വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഐക്യ​മു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തിൽ നമ്മുടെ പങ്ക് എങ്ങനെ വർധി​പ്പി​ക്കാം?

ഐക്യ​മു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തിൽ നമ്മുടെ പങ്ക് എങ്ങനെ വർധി​പ്പി​ക്കാം?

‘അവൻ മുഖേന ശരീരം മുഴു​വ​നും സംയോ​ജി​ത​മാ​യിട്ട് അവയവങ്ങൾ അതതിന്‍റെ ധർമം യഥോ​ചി​തം നിർവ​ഹി​ക്കു​ന്നു.’—എഫെ. 4:16.

ഗീതം: 53, 107

1. തുടക്കം​മു​തൽ ദൈവ​ത്തി​ന്‍റെ പ്രവൃ​ത്തി​ക​ളിൽ എന്ത് ദൃശ്യ​മാണ്‌?

സൃഷ്ടി​യു​ടെ ആരംഭം​മു​തൽ യഹോ​വ​യും യേശു​വും ഐക്യ​ത്തിൽ പ്രവർത്തി​ക്കു​ന്നു. യഹോ​വ​യു​ടെ ആദ്യസൃ​ഷ്ടി യേശു​വാ​യി​രു​ന്നു. യേശു യഹോ​വ​യു​ടെ “അടുക്കൽ ശില്‌പി ആയിരു​ന്നു” എന്ന് ബൈബിൾ പറയുന്നു. (സദൃ. 8:30) തങ്ങളുടെ പ്രവർത്ത​ന​ങ്ങ​ളിൽ യഹോ​വ​യു​ടെ ദാസന്മാ​രും സഹകരി​ച്ചു പ്രവർത്തി​ച്ചി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, നോഹ​യും കുടും​ബ​വും തോ​ളോ​ടു​തോൾചേർന്ന് പെട്ടകം പണിതു. പിന്നീട്‌ സമാഗ​മ​ന​കൂ​ടാ​രം പണിയു​ന്ന​തി​നും അത്‌ ഒരിട​ത്തു​നിന്ന് മറ്റൊ​രി​ട​ത്തേക്കു മാറ്റി സ്ഥാപി​ക്കു​ന്ന​തി​നും ഇസ്രാ​യേ​ല്യർ ഒത്തൊ​രു​മ​യോ​ടെ പ്രവർത്തി​ച്ചു. ആലയത്തിൽ യഹോ​വയെ സ്‌തു​തി​ക്കു​ന്ന​തി​നു സംഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ അകമ്പടി​യോ​ടെ അവർ ശ്രുതി​മ​ധു​ര​മായ ഗീതങ്ങൾ ഒത്തൊ​രു​മിച്ച് ആലപിച്ചു. ഇതെല്ലാം ചെയ്യാൻ യഹോ​വ​യു​ടെ ജനത്തിന്‌ സാധി​ച്ചത്‌ അവർ പരസ്‌പരം സഹകരി​ച്ചു പ്രവർത്തി​ച്ച​തു​കൊ​ണ്ടാണ്‌.—ഉല്‌പ. 6:14-16, 22; സംഖ്യാ. 4:4-32; 1 ദിന. 25:1-8.

2. (എ) ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌തീ​യ​സ​ഭ​യു​ടെ ഒരു സവി​ശേഷത എന്ത് ആയിരു​ന്നു? (ബി) ഏതു ചോദ്യ​ങ്ങൾ നമ്മൾ പരിചി​ന്തി​ക്കും?

2 ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളും പരസ്‌പരം ഐക്യ​ത്തിൽ പ്രവർത്തി​ച്ചു. അവർക്ക് വ്യത്യസ്‌ത കഴിവു​ക​ളും നിയമ​ന​ങ്ങ​ളും ആണ്‌ ഉണ്ടായി​രു​ന്ന​തെ​ങ്കി​ലും അവർ ഐക്യ​മു​ള്ള​വ​രാ​യി​രു​ന്നെന്ന് പൗലോസ്‌ പറഞ്ഞു. അവർ എല്ലാവ​രും അവരുടെ നായക​നായ ക്രിസ്‌തു​യേ​ശു​വി​നെ​യാണ്‌ അനുക​രി​ച്ചത്‌. വ്യത്യസ്‌ത അവയവങ്ങൾ ഒരുമിച്ച് പ്രവർത്തി​ക്കുന്ന ഒരു ശരീര​ത്തോ​ടാണ്‌ പൗലോസ്‌ അവരെ താരത​മ്യം ചെയ്‌തത്‌. (1 കൊരി​ന്ത്യർ 12:4-6, 12 വായി​ക്കുക.) എന്നാൽ നമ്മുടെ കാര്യ​മോ? പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ നമുക്ക് എങ്ങനെ ഐക്യം കാണി​ക്കാം? സഭയി​ലും കുടും​ബ​ത്തി​ലും നമുക്ക് എങ്ങനെ സഹകരി​ച്ചു പ്രവർത്തി​ക്കാം?

പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ സഹകരിച്ച് പ്രവർത്തി​ക്കു​ക

3. യോഹ​ന്നാൻ അപ്പൊസ്‌ത​ലന്‌ ഏത്‌ ദർശന​മാണ്‌ ലഭിച്ചത്‌?

3 കാഹളം ഊതുന്ന ഏഴു ദൂതന്മാ​രു​ടെ ഒരു ദിവ്യ​ദർശനം യോഹ​ന്നാന്‌ ലഭിച്ചു. അഞ്ചാമത്തെ ദൂതൻ കാഹളം ഊതി​യ​പ്പോൾ “ആകാശ​ത്തു​നിന്ന് ഒരു നക്ഷത്രം ഭൂമി​യിൽ വീണു​കി​ട​ക്കു​ന്നതു” യോഹ​ന്നാൻ കണ്ടു. ആ “നക്ഷത്രം” ഒരു താക്കോൽ ഉപയോ​ഗി​ച്ചു​കൊണ്ട് ഇരുൾമൂ​ടിയ ഒരു അഗാധ​ഗർത്ത​ത്തി​ന്‍റെ വാതിൽ തുറക്കു​ന്നു. ഗർത്തത്തിൽനിന്ന് ആദ്യം കനത്ത പുകയും ആ പുകയിൽനിന്ന് വെട്ടു​ക്കി​ളി​ക​ളു​ടെ ഒരു വലിയ കൂട്ടവും പുറത്തു​വന്നു. മരങ്ങളോ ചെടി​ക​ളോ നശിപ്പി​ക്കു​ന്ന​തി​നു പകരം “നെറ്റി​യിൽ ദൈവ​ത്തി​ന്‍റെ മുദ്ര​യി​ല്ലാത്ത”വരെ അത്‌ ആക്രമി​ച്ചു. (വെളി. 9:1-4) വെട്ടു​ക്കി​ളി​കൾക്ക് വൻനാശം വിതയ്‌ക്കാ​നാ​കു​മെന്നു യോഹ​ന്നാന്‌ അറിയാ​മാ​യി​രു​ന്നു; മോശ​യു​ടെ കാലത്ത്‌ ഈജിപ്‌തിൽ അങ്ങനെ​യൊന്ന് സംഭവി​ച്ചി​രു​ന്നു. (പുറ. 10:12-15) യോഹ​ന്നാൻ കണ്ട ആ വെട്ടു​ക്കി​ളി​കൾ വ്യാജ​മ​ത​ത്തി​നെ​തി​രെ ശക്തമായ സന്ദേശം അറിയി​ക്കുന്ന അഭിഷി​ക്ത​ക്രിസ്‌ത്യാ​നി​ക​ളെ​യാണ്‌ പ്രതി​നി​ധീ​ക​രി​ക്കു​ന്നത്‌. ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ പ്രത്യാ​ശ​യുള്ള ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ അവരോട്‌ ചേർന്നി​രി​ക്കു​ന്നു. അവർ ഒത്തൊ​രു​മിച്ച് ഈ പ്രസം​ഗ​വേല ചെയ്യുന്നു. ഈ പ്രവർത്തനം, വ്യാജ​മതം ഉപേക്ഷിച്ച് സാത്താന്‍റെ പിടി​യിൽനിന്ന് സ്വത​ന്ത്ര​രാ​കാൻ അനേകരെ സഹായി​ക്കു​ന്നു.

4. ദൈവ​ജ​ന​ത്തിന്‌ എന്ത് നിയമ​ന​മാ​ണു നിർവ​ഹി​ക്കാ​നു​ള്ളത്‌, അത്‌ ചെയ്യാ​നുള്ള ഒരേ ഒരു വഴി ഏതാണ്‌?

4 അന്ത്യം വരുന്ന​തി​നു മുമ്പ് ലോക​ത്തെ​ല്ലാ​യി​ട​ത്തു​മുള്ള ആളുക​ളോട്‌ സുവാർത്ത പ്രസം​ഗി​ക്കാ​നുള്ള നിയമനം നമുക്കുണ്ട്. ഇത്‌ വലി​യൊ​രു വേലയാണ്‌! (മത്താ. 24:14; 28:19, 20) “ജീവജലം” കുടി​ക്കാ​നുള്ള ക്ഷണം “ദാഹി​ക്കുന്ന” എല്ലാവർക്കും നമ്മൾ കൊടു​ക്കണം. അതായത്‌, ബൈബിൾസ​ത്യം മനസ്സി​ലാ​ക്കാൻ ആഗ്രഹി​ക്കുന്ന എല്ലാവ​രെ​യും നമ്മൾ അതു പഠിപ്പി​ക്കണം. (വെളി. 22:17) എന്നാൽ അത്‌ ചെയ്യാൻ കഴിയ​ണ​മെ​ങ്കിൽ സഭയി​ലുള്ള എല്ലാവ​രും പരസ്‌പരം സഹകരിച്ച് പ്രവർത്തി​ക്കണം.—എഫെ. 4:16.

5, 6. സുവാർത്ത പ്രസം​ഗി​ക്കു​മ്പോൾ നമ്മൾ ഐക്യ​മു​ള്ള​വ​രാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

5 പരമാ​വധി ആളുകളെ സുവാർത്ത അറിയി​ക്ക​ണ​മെ​ങ്കിൽ നമ്മൾ സുസം​ഘ​ടി​ത​രാ​യി​രി​ക്കണം. വയൽസേവന യോഗ​ത്തി​ലൂ​ടെ​യും മറ്റു യോഗ​ങ്ങ​ളി​ലൂ​ടെ​യും സഭയിൽനിന്ന് ലഭിക്കുന്ന മാർഗ​നിർദേ​ശങ്ങൾ ഇതിനു സഹായി​ക്കും. നമ്മൾ ലോക​വ്യാ​പ​ക​മാ​യി സുവാർത്ത അറിയി​ക്കു​ന്നു, ലക്ഷക്കണ​ക്കിന്‌ ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും ആളുകൾക്ക് കൊടു​ക്കു​ന്നു. ചില​പ്പോൾ ചില പ്രത്യേക പ്രചാ​ര​ണ​പ​രി​പാ​ടി​ക​ളിൽ പങ്കെടു​ക്കാ​നുള്ള നിർദേ​ശങ്ങൾ നമുക്ക് കിട്ടി​യേ​ക്കാം. അതിൽ പങ്കെടു​ക്കു​മ്പോൾ സുവാർത്ത ലോക​മെ​മ്പാ​ടും അറിയി​ക്കുന്ന ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുക​ളോ​ടൊ​പ്പം പ്രവർത്തി​ക്കു​ക​യാണ്‌ നമ്മളും. അങ്ങനെ ചെയ്യു​മ്പോൾ സുവാർത്ത അറിയി​ക്കാൻ ദൈവ​ജ​നത്തെ സഹായി​ക്കുന്ന ദൂതന്മാ​രോ​ടൊ​പ്പ​വു​മാ​യി​രി​ക്കും നമ്മൾ പ്രവർത്തി​ക്കു​ന്നത്‌.—വെളി. 14:6.

6 ലോക​വ്യാ​പ​ക​മാ​യി നടക്കുന്ന പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്‍റെ നല്ല ഫലങ്ങ​ളെ​ക്കു​റിച്ച് വാർഷി​ക​പുസ്‌ത​ക​ത്തിൽനിന്ന് വായി​ച്ച​റി​യു​ന്നത്‌ എത്ര ആവേശം പകരുന്നു! നമ്മുടെ കൺ​വെൻ​ഷ​നു​ക​ളിൽ ഹാജരാ​കാൻ ലോക​ത്തെ​മ്പാ​ടു​മുള്ള ആളുകൾക്ക് ക്ഷണക്കത്ത്‌ കൊടു​ക്കു​മ്പോൾ നമുക്കി​ട​യി​ലെ ഐക്യ​മല്ലേ അത്‌ കാണി​ക്കു​ന്നത്‌! ഒരേ വിവര​ങ്ങ​ളാണ്‌ ഈ കൺ​വെൻ​ഷ​നു​ക​ളിൽ കൂടി​വ​രുന്ന എല്ലാവ​രും കേൾക്കു​ന്നത്‌. നമുക്കുള്ള ഏറ്റവും നല്ലത്‌ യഹോ​വയ്‌ക്കു കൊടു​ക്കാൻ അവിടെ നടക്കുന്ന പ്രസം​ഗ​ങ്ങ​ളും നാടക​ങ്ങ​ളും അവതര​ണ​ങ്ങ​ളും നമ്മളെ പ്രചോ​ദി​പ്പി​ക്കു​ന്നു. എല്ലാ വർഷവും നീസാൻ 14-‍ാ‍ം തീയതി സൂര്യാസ്‌ത​മ​യ​ത്തി​നു ശേഷം സ്‌മാ​ര​കാ​ച​ര​ണ​ത്തിന്‌ ഹാജരാ​കു​മ്പോ​ഴും നമ്മൾ ലോക​മെ​മ്പാ​ടു​മുള്ള സഹോ​ദ​ര​ങ്ങ​ളോട്‌ യോജി​ച്ചു പ്രവർത്തി​ക്കു​ക​യാണ്‌. (1 കൊരി. 11:23-26) യഹോവ നമുക്കാ​യി ചെയ്‌ത കാര്യ​ങ്ങ​ളെ​പ്രതി നന്ദിയു​ള്ള​വ​രാ​ണെന്ന് കാണി​ക്കാ​നും യേശു​വി​ന്‍റെ കല്‌പന അനുസ​രി​ക്കാ​നും ആ ദിവസം സൂര്യാസ്‌ത​മ​യ​ത്തി​നു ശേഷം നമ്മൾ കൂടി​വ​രു​ന്നു. സ്‌മാ​ര​ക​ത്തി​നു മുമ്പുള്ള ആഴ്‌ച​ക​ളിൽ കഴിയു​ന്നത്ര ആളുകളെ ആ പ്രധാ​ന​പ​രി​പാ​ടിക്ക് ക്ഷണിക്കാൻ നമ്മൾ ഒത്തൊ​രു​മി​ച്ചു പ്രവർത്തി​ക്കു​ന്നു.

7. ഒത്തൊ​രു​മ​യോ​ടെ പ്രവർത്തി​ക്കു​ന്ന​തു​കൊ​ണ്ടുള്ള നേട്ടം എന്താണ്‌?

7 ഒരു വെട്ടു​ക്കി​ളിക്ക് ഒറ്റയ്‌ക്ക് കാര്യ​മാ​യി ഒന്നും​തന്നെ ചെയ്യാൻ കഴിയില്ല. നമ്മുടെ കാര്യ​ത്തി​ലും അത്‌ സത്യമാണ്‌. സകല​രോ​ടും ഒറ്റയ്‌ക്ക് പ്രസം​ഗി​ക്കാൻ നമുക്കാ​കില്ല. എന്നാൽ ഒത്തൊ​രു​മ​യോ​ടെ പ്രവർത്തി​ക്കു​ന്ന​തു​കൊണ്ട് ലക്ഷക്കണ​ക്കിന്‌ ആളുക​ളോട്‌ യഹോ​വ​യെ​ക്കു​റിച്ച് പറയാൻ നമുക്കാ​കു​ന്നു. യഹോ​വയെ സ്‌തു​തി​ക്കാൻ അത്‌ പലരെ​യും സഹായി​ക്കു​ന്നു.

സഭയിൽ സഹകരിച്ച് പ്രവർത്തി​ക്കു​ക

8, 9. (എ) ഐക്യ​മു​ള്ള​വ​രാ​യി​രി​ക്ക​ണ​മെന്ന് ക്രിസ്‌ത്യാ​നി​കളെ പഠിപ്പി​ക്കാൻ പൗലോസ്‌ ഏത്‌ ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു? (ബി) സഭയിൽ നമുക്ക് എങ്ങനെ സഹകരിച്ച് പ്രവർത്തി​ക്കാം?

8 സഭ സംഘടി​ത​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്ന് പൗലോസ്‌ എഫെസ്യ​യി​ലെ ക്രിസ്‌ത്യാ​നി​ക​ളോട്‌ വിശദീ​ക​രി​ച്ചു. സഭയി​ലുള്ള എല്ലാവ​രും ‘സകലത്തി​ലും വളർന്നു​വ​ര​ണ​മെന്ന്’ പൗലോസ്‌ പറഞ്ഞു. (എഫെസ്യർ 4:15, 16 വായി​ക്കുക.) ഐക്യം നിലനി​റു​ത്താ​നും നായക​നായ യേശു​വി​നെ അനുക​രി​ക്കാ​നും സഭയെ സഹായി​ക്കു​ന്ന​തിന്‌ ഓരോ ക്രിസ്‌ത്യാ​നി​ക്കും കഴിയു​മെന്നു വിശദീ​ക​രി​ക്കാൻ പൗലോസ്‌ മനുഷ്യ​ശ​രീ​ര​ത്തി​ന്‍റെ ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു. ശരീര​ത്തി​ലെ അവയവങ്ങൾ ‘സന്ധിബ​ന്ധ​ങ്ങ​ളാൽ സംയോ​ജി​ത​മാ​യി അതതിന്‍റെ ധർമം യഥോ​ചി​തം നിർവ​ഹി​ക്കു​ന്നു.’ അതു​പോ​ലെ, ചെറു​പ്പ​ക്കാ​രോ പ്രായ​മേ​റി​യ​വ​രോ, ആരോ​ഗ്യം ഉള്ളവരോ ഇല്ലാത്ത​വ​രോ ആരായി​രു​ന്നാ​ലും ശരി, നമ്മൾ ഓരോ​രു​ത്ത​രും എന്ത് ചെയ്യണം?

9 സഭയിൽ നേതൃ​ത്വ​മെ​ടു​ക്കാ​നാ​യി യേശു മൂപ്പന്മാ​രെ നിയമി​ച്ചി​ട്ടുണ്ട്. നമ്മൾ അവരെ ആദരി​ക്കാ​നും അവർ നൽകുന്ന നിർദേ​ശങ്ങൾ അനുസ​രി​ക്കാ​നും യേശു ആഗ്രഹി​ക്കു​ന്നു. (എബ്രാ. 13:7, 17) അതു ചെയ്യു​ന്നത്‌ എപ്പോ​ഴും അത്ര എളുപ്പമല്ല. എന്നാൽ യഹോ​വ​യോട്‌ നമുക്ക് സഹായം ചോദി​ക്കാ​നാ​കും. മൂപ്പന്മാർ നൽകുന്ന ഏതു നിർദേ​ശ​വും അനുസ​രി​ക്കാൻ പരിശു​ദ്ധാ​ത്മാവ്‌ നമ്മളെ സഹായി​ക്കും. നമ്മൾ താഴ്‌മ​യു​ള്ള​വ​രും മൂപ്പന്മാ​രു​മാ​യി സഹകരി​ക്കു​ന്ന​വ​രും ആണെങ്കിൽ സഭയെ എത്ര​ത്തോ​ളം സഹായി​ക്കാ​നാ​കു​മെന്ന് ഒന്നു ചിന്തി​ച്ചു​നോ​ക്കൂ. സഭ ഐക്യ​മു​ള്ള​താ​യി​രി​ക്കും, പരസ്‌പ​ര​മുള്ള സ്‌നേഹം കൂടുതൽ ശക്തമാ​കു​ക​യും ചെയ്യും.

10. സഭയുടെ ഐക്യം നിലനി​റു​ത്തു​ന്ന​തിന്‌ ശുശ്രൂ​ഷാ​ദാ​സ​ന്മാർ എന്ത് സഹായം നൽകുന്നു? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക)

10 സഭയെ ഐക്യ​മു​ള്ള​താ​യി നിലനി​റു​ത്തു​ന്ന​തിൽ ശുശ്രൂ​ഷാ​ദാ​സ​ന്മാർ ഒരു നല്ല സഹായ​മാണ്‌. മൂപ്പന്മാ​രെ സഹായി​ക്കാ​നാ​യി അവർ കഠിനാ​ധ്വാ​നം ചെയ്യുന്നു. അവർ ചെയ്യുന്ന എല്ലാ കാര്യ​ങ്ങൾക്കും നമ്മൾ നന്ദിയു​ള്ള​വ​രാണ്‌. ഉദാഹ​ര​ണ​ത്തിന്‌ ശുശ്രൂ​ഷ​യിൽ ഉപയോ​ഗി​ക്കാൻ ആവശ്യ​ത്തിന്‌ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ണ്ടെന്ന് അവർ ഉറപ്പു വരുത്തു​ന്നു. യോഗ​ങ്ങൾക്കു വരുന്ന​വരെ അവർ സ്വാഗതം ചെയ്യുന്നു. കൂടാതെ, അവർ രാജ്യ​ഹാ​ളി​ന്‍റെ ശുചീ​ക​ര​ണ​ത്തി​ലും അറ്റകു​റ്റ​പ്പ​ണി​യി​ലും ഉത്സാഹ​ത്തോ​ടെ പങ്കെടു​ക്കു​ക​യും ചെയ്യുന്നു. ഈ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം സഹകരിച്ച് പ്രവർത്തി​ക്കു​മ്പോൾ നമ്മൾ ഐക്യ​മു​ള്ള​വ​രും സംഘടി​ത​മായ വിധത്തിൽ യഹോ​വയെ സേവി​ക്കു​ന്ന​വ​രും ആയിരി​ക്കും.—പ്രവൃ​ത്തി​കൾ 6:3-6 താരത​മ്യം ചെയ്യുക.

11. സഭയുടെ ഐക്യം കാത്തു​സൂ​ക്ഷി​ക്കു​ന്ന​തിന്‌ ചെറു​പ്പ​ക്കാർക്ക് എന്തൊക്കെ ചെയ്യാ​നാ​കും?

11 ചില മൂപ്പന്മാർ അനേക വർഷങ്ങ​ളാ​യി സഭയിൽ കഠിനാ​ധ്വാ​നം ചെയ്‌തു​വ​രു​ന്നു. എന്നാൽ പ്രായ​മേ​റു​മ്പോൾ പഴയതു​പോ​ലെ ചെയ്യാൻ അവർക്കു കഴിയു​ന്നില്ല. ഈ സാഹച​ര്യ​ത്തിൽ ചെറു​പ്പ​ക്കാർക്കു സഹായി​ക്കാ​നാ​കും. മൂപ്പന്മാർ അവരെ പരിശീ​ലി​പ്പി​ക്കു​ക​യാ​ണെ​ങ്കിൽ സഭയിൽ കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ വഹിക്കാൻ അവർ പ്രാപ്‌ത​രാ​കും. കഠിനാ​ധ്വാ​നം ചെയ്യു​മ്പോൾ ശുശ്രൂ​ഷാ​ദാ​സ​ന്മാർക്ക് ഭാവി​യിൽ മൂപ്പന്മാ​രാ​യി സേവി​ക്കാ​നുള്ള പദവി ലഭി​ച്ചേ​ക്കാം. (1 തിമൊ. 3:1, 10) കൂടു​ത​ലായ പുരോ​ഗതി വരുത്തിയ ചില യുവമൂ​പ്പ​ന്മാർ ഇപ്പോൾ സർക്കിട്ട് മേൽവി​ചാ​ര​ക​ന്മാ​രാ​യി സേവി​ച്ചു​കൊണ്ട് പല സഭകളി​ലുള്ള സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ സഹായി​ക്കു​ന്നു. സഹോ​ദ​ര​ങ്ങളെ സഹായി​ക്കാൻ ചെറു​പ്പ​ക്കാർ മനസ്സൊ​രു​ക്കം കാണി​ക്കു​മ്പോൾ നമ്മൾ വളരെ നന്ദിയു​ള്ള​വ​രാണ്‌.—സങ്കീർത്തനം 110:3; സഭാ​പ്ര​സം​ഗി 12:1 വായി​ക്കുക.

കുടും​ബ​ത്തിൽ സഹകരിച്ച് പ്രവർത്തി​ക്കു​ക

12, 13. പരസ്‌പരം സഹകരിച്ച് പ്രവർത്തി​ക്കാൻ കുടും​ബാം​ഗ​ങ്ങളെ എന്ത് സഹായി​ക്കും?

12 പരസ്‌പരം സഹകരി​ക്കു​ന്ന​തിൽ നമ്മുടെ കുടും​ബാം​ഗ​ങ്ങളെ എങ്ങനെ സഹായി​ക്കാ​നാ​കും? എല്ലാ ആഴ്‌ച​യി​ലും നടക്കുന്ന കുടും​ബാ​രാ​ധന ഇതിനു സഹായി​ക്കും. മാതാ​പി​താ​ക്ക​ളും കുട്ടി​ക​ളും ഒരുമി​ച്ചി​രുന്ന് യഹോ​വ​യെ​ക്കു​റിച്ച് പഠിക്കാൻ സമയം ചെലവി​ടു​മ്പോൾ അവർക്കി​ട​യി​ലുള്ള സ്‌നേഹം കൂടുതൽ ശക്തമാ​കും. ആ സമയത്ത്‌ വയൽസേ​വ​ന​ത്തി​നുള്ള അവതര​ണങ്ങൾ പറഞ്ഞ് പരിശീ​ലി​ക്കാം, അത്‌ ശുശ്രൂ​ഷ​യിൽ കൂടുതൽ ഫലപ്ര​ദ​രാ​യി​രി​ക്കാൻ കുടും​ബത്തെ സഹായി​ക്കും. കുടും​ബാം​ഗങ്ങൾ ദൈവ​വ​ച​ന​ത്തി​ലെ ആശയങ്ങൾ ബോധ്യ​ത്തോ​ടെ സംസാ​രി​ക്കു​മ്പോൾ തങ്ങൾ എല്ലാവ​രും യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വ​രാ​ണെ​ന്നും യഹോ​വയെ പ്രസാ​ദി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രാ​ണെ​ന്നും മനസ്സി​ലാ​ക്കും. ഇത്‌ കുടും​ബാം​ഗങ്ങൾ തമ്മിലുള്ള ഇഴയടു​പ്പം വർധി​പ്പി​ക്കും.

കുടുംബാരാധന മാതാ​പി​താ​ക്ക​ളും മക്കളും തമ്മിലുള്ള അടുപ്പം വർധി​പ്പി​ക്കും (12, 15 ഖണ്ഡികകൾ കാണുക)

13 ഭർത്താ​വി​നും ഭാര്യ​ക്കും എങ്ങനെ പരസ്‌പരം സഹകരിച്ച് പ്രവർത്തി​ക്കാം? (മത്താ. 19:6) ഇരുവ​രും യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും ഒരുമിച്ച് യഹോ​വയെ സേവി​ക്കു​ക​യും ചെയ്യു​മ്പോൾ അവർ സന്തോ​ഷ​മു​ള്ള​വ​രും ഐക്യ​മു​ള്ള​വ​രും ആയിരി​ക്കും. അവർ പരസ്‌പരം ആർദ്ര​പ്രി​യ​വും കാണി​ക്കണം, അബ്രാ​ഹാ​മി​നെ​യും സാറാ​യെ​യും പോലെ, യിസ്‌ഹാ​ക്കി​നെ​യും റിബേ​ക്ക​യെ​യും പോലെ, എല്‌ക്കാ​നാ​യെ​യും ഹന്നാ​യെ​യും പോലെ. (ഉല്‌പ. 26:8; 1 ശമൂ. 1:5, 8; 1 പത്രോ. 3:5, 6) ഭർത്താ​വും ഭാര്യ​യും ഇങ്ങനെ ചെയ്യു​മ്പോൾ അവർക്കി​ട​യിൽ ഐക്യം വർധി​ക്കും, അവർ യഹോ​വ​യോ​ടു കൂടുതൽ അടുക്കു​ക​യും ചെയ്യും.—സഭാ​പ്ര​സം​ഗി 4:12 വായി​ക്കുക.

14. നിങ്ങളു​ടെ ഭാര്യ​യോ ഭർത്താ​വോ യഹോ​വയെ സേവി​ക്കാ​ത്ത​വ​രാ​ണെ​ങ്കിൽ വിവാ​ഹ​ബന്ധം ശക്തമാക്കി നിലനി​റു​ത്താൻ നിങ്ങൾക്ക് എന്ത് ചെയ്യാ​നാ​കും?

14 യഹോ​വയെ സേവി​ക്കാത്ത ഒരാളെ വിവാഹം കഴിക്ക​രു​തെന്ന് ബൈബിൾ വ്യക്തമാ​യി പറയു​ന്നുണ്ട്. (2 കൊരി. 6:14) എങ്കിലും യഹോ​വ​യു​ടെ സാക്ഷി​ക​ള​ല്ലാ​ത്ത​വരെ ചില സഹോ​ദ​രങ്ങൾ വിവാഹം കഴിച്ചി​ട്ടുണ്ട്. ഇനി ചിലർ വിവാ​ഹ​ത്തി​നു ശേഷമാണ്‌ സത്യം പഠിച്ചത്‌, എന്നാൽ അവരുടെ ഇണ ഇപ്പോ​ഴും സത്യം സ്വീക​രി​ച്ചി​ട്ടില്ല. മറ്റുചി​ല​രു​ടെ കാര്യ​ത്തിൽ വിവാ​ഹ​ത്തി​ന്‍റെ സമയത്ത്‌ അവർ രണ്ടു​പേ​രും യഹോ​വ​യു​ടെ ദാസരാ​യി​രു​ന്നു, എന്നാൽ വിവാ​ഹ​ത്തി​നു ശേഷം ഒരാൾ സത്യം വിട്ടു​പോ​കു​ന്നു. ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ ബൈബി​ളി​ലെ ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കി​ക്കൊണ്ട് വിവാഹം ശക്തമായി നിലനി​റു​ത്താൻ ക്രിസ്‌ത്യാ​നി​കൾ തങ്ങളാ​ലാ​കു​ന്ന​തെ​ല്ലാം ചെയ്യും. പക്ഷേ ഇത്‌ എല്ലായ്‌പോ​ഴും അത്ര എളുപ്പമല്ല. ഉദാഹ​ര​ണ​ത്തിന്‌, മേരി​യും ഭർത്താ​വായ ഡേവി​ഡും ഒരുമിച്ച് യഹോ​വയെ സേവി​ച്ചി​രു​ന്നു. എന്നാൽ പിന്നീട്‌ ഡേവിഡ്‌ യോഗ​ങ്ങൾക്കു പോകു​ന്നതു നിറുത്തി. എന്നാൽ മേരി ഒരു നല്ല ഭാര്യ​യാ​യി​രി​ക്കാ​നും ക്രിസ്‌തീ​യ​ഗു​ണങ്ങൾ കാണി​ക്കാ​നും ശ്രമിച്ചു. മേരി ആറു മക്കളെ​യും സത്യം പഠിപ്പി​ച്ചു, യോഗ​ങ്ങൾക്കു കൺ​വെൻ​ഷ​നു​കൾക്കും പോകു​ക​യും ചെയ്യു​മാ​യി​രു​ന്നു. വർഷങ്ങൾക്കു ശേഷം കുട്ടികൾ വളർന്ന് എല്ലാവ​രും വീടു വിട്ടു​പോ​യ​പ്പോൾ യഹോ​വയെ സേവി​ക്കു​ന്നതു മേരിക്ക് കൂടുതൽ ബുദ്ധി​മു​ട്ടാ​യി; എന്നിട്ടും മേരി അങ്ങനെ​തന്നെ ചെയ്‌തു. കാല​ക്ര​മ​ത്തിൽ, മേരി ഡേവി​ഡി​നു​വേണ്ടി മാറ്റി​വെ​ച്ചി​രുന്ന മാസി​കകൾ ഡേവിഡ്‌ വായി​ക്കാൻ തുടങ്ങി. ക്രമേണ ഡേവിഡ്‌ ചില യോഗ​ങ്ങൾക്കു പോകാ​നും. ഡേവി​ഡി​ന്‍റെ ആറു വയസ്സുള്ള കൊച്ചു​മകൻ എല്ലാ യോഗ​ത്തി​നും ഡേവി​ഡിന്‌ സീറ്റ്‌ പിടി​ച്ചു​വെ​ക്കും. ഡേവിഡ്‌ ഒരു ദിവസം വന്നി​ല്ലെ​ങ്കിൽ അവൻ ചോദി​ക്കും, “വല്യപ്പച്ചൻ ഇന്ന് എന്താ വരാഞ്ഞത്‌?” 25 വർഷത്തി​നു ശേഷം ഡേവിഡ്‌ യഹോ​വ​യി​ലേക്കു മടങ്ങി​വന്നു. പഴയതു​പോ​ലെ, മേരി​യോ​ടൊ​പ്പം സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സേവി​ക്കു​ക​യും ചെയ്യുന്നു.

15. പ്രായ​മായ ദമ്പതി​കൾക്ക് ചെറു​പ്പ​ക്കാ​രായ ദമ്പതി​കളെ എങ്ങനെ സഹായി​ക്കാം?

15 സാത്താൻ ഇന്ന് കുടും​ബ​ങ്ങളെ ആക്രമി​ക്കു​ന്നു. യഹോ​വയെ സേവി​ക്കുന്ന ദമ്പതികൾ പരസ്‌പരം സഹകരിച്ച് പ്രവർത്തി​ക്കേ​ണ്ട​തി​ന്‍റെ ഒരു കാരണം ഇതാണ്‌. വിവാഹം കഴിഞ്ഞിട്ട് എത്രനാ​ളാ​യെ​ങ്കി​ലും ആ ബന്ധം ശക്തി​പ്പെ​ടു​ത്താൻ നിങ്ങൾക്ക് എന്തൊക്കെ പറയാ​നും ചെയ്യാ​നും കഴിയു​മെന്ന് ചിന്തി​ക്കുക. ഇക്കാര്യ​ത്തിൽ പ്രായ​മായ ദമ്പതി​കൾക്ക് ഒരു മാതൃ​ക​വെ​ക്കാ​നാ​കും. ഒരുപക്ഷേ കുടും​ബാ​രാ​ധ​നയ്‌ക്കാ​യി ചെറു​പ്പ​ക്കാ​രായ ദമ്പതി​കളെ നിങ്ങൾക്കു ക്ഷണിക്കാ​നാ​യേ​ക്കും. വിവാഹം കഴിഞ്ഞിട്ട് എത്ര വർഷം കഴിഞ്ഞാ​ലും പരസ്‌പ​ര​മുള്ള ആർദ്ര​പ്രി​യ​വും ഒത്തൊ​രു​മ​യും നിലനി​റു​ത്താ​നാ​കു​മെന്ന് അവർ കണ്ടുമ​ന​സ്സി​ലാ​ക്കട്ടെ!—തീത്തൊ. 2:3-7.

‘യഹോ​വ​യു​ടെ പർവ്വത​ത്തി​ലേക്കു കയറി​ച്ചെ​ല്ലാം’

16, 17. ഒത്തൊ​രു​മ​യോ​ടെ പ്രവർത്തി​ക്കുന്ന ദൈവ​ദാ​സർ എന്തിനാ​യി കാത്തി​രി​ക്കു​ന്നു?

16 ഇസ്രാ​യേ​ല്യർ യെരു​ശ​ലേ​മിൽ ഉത്സവങ്ങൾക്കു പോയ​പ്പോൾ അവരെ​ല്ലാം സഹകരിച്ച് പ്രവർത്തി​ച്ചു. അവർ യാത്രയ്‌ക്കു വേണ്ട ഒരുക്ക​ങ്ങ​ളെ​ല്ലാം നടത്തി, എന്നിട്ട് പരസ്‌പ​ര​സ​ഹ​ക​ര​ണ​ത്തോ​ടെ ഒരുമിച്ച് യാത്ര ചെയ്‌തു. ആലയത്തിൽ അവരെ​ല്ലാം ഒത്തൊ​രു​മിച്ച് യഹോ​വയെ സ്‌തു​തി​ക്കു​ക​യും ആരാധി​ക്കു​ക​യും ചെയ്‌തു. (ലൂക്കോ. 2:41-44) പുതിയ ലോക​ത്തിൽ ജീവി​ക്കാ​നാ​യി ഒരുങ്ങവേ, നമ്മൾ ഐക്യ​ത്തോ​ടെ പരസ്‌പരം സഹകരിച്ച് പ്രവർത്തി​ക്കാൻ കഴിയു​ന്ന​തെ​ല്ലാം ചെയ്യണം. അത്‌ ഇനിയും കൂടുതൽ മെച്ചമാ​യി എങ്ങനെ​യൊ​ക്കെ ചെയ്യാ​മെന്ന് നിങ്ങൾക്കു ചിന്തി​ച്ചു​കൂ​ടേ?

17 ലോക​ത്തി​ലെ ആളുകൾ പല കാര്യ​ങ്ങ​ളി​ലും വിയോ​ജി​പ്പു​ള്ള​വ​രാണ്‌, അതെ​പ്രതി അവർ വഴക്കടി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ സമാധാ​ന​മു​ള്ള​വ​രാ​യി​രി​ക്കാ​നും സത്യം മനസ്സി​ലാ​ക്കാ​നും യഹോവ നമ്മളെ സഹായി​ച്ചി​രി​ക്കു​ന്ന​തിൽ നമ്മൾ എത്ര നന്ദിയു​ള്ള​വ​രാണ്‌! ലോക​മെ​മ്പാ​ടു​മുള്ള ദൈവ​ജനം യഹോവ ആഗ്രഹി​ക്കുന്ന വിധത്തിൽ യഹോ​വയെ ആരാധി​ക്കു​ന്നു. ഈ അന്ത്യനാ​ളു​ക​ളിൽ യഹോ​വ​യു​ടെ ജനം മുമ്പെ​ന്ന​ത്തെ​ക്കാ​ളും ഐക്യ​മു​ള്ള​വ​രാണ്‌. യെശയ്യാ​വും മീഖാ​യും മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ​തന്നെ നമ്മൾ ഒരുമിച്ച് യഹോ​വ​യു​ടെ പർവത​ത്തി​ലേക്ക് കയറി​ച്ചെ​ല്ലു​ന്നു. (യെശ. 2:2-4; മീഖാ 4:2-4 വായി​ക്കുക.) ഭാവി​യിൽ ഭൂമി​യി​ലു​ള്ള​വ​രെ​ല്ലാം ഒത്തൊ​രു​മ​യോ​ടെ യഹോ​വയെ ആരാധി​ക്കു​മ്പോൾ നമ്മൾ എത്ര സന്തുഷ്ട​രാ​യി​രി​ക്കും!