വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചരി​ത്ര​സ്‌മൃ​തി​കൾ

“ബ്രിട്ട​നി​ലെ രാജ്യ​പ്ര​ചാ​ര​കരേ, ഉണരൂ!!”

“ബ്രിട്ട​നി​ലെ രാജ്യ​പ്ര​ചാ​ര​കരേ, ഉണരൂ!!”

ശക്തവും ആവേശം പകരു​ന്ന​തും ആയ ഒരു ആഹ്വാ​ന​മാ​യി​രു​ന്നു മുഴങ്ങി​ക്കേ​ട്ടത്‌: “ബ്രിട്ട​നി​ലെ രാജ്യ​പ്ര​ചാ​ര​കരേ, ഉണരൂ!!” (1937 ഡിസംബർ ലക്കം ഇൻഫോർമന്‍റ്, * ലണ്ടൻ പതിപ്പ്) ചിന്തി​പ്പി​ക്കുന്ന ആ ഉപതല​ക്കെട്ട് ഇങ്ങനെ കൂട്ടി​ച്ചേർത്തു: “പത്തു വർഷമാ​യി ശ്രദ്ധേ​യ​മായ പുരോ​ഗ​തി​യൊ​ന്നു​മില്ല.” 1928 മുതൽ 1937 വരെയുള്ള പത്തു വർഷത്തെ സേവന​റി​പ്പോർട്ടി​ന്‍റെ ആദ്യ​പേജ്‌ ഈ വസ്‌തുത ശരി​വെച്ചു.

ഇത്രയും മുൻനി​ര​സേ​വകർ വേണോ?

ബ്രിട്ട​നിൽ ശുശ്രൂഷ മന്ദഗതി​യി​ലാ​കാൻ എന്താണു കാരണം? സഭകൾ അവരുടെ പഴയരീ​തി​യിൽ അങ്ങനെ​യങ്ങു മുന്നോ​ട്ടു​പോ​കു​ക​യാ​യി​രു​ന്നു. കൂടാതെ, അവിടു​ത്തെ പ്രദേ​ശത്ത്‌ പ്രവർത്തി​ക്കാൻ ഇപ്പോ​ഴുള്ള 200-ഓളം മുൻനി​ര​സേ​വകർ മതിയാ​കു​മെന്നു ബ്രാഞ്ച് കണക്കു​കൂ​ട്ടി​യി​രു​ന്നു. ആ മുൻനി​ര​സേ​വ​ക​രാ​കട്ടെ സഭയോ​ടൊത്ത്‌ പ്രവർത്തി​ക്കു​ന്ന​തി​നെ​ക്കാ​ളും ഒറ്റപ്പെട്ട പ്രദേ​ശ​ങ്ങ​ളി​ലാ​ണു പ്രവർത്തി​ച്ചി​രു​ന്നത്‌. അങ്ങനെ ബ്രാഞ്ച്, ഭാവി​യിൽ മുൻനി​ര​സേ​വ​ക​രാ​കാൻ സാധ്യ​ത​യു​ള്ള​വ​രോ​ടു ബ്രിട്ട​നിൽ പ്രവർത്ത​ന​പ്ര​ദേശം കുറവാ​യ​തി​നാൽ മറ്റു യൂറോ​പ്യൻ രാജ്യ​ങ്ങ​ളിൽ പോയി സേവി​ക്കാൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ചിലർക്കു ഭാഷ വശമി​ല്ലാ​തി​രു​ന്നി​ട്ടു​പോ​ലും ഫ്രാൻസു​പോ​ലുള്ള യൂറോ​പ്യൻ രാജ്യ​ങ്ങ​ളി​ലേക്കു മുൻനി​ര​സേ​വകർ പ്രവഹി​ച്ചു എന്നത്‌ അഭിന​ന്ദ​നാർഹ​മാണ്‌.

“ഊർജി​ത​മായ പ്രവർത്ത​ന​ത്തി​നുള്ള ആഹ്വാനം”

1937-ൽ ഇൻഫോർമ​ന്‍റിൽ വന്ന ആ ലേഖനം കഠിന​പ്ര​യ​ത്‌നം വേണ്ടി​വ​രുന്ന ഒരു ലക്ഷ്യം മുന്നോ​ട്ടു​വെച്ചു: 1938-ൽ പത്തുലക്ഷം മണിക്കൂർ! പ്രചാ​രകർ ഓരോ മാസവും 15 മണിക്കൂ​റും മുൻനി​ര​സേ​വകർ 110 മണിക്കൂ​റും പ്രവർത്തി​ച്ചാൽ ഈ ലക്ഷ്യം നേടാ​മാ​യി​രു​ന്നു. ചില ദിവസ​ങ്ങ​ളിൽ അഞ്ചു മണിക്കൂർ പ്രവർത്തി​ക്കു​ന്ന​വ​രു​ടെ കൂട്ടങ്ങൾ രൂപീ​ക​രി​ക്കാ​നും, കഴിയു​ന്നെ​ങ്കിൽ മധ്യവാ​ര​സാ​യാ​ഹ്ന​ങ്ങ​ളിൽ മടക്കസ​ന്ദർശ​നങ്ങൾ നടത്താ​നും നിർദേ​ശി​ച്ചു.

തീക്ഷ്ണതയുള്ള മുൻനി​ര​സേ​വകർ ഉത്സാഹ​ത്തോ​ടെ വയൽശു​ശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ന്നു

ശുശ്രൂ​ഷ​യി​ലു​ണ്ടായ ഈ പുതിയ ഉണർവ്‌ അനേകരെ ആവേശ​ഭ​രി​ത​രാ​ക്കി. ഹിൽഡ പജെറ്റ്‌ * എന്ന സഹോ​ദരി ഇങ്ങനെ പറയുന്നു: “കൂടുതൽ പ്രവർത്തി​ക്കാ​നാ​യി ലോകാ​സ്ഥാ​ന​ത്തു​നി​ന്നു​ണ്ടായ ഒരു ക്ഷണമാ​യി​രു​ന്നു ഇത്‌. ഞങ്ങളിൽ മിക്കവ​രും ആഗ്രഹി​ച്ചി​രുന്ന ഈ ക്ഷണം അത്ഭുത​ക​ര​മായ ഫലങ്ങളു​ണ്ടാ​ക്കി.” ഇ. എഫ്‌. വാലിസ്‌ എന്ന സഹോ​ദരി ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നു: “ദിവസം അഞ്ചു മണിക്കൂർ പ്രവർത്തി​ക്കു​ക​യെ​ന്നതു നല്ല ഒരു നിർദേ​ശ​മാ​യി​രു​ന്നു. കർത്താ​വി​ന്‍റെ വേലയിൽ ദിവസം മുഴുവൻ ഏർപ്പെ​ടുക! അതി​ലേറെ സന്തോഷം നൽകുന്ന വേറെ എന്താണു​ള്ളത്‌? . . . ഞാൻ ക്ഷീണി​ച്ചാ​യി​രി​ക്കാം മടങ്ങി​വ​രു​ന്നത്‌. പക്ഷേ നിറഞ്ഞ സന്തോ​ഷ​ത്തോ​ടെ​യാ​യി​രി​ക്കും!” യുവാ​വായ സ്റ്റീഫൻ മില്ലർ സഹോ​ദ​ര​നും സാഹച​ര്യ​ത്തി​ന്‍റെ ഗൗരവം തിരി​ച്ച​റിഞ്ഞ് ആ ക്ഷണത്തെ പൂർണ​മാ​യി പിന്തു​ണച്ചു. അവസരം ലഭിച്ച ഈ സമയത്ത്‌ അദ്ദേഹം അതു ചെയ്യാൻ ആഗ്രഹി​ച്ചു. സഹോ​ദ​രങ്ങൾ സൈക്കി​ളു​ക​ളിൽ ദിവസം മുഴുവൻ ശുശ്രൂ​ഷ​യിൽ ചെലവ​ഴി​ക്കു​ന്ന​തും വേനൽക്കാ​ലത്ത്‌ വൈകു​ന്നേ​ര​ങ്ങ​ളിൽ റെക്കോർഡ്‌ ചെയ്‌ത പ്രസം​ഗങ്ങൾ ആളുകളെ കേൾപ്പി​ക്കു​ന്ന​തും അദ്ദേഹം ഓർക്കു​ന്നു. രാജ്യ​സ​ന്ദേ​ശങ്ങൾ എഴുതിയ പ്ലാക്കാർഡു​കൾ പിടി​ച്ചുള്ള വിജ്ഞാപന ജാഥക​ളി​ലും മാസി​കകൾ ഉപയോ​ഗി​ച്ചുള്ള തെരു​വു​സാ​ക്ഷീ​ക​ര​ണ​ത്തി​ലും അവർ ഉത്സാഹ​ത്തോ​ടെ ഏർപ്പെ​ട്ടി​രു​ന്നു.

കൂടാതെ ഇൻഫോർമന്‍റ് ഇങ്ങനെ ഒരു അഭ്യർഥ​ന​യും നടത്തി: “നമുക്ക് ആയിരം​പേ​രുള്ള ഒരു മുൻനി​ര​സൈ​ന്യം വേണം.” പ്രദേശം സംബന്ധി​ച്ചുള്ള ഒരു പുതിയ നിർദേ​ശ​വും ലഭിച്ചു. മുൻനി​ര​സേ​വകർ ഇനിമു​തൽ സഭകളിൽനിന്ന് വേറിട്ട് പ്രവർത്തി​ക്കേ​ണ്ട​തി​ല്ലെ​ന്നും അവർ സഭകളെ പിന്തു​ണ​യ്‌ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തു​കൊണ്ട് സഭയോ​ടൊത്ത്‌ പ്രവർത്തി​ക്ക​ണ​മെ​ന്നും ആയിരു​ന്നു അത്‌. ജോയ്‌സ്‌ എലിസ്‌ എന്ന സഹോ​ദരി ഇങ്ങനെ പറയുന്നു: “തങ്ങൾ മുൻനി​ര​സേ​വനം ചെയ്യേ​ണ്ട​താ​ണെന്ന് ഒരുപാ​ടു സഹോ​ദ​ര​ന്മാർ മനസ്സി​ലാ​ക്കി. ആ സമയത്ത്‌ എനിക്ക് 13 വയസ്സു മാത്ര​മാ​യി​രു​ന്നെ​ങ്കി​ലും ഞാനും മുൻനി​ര​സേ​വനം ചെയ്യാൻ ആഗ്രഹി​ച്ചു.” 1940-ൽ 15-‍ാമത്തെ വയസ്സിൽ സഹോ​ദ​രി​യു​ടെ ആഗ്രഹം സഫലമാ​യി. പിന്നീട്‌ ജോയ്‌സ്‌ സഹോ​ദ​രി​യു​ടെ ഭർത്താ​വാ​യി​ത്തീർന്ന പീറ്ററും ‘ഉണരാ​നുള്ള’ ആഹ്വാനം കേൾക്കു​ക​യും “മുൻനി​ര​സേ​വ​ന​ത്തെ​ക്കു​റിച്ച് ചിന്തി​ച്ചു​തു​ട​ങ്ങാൻ” പ്രേരി​ത​നാ​കു​ക​യും ചെയ്‌തു. 1940 ജൂണിൽ അദ്ദേഹ​ത്തിന്‌ 17 വയസ്സു​ള്ള​പ്പോൾ 105 കി.മീ. (65 മൈൽ) സൈക്കിൾ ചവിട്ടി സ്‌കാർബറ എന്ന സ്ഥലത്ത്‌ പോയി മുൻനി​ര​സേ​വനം ആരംഭി​ച്ചു.

സിറിൽ ജോൺസ​ണും കിറ്റി ജോൺസ​ണും ത്യാഗം ചെയ്യാൻ മനസ്സൊ​രു​ക്ക​മുള്ള മുൻനി​ര​സേ​വ​ക​രാ​യി​രു​ന്നു. മുഴു​സ​മ​യ​സേ​വനം ചെയ്യാ​നുള്ള പണത്തി​നാ​യി അവർ വീടും വീട്ടു​സാ​മാ​ന​ങ്ങ​ളും വിൽക്കാൻ തീരു​മാ​നി​ച്ചു. സിറിൽ ജോലി ഉപേക്ഷി​ച്ചു, അങ്ങനെ ഒരു മാസത്തി​നകം അവർ മുൻനി​ര​സേ​വനം തുടങ്ങു​ക​യും ചെയ്‌തു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഞങ്ങൾക്കു നല്ല ആത്മവി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. ഞങ്ങൾ നിറഞ്ഞ മനസ്സോ​ടെ​യും സന്തോ​ഷ​ത്തോ​ടെ​യും ആണ്‌ അങ്ങനെ ചെയ്‌തത്‌.”

താമസി​ക്കാൻ ഒരിടം

മുൻനി​ര​സേ​വ​ക​രു​ടെ എണ്ണം പെട്ടെന്നു കൂടി​യ​പ്പോൾ ഉത്തരവാ​ദി​ത്വ​പ്പെട്ട സഹോ​ദ​ര​ന്മാർ, വളരുന്ന ഈ സൈന്യ​ത്തെ പിന്തു​ണ​യ്‌ക്കാ​നാ​യി പല പ്രാ​യോ​ഗി​ക​മാർഗ​ങ്ങ​ളും കണ്ടെത്തി. 1938-ൽ ഒരു മേഖലാ​ദാ​സ​നാ​യി (ഇപ്പോൾ സർക്കിട്ട് മേൽവി​ചാ​രകൻ എന്ന് അറിയ​പ്പെ​ടു​ന്നു) സേവി​ച്ചി​രുന്ന ജിം കാർ സഹോ​ദരൻ മുൻനി​ര​സേ​വ​കർക്കു നഗരങ്ങ​ളിൽ പാർപ്പി​ട​സൗ​ക​ര്യം ക്രമീ​ക​രി​ക്കാ​നുള്ള നിർദേശം പിൻപറ്റി. കൂട്ടമാ​യി താമസി​ക്കാ​നും ഒരുമിച്ച് പ്രവർത്തി​ക്കാ​നും മുൻനി​ര​സേ​വ​കരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ചെലവ്‌ ചുരു​ക്കാ​നാ​യി​രു​ന്നു ഇത്‌. ഷെഫീൽഡ്‌ നഗരത്തിൽ ഒരു വലിയ വീടു വാടക​യ്‌ക്കെ​ടു​ത്തു. ഉത്തരവാ​ദി​ത്വ​പ്പെട്ട ഒരു സഹോ​ദ​ര​നാ​യി​രു​ന്നു അതിന്‍റെ മേൽനോ​ട്ടം. പ്രാ​ദേ​ശി​കസഭ ഇതിനാ​യി പണവും വീട്ടു​പ​ക​ര​ണ​ങ്ങ​ളും സംഭാവന ചെയ്‌തു. ജിം സഹോ​ദരൻ ഇങ്ങനെ പറയുന്നു: “ഇതു വിജയി​പ്പി​ക്കാൻ എല്ലാവ​രും പ്രയത്‌നി​ച്ചു.” ഒരു നല്ല ആത്മീയ​ദി​ന​ചര്യ പാലി​ച്ചു​കൊണ്ട് കഠിനാ​ധ്വാ​നി​ക​ളായ പത്തു മുൻനി​ര​സേ​വകർ അവിടെ താമസി​ച്ചു. “പ്രഭാ​ത​ഭ​ക്ഷ​ണ​സ​മ​യത്ത്‌ ദിനവാ​ക്യ​ചർച്ച നടത്തി​യി​രു​ന്നു. നഗരത്തി​ന്‍റെ പല ഭാഗങ്ങ​ളി​ലുള്ള പ്രദേ​ശ​ങ്ങ​ളിൽ പ്രവർത്തി​ക്കാ​നാ​യി ഈ മുൻനി​ര​സേ​വകർ ദിവസ​വും പോകു​മാ​യി​രു​ന്നു.”

ബ്രിട്ടനിലെ വയലി​ലേക്കു പുതിയ ധാരാളം മുൻനി​ര​സേ​വകർ ഒഴുകി​യെ​ത്തി

പ്രചാ​ര​ക​രും മുൻനി​ര​സേ​വ​ക​രും ഐക്യ​ത്തോ​ടെ പ്രവർത്തി​ച്ചു​കൊണ്ട് 1938-ൽ പത്തുലക്ഷം മണിക്കൂർ എന്ന ലക്ഷ്യം കൈവ​രി​ച്ചു. യഥാർഥ​ത്തിൽ വയൽസേ​വ​ന​ത്തി​ന്‍റെ എല്ലാ മേഖല​ക​ളി​ലും പുരോ​ഗ​തി​യു​ണ്ടാ​യെന്നു റിപ്പോർട്ടു​കൾ കാണി​ക്കു​ന്നു. അഞ്ചു വർഷത്തി​നു​ള്ളിൽ ബ്രിട്ട​നി​ലെ പ്രചാ​ര​ക​രു​ടെ എണ്ണം ഏകദേശം മൂന്നു മടങ്ങായി വർധിച്ചു. സേവന​ത്തി​ലെ ഈ പുത്തൻ ഉണർവ്‌ വരാനി​രുന്ന യുദ്ധകാ​ലത്തെ വെല്ലു​വി​ളി​കളെ നേരി​ടാ​നാ​യി യഹോ​വ​യു​ടെ ജനത്തെ ശക്തരാക്കി.

അർമ​ഗെ​ദോൻ യുദ്ധം അടുത്ത​ടുത്ത്‌ വരുന്ന ഇക്കാലത്ത്‌ ബ്രിട്ട​നി​ലെ മുൻനി​ര​സേ​വ​ക​രു​ടെ എണ്ണം വർധി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. കഴിഞ്ഞ പത്തു വർഷമാ​യി മുൻനി​ര​സേ​വ​ക​രു​ടെ എണ്ണം കൂടി​ക്കൂ​ടി വരുക​യാണ്‌. 2015 ഒക്‌ടോ​ബ​റി​ലെ കണക്കനു​സ​രിച്ച് 13,224 മുൻനി​ര​സേ​വ​ക​രാണ്‌ അവി​ടെ​യു​ള്ളത്‌. ജീവിതം ഏറ്റവും നല്ല രീതി​യിൽ ഉപയോ​ഗി​ക്കാ​നുള്ള മാർഗ​ങ്ങ​ളി​ലൊ​ന്നു മുഴു​സ​മ​യ​സേ​വ​ന​മാ​ണെന്ന് ഈ മുൻനി​ര​സേ​വകർ തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു.

^ ഖ. 3 പിന്നീട്‌ നമ്മുടെ രാജ്യ​ശു​ശ്രൂഷ എന്നറി​യ​പ്പെട്ടു.

^ ഖ. 8 ഹിൽഡ പജെറ്റ്‌ സഹോ​ദ​രി​യു​ടെ ജീവി​തകഥ 1995 ഒക്‌ടോ​ബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്‍റെ 19-24 പേജു​ക​ളിൽ വായി​ക്കാം.