വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോ​വ​യു​ടെ കരുത​ലു​ക​ളിൽനിന്ന് പൂർണ​മാ​യി പ്രയോ​ജനം നേടുക

യഹോ​വ​യു​ടെ കരുത​ലു​ക​ളിൽനിന്ന് പൂർണ​മാ​യി പ്രയോ​ജനം നേടുക

‘ശുഭക​ര​മാ​യി പ്രവർത്തി​ക്കാൻ നിന്നെ അഭ്യസി​പ്പി​ക്കുന്ന നിന്‍റെ ദൈവ​മായ യഹോവ ഞാൻ തന്നേ.’—യശ. 48:17.

ഗീതം: 117, 114

1, 2. (എ) യഹോ​വ​യു​ടെ സാക്ഷികൾ ബൈബി​ളി​നെ എങ്ങനെ​യാണ്‌ കാണു​ന്നത്‌? (ബി) ബൈബി​ളിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം ഏതാണ്‌?

യഹോ​വ​യു​ടെ സാക്ഷി​ക​ളായ നമ്മൾ ബൈബി​ളി​നെ സ്‌നേ​ഹി​ക്കു​ന്നു. അത്‌ നമുക്ക് ആശ്വാ​സ​വും പ്രത്യാ​ശ​യും ആശ്രയ​യോ​ഗ്യ​മായ നിർദേ​ശ​ങ്ങ​ളും തരുന്നു. (റോമ. 15:4) മനുഷ്യ​ചി​ന്തകൾ അടങ്ങുന്ന വെറു​മൊ​രു പുസ്‌ത​കമല്ല അത്‌, പകരം “ദൈവ​ത്തി​ന്‍റെ​തന്നെ വചനം” ആണ്‌.—1 തെസ്സ. 2:13.

2 നമു​ക്കെ​ല്ലാ​വർക്കും പ്രിയ​പ്പെട്ട ഓരോ​രോ ബൈബിൾഭാ​ഗം കാണും. ചിലർക്ക് ഇഷ്ടം സുവി​ശേ​ഷ​ഭാ​ഗ​ങ്ങ​ളാണ്‌. കാരണം അത്‌ യഹോ​വ​യു​ടെ മനോ​ഹ​ര​മായ വ്യക്തി​ത്വം യേശു​വി​ലൂ​ടെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. (യോഹ. 14:9) മറ്റുചി​ലർക്ക് വെളി​പാട്‌ പോ​ലെ​യുള്ള പ്രവചന പുസ്‌ത​ക​ങ്ങ​ളാണ്‌ ഇഷ്ടം. കാരണം അതിൽ “വേഗത്തിൽ സംഭവി​ക്കാ​നുള്ള” കാര്യ​ങ്ങ​ളാണ്‌ എഴുതി​യി​രി​ക്കു​ന്നത്‌. (വെളി. 1:1) വേറെ ചിലർക്ക് സങ്കീർത്ത​നങ്ങൾ വായി​ക്കു​മ്പോൾ ആശ്വാസം ലഭിക്കു​ന്നു. ഇനിയും ചിലർ സദൃശ​വാ​ക്യ​ങ്ങ​ളിൽനി​ന്നുള്ള ജ്ഞാന​മൊ​ഴി​കൾ വായിച്ച് ആസ്വദി​ക്കു​ന്നു. വ്യക്തമാ​യും, ബൈബിൾ എല്ലാവർക്കും വേണ്ടി​യുള്ള പുസ്‌ത​ക​മാണ്‌.

3, 4. (എ) നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങളെ നിങ്ങൾ എങ്ങനെ​യാണ്‌ കാണു​ന്നത്‌? (ബി) ആർക്കെ​ല്ലാം​വേ​ണ്ടി​യുള്ള പ്രസി​ദ്ധീ​ക​ര​ണങ്ങൾ നമുക്കുണ്ട്?

3 ബൈബി​ളി​നെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട് അതിന്‍റെ അടിസ്ഥാ​ന​ത്തിൽ തയ്യാറാ​ക്കി​യി​രി​ക്കുന്ന നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും നമുക്ക് ഇഷ്ടമാണ്‌. എല്ലാ പുസ്‌ത​ക​ങ്ങ​ളും ലഘുപ​ത്രി​ക​ക​ളും മാസി​ക​ക​ളും മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും യഹോ​വ​യിൽനിന്ന് ലഭിച്ചി​രി​ക്കുന്ന കരുത​ലു​ക​ളാണ്‌. യഹോ​വ​യോട്‌ അടുത്തി​രി​ക്കാ​നും നമ്മുടെ വിശ്വാ​സം ശക്തമാക്കി നിറു​ത്താ​നും അവ നമ്മളെ സഹായി​ക്കു​ന്നു.—തീത്തോ. 2:2.

4 നമ്മുടെ മിക്ക പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ എല്ലാവ​രെ​യും ഉദ്ദേശി​ച്ചു​ള്ള​താണ്‌. എന്നാൽ ചില പ്രസി​ദ്ധീ​ക​ര​ണങ്ങൾ എഴുതി​യി​രി​ക്കു​ന്നത്‌ ചെറു​പ്പ​ക്കാ​രെ​യും മാതാ​പി​താ​ക്ക​ളെ​യും പോലുള്ള ചില പ്രത്യേക കൂട്ടങ്ങൾക്കു​വേ​ണ്ടി​യാണ്‌. നമ്മുടെ വെബ്‌സൈ​റ്റിൽ കാണുന്ന പല ലേഖന​ങ്ങ​ളും വീഡി​യോ​ക​ളും സാക്ഷി​ക​ള​ല്ലാ​ത്ത​വരെ മനസ്സിൽക്ക​ണ്ടാണ്‌ തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌. എല്ലാ തരം ആളുകൾക്കും ‘മേദസ്സു​നി​റഞ്ഞ മൃഷ്ട​ഭോ​ജ​നങ്ങൾ കൊണ്ടുള്ള’ സമൃദ്ധ​മായ ആത്മീയ​ഭ​ക്ഷണം നൽകു​മെ​ന്നുള്ള വാക്ക് യഹോവ പാലി​ച്ചി​രി​ക്കു​ന്നു​വെ​ന്നാണ്‌ വിവര​ങ്ങ​ളു​ടെ ഈ വൈവി​ധ്യം കാണി​ക്കു​ന്നത്‌.—യശ. 25:6.

5. യഹോവ എന്ത് വിലമ​തി​ക്കു​മെന്ന് നമുക്ക് ഉറപ്പു​ണ്ടാ​യി​രി​ക്കാം?

5 ബൈബി​ളും ബൈബി​ള​ധിഷ്‌ഠി​ത​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും വായി​ക്കാൻ കുറച്ചു​കൂ​ടി സമയം കിട്ടി​യി​രു​ന്നെ​ങ്കിൽ എന്ന് നമ്മളിൽ പലരും ആഗ്രഹി​ച്ചേ​ക്കാം. കിട്ടുന്ന എല്ലാ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾക്കും ഒരേ പ്രാധാ​ന്യം നൽകി​ക്കൊണ്ട് അവ പഠിക്കാൻ നമുക്ക് എല്ലായ്‌പോ​ഴും കഴി​ഞ്ഞെ​ന്നു​വ​രില്ല. ക്രമമായ ബൈബിൾവാ​യ​നയ്‌ക്കും പഠനത്തി​നും വേണ്ടി സമയം ചെലവ​ഴി​ച്ചു​കൊണ്ട് ‘സമയം പൂർണ​മാ​യി പ്രയോ​ജ​ന​പ്പെ​ടു​ത്താൻ’ ചെയ്യുന്ന ശ്രമങ്ങളെ യഹോവ വിലമ​തി​ക്കു​മെന്ന് നമുക്ക് ഉറപ്പു​ണ്ടാ​യി​രി​ക്കാം. (എഫെ. 5:15, 16) എങ്കിലും ഒഴിവാ​ക്കേണ്ട ഒരു അപകടം ഒളിഞ്ഞി​രി​പ്പുണ്ട്. എന്ത് അപകടം?

6. യഹോ​വ​യു​ടെ ചില കരുത​ലു​ക​ളിൽനിന്ന് പ്രയോ​ജനം നേടു​ന്ന​തിൽനിന്ന് എന്ത് തടഞ്ഞേ​ക്കാം?

6 ശ്രദ്ധയു​ള്ള​വ​ര​ല്ലെ​ങ്കിൽ ബൈബി​ളി​ന്‍റെ​യോ മറ്റ്‌ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ​യോ ചില ഭാഗങ്ങൾ നമുക്ക് ബാധക​മ​ല്ലെന്ന് നമ്മൾ ചിന്തി​ച്ചേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ബൈബി​ളി​ലെ ഒരു ഭാഗം നമ്മുടെ സാഹച​ര്യ​ത്തിൽ പ്രാവർത്തി​ക​മാ​ക്കാൻ പറ്റി​ല്ലെന്നു തോന്നു​ന്നെ​ങ്കി​ലോ? ഒരു പ്രസി​ദ്ധീ​ക​രണം പ്രധാ​ന​മാ​യും മറ്റുള്ള​വരെ ഉദ്ദേശിച്ച് തയ്യാറാ​ക്കി​യി​രി​ക്കു​ന്ന​തി​നാൽ ‘ഞാൻ അത്‌ വായി​ക്കേ​ണ്ട​തില്ല’ എന്ന് നമുക്ക് തോന്നു​മോ? അല്ലെങ്കിൽ നമ്മൾ അത്‌ വെറുതെ ഓടിച്ച് വായി​ക്കു​മോ? അങ്ങനെ​യാ​ണെ​ങ്കിൽ പ്രയോ​ജനം ചെയ്യുന്ന പല വിവര​ങ്ങ​ളും നമുക്ക് നഷ്ടമാ​യേ​ക്കാം. ആ അപകടം നമുക്ക് എങ്ങനെ ഒഴിവാ​ക്കാം? നമുക്കു കിട്ടു​ന്ന​തെ​ല്ലാം യഹോ​വ​യിൽനി​ന്നു​ള്ള​താ​ണെന്ന് ഓർക്കണം. ബൈബി​ളിൽ നമ്മൾ ഇങ്ങനെ വായി​ക്കു​ന്നു: ‘ശുഭക​ര​മാ​യി പ്രവർത്തി​ക്കാൻ നിന്നെ അഭ്യസി​പ്പി​ക്കുന്ന നിന്‍റെ ദൈവ​മായ യഹോവ ഞാൻ തന്നേ.’ (യശ. 48:17) യഹോ​വ​യു​ടെ എല്ലാ കരുത​ലു​ക​ളിൽനി​ന്നും പ്രയോ​ജനം നേടാൻ സഹായി​ക്കുന്ന മൂന്നു നിർദേ​ശങ്ങൾ ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും.

പ്രയോ​ജ​ന​പ്ര​ദ​മായ ബൈബിൾവാ​യ​നയ്‌ക്കുള്ള നിർദേ​ശ​ങ്ങൾ

7. ഒരു തുറന്ന മനസ്സോ​ടെ ബൈബിൾ വായി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

7 തുറന്ന മനസ്സോ​ടെ വായി​ക്കുക. ബൈബി​ളി​ലെ ചില ഭാഗങ്ങൾ ഏതെങ്കി​ലും ഒരു വ്യക്തി​ക്കോ ഒരു വിഭാ​ഗ​ത്തി​നോ വേണ്ടി എഴുത​പ്പെ​ട്ടി​ട്ടു​ള്ള​താണ്‌ എന്നത്‌ സത്യം​തന്നെ. എന്നിരു​ന്നാ​ലും, “എല്ലാ തിരു​വെ​ഴു​ത്തും ദൈവ​നി​ശ്വസ്‌ത​മാണ്‌” എന്ന് ബൈബിൾ വ്യക്തമാ​യി പറയുന്നു. (2 തിമൊ. 3:16) അതു​കൊ​ണ്ടാണ്‌ ഒരു തുറന്ന മനസ്സോ​ടെ ബൈബിൾ വായി​ക്കേ​ണ്ടത്‌. ഒരു സഹോ​ദരൻ പറയുന്നു: “ബൈബി​ളി​ന്‍റെ ഒരു ഭാഗത്തു​നി​ന്നു​തന്നെ പല പാഠങ്ങൾ പഠിക്കാൻ കഴിയു​മെന്ന് ചിന്തി​ച്ചു​കൊ​ണ്ടാണ്‌ ഞാൻ ആ ഭാഗം വായി​ക്കു​ന്നത്‌. ഇങ്ങനെ ചിന്തി​ക്കു​ന്നത്‌ ആഴത്തി​ലേ​ക്കി​റങ്ങി കാര്യങ്ങൾ വിശക​ലനം ചെയ്യാൻ എന്നെ പ്രേരി​പ്പി​ക്കു​ന്നു.” അതു​കൊണ്ട് ബൈബിൾ വായി​ക്കു​ന്ന​തി​നു മുമ്പ് ഒരു തുറന്ന മനസ്സു തരാനും നമ്മൾ പഠിക്കാൻ യഹോവ ആഗ്രഹി​ക്കുന്ന പാഠങ്ങൾ മനസ്സി​ലാ​ക്കാ​നും ഉള്ള ജ്ഞാനത്തി​നാ​യി യഹോ​വ​യോട്‌ പ്രാർഥി​ക്കണം.—എസ്ര 7:10; യാക്കോബ്‌ 1:5 വായി​ക്കുക.

ബൈബിൾവാ​യ​ന​യിൽനിന്ന് നിങ്ങൾ പൂർണ​പ്ര​യോ​ജനം നേടു​ന്നു​ണ്ടോ? (7-‍ാ‍ം ഖണ്ഡിക കാണുക)

8, 9. (എ) ബൈബിൾ വായി​ക്കു​മ്പോൾ ഏത്‌ ചോദ്യ​ങ്ങൾ സ്വയം ചോദി​ക്കണം? (ബി) മൂപ്പന്മാർക്കു വേണ്ട യോഗ്യ​തകൾ യഹോ​വ​യെ​ക്കു​റിച്ച് നമ്മളെ എന്ത് പഠിപ്പി​ക്കു​ന്നു?

8 ചോദ്യ​ങ്ങൾ ചോദി​ക്കുക. നിങ്ങൾ ബൈബിൾ വായി​ക്കു​മ്പോൾ അല്‌പം ഒന്നു നിറുത്തി, പിൻവ​രുന്ന ചോദ്യ​ങ്ങൾ സ്വയം ചോദി​ക്കുക: ‘ഇത്‌ യഹോ​വ​യെ​ക്കു​റിച്ച് എന്നെ എന്ത് പഠിപ്പി​ക്കു​ന്നു? ഈ വിവരം എന്‍റെ ജീവി​ത​ത്തിൽ എങ്ങനെ ഉപയോ​ഗി​ക്കാം? മറ്റുള്ള​വരെ സഹായി​ക്കാൻ എനിക്ക് ഈ വിവരം എങ്ങനെ ഉപയോ​ഗി​ക്കാം?’ ഈ ചോദ്യ​ങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കു​മ്പോൾ ബൈബിൾവാ​യ​ന​യിൽനിന്ന് കൂടുതൽ പ്രയോ​ജനം നേടാൻ കഴിയും. ഒരു ഉദാഹ​രണം നോക്കാം. ക്രിസ്‌തീ​യ​മൂ​പ്പ​ന്മാർക്കു വേണ്ട യോഗ്യ​ത​ക​ളെ​ക്കു​റിച്ച് ബൈബി​ളിൽ പറയു​ന്നുണ്ട്. (1 തിമൊ​ഥെ​യൊസ്‌ 3:2-7 വായി​ക്കുക.) നമ്മളിൽ മിക്കവ​രും മൂപ്പന്മാർ അല്ലാത്ത​തി​നാൽ ഈ വിവരം നമുക്ക് ഒരു തരത്തി​ലും പ്രയോ​ജനം ചെയ്യി​ല്ലെന്ന് നമ്മൾ ചിന്തി​ച്ചേ​ക്കാം. എന്നാൽ മൂപ്പന്മാ​രു​ടെ യോഗ്യ​ത​ക​ളെ​ക്കു​റിച്ച് പറഞ്ഞി​രി​ക്കുന്ന ഈ ബൈബിൾഭാ​ഗം, മുമ്പു പറഞ്ഞ മൂന്നു ചോദ്യ​ങ്ങൾ ഉപയോ​ഗിച്ച് പരിചി​ന്തി​ക്കു​മ്പോൾ അത്‌ എല്ലാവർക്കും പ്രയോ​ജനം ചെയ്യുന്ന ഒന്നാ​ണെന്ന് നമ്മൾ മനസ്സി​ലാ​ക്കും.

9 ഇത്‌ യഹോ​വ​യെ​ക്കു​റിച്ച് എന്നെ എന്ത് പഠിപ്പി​ക്കു​ന്നു? മൂപ്പന്മാർക്കു വേണ്ട യോഗ്യ​തകൾ എന്തൊ​ക്കെ​യാ​ണെന്ന് യഹോവ പറഞ്ഞി​ട്ടുണ്ട്. സഭയെ പരിപാ​ലി​ക്കേണ്ട പുരു​ഷ​ന്മാർ ഉയർന്ന നിലവാ​ര​മു​ള്ള​വ​രാ​യി​രി​ക്ക​ണ​മെന്ന് യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. സഭയെ യഹോവ അത്ര വില​യേ​റി​യ​താ​യി കാണുന്നു എന്നല്ലേ ഇത്‌ കാണി​ക്കു​ന്നത്‌! “സ്വപു​ത്രന്‍റെ രക്തത്താൽ” യഹോവ സഭയെ വിലയ്‌ക്കു​വാ​ങ്ങി എന്ന് ബൈബിൾ പറയുന്നു. (പ്രവൃ. 20:28) അതു​കൊണ്ട് മൂപ്പന്മാർ മറ്റുള്ള​വർക്ക് നല്ല മാതൃ​ക​ക​ളാ​യി​രി​ക്കാൻ ദൈവം പ്രതീ​ക്ഷി​ക്കു​ന്നു. കൂടാതെ, മറ്റുള്ള​വ​രോ​ടുള്ള ഇടപെ​ട​ലു​ക​ളെ​പ്രതി അവർ ദൈവ​ത്തോട്‌ കണക്കു ബോധി​പ്പി​ക്കേ​ണ്ട​വ​രാണ്‌. അവരുടെ സംരക്ഷ​ണ​ത്തിൻകീ​ഴിൽ നമുക്ക് സുരക്ഷി​ത​ത്വം തോന്ന​ണ​മെന്ന് യഹോവ ആഗ്രഹി​ക്കു​ന്നു. (യശ. 32:1, 2) അതു​കൊണ്ട് മൂപ്പന്മാ​രു​ടെ യോഗ്യ​ത​ക​ളെ​ക്കു​റിച്ച് വായി​ക്കു​മ്പോൾ യഹോവ നമുക്കു​വേണ്ടി എത്ര​ത്തോ​ളം കരുതു​ന്നു​ണ്ടെന്ന് നമ്മൾ പഠിക്കും.

10, 11. (എ) മൂപ്പന്മാർക്കു വേണ്ട യോഗ്യ​ത​ക​ളെ​ക്കു​റിച്ച് വായി​ക്കു​മ്പോൾ അത്‌ നമ്മുടെ ജീവി​ത​ത്തിൽ എങ്ങനെ പ്രയോ​ജ​ന​പ്പെ​ടു​ത്താം? (ബി) മറ്റുള്ള​വരെ സഹായി​ക്കാൻ നമുക്ക് ഈ വിവരം എങ്ങനെ ഉപയോ​ഗി​ക്കാം?

10 ഈ വിവരം എന്‍റെ ജീവി​ത​ത്തിൽ എങ്ങനെ ഉപയോ​ഗി​ക്കാം? നിങ്ങൾ ഇപ്പോൾത്തന്നെ ഒരു മൂപ്പൻ ആണെങ്കിൽ ഈ യോഗ്യ​ത​ക​ളു​ടെ പട്ടിക ക്രമമാ​യി പരി​ശോ​ധി​ക്കു​ക​യും മെച്ച​പ്പെ​ടാൻ ശ്രമി​ക്കു​ക​യും വേണം. നിങ്ങൾ “മേൽവി​ചാ​ര​ക​പ​ദ​ത്തി​ലെ​ത്താൻ യത്‌നി​ക്കുന്ന” ഒരാളാ​ണെ​ങ്കിൽ ഈ യോഗ്യ​ത​ക​ളിൽ എത്തി​ച്ചേ​രാൻ കഴിവി​ന്‍റെ പരമാ​വധി ശ്രമി​ക്കുക. (1 തിമൊ. 3:1) എന്നാൽ എല്ലാ ക്രിസ്‌ത്യാ​നി​കൾക്കും ഈ യോഗ്യ​ത​ക​ളിൽനിന്ന് പഠിക്കാ​നാ​കും. ഉദാഹ​ര​ണ​ത്തിന്‌, നമ്മൾ എല്ലാവ​രും ന്യായ​ബോ​ധ​വും സുബോ​ധ​വും ഉള്ളവരാ​യി​രി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. (ഫിലി. 4:5; 1 പത്രോ. 4:7) മൂപ്പന്മാർ “അജഗണ​ത്തി​നു മാതൃക”യായി​രി​ക്കു​മ്പോൾ നമുക്ക് അവരിൽനിന്ന് പഠിക്കാ​നും ‘അവരുടെ വിശ്വാ​സം അനുക​രി​ക്കാ​നും’ കഴിയും.—1 പത്രോ. 5:3; എബ്രാ. 13:7.

11 മറ്റുള്ള​വരെ സഹായി​ക്കാൻ എനിക്ക് ഈ വിവരം എങ്ങനെ ഉപയോ​ഗി​ക്കാം? യോഗ്യ​ത​ക​ളെ​ക്കു​റി​ച്ചുള്ള ഈ പട്ടിക ഉപയോ​ഗിച്ച് ക്രിസ്‌തീ​യ​സ​ഭ​യി​ലെ മൂപ്പന്മാർ ക്രൈസ്‌ത​വ​ലോ​ക​ത്തി​ലെ പുരോ​ഹി​ത​ന്മാ​രിൽനിന്ന് വ്യത്യസ്‌ത​രാ​യി​രി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്ന് ബൈബിൾവി​ദ്യാർഥി​കൾക്കും താത്‌പ​ര്യ​ക്കാർക്കും നമുക്ക് കാണി​ച്ചു​കൊ​ടു​ക്കാം. മൂപ്പന്മാർ സഭയിൽ ചെയ്യുന്ന കഠിനാ​ധ്വാ​ന​ത്തെ​ക്കു​റിച്ച് ഓർക്കാ​നും ഈ യോഗ്യ​തകൾ നമ്മളെ സഹായി​ക്കു​ന്നു. അത്‌, അവരെ ആദരി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കും. (1 തെസ്സ. 5:12) നമ്മൾ അവരെ എത്ര​ത്തോ​ളം ആദരി​ക്കു​ന്നു​വോ അത്ര​ത്തോ​ളം അവർ അവരുടെ നിയമനം ആസ്വദി​ക്കും.—എബ്രാ. 13:17.

12, 13. (എ) ഗവേഷ​ണ​സ​ഹാ​യി​കൾ ഉപയോ​ഗിച്ച് എങ്ങനെ ഗവേഷണം നടത്താ​നാ​കും? (ബി) പെട്ടെന്ന് ശ്രദ്ധയിൽപ്പെ​ടാത്ത പാഠങ്ങൾ കണ്ടെത്താൻ പശ്ചാത്ത​ല​വി​വ​ര​ങ്ങ​ളെ​ക്കു​റിച്ച് ഗവേഷണം നടത്തു​ന്നത്‌ എങ്ങനെ സഹായി​ക്കു​മെ​ന്ന​തിന്‌ ഒരു ഉദാഹ​രണം പറയുക.

12 ഗവേഷണം ചെയ്യുക. ബൈബിൾ പഠിക്കു​മ്പോൾ താഴെ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലുള്ള ചോദ്യ​ങ്ങൾക്ക് നമുക്ക് ഉത്തരം കണ്ടെത്താം:

  • ഈ ബൈബിൾഭാ​ഗം എഴുതി​യത്‌ ആരാണ്‌?

  • എപ്പോൾ, എവി​ടെ​വെച്ച് എഴുതി?

  • ഈ പുസ്‌തകം എഴുതിയ സമയത്ത്‌ പ്രധാ​ന​പ്പെട്ട ഏതെല്ലാം സംഭവങ്ങൾ നടന്നു?

ഇത്തരത്തി​ലു​ള്ള പശ്ചാത്ത​ല​വി​വ​രങ്ങൾ, പെട്ടെന്ന് ശ്രദ്ധയിൽപ്പെ​ടാത്ത പാഠങ്ങൾ കണ്ടെത്താൻ നമ്മളെ സഹായി​ച്ചേ​ക്കാം.

13 ഉദാഹ​ര​ണ​ത്തിന്‌, യഹസ്‌കേൽ 14:13, 14-ൽ ഇങ്ങനെ പറയുന്നു: “ഒരു ദേശം എന്നോടു ദ്രോ​ഹി​ച്ചു പാപം ചെയ്യു​മ്പോൾ ഞാൻ അതി​ന്‍റെ​നേരെ കൈ നീട്ടി, അപ്പം എന്ന കോൽ ഒടിച്ചു, ക്ഷാമം വരുത്തി, മനുഷ്യ​നെ​യും മൃഗ​ത്തെ​യും അതിൽനി​ന്നു ഛേദി​ച്ചു​ക​ള​യും. നോഹ, ദാനീ​യേൽ, ഇയ്യോബ്‌ എന്നീ മൂന്നു പുരു​ഷ​ന്മാർ അതിൽ ഉണ്ടായി​രു​ന്നാ​ലും അവർ തങ്ങളുടെ നീതി​യാൽ സ്വന്തജീ​വനെ മാത്രമേ രക്ഷിക്ക​യു​ള്ളു എന്നു യഹോ​വ​യായ കർത്താ​വി​ന്‍റെ അരുള​പ്പാ​ടു.” ഇതെക്കു​റിച്ച് ഗവേഷണം നടത്തി​യാൽ, ഏകദേശം ബി.സി. 612-ലാണ്‌ യഹസ്‌കേൽ ഈ ഭാഗം എഴുതി​യ​തെന്ന് മനസ്സി​ലാ​കും. നോഹ​യും ഇയ്യോ​ബും മരിച്ചിട്ട് അപ്പോൾത്തന്നെ നൂറു​ക​ണ​ക്കിന്‌ വർഷങ്ങൾ കഴിഞ്ഞി​രു​ന്നെ​ങ്കി​ലും അവരുടെ വിശ്വ​സ്‌തത യഹോവ അപ്പോ​ഴും ഓർക്കു​ന്നു​ണ്ടാ​യി​രു​ന്നു. എന്നാൽ ആ സമയത്ത്‌ ദാനി​യേൽ ജീവി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്നു. നോഹ​യെ​യും ഇയ്യോ​ബി​നെ​യും പോലെ നീതി​മാൻ എന്ന് യഹോവ ദാനി​യേ​ലി​നെ​ക്കു​റിച്ച് പറഞ്ഞ​പ്പോൾ സാധ്യ​ത​യ​നു​സ​രിച്ച് അദ്ദേഹം കൗമാ​ര​ത്തി​ലോ 20-കളുടെ തുടക്ക​ത്തി​ലോ ആയിരു​ന്നു. ഇതിൽനിന്ന് നമുക്ക് എന്തു പഠിക്കാം? യുവജ​നങ്ങൾ ഉൾപ്പെടെ തന്‍റെ എല്ലാ ദാസരു​ടെ​യും വിശ്വ​സ്‌തത യഹോവ ശ്രദ്ധി​ക്കു​ക​യും വിലമ​തി​ക്കു​ക​യും ചെയ്യുന്നു.—സങ്കീ. 148:12-14.

വിവിധ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽനിന്ന് പ്രയോ​ജനം നേടുക

14. യുവ​പ്രാ​യ​ക്കാർക്കു​വേ​ണ്ടി​യുള്ള പ്രസി​ദ്ധീ​ക​ര​ണങ്ങൾ അവർക്ക് പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ, മറ്റുള്ള​വർക്കും അതിൽനിന്ന് എങ്ങനെ പ്രയോ​ജനം നേടാം? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

14 യുവ​പ്രാ​യ​ക്കാർക്കു​വേ​ണ്ടി​യുള്ള പ്രസി​ദ്ധീ​ക​ര​ണങ്ങൾ. മുഴു​ബൈ​ബി​ളിൽനി​ന്നും പ്രയോ​ജനം നേടാ​നാ​കു​മെന്ന് നമ്മൾ പഠിച്ചു. ഇതു​പോ​ലെ നമ്മുടെ എല്ലാ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽനി​ന്നും നമുക്ക് പ്രയോ​ജനം നേടാം. ചില ഉദാഹ​ര​ണങ്ങൾ നോക്കാം. സമീപ​വർഷ​ങ്ങ​ളിൽ യഹോവ യുവ​പ്രാ​യ​ക്കാർക്കു​വേണ്ടി ധാരാളം വിവരങ്ങൾ ലഭ്യമാ​ക്കി​യി​ട്ടുണ്ട്. [1] സ്‌കൂ​ളി​ലെ സമ്മർദ​വും വളർന്നു​വ​രവെ നേരി​ടുന്ന പ്രശ്‌ന​ങ്ങ​ളും തരണം​ചെ​യ്യാൻ ഇത്‌ അവരെ സഹായി​ക്കു​ന്നു. എന്നാൽ ഈ പുസ്‌ത​ക​ങ്ങ​ളിൽനി​ന്നും ലേഖന​ങ്ങ​ളിൽനി​ന്നും നമുക്ക് എല്ലാവർക്കും ഒരു​പോ​ലെ എങ്ങനെ പ്രയോ​ജനം നേടാം? ഈ വിവരങ്ങൾ വായി​ക്കു​മ്പോൾ യുവ​പ്രാ​യ​ക്കാ​രു​ടെ പ്രശ്‌നങ്ങൾ മനസ്സി​ലാ​ക്കാ​നും അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും കൂടുതൽ മെച്ചമാ​യി സഹായി​ക്കാ​നും നമുക്ക് കഴിയും.

15. യുവജ​ന​ങ്ങളെ ഉദ്ദേശിച്ച് തയ്യാറാ​ക്കുന്ന വിവര​ങ്ങ​ളിൽ മുതിർന്ന ക്രിസ്‌ത്യാ​നി​കൾ താത്‌പ​ര്യ​മെ​ടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

15 യുവജ​ന​ങ്ങൾക്കു​വേ​ണ്ടി​യുള്ള ലേഖന​ങ്ങ​ളിൽ ചർച്ച ചെയ്യുന്ന മിക്ക പ്രശ്‌ന​ങ്ങ​ളും അവർ മാത്രം നേരി​ടുന്ന പ്രശ്‌ന​ങ്ങളല്ല. നമുക്ക് എല്ലാവർക്കും വിശ്വാ​സ​ത്തി​നു​വേണ്ടി വാദി​ക്കേ​ണ്ടി​വ​രും, വികാ​രങ്ങൾ നിയ​ന്ത്രി​ക്കേ​ണ്ടി​വ​രും, സമപ്രാ​യ​ക്കാ​രിൽനി​ന്നുള്ള ഹാനി​ക​ര​മായ സമ്മർദ​വും ചെറു​ത്തു​നിൽക്കേ​ണ്ടി​വ​രും. കൂടാതെ, ചീത്ത സഹവാ​സ​വും മോശ​മായ വിനോ​ദ​വും ഒക്കെ ഒഴിവാ​ക്കു​ക​യും വേണം. യുവജ​ന​ങ്ങൾക്കു​വേ​ണ്ടി​യുള്ള ലേഖന​ങ്ങ​ളിൽ ഇവയും മറ്റനേകം വിഷയ​ങ്ങ​ളും ചർച്ച ചെയ്യാ​റുണ്ട്. എന്നാൽ ഇതൊക്കെ വായി​ക്കു​ന്നത്‌ ഒരു കുറച്ചി​ലാ​ണെന്ന് മുതിർന്നവർ ചിന്തി​ക്കേ​ണ്ട​തു​ണ്ടോ? ഒരിക്ക​ലു​മില്ല. വിവരങ്ങൾ അവതരി​പ്പി​ച്ചി​രി​ക്കു​ന്നത്‌ യുവജ​ന​ങ്ങൾക്ക് സ്വീകാ​ര്യ​മായ വിധത്തി​ലാ​ണെ​ങ്കി​ലും ആ വിവരങ്ങൾ അടിസ്ഥാ​ന​പ്പെ​ട്ടി​രി​ക്കു​ന്നത്‌ ഒരിക്ക​ലും കാലഹ​ര​ണ​പ്പെ​ടാത്ത തിരു​വെ​ഴു​ത്തു​ത​ത്ത്വ​ങ്ങ​ളി​ലാണ്‌. ഈ ആത്മീയ​ക​രു​ത​ലു​ക​ളിൽനിന്ന് നമുക്ക് എല്ലാവർക്കും പ്രയോ​ജനം നേടാ​വു​ന്ന​താണ്‌.

16. നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ യുവജ​ന​ങ്ങളെ മറ്റ്‌ എന്തിനും​കൂ​ടെ സഹായി​ക്കു​ന്നു?

16 ചെറു​പ്പ​ക്കാർക്കു​വേണ്ടി തയ്യാറാ​ക്കി​യി​രി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണങ്ങൾ യഹോ​വ​യു​മാ​യുള്ള അവരുടെ സൗഹൃദം ശക്തമാ​ക്കാ​നും ഉപകരി​ക്കും. (സഭാ​പ്ര​സം​ഗി 12:1, 13 വായി​ക്കുക.) മുതിർന്ന​വർക്കും ഇതിൽനിന്ന് പ്രയോ​ജനം നേടാ​നാ​കും. ഉദാഹ​ര​ണ​ത്തിന്‌, 2009 ജൂലൈ ലക്കം ഉണരുക!-യിൽ “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . ബൈബിൾവാ​യന രസകര​മാ​ക്കാൻ എങ്ങനെ കഴിയും?” എന്ന ഒരു ലേഖന​മുണ്ട്. ആ ലേഖന​ത്തിൽ സഹായ​ക​മായ പല നിർദേ​ശ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. വെട്ടി​യെ​ടുത്ത്‌ ഉപയോ​ഗി​ക്കാ​നുള്ള ഒരു ചതുര​വും ഉണ്ടായി​രു​ന്നു. മുതിർന്നവർ ആ ലേഖന​ത്തിൽനിന്ന് പ്രയോ​ജനം നേടി​യോ? 24 വയസ്സുള്ള ഒരു അമ്മ പറഞ്ഞത്‌ “ബൈബിൾ വായി​ക്കു​ന്നത്‌ എന്നും എനിക്ക് ഒരു പ്രശ്‌ന​മാ​യി​രു​ന്നു” എന്നാണ്‌. എന്നാൽ അവർ ആ ലേഖന​ത്തി​ലെ നിർദേ​ശങ്ങൾ പിൻപറ്റി. അങ്ങനെ, ബൈബിൾപുസ്‌ത​കങ്ങൾ പരസ്‌പരം ഒത്തു​ചേർന്ന് ഒരു മനോ​ഹ​ര​ചി​ത്ര​മാ​യി രൂപം​കൊ​ണ്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്ന് അവർ മനസ്സി​ലാ​ക്കി. ആ സ്‌ത്രീ പറയുന്നു: “ഇപ്പോൾ ഞാൻ ബൈബിൾവാ​യ​നയ്‌ക്കാ​യി ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നു. ബൈബിൾ വായി​ക്കാൻ എനിക്ക് മുമ്പൊ​രി​ക്ക​ലും ഇത്രയ​ധി​കം ആഗ്രഹം തോന്നി​യി​ട്ടില്ല.”

17, 18. പൊതു​ജ​ന​ങ്ങൾക്കു​വേ​ണ്ടി​യുള്ള പ്രസി​ദ്ധീ​ക​ര​ണങ്ങൾ വായി​ക്കു​ന്ന​തിൽനിന്ന് നമുക്ക് എങ്ങനെ പ്രയോ​ജനം നേടാം? ഉദാഹ​രണം നൽകുക.

17 പൊതു​ജ​ന​ങ്ങൾക്കു​വേ​ണ്ടി​യുള്ള പ്രസി​ദ്ധീ​ക​ര​ണങ്ങൾ. 2008 മുതൽ നമ്മൾ വീക്ഷാ​ഗോ​പു​ര​ത്തി​ന്‍റെ പഠനപ്പ​തിപ്പ് നന്നായി ആസ്വദിച്ച് പഠിക്കു​ന്നു. ഈ പതിപ്പ് മുഖ്യ​മാ​യും യഹോ​വ​യു​ടെ സാക്ഷി​കളെ ഉദ്ദേശി​ച്ചു​ള്ള​താണ്‌. എന്നാൽ പൊതു​ജ​ന​ങ്ങൾക്കു​വേ​ണ്ടി​യുള്ള പതിപ്പും നമുക്കുണ്ട്. അവയിൽനിന്ന് നമുക്ക് എങ്ങനെ പ്രയോ​ജനം നേടാം? ഒരു ഉദാഹ​രണം നോക്കാം. നിങ്ങൾ ക്ഷണിച്ച ഒരാൾ രാജ്യ​ഹാ​ളിൽ വരു​മ്പോൾ നിങ്ങൾക്ക് സന്തോഷം തോന്നും. പ്രസംഗം നടക്കു​മ്പോൾ കേൾക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച് ആ വ്യക്തി എന്തായി​രി​ക്കും ചിന്തി​ക്കു​ന്ന​തെ​ന്നും അദ്ദേഹ​ത്തി​ന്‍റെ ജീവി​ത​ത്തിൽ അത്‌ എന്ത് മാറ്റങ്ങൾ വരുത്തു​മെ​ന്നും ഒക്കെ നമ്മൾ ചിന്തി​ച്ചേ​ക്കാം. അങ്ങനെ ആ വിഷയം നമ്മുടെ ഹൃദയത്തെ സ്‌പർശി​ക്കു​ക​യും അതെക്കു​റിച്ച് ഒരു പുതിയ വീക്ഷണം തരിക​യും ചെയ്യും.

18 പൊതു​ജ​ന​ങ്ങൾക്കുള്ള പ്രസി​ദ്ധീ​ക​ര​ണങ്ങൾ വായി​ക്കു​മ്പോ​ഴും ഇതു​പോ​ലെ​ത​ന്നെ​യാണ്‌ അനുഭ​വ​പ്പെ​ടു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, വീക്ഷാ​ഗോ​പു​ര​ത്തി​ന്‍റെ പൊതു​ജ​ന​ങ്ങൾക്കുള്ള പതിപ്പും jw.org-ൽ, “ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ,” “സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ” എന്നിവയ്‌ക്കു കീഴിൽ വരുന്ന ലേഖന​ങ്ങ​ളും ബൈബിൾ ലളിത​മാ​യി മനസ്സി​ലാ​ക്കാൻ സഹായി​ക്കു​ന്നു. ഈ വിവരങ്ങൾ വായി​ക്കു​മ്പോൾ നമുക്ക് അപ്പോൾത്തന്നെ അറിയാ​വുന്ന ബൈബിൾസ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള അറിവ്‌ വർധി​ക്കു​ക​യും അവയോ​ടുള്ള നമ്മുടെ സ്‌നേഹം ആഴമു​ള്ള​താ​യി​ത്തീ​രു​ക​യും ചെയ്യും. ശുശ്രൂ​ഷ​യിൽ നമ്മുടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച് വിശദീ​ക​രി​ക്കാ​നുള്ള പുതിയ രീതി​ക​ളും നമ്മൾ പഠി​ച്ചേ​ക്കാം. സമാന​മാ​യി ഉണരുക! മാസിക ഒരു സ്രഷ്ടാ​വു​ണ്ടെ​ന്നുള്ള നമ്മുടെ വിശ്വാ​സം ശക്തമാ​ക്കു​ന്നു. ഇത്‌ വിശ്വാ​സ​ത്തി​നു​വേണ്ടി എങ്ങനെ പ്രതി​വാ​ദം നടത്താ​മെന്ന് പഠിക്കാ​നും സഹായി​ക്കു​ന്നു.—1 പത്രോസ്‌ 3:15 വായി​ക്കുക.

19. യഹോ​വ​യു​ടെ കരുത​ലു​ക​ളോട്‌ നമുക്ക് എങ്ങനെ നന്ദി കാണി​ക്കാം?

19 നമ്മുടെ ‘ആത്മീയ ആവശ്യ​ങ്ങൾക്കു​വേണ്ടി’ യഹോവ സമൃദ്ധ​മായ കരുത​ലു​ക​ളാണ്‌ ചെയ്‌തി​രി​ക്കു​ന്നത്‌. (മത്താ. 5:3) യഹോവ തന്നിട്ടുള്ള എല്ലാ ആത്മീയ​ക​രു​ത​ലു​ക​ളിൽനി​ന്നും പൂർണ​പ്ര​യോ​ജനം നേടു​ന്ന​തിൽ നമുക്ക് തുടരാം. അങ്ങനെ ചെയ്യു​ന്ന​തി​ലൂ​ടെ ശുഭക​ര​മാ​യി പ്രവർത്തി​ക്കാൻ നമ്മളെ പഠിപ്പി​ക്കുന്ന യഹോ​വ​യോട്‌ നമ്മൾ നന്ദി കാണി​ക്കു​ക​യാ​യി​രി​ക്കും.—യശ. 48:17.

^ [1] (ഖണ്ഡിക 14) യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും എന്ന പുസ്‌ത​ക​ത്തി​ന്‍റെ 1-ഉം 2-ഉം വാല്യ​ങ്ങ​ളും (ഇംഗ്ലീഷ്‌) നമ്മുടെ വെബ്‌സൈ​റ്റി​ലെ “യുവജ​നങ്ങൾ ചോദി​ക്കു​ന്നു” (“Young People Ask”) എന്ന പരമ്പര​യും ഇത്തരം വിവര​ങ്ങ​ളിൽ ഉൾപ്പെ​ടു​ന്നു.