വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവി​തകഥ

പരി​ശോ​ധ​ന​ക​ളിൽ തളരാ​തി​രു​ന്നാൽ അനു​ഗ്ര​ഹങ്ങൾ നിശ്ചയം

പരി​ശോ​ധ​ന​ക​ളിൽ തളരാ​തി​രു​ന്നാൽ അനു​ഗ്ര​ഹങ്ങൾ നിശ്ചയം

“നിങ്ങൾ ഒരു അച്ഛനാ​ണോ?” ആ കെജിബി ഓഫീസർ അലറി. * “ഗർഭി​ണി​യായ ഭാര്യ​യെ​യും കുഞ്ഞു​മ​ക​ളെ​യും നിങ്ങൾ ഉപേക്ഷി​ച്ചി​ല്ലേ? ഇനി അവർക്ക് ആരാണു​ള്ളത്‌? ആര്‌ അവർക്കു ഭക്ഷണം കൊടു​ക്കും? നിങ്ങളു​ടെ പരിപാ​ടി​യെ​ല്ലാം നിറു​ത്തി​യെന്ന് എഴുതി ഒപ്പിട്ട് തന്നിട്ട് വീട്ടിൽ പോ!” ഞാൻ പറഞ്ഞു: “ഇല്ല, ഞാൻ എന്‍റെ കുടും​ബത്തെ ഉപേക്ഷി​ച്ചി​ട്ടില്ല. നിങ്ങൾ എന്നെ അറസ്റ്റ് ചെയ്‌ത​താണ്‌. ഞാൻ എന്തു തെറ്റാണു ചെയ്‌തത്‌?” ആ ഓഫീസർ പറഞ്ഞു: “ഒരു സാക്ഷി​യാ​യി​രി​ക്കു​ന്ന​തി​ലും വലിയ കുറ്റം വേറെ​യില്ല.”

1959-ൽ റഷ്യയി​ലെ ഇർകു​ട്ട്സ്‌ക്‌ നഗരത്തി​ലുള്ള ഒരു ജയിലിൽവെ​ച്ചാണ്‌ ഈ സംഭവം നടന്നത്‌. ഞാനും ഭാര്യ മരിയ​യും ‘നീതി നിമിത്തം കഷ്ടത സഹിക്കാൻ’ തയ്യാറാ​യി​രു​ന്ന​തി​നെ​ക്കു​റി​ച്ചും വിശ്വ​സ്‌ത​രാ​യി നിന്നതു​കൊണ്ട് ഞങ്ങൾക്കു ലഭിച്ച അനു​ഗ്ര​ഹ​ങ്ങ​ളെ​പ്പ​റ്റി​യും ഞാൻ പറയാം.​—1 പത്രോ. 3:13, 14.

1933-ൽ യു​ക്രെ​യി​നി​ലെ സൊ​ളൊ​ട്‌നി​കീ ഗ്രാമ​ത്തി​ലാ​ണു ഞാൻ ജനിച്ചത്‌. 1937-ൽ, എന്‍റെ ആന്‍റിയും ഭർത്താ​വും ഫ്രാൻസിൽനിന്ന് ഞങ്ങളെ കാണാൻ വന്നു. സാക്ഷി​ക​ളാ​യി​രുന്ന അവർ ഞങ്ങൾക്കു വാച്ച് ടവർ സൊ​സൈറ്റി പ്രസി​ദ്ധീ​ക​രിച്ച ഭരണകൂ​ടം (ഇംഗ്ലീഷ്‌), വിമോ​ചനം (ഇംഗ്ലീഷ്‌) എന്നീ പുസ്‌ത​കങ്ങൾ തന്നിട്ടു​പോ​യി. ഈ പുസ്‌ത​കങ്ങൾ വായി​ച്ച​പ്പോൾ പപ്പയുടെ ദൈവ​വി​ശ്വാ​സം വീണ്ടും ജ്വലിച്ചു. എന്നാൽ ദുഃഖ​ക​ര​മെന്നു പറയട്ടെ, 1939-ൽ രോഗം ബാധിച്ച് അദ്ദേഹ​ത്തി​നു തീരെ വയ്യാതാ​യി. മരിക്കു​ന്ന​തി​നു മുമ്പ് അദ്ദേഹം അമ്മയോ​ടു പറഞ്ഞു: “ഇതാണു സത്യം. നീ മക്കളെ ഇതു പഠിപ്പി​ക്കണം.”

ഒരു പുതിയ വയലി​ലേക്ക്—സൈബീ​രി​യ

1951 ഏപ്രി​ലിൽ അധികാ​രി​കൾ സാക്ഷി​കളെ പടിഞ്ഞാ​റൻ യുഎസ്‌എ​സ്‌ആർ-ൽനിന്ന് സൈബീ​രി​യ​യി​ലേക്കു നാടു​ക​ട​ത്താൻ തുടങ്ങി. ആ സമയത്ത്‌ അമ്മയെ​യും അനിയ​നായ ഗ്രി​ഗോ​റി​യെ​യും എന്നെയും പടിഞ്ഞാ​റൻ യു​ക്രെ​യി​നിൽനിന്ന് നാടു​ക​ടത്തി. ട്രെയി​നിൽ 6,000-ത്തിലധി​കം കിലോ​മീ​റ്റർ സഞ്ചരിച്ച് ഞങ്ങൾ ഒടുവിൽ സൈബീ​രി​യ​യി​ലെ ടൂളൂൺ നഗരത്തിൽ എത്തി. രണ്ട് ആഴ്‌ച കഴിഞ്ഞ​പ്പോൾ എന്‍റെ ചേട്ടനായ ബോഗ്‌ഡ​നും അടുത്തുള്ള അങ്കാർസ്‌ക്‌ നഗരത്തി​ലെ ഒരു ക്യാമ്പിൽ എത്തി. ചേട്ടനെ 25 വർഷത്തെ കഠിന​ത​ട​വി​നാ​ണു വിധി​ച്ചി​രു​ന്നത്‌.

അമ്മയും ഗ്രി​ഗോ​റി​യും ഞാനും ടൂളൂ​ണിന്‌ അടുത്തുള്ള ജനവാ​സ​മേ​ഖ​ല​ക​ളിൽ പ്രസം​ഗി​ക്കാൻ തുടങ്ങി. പക്ഷേ അതിനു നല്ല നയം വേണമാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഞങ്ങൾ ആളുക​ളോട്‌, “ഇവിടെ ആർക്കെ​ങ്കി​ലും പശുവി​നെ വിൽക്കാ​നു​ണ്ടോ” എന്നു ചോദി​ക്കു​മാ​യി​രു​ന്നു. പശുവി​നെ വിൽക്കാൻ തയ്യാറുള്ള ആരെ​യെ​ങ്കി​ലും കണ്ടാൽ പശുക്ക​ളു​ടെ അത്ഭുത​ക​ര​മായ രൂപക​ല്‌പ​ന​യെ​ക്കു​റിച്ച് ഞങ്ങൾ ആ വ്യക്തി​യോ​ടു പറയും. പിന്നെ പതിയെ ഞങ്ങൾ സ്രഷ്ടാ​വി​നെ​ക്കു​റിച്ച് സംസാ​രി​ച്ചു​തു​ട​ങ്ങും. സാക്ഷികൾ പശുക്കളെ അന്വേ​ഷിച്ച് വീടു​ക​ളിൽ വരുന്ന​തി​നെ​ക്കു​റിച്ച് ആ സമയത്ത്‌ പത്രത്തിൽപ്പോ​ലും വാർത്ത വന്നു. പക്ഷേ ഞങ്ങളുടെ യഥാർഥ​ല​ക്ഷ്യം ആടുക​ളാ​യി​രു​ന്നു! ചെമ്മരി​യാ​ടു​ക​ളെ​പ്പോ​ലെ​യുള്ള ആളുകളെ ഞങ്ങൾ കണ്ടെത്തു​ക​യും ചെയ്‌തു. നിയമി​ച്ചു​കൊ​ടു​ത്തി​ട്ടി​ല്ലാത്ത ആ പ്രദേ​ശത്തെ താഴ്‌മ​യുള്ള, അതിഥി​പ്രി​യ​രായ ആളുക​ളു​ടെ​കൂ​ടെ ബൈബിൾ പഠിക്കു​ന്നതു ശരിക്കും സന്തോ​ഷ​മാ​യി​രു​ന്നു. ഇന്നു ടൂളൂ​ണിൽ 100-ലധികം പ്രചാ​ര​ക​രുള്ള ഒരു സഭയുണ്ട്.

മരിയ​യു​ടെ വിശ്വാ​സം പരി​ശോ​ധി​ക്ക​പ്പെ​ടു​ന്നു

എന്‍റെ ഭാര്യ മരിയ യു​ക്രെ​യി​നിൽവെ​ച്ചാ​ണു സത്യം പഠിച്ചത്‌. രണ്ടാം ലോക​മ​ഹാ​യു​ദ്ധം നടക്കുന്ന കാലമാ​യി​രു​ന്നു അത്‌. അവൾക്ക് 18 വയസ്സു​ള്ള​പ്പോൾ ഒരു കെജിബി ഓഫീസർ അവളെ ശല്യ​പ്പെ​ടു​ത്താൻ തുടങ്ങി. താനു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാൻ അയാൾ പലവട്ടം നിർബ​ന്ധി​ച്ചെ​ങ്കി​ലും അവൾ അതിന്‌ ഒട്ടും വഴങ്ങി​ക്കൊ​ടു​ത്തില്ല. ഒരു ദിവസം വീട്ടിൽ തിരി​ച്ചെ​ത്തി​യ​പ്പോൾ അവൾ കണ്ട കാഴ്‌ച ആ മനുഷ്യൻ അവളുടെ കട്ടിലിൽ കിടക്കു​ന്ന​താണ്‌. മരിയ പുറ​ത്തേക്ക് ഓടി. ഓഫീ​സർക്കു ദേഷ്യം കയറി. സാക്ഷി​യാ​ണെന്ന കാരണ​ത്താൽ മരിയയെ ജയിലിൽ അടയ്‌ക്കു​മെന്ന് അയാൾ ഭീഷണി​പ്പെ​ടു​ത്തി. ഒടുവിൽ അങ്ങനെ​തന്നെ സംഭവി​ച്ചു. 1952-ൽ മരിയയെ 10 വർഷത്തെ തടവിനു വിധിച്ചു. വിശ്വ​സ്‌തത കാത്തു​സൂ​ക്ഷി​ച്ച​തി​നു തടവി​ലായ യോ​സേ​ഫി​ന്‍റെ അനുഭ​വ​മാ​ണു മരിയ​യ്‌ക്ക് അപ്പോൾ ഓർമ വന്നത്‌. (ഉൽപ. 39:12, 20) മരിയയെ കോട​തി​യിൽനിന്ന് ജയിലി​ലേക്കു കൊണ്ടു​പോയ ഡ്രൈവർ അവളോ​ടു പറഞ്ഞു: “പേടി​ക്കേണ്ടാ! ജയിലിൽ പോകുന്ന പലരും തല ഉയർത്തി​പ്പി​ടി​ച്ചു​ത​ന്നെ​യാ​ണു പുറത്തി​റ​ങ്ങാറ്‌.” ആ വാക്കുകൾ അവളെ ശരിക്കും ബലപ്പെ​ടു​ത്തി.

1952 മുതൽ 1956 വരെയുള്ള കാലം മരിയ, റഷ്യയി​ലെ ഗോർക്കി (ഇന്നത്തെ നിഷ്‌നീ നോവ്‌ഗ്‌റ്‌ട്ട്) നഗരത്തിന്‌ അടുത്തുള്ള തൊഴിൽപ്പാ​ള​യ​ത്തി​ലാ​യി​രു​ന്നു. മരം വെട്ടു​ന്ന​താ​യി​രു​ന്നു ജോലി. കൊടും​ത​ണു​പ്പിൽപ്പോ​ലും അതിന്‌ ഇളവ്‌ കിട്ടി​യില്ല. മരിയ​യു​ടെ ആരോ​ഗ്യം മോശ​മാ​യി. ഒടുവിൽ 1956-ൽ മോചി​ത​യായ മരിയ ടൂളൂ​ണി​ലേക്കു പോന്നു.

ഭാര്യ​യിൽനി​ന്നും മക്കളിൽനി​ന്നും ഒരുപാട്‌ അകലെ

ഒരു സഹോ​ദരി വരുന്നു​ണ്ടെന്നു ടൂളൂ​ണി​ലുള്ള ഒരു സഹോ​ദരൻ പറഞ്ഞ​പ്പോൾ ഞാൻ സൈക്കി​ളു​മെ​ടുത്ത്‌ ബസ്‌ സ്റ്റോപ്പി​ലേക്കു പോയി. സഹോ​ദ​രി​യെ പരിച​യ​പ്പെ​ടുക, സഹോ​ദ​രി​യു​ടെ സാധനങ്ങൾ എടുക്കാൻ സഹായി​ക്കുക ഇതൊ​ക്കെ​യാ​യി​രു​ന്നു ഉദ്ദേശ്യം. അന്നാണു ഞാൻ മരിയയെ ആദ്യമാ​യി കാണു​ന്നത്‌. കണ്ടപ്പോൾത്തന്നെ അവളെ എനിക്ക് ഇഷ്ടമായി. അവളുടെ സ്‌നേഹം പിടി​ച്ചു​പ​റ്റാൻ കുറച്ച് കഷ്ടപ്പെ​ടേ​ണ്ടി​വ​ന്നെ​ങ്കി​ലും ഒടുവിൽ ഞാൻ വിജയി​ച്ചു. 1957-ൽ ഞങ്ങൾ വിവാ​ഹി​ത​രാ​യി. ഒരു വർഷം കഴിഞ്ഞ് ഞങ്ങളുടെ മകൾ ഇറീന പിറന്നു. പക്ഷേ ആ സന്തോഷം അധിക​നാൾ നീണ്ടു​നി​ന്നില്ല. ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണങ്ങൾ അച്ചടി​ച്ച​തിന്‌ 1959-ൽ എന്നെ അറസ്റ്റ് ചെയ്‌തു. പിന്നെ ആറു മാസത്തെ ഏകാന്ത​ത​ടവ്‌. സമാധാ​ന​ത്തി​നാ​യി ആ സമയത്ത്‌ ഞാൻ കൂടെ​ക്കൂ​ടെ പ്രാർഥി​ച്ചു, രാജ്യ​ഗീ​തങ്ങൾ പാടി. ജയിൽമോ​ചി​ത​നാ​യി സാക്ഷീ​ക​രണം നടത്തു​ന്ന​തി​നെ​പ്പറ്റി ഭാവന​യിൽ കാണു​ന്ന​തും എന്‍റെ പതിവാ​യി​രു​ന്നു.

ഒരു തൊഴിൽപ്പാ​ള​യ​ത്തിൽ, 1962-ലെ ചിത്രം

ഒരിക്കൽ ജയിലിൽവെ​ച്ചുള്ള ചോദ്യം​ചെ​യ്യ​ലി​ന്‍റെ സമയത്ത്‌ അന്വേ​ഷ​ണോ​ദ്യോ​ഗസ്ഥൻ അലറി: “എലിക്കു​ഞ്ഞു​ങ്ങളെ നിലത്തിട്ട് ചവിട്ടി​യ​ര​യ്‌ക്കു​ന്ന​തു​പോ​ലെ നിന്നെ​യൊ​ക്കെ ഞങ്ങൾ ഇല്ലാതാ​ക്കും. അതിന്‌ ഇനി അധികം താമസ​മില്ല.” ഞാൻ പറഞ്ഞു: “ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത എല്ലാ ജനതക​ളോ​ടും പ്രസം​ഗി​ക്ക​പ്പെ​ടും എന്നാണു യേശു പറഞ്ഞത്‌. അതു തടയാൻ ആർക്കു​മാ​കില്ല.” അതു കേട്ട​പ്പോൾ ആ ഉദ്യോ​ഗസ്ഥൻ അടവ്‌ മാറ്റി. എന്നെ പറഞ്ഞ് അനുന​യി​പ്പിച്ച് എങ്ങനെ​യെ​ങ്കി​ലും വിശ്വാ​സം തള്ളിപ്പ​റ​യി​ക്കാ​നാ​യി പിന്നീട്‌ അയാളു​ടെ ശ്രമം. അതി​നെ​ക്കു​റി​ച്ചാ​ണു ഞാൻ തുടക്ക​ത്തിൽ പറഞ്ഞത്‌. ഭീഷണി​യും അനുന​യി​പ്പി​ക്കാ​നുള്ള തന്ത്രവും ഫലിക്കാ​തെ വന്നപ്പോൾ എന്നെ ഏഴു വർഷത്തെ കഠിന​ത​ട​വി​നു ശിക്ഷിച്ച് സറൻസ്‌ക്‌ നഗരത്തിന്‌ അടുത്തുള്ള ഒരു ക്യാമ്പി​ലേക്ക് അയച്ചു. അവി​ടേ​ക്കുള്ള യാത്ര​യ്‌ക്കി​ടെ​യാ​ണു ഞങ്ങളുടെ രണ്ടാമത്തെ മകളായ ഓൾഗ പിറ​ന്നെന്നു ഞാൻ അറിഞ്ഞത്‌. മരിയ​യും മക്കളും അങ്ങു ദൂരെ​യാ​യി​രു​ന്നെ​ങ്കി​ലും എനിക്കും അവൾക്കും ഇതുവരെ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ കഴിഞ്ഞ​ല്ലോ എന്ന് ഓർത്ത​പ്പോൾ എനിക്ക് ആശ്വാസം തോന്നി.

മരിയയും മക്കളായ ഓൾഗ​യും ഇറീന​യും, 1965-ലെ ചിത്രം

ടൂളൂ​ണിൽനിന്ന് സറൻസ്‌കിൽ വന്നു​പോ​കാൻ 12 ദിവസത്തെ ട്രെയിൻയാ​ത്ര​യു​ണ്ടാ​യി​രു​ന്നെങ്കി​ലും മരിയ എന്നെ കാണാ​നാ​യി എല്ലാ വർഷവും വന്നിരു​ന്നു. വരു​മ്പോ​ഴൊ​ക്കെ മരിയ എനിക്ക് ഒരു പുതിയ ജോടി ഷൂസും കൊണ്ടു​വ​ന്നി​രു​ന്നു. ഷൂസിന്‍റെ ഹീലു​കൾക്ക​കത്ത്‌ വീക്ഷാ​ഗോ​പു​ര​ത്തി​ന്‍റെ ഏറ്റവും പുതിയ ലക്കങ്ങൾ ഒളിപ്പി​ച്ചു​വെ​ച്ചി​ട്ടു​ണ്ടാ​കും. ഒരു വർഷം മരിയ ഒരു പ്രത്യേ​ക​സ​മ്മാ​ന​വു​മാ​യാ​ണു വന്നത്‌—അന്ന് അവളു​ടെ​കൂ​ടെ ഞങ്ങളുടെ രണ്ടു കുഞ്ഞു​മ​ക്ക​ളും ഉണ്ടായി​രു​ന്നു. അവരെ കാണാൻ കഴിഞ്ഞ​തും അവരു​ടെ​കൂ​ടെ ചെലവ​ഴിച്ച ആ നിമി​ഷ​ങ്ങ​ളും എന്നെ എത്രമാ​ത്രം സന്തോ​ഷി​പ്പി​ച്ചെ​ന്നോ!

പുതിയ സ്ഥലങ്ങൾ, പുതിയ വെല്ലു​വി​ളി​കൾ

1966-ൽ ഞാൻ തൊഴിൽപ്പാ​ള​യ​ത്തിൽനിന്ന് മോചി​ത​നാ​യി. തുടർന്ന് ഞങ്ങൾ നാലു പേരും​കൂ​ടെ കരിങ്ക​ട​ലിന്‌ അടുത്തുള്ള അർമവീർ നഗരത്തി​ലേക്കു താമസം മാറി. അവി​ടെ​വെ​ച്ചാ​ണു ഞങ്ങൾക്കു യാറോ​സ്ലാവ്‌, പാവെൽ എന്നീ ആൺമക്കൾ ജനിക്കു​ന്നത്‌.

അധികം വൈകി​യില്ല. കെജിബി ഓഫീ​സർമാർ ഞങ്ങളുടെ വീട്ടിൽ ഇടയ്‌ക്കി​ടെ റെയ്‌ഡ്‌ നടത്താൻ തുടങ്ങി. ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണങ്ങൾ കണ്ടെത്തു​ക​യാ​യി​രു​ന്നു ലക്ഷ്യം. വീടിന്‍റെ മുക്കും മൂലയും അവർ അരിച്ചു​പെ​റു​ക്കി. എന്തിന്‌, പശുക്ക​ളു​ടെ തീറ്റയ്‌ക്കി​ട​യിൽപ്പോ​ലും അവർ തിരഞ്ഞു. അങ്ങനെ ഒരു റെയ്‌ഡ്‌ നടക്കുന്ന സമയം. ചൂടു കാരണം ഓഫീ​സർമാർ വല്ലാതെ വിയർക്കാൻ തുടങ്ങി. അവരുടെ വസ്‌ത്ര​മാ​കെ പൊടി​യും പിടിച്ചു. മരിയ​യ്‌ക്ക് അതു കണ്ട് വിഷമ​മാ​യി. കാരണം അവർ മേലധി​കാ​രി​ക​ളു​ടെ ഉത്തരവ്‌ അനുസ​രി​ക്കുക മാത്ര​മാ​യി​രു​ന്ന​ല്ലോ. മരിയ അവർക്കു കുടി​ക്കാൻ ജ്യൂസ്‌ കൊടു​ത്തു. ഒരു പാത്രം വെള്ളവും തോർത്തു​ക​ളും ഒപ്പം വസ്‌ത്രങ്ങൾ വൃത്തി​യാ​ക്കാ​നുള്ള ബ്രഷും എത്തിച്ചു. കുറച്ച് കഴിഞ്ഞ് കെജിബി മേധാവി വന്നപ്പോൾ ഓഫീ​സർമാർ അദ്ദേഹ​ത്തോ​ടു മരിയ കാണിച്ച ദയയെ​ക്കു​റിച്ച് പറഞ്ഞു. അവർ വീട്ടിൽനിന്ന് ഇറങ്ങി​യ​പ്പോൾ ആ മേധാവി ഒരു പുഞ്ചി​രി​യോ​ടെ ഞങ്ങളെ കൈ വീശി​ക്കാ​ണി​ച്ചു. ‘എപ്പോ​ഴും നന്മകൊണ്ട് തിന്മയെ കീഴട​ക്കാൻ’ ശ്രമി​ക്കു​ന്ന​തി​ന്‍റെ പ്രയോ​ജനം കണ്ടപ്പോൾ ഞങ്ങൾക്കും സന്തോഷം തോന്നി.​—റോമ. 12:21.

വീട്ടിൽ പലവട്ടം റെയ്‌ഡ്‌ നടന്നെ​ങ്കി​ലും അർമവീ​റി​ലെ പ്രസം​ഗ​പ്ര​വർത്തനം ഞങ്ങൾ നിറു​ത്തി​യില്ല. അടുത്തു​ണ്ടാ​യി​രുന്ന കുർഗാ​നിൻസ്‌ക്‌ പട്ടണത്തി​ലെ പ്രചാ​ര​ക​രു​ടെ ഒരു ചെറിയ കൂട്ടത്തെ സഹായി​ക്കാ​നും ഞങ്ങൾക്കാ​യി. ഇന്ന് അർമവീ​റിൽ ആറു സഭകളുണ്ട്, കുർഗാ​നിൻസ്‌കിൽ നാലും. അവിടത്തെ വളർച്ച​യെ​ക്കു​റിച്ച് കേൾക്കു​മ്പോൾ എനിക്ക് എത്ര സന്തോഷം തോന്നു​ന്നെ​ന്നോ!

കഴിഞ്ഞു​പോ​യ വർഷങ്ങ​ളിൽ ചില​പ്പോ​ഴൊ​ക്കെ ഞങ്ങൾ ആത്മീയ​മാ​യി ദുർബ​ല​രാ​യി​പ്പോ​യി​ട്ടുണ്ട്. എന്നാൽ അപ്പോ​ഴൊ​ക്കെ ഞങ്ങളെ തിരു​ത്താ​നും ആത്മീയ​മാ​യി ബലപ്പെ​ടു​ത്താ​നും യഹോവ വിശ്വ​സ്‌ത​രായ സഹോ​ദ​ര​ങ്ങളെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. അതിനു ഞങ്ങൾക്ക് യഹോ​വ​യോ​ടു നന്ദിയുണ്ട്. (സങ്കീ. 130:3) മറ്റൊരു വലിയ പരി​ശോ​ധ​ന​യു​മു​ണ്ടാ​യി. സഭയി​ലേക്കു ചില കെജിബി ഏജന്‍റു​മാർ നുഴഞ്ഞു​ക​യ​റി​യി​രു​ന്നു. ഞങ്ങൾക്ക് അതു തിരി​ച്ച​റി​യാ​നാ​യില്ല. ഒറ്റ നോട്ട​ത്തിൽ അവർ വളരെ തീക്ഷ്ണ​ത​യു​ള്ള​വ​രാ​യി​രു​ന്നു. ശുശ്രൂ​ഷ​യി​ലും ഉത്സാഹ​ത്തോ​ടെ പ്രവർത്തി​ച്ചു. ചിലർക്കു സംഘട​ന​യിൽ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങൾപോ​ലും ലഭിച്ചു. പക്ഷേ കാലം അവരുടെ യഥാർഥ​മു​ഖം വെളി​ച്ചത്ത്‌ കൊണ്ടു​വന്നു.

1978-ൽ, 45 വയസ്സു​ള്ള​പ്പോൾ മരിയ വീണ്ടും ഗർഭി​ണി​യാ​യി. അവൾക്ക് ആ സമയത്ത്‌ ഗുരു​ത​ര​മായ ഒരു ഹൃ​ദ്രോ​ഗ​മു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട് അവൾ മരിച്ചു​പോ​കു​മെന്നു ഭയന്ന ഡോക്‌ടർമാർ അവളെ ഗർഭച്ഛി​ദ്ര​ത്തി​നു നിർബ​ന്ധി​ച്ചു. മരിയ പക്ഷേ സമ്മതി​ച്ചില്ല. എന്നാൽ ചില ഡോക്‌ടർമാർ ഒരു സിറി​ഞ്ചു​മാ​യി ആശുപ​ത്രി​യിൽ അവളെ വിടാതെ പിന്തു​ടർന്നു. എന്നാൽ കുഞ്ഞിനെ രക്ഷിക്കാൻ മരിയ ആശുപ​ത്രി​യിൽനിന്ന് ഓടി​പ്പോ​യി.

നഗരം വിടാൻ ഞങ്ങളോ​ടു കെജിബി ഉത്തരവി​ട്ടു. ഞങ്ങൾ എസ്‌റ്റോ​ണി​യ​യി​ലെ ടാലിൻ നഗരത്തിന്‌ അടുത്തുള്ള ഒരു ഗ്രാമ​ത്തി​ലേക്കു താമസം മാറി. അന്ന് അതു യുഎസ്‌എ​സ്‌ആർ-ന്‍റെ ഭാഗമാ​യി​രു​ന്നു. അവി​ടെ​വെച്ച് ഡോക്‌ട​മാ​രു​ടെ കണക്കു​കൂ​ട്ട​ലു​ക​ളെ​ല്ലാം തെറ്റിച്ച് മരിയ ആരോ​ഗ്യ​മുള്ള ഒരു ആൺകു​ഞ്ഞി​നു ജന്മം നൽകി. അവനു ഞങ്ങൾ വിറ്റാലി എന്നു പേരിട്ടു.

പിന്നീടു ഞങ്ങൾ എസ്‌റ്റോ​ണി​യ​യിൽനിന്ന് തെക്കൻ റഷ്യയി​ലെ ന്യെ​സ്ലോ​ബ്‌നാ​യാ എന്ന സ്ഥലത്തേക്കു താമസം മാറി. അടുത്തുള്ള പല പട്ടണങ്ങ​ളും സുഖവാ​സ​കേ​ന്ദ്ര​ങ്ങ​ളാ​യി​രു​ന്നു. രാജ്യത്ത്‌ എല്ലായി​ട​ത്തു​നി​ന്നു​മുള്ള ആളുകൾ സന്ദർശി​ച്ചി​രുന്ന ആ സ്ഥലങ്ങളിൽ ഞങ്ങൾ ജാഗ്ര​ത​യോ​ടെ പ്രസം​ഗ​പ്ര​വർത്തനം നടത്തി. ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളു​മാ​യി അവിടെ വന്ന അവരിൽ ചിലർ പക്ഷേ തിരി​ച്ചു​പോ​യതു നിത്യ​ജീ​വന്‍റെ പ്രത്യാ​ശ​യു​മാ​യി​ട്ടാണ്‌!

യഹോ​വയെ സ്‌നേ​ഹി​ക്കാൻ കുട്ടി​കളെ പഠിപ്പി​ക്കു​ന്നു

മക്കളുടെ മനസ്സിൽ യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും യഹോ​വയെ സേവി​ക്കാ​നുള്ള ആഗ്രഹ​വും വളർത്തി​യെ​ടു​ക്കാൻ ഞങ്ങൾ പ്രത്യേ​കം ശ്രദ്ധിച്ചു. അവരുടെ മേൽ നല്ലൊരു സ്വാധീ​ന​മാ​യി​രി​ക്കാൻ കഴിയുന്ന സഹോ​ദ​ര​ങ്ങളെ ഞങ്ങൾ ഇടയ്‌ക്കി​ടെ വീട്ടി​ലേക്കു ക്ഷണിക്കു​മാ​യി​രു​ന്നു. അതി​ലൊ​രാ​ളാ​യി​രു​ന്നു 1970 മുതൽ 1995 വരെ സഞ്ചാര​വേ​ല​യി​ലാ​യി​രുന്ന എന്‍റെ അനിയൻ ഗ്രി​ഗോ​റി. ഗ്രി​ഗോ​റി പതിവാ​യി ഞങ്ങളെ സന്ദർശി​ച്ചി​രു​ന്നു. എപ്പോ​ഴും സന്തോ​ഷ​വാ​നായ, തമാശകൾ പറയുന്ന ഗ്രി​ഗോ​റി വീട്ടിൽ വരുന്നത്‌ എല്ലാവർക്കും വലിയ ഇഷ്ടമാ​യി​രു​ന്നു. അതിഥി​കൾ വരു​മ്പോൾ ഞങ്ങൾ പലപ്പോ​ഴും ബൈബിൾക​ളി​കൾ കളിക്കു​മാ​യി​രു​ന്നു. മക്കൾക്കു ബൈബി​ളി​ലെ ചരി​ത്ര​വി​വ​ര​ണങ്ങൾ ഇഷ്ടമാ​കാൻ അതൊരു കാരണ​മാ​യി.

ഞങ്ങളുടെ ആൺമക്ക​ളും ഭാര്യ​മാ​രും.

ഇടത്തു​നിന്ന് വലത്തേക്ക്, പിൻനിര: യാറോ​സ്ലാവ്‌, പാവെൽ ജൂനിയർ, വിറ്റാലി

മുൻനിര: ആല്യോന, റായ, സ്വെറ്റ്‌ലാ​ന

ഞങ്ങളുടെ മകനായ യാറോ​സ്ലാവ്‌ 1987-ൽ ലാറ്റ്‌വി​യ​യി​ലെ റീഗ നഗരത്തി​ലേക്കു താമസം മാറി. അവിടെ അവനു കുറച്ചു​കൂ​ടെ സ്വാത​ന്ത്ര്യ​ത്തോ​ടെ പ്രസം​ഗ​പ്ര​വർത്തനം നടത്താ​നാ​യി. പക്ഷേ സൈനി​ക​സേ​വനം ചെയ്യാൻ വിസമ്മ​തി​ച്ച​തി​ന്‍റെ പേരിൽ അവനെ ഒന്നര വർഷത്തെ തടവിനു വിധിച്ചു. ഒൻപതു ജയിലു​ക​ളി​ലാ​യാണ്‌ അക്കാലം അവൻ കഴിച്ചു​കൂ​ട്ടി​യത്‌. ഞാൻ പങ്കുവെച്ച ജയില​നു​ഭ​വങ്ങൾ, സഹിച്ചു​നിൽക്കാൻ അവനെ സഹായി​ച്ചു. പിന്നീട്‌ അവൻ മുൻനി​ര​സേ​വനം തുടങ്ങി. 1990-ൽ ഞങ്ങളുടെ മകനായ പാവെൽ, ജപ്പാനു വടക്കുള്ള സാഖലീൻ ദ്വീപിൽ മുൻനി​ര​സേ​വനം ചെയ്യാ​നുള്ള ആഗ്രഹ​ത്തെ​ക്കു​റിച്ച് പറഞ്ഞു. അന്ന് അവനു വയസ്സ് 19. ആദ്യം ഞങ്ങൾ സമ്മതി​ച്ചില്ല. ആ ദ്വീപിൽ ആകെ 20 പ്രചാ​രകർ മാത്ര​മാ​ണു​ണ്ടാ​യി​രു​ന്നത്‌. പോരാ​ത്ത​തിന്‌, അവിടം ഞങ്ങളുടെ സ്ഥലത്തു​നിന്ന് 9,000 കിലോ​മീ​റ്റർ ദൂരെ​യും. പക്ഷേ പിന്നീടു ഞങ്ങൾ സമ്മതം മൂളി. അതൊരു നല്ല തീരു​മാ​ന​മാ​യി​രു​ന്നു. അവി​ടെ​യു​ണ്ടാ​യി​രുന്ന ആളുകൾ രാജ്യ​സ​ന്ദേശം നന്നായി ശ്രദ്ധിച്ചു. കുറച്ച് വർഷങ്ങൾക്കു​ള്ളിൽ അവിടെ എട്ടു സഭകളു​ണ്ടാ​യി. പാവെൽ 1995 വരെ സാഖലീ​നിൽ സേവിച്ചു. അപ്പോൾ വീട്ടിൽ ഞങ്ങളു​ടെ​കൂ​ടെ ഇളയ മകനായ വിറ്റാലി മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. ചെറു​താ​യി​രു​ന്ന​പ്പോൾമു​തൽ അവനു ബൈബിൾ വായി​ക്കാൻ വലിയ ഇഷ്ടമാ​യി​രു​ന്നു. 14 വയസ്സാ​യ​പ്പോൾ അവൻ മുൻനി​ര​സേ​വനം തുടങ്ങി. ഞാനും അവന്‍റെ​കൂ​ടെ രണ്ടു വർഷം മുൻനി​ര​സേ​വനം ചെയ്‌തു. നല്ല രസമുള്ള കാലമാ​യി​രു​ന്നു അത്‌. 19 വയസ്സാ​യ​പ്പോൾ പ്രത്യേക മുൻനി​ര​സേ​വ​ക​നാ​യി നിയമനം കിട്ടി വിറ്റാ​ലി​യും വീടു വിട്ടു.

1952-ൽ ഒരു കെജിബി ഓഫീസർ മരിയ​യോട്‌ ഇങ്ങനെ പറഞ്ഞി​രു​ന്നു: “നിന്‍റെ വിശ്വാ​സം ഉപേക്ഷിക്ക്. അല്ലെങ്കിൽ പത്തു വർഷം തടവിൽ കിട​ക്കേ​ണ്ടി​വ​രും. പുറത്ത്‌ ഇറങ്ങു​മ്പോ​ഴേ​ക്കും നീ ഒരു കിളവി​യാ​കും. നിനക്ക് ആരുമു​ണ്ടാ​കില്ല.” പക്ഷേ അങ്ങനെ​യൊ​ന്നു​മല്ല സംഭവി​ച്ചത്‌. നമ്മുടെ വിശ്വ​സ്‌ത​ദൈ​വ​മായ യഹോ​വ​യു​ടെ​യും ഞങ്ങളുടെ മക്കളു​ടെ​യും സത്യം കണ്ടെത്താൻ ഞങ്ങൾ സഹായിച്ച അനേക​രു​ടെ​യും സ്‌നേഹം അനുഭ​വി​ക്കാൻ ഞങ്ങൾക്കാ​യി. ഞങ്ങളുടെ മക്കൾ സേവിച്ച സ്ഥലങ്ങൾ സന്ദർശി​ക്കാ​നും എനിക്കും മരിയ​യ്‌ക്കും അവസരം കിട്ടി. യഹോ​വ​യെ​ക്കു​റിച്ച് പഠിക്കാൻ ഞങ്ങളുടെ മക്കൾ സഹായിച്ച ആളുക​ളു​ടെ നന്ദി നിറഞ്ഞ മുഖങ്ങ​ളും ഞങ്ങൾ കണ്ടു.

യഹോ​വ​യു​ടെ നന്മയ്‌ക്കു നന്ദി​യോ​ടെ

1991-ൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തി​നു നിയമാം​ഗീ​കാ​രം ലഭിച്ചു. അതു പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു പുത്തനു​ണർവ്‌ പകർന്നു. വാരാ​ന്ത​ങ്ങ​ളിൽ അടുത്തുള്ള പട്ടണങ്ങ​ളി​ലും ഗ്രാമ​ങ്ങ​ളി​ലും പോയി പ്രസം​ഗി​ക്കാൻ, ഞങ്ങളുടെ സഭ ഒരു ബസ്‌ മേടി​ക്കു​ക​പോ​ലും ചെയ്‌തു.

ഭാര്യയോടൊപ്പം, 2011-ൽ

യാറോ​സ്ലാ​വും ഭാര്യ ആല്യോ​ന​യും, പാവെ​ലും ഭാര്യ റായയും ഇപ്പോൾ ബഥേലിൽ സേവി​ക്കു​ന്നു. വിറ്റാ​ലി​യും ഭാര്യ സ്വെറ്റ്‌ലാ​ന​യും സർക്കിട്ട് വേലയി​ലാണ്‌. ഇതും എനിക്കു വലി​യൊ​രു സന്തോ​ഷ​മാണ്‌. ഞങ്ങളുടെ മൂത്ത മകൾ ഇറീന കുടും​ബ​സ​മേതം ജർമനി​യി​ലാണ്‌. അവളുടെ ഭർത്താവ്‌ വ്‌ലാ​ഡീ​മി​റും മൂന്ന് ആൺമക്ക​ളും മൂപ്പന്മാ​രാണ്‌. മറ്റേ മകൾ ഓൾഗ എസ്റ്റോ​ണി​യ​യി​ലാ​ണു താമസം, എന്നെ പതിവാ​യി ഫോൺ വിളി​ക്കാ​റുണ്ട്. ഇതിനി​ടെ ദുഃഖ​ക​ര​മായ ഒരു കാര്യ​മു​ണ്ടാ​യി, 2014-ൽ എന്‍റെ പ്രിയ​ഭാ​ര്യ മരിയ മരണമ​ടഞ്ഞു. അവൾ പുനരു​ത്ഥാ​ന​പ്പെട്ട് വരുന്നതു കാണാൻ ഞാൻ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നു! ഞാൻ ഇപ്പോൾ ബൽഗോ​റഡ്‌ പട്ടണത്തി​ലാ​ണു താമസി​ക്കു​ന്നത്‌. ഇവി​ടെ​യുള്ള സഹോ​ദ​രങ്ങൾ എനിക്കു വലി​യൊ​രു സഹായ​മാണ്‌.

വർഷങ്ങ​ളി​ലു​ട​നീ​ള​മുള്ള ദൈവ​സേ​വനം എന്നെ പഠിപ്പിച്ച ഒരു കാര്യ​മുണ്ട്. വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ എപ്പോ​ഴും അത്ര എളുപ്പമല്ല. പക്ഷേ യഹോവ നമുക്കു പ്രതി​ഫ​ല​മാ​യി തരുന്ന ഒരു സമാധാ​ന​മു​ണ്ട​ല്ലോ, അതു വിലമ​തി​ക്കാ​നാ​കാത്ത ഒരു നിധി​യാണ്‌. ചിന്തി​ക്കാൻപോ​ലും കഴിയാത്ത അനു​ഗ്ര​ഹ​ങ്ങ​ളാ​ണു വിശ്വ​സ്‌ത​രാ​യി നിന്നതു​കൊണ്ട് എനിക്കും മരിയ​യ്‌ക്കും ലഭിച്ചത്‌. 1991-ൽ യുഎസ്‌എ​സ്‌ആർ-ന്‍റെ പതനത്തി​നു മുമ്പ് അവിടെ 40,000-ത്തോളം പ്രചാ​ര​കരേ ഉണ്ടായി​രു​ന്നു​ള്ളൂ. എന്നാൽ മുമ്പ് യുഎസ്‌എ​സ്‌ആർ-ന്‍റെ ഭാഗമാ​യി​രുന്ന രാജ്യ​ങ്ങ​ളി​ലെ​ല്ലാം​കൂ​ടി ഇന്ന് 4,00,000-ത്തിലധി​കം പ്രചാ​ര​ക​രുണ്ട്. എനിക്ക് ഇപ്പോൾ 83 വയസ്സായി. ഇന്നും ഞാൻ ഒരു മൂപ്പനാ​യി സേവി​ക്കു​ന്നു. എന്നും യഹോ​വ​യു​ടെ സഹായ​മു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌ എനിക്കു സഹിച്ചു​നിൽക്കാൻ കഴിഞ്ഞത്‌. അതെ, യഹോവ എന്നെ സമൃദ്ധ​മാ​യി​ത്തന്നെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു.​—സങ്കീ. 13:5, 6.

^ ഖ. 4 സോവിയറ്റ്‌ രാഷ്‌ട്ര സുരക്ഷാ​സ​മി​തി​യു​ടെ റഷ്യൻ ചുരു​ക്ക​പ്പേ​രാ​ണു കെജിബി.