വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​കൃ​പ​യ്‌ക്കാ​യി നന്ദിയു​ള്ളവർ

ദൈവ​കൃ​പ​യ്‌ക്കാ​യി നന്ദിയു​ള്ളവർ

‘നമു​ക്കേ​വർക്കും മേൽക്കു​മേൽ കൃപ ലഭിച്ചു.’—യോഹ. 1:16.

ഗീതം: 95, 13

1, 2. (എ) മുന്തി​രി​ത്തോ​ട്ട​ത്തി​ന്‍റെ ഉടമ​യെ​ക്കു​റി​ച്ചുള്ള യേശു​വി​ന്‍റെ ദൃഷ്ടാന്തം വിവരി​ക്കുക. (ബി) ഔദാ​ര്യം, കൃപ എന്നീ ഗുണങ്ങ​ളെ​ക്കു​റിച്ച് ഈ കഥ എന്തു പറയുന്നു?

ഒരു ദിവസം അതിരാ​വി​ലെ ഒരു കൃഷി​ക്കാ​രൻ അയാളു​ടെ മുന്തി​രി​ത്തോ​ട്ട​ത്തിൽ ജോലി ചെയ്യു​ന്ന​തി​നു പണിക്കാ​രെ അന്വേ​ഷിച്ച് ചന്തസ്ഥല​ത്തേക്കു പോയി. അയാൾ പറഞ്ഞ കൂലിക്കു ജോലി ചെയ്യാ​മെന്നു ചിലർ സമ്മതിച്ചു. എന്നാൽ ആ ദിവസം അയാൾക്കു കൂടുതൽ പണിക്കാ​രെ ആവശ്യ​മാ​യി​വന്നു. അയാൾ പലപ്പോ​ഴാ​യി ചന്തസ്ഥല​ത്തേക്കു പോയി കുറെ പണിക്കാ​രെ​ക്കൂ​ടി വിളിച്ചു. എല്ലാവർക്കും, വൈകി വിളി​ച്ച​വർക്കു​പോ​ലും, ന്യായ​മായ കൂലി കൊടു​ക്കാ​മെന്നു പറഞ്ഞു. വൈകു​ന്നേ​ര​മാ​യ​പ്പോൾ കൃഷി​ക്കാ​രൻ കൂലി കൊടു​ക്കു​ന്ന​തി​നു പണിക്കാ​രെ​യെ​ല്ലാം വിളി​ച്ചു​കൂ​ട്ടി. മണിക്കൂ​റു​ക​ളോ​ളം ജോലി ചെയ്‌ത​വർക്കും ഒരു മണിക്കൂർ മാത്രം ജോലി ചെയ്‌ത​വർക്കും ഒരേ കൂലി​യാ​ണു കൊടു​ത്തത്‌. ആദ്യം ജോലി​ക്കു വന്ന പണിക്കാർ ഇതെക്കു​റിച്ച് പരാതി​പ്പെട്ടു. അപ്പോൾ കൃഷി​ക്കാ​രൻ അവരിൽ ഒരാ​ളോ​ടു പറഞ്ഞു: ‘നിന്നോ​ടു പറഞ്ഞ കൂലി ഞാൻ നിനക്കു തന്നില്ലേ? എന്‍റെ ജോലി​ക്കാർക്ക് എനിക്ക് ഇഷ്ടമു​ള്ളതു കൊടു​ക്കാൻ എനിക്ക് അവകാ​ശ​മി​ല്ലേ? ഞാൻ ഔദാ​ര്യ​മു​ള്ള​വ​നാ​യ​തു​കൊണ്ട് നിനക്ക് അസൂയ തോന്നു​ന്നു​ണ്ടോ?’—മത്താ. 20:1-15, ഓശാന.

2 യേശു​വി​ന്‍റെ ഈ ദൃഷ്ടാന്തം, ബൈബി​ളിൽ കൂടെ​ക്കൂ​ടെ പറഞ്ഞി​ട്ടുള്ള, യഹോ​വ​യു​ടെ “കൃപ” എന്ന ഗുണ​ത്തെ​ക്കു​റിച്ച് വെളി​പ്പെ​ടു​ത്തു​ന്നു. [1] (2 കൊരി​ന്ത്യർ 6:1 വായി​ക്കുക.) ഒരു മണിക്കൂർ മാത്രം ജോലി ചെയ്‌ത​വർക്ക് ഒരു ദിവസത്തെ കൂലിക്ക് അർഹത​യി​ല്ലാ​യി​രു​ന്നു. എങ്കിലും മുന്തി​രി​ത്തോ​ട്ട​ത്തി​ന്‍റെ ഉടമ അവരോട്‌ അസാധാ​ര​ണ​മായ ദയ കാണിച്ചു. “കൃപ” എന്നും “അനർഹദയ” എന്നും പല ബൈബിൾഭാ​ഷാ​ന്ത​ര​ങ്ങ​ളും പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഈ പദത്തെ ഒരു പണ്ഡിതൻ നിർവ​ചി​ക്കു​ന്നത്‌, “സ്വന്തം പ്രയത്‌നം​കൊണ്ട് ഒരു മനുഷ്യ​നു നേടി​യെ​ടു​ക്കാ​നോ സ്വന്തമാ​ക്കാ​നോ കഴിയാത്ത, സൗജന്യ​വും അനർഹ​വും ആയ ദാനം” എന്നാണ്‌.

യഹോ​വ​യു​ടെ ഉദാര​മായ ദാനം

3, 4. യഹോ​വ​യ്‌ക്കു മനുഷ്യ​രോ​ടു കൃപ കാണി​ക്കേ​ണ്ടി​വ​ന്നത്‌ എന്തു​കൊണ്ട്, എങ്ങനെ?

3 ദൈവ​ത്തി​ന്‍റെ കൃപ ഒരു ‘ദാനമാണ്‌’ എന്നു തിരു​വെ​ഴു​ത്തു​കൾ പറയുന്നു. (എഫെ. 3:7) എന്തു​കൊ​ണ്ടാ​ണു ‘ദാനം’ എന്നു പറയു​ന്നത്‌? നമ്മൾ യഹോ​വ​യു​ടെ എല്ലാ നിബന്ധ​ന​ക​ളും പൂർണ​മാ​യി അനുസ​രി​ക്കു​ന്നെ​ങ്കിൽ യഹോവ നമ്മളോ​ടു കാണി​ക്കു​ന്ന​തി​നെ കൃപാ​ദാ​നം അഥവാ അനർഹ​മായ ദാനം എന്നു വിളി​ക്കാൻ കഴിയില്ല. കാരണം നമ്മൾ അതിന്‌ അർഹരാ​യി​രി​ക്കു​മ​ല്ലോ. പക്ഷേ ജ്ഞാനി​യായ ശലോ​മോൻ രാജാവ്‌ നമ്മുടെ അവസ്ഥ​യെ​ക്കു​റിച്ച് ഇങ്ങനെ എഴുതി: “പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതി​മാ​നും ഭൂമി​യിൽ ഇല്ല.” (സഭാ. 7:20) “എല്ലാവ​രും പാപം ചെയ്‌തു ദൈവി​ക​മ​ഹ​ത്ത്വം ഇല്ലാത്ത​വ​രാ​യി​ത്തീർന്നി​രി​ക്കു​ന്നു” എന്നും “പാപത്തി​ന്‍റെ ശമ്പളം മരണം” എന്നും പൗലോസ്‌ അപ്പോ​സ്‌തലൻ പറഞ്ഞു. (റോമ. 3:23; 6:23എ) അതു​കൊണ്ട് മരണം മാത്രമേ നമ്മൾ അർഹി​ക്കു​ന്നു​ള്ളൂ.

4 അതുല്യ​മായ ഒരു വിധത്തിൽ കൃപ കാണി​ച്ചു​കൊണ്ട്, പാപി​ക​ളായ മനുഷ്യ​രോ​ടുള്ള സ്‌നേഹം യഹോവ പ്രകടി​പ്പി​ച്ചു. ‘തന്‍റെ ഏകജാ​ത​നായ പുത്രനെ’ നമുക്കു​വേണ്ടി മരിക്കാൻ ഭൂമി​യി​ലേക്ക് അയച്ചു​കൊണ്ട് യഹോവ ഏറ്റവും വലിയ സമ്മാനം നമുക്കു തന്നു. (യോഹ. 3:16) യേശു “നമുക്കു​വേണ്ടി മരണത്തി​നു വിധേ​യ​നാ​യ​തി​നാൽ മഹത്ത്വ​വും മാനവും​കൊണ്ട് കിരീ​ട​മ​ണി​ഞ്ഞ​വ​നാ​യി” എന്നു പൗലോസ്‌ എഴുതി. (എബ്രാ. 2:9) അതെ, ‘ദൈവ​ത്തി​ന്‍റെ ദാനം നമ്മുടെ കർത്താ​വായ ക്രിസ്‌തു​യേ​ശു​വി​നാ​ലുള്ള നിത്യ​ജീ​വ​നാണ്‌.’—റോമ. 6:23ബി.

5, 6. (എ) പാപം നമ്മളെ ഭരിക്കു​ന്നെ​ങ്കിൽ എന്തായി​രി​ക്കും ഫലം? (ബി) കൃപ നമ്മളെ ഭരിക്കു​ന്നെ​ങ്കിൽ എന്തായി​രി​ക്കും ഫലം?

5 പാപവും മരണവും മനുഷ്യ​നെ പിടി​കൂ​ടി​യത്‌ എങ്ങനെ? ആദാം എന്ന “ഏകമനു​ഷ്യ​ന്‍റെ ലംഘന​ത്താൽ” ആദാമി​ന്‍റെ സന്തതി​ക​ളു​ടെ മേൽ ‘മരണം രാജാ​വാ​യി വാണെന്നു’ ബൈബിൾ വിശദീ​ക​രി​ക്കു​ന്നു. (റോമ. 5:12, 14, 17) എന്നാൽ, പാപം നമ്മളെ ഭരിക്ക​ണോ വേണ്ടയോ എന്ന കാര്യം നമുക്കു​തന്നെ തീരു​മാ​നി​ക്കാം. ക്രിസ്‌തു​വി​ന്‍റെ മറുവി​ല​യാ​ഗ​ത്തിൽ വിശ്വാ​സ​മർപ്പി​ക്കു​ന്നെ​ങ്കിൽ പാപമല്ല യഹോ​വ​യു​ടെ കൃപയാ​യി​രി​ക്കും നമ്മളെ ഭരിക്കു​ന്നത്‌. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? “പാപം പെരു​കി​യി​ടത്തു കൃപ അതിലു​മേറെ സമൃദ്ധ​മാ​യി. എന്തിനു​വേണ്ടി? പാപം മരണ​ത്തോ​ടൊത്ത്‌ വാഴ്‌ച നടത്തി​യ​തു​പോ​ലെ നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു മുഖാ​ന്തരം നിത്യ​ജീ​വൻ സാധ്യ​മാ​ക്കാ​നാ​യി കൃപയും നീതി​യാൽ വാഴേ​ണ്ട​തി​നു​തന്നെ.”—റോമ. 5:20, 21.

6 നമ്മൾ പാപി​ക​ളാ​ണെ​ങ്കി​ലും പാപം നമ്മളെ ഭരിക്കാൻ അനുവ​ദി​ക്കേ​ണ്ട​തില്ല. പാപത്തിൽ വീണു​പോ​കു​മ്പോൾ നമ്മൾ ക്ഷമയ്‌ക്കാ​യി യഹോ​വ​യോ​ടു യാചി​ക്കു​ന്നു. പൗലോസ്‌ ക്രിസ്‌ത്യാ​നി​കൾക്ക് ഈ മുന്നറി​യി​പ്പു കൊടു​ത്തു: “നിങ്ങൾ ന്യായ​പ്ര​മാ​ണ​ത്തി​നല്ല, കൃപയ്‌ക്ക് അധീന​രെന്നു കണ്ടിട്ട് പാപം നിങ്ങളിൽ ആധിപ​ത്യം നടത്താൻ പാടില്ല.” (റോമ. 6:14) അതെ, നമ്മൾ കൃപയു​ടെ അധികാ​ര​ത്തിൻകീ​ഴി​ലാണ്‌. അതിന്‍റെ പ്രയോ​ജനം എന്താണ്‌? പൗലോസ്‌ പറയുന്നു: ‘ദൈവ​കൃപ ഭക്തിവി​രു​ദ്ധ​മായ ജീവി​ത​രീ​തി​ക​ളും ലൗകി​ക​മോ​ഹ​ങ്ങ​ളും വർജിച്ച് ഈ ലോക​ത്തിൽ സുബോ​ധ​മു​ള്ള​വ​രും നീതി​നി​ഷ്‌ഠ​രും ദൈവ​ഭ​ക്തി​യു​ള്ള​വ​രു​മാ​യി ജീവി​ക്കാൻ നമ്മെ പ്രബോ​ധി​പ്പി​ക്കു​ന്നു.’—തീത്തോ. 2:11, 13.

“വിവിധ വിധങ്ങ​ളിൽ ചൊരി​യ​പ്പെട്ട ദൈവ​കൃപ”

7, 8. യഹോവ കൃപ ‘വിവിധ വിധങ്ങ​ളിൽ ചൊരി​യു​ന്നു’ എന്നതിന്‍റെ അർഥം എന്താണ്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രങ്ങൾ കാണുക.)

7 അപ്പോ​സ്‌ത​ല​നായ പത്രോസ്‌ എഴുതി: “ഓരോ​രു​ത്ത​നും, വിവിധ വിധങ്ങ​ളിൽ ചൊരി​യ​പ്പെട്ട ദൈവ​കൃ​പ​യു​ടെ ഉത്തമ കാര്യ​വി​ചാ​ര​ക​നാ​യി, തനിക്കു ലഭിച്ച കൃപാ​വ​ര​ത്തി​നൊ​ത്ത​വി​ധം മറ്റുള്ള​വർക്കു ശുശ്രൂഷ ചെയ്യാ​നാ​യി അതു വിനി​യോ​ഗി​ക്കണം.” (1 പത്രോ. 4:10) യഹോവ കൃപ ‘വിവിധ വിധങ്ങ​ളിൽ ചൊരി​യു​ന്നു’ എന്നതിന്‍റെ അർഥം എന്താണ്‌? ജീവി​ത​ത്തിൽ ഏതുതരം പരി​ശോ​ധ​നകൾ നേരി​ട്ടാ​ലും അതൊക്കെ വിജയ​ക​ര​മാ​യി കൈകാ​ര്യം ചെയ്യാൻ യഹോവ നമ്മളെ പ്രാപ്‌ത​രാ​ക്കും. (1 പത്രോ. 1:6) ഓരോ പരി​ശോ​ധ​ന​യും നേരി​ടാൻ ആവശ്യ​മാ​യത്‌ എന്തോ അത്‌ യഹോവ നമുക്കു തരും.

8 അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ എഴുതി: “അവന്‍റെ നിറവിൽനി​ന്ന​ല്ലോ നമു​ക്കേ​വർക്കും മേൽക്കു​മേൽ കൃപ ലഭിച്ചത്‌.” (യോഹ. 1:16) അതെ, യഹോവ വ്യത്യ​സ്‌ത​വി​ധ​ങ്ങ​ളിൽ കൃപ കാണി​ക്കു​ന്നു. അതു​കൊണ്ട് നമുക്ക് അനേകം അനു​ഗ്ര​ഹ​ങ്ങ​ളും ലഭിക്കു​ന്നു. അവയിൽ ചിലത്‌ ഏതാണ്‌?

9. യഹോവ നമ്മളോ​ടു കൃപ കാണി​ക്കുന്ന ഒരു വിധം ഏതാണ്‌, അതി​നോ​ടു നമുക്ക് എങ്ങനെ നന്ദി കാണി​ക്കാം?

9 നമ്മുടെ പാപങ്ങൾക്കു ക്ഷമ കിട്ടുന്നു. പശ്ചാത്ത​പി​ക്കു​ക​യും തെറ്റായ ചായ്‌വു​കൾക്കെ​തി​രെ ശക്തമായി പോരാ​ടു​ക​യും ചെയ്യു​ന്നെ​ങ്കിൽ യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിച്ചു​കൊണ്ട് കൃപ കാണി​ക്കും. (1 യോഹ​ന്നാൻ 1:8, 9 വായി​ക്കുക.) യഹോ​വയെ സ്‌തു​തി​ച്ചു​കൊണ്ട് യഹോ​വ​യു​ടെ കരുണ​യോ​ടു നന്ദിയു​ള്ള​വ​രാ​ണെന്നു നമുക്കു കാണി​ക്കാം. അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്ക് എഴുതി​യ​പ്പോൾ പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “(യഹോവ) നമ്മെ അന്ധകാ​ര​ത്തി​ന്‍റെ അധികാ​ര​ത്തിൽനി​ന്നു വിടു​വിച്ച് തന്‍റെ അരുമ​പു​ത്രന്‍റെ രാജ്യ​ത്തി​ലാ​ക്കി​വെച്ചു. അവനി​ലൂ​ടെ നമുക്ക് മറുവി​ല​യാ​ലുള്ള വിടുതൽ കൈവ​ന്നി​രി​ക്കു​ന്നു; നമ്മുടെ പാപങ്ങ​ളു​ടെ മോച​നം​തന്നെ.” (കൊലോ. 1:13, 14) പാപങ്ങൾ ക്ഷമിച്ചു​കി​ട്ടു​ന്ന​തി​ന്‍റെ ഫലമായി നമുക്കു മറ്റ്‌ അനു​ഗ്ര​ഹ​ങ്ങ​ളും ലഭിക്കു​ന്നു.

10. ദൈവ​ത്തി​ന്‍റെ കൃപ​കൊണ്ട് നമുക്കു ലഭിക്കുന്ന മറ്റൊരു അനു​ഗ്രഹം ഏതാണ്‌?

10 ദൈവ​വു​മാ​യി സമാധാ​ന​ബ​ന്ധ​ത്തി​ലാ​യി​രി​ക്കാൻ കഴിയു​ന്നു. പാപി​ക​ളാ​യ​തു​കൊണ്ട് ജനനം​മു​തൽ നമ്മൾ ദൈവ​ത്തി​ന്‍റെ ശത്രു​ക്ക​ളാണ്‌. പൗലോസ്‌ ഇതെക്കു​റിച്ച് ഇങ്ങനെ പറഞ്ഞു: ‘നാം ശത്രു​ക്ക​ളാ​യി​രി​ക്കു​മ്പോൾത്തന്നെ തന്‍റെ പുത്രന്‍റെ മരണത്തി​ലൂ​ടെ നമ്മൾ ദൈവ​വു​മാ​യി നിരപ്പി​ലാ​യി.’ (റോമ. 5:10) ഇങ്ങനെ നിരപ്പിൽ വന്നിരി​ക്കു​ന്ന​തു​കൊണ്ട്, അഥവാ രമ്യത​യിൽ വന്നിരി​ക്കു​ന്ന​തു​കൊണ്ട്, യഹോ​വ​യു​മാ​യി നമ്മൾ ഇപ്പോൾ ഒരു സമാധാ​ന​ബന്ധം ആസ്വദി​ക്കു​ന്നു. ഈ പദവിയെ യഹോ​വ​യു​ടെ കൃപയു​മാ​യി ബന്ധപ്പെ​ടു​ത്തി പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “വിശ്വാ​സ​ത്താൽ നാം (ക്രിസ്‌തു​വി​ന്‍റെ അഭിഷി​ക്ത​സ​ഹോ​ദ​ര​ന്മാർ) ഇപ്പോൾ നീതീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തു​കൊണ്ട് നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു മുഖാ​ന്തരം നമുക്കു ദൈവ​വു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കാം. നമുക്കു കൈവന്ന ഈ കൃപയി​ലേക്കു നമുക്കു വിശ്വാ​സ​ത്താൽ പ്രവേ​ശനം ലഭിച്ചത്‌ അവൻ മുഖാ​ന്ത​ര​മ​ല്ലോ.” (റോമ. 5:1, 2) എത്ര വലി​യൊ​രു അനു​ഗ്രഹം!

ദൈവം കൃപ ചൊരി​യുന്ന വ്യത്യ​സ്‌ത​വി​ധങ്ങൾ: സുവാർത്ത കേൾക്കാ​നുള്ള പദവി (11-‍ാ‍ം ഖണ്ഡിക കാണുക)

11. അഭിഷി​ക്തർ ‘വേറെ ആടുകളെ’ നീതി​യി​ലേക്കു കൊണ്ടു​വ​രു​ന്നത്‌ എങ്ങനെ?

11 നീതീ​ക​രി​ക്ക​പ്പെ​ടു​ന്നു. നമ്മൾ ആരും നീതി​മാ​ന്മാ​രാ​യല്ല ജനിക്കു​ന്നത്‌. എന്നാൽ അന്ത്യകാ​ലത്ത്‌ “ബുദ്ധി​മാ​ന്മാർ,” അതായത്‌ അഭിഷി​ക്ത​ശേ​ഷിപ്പ്, ‘പലരെ​യും നീതി​യി​ലേക്കു തിരി​ക്കും’ എന്നു ദാനി​യേൽ പ്രവചി​ച്ചു. (ദാനി​യേൽ 12:3 വായി​ക്കുക.) അവരുടെ പ്രസംഗ-പഠിപ്പി​ക്കൽ പ്രവർത്ത​ന​ത്തി​ലൂ​ടെ ദശലക്ഷ​ക്ക​ണ​ക്കി​നു ‘വേറെ ആടുകൾക്ക്’ യഹോ​വ​യു​ടെ മുമ്പാകെ നീതി​നി​ഷ്‌ഠ​മായ ഒരു നില ലഭിച്ചി​രി​ക്കു​ന്നു. (യോഹ. 10:16) എന്നാൽ ഇതു സാധ്യ​മാ​യി​രി​ക്കു​ന്നത്‌ യഹോ​വ​യു​ടെ കൃപ ഒന്നു​കൊണ്ട് മാത്ര​മാണ്‌. പൗലോസ്‌ ഇതെക്കു​റിച്ച് വിശദീ​ക​രി​ച്ചു: “(ദൈവ​ത്തി​ന്‍റെ) കൃപയാൽ, ക്രിസ്‌തു​യേശു നൽകിയ മറുവി​ല​യാ​ലുള്ള വീണ്ടെ​ടു​പ്പി​ലൂ​ടെ അവർ നീതീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ ഒരു ദാനമാ​യി​ട്ട​ത്രേ.”—റോമ. 3:23, 24.

പ്രാർഥന എന്ന വരം (12-‍ാ‍ം ഖണ്ഡിക കാണുക)

12. പ്രാർഥ​ന​യും യഹോ​വ​യു​ടെ കൃപയും തമ്മിലുള്ള ബന്ധം എന്താണ്‌?

12 പ്രാർഥ​ന​യി​ലൂ​ടെ ദൈവത്തെ സമീപി​ക്കാൻ കഴിയു​ന്നു. പ്രാർഥ​ന​യി​ലൂ​ടെ സ്വർഗീ​യ​സിം​ഹാ​സ​നത്തെ സമീപി​ക്കാ​നുള്ള അനു​ഗ്രഹം നൽകി​ക്കൊണ്ട് യഹോവ നമ്മളോ​ടു കൃപ കാണി​ക്കു​ന്നു. യഹോ​വ​യു​ടെ സിംഹാ​സ​നത്തെ പൗലോസ്‌ ‘കൃപാ​സനം’ എന്നു വിളി​ക്കു​ക​യും “മടികൂ​ടാ​തെ” അതിനെ സമീപി​ക്കാൻ നമ്മളോട്‌ ആഹ്വാനം ചെയ്യു​ക​യും ചെയ്‌തു. (എബ്രാ. 4:16) യഹോവ ക്രിസ്‌തു​വി​ലൂ​ടെ​യാണ്‌ ഈ പദവി തന്നിരി​ക്കു​ന്നത്‌. അതിനാൽ “ക്രിസ്‌തു​വി​ലുള്ള വിശ്വാ​സം മുഖേന അവനി​ലൂ​ടെ നമുക്ക് സ്വാത​ന്ത്ര്യ​ത്തോ​ടും ഉറപ്പോ​ടും​കൂ​ടെ ദൈവത്തെ സമീപി​ക്കാ​നാ​കു​ന്നു.” (എഫെ. 3:12) എപ്പോൾ വേണ​മെ​ങ്കി​ലും തന്നോടു പ്രാർഥി​ക്കാൻ സ്വാത​ന്ത്ര്യം തന്നു​കൊണ്ട് യഹോവ മഹാകൃപ കാണി​ച്ചി​രി​ക്കു​ന്നു.

അവശ്യഘട്ടങ്ങളിൽ ലഭിക്കുന്ന സഹായം (13-‍ാ‍ം ഖണ്ഡിക കാണുക)

13. കൃപ “അവശ്യ​ഘ​ട്ട​ങ്ങ​ളിൽ” നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

13 അവശ്യ​ഘ​ട്ട​ങ്ങ​ളിൽ സഹായം ലഭിക്കു​ന്നു. “അവശ്യഘട്ടങ്ങളിൽ കരുണയും കൃപയും പ്രാപി​ക്കേ​ണ്ട​തിന്‌” പ്രാർഥ​ന​യിൽ യഹോ​വയെ സമീപി​ക്കാൻ പൗലോസ്‌ നമ്മളെ പ്രോത്സാഹിപ്പിച്ചു. (എബ്രാ. 4:16) പ്രശ്‌നങ്ങളും പരിശോധനകളും നേരി​ടുന്ന ഏതു സമയത്തും നമുക്കു കരുണയ്‌ക്കായും സഹായത്തിനായും യഹോവയോടു യാചി​ക്കാം. നമ്മൾ അർഹത​യി​ല്ലാ​ത്ത​വ​രാ​യി​ട്ടു​പോ​ലും യഹോവ നമ്മുടെ അപേക്ഷ​കൾക്ക് ഉത്തരം തരുന്നു. പലപ്പോ​ഴും സഹക്രി​സ്‌ത്യാ​നി​ക​ളി​ലൂ​ടെ​യാണ്‌ യഹോവ അതു ചെയ്യു​ന്നത്‌. “അതു​കൊണ്ട്, ‘യഹോവ എനിക്കു തുണ. ഞാൻ ഭയപ്പെ​ടു​ക​യില്ല. മനുഷ്യന്‌ എന്നോട്‌ എന്തു ചെയ്യാൻ കഴിയും?’ എന്നു ധൈര്യ​ത്തോ​ടെ നമുക്കു പറയാം.”—എബ്രാ. 13:6.

14. ഹൃദയം അസ്വസ്ഥ​മാ​യി​രി​ക്കു​മ്പോൾ യഹോ​വ​യു​ടെ കൃപ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

14 നമ്മുടെ ഹൃദയ​ത്തിന്‌ ആശ്വാസം ലഭിക്കു​ന്നു. ഹൃദയം അസ്വസ്ഥ​മാ​യി​രി​ക്കു​മ്പോൾ നമുക്ക് ആശ്വാസം തന്നു​കൊണ്ട് യഹോവ കൃപ കാണി​ക്കു​ന്നു. (സങ്കീ. 51:17) അതു വലി​യൊ​രു അനു​ഗ്ര​ഹ​മല്ലേ? കടുത്ത എതിർപ്പു​ക​ളി​ലൂ​ടെ കടന്നു​പോ​കു​ക​യാ​യി​രുന്ന തെസ്സ​ലോ​നി​ക്യ​യി​ലെ ക്രിസ്‌ത്യാ​നി​കൾക്കു പൗലോസ്‌ എഴുതി: “നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വും, നമ്മെ സ്‌നേ​ഹിച്ച് തന്‍റെ കൃപയാൽ നമുക്ക് നിത്യാ​ശ്വാ​സ​വും മഹനീയ പ്രത്യാ​ശ​യും നൽകിയ നമ്മുടെ പിതാ​വായ ദൈവ​വും നിങ്ങളു​ടെ ഹൃദയ​ങ്ങൾക്ക് ആശ്വാസം പകർന്ന് . . . നിങ്ങളെ സ്ഥിര​പ്പെ​ടു​ത്തട്ടെ.” (2 തെസ്സ. 2:16, 17) യഹോവ തന്‍റെ കൃപയാൽ സ്‌നേ​ഹ​പൂർവം നമുക്കാ​യി കരുതു​ന്നു എന്ന് അറിയു​ന്നത്‌ എത്ര ആശ്വാസം തരുന്നു!

15. ദൈവ​കൃ​പ​യാൽ നമുക്ക് എന്തു പ്രത്യാ​ശ​യുണ്ട്?

15 നിത്യ​ജീ​വന്‍റെ പ്രത്യാശ ലഭിച്ചി​രി​ക്കു​ന്നു. പാപി​ക​ളാ​യ​തു​കൊണ്ട് ഒരു പ്രത്യാ​ശ​യു​മി​ല്ലാ​ത്ത​വ​രാ​യി​രു​ന്നു നമ്മൾ. (സങ്കീർത്തനം 49:7, 8 വായി​ക്കുക.) എന്നാൽ യഹോവ നമുക്കു മഹത്തായ ഒരു പ്രത്യാശ തന്നിരി​ക്കു​ന്നു. യേശു അനുഗാ​മി​ക​ളോട്‌ ഇങ്ങനെ പറഞ്ഞു: “പുത്രനെ നോക്കി അവനിൽ വിശ്വ​സി​ക്കുന്ന ഏവനും നിത്യ​ജീ​വൻ ഉണ്ടാക​ണ​മെ​ന്ന​താണ്‌ എന്‍റെ പിതാ​വി​ന്‍റെ ഇഷ്ടം.” (യോഹ. 6:40) അതെ, ദൈവ​കൃ​പ​യാ​ലാ​ണു നിത്യ​ജീ​വൻ എന്ന മഹത്തായ പ്രത്യാശ നമുക്കു കിട്ടി​യി​രി​ക്കു​ന്നത്‌. ആ കാര്യം തിരി​ച്ച​റി​ഞ്ഞു​കൊണ്ട് പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “സകലതരം മനുഷ്യർക്കും രക്ഷ പ്രദാനം ചെയ്യുന്ന ദൈവ​കൃപ വെളി​പ്പെ​ട്ടി​രി​ക്കു​ന്നു​വ​ല്ലോ.”—തീത്തോ. 2:11.

ദൈവ​കൃ​പയെ പാപത്തി​നു മറയാ​ക്ക​രുത്‌

16. എങ്ങനെ​യാ​ണു ചില ആദിമ​ക്രി​സ്‌ത്യാ​നി​കൾ ദൈവ​ത്തി​ന്‍റെ കൃപയെ പാപത്തി​നു മറയാ​ക്കി​യത്‌?

16 യഹോ​വ​യു​ടെ കൃപയാൽ നമുക്കു പല അനു​ഗ്ര​ഹങ്ങൾ ലഭിക്കു​ന്നുണ്ട്. പക്ഷേ എന്തു ചെയ്‌താ​ലും യഹോവ അതെല്ലാം അംഗീ​ക​രി​ക്കും എന്നു നമ്മൾ ധിക്കാ​ര​പൂർവം ചിന്തി​ക്ക​രുത്‌. ‘ദൈവ​ത്തി​ന്‍റെ കൃപയു​ടെ മറവിൽ ദുർന്ന​ട​പ്പി​നു ന്യായം കണ്ടെത്തി​യി​രുന്ന’ ചിലർ ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​ക​ളു​ടെ ഇടയി​ലു​ണ്ടാ​യി​രു​ന്നു. (യൂദ 4) എന്തു പാപം ചെയ്‌താ​ലും യഹോവ ക്ഷമിച്ചു​കൊ​ള്ളും എന്നായി​രി​ക്കണം ആ അവിശ്വ​സ്‌ത​ക്രി​സ്‌ത്യാ​നി​കൾ വിചാ​രി​ച്ചത്‌. പോരാ​ത്ത​തിന്‌, തെറ്റായ കാര്യങ്ങൾ ചെയ്യാൻ മറ്റു സഹോ​ദ​ര​ങ്ങ​ളെ​യും അവർ പ്രേരി​പ്പി​ച്ചു. ഇന്നും അങ്ങനെ ചെയ്യു​ന്നവർ ‘കൃപയു​ടെ ആത്മാവി​നെ അപമാ​നി​ക്കു​ന്നു.’—എബ്രാ. 10:29.

17. പത്രോസ്‌ ഏതു ശക്തമായ ബുദ്ധി​യു​പ​ദേ​ശ​മാ​ണു തന്നിരി​ക്കു​ന്നത്‌?

17 എന്തു തെറ്റു ചെയ്‌താ​ലും ദൈവം ശിക്ഷി​ക്കി​ല്ലെ​ന്നും കരുണ കാണി​ക്കു​മെ​ന്നും ചിന്തി​ക്കാൻ പ്രേരി​പ്പി​ച്ചു​കൊണ്ട് ഇക്കാല​ത്തും സാത്താൻ ചില ക്രിസ്‌ത്യാ​നി​കളെ വഴി​തെ​റ്റി​ച്ചി​രി​ക്കു​ന്നു. പശ്ചാത്താ​പ​മുള്ള പാപി​ക​ളോ​ടു ക്ഷമിക്കാൻ യഹോവ തയ്യാറാണ്‌. എങ്കിലും പാപപൂർണ​മായ ചായ്‌വു​ക​ളോ​ടു നമ്മൾ ശക്തമായി പോരാ​ടാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. ഇങ്ങനെ എഴുതാൻ യഹോവ പത്രോ​സി​നെ പ്രചോ​ദി​പ്പി​ച്ചു: “അതു​കൊണ്ട് പ്രിയരേ, നിങ്ങൾ ഇതു മുൻകൂ​ട്ടി അറിഞ്ഞി​രി​ക്കു​ക​യാൽ ഈവക​ക്കാ​രായ അധർമി​ക​ളു​ടെ വഞ്ചനയിൽ കുടുങ്ങി അവരുടെ വഴിയിൽ നടന്നു സ്വന്തം സ്ഥിരത വിട്ട് വീണു​പോ​കാ​തി​രി​ക്കാൻ സൂക്ഷി​ച്ചു​കൊ​ള്ളു​വിൻ. ദൈവ​കൃ​പ​യി​ലും നമ്മുടെ കർത്താ​വും രക്ഷകനു​മായ യേശു​ക്രി​സ്‌തു​വി​നെ​ക്കു​റി​ച്ചുള്ള അറിവി​ലും വളരു​വിൻ.”—2 പത്രോ. 3:17, 18.

കൃപ ഉത്തരവാ​ദി​ത്വ​ങ്ങൾ കൈവ​രു​ത്തു​ന്നു

18. യഹോ​വ​യു​ടെ കൃപ നമുക്ക് എന്തൊക്കെ ഉത്തരവാ​ദി​ത്വ​ങ്ങൾ കൈവ​രു​ത്തു​ന്നു?

18 യഹോ​വ​യു​ടെ കൃപ​യോ​ടു നമ്മൾ അങ്ങേയറ്റം നന്ദിയു​ള്ള​വ​രാണ്‌. യഹോ​വ​യു​ടെ കൃപയിൽനിന്ന് വളരെ​യ​ധി​കം പ്രയോ​ജനം അനുഭ​വി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്, നമുക്കു ലഭിച്ച കഴിവു​കൾ ദൈവ​ത്തി​ന്‍റെ മഹത്ത്വ​ത്തി​നും സഹമനു​ഷ്യ​രു​ടെ പ്രയോ​ജ​ന​ത്തി​നും വേണ്ടി ഉപയോ​ഗി​ക്കാ​നുള്ള കടപ്പാടു നമുക്കുണ്ട്. നമുക്ക് അത്‌ എങ്ങനെ ചെയ്യാം? പൗലോസ്‌ പറയുന്നു: “നമുക്കു ലഭിച്ച കൃപയ്‌ക്കൊ​ത്ത​വി​ധം വ്യത്യസ്‌ത വരങ്ങളാ​ണു നമുക്കു​ള്ളത്‌. അതു​കൊണ്ട് . . . ശുശ്രൂ​ഷ​യ്‌ക്കു​ള്ള​തെ​ങ്കിൽ നമുക്കു ശുശ്രൂഷ നിർവ​ഹി​ക്കാം. ഇനി, ഒരുവന്‍റെ വരം പഠിപ്പി​ക്കാ​നു​ള്ള​തെ​ങ്കിൽ അവൻ പഠിപ്പി​ച്ചു​കൊ​ണ്ടി​രി​ക്കട്ടെ. പ്രബോ​ധി​പ്പി​ക്കാ​നു​ള്ള​തെ​ങ്കിൽ അവൻ പ്രബോ​ധി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കട്ടെ . . . കരുണ കാണി​ക്കാ​നു​ള്ള​തെ​ങ്കിൽ അവൻ അതു സന്തോ​ഷ​ത്തോ​ടെ ചെയ്യട്ടെ.” (റോമ. 12:6-8) യഹോവ നമ്മളോ​ടു കാണി​ച്ചി​രി​ക്കുന്ന കൃപ, ശുശ്രൂ​ഷ​യിൽ കഴിവി​ന്‍റെ പരമാ​വധി ഏർപ്പെ​ടാ​നും മറ്റുള്ള​വരെ ബൈബിൾ പഠിപ്പി​ക്കാ​നും സഹക്രി​സ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും നമ്മളെ വേദനി​പ്പി​ക്കു​ന്ന​വ​രോ​ടു ക്ഷമിക്കാ​നും ഉള്ള ഉത്തരവാ​ദി​ത്വം കൈവ​രു​ത്തു​ന്നു.

19. അടുത്ത ലേഖന​ത്തിൽ ഏത്‌ ഉത്തരവാ​ദി​ത്വ​ത്തെ​ക്കു​റിച്ച് നമ്മൾ പഠിക്കും?

19 ദൈവം കാണി​ക്കുന്ന ഉദാര​മായ സ്‌നേ​ഹ​ത്തി​ന്‍റെ പ്രയോ​ജനം അനുഭ​വി​ക്കു​ന്ന​തി​നാൽ, “ദൈവ​കൃ​പ​യെ​ക്കു​റി​ച്ചുള്ള സുവി​ശേ​ഷ​ത്തി​നു സമഗ്ര​സാ​ക്ഷ്യം” നൽകാൻ നമ്മളാ​ലാ​കു​ന്ന​തെ​ല്ലാം നമ്മൾ ചെയ്യണം. (പ്രവൃ. 20:24) നമുക്കുള്ള ഈ ഉത്തരവാ​ദി​ത്വ​ത്തെ​ക്കു​റിച്ച് അടുത്ത ലേഖന​ത്തിൽ വിശദ​മാ​യി പഠിക്കും.

^ [1] (ഖണ്ഡിക 2) പുതിയ ലോക ഭാഷാ​ന്തരം (ഇംഗ്ലീഷ്‌) പരിഷ്‌ക​രിച്ച പതിപ്പി​ന്‍റെ “ബൈബിൾ പദാവലി”യിൽ “കൃപ” അഥവാ “അനർഹദയ” (“Undeserved kindness”) കാണുക.