വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​രാ​ജ്യം അന്വേ​ഷി​ക്കുക, വസ്‌തു​വ​ക​കളല്ല

ദൈവ​രാ​ജ്യം അന്വേ​ഷി​ക്കുക, വസ്‌തു​വ​ക​കളല്ല

“(ദൈവ​ത്തി​ന്‍റെ) രാജ്യം അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​വിൻ; അപ്പോൾ ഇവയെ​ല്ലാം നിങ്ങൾക്കു നൽക​പ്പെ​ടും.”—ലൂക്കോ. 12:31.

ഗീതം: 40, 98

1. ആവശ്യ​ങ്ങ​ളും ആഗ്രഹ​ങ്ങ​ളും തമ്മിലുള്ള വ്യത്യാ​സം എന്താണ്‌?

മനുഷ്യന്‌ ആവശ്യങ്ങൾ കുറവാണ്‌, പക്ഷേ ആഗ്രഹ​ങ്ങൾക്ക് അതിരു​ക​ളില്ല എന്നു പറയാ​റുണ്ട്. ഇന്നു പലർക്കും അവരുടെ ആവശ്യ​ങ്ങ​ളും ആഗ്രഹ​ങ്ങ​ളും തമ്മിലുള്ള വ്യത്യാ​സം തിരി​ച്ച​റി​യാൻ കഴിയു​ന്നില്ല. യഥാർഥ​ത്തിൽ എന്താണ്‌ ഇവ തമ്മിലുള്ള വ്യത്യാ​സം? “ആവശ്യം” എന്നു പറയു​ന്നത്‌, നിങ്ങൾക്ക് ഒഴിച്ചു​കൂ​ടാൻ കഴിയാത്ത കാര്യ​ങ്ങ​ളാണ്‌. കാരണം, നിങ്ങളു​ടെ ജീവിതം അവയെ ആശ്രയി​ച്ചി​രി​ക്കു​ന്നു. ഭക്ഷണം, വസ്‌ത്രം, പാർപ്പി​ടം എന്നിവ​യാ​ണു മനുഷ്യ​ന്‍റെ ന്യായ​മായ ആവശ്യങ്ങൾ. “ആഗ്രഹം” എന്നു പറയു​ന്നത്‌, വേണ​മെന്നു നിങ്ങൾക്കു തോന്നു​ന്ന​തും എന്നാൽ നിത്യ​ജീ​വി​ത​ത്തിൽ അത്യാ​വ​ശ്യ​മി​ല്ലാ​ത്ത​തും ആയ കാര്യ​ങ്ങ​ളാണ്‌.

2. ആളുക​ളു​ടെ ചില ആഗ്രഹങ്ങൾ എന്തൊ​ക്കെ​യാണ്‌?

2 ജീവി​ത​ചു​റ്റു​പാ​ടു​കൾക്ക​നു​സ​രിച്ച് ആളുക​ളു​ടെ ആഗ്രഹങ്ങൾ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കും. ഒരു മൊ​ബൈൽ ഫോൺ, ഒരു ബൈക്ക്, കുറച്ച് സ്ഥലം ഇതൊ​ക്കെ​യാ​ണു വികസ്വ​ര​രാ​ജ്യ​ങ്ങ​ളി​ലെ ആളുക​ളു​ടെ ആഗ്രഹങ്ങൾ. അതേസ​മയം, സമ്പന്നരാ​ജ്യ​ങ്ങ​ളി​ലെ ആളുകൾ വിലകൂ​ടിയ വസ്‌ത്രങ്ങൾ, വലിയ വീട്‌, അല്ലെങ്കിൽ ഒരു ആഡംബ​ര​വാ​ഹനം ഇതൊക്കെ നേടാ​നാ​ണു ശ്രമി​ക്കു​ന്നത്‌. പക്ഷേ വേണ്ടതാ​ണോ വേണ്ടാ​ത്ത​താ​ണോ എന്നു നോക്കാ​തെ കൊക്കിൽ ഒതുങ്ങു​ന്ന​തും അല്ലാത്ത​തും ആയ സാധനങ്ങൾ വാങ്ങി​ക്കൂ​ട്ടാ​നുള്ള ആഗ്രഹം വളർന്നു​വ​രു​ന്നെ​ങ്കിൽ അത്‌ അപകട​മാണ്‌. എന്താണ്‌ ആ അപകടം?

ആഗ്രഹങ്ങൾ ഒരു കെണി​യാ​യേ​ക്കാം!

3. നമ്മൾ ഏത്‌ അപകട​ത്തിന്‌ എതിരെ ജാഗ്രത പാലി​ക്കണം?

3 ഈ ലോക​ത്തി​ലെ സമ്പത്തി​നും വസ്‌തു​വ​ക​കൾക്കും പ്രാധാ​ന്യം കൊടു​ക്കുന്ന ഒരു വ്യക്തി ആത്മീയ​സ​മ്പത്ത്‌ അവഗണി​ക്കും. അങ്ങനെ​യൊ​രു മനോ​ഭാ​വം അയാളു​ടെ ആഗ്രഹ​ങ്ങ​ളെ​യും മുൻഗ​ണ​ന​ക​ളെ​യും ജീവി​ത​ല​ക്ഷ്യ​ങ്ങ​ളെ​യും സ്വാധീ​നി​ക്കു​ന്നു. ഒരുപാ​ടു വസ്‌തു​വ​കകൾ വാരി​ക്കൂ​ട്ടാ​നുള്ള ആർത്തി അയാളിൽ ഉടലെ​ടു​ക്കും. ഈ കെണി​യിൽ അകപ്പെ​ടുന്ന ഒരു വ്യക്തി ഒരു പണക്കാ​ര​നാ​യി​രി​ക്ക​ണ​മെ​ന്നോ അയാൾക്കു വിലപി​ടി​പ്പുള്ള സാധന​ങ്ങ​ളു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നോ ഇല്ല. പാവപ്പെട്ട ആളുകൾപോ​ലും ഈ കെണി​യിൽ വീണ്‌ ദൈവ​രാ​ജ്യം ഒന്നാമതു വെക്കു​ന്നത്‌ അവഗണി​ച്ചേ​ക്കാം.—എബ്രാ. 13:5.

4. ‘കണ്മോ​ഹത്തെ’ സാത്താൻ എങ്ങനെ​യാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌?

4 ജീവിതം ആസ്വദി​ക്ക​ണ​മെ​ങ്കിൽ, നമുക്ക് യഥാർഥ​ത്തിൽ ആവശ്യ​മി​ല്ലാത്ത ചില കാര്യങ്ങൾ വേണ​മെന്നു ചിന്തി​ക്കാൻ സാത്താൻ അവന്‍റെ വാണി​ജ്യ​ലോ​കത്തെ തന്ത്രപൂർവം ഉപയോ​ഗി​ക്കു​ന്നു. നമ്മുടെ “കണ്മോഹം” ചൂഷണം ചെയ്യാൻ അവൻ വിദഗ്‌ധ​നാണ്‌. (1 യോഹ. 2:15-17; ഉൽപ. 3:6; സദൃ. 27:20) ഈ ലോകം വളരെ നല്ല വസ്‌തു​ക്ക​ളും ഒന്നിനും കൊള്ളാത്ത വസ്‌തു​ക്ക​ളും നമ്മുടെ മുന്നി​ലേക്കു വെച്ചു​നീ​ട്ടു​ന്നു. അവയിൽ ചിലതു വളരെ ആകർഷ​ക​വു​മാണ്‌. നിങ്ങൾക്ക് ആവശ്യ​മി​ല്ലാത്ത ഒരു സാധനം, അതിന്‍റെ പരസ്യം കണ്ടതു​കൊ​ണ്ടോ കടയിൽ വെച്ചി​രി​ക്കു​ന്നതു കണ്ടതു​കൊ​ണ്ടോ മാത്രം നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും വാങ്ങി​യി​ട്ടു​ണ്ടോ? അതില്ലാ​തെ​തന്നെ ജീവി​ക്കാൻ കഴിയു​മെന്നു പിന്നീടു നിങ്ങൾക്കു തോന്നി​യോ? അത്യാ​വ​ശ്യ​മി​ല്ലാത്ത അത്തരം സാധനങ്ങൾ നമ്മുടെ ജീവിതം സങ്കീർണ​മാ​ക്കു​ക​യും നമ്മളെ ഭാര​പ്പെ​ടു​ത്തു​ക​യും ചെയ്യും. ബൈബിൾ പഠിക്കുക, യോഗ​ങ്ങൾക്കു തയ്യാറാ​യി ഹാജരാ​കുക, ശുശ്രൂ​ഷ​യിൽ ക്രമമാ​യി ഏർപ്പെ​ടുക എന്നിവ ഉൾപ്പെ​ടുന്ന ആത്മീയ​ച​ര്യ​യിൽനിന്ന് നമ്മുടെ ശ്രദ്ധ പതറി​ച്ചേ​ക്കാ​വുന്ന ഒരു കെണി​യാണ്‌ അത്‌. അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​ന്‍റെ മുന്നറി​യിപ്പ് ഓർക്കുക: “ലോക​വും അതിന്‍റെ മോഹ​വും നീങ്ങി​പ്പോ​കു​ന്നു.”

5. വസ്‌തു​വ​കകൾ വാരി​ക്കൂ​ട്ടാൻ പരക്കം​പാ​യു​ന്ന​വർക്ക് എന്തു സംഭവി​ച്ചേ​ക്കാം?

5 നമ്മൾ യഹോ​വയെ സേവി​ക്കാ​തെ സമ്പത്തിനെ സേവി​ക്കാ​നാ​ണു സാത്താൻ ആഗ്രഹി​ക്കു​ന്നത്‌. (മത്താ. 6:24) വസ്‌തു​വ​കകൾ വാരി​ക്കൂ​ട്ടാൻ പരക്കം​പാ​യു​ന്ന​വർക്കു കിട്ടാ​വുന്ന ഏറ്റവും നല്ല ജീവി​തം​പോ​ലും സ്വാർഥ​തയെ തൃപ്‌തി​പ്പെ​ടു​ത്തി​യുള്ള പൊള്ള​യായ ഒന്നായി​രി​ക്കും. മറ്റു പലർക്കും അതു സമ്മാനി​ക്കു​ന്നതു ദുഃഖ​വും നിരാ​ശ​യും നിറഞ്ഞ, ആത്മീയ​മാ​യി ശൂന്യ​മായ ഒരു ജീവി​ത​മാ​യി​രി​ക്കും. (1 തിമൊ. 6:9, 10; വെളി. 3:17) ഇങ്ങനെ​യു​ള്ള​വർക്കു സംഭവി​ക്കു​ന്നത്‌ എന്താ​ണെന്നു യേശു വിതക്കാ​രന്‍റെ ദൃഷ്ടാ​ന്ത​ത്തിൽ വ്യക്തമാ​ക്കി. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്ദേശം ‘മുൾച്ചെ​ടി​കൾക്കി​ട​യിൽ വിതയ്‌ക്ക​പ്പെ​ടു​മ്പോൾ ഇതര​മോ​ഹങ്ങൾ (‘മറ്റു വസ്‌തു​ക്കൾക്കു​വേ​ണ്ടി​യുള്ള ആഗ്രഹം,’ പി.ഒ.സി.) കടന്നു​കൂ​ടി വചനത്തെ ഞെരുക്കി അതിനെ ഫലശൂ​ന്യ​മാ​ക്കു​ന്നു.’—മർക്കോ. 4:14, 18, 19.

6. ബാരൂ​ക്കിൽനിന്ന് നമ്മൾ എന്താണു പഠിക്കു​ന്നത്‌?

6 യിരെമ്യ പ്രവാ​ച​കന്‍റെ സെക്ര​ട്ട​റി​യായ ബാരൂ​ക്കി​ന്‍റെ കാര്യം ചിന്തി​ക്കുക. മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രുന്ന യരുശ​ലേ​മി​ന്‍റെ നാശം അടുത്തു​വന്ന സമയത്ത്‌, ബാരൂക്ക് ‘വലിയ കാര്യങ്ങൾ,’ അതായത്‌ ഭാവി​യിൽ ബാരൂ​ക്കിന്‌ ഒരു പ്രയോ​ജ​ന​വും ചെയ്യി​ല്ലാത്ത കാര്യങ്ങൾ, ആഗ്രഹി​ച്ചു. പക്ഷേ യഹോവ ബാരൂ​ക്കി​നോട്‌, “ഞാൻ നിന്‍റെ ജീവനെ നിനക്കു . . . തരും” എന്നേ വാഗ്‌ദാ​നം ചെയ്‌തി​രു​ന്നു​ള്ളൂ. അതു മാത്രമേ ബാരൂ​ക്കി​നു പ്രതീ​ക്ഷി​ക്കാൻ വകയു​ണ്ടാ​യി​രു​ന്നു​ള്ളൂ. (യിരെ. 45:1-5) നശിക്കാൻപോ​കുന്ന ആ നഗരത്തി​ലെ ആരു​ടെ​യും വസ്‌തു​വ​കകൾ ദൈവം സംരക്ഷി​ക്കി​ല്ലാ​യി​രു​ന്നു. (യിരെ. 20:5) ഈ വ്യവസ്ഥി​തി​യു​ടെ അവസാനം അടുത്തി​രി​ക്കു​ന്നു. അതു​കൊണ്ട്, വസ്‌തു​വ​കകൾ വാരി​ക്കൂ​ട്ടാ​നുള്ള ഒരു സമയമല്ല ഇത്‌. മഹാക​ഷ്ട​ത്തിൽ നമ്മുടെ സ്വത്തു​വ​കകൾ നിലനിൽക്കു​മെന്നു പ്രതീ​ക്ഷി​ക്ക​രുത്‌—നമ്മൾ അവയെ എത്ര മൂല്യ​മു​ള്ള​താ​യി കാണു​ന്നെ​ങ്കി​ലും അവ എത്ര വിലപി​ടി​പ്പു​ള്ള​താ​ണെ​ങ്കി​ലും!—സദൃ. 11:4; മത്താ. 24:21, 22; ലൂക്കോ. 12:15.

7. നമ്മൾ എന്താണു പഠിക്കാൻപോ​കു​ന്നത്‌, എന്താണ്‌ അതിന്‍റെ പ്രയോ​ജനം?

7 വസ്‌തു​വ​ക​ക​ളി​ലേക്കു ശ്രദ്ധ മാറി​പ്പോ​കാ​തെ​യും അമിത​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ടാ​തെ​യും എങ്ങനെ നമ്മുടെ നിത്യ​ജീ​വി​ത​ത്തി​ലെ ആവശ്യങ്ങൾ നിറ​വേ​റ്റാ​മെന്നു യേശു ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ പറഞ്ഞു​തന്നു. (മത്താ. 6:19-21) അതു​കൊണ്ട്, നമുക്ക് ഇപ്പോൾ മത്തായി 6:25-34 വരെയുള്ള ഭാഗം വായിച്ച് വിശക​ലനം ചെയ്യാം. വസ്‌തു​വ​ക​കളല്ല, ‘രാജ്യ​മാണ്‌ അന്വേ​ഷി​ക്കേ​ണ്ടത്‌’ എന്ന് അതു നമ്മളെ ബോധ്യ​പ്പെ​ടു​ത്തും.—ലൂക്കോ. 12:31.

യഹോവ നമ്മുടെ ആവശ്യങ്ങൾ നിറ​വേ​റ്റി​ത്ത​രും

8, 9. (എ) നമ്മുടെ ആവശ്യ​ങ്ങ​ളെ​ക്കു​റിച്ച് നമ്മൾ അമിത​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ട​രു​താ​ത്തത്‌ എന്തു​കൊണ്ട്? (ബി) ആളുക​ളെ​യും അവരുടെ ആവശ്യ​ങ്ങ​ളെ​യും കുറിച്ച് യേശു​വിന്‌ എന്ത് അറിയാ​മാ​യി​രു​ന്നു?

8 മത്തായി 6:25 വായി​ക്കുക. ‘ജീവ​നെ​ക്കു​റിച്ച് ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നതു മതിയാ​ക്കു​വിൻ’ എന്നു ശ്രോ​താ​ക്ക​ളോ​ടു പറഞ്ഞ​പ്പോൾ “ആകുല​പ്പെ​ടേണ്ടാ, വേവലാ​തി​പ്പെ​ടേണ്ടാ” എന്നൊ​ക്കെ​യാ​ണു യേശു ഉദ്ദേശി​ച്ചത്‌. ഉത്‌ക​ണ്‌ഠ​പ്പെ​ടേ​ണ്ടാത്ത കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​യി​രു​ന്നു അവർ ഉത്‌ക​ണ്‌ഠ​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്നത്‌. അങ്ങനെ ചെയ്യു​ന്നതു നിറു​ത്താൻ യേശു ആവശ്യ​പ്പെട്ടു. കാരണം, ന്യായ​മായ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണെ​ങ്കി​ലും, അനാവ​ശ്യ​മായ ഉത്‌ക​ണ്‌ഠ​യും വേവലാ​തി​യും കൂടുതൽ പ്രധാ​ന​പ്പെട്ട ആത്മീയ​കാ​ര്യ​ങ്ങ​ളിൽനിന്ന് ഒരു വ്യക്തി​യു​ടെ ശ്രദ്ധ പതറി​ച്ചേ​ക്കാം. ശിഷ്യ​ന്മാർക്ക് ഒരിക്ക​ലും അങ്ങനെ സംഭവി​ക്ക​രു​തെന്ന് ആഗ്രഹി​ച്ച​തു​കൊണ്ട് യേശു നാലു പ്രാവ​ശ്യം​കൂ​ടെ ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ ഇതെക്കു​റിച്ച് മുന്നറി​യി​പ്പു കൊടു​ത്തു.—മത്താ. 6:27, 28, 31, 34.

9 എന്തു കഴിക്കും, എന്തു കുടി​ക്കും, എന്ത് ഉടുക്കും എന്നിവ​യെ​ക്കു​റിച്ച് ഉത്‌ക​ണ്‌ഠ​പ്പെ​ട​രു​തെന്നു യേശു പറഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌? ഇവയി​ല്ലാ​തെ നമുക്കു ജീവി​ക്കാൻ പറ്റില്ല​ല്ലോ! ഇവ കിട്ടാ​നുള്ള മാർഗം ഇല്ലാതാ​യാൽ ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നതു സ്വാഭാ​വി​ക​മല്ലേ? ഉറപ്പാ​യും നമുക്ക് ഉത്‌കണ്‌ഠ തോന്നും, യേശു​വി​നും അത്‌ അറിയാ​മാ​യി​രു​ന്നു. ആളുക​ളു​ടെ നിത്യ​ജീ​വി​ത​ത്തി​ലെ ആവശ്യ​ങ്ങ​ളെ​ക്കു​റിച്ച് യേശു​വി​നു നല്ല ഗ്രാഹ്യ​മു​ണ്ടാ​യി​രു​ന്നു. നൂറ്റാ​ണ്ടു​കൾക്കു ശേഷം “ദുഷ്‌ക​ര​മായ” സാഹച​ര്യ​ങ്ങൾ നിറഞ്ഞ “അന്ത്യകാ​ലത്ത്‌” ജീവി​ക്കുന്ന ശിഷ്യ​ന്മാർക്കു പല ബുദ്ധി​മു​ട്ടു​കൾ ഉണ്ടാകു​മെ​ന്നും യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. (2 തിമൊ. 3:1) ഇന്നു പലരും നേരി​ടുന്ന തൊഴി​ലി​ല്ലായ്‌മ, പണപ്പെ​രു​പ്പം, ഭക്ഷ്യക്ഷാ​മം, കടുത്ത ദാരി​ദ്ര്യം എന്നിവ​യെ​ല്ലാം ഇതിൽ ഉൾപ്പെ​ടു​ന്നു. എന്നാൽ യേശു ഒരു കാര്യം തിരി​ച്ച​റി​ഞ്ഞു: ‘ആഹാര​ത്തെ​ക്കാൾ ജീവനും വസ്‌ത്ര​ത്തെ​ക്കാൾ ശരീര​വും പ്രധാ​ന​മാണ്‌.’

10. പ്രാർഥി​ക്കാൻ പഠിപ്പി​ച്ച​പ്പോൾ, നമ്മുടെ ജീവി​ത​ത്തിൽ പ്രാധാ​ന്യം കൊടു​ക്കേ​ണ്ടത്‌ എന്തിനാ​ണെ​ന്നാ​ണു യേശു പറഞ്ഞത്‌?

10 അതേ പ്രഭാ​ഷ​ണ​ത്തിൽ, അവരുടെ ആവശ്യ​ങ്ങൾക്കു​വേണ്ടി സ്വർഗീ​യ​പി​താ​വി​നോട്‌ ഇങ്ങനെ പ്രാർഥി​ക്കാൻ യേശു പഠിപ്പി​ച്ചി​രു​ന്നു: “ഇന്നത്തേ​ക്കുള്ള അപ്പം ഞങ്ങൾക്ക് ഇന്നു നൽകേ​ണമേ.” (മത്താ. 6:11) പിന്നീ​ടൊ​രു സാഹച​ര്യ​ത്തിൽ യേശു അതെക്കു​റിച്ച് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾക്ക് ആവശ്യ​മായ അപ്പം അന്നന്നു ഞങ്ങൾക്കു നൽകേ​ണമേ.” (ലൂക്കോ. 11:3) പക്ഷേ അതിന്‍റെ അർഥം, നമ്മുടെ ചിന്തക​ളിൽ നിറഞ്ഞു​നിൽക്കേ​ണ്ടതു നമ്മുടെ ശാരീ​രി​ക​മായ ആവശ്യ​ങ്ങ​ളാണ്‌ എന്നല്ല. ആ മാതൃ​കാ​പ്രാർഥ​ന​യിൽ യേശു പ്രാധാ​ന്യം കൊടു​ത്തതു ദൈവ​രാ​ജ്യം വരുന്ന​തി​നു​വേ​ണ്ടി​യുള്ള അപേക്ഷ​യ്‌ക്കാണ്‌. (മത്താ. 6:10; ലൂക്കോ. 11:2) അടുത്ത​താ​യി യേശു, യഹോവ തന്‍റെ സൃഷ്ടി​കൾക്കാ​യി കരുതുന്ന അതുല്യ​മായ വിധങ്ങ​ളെ​ക്കു​റിച്ച് വിവരി​ച്ചു​കൊണ്ട് ആളുകൾക്ക് ആശ്വാസം പകർന്നു.

11, 12. പക്ഷികൾക്കു​വേണ്ടി യഹോവ കരുതുന്ന വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

11 മത്തായി 6:26 വായി​ക്കുക. നമ്മൾ ‘ആകാശ​ത്തി​ലെ പക്ഷികളെ നിരീ​ക്ഷി​ക്കേ​ണ്ട​തുണ്ട്.’ ചെറിയ ജീവി​ക​ളാ​ണെ​ങ്കി​ലും അവ ഒരുപാ​ടു പഴങ്ങൾ, ധാന്യങ്ങൾ, പ്രാണി​കൾ, പുഴുക്കൾ എന്നിവ​യൊ​ക്കെ തിന്നുന്നു. ശരീര​ഭാ​ര​ത്തി​ന്‍റെ അനുപാ​തം നോക്കി​യാൽ, മനുഷ്യർ കഴിക്കു​ന്ന​തി​നെ​ക്കാൾ കൂടുതൽ അവ കഴിക്കു​ന്നുണ്ട്. പക്ഷേ അവ നിലം ഉഴുതു​മ​റിച്ച് വിത്തുകൾ വിതയ്‌ക്കു​ന്നില്ല; ആവശ്യ​മാ​യ​തെ​ല്ലാം യഹോവ അവയ്‌ക്കു കൊടു​ക്കു​ന്നു. (സങ്കീ. 147:9) അതിന്‍റെ അർഥം, യഹോവ ആഹാരം കൊണ്ടു​വന്ന് പക്ഷിക​ളു​ടെ കൊക്കിൽ വെച്ചു​കൊ​ടു​ക്കു​ന്നു എന്നല്ല. ആഹാരം അവ തേടി കണ്ടെ​ത്തേ​ണ്ട​തുണ്ട്. പക്ഷേ അതു സമൃദ്ധ​മാ​യി ഈ ഭൂമി​യി​ലുണ്ട്.

12 പക്ഷികൾക്കു വേണ്ട ആഹാരം കരുതുന്ന തന്‍റെ സ്വർഗീ​യ​പി​താവ്‌ മനുഷ്യ​രു​ടെ​യും അടിസ്ഥാ​നാ​വ​ശ്യ​ങ്ങൾക്കു​വേണ്ടി കരുതു​മെന്നു യേശു​വിന്‌ ഉറപ്പാ​യി​രു​ന്നു. [1] (1 പത്രോ. 5:6, 7) ദൈവം ഭക്ഷണം നമ്മുടെ മുന്നിൽ കൊണ്ടു​വന്ന് തരില്ലാ​യി​രി​ക്കാം. പക്ഷേ കൃഷി ചെയ്‌ത്‌ ഭക്ഷണസാ​ധ​നങ്ങൾ ഉണ്ടാക്കാ​നോ ഭക്ഷ്യവ​സ്‌തു​ക്കൾ വാങ്ങാൻ പണം കണ്ടെത്താ​നോ ഉള്ള നമ്മുടെ ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ക്കും. നമുക്കു ബുദ്ധി​മു​ട്ടു​കൾ ഉണ്ടാകു​മ്പോൾ, ആളുകൾ അവർക്കു​ള്ളതു നമ്മളു​മാ​യി പങ്കു​വെ​ക്കാൻ യഹോവ അവരെ പ്രേരി​പ്പി​ച്ചേ​ക്കാം. യഹോവ പക്ഷികൾക്കു പാർപ്പി​ടം ഒരുക്കു​ന്ന​തി​നെ​ക്കു​റിച്ച് യേശു ശിഷ്യ​ന്മാ​രോട്‌ ഒന്നും പറഞ്ഞില്ല. എങ്കിലും ഒരു കൂട്‌ ഉണ്ടാക്കാ​നുള്ള സഹജജ്ഞാ​ന​വും കഴിവു​ക​ളും വസ്‌തു​ക്ക​ളും യഹോവ അവയ്‌ക്കു കൊടു​ത്തി​ട്ടുണ്ട്. അതു​പോ​ലെ, നമ്മുടെ കുടും​ബ​ത്തിന്‌ അനു​യോ​ജ്യ​മായ ഒരു താമസ​സൗ​ക​ര്യം ഒരുക്കാൻ യഹോവ നമ്മളെ സഹായി​ക്കും.

13. നമ്മൾ പക്ഷിക​ളെ​ക്കാൾ വില​പ്പെ​ട്ട​വ​രാ​ണെന്ന് എന്തു തെളി​യി​ക്കു​ന്നു?

13 “നിങ്ങൾ (പക്ഷിക​ളെ​ക്കാൾ) വില​പ്പെ​ട്ട​വ​ര​ല്ല​യോ” എന്നു യേശു ശ്രോ​താ​ക്ക​ളോ​ടു ചോദി​ച്ചു. അതു ചോദി​ക്കു​മ്പോൾ, സ്വന്തം ജീവൻ മനുഷ്യർക്കു​വേണ്ടി പെട്ടെ​ന്നു​തന്നെ കൊടു​ക്കാൻപോ​കു​ക​യാ​ണെന്ന കാര്യം യേശു​വി​ന്‍റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നു. (ലൂക്കോസ്‌ 12:6, 7 താരത​മ്യം ചെയ്യുക.) മറ്റു ജീവജാ​ല​ങ്ങൾക്കു​വേ​ണ്ടി​യല്ല ക്രിസ്‌തു മറുവില കൊടു​ത്തത്‌. അതെ, ആകാശ​ത്തി​ലെ പക്ഷികൾക്കു​വേ​ണ്ടി​യല്ല, നമ്മൾ എന്നെന്നും ജീവി​ച്ചി​രി​ക്കാൻ നമുക്കു​വേ​ണ്ടി​യാ​ണു യേശു മരിച്ചത്‌.—മത്താ. 20:28.

14. ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്ന​തു​കൊണ്ട് എന്തെങ്കി​ലും പ്രയോ​ജ​ന​മു​ണ്ടോ?

14 മത്തായി 6:27 വായി​ക്കുക. അമിത​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്ന​തു​കൊണ്ട് ഒരു വ്യക്തിക്ക് ആയുസ്സി​നോട്‌ ഒരു മുഴം കൂട്ടാൻ കഴിയി​ല്ലെന്നു യേശു പറഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌? നിത്യ​ജീ​വി​ത​ത്തി​ലെ നമ്മുടെ ആവശ്യ​ങ്ങ​ളെ​ക്കു​റിച്ച് അമിത​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്ന​തു​കൊണ്ട് നമുക്ക് ആയുസ്സു കൂട്ടി​ക്കി​ട്ടില്ല. അത്തരം ഉത്‌കണ്‌ഠ സാധ്യ​ത​യ​നു​സ​രിച്ച് നമ്മുടെ ആയുസ്സു കുറയ്‌ക്കു​കയേ ഉള്ളൂ.

15, 16. (എ) ലില്ലി​കൾക്കു​വേണ്ടി യഹോവ കരുതുന്ന വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.) (ബി) നമ്മൾ നമ്മളോ​ടു​തന്നെ ഏതു ചോദ്യ​ങ്ങൾ ചോദി​ക്കണം, എന്തിന്‌?

15 മത്തായി 6:28-30 വായി​ക്കുക. നമ്മളിൽ ആർക്കാണു നല്ല വസ്‌ത്രങ്ങൾ ധരിക്കാൻ ഇഷ്ടമി​ല്ലാ​ത്തത്‌? പ്രത്യേ​കിച്ച്, നമ്മൾ വയൽശു​ശ്രൂ​ഷ​യിൽ ഏർപ്പെ​ടു​മ്പോ​ഴും യോഗ​ങ്ങൾക്കും സമ്മേള​ന​ങ്ങൾക്കും ഹാജരാ​കു​മ്പോ​ഴും ഒക്കെ? അങ്ങനെ​യാ​ണെ​ങ്കി​ലും നമ്മൾ ‘വസ്‌ത്ര​ത്തെ​ക്കു​റിച്ച് ഉത്‌ക​ണ്‌ഠ​പ്പെ​ട​ണോ?’ യേശു ഒരിക്കൽക്കൂ​ടി യഹോ​വ​യു​ടെ സൃഷ്ടി​ക​ളി​ലേക്കു നമ്മുടെ ശ്രദ്ധ തിരി​ക്കു​ന്നു. ഇപ്രാ​വ​ശ്യം, ‘ലില്ലി​ക​ളി​ലേക്ക്!’ ആ പൂക്കളിൽനിന്ന് നമുക്കു പലതും പഠിക്കാ​നുണ്ട്. ലില്ലി​ക​ളെ​ക്കു​റിച്ച് പറഞ്ഞ​പ്പോൾ യേശു​വി​ന്‍റെ മനസ്സിൽ ഐറിസ്‌, ഗ്ലാഡി​യോ​ലസ്‌, ടൂലിപ്പ്, ഹൈയാ​സിന്ത് എന്നീ പൂക്കളാ​യി​രി​ക്കാ​മു​ണ്ടാ​യി​രു​ന്നത്‌. ഈ പൂക്കൾക്കെ​ല്ലാം അതി​ന്‍റേ​തായ ഭംഗി​യുണ്ട്. ഇവ നൂൽ നൂൽക്കു​ക​യോ വസ്‌ത്രങ്ങൾ നെയ്യു​ക​യോ ചെയ്യു​ന്നി​ല്ലെ​ങ്കിൽപ്പോ​ലും ഇവയുടെ മനോ​ഹാ​രിത വർണനാ​തീ​ത​മാണ്‌! എന്തിന്‌, “ശലോ​മോൻപോ​ലും തന്‍റെ സകല പ്രതാ​പ​ത്തി​ലും ഇവയി​ലൊ​ന്നി​നോ​ളം ചമഞ്ഞി​രു​ന്നില്ല!”

16 യേശു പറഞ്ഞതി​ന്‍റെ ചുരുക്കം ഇതാണ്‌: “വയൽച്ചെ​ടി​കളെ ദൈവം ഇങ്ങനെ ചമയി​ക്കു​ന്നു എങ്കിൽ, അൽപ്പവി​ശ്വാ​സി​കളേ, നിങ്ങളെ എത്രയ​ധി​കം!” അതെ, യഹോവ കരുതു​ക​തന്നെ ചെയ്യും! പക്ഷേ യേശു​വി​ന്‍റെ ശിഷ്യ​ന്മാർക്കു വിശ്വാ​സം അൽപ്പം കുറവാ​യി​രു​ന്നു. (മത്താ. 8:26; 14:31; 16:8; 17:20) അവർക്ക് യഹോ​വ​യിൽ കൂടുതൽ വിശ്വാ​സ​വും ആശ്രയ​വും വേണമാ​യി​രു​ന്നു. നമ്മുടെ കാര്യ​മോ? നമുക്കു​വേണ്ടി കരുതാ​നുള്ള യഹോ​വ​യു​ടെ ആഗ്രഹ​ത്തി​ലും പ്രാപ്‌തി​യി​ലും നമുക്കു ശക്തമായ വിശ്വാ​സ​മു​ണ്ടോ?

17. യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധം എങ്ങനെ തകർന്നേ​ക്കാം?

17 മത്തായി 6:31, 32 വായി​ക്കുക. നമ്മൾ ഒരിക്ക​ലും ‘ജാതി​ക​ളെ​പ്പോ​ലെ​യാ​ക​രുത്‌.’ ആത്മീയ​കാ​ര്യ​ങ്ങൾക്കു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കു​ന്ന​വർക്കു​വേണ്ടി കരുതുന്ന, സ്‌നേ​ഹ​മുള്ള ഒരു സ്വർഗീ​യ​പി​താ​വിൽ അവർക്കു യാതൊ​രു വിശ്വാ​സ​വു​മില്ല. അവർ “വ്യഗ്ര​ത​യോ​ടെ അന്വേ​ഷി​ക്കുന്ന” കാര്യ​ങ്ങ​ളു​ടെ പിന്നാലെ നമ്മൾ പോയാൽ യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധം തകരും. എന്നാൽ ചെയ്യേ​ണ്ടതു ചെയ്യു​ന്നെ​ങ്കിൽ, അതായത്‌ ആത്മീയ​കാ​ര്യ​ങ്ങൾക്കു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കു​ന്നെ​ങ്കിൽ, യഹോവ നമ്മളിൽനിന്ന് ഒരു നന്മയും പിടി​ച്ചു​വെ​ക്കി​ല്ലെന്ന് ഉറപ്പാണ്‌. “ഉണ്ണാനും ഉടുക്കാ​നും” ഉണ്ടെങ്കിൽ അതിൽ തൃപ്‌തി​പ്പെ​ടാൻ, അല്ലെങ്കിൽ ആഹാര​വും പാർപ്പി​ട​വും ഉണ്ടെങ്കിൽ അതിൽ തൃപ്‌തി​പ്പെ​ടാൻ, നമ്മുടെ “ദൈവ​ഭക്തി” നമ്മളെ പ്രചോ​ദി​പ്പി​ക്കണം.—1 തിമൊ. 6:6-8; അടിക്കു​റിപ്പ്.

ദൈവ​രാ​ജ്യ​ത്തി​നു നിങ്ങളു​ടെ ജീവി​ത​ത്തിൽ ഒന്നാം സ്ഥാനമാ​ണോ?

18. നമ്മൾ ഓരോ​രു​ത്ത​രെ​യും​പറ്റി യഹോ​വ​യ്‌ക്ക് എന്ത് അറിയാം, യഹോവ നമുക്കു​വേണ്ടി എന്തു ചെയ്യും?

18 മത്തായി 6:33 വായി​ക്കുക. ദൈവ​രാ​ജ്യ​മാ​യി​രി​ക്കണം ക്രിസ്‌തു​ശി​ഷ്യ​രു​ടെ ജീവി​ത​ത്തി​ലെ ഒന്നാമത്തെ കാര്യം. രാജ്യം ഒന്നാമ​തു​വെ​ക്കു​ന്നെ​ങ്കിൽ “ഈവക കാര്യ​ങ്ങ​ളൊ​ക്കെ​യും നിങ്ങൾക്കു നൽക​പ്പെ​ടും” എന്നു യേശു പറഞ്ഞു. യേശു​വിന്‌ അങ്ങനെ പറയാൻ കഴിഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌? അതിനു തൊട്ടു​മു​മ്പുള്ള വാക്യ​ത്തിൽ യേശു ഇങ്ങനെ പറഞ്ഞു: “ഇവയെ​ല്ലാം,” അതായത്‌ നമ്മുടെ അടിസ്ഥാ​നാ​വ​ശ്യ​ങ്ങൾ, “നിങ്ങളു​ടെ സ്വർഗീ​യ​പി​താവ്‌ അറിയു​ന്നു​വ​ല്ലോ.” നമുക്കു ഭക്ഷണവും വസ്‌ത്ര​വും പാർപ്പി​ട​വും ആവശ്യ​മാ​ണെന്ന കാര്യം യഹോ​വ​യ്‌ക്ക് അറിയാം, നമ്മൾ അവയെ​ക്കു​റിച്ച് ചിന്തി​ക്കു​ന്ന​തി​നു മുമ്പു​തന്നെ. (ഫിലി. 4:19) നമ്മുടെ ഏതു വസ്‌ത്ര​മാണ്‌ അടുത്ത​താ​യി പഴകു​ന്ന​തെ​ന്നും നമുക്ക് എന്ത് ആഹാരം വേണ​മെ​ന്നും നമുക്കും കുടും​ബാം​ഗ​ങ്ങൾക്കും താമസി​ക്കാൻ ഒരു ഇടം വേണ​മെ​ന്നും യഹോ​വ​യ്‌ക്ക് അറിയാം. യഥാർഥ​ത്തിൽ ആവശ്യ​മു​ള്ളതു നമുക്കു​ണ്ടെന്ന് യഹോവ ഉറപ്പു​വ​രു​ത്തും.

19. ഭാവി​യിൽ എന്തു സംഭവി​ച്ചേ​ക്കാം എന്ന് ഓർത്ത്‌ ഉത്‌ക​ണ്‌ഠ​പ്പെ​ട​രു​താ​ത്തത്‌ എന്തു​കൊണ്ട്?

19 മത്തായി 6:34 വായി​ക്കുക. യേശു രണ്ടാം വട്ടവും “ഒരിക്ക​ലും ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌” എന്നു പറയുന്നു. യഹോവ സഹായി​ക്കു​മെന്ന പൂർണ​ബോ​ധ്യ​ത്തോ​ടെ അതതു ദിവസത്തെ പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച് മാത്രം ചിന്തി​ക്കാൻ പറയു​ക​യാ​യി​രു​ന്നു യേശു. ഭാവി​യിൽ എന്തു സംഭവി​ച്ചേ​ക്കാം എന്ന് ഓർത്ത്‌ വെറുതെ ഉത്‌ക​ണ്‌ഠ​പ്പെ​ടുന്ന ഒരു വ്യക്തി, ദൈവ​ത്തിൽ ആശ്രയി​ക്കു​ന്ന​തി​നു പകരം തന്നിൽത്തന്നെ ആശ്രയി​ക്കാൻ ചായ്‌വ്‌ കാണി​ച്ചേ​ക്കാം. അത്‌ യഹോ​വ​യു​മാ​യുള്ള അയാളു​ടെ ബന്ധം തകർത്തേ​ക്കാം.—സദൃ. 3:5, 6; ഫിലി. 4:6, 7.

ഒന്നാമതു ദൈവ​രാ​ജ്യം അന്വേ​ഷി​ക്കുക, ബാക്കി യഹോവ കരുതി​ക്കൊ​ള്ളും

ദൈവരാജ്യത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്ന​തി​നു​വേണ്ടി ജീവിതം ലളിത​മാ​ക്കാൻ നിങ്ങൾക്കു സാധി​ക്കു​മോ? (20-‍ാ‍ം ഖണ്ഡിക കാണുക)

20. (എ) ദൈവ​സേ​വ​ന​ത്തിൽ ഏതു ലക്ഷ്യം വെക്കാ​നാ​ണു നിങ്ങൾ ഉദ്ദേശി​ക്കു​ന്നത്‌? (ബി) ജീവിതം ലളിത​മാ​ക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?

20 ദൈവ​രാ​ജ്യ​ത്തോ​ടു ബന്ധപ്പെട്ട കാര്യങ്ങൾ ഉപേക്ഷിച്ച് സമ്പത്തി​നും വസ്‌തു​വ​ക​കൾക്കും പിന്നാലെ പോകു​ന്നത്‌ അർഥശൂ​ന്യ​മാണ്‌. അതു​കൊണ്ട് ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെക്കു​ക​യും അത്‌ എത്തിപ്പി​ടി​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്യുക. ഉദാഹ​ര​ണ​ത്തിന്‌, പ്രചാ​ര​ക​രു​ടെ ആവശ്യം അധിക​മുള്ള ഒരു സഭയി​ലേക്കു നിങ്ങൾക്കു മാറാ​നാ​കു​മോ? നിങ്ങൾക്കു മുൻനി​ര​സേ​വനം തുടങ്ങാ​നാ​കു​മോ? ഇപ്പോൾത്തന്നെ മുൻനി​ര​സേ​വനം ചെയ്യു​ക​യാ​ണെ​ങ്കിൽ, രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂ​ളിൽ പങ്കെടു​ക്കാൻ അപേക്ഷി​ക്കാ​നാ​കു​മോ? ബെഥേ​ലി​ലെ​യോ വിദൂര പരിഭാ​ഷാ​കേ​ന്ദ്ര​ത്തി​ലെ​യോ ആവശ്യ​മ​നു​സ​രിച്ച് പോയി​വന്ന് സേവി​ക്കാൻ നിങ്ങൾക്കു കഴിയു​മോ? പ്രാ​ദേ​ശിക ഡിസൈൻ/നിർമാണ സേവക​രാ​യി രാജ്യ​ഹാൾ പ്രോ​ജ​ക്‌ടു​ക​ളിൽ പങ്കെടു​ക്കാൻ നിങ്ങൾക്കു പറ്റുമോ? ആത്മീയ​പ്ര​വർത്ത​ന​ങ്ങ​ളിൽ കൂടുതൽ ഏർപ്പെ​ടു​ന്ന​തി​നു​വേണ്ടി ജീവിതം ലളിത​മാ​ക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയു​മെന്നു ചിന്തി​ക്കുക. “ ജീവിതം എങ്ങനെ ലളിത​മാ​ക്കാം” എന്ന ചതുര​ത്തി​ലെ വിവരങ്ങൾ പ്രാർഥ​നാ​പൂർവം അവലോ​കനം ചെയ്യുക. എന്നിട്ട് നിങ്ങളു​ടെ ലക്ഷ്യം എത്തിപ്പി​ടി​ക്കു​ന്ന​തിന്‌ ആവശ്യ​മായ പടികൾ സ്വീക​രി​ച്ചു​തു​ട​ങ്ങുക.

21. യഹോ​വ​യോ​ടു കൂടുതൽ അടുക്കാൻ എങ്ങനെ കഴിയും?

21 വസ്‌തു​വ​ക​കൾക്കു പകരം ദൈവ​രാ​ജ്യം അന്വേ​ഷി​ക്കാൻ യേശു പഠിപ്പി​ച്ചതു നമ്മുടെ പ്രയോ​ജ​ന​ത്തി​നാണ്‌. അത്‌ അനുസ​രി​ക്കു​ന്നെ​ങ്കിൽ നിത്യ​ജീ​വി​ത​ത്തി​ലെ ആവശ്യ​ങ്ങ​ളെ​ക്കു​റിച്ച് നമ്മൾ ഉത്‌ക​ണ്‌ഠ​പ്പെ​ടേ​ണ്ട​തില്ല. നമ്മുടെ ആഗ്രഹ​ങ്ങൾക്കു പിന്നാലെ പോകാ​നോ ലോകം വെച്ചു​നീ​ട്ടുന്ന എല്ലാ വസ്‌തു​വ​ക​ക​ളും വാങ്ങി​ക്കൂ​ട്ടാ​നോ ഒരുപക്ഷേ നമുക്കു സാധി​ക്കു​മാ​യി​രി​ക്കും. എന്നാൽ അതിനു ശ്രമി​ക്കു​ന്ന​തി​നു പകരം യഹോ​വ​യിൽ ആശ്രയി​ക്കു​ന്നെ​ങ്കിൽ നമ്മൾ യഹോ​വ​യോ​ടു കൂടുതൽ അടുക്കും. ഇപ്പോൾ ജീവിതം ലളിത​മാ​ക്കു​ന്നെ​ങ്കിൽ, വരാനി​രി​ക്കുന്ന “യഥാർഥ ജീവനിൽ പിടി​യു​റ​പ്പി​ക്കാൻ” നമുക്കു കഴിയും.—1 തിമൊ. 6:19.

^ [1] (ഖണ്ഡിക 12) ചില​പ്പോൾ ഒരു ക്രിസ്‌ത്യാ​നി പട്ടിണി അനുഭ​വി​ക്കാൻ യഹോവ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌ എന്നു മനസ്സി​ലാ​ക്കാൻ 2014 സെപ്‌റ്റം​ബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്‍റെ 22-‍ാ‍ം പേജിലെ “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” കാണുക.