വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ സഹോ​ദ​ര​ങ്ങ​ളു​ടെ പ്രാ​യോ​ഗി​ക​വും വൈകാ​രി​ക​വും ആത്മീയ​വും ആയ ആവശ്യങ്ങൾ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കു​ക

നിങ്ങളു​ടെ സഭയിൽ നിങ്ങൾക്ക് സഹായി​ക്കാ​നാ​കു​മോ?

നിങ്ങളു​ടെ സഭയിൽ നിങ്ങൾക്ക് സഹായി​ക്കാ​നാ​കു​മോ?

സ്വർഗാ​രോ​ഹണം ചെയ്യു​ന്ന​തി​നു മുമ്പ് യേശു തന്‍റെ ശിഷ്യ​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ . . . ഭൂമി​യു​ടെ അറ്റംവ​രെ​യും എനിക്കു സാക്ഷികൾ ആയിരി​ക്കും.” (പ്രവൃ. 1:8) ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾക്ക് ആ ദൗത്യം എങ്ങനെ നിറ​വേ​റ്റാ​നാ​കു​മാ​യി​രു​ന്നു?

“പുരാതന റോമാ​സാ​മ്രാ​ജ്യ​ത്തി​ലെ യഹൂദ​ന്മാർ ഉൾപ്പെ​ടെ​യുള്ള മതവി​ഭാ​ഗ​ങ്ങ​ളിൽനിന്ന് ക്രിസ്‌ത്യാ​നി​കളെ വ്യത്യസ്‌ത​രാ​ക്കി​യത്‌ ലഭിച്ച നിയോ​ഗം നിറ​വേ​റ്റു​ന്ന​തി​നെ​ക്കു​റിച്ച് അവർക്കുള്ള ചിന്തയാ​യി​രു​ന്നു” എന്ന് ഓക്‌സ്‌ഫോർഡ്‌ യൂണി​വേഴ്‌സി​റ്റി പ്രൊ​ഫ​സ​റായ മാർട്ടിൻ ഗുഡ്‌മാൻ പറയുന്നു. സുവാർത്ത അറിയി​ക്കുക എന്ന തന്‍റെ ദൗത്യം നിർവ​ഹി​ക്കു​ന്ന​തി​നാ​യി യേശു നിരവധി യാത്രകൾ നടത്തി. ആ മാതൃ​ക​യാണ്‌ സത്യ​ക്രിസ്‌ത്യാ​നി​കൾ പിൻപ​റ്റി​യത്‌. “ദൈവ​രാ​ജ്യ​ത്തി​ന്‍റെ സുവി​ശേഷം” അറിയി​ക്കു​ന്ന​തിൽ ബൈബിൾസ​ത്യം അറിയാൻ ആഗ്രഹി​ക്കുന്ന ആളുകളെ അന്വേ​ഷിച്ച് കണ്ടെത്ത​ണ​മെന്ന് അവർ മനസ്സി​ലാ​ക്കി​യി​ട്ടു​ണ്ടാ​കണം. (ലൂക്കോ. 4:43) ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌തീ​യ​സ​ഭ​യിൽ, അയയ്‌ക്ക​പ്പെ​ട്ടവർ എന്ന് അർഥമുള്ള “അപ്പൊസ്‌ത​ല​ന്മാർ” ഉണ്ടായി​രു​ന്ന​തി​ന്‍റെ ഒരു കാരണം അതാണ്‌. (മർക്കോ. 3:14) യേശു തന്‍റെ അനുഗാ​മി​ക​ളോട്‌ ഇങ്ങനെ കല്‌പി​ച്ചു: “ആകയാൽ നിങ്ങൾ പോയി സകല ജനതക​ളി​ലും​പെട്ട ആളുകളെ ശിഷ്യ​രാ​ക്കി​ക്കൊ​ള്ളു​വിൻ.”—മത്താ. 28:18-20.

യേശു​വി​ന്‍റെ 12 അപ്പൊസ്‌ത​ല​ന്മാ​രിൽ ആരും ഇന്ന് നമ്മോ​ടൊ​പ്പം ഇല്ല, എങ്കിലും ഇന്നുള്ള നിരവധി ദൈവ​ദാ​സ​ന്മാ​രും മിഷനറി ആത്മാവ്‌ ഉള്ളവരാണ്‌. പ്രസം​ഗ​പ്ര​വർത്തനം വിപു​ല​മാ​ക്കാ​നുള്ള ക്ഷണത്തോട്‌ അവർ ഇങ്ങനെ പറയുന്നു: “അടിയൻ ഇതാ അടിയനെ അയക്കേ​ണമേ!” (യെശ. 6:8) ഗിലെ​യാദ്‌ സ്‌കൂ​ളിൽനിന്ന് ബിരുദം നേടിയ ആയിരങ്ങൾ ഉൾപ്പെടെ അനേകർ ദൂര​ദേ​ശ​ങ്ങ​ളി​ലേക്ക് മാറി​ത്താ​മ​സി​ച്ചി​രി​ക്കു​ന്നു. വേറെ ചിലർ സ്വന്തം രാജ്യ​ത്തെ​തന്നെ മറ്റൊരു പ്രദേ​ശ​ത്തേക്ക് മാറി​ത്താ​മ​സി​ച്ചി​രി​ക്കു​ന്നു. ഇനിയും മറ്റു ചിലരാ​കട്ടെ മറ്റൊരു ഭാഷ പഠിച്ചു​കൊണ്ട് ആ ഭാഷക്കാ​രെ സഹായി​ക്കുന്ന സഭകളു​ടെ​യും ഗ്രൂപ്പു​ക​ളു​ടെ​യും കൂടെ പ്രവർത്തി​ക്കു​ന്നു. ആവശ്യം അധികം ഉള്ളിട​ത്തേക്ക് മാറി​ത്താ​മ​സി​ക്കു​ക​യോ മറ്റൊരു ഭാഷ പഠിക്കു​ക​യോ ചെയ്‌ത ഈ സഹോ​ദ​ര​ങ്ങൾക്ക് സാഹച​ര്യ​ങ്ങൾ എല്ലായ്‌പോ​ഴും അനുകൂ​ല​മ​ല്ലാ​യി​രു​ന്നെന്ന് മാത്രമല്ല, അതത്ര എളുപ്പ​വു​മാ​യി​രു​ന്നില്ല. യഹോ​വ​യോ​ടും അയൽക്കാ​രോ​ടും ഉള്ള സ്‌നേഹം കാണി​ക്കു​ന്ന​തിന്‌ അവർക്ക് ആത്മത്യാ​ഗ​മ​നോ​ഭാ​വം വേണമാ​യി​രു​ന്നു. അവർ ആദ്യം ഇരുന്ന് ചെലവ്‌ കണക്കു​കൂ​ട്ടി. അങ്ങനെ സാഹച​ര്യ​ങ്ങൾ വിലയി​രു​ത്തി​യ​ശേഷം ഈ സേവന​ത്തി​നാ​യി തങ്ങളെ​ത്തന്നെ വിട്ടു​കൊ​ടു​ത്തു. (ലൂക്കോ. 14:28-30) ഇത്തരം തീരു​മാ​ന​ങ്ങ​ളെ​ടു​ക്കുന്ന സഹോ​ദ​രങ്ങൾ യഥാർഥ ആവശ്യം തിരി​ച്ച​റിഞ്ഞ് പ്രവർത്തി​ക്കു​ന്ന​വ​രാണ്‌.

എന്നിരു​ന്നാ​ലും, സാഹച​ര്യ​ങ്ങൾ വ്യത്യസ്‌ത​മാണ്‌. എല്ലാവർക്കും ആവശ്യം അധിക​മുള്ള ഒരു സ്ഥലത്തേക്ക് മാറി​ത്താ​മ​സി​ക്കാ​നോ മറ്റൊരു ഭാഷ പഠിക്കാ​നോ സാധി​ച്ചെ​ന്നു​വ​രില്ല. എന്നാൽ നമ്മൾ ആയിരി​ക്കുന്ന സഭയിൽ നമു​ക്കൊ​രു മിഷനറി ആത്മാവ്‌ കാണി​ക്കാ​നാ​കു​മോ?

നിങ്ങളു​ടെ സഭയിൽത്തന്നെ ഒരു മിഷനറി ആയിരി​ക്കു​ക

ഒരു യഥാർഥ ആവശ്യം നിറ​വേ​റ്റാ​നാ​യി നിങ്ങളു​ടെ ഇപ്പോ​ഴത്തെ സാഹച​ര്യം നന്നായി പ്രയോ​ജ​ന​പ്പെ​ടു​ത്തുക . . .

ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾക്കി​ട​യിൽ ഒരു മിഷനറി ആത്മാവ്‌ ഉണ്ടായി​രു​ന്നു എന്നത്‌ വ്യക്തം, അവരിൽ അനേക​രും സാധ്യ​ത​യ​നു​സ​രിച്ച് സ്വന്തം പ്രദേ​ശ​ത്തു​തന്നെ താമസിച്ച് പ്രവർത്തി​ക്കു​ക​യാ​യി​രു​ന്നു. തിമൊ​ഥെ​യൊ​സി​നു കൊടുത്ത ഉപദേശം അവരുൾപ്പെ​ടെ​യുള്ള എല്ലാ ദൈവ​ദാ​സർക്കും ഒരു​പോ​ലെ ബാധക​മാണ്‌: “സുവി​ശേ​ഷ​കന്‍റെ വേല ചെയ്യുക; നിന്‍റെ ശുശ്രൂഷ പൂർണ​മാ​യി നിറ​വേ​റ്റുക.” (2 തിമൊ. 4:5) എവി​ടെ​യാ​യി​രു​ന്നാ​ലും ശരി, രാജ്യ​സ​ന്ദേശം പ്രസം​ഗി​ക്കാ​നും ശിഷ്യരെ ഉളവാ​ക്കാ​നും ഉള്ള കല്‌പന എല്ലാ ക്രിസ്‌ത്യാ​നി​ക​ളും അനുസ​രി​ക്കാൻ കടപ്പെ​ട്ട​വ​രാണ്‌. അതു മാത്രമല്ല, മിഷനറി വേലയു​ടെ പല വശങ്ങളും നമ്മുടെ സ്വന്തം സഭയിൽത്തന്നെ പ്രാവർത്തി​ക​മാ​ക്കാൻ കഴിയു​ന്ന​വ​യാണ്‌.

ഉദാഹ​ര​ണ​ത്തിന്‌, വിദേ​ശ​രാ​ജ്യ​ത്തു സേവി​ക്കുന്ന ഒരു മിഷനറി അവിടത്തെ സാഹച​ര്യ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടണം. ആ പുതിയ പ്രദേ​ശത്ത്‌ തികച്ചും വ്യത്യസ്‌ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ അവർക്ക് കടന്നു​പോ​കേ​ണ്ടി​വ​ന്നേ​ക്കാം. ആവശ്യം അധിക​മുള്ള ഒരു സ്ഥലത്തേക്കു മാറി​ത്താ​മ​സി​ക്കാൻ നമ്മുടെ സാഹച​ര്യ​ങ്ങൾ അനുവ​ദി​ക്കു​ന്നി​ല്ലെ​ങ്കി​ലോ? ആളുക​ളോ​ടു സുവാർത്ത അറിയി​ക്കാ​നാ​യി നമുക്ക് പുതിയ രീതികൾ കണ്ടെത്താ​നാ​കു​മോ? ഉദാഹ​ര​ണ​ത്തിന്‌, 1940-ൽ തെരു​വു​സാ​ക്ഷീ​ക​ര​ണ​ത്തി​നാ​യി ആഴ്‌ച​യിൽ ഒരു ദിവസം മാറ്റി​വെ​ക്കാൻ സഹോ​ദ​ര​ങ്ങ​ളോട്‌ ആഹ്വാനം ചെയ്‌തു. നിങ്ങൾക്കും ചെയ്യാ​നാ​കുന്ന ഒന്നാണോ ഇത്‌? സാഹി​ത്യ​കൈ​വണ്ടി ഉപയോ​ഗിച്ച് സാക്ഷീ​ക​രണം നടത്തു​ന്ന​തി​നെ​ക്കു​റി​ച്ചെന്ത്? ആശയം ഇതാണ്‌: ഒരുപക്ഷേ ഇത്തരം രീതികൾ നിങ്ങൾക്ക് പുതി​യ​താ​യി​രി​ക്കാം, എന്നാൽ ഈ പുതിയ രീതികൾ ഉപയോ​ഗി​ച്ചു​കൊണ്ട് സുവാർത്ത അറിയി​ക്കു​ന്ന​തി​നെ​ക്കു​റിച്ച് നിങ്ങൾക്ക് എന്തു​കൊണ്ട് ചിന്തി​ച്ചു​കൂ​ടാ?

‘സുവി​ശേ​ഷ​കന്‍റെ വേല ചെയ്യാൻ’ മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പിക്കുക

ഒരു ക്രിയാ​ത്മ​ക​മ​നോ​ഭാ​വം ഉള്ളത്‌ ശുശ്രൂ​ഷ​യിൽ തീക്ഷ്ണ​ത​യും ഉത്സാഹ​വും ഉള്ളവരാ​യി​രി​ക്കാൻ നമ്മളെ സഹായി​ക്കും. മിക്ക​പ്പോ​ഴും നല്ല യോഗ്യ​ത​ക​ളുള്ള പ്രചാ​ര​ക​രാ​യി​രി​ക്കും ആവശ്യം അധിക​മു​ള്ളി​ടത്ത്‌ പോകാ​നോ മറ്റൊരു ഭാഷാ​പ്ര​ദേ​ശത്ത്‌ സേവി​ക്കാ​നോ മനസ്സൊ​രു​ക്കം കാണി​ക്കു​ന്നത്‌. ശുശ്രൂ​ഷ​യിൽ നേതൃ​ത്വം എടുക്കു​ന്നതു പോ​ലെ​യുള്ള കാര്യങ്ങൾ അവർ ചെയ്യു​ന്നത്‌ പലർക്കും ഒരു അനു​ഗ്ര​ഹ​മാണ്‌. കൂടാതെ, പ്രാ​ദേ​ശിക സഹോ​ദ​രങ്ങൾ യോഗ്യത പ്രാപി​ക്കു​ന്ന​തു​വരെ മിഷന​റി​മാർ മിക്ക​പ്പോ​ഴും സഭാകാ​ര്യ​ങ്ങ​ളിൽ നേതൃ​ത്വം എടുക്കു​ന്നു. സ്‌നാ​ന​മേറ്റ ഒരു സഹോ​ദ​ര​നാണ്‌ നിങ്ങ​ളെ​ങ്കിൽ സഭയി​ലുള്ള സഹവി​ശ്വാ​സി​കളെ സേവി​ക്കാൻ സന്നദ്ധനാ​യി​രു​ന്നു​കൊണ്ട് മേൽവി​ചാ​ര​ക​പ​ദ​വി​യി​ലെ​ത്താൻ നിങ്ങൾ ‘യത്‌നി​ക്കു​ന്നു​ണ്ടോ?’—1 തിമൊ. 3:1.

‘ബലപ്പെ​ടു​ത്തുന്ന സഹായം’ ആയിത്തീ​രു​ക

പ്രായോഗിക സഹായം നൽകുക

വയൽശു​ശ്രൂ​ഷ​യിൽ തീക്ഷ്ണ​ത​യോ​ടെ പങ്കുപ​റ്റി​ക്കൊ​ണ്ടും സഭാ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കാൻ ലഭ്യമാ​ക്കി​ക്കൊ​ണ്ടും മാത്രമല്ല, നമുക്ക് സഭയെ സഹായി​ക്കാ​നാ​കുന്ന മറ്റു മേഖല​ക​ളും ഉണ്ട്. ചെറു​പ്പ​ക്കാ​രോ പ്രായ​മാ​യ​വ​രോ പുരു​ഷ​നോ സ്‌ത്രീ​യോ ആരുമാ​യി​ക്കൊ​ള്ളട്ടെ എല്ലാവർക്കും അവശ്യ​സ​മ​യ​ങ്ങ​ളിൽ തങ്ങളുടെ സഹവി​ശ്വാ​സി​കൾക്ക് ‘ബലപ്പെ​ടു​ത്തുന്ന സഹായം’ ആയിരി​ക്കാൻ കഴിയും.—കൊലോ. 4:11.

സഹവി​ശ്വാ​സി​കളെ സഹായി​ക്കു​ന്ന​തിന്‌ നമ്മൾ അവരെ അടുത്ത്‌ അറി​യേ​ണ്ട​തുണ്ട്. നമ്മൾ ഒന്നിച്ച് കൂടു​മ്പോൾ ‘പരസ്‌പരം കരുതൽ കാണി​ക്ക​ണ​മെന്ന് ‘ബൈബിൾ നമ്മളെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. (എബ്രാ. 10:24) ഈ വാക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌ നമ്മൾ മറ്റുള്ള​വ​രു​ടെ വ്യക്തി​പ​ര​മായ കാര്യ​ങ്ങ​ളിൽ തലയി​ടി​ല്ലെ​ങ്കി​ലും നമ്മുടെ സഹോ​ദ​ര​ങ്ങ​ളെ​യും അവരുടെ ആവശ്യ​ങ്ങ​ളെ​യും കുറിച്ച് നമ്മൾ അന്വേ​ഷിച്ച് അറിയു​ക​യും മനസ്സി​ലാ​ക്കു​ക​യും ചെയ്യണ​മെ​ന്നാണ്‌. ചില​പ്പോൾ പ്രാ​യോ​ഗി​ക​സ​ഹാ​യ​മാ​യി​രി​ക്കാം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌, അല്ലെങ്കിൽ വൈകാ​രി​ക​മോ ആത്മീയ​മോ ആയിരി​ക്കാം. എന്തുത​ന്നെ​യാ​യാ​ലും, സഹവി​ശ്വാ​സി​കളെ സഹായി​ക്കുക എന്നത്‌ മൂപ്പന്മാ​രു​ടെ​യും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രു​ടെ​യും മാത്രം ഉത്തരവാ​ദി​ത്വ​മല്ല. ചില സാഹച​ര്യ​ങ്ങ​ളിൽ, ആവശ്യ​മായ സഹായം നേതൃ​ത്വ​മെ​ടു​ക്കുന്ന സഹോ​ദ​ര​ങ്ങൾതന്നെ കൊടു​ക്കു​ന്ന​താ​യി​രി​ക്കും ഉചിതം. (ഗലാ. 6:1) എങ്കിലും പ്രശ്‌നങ്ങൾ നേരി​ടുന്ന പ്രായ​മായ സഹോ​ദ​ര​ങ്ങ​ളെ​യോ കുടും​ബ​ങ്ങ​ളെ​യോ സഹായി​ക്കാൻ നമു​ക്കെ​ല്ലാ​വർക്കും സാധി​ച്ചേ​ക്കും.

ജീവി​തോത്‌കണ്‌ഠ​ക​ളു​മാ​യി മല്ലടി​ക്കു​ന്ന​വർക്ക് വൈകാ​രി​ക​പി​ന്തുണ നൽകുക

ഉദാഹ​ര​ണ​ത്തിന്‌, ഒരു സാമ്പത്തി​ക​പ്ര​തി​സന്ധി നേരി​ട്ട​പ്പോൾ സാൽവ​റ്റോ​റിന്‌ തന്‍റെ ബിസി​നെ​സ്സും വീടും വസ്‌തു​വ​ക​ക​ളും എല്ലാം വിൽക്കേ​ണ്ടി​വന്നു. ഈ പ്രതി​സ​ന്ധി​യിൽനിന്ന് തനിക്കും കുടും​ബ​ത്തി​നും എങ്ങനെ കരകയ​റാ​നാ​കു​മെന്ന് അദ്ദേഹം ഉത്‌കണ്‌ഠ​പ്പെട്ടു. അതേ സഭയി​ലു​ണ്ടാ​യി​രുന്ന മറ്റൊരു കുടും​ബം സഹോ​ദ​രന്‍റെ അവസ്ഥ മനസ്സി​ലാ​ക്കി. അവർ സാമ്പത്തി​ക​മാ​യി പിന്തു​ണ​ച്ചെന്ന് മാത്രമല്ല, സാൽവ​റ്റോർ സഹോ​ദ​ര​നെ​യും സഹോ​ദ​രി​യെ​യും ജോലി കണ്ടുപി​ടി​ക്കാൻ സഹായി​ക്കു​ക​യും ചെയ്‌തു. കൂടാതെ പല സായാ​ഹ്ന​ങ്ങ​ളി​ലും അവർ സാൽവ​റ്റോർ സഹോ​ദ​ര​നോ​ടും കുടും​ബ​ത്തോ​ടും ഒപ്പം അവരുടെ പ്രശ്‌നങ്ങൾ ശ്രദ്ധി​ക്കാ​നും അവരെ ബലപ്പെ​ടു​ത്താ​നും ആയി സമയം ചെലവ​ഴി​ച്ചു. വർഷങ്ങ​ളാ​യി നിലനിൽക്കുന്ന ഒരു സൗഹൃദം ഇരുകു​ടും​ബ​ങ്ങൾക്കു​മി​ട​യിൽ ഉടലെ​ടു​ത്തു. ഉത്‌കണ്‌ഠ നിറഞ്ഞ സമയങ്ങ​ളി​ലൂ​ടെ​യാണ്‌ കടന്നു​പോ​യ​തെ​ങ്കി​ലും അന്ന് ഒരുമി​ച്ചു ചെലവ​ഴിച്ച ആ കാല​ത്തേക്ക് തിരി​ഞ്ഞു​നോ​ക്കു​മ്പോൾ ഇരുകൂ​ട്ടർക്കും സന്തോ​ഷി​ക്കാൻ കാരണ​ങ്ങ​ളേറെ!

സത്യ​ക്രിസ്‌ത്യാ​നി​കളെ സംബന്ധിച്ച് മതം സ്വകാ​ര്യ​മായ ഒരു സംഗതി​യല്ല. ബൈബി​ളി​ലെ മഹത്തായ വാഗ്‌ദാ​നങ്ങൾ മറ്റുള്ള​വരെ അറിയി​ക്കണം എന്ന് യേശു​വി​ന്‍റെ മാതൃക നമുക്ക് കാണി​ച്ചു​ത​രു​ന്നു. മാറി​ത്താ​മ​സി​ക്കാൻ കഴിയുന്ന ഒരു സാഹച​ര്യ​ത്തി​ലാ​ണെ​ങ്കി​ലും അല്ലെങ്കി​ലും സകലർക്കും നന്മ ചെയ്യു​ന്ന​തിൽ നമുക്കു കഴിവി​ന്‍റെ പരമാ​വധി ശ്രമി​ക്കാം. നമ്മൾ ഇപ്പോൾ സേവി​ക്കുന്ന സഭയിൽത്തന്നെ അത്‌ ചെയ്യാ​നുള്ള ധാരാളം അവസര​ങ്ങ​ളുണ്ട്. (ഗലാ. 6:10) അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ കൊടു​ക്കു​ന്ന​തി​ന്‍റെ സന്തോഷം നമുക്ക് ആസ്വദി​ക്കാ​നാ​കും; ‘സകല സത്‌പ്ര​വൃ​ത്തി​യി​ലും ഫലം കായ്‌ക്കാൻ’ നമുക്ക് സഹായം ലഭിക്കു​ക​യും ചെയ്യും.—കൊലോ. 1:10; പ്രവൃ. 20:35.