വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇപ്പോ​ഴും ബൈബിൾ നിങ്ങളു​ടെ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തു​ന്നു​ണ്ടോ?

ഇപ്പോ​ഴും ബൈബിൾ നിങ്ങളു​ടെ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തു​ന്നു​ണ്ടോ?

“മനസ്സു പുതുക്കി രൂപാ​ന്ത​ര​പ്പെ​ടു​വിൻ.”—റോമ. 12:2.

ഗീതം: 61, 52

1-3. (എ) സ്‌നാ​ന​മേ​റ്റ​തി​നു ശേഷം ഏത്‌ മാറ്റങ്ങൾ വരുത്തു​ന്നത്‌ നമുക്ക് ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം? (ബി) മാറ്റങ്ങൾ വരുത്താൻ പ്രതീ​ക്ഷി​ച്ച​തി​നെ​ക്കാൾ ബുദ്ധി​മു​ട്ടാ​യി​രി​ക്കു​മ്പോൾ നമ്മൾ സ്വയം ഏത്‌ ചോദ്യ​ങ്ങൾ ചോദി​ച്ചേ​ക്കാം? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രങ്ങൾ കാണുക.)

വർഷങ്ങ​ളാ​യി ചൂതാട്ടം, പുകവലി, മദ്യം, മയക്കു​മ​രുന്ന് ഇതി​നൊ​ക്കെ അടിമ​യാ​യി​രു​ന്നു കെവിൻ. [1] പിന്നീട്‌ അദ്ദേഹം യഹോ​വ​യെ​ക്കു​റിച്ച് പഠിക്കു​ക​യും യഹോ​വ​യു​ടെ സുഹൃ​ത്താ​കാൻ ആഗ്രഹി​ക്കു​ക​യും ചെയ്‌തു. എന്നാൽ അതിന്‌ അദ്ദേഹം ജീവി​ത​ത്തിൽ വലിയ മാറ്റങ്ങൾ വരുത്ത​ണ​മാ​യി​രു​ന്നു. യഹോ​വ​യു​ടെ സഹായ​ത്താ​ലും ദൈവ​വ​ച​ന​മായ ബൈബി​ളി​ന്‍റെ ശക്തിയാ​ലും അദ്ദേഹ​ത്തിന്‌ ഈ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞു.—എബ്രാ. 4:12.

2 സ്‌നാ​ന​മേ​റ്റ​തി​നു ശേഷവും ഒരു ക്രിസ്‌ത്യാ​നി​യെന്ന നിലയിൽ പുരോ​ഗ​മി​ക്കാൻ കെവിന്‌ വ്യക്തി​ത്വ​ത്തിൽ മാറ്റം വരുത്ത​ണ​മാ​യി​രു​ന്നു. (എഫെ. 4:31, 32) അദ്ദേഹം പെട്ടെന്ന് കോപി​ക്കുന്ന ഒരാളാ​യി​രു​ന്നു. കോപം നിയ​ന്ത്രി​ക്കു​ന്നത്‌ അദ്ദേഹ​ത്തിന്‌ വളരെ ബുദ്ധി​മു​ട്ടാ​യി തോന്നി. സ്‌നാ​ന​മേൽക്കു​ന്ന​തിന്‌ മുമ്പു​ണ്ടാ​യി​രുന്ന ദുശ്ശീ​ലങ്ങൾ നിറു​ത്തു​ന്ന​തി​നെ​ക്കാൾ ബുദ്ധി​മു​ട്ടാ​യി​രു​ന്നു കോപത്തെ നിയ​ന്ത്രി​ക്കു​ന്നത്‌! സഹായ​ത്തി​നാ​യി യഹോ​വ​യോട്‌ കേണ​പേ​ക്ഷി​ച്ചു​കൊ​ണ്ടും ബൈബിൾ ഗഹനമാ​യി പഠിച്ചു​കൊ​ണ്ടും കെവിന്‌ ഈ മാറ്റങ്ങൾ വരുത്താ​നാ​യി.

3 ബൈബിൾ ആവശ്യ​പ്പെ​ടുന്ന വിധത്തിൽ ജീവി​ക്കു​ന്ന​തിന്‌, സ്‌നാ​ന​മേൽക്കു​ന്ന​തി​നു മുമ്പ് നമ്മളിൽ പലർക്കും ജീവി​ത​ത്തിൽ വലിയ മാറ്റങ്ങൾ വരു​ത്തേ​ണ്ടി​വ​ന്നി​ട്ടുണ്ട്. എന്നാൽ ദൈവ​ത്തെ​യും ക്രിസ്‌തു​വി​നെ​യും കൂടുതൽ മെച്ചമാ​യി അനുക​രി​ക്കു​ന്ന​തിന്‌ ചെറി​യ​ചെ​റിയ പല മാറ്റങ്ങൾ ഇനിയും വരു​ത്തേ​ണ്ട​തു​ണ്ടെന്ന് നമുക്ക് അറിയാം. (എഫെ. 5:1, 2; 1 പത്രോ. 2:21) ഉദാഹ​ര​ണ​ത്തിന്‌ നമ്മൾ, തൊട്ട​തി​നും പിടി​ച്ച​തി​നും ഒക്കെ പരാതി പറയു​ന്ന​വ​രും കുശു​കു​ശു​ക്കു​ന്ന​വ​രും ദയയി​ല്ലാ​തെ സംസാ​രി​ക്കു​ന്ന​വ​രും മറ്റുള്ള​വരെ ഭയക്കു​ന്ന​വ​രും ഒക്കെയാ​യി​രി​ക്കാം. ഇക്കാര്യ​ത്തിൽ മാറ്റങ്ങൾ വരുത്താൻ, വിചാ​രി​ച്ച​തി​നെ​ക്കാൾ കൂടുതൽ ബുദ്ധി​മു​ട്ടു​ള്ള​താ​യി നമുക്ക് തോന്നി​യി​ട്ടു​ണ്ടോ? ഒരുപക്ഷേ നമ്മൾ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: ‘വലിയ​വ​ലിയ മാറ്റങ്ങൾ വരുത്താൻ കഴി​ഞ്ഞെ​ങ്കി​ലും ചെറി​യ​ചെ​റിയ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്താൻ എനിക്ക് ബുദ്ധി​മുട്ട് തോന്നു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? എന്‍റെ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താൻ ബൈബി​ളി​നെ അനുവ​ദി​ച്ചു​കൊണ്ട് കൂടുതൽ പുരോ​ഗതി വരുത്താൻ എനിക്ക് എങ്ങനെ കഴിയും?’

നിങ്ങൾക്ക് യഹോ​വയെ പ്രസാ​ദി​പ്പി​ക്കാ​നാ​കും

4. എല്ലാ കാര്യ​ത്തി​ലും നമുക്ക് യഹോ​വയെ പ്രസാ​ദി​പ്പി​ക്കാൻ കഴിയാ​ത്തത്‌ എന്തു​കൊണ്ട്?

4 നമ്മൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു, അതു​പോ​ലെ യഹോ​വയെ പ്രസാ​ദി​പ്പി​ക്കാൻ മുഴു​ഹൃ​ദ​യ​ത്തോ​ടെ ആഗ്രഹി​ക്കു​ന്നു. എന്നാൽ നമ്മൾ അപൂർണ​രാ​യ​തു​കൊണ്ട് എല്ലായ്‌പോ​ഴും യഹോ​വയെ പ്രസാ​ദി​പ്പി​ക്കാ​നാ​കില്ല എന്നതാണ്‌ സങ്കടക​ര​മായ കാര്യം. പിൻവ​രുന്ന വാക്കുകൾ എഴുതിയ അപ്പൊസ്‌ത​ല​നായ പൗലോ​സി​നെ​പ്പോ​ലെ മിക്ക​പ്പോ​ഴും നമുക്ക് തോന്നി​യേ​ക്കാം: “നന്മ ചെയ്യാൻ ഞാൻ ഇച്ഛിക്കു​ന്നെ​ങ്കി​ലും അതു പ്രവർത്തി​ക്കാൻ എനിക്കു കഴിയു​ന്നില്ല.”—റോമ. 7:18; യാക്കോ. 3:2.

5. സ്‌നാ​ന​മേൽക്കു​ന്ന​തി​നു മുമ്പ് നമ്മൾ ഏതെല്ലാം മാറ്റങ്ങൾ വരുത്തി, എന്നാൽ ഇപ്പോ​ഴും നമ്മൾ ഏത്‌ ബലഹീ​ന​ത​ക​ളു​മാ​യി പോരാ​ടേ​ണ്ടി​വ​ന്നേ​ക്കാം?

5 സഭയിലെ ഒരു അംഗം ആകുന്ന​തിന്‌ മുമ്പ് യഹോവ വെറു​ക്കുന്ന കാര്യങ്ങൾ പലതും നമ്മൾ ഉപേക്ഷി​ച്ചു. (1 കൊരി. 6:9, 10) എന്നാൽ നമ്മൾ ഇപ്പോ​ഴും അപൂർണ​രാണ്‌. (കൊലോ. 3:9, 10) അതു​കൊ​ണ്ടു​തന്നെ സ്‌നാ​ന​മേ​റ്റിട്ട് വർഷങ്ങൾ കഴി​ഞ്ഞെ​ങ്കി​ലും ഇപ്പോ​ഴും നമുക്ക് പിഴവു​കൾ പറ്റാറുണ്ട്. ഇടയ്‌ക്കൊ​ക്കെ തെറ്റായ ആഗ്രഹ​ങ്ങ​ളും ചിന്തക​ളും നമുക്ക് ഉണ്ടാ​യേ​ക്കാം, അല്ലെങ്കിൽ നമ്മുടെ ചില ബലഹീ​ന​ത​ക​ളോ ചായ്‌വു​ക​ളോ നിയ​ന്ത്രി​ക്കാൻ നമ്മൾ നന്നേ പാടു​പെ​ടു​ന്നു​ണ്ടാ​കാം. ഒരേ പ്രശ്‌ന​വു​മാ​യി വർഷങ്ങ​ളാ​യി നമ്മൾ പോരാ​ടു​ന്ന​വ​രാ​യി​രി​ക്കാം.

6, 7. (എ) അപൂർണ​രാ​ണെ​ങ്കി​ലും യഹോ​വ​യു​ടെ സുഹൃ​ത്തു​ക്ക​ളാ​യി​രി​ക്കാൻ നമുക്ക് എങ്ങനെ കഴിയും? (ബി) യഹോ​വ​യോട്‌ ക്ഷമ ചോദി​ക്കാൻ മടികാ​ണി​ക്കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്?

6 അപൂർണ​രാ​ണെ​ങ്കി​ലും, യഹോ​വ​യു​മാ​യി സൗഹൃദം നിലനി​റു​ത്താ​നും യഹോ​വയെ ആരാധി​ക്കാ​നും നമുക്ക് കഴിയും. നിങ്ങൾ യഹോ​വ​യു​ടെ സുഹൃ​ത്താ​യി​ത്തീർന്ന ആ സമയ​ത്തെ​ക്കു​റിച്ച് എല്ലായ്‌പോ​ഴും ഓർക്കുക. യഹോ​വ​യാണ്‌ നിങ്ങളി​ലെ നന്മ കാണു​ക​യും നിങ്ങൾ യഹോ​വയെ അറിയ​ണ​മെന്ന് ആഗ്രഹി​ക്കു​ക​യും ചെയ്‌തത്‌. (യോഹ. 6:44) നിങ്ങൾക്ക് പല ബലഹീ​ന​ത​ക​ളു​ണ്ടെ​ന്നും നിങ്ങൾ പല പിഴവു​കൾ വരുത്തി​യേ​ക്കാ​മെ​ന്നും യഹോ​വയ്‌ക്ക് അറിയാ​മാ​യി​രു​ന്നു. എന്നിട്ടും യഹോവ നിങ്ങളെ സുഹൃ​ത്താ​ക്കാൻ ആഗ്രഹി​ച്ചു.

7 നമ്മളെ അതിയാ​യി സ്‌നേ​ഹി​ച്ച​തു​കൊണ്ട് യഹോവ നമുക്ക് അമൂല്യ​മായ ഒരു സമ്മാനം, അതായത്‌ തന്‍റെ പ്രിയ​പു​ത്രന്‍റെ ജീവൻ, ഒരു മറുവി​ല​യാ​യി നൽകി. (യോഹ. 3:16) നമുക്ക് ഒരു തെറ്റ്‌ പറ്റു​മ്പോൾ ക്ഷമയ്‌ക്കാ​യി യഹോ​വ​യോട്‌ യാചി​ക്കാ​നാ​കും. മറുവി​ല​യെന്ന വില​യേ​റിയ ക്രമീ​ക​ര​ണ​ത്തി​ന്‍റെ അടിസ്ഥാ​ന​ത്തിൽ യഹോവ ക്ഷമ തരു​മെ​ന്നും തന്‍റെ സുഹൃ​ത്താ​യി തുടരാൻ നമ്മളെ അനുവ​ദി​ക്കു​മെ​ന്നും നമുക്ക് ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും. (റോമ. 7:24, 25; 1 യോഹ. 2:1, 2) യേശു മാനസാ​ന്ത​ര​മുള്ള പാപി​കൾക്കു​വേ​ണ്ടി​യാണ്‌ മരിച്ച​തെന്ന് ഓർക്കുക. അതു​കൊണ്ട് പാപി​ക​ളാ​ണെന്ന് നമുക്ക് തോന്നി​യാൽപ്പോ​ലും ക്ഷമയ്‌ക്കാ​യി യഹോ​വ​യോട്‌ പ്രാർഥി​ക്കു​ന്നത്‌ നിറു​ത്തി​ക്ക​ള​യ​രുത്‌. ക്ഷമ ചോദി​ക്കാ​ത്തത്‌ കൈയിൽ പറ്റിയ ചെളി കഴുകി​ക്ക​ള​യാൻ വിസമ്മ​തി​ക്കു​ന്ന​തിന്‌ തുല്യ​മാണ്‌. അപൂർണ​രാ​ണെ​ങ്കി​ലും യഹോ​വ​യു​ടെ സുഹൃ​ത്തു​ക്ക​ളാ​യി​രി​ക്കാൻ യഹോവ അനുവ​ദി​ച്ചി​രി​ക്കു​ന്ന​തിൽ നമ്മൾ എത്ര നന്ദിയു​ള്ള​വ​രാണ്‌!—1 തിമൊ​ഥെ​യൊസ്‌ 1:15 വായി​ക്കുക.

8. നമ്മുടെ ബലഹീ​ന​തകൾ കണ്ടി​ല്ലെന്ന് നടിക്കാൻ പാടി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്?

8 അതു​കൊണ്ട് നമ്മുടെ ബലഹീ​ന​തകൾ കണ്ടി​ല്ലെന്നു നടിക്കാ​നോ അവയ്‌ക്ക് ഒഴിക​ഴി​വു​കൾ പറയാ​നോ നമുക്കാ​കില്ല എന്നതാണ്‌ സത്യം. തന്‍റെ സുഹൃ​ത്തു​ക്കൾ എങ്ങനെ​യു​ള്ള​വ​രാ​യി​രി​ക്കാ​നാണ്‌ താൻ ആഗ്രഹി​ക്കു​ന്ന​തെന്ന് യഹോവ പറഞ്ഞി​ട്ടുണ്ട്. (സങ്കീ. 15:1-5) അതു​കൊണ്ട് യഹോ​വ​യോട്‌ അടുത്തു ചെല്ലാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ യഹോ​വ​യെ​യും യേശു​വി​നെ​യും അനുക​രി​ക്കാൻ നമ്മൾ ശ്രമി​ച്ചു​കൊ​ണ്ടേ​യി​രി​ക്കണം. തെറ്റായ മോഹ​ങ്ങളെ നിയ​ന്ത്രി​ക്കാൻ നമ്മൾ ശ്രമി​ക്കണം. അവയിൽ ചിലത്‌ നമുക്ക് പൂർണ​മാ​യി ഉപേക്ഷി​ക്കാ​നും കഴി​ഞ്ഞേ​ക്കും. സ്‌നാ​ന​മേ​റ്റിട്ട് എത്ര വർഷം കഴിഞ്ഞാ​ലും ശരി, നമ്മുടെ വ്യക്തി​ത്വ​ത്തിന്‌ മാറ്റം വരുത്തി​ക്കൊ​ണ്ടേ​യി​രി​ക്കണം.—2 കൊരി. 13:11.

9. വ്യക്തി​ത്വം പുതു​ക്കി​ക്കൊ​ണ്ടി​രി​ക്കാൻ കഴിയു​മെന്ന് നമുക്ക് എങ്ങനെ അറിയാം?

9 അപ്പൊസ്‌ത​ല​നായ പൗലോസ്‌ ക്രിസ്‌ത്യാ​നി​ക​ളോട്‌ ഇങ്ങനെ പറഞ്ഞു: “മുൻകാല ജീവി​ത​ഗ​തി​ക്കൊ​ത്ത​തും വഞ്ചനയു​ടെ മോഹ​ങ്ങ​ളാൽ ജീർണി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തു​മായ പഴയ വ്യക്തി​ത്വം ഉരിഞ്ഞു​ക​ളഞ്ഞ് നിങ്ങളു​ടെ മനസ്സു​കളെ ഭരിക്കുന്ന ശക്തിസം​ബ​ന്ധ​മാ​യി പുതുക്കം പ്രാപിച്ച് ശരിയായ നീതി​യി​ലും വിശ്വസ്‌ത​ത​യി​ലും ദൈവ​ഹി​ത​പ്ര​കാ​രം സൃഷ്ടി​ക്ക​പ്പെട്ട പുതിയ വ്യക്തി​ത്വം ധരിച്ചു​കൊ​ള്ളണം എന്നത്രേ നിങ്ങൾ പഠിച്ചത്‌.” (എഫെ. 4:22-24) “പുതുക്കം പ്രാപിച്ച്” എന്നതിന്‍റെ മൂലഭാ​ഷാ​പദം സൂചി​പ്പി​ക്കു​ന്നത്‌ ഇത്‌ ഒരു തുടർച്ച​യായ പ്രക്രി​യ​യാണ്‌ എന്നാണ്‌. നമ്മൾ എത്ര കാലമാ​യി യഹോ​വയെ സേവി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും ശരി, നമുക്ക് എല്ലായ്‌പോ​ഴും യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റിച്ച് കൂടുതൽ പഠിക്കാ​നാ​കും. നമ്മുടെ വ്യക്തി​ത്വ​ത്തിൽ മാറ്റങ്ങൾ വരുത്തി​ക്കൊണ്ട് ദൈവത്തെ കൂടുതൽ മെച്ചമാ​യി അനുക​രി​ക്കാൻ ബൈബി​ളിന്‌ നമ്മളെ സഹായി​ക്കാ​നാ​കും.

അത്‌ ബുദ്ധി​മു​ട്ടാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

10. ബൈബി​ളി​ന്‍റെ സഹായ​ത്തോ​ടെ തുടർച്ച​യായ മാറ്റങ്ങൾ വരുത്താൻ നമ്മൾ എന്തു ചെയ്യണം, ഇതി​നോട്‌ ബന്ധപ്പെട്ട് ഏത്‌ ചോദ്യ​ങ്ങൾ ഉയർന്നു​വ​രു​ന്നു?

10 നമ്മളെ​ല്ലാ​വ​രും ആഗ്രഹി​ക്കു​ന്നത്‌ ബൈബിൾ പറയു​ന്നത്‌ അനുസ​രി​ക്കാ​നാണ്‌. മാറ്റങ്ങൾ വരുത്തു​ന്ന​തിൽ തുടര​ണ​മെ​ങ്കിൽ നമ്മൾ കഠിന​ശ്രമം ചെയ്യണം. എന്തു​കൊ​ണ്ടാണ്‌ അത്തരം ഒരു ശ്രമം നടത്തേ​ണ്ടത്‌? നമ്മൾ ശരി ചെയ്യു​ന്നത്‌ യഹോവ എളുപ്പ​മാ​ക്കി​ത്ത​രാ​ത്തത്‌ എന്തു​കൊണ്ട്?

11-13. ബലഹീ​ന​ത​കളെ മറിക​ട​ക്കാൻ നമ്മൾ ശ്രമി​ക്ക​ണ​മെന്ന് യഹോവ ആഗ്രഹി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

11 ഈ പ്രപഞ്ച​വും അതിലു​ള്ള​തൊ​ക്കെ​യും സൃഷ്ടിച്ച യഹോ​വയ്‌ക്ക് എന്തും ചെയ്യാ​നുള്ള ശക്തിയു​ണ്ടെന്ന കാര്യ​ത്തിൽ സംശയ​മില്ല. ഉദാഹ​ര​ണ​ത്തിന്‌, യഹോവ സൃഷ്ടിച്ച സൂര്യൻ അളവറ്റ ഊർജ​ത്തി​ന്‍റെ ഉറവി​ട​മാണ്‌. സൂര്യൻ ഓരോ സെക്കൻഡി​ലും ഭീമമായ അളവിൽ ചൂടും പ്രകാ​ശ​വും ഉത്‌പാ​ദി​പ്പി​ക്കു​ന്നു. ഭൂമി​യി​ലെ ജീവൻ നിലനി​റു​ത്താൻ ആ ഊർജ​ത്തി​ന്‍റെ വളരെ ചെറി​യൊ​രു അംശം മാത്രം മതി. (സങ്കീ. 74:16; യശ. 40:26) തന്‍റെ ആരാധ​കർക്ക് ശക്തി ആവശ്യ​മാ​യി​രി​ക്കു​മ്പോൾ യഹോവ അത്‌ കൊടു​ക്കു​ന്നു. (യശ. 40:29) ബലഹീ​ന​ത​കൾക്ക് എതി​രെ​യുള്ള നമ്മുടെ പോരാ​ട്ടം എളുപ്പ​മാ​ക്കി​ത്തീർക്കാ​നും തെറ്റായ മോഹങ്ങൾ നമ്മുടെ മനസ്സിൽ ജനിക്കു​ന്ന​തിന്‌ തടയി​ടാ​നും ഒക്കെ യഹോ​വയ്‌ക്ക് കഴിയും. പക്ഷേ യഹോവ എന്തു​കൊ​ണ്ടാണ്‌ അങ്ങനെ ചെയ്യാ​ത്തത്‌?

12 യഹോവ നമുക്ക് സ്വത​ന്ത്ര​മായ ഇച്ഛാശക്തി തന്നിട്ടുണ്ട്. യഹോ​വയെ അനുസ​രി​ക്ക​ണോ വേണ്ടയോ എന്ന് തീരു​മാ​നി​ക്കാൻ യഹോവ നമ്മളെ അനുവ​ദി​ക്കു​ന്നു. യഹോ​വയെ അനുസ​രി​ക്കാൻ തീരു​മാ​നി​ക്കു​ക​യും യഹോ​വ​യു​ടെ ഇഷ്ടം ചെയ്യാൻ കഠിന​മാ​യി ശ്രമി​ക്കു​ക​യും ചെയ്യു​മ്പോൾ നമ്മൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നെ​ന്നും യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ന്നും തെളി​യി​ക്കു​ക​യാണ്‌. യഹോ​വയ്‌ക്ക് ഭരിക്കാ​നുള്ള അവകാശം ഇല്ലെന്നാണ്‌ സാത്താൻ പറയു​ന്നത്‌. എന്നാൽ നമ്മൾ യഹോ​വയെ അനുസ​രി​ക്കു​മ്പോൾ സാത്താന്‍റെ ആ അവകാ​ശ​വാ​ദം തെറ്റാ​ണെന്ന് തെളി​യി​ക്കു​ന്നു. തന്നെ അനുസ​രി​ക്കാൻ നമ്മൾ ചെയ്യുന്ന ഓരോ ശ്രമ​ത്തെ​യും സ്‌നേ​ഹ​വാ​നായ പിതാവ്‌ വില​പ്പെ​ട്ട​താ​യി കാണുന്നു എന്ന കാര്യ​ത്തിൽ നമുക്ക് ഉറപ്പു​ണ്ടാ​യി​രി​ക്കാം. (ഇയ്യോ. 2:3-5; സദൃ. 27:11) ബലഹീ​ന​ത​കളെ നിയ​ന്ത്രി​ക്കാൻ എളുപ്പമല്ല, എങ്കിലും അതിനാ​യി കഠിന​ശ്രമം ചെയ്യു​മ്പോൾ നമ്മൾ യഹോ​വ​യോട്‌ വിശ്വസ്‌ത​രാ​ണെ​ന്നും യഹോ​വയെ നമ്മുടെ ഭരണാ​ധി​കാ​രി​യാ​യി അംഗീ​ക​രി​ക്കു​ന്നു​വെ​ന്നും തെളി​യി​ക്കു​ന്നു.

13 തന്‍റെ ഗുണങ്ങൾ അനുക​രി​ക്കാൻ കഠിന​മാ​യി ശ്രമി​ക്ക​ണ​മെന്ന് യഹോവ പറയുന്നു. (കൊലോ. 3:12; 2 പത്രോസ്‌ 1:5-7 വായി​ക്കുക.) നമ്മൾ ചിന്തക​ളെ​യും വികാ​ര​ങ്ങ​ളെ​യും നിയ​ന്ത്രി​ക്കാൻ പ്രയത്‌നി​ക്ക​ണ​മെ​ന്നും യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. (റോമ. 8:5; 12:9) കഠിന​ശ്രമം ചെയ്‌ത്‌ ഒരു മാറ്റം വരുത്തു​ന്ന​തിൽ വിജയി​ക്കു​മ്പോൾ നമുക്ക് സന്തോഷം തോന്നും.

നിങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ദൈവ​വ​ച​നത്തെ അനുവ​ദി​ക്കു​ക

14, 15. യഹോവ ഇഷ്ടപ്പെ​ടുന്ന ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാൻ നമുക്ക് എന്ത് ചെയ്യാ​നാ​കും? (“ ബൈബി​ളും പ്രാർഥ​ന​യും അവരുടെ ജീവി​ത​ത്തിന്‌ മാറ്റം വരുത്തി” എന്ന ചതുരം കാണുക.)

14 യഹോവ ഇഷ്ടപ്പെ​ടുന്ന ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാൻ നമ്മൾ എന്തു ചെയ്യണം? എന്ത് മാറ്റം വരുത്ത​ണ​മെന്ന് സ്വയം തീരു​മാ​നി​ക്കു​ന്ന​തി​നു പകരം നമ്മളെ നയിക്കാൻ യഹോ​വയെ അനുവ​ദി​ക്കണം. റോമർ 12:2 ഇങ്ങനെ പറയുന്നു: “ഈ ലോക​ത്തോട്‌ അനുരൂ​പ​പ്പെ​ടാ​തെ നല്ലതും സ്വീകാ​ര്യ​വും പരിപൂർണ​വു​മായ ദൈവ​ഹി​തം എന്തെന്നു തിരി​ച്ച​റി​യേ​ണ്ട​തിന്‌ മനസ്സു പുതുക്കി രൂപാ​ന്ത​ര​പ്പെ​ടു​വിൻ.” യഹോവ ആഗ്രഹി​ക്കു​ന്നത്‌ എന്താ​ണെന്ന് കണ്ടെത്താൻ യഹോവ തരുന്ന സഹായ​ത്തിൽ ആശ്രയി​ക്കണം. ദിവസ​വും ബൈബിൾ വായി​ക്കു​ക​യും വായി​ച്ച​തി​നെ​ക്കു​റിച്ച് ധ്യാനി​ക്കു​ക​യും പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി യഹോ​വ​യോട്‌ പ്രാർഥി​ക്കു​ക​യും വേണം. (ലൂക്കോ. 11:13; ഗലാ. 5:22, 23) യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്നത്‌ എന്താ​ണെന്ന് മനസ്സി​ലാ​ക്കാൻ ഈ വിധങ്ങ​ളിൽ യഹോവ സഹായി​ക്കും. അങ്ങനെ ചെയ്യു​മ്പോൾ നമ്മുടെ ചിന്തക​ളും സംസാ​ര​വും പ്രവൃ​ത്തി​ക​ളും യഹോ​വയെ കൂടുതൽ പ്രസാ​ദി​പ്പി​ക്കും. നമ്മുടെ ബലഹീ​ന​തകൾ എങ്ങനെ നിയ​ന്ത്രി​ക്കാ​നാ​കും എന്ന് നമ്മൾ പഠിക്കും. എന്നാൽ അപ്പോ​ഴും നമ്മൾ അവയു​മാ​യി പോരാ​ടേ​ണ്ടി​വ​രും.—സദൃ. 4:23.

ബലഹീ​ന​ത​ക​ളു​മാ​യി പോരാ​ടാൻ സഹായിച്ച തിരു​വെ​ഴു​ത്തു​ക​ളും ലേഖന​ങ്ങ​ളും ശേഖരിച്ച് അവലോ​കനം ചെയ്യുക (15-‍ാ‍ം ഖണ്ഡിക കാണുക)

15 ബൈബിൾ ദിവസ​വും വായി​ക്കു​ന്ന​തോ​ടൊ​പ്പം വീക്ഷാ​ഗോ​പു​രം, ഉണരുക! പോ​ലെ​യുള്ള നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഉപയോ​ഗിച്ച് അത്‌ പഠിക്കു​ക​യും വേണം. ഈ മാസി​ക​ക​ളി​ലെ പല ലേഖന​ങ്ങ​ളും യഹോ​വ​യു​ടെ ഗുണങ്ങൾ എങ്ങനെ അനുക​രി​ക്കാൻ കഴിയു​മെ​ന്നും ബലഹീ​ന​ത​ക​ളോട്‌ എങ്ങനെ പോരാ​ടാ​മെ​ന്നും നമ്മളെ പഠിപ്പി​ക്കു​ന്നു. വിശേ​ഷിച്ച്, വ്യക്തി​പ​ര​മാ​യി പ്രയോ​ജനം ചെയ്യുന്ന ചില ലേഖന​ങ്ങ​ളും തിരു​വെ​ഴു​ത്തു​ക​ളും നമ്മൾ കണ്ടെത്തി​യേ​ക്കാം. അത്‌ പിന്നീട്‌ ഉപയോ​ഗി​ക്കാ​നാ​യി ശേഖരി​ച്ചു വെക്കു​ക​യും ചെയ്യാം.

16. പെട്ടെന്ന് മാറ്റം വരുത്താൻ പറ്റുന്നി​ല്ലെ​ങ്കിൽ നമ്മൾ നിരു​ത്സാ​ഹി​ത​രാ​ക​രു​താ​ത്തത്‌ എന്തു​കൊണ്ട്?

16 യഹോ​വ​യു​ടെ ഗുണങ്ങൾ അനുക​രി​ക്കാൻ പഠിക്കു​ന്ന​തിന്‌ സമയ​മെ​ടു​ക്കും. നിങ്ങൾ ആഗ്രഹി​ച്ചത്ര മാറ്റങ്ങൾ വരുത്താൻ നിങ്ങൾക്കാ​യി​ല്ലെ​ങ്കിൽ ക്ഷമയോ​ടെ കാത്തി​രി​ക്കുക. ആദ്യ​മൊ​ക്കെ, ബൈബിൾ പറയുന്ന കാര്യങ്ങൾ ചെയ്യാൻ നിങ്ങളു​ടെ പക്ഷത്ത്‌ നല്ല ശ്രമം ആവശ്യ​മാ​യി​രു​ന്നേ​ക്കാം. യഹോവ ആഗ്രഹി​ക്കുന്ന വിധത്തിൽ ചിന്തി​ക്കാ​നും പ്രവർത്തി​ക്കാ​നും എത്ര​ത്തോ​ളം ശ്രമം നടത്തു​ന്നു​വോ അത്ര​ത്തോ​ളം യഹോവ ചിന്തി​ക്കുന്ന വിധത്തിൽ ചിന്തി​ക്കാ​നും ശരിയാ​യതു ചെയ്യാ​നും നമുക്ക് എളുപ്പ​മാ​യി​ത്തീ​രും.—സങ്കീ. 37:31; സദൃ. 23:12; ഗലാ. 5:16, 17.

നമ്മുടെ മഹത്തായ ഭാവി​യെ​ക്കു​റിച്ച് ചിന്തി​ക്കു​ക

17. യഹോ​വ​യോട്‌ വിശ്വസ്‌ത​രാ​ണെ​ങ്കിൽ ഏത്‌ മഹത്തായ ഭാവി​ക്കാ​യി നമുക്ക് കാത്തി​രി​ക്കാം?

17 പൂർണ​രാ​യി യഹോ​വയെ എന്നെന്നും സേവി​ക്കുന്ന ആ കാലത്തി​നാ​യി വിശ്വസ്‌ത​രായ നമ്മൾ കാത്തി​രി​ക്കു​ക​യാണ്‌. അന്ന് നമുക്ക് യാതൊ​രു ബലഹീ​ന​ത​ക​ളു​മാ​യും പോരാ​ടേ​ണ്ടി​വ​രില്ല, യഹോ​വയെ അനുക​രി​ക്കു​ന്നത്‌ കൂടുതൽ എളുപ്പ​മാ​കു​ക​യും ചെയ്യും. എന്നാൽ മറുവില എന്ന സമ്മാനം തന്നിരി​ക്കു​ന്ന​തു​കൊണ്ട് ഇപ്പോൾപ്പോ​ലും നമുക്ക് യഹോ​വയെ ആരാധി​ക്കാൻ കഴിയു​ന്നു. അപൂർണ​രാ​ണെ​ങ്കി​ലും മാറ്റങ്ങൾ വരുത്താ​നും ബൈബി​ളി​ലൂ​ടെ യഹോവ പഠിപ്പി​ക്കുന്ന കാര്യങ്ങൾ അനുസ​രി​ക്കാ​നും പരമാ​വധി ശ്രമി​ക്കു​മ്പോൾ നമുക്ക് യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ കഴിയും.

18, 19. ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താ​നുള്ള ശക്തി ബൈബി​ളി​നു​ണ്ടെന്ന് നമുക്ക് എങ്ങനെ അറിയാം?

18 കോപം നിയ​ന്ത്രി​ക്കാൻ പഠിക്കു​ന്ന​തിന്‌ കെവിൻ തന്നാലാ​വു​ന്ന​തെ​ല്ലാം ചെയ്‌തു. അദ്ദേഹം ബൈബി​ളിൽനിന്ന് വായിച്ച കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു ധ്യാനി​ക്കു​ക​യും ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താൻ കഠിന​മാ​യി ശ്രമി​ക്കു​ക​യും ചെയ്‌തു. സഹവി​ശ്വാ​സി​കൾ കൊടുത്ത ഉപദേ​ശ​ങ്ങ​ളും നിർദേ​ശ​ങ്ങ​ളും കെവിൻ പിൻപറ്റി. പുരോ​ഗ​മി​ക്കാൻ കുറച്ച് വർഷങ്ങ​ളെ​ടു​ത്തെ​ങ്കി​ലും പിന്നീട്‌ അദ്ദേഹ​ത്തിന്‌ ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​യി സേവി​ക്കാൻ കഴിഞ്ഞു. കഴിഞ്ഞ 20 വർഷമാ​യി അദ്ദേഹം ഒരു മൂപ്പനാ​യും സേവി​ക്കു​ന്നു. എന്നാൽ തന്‍റെ ബലഹീ​ന​ത​ക​ളു​മാ​യുള്ള പോരാ​ട്ടം തുട​രേ​ണ്ട​തു​ണ്ടെന്ന് അദ്ദേഹ​ത്തിന്‌ ഇപ്പോ​ഴും അറിയാം.

19 കെവി​നെ​പ്പോ​ലെ, നമുക്കും വ്യക്തി​ത്വം മെച്ച​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കാം. അപ്പോൾ നമ്മൾ യഹോ​വ​യോട്‌ കൂടു​തൽക്കൂ​ടു​തൽ അടുത്തു ചെല്ലും. (യാക്കോ. 4:8) യഹോ​വയെ പ്രസാ​ദി​പ്പി​ക്കാ​നാ​യി മാറ്റങ്ങൾ വരുത്താൻ നമ്മളാൽ ആകുന്ന​തെ​ല്ലാം ചെയ്യു​മ്പോൾ വിജയം നേടാൻ യഹോവ നമ്മളെ സഹായി​ക്കും. അങ്ങനെ​യാ​കു​മ്പോൾ ബൈബി​ളി​ന്‍റെ സഹായ​ത്തോ​ടെ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തി​ക്കൊ​ണ്ടി​രി​ക്കാ​നാ​കും എന്ന കാര്യ​ത്തിൽ സംശയ​മില്ല!—സങ്കീ. 34:8.

^ [1] (ഖണ്ഡിക 1) പേരിനു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.