വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മീയ​നി​ക്ഷേ​പ​ങ്ങ​ളി​ലാ​യി​രി​ക്കട്ടെ നിങ്ങളു​ടെ ഹൃദയം

ആത്മീയ​നി​ക്ഷേ​പ​ങ്ങ​ളി​ലാ​യി​രി​ക്കട്ടെ നിങ്ങളു​ടെ ഹൃദയം

“നിങ്ങളു​ടെ നിക്ഷേപം എവി​ടെ​യാ​ണോ അവി​ടെ​യാ​യി​രി​ക്കും നിങ്ങളു​ടെ ഹൃദയ​വും.”—ലൂക്കോ. 12:34.

ഗീതങ്ങൾ: 153, 104

1, 2. (എ) യഹോവ നമുക്കു തന്നിരി​ക്കുന്ന മൂന്ന് ആത്മീയ​നി​ധി​കൾ ഏതൊ​ക്കെ​യാണ്‌? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

യഹോ​വ​യാണ്‌ ഈ പ്രപഞ്ച​ത്തി​ലെ ഏറ്റവും ധനിക​നായ വ്യക്തി. (1 ദിന. 29:11, 12) ഉദാര​നായ ആ പിതാ​വി​ന്‍റെ പക്കൽ ആത്മീയ​സ​മ്പ​ത്തി​ന്‍റെ ഒരു കലവറ​ത​ന്നെ​യുണ്ട്. അതിന്‍റെ മൂല്യം തിരി​ച്ച​റി​യുന്ന എല്ലാവർക്കും ആ പിതാവ്‌ അതിൽനിന്ന് ധാരാ​ള​മാ​യി കൊടു​ക്കു​ന്നു. യഹോ​വ​യിൽനിന്ന് ഈ ആത്മീയ​സ​മ്പത്ത്‌ ലഭിച്ചി​രി​ക്കു​ന്ന​തിൽ നമ്മൾ എത്ര നന്ദിയു​ള്ള​വ​രാണ്‌! അതിൽ ഉൾപ്പെ​ടു​ന്ന​താണ്‌ (1) ദൈവ​രാ​ജ്യം, (2) ജീവര​ക്ഷാ​ക​ര​മായ നമ്മുടെ ശുശ്രൂഷ, (3) ദൈവ​വ​ച​ന​ത്തി​ലെ അമൂല്യ​സ​ത്യ​ങ്ങൾ എന്നിവ. എന്നാൽ ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ ഈ നിക്ഷേ​പ​ങ്ങ​ളോ​ടുള്ള നമ്മുടെ വിലമ​തി​പ്പു കുറഞ്ഞു​പോ​യേ​ക്കാം. ചില​പ്പോൾ നമ്മൾ അവ വലി​ച്ചെ​റി​യു​ക​പോ​ലും ചെയ്‌തേ​ക്കാം. അങ്ങനെ സംഭവി​ക്കാ​തി​രി​ക്കാൻ നമ്മൾ അവയുടെ മൂല്യ​ത്തെ​ക്കു​റിച്ച് എപ്പോ​ഴും ഓർക്കണം, അവയോ​ടുള്ള സ്‌നേഹം നഷ്ടമാ​കാ​തെ നോക്കു​ക​യും വേണം. യേശു പറഞ്ഞു: “നിങ്ങളു​ടെ നിക്ഷേപം എവി​ടെ​യാ​ണോ അവി​ടെ​യാ​യി​രി​ക്കും നിങ്ങളു​ടെ ഹൃദയ​വും.”—ലൂക്കോ. 12:34.

2 നമുക്ക് എങ്ങനെ ദൈവ​രാ​ജ്യ​ത്തോ​ടും ശുശ്രൂ​ഷ​യോ​ടും സത്യ​ത്തോ​ടും ഉള്ള സ്‌നേഹം വളർത്തി​യെ​ടു​ക്കാ​മെ​ന്നും ആ സ്‌നേഹം നഷ്ടപ്പെ​ടാ​തി​രി​ക്കാൻ എന്തു ചെയ്യാ​മെ​ന്നും ഇപ്പോൾ നോക്കാം. ഈ ചർച്ച പുരോ​ഗ​മി​ക്കു​മ്പോൾ ഓരോ​രു​ത്ത​രും ഇങ്ങനെ ചിന്തി​ക്കുക: ‘എനിക്ക് എങ്ങനെ ഈ ആത്മീയ​നി​ക്ഷേ​പ​ങ്ങ​ളോ​ടുള്ള സ്‌നേഹം ആഴമു​ള്ള​താ​ക്കാം?’

ദൈവ​രാ​ജ്യം—വില​യേ​റിയ ഒരു മുത്ത്‌

3. വില​യേ​റിയ മുത്തു സ്വന്തമാ​ക്കു​ന്ന​തിന്‌ എന്തു ചെയ്യാൻപോ​ലും യേശു​വി​ന്‍റെ ദൃഷ്ടാ​ന്ത​ത്തി​ലെ വ്യാപാ​രി ഒരുക്ക​മാ​യി​രു​ന്നു? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

3 മത്തായി 13:45, 46 വായി​ക്കുക. മുത്തുകൾ തേടി സഞ്ചരി​ക്കുന്ന ഒരു വ്യാപാ​രി​യു​ടെ ദൃഷ്ടാന്തം യേശു പറഞ്ഞു. പല വർഷങ്ങൾകൊണ്ട് ആ വ്യാപാ​രി നൂറു​ക​ണ​ക്കി​നു മുത്തുകൾ വാങ്ങു​ക​യും വിൽക്കു​ക​യും ചെയ്‌തി​ട്ടു​ണ്ടാ​കും. എന്നാൽ ഇപ്പോൾ കണ്ടെത്തി​യ​തു​പോ​ലൊ​രു മുത്ത്‌ അദ്ദേഹം മുമ്പ് കണ്ടിട്ടേ ഇല്ല. അത്ര അമൂല്യ​മാ​യി​രു​ന്നു അത്‌! കണ്ടപ്പോൾത്തന്നെ അദ്ദേഹ​ത്തി​ന്‍റെ ഹൃദയം നിറഞ്ഞു. അതു വാങ്ങാ​നാ​യി തനിക്കു​ള്ള​തെ​ല്ലാം വിൽക്കാൻ അദ്ദേഹം ഒരുക്ക​മാ​യി​രു​ന്നു. ആ മുത്ത്‌ അദ്ദേഹ​ത്തിന്‌ എത്ര വില​പ്പെ​ട്ട​താ​യി​രു​ന്നെന്നു നിങ്ങൾക്കു ചിന്തി​ക്കാ​നാ​കു​ന്നു​ണ്ടോ?

4. വ്യാപാ​രി മുത്തിനെ സ്‌നേ​ഹി​ച്ച​തു​പോ​ലെ നമ്മൾ ദൈവ​രാ​ജ്യ​ത്തെ സ്‌നേ​ഹി​ക്കു​ന്നെ​ങ്കിൽ നമ്മൾ എന്തു ചെയ്യാൻ ഒരുക്ക​മു​ള്ള​വ​രാ​യി​രി​ക്കും?

4 എന്താണു നമുക്കുള്ള പാഠം? ദൈവ​രാ​ജ്യം വില​യേ​റിയ ആ മുത്തു​പോ​ലെ​യാണ്‌. വ്യാപാ​രി ആ മുത്തിനെ സ്‌നേ​ഹി​ച്ച​തു​പോ​ലെ നമ്മൾ ദൈവ​രാ​ജ്യ​ത്തെ സ്‌നേ​ഹി​ക്കു​ന്നെ​ങ്കിൽ, ആ രാജ്യ​ത്തി​ന്‍റെ പ്രജയാ​കാ​നും എന്നും അങ്ങനെ​തന്നെ തുടരാ​നും വേണ്ടി എന്തും ത്യജി​ക്കാൻ നമ്മൾ ഒരുക്ക​മു​ള്ള​വ​രാ​യി​രി​ക്കും. (മർക്കോസ്‌ 10:28-30 വായി​ക്കുക.) അങ്ങനെ ചെയ്‌ത രണ്ടു വ്യക്തി​ക​ളെ​ക്കു​റിച്ച് നമുക്ക് ഇപ്പോൾ പഠിക്കാം.

5. ദൈവ​രാ​ജ്യ​ത്തി​നു​വേണ്ടി എന്തെല്ലാം ചെയ്യാൻ സക്കായി ഒരുക്ക​മാ​യി​രു​ന്നു?

5 ആളുക​ളിൽനിന്ന് അന്യാ​യ​മാ​യി പണം ഈടാക്കി സമ്പന്നനാ​യി​ത്തീർന്ന മുഖ്യ നികു​തി​പി​രി​വു​കാ​രിൽ ഒരാളാ​യി​രു​ന്നു സക്കായി. (ലൂക്കോ. 19:1-9) എന്നാൽ യേശു ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച് സംസാ​രി​ക്കു​ന്നതു കേട്ട​പ്പോൾ അദ്ദേഹം അതിന്‍റെ മൂല്യം തിരി​ച്ച​റിഞ്ഞ് പെട്ടെ​ന്നു​തന്നെ നടപടി​യെ​ടു​ത്തു. അദ്ദേഹം പറഞ്ഞു: “കർത്താവേ, എന്‍റെ വസ്‌തു​വ​ക​ക​ളിൽ പകുതി​യും ഞാൻ ഇതാ, ദരി​ദ്രർക്കു കൊടു​ക്കു​ന്നു. ഞാൻ ആളുക​ളിൽനിന്ന് അന്യാ​യ​മാ​യി ഈടാ​ക്കി​യ​തെ​ല്ലാം നാല്‌ ഇരട്ടി​യാ​യി തിരി​ച്ചു​നൽകു​ന്നു.” വളഞ്ഞ വഴിയി​ലൂ​ടെ സമ്പാദി​ച്ച​തെ​ല്ലാം സക്കായി സന്തോ​ഷ​ത്തോ​ടെ വിട്ടു​ക​ളഞ്ഞു. വസ്‌തു​വ​ക​ക​ളോ​ടുള്ള അത്യാ​ഗ്ര​ഹ​വും അദ്ദേഹം ഉപേക്ഷി​ച്ചു.

6. ദൈവ​രാ​ജ്യ​ത്തി​ന്‍റെ പ്രജയാ​കാൻ റോസ്‌ എന്തൊക്കെ മാറ്റങ്ങൾ വരുത്തി, എന്തു​കൊണ്ട്?

6 വർഷങ്ങൾക്കു മുമ്പ് ദൈവ​രാ​ജ്യ​സ​ന്ദേശം കേട്ട ഒരാളു​ടെ അനുഭവം നോക്കാം. ആ സ്‌ത്രീ​യെ നമുക്കു റോസ്‌ എന്നു വിളി​ക്കാം. റോസ്‌ ഒരു സ്വവർഗാ​നു​രാ​ഗി​യാ​യി​രു​ന്നു. സത്യ​ത്തെ​ക്കു​റിച്ച് അറിഞ്ഞ കാലത്ത്‌ റോസി​നു മറ്റൊരു സ്‌ത്രീ​യു​മാ​യി ബന്ധമു​ണ്ടാ​യി​രു​ന്നു. സ്വവർഗാ​നു​രാ​ഗി​ക​ളു​ടെ അവകാ​ശ​ങ്ങൾക്കു​വേണ്ടി പോരാ​ടുന്ന ഒരു സംഘട​ന​യു​ടെ പ്രസി​ഡ​ന്‍റാ​യി​രു​ന്നു റോസ്‌. ബൈബിൾ പഠിച്ച​പ്പോൾ ദൈവ​രാ​ജ്യ​ത്തി​ന്‍റെ മൂല്യം റോസ്‌ തിരി​ച്ച​റി​ഞ്ഞു. പക്ഷേ തന്‍റെ ജീവി​ത​ത്തിൽ വലിയ മാറ്റങ്ങൾ ആവശ്യ​മാ​ണെന്നു റോസി​നു മനസ്സി​ലാ​യി. (1 കൊരി. 6:9, 10) റോസ്‌, പ്രസി​ഡന്‍റ് സ്ഥാനം രാജി​വെ​ക്കു​ക​യും തനിക്കു​ണ്ടാ​യി​രുന്ന അവിഹി​ത​ബന്ധം അവസാ​നി​പ്പി​ക്കു​ക​യും ചെയ്‌തു. 2009-ൽ സ്‌നാ​ന​മേറ്റ അവർ തൊട്ട​ടുത്ത വർഷം സാധാരണ മുൻനി​ര​സേ​വി​ക​യാ​യി. യഹോ​വ​യോ​ടും ദൈവ​രാ​ജ്യ​ത്തോ​ടും അത്രമേൽ സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാ​ണു റോസ്‌ ഈ മാറ്റങ്ങ​ളെ​ല്ലാം വരുത്തി​യത്‌. തന്‍റെ അനുചി​ത​മായ ഏത്‌ ആഗ്രഹ​വും ഉപേക്ഷി​ക്കാൻ തോന്നി​പ്പി​ക്കു​ന്നത്ര ശക്തമാ​യി​രു​ന്നു ആ സ്‌നേഹം.—മർക്കോ. 12:29, 30.

7. ദൈവ​രാ​ജ്യ​ത്തോ​ടു നമുക്കുള്ള സ്‌നേഹം കാത്തു​സൂ​ക്ഷി​ക്കാൻ എന്തു ചെയ്യാ​നാ​കും?

7 ദൈവ​രാ​ജ്യ​ത്തി​ന്‍റെ പ്രജയാ​കാൻ നമ്മളിൽ പലരും കാര്യ​മായ മാറ്റങ്ങൾ വരുത്തി​യി​ട്ടു​ണ്ടെ​ന്നതു സത്യമാണ്‌. (റോമ. 12:2) എന്നാൽ നമ്മുടെ പോരാ​ട്ടം അതു​കൊണ്ട് തീരു​ന്നില്ല. സമ്പത്തി​നോ​ടും വസ്‌തു​വ​ക​ക​ളോ​ടും ഉള്ള ആഗ്രഹം, തെറ്റായ ലൈം​ഗി​ക​മോ​ഹങ്ങൾ അങ്ങനെ പലതും ദൈവ​രാ​ജ്യ​ത്തോ​ടുള്ള നമ്മുടെ സ്‌നേഹം കുറച്ചു​ക​ള​ഞ്ഞേ​ക്കാം. അങ്ങനെ സംഭവി​ക്കാ​തി​രി​ക്കാൻ ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കുക. (സുഭാ. 4:23; മത്താ. 5:27-29) ദൈവ​രാ​ജ്യ​ത്തോ​ടുള്ള സ്‌നേഹം നിലനി​റു​ത്താൻ നമ്മളെ സഹായി​ക്കുന്ന മറ്റൊരു കാര്യം യഹോവ തന്നിട്ടുണ്ട്. വില​യേ​റിയ ആ നിക്ഷേപം എന്താ​ണെന്നു നോക്കാം.

ജീവര​ക്ഷാ​ക​ര​മായ നമ്മുടെ ശുശ്രൂഷ

8. (എ) ശുശ്രൂ​ഷയെ ‘മൺപാ​ത്ര​ങ്ങ​ളി​ലുള്ള അമൂല്യ​നി​ധി’ എന്നു പൗലോസ്‌ വിശേ​ഷി​പ്പി​ച്ചത്‌ എന്തു​കൊണ്ട്? (ബി) ശുശ്രൂ​ഷയെ താൻ ഒരു നിധി​യാ​യി​ട്ടാ​ണു കണ്ടതെന്നു പൗലോസ്‌ എങ്ങനെ തെളി​യി​ച്ചു?

8 ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസം​ഗി​ക്കാ​നും പഠിപ്പി​ക്കാ​നും ഉള്ള നിയമനം യേശു നമുക്കു തന്നിട്ടുണ്ട്. (മത്താ. 28:19, 20) ശുശ്രൂ​ഷ​യു​ടെ മൂല്യം തിരി​ച്ച​റി​ഞ്ഞ​യാ​ളാ​യി​രു​ന്നു അപ്പോ​സ്‌ത​ല​നായ പൗലോസ്‌. പുതിയ ഉടമ്പടി​യു​മാ​യി ബന്ധപ്പെട്ട ശുശ്രൂ​ഷയെ ‘മൺപാ​ത്ര​ങ്ങ​ളി​ലുള്ള അമൂല്യ​നി​ധി​യാ​യി​ട്ടാ​ണു’ പൗലോസ്‌ കണ്ടത്‌. (2 കൊരി. 4:7; 1 തിമൊ. 1:12) അതു ശരിയല്ലേ? നമ്മളെ​ല്ലാം കുറ്റവും കുറവും ഉള്ള വെറും മൺപാ​ത്ര​ങ്ങ​ളാണ്‌. എങ്കിലും നമ്മൾ അറിയി​ക്കുന്ന സന്ദേശ​മോ? നമുക്കും നമ്മുടെ സന്ദേശം കേൾക്കു​ന്ന​വർക്കും നിത്യ​ജീ​വൻ നൽകാ​നുള്ള ശക്തി അതിനുണ്ട്. ഇതു മനസ്സി​ലാ​ക്കി, ശുശ്രൂ​ഷ​യിൽ വ്യത്യ​സ്‌ത​രീ​തി​കൾ പരീക്ഷി​ച്ചു​നോ​ക്കിയ പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ ഇങ്ങനെ​യെ​ല്ലാം ചെയ്യു​ന്നതു സന്തോ​ഷ​വാർത്ത​യ്‌ക്കു​വേ​ണ്ടി​യാണ്‌, അതു മറ്റുള്ള​വരെ അറിയി​ക്കാൻവേണ്ടി.” (1 കൊരി. 9:23) ശുശ്രൂ​ഷയെ അത്രമാ​ത്രം സ്‌നേ​ഹി​ച്ച​തു​കൊണ്ട് ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച് മറ്റുള്ള​വരെ പഠിപ്പി​ക്കാ​നാ​യി പൗലോസ്‌ നല്ലവണ്ണം അധ്വാ​നി​ച്ചു. (റോമർ 1:14, 15; 2 തിമൊ​ഥെ​യൊസ്‌ 4:2 വായി​ക്കുക.) കഠിന​മായ ഉപദ്ര​വങ്ങൾ സഹിച്ചു​നിൽക്കാൻപോ​ലും ശുശ്രൂ​ഷ​യോ​ടുള്ള സ്‌നേഹം പൗലോ​സി​നെ സഹായി​ച്ചു. (1 തെസ്സ. 2:2) നമ്മളും ശുശ്രൂ​ഷയെ അത്രമാ​ത്രം സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന് എങ്ങനെ കാണി​ക്കാം?

9. ശുശ്രൂ​ഷയെ വില​യേ​റി​യ​താ​യി കാണു​ന്നെന്നു തെളി​യി​ക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏതെല്ലാം?

9 മറ്റുള്ള​വരെ സത്യം അറിയി​ക്കാ​നുള്ള അവസര​ങ്ങൾക്കാ​യി നോക്കി​യി​രു​ന്നു​കൊ​ണ്ടും അതു പ്രയോ​ജ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ടും ശുശ്രൂ​ഷയെ വില​യേ​റി​യ​താ​യി കാണു​ന്നെന്നു പൗലോസ്‌ തെളി​യി​ച്ചു. അപ്പോ​സ്‌ത​ല​ന്മാ​രെ​യും ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​ക​ളെ​യും മാതൃ​ക​യാ​ക്കി നമ്മളും അനൗപ​ചാ​രി​ക​മാ​യും പരസ്യ​മാ​യും വീടു​തോ​റും പ്രസം​ഗി​ക്കു​ന്നു. (പ്രവൃ. 5:42; 20:20) സാഹച​ര്യം അനുവ​ദി​ക്കു​ന്നി​ട​ത്തോ​ളം നമ്മുടെ ശുശ്രൂഷ വിപു​ല​മാ​ക്കാൻ നമ്മൾ ശ്രമി​ക്കും. സാധി​ക്കു​ന്നെ​ങ്കിൽ സഹായ മുൻനി​ര​സേ​വ​ന​മോ സാധാരണ മുൻനി​ര​സേ​വ​ന​മോ ഏറ്റെടു​ക്കാ​നാ​കും. ഇനി, നമുക്കു മറ്റൊരു ഭാഷ പഠിക്കാ​നാ​കു​മോ? ശുശ്രൂഷ വിപു​ല​മാ​ക്കാ​നാ​യി ഒരു വിദേ​ശ​രാ​ജ്യ​ത്തേ​ക്കോ നമ്മുടെ രാജ്യ​ത്തു​ത​ന്നെ​യുള്ള മറ്റൊരു സ്ഥലത്തേ​ക്കോ മാറി​ത്താ​മ​സി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ചിന്തി​ക്കാ​നാ​കും.—പ്രവൃ. 16:9, 10.

10. സന്തോ​ഷ​വാർത്ത അറിയി​ക്കാ​നുള്ള ഐറിന്‍റെ ദൃഢനി​ശ്ച​യ​ത്തി​നു പ്രതി​ഫലം ലഭിച്ചത്‌ എങ്ങനെ?

10 ഐക്യ​നാ​ടു​ക​ളി​ലുള്ള ഏകാകി​നി​യായ ഐറിൻ സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. റഷ്യൻ ഭാഷ സംസാ​രി​ക്കുന്ന കുടി​യേ​റ്റ​ക്കാ​രോ​ടു ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച് പ്രസം​ഗി​ക്കാൻ ഐറിന്‌ അതിയായ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു. 1993-ൽ ഐറിൻ ന്യൂ​യോർക്ക് സിറ്റി​യി​ലെ റഷ്യൻ ഭാഷാ​ക്കൂ​ട്ട​ത്തോ​ടൊ​പ്പം പ്രവർത്തി​ക്കാൻ തുടങ്ങി​യ​പ്പോൾ ഏകദേശം 20 പ്രചാ​രകർ മാത്ര​മാണ്‌ ആ കൂട്ടത്തി​ലു​ണ്ടാ​യി​രു​ന്നത്‌. 20 വർഷ​ത്തോ​ളം റഷ്യൻ ഭാഷാ​വ​യ​ലിൽ പ്രവർത്തിച്ച ഐറിൻ പറയുന്നു: “റഷ്യൻ ഭാഷ നന്നായി സംസാ​രി​ക്കാൻ എനിക്ക് ഇപ്പോ​ഴും അറിയില്ല.” എന്നാൽ ഐറി​നെ​യും അതേ​പോ​ലെ ഉത്സാഹ​ത്തോ​ടെ പ്രവർത്തിച്ച മറ്റുള്ള​വ​രെ​യും യഹോവ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു. ഇന്നു ന്യൂ​യോർക്ക് സിറ്റി​യിൽ ആറു റഷ്യൻഭാ​ഷാ​സ​ഭ​ക​ളുണ്ട്. ഐറിൻ സത്യം പഠിപ്പി​ച്ച​വ​രിൽ 15 പേർ സ്‌നാ​ന​മേറ്റു. അവരിൽ ചിലർ ബഥേലം​ഗ​ങ്ങ​ളാ​യും മുൻനി​ര​സേ​വ​ക​രാ​യും മൂപ്പന്മാ​രാ​യും സേവി​ക്കു​ന്നു. ഐറിൻ പറയുന്നു: “എനിക്കു മറ്റു പല ലക്ഷ്യങ്ങ​ളും വെക്കാ​മാ​യി​രു​ന്നു. പക്ഷേ ഒന്നിനും ഇത്രയും സന്തോഷം തരാൻ കഴിയു​മെന്നു തോന്നു​ന്നില്ല.” അതെ, ഐറിൻ ശുശ്രൂ​ഷയെ അമൂല്യ​മായ ഒരു നിധി​പോ​ലെ​യാ​ണു കാണു​ന്നത്‌.

ശുശ്രൂഷയെ ഒരു നിധി​യാ​യി​ട്ടാ​ണു കാണു​ന്ന​തെന്നു നിങ്ങളു​ടെ ഓരോ ആഴ്‌ച​ത്തെ​യും പട്ടിക തെളി​യി​ക്കു​ന്നു​ണ്ടോ? (11, 12 ഖണ്ഡികകൾ കാണുക)

11. എതിർപ്പു​ക​ളു​ണ്ടാ​യാ​ലും പ്രസം​ഗി​ക്കു​ന്ന​തിൽ തുടരു​ന്ന​തു​കൊണ്ട് എന്തു നല്ല ഫലങ്ങളു​ണ്ടാ​കും?

11 ശുശ്രൂ​ഷയെ അമൂല്യ​മായ ഒരു നിധി അഥവാ നിക്ഷേപം ആയിട്ടാ​ണു കാണു​ന്ന​തെ​ങ്കിൽ അപ്പോ​സ്‌ത​ല​നായ പൗലോ​സി​നെ​പ്പോ​ലെ, ഉപദ്ര​വ​ങ്ങ​ളു​ണ്ടാ​യാ​ലും നമ്മൾ പ്രസം​ഗ​പ്ര​വർത്തനം നിറു​ത്തില്ല. (പ്രവൃ. 14:19-22) 1930-കളിലും 1940-കളുടെ തുടക്ക​ത്തി​ലും ഐക്യ​നാ​ടു​ക​ളി​ലുള്ള നമ്മുടെ സഹോ​ദ​രങ്ങൾ കടുത്ത എതിർപ്പു​കൾ നേരിട്ടു. എങ്കിലും പൗലോ​സി​നെ​പ്പോ​ലെ അവർ ധൈര്യ​ത്തോ​ടെ പ്രസം​ഗ​പ്ര​വർത്തനം തുടർന്നു. പ്രസം​ഗി​ക്കാ​നുള്ള അവകാശം സംരക്ഷി​ക്കാൻ സഹോ​ദ​രങ്ങൾ അനേകം നിയമ​പോ​രാ​ട്ടങ്ങൾ നടത്തി. ഐക്യ​നാ​ടു​ക​ളി​ലെ സുപ്രീം​കോ​ട​തി​യിൽ നമ്മൾ നേടിയ ഒരു നിയമ​വി​ജ​യ​ത്തെ​ക്കു​റിച്ച് സംസാ​രി​ക്കു​ന്ന​തി​നി​ടെ 1943-ൽ നേഥൻ എച്ച്. നോർ സഹോ​ദരൻ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ പോരാ​ടി​യ​തു​കൊ​ണ്ടാ​ണു നമുക്ക് ഈ വിജയ​ങ്ങ​ളെ​ല്ലാം കിട്ടി​യത്‌. പ്രചാ​രകർ ആരും വയലിൽ പോയി​ല്ലാ​യി​രു​ന്നെ​ങ്കിൽ സുപ്രീം​കോ​ട​തി​യിൽ ഈ കേസു​ക​ളൊ​ന്നും എത്തില്ലാ​യി​രു​ന്നു. എന്നാൽ ലോക​മെ​ങ്ങു​മുള്ള പ്രചാ​ര​കരേ, നിങ്ങൾ തളരാതെ പ്രസം​ഗ​പ്ര​വർത്തനം തുടരു​ന്ന​തു​കൊ​ണ്ടാണ്‌ എതിർപ്പു​കളെ നമുക്കു തോൽപ്പി​ക്കാ​നാ​കു​ന്നത്‌. കർത്താ​വി​ന്‍റെ ജനം ധീരരാ​യി നിൽക്കു​ന്ന​താണ്‌ ഇതു​പോ​ലുള്ള തീരു​മാ​ന​ങ്ങ​ളു​ണ്ടാ​കാൻ കാരണം.” അതെ, ധീരരാ​യി നിന്നതു​കൊണ്ട് മറ്റു രാജ്യ​ങ്ങ​ളി​ലുള്ള സഹോ​ദ​ര​ങ്ങൾക്കും സമാന​മായ നിയമ​വി​ജ​യങ്ങൾ ലഭിച്ചി​ട്ടുണ്ട്. ഇതു കാണി​ക്കു​ന്നത്‌, ശുശ്രൂ​ഷ​യോ​ടുള്ള നമ്മുടെ സ്‌നേ​ഹ​ത്തിന്‌ എതിർപ്പു​കളെ തോൽപ്പി​ക്കാ​നാ​കു​മെ​ന്നാണ്‌.

12. ശുശ്രൂ​ഷ​യോ​ടുള്ള ബന്ധത്തിൽ എന്താണു നിങ്ങളു​ടെ തീരു​മാ​നം?

12 യഹോവ തരുന്ന വിലതീ​രാത്ത ഒരു നിധി​യാ​യി ശുശ്രൂ​ഷയെ കാണു​ന്നെ​ങ്കിൽ ‘മണിക്കൂർ കൂട്ടാൻവേണ്ടി’ മാത്രം നമ്മൾ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടില്ല. പകരം ‘സന്തോ​ഷ​വാർത്ത സമഗ്ര​മാ​യി അറിയി​ക്കാൻ’ നമ്മളെ​ക്കൊ​ണ്ടാ​കു​ന്ന​തെ​ല്ലാം നമ്മൾ ചെയ്യും. (പ്രവൃ. 20:24; 2 തിമൊ. 4:5) പക്ഷേ നമ്മൾ ആളുകളെ എന്താണു പഠിപ്പി​ക്കേ​ണ്ടത്‌? അതിനുള്ള ഉത്തരത്തി​നാ​യി യഹോവ തരുന്ന മറ്റൊരു അമൂല്യ​നി​ക്ഷേ​പ​ത്തെ​ക്കു​റിച്ച് ചർച്ച ചെയ്യാം.

അമൂല്യ​മായ സത്യങ്ങ​ളു​ടെ ശേഖരം

13, 14. മത്തായി 13:52-ൽ യേശു പറഞ്ഞ ‘അമൂല്യ​ശേ​ഖരം’ എന്താണ്‌, അതു നമുക്ക് എങ്ങനെ നിറയ്‌ക്കാം?

13 നമുക്കു വെളി​പ്പെ​ടു​ത്തി​ക്കി​ട്ടിയ സത്യങ്ങ​ളു​ടെ ശേഖര​മാ​ണു നമ്മുടെ മൂന്നാ​മത്തെ ആത്മീയ​നി​ക്ഷേപം. യഹോവ സത്യത്തി​ന്‍റെ ഉറവി​ട​മാണ്‌. (2 ശമു. 7:28; സങ്കീ. 31:5) ഉദാര​നായ ആ പിതാവ്‌ ദൈവ​ഭ​യ​മു​ള്ള​വരെ അത്തരം സത്യങ്ങൾ അറിയി​ക്കാൻ മനസ്സു​ള്ള​വ​നാണ്‌. നമ്മൾ സത്യ​ത്തെ​പ്പറ്റി കേട്ട നാൾമു​തൽ തന്‍റെ വചനം, ക്രിസ്‌തീ​യ​പ്ര​സി​ദ്ധീ​ക​ര​ണങ്ങൾ, കൺ​വെൻ​ഷ​നു​കൾ, സമ്മേള​നങ്ങൾ, മീറ്റി​ങ്ങു​കൾ എന്നിവ​യിൽനിന്ന് അനേകം സത്യങ്ങൾ ശേഖരി​ക്കാൻ യഹോവ നമുക്ക് അവസരം തന്നിരി​ക്കു​ന്നു. അങ്ങനെ, യേശു പറഞ്ഞതു​പോ​ലുള്ള പഴയതും പുതി​യ​തും ആയ സത്യങ്ങ​ളു​ടെ ഒരു ‘അമൂല്യ​ശേ​ഖരം’ നമുക്കു കാലങ്ങൾകൊണ്ട് സ്വന്തമാ​കു​ന്നു. (മത്തായി 13:52 വായി​ക്കുക.) മറഞ്ഞി​രി​ക്കുന്ന നിധികൾ തേടു​ന്ന​തു​പോ​ലെ നമ്മൾ അത്തരം സത്യങ്ങൾക്കാ​യി അന്വേ​ഷി​ക്കു​ന്നെ​ങ്കിൽ വില​യേ​റിയ പുതിയ സത്യങ്ങൾ നമ്മുടെ ‘അമൂല്യ​ശേ​ഖ​ര​ത്തി​ലേക്കു’ കൂട്ടി​ച്ചേർക്കാൻ യഹോവ സഹായി​ക്കും. (സുഭാ​ഷി​തങ്ങൾ 2:4-7 വായി​ക്കുക.) നമുക്ക് അത്‌ എങ്ങനെ ചെയ്യാം?

14 നമുക്ക് ഓരോ​രു​ത്തർക്കും നന്നായി പഠിക്കുന്ന ശീലമു​ണ്ടാ​യി​രി​ക്കണം. ദൈവ​വ​ച​ന​വും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും നമ്മൾ സമയ​മെ​ടുത്ത്‌ വിശദ​മാ​യി പഠിക്കു​ന്നെ​ങ്കിൽ “പുതിയ” സത്യങ്ങൾ അതായത്‌, മുമ്പ് നമുക്ക് അറിയി​ല്ലാ​യി​രുന്ന സത്യങ്ങൾ കണ്ടെത്താൻ കഴിയും. (യോശു. 1:8, 9; സങ്കീ. 1:2, 3) 1879 ജൂ​ലൈ​യിൽ പുറത്തി​റ​ങ്ങിയ, വീക്ഷാ​ഗോ​പു​ര​ത്തി​ന്‍റെ (ഇംഗ്ലീഷ്‌) ആദ്യല​ക്ക​ത്തിൽത്തന്നെ ഇങ്ങനെ പറഞ്ഞി​രു​ന്നു: “ജീവി​ത​മ​രു​ഭൂ​വി​ലെ ഒരു ശാലീന ചെറു​പു​ഷ്‌പം​പോ​ലെ, സത്യം വ്യാജ​മെന്ന നിബി​ഡ​മായ കളകളാൽ ചുറ്റ​പ്പെ​ട്ടി​രി​ക്കു​ക​യും മിക്കവാ​റും ഞെരു​ക്ക​പ്പെ​ടു​ക​യു​മാണ്‌. അതു കണ്ടെത്ത​ണ​മെ​ന്നു​ണ്ടെ​ങ്കിൽ നിങ്ങൾ എല്ലായ്‌പോ​ഴും ജാഗരൂ​ക​രാ​യി​രി​ക്കണം. . . . നിങ്ങൾക്ക് അതു സ്വന്തമാ​ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കിൽ, അതിനെ കുനിഞ്ഞ് എടു​ക്കേ​ണ്ടി​വ​രും. സത്യത്തി​ന്‍റെ ഒരു പുഷ്‌പം​കൊണ്ട് തൃപ്‌തി​യ​ട​യ​രുത്‌. . . . പറിച്ചു​കൊ​ണ്ടി​രി​ക്കുക, കൂടു​ത​ലാ​യി അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കുക.” അതെ, നമ്മുടെ പക്കലുള്ള, ദിവ്യ​സ​ത്യ​ങ്ങ​ളു​ടെ അമൂല്യ​ശേ​ഖ​ര​ത്തി​ലേക്കു കൂടുതൽ സത്യങ്ങൾ നിറയ്‌ക്കാൻ നമ്മൾ ഉത്സാഹ​മു​ള്ള​വ​രാ​യി​രി​ക്കണം.

15. ചില സത്യങ്ങളെ നമ്മൾ ‘പഴയത്‌’ എന്നു വിളി​ക്കു​ന്നത്‌ എന്തു​കൊണ്ട്, അവയിൽ നിങ്ങൾ വളരെ അമൂല്യ​മാ​യി കാണുന്ന ചില സത്യങ്ങൾ ഏതൊ​ക്കെ​യാണ്‌?

15 ബൈബിൾ പഠിക്കാൻ തുടങ്ങി​യ​പ്പോൾ നമ്മൾ അനേകം മൂല്യ​വ​ത്തായ സത്യങ്ങൾ ആദ്യമാ​യി കണ്ടെത്തി. അവയെ ‘പഴയത്‌’ എന്നു വിളി​ക്കാം. കാരണം ക്രിസ്‌തീ​യ​പാ​ത​യിൽ പിച്ച​വെച്ച് നടന്ന​പ്പോൾമു​തൽ നമുക്ക് അറിയാ​വുന്ന സത്യങ്ങ​ളാണ്‌ അവ. ആ വില​യേ​റിയ സത്യങ്ങ​ളിൽ ചിലത്‌ ഏതൊ​ക്കെ​യാണ്‌? യഹോ​വ​യാ​ണു സ്രഷ്ടാ​വും ജീവദാ​താ​വും എന്നും ദൈവ​ത്തി​നു മനുഷ്യ​രെ​ക്കു​റിച്ച് ഒരു ഉദ്ദേശ്യ​മുണ്ട് എന്നും നമ്മൾ പഠിച്ചു. അതു​പോ​ലെ നമ്മളെ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും വിടു​വി​ക്കു​ന്ന​തി​നുള്ള മോച​ന​വി​ല​യാ​യി, സ്‌നേ​ഹ​വാ​നായ ദൈവം തന്‍റെ മകന്‍റെ ജീവനെ നൽകി​യെ​ന്നും നമ്മൾ മനസ്സി​ലാ​ക്കി. നമ്മൾ അനുഭ​വി​ക്കുന്ന എല്ലാ കഷ്ടതകൾക്കും ദൈവ​രാ​ജ്യം അറുതി​വ​രു​ത്തു​മെ​ന്നും ദൈവ​രാ​ജ്യ​ഭ​ര​ണ​ത്തിൻകീ​ഴിൽ നമുക്ക് എന്നു​മെ​ന്നും സമാധാ​ന​ത്തോ​ടെ​യും സന്തോ​ഷ​ത്തോ​ടെ​യും ജീവി​ക്കാ​മെ​ന്നും നമ്മൾ പഠിച്ചു.—യോഹ. 3:16; വെളി. 4:11; 21:3, 4.

16. സത്യ​ത്തെ​ക്കു​റി​ച്ചുള്ള ഗ്രാഹ്യ​ത്തി​നു മാറ്റം വരു​മ്പോൾ നമ്മൾ എന്തു ചെയ്യണം?

16 ചില​പ്പോൾ ഒരു ബൈബിൾപ്ര​വ​ച​ന​ത്തെ​ക്കു​റി​ച്ചോ തിരു​വെ​ഴു​ത്തു​ഭാ​ഗ​ത്തെ​ക്കു​റി​ച്ചോ ഉള്ള ഗ്രാഹ്യ​ത്തി​നു മാറ്റം വന്നേക്കാം. അങ്ങനെ വരു​മ്പോൾ, അത്തരം പുതിയ പഠിപ്പി​ക്ക​ലു​ക​ളെ​ക്കു​റിച്ച് നമ്മൾ സമയ​മെ​ടുത്ത്‌ ശ്രദ്ധാ​പൂർവം പഠിക്കു​ക​യും അതെക്കു​റിച്ച് ധ്യാനി​ക്കു​ക​യും വേണം. (പ്രവൃ. 17:11; 1 തിമൊ. 4:15) പഠിപ്പി​ക്ക​ലിൽ വന്ന പ്രധാ​ന​മാ​റ്റം മാത്രം നമ്മൾ മനസ്സി​ലാ​ക്കി​യാൽ പോരാ. പകരം പഴയതും പുതി​യ​തും തമ്മിലുള്ള ചെറി​യ​ചെ​റിയ വ്യത്യാ​സ​ങ്ങൾപോ​ലും മനസ്സി​ലാ​ക്കണം. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ നമുക്കു വെളി​പ്പെ​ടു​ത്തി​ക്കി​ട്ടിയ ആ പുതിയ സത്യം നമ്മുടെ ശേഖര​ത്തിൽ എന്നും സുരക്ഷി​ത​മാ​യി​രി​ക്കും. നമ്മൾ ഇത്രമാ​ത്രം പരി​ശ്ര​മി​ക്കു​ന്ന​തു​കൊണ്ട് എന്തെങ്കി​ലും പ്രയോ​ജ​ന​മു​ണ്ടോ?

17, 18. പരിശു​ദ്ധാ​ത്മാ​വി​നു നമ്മളെ എങ്ങനെ സഹായി​ക്കാൻ കഴിയും?

17 നമ്മൾ പഠിച്ച കാര്യങ്ങൾ ദൈവാ​ത്മാ​വി​നു നമ്മുടെ ഓർമ​യി​ലേക്കു കൊണ്ടു​വ​രാൻ കഴിയു​മെന്നു യേശു പഠിപ്പി​ച്ചു. (യോഹ. 14:25, 26) മറ്റുള്ള​വരെ സന്തോ​ഷ​വാർത്ത അറിയി​ക്കുന്ന നമ്മളെ ഇത്‌ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌? പീറ്റർ എന്ന സഹോ​ദ​രന്‍റെ അനുഭവം നോക്കുക. 1970-ൽ 19 വയസ്സു​ള്ള​പ്പോൾ അദ്ദേഹം ബ്രിട്ട​നി​ലെ ബഥേലിൽ സേവി​ക്കാൻ തുടങ്ങി. ആയിടെ വീടു​തോ​റും പ്രസം​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ മധ്യവ​യ​സ്‌ക​നായ ഒരു താടി​ക്കാ​രനെ പീറ്റർ കണ്ടുമു​ട്ടി. ബൈബിൾ പഠിക്കാൻ താത്‌പ​ര്യ​മു​ണ്ടോ എന്നു പീറ്റർ ആ വ്യക്തി​യോ​ടു ചോദി​ച്ചു. ആ ചോദ്യം അദ്ദേഹ​ത്തിന്‌ അത്ര രസിച്ചില്ല. കാരണം അദ്ദേഹം ഒരു ജൂതറ​ബ്ബി​യാ​യി​രു​ന്നു. പീറ്ററി​നെ ഒന്നു പരീക്ഷി​ക്കാൻ അദ്ദേഹം തീരു​മാ​നി​ച്ചു. അദ്ദേഹം ചോദി​ച്ചു: “മോന്‌ ദാനി​യേൽ പുസ്‌തകം ഏതു ഭാഷയി​ലാണ്‌ എഴുതി​യ​തെന്ന് അറിയാ​മോ?” പീറ്റർ പറഞ്ഞു: “അരമായ ഭാഷയി​ലാണ്‌ ഒരു ഭാഗം എഴുതി​യത്‌.” ആ സംഭവ​ത്തെ​ക്കു​റിച്ച് പീറ്റർ ഓർക്കു​ന്നു: “എനിക്ക് അതിന്‍റെ ഉത്തരം അറിയാ​മെന്ന് ഒട്ടും പ്രതീ​ക്ഷി​ക്കാ​ഞ്ഞ​തു​കൊണ്ട് റബ്ബി അത്ഭുത​പ്പെ​ട്ടു​പോ​യി. പക്ഷേ അതി​നെ​ക്കാൾ അതിശ​യി​ച്ചു​പോ​യതു ഞാനാണ്‌. കാരണം ആ ഉത്തരം എങ്ങനെ​യാ​ണു പറയാൻ കഴിഞ്ഞ​തെന്ന് എനിക്കു​തന്നെ അറിയി​ല്ലാ​യി​രു​ന്നു. ഞാൻ വീട്ടിൽ ചെന്ന് മുൻമാ​സ​ങ്ങ​ളിൽ വന്ന വീക്ഷാ​ഗോ​പു​ര​ത്തി​ന്‍റെ​യും ഉണരുക!-യുടെ​യും ലക്കങ്ങൾ എടുത്തു​നോ​ക്കി. അപ്പോൾ, ദാനി​യേൽ പുസ്‌ത​ക​ത്തി​ന്‍റെ ഒരു ഭാഗം അരമായ ഭാഷയി​ലാണ്‌ എഴുതി​യ​തെന്നു പറയുന്ന ഒരു ലേഖനം ഞാൻ കണ്ടെത്തി.” (ദാനി. 2:4, അടിക്കു​റിപ്പ്) അതെ, നമ്മൾ മുമ്പ് വായിച്ച് നമ്മുടെ അമൂല്യ​ശേ​ഖ​ര​ത്തി​ലേക്കു നിക്ഷേ​പിച്ച ആശയങ്ങൾ ഓർമ​യി​ലേക്കു തിരി​കെ​ക്കൊ​ണ്ടു​വ​രാൻ പരിശു​ദ്ധാ​ത്മാ​വി​നു കഴിയും.—ലൂക്കോ. 12:11, 12; 21:13-15.

18 യഹോവ പഠിപ്പി​ക്കുന്ന സത്യങ്ങളെ അമൂല്യ​മാ​യി കാണു​ന്നെ​ങ്കിൽ നമ്മുടെ ‘അമൂല്യ​ശേ​ഖരം’ പുതി​യ​തും പഴയതും ആയ സത്യങ്ങൾകൊണ്ട് നിറയ്‌ക്കാൻ നമുക്കു തോന്നും. ആ സത്യങ്ങളെ കൂടുതൽ സ്‌നേ​ഹി​ക്കു​ക​യും വിലമ​തി​ക്കു​ക​യും ചെയ്യു​മ്പോൾ മറ്റുള്ള​വരെ പഠിപ്പി​ക്കാൻ നമ്മൾ കൂടുതൽ സജ്ജരാ​കും.

നിങ്ങളു​ടെ നിക്ഷേ​പങ്ങൾ കാത്തു​സൂ​ക്ഷി​ക്കു​ക

19. നമ്മുടെ ആത്മീയ​നി​ക്ഷേ​പ​ങ്ങളെ നമ്മൾ സംരക്ഷി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

19 ആത്മീയ​മായ നിക്ഷേ​പ​ങ്ങളെ അഥവാ നിധി​കളെ മൂല്യ​മു​ള്ള​താ​യി കാണേ​ണ്ട​തി​ന്‍റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച് നമ്മൾ ഈ ലേഖന​ത്തിൽ പഠിച്ചു. എന്നാൽ ആ നിക്ഷേ​പ​ങ്ങ​ളോ​ടുള്ള നമ്മുടെ വിലമ​തി​പ്പു നഷ്ടപ്പെ​ടു​ത്തി​ക്ക​ള​യാൻ സാത്താ​നും അവന്‍റെ ലോക​വും നിരന്തരം ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. നമ്മളും അതിൽ വീണു​പോ​യേ​ക്കാം. ധാരാളം പണം സമ്പാദി​ക്കാൻ കഴിയുന്ന ഒരു ജോലി, ആഡംബ​ര​ജീ​വി​തം, വസ്‌തു​വ​കകൾ പ്രദർശി​പ്പി​ക്കാ​നുള്ള ആഗ്രഹം ഇതൊക്കെ നമ്മളെ എളുപ്പം വശീക​രി​ച്ചേ​ക്കാ​വുന്ന കെണി​ക​ളാണ്‌. എന്നാൽ ഈ ലോക​വും അതിന്‍റെ മോഹ​ങ്ങ​ളും നീങ്ങി​പ്പോ​കു​ന്നെന്ന് അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ നമ്മളെ ഓർമി​പ്പി​ക്കു​ന്നു. (1 യോഹ. 2:15-17) അതു​കൊണ്ട് ആത്മീയ​നി​ക്ഷേ​പ​ങ്ങ​ളോ​ടുള്ള സ്‌നേ​ഹ​വും വിലമ​തി​പ്പും ഒരിക്ക​ലും നഷ്ടപ്പെ​ടാ​തി​രി​ക്കാൻ നമ്മൾ കഠിന​ശ്രമം ചെയ്യണം. അങ്ങനെ നമ്മൾ അവയെ സംരക്ഷി​ക്കണം.

20. നിങ്ങളു​ടെ ആത്മീയ​നി​ക്ഷേ​പങ്ങൾ കാത്തു​സൂ​ക്ഷി​ക്കാൻ നിങ്ങൾ എന്താണു ചെയ്യാൻപോ​കു​ന്നത്‌?

20 ദൈവ​രാ​ജ്യ​ത്തോ​ടു നിങ്ങൾക്കുള്ള ആത്മാർഥ​മായ സ്‌നേഹം നഷ്ടപ്പെ​ടു​ത്താൻ ഒന്നി​നെ​യും അനുവ​ദി​ക്ക​രുത്‌, അങ്ങനെ​യു​ള്ള​തെ​ല്ലാം വിട്ടു​ക​ള​യാൻ സന്നദ്ധരാ​കുക. ഉത്സാഹ​ത്തോ​ടെ പ്രസം​ഗി​ക്കു​ന്ന​തിൽ തുടരുക, ജീവര​ക്ഷാ​ക​ര​മായ ശുശ്രൂ​ഷ​യോ​ടുള്ള നമ്മുടെ വിലമ​തിപ്പ് ഒരിക്ക​ലും നഷ്ടപ്പെ​ടു​ത്ത​രുത്‌. ദിവ്യ​സ​ത്യ​ങ്ങൾക്കു​വേണ്ടി ആത്മാർഥ​മാ​യി അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കുക. ഇങ്ങനെ​യെ​ല്ലാം ചെയ്യു​ന്നെ​ങ്കിൽ നിങ്ങൾ ‘സ്വർഗ​ത്തിൽ നിക്ഷേപം സ്വരൂ​പി​ക്കു​ക​യാ​യി​രി​ക്കും.’ “അവിടെ കള്ളൻ കയറു​ക​യോ കീടങ്ങൾ നാശം വരുത്തു​ക​യോ ഇല്ലല്ലോ. നിങ്ങളു​ടെ നിക്ഷേപം എവി​ടെ​യാ​ണോ അവി​ടെ​യാ​യി​രി​ക്കും നിങ്ങളു​ടെ ഹൃദയ​വും.”—ലൂക്കോ. 12:33, 34.