വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രയോ​ജ​ന​ക​ര​മായ താരത​മ്യം

നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രയോ​ജ​ന​ക​ര​മായ താരത​മ്യം

നിങ്ങൾ ഒരു ക്രൈ​സ്‌ത​വ​വി​ശ്വാ​സി​യാ​ണോ? അങ്ങനെ​യെ​ങ്കിൽ ക്രിസ്‌തു​വി​ന്‍റെ അനുഗാ​മി​ക​ളെന്ന് അവകാ​ശ​പ്പെ​ടുന്ന 200 കോടി​യി​ല​ധി​കം ആളുക​ളിൽ ഒരാളാ​ണു നിങ്ങൾ. ലോക​ജ​ന​സം​ഖ്യ​യു​ടെ ഏകദേശം മൂന്നിൽ ഒരു ഭാഗം ക്രൈ​സ്‌ത​വ​രാണ്‌. ഇന്ന് ആയിര​ക്ക​ണ​ക്കി​നു ക്രൈ​സ്‌ത​വ​മ​ത​വി​ഭാ​ഗ​ങ്ങ​ളുണ്ട്. പക്ഷേ അവയു​ടെ​യെ​ല്ലാം പഠിപ്പി​ക്ക​ലു​ക​ളും ആശയങ്ങ​ളും വ്യത്യ​സ്‌ത​ങ്ങ​ളാണ്‌. അതു​കൊണ്ട് മറ്റു ക്രൈ​സ്‌ത​വ​രിൽനിന്ന് നിങ്ങളു​ടെ വിശ്വാ​സ​ങ്ങൾക്കു വളരെ വ്യത്യാ​സം കാണും. നിങ്ങൾ എന്തു വിശ്വ​സി​ക്കു​ന്നു എന്നതു പ്രധാ​ന​മാ​ണോ? ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന തരം ക്രിസ്‌ത്യാ​നി​ത്വം ആചരി​ക്കാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തെ​ങ്കിൽ അതു വളരെ പ്രധാ​ന​മാണ്‌.

യേശു​ക്രി​സ്‌തു​വി​ന്‍റെ ആദ്യകാ​ലത്തെ അനുഗാ​മി​കൾ “ക്രിസ്‌ത്യാ​നി​കൾ” എന്ന് അറിയ​പ്പെ​ടാൻതു​ടങ്ങി. (പ്രവൃ​ത്തി​കൾ 11:26) അവരെ തിരി​ച്ച​റി​യി​ക്കാൻ വേറെ ഒരു പേരിന്‍റെ ആവശ്യ​മി​ല്ലാ​യി​രു​ന്നു. കാരണം ഒരേ ഒരു ക്രിസ്‌തീ​യ​വി​ശ്വാ​സം മാത്രമേ അന്നുണ്ടാ​യി​രു​ന്നു​ള്ളൂ. ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്‍റെ സ്ഥാപക​നായ യേശു​ക്രി​സ്‌തു​വി​ന്‍റെ പഠിപ്പി​ക്ക​ലു​ക​ളും നിർദേ​ശ​ങ്ങ​ളും അവരെ​ല്ലാം ഒരു​പോ​ലെ പിൻപറ്റി. നിങ്ങളു​ടെ സഭയുടെ കാര്യ​മോ? ക്രിസ്‌തു പഠിപ്പി​ച്ച​തും ക്രിസ്‌തു​വി​ന്‍റെ ആദ്യകാ​ലത്തെ അനുഗാ​മി​കൾ വിശ്വ​സി​ച്ചി​രു​ന്ന​തും ആയ കാര്യ​ങ്ങ​ളാ​ണു നിങ്ങളു​ടെ സഭ പഠിപ്പി​ക്കു​ന്ന​തെന്നു നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ? അത്‌ അങ്ങനെ​ത​ന്നെ​യാ​ണോ എന്ന് എങ്ങനെ ഉറപ്പാ​ക്കാം? ഒരു വഴിയേ ഉള്ളൂ—ബൈബി​ളി​നെ ഒരു അളവു​കോ​ലാ​യി ഉപയോ​ഗി​ക്കുക.

ഇതു ചിന്തി​ക്കുക: തിരു​വെ​ഴു​ത്തു​കൾ ദൈവ​ത്തി​ന്‍റെ വാക്കു​ക​ളാ​യ​തു​കൊണ്ട് യേശു​വിന്‌ അവയോട്‌ ആഴമായ ആദരവു​ണ്ടാ​യി​രു​ന്നു. മാനു​ഷ​പാ​ര​മ്പ​ര്യ​ങ്ങൾക്കു പ്രാധാ​ന്യം കൊടുത്ത്‌ ബൈബി​ളി​ന്‍റെ പഠിപ്പി​ക്ക​ലിൽ വെള്ളം ചേർത്ത​വരെ യേശു ഒരിക്ക​ലും അംഗീ​ക​രി​ച്ചില്ല. (മർക്കോസ്‌ 7:9-13) അതു​കൊണ്ട് യഥാർഥ​ത്തിൽ യേശു​വി​നെ അനുഗ​മി​ക്കു​ന്ന​വ​രു​ടെ വിശ്വാ​സ​ങ്ങൾക്ക് അടിസ്ഥാ​നം ബൈബി​ളാ​യി​രി​ക്കും എന്ന് ഉറപ്പി​ക്കാം. ഇതിന്‍റെ അടിസ്ഥാ​ന​ത്തിൽ ഓരോ ക്രിസ്‌ത്യാ​നി​യും തന്നോ​ടു​തന്നെ ഈ ചോദ്യം ചോദി​ക്കണം: ‘എന്‍റെ സഭയുടെ പഠിപ്പി​ക്ക​ലു​കൾ ബൈബി​ളു​മാ​യി ചേർച്ച​യി​ലാ​ണോ?’ അതിന്‌ ഉത്തരം കിട്ടാൻ നിങ്ങളു​ടെ സഭ പഠിപ്പി​ക്കുന്ന കാര്യ​ങ്ങ​ളും ബൈബി​ളും തമ്മിൽ ഒന്നു താരത​മ്യം ചെയ്യുക.

നമ്മുടെ ആരാധന സത്യത്തി​നു ചേർച്ച​യി​ലാ​യി​രി​ക്ക​ണ​മെന്നു യേശു പറഞ്ഞു. ആ സത്യം നമുക്കു ബൈബി​ളിൽ കാണാം. (യോഹ​ന്നാൻ 4:24; 17:17) നമ്മുടെ രക്ഷ ‘സത്യത്തി​ന്‍റെ പരിജ്ഞാ​നം’ നേടു​ന്ന​തി​നെ ആശ്രയി​ച്ചി​രി​ക്കു​ന്നു​വെന്ന് അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞു. (1 തിമൊ​ഥെ​യൊസ്‌ 2:4) അതു​കൊണ്ട് നമ്മുടെ വിശ്വാ​സങ്ങൾ ബൈബി​ളി​ലെ സത്യത്തിൽ അടിസ്ഥാ​ന​പ്പെ​ട്ടി​രി​ക്കേ​ണ്ടതു വളരെ പ്രധാ​ന​മാണ്‌. നമ്മുടെ രക്ഷതന്നെ അതിനെ ആശ്രയി​ച്ചി​രി​ക്കു​ന്നു!

നമ്മുടെ വിശ്വാ​സ​ങ്ങ​ളും ബൈബി​ളും തമ്മിലുള്ള താരത​മ്യം

ഈ ലേഖന​ത്തോ​ടൊ​പ്പ​മുള്ള ആറു ചോദ്യ​ങ്ങൾ വായി​ക്കാ​നും അതിനു ബൈബിൾ നൽകുന്ന ഉത്തരങ്ങൾ നോക്കാ​നും ഞങ്ങൾ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. പരാമർശി​ച്ചി​രി​ക്കുന്ന ബൈബിൾവാ​ക്യ​ങ്ങൾ എടുത്തു​നോ​ക്കുക, ഉത്തരങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കുക. എന്നിട്ട് സ്വയം ഇങ്ങനെ ചോദി​ക്കുക: ‘എന്‍റെ സഭയുടെ പഠിപ്പി​ക്ക​ലു​കൾ ബൈബി​ളു​മാ​യി ചേർച്ച​യി​ലാ​ണോ?’

നിങ്ങൾക്കു ജീവി​ത​ത്തിൽ ഏറ്റവും പ്രയോ​ജനം ചെയ്‌തേ​ക്കാ​വുന്ന ഒരു താരത​മ്യം നടത്താൻ ഈ ചോദ്യ​ങ്ങ​ളും ഉത്തരങ്ങ​ളും സഹായി​ക്കും. നിങ്ങളു​ടെ സഭ പഠിപ്പി​ക്കുന്ന മറ്റു കാര്യ​ങ്ങ​ളും ബൈബി​ളും തമ്മിൽ ഒത്തു​നോ​ക്കാൻ നിങ്ങൾക്ക് ആഗ്രഹ​മു​ണ്ടോ? സൗജന്യ​മാ​യി ശരിയായ ബൈബിൾസ​ത്യം മനസ്സി​ലാ​ക്കു​ന്ന​തി​നു നിങ്ങളെ സഹായി​ക്കാൻ യഹോ​വ​യു​ടെ സാക്ഷി​കൾക്കു സന്തോ​ഷമേ ഉള്ളൂ. അങ്ങനെ നിങ്ങൾ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, ബൈബിൾ പഠിപ്പി​ക്കാ​മോ എന്ന് ഒരു യഹോ​വ​യു​ടെ സാക്ഷി​യോ​ടു ചോദി​ക്കുക. അല്ലെങ്കിൽ ഞങ്ങളുടെ വെബ്‌​സൈ​റ്റായ jw.org സന്ദർശി​ക്കുക. ▪ (w16-E No. 4)