക്കുവേണ്ടി തന്റെ ജീവൻ വെച്ചുകൊടു”ക്കുകപോലും ചെയ്‌തിരിക്കുന്നു. (യോഹ. 10:11, 15) ക്രിസ്‌തുവിന്റെ മറുവിലയാഗം മനുഷ്യവർഗത്തിനുള്ള എത്ര വലിയ അനുഗ്രഹമാണ്‌! (മത്താ. 20:28) അതെ, “(യേശുവിൽ) വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ” പ്രാപിക്കണമെന്നുള്ളതാണ്‌ യഹോവയുടെ ഉദ്ദേശം.—യോഹ. 3:16.

5, 6. (എ) യേശു ആരെയാണ്‌ തന്റെ ആടുകളെ പരിപാലിക്കാനായി നിയമിച്ചിരിക്കുന്നത്‌, ഇതിൽനിന്നു പ്രയോജനം നേടാൻ ആടുകൾ എന്താണ്‌ ചെയ്യേണ്ടത്‌? (ബി) സഭാമൂപ്പന്മാരെ അനുസരിക്കേണ്ടതിന്റെ ഏറ്റവും പ്രധാനകാരണം എന്താണ്‌?

5 നല്ല ഇടയനായ യേശുക്രിസ്‌തുവിനോട്‌ ആടുകൾ എങ്ങനെയാണ്‌ പ്രതികരിക്കുന്നത്‌? “എന്റെ ആടുകൾ എന്റെ സ്വരം ശ്രദ്ധിക്കുന്നു. ഞാൻ അവയെ അറിയുന്നു; അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു” എന്ന്‌ യേശു പറഞ്ഞു. (യോഹ. 10:27) നല്ല ഇടയന്റെ സ്വരം ശ്രദ്ധിക്കുകയെന്നാൽ എല്ലാക്കാര്യങ്ങളിലും അവന്റെ മാർഗനിർദേശം പിൻപറ്റുക എന്നാണ്‌. അവൻ ആക്കിവെച്ചിരിക്കുന്ന കീഴിടയന്മാരോട്‌ സഹകരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. യേശു തുടങ്ങിവെച്ച വേല അവന്റെ അപ്പൊസ്‌തലന്മാരും ശിഷ്യന്മാരും തുടർന്നുകൊണ്ടുപോകേണ്ടതാണെന്ന്‌ അവൻ സൂചിപ്പിച്ചു. അവർ അവന്റെ “കുഞ്ഞാടുകളെ പോറ്റുക”യും “പഠിപ്പിക്കുകയും” വേണമായിരുന്നു. (മത്താ. 28:20; യോഹന്നാൻ 21:15-17 വായിക്കുക.) കാലാന്തരത്തിൽ സുവാർത്ത വ്യാപിക്കുകയും ശിഷ്യന്മാരുടെ എണ്ണം വർധിക്കുകയും ചെയ്‌തപ്പോൾ സഭകളിൽ ഇടയവേല ചെയ്യുന്നതിന്‌ പക്വതയുള്ള ക്രിസ്‌ത്യാനികളുണ്ടായിരിക്കാൻ അവൻ ക്രമീകരണം ചെയ്‌തു.—എഫെ. 4:11, 12.

6 ദൈവത്തിന്റെ “സഭയെ മേയ്‌ക്കാൻ പരിശുദ്ധാത്മാവ്‌ നിങ്ങളെ മേൽവിചാരകന്മാർ ആക്കി”വെച്ചിരിക്കുന്നു എന്ന്‌ ഒന്നാം നൂറ്റാണ്ടിൽ എഫെസൊസ്‌ സഭയിലെ മൂപ്പന്മാരോട്‌ അപ്പൊസ്‌തലനായ പൗലോസ്‌ പറഞ്ഞു. (പ്രവൃ. 20:28) ഇക്കാലത്തെ ക്രിസ്‌തീയമേൽവിചാരകന്മാരെ സംബന്ധിച്ചും ഇതു ശരിയാണ്‌. കാരണം, പരിശുദ്ധാത്മാവിനാൽ നിശ്വസ്‌തമായ തിരുവെഴുത്തുയോഗ്യതകളുടെ അടിസ്ഥാനത്തിലാണ്‌ അവരെ നിയമിക്കുന്നത്‌. അതുകൊണ്ട്‌, ക്രിസ്‌തീയമേൽവിചാരകന്മാരെ അനുസരിക്കുമ്പോൾ വാസ്‌തവത്തിൽ നാം വലിയ ഇടയന്മാരായ യഹോവയെയും യേശുവിനെയും ആദരിക്കുകയാണ്‌. (ലൂക്കോ. 10:16) മൂപ്പന്മാർക്ക്‌ നാം മനസ്സോടെ കീഴ്‌പെടേണ്ടതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണവും ഇതായിരിക്കേണ്ടതാണ്‌. അവർക്കു കീഴ്‌പെട്ടിരിക്കുന്നതിന്‌ കാരണങ്ങൾ വേറെയുമുണ്ട്‌.

7. യഹോവയുമായി ഒരു നല്ല ബന്ധം നിലനിറുത്തുന്നതിന്‌ മൂപ്പന്മാർ നിങ്ങളെ സഹായിക്കുന്നത്‌ എങ്ങനെ?

7 സഹവിശ്വാസികൾക്ക്‌ മൂപ്പന്മാർ പ്രോത്സാഹനവും ബുദ്ധിയുപദേശവും നൽകുന്നത്‌ എല്ലായ്‌പോഴും തിരുവെഴുത്തുകളോ തിരുവെഴുത്തുതത്ത്വങ്ങളോ അടിസ്ഥാനപ്പെടുത്തിയാണ്‌. സഹോദരങ്ങൾ എങ്ങനെ ജീവിക്കണമെന്നു നിഷ്‌കർഷിച്ച്‌ അവരുടെമേൽ ആധിപത്യം പുലർത്തുകയല്ല മൂപ്പന്മാരുടെ ഉദ്ദേശം. (2 കൊരി. 1:24) മറിച്ച്‌, ജീവിതത്തിൽ നല്ല തീരുമാനങ്ങൾ എടുക്കാനും സഭയിൽ ക്രമവും സമാധാനവും ഉന്നമിപ്പിക്കാനും ഉതകുന്ന മാർഗരേഖ നൽകുകയാണ്‌ അവർ ചെയ്യുന്നത്‌. (1 കൊരി. 14:33, 40) അവർ “നിങ്ങൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു” എന്നു ബൈബിൾ പറയുന്നു. യഹോവയുമായി ഒരു നല്ല ബന്ധത്തിലായിരിക്കാൻ സഭയിലെ ഓരോ അംഗത്തെയും സഹായിക്കുന്നതിന്‌ മൂപ്പന്മാർ ആഗ്രഹിക്കുന്നു എന്നാണ്‌ അതിന്റെ അർഥം. ഏതെങ്കിലും ഒരു സഹോദരനോ സഹോദരിയോ ഒരു തെറ്റിലേക്കു നീങ്ങുന്നതായോ, തെറ്റിലകപ്പെട്ടതായോ മനസ്സിലാകുന്നപക്ഷം അവർ ഉടനടി വേണ്ട സഹായം നൽകും. (ഗലാ. 6:1, 2; യൂദാ 22) “നേതൃത്വംവഹിക്കുന്നവരെ അനുസരി”ക്കുന്നതിന്‌ എത്ര നല്ല കാരണങ്ങൾ!—എബ്രായർ 13:17 വായിക്കുക.

8. മൂപ്പന്മാർ എങ്ങനെയാണ്‌ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ സംരക്ഷിക്കുന്നത്‌?

8 ഒരു ആത്മീയയിടയനായിരുന്ന പൗലോസ്‌ അപ്പൊസ്‌തലൻ കൊലോസ്യയിലെ സഹോദരങ്ങൾക്ക്‌ ഇപ്രകാരം എഴുതി: “സൂക്ഷിക്കുവിൻ! തത്ത്വജ്ഞാനത്താലും വഞ്ചകവും കഴമ്പില്ലാത്തതുമായ ആശയഗതികളാലും ആരും നിങ്ങളെ വശീകരിച്ച്‌ കുടുക്കിലാക്കരുത്‌. അവയ്‌ക്ക്‌ ആധാരം മാനുഷികപാരമ്പര്യങ്ങളും ലോകത്തിന്റെ ആദിപാഠങ്ങളുമാണ്‌; ക്രിസ്‌തുവിന്റെ ഉപദേശങ്ങളല്ല.” (കൊലോ. 2:8) മൂപ്പന്മാർ നൽകുന്ന തിരുവെഴുത്തുപദേശങ്ങൾക്കു ചെവികൊടുക്കേണ്ടതിന്റെ മറ്റൊരു പ്രധാനകാരണം ഈ മുന്നറിയിപ്പിൽ കാണാം. സഹോദരങ്ങളുടെ വിശ്വാസത്തെ ദുർബലമാക്കാനുള്ള ഏതൊരു ശ്രമത്തെയും കുറിച്ച്‌ ജാഗ്രതയുള്ളവരായിരിക്കാൻ ഓർമിപ്പിച്ചുകൊണ്ട്‌ മൂപ്പന്മാർ ആട്ടിൻകൂട്ടത്തെ സംരക്ഷിക്കുന്നു. “കള്ളപ്രവാചകന്മാരും” “വ്യാജോപദേഷ്ടാക്ക”ളും “ചഞ്ചലചിത്തരെ” തെറ്റിലേക്കു വശീകരിക്കുമെന്നു പറഞ്ഞുകൊണ്ട്‌ പത്രോസ്‌ അപ്പൊസ്‌തലനും സമാനമായൊരു മുന്നറിയിപ്പു നൽകി. (2 പത്രോ. 2:1, 14) ഇന്നത്തെ മൂപ്പന്മാരും വേണ്ടസമയങ്ങളിൽ ഇതുപോലെ മുന്നറിയിപ്പുകൾ നൽകണം. പക്വതയുള്ള ക്രിസ്‌തീയപുരുഷന്മാരായ അവർക്ക്‌ അനുഭവപരിചയമുണ്ട്‌. മാത്രമല്ല, നിയമിതരാകുന്നതിനു മുമ്പുതന്നെ, വ്യക്തമായ തിരുവെഴുത്തുഗ്രാഹ്യവും ആരോഗ്യദായകമായ കാര്യങ്ങൾ പഠിപ്പിക്കാനുള്ള യോഗ്യതയും തങ്ങൾക്കുണ്ടെന്ന്‌ തെളിയിച്ചവരുമാണ്‌ അവർ. (1 തിമൊ. 3:2; തീത്തൊ. 1:9, അടിക്കുറിപ്പ്‌.) അവരുടെ പക്വതയും സമനിലയും തിരുവെഴുത്തധിഷ്‌ഠിതജ്ഞാനവും ആട്ടിൻകൂട്ടത്തിന്‌ ഉത്തമവും ഗുണകരവും ആയ നിർദേശങ്ങൾ നൽകാൻ അവരെ പ്രാപ്‌തരാക്കുന്നു.

ഇടയൻ ആടുകളെ സംരക്ഷിക്കുന്നതുപോലെ മൂപ്പന്മാർ തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ആടുകളെ പരിരക്ഷിക്കുന്നു (8-ാം ഖണ്ഡിക കാണുക)

നല്ല ഇടയൻ ആടുകളെ പോറ്റുകയും പരിരക്ഷിക്കുകയും ചെയ്യുന്നു

9. എങ്ങനെയാണ്‌ ഇന്ന്‌ ക്രിസ്‌തീയസഭ പരിപാലിക്കപ്പെടുന്നത്‌?

9 യഹോവ തന്റെ സംഘടനയിലൂടെ മുഴുസഹോദരവർഗത്തിനും ആവശ്യമായ ആത്മീയഭക്ഷണം സമൃദ്ധമായി നൽകുന്നു. നമ്മുടെ പ്രസിദ്ധീകരണങ്ങൾ തിരുവെഴുത്തുബുദ്ധിയുപദേശങ്ങളുടെ ഒരു കലവറതന്നെയാണ്‌. അതിനു പുറമേ, ഇടയ്‌ക്കൊക്കെ സംഘടന മൂപ്പന്മാർക്കു നേരിട്ടും മാർഗനിർദേശങ്ങൾ നൽകുന്നു. കത്തുകളിലൂടെയും സഞ്ചാരമേൽവിചാരകന്മാരിലൂടെയും ആണ്‌ അത്‌. ഈ വിധങ്ങളിലെല്ലാം ആട്ടിൻകൂട്ടത്തിന്‌ വ്യക്തമായ നിർദേശങ്ങൾ ലഭിക്കുന്നു.

10. കൂട്ടം തെറ്റിപ്പോകുന്നവരുടെ കാര്യത്തിൽ ആത്മീയയിടയന്മാർക്ക്‌ എന്ത്‌ ഉത്തരവാദിത്വമുണ്ട്‌?

10 സഭാംഗങ്ങളെ ആത്മീയമായി പരിരക്ഷിക്കുകയും പരിചരിക്കുകയും ചെയ്‌തുകൊണ്ട്‌ അവരുടെ ആത്മീയാരോഗ്യത്തിനുവേണ്ടി കരുതേണ്ട ഉത്തരവാദിത്വം മേൽവിചാരകന്മാർക്കുണ്ട്‌; വിശേഷിച്ചും, അവരുടെ വിശ്വാസം ദുർബലമാകുകയോ ആരെങ്കിലും ഗുരുതരമായ തെറ്റുചെയ്യുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ. (യാക്കോബ്‌ 5:14, 15 വായിക്കുക.) ഇവരിൽ ചിലർ കൂട്ടംവിട്ടകന്ന്‌ ക്രിസ്‌തീയപ്രവർത്തനങ്ങൾ നിറുത്തിക്കളഞ്ഞിട്ടുണ്ടാകാം. ഇങ്ങനെയുള്ള സാഹചര്യത്തിൽ കരുതലുള്ള ഒരു മൂപ്പൻ കാണാതെ പോയ ആടിനെ കണ്ടെത്തി സഭയാകുന്ന ആലയിലേക്ക്‌ കൂട്ടിക്കൊണ്ടുവരാൻ തന്നാലാകുന്നതെല്ലാം ചെയ്യുകയില്ലേ? തീർച്ചയായും! യേശു ഇങ്ങനെ പറഞ്ഞു: “ഈ ചെറിയവരിൽ ഒരുവൻപോലും നശിച്ചുപോകാൻ സ്വർഗസ്ഥനായ എന്റെ പിതാവ്‌ ആഗ്രഹിക്കുന്നില്ല.”—മത്താ. 18:12-14.

കീഴിടയന്മാരുടെ കുറവുകളെ നാം എങ്ങനെയാണ്‌ കാണേണ്ടത്‌?

11. മൂപ്പന്മാരുടെ നേതൃത്വം പിൻപറ്റുന്നത്‌ ചിലർക്കു ബുദ്ധിമുട്ടായേക്കാവുന്നത്‌ എന്തുകൊണ്ട്‌?

11 യഹോവയും യേശുവും പൂർണതയുള്ള ഇടയന്മാരാണ്‌. അവർ സഭയുടെ പരിപാലനം ഭരമേൽപ്പിച്ചിരിക്കുന്ന മനുഷ്യരായ ഇടയന്മാർ പക്ഷേ അങ്ങനെയല്ല. അവർ കുറവുകളുള്ളവരായതിനാൽ അവരുടെ നേതൃത്വം അംഗീകരിക്കുക ചിലർക്കെങ്കിലും ബുദ്ധിമുട്ടായിരുന്നേക്കാം. അത്തരക്കാരുടെ ന്യായവാദം ഒരുപക്ഷേ ഇങ്ങനെയായിരിക്കാം: ‘അവർ നമ്മെപ്പോലെയുള്ള അപൂർണമനുഷ്യരല്ലേ? നാം എന്തിന്‌ അവരുടെ ഉപദേശം കേൾക്കണം?’ മൂപ്പന്മാർ അപൂർണരാണ്‌ എന്നതു ശരിയാണ്‌. എന്നിരുന്നാലും നാം അവരുടെ കുറവുകളിലും ബലഹീനതകളിലും ശ്രദ്ധിക്കാതെ സമനിലയുള്ള ഒരു വീക്ഷണം പുലർത്തേണ്ടതുണ്ട്‌.

12, 13. (എ) ഉത്തരവാദിത്വസ്ഥാനങ്ങൾ വഹിക്കാൻ യഹോവ ഉപയോഗിച്ച ചിലരുടെ പിഴവുകളെപ്പറ്റി എന്തു പറയാം? (ബി) അവരുടെ കുറവുകളും കൂടെ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

12 മുൻകാലങ്ങളിൽ യഹോവ തന്റെ ജനത്തെ നയിക്കാൻ ഉപയോഗിച്ചവരുടെ പരാജയങ്ങളും തിരുവെഴുത്തുകൾ തുറന്ന്‌ സമ്മതിക്കുന്നുണ്ട്‌. ദാവീദുതന്നെ ഒരു ഉദാഹരണമാണ്‌. ഇസ്രായേൽ ജനത്തിന്റെ അഭിഷിക്തരാജാവും നായകനും ആയിരുന്നിട്ടും അവൻ പ്രലോഭനത്തിനു വഴിപ്പെട്ട്‌ വ്യഭിചാരവും കൊലപാതകവും ചെയ്‌തു. (2 ശമൂ. 12:7-9) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയസഭയിൽ വലിയ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നയാളായിരുന്നു പത്രോസ്‌ അപ്പൊസ്‌തലൻ. പക്ഷേ, അവനും ഗുരുതരമായ വീഴ്‌ചകൾ വരുത്തി. (മത്താ. 16:18, 19; യോഹ. 13:38; 18:27; ഗലാ. 2:11-14) അതെ, ആദാമിനും ഹവ്വായ്‌ക്കും ശേഷം യേശു ഒഴികെ ആരും പൂർണതയുള്ളവരായിരുന്നിട്ടില്ല.

13 താൻ നിയോഗിച്ച പുരുഷന്മാരുടെ കുറവുകളും രേഖപ്പെടുത്താൻ യഹോവ ബൈബിളെഴുത്തുകാരെ നിശ്വസ്‌തരാക്കിയത്‌ എന്തുകൊണ്ടാണ്‌? അതിനു കാരണങ്ങൾ പലതുണ്ടെങ്കിലും അപൂർണരായ മനുഷ്യരെ ഉപയോഗിച്ച്‌ തന്റെ ജനത്തെ നയിക്കാൻ കഴിയുമെന്നു തെളിയിക്കാൻകൂടെയാണ്‌ ദൈവം അതു ചെയ്‌തത്‌. തന്റെ ജനത്തെ നയിക്കാൻ അവൻ എല്ലായ്‌പോഴും അങ്ങനെയുള്ളവരെ നിയോഗിച്ചിട്ടുമുണ്ട്‌. അതുകൊണ്ട്‌ നേതൃത്വമെടുക്കുന്നവർക്കെതിരെ പിറുപിറുക്കാനും അവരുടെ അധികാരത്തെ അവഗണിക്കാനും ഉള്ള ഒരു ഒഴികഴിവായി അവരുടെ കുറവുകളെ നാം കാണരുത്‌. ആ സഹോദരന്മാരെ നാം അനുസരിക്കാനും ആദരിക്കാനും യഹോവ പ്രതീക്ഷിക്കുന്നു.—പുറപ്പാടു 16:2, 8 വായിക്കുക.

14, 15. കഴിഞ്ഞകാലത്ത്‌ യഹോവ തന്റെ ജനവുമായി ആശയവിനിമയം ചെയ്‌ത വിധത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

14 ഇന്നു നമുക്കിടയിൽ നേതൃത്വമെടുക്കുന്നവരെ അനുസരിക്കേണ്ടത്‌ അത്യന്തം പ്രധാനമാണ്‌. കഴിഞ്ഞ കാലങ്ങളിൽ പ്രതിസന്ധിഘട്ടങ്ങളുണ്ടായപ്പോൾ യഹോവ തന്റെ ജനവുമായി ആശയവിനിമയം ചെയ്‌ത വിധം ഒന്നു ചിന്തിച്ചുനോക്കുക. ഇസ്രായേൽജനം ഈജിപ്‌ത്‌ വിട്ട്‌ പോരവെ, മോശയും അഹരോനും വഴിയാണ്‌ ദൈവത്തിൽനിന്നുള്ള നിർദേശങ്ങൾ അവർക്കു കിട്ടിയിരുന്നത്‌. അതുപോലെ, പത്താമത്തെ ബാധ അതിജീവിക്കുന്നതിന്‌ അവർ ചില കാര്യങ്ങൾ ചെയ്യേണ്ടിയിരുന്നു. ഒരു പ്രത്യേകഭക്ഷണം കഴിക്കുക, ഒരു ആടിനെ അറുത്ത്‌ അതിന്റെ രക്തം കട്ടിളക്കാലിന്മേലും കുറുമ്പടിമേലും തളിക്കുക തുടങ്ങിയ നിർദേശങ്ങൾ അവർക്കു ലഭിച്ചു. സ്വർഗത്തിൽനിന്ന്‌ ഒരു അശരീരിയായിട്ടല്ല ഈ നിർദേശങ്ങൾ അവർക്കു കിട്ടിയത്‌. പകരം, ഇസ്രായേലിലെ പ്രായമേറിയ പുരുഷന്മാരിലൂടെയാണ്‌; അവർക്ക്‌ അതു ലഭിച്ചതാകട്ടെ, മോശയിൽനിന്നും. (പുറ. 12:1-7, 21-23, 29) അങ്ങനെ, മോശയും പ്രായമേറിയ പുരുഷന്മാരും ജനത്തിനുവേണ്ടി യഹോവയുടെ നിർദേശങ്ങൾ വഹിക്കുന്ന സന്ദേശവാഹകരായി വർത്തിച്ചു. ഇക്കാലത്ത്‌ ക്രിസ്‌തീയമൂപ്പന്മാരും അതുപോലെ ജീവത്‌പ്രധാനമായ ഒരു ചുമതലയാണ്‌ നിർവഹിക്കുന്നത്‌.

15 ആളുകളുടെ ജീവരക്ഷയ്‌ക്ക്‌ ഉതകുന്ന നിർദേശങ്ങൾ മനുഷ്യരോ ദൂതന്മാരോ ആയ പ്രതിനിധികളിലൂടെ യഹോവ നൽകിയിട്ടുള്ളതിന്റെ മറ്റ്‌ നിരവധി വിവരണങ്ങൾ ബൈബിൾചരിത്രത്തിൽനിന്ന്‌ നിങ്ങൾക്ക്‌ ഓർത്തെടുക്കാനായേക്കും. ഈ സന്ദർഭങ്ങളിലെല്ലാം, തനിക്കുവേണ്ടി സംസാരിക്കാൻ മറ്റുള്ളവരെ അധികാരപ്പെടുത്തി അയയ്‌ക്കുന്നത്‌ ഉചിതമാണെന്ന്‌ ദൈവം കണ്ടു. ആ സന്ദേശവാഹകർ ദൈവത്തിന്റെ നാമത്തിൽ സംസാരിക്കുകയും പ്രതിസന്ധി നേരിടാൻ എന്തു ചെയ്യണമെന്ന്‌ ദൈവജനത്തിനു പറഞ്ഞുകൊടുക്കുകയും ചെയ്‌തു. അർമ്മഗെദ്ദോനിലും യഹോവ അങ്ങനെതന്നെ ചെയ്യുമെന്നു പ്രതീക്ഷിക്കാൻ നമുക്ക്‌ സകലകാരണങ്ങളുമില്ലേ? ഇന്ന്‌ യഹോവയെയും അവന്റെ സംഘടനയെയും പ്രതിനിധീകരിക്കുകയെന്ന ഉത്തരവാദിത്വം ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ഏതൊരു മൂപ്പനും തന്റെ അധികാരം ഒരിക്കലും ദുരുപയോഗം ചെയ്യാതിരിക്കാൻ അതീവശ്രദ്ധാലുവായിരിക്കണം.

‘ഒരു ഇടയന്റെ കീഴിലുള്ള ഒരൊറ്റ ആട്ടിൻകൂട്ടം’

16. ഏതു ‘വാക്കിനാണ്‌’ നാം ചെവികൊടുക്കേണ്ടത്‌?

16 യഹോവയുടെ ജനം യേശുക്രിസ്‌തു എന്ന ‘ഒരു ഇടയന്റെ കീഴിലുള്ള ഒരൊറ്റ ആട്ടിൻകൂട്ടമാണ്‌.’ (യോഹ. 10:16) “യുഗസമാപ്‌തിയോളം എല്ലാനാളും” തന്റെ ശിഷ്യന്മാരോടൊപ്പമുണ്ടായിരിക്കുമെന്ന്‌ യേശു പറഞ്ഞു. (മത്താ. 28:20) സാത്താന്റെ ലോകത്തിന്റെ ന്യായവിധിയിലേക്കു നയിക്കുന്ന എല്ലാ സംഭവവികാസങ്ങളുടെയും മേൽ സ്വർഗീയരാജാവായ യേശുവിന്‌ പൂർണനിയന്ത്രണമുണ്ട്‌. നാം ഏതുവഴിയേ പോകണമെന്നു പറയുന്ന ഒരു “വാക്കു പിറകിൽനിന്നു കേൾക്കും” എന്നു തിരുവെഴുത്തു പറയുന്നു. ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിൽ ഏകീകൃതരും സുരക്ഷിതരും ആയി കഴിയണമെങ്കിൽ നാം ആ വാക്കിനു ചെവികൊടുക്കണം. ആ ‘വാക്കിൽ’ ബൈബിളിലൂടെ ദൈവത്തിന്റെ പരിശുദ്ധാത്മാവു പറഞ്ഞിരിക്കുന്ന കാര്യങ്ങളും നിയമിതകീഴിടയന്മാരിലൂടെ യഹോവയും യേശുക്രിസ്‌തുവും പറയുന്ന കാര്യങ്ങളും ഉൾപ്പെടുന്നു.—യെശയ്യാവു 30:21; വെളിപാട്‌ 3:22 വായിക്കുക.

മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളെ ഹാനികരമായ കൂട്ടുകെട്ടിൽനിന്ന്‌ സംരക്ഷിക്കാൻ മൂപ്പന്മാർ ശ്രമിക്കുന്നു (17, 18 ഖണ്ഡികകൾ കാണുക)

17, 18. (എ) ഏത്‌ അപകടഭീഷണിയാണ്‌ ദൈവജനത്തിനുള്ളത്‌, എന്നാൽ എന്ത്‌ ഉറപ്പുണ്ട്‌? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു ചർച്ച ചെയ്യും?

17 സാത്താൻ ഒരു “അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണം എന്നു തിരഞ്ഞുകൊണ്ട്‌ ചുറ്റിനടക്കുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (1 പത്രോ. 5:8) വിശന്ന്‌ വലഞ്ഞ ഒരു വന്യമൃഗത്തെപ്പോലെ അവൻ കൂട്ടംവിട്ട്‌ അലയുന്നതോ ശ്രദ്ധയില്ലാത്തതോ ആയ ആടുകളുടെമേൽ ചാടിവീഴുന്നതിന്‌ അവസരംപാർത്ത്‌ പമ്മിനടക്കുകയാണ്‌. ആട്ടിൻപറ്റത്തോടും “(നമ്മുടെ) ജീവനെ കാക്കുന്ന ഇടയ”നോടും ചേർന്നുനിൽക്കേണ്ടതിന്റെ ഒരു പ്രധാനകാരണം ഇതാണ്‌. (1 പത്രോ. 2:25) മഹാകഷ്ടത്തെ അതിജീവിക്കുന്നവരെപ്പറ്റി വെളിപാട്‌ 7:17 പറയുന്നു: “കുഞ്ഞാട്‌ (യേശു) അവരെ മേയ്‌ച്ച്‌ ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തും. ദൈവം അവരുടെ കണ്ണുകളിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും.” ഇതിലും മോഹനമായ എന്തു വാഗ്‌ദാനമാണുള്ളത്‌!

18 ആത്മീയകീഴിടയന്മാരെന്ന നിലയിലുള്ള ക്രിസ്‌തീയമൂപ്പന്മാരുടെ അതിപ്രധാനപങ്കിനെപ്പറ്റിയാണ്‌ നാം ഇതുവരെ ചിന്തിച്ചത്‌. അങ്ങനെയെങ്കിൽ, യേശുവിന്റെ ആടുകളോടു തങ്ങൾ ഉചിതമായാണ്‌ ഇടപെടുന്നതെന്ന്‌ ഈ നിയമിതപുരുഷന്മാർക്ക്‌ എങ്ങനെ ഉറപ്പുവരുത്താം? ഉത്തരം അടുത്ത ലേഖനത്തിൽ നാം ചർച്ച ചെയ്യുന്നതായിരിക്കും.