വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്ഷമയോ​ടെ കാത്തി​രി​ക്കാൻ നിങ്ങൾ തയ്യാറാ​ണോ?

ക്ഷമയോ​ടെ കാത്തി​രി​ക്കാൻ നിങ്ങൾ തയ്യാറാ​ണോ?

“നിങ്ങളും ക്ഷമയോ​ടി​രി​ക്കുക.”​—യാക്കോ. 5:8.

ഗീതങ്ങൾ: 114, 79

1, 2. (എ) “എത്ര കാലം” എന്നു നമ്മൾ ചോദി​ച്ചു​പോ​കാ​നുള്ള കാരണം എന്തായി​രി​ക്കാം? (ബി) പുരാ​ത​ന​കാ​ലത്തെ വിശ്വ​സ്‌ത​ദാ​സ​രു​ടെ മാതൃക നമുക്ക് ആശ്വാസം തരുന്നത്‌ എന്തു​കൊണ്ട്?

“എത്ര നാൾ?” “എത്ര കാലം?” വിശ്വസ്‌തപ്രവാചകന്മാരായ യശയ്യയും ഹബക്കൂ​ക്കും ചോദിച്ച ചോദ്യ​ങ്ങ​ളാണ്‌ ഇവ. (യശ. 6:11; ഹബ. 1:2) 13-‍ാ‍ം സങ്കീർത്ത​ന​ത്തിൽ ദാവീദ്‌ രാജാ​വും ഇതേ ചോദ്യ​ങ്ങൾ നാലു പ്രാവ​ശ്യം ചോദി​ച്ചു. (സങ്കീ. 13: 1, 2) എന്തിന്‌, നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​പോ​ലും ചുറ്റു​മു​ള്ള​വ​രു​ടെ വിശ്വാ​സ​മി​ല്ലായ്‌മ കണ്ടപ്പോൾ അതു​പോ​ലെ ചോദി​ച്ചു​പോ​യി. (മത്താ. 17:17) അതു​കൊണ്ട് നമ്മുടെ മനസ്സി​ലും ഇടയ്‌ക്കൊ​ക്കെ ഇതേ ചോദ്യം ഉയർന്നു​വ​ന്നാൽ അതിൽ അത്ഭുത​പ്പെ​ടാ​നില്ല.

2 ആകട്ടെ, “എത്ര കാലം” എന്നു നമ്മൾ ചോദി​ച്ചു​പോ​കാ​നുള്ള കാരണം എന്തായി​രി​ക്കാം? ചില​പ്പോൾ നമുക്ക് ഏതെങ്കി​ലും അന്യായം സഹി​ക്കേ​ണ്ടി​വ​ന്നു​കാ​ണും. അല്ലെങ്കിൽ പ്രായ​ത്തി​ന്‍റെ അവശതകൾ, രോഗങ്ങൾ, ഇപ്പോ​ഴത്തെ ‘ബുദ്ധി​മു​ട്ടു നിറഞ്ഞ സമയത്ത്‌’ ജീവി​ക്കു​ന്ന​തി​ന്‍റെ സമ്മർദങ്ങൾ എന്നിവ​യു​മാ​യി നമ്മൾ മല്ലിടു​ക​യാ​യി​രി​ക്കും. (2 തിമൊ. 3:1) ചുറ്റു​മുള്ള ആളുക​ളു​ടെ മോശ​മായ മനോ​ഭാ​വ​വും നമ്മളെ മടുപ്പി​ക്കു​ക​യും തളർത്തു​ക​യും ചെയ്യു​ന്നു​ണ്ടാ​കും. കാരണം എന്തുത​ന്നെ​യാ​യാ​ലും, നമ്മുടെ മനസ്സിൽ ഉയർന്നു​വ​ന്നേ​ക്കാ​വുന്ന ഇതേ ചോദ്യ​ങ്ങൾ മുൻകാ​ല​ങ്ങ​ളി​ലെ വിശ്വ​സ്‌ത​രായ ദൈവ​ദാ​സ​രും തുറന്നു​ചോ​ദി​ച്ചെ​ന്നും അങ്ങനെ ചോദി​ച്ച​തിന്‌ യഹോവ അവരെ കുറ്റ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും അറിയു​ന്നത്‌ എത്ര ആശ്വാ​സ​മാണ്‌.

3. ബുദ്ധി​മു​ട്ടു​ക​ളു​ണ്ടാ​കു​മ്പോൾ നമ്മളെ എന്തു സഹായി​ക്കും?

3 പക്ഷേ ബുദ്ധി​മു​ട്ടു നിറഞ്ഞ സാഹച​ര്യ​ങ്ങൾ ജീവി​ത​ത്തി​ലു​ണ്ടാ​യാൽ നമ്മളെ എന്തു സഹായി​ക്കും? യേശു​വി​ന്‍റെ അർധസ​ഹോ​ദ​ര​നായ യാക്കോബ്‌ ദൈവ​പ്ര​ചോ​ദ​ന​ത്താൽ ഇങ്ങനെ രേഖ​പ്പെ​ടു​ത്തി: “സഹോ​ദ​ര​ങ്ങളേ, കർത്താ​വി​ന്‍റെ സാന്നി​ധ്യം​വരെ ക്ഷമയോ​ടി​രി​ക്കുക.” (യാക്കോ. 5:7) അതെ, നമു​ക്കെ​ല്ലാം വേണ്ട ഗുണമാ​ണു ക്ഷമ. എന്നാൽ നമുക്ക് ഈ ദൈവി​ക​ഗു​ണ​മു​ണ്ടെന്ന് എങ്ങനെ തെളി​യി​ക്കാം?

എന്താണു ക്ഷമ?

4, 5. (എ) ക്ഷമയു​ള്ള​വ​രാ​യി​രി​ക്കുക എന്നാൽ എന്താണ്‌ അർഥം? (ബി) ക്ഷമയുടെ ഒരു വശത്തെ​ക്കു​റിച്ച് വിശദീ​ക​രി​ക്കാൻ യാക്കോബ്‌ ഏതു ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

4 ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച് പരിശു​ദ്ധാ​ത്മാവ്‌ നൽകുന്ന ഒരു ഗുണമാ​ണു ക്ഷമ. ദൈവ​ത്തി​ന്‍റെ സഹായ​മി​ല്ലാ​തെ അപൂർണ​മ​നു​ഷ്യർക്ക് അങ്ങേയറ്റം വിഷമം​പി​ടിച്ച സാഹച​ര്യ​ങ്ങ​ളിൽ ക്ഷമ കാണി​ക്കുക ബുദ്ധി​മു​ട്ടാ​യി​രി​ക്കും. ക്ഷമ ദൈവ​ത്തിൽനി​ന്നുള്ള ഒരു സമ്മാന​മാണ്‌. ക്ഷമ കാണി​ക്കു​ന്നെ​ങ്കിൽ നമ്മൾ ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നെന്നു തെളി​യി​ക്കു​ക​യാ​യി​രി​ക്കും. ക്ഷമ മറ്റുള്ള​വ​രോ​ടുള്ള സ്‌നേ​ഹ​ത്തി​ന്‍റെ​യും തെളി​വാണ്‌. എപ്പോ​ഴും മറ്റുള്ള​വ​രോ​ടു ക്ഷമയി​ല്ലാ​തെ പെരു​മാ​റു​ന്നതു സ്‌നേ​ഹ​ബ​ന്ധങ്ങൾ തകർക്കും. ക്ഷമയാ​കട്ടെ, സ്‌നേ​ഹ​ബ​ന്ധങ്ങൾ ശക്തമാ​ക്കും. (1 കൊരി. 13:4; ഗലാ. 5:22) ക്ഷമയിൽ പ്രധാ​ന​പ്പെട്ട മറ്റു പല ക്രിസ്‌തീ​യ​ഗു​ണ​ങ്ങ​ളും ഇഴുകി​ച്ചേർന്നി​ട്ടുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, അതിനു സഹനശ​ക്തി​യു​മാ​യി അടുത്ത ബന്ധമുണ്ട്. പ്രശ്‌ന​പൂ​രി​ത​മായ സാഹച​ര്യ​ങ്ങ​ളി​ലും ശുഭാ​പ്‌തി​വി​ശ്വാ​സം നഷ്ടപ്പെ​ടാ​തെ പിടി​ച്ചു​നിൽക്കാൻ സഹനശ​ക്തി​യെന്ന ആ ഗുണം സഹായി​ക്കും. (കൊലോ. 1:11; യാക്കോ. 1:3, 4) ഇനി, മോശ​മായ പെരു​മാ​റ്റ​ത്തിന്‌ ഇരയാ​യാ​ലും പകരത്തി​നു പകരം ചെയ്യാ​തി​രി​ക്കു​ന്ന​തും എന്തൊക്കെ സംഭവി​ച്ചാ​ലും യഹോ​വ​യോ​ടുള്ള വിശ്വ​സ്‌ത​ത​യ്‌ക്ക് ഇളക്കം​ത​ട്ടാ​തെ നോക്കു​ന്ന​തും ക്ഷമയിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. ക്ഷമയുടെ മറ്റൊരു വശത്തെ​ക്കു​റി​ച്ചും ബൈബിൾ നമ്മളോ​ടു പറയു​ന്നുണ്ട്. കാത്തി​രി​ക്കേ​ണ്ടി​വ​രു​മെന്ന വസ്‌തുത നമ്മൾ മനസ്സോ​ടെ അംഗീ​ക​രി​ക്കണം എന്നതാണ്‌ അത്‌. ഇതെക്കു​റി​ച്ചാ​ണു യാക്കോബ്‌ 5:7, 8-ൽ (വായി​ക്കുക.) പറഞ്ഞി​രി​ക്കു​ന്നത്‌.

5 യഹോവ കാര്യങ്ങൾ ചെയ്യു​ന്ന​തി​നു​വേണ്ടി നമ്മൾ കാത്തി​രി​ക്കണം. ഈ വസ്‌തുത നമ്മൾ മനസ്സോ​ടെ അംഗീ​ക​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്? യാക്കോബ്‌ നമ്മുടെ സാഹച​ര്യ​ത്തെ ഒരു കൃഷി​ക്കാ​ര​ന്‍റേ​തു​മാ​യി താരത​മ്യ​പ്പെ​ടു​ത്തു​ന്നു. കൃഷി​ക്കാ​രൻ വിത്തു വിതയ്‌ക്കാൻ വളരെ അധ്വാ​നി​ക്കു​ന്നെ​ങ്കി​ലും അദ്ദേഹ​ത്തി​നു കാലാ​വ​സ്ഥ​യു​ടെ മേൽ നിയ​ന്ത്ര​ണ​മില്ല, ചെടികൾ പെട്ടെന്നു വളരാൻ അധിക​മൊ​ന്നും ചെയ്യാ​നു​മാ​കില്ല. അതു​പോ​ലെ സമയം പെട്ടെന്നു കടന്നു​പോ​കാൻ എന്തെങ്കി​ലും ചെയ്യാ​നും അദ്ദേഹ​ത്തി​നു കഴിയില്ല. “ഭൂമി​യി​ലെ വില​യേ​റിയ ഫലങ്ങൾക്കാ​യി” ക്ഷമയോ​ടെ കാത്തി​രി​ക്ക​ണ​മെന്ന വസ്‌തുത അദ്ദേഹം അംഗീ​ക​രി​ക്കു​ന്നു. യഹോ​വ​യു​ടെ വാഗ്‌ദാ​നങ്ങൾ നിറ​വേ​റി​ക്കാ​ണാ​നുള്ള നമ്മുടെ കാത്തി​രി​പ്പും അതു​പോ​ലെ​ത​ന്നെ​യാണ്‌. കാരണം പല കാര്യ​ങ്ങ​ളും നമ്മുടെ നിയ​ന്ത്ര​ണ​ത്തിന്‌ അപ്പുറ​മാണ്‌. (മർക്കോ. 13:32, 33; പ്രവൃ. 1:7) ആ കൃഷി​ക്കാ​ര​നെ​പ്പോ​ലെ നമ്മളും ക്ഷമയോ​ടെ കാത്തി​രി​ക്കണം.

6. മീഖ പ്രവാ​ച​കന്‍റെ മാതൃ​ക​യിൽനിന്ന് നമുക്ക് എന്തു പഠിക്കാം?

6 ഇന്നത്തെ സാഹച​ര്യ​ങ്ങൾ പ്രവാ​ച​ക​നായ മീഖയു​ടെ കാല​ത്തേ​തു​പോ​ലെ​യാണ്‌. ദുഷ്ടനായ ആഹാസ്‌ രാജാവ്‌ ഭരണം നടത്തി​യി​രുന്ന കാലത്താണ്‌ ആ പ്രവാ​ചകൻ ജീവി​ച്ചി​രു​ന്നത്‌. എല്ലാ തരം വഷളത്ത​വും കൊടി​കു​ത്തി​വാ​ണി​രുന്ന ഒരു കാലം. അന്നുണ്ടാ​യി​രുന്ന ആളുകൾക്കു “തെറ്റു ചെയ്യാൻ . . . പ്രത്യേ​ക​മി​ടു​ക്കാണ്‌” എന്നു​പോ​ലും ബൈബിൾ പറയുന്നു. (മീഖ 7:1-3 വായി​ക്കുക.) ഈ അവസ്ഥ മാറ്റാൻ തനിക്കു പ്രത്യേ​കിച്ച് ഒന്നും ചെയ്യാ​നാ​കി​ല്ലെന്നു മീഖ മനസ്സി​ലാ​ക്കി. പിന്നെ അദ്ദേഹ​ത്തിന്‌ എന്തു ചെയ്യാൻ കഴിയു​മാ​യി​രു​ന്നു? മീഖ പറയുന്നു: “എന്നാൽ ഞാൻ യഹോ​വ​യ്‌ക്കാ​യി കാത്തു​കാ​ത്തി​രി​ക്കും. എനിക്കു രക്ഷയേ​കുന്ന ദൈവ​ത്തി​നാ​യി ഞാൻ ക്ഷമയോ​ടെ കാത്തി​രി​ക്കും. എന്‍റെ ദൈവം എന്‍റെ വിളി കേൾക്കും.” (മീഖ 7:7) മീഖ​യെ​പ്പോ​ലെ നമ്മളും ‘ക്ഷമയോ​ടെ കാത്തി​രി​ക്കണം.’

7. നമ്മൾ യഹോ​വ​യു​ടെ വാഗ്‌ദാ​നങ്ങൾ നിറ​വേ​റി​ക്കാ​ണാൻ വെറുതേ കാത്തി​രി​ക്കു​ന്ന​തു​കൊണ്ട് മാത്ര​മാ​യില്ല എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്?

7 മീഖ​യെ​പ്പോ​ലെ വിശ്വാ​സ​മു​ണ്ടെ​ങ്കിൽ യഹോ​വ​യ്‌ക്കു​വേണ്ടി കാത്തി​രി​ക്കാൻ നമ്മൾ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കും. വധശി​ക്ഷ​യും കാത്ത്‌ ജയിലിൽ കഴിയുന്ന ഒരു തടവു​കാ​ര​നെ​പ്പോ​ലെയല്ല നമ്മൾ. മറ്റു നിർവാ​ഹ​മൊ​ന്നു​മി​ല്ലാ​ത്ത​തു​കൊ​ണ്ടാണ്‌ അയാൾ കാത്തി​രി​ക്കു​ന്നത്‌. വധശി​ക്ഷ​യു​ടെ ആ ദിവസം വന്നുകാ​ണാൻ അയാൾ തീരെ ആഗ്രഹി​ക്കു​ന്നു​മില്ല. എന്നാൽ നമ്മുടെ കാര്യം അതു​പോ​ലെയല്ല. നമുക്കു തന്നിരി​ക്കുന്ന നിത്യ​ജീ​വന്‍റെ വാഗ്‌ദാ​നം തക്കസമ​യത്ത്‌ യഹോവ നിറ​വേ​റ്റു​മെന്ന് ഉറപ്പു​ള്ള​തു​കൊണ്ട് നമ്മൾ സന്തോ​ഷ​ത്തോ​ടെ​യാണ്‌ യഹോ​വ​യ്‌ക്കു​വേണ്ടി കാത്തി​രി​ക്കു​ന്നത്‌. അതെ, നമ്മൾ ‘എല്ലാം സന്തോ​ഷ​ത്തോ​ടെ​യും ക്ഷമയോ​ടെ​യും സഹിക്കു​ന്നു.’ (കൊലോ. 1:11, 12) എന്നാൽ അതിനു പകരം, യഹോവ നടപടി​യെ​ടു​ക്കാൻ വൈകു​ക​യാ​ണെന്ന പരാതി​യോ​ടെ​യും പരിഭ​വ​ത്തോ​ടെ​യും ആണ്‌ നമ്മൾ കാത്തി​രി​ക്കു​ന്ന​തെ​ങ്കിൽ ദൈവ​ത്തിന്‌ അത്‌ ഇഷ്ടമാ​കില്ല.—കൊലോ. 3:12.

ക്ഷമ കാണി​ച്ച​തി​ന്‍റെ നല്ല മാതൃ​ക​കൾ

8. പണ്ടുകാ​ലത്തെ വിശ്വ​സ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രെ​ക്കു​റിച്ച് പഠിക്കു​മ്പോൾ ഏതെല്ലാം കാര്യങ്ങൾ മനസ്സിൽപ്പി​ടി​ക്കു​ന്നതു നല്ലതാണ്‌?

8 യഹോ​വ​യു​ടെ വാഗ്‌ദാ​നങ്ങൾ നിറ​വേ​റി​ക്കാ​ണാൻ ക്ഷമയോ​ടെ കാത്തി​രുന്ന പണ്ടുകാ​ലത്തെ വിശ്വ​സ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രെ​ക്കു​റിച്ച് ഓർക്കു​ന്നതു സന്തോ​ഷ​ത്തോ​ടെ കാത്തി​രി​ക്കാൻ നമ്മളെ സഹായി​ക്കും. (റോമ. 15:4) അവരെ​ക്കു​റിച്ച് പഠിക്കു​മ്പോൾ പിൻവ​രുന്ന കാര്യ​ങ്ങൾക്കു പ്രത്യേ​ക​ശ്രദ്ധ കൊടു​ക്കുക: എത്ര കാലം അവർക്കു കാത്തി​രി​ക്കേ​ണ്ടി​വന്നു? അവർ സന്തോ​ഷ​ത്തോ​ടെ കാത്തി​രു​ന്നത്‌ എന്തു​കൊണ്ട്? ക്ഷമയോ​ടെ കാത്തി​രു​ന്ന​തു​കൊണ്ട് അവർക്ക് എന്തൊക്കെ അനു​ഗ്ര​ഹങ്ങൾ ലഭിച്ചു?

പേരക്കുട്ടികളായ ഏശാവി​ന്‍റെ​യും യാക്കോ​ബി​ന്‍റെ​യും ജനനം കാണാൻ അബ്രാ​ഹാ​മിന്‌ ഏറെ നാൾ കാത്തി​രി​ക്കേ​ണ്ടി​വന്നു (9, 10 ഖണ്ഡികകൾ കാണുക)

9, 10. യഹോവ പറഞ്ഞ ചില കാര്യങ്ങൾ നിറ​വേ​റു​ന്നതു കാണാൻ അബ്രാ​ഹാ​മി​നും സാറയ്‌ക്കും എത്രനാൾ കാത്തി​രി​ക്കേ​ണ്ടി​വന്നു?

9 നമുക്ക് ആദ്യം അബ്രാ​ഹാ​മി​ന്‍റെ​യും സാറയു​ടെ​യും മാതൃക നോക്കാം. ‘വിശ്വാ​സ​ത്തി​ലൂ​ടെ​യും ക്ഷമയി​ലൂ​ടെ​യും വാഗ്‌ദാ​നങ്ങൾ അവകാ​ശ​മാ​ക്കി​യ​വ​രിൽപ്പെ​ട്ട​വ​രാണ്‌’ ഇവരും. യഹോവ തന്നെ അനു​ഗ്ര​ഹി​ക്കു​മെ​ന്നും തന്‍റെ സന്തതിയെ വർധി​പ്പി​ക്കു​മെ​ന്നും ഉള്ള വാഗ്‌ദാ​നം അബ്രാ​ഹാ​മി​നു ലഭിച്ചതു “ക്ഷമയോ​ടെ കാത്തി​രു​ന്ന​ശേ​ഷ​മാണ്‌” എന്നു ബൈബിൾ പറയുന്നു. (എബ്രാ. 6:12, 15) വാഗ്‌ദാ​നം നിറ​വേ​റു​ന്ന​തി​നും സമയ​മെ​ടു​ത്തു. അതു​കൊണ്ട് അബ്രാ​ഹാം വീണ്ടും ക്ഷമയോ​ടെ കാത്തി​രി​ക്ക​ണ​മാ​യി​രു​ന്നു. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? യഹോവ അബ്രാ​ഹാ​മി​നോ​ടു ചെയ്‌ത ഉടമ്പടി പ്രാബ​ല്യ​ത്തിൽ വന്നത്‌ അബ്രാ​ഹാ​മും സാറയും വീട്ടി​ലു​ള്ള​വ​രും യൂഫ്ര​ട്ടീസ്‌ നദി കുറുകെ കടന്ന് വാഗ്‌ദ​ത്ത​ദേ​ശത്ത്‌ പ്രവേ​ശിച്ച ബി.സി. 1943 നീസാൻ 14-നാണ്‌. അതിനു ശേഷം 25 വർഷം കാത്തി​രു​ന്നി​ട്ടാണ്‌ അബ്രാ​ഹാ​മി​നു മകനായ യിസ്‌ഹാക്ക് ജനിച്ചത്‌. ബി.സി. 1918-ലായി​രു​ന്നു അത്‌. ഇനി, പേരക്കി​ടാ​ങ്ങ​ളായ ഏശാവും യാക്കോ​ബും ജനിച്ച​തോ? അതിന്‌ അബ്രാ​ഹാ​മി​നു ബി.സി. 1858 വരെ കാത്തി​രി​ക്കേ​ണ്ടി​വന്നു, വീണ്ടും ഒരു 60 വർഷം.—എബ്രാ. 11:9.

10 വാഗ്‌ദ​ത്ത​ദേ​ശ​ത്തി​ന്‍റെ എത്ര​ത്തോ​ളം ഭാഗം അബ്രാ​ഹാ​മിന്‌ ഓഹരി​യാ​യി കിട്ടി? ബൈബിൾ പറയുന്നു: “ആ സമയത്ത്‌ ദൈവം അബ്രാ​ഹാ​മിന്‌ അവിടെ ഒരു ഓഹരി​യും കൊടു​ത്തില്ല, ഒരു അടി മണ്ണു​പോ​ലും. എന്നാൽ അബ്രാ​ഹാ​മി​നും അബ്രാ​ഹാ​മി​ന്‍റെ ശേഷം അദ്ദേഹ​ത്തി​ന്‍റെ സന്തതി​ക്കും ആ ദേശം അവകാ​ശ​മാ​യി കൊടു​ക്കു​മെന്ന് അബ്രാ​ഹാ​മി​നു മക്കളി​ല്ലാ​തി​രി​ക്കെ​ത്തന്നെ ദൈവം വാഗ്‌ദാ​നം ചെയ്‌തു.” (പ്രവൃ. 7:5) ആ ദേശം കൈവ​ശ​മാ​ക്കു​മാ​യി​രുന്ന അബ്രാ​ഹാ​മി​ന്‍റെ പിൻത​ല​മു​റ​ക്കാർ ഒരു ജനതയാ​യി സംഘടി​ത​രാ​യത്‌ അബ്രാ​ഹാം യൂഫ്ര​ട്ടീസ്‌ കടന്ന് 430 വർഷം കഴിഞ്ഞി​ട്ടാണ്‌.—പുറ. 12:40-42; ഗലാ. 3:17.

11. യഹോ​വ​യ്‌ക്കു​വേണ്ടി കാത്തി​രി​ക്കാൻ അബ്രാ​ഹാം തയ്യാറാ​യത്‌ എന്തു​കൊണ്ട്, ക്ഷമ കാണി​ച്ച​തു​കൊണ്ട് എന്തെല്ലാം അനു​ഗ്ര​ഹ​ങ്ങ​ളാണ്‌ അബ്രാ​ഹാ​മി​നെ കാത്തി​രി​ക്കു​ന്നത്‌?

11 അബ്രാ​ഹാം കാത്തി​രി​ക്കാൻ തയ്യാറാ​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം അബ്രാ​ഹാ​മി​ന്‍റെ ക്ഷമയുടെ അടിസ്ഥാ​നം യഹോ​വ​യി​ലുള്ള വിശ്വാ​സ​മാ​യി​രു​ന്നു. (എബ്രായർ 11:8-12 വായി​ക്കുക.) യഹോവ കൊടുത്ത എല്ലാ വാഗ്‌ദാ​ന​ങ്ങ​ളും നിറ​വേ​റു​ന്നതു കാണാൻ തന്‍റെ ജീവി​ത​കാ​ലത്ത്‌ അബ്രാ​ഹാ​മി​നു കഴിഞ്ഞി​ല്ലെ​ങ്കി​ലും കാത്തി​രി​ക്കാൻ അബ്രാ​ഹാ​മി​നു സന്തോ​ഷമേ ഉണ്ടായി​രു​ന്നു​ള്ളൂ. ഇനി, അബ്രാ​ഹാം പറുദീ​സാ​ഭൂ​മി​യി​ലേക്കു പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രു​മ്പോ​ഴോ? അദ്ദേഹ​ത്തി​നു സന്തോ​ഷി​ക്കാൻ നിരവധി കാരണ​ങ്ങ​ളു​ണ്ടാ​യി​രി​ക്കും. തന്‍റെ ജീവി​ത​ക​ഥ​യും തന്‍റെ പിൻത​ല​മു​റ​ക്കാ​രു​ടെ ചരി​ത്ര​വും രേഖ​പ്പെ​ടു​ത്താൻവേണ്ടി മാത്രം ബൈബി​ളി​ന്‍റെ നല്ലൊരു ഭാഗം നീക്കി​വെ​ച്ചെന്ന് അറിയു​മ്പോൾ അദ്ദേഹം അത്ഭുത​പ്പെ​ട്ടു​പോ​കും. * വാഗ്‌ദ​ത്ത​സ​ന്ത​തി​യു​മാ​യി ബന്ധപ്പെട്ട യഹോ​വ​യു​ടെ ഉദ്ദേശ്യം നിറ​വേ​റു​ന്ന​തിൽ തന്‍റെ പങ്ക് എത്ര വലുതാ​യി​രു​ന്നെന്ന് ആദ്യമാ​യി അറിയു​മ്പോൾ അദ്ദേഹ​ത്തി​നു​ണ്ടാ​കുന്ന ആവേശം ഒന്ന് ഓർത്തു​നോ​ക്കൂ! കുറച്ച​ധി​കം നാൾ കാത്തി​രി​ക്കേ​ണ്ടി​വ​ന്നെ​ങ്കി​ലും അതിനു മൂല്യ​മു​ണ്ടാ​യി​രു​ന്നെന്ന് അദ്ദേഹം തിരി​ച്ച​റി​യും.

12, 13. യോ​സേ​ഫി​നു ക്ഷമ ആവശ്യ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്, ഏതു നല്ല മനോ​ഭാ​വ​മാ​ണു യോ​സേ​ഫി​നു​ണ്ടാ​യി​രു​ന്നത്‌?

12 അബ്രാ​ഹാ​മി​ന്‍റെ പേരക്കി​ടാ​വി​ന്‍റെ മകനായ യോ​സേ​ഫും ക്ഷമയോ​ടെ കാത്തി​രി​ക്കാൻ തയ്യാറാ​യി​രു​ന്നു. കടുത്ത ചില അനീതി​കൾക്കി​ര​യാ​കേ​ണ്ടി​വന്ന വ്യക്തി​യാ​യി​രു​ന്നു അദ്ദേഹം. ഏതാണ്ട് 17 വയസ്സു​ണ്ടാ​യി​രു​ന്ന​പ്പോൾ ചേട്ടന്മാർ അദ്ദേഹത്തെ ഒരു അടിമ​യാ​യി വിറ്റു​ക​ളഞ്ഞു. പിന്നീട്‌ യജമാ​നന്‍റെ ഭാര്യയെ മാനഭം​ഗ​പ്പെ​ടു​ത്താൻ ശ്രമിച്ചു എന്നൊരു വ്യാജാ​രോ​പണം ഉയർന്നു. ഒടുവിൽ യോ​സേഫ്‌ ജയിലി​ലു​മാ​യി. (ഉൽപ. 39:11-20; സങ്കീ. 105:17, 18) ശരിയായ കാര്യങ്ങൾ ചെയ്‌തി​ട്ടും അദ്ദേഹ​ത്തിന്‌ അനു​ഗ്ര​ഹ​ങ്ങൾക്കു പകരം ശിക്ഷക​ളാ​ണു കിട്ടി​യ​തെന്ന് ആർക്കും തോന്നി​പ്പോ​കു​മാ​യി​രു​ന്നു. എന്നാൽ 13 വർഷം കഴിഞ്ഞ​പ്പോൾ എല്ലാം പെട്ടെന്നു മാറി​മ​റി​ഞ്ഞു. ജയിൽമോ​ചി​ത​നായ അദ്ദേഹം, ഈജി​പ്‌തി​ലെ രാജാവ്‌ കഴിഞ്ഞാൽ ഏറ്റവും അധികാ​ര​മുള്ള വ്യക്തി​യാ​യി​ത്തീർന്നു.—ഉൽപ. 41:14, 37-43; പ്രവൃ. 7:9, 10.

13 അത്തരം അനീതി​കൾ നേരി​ട്ട​പ്പോൾ യോ​സേ​ഫി​നു രോഷം തോന്നി​യോ? ദൈവ​മായ യഹോ​വ​യി​ലുള്ള ആശ്രയം നഷ്ടമാ​യോ? ഇല്ല. യോ​സേഫ്‌ ക്ഷമയോ​ടെ കാത്തി​രു​ന്നു. എന്താണ്‌ അതിനു സഹായി​ച്ചത്‌? യഹോ​വ​യി​ലുള്ള വിശ്വാ​സം. യഹോ​വ​യു​ടെ കൈ, കാര്യ​ങ്ങളെ നയിക്കു​ന്നതു യോ​സേ​ഫി​നു കാണാ​നാ​യി. അതു വ്യക്തമാ​ക്കു​ന്ന​താ​ണു സഹോ​ദ​ര​ന്മാ​രോ​ടുള്ള യോ​സേ​ഫി​ന്‍റെ ഈ വാക്കുകൾ: “എന്തിനാ​ണു നിങ്ങൾ ഭയപ്പെ​ടു​ന്നത്‌, ഞാൻ എന്താ ദൈവ​ത്തി​ന്‍റെ സ്ഥാനത്താ​ണോ? നിങ്ങൾ എന്നെ ദ്രോ​ഹി​ക്കാൻ ശ്രമി​ച്ചെ​ങ്കി​ലും അതു ഗുണമാ​യി​ത്തീ​രാ​നും അനേക​രു​ടെ ജീവര​ക്ഷ​യ്‌ക്കു കാരണ​മാ​കാ​നും ദൈവം ഇടയാക്കി, അതാണു ദൈവം ഇന്നു ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നത്‌.” (ഉൽപ. 50:19, 20) അതെ, താൻ കാത്തി​രു​ന്നതു വെറു​തേ​യാ​യി​ല്ലെ​ന്നും അതിനു മൂല്യ​മു​ണ്ടാ​യി​രു​ന്നെ​ന്നും യോ​സേഫ്‌ തിരി​ച്ച​റി​ഞ്ഞു.

14, 15. (എ) ദാവീദ്‌ കാണിച്ച ക്ഷമ ശ്രദ്ധേ​യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? (ബി) ക്ഷമയോ​ടെ കാത്തി​രി​ക്കാൻ ദാവീ​ദി​നെ സഹായി​ച്ചത്‌ എന്ത്?

14 ദാവീദ്‌ രാജാ​വി​നും ധാരാളം അനീതി​കൾ സഹി​ക്കേ​ണ്ടി​വന്നു. യഹോവ ദാവീ​ദി​നെ നന്നേ ചെറു​പ്പ​ത്തിൽത്തന്നെ ഇസ്രാ​യേ​ലി​ന്‍റെ ഭാവി​രാ​ജാ​വാ​യി അഭി​ഷേകം ചെയ്‌തെ​ങ്കി​ലും ദാവീദ്‌ സ്വന്ത​ഗോ​ത്ര​ക്കാ​രു​ടെ മേൽ രാജാ​വാ​യ​തു​തന്നെ 15 വർഷ​ത്തോ​ളം കാത്തി​രു​ന്ന​തി​നു ശേഷമാണ്‌. (2 ശമു. 2:3, 4) ആ കാലഘട്ടം എങ്ങനെ​യു​ള്ള​താ​യി​രു​ന്നു? തന്‍റെ ജീവ​നെ​ടു​ക്കാൻ തക്കംപാർത്ത്‌ നടക്കുന്ന ശൗൽ രാജാ​വി​ന്‍റെ കണ്ണിൽപ്പെ​ടാ​തെ ദാവീ​ദി​നു കുറെ​ക്കാ​ലം ഒളിച്ച് കഴി​യേ​ണ്ടി​വന്നു. * അന്യനാ​ട്ടി​ലും വിജന​ഭൂ​മി​യി​ലെ ഗുഹക​ളി​ലും ഒക്കെ ഒരു അഭയാർഥി​യെ​പ്പോ​ലെ ദാവീദ്‌ അലഞ്ഞു​ന​ടന്നു. പിന്നീട്‌ ശൗൽ യുദ്ധത്തിൽ കൊല്ല​പ്പെ​ട്ടെ​ങ്കി​ലും ഇസ്രാ​യേൽ ജനതയെ ഒട്ടാകെ ഭരിക്കാൻ ദാവീ​ദി​നു വീണ്ടും ഏഴു വർഷം​കൂ​ടെ കാത്തി​രി​ക്കേ​ണ്ടി​വന്നു.—2 ശമു. 5:4, 5.

15 ക്ഷമയോ​ടെ കാത്തി​രി​ക്കാൻ ദാവീദ്‌ തയ്യാറാ​യി​രു​ന്നത്‌ എന്തു​കൊണ്ട്? “എത്ര നാൾ,” “എത്ര കാലം” എന്നീ ചോദ്യ​ങ്ങൾ നാലു പ്രാവ​ശ്യം ചോദിച്ച അതേ സങ്കീർത്ത​ന​ത്തിൽത്തന്നെ ദാവീദ്‌ അതിനുള്ള ഉത്തരം നൽകു​ന്നുണ്ട്. ദാവീദ്‌ പറയുന്നു: “ഞാനോ, അങ്ങയുടെ അചഞ്ചല​മായ സ്‌നേ​ഹ​ത്തിൽ ആശ്രയി​ക്കു​ന്നു. അങ്ങയുടെ രക്ഷാ​പ്ര​വൃ​ത്തി​ക​ളിൽ എന്‍റെ ഹൃദയം സന്തോ​ഷി​ക്കും. എന്നോടു കാണിച്ച അളവറ്റ നന്മയെ​പ്രതി ഞാൻ യഹോ​വ​യ്‌ക്കു പാട്ടു പാടും.” (സങ്കീ. 13:5, 6) ദാവീദ്‌ യഹോ​വ​യു​ടെ അചഞ്ചല​സ്‌നേ​ഹ​ത്തിൽ ആശ്രയി​ച്ചു, തന്നെ യഹോവ ദുരി​ത​ങ്ങ​ളിൽനിന്ന് വിടു​വി​ക്കുന്ന കാലത്തി​നാ​യി സന്തോ​ഷ​ത്തോ​ടെ നോക്കി​യി​രു​ന്നു, മുൻകാ​ല​ങ്ങ​ളിൽ യഹോവ ചെയ്‌തു​തന്ന നന്മക​ളെ​ക്കു​റിച്ച് ഓർക്കു​ക​യും ചെയ്‌തു. അതെ, തന്‍റെ കാത്തി​രി​പ്പു വെറു​തെ​യാ​കി​ല്ലെ​ന്നും അതിനു മൂല്യ​മു​ണ്ടെ​ന്നും ദാവീദ്‌ തിരി​ച്ച​റി​ഞ്ഞു.

താൻ ചെയ്യാൻ ഒരുക്ക​മ​ല്ലാത്ത ഒരു കാര്യം നമ്മൾ ചെയ്യണ​മെന്ന് യഹോവ ഒരിക്ക​ലും പ്രതീ​ക്ഷി​ക്കില്ല. ക്ഷമയുടെ കാര്യ​വും അങ്ങനെ​ത​ന്നെ

16, 17. കാത്തി​രി​ക്കുന്ന കാര്യ​ത്തിൽ യഹോ​വ​യും യേശു​ക്രി​സ്‌തു​വും മികച്ച മാതൃ​ക​ക​ളാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

16 താൻ ചെയ്യാൻ ഒരുക്ക​മ​ല്ലാത്ത ഒരു കാര്യം നമ്മൾ ചെയ്യണ​മെന്ന് യഹോവ ഒരിക്ക​ലും പ്രതീ​ക്ഷി​ക്കില്ല. ക്ഷമയുടെ കാര്യ​വും അങ്ങനെ​തന്നെ. കാത്തി​രി​ക്കാൻ മനസ്സു കാണി​ക്കു​ന്ന​തിൽ ഏറ്റവും നല്ല മാതൃക യഹോ​വ​യാണ്‌. (2 പത്രോസ്‌ 3:9 വായി​ക്കുക.) ഏദെൻ തോട്ട​ത്തിൽ ഉയർന്നു​വന്ന വിവാ​ദ​വി​ഷ​യ​ത്തിന്‌ അന്തിമ​മായ ഒരു തീർപ്പു​ണ്ടാ​കാൻ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി യഹോവ കാത്തി​രി​ക്കു​ക​യാണ്‌. തന്‍റെ പേരിനു വന്നിരി​ക്കുന്ന നിന്ദ മുഴു​വ​നാ​യി നീങ്ങുന്ന കാലത്തി​നാ​യി ‘ക്ഷമയോ​ടെ കാത്തി​രി​ക്കു​ക​യാണ്‌’ യഹോവ. അക്കാലം വന്നെത്തു​മ്പോൾ യഹോ​വ​യ്‌ക്കു​വേണ്ടി “ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കുന്ന” എല്ലാവർക്കും ലഭിക്കു​ന്നത്‌, അവർ സ്വപ്‌നം​പോ​ലും കണ്ടിട്ടി​ല്ലാത്ത അനു​ഗ്ര​ഹ​ങ്ങ​ളാ​യി​രി​ക്കും.—യശ. 30:18, അടിക്കു​റിപ്പ്.

17 യേശു​വും കാത്തി​രി​ക്കാൻ തയ്യാറാ​യി​രു​ന്നു. ഭൂമി​യിൽവെച്ച് വിശ്വ​സ്‌ത​ത​യു​ടെ പരി​ശോ​ധന വിജയ​ക​ര​മാ​യി അതിജീ​വിച്ച യേശു, താൻ അർപ്പിച്ച ബലിയു​ടെ മൂല്യം എ.ഡി. 33-ൽ യഹോ​വ​യു​ടെ മുമ്പാകെ സമർപ്പി​ച്ചു. എങ്കിലും രാജാ​വാ​യി ഭരണം തുടങ്ങാൻ യേശു​വിന്‌ 1914 വരെ കാത്തി​രി​ക്കേ​ണ്ടി​വന്നു. (പ്രവൃ. 2:33-35; എബ്രാ. 10:12, 13) ഇനി, യേശു​വി​ന്‍റെ ശത്രു​ക്ക​ളെ​ല്ലാം പൂർണ​മാ​യി നശിപ്പി​ക്ക​പ്പെ​ടു​ന്നത്‌ എപ്പോ​ഴാ​യി​രി​ക്കും? അതിനാ​യി യേശു​വി​നു തന്‍റെ ആയിരം​വർഷ​ഭ​ര​ണ​ത്തി​ന്‍റെ അവസാ​നം​വരെ കാത്തി​രി​ക്കേ​ണ്ടി​വ​രും. (1 കൊരി. 15:25) അതൊരു നീണ്ട കാത്തി​രി​പ്പു​തന്നെ. പക്ഷേ ആ കാത്തി​രി​പ്പു വെറു​തേ​യാ​കി​ല്ലെന്ന് ഉറപ്പാണ്‌.

നമുക്കുള്ള സഹായം

18, 19. ക്ഷമയോ​ടെ കാത്തി​രി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

18 നമ്മൾ ഓരോ​രു​ത്ത​രും ക്ഷമയോ​ടെ കാത്തി​രി​ക്കാൻ തയ്യാറാ​യി​രി​ക്കണം എന്നു പഠിച്ചു. അതിനു നമ്മളെ എന്തു സഹായി​ക്കും? യഹോ​വ​യു​ടെ ആത്മാവി​നു​വേണ്ടി പ്രാർഥി​ക്കുക. കാരണം ക്ഷമയെ​ന്നത്‌ ആത്മാവി​ന്‍റെ ഫലത്തിന്‍റെ ഒരു വശമാണ്‌. (എഫെ. 3:16; 6:18; 1 തെസ്സ. 5:17-19) അതു​കൊണ്ട് ക്ഷമയോ​ടെ പിടി​ച്ചു​നിൽക്കാൻ സഹായി​ക്കേ​ണമേ എന്ന് യഹോ​വ​യോ​ടു യാചി​ക്കുക.

19 യഹോ​വ​യു​ടെ വാഗ്‌ദാ​നങ്ങൾ നിറ​വേ​റി​ക്കാ​ണു​ന്ന​തി​നു ക്ഷമയോ​ടെ കാത്തി​രി​ക്കാൻ അബ്രാ​ഹാ​മി​നെ​യും യോ​സേ​ഫി​നെ​യും ദാവീ​ദി​നെ​യും സഹായി​ച്ചത്‌ എന്താ​ണെ​ന്നും ഓർക്കുക. യഹോ​വ​യി​ലുള്ള വിശ്വാ​സ​വും ആശ്രയ​വും ആണ്‌ അതിന്‌ അവരെ സഹായി​ച്ചത്‌. തങ്ങളെ​ക്കു​റി​ച്ചും തങ്ങളുടെ ആവശ്യ​ങ്ങ​ളെ​ക്കു​റി​ച്ചും മാത്ര​മാ​യി​രു​ന്നില്ല അവരുടെ ചിന്ത. ഒടുവിൽ അവരുടെ ജീവി​ത​ത്തിൽ എല്ലാം കലങ്ങി​ത്തെ​ളി​ഞ്ഞു. അവർക്കു ലഭിച്ച ആ അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കു​മ്പോൾ ക്ഷമയോ​ടെ കാത്തി​രി​ക്കാ​നുള്ള മനോ​ഭാ​വം നമുക്കു​മു​ണ്ടാ​കും.

20. എന്തു ചെയ്യാൻ നമ്മൾ ഉറച്ച തീരു​മാ​ന​മെ​ടു​ക്കണം?

20 അതു​കൊണ്ട് ബുദ്ധി​മു​ട്ടു​ക​ളും പരീക്ഷ​ണ​ങ്ങ​ളും ഉണ്ടായാ​ലും ‘ക്ഷമയോ​ടെ കാത്തി​രി​ക്കാൻ’ നമുക്ക് ഉറച്ച തീരു​മാ​ന​മെ​ടു​ക്കാം. ചില പ്രത്യേ​ക​സാ​ഹ​ച​ര്യ​ങ്ങ​ളിൽ “യഹോവേ, എത്ര നാൾ” എന്നു നമ്മൾ ചോദി​ച്ചു​പോ​യേ​ക്കാം എന്നതു ശരിയാണ്‌. (യശ. 6:11) എന്നാൽ യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാ​വി​ന്‍റെ സഹായ​മു​ണ്ടെ​ങ്കിൽ നമ്മളും യിരെ​മ്യ​യെ​പ്പോ​ലെ ഇങ്ങനെ പറയും: “യഹോ​വ​യാണ്‌ എന്‍റെ ഓഹരി; അതു​കൊണ്ട് ഞാൻ ദൈവ​ത്തി​നാ​യി ക്ഷമയോ​ടെ കാത്തി​രി​ക്കും.”​—വിലാ. 3:21, 24.

^ ഖ. 11 ഉൽപത്തി പുസ്‌ത​ക​ത്തി​ലെ 15-ഓളം അധ്യാ​യങ്ങൾ അബ്രാ​ഹാ​മി​ന്‍റെ ജീവിതം വിവരി​ക്കാൻ മാത്ര​മാ​യി മാറ്റി​വെ​ച്ചി​രി​ക്കു​ക​യാണ്‌. കൂടാതെ, ഗ്രീക്ക് തിരു​വെ​ഴു​ത്തു​ക​ളു​ടെ എഴുത്തു​കാർ 70-ലധികം പ്രാവ​ശ്യം അബ്രാ​ഹാ​മി​നെ​ക്കു​റിച്ച് പരാമർശി​ക്കു​ന്നുണ്ട്.

^ ഖ. 14 ഭരണം തുടങ്ങി ഏതാണ്ട് രണ്ടു വർഷം കഴിഞ്ഞ​പ്പോൾത്തന്നെ ശൗലിനെ യഹോവ തള്ളിക്ക​ള​ഞ്ഞെ​ങ്കി​ലും മരിക്കു​ന്ന​തു​വരെ വീണ്ടു​മൊ​രു 38 വർഷം​കൂ​ടെ രാജാ​വാ​യി ഭരിക്കാൻ യഹോവ ശൗലിനെ അനുവ​ദി​ച്ചു.​—1 ശമു. 13:1; പ്രവൃ. 13:21.