വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“മനുഷ്യ​ബു​ദ്ധിക്ക് അതീത​മായ ദൈവ​സ​മാ​ധാ​നം”

“മനുഷ്യ​ബു​ദ്ധിക്ക് അതീത​മായ ദൈവ​സ​മാ​ധാ​നം”

‘മനുഷ്യ​ബു​ദ്ധിക്ക് അതീത​മായ ദൈവ​സ​മാ​ധാ​നം നിങ്ങളു​ടെ ഹൃദയത്തെ കാക്കും.’​—ഫിലി. 4:7.

ഗീതങ്ങൾ: 112, 58

1, 2. പൗലോ​സും ശീലാ​സും ഫിലി​പ്പി​യിൽ തടവി​ലാ​യത്‌ എങ്ങനെ? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

പാതി​രാ​ത്രി​യോട്‌ അടുത്ത സമയം. മിഷന​റി​മാ​രായ പൗലോ​സും ശീലാ​സും ഫിലിപ്പി നഗരത്തി​ലെ ജയിലി​ലാണ്‌. അതിന്‍റെ ഏറ്റവും ഉള്ളിലത്തെ ഇരുട്ട​റ​യി​ലാണ്‌ അവർ ഇപ്പോൾ. കാലുകൾ തടിവി​ല​ങ്ങിൽ ബന്ധിച്ചി​രി​ക്കു​ന്നു. പുറത്തേറ്റ അടിയു​ടെ വേദന ഇപ്പോ​ഴും വിട്ടു​മാ​റി​യി​ട്ടില്ല. (പ്രവൃ. 16:23, 24) എല്ലാം എത്ര പെട്ടെ​ന്നാ​ണു സംഭവി​ച്ചത്‌! ഒരു ജനക്കൂട്ടം അവരെ ബലമായി ചന്തസ്ഥല​ത്തേക്കു പിടി​ച്ചു​കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. എന്നിട്ട് അവിടെ ധൃതി​യിൽ വിളി​ച്ചു​കൂ​ട്ടിയ ഒരു കോട​തി​യു​ടെ മുന്നിൽ ഹാജരാ​ക്കി. അവി​ടെ​വെച്ച് അവരുടെ വസ്‌ത്രങ്ങൾ വലിച്ചു​കീ​റി, അവരെ വടി​കൊണ്ട് മൃഗീ​യ​മാ​യി അടിച്ചു. (പ്രവൃ. 16:16-22) ഒരു റോമൻ പൗരനാ​യി​രു​ന്നി​ട്ടും പൗലോ​സി​നു ശരിയായ ഒരു വിചാരണ നിഷേ​ധി​ച്ചു എന്നതാ​യി​രു​ന്നു ഏറ്റവും വലിയ അനീതി. *

2 ആ ഇരുട്ടി​ലി​രു​ന്ന​പ്പോൾ അന്നത്തെ സംഭവങ്ങൾ ഒന്നൊ​ന്നാ​യി പൗലോ​സി​ന്‍റെ മനസ്സി​ലൂ​ടെ കടന്നു​പോ​യി. ഫിലി​പ്പി​യി​ലെ ആളുക​ളെ​ക്കു​റിച്ച് പൗലോസ്‌ ചിന്തിച്ചു. പൗലോസ്‌ സന്ദർശിച്ച മറ്റു പല നഗരങ്ങ​ളി​ലും ഒരു ജൂതസി​ന​ഗോഗ്‌ ഉണ്ടായി​രു​ന്നെ​ങ്കി​ലും ഫിലി​പ്പി​യിൽ അതില്ലാ​യി​രു​ന്നു. അതു​കൊണ്ട് നഗരക​വാ​ട​ത്തി​നു പുറത്ത്‌ ഒരു നദിക്ക​രി​കി​ലാ​യി​രു​ന്നു ജൂതന്മാർ ആരാധ​ന​യ്‌ക്കാ​യി കൂടി​വ​ന്നി​രു​ന്നത്‌. (പ്രവൃ. 16:13, 14) ഒരു സിന​ഗോഗ്‌ രൂപീ​ക​രി​ക്ക​ണ​മെ​ങ്കിൽ ജൂതന്മാ​രായ പത്തു പുരു​ഷ​ന്മാ​രെ​ങ്കി​ലും വേണ​മെ​ന്നി​രി​ക്കെ, അത്രയും ജൂതന്മാർ ഇല്ലാഞ്ഞ​തു​കൊ​ണ്ടാ​ണോ ഫിലിപ്പി നഗരത്തിൽ ഒരു സിന​ഗോഗ്‌ ഇല്ലാതി​രു​ന്നത്‌? തങ്ങളുടെ റോമൻ പൗരത്വം ഭാഗി​ക​മോ രണ്ടാം തരമോ ആണെങ്കിൽപ്പോ​ലും അതിന്‍റെ പേരിൽ അഭിമാ​നി​ച്ചി​രു​ന്ന​വ​രാ​യി​രു​ന്നു ഫിലി​പ്പി​ക്കാർ. (പ്രവൃ. 16:21) ജൂതന്മാ​രായ പൗലോ​സും ശീലാ​സും റോമൻ പൗരന്മാ​രാ​യി​രി​ക്കാ​നുള്ള സാധ്യ​ത​പോ​ലും ഫിലി​പ്പി​ക്കാ​രു​ടെ മനസ്സിൽ വന്നുകാ​ണില്ല. എന്താ​ണെ​ങ്കി​ലും പൗലോ​സി​നെ​യും ശീലാ​സി​നെ​യും ഇപ്പോൾ അന്യാ​യ​മാ​യി ജയിലി​ല​ട​ച്ചി​രി​ക്കു​ക​യാണ്‌.

3. ജയിലി​ലാ​യതു പൗലോ​സി​നെ അമ്പരപ്പി​ച്ചു​കാ​ണു​മെന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്, പക്ഷേ പൗലോ​സി​ന്‍റെ മനോ​ഭാ​വം എന്തായി​രു​ന്നു?

3 കഴിഞ്ഞ ഏതാനും മാസങ്ങ​ളിൽ നടന്ന സംഭവ​ങ്ങ​ളെ​ക്കു​റി​ച്ചും പൗലോസ്‌ ചിന്തി​ച്ചി​ട്ടു​ണ്ടാ​കും. പൗലോസ്‌, ഈജിയൻ കടലിന്‌ അക്കരെ ഏഷ്യാ​മൈ​ന​റി​ലാ​യി​രുന്ന കാലം. അവി​ടെ​യാ​യി​രു​ന്ന​പ്പോൾ ചില പ്രദേ​ശ​ങ്ങ​ളിൽ പ്രസം​ഗി​ക്കു​ന്ന​തിൽനിന്ന് പൗലോ​സി​നെ പരിശു​ദ്ധാ​ത്മാവ്‌ പലവട്ടം തടഞ്ഞു. മറ്റ്‌ എവി​ടേ​ക്കോ പോകാൻ അദ്ദേഹത്തെ പരിശു​ദ്ധാ​ത്മാവ്‌ നിർബ​ന്ധി​ക്കു​ക​യാ​യി​രു​ന്നോ? (പ്രവൃ. 16:6, 7) പക്ഷേ എവി​ടേക്ക്? ത്രോ​വാ​സി​ലാ​യി​രു​ന്ന​പ്പോൾ ഒരു ദിവ്യ​ദർശ​ന​ത്തി​ലൂ​ടെ അതിനുള്ള ഉത്തരം കിട്ടി. ‘മാസി​ഡോ​ണി​യ​യി​ലേക്കു ചെല്ലാ​നാ​യി​രു​ന്നു’ പൗലോ​സി​നു കിട്ടിയ നിർദേശം. യഹോ​വ​യു​ടെ ഇഷ്ടം എന്താ​ണെന്നു വ്യക്തമാ​യി​രു​ന്നു. ഉടനടി പൗലോസ്‌ ആ ക്ഷണം സ്വീക​രി​ച്ചു. (പ്രവൃ​ത്തി​കൾ 16:8-10 വായി​ക്കുക.) പക്ഷേ പിന്നീട്‌ എന്തുണ്ടാ​യി? മാസി​ഡോ​ണി​യ​യിൽ എത്തിയ ഉടനെ പൗലോസ്‌ ജയിലി​ലാ​യി. ഇങ്ങനെ സംഭവി​ക്കാൻ യഹോവ എന്തു​കൊ​ണ്ടാണ്‌ അനുവ​ദി​ച്ചത്‌? ഇനി എത്ര കാലം ജയിലിൽ കിട​ക്കേ​ണ്ടി​വ​രും? ഇത്തരം ചോദ്യ​ങ്ങൾ പൗലോ​സി​നെ അലട്ടി​ക്കാ​ണു​മെ​ങ്കി​ലും തന്‍റെ വിശ്വാ​സ​വും സന്തോ​ഷ​വും നഷ്ടമാ​കാൻ പൗലോസ്‌ അനുവ​ദി​ച്ചില്ല. ‘പൗലോ​സും ശീലാ​സും പ്രാർഥി​ക്കാ​നും ദൈവത്തെ പാടി സ്‌തു​തി​ക്കാ​നും’ തുടങ്ങി എന്നാണു വിവരണം പറയു​ന്നത്‌. (പ്രവൃ. 16:25) ദൈവ​സ​മാ​ധാ​നം അവരുടെ മനസ്സി​നെ​യും ഹൃദയ​ത്തെ​യും ശാന്തമാ​ക്കി.

4, 5. (എ) പൗലോ​സി​ന്‍റേ​തു​പോ​ലുള്ള സാഹച​ര്യം നമ്മുടെ ജീവി​ത​ത്തി​ലു​മു​ണ്ടാ​യേ​ക്കാ​വു​ന്നത്‌ എങ്ങനെ? (ബി) പൗലോ​സി​ന്‍റെ സാഹച​ര്യം അപ്രതീ​ക്ഷി​ത​മാ​യി മാറി​യത്‌ എങ്ങനെ?

4 ചില സാഹച​ര്യ​ങ്ങ​ളിൽ പൗലോ​സി​നെ​പ്പോ​ലെ, പരിശു​ദ്ധാ​ത്മാവ്‌ നയിക്കുന്ന വഴിയി​ലൂ​ടെ​യാ​ണു പോകു​ന്ന​തെന്നു നിങ്ങൾക്കും തോന്നി​യി​ട്ടു​ണ്ടാ​കും. എന്നാൽ പിന്നീടു കാര്യങ്ങൾ പ്രതീ​ക്ഷി​ച്ച​തു​പോ​ലൊ​ന്നും നടന്നു​കാ​ണില്ല, നിങ്ങൾക്കു പല പ്രശ്‌ന​ങ്ങ​ളും നേരി​ടേ​ണ്ടി​വ​ന്നി​രി​ക്കാം. അല്ലെങ്കിൽ ജീവി​ത​ത്തിൽ വലിയ മാറ്റങ്ങൾ വരു​ത്തേ​ണ്ടി​വ​ന്നി​ട്ടു​ണ്ടാ​കാം. (സഭാ. 9:11) പിന്തി​രി​ഞ്ഞു​നോ​ക്കു​മ്പോൾ യഹോവ എന്തു​കൊ​ണ്ടാണ്‌ ചില കാര്യങ്ങൾ ഇങ്ങനെ​യൊ​ക്കെ സംഭവി​ക്കാൻ അനുവ​ദി​ച്ച​തെന്നു നിങ്ങൾ ചിന്തി​ച്ചി​ട്ടു​ണ്ടാ​കും. അങ്ങനെ​യെ​ങ്കിൽ തുടർന്നും, യഹോ​വ​യി​ലുള്ള പൂർണ​വി​ശ്വാ​സ​ത്തോ​ടെ പിടി​ച്ചു​നിൽക്കാൻ നിങ്ങളെ എന്തു സഹായി​ക്കും? അതിനുള്ള ഉത്തരത്തി​നാ​യി നമുക്കു പൗലോ​സി​നെ​യും ശീലാ​സി​നെ​യും കുറി​ച്ചുള്ള വിവര​ണ​ത്തി​ലേക്ക് ഒന്നു മടങ്ങി​പ്പോ​കാം.

5 പൗലോ​സും ശീലാ​സും സ്‌തു​തി​ഗീ​തങ്ങൾ പാടി​ക്കൊ​ണ്ടി​രു​ന്ന​പ്പോൾ അപ്രതീ​ക്ഷി​ത​മായ ചില കാര്യങ്ങൾ സംഭവി​ച്ചു​തു​ടങ്ങി. ആദ്യം, ഭയാന​ക​മായ ഒരു ഭൂകമ്പ​മു​ണ്ടാ​യി. ജയിലി​ന്‍റെ വാതി​ലു​കൾ മലർക്കെ തുറന്നു. തടവു​കാ​രെ ബന്ധിച്ചി​രുന്ന വിലങ്ങു​കൾ അഴിഞ്ഞു. ആത്മഹത്യ​യ്‌ക്കു തുനിഞ്ഞ ജയില​ധി​കാ​രി​യെ പൗലോസ്‌ തടഞ്ഞു. തുടർന്ന്, ജയില​ധി​കാ​രി​യും അദ്ദേഹ​ത്തി​ന്‍റെ കുടും​ബം മുഴു​വ​നും സ്‌നാ​ന​മേറ്റു. നേരം പുലർന്ന​പ്പോൾ പൗലോ​സി​നെ​യും ശീലാ​സി​നെ​യും മോചി​പ്പി​ക്കാൻ മജിസ്‌​ട്രേ​റ്റു​മാർ ഭടന്മാരെ അയച്ചു. എന്നിട്ട് അവരോ​ടു സമാധാ​ന​ത്തോ​ടെ നഗരം വിട്ടു​പോ​ക​ണ​മെന്ന് ആവശ്യ​പ്പെട്ടു. എന്നാൽ പൗലോ​സും ശീലാ​സും റോമൻ പൗരന്മാ​രാ​ണെന്നു മനസ്സി​ലാ​യ​പ്പോൾ തങ്ങൾ കാണി​ച്ചത്‌ ഒരു വലിയ അബദ്ധമാ​ണെന്ന് മജിസ്‌​ട്രേ​റ്റു​മാർ തിരി​ച്ച​റി​ഞ്ഞു. തുടർന്ന് പൗലോ​സി​നെ​യും ശീലാ​സി​നെ​യും പുറത്ത്‌ കൊണ്ടു​വ​രാൻ തയ്യാറാ​യി മജിസ്‌​ട്രേ​റ്റു​മാർതന്നെ അവിടെ നേരിട്ട് എത്തി. പക്ഷേ പുതു​താ​യി സ്‌നാ​ന​മേറ്റ ലുദിയ സഹോ​ദ​രി​യോ​ടു യാത്ര പറയാതെ അവിടം വിടാൻ അവർ ഒരുക്ക​മ​ല്ലാ​യി​രു​ന്നു. ഫിലി​പ്പി​യി​ലെ മറ്റു സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്താ​നും അവർ ആ അവസരം ഉപയോ​ഗി​ച്ചു. (പ്രവൃ. 16:26-40) കാര്യ​ങ്ങ​ളെ​ല്ലാം എത്ര പെട്ടെ​ന്നാ​ണു കീഴ്‌മേൽ മറിഞ്ഞത്‌!

അതു ‘മനുഷ്യ​ബു​ദ്ധിക്ക് അതീത​മാണ്‌’

6. നമ്മൾ എന്താണ്‌ ഇപ്പോൾ ചർച്ച ചെയ്യാൻപോ​കു​ന്നത്‌?

6 ഈ സംഭവങ്ങൾ നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌? നമ്മൾ ഒട്ടും പ്രതീ​ക്ഷി​ക്കാത്ത ചില കാര്യങ്ങൾ ചെയ്യാൻ യഹോ​വ​യ്‌ക്കാ​കും. അതു​കൊണ്ട്, പരി​ശോ​ധ​ന​ക​ളു​ണ്ടാ​കു​മ്പോൾ ഉത്‌ക​ണ്‌ഠ​പ്പെ​ടേ​ണ്ട​തില്ല. ആ പാഠം പൗലോ​സി​ന്‍റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. ഉത്‌ക​ണ്‌ഠ​യെ​യും ദൈവ​സ​മാ​ധാ​ന​ത്തെ​യും കുറിച്ച് പൗലോസ്‌ പിന്നീടു ഫിലി​പ്പി​യി​ലെ സഹോ​ദ​ര​ങ്ങൾക്ക് എഴുതിയ വാക്കുകൾ അതാണു സൂചി​പ്പി​ക്കു​ന്നത്‌. നമുക്ക് ഇപ്പോൾ ഫിലി​പ്പി​യർ 4:6, 7-ലെ (വായി​ക്കുക.) പൗലോ​സി​ന്‍റെ വാക്കുകൾ ചർച്ച ചെയ്യാം. അതിനു ശേഷം, ആരും ഒട്ടും പ്രതീ​ക്ഷി​ക്കാത്ത ചില കാര്യങ്ങൾ യഹോവ ചെയ്‌ത​തി​ന്‍റെ മറ്റു ചില തിരു​വെ​ഴു​ത്തു​ദൃ​ഷ്ടാ​ന്ത​ങ്ങ​ളും നോക്കാം. അവസാ​ന​മാ​യി, പരി​ശോ​ധ​ന​ക​ളു​ണ്ടാ​കു​മ്പോ​ഴും യഹോ​വ​യി​ലുള്ള വിശ്വാ​സം നഷ്ടപ്പെ​ടാ​തെ പിടി​ച്ചു​നിൽക്കാൻ “ദൈവ​സ​മാ​ധാ​നം” എങ്ങനെ സഹായി​ക്കു​മെ​ന്നും നമ്മൾ പഠിക്കും.

7. തന്‍റെ കത്തിലൂ​ടെ പൗലോസ്‌ ഫിലി​പ്പി​യി​ലെ സഹോ​ദ​ര​ങ്ങളെ എന്തു പാഠം പഠിപ്പി​ച്ചു, അതിൽനിന്ന് നമുക്ക് എന്തു പഠിക്കാം?

7 പൗലോ​സി​ന്‍റെ കത്തു വായി​ച്ച​പ്പോൾ ഫിലി​പ്പി​യി​ലെ സഹോ​ദ​ര​ങ്ങൾക്ക് എന്ത് ഓർമ വന്നുകാ​ണും? ഫിലി​പ്പി​യിൽവെച്ച് മുമ്പ് പൗലോ​സി​നു​ണ്ടായ അനുഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും അപ്പോൾ ആരും പ്രതീ​ക്ഷി​ക്കാത്ത രീതി​യിൽ യഹോവ സഹായി​ച്ച​തി​നെ​ക്കു​റി​ച്ചും അവർ ഓർത്തു​കാ​ണും. അവരെ എന്തു പഠിപ്പി​ക്കാ​നാ​ണു പൗലോസ്‌ ശ്രമി​ച്ചത്‌? ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌, പ്രാർഥി​ക്കുക! അപ്പോൾ നിങ്ങൾക്കു ദൈവ​സ​മാ​ധാ​നം ലഭിക്കും. പക്ഷേ ‘ദൈവ​സ​മാ​ധാ​നം മനുഷ്യ​ബു​ദ്ധിക്ക് അതീത​മാണ്‌’ എന്നു പറഞ്ഞതി​ന്‍റെ അർഥം എന്താണ്‌? ചില പരിഭാ​ഷകർ ഈ പ്രയോ​ഗത്തെ “നമ്മുടെ ഭാവന​കൾക്കെ​ല്ലാം അതീതം” എന്നും “മനുഷ്യ​ന്‍റെ എല്ലാ പദ്ധതി​ക​ളെ​യും കടത്തി​വെ​ട്ടു​ന്നത്‌” എന്നും പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്. നമുക്കു ചിന്തി​ക്കാ​നോ ഊഹി​ക്കാ​നോ കഴിയാത്ത വിധത്തിൽ നമുക്കു “ദൈവ​സ​മാ​ധാ​നം” കിട്ടും എന്നാണു പൗലോസ്‌ പറഞ്ഞതി​ന്‍റെ അർഥം. അതു​കൊണ്ട് ചില​പ്പോ​ഴൊ​ക്കെ നമ്മുടെ പ്രശ്‌ന​ങ്ങൾക്ക് ഒരു പോം​വ​ഴി​യു​മി​ല്ലെന്നു തോന്നി​യേ​ക്കാ​മെ​ങ്കി​ലും അതിനുള്ള പരിഹാ​രം യഹോ​വ​യ്‌ക്ക് അറിയാം. നമ്മൾ ആരും ഒട്ടും പ്രതീ​ക്ഷി​ക്കാത്ത രീതി​യിൽ കാര്യങ്ങൾ ചെയ്യാൻ കഴിയു​ന്ന​വ​നാണ്‌ യഹോവ.2 പത്രോസ്‌ 2:9 വായി​ക്കുക.

8, 9. (എ) ഫിലി​പ്പി​യിൽവെച്ച് പൗലോസ്‌ അനീതി​ക്കി​ര​യാ​യെ​ങ്കി​ലും അതു​കൊണ്ട് എന്തു പ്രയോ​ജ​ന​മു​ണ്ടാ​യി? (ബി) ഫിലി​പ്പി​യി​ലെ സഹോ​ദ​രങ്ങൾ പൗലോ​സി​ന്‍റെ വാക്കു​കൾക്കു വേണ്ട ഗൗരവം കൊടു​ത്തത്‌ എന്തു​കൊണ്ട്?

8 അന്നത്തെ ആ സംഭവ​ത്തി​നു ശേഷമുള്ള പത്തു വർഷക്കാ​ലം എന്തെല്ലാം നടന്നെന്ന് ഓർത്തതു ഫിലി​പ്പി​യി​ലെ സഹോ​ദ​ര​ങ്ങ​ളു​ടെ വിശ്വാ​സത്തെ ശക്തി​പ്പെ​ടു​ത്തി​ക്കാ​ണും. പൗലോസ്‌ എഴുതി​യതു സത്യമാ​ണെന്ന് അവർക്കു ബോധ്യ​മാ​യി. പൗലോ​സും ശീലാ​സും അനീതി​ക്കി​ര​യാ​കാൻ യഹോവ അനുവ​ദി​ച്ചെ​ങ്കി​ലും അതു​കൊണ്ട് ഒരു പ്രയോ​ജ​ന​മു​ണ്ടാ​യി. ‘സന്തോ​ഷ​വാർത്ത നിയമ​പ​ര​മാ​യി സ്ഥാപി​ച്ചെ​ടു​ക്കാൻ’ ആ സംഭവം ഉപകരി​ച്ചു. (ഫിലി. 1:7) തങ്ങളുടെ നഗരത്തിൽ പുതു​താ​യി രൂപം​കൊണ്ട ക്രിസ്‌തീ​യ​സ​ഭ​യ്‌ക്കെ​തി​രെ എന്തെങ്കി​ലും ചെയ്യാൻ ആ മജിസ്‌​ട്രേ​റ്റു​മാർക്ക് ഇനി അത്ര പെട്ടെന്നു ധൈര്യം വരില്ലാ​യി​രു​ന്നു. ഇനി, പൗലോസ്‌ ഈ രീതി​യിൽ കാര്യങ്ങൾ കൈകാ​ര്യം ചെയ്‌ത​തു​കൊണ്ട് പൗലോ​സും ശീലാ​സും ഫിലി​പ്പി​യിൽനിന്ന് യാത്ര​യാ​യി​ട്ടും ശിഷ്യ​നായ ലൂക്കോ​സിന്‌ അവി​ടെ​ത്തന്നെ തുടരാൻ കഴിഞ്ഞു​കാ​ണും. അതിന്‍റെ പ്രയോ​ജ​ന​മോ? പുതു​താ​യി ക്രിസ്‌ത്യാ​നി​ക​ളായ ആ നഗരത്തി​ലെ സഹോ​ദ​ര​ങ്ങൾക്കു കൂടുതൽ സഹായം കൊടു​ക്കാൻ ലൂക്കോ​സിന്‌ അതുവഴി കഴിഞ്ഞു.

9 എവി​ടെ​യോ ഒരു ഓഫീ​സിൽ സ്വസ്ഥമാ​യി​രുന്ന് തങ്ങൾക്കു കത്ത്‌ എഴുതുന്ന ഒരു ബുദ്ധി​ജീ​വി​യു​ടെ ചിത്രമല്ല പൗലോ​സി​നെ​ക്കു​റിച്ച് ഫിലി​പ്പി​യി​ലെ സഹോ​ദ​ര​ങ്ങ​ളു​ടെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌. കഠിന​യാ​ത​നകൾ അനുഭ​വി​ച്ചി​ട്ടുള്ള ആളായി​രു​ന്നു പൗലോസ്‌. എന്നിട്ടും തനിക്കു ‘ദൈവ​സ​മാ​ധാ​ന​മു​ണ്ടെന്നു’ പൗലോസ്‌ തെളി​യി​ച്ചു. വാസ്‌ത​വ​ത്തിൽ ഫിലി​പ്പി​യി​ലെ സഹോ​ദ​ര​ങ്ങൾക്കു കത്ത്‌ എഴുതുന്ന സമയത്ത്‌ പൗലോസ്‌ റോമിൽ വീട്ടു​ത​ട​ങ്ക​ലി​ലാ​യി​രു​ന്നു. പക്ഷേ അപ്പോൾപ്പോ​ലും അദ്ദേഹ​ത്തി​നു ‘ദൈവ​സ​മാ​ധാ​ന​മു​ണ്ടെന്ന്’ വ്യക്തമാ​യി​രു​ന്നു.​—ഫിലി. 1:12-14; 4:7, 11, 22.

“ഒന്നി​നെ​ക്കു​റി​ച്ചും ഉത്‌ക​ണ്‌ഠ​പ്പെ​ടേണ്ടാ”

10, 11. ഒരു പ്രശ്‌നം നമ്മളെ അമിത​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ടു​ത്തു​ന്നെ​ങ്കിൽ എന്തു ചെയ്യണം, നമുക്കു ന്യായ​മാ​യും എന്തു പ്രതീ​ക്ഷി​ക്കാം?

10 ഒന്നി​നെ​ക്കു​റി​ച്ചും ഉത്‌ക​ണ്‌ഠ​പ്പെ​ടാ​തി​രി​ക്കാ​നും ജീവി​ത​ത്തിൽ “ദൈവ​സ​മാ​ധാ​നം” അനുഭ​വി​ച്ച​റി​യാ​നും എന്തു സഹായി​ക്കും? ഉത്‌ക​ണ്‌ഠ​യ്‌ക്കുള്ള മറുമ​രു​ന്നു പ്രാർഥ​ന​യാ​ണെന്നു ഫിലി​പ്പി​യി​ലു​ള്ള​വർക്കു പൗലോസ്‌ എഴുതിയ കത്തു സൂചി​പ്പി​ക്കു​ന്നു. അതു​കൊണ്ട് ഉത്‌കണ്‌ഠ തോന്നു​മ്പോൾ നമ്മുടെ ആകുല​ത​കളെ പ്രാർഥ​ന​ക​ളാ​ക്കി​മാ​റ്റുക. (1 പത്രോസ്‌ 5:6, 7 വായി​ക്കുക.) യഹോ​വ​യ്‌ക്കു നിങ്ങ​ളെ​ക്കു​റിച്ച് ചിന്തയു​ണ്ടെന്ന് ഓർക്കുക, പൂർണ​വി​ശ്വാ​സ​ത്തോ​ടെ യഹോ​വ​യോ​ടു പ്രാർഥി​ക്കുക. പ്രാർഥ​ന​യിൽ, നിങ്ങൾക്കു കിട്ടിയ അനു​ഗ്ര​ഹ​ങ്ങ​ളെ​പ്രതി ‘നന്ദിവാ​ക്കു​കൾ’ അറിയി​ക്കുക. ‘നമ്മൾ ചോദി​ക്കു​ക​യോ ചിന്തി​ക്കു​ക​യോ ചെയ്യു​ന്ന​തി​നെ​ക്കാ​ളെ​ല്ലാം വളരെ​യ​ധി​ക​മാ​യി ചെയ്‌തു​ത​രാൻ കഴിയു​ന്ന​വ​നാ​ണു’ ദൈവം എന്ന് എപ്പോ​ഴും ഓർത്താൽ ദൈവ​ത്തി​ലുള്ള നമ്മുടെ ആശ്രയം കൂടുതൽ ശക്തമാ​കും.​—എഫെ. 3:20.

11 നമുക്കാ​യി യഹോവ ചെയ്‌തു​ത​രുന്ന കാര്യങ്ങൾ കാണു​മ്പോൾ പൗലോ​സി​നെ​യും ശീലാ​സി​നെ​യും പോലെ നമുക്കും അതിശയം തോന്നി​യേ​ക്കാം. അത്തരം കാര്യങ്ങൾ എപ്പോ​ഴും ഒരു അത്ഭുത​മാ​യി​രി​ക്ക​ണ​മെ​ന്നില്ല. പകരം നമുക്ക് ഓരോ സാഹച​ര്യ​ത്തി​ലും വേണ്ടത്‌ എന്താണോ അതായി​രി​ക്കും യഹോവ നമുക്കു തരുന്നത്‌. (1 കൊരി. 10:13) എന്നാൽ അതിന്‌ അർഥം യഹോവ കാര്യ​ങ്ങ​ളെ​ല്ലാം നേരെ​യാ​ക്കി​ക്കൊ​ള്ളു​മെ​ന്നോ നമ്മുടെ പ്രശ്‌നം പരിഹ​രി​ക്കു​മെ​ന്നോ വിചാ​രിച്ച് നമ്മൾ വെറുതേ ഒരിടത്ത്‌ ഇരുന്നാൽ മതി​യെന്നല്ല. നമ്മുടെ പ്രാർഥ​ന​കൾക്ക​നു​സ​രിച്ച് നമ്മളും കാര്യങ്ങൾ ചെയ്യണം. (റോമ. 12:11) അത്തരം പ്രവൃ​ത്തി​കൾ നമ്മുടെ ആത്മാർഥത തെളി​യി​ക്കും. ഒപ്പം, നമ്മളെ അനു​ഗ്ര​ഹി​ക്കാൻ യഹോ​വ​യ്‌ക്ക് ഒരു അവസരം തുറന്നു​കൊ​ടു​ക്കു​ക​യും ചെയ്യും. എന്നാൽ നമ്മുടെ അപേക്ഷ​കൾക്കും പദ്ധതി​കൾക്കും പ്രതീ​ക്ഷ​കൾക്കും അപ്പുറം പോകാൻ കഴിവു​ള്ള​വ​നാണ്‌ യഹോവ എന്ന കാര്യം മറക്കരുത്‌. നമ്മുടെ പ്രതീ​ക്ഷ​കളെ കടത്തി​വെ​ട്ടുന്ന വിധത്തിൽ കാര്യങ്ങൾ ചെയ്‌തു​കൊണ്ട് യഹോവ ചില​പ്പോൾ നമ്മളെ അതിശ​യി​പ്പി​ച്ചേ​ക്കാം. നമുക്ക് ഇപ്പോൾ ചില ബൈബിൾവി​വ​ര​ണങ്ങൾ നോക്കാം. നമ്മളെ​പ്പോ​ലും അത്ഭുത​പ്പെ​ടു​ത്തുന്ന കാര്യങ്ങൾ ചെയ്യാൻ കഴിവു​ള്ള​വ​നാണ്‌ യഹോവ എന്ന ബോധ്യ​ത്തെ അതു കൂടുതൽ ശക്തമാ​ക്കും.

പ്രതീ​ക്ഷ​കളെ കടത്തി​വെ​ട്ടു​ന്ന​വ​നാണ്‌ യഹോവ

12. (എ) അസീറി​യൻ രാജാ​വായ സൻഹെ​രീ​ബി​ന്‍റെ ഭീഷണി​യു​ണ്ടാ​യ​പ്പോൾ ഹിസ്‌കിയ രാജാവ്‌ എന്തു ചെയ്‌തു? (ബി) യഹോവ ആ പ്രശ്‌നം പരിഹ​രിച്ച വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?

12 യഹോവ മനുഷ്യ​രു​ടെ പ്രതീ​ക്ഷ​കളെ വെല്ലുന്ന രീതി​യിൽ പ്രവർത്തി​ച്ച​തി​ന്‍റെ നിരവധി ഉദാഹ​ര​ണങ്ങൾ തിരു​വെ​ഴു​ത്തു​ക​ളി​ലുണ്ട്. ഹിസ്‌കിയ രാജാ​വി​ന്‍റെ കാലത്ത്‌ നടന്ന ഒരു സംഭവം അതി​ലൊ​ന്നാണ്‌. ഹിസ്‌കി​യ​യു​ടെ കാലത്താണ്‌ അസീറി​യൻ രാജാ​വായ സൻഹെ​രീബ്‌ യഹൂദയെ ആക്രമി​ച്ചത്‌. യരുശ​ലേം ഒഴികെ യഹൂദ​യി​ലെ കോട്ട​മ​തി​ലുള്ള നഗരങ്ങ​ളെ​ല്ലാം സൻഹെ​രീബ്‌ പിടി​ച്ച​ടക്കി. (2 രാജാ. 18:1-3, 13) തുടർന്ന് അയാൾ യരുശ​ലേ​മി​നു നേരെ തിരിഞ്ഞു. ഹിസ്‌കിയ രാജാവ്‌ എന്തു ചെയ്‌തു? അദ്ദേഹം യഹോ​വ​യോ​ടു പ്രാർഥി​ച്ചു. ഒപ്പം യഹോ​വ​യു​ടെ പ്രവാ​ച​ക​നായ യശയ്യയു​ടെ ഉപദേ​ശ​വും തേടി. (2 രാജാ. 19:5, 15-20) സൻഹെ​രീബ്‌ ആവശ്യ​പ്പെട്ട പിഴ​യൊ​ടു​ക്കി​ക്കൊണ്ട് താൻ വിവേ​ക​മു​ള്ള​വ​നാ​ണെ​ന്നും ഹിസ്‌കിയ തെളി​യി​ച്ചു. (2 രാജാ. 18:14, 15) നീണ്ട കാലത്തെ ഉപരോ​ധത്തെ നേരി​ടാ​നുള്ള തയ്യാ​റെ​ടു​പ്പു​ക​ളും നടത്തി. (2 ദിന. 32:2-4) പക്ഷേ ഒടുവിൽ പ്രശ്‌നം എങ്ങനെ​യാ​ണു പരിഹ​രി​ക്ക​പ്പെ​ട്ടത്‌? യഹോവ ഒരു ദൂതനെ അയച്ച് ഒറ്റ രാത്രി​കൊണ്ട് സൻഹെ​രീ​ബി​ന്‍റെ 1,85,000 പടയാ​ളി​കളെ കൊന്നു​ക​ളഞ്ഞു. ഹിസ്‌കി​യ​പോ​ലും ഇങ്ങനെ​യൊ​രു കാര്യം പ്രതീ​ക്ഷി​ച്ചി​ട്ടു​ണ്ടാ​കില്ല.​—2 രാജാ. 19:35.

യോസേഫിനു സംഭവി​ച്ച​തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?—ഉൽപ. 41:42 (13-‍ാ‍ം ഖണ്ഡിക കാണുക)

13. (എ) യോ​സേ​ഫി​ന്‍റെ അനുഭ​വ​ത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (ബി) അബ്രാ​ഹാ​മി​ന്‍റെ ഭാര്യ​യായ സാറയു​ടെ ജീവി​ത​ത്തിൽ അപ്രതീ​ക്ഷി​ത​മായ എന്തു കാര്യം സംഭവി​ച്ചു?

13 അടുത്ത​താ​യി നമുക്കു യാക്കോ​ബി​ന്‍റെ മകനായ യോ​സേ​ഫി​ന്‍റെ കാര്യം നോക്കാം. താൻ എന്നെങ്കി​ലും ഈജി​പ്‌ത്‌ ദേശത്തെ രണ്ടാം സ്ഥാന​ത്തേക്ക് ഉയരു​മെ​ന്നോ തന്‍റെ കുടും​ബത്തെ പട്ടിണി​യിൽനിന്ന് രക്ഷിക്കാൻ യഹോവ ഭാവി​യിൽ തന്നെ ഉപയോ​ഗി​ക്കു​മെ​ന്നോ ഈജി​പ്‌തി​ലെ തടവറ​യിൽ കിടന്ന കാലത്ത്‌ ആ ചെറു​പ്പ​ക്കാ​രൻ സ്വപ്‌ന​ത്തിൽപ്പോ​ലും ചിന്തി​ച്ചി​ട്ടു​ണ്ടാ​കില്ല. (ഉൽപ. 40:15, അടിക്കു​റിപ്പ്; 41:39-43; 50:20) എന്നാൽ യോ​സേ​ഫി​ന്‍റെ സകല പ്രതീ​ക്ഷ​ക​ളെ​യും വെല്ലുന്ന രീതി​യി​ലാ​യി​രു​ന്നു യഹോവ കാര്യങ്ങൾ ചെയ്‌തത്‌. ഇനി, യോ​സേ​ഫി​ന്‍റെ മുതു​മു​ത്ത​ശ്ശി​യാ​യി​രുന്ന സാറയു​ടെ കാര്യ​മോ? ദാസി​യു​ടെ കുഞ്ഞിനെ മകനായി വളർത്താ​മെ​ന്ന​ല്ലാ​തെ എന്നെങ്കി​ലും സ്വന്തം കുഞ്ഞിനു ജന്മം നൽകാൻ യഹോവ അവസരം തരു​മെന്നു വൃദ്ധയായ സാറ ഒരിക്ക​ലും ചിന്തി​ച്ചി​ട്ടു​ണ്ടാ​കില്ല. സാറയു​ടെ എല്ലാ പ്രതീ​ക്ഷ​ക​ളെ​യും കടത്തി​വെ​ട്ടു​ന്ന​താ​യി​രു​ന്നു യിസ്‌ഹാ​ക്കി​ന്‍റെ ജനനം.​—ഉൽപ. 21:1-3, 6, 7.

14. നമുക്ക് യഹോ​വ​യെ​ക്കു​റിച്ച് എന്ത് ഉറപ്പു​ണ്ടാ​യി​രി​ക്കാം?

14 വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന പുതിയ ഭൂമി വന്നെത്തു​ന്ന​തി​നു മുമ്പ് യഹോവ അത്ഭുത​ക​ര​മാ​യി നമ്മുടെ എല്ലാ പ്രശ്‌ന​ങ്ങ​ളും നീക്കു​മെന്നു നമ്മൾ പ്രതീ​ക്ഷി​ക്കു​ന്നില്ല. നമ്മുടെ ജീവി​ത​ത്തിൽ യഹോവ വലിയ​വ​ലിയ അത്ഭുതങ്ങൾ പ്രവർത്തി​ക്ക​ണ​മെന്ന് ആവശ്യ​പ്പെ​ടു​ന്ന​വ​രു​മല്ല നമ്മൾ. എന്നാൽ അതിശ​യ​ക​ര​മായ രീതി​യിൽ തന്‍റെ ദാസരെ സഹായി​ച്ചി​ട്ടുള്ള വ്യക്തി​യാ​ണു നമ്മുടെ ദൈവ​മായ യഹോവ എന്നു നമുക്ക് അറിയാം. യഹോ​വ​യ്‌ക്കു മാറ്റമില്ല. (യശയ്യ 43:10-13 വായി​ക്കുക.) ഈ ബോധ്യ​മു​ണ്ടെ​ങ്കിൽ നമ്മൾ യഹോ​വ​യിൽ വിശ്വാ​സ​മർപ്പി​ക്കും. തന്‍റെ ഇഷ്ടം ചെയ്യാൻ വേണ്ട ശക്തി നമുക്കു തരാൻ യഹോ​വ​യ്‌ക്കു കഴിയു​മെന്ന് ഓർക്കുക. (2 കൊരി. 4:7-9) ഈ ബൈബിൾവി​വ​ര​ണ​ങ്ങ​ളിൽനിന്ന് എന്തെല്ലാം പാഠങ്ങൾ പഠിക്കാം? ഹിസ്‌കി​യ​യു​ടെ​യും യോ​സേ​ഫി​ന്‍റെ​യും സാറയു​ടെ​യും അനുഭ​വങ്ങൾ കാണി​ക്കു​ന്ന​തു​പോ​ലെ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രു​ന്നാൽ അസാധ്യ​മെന്നു തോന്നി​യേ​ക്കാ​വുന്ന കാര്യ​ങ്ങൾപോ​ലും യഹോ​വ​യു​ടെ സഹായ​ത്താൽ നമുക്കു സാധ്യ​മാ​കും.

യഹോവയോടു വിശ്വസ്‌തരായി​രു​ന്നാൽ അസാധ്യമെന്നു തോന്നി​യേ​ക്കാ​വുന്ന കാര്യങ്ങൾപോലും യഹോവയുടെ സഹായ​ത്താൽ നമുക്കു സാധ്യ​മാ​കും

15. “ദൈവ​സ​മാ​ധാ​നം” നഷ്ടമാകാതിരിക്കാൻ എന്തു സഹായിക്കും, അത്‌ എങ്ങനെ​യാ​ണു സാധ്യ​മാ​കു​ന്നത്‌?

15 പ്രശ്‌നങ്ങൾ നേരി​ടു​മ്പോ​ഴും നമുക്ക് എങ്ങനെ “ദൈവ​സ​മാ​ധാ​നം” ഉള്ളവരാ​യി​രി​ക്കാൻ കഴിയും? അതിനു നമ്മുടെ ദൈവ​മായ യഹോ​വ​യു​മാ​യി ഒരു നല്ല ബന്ധം നിലനി​റു​ത്തണം. തന്‍റെ ജീവൻ മോച​ന​വി​ല​യാ​യി നൽകിയ “ക്രിസ്‌തു​യേശു മുഖാ​ന്തരം” മാത്രമേ അങ്ങനെ​യൊ​രു ബന്ധം സാധ്യ​മാ​കൂ. നമ്മുടെ പിതാവ്‌ ചെയ്‌തി​രി​ക്കുന്ന അതിശ​യ​ക​ര​മായ കാര്യ​ങ്ങ​ളിൽ ഒന്നാണു മോച​ന​വില. ആ മോച​ന​വില ഉപയോ​ഗിച്ച് യഹോവ നമ്മുടെ പാപങ്ങൾ മറയ്‌ക്കു​ന്നു. അതുവഴി ഒരു ശുദ്ധമ​ന​സ്സാ​ക്ഷി​യു​ണ്ടാ​യി​രി​ക്കാ​നും യഹോ​വ​യോ​ടു കൂടുതൽ അടുക്കാ​നും നമുക്കു സാധി​ക്കു​ന്നു.—യോഹ. 14:6; യാക്കോ. 4:8; 1 പത്രോ. 3:21.

അതു നമ്മുടെ ഹൃദയ​ത്തെ​യും മനസ്സി​നെ​യും കാക്കും

16. “ദൈവ​സ​മാ​ധാ​നം” ലഭിക്കു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം എന്ത്? ഉദാഹ​രണം പറയുക.

16 “മനുഷ്യ​ബു​ദ്ധിക്ക് അതീത​മായ ദൈവ​സ​മാ​ധാ​നം” ലഭിക്കു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം എന്താണ്‌? അതു നമ്മുടെ “ഹൃദയ​ത്തെ​യും മനസ്സി​നെ​യും ക്രിസ്‌തു​യേശു മുഖാ​ന്തരം കാക്കും” എന്നാണു തിരു​വെ​ഴു​ത്തു​കൾ പറയു​ന്നത്‌. (ഫിലി. 4:7) “കാക്കും” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മൂലഭാ​ഷാ​പ​ദ​ത്തി​നു സൈന്യ​വു​മാ​യി ബന്ധമുണ്ട്. പണ്ടുകാ​ല​ങ്ങ​ളിൽ കാവൽസേ​നാ​കേ​ന്ദ്ര​ത്തി​ലെ സൈനി​കർ കോട്ട​മ​തി​ലുള്ള ഒരു നഗരത്തി​നു കാവൽ നിന്നി​രു​ന്ന​തി​നെ​യാണ്‌ അതു കുറി​ക്കു​ന്നത്‌. അത്തരത്തി​ലുള്ള ഒരു നഗരമാ​യി​രു​ന്നു ഫിലിപ്പി. നഗരക​വാ​ട​ങ്ങ​ളിൽ സൈനി​കർ കാവൽ നിൽപ്പു​ണ്ടെന്ന് അറിയാ​മാ​യി​രു​ന്ന​തു​കൊണ്ട് ഫിലി​പ്പി​ക്കാർ രാത്രി​യിൽ സമാധാ​ന​ത്തോ​ടെ കിടന്നു​റങ്ങി. “ദൈവ​സ​മാ​ധാ​നം” ഉണ്ടെങ്കിൽ നമ്മുടെ ഹൃദയ​വും മനസ്സും അതു​പോ​ലെ സ്വസ്ഥമാ​യി​രി​ക്കും. യഹോ​വ​യ്‌ക്കു നമ്മളെ​ക്കു​റിച്ച് ചിന്തയു​ണ്ടെ​ന്നും നമ്മൾ വിജയി​ച്ചു​കാ​ണാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്ന​തെ​ന്നും നമുക്ക് അറിയാം. (1 പത്രോ. 5:10) ഈ അറിവ്‌, ഉത്‌ക​ണ്‌ഠ​യോ നിരു​ത്സാ​ഹ​മോ തളർത്തി​ക്ക​ള​യു​ന്ന​തിൽനിന്ന് നമ്മളെ കാക്കും.

17. നല്ല ധൈര്യ​ത്തോ​ടെ ഭാവിയെ നേരി​ടാൻ നമ്മളെ എന്തു സഹായി​ക്കും?

17 ഭൂമി​യിൽ ഇതുവരെ സംഭവി​ച്ചി​ട്ടി​ല്ലാ​ത്ത​തും ഇനി ഒരിക്ക​ലും സംഭവി​ക്കാ​ത്ത​തും ആയ ഏറ്റവും വലിയ കഷ്ടത പെട്ടെ​ന്നു​തന്നെ മനുഷ്യർ നേരി​ടാൻപോ​കു​ക​യാണ്‌. (മത്താ. 24:21, 22) ആ സമയത്ത്‌ നമുക്ക് ഓരോ​രു​ത്തർക്കും എന്താണു സംഭവി​ക്കാൻപോ​കു​ന്ന​തെന്നു കൃത്യ​മാ​യി പറയാ​നാ​കില്ല. എന്നാൽ അതെക്കു​റിച്ച് ഓർത്ത്‌ നമ്മൾ അമിത​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ടേ​ണ്ട​തില്ല. യഹോവ ആ സമയത്ത്‌ എന്തൊ​ക്കെ​യാ​ണു ചെയ്യു​ക​യെന്നു നമുക്ക് അറിയി​ല്ലെ​ങ്കി​ലും നമ്മുടെ ദൈവത്തെ നമുക്ക് അറിയാം. എന്തുതന്നെ സംഭവി​ച്ചാ​ലും യഹോവ എപ്പോ​ഴും തന്‍റെ ഉദ്ദേശ്യം നടപ്പാ​ക്കു​മെന്നു കഴിഞ്ഞ കാലത്ത്‌ യഹോവ ചെയ്‌ത കാര്യങ്ങൾ പഠിപ്പി​ക്കു​ന്നു. ചില​പ്പോൾ നമ്മൾ ഒട്ടും പ്രതീ​ക്ഷി​ക്കാത്ത രീതി​യിൽ യഹോവ കാര്യങ്ങൾ ചെയ്‌തേ​ക്കാം. നമുക്കു​വേണ്ടി യഹോവ അങ്ങനെ ചെയ്യുന്ന ഓരോ സാഹച​ര്യ​ത്തി​ലും “മനുഷ്യ​ബു​ദ്ധിക്ക് അതീത​മായ ദൈവ​സ​മാ​ധാ​നം” ഒരു പുതിയ വിധത്തിൽ നമ്മൾ അനുഭ​വി​ച്ച​റി​യും.

^ ഖ. 1 ശീലാസും ഒരു റോമൻ പൗരനാ​യി​രു​ന്നി​രി​ക്കാം.​—പ്രവൃ. 16:37.