വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“പോയി സകല ജനതക​ളി​ലും​പെട്ട ആളുകളെ ശിഷ്യ​രാ​ക്കി​ക്കൊ​ള്ളു​വിൻ”

“പോയി സകല ജനതക​ളി​ലും​പെട്ട ആളുകളെ ശിഷ്യ​രാ​ക്കി​ക്കൊ​ള്ളു​വിൻ”

“പോയി സകല ജനതക​ളി​ലും​പെട്ട ആളുകളെ ശിഷ്യ​രാ​ക്കി​ക്കൊ​ള്ളു​വിൻ. . . . അവരെ സ്‌നാനം കഴിപ്പി​ക്കു​ക​യും ഞാൻ നിങ്ങ​ളോ​ടു കൽപ്പി​ച്ച​തൊ​ക്കെ​യും പ്രമാ​ണി​ക്കാൻ തക്കവണ്ണം പഠിപ്പി​ക്കു​ക​യും ചെയ്യു​വിൻ.”—മത്താ. 28:19, 20.

ഗീതം: 141, 97

1, 2. മത്തായി 24:14-ലെ യേശു​വി​ന്‍റെ വാക്കുകൾ ഏത്‌ ചോദ്യ​ങ്ങൾ ഉയർത്തു​ന്നു?

അന്ത്യകാ​ലത്ത്‌ ദൈവ​രാ​ജ്യ​ത്തി​ന്‍റെ സുവി​ശേഷം സകല മനുഷ്യ​രോ​ടും പ്രസം​ഗി​ക്ക​പ്പെ​ടു​മെന്ന് യേശു മുൻകൂ​ട്ടി പറഞ്ഞു. (മത്താ. 24:14) യഹോ​വ​യു​ടെ സാക്ഷികൾ എന്ന നിലയിൽ നമ്മൾ ലോക​വ്യാ​പ​ക​മാ​യി പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ പേരു കേട്ടവ​രാണ്‌. നമ്മൾ പറയുന്ന സന്ദേശം ചിലർക്ക് ഇഷ്ടമാണ്‌, എന്നാൽ മറ്റു ചിലർക്ക് അത്‌ ഇഷ്ടമല്ല. നമ്മൾ പറയു​ന്നത്‌ കേൾക്കാൻ ഇഷ്ടമി​ല്ലാത്ത ചിലർപോ​ലും നമ്മുടെ പ്രവർത്ത​ന​ത്തി​ന്‍റെ പേരിൽ നമ്മളെ ആദരി​ക്കു​ന്നു. യേശു മുൻകൂ​ട്ടി പറഞ്ഞ ആ വേല ചെയ്യു​ന്നത്‌ നമ്മൾ മാത്ര​മാ​ണെന്ന് നമ്മൾ അവകാ​ശ​പ്പെ​ടു​ന്നു. ഇങ്ങനെ പറയാ​നുള്ള അവകാശം നമുക്കു​ണ്ടോ? യേശു മുൻകൂ​ട്ടി പറഞ്ഞ അതേ പ്രസം​ഗ​പ്ര​വർത്തനം തന്നെയാണ്‌ നമ്മൾ ചെയ്യു​ന്ന​തെന്ന് നമുക്ക് എങ്ങനെ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും?

2 യേശു അറിയിച്ച സന്ദേശം തന്നെയാണ്‌ തങ്ങളും അറിയി​ക്കു​ന്ന​തെന്ന് പല മതവി​ഭാ​ഗ​ങ്ങ​ളും അവകാ​ശ​പ്പെ​ടു​ന്നു. എന്നാൽ അവരുടെ പ്രസംഗം, പള്ളിയി​ലും ടെലി​വി​ഷ​നി​ലും ഇന്‍റർനെ​റ്റി​ലും മാത്ര​മാ​യി ഒതുങ്ങു​ന്നു. അതുമ​ല്ലെ​ങ്കിൽ അവർ യേശു​വി​നെ​ക്കു​റി​ച്ചുള്ള അനുഭ​വ​സാ​ക്ഷ്യ​ങ്ങൾ പറഞ്ഞ് തൃപ്‌തി​പ്പെ​ടു​ന്നു. കാരു​ണ്യ​പ്ര​വർത്ത​നങ്ങൾ ചെയ്യു​ന്ന​തും, ചികി​ത്സാ​രം​ഗ​ത്തും വിദ്യാ​ഭ്യാ​സ​രം​ഗ​ത്തും ഒക്കെ കഴിയു​ന്നി​ട​ത്തോ​ളം സേവനങ്ങൾ ചെയ്യു​ന്ന​തും ആണ്‌ പ്രസം​ഗ​പ്ര​വർത്ത​ന​മെന്ന് ചിലർ വിചാ​രി​ക്കു​ന്നു. എന്നാൽ പ്രസം​ഗ​പ്ര​വർത്തനം എന്നു പറഞ്ഞ​പ്പോൾ യേശു ഉദ്ദേശി​ച്ചത്‌ ഇതൊ​ക്കെ​യാ​ണോ?

3. മത്തായി 28:19, 20-ലെ കല്‌പ​ന​യ​നു​സ​രിച്ച് യേശു​വി​ന്‍റെ അനുഗാ​മി​കൾ എന്തൊക്കെ ചെയ്യണം?

3 യേശു​വി​ന്‍റെ ശിഷ്യ​ന്മാർ ആളുകൾ തങ്ങളുടെ അടു​ത്തേക്ക് വരുന്ന​തും കാത്ത്‌ ഇരിക്ക​ണ​മാ​യി​രു​ന്നോ? വേണ്ടാ​യി​രു​ന്നു. പുനരു​ത്ഥാ​നം പ്രാപി​ച്ച​ശേഷം നൂറു​ക​ണ​ക്കിന്‌ ശിഷ്യ​ന്മാ​രോ​ടാ​യി യേശു പറഞ്ഞു: “നിങ്ങൾ പോയി സകല ജനതക​ളി​ലും​പെട്ട ആളുകളെ ശിഷ്യ​രാ​ക്കി​ക്കൊ​ള്ളു​വിൻ. . . . അവരെ സ്‌നാനം കഴിപ്പി​ക്കു​ക​യും ഞാൻ നിങ്ങ​ളോ​ടു കൽപ്പി​ച്ച​തൊ​ക്കെ​യും പ്രമാ​ണി​ക്കാൻ തക്കവണ്ണം പഠിപ്പി​ക്കു​ക​യും ചെയ്യു​വിൻ.” (മത്താ. 28:19, 20) അതു​കൊണ്ട് യേശു​വി​ന്‍റെ അനുഗാ​മി​കൾ എന്ന നിലയിൽ നമ്മൾ നാലു കാര്യങ്ങൾ ചെയ്യണം. ആളുകളെ ശിഷ്യ​രാ​ക്കണം, സ്‌നാ​ന​മേൽക്കു​ന്ന​തിന്‌ സഹായി​ക്കണം, പഠിപ്പി​ക്കണം. എന്നാൽ ആദ്യം നമ്മൾ ആളുക​ളു​ടെ അടുക്ക​ലേക്ക് പോകണം. ഒരു ബൈബിൾപ​ണ്ഡി​തൻ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: ‘“പോകുക” എന്നത്‌ ഓരോ വിശ്വാ​സി​യു​ടെ​യും ദൗത്യ​മാണ്‌. അത്‌ അയൽവീ​ട്ടി​ലേ​ക്കാ​ണെ​ങ്കി​ലും ശരി, അയൽനാ​ട്ടി​ലേ​ക്കാ​ണെ​ങ്കി​ലും ശരി.’—മത്താ. 10:7; ലൂക്കോ. 10:3.

4. ‘മനുഷ്യ​രെ പിടി​ക്കു​ന്നവർ’ ആകുന്ന​തിൽ ഉൾപ്പെ​ടു​ന്നത്‌ എന്താണ്‌?

4 ശിഷ്യ​ന്മാർ ഓരോ​രു​ത്ത​രും ഒറ്റയ്‌ക്കൊ​റ്റയ്‌ക്ക് പ്രസം​ഗി​ക്കാ​നാ​ണോ അതോ ഒരു കൂട്ടമെന്ന നിലയിൽ സംഘടി​ത​മാ​യി പ്രവർത്തി​ക്കാ​നാ​ണോ യേശു പ്രതീ​ക്ഷി​ച്ചത്‌? ഒരാൾക്ക് ഒറ്റയ്‌ക്ക് “സകല ജനതക​ളി​ലും​പെട്ട” ആളുക​ളോട്‌ പ്രസം​ഗി​ക്കാൻ കഴിയാ​ത്ത​തു​കൊണ്ട് ശിഷ്യ​ന്മാർ ഒരു കൂട്ടമെന്ന നിലയിൽ സംഘടി​ത​രാ​യി​രി​ക്ക​ണ​മാ​യി​രു​ന്നു. “നിങ്ങളെ മനുഷ്യ​രെ പിടി​ക്കു​ന്ന​വ​രാ​ക്കും” എന്നു ശിഷ്യ​ന്മാ​രോട്‌ പറഞ്ഞ​പ്പോൾ യേശു അതാണ്‌ അർഥമാ​ക്കി​യത്‌. (മത്തായി 4:18-22 വായി​ക്കുക.) അല്ലാതെ, മീൻ തന്‍റെ ചൂണ്ടയിൽ വന്ന് കൊത്തു​ന്ന​തും കാത്തി​രി​ക്കുന്ന ഒരു മീൻപി​ടു​ത്ത​ക്കാ​രനല്ല യേശു​വി​ന്‍റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌. പല ആളുകൾ ചേർന്ന്, സംഘടി​ത​മാ​യി, കഠിനാ​ധ്വാ​നം ചെയ്‌ത്‌, വല ഉപയോ​ഗിച്ച് മീൻ പിടി​ക്കു​ന്ന​തി​നെ​യാണ്‌ യേശു ഉദ്ദേശി​ച്ചത്‌.—ലൂക്കോ. 5:1-11.

5. ഉത്തരം ലഭിക്കേണ്ട നാലു ചോദ്യ​ങ്ങൾ ഏതെല്ലാ​മാണ്‌, എന്തു​കൊണ്ട്?

5 ഇന്ന് സുവി​ശേഷം പ്രസം​ഗി​ക്കു​ന്നത്‌ ആരാ​ണെന്ന് അറിയാൻ പിൻവ​രുന്ന നാലു ചോദ്യ​ങ്ങൾ നമ്മളെ സഹായി​ക്കും:

  • യേശു​വി​ന്‍റെ അനുഗാ​മി​കൾ പ്രസം​ഗി​ക്കേണ്ട സന്ദേശം എന്താണ്‌?

  • പ്രസം​ഗി​ക്കു​മ്പോൾ അവരുടെ ആന്തരം എന്തായി​രി​ക്കണം?

  • പ്രസം​ഗി​ക്കാ​നാ​യി അവർ ഏതെല്ലാം രീതികൾ ഉപയോ​ഗി​ക്കണം?

  • പ്രസം​ഗ​പ്ര​വർത്തനം എത്ര​ത്തോ​ളം വ്യാപ​ക​മാ​യി​രി​ക്കണം, അത്‌ എത്ര കാലം ചെയ്യണം?

ജീവര​ക്ഷാ​ക​ര​മാ​യ ഈ പ്രവർത്തനം ചെയ്യു​ന്നത്‌ ആരാ​ണെന്നു മനസ്സി​ലാ​ക്കാ​നും പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ തുടരാ​നും ഉള്ള നമ്മുടെ ആഗ്രഹം ശക്തമാ​ക്കാ​നും ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരം സഹായി​ക്കും.—1 തിമൊ. 4:16.

പ്രസം​ഗി​ക്കേണ്ട സന്ദേശം എന്തായി​രി​ക്കണം?

6. യഹോ​വ​യു​ടെ സാക്ഷികൾ അറിയി​ക്കു​ന്നത്‌ ശരിയായ സന്ദേശ​മാ​ണെന്ന് നിങ്ങൾക്ക് ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്?

6 ലൂക്കോസ്‌ 4:43 വായി​ക്കുക. യേശു പ്രസം​ഗി​ച്ചത്‌ “ദൈവ​രാ​ജ്യ​ത്തി​ന്‍റെ സുവി​ശേഷം” ആയിരു​ന്നു. തന്‍റെ അനുഗാ​മി​ക​ളും അതുതന്നെ ചെയ്യാ​നാണ്‌ യേശു ആഗ്രഹി​ക്കു​ന്നത്‌. ഏത്‌ കൂട്ടം ആളുക​ളാണ്‌ ആ സന്ദേശം എല്ലാവ​രെ​യും അറിയി​ക്കു​ന്നത്‌? യഹോ​വ​യു​ടെ സാക്ഷികൾ മാത്രം! നമ്മളെ ഇഷ്ടമി​ല്ലാ​ത്ത​വർപോ​ലും അത്‌ സമ്മതി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, പല രാജ്യ​ങ്ങ​ളിൽ പ്രവർത്തി​ച്ചി​ട്ടുള്ള മിഷന​റി​യാ​യി​രുന്ന ഒരു പുരോ​ഹി​തൻ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാ​ളോട്‌ എന്താണ്‌ പറഞ്ഞ​തെന്ന് നോക്കാം. അദ്ദേഹം പോയ എല്ലാ സ്ഥലങ്ങളി​ലും ‘നിങ്ങൾ എന്ത് സന്ദേശ​മാണ്‌ അറിയി​ക്കു​ന്നത്‌’ എന്ന് യഹോ​വ​യു​ടെ സാക്ഷി​ക​ളോട്‌ ചോദി​ക്കു​മാ​യി​രു​ന്നു. പുരോ​ഹി​തൻ പറയുന്നു: “അവരെ​ല്ലാ​വ​രും മണ്ടന്മാ​രാണ്‌. കാരണം അവർക്കെ​ല്ലാം ഒരു ഉത്തരമേ പറയാ​നു​ണ്ടാ​യി​രു​ന്നു​ള്ളൂ: ‘ദൈവ​രാ​ജ്യ​ത്തി​ന്‍റെ സുവി​ശേഷം.’” യഥാർഥ​ത്തിൽ ആ പുരോ​ഹി​തന്‍റെ വാക്കുകൾ തെളി​യി​ക്കു​ന്നത്‌ നമ്മൾ മണ്ടന്മാ​രാ​ണെന്നല്ല, പകരം സത്യ​ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയിൽ നമ്മൾ ഐക്യ​മു​ള്ള​വ​രാണ്‌ എന്നാണ്‌. (1 കൊരി. 1:10) വീക്ഷാ​ഗോ​പു​രം യഹോ​വ​യു​ടെ രാജ്യത്തെ പ്രസി​ദ്ധ​മാ​ക്കു​ന്നു എന്ന മാസി​ക​യു​ടെ പ്രധാ​ന​സ​ന്ദേ​ശ​വും ദൈവ​രാ​ജ്യം​ത​ന്നെ​യാണ്‌. ഈ മാസി​ക​യു​ടെ ഓരോ ലക്കത്തി​ന്‍റെ​യും ശരാശരി 5 കോടി 90 ലക്ഷം കോപ്പി​കൾ 254 ഭാഷക​ളി​ലാ​യി അച്ചടി​ക്കു​ന്നുണ്ട്. അതു​കൊണ്ട് ഇത്‌ ലോക​ത്തിൽ ഏറ്റവും കൂടുതൽ വിതരണം ചെയ്യ​പ്പെ​ടുന്ന മാസി​ക​യാ​യി​ത്തീർന്നി​രി​ക്കു​ന്നു.

7. ക്രൈസ്‌ത​വ​മ​ത​നേ​താ​ക്ക​ന്മാർ ശരിയായ സന്ദേശമല്ല പ്രസം​ഗി​ക്കു​ന്ന​തെന്ന് നമുക്ക് എങ്ങനെ അറിയാം?

7 ക്രൈസ്‌ത​വ​മ​ത​നേ​താ​ക്ക​ന്മാർ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചല്ല പ്രസം​ഗി​ക്കു​ന്നത്‌. ഇനി അവർ അതെക്കു​റിച്ച് എന്തെങ്കി​ലും പറഞ്ഞാൽത്തന്നെ അത്‌ ഒരു വ്യക്തി​യു​ടെ ഹൃദയ​ത്തി​ലെ അവസ്ഥ മാത്ര​മാ​ണെ​ന്നാണ്‌ പറയു​ന്നത്‌. (ലൂക്കോ. 17:21) ദൈവ​രാ​ജ്യം ഒരു യഥാർഥ സ്വർഗീ​യ​ഗ​വ​ണ്മെ​ന്‍റാ​ണെ​ന്നും യേശു അതിന്‍റെ രാജാ​വാ​ണെ​ന്നും അവർ പഠിപ്പി​ക്കു​ന്നില്ല. ക്രിസ്‌മ​സി​ന്‍റെ സമയത്ത്‌ ഒരു ശിശു​വാ​യും ഈസ്റ്ററി​ന്‍റെ സമയത്ത്‌, മരിച്ചു​പോയ ഒരാളാ​യി​ട്ടും ആണ്‌ അവർ യേശു​വി​നെ കണക്കാ​ക്കു​ന്നത്‌. ദൈവ​രാ​ജ്യം മുഴു​മ​നു​ഷ്യ​രു​ടെ​യും പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​മെ​ന്നോ ഭൂമി​യിൽനിന്ന് ദുഷ്ടത നീക്കു​മെ​ന്നോ അവർ പഠിപ്പി​ക്കാ​റില്ല. (വെളി. 19:11-21) ക്രൈസ്‌ത​വ​മ​ത​നേ​താ​ക്ക​ന്മാർക്ക് ദൈവ​രാ​ജ്യ​ത്തി​ന്‍റെ രാജാ​വെന്ന നിലയിൽ യേശു എന്തു ചെയ്യു​മെന്ന് അറിയില്ല. യേശു​വി​ന്‍റെ സന്ദേശം മനസ്സി​ലാ​കാ​ത്ത​തു​കൊണ്ട് പ്രസം​ഗി​ക്കേ​ണ്ടത്‌ എന്തിനാ​ണെ​ന്നും അവർക്ക് അറിയില്ല.

പ്രസം​ഗി​ക്കു​മ്പോൾ നമ്മുടെ ആന്തരം എന്തായി​രി​ക്കണം?

8. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടു​ന്ന​തി​നു പിന്നിലെ ചിലരു​ടെ തെറ്റായ ആന്തരം എന്താണ്‌?

8 പണം ഉണ്ടാക്കാ​നോ മണി​മേ​ടകൾ കെട്ടി​പ്പൊ​ക്കാ​നോ വേണ്ടി​യാ​യി​രി​ക്ക​രുത്‌ യേശു​വി​ന്‍റെ അനുഗാ​മി​കൾ പ്രസം​ഗി​ക്കു​ന്നത്‌. തന്‍റെ അനുഗാ​മി​ക​ളോട്‌ യേശു പറഞ്ഞു: “സൗജന്യ​മാ​യി നിങ്ങൾക്കു ലഭിച്ചു; സൗജന്യ​മാ​യി​ത്തന്നെ കൊടു​ക്കു​വിൻ.” (മത്താ. 10:8) അതു​കൊണ്ട്, പ്രസം​ഗ​പ്ര​വർത്തനം ഒരു കച്ചവടം ആയിരി​ക്ക​രുത്‌. (2 കൊരി. 2:17) യേശു​വി​ന്‍റെ അനുഗാ​മി​കൾ പ്രസം​ഗി​ക്കു​ന്ന​തിന്‌ കൂലി ചോദി​ക്ക​രുത്‌. (പ്രവൃ​ത്തി​കൾ 20:33-35 വായി​ക്കുക.) യേശു​വി​ന്‍റെ നിർദേശം വളരെ വ്യക്തമാ​ണെ​ങ്കി​ലും പള്ളി പരിപാ​ലി​ക്കു​ന്ന​തി​നും പുരോ​ഹി​ത​ന്മാർക്കും മറ്റ്‌ ജീവന​ക്കാർക്കും ഒക്കെ ശമ്പളം കൊടു​ക്കു​ന്ന​തി​നും വേണ്ടി പണപ്പി​രിവ്‌ നടത്തു​ന്ന​തി​ലാണ്‌ മിക്ക ക്രൈസ്‌ത​വ​സ​ഭ​ക​ളു​ടെ​യും ശ്രദ്ധ. അതിന്‍റെ ഫലമായി അനേകം മതനേ​താ​ക്ക​ന്മാ​രും സമ്പന്നരാ​യി മാറി​യി​രി​ക്കു​ന്നു.—വെളി. 17:4, 5.

9. ശരിയായ ആന്തര​ത്തോ​ടെ​യാണ്‌ പ്രസം​ഗ​പ്ര​വർത്തനം നടത്തു​ന്ന​തെന്ന് യഹോ​വ​യു​ടെ സാക്ഷികൾ എങ്ങനെ തെളി​യി​ച്ചി​രി​ക്കു​ന്നു?

9 രാജ്യ​ഹാ​ളി​ലോ കൺ​വെൻ​ഷ​നു​ക​ളി​ലോ യഹോ​വ​യു​ടെ സാക്ഷികൾ പണപ്പി​രിവ്‌ നടത്തു​ന്നു​ണ്ടോ? ഇല്ല! ആളുകൾ സ്വമന​സ്സാ​ലെ നൽകുന്ന സംഭാ​വ​നകൾ ഉപയോ​ഗി​ച്ചാണ്‌ അവരുടെ പ്രവർത്ത​നങ്ങൾ നടക്കു​ന്നത്‌. (2 കൊരി. 9:7) കഴിഞ്ഞ വർഷം യഹോ​വ​യു​ടെ സാക്ഷികൾ 193 കോടി​യി​ല​ധി​കം മണിക്കൂർ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ചെലവ​ഴി​ക്കു​ക​യും ഓരോ മാസവും താത്‌പ​ര്യ​ക്കാ​രു​മൊത്ത്‌ 90 ലക്ഷത്തി​ല​ധി​കം ബൈബിൾപ​ഠ​നങ്ങൾ നടത്തു​ക​യും ചെയ്‌തു. ഇത്‌ അവർ പണം വാങ്ങിയല്ല, സ്വന്തം ചെലവി​ലാണ്‌ ചെയ്‌തത്‌. ഒരു ഗവേഷകൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തെ​ക്കു​റിച്ച് ഇങ്ങനെ പറഞ്ഞു: “അവരുടെ പ്രധാ​ന​ല​ക്ഷ്യം പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യുക എന്നതാണ്‌.” യഹോ​വ​യു​ടെ സാക്ഷി​കൾക്കി​ട​യിൽ പുരോ​ഹി​ത​ന്മാർ ഇല്ലാത്ത​തു​കൊണ്ട് അവർക്ക് പണം ലാഭി​ക്കാ​നാ​കു​ന്നു എന്നും അദ്ദേഹം അഭി​പ്രാ​യ​പ്പെട്ടു. നമ്മൾ പ്രസം​ഗി​ക്കു​ന്നത്‌ പണത്തി​നു​വേ​ണ്ടി​യ​ല്ലെ​ങ്കിൽപ്പി​ന്നെ നമ്മുടെ ലക്ഷ്യം എന്താണ്‌? യഹോ​വ​യെ​യും ആളുക​ളെ​യും സ്‌നേ​ഹി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ നമ്മൾ മനസ്സോ​ടെ ഇത്‌ ചെയ്യു​ന്നത്‌. നമ്മുടെ ഈ മനോ​ഭാ​വം സങ്കീർത്തനം 110:3-ൽ (വായി​ക്കുക.) പറഞ്ഞി​രി​ക്കുന്ന പ്രവച​ന​ത്തി​ന്‍റെ നിവൃ​ത്തി​യാണ്‌.

ഏതൊക്കെ രീതികൾ ഉപയോ​ഗി​ക്കണം?

ആളുകളെ കണ്ടെത്താൻ കഴിയു​ന്നി​ട​ത്തെ​ല്ലാം നമ്മൾ പ്രസം​ഗി​ക്കു​ന്നു (10-‍ാ‍ം ഖണ്ഡിക കാണുക)

10. സുവാർത്ത പ്രസം​ഗി​ക്കാൻ യേശു​വും ശിഷ്യ​ന്മാ​രും ഏതൊക്കെ രീതി​ക​ളാണ്‌ ഉപയോ​ഗി​ച്ചത്‌?

10 സുവാർത്ത പ്രസം​ഗി​ക്കാൻ യേശു​വും ശിഷ്യ​ന്മാ​രും ഏതൊക്കെ രീതി​ക​ളാണ്‌ ഉപയോ​ഗി​ച്ചത്‌? ആളുകളെ കണ്ടെത്താ​നാ​കുന്ന എല്ലായി​ട​ത്തും അവർ പോയി. ഉദാഹ​ര​ണ​ത്തിന്‌, അവർ തെരു​വു​ക​ളി​ലും ചന്തകളി​ലും പ്രസം​ഗി​ച്ചു. അർഹരാ​യ​വരെ അന്വേ​ഷിച്ച് അവർ വീടു​തോ​റും പോയി. (മത്താ. 10:11; ലൂക്കോ. 8:1; പ്രവൃ. 5:42; 20:20) വീടു​തോ​റും പോകു​ന്നത്‌ എല്ലാ തരം ആളുക​ളെ​യും കണ്ടെത്താ​നുള്ള ക്രമീ​കൃ​ത​മായ ഒരു മാർഗ​മാ​യി​രു​ന്നു.

11, 12. സുവാർത്ത പ്രസം​ഗി​ക്കുന്ന കാര്യ​ത്തിൽ ക്രൈസ്‌ത​വ​ലോ​ക​ത്തി​ന്‍റെ ശ്രമങ്ങളെ ദൈവ​ജ​ന​ത്തി​ന്‍റേ​തു​മാ​യി താരത​മ്യം ചെയ്യുക.

11 യേശു ചെയ്‌ത​തു​പോ​ലെ ക്രൈസ്‌ത​വ​ലോ​ക​ത്തി​ലെ ആളുകൾ സുവാർത്ത പ്രസം​ഗി​ക്കു​ന്നു​ണ്ടോ? സാധാ​ര​ണ​യാ​യി, ശമ്പളം പറ്റുന്ന പുരോ​ഹി​ത​ന്മാർ പള്ളിയിൽ പ്രസം​ഗി​ക്കാ​റുണ്ട്. ഇവർ പുതിയ ശിഷ്യരെ ഉളവാ​ക്കാ​നല്ല, പകരം നിലവി​ലുള്ള അംഗങ്ങൾ സഭ വിട്ട് പോകാ​തി​രി​ക്കാ​നാണ്‌ ശ്രമി​ക്കു​ന്നത്‌. ചില​പ്പോ​ഴൊ​ക്കെ, അവർ സഭാം​ഗ​ങ്ങളെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടാൻ പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, 2001-ൽ പോപ്പ് ജോൺ പോൾ രണ്ടാമൻ ഒരു കത്തിൽ, സഭാം​ഗങ്ങൾ സുവി​ശേഷം പ്രസം​ഗി​ക്കേ​ണ്ട​വ​രാ​ണെ​ന്നും “സുവി​ശേഷം അറിയി​ക്കു​ന്നി​ല്ലെ​ങ്കിൽ എനിക്ക് അയ്യോ കഷ്ടം” എന്നു പറഞ്ഞ പൗലോസ്‌ അപ്പൊസ്‌ത​ലന്‍റെ അതേ ഉത്സാഹം ഉള്ളവരാ​യി​രി​ക്ക​ണ​മെ​ന്നും പറഞ്ഞു. ഈ പ്രസം​ഗ​പ്ര​വർത്തനം പരിശീ​ലനം നേടിയ ഏതാനും പേർ മാത്രം ചെയ്‌താൽ പോരാ, എല്ലാ സഭാം​ഗ​ങ്ങ​ളും ചെയ്യേ​ണ്ട​താ​ണെ​ന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ചുരുക്കം ചിലർ മാത്രമേ അതി​നോട്‌ പ്രതി​ക​രി​ച്ചു​ള്ളൂ.

12 യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കാര്യ​മോ? അവർ മാത്ര​മാണ്‌, യേശു 1914 മുതൽ രാജാ​വാ​യി ഭരിക്കാൻ തുടങ്ങി​യെന്ന് പ്രസം​ഗി​ക്കു​ന്നത്‌. അവർ യേശു​വി​നെ അനുസ​രി​ക്കു​ക​യും പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കു​ക​യും ചെയ്യുന്നു. (മർക്കോ. 13:10) യഹോ​വ​യു​ടെ സാക്ഷി​കൾക്ക് പ്രസം​ഗ​പ്ര​വർത്തനം വളരെ പ്രധാ​ന​മാ​ണെന്ന്, വിശ്വാ​സ​ത്തി​ന്‍റെ നെടും​തൂ​ണു​കൾ—അമേരി​ക്കൻ സഭകളും അവരുടെ പങ്കാളി​ക​ളും (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. വിശക്കു​ന്ന​വ​രെ​യും ഏകാന്തത അനുഭ​വി​ക്കു​ന്ന​വ​രെ​യും രോഗി​ക​ളെ​യും കാണു​മ്പോൾ അവർ സഹായി​ക്കാൻ ശ്രമി​ക്കും. എന്നാൽ അവരുടെ പ്രഥമ​ല​ക്ഷ്യം ഈ ലോക​ത്തി​ന്‍റെ അവസാ​ന​ത്തെ​ക്കു​റിച്ച് പ്രസം​ഗി​ക്കു​ന്ന​തും ആളുക​ളു​ടെ രക്ഷയെ​ക്കു​റിച്ച് പഠിപ്പി​ക്കു​ന്ന​തും ആണെന്ന് ആ പുസ്‌തകം പറയുന്നു. യേശു​വും അനുഗാ​മി​ക​ളും ഉപയോ​ഗിച്ച രീതികൾ അനുക​രി​ച്ചു​കൊണ്ട് യഹോ​വ​യു​ടെ സാക്ഷികൾ ആ സന്ദേശം പ്രസം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കുന്നു.

പ്രവർത്തനം എത്ര വ്യാപ​ക​മാ​യി​രി​ക്കണം, എത്രകാ​ല​ത്തേക്ക് തുടരണം?

13. പ്രസം​ഗ​പ്ര​വർത്തനം എത്ര വിപു​ല​മാ​യി​രി​ക്കണം?

13 തന്‍റെ അനുഗാ​മി​കൾ “ഭൂലോ​ക​ത്തി​ലെ​ങ്ങും” സുവാർത്ത പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​മെന്ന് യേശു പറഞ്ഞു. യേശു അവർക്ക് “സകല ജനതക​ളി​ലും​പെട്ട ആളുകളെ” ശിഷ്യ​രാ​ക്കാ​നുള്ള കല്‌പന കൊടു​ത്തു. (മത്താ. 24:14; 28:19, 20) ഇതിന്‌ അർഥം സുവാർത്ത ലോകം മുഴു​വ​നും പ്രസം​ഗി​ക്കണം എന്നാണ്‌.

14, 15. വിപു​ല​മാ​യി പ്രസം​ഗി​ക്കുന്ന കാര്യ​ത്തിൽ യഹോ​വ​യു​ടെ സാക്ഷികൾ യേശു​വി​ന്‍റെ പ്രവചനം നിവർത്തി​ച്ചി​രി​ക്കു​ന്നെന്ന് എന്ത് തെളി​യി​ക്കു​ന്നു? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രങ്ങൾ കാണുക.)

14 മുഴു​ലോ​ക​ത്തി​ലും സുവാർത്ത പ്രസം​ഗി​ക്ക​പ്പെ​ടും എന്ന യേശു​വി​ന്‍റെ പ്രവചനം യഹോ​വ​യു​ടെ സാക്ഷികൾ നിറ​വേ​റ്റി​യി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്ന് കാണി​ക്കുന്ന ചില വസ്‌തു​തകൾ നോക്കാം. ഐക്യ​നാ​ടു​ക​ളിൽ ക്രൈസ്‌ത​വ​പു​രോ​ഹി​ത​വർഗത്തിൽപ്പെട്ട ഏകദേശം 6 ലക്ഷം പേരുണ്ട്, എന്നാൽ അവിടെ സുവാർത്ത അറിയി​ക്കുന്ന യഹോ​വ​യു​ടെ സാക്ഷികൾ ഏകദേശം 12 ലക്ഷമാണ്‌. ലോക​വ്യാ​പ​ക​മാ​യി ഏകദേശം 4 ലക്ഷം കത്തോ​ലി​ക്കാ പുരോ​ഹി​ത​ന്മാർ ഉണ്ട്, എന്നാൽ 240-ലധികം രാജ്യ​ങ്ങ​ളി​ലാ​യി 80 ലക്ഷത്തി​ല​ധി​കം യഹോ​വ​യു​ടെ സാക്ഷികൾ സുവാർത്ത പ്രസം​ഗി​ക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌ ലോക​വ്യാ​പ​ക​മാ​യി സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തെന്ന് വ്യക്തമാണ്‌. അത്‌ യഹോ​വയ്‌ക്ക് എത്ര വലിയ സ്‌തു​തി​യും മഹത്ത്വ​വും ആണ്‌ നൽകു​ന്നത്‌!—സങ്കീ. 34:1; 51:15.

15 അന്ത്യം വരുന്ന​തി​നു മുമ്പ് കഴിയു​ന്നി​ട​ത്തോ​ളം ആളുക​ളോട്‌ സുവാർത്ത പ്രസം​ഗി​ക്കുക എന്നതാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ എന്ന നിലയിൽ നമ്മുടെ ലക്ഷ്യം. ഇതിനാ​യി, ലക്ഷക്കണ​ക്കിന്‌ പുസ്‌ത​ക​ങ്ങ​ളും മാസി​ക​ക​ളും ലഘു​ലേ​ഖ​ക​ളും കൺ​വെൻ​ഷ​ന്‍റെ​യും സ്‌മാ​ര​ക​ത്തി​ന്‍റെ​യും ക്ഷണക്കത്തു​ക​ളും പരിഭാഷ ചെയ്‌ത്‌ 700-ലധികം ഭാഷക​ളിൽ അച്ചടി​ച്ചി​ട്ടുണ്ട്. വില ഈടാ​ക്കാ​തെ​യാണ്‌ നമ്മൾ ഇവ ആളുകൾക്ക് കൊടു​ക്കു​ന്നത്‌. കഴിഞ്ഞ വർഷം മാത്രം അച്ചടി​ച്ചത്‌ ഏകദേശം 450 കോടി ബൈബി​ള​ധിഷ്‌ഠി​ത​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളാണ്‌. വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്‍റെ 20 കോടി​യി​ല​ധി​കം കോപ്പി​കൾ 130-ലധികം ഭാഷക​ളി​ലാ​യി പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുണ്ട്. നമ്മുടെ വെബ്‌​സൈറ്റ്‌ 750-ലധികം ഭാഷക​ളിൽ ലഭ്യമാണ്‌. യഹോ​വ​യു​ടെ സാക്ഷികൾ മാത്ര​മാണ്‌ ഇത്ര വിപു​ല​വും അതിശ​യി​പ്പി​ക്കു​ന്ന​തും ആയ ഒരു പ്രവർത്തനം ചെയ്യു​ന്നത്‌.

16. യഹോ​വ​യു​ടെ സാക്ഷി​കൾക്ക് ദൈവ​ത്തി​ന്‍റെ ആത്മാവി​ന്‍റെ സഹായ​മു​ണ്ടെന്ന് എങ്ങനെ അറിയാം?

16 പ്രസം​ഗ​പ്ര​വർത്തനം എത്ര കാലം തുടരും? അന്ത്യം വരുന്ന​തു​വരെ തുടരും എന്ന് യേശു പറഞ്ഞു. യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാ​വി​ന്‍റെ സഹായം ഒന്നു​കൊണ്ട് മാത്ര​മാണ്‌ ഈ അന്ത്യകാ​ല​ത്തു​ട​നീ​ളം നമുക്ക് പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ തുടരാൻ കഴിഞ്ഞി​രി​ക്കു​ന്നത്‌. (പ്രവൃ. 1:8; 1 പത്രോ. 4:14) “ഞങ്ങൾക്ക് പരിശു​ദ്ധാ​ത്മാ​വുണ്ട്” എന്ന് ചില കൂട്ടർ പറഞ്ഞേ​ക്കാം. എന്നാൽ ഈ അന്ത്യകാ​ല​ത്തു​ട​നീ​ളം പ്രസം​ഗി​ക്കു​ന്ന​തിൽ തുടരാൻ അവർക്ക് കഴിഞ്ഞി​ട്ടു​ണ്ടോ? യഹോ​വ​യു​ടെ സാക്ഷികൾ പ്രസം​ഗി​ക്കു​ന്ന​തു​പോ​ലെ പ്രസം​ഗി​ക്കാൻ ചില കൂട്ടർ ശ്രമി​ച്ചെ​ങ്കി​ലും അതിൽ വിജയി​ച്ചില്ല. മറ്റുചി​ലർ പ്രസം​ഗി​ക്കാൻ ആഗ്രഹി​ക്കു​ന്നു, എന്നാൽ അല്‌പ​കാ​ല​ത്തേക്കു മാത്രം. വേറെ ചിലർ വീടു​തോ​റും പ്രസം​ഗി​ക്കു​ന്ന​വ​രാണ്‌, എന്നാൽ അവർ പ്രസം​ഗി​ക്കു​ന്നത്‌ ദൈവ​രാ​ജ്യ​ത്തി​ന്‍റെ സുവി​ശേ​ഷമല്ല. അതു​കൊണ്ട് യേശു തുടങ്ങി​വെച്ച ആ പ്രവർത്തനം അല്ല അവർ ചെയ്യു​ന്നത്‌.

ഇന്ന് യഥാർഥ​ത്തിൽ സുവാർത്ത പ്രസം​ഗി​ക്കു​ന്നത്‌ ആരാണ്‌?

17, 18. (എ) യഹോ​വ​യു​ടെ സാക്ഷികൾ മാത്ര​മാണ്‌ ഇന്ന് ദൈവ​രാ​ജ്യ​ത്തി​ന്‍റെ സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തെന്ന് നമുക്ക് ഉറപ്പു​ള്ളത്‌ എന്തു​കൊണ്ട്? (ബി) ഈ പ്രവർത്തനം നമുക്ക് ഇപ്പോ​ഴും ചെയ്യാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്?

17 അങ്ങനെ​യെ​ങ്കിൽ ഇന്ന് ദൈവ​രാ​ജ്യ​ത്തി​ന്‍റെ സുവി​ശേഷം പ്രസം​ഗി​ക്കു​ന്നത്‌ ആരാണ്‌? യഹോ​വ​യു​ടെ സാക്ഷികൾ മാത്രം! നമുക്ക് അത്‌ എങ്ങനെ അറിയാം? കാരണം നമ്മളാണ്‌ ദൈവ​രാ​ജ്യ​ത്തി​ന്‍റെ സുവി​ശേഷം എന്ന ശരിയായ സന്ദേശം അറിയി​ക്കു​ന്നത്‌. ആളുക​ളു​ടെ അടു​ത്തേക്ക് ചെല്ലുക എന്ന ശരിയായ രീതി​യാണ്‌ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ നമ്മൾ ഉപയോ​ഗി​ക്കു​ന്നത്‌. നമ്മൾ പ്രസം​ഗി​ക്കു​ന്നത്‌ ശരിയായ ആന്തര​ത്തോ​ടെ​യാണ്‌. അതായത്‌, യഹോ​വ​യോ​ടും ആളുക​ളോ​ടും ഉള്ള സ്‌നേ​ഹ​മാണ്‌ പ്രസം​ഗി​ക്കാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കു​ന്നത്‌. എല്ലാ ജനതക​ളോ​ടും ഭാഷക്കാ​രോ​ടും പ്രസം​ഗി​ക്കു​ന്ന​തു​കൊണ്ട് നമ്മുടെ പ്രവർത്തനം വളരെ വിപു​ല​മാണ്‌. അന്ത്യം വരുന്ന​തു​വരെ ദൈവ​രാ​ജ്യ​ത്തി​ന്‍റെ സുവി​ശേഷം അറിയി​ക്കു​ന്ന​തിൽ നമ്മൾ തുടരു​ക​യും ചെയ്യും!

18 ഈ അന്ത്യനാ​ളു​ക​ളിൽ ദൈവ​ജനം ചെയ്യു​ന്നത്‌ എത്ര അതിശ​യ​ക​ര​മായ ഒരു വേലയാണ്‌! മുഴു​ലോ​ക​ത്തി​ലും നമുക്ക് സുവാർത്ത അറിയി​ക്കാ​നാ​കു​ന്നത്‌ എങ്ങനെ​യാണ്‌? അപ്പൊസ്‌ത​ല​നായ പൗലോസ്‌ പറയുന്നു: “നിങ്ങൾക്ക് ഇച്ഛിക്കാ​നും പ്രവർത്തി​ക്കാ​നും കഴി​യേ​ണ്ട​തിന്‌ തന്‍റെ പ്രസാ​ദ​പ്ര​കാ​രം നിങ്ങളിൽ പ്രവർത്തി​ക്കു​ന്നതു ദൈവ​മാ​കു​ന്നു.” (ഫിലി. 2:13) യേശു കല്‌പി​ച്ച​തു​പോ​ലെ തുടർന്നും പ്രസം​ഗി​ക്കാൻ കഴി​യേ​ണ്ട​തിന്‌ യഹോവ നിങ്ങൾക്ക് ശക്തി നൽകട്ടെ!—2 തിമൊ. 4:5.