വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ‘ജ്ഞാനം കാത്തു​കൊ​ള്ളു​ന്നു​ണ്ടോ?’

നിങ്ങൾ ‘ജ്ഞാനം കാത്തു​കൊ​ള്ളു​ന്നു​ണ്ടോ?’

ഒരിടത്തൊരിടത്ത്‌ അങ്ങു ദൂരെ ഒരു ഗ്രാമ​ത്തിൽ ഒരു കുട്ടി​യു​ണ്ടാ​യി​രു​ന്നു. അവനു വേണ്ടത്ര ബുദ്ധി​യി​ല്ലെ​ന്നാ​യി​രു​ന്നു ഗ്രാമ​ത്തി​ലു​ള്ളവർ വിചാ​രി​ച്ചി​രു​ന്നത്‌. അതു​കൊണ്ട് അവർ അവനെ കളിയാ​ക്കും. പുറത്തു​നിന്ന് ആരെങ്കി​ലും വന്നാൽ അവരുടെ മുന്നിൽവെച്ച് അവനെ പരിഹ​സി​ക്കാൻ ഗ്രാമ​വാ​സി​ക​ളിൽ ചിലർ അവന്‍റെ നേരെ രണ്ടു നാണയങ്ങൾ നീട്ടും, ഒരു വലിയ വെള്ളി​നാ​ണ​യ​വും അതിന്‍റെ ഇരട്ടി മൂല്യ​മുള്ള ചെറിയ ഒരു സ്വർണ​നാ​ണ​യ​വും. എന്നിട്ട് അവർ അവനോ​ടു പറയും: “നിനക്ക് ഇഷ്ടമു​ള്ളത്‌ എടുത്തോ.” ആ കുട്ടി വെള്ളി​നാ​ണയം എടുത്തു​കൊണ്ട് ഓടി​പ്പോ​കും.

ഒരു ദിവസം പുറത്തു​നിന്ന് വന്ന ഒരാൾ അവനോ​ടു ചോദി​ച്ചു: “വെള്ളി​നാ​ണ​യ​ത്തെ​ക്കാ​ളും ഇരട്ടി വിലയു​ള്ള​താ​ണു സ്വർണ​നാ​ണയം എന്നു നിനക്ക​റി​യി​ല്ലേ?” അപ്പോൾ അവൻ ചിരി​ച്ചു​കൊണ്ട് പറഞ്ഞു: “അറിയാം.” അപ്പോൾ അയാൾ ചോദി​ച്ചു: “പിന്നെ നീ എന്താണു വെള്ളി​നാ​ണയം എടുക്കു​ന്നത്‌? സ്വർണ​നാ​ണയം എടുത്താൽ നിനക്ക് ഇരട്ടി പണം കിട്ടില്ലേ?” കുട്ടി പറഞ്ഞു: “അതു ശരിയാണ്‌, പക്ഷേ ഞാൻ സ്വർണ​നാ​ണയം എടുത്താൽ ആളുകൾ എന്നെ ഇങ്ങനെ കളിപ്പി​ക്കു​ന്നതു നിറു​ത്തും. ഇപ്പോൾ എന്‍റെ കൈയിൽ എത്ര വെള്ളി​നാ​ണ​യ​ങ്ങ​ളു​ണ്ടെന്ന് അറിയാ​മോ?” ആ കുട്ടി​യിൽനിന്ന് മുതിർന്ന​വർക്കു പഠി​ച്ചെ​ടു​ക്കാൻ കഴിയുന്ന ഒരു ഗുണമുണ്ട്—ജ്ഞാനം.

ബൈബിൾ പറയുന്നു: “മകനേ, ജ്ഞാനവും വകതി​രി​വും കാത്തു​കൊൾക; . . . അങ്ങനെ നീ നിർഭ​യ​മാ​യി വഴിയിൽ നടക്കും; നിന്‍റെ കാൽ ഇടറു​ക​യു​മില്ല.” (സദൃ. 3:21, 23) ‘ജ്ഞാനം’ എന്താ​ണെ​ന്നും അത്‌ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാ​മെന്ന് അറിയു​ന്ന​തും നമ്മളെ സംരക്ഷി​ക്കും. ആത്മീയ​മാ​യി തട്ടിവീ​ഴാ​തെ “കാൽ” ഉറപ്പി​ച്ചു​നി​റു​ത്താൻ അതു നമ്മളെ സഹായി​ക്കും.

എന്താണു ജ്ഞാനം?

ജ്ഞാനം, അറിവിൽനി​ന്നും വിവേ​ക​ത്തിൽനി​ന്നും വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു. അറിവുള്ള ഒരാൾ വിവര​ങ്ങ​ളും വസ്‌തു​ത​ക​ളും ശേഖരി​ക്കു​ന്നു. വിവേ​ക​മുള്ള ഒരാൾ ഒരു വസ്‌തുത മറ്റൊരു വസ്‌തു​ത​യു​മാ​യി എങ്ങനെ​യാ​ണു ബന്ധപ്പെ​ട്ടി​രി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കും. അതേസ​മയം ജ്ഞാനമുള്ള ഒരാൾ അറിവും വിവേ​ക​വും തമ്മിൽ ബന്ധിപ്പിച്ച് കാര്യങ്ങൾ ചെയ്യും.

ഉദാഹ​ര​ണ​ത്തിന്‌, ഒരു വ്യക്തി ചുരു​ങ്ങിയ സമയം​കൊണ്ട് ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌തകം വായി​ക്കു​ക​യും അതിലെ വിവരങ്ങൾ മനസ്സി​ലാ​ക്കു​ക​യും ചെയ്‌തേ​ക്കാം. ഒരുപക്ഷേ പഠിക്കുന്ന സമയത്ത്‌ അദ്ദേഹം കൃത്യ​മാ​യി ഉത്തരം പറയും, സഭാ​യോ​ഗ​ങ്ങൾക്കു ഹാജരാ​കു​ക​യും നല്ലനല്ല അഭി​പ്രാ​യങ്ങൾ പറയു​ക​യും ചെയ്യും. ഇതെല്ലാം ആത്മീയ​പു​രോ​ഗ​തി​യു​ടെ ലക്ഷണങ്ങ​ളാണ്‌. എന്നാൽ അദ്ദേഹം ജ്ഞാനം നേടി​യെ​ടു​ത്തെന്ന് ഇത്‌ അർഥമാ​ക്കു​ന്നു​ണ്ടോ? അങ്ങനെ​യാ​യി​രി​ക്ക​ണ​മെ​ന്നില്ല. പഠിക്കാൻ കഴിവുള്ള ഒരാളാ​യി​രി​ക്കാം അദ്ദേഹം. എന്നാൽ അറിവും വിവേ​ക​വും ശരിയായ വിധത്തിൽ ഉപയോ​ഗിച്ച് പഠിക്കുന്ന സത്യം പ്രാവർത്തി​ക​മാ​ക്കു​മ്പോ​ഴാണ്‌ അദ്ദേഹം ജ്ഞാനി​യാ​യി​ത്തീ​രു​ന്നത്‌. ശ്രദ്ധാ​പൂർവം ചിന്തിച്ച് നല്ല തീരു​മാ​ന​ങ്ങ​ളെ​ടുത്ത്‌ വിജയി​ക്കു​മ്പോൾ അദ്ദേഹ​ത്തി​ന്‍റെ ജ്ഞാനം എല്ലാവർക്കും വ്യക്തമാ​കും.

വീടു പണിയുന്ന രണ്ടു വ്യക്തി​ക​ളെ​ക്കു​റിച്ച് യേശു പറഞ്ഞ ദൃഷ്ടാന്തം നമുക്കു മത്തായി 7-ന്‍റെ 24 മുതൽ 27 വരെ കാണാം. അതിൽ ഒരാളെ “വിവേകി” എന്നു വിളി​ച്ചി​രി​ക്കു​ന്നു. സംഭവി​ക്കാൻ സാധ്യ​ത​യുള്ള കാര്യങ്ങൾ മുൻകൂ​ട്ടി ചിന്തി​ച്ചു​കൊണ്ട് ആ വ്യക്തി പാറമേൽ വീടു പണിതു. ദീർഘ​ദൃ​ഷ്ടി​യോ​ടെ പ്രാ​യോ​ഗി​ക​മാ​യി അയാൾ കാര്യങ്ങൾ ചെയ്‌തു. മണലിൽ വീടു പണിതാൽ അധികം പണം വേണ്ടെ​ന്നോ പെട്ടെന്നു പണി തീർക്കാ​മെ​ന്നോ അയാൾ ന്യായ​വാ​ദം ചെയ്‌തില്ല. തന്‍റെ പ്രവൃ​ത്തി​ക​ളു​ടെ ദീർഘ​കാല അനന്തര​ഫ​ല​ങ്ങ​ളെ​ക്കു​റിച്ച് അയാൾ ജ്ഞാനപൂർവം ചിന്തിച്ചു. കാറ്റ്‌ അടിച്ച​പ്പോൾ അയാളു​ടെ വീടിന്‌ ഒന്നും സംഭവി​ച്ചില്ല. ചോദ്യ​മി​താണ്‌: ജ്ഞാനം എന്ന അമൂല്യ​മായ ഗുണം നേടാ​നും കാത്തു​കൊ​ള്ളാ​നും നമുക്ക് എങ്ങനെ കഴിയും?

ജ്ഞാനം എങ്ങനെ നേടി​യെ​ടു​ക്കാം?

ആദ്യം, മീഖ 6:9 എന്താണു പറയു​ന്ന​തെന്നു നമുക്കു ശ്രദ്ധി​ക്കാം: “നിന്‍റെ നാമത്തെ ഭയപ്പെ​ടു​ന്നതു ജ്ഞാനം ആകുന്നു.” യഹോ​വ​യു​ടെ നാമത്തെ ഭയപ്പെ​ടുക എന്നാൽ യഹോ​വയെ ബഹുമാ​നി​ക്കുക എന്നാണ്‌ അർഥം. ദൈവ​ത്തി​ന്‍റെ നിലവാ​രങ്ങൾ ഉൾപ്പെടെ ആ നാമം പ്രതി​നി​ധീ​ക​രി​ക്കുന്ന എല്ലാത്തി​നോ​ടും ആഴമായ ആദരവു​ണ്ടാ​യി​രി​ക്കു​ന്ന​തി​നെ അത്‌ അർഥമാ​ക്കു​ന്നു. ഒരാളെ ആദരി​ക്കു​ന്ന​തിന്‌ ആ വ്യക്തി ചിന്തി​ക്കുന്ന വിധം നിങ്ങൾ അറിയണം. അപ്പോൾ നിങ്ങൾക്ക് ആ വ്യക്തിയെ ആശ്രയി​ക്കാ​നും അദ്ദേഹ​മെ​ടു​ക്കുന്ന നല്ല തീരു​മാ​ന​ങ്ങ​ളിൽനിന്ന് പഠിക്കാ​നും കഴിയും. നമ്മുടെ പ്രവൃ​ത്തി​ക​ളു​ടെ അനന്തര​ഫലം യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധത്തെ എങ്ങനെ ബാധി​ക്കു​മെന്നു ചിന്തി​ക്കു​ക​യും യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ക​യും ചെയ്യു​മ്പോൾ നമ്മൾ പ്രാ​യോ​ഗി​ക​ജ്ഞാ​നം നേടി​യെ​ടു​ക്കു​ക​യാണ്‌.

രണ്ടാമ​താ​യി, സദൃശ​വാ​ക്യ​ങ്ങൾ 18:1 പറയുന്നു: “കൂട്ടം​വി​ട്ടു നടക്കു​ന്നവൻ സ്വേച്ഛയെ അന്വേ​ഷി​ക്കു​ന്നു; സകലജ്ഞാ​ന​ത്തോ​ടും അവൻ കയർക്കു​ന്നു.” ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ നമ്മൾ യഹോ​വ​യിൽനി​ന്നും യഹോ​വ​യു​ടെ ജനത്തിൽനി​ന്നും നമ്മളെ​ത്തന്നെ ഒറ്റപ്പെ​ടു​ത്തി​യേ​ക്കാം. അത്‌ ഒഴിവാ​ക്കു​ന്ന​തിന്‌, ദൈവ​നാ​മത്തെ ഭയപ്പെ​ടു​ക​യും ദൈവ​ത്തി​ന്‍റെ നിലവാ​ര​ങ്ങളെ ആദരി​ക്കു​ക​യും ചെയ്യുന്ന ആളുക​ളു​മാ​യി നമ്മൾ സമയം ചെലവ​ഴി​ക്കണം. ക്രിസ്‌തീ​യ​സ​ഭ​യി​ലെ സഹോ​ദ​ര​ങ്ങ​ളു​മാ​യി സഹവസി​ക്കു​ന്ന​തി​നു നമ്മൾ മീറ്റി​ങ്ങു​കൾക്കു കഴിയു​ന്നി​ട​ത്തോ​ളം ക്രമമാ​യി കൂടി​വ​രണം. രാജ്യ​ഹാ​ളി​ലാ​യി​രി​ക്കു​മ്പോൾ നമ്മുടെ മനസ്സും ഹൃദയ​വും തുറന്ന് അവിടെ പറയുന്ന കാര്യങ്ങൾ കേൾക്കണം. അവ നമുക്കു പ്രചോ​ദ​ന​മേ​കണം.

ഇതിനു പുറമേ, നമ്മുടെ ഹൃദയ​ത്തി​ലു​ള്ളതു മുഴുവൻ പറഞ്ഞ് പ്രാർഥി​ക്കു​ന്നെ​ങ്കിൽ യഹോ​വ​യോ​ടു നമ്മൾ കൂടുതൽ അടുക്കും. (സദൃ. 3:5, 6) ബൈബി​ളും യഹോ​വ​യു​ടെ സംഘടന തരുന്ന പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും നമ്മൾ ഹൃദയം തുറന്ന് വായി​ക്കു​ന്നെ​ങ്കിൽ നമ്മുടെ പ്രവൃ​ത്തി​ക​ളു​ടെ വിദൂ​ര​ഫ​ലങ്ങൾ എന്തായി​രി​ക്കു​മെന്നു കാണാ​നും അതിന​നു​സ​രിച്ച് പ്രവർത്തി​ക്കാ​നും കഴിയും. പക്വത​യുള്ള സഹോ​ദ​രങ്ങൾ തരുന്ന ബുദ്ധി​യു​പ​ദേ​ശ​വും നമ്മൾ ഹൃദയ​പൂർവം സ്വീക​രി​ക്കണം. (സദൃ. 19:20) അങ്ങനെ​യെ​ങ്കിൽ ‘സകലജ്ഞാ​ന​ത്തോ​ടും കയർക്കു​ന്ന​തി​നു’ പകരം നമ്മൾ ജ്ഞാനമെന്ന സുപ്ര​ധാ​ന​ഗു​ണം ഊട്ടി​യു​റ​പ്പി​ക്കു​ക​യാ​യി​രി​ക്കും.

ജ്ഞാനം എന്‍റെ കുടും​ബത്തെ എങ്ങനെ സഹായി​ക്കും?

ജ്ഞാനം കുടും​ബ​ങ്ങളെ സംരക്ഷി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, ഭർത്താ​വി​നോട്‌ ‘ആഴമായ ബഹുമാ​ന​മു​ണ്ടാ​യി​രി​ക്കാൻ’ ബൈബിൾ ഭാര്യ​യോട്‌ ആവശ്യ​പ്പെ​ടു​ന്നു. (എഫെ. 5:33) ഭർത്താ​വിന്‌ എങ്ങനെ അത്തരം ആഴമായ ബഹുമാ​നം നേടി​യെ​ടു​ക്കാ​നാ​കും? വേണ​മെ​ങ്കിൽ നിർബ​ന്ധി​ച്ചോ പരുഷ​മാ​യോ അദ്ദേഹ​ത്തിന്‌ അത്‌ അവകാ​ശ​പ്പെ​ടാം. പക്ഷേ അത്‌ അധികം ഫലം ചെയ്യില്ല. പ്രശ്‌നം ഒഴിവാ​ക്കാ​നാ​യി ഭാര്യ ഒരുപക്ഷേ അദ്ദേഹ​മു​ള്ള​പ്പോൾ ഒരു അളവു​വരെ ബഹുമാ​നം കാണി​ച്ചേ​ക്കാം. എന്നാൽ അദ്ദേഹം ഇല്ലാത്ത സമയത്ത്‌ അദ്ദേഹത്തെ ബഹുമാ​നി​ക്കാൻ ഭാര്യക്കു തോന്നു​മോ? സകല സാധ്യ​ത​യു​മ​നു​സ​രിച്ച് ഇല്ല. നിലനിൽക്കുന്ന ഫലം ലഭിക്കു​ന്ന​തിന്‌ എന്തു ചെയ്യണ​മെന്ന് അദ്ദേഹം ചിന്തി​ക്കണം. ആത്മാവി​ന്‍റെ ഫലം കാണി​ച്ചു​കൊണ്ട് സ്‌നേ​ഹ​വും ദയയും ഉള്ളവനാ​യി​രി​ക്കു​ന്നെ​ങ്കിൽ അദ്ദേഹ​ത്തി​നു ഭാര്യ​യു​ടെ ആഴമായ ബഹുമാ​നം നേടി​യെ​ടു​ക്കാ​നാ​കും. അങ്ങനെ​യ​ല്ലെ​ങ്കിൽപ്പോ​ലും ഭാര്യ അദ്ദേഹത്തെ ബഹുമാ​നി​ക്കണം.—ഗലാ. 5:22, 23.

ഭർത്താവ്‌ ഭാര്യയെ സ്‌നേ​ഹി​ക്ക​ണ​മെന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു. (എഫെ. 5:28, 33) ഭർത്താ​വി​ന്‍റെ സ്‌നേഹം നേടി​യെ​ടു​ക്കു​ന്ന​തി​നു ഭാര്യ ഒരുപക്ഷേ അദ്ദേഹ​ത്തിന്‌ അറിയാൻ അവകാ​ശ​മുള്ള എന്നാൽ കേൾക്കാൻ ഇഷ്ടപ്പെ​ടാത്ത കാര്യങ്ങൾ മറച്ചു​വെ​ച്ചേ​ക്കാം. എന്നാൽ അതു ശരിക്കും ജ്ഞാനമാ​ണോ? മറച്ചു​വെ​ച്ചതു പിന്നീടു വെളി​ച്ച​ത്തു​വ​രു​മ്പോൾ എന്തായി​രി​ക്കും ഫലം? അദ്ദേഹ​ത്തി​നു ഭാര്യ​യോ​ടു കൂടുതൽ സ്‌നേഹം തോന്നു​മോ? അതിനു സാധ്യ​ത​യില്ല. അതിനു പകരം ഉചിത​മായ ഒരു സമയത്ത്‌ ശാന്തമായ രീതി​യിൽ ആ കാര്യങ്ങൾ അദ്ദേഹ​ത്തോ​ടു പറയു​ന്നെ​ങ്കിൽ ഭാര്യ​യു​ടെ സത്യസ​ന്ധ​തയെ ഭർത്താവ്‌ വിലമ​തി​ച്ചേ​ക്കാം. അങ്ങനെ അദ്ദേഹ​ത്തി​നു ഭാര്യ​യോ​ടുള്ള സ്‌നേഹം വർധി​ക്കും.

ഇന്നു നിങ്ങളു​ടെ കുട്ടി​കളെ ശിക്ഷി​ക്കുന്ന വിധം നാളെ അവരു​മാ​യുള്ള ആശയവി​നി​മ​യത്തെ ബാധി​ക്കും

മക്കൾ മാതാ​പി​താ​ക്കളെ അനുസ​രി​ക്കണം. മാതാ​പി​താ​ക്കൾ മക്കളെ യഹോ​വ​യു​ടെ വഴികൾ അഭ്യസി​പ്പി​ക്കു​ക​യും വേണം. (എഫെ. 6:1, 4) അതിന്‍റെ അർഥം, ചെയ്യേ​ണ്ട​തും ചെയ്യരു​താ​ത്ത​തും ആയ കാര്യ​ങ്ങ​ളു​ടെ ഒരു നീണ്ട ലിസ്റ്റ് മാതാ​പി​താ​ക്കൾ ഉണ്ടാക്ക​ണ​മെ​ന്നാ​ണോ? വീട്ടിൽ പാലി​ക്കേണ്ട നിയമ​ങ്ങ​ളും തെറ്റു ചെയ്‌താ​ലുള്ള ശിക്ഷയും മക്കൾ അറിയു​ന്ന​തി​ലും കൂടുതൽ അതിൽ ഉൾപ്പെ​ടു​ന്നു. എന്തു​കൊ​ണ്ടാണ്‌ അനുസ​രി​ക്കേ​ണ്ട​തെന്നു മനസ്സി​ലാ​ക്കാൻ ജ്ഞാനമുള്ള മാതാ​പി​താ​ക്കൾ കുട്ടിയെ സഹായി​ക്കേ​ണ്ട​തുണ്ട്.

ഉദാഹ​ര​ണ​ത്തിന്‌, ഒരു കുട്ടി മാതാ​വി​നോ​ടോ പിതാ​വി​നോ​ടോ യാതൊ​രു മര്യാ​ദ​യു​മി​ല്ലാ​തെ സംസാ​രി​ക്കു​ന്നെന്നു കരുതുക. ആ സമയത്ത്‌ കടുത്ത ഭാഷയിൽ അവനെ വഴക്കു പറയു​ക​യോ അപ്പോ​ഴത്തെ ദേഷ്യ​ത്തിന്‌ അവനെ ശിക്ഷി​ക്കു​ക​യോ ചെയ്യു​ന്നെ​ങ്കിൽ അതു കുട്ടിയെ നാണം​കെ​ടു​ത്തി​യേ​ക്കാം, അല്ലെങ്കിൽ അവൻ അധികം മിണ്ടാ​താ​യേ​ക്കാം. പക്ഷേ അവന്‍റെ ഉള്ളിൽ നീരസം നിറയാൻ ഇടയുണ്ട്, അങ്ങനെ അവൻ പതി​യെ​പ്പ​തി​യെ മാതാ​പി​താ​ക്ക​ളിൽനിന്ന് അകലു​ക​യും ചെയ്‌തേ​ക്കാം.

ജ്ഞാന​ത്തോ​ടെ പ്രവർത്തി​ക്കുന്ന മാതാ​പി​താ​ക്കൾ, കുട്ടി​കളെ ശിക്ഷി​ക്കുന്ന വിധ​ത്തെ​ക്കു​റി​ച്ചും ഭാവി​യിൽ അതു കുട്ടി​കളെ എങ്ങനെ ബാധി​ക്കും എന്നതി​നെ​ക്കു​റി​ച്ചും ചിന്തി​ക്കും. നൈമി​ഷി​ക​മായ വികാ​ര​ത്തി​ന്‍റെ പേരിൽ മാതാ​പി​താ​ക്കൾ പെട്ടെന്നു പ്രതി​ക​രി​ക്ക​രുത്‌. ഒരുപക്ഷേ ഒറ്റയ്‌ക്കാ​യി​രി​ക്കു​മ്പോൾ ശാന്തത​യോ​ടെ​യും സ്‌നേ​ഹ​ത്തോ​ടെ​യും കുട്ടി​യു​മാ​യി ന്യായ​വാ​ദം ചെയ്യാ​നാ​കും. മാതാ​പി​താ​ക്കളെ കുട്ടി ബഹുമാ​നി​ക്ക​ണ​മെന്ന് യഹോവ പ്രതീ​ക്ഷി​ക്കു​ന്നെ​ന്നും അത്‌ അവന്‍റെ​തന്നെ നിത്യ​പ്ര​യോ​ജ​ന​ത്തി​നാ​ണെ​ന്നും വിശദീ​ക​രി​ക്കാം. മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കു​മ്പോൾ യഹോ​വയെ ബഹുമാ​നി​ക്കു​ക​യാ​ണെന്ന് അപ്പോൾ അവനു മനസ്സി​ലാ​കും. (എഫെ. 6:2, 3) ഇങ്ങനെ ദയയോ​ടെ ഇടപെ​ടു​ന്നതു കുട്ടി​യു​ടെ ഹൃദയത്തെ സ്‌പർശി​ക്കും. മാതാ​പി​താ​ക്ക​ളു​ടെ ആത്മാർഥത അവനു മനസ്സി​ലാ​കും. അവരോ​ടുള്ള അവന്‍റെ ബഹുമാ​നം വർധി​ക്കു​ക​യും ചെയ്യും. പിന്നീട്‌ എന്തെങ്കി​ലും പ്രധാ​ന​പ്പെട്ട പ്രശ്‌നം ഉണ്ടാകു​മ്പോൾ സഹായ​ത്തി​നാ​യി കുട്ടി മാതാ​പി​താ​ക്കളെ സമീപി​ക്കും.

തിരുത്തൽ കൊടു​ക്കു​ന്നതു കുട്ടിയെ വേദനി​പ്പി​ക്കു​മെ​ന്നാ​ണു ചില മാതാ​പി​താ​ക്ക​ളു​ടെ വിചാരം. അതു​കൊണ്ട് അതു ചെയ്യേണ്ട എന്നാണ്‌ അവർ കരുതു​ന്നത്‌. എന്നാൽ, വളർന്നു​വ​രു​മ്പോൾ എന്തായി​രി​ക്കും ഫലം? അവൻ യഹോ​വയെ ഭയപ്പെ​ടു​മോ? ദൈവ​ത്തി​ന്‍റെ നിലവാ​ര​ങ്ങൾക്കു പിന്നിലെ ജ്ഞാനം അവൻ തിരി​ച്ച​റി​യു​മോ? യഹോ​വ​യോ​ടു മനസ്സും ഹൃദയ​വും തുറക്കാ​നാ​യി​രി​ക്കു​മോ അതോ ആത്മീയ​മാ​യി ഒറ്റപ്പെ​ടു​ത്താ​നാ​യി​രി​ക്കു​മോ അവനു തോന്നുക?—സദൃ. 13:1; 29:21.

ഒരു നല്ല ശില്‌പി​ക്കു താൻ രൂപ​പ്പെ​ടു​ത്താൻ പോകു​ന്നത്‌ എന്താണ്‌ എന്നതി​നെ​ക്കു​റിച്ച് നല്ല ധാരണ ഉണ്ടായി​രി​ക്കണം. വെറുതേ ഉളി​കൊണ്ട് അവി​ടെ​യും ഇവി​ടെ​യും ചെത്തി​യാൽ ഒരു നല്ല ശില്‌പം ഉണ്ടാകില്ല. ജ്ഞാനമുള്ള മാതാ​പി​താ​ക്കൾ യഹോ​വ​യു​ടെ നിലവാ​രങ്ങൾ പഠിക്കാ​നും ബാധക​മാ​ക്കാ​നും മണിക്കൂ​റു​കൾ ചെലവ​ഴി​ക്കും. അങ്ങനെ യഹോ​വ​യു​ടെ നാമത്തെ ഭയപ്പെ​ടു​ന്നെന്നു കാണി​ക്കും. യഹോ​വ​യിൽനി​ന്നും സംഘട​ന​യിൽനി​ന്നും ഒറ്റപ്പെ​ടു​ത്താ​തി​രു​ന്നു​കൊണ്ട് അവർ പ്രാ​യോ​ഗി​ക​ജ്ഞാ​നം നേടി​യെ​ടു​ക്കും. അത്‌ ഉപയോ​ഗിച്ച് തങ്ങളുടെ കുടും​ബം പണിയു​ക​യും ചെയ്യും.

വരാനി​രി​ക്കു​ന്ന അനേകം വർഷങ്ങളെ ബാധി​ക്കുന്ന തീരു​മാ​നങ്ങൾ ഓരോ ദിവസ​വും നമ്മൾ എടു​ക്കേ​ണ്ടി​വ​രു​ന്നുണ്ട്. പെട്ടെന്ന് പ്രതി​ക​രി​ക്കു​ന്ന​തി​നും ആവേശ​ത്തി​ന്‍റെ പുറത്ത്‌ ഒരു തീരു​മാ​നം എടുക്കു​ന്ന​തി​നും പകരം എന്തു​കൊണ്ട് ഒരു നിമിഷം ചിന്തി​ച്ചു​കൂ​ടാ? നമ്മുടെ തീരു​മാ​ന​ങ്ങ​ളു​ടെ ദൂരവ്യാ​പ​ക​ഫ​ലങ്ങൾ തൂക്കി​നോ​ക്കുക. യഹോ​വ​യു​ടെ വഴിന​ട​ത്തിപ്പ് ആരായുക. ദിവ്യ​ജ്ഞാ​നം ബാധക​മാ​ക്കുക. അങ്ങനെ​യെ​ങ്കിൽ, നമ്മൾ ജ്ഞാനം കാക്കു​ക​യാ​യി​രി​ക്കും. അതു നമുക്കു ജീവൻ നേടി​ത്ത​രും.—സദൃ. 3:21, 22.