വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഓ​രോ​രു​ത്തരോ​ടും യ​ഥോചി​തം സം​സാരി​ക്കാൻ” നമുക്ക് എങ്ങനെ കഴിയും?

“ഓ​രോ​രു​ത്തരോ​ടും യ​ഥോചി​തം സം​സാരി​ക്കാൻ” നമുക്ക് എങ്ങനെ കഴിയും?

“നി​ങ്ങളു​ടെ സംസാരം . . . ഹൃദ്യമായിരിക്കട്ടെ; അങ്ങനെ, ഓ​രോ​രു​ത്തരോ​ടും യ​ഥോചി​തം സം​സാരി​ക്കാൻ അറി​യുന്ന​വരാ​യിരി​ക്കുക.”—കൊലോ. 4:6.

1, 2. (എ) ചോ​ദ്യ​ങ്ങൾ ശ്ര​ദ്ധാപൂർവം തി​രഞ്ഞെ​ടുത്ത്‌ ഉപയോഗിക്കുന്നതിന്‍റെ പ്ര​യോ​ജനം വ്യ​ക്തമാ​ക്കുന്ന ഒരു അനുഭവം പറയുക. (ലേഖ​നാരം​ഭത്തി​ലെ ചിത്രം കാണുക.) (ബി) വെല്ലുവിളി നിറഞ്ഞ വിഷയങ്ങൾ ചർച്ച ചെയ്യാൻ നാം ഒട്ടും​തന്നെ ഭയ​പ്പെ​ടേണ്ട​തില്ലാ​ത്തത്‌ എന്തു​കൊണ്ട്?

വർഷങ്ങൾക്കു മുമ്പ്, ഒരു സ​ഹോ​ദരി അവി​ശ്വാ​സി​യായ ഭർത്താ​വു​മൊത്ത്‌ ബൈ​ബിൾവിഷ​യങ്ങൾ ചർച്ച ചെയ്യു​കയാ​യി​രുന്നു. പേരിനു മാത്രം പള്ളി​യിൽപ്പോയി​രുന്ന ഒരു വ്യക്തി​യാ​യിരു​ന്നു അദ്ദേഹം. സംസാ​ര​ത്തിനി​ടെ, താൻ ത്രി​ത്വ​ത്തിലാണ്‌ വിശ്വ​സി​ക്കുന്ന​തെന്ന് അദ്ദേഹം പറഞ്ഞു. ത്രി​ത്വവി​ശ്വാസം​തന്നെ എന്താ​ണെന്ന് അദ്ദേഹം മു​ഴുവ​നായി മനസ്സി​ലാക്കി​യിരി​ക്കാൻ സാധ്യ​ത​യി​ല്ലെന്ന് സ​ഹോദ​രിക്ക് തോന്നി. അതു​കൊണ്ട് അവൾ നയ​പൂർവം ഇങ്ങനെ ചോ​ദി​ച്ചു: “​ദൈവ​വും ദൈവമാണ്‌, യേ​ശു​വും ദൈവമാണ്‌, പരി​ശുദ്ധാ​ത്മാ​വും ദൈവമാണ്‌, എങ്കിലും മൂന്നു ദൈവങ്ങ​ളില്ല, ഒന്നേ ഉള്ളൂ എന്നാണോ ചേട്ടൻ വിശ്വ​സി​ക്കു​ന്നത്‌?” അല്‌പം ആശ്ചര്യ​പ്പെ​ട്ടു​പോയ ഭർത്താവ്‌, “ഹേയ്‌, അങ്ങ​നെയൊ​ന്നും ഞാൻ വിശ്വ​സി​ക്കു​ന്നില്ല!” എന്നാണ്‌ പ്രതി​കരി​ച്ചത്‌. ദൈവത്തിന്‍റെ യഥാർഥപ്രകൃതി സംബന്ധിച്ച ഒരു സജീ​വചർച്ചയ്‌ക്ക് ഈ ചോദ്യം വഴി​തെ​ളിച്ചു.

2 ചോ​ദ്യ​ങ്ങൾ ശ്ര​ദ്ധാപൂർവം തി​രഞ്ഞെ​ടുത്ത്‌ നയ​ത്തോ​ടെ ചോദിക്കുന്നതിന്‍റെ പ്ര​യോ​ജനം ആ അനുഭവം വരച്ചു​കാ​ണിക്കു​ന്നു. കൂടാതെ, മറ്റൊരു സു​പ്രധാന​സംഗതി​യും അത്‌ എടു​ത്തുകാ​ണി​ക്കുന്നു: ത്രിത്വം, തീനരകം, സ്രഷ്ടാവിന്‍റെ അസ്‌തി​ത്വം എന്നി​വപോ​ലുള്ള വെ​ല്ലുവി​ളി നിറഞ്ഞ വിഷയങ്ങൾ ചർച്ചചെ​യ്യാൻ നാം ഒട്ടും​തന്നെ ഭയ​പ്പെ​ടേണ്ട ആവ​ശ്യ​മില്ല. യഹോ​വയി​ലും അവൻ നൽകുന്ന പരി​ശീല​നത്തി​ലും ആശ്ര​യിക്കു​ന്നെ​ങ്കിൽ, ശ്രോ​താ​ക്കളിൽ വി​ശ്വാ​സം ഉളവാ​ക്കാൻപോന്ന ഒരു മറുപടി  നൽകാനും അവരുടെ ഹൃദയത്തിൽ എത്തി​ച്ചേരാ​നും മിക്ക​പ്പോ​ഴും​തന്നെ നമുക്ക് സാ​ധി​ക്കും. (കൊലോ. 4:6) സമർഥ​രായ ശു​ശ്രൂ​ഷകർ ഇത്തരം വിഷയങ്ങൾ ചർച്ച ചെ​യ്യു​മ്പോൾ എന്താണ്‌ ചെ​യ്യുന്ന​തെന്ന് നമുക്ക് ഇപ്പോൾ പരി​ശോ​ധി​ക്കാം. (1) ശ്രോതാവിന്‍റെ മന​സ്സിലു​ള്ളത്‌ കോ​രി​യെടു​ക്കാൻപോന്ന ചോ​ദ്യ​ങ്ങൾ ഉപ​യോഗി​ക്കാ​നും (2) തിരുവെഴുത്തുകളുടെ അർഥ​ത്തെ​ക്കുറിച്ച് ന്യാ​യവാ​ദം ചെ​യ്യാ​നും (3) ആശയം വ്യക്ത​മാ​ക്കാനാ​യി ദൃഷ്ടാന്തങ്ങൾ ഉപ​യോഗി​ക്കാ​നും എങ്ങനെ സാധി​ക്കു​മെന്ന് നമുക്ക് നോക്കാം.

മനസ്സിലുള്ളത്‌ കോ​രി​യെടു​ക്കാൻപോന്ന ചോ​ദ്യ​ങ്ങൾ ഉപയോഗിക്കുക

3, 4. ഒരു വ്യക്തി എന്താണ്‌ വിശ്വ​സി​ക്കുന്ന​തെന്ന് മന​സ്സിലാ​ക്കാൻ ചോ​ദ്യ​ങ്ങൾ ഉപ​യോഗി​ക്കേ​ണ്ടത്‌ പ്രധാ​നമാ​യി​രിക്കു​ന്നത്‌ എന്തു​കൊണ്ട്? ഒരു ഉദാ​ഹ​രണം പറയുക.

3 ഒരു വ്യ​ക്തിയു​ടെ വി​ശ്വാ​സം എന്താ​ണെന്ന് മന​സ്സിലാ​ക്കാൻ ചോ​ദ്യ​ങ്ങൾക്ക് നമ്മെ സഹാ​യി​ക്കാൻ കഴിയും. എന്തു​കൊ​ണ്ടാണ്‌ അത്‌ പ്രധാ​നമാ​യി​രിക്കു​ന്നത്‌? “കേൾക്കും​മുമ്പെ ഉത്തരം പറ​യുന്ന​വന്നു അതു ഭോ​ഷത്വ​വും ലജ്ജയും ആയി​ത്തീ​രുന്നു” എന്ന് സദൃശവാക്യങ്ങൾ 18:13 പ്രസ്‌താ​വിക്കു​ന്നു. അതെ, ഏ​തെങ്കി​ലും ഒരു പ്ര​ത്യേക​വിഷ​യത്തിൽ ബൈബിളിന്‍റെ വീക്ഷണം വി​ശദമാ​യി ചർച്ച ചെ​യ്യുന്ന​തിനു മുമ്പ് നമ്മുടെ ശ്രോതാവ്‌ വാസ്‌ത​വത്തിൽ എന്താണ്‌ വിശ്വ​സി​ക്കുന്ന​തെന്നു മന​സ്സിലാ​ക്കാൻ ശ്ര​മിക്കു​ന്നത്‌ നന്നാ​യിരി​ക്കും. അല്ലാ​ത്ത​പക്ഷം അദ്ദേഹം ഒരി​ക്ക​ലും വിശ്വ​സി​ച്ചിട്ടി​ല്ലാത്ത ഒരു കാര്യം തെ​റ്റാ​ണെന്ന് തെ​ളിയി​ക്കാൻ ശ്രമി​ച്ചു​കൊണ്ട് നാം വെറുതെ സമയം പാഴാ​ക്കു​കയാ​യിരി​ക്കും!—1 കൊരി. 9:26.

4 ദൃഷ്ടാന്തത്തിന്‌, നരക​ത്തെ​ക്കുറിച്ച് നമ്മൾ ആരോ​ടെങ്കി​ലും ചർച്ച ചെയ്യു​കയാ​ണെ​ന്നിരി​ക്കട്ടെ. അഗ്നിദണ്ഡനത്തിന്‍റെ ഒരു അക്ഷരീ​യ​സ്ഥലമാണ്‌ നരകം എന്ന് എല്ലാ​വരു​മൊ​ന്നും വിശ്വ​സി​ക്കു​ന്നില്ല. ജീവി​ച്ചി​രി​ക്കെത്തന്നെ ദൈ​വത്തിൽനിന്ന് അന്യ​പ്പെട്ട് കഴിയുന്ന ഒരു അവസ്ഥാ​വി​ശേഷ​മാണ്‌ നര​ക​മെന്ന് അനേകർ കരു​തു​ന്നു. അതു​കൊണ്ട്, നമുക്ക് ഇങ്ങനെ ചോ​ദിക്കാ​നാ​കും: “നരക​ത്തെക്കു​റി​ച്ചുള്ള ആളു​കളു​ടെ ധാരണ പല​വിധ​മാണ്‌. അ​തെക്കു​റിച്ച് നിങ്ങൾ എന്താണ്‌ വിചാ​രി​ക്കു​ന്നത്‌?” ഉത്തരം കേട്ടു​കഴി​യു​മ്പോൾ, ബൈബിൾ ആ വിഷ​യത്തെ​ക്കുറിച്ച് എന്താണ്‌ പറ​യുന്ന​തെന്ന് മന​സ്സിലാ​ക്കാൻ അദ്ദേഹത്തെ സഹാ​യി​ക്കുക ഏറെ എളു​പ്പമാ​യിരി​ക്കും.

5. ഒരു വ്യക്തി ഒരു പ്രത്യേക വി​ശ്വാ​സം വെച്ചു​പു​ലർത്തു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന് കണ്ടെത്താൻ ചോ​ദ്യ​ങ്ങൾ നമ്മെ സഹാ​യിക്കു​ന്നത്‌ എങ്ങനെ?

5 നയ​പര​മായ ചോ​ദ്യ​ങ്ങൾ ചോ​ദി​ക്കുക​വഴി, ഒരു വ്യക്തി ഒരു പ്ര​ത്യേക​വിശ്വാ​സം വെച്ചു​പു​ലർത്തു​ന്നത്‌ എന്തുകൊണ്ടാണ്‌ എന്നും നമുക്ക് കണ്ടെ​ത്താനാ​കും. ദൃഷ്ടാന്തത്തിന്‌, താൻ ദൈവ​ത്തിൽ വി​ശ്വ​സിക്കു​ന്നി​ല്ലെന്ന് ആ​രെങ്കി​ലും പറയു​ന്നു​വെന്ന് കരുതുക. ലൗകി​കചി​ന്താ​ഗതി​കളും പരി​ണാ​മസി​ദ്ധാ​ന്തവും അദ്ദേഹത്തെ സ്വാ​ധീ​നിച്ചി​രി​ക്കുക​യാണ്‌ എന്ന് നാം ചി​ന്തി​ച്ചു​പോ​യേക്കാം. (സങ്കീ. 10:4) പക്ഷേ, വ്യക്തി​പര​മായി അനു​ഭവി​ക്കുക​യോ ദൃക്‌സാക്ഷിയാകേണ്ടി വരി​ക​യോ ചെയ്‌തി​ട്ടുള്ള കൊ​ടും​യാത​നകൾ നി​മി​ത്തമാ​യിരി​ക്കാം ചിലർക്ക് ദൈവ​ത്തിൽ വി​ശ്വാ​സം നഷ്ട​പ്പെട്ടി​രിക്കു​ന്നത്‌. സ്‌നേഹവാ​നായ ഒരു സ്രഷ്ടാ​വു​ണ്ടെ​ങ്കിൽ അത്തരം ദു​രി​തങ്ങൾ ഒരി​ക്ക​ലും ഉണ്ടാകാൻ പാടില്ല എന്നാണ്‌ അവരുടെ ലളി​ത​മായ യുക്തി. അതു​കൊണ്ട്, ദൈവത്തിന്‍റെ അസ്‌തി​ത്വം സം​ബന്ധിച്ച് വീ​ട്ടുകാ​രൻ സംശയം പ്ര​കടി​പ്പി​ക്കു​ന്നെങ്കിൽ, “പണ്ടു​മു​തലേ താങ്കൾ ഇങ്ങ​നെയാ​യിരു​ന്നോ വിശ്വ​സി​ച്ചിരു​ന്നത്‌” എന്ന് നമുക്കു ചോ​ദിക്കാ​നാ​കും. അല്ല എന്നാണ്‌ മറു​പടി​യെ​ങ്കിൽ, “​ദൈവമു​ണ്ടോ എന്ന് സം​ശയി​ക്കാൻ എ​ന്തെങ്കി​ലും പ്ര​ത്യേ​കസം​ഗതി ഇടയാ​ക്കി​യിട്ടു​ണ്ടോ” എന്ന് അടു​ത്തതാ​യി ചോ​ദി​ക്കാം. ലഭിക്കുന്ന ഉത്തര​ത്തിൽനിന്ന് അദ്ദേഹത്തെ ആത്മീ​യമാ​യി സഹാ​യിക്കാ​നുള്ള ഏറ്റവും മെച്ചമായ വിധം ഏതാ​ണെന്ന് നമുക്ക് തീരു​മാ​നി​ക്കാൻ കഴിയും.—സദൃശവാക്യങ്ങൾ 20:5 വായിക്കുക.

6. വീട്ടു​കാ​രനോട്‌ ഒരു ചോദ്യം ചോ​ദിച്ച​ശേഷം നാം എന്താണ്‌ ചെ​യ്യേ​ണ്ടത്‌?

6 നമ്മുടെ ചോ​ദ്യ​ത്തിന്‌ വീ​ട്ടുകാ​രൻ നൽകുന്ന ഉത്തരം നാം അടുത്തു ശ്രദ്ധി​ക്കു​കയും അദ്ദേഹത്തിന്‍റെ വികാ​രങ്ങ​ളോ​ടും വീക്ഷ​ണങ്ങ​ളോ​ടും ആദരവു കാണി​ക്കു​കയും വേണം. ദൃഷ്ടാന്തത്തിന്‌, ജീവി​തത്തി​ലു​ണ്ടായ ഒരു ദു​രന്തമാണ്‌ സ്‌നേഹവാ​നായ ഒരു സ്രഷ്ടാവ്‌ സ്ഥിതി​ചെ​യ്യുന്നു​ണ്ടോ എന്ന് സംശ​യിച്ചു​തു​ടങ്ങാൻ ഇടയാ​ക്കി​യ​തെന്ന് ഒരു വ്യക്തി പറ​ഞ്ഞേ​ക്കാം. അങ്ങ​നെ​യുള്ള ഒരാ​ളു​ടെ മുന്നിൽ ദൈ​വാസ്‌തിത്വ​ത്തിന്‌ തെ​ളിവു​കൾ നിര​ത്തുന്ന​തിനു മുമ്പ്, നാം അ​ദ്ദേഹ​ത്തോട്‌ സഹാ​നു​ഭൂതി പ്രക​ടിപ്പി​ക്കു​ന്നത്‌ ഉചി​തമാണ്‌. ദൈ​വമു​ണ്ടെങ്കിൽപ്പിന്നെ എന്തു​കൊ​ണ്ടാണ്‌ നമ്മൾ കഷ്ട​പ്പെടു​ന്ന​തെന്ന് ചി​ന്തിക്കു​ന്നത്‌ സ്വാ​ഭാ​വി​കമാ​ണെന്ന് നമുക്ക് പറയാം. (ഹബ. 1:2, 3) ക്ഷമ​യോ​ടും സ്‌നേഹ​ത്തോ​ടും കൂ​ടെ​യുള്ള നമ്മുടെ സമീപനം ദൈ​വത്തെ​ക്കുറിച്ച് കൂടുതൽ പഠിക്കാൻ അദ്ദേഹത്തെ പ്രേ​രിപ്പി​ച്ചേ​ക്കാം.

 തിരുവെഴുത്തുകളുടെ അർഥ​ത്തെ​ക്കുറിച്ച് ന്യാ​യവാ​ദം ചെയ്യുക

7. ശു​ശ്രൂഷ​യിലെ നമ്മുടെ ഫല​പ്രദ​ത്വം നിശ്ച​യിക്കു​ന്നത്‌ മു​ഖ്യമാ​യും എന്താണ്‌?

7 തിരു​വെഴു​ത്തുക​ളുടെ അർഥ​ത്തെ​ക്കുറിച്ച് എങ്ങനെ ന്യാ​യവാ​ദം ചെ​യ്യാ​മെന്ന് നമുക്കു നോക്കാം. ശു​ശ്രൂ​ഷയിൽ നമ്മുടെ പ്രധാന ഉപകരണം ബൈ​ബിൾതന്നെ​യാണ്‌. “സകല സത്‌പ്രവൃത്തികളും ചെയ്യാൻ പര്യാ​പ്‌തനാ​യി തികഞ്ഞവൻ ആയി​ത്തീ​രേണ്ടതിന്‌” ബൈബിൾ നമ്മെ ഓ​രോരു​ത്ത​രെയും സഹാ​യി​ക്കുന്നു. (2 തിമൊ. 3:16, 17) എന്നു​വരി​കി​ലും, വായിച്ച വാ​ക്യങ്ങ​ളുടെ എണ്ണമല്ല, പ്രത്യുത വായിച്ചവ നാം എങ്ങനെ വിശ​ദീക​രിക്കു​ന്നു, അവയുടെ അർഥ​ത്തെ​ക്കുറിച്ച് നാം എങ്ങനെ ന്യാ​യവാ​ദം ചെയ്യുന്നു എന്നു​ള്ളതാണ്‌ ശു​ശ്രൂ​ഷയിൽ നമ്മുടെ ഫല​പ്രദ​ത്വം നിർണയി​ക്കു​ന്നത്‌. (പ്രവൃത്തികൾ 17:2, 3 വായിക്കുക.) ഉദാ​ഹരണ​ത്തിന്‌, പിൻവ​രുന്ന മൂന്ന് സാ​ഹചര്യ​ങ്ങൾ പരി​ഗണി​ക്കുക.

8, 9. (എ) യേശു ദൈവത്തി​നു തുല്യ​നാ​ണെന്ന് വി​ശ്വസി​ക്കുന്ന ഒരാ​ളോട്‌ ന്യാ​യവാ​ദം ചെ​യ്യാ​നുള്ള ഒരു വിധം ഏതാണ്‌? (ബി) ഈ വി​ഷയ​ത്തിൽ നിങ്ങൾക്ക് ഫല​പ്രദ​മായി തോ​ന്നിയി​ട്ടുള്ള മറ്റു ചില ന്യാ​യവാ​ദങ്ങൾ എന്തൊ​ക്കെ​യാണ്‌?

8 സാഹചര്യം 1: യേശു ദൈവത്തോട്‌ സമനാണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയെ ശുശ്രൂഷയിൽ നാം കണ്ടുമുട്ടുന്നു. ഈ വിഷ​യത്തെ​ക്കുറിച്ച് ന്യാ​യവാ​ദം ചെയ്യാൻ ഏതു തിരു​വെ​ഴുത്ത്‌ ഉപ​യോ​ഗി​ക്കാനാ​കും? യോ​ഹ​ന്നാൻ 6:38 നമുക്ക് അദ്ദേഹത്തെ കാ​ണിച്ചു​കൊ​ടു​ക്കാനാ​കും. യേശുവിന്‍റെ വാക്കുകൾ ഉദ്ധരി​ച്ചു​കൊണ്ട് ആ തിരു​വെ​ഴുത്ത്‌ ഇങ്ങനെ പ്രസ്‌താ​വിക്കു​ന്നു: “ഞാൻ സ്വർഗത്തിൽനിന്ന് ഇറ​ങ്ങി​വന്നി​രിക്കു​ന്നത്‌ എന്‍റെ ഇഷ്ടം ചെയ്യാനല്ല, എന്നെ അയച്ചവന്‍റെ ഇഷ്ടം ചെ​യ്യാന​ത്രേ.” ആ വാക്യം വാ​യിച്ച​ശേഷം നമുക്ക് ഇങ്ങനെ ചോ​ദി​ക്കാം: “യേശു ദൈ​വമാ​ണെ​ങ്കിൽ, സ്വർഗത്തിൽനിന്ന് അവനെ ഭൂമി​യി​ലേക്ക് അയച്ചത്‌ ആരാണ്‌? ആ വ്യക്തി യേശു​വി​നെ​ക്കാൾ ഉയർന്നവൻ ആയി​രി​ക്കില്ലേ? ഏതാ​യാ​ലും അയയ്‌ക്കപ്പെ​ട്ടവ​നെക്കാൾ വലി​യവ​നാണ​ല്ലോ അയച്ചവൻ.”

9 സമാ​നമാ​യി, ഫി​ലിപ്പി​യർ 2:9-ഉം നമുക്ക് വായി​ക്കാ​നാ​കും. യേശു മരിച്ച് ഉയർപ്പിക്ക​പ്പെട്ട​ശേഷം ദൈവം ചെയ്‌തതി​നെ​പ്പറ്റി അപ്പൊ​സ്‌തല​നായ പൗ​ലോസ്‌ അവിടെ വി​വരി​ക്കുന്നു. വാക്യം ഇങ്ങ​നെയാണ്‌: “​ദൈവ​വും അവനെ (യേ​ശുവി​നെ) മു​മ്പത്തെ​ക്കാൾ ഉന്നതമായ സ്ഥാ​ന​ത്തേക്ക് ഉയർത്തി അവന്‌ മറ്റെല്ലാ നാ​മങ്ങൾക്കും മേലായ ഒരു നാമം കനി​ഞ്ഞു​നൽകി.” ആ വാക്യ​ത്തെ​ക്കുറിച്ച് യു​ക്തിയു​ക്തം ചി​ന്തി​ക്കാൻ വീ​ട്ടുകാ​രനെ സഹാ​യിച്ചു​കൊണ്ട് ഇങ്ങനെ ചോ​ദി​ക്കാ​നാ​യേക്കും: “മരി​ക്കുന്ന​തിനു മുമ്പ് യേശു ദൈവ​ത്തോട്‌ സമനാ​യി​രു​ന്നെങ്കിൽ, പിന്നീട്‌ ദൈവം അവനെ മു​മ്പത്തെ​ക്കാൾ ഉന്നതമായ ഒരു സ്ഥാ​ന​ത്തേക്ക് ഉയർത്തി എന്നു പറ​യു​മ്പോൾ അത്‌ യേ​ശുവി​നെ ദൈവത്തി​നും മീ​തെയാ​ക്കുക​യില്ലേ? പക്ഷേ, ആർക്കെങ്കി​ലും ദൈവ​ത്തെക്കാൾ ഉന്ന​തനാ​കാൻ സാ​ധിക്കു​മോ?” ദൈവവ​ചനത്തെ ആദ​രി​ക്കുന്ന ഒരു ആത്മാർഥമനസ്‌ക​നാണ്‌ ആ വ്യ​ക്തി​യെങ്കിൽ ഈ വിഷയം കൂടുതൽ പഠി​ച്ചു​നോ​ക്കാൻ അത്തരം ന്യാ​യവാ​ദം അദ്ദേഹത്തെ പ്രേ​രിപ്പി​ക്കും.—പ്രവൃ. 17:11.

10. (എ) അഗ്നി​നര​കത്തിൽ വി​ശ്വസി​ക്കുന്ന ഒരു വ്യ​ക്തി​യോട്‌ എങ്ങനെ ന്യാ​യവാ​ദം ചെ​യ്യാനാ​കും? (ബി) നരകാഗ്നിയെക്കുറിച്ച് ചർച്ച ചെയ്യവെ ഏതു ന്യാ​യവാ​ദങ്ങളാണ്‌ നിങ്ങൾ ഫല​പ്രദ​മായി കണ്ടി​ട്ടു​ള്ളത്‌?

10 സാഹചര്യം 2: ദുഷ്ടന്മാർ തീനരകത്തിൽ  നിത്യം ദണ്ഡിപ്പിക്കപ്പെടുകയില്ലെന്ന് വിശ്വസിക്കാൻ മതഭക്തനായ ഒരു വ്യക്തിക്ക് ബുദ്ധിമുട്ടു തോന്നുന്നു. ദുഷ്‌ചെയ്‌തി​കളെ​പ്രതി ദു​ഷ്ടന്മാർക്ക് കണി​ശമാ​യും ശിക്ഷ ലഭി​ച്ചുകാ​ണാ​നുള്ള ആഗ്രഹം നി​മി​ത്തമാ​യിരി​ക്കാം അദ്ദേഹം അഗ്നി​നര​കത്തിൽ വിശ്വ​സി​ക്കു​ന്നത്‌. അത്തരത്തിൽ ചി​ന്തി​ക്കുന്ന ഒരു വ്യ​ക്തി​യോട്‌ നമുക്ക് എങ്ങനെ ന്യാ​യവാ​ദം ചെയ്യാൻ കഴിയും? ദുഷ്ടന്മാർ നിശ്ചയമായും ശിക്ഷി​ക്ക​പ്പെടും എന്ന് ആദ്യം​തന്നെ നമുക്ക് അ​ദ്ദേഹത്തിന്‌ ഉറപ്പു​കൊ​ടു​ക്കാൻ സാ​ധി​ക്കും. (2 തെസ്സ. 1:9) തുടർന്ന്, ഉല്‌പത്തി 2:16, 17 അദ്ദേ​ഹ​ത്തെക്കൊണ്ട് വാ​യിപ്പി​ക്കുക. പാപത്തിന്‍റെ ശമ്പളം മര​ണമാ​ണെന്ന് അതു ചൂണ്ടി​ക്കാ​ണിക്കു​ന്നു. മുഴു​മനു​ഷ്യവർഗവും പാ​പിക​ളായി ജനിക്കാൻ കാരണം ആദാമിന്‍റെ പാ​പമാ​ണെന്ന് വി​ശദീ​കരി​ക്കാ​വുന്ന​താണ്‌. (റോമ. 5:12) എന്നാൽ ഒരു തീ​നരക​ത്തിൽ ദണ്ഡി​പ്പി​ക്കുന്ന​തി​നെക്കു​റിച്ച് ദൈവം ഒന്നും പറഞ്ഞില്ല എന്ന് നമുക്ക് എടു​ത്തു​പറ​യാനാ​കും. തുടർന്ന് അവ​രോട്‌ ഇങ്ങനെ ചോ​ദി​ക്കാം: “ആദാമിന്‍റെയും ഹവ്വാ​യു​ടെയും മുന്നിൽ നിത്യ​ദണ്ഡ​നത്തി​നുള്ള സാ​ധ്യത​യുണ്ടാ​യി​രു​ന്നെങ്കിൽ, അ​തെക്കു​റിച്ച് ദൈവം ന്യാ​യമാ​യും അവർക്ക് മു​ന്നറി​യിപ്പ് നൽകേണ്ടതല്ലാ​യിരു​ന്നോ?” അടു​ത്തതാ​യി, ഉല്‌പത്തി 3:19 വാ​യി​ക്കുക. അവർ പാപം ചെയ്‌ത​ശേഷം ദൈവം ഉച്ചരിച്ച ശിക്ഷാ​വി​ധിയാണ്‌ അത്‌. അഗ്നി​ന​രക​ത്തെക്കു​റിച്ച് അവൻ അതിൽ യാ​തൊ​ന്നും പറഞ്ഞില്ല. പകരം ആദാം “പൊ​ടി​യിൽ തിരികെ ചേരും” എന്നാണ്‌ ദൈവം അവ​നോട്‌ പറഞ്ഞത്‌. “ആദാം യഥാർഥ​ത്തിൽ ഒരു അഗ്നി​ന​രകത്തി​ലേ​ക്കാണ്‌ പോ​കാനി​രുന്ന​തെങ്കിൽ, ‘നീ പൊ​ടി​യി​ലേക്ക് പോകും’ എന്ന് പറ​യു​ന്നത്‌ നീതിക്കു നി​രക്കു​ന്നത്‌ ആയി​രിക്കു​മാ​യിരു​ന്നോ?” തുറന്ന മനഃ​സ്ഥിതി​യുള്ള ഒരു വ്യ​ക്തിയാണ്‌ അ​ദ്ദേഹ​മെങ്കിൽ, ഈ വിഷ​യത്തെ​ക്കുറിച്ച് ആഴത്തിൽ ചി​ന്തി​ക്കാൻ അദ്ദേഹത്തെ പ്രേരി​പ്പി​ക്കുന്ന​തിന്‌ അത്ത​രമൊ​രു ചോദ്യം മതി​യാ​കും.

11. (എ) സകല നല്ല ആളു​ക​ളും സ്വർഗ​ത്തിൽ പോ​കു​മെന്ന് വിശ്വ​സിക്കു​ന്നവ​രോട്‌ ന്യാ​യവാ​ദം ചെ​യ്യാ​നുള്ള ഒരു വിധം ഏതാണ്‌? (ബി) ഈ വി​ഷയ​ത്തിൽ എന്തു ന്യാ​യവാ​ദമാണ്‌ നിങ്ങൾ ഫല​പ്രദ​മെന്ന് കണ്ടി​രിക്കു​ന്നത്‌?

11 സാഹചര്യം 3: സകല നല്ല ആളുളും സ്വർഗത്തിൽ പോകുമെന്ന് വിശ്വസിക്കുന്ന ഒരാളെ നാം ശുശ്രൂഷയിൽ കണ്ടുമുട്ടുന്നു. അത്തരം വി​ശ്വാ​സം വീ​ട്ടുകാ​രൻ ബൈബിൾ ശരിയായ രീ​തി​യിൽ മനസ്സി​ലാ​ക്കുന്ന​തിന്‌ തടസ്സ​മാ​യേക്കാം. ദൃഷ്ടാന്തത്തിന്‌, അദ്ദേ​ഹത്തോ​ടൊ​പ്പം നാം വെ​ളിപാട്‌ 21:4 വായിച്ച് ചർച്ച ചെയ്യു​കയാ​ണെ​ന്നിരി​ക്കട്ടെ. (വെളിപാട്‌ 21:4 വായിക്കുക.) ആ വാക്യം വർണി​ക്കുന്ന അനു​ഗ്ര​ഹങ്ങൾ സ്വർഗീ​യജീ​വനെ​ക്കുറി​ച്ചു​ള്ളതാ​ണെന്ന് അദ്ദേഹം അനു​മാനി​ച്ചേ​ക്കാം. അ​ദ്ദേഹ​ത്തോട്‌ നമുക്ക് എങ്ങനെ ന്യാ​യവാ​ദം ചെ​യ്യാനാ​കും? കൂടുതൽ തെളി​വു​കൾക്കാ​യി മറ്റു വാക്യ​ങ്ങ​ളി​ലേക്കു പോ​കുന്ന​തിനു പകരം ഈ വാക്യ​ത്തിൽത്ത​ന്നെയുള്ള ഒരു വിശ​ദാം​ശത്തിൽ നമുക്കു ശ്രദ്ധ കേ​ന്ദ്രീ​കരി​ക്കാൻ കഴിയും. “മേലാൽ മരണം ഉണ്ടാ​യിരി​ക്കു​കയില്ല” എന്നാണ്‌ ആ വാക്യം പറ​യു​ന്നത്‌. നമുക്ക് ഇങ്ങനെ ചോ​ദിക്കാ​നാ​കും: ഒരു കാര്യം എവി​ടെ​യെങ്കി​ലും മേലാൽ ഉണ്ടായിരിക്കില്ല എന്നു പറ​യണ​മെങ്കിൽ അത്‌ നേരത്തേ അവിടെ ഉണ്ടാ​യിരി​ക്കേ​ണ്ടതല്ലേ? വീ​ട്ടുകാ​രൻ അതി​നോട്‌ യോ​ജി​ച്ചേക്കാം. തുടർന്ന്, സ്വർഗ​ത്തിൽ ഒരി​ക്ക​ലും മരണം ഉണ്ടാ​യിരു​ന്നി​ട്ടി​ല്ലെന്നും ഭൂ​മി​യിൽ മാ​ത്രമാണ്‌ ആളുകൾ മരി​ക്കു​ന്നതെ​ന്നും ഉള്ള വസ്‌തുത നമുക്ക് എടു​ത്തുപ​റയാൻ കഴിയും. അങ്ങ​നെ​യെങ്കിൽ, വെ​ളിപാട്‌ 21:4-ൽ പരാ​മർശി​ച്ചി​രിക്കു​ന്നത്‌ യുക്തി​സ​ഹമാ​യും ഭൂ​മിയി​ലെ ഭാവി അനു​ഗ്രഹ​ങ്ങളെ​ക്കുറി​ച്ചാ​യിരി​ക്കണം.—സങ്കീ. 37:29.

ആശയം വ്യക്ത​മാ​ക്കാനാ​യി ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുക

12. യേശു ദൃഷ്ടാന്തങ്ങൾ ഉപ​യോഗി​ച്ചത്‌ എന്തു​കൊണ്ട്?

12 യേശു തന്‍റെ പ്രസം​ഗ​വേല​യിൽ ചോ​ദ്യ​ങ്ങൾക്കു പുറമേ ദൃഷ്ടാന്തങ്ങളും ഉപ​യോ​ഗിച്ചു. (മത്തായി 13:34, 35 വായിക്കുക.) യേശുവിന്‍റെ ദൃഷ്ടാന്തങ്ങൾ അവന്‍റെ ശ്രോ​താ​ക്കളു​ടെ ആന്തരം വെളി​പ്പെടു​ത്താൻ ഉതകി. (മത്താ. 13:10-15) ദൃഷ്ടാന്തങ്ങൾ യേശുവിന്‍റെ പഠി​പ്പിക്ക​ലിനെ ഹൃദ്യവും സ്വീ​കാര്യ​വും മനസ്സിൽ തങ്ങി​നിൽക്കുന്ന​തും ആക്കി. നമ്മുടെ പഠി​പ്പി​ക്കലിൽ നമുക്ക് എങ്ങനെ ദൃഷ്ടാന്തങ്ങൾ ഉപ​യോ​ഗി​ക്കാനാ​കും?

13. ദൈവം യേശു​വി​നെ​ക്കാൾ വലി​യവ​നാ​ണെന്ന് ഒരു ദൃഷ്ടാന്തത്തിലൂടെ എങ്ങനെ വ്യക്ത​മാക്കാ​നാ​കും?

13 ലളി​ത​മായ ദൃഷ്ടാന്തങ്ങളാണ്‌ ഏറ്റവും മികച്ചത്‌. ഉദാ​ഹരണ​ത്തിന്‌, ദൈവം യേശു​വി​നെ​ക്കാൾ വലി​യവ​നാ​ണെന്ന് വിശ​ദീ​കരി​ക്കാൻ പിൻവ​രുന്ന സമീപനം പരീ​ക്ഷിച്ചു​നോ​ക്കാ​വുന്ന​താണ്‌. നമുക്ക് ഇങ്ങനെ തുടങ്ങാം: യേ​ശു​വും ദൈവ​വും തങ്ങൾക്ക് അന്യോ​ന്യ​മുള്ള ബന്ധം വ്യ​ക്തമാ​ക്കാൻ കുടുംബവൃത്തത്തിലെ ഒരു ബന്ധം ദൃഷ്ടാന്തമായി ഉപ​യോ​ഗിച്ചു. ദൈവം യേ​ശുവി​നെ പു​ത്ര​നെന്നും യേശു ദൈവത്തെ പി​താ​വെന്നും പരി​ചയ​പ്പെടു​ത്തി. (ലൂക്കോ. 3:21, 22; യോഹ. 14:28) ഇനി നമുക്ക് വീട്ടു​കാ​രനോട്‌ ഇങ്ങനെ ചോ​ദി​ക്കാം: “രണ്ട് വ്യക്തികൾ സമന്മാ​രാ​ണെന്ന് കാ​ണി​ക്കാൻ കുടും​ബ​ബന്ധങ്ങ​ളിൽ  ഏതായിരിക്കും നിങ്ങൾ ദൃഷ്ടാന്തമായി ഉപ​യോഗി​ക്കുക?” കൂട​പ്പിറ​പ്പുകൾ തമ്മിലുള്ള ബന്ധം, ഇരട്ടകൾ തമ്മിലുള്ള ബന്ധം എന്നൊക്കെ അദ്ദേഹം പറ​ഞ്ഞേ​ക്കാം. അദ്ദേഹം അങ്ങനെ പറ​യു​ന്നെങ്കിൽ, ‘അത്‌ വളരെ യോജിച്ച ഒരു താര​തമ്യ​മാണ്‌’ എന്ന് നമുക്ക് പറയാൻ കഴിയും. അതിനു ശേഷം ഇങ്ങനെ ചോ​ദിക്കാ​നാ​കും: “നമുക്ക് രണ്ടു​പേർക്കും ഇത്ര പെട്ടെന്ന് ഇയ്യൊരു ദൃഷ്ടാന്തത്തെക്കുറിച്ച് ചി​ന്തി​ക്കാൻ സാ​ധി​ച്ചെങ്കിൽ മഹാ​ഗുരു​വായ യേ​ശുവിന്‌ ഇങ്ങ​നെ​യൊരു ദൃഷ്ടാന്തം ചിന്തി​ച്ചെടു​ക്കുക ബുദ്ധി​മു​ട്ടായി​രു​ന്നിരി​ക്കും എന്ന് നിങ്ങൾ വിചാ​രി​ക്കുന്നു​ണ്ടോ? ദൈവം തന്‍റെ പിതാ​വാ​ണെന്നാണ്‌ യേശു പറഞ്ഞത്‌. അതി​ലൂ​ടെ ദൈവത്തെ തന്നെക്കാൾ പ്രാ​യ​മേറിയ, അധി​കാ​രമുള്ള ഒരു വ്യ​ക്തിയാ​യി യേശു വരച്ചു​കാ​ണിക്കു​കയാ​യി​രുന്നു.”

14. തീ​നരക​ത്തിൽ ആളുകളെ ദണ്ഡി​പ്പി​ക്കാൻ ദൈവം പി​ശാചി​നെ ഏർപ്പെടു​ത്തിയി​രി​ക്കുക​യാണ്‌ എന്നുള്ള വി​ശ്വാ​സം യുക്തി​സ​ഹമ​ല്ലെന്ന് ഏതു ദൃഷ്ടാന്തം തെളി​യി​ക്കുന്നു?

14 മറ്റൊരു ഉദാ​ഹ​രണം പരി​ഗണി​ക്കുക. സാ​ത്താനാണ്‌ അഗ്നിനരകത്തിന്‍റെ അധിപൻ എന്ന് ചില ആളുകൾ വിശ്വ​സി​ക്കുന്നു. കു​ട്ടിക​ളുള്ള ഒരാ​ളോ​ടാണ്‌ നിങ്ങൾ സം​സാരി​ക്കു​ന്നതെ​ന്നിരി​ക്കട്ടെ. തീന​രക​ത്തിലിട്ട് ആളുകളെ ദണ്ഡി​പ്പി​ക്കാൻ ദൈവം പി​ശാചി​നെ ആക്കി​വെച്ചി​രി​ക്കുക​യാണ്‌ എന്ന വി​ശ്വാ​സം എത്ര യുക്തി​ഹീ​നമാ​ണെന്ന് കാണാൻ ഒരു ദൃഷ്ടാന്തം ആ വ്യക്തിയെ സഹാ​യി​ച്ചേക്കും. നമുക്ക് ഇങ്ങനെ പറയാം: “നി​ങ്ങളു​ടെ കുട്ടി അനു​സരണ​ക്കേട്‌ കാ​ണിക്കാ​നും മോ​ശമാ​യി പെരു​മാ​റാ​നും തുട​ങ്ങു​ന്നു​വെന്നു കരുതുക. എന്താ​യിരി​ക്കും നി​ങ്ങളു​ടെ പ്ര​തിക​രണം?” കുട്ടിയെ തി​രു​ത്താൻ ശ്ര​മി​ക്കും എന്ന് അദ്ദേഹം പറ​യാനാണ്‌ സാധ്യത. കുട്ടിക്ക് ആവ​ശ്യ​മായ തി​രുത്ത​ലും ഉപ​ദേശ​വും നൽകാൻ ഒരുപക്ഷേ അദ്ദേഹം ആവർത്തിച്ച് ശ്ര​മി​ച്ചേക്കും. (സദൃ. 22:15) എന്നാൽ, പറഞ്ഞു​മന​സ്സിലാ​ക്കാൻ എ​ത്രയൊ​ക്കെ ശ്ര​മിച്ചി​ട്ടും കുട്ടി വഴങ്ങു​ന്നി​ല്ലെ​ങ്കിൽ പിന്നെ എന്തു​ചെ​യ്യും എന്ന് അടു​ത്തതാ​യി അ​ദ്ദേഹ​ത്തോട്‌ ചോ​ദി​ക്കാം. അങ്ങ​നെയാ​യാൽപ്പിന്നെ അവനെ ശിക്ഷി​ക്കു​കയല്ലാ​തെ വേറെ നിവൃത്തിയില്ലെന്ന് മിക്ക മാതാ​പി​താക്ക​ളും പറയും. അപ്പോൾ നമ്മൾ ഇങ്ങനെ ചോ​ദി​ക്കുന്നു: “നി​ങ്ങളു​ടെ കുട്ടി ഇത്ര മോ​ശമാ​യിത്തീ​രാൻ കാരണം അവൻ ദുഷ്ടനായ ഒരു വ്യ​ക്തിയു​ടെ സ്വാ​ധീ​നത്തിൽപ്പെ​ട്ടതാ​ണെന്ന് നിങ്ങൾ തി​രി​ച്ചറി​യു​ന്നെങ്കിൽ, എന്താ​യിരി​ക്കും നി​ങ്ങളു​ടെ പ്ര​തിക​രണം?” അ​ദ്ദേഹത്തിന്‌ വഷളനായ ആ വ്യ​ക്തി​യോട്‌ കടുത്ത ദേഷ്യം തോ​ന്നു​മെന്ന​തിൽ സം​ശയ​മില്ല. ദൃഷ്ടാന്തത്തിന്‍റെ സാ​രാം​ശം വ്യക്ത​മാക്കി​ക്കൊണ്ട് ഒടുവിൽ ഇങ്ങനെ ചോ​ദിക്കാ​നാ​കും: “കുട്ടിയെ വഷ​ളാക്കി​യത്‌ ആ ദുഷ്ടനായ വ്യക്തി​യാ​ണെന്ന് അറി​യു​മ്പോൾ, കുട്ടിയെ ശിക്ഷി​ക്കാ​നായി നിങ്ങൾ അയാളെത്തന്നെ ഏൽപ്പിക്കു​മോ?” ഒരി​ക്ക​ലും ഇല്ല എന്നാ​യിരി​ക്കും ഉത്തരം. അങ്ങ​നെ​യെങ്കിൽ, ദുഷ്‌പ്രവൃത്തികളിലേക്ക് സാത്താൻ വഴി​തെറ്റി​ച്ചിരി​ക്കുന്ന ആളുകളെ ശി​ക്ഷി​ക്കാൻ ദൈവം ഒരി​ക്ക​ലും സാ​ത്താ​നെത്തന്നെ ഉപ​യോഗി​ക്കു​കയില്ല എന്നതു വ്യക്തമല്ലേ!

സമനിലയുള്ള ഒരു വീക്ഷണം വെച്ചുപുലർത്തുക

15, 16. (എ) നാം പ്ര​സംഗി​ക്കുന്ന എല്ലാ​വ​രും രാജ്യ​സു​വാർത്ത സ്വീ​കരി​ക്കു​മെന്ന് പ്ര​തീ​ക്ഷിക്ക​രുതാ​ത്തത്‌ എന്തു​കൊണ്ട്? (ബി) ഫലകരമായി പഠി​പ്പി​ക്കാൻ നമുക്ക് എ​ന്തെങ്കി​ലും സവി​ശേഷ​പ്രാപ്‌തി​യുടെ ആവ​ശ്യമു​ണ്ടോ? വിശ​ദീ​കരി​ക്കുക.

15 നാം പ്ര​സംഗി​ക്കുന്ന എല്ലാ​വ​രും രാ​ജ്യസ​ന്ദേശം സ്വീ​കരിക്കു​കയി​ല്ലെന്ന് നമു​ക്കറി​യാം. (മത്താ. 10:11-14) എത്ര കുറി​ക്കു​കൊ​ള്ളുന്ന ചോ​ദ്യ​ങ്ങൾ ചോ​ദിച്ചാ​ലും എത്ര യു​ക്തിസ​ഹമായ വാ​ദമു​ഖങ്ങൾ നിര​ത്തിയാ​ലും എത്ര മികച്ച ദൃഷ്ടാന്തങ്ങൾ ഉപ​യോഗി​ച്ചാ​ലും സക​ലരെ​യും ബോ​ധ്യ​പ്പെടു​ത്താൻ നമു​ക്കാ​വില്ല. എക്കാ​ല​ത്തെയും ഏറ്റവും മികച്ച അധ്യാ​പ​കനായ യേശു പഠി​പ്പിച്ച​പ്പോൾപോ​ലും ഒരു ന്യൂ​ന​പക്ഷം മാ​ത്രമാണ്‌ അനു​കൂല​മായി പ്രതി​കരി​ച്ചത്‌.—യോഹ. 6:66; 7:45-48.

16 അ​തേസ​മയം സവി​ശേഷ​പ്രാപ്‌തി​കളൊ​ന്നും നമു​ക്കി​ല്ലെന്ന് തോ​ന്നു​ന്നെങ്കിൽപ്പോ​ലും ശു​ശ്രൂ​ഷയിൽ നമുക്ക് ഫല​പ്ര​ദരാ​യിരി​ക്കാൻ കഴിയും. (പ്രവൃത്തികൾ 4:13 വായിക്കുക.) “നിത്യ​ജീ​വനു​വേണ്ട ഹൃദയനില” ഉള്ള സകലരും സുവാർത്ത സ്വീ​കരി​ക്കു​മെന്ന് വി​ശ്വസി​ക്കാൻ ദൈവവ​ചനം നമുക്ക് ഈടുറ്റ കാരണങ്ങൾ നൽകുന്നു. (പ്രവൃ. 13:48) അതു​കൊണ്ട് നമ്മെ​ക്കുറി​ച്ചും നാം രാജ്യ​സു​വാർത്ത പങ്കു​വെ​ക്കാൻ ആ​ഗ്രഹി​ക്കുന്ന​വരെ​ക്കുറി​ച്ചും സമ​നില​യുള്ള ഒരു വീക്ഷണം വളർത്തി​യെ​ടുക്കാ​നും നില​നിറു​ത്താ​നും നമുക്ക് ശ്ര​മി​ക്കാം. യഹോവ നൽകുന്ന പരി​ശീ​ലനം പൂർണമാ​യി പ്ര​യോ​ജന​പ്പെടു​ത്താം. നമുക്കും നമ്മുടെ പ്രസംഗം കേൾക്കു​ന്നവർക്കും അത്‌ നിത്യ​പ്ര​യോ​ജനങ്ങൾ കൈവരു​ത്തും എന്ന് നമുക്ക് ഉറ​പ്പു​ണ്ടായി​രി​ക്കാനാ​കും. (1 തിമൊ. 4:16) “ഓ​രോ​രു​ത്തരോ​ടും യ​ഥോചി​തം സംസാരി”ക്കേണ്ടത്‌ എങ്ങ​നെ​യെന്ന് തിരി​ച്ചറി​യാൻ യഹോവ നമ്മെ സഹാ​യി​ക്കും. അടു​ത്തതാ​യി കാ​ണാൻപോ​കുന്ന​തു​പോലെ ശു​ശ്രൂ​ഷയിൽ വിജയം വരി​ക്കാനാ​കുന്ന ഒരു വിധം ‘സുവർണനി​യമം’ പിൻപ​റ്റുക എന്നതാണ്‌.