വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഭയപ്പെ​ടേണ്ടാ, ഞാൻ നിന്നെ സഹായി​ക്കും”

“ഭയപ്പെ​ടേണ്ടാ, ഞാൻ നിന്നെ സഹായി​ക്കും”

രാത്രി വൈകി നിങ്ങൾ ഒരു തെരു​വി​ലൂ​ടെ നടക്കു​ക​യാണ്‌. പെട്ടെ​ന്നതാ ആരോ നിങ്ങളെ പിന്തു​ട​രു​ന്നു. നിങ്ങൾ നിൽക്കു​മ്പോൾ അയാളും നിൽക്കും. നിങ്ങൾ വേഗത്തിൽ നടക്കു​മ്പോൾ അയാളും വേഗത കൂട്ടും. നിങ്ങൾ ഓടാൻ തുടങ്ങു​ന്നു. നിങ്ങൾ ഓടി​യോ​ടി അടുത്തുള്ള ഒരു കൂട്ടു​കാ​രന്‍റെ വീട്ടിൽ എത്തി. കൂട്ടു​കാ​രൻ കതകു തുറന്നു, നിങ്ങൾ അകത്തേക്കു കയറി. ഹൊ, എന്തൊരു ആശ്വാസം!

ഒരുപക്ഷേ ഇതു​പോ​ലൊ​രു അനുഭവം നിങ്ങൾക്ക് ഉണ്ടായി​ട്ടി​ല്ലാ​യി​രി​ക്കാം. എന്നാൽ ജീവി​ത​ത്തി​ലെ ചില ആകുല​തകൾ നിങ്ങളെ ഭീതി​യി​ലാ​ഴ്‌ത്തു​ന്നു​ണ്ടാ​കും. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ ഒരു മോശം ശീലം മാറ്റാൻ ആഗ്രഹി​ക്കു​ന്നു; പക്ഷേ പിന്നെ​യും​പി​ന്നെ​യും അതേ തെറ്റ്‌ ആവർത്തി​ക്കു​ന്നു. അല്ലെങ്കിൽ നിങ്ങളു​ടെ ജോലി നഷ്ടപ്പെ​ട്ടിട്ട് കുറെ കാലമാ​യി; എത്ര ശ്രമി​ച്ചി​ട്ടും പുതി​യൊ​രു ജോലി കണ്ടെത്താ​നാ​കു​ന്നില്ല. അതുമ​ല്ലെ​ങ്കിൽ നിങ്ങൾക്കു വയസ്സാ​യി​വ​രു​ന്നു; ഭാവി​യിൽ ഉണ്ടാ​യേ​ക്കാ​വുന്ന ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളെ​ക്കു​റിച്ച് ഓർക്കു​മ്പോൾ നിങ്ങൾക്കു പേടി തോന്നു​ന്നു. ഇതോ ഇതു​പോ​ലുള്ള മറ്റ്‌ ആകുല​ത​ക​ളോ നിങ്ങളെ അലട്ടു​ന്നു​ണ്ടോ?

നിങ്ങൾ നേരി​ടുന്ന പ്രശ്‌നം ഏതുമാ​കട്ടെ, നിങ്ങളു​ടെ വിഷമ​ങ്ങ​ളും ദുഃഖ​ങ്ങ​ളും പങ്കു​വെ​ക്കാൻ കഴിയുന്ന, നിങ്ങൾക്ക് ആവശ്യ​മായ സഹായം തരാൻ കഴിയുന്ന, ഒരാൾ ഒപ്പമു​ണ്ടെ​ങ്കിൽ അത്‌ എത്ര ആശ്വാ​സ​മാ​യി​രി​ക്കും, അല്ലേ? നിങ്ങൾക്ക് അങ്ങനെ​യൊ​രു ഉറ്റ സുഹൃ​ത്തു​ണ്ടോ? ഉണ്ട്, അങ്ങനെ ഒരാളുണ്ട്! യഹോവ! യഹോ​വ​യ്‌ക്കു നിങ്ങളു​ടെ ഒരു ഉറ്റ സുഹൃ​ത്താ​യി​രി​ക്കാൻ കഴിയും. ഗോ​ത്ര​പി​താ​വായ അബ്രാ​ഹാ​മിന്‌ യഹോവ അങ്ങനെ​യൊ​രു സുഹൃ​ത്താ​യി​രു​ന്നെന്ന് യശയ്യ 41:8-13 വ്യക്തമാ​ക്കു​ന്നു. 10, 13 വാക്യ​ങ്ങ​ളിൽ യഹോവ തന്‍റെ ദാസന്മാർ ഓരോ​രു​ത്ത​രോ​ടും ഇങ്ങനെ പറയുന്നു: “നീ ഭയപ്പെ​ടേണ്ടാ; ഞാൻ നിന്നോ​ടു​കൂ​ടെ ഉണ്ടു; ഭ്രമി​ച്ചു​നോ​ക്കേണ്ടാ, ഞാൻ നിന്‍റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീക​രി​ക്കും; ഞാൻ നിന്നെ സഹായി​ക്കും; എന്‍റെ നീതി​യുള്ള വല​ങ്കൈ​കൊ​ണ്ടു ഞാൻ നിന്നെ താങ്ങും. നിന്‍റെ ദൈവ​മായ യഹോവ എന്ന ഞാൻ നിന്‍റെ വലങ്കൈ പിടിച്ചു നിന്നോ​ടു: ഭയപ്പെ​ടേണ്ടാ, ഞാൻ നിന്നെ സഹായി​ക്കും എന്നു പറയുന്നു.”

“ഞാൻ നിന്നെ താങ്ങും”

ഈ വാക്കുകൾ എത്ര സാന്ത്വനം പകരുന്നു, അല്ലേ? യഹോവ വാക്കു​കൾകൊണ്ട് വരച്ച ആ ചിത്രം ഒന്നു ഭാവന​യിൽ കാണുക. യഹോ​വ​യു​ടെ കൈ പിടിച്ച് നടക്കു​ന്നതു സന്തോഷം തരുന്ന ഒരു കാര്യം​ത​ന്നെ​യാണ്‌. എന്നാൽ അതി​നെ​ക്കു​റി​ച്ചല്ല ഇവിടെ പറയു​ന്നത്‌. കാരണം, യഹോവ നമ്മുടെ കൈ പിടിച്ച് നമ്മളോ​ടൊ​പ്പം നടക്കു​ക​യാ​ണെ​ങ്കിൽ യഹോവ വലതു​കൈ പിടി​ക്കു​ന്നതു നമ്മുടെ ഇടതു​കൈ​യി​ലാ​യി​രി​ക്കും. പക്ഷേ ഇവിടെ പറയു​ന്നത്‌, “നീതി​യുള്ള വലങ്കൈ” നീട്ടി യഹോവ പിടി​ക്കു​ന്നതു നിങ്ങളു​ടെ “വലങ്കൈ”യിലാണ്‌ എന്നാണ്‌. ഒരു കുഴി​യിൽനിന്ന് നിങ്ങളെ പിടി​ച്ചു​ക​യ​റ്റാ​നെ​ന്ന​പോ​ലെ! ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളിൽ യഹോവ നിങ്ങളു​ടെ കൈ പിടി​ച്ചു​കൊണ്ട്, “ഭയപ്പെ​ടേണ്ടാ, ഞാൻ നിന്നെ സഹായി​ക്കും” എന്ന ഉറപ്പു തരുന്നു.

കഷ്ടതയി​ലാ​യി​രി​ക്കു​മ്പോൾ സഹായി​ക്കാൻ ഓടി​യെ​ത്തുന്ന, സ്‌നേ​ഹ​വാ​നായ പിതാ​വും സുഹൃ​ത്തും ആയി യഹോ​വയെ നിങ്ങൾ കാണു​ന്നു​ണ്ടോ? യഹോ​വ​യ്‌ക്കു നിങ്ങളിൽ താത്‌പ​ര്യ​മുണ്ട്, നിങ്ങളു​ടെ ക്ഷേമ​ത്തെ​ക്കു​റിച്ച് ചിന്തയുണ്ട്, നിങ്ങളെ സഹായി​ക്കാൻ തീരു​മാ​നി​ച്ചു​റ​ച്ചി​രി​ക്കു​ക​യു​മാണ്‌. ബുദ്ധി​മു​ട്ടു​കൾ നേരി​ടു​മ്പോ​ഴും, സുരക്ഷി​ത​രാ​ണെന്നു നിങ്ങൾക്കു തോന്നാൻ യഹോവ ആഗ്രഹി​ക്കു​ന്നു. കാരണം, യഹോവ നിങ്ങളെ ഒരുപാ​ടു സ്‌നേ​ഹി​ക്കു​ന്നു. “കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയാ​യി​രി​ക്കു​ന്നു.”—സങ്കീ. 46:1.

കഴിഞ്ഞ കാലത്തെ തെറ്റു​ക​ളെ​ക്കു​റി​ച്ചുള്ള കുറ്റ​ബോ​ധം

കഴിഞ്ഞ കാലത്ത്‌ ചെയ്‌തു​പോയ തെറ്റു​ക​ളെ​ക്കു​റിച്ച് ഓർത്ത്‌ ചിലർ സ്വയം കുറ്റ​പ്പെ​ടു​ത്തു​ന്നു. ദൈവം ക്ഷമിച്ചു​കാ​ണു​മോ എന്നു​പോ​ലും അവർക്കു സംശയ​മാണ്‌. നിങ്ങൾക്കും ഇത്തരത്തിൽ കുറ്റ​ബോ​ധം തോന്നാ​റു​ണ്ടെ​ങ്കിൽ ഇതു ചിന്തി​ക്കുക: വിശ്വ​സ്‌ത​നായ ഇയ്യോബ്‌ താൻ ‘യൗവന​ത്തിൽ അകൃത്യ​ങ്ങൾ’ ചെയ്‌ത​തി​നെ​ക്കു​റിച്ച് പിന്നീട്‌ ഓർത്തു. (ഇയ്യോ. 13:26) സങ്കീർത്ത​ന​ക്കാ​ര​നായ ദാവീ​ദും യഹോ​വ​യോട്‌ ഇങ്ങനെ അപേക്ഷി​ച്ചു: “എന്‍റെ ബാല്യ​ത്തി​ലെ പാപങ്ങ​ളെ​യും എന്‍റെ ലംഘന​ങ്ങ​ളെ​യും ഓർക്ക​രു​തേ.” (സങ്കീ. 25:7) അപൂർണ​രാ​യ​തു​കൊണ്ട് നമ്മൾ എല്ലാവ​രും “പാപം ചെയ്‌തു ദൈവി​ക​മ​ഹ​ത്ത്വം ഇല്ലാത്ത​വ​രാ​യി​ത്തീർന്നി​രി​ക്കു​ന്നു.”—റോമ. 3:23.

പുരാ​ത​ന​കാ​ല​ത്തെ ദൈവ​ജ​ന​ത്തോ​ടു പറഞ്ഞ വാക്കു​ക​ളാണ്‌ യശയ്യ 41-‍ാ‍ം അധ്യാ​യ​ത്തി​ലു​ള്ളത്‌. അവർ വളരെ​യ​ധി​കം തെറ്റുകൾ ചെയ്‌ത​പ്പോൾ യഹോവ അവരെ ബാബി​ലോ​ണി​ലെ അടിമ​ത്ത​ത്തി​ലേക്ക് അയച്ചു​കൊണ്ട് ശിക്ഷിച്ചു. (യശ. 39:6, 7) ആ സമയത്തും യഹോവ ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്നത്‌, അവർ അനുത​പി​ക്കു​ക​യും തന്നി​ലേക്കു മടങ്ങി​വ​രു​ക​യും ചെയ്യു​മ്പോൾ അവരെ വിടു​വി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു. (യശ. 41:8, 9; 49:8) യഹോ​വ​യു​ടെ കൃപ ലഭിക്കാൻ ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ന്ന​വ​രോട്‌ യഹോവ ഇന്നും മഹാമ​ന​സ്‌കത കാണി​ക്കു​ന്നു.—സങ്കീ. 51:1.

തക്കൂയ * എന്ന സഹോ​ദ​രന്‍റെ അനുഭവം നോക്കാം. അശ്ലീലം കാണുക, സ്വയം​ഭോ​ഗം ചെയ്യുക എന്നീ ദുശ്ശീ​ലങ്ങൾ തക്കൂയ​യ്‌ക്കു​ണ്ടാ​യി​രു​ന്നു. അവ ഉപേക്ഷി​ക്കാൻ തക്കൂയ ആത്മാർഥ​മാ​യി ശ്രമി​ച്ചി​ട്ടും ഇടയ്‌ക്കി​ടെ വീണു​പോ​യി. തക്കൂയ​യ്‌ക്ക് എന്താണു തോന്നി​യത്‌? “ഞാൻ ഒന്നിനും കൊള്ളാ​ത്ത​വ​നാ​ണെന്ന് എനിക്കു തോന്നി. പക്ഷേ ഞാൻ ക്ഷമയ്‌ക്കാ​യി പ്രാർഥി​ച്ച​പ്പോ​ഴെ​ല്ലാം യഹോവ എന്നെ പിടി​ച്ചു​യർത്തി.” യഹോവ എങ്ങനെ​യാണ്‌ അതു ചെയ്‌തത്‌? തെറ്റു​പ​റ്റി​പ്പോ​യാൽ തങ്ങളെ വിളി​ക്ക​ണ​മെന്നു സഭയിലെ മൂപ്പന്മാർ തക്കൂയ​യോ​ടു പറഞ്ഞി​രു​ന്നു. തക്കൂയ സമ്മതി​ക്കു​ന്നു: “അവരെ വിളി​ക്കാൻ എനിക്കു വല്ലാത്ത മടി തോന്നി. പക്ഷേ അങ്ങനെ ചെയ്‌ത​പ്പോ​ഴൊ​ക്കെ എനിക്ക് ഉൾക്കരു​ത്തു കിട്ടി.” പിന്നീട്‌, സർക്കിട്ട് മേൽവി​ചാ​രകൻ തക്കൂയ​യ്‌ക്ക് ഇടയസ​ന്ദർശനം നടത്താൻ മൂപ്പന്മാർ ക്രമീ​ക​രണം ചെയ്‌തു. സർക്കിട്ട് മേൽവി​ചാ​രകൻ തക്കൂയ​യോ​ടു പറഞ്ഞു: “ഞാൻ ഇവിടെ യാദൃ​ശ്ചി​ക​മാ​യി എത്തി​പ്പെ​ട്ടതല്ല. ഞാൻ ഇവിടെ വരണ​മെ​ന്നതു മൂപ്പന്മാ​രു​ടെ ആഗ്രഹ​മാ​യി​രു​ന്നു. അവരാണു തക്കൂയ​യ്‌ക്ക് ഈ ഇടയസ​ന്ദർശനം ക്രമീ​ക​രി​ച്ചത്‌.” തക്കൂയ പറയുന്നു: “ഞാനാണു തെറ്റുകൾ ചെയ്‌തു​കൊ​ണ്ടി​രു​ന്നത്‌. എന്നിട്ടും മൂപ്പന്മാ​രി​ലൂ​ടെ എന്നെ സഹായി​ക്കാൻ യഹോവ മുൻ​കൈ​യെ​ടു​ത്തു.” തക്കൂയ ആ ദുശ്ശീ​ലങ്ങൾ ഉപേക്ഷി​ക്കു​ക​യും പിന്നീട്‌ ഒരു സാധാരണ മുൻനി​ര​സേ​വ​ക​നാ​കു​ക​യും ചെയ്‌തു. ഇപ്പോൾ അദ്ദേഹം ഒരു ബ്രാ​ഞ്ചോ​ഫീ​സിൽ സേവി​ക്കു​ക​യാണ്‌. ഈ സഹോ​ദ​രന്‍റെ അനുഭവം കാണി​ക്കു​ന്ന​തു​പോ​ലെ, കുറ്റ​ബോ​ധ​ത്തി​ന്‍റെ പടുകു​ഴി​യിൽനിന്ന് യഹോവ നിങ്ങ​ളെ​യും പിടി​ച്ചു​യർത്തും.

വരുമാ​ന​മാർഗം കണ്ടെത്തു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള ഉത്‌ക​ണ്‌ഠ

ഒരു ജോലി​യി​ല്ലാ​ത്തതു പലരെ​യും ഉത്‌ക​ണ്‌ഠ​പ്പെ​ടു​ത്തു​ന്നു. ജോലി നഷ്ടപ്പെ​ടുന്ന ചിലർക്കു മറ്റൊരു വരുമാ​ന​മാർഗം കണ്ടെത്താൻ കഴിയു​ന്നില്ല. ഒന്നു ചിന്തി​ക്കുക: ഓരോ തൊഴി​ലു​ട​മ​യും നിങ്ങ​ളോട്‌ “ഇവിടെ നിങ്ങൾക്കു ജോലി​യില്ല” എന്നു പറഞ്ഞാൽ എന്തായി​രി​ക്കും നിങ്ങൾക്കു തോന്നു​ന്നത്‌? അങ്ങനെ​യൊ​രു സാഹച​ര്യ​ത്തിൽ ചിലർക്ക് അവരുടെ ആത്മാഭി​മാ​നം നഷ്ടപ്പെ​ടും. യഹോവ എങ്ങനെ നിങ്ങളെ സഹായി​ച്ചേ​ക്കാം? യഹോവ പെട്ടെന്നു നിങ്ങൾക്ക് ഒരു ജോലി തരില്ലാ​യി​രി​ക്കാം. എന്നാൽ ദാവീദ്‌ രാജാവ്‌ നിരീ​ക്ഷിച്ച ഈ കാര്യം നിങ്ങളു​ടെ ഓർമ​യിൽ കൊണ്ടു​വ​ന്നു​കൊണ്ട് യഹോവ നിങ്ങളെ സഹായി​ക്കും: “ഞാൻ ബാലനാ​യി​രു​ന്നു, വൃദ്ധനാ​യി​ത്തീർന്നു; നീതി​മാൻ തുണയി​ല്ലാ​തി​രി​ക്കു​ന്ന​തും അവന്‍റെ സന്തതി ആഹാരം ഇരക്കു​ന്ന​തും ഞാൻ കണ്ടിട്ടില്ല.” (സങ്കീ. 37:25) അതെ, യഹോവ നിങ്ങളെ വിലയു​ള്ള​വ​രാ​യി കാണുന്നു. “നീതി​യുള്ള വല​ങ്കൈ​കൊണ്ട്” യഹോവ നിങ്ങളെ താങ്ങും. തന്നെ സേവി​ക്കു​ന്ന​തിന്‌ ആവശ്യ​മാ​യ​തെ​ല്ലാം കണ്ടെത്താൻ യഹോവ നിങ്ങളെ സഹായി​ക്കും.

ജോലി നഷ്ടപ്പെ​ട്ടാൽ യഹോവ നിങ്ങളെ എങ്ങനെ സഹായി​ച്ചേ​ക്കാം?

കൊളം​ബി​യ​യിൽ താമസി​ക്കുന്ന സാറ യഹോ​വ​യു​ടെ സംരക്ഷണം അനുഭ​വി​ച്ച​റി​ഞ്ഞു. പ്രശസ്‌ത​മായ ഒരു സ്ഥാപന​ത്തിൽ സാറയ്‌ക്കു നല്ല ശമ്പളമു​ളള ഒരു ജോലി​യു​ണ്ടാ​യി​രു​ന്നു. പക്ഷേ ദിവസം മുഴുവൻ ആ ജോലി​ക്കു​വേണ്ടി ചെലവ​ഴി​ക്കേ​ണ്ടി​വന്നു. യഹോ​വ​യ്‌ക്കു​വേണ്ടി കൂടുതൽ ചെയ്യാ​നാ​യി സാറ ആ ജോലി ഉപേക്ഷിച്ച് മുൻനി​ര​സേ​വനം തുടങ്ങി. കൂടുതൽ സമയം ചെലവ​ഴി​ക്കേ​ണ്ടാത്ത എന്തെങ്കി​ലും ഒരു ചെറിയ ജോലി കിട്ടു​മെ​ന്നാ​യി​രു​ന്നു സാറയു​ടെ പ്രതീക്ഷ. എന്നാൽ വിചാ​രി​ച്ച​തു​പോ​ലെ ജോലി കിട്ടി​യില്ല. സാറ ഒരു ഐസ്‌ക്രീം പാർലർ തുടങ്ങി​നോ​ക്കി. അതും വിജയി​ച്ചില്ല. സാറ പറയുന്നു: “നീണ്ട മൂന്നു വർഷങ്ങൾ അങ്ങനെ കടന്നു​പോ​യി. എന്നാൽ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ ഞാൻ പിടി​ച്ചു​നി​ന്നു.” ഈ കാലയ​ള​വിൽ ജീവി​ത​ത്തി​ന്‍റെ ആവശ്യ​ങ്ങ​ളും ആഗ്രഹ​ങ്ങ​ളും തമ്മിലുള്ള വ്യത്യാ​സം സാറ മനസ്സി​ലാ​ക്കി; അടുത്ത ദിവസ​ത്തെ​ക്കു​റിച്ച് ഉത്‌ക​ണ്‌ഠ​പ്പെ​ട​രു​തെ​ന്നും പഠിച്ചു. (മത്താ. 6:33, 34) പിന്നീട്‌ ഒരിക്കൽ മുൻതൊ​ഴി​ലു​ടമ സാറയെ വിളിച്ച് പഴയ ജോലി തരാ​മെന്നു പറഞ്ഞു. ആത്മീയ​പ്ര​വർത്ത​ന​ങ്ങൾക്കു കൂടുതൽ സമയം കിട്ടുന്ന ഒരു ചെറിയ ജോലി​യാ​ണെ​ങ്കിൽ മാത്രമേ വരുക​യു​ള്ളൂ എന്നു സാറ പറഞ്ഞു. മുമ്പ് കിട്ടി​യി​രുന്ന അത്രയും ശമ്പളമി​ല്ലെ​ങ്കി​ലും മുൻനി​ര​സേ​വനം തുടരാൻ സാറയ്‌ക്ക് ഇന്നു കഴിയു​ന്നു. ബുദ്ധി​മു​ട്ടു നിറഞ്ഞ ആ സമയ​ത്തെ​ല്ലാം യഹോ​വ​യു​ടെ സ്‌നേ​ഹ​മുള്ള കൈ സാറ അനുഭ​വി​ച്ച​റി​ഞ്ഞു.

വാർധ​ക്യ​ത്തെ​ക്കു​റി​ച്ചുള്ള ഉത്‌ക​ണ്‌ഠ

വയസ്സാ​യി​വ​രു​ന്ന​താ​ണു മറ്റു ചിലരെ ആശങ്കാ​കു​ല​രാ​ക്കു​ന്നത്‌. തൊഴിൽ ചെയ്യാ​നാ​കാ​തെ​വ​രു​മ്പോൾ, ഇനിയുള്ള കാലം എങ്ങനെ ജീവി​ക്കും എന്ന് അവർ ചിന്തി​ക്കു​ന്നു. വാർധ​ക്യ​ത്തി​ന്‍റേ​തായ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചും അവർ ചിന്താ​കു​ല​രാണ്‌. സാധ്യ​ത​യ​നു​സ​രിച്ച് ദാവീ​ദാണ്‌ യഹോ​വ​യോട്‌ ഇങ്ങനെ അപേക്ഷി​ച്ചത്‌: “വാർദ്ധ​ക്യ​കാ​ലത്തു നീ എന്നെ തള്ളിക്ക​ള​യ​രു​തേ; ബലം ക്ഷയിക്കു​മ്പോൾ എന്നെ ഉപേക്ഷി​ക്ക​യു​മ​രു​തേ.”—സങ്കീ. 71:9, 18.

വാർധ​ക്യ​കാ​ലത്ത്‌ യഹോ​വ​യു​ടെ ദാസർക്ക് ഇത്തരം ആശങ്കക​ളി​ല്ലാ​തെ ജീവി​ക്കാൻ കഴിയു​മോ? കഴിയും, അവരുടെ ആവശ്യങ്ങൾ യഹോവ നിറ​വേ​റ്റി​ക്കൊ​ടു​ക്കും എന്ന് ഉറച്ച് വിശ്വ​സി​ക്കു​ന്നെ​ങ്കിൽ. നേരത്തെ അവർ പല സുഖസൗ​ക​ര്യ​ങ്ങ​ളും അനുഭ​വിച്ച് ജീവി​ച്ച​വ​രാ​യി​രി​ക്കാം. പക്ഷേ ഇപ്പോൾ ജീവിതം ലളിത​മാ​ക്കി ഉള്ളതു​കൊണ്ട് തൃപ്‌തി​പ്പെ​ടേ​ണ്ടി​വ​ന്നേ​ക്കാം. “തടിപ്പിച്ച കാളയെ” മാത്രമല്ല ‘ശാക​ഭോ​ജ​ന​വും’ ആസ്വദി​ക്കാൻ കഴിയു​മെന്ന്, അതായത്‌ മാംസാ​ഹാ​രം മാത്രമല്ല സസ്യാ​ഹാ​ര​വും രുചി​ക​ര​മാ​ണെന്ന്, അവർ മനസ്സി​ലാ​ക്കി​യേ​ക്കും. (സദൃ. 15:17) ഒരുപക്ഷേ ആരോ​ഗ്യ​ത്തി​നും അതുത​ന്നെ​യാ​യി​രി​ക്കും നല്ലത്‌. യഹോ​വയെ പ്രസാ​ദി​പ്പി​ക്കു​ന്ന​തി​ലാ​ണു നിങ്ങളു​ടെ മുഖ്യ​ശ്ര​ദ്ധ​യെ​ങ്കിൽ വാർധ​ക്യ​കാ​ല​ത്തും യഹോവ നിങ്ങൾക്ക് ആവശ്യ​മാ​യ​തെ​ല്ലാം തരു​മെന്ന് ഉറപ്പാണ്‌.

ഹോസെയും റോസും ടോണി​യോ​ടും വെൻഡി​യോ​ടും ഒപ്പം

65 വർഷത്തി​ല​ധി​ക​മാ​യി മുഴു​സ​മ​യ​സേ​വനം ചെയ്യുന്ന ഹോ​സെ​യു​ടെ​യും റോസി​ന്‍റെ​യും കാര്യ​മെ​ടു​ക്കുക. 24 മണിക്കൂ​റും പരിച​രണം ആവശ്യ​മാ​യി​രുന്ന റോസി​ന്‍റെ പിതാ​വി​നെ വർഷങ്ങ​ളോ​ളം അവർ ശുശ്രൂ​ഷി​ച്ചു. കൂടാതെ ഹോ​സെക്കു ക്യാൻസർ വന്നപ്പോൾ ശസ്‌ത്ര​ക്രി​യ​യും കീമോ​തെ​റാ​പ്പി​യും ചെയ്യേ​ണ്ടി​വന്നു. ഈ വിശ്വ​സ്‌ത​ദ​മ്പ​തി​കൾക്കു നേരെ യഹോവ വലങ്കൈ നീട്ടി​യോ? സഭയിലെ മറ്റൊരു ദമ്പതി​ക​ളായ ടോണി​യി​ലൂ​ടെ​യും വെൻഡി​യി​ലൂ​ടെ​യും യഹോവ വലങ്കൈ നീട്ടി. അവർ ആ വൃദ്ധദ​മ്പ​തി​കൾക്കു താമസി​ക്കാൻ ഒരു വീടു നൽകി. ആ വീടു മുൻനി​ര​സേ​വ​ക​രായ ആർക്കെ​ങ്കി​ലും വാടക​യി​ല്ലാ​തെ കൊടു​ക്കാൻത​ന്നെ​യാ​യി​രു​ന്നു അവർ ഉദ്ദേശി​ച്ചി​രു​ന്നത്‌. ടോണി​യു​ടെ ഹൈസ്‌കൂൾ പഠനകാ​ലത്ത്‌, ഹോ​സെ​യും റോസും ക്രമമാ​യി വയൽസേ​വ​ന​ത്തി​നു പോകു​ന്നതു ക്ലാസിലെ ജനാല​യി​ലൂ​ടെ ടോണി കാണാ​റു​ണ്ടാ​യി​രു​ന്നു. അവരുടെ തീക്ഷ്ണത കണ്ടപ്പോൾ ടോണിക്ക് അവരോട്‌ ഒരുപാ​ടു സ്‌നേഹം തോന്നി. അവരുടെ ജീവിതം ടോണി​യെ ശക്തമായി സ്വാധീ​നി​ക്കു​ക​യും ചെയ്‌തു. മുഴു​ജീ​വി​ത​വും യഹോ​വ​യ്‌ക്കു നൽകിയ ആ വൃദ്ധദ​മ്പ​തി​കൾക്കു ടോണി​യും വെൻഡി​യും അവരുടെ വീട്ടിൽ അഭയം കൊടു​ത്തു. ഇപ്പോൾ 85-നോട്‌ അടുത്ത്‌ പ്രായ​മുള്ള ഹോ​സെ​യെ​യും റോസി​നെ​യും കഴിഞ്ഞ 15 വർഷമാ​യി അവർ സഹായി​ക്കു​ക​യാണ്‌. ആ യുവദ​മ്പ​തി​ക​ളു​ടെ സഹായം യഹോ​വ​യു​ടെ ഒരു സമ്മാന​മാ​യി​ട്ടാ​ണു ഹോ​സെ​യും റോസും കാണു​ന്നത്‌.

യഹോവ നിങ്ങൾക്കു നേരെ​യും “നീതി​യുള്ള വലങ്കൈ” നീട്ടി​യി​രി​ക്കു​ന്നു, “ഭയപ്പെ​ടേണ്ടാ, ഞാൻ നിന്നെ സഹായി​ക്കും” എന്ന വാഗ്‌ദാ​ന​ത്തോ​ടെ! നിങ്ങളു​ടെ വലങ്കൈ നീട്ടി യഹോ​വ​യു​ടെ ആ കൈ നിങ്ങൾ സ്വീക​രി​ക്കു​മോ?

^ ഖ. 11 ചില പേരു​കൾക്കു മാറ്റം വരുത്തി​യി​ട്ടുണ്ട്.