വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുതിയ വ്യക്തി​ത്വം ധരിക്കുക, അതു നഷ്ടമാ​കാ​തെ നോക്കുക

പുതിയ വ്യക്തി​ത്വം ധരിക്കുക, അതു നഷ്ടമാ​കാ​തെ നോക്കുക

“പുതിയ വ്യക്തി​ത്വം ധരിക്കുക.”​—കൊലോ. 3:10.

ഗീതങ്ങൾ: 126, 28

1, 2. (എ) പുതിയ വ്യക്തി​ത്വം ധരിക്കാൻ നമുക്കു കഴിയു​മെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്? (ബി) കൊ​ലോ​സ്യർ 3:10-14 വരെയുള്ള വാക്യ​ങ്ങ​ളിൽ പുതിയ വ്യക്തി​ത്വ​ത്തി​ന്‍റെ ഏതൊക്കെ വശങ്ങ​ളെ​ക്കു​റി​ച്ചാ​ണു പറയു​ന്നത്‌?

“പുതിയ വ്യക്തി​ത്വം.” വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാ​ന്ത​ര​ത്തിൽ ഈ പദപ്ര​യോ​ഗം രണ്ടു പ്രാവ​ശ്യം പ്രത്യ​ക്ഷ​പ്പെ​ടു​ന്നുണ്ട്. (എഫെ. 4:24; കൊലോ. 3:10) ‘ദൈവ​ത്തി​ന്‍റെ ഇഷ്ടമനു​സ​രിച്ച് സൃഷ്ടി​ക്ക​പ്പെട്ട’ ഒരു വ്യക്തി​ത്വ​ത്തെ​യാണ്‌ അതു കുറി​ക്കു​ന്നത്‌. അത്തരം പുതിയ വ്യക്തി​ത്വം വളർത്തി​യെ​ടു​ക്കു​ന്നതു നമ്മളെ​ക്കൊണ്ട് കഴിയുന്ന കാര്യ​മാ​ണോ? അതെ. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? കാരണം, യഹോവ തന്‍റെ ഛായയി​ലാ​ണു മനുഷ്യ​നെ സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ മനുഷ്യർക്ക് യഹോ​വ​യു​ടെ മനോ​ഹ​ര​മായ ഗുണങ്ങൾ അനുക​രി​ക്കാൻ കഴിയും.—ഉൽപ. 1:26, 27; എഫെ. 5:1.

2 എങ്കിലും, നമ്മുടെ ആദ്യമാ​താ​പി​താ​ക്ക​ളിൽനിന്ന് കൈമാ​റി​ക്കി​ട്ടിയ അപൂർണത കാരണം നമു​ക്കെ​ല്ലാം ഇടയ്‌ക്കി​ടെ തെറ്റായ മോഹ​ങ്ങ​ളു​ണ്ടാ​യേ​ക്കാം. അതു​പോ​ലെ നമ്മുടെ ചുറ്റു​പാ​ടു​ക​ളും സാഹച​ര്യ​ങ്ങ​ളും നമ്മളെ സ്വാധീ​നി​ക്കാ​നി​ട​യുണ്ട്. എന്നാൽ, കരുണാ​പൂർവം യഹോവ തരുന്ന സഹായ​ത്താൽ, യഹോവ ആഗ്രഹി​ക്കുന്ന തരം വ്യക്തി​ക​ളാ​കാൻ നമുക്കു സാധി​ക്കും. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതിയ പുതിയ വ്യക്തി​ത്വ​ത്തി​ന്‍റെ വിവിധ വശങ്ങ​ളെ​ക്കു​റിച്ച് ഈ ലേഖന​ത്തിൽ പഠിക്കു​മ്പോൾ അതിനുള്ള നമ്മുടെ ആഗ്രഹം ശക്തമാ​കും. (കൊ​ലോ​സ്യർ 3:10-14 വായി​ക്കുക.) ശുശ്രൂ​ഷ​യിൽ ഈ ഗുണങ്ങൾ എങ്ങനെ പ്രയോ​ജനം ചെയ്യു​മെ​ന്നും നമ്മൾ പഠിക്കും.

“നിങ്ങൾ എല്ലാവ​രും ഒന്നാണ്‌”

3. പുതിയ വ്യക്തി​ത്വ​ത്തി​ന്‍റെ ഒരു സവി​ശേഷത എന്ത്?

3 പുതിയ വ്യക്തി​ത്വം ധരിക്കാൻ ഉപദേ​ശി​ച്ച​തി​നു ശേഷം ആ വ്യക്തി​ത്വ​ത്തി​ന്‍റെ ഒരു പ്രമു​ഖ​സ​വി​ശേ​ഷ​ത​യാ​യി പൗലോസ്‌ എടുത്തു​പറഞ്ഞ കാര്യ​മാ​ണു പക്ഷപാ​ത​മി​ല്ലായ്‌മ. അദ്ദേഹ​ത്തി​ന്‍റെ വാക്കുകൾ ഇതായി​രു​ന്നു: “ഇതിൽ ഗ്രീക്കു​കാ​ര​നെ​ന്നോ ജൂത​നെ​ന്നോ ഇല്ല. പരി​ച്ഛേ​ദ​ന​യേ​റ്റ​വ​നെ​ന്നോ പരി​ച്ഛേ​ദ​ന​യേൽക്കാ​ത്ത​വ​നെ​ന്നോ ഇല്ല. വിദേശി, സിഥിയൻ, അടിമ, സ്വതന്ത്രൻ എന്നുമില്ല.” * വംശം, രാഷ്‌ട്രം, സമൂഹ​ത്തി​ലെ നിലയും വിലയും എന്നിവ​യു​ടെ അടിസ്ഥാ​ന​ത്തി​ലുള്ള വേർതി​രി​വി​നു ക്രിസ്‌തീ​യ​സ​ഭ​യിൽ സ്ഥാനമി​ല്ലാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം ക്രിസ്‌തു​വി​ന്‍റെ യഥാർഥ അനുഗാ​മി​കൾ “എല്ലാവ​രും ഒന്നാണ്‌.”—കൊലോ. 3:11; ഗലാ. 3:28.

4. (എ) ദൈവ​ദാ​സർ മറ്റുള്ള​വ​രോട്‌ എങ്ങനെ​യാണ്‌ ഇടപെ​ടേ​ണ്ടത്‌? (ബി) ക്രിസ്‌ത്യാ​നി​ക​ളു​ടെ ഇടയിലെ ഐക്യ​ത്തിന്‌ എന്തു വിലങ്ങു​ത​ടി​യാ​യേ​ക്കാം?

4 പുതിയ വ്യക്തി​ത്വം ധരിച്ചവർ സാമൂ​ഹി​ക​പ​ശ്ചാ​ത്ത​ല​വും വംശവും നോക്കാ​തെ സഹവി​ശ്വാ​സി​ക​ളോ​ടും മറ്റുള്ള​വ​രോ​ടും ആദര​വോ​ടെ ഇടപെ​ടു​ന്ന​വ​രാണ്‌. (റോമ. 2:11) എന്നാൽ, ലോക​ത്തി​ന്‍റെ ചില ഭാഗങ്ങ​ളിൽ ഇതു വളരെ ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം. സൗത്ത്‌ ആഫ്രിക്ക ഇതിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌. ഓരോ വംശത്തിൽപ്പെ​ട്ട​വർക്കും ഗവൺമെന്‍റ് പണ്ടു പ്രത്യേ​കം​പ്ര​ത്യേ​കം സ്ഥലങ്ങൾ വേർതി​രിച്ച് കൊടു​ത്തി​രു​ന്നു. പണക്കാർ, കറുത്ത വർഗക്കാർ, സങ്കരവം​ശ​ക്കാർ എന്നിവർക്കാ​യെ​ല്ലാം ഗവൺമെന്‍റ് അത്തരത്തിൽ സ്ഥലം നീക്കി​വെ​ച്ചി​രു​ന്നു. അത്തരം ചില സ്ഥലങ്ങളി​ലാണ്‌ ആ രാജ്യത്തെ സാക്ഷി​ക​ളിൽ മിക്കവ​രും ഇന്നും താമസി​ക്കു​ന്നത്‌. അതു​കൊണ്ട് ‘വിശാ​ല​ത​യു​ള്ള​വ​രാ​കാൻ’ സഹോ​ദ​ര​ങ്ങളെ സഹായി​ക്കാ​നാ​യി 2013 ഒക്‌ടോ​ബ​റിൽ ഭരണസം​ഘം ഒരു പ്രത്യേ​ക​പ​രി​പാ​ടിക്ക് അംഗീ​കാ​രം കൊടു​ത്തു. വ്യത്യ​സ്‌ത​വം​ശ​ക്കാ​രായ സഹോ​ദ​ര​ങ്ങൾക്കു പരസ്‌പരം അടുത്ത്‌ പരിച​യ​പ്പെ​ടാൻ അവസര​മൊ​രു​ക്കുന്ന ഒരു ക്രമീ​ക​ര​ണ​മാ​യി​രു​ന്നു അത്‌. (2 കൊരി. 6:13, അടിക്കു​റിപ്പ്) അത്‌ എങ്ങനെ​യാ​ണു സംഘടി​പ്പി​ച്ചത്‌?

5, 6. (എ) ഒരു രാജ്യത്ത്‌ ദൈവ​ജ​ന​ത്തിന്‌ ഇടയിലെ ഐക്യം ശക്തമാ​ക്കാൻ എന്തു ക്രമീ​ക​ര​ണ​മാ​ണു ചെയ്‌തത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.) (ബി) എന്തായി​രു​ന്നു അതിന്‍റെ പ്രയോ​ജ​നങ്ങൾ?

5 ചില വാരാ​ന്ത​ങ്ങ​ളിൽ ഈരണ്ടു സഭകൾ ഒരുമിച്ച് കൂടി​വ​രു​ന്ന​തി​നുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു. ഭാഷയു​ടെ​യും വംശത്തി​ന്‍റെ​യും വേലി​ക്കെ​ട്ടു​കൾ മറിക​ടന്ന് അവർ ഒരുമിച്ച് പ്രസം​ഗ​പ്ര​വർത്തനം നടത്തി, ഒരുമിച്ച് യോഗ​ങ്ങ​ളിൽ പങ്കെടു​ത്തു, ഭവനങ്ങ​ളിൽ പരസ്‌പരം ആതിഥ്യ​മ​രു​ളി. നൂറു കണക്കിനു സഭകളാണ്‌ ഈ പരിപാ​ടി​യിൽ പങ്കെടു​ത്തത്‌. ഈ ക്രമീ​ക​ര​ണ​ത്തെ​ക്കു​റിച്ച് പുറത്തു​ള്ള​വ​രിൽനിന്ന് ഉൾപ്പെടെ ബ്രാ​ഞ്ചോ​ഫീ​സി​നു ധാരാളം നല്ല റിപ്പോർട്ടു​കൾ ലഭിക്കു​ക​യും ചെയ്‌തു. ഉദാഹ​ര​ണ​ത്തിന്‌, ഒരു മതശു​ശ്രൂ​ഷകൻ ഇങ്ങനെ പറഞ്ഞു: “ഞാൻ ഒരു സാക്ഷിയല്ല, പക്ഷേ നിങ്ങളു​ടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തെ​ക്കു​റിച്ച് പറയാ​തി​രി​ക്കാൻ വയ്യ. അത്‌ അത്ര സംഘടി​ത​മാണ്‌. ഇനി, പല വംശക്കാ​രാ​യി​ട്ടും നിങ്ങ​ളെ​ല്ലാം ഒറ്റക്കെ​ട്ടാണ്‌.” ഈ ക്രമീ​ക​രണം സഹോ​ദ​ര​ങ്ങളെ എങ്ങനെ​യാ​ണു സ്വാധീ​നി​ച്ചത്‌?

6 ഹൗസ ഭാഷ സംസാ​രി​ക്കുന്ന നോമ സഹോ​ദ​രിക്ക് ഇംഗ്ലീഷ്‌ സഭയിലെ വെള്ളക്കാ​രായ സഹോ​ദ​ര​ങ്ങളെ തന്‍റെ ചെറിയ വീട്ടി​ലേക്കു ക്ഷണിക്കാൻ ആദ്യ​മൊ​ക്കെ വലിയ മടിയാ​യി​രു​ന്നു. പക്ഷേ അവരു​ടെ​കൂ​ടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു പോകു​ക​യും അവരുടെ വീടു​ക​ളിൽ അതിഥി​യാ​യി ചെല്ലു​ക​യും ചെയ്‌ത​തോ​ടെ സഹോ​ദ​രി​യു​ടെ മനോ​ഭാ​വം മാറി. സഹോ​ദരി പറഞ്ഞു: “അവരും നമ്മളെ​പ്പോ​ലെ സാധാ​ര​ണ​മ​നു​ഷ്യ​രാണ്‌.” പിന്നീട്‌ ഇംഗ്ലീഷ്‌ സഭയ്‌ക്ക് ആതിഥ്യ​മ​രു​ളാ​നുള്ള അവസരം നോമ സഹോ​ദ​രി​യു​ടെ സഭയ്‌ക്കു കിട്ടി​യ​പ്പോൾ സഹോ​ദരി ഭക്ഷണം ഒരുക്കി അതിഥി​കളെ വീട്ടി​ലേക്കു ക്ഷണിച്ചു. അക്കൂട്ട​ത്തിൽ വെള്ളക്കാ​ര​നായ ഒരു മൂപ്പൻ സഹോ​ദ​ര​നു​മു​ണ്ടാ​യി​രു​ന്നു. നോമ സഹോ​ദരി പറയുന്നു: “തറയിൽ കിടന്ന ഒരു പ്ലാസ്റ്റിക്‌ പെട്ടി​യിൽ ഇരിക്കാൻ ആ സഹോ​ദരൻ തയ്യാറാ​യി. എനിക്ക് അത്ഭുതം തോന്നി.” സൗത്ത്‌ ആഫ്രി​ക്ക​യി​ലെ ഈ ക്രമീ​ക​രണം ഇപ്പോ​ഴും തുടർന്നു​പോ​രു​ന്നു. അതിലൂ​ടെ പല സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്കും പുതിയ സുഹൃ​ത്തു​ക്കളെ കിട്ടി​യി​രി​ക്കു​ന്നു. തങ്ങളുടെ സുഹൃ​ദ്‌വ​ലയം ഇനിയും വിശാ​ല​മാ​ക്കാ​നാണ്‌ അവരുടെ തീരു​മാ​നം.

‘അനുക​മ്പ​യും ദയയും ധരിക്കുക’

7. നമ്മൾ തുടർന്നും അനുക​മ്പ​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

7 സാത്താന്‍റെ ലോകം അവസാ​നി​ക്കു​ന്ന​തു​വരെ നമുക്കു പരി​ശോ​ധ​ന​ക​ളു​ണ്ടാ​യി​ക്കൊ​ണ്ടിരി​ക്കും. തൊഴി​ലി​ല്ലാ​യ്‌മ​യും ഗുരു​ത​ര​മായ രോഗ​ങ്ങ​ളും ഉപദ്ര​വ​ങ്ങ​ളും പ്രകൃ​തി​വി​പ​ത്തു​ക​ളും മറ്റു ബുദ്ധി​മു​ട്ടു​ക​ളും നമുക്ക് അനുഭ​വി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. കുറ്റകൃ​ത്യ​ങ്ങൾ കാരണം നമ്മുടെ സ്വത്തുക്കൾ നഷ്ടമാ​കു​ക​യും ചെയ്‌തേ​ക്കാം. ഇത്തരം കഷ്ടതക​ളി​ലും ബുദ്ധി​മു​ട്ടു​ക​ളി​ലും പരസ്‌പരം സഹായി​ക്ക​ണ​മെ​ങ്കിൽ നമുക്ക് ആത്മാർഥ​മായ അനുകമ്പ കൂടിയേ തീരൂ. അനുകമ്പ അഥവാ മനസ്സലിവ്‌ ഉണ്ടെങ്കിൽ നമുക്കു ദയാ​പ്ര​വൃ​ത്തി​കൾ ചെയ്യാൻ തോന്നും. (എഫെ. 4:32) പുതിയ വ്യക്തി​ത്വ​ത്തി​ന്‍റെ ഈ സവി​ശേ​ഷ​തകൾ ദൈവത്തെ അനുക​രി​ക്കാ​നും മറ്റുള്ള​വർക്ക് ആശ്വാ​സ​ത്തി​ന്‍റെ ഒരു ഉറവാ​യി​രി​ക്കാ​നും നമ്മളെ സഹായി​ക്കും.—2 കൊരി. 1:3, 4.

8. സഭയി​ലുള്ള എല്ലാവ​രോ​ടും അനുക​മ്പ​യും ദയയും കാണി​ക്കു​ന്ന​തു​കൊണ്ട് എന്തെല്ലാം പ്രയോ​ജ​ന​ങ്ങ​ളു​ണ്ടാ​യേ​ക്കാം? ഒരു ഉദാഹ​രണം പറയുക.

8 സഭയിലെ അന്യനാ​ട്ടു​കാ​രോ​ടും പാവ​പ്പെ​ട്ട​വ​രോ​ടും നമുക്ക് എങ്ങനെ കൂടുതൽ ദയയു​ള്ള​വ​രാ​യി​രി​ക്കാം? അവരെ നമ്മൾ സുഹൃ​ത്തു​ക്ക​ളാ​ക്കണം. അവർ സഭയ്‌ക്കു വളരെ വേണ്ട​പ്പെ​ട്ട​വ​രാ​ണെന്നു തിരി​ച്ച​റി​യാൻ അവരെ സഹായി​ക്കണം. (1 കൊരി. 12:22, 25) ഫിലി​പ്പീൻസിൽനിന്ന് ജപ്പാനി​ലേക്കു കുടി​യേ​റിയ ഡാനീ​ക്കാ​ളി​ന്‍റെ അനുഭവം നോക്കാം. ജോലി​സ്ഥ​ലത്ത്‌ സ്വദേ​ശി​കൾക്കു കിട്ടുന്ന പരിഗണന വിദേ​ശി​യായ ഡാനീ​ക്കാ​ളി​നു കിട്ടി​യില്ല. അങ്ങനെ​യി​രി​ക്കെ അദ്ദേഹം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു യോഗ​ത്തി​നു പോയി. അതെക്കു​റിച്ച് ഡാനീ​ക്കാൾ ഓർക്കു​ന്നു: “അവിടെ കൂടി​വ​ന്ന​വ​രിൽ മിക്കവ​രും ജപ്പാൻകാ​രാ​യി​രു​ന്നു. പക്ഷേ അവർ എനിക്ക് ഊഷ്‌മ​ള​മായ സ്വീക​ര​ണ​മാ​ണു തന്നത്‌. പണ്ടുമു​തലേ പരിച​യ​മു​ള്ള​വ​രെ​പ്പോ​ലെ​യാണ്‌ അവരെ​ല്ലാം എന്നോട്‌ ഇടപെ​ട്ടത്‌.” സഹോ​ദ​രങ്ങൾ തുടർന്നും കാണിച്ച ദയ ഡാനീ​ക്കാ​ളി​നെ സ്വാധീ​നി​ച്ചു. ആത്മീയ​പു​രോ​ഗതി വരുത്താൻ അദ്ദേഹത്തെ അതു സഹായി​ച്ചു. പിന്നീടു സ്‌നാ​ന​മേറ്റ അദ്ദേഹം ഇന്ന് ഒരു മൂപ്പനാ​യി സേവി​ക്കു​ന്നു. ഡാനീ​ക്കാ​ളി​ന്‍റെ സഹമൂ​പ്പ​ന്മാർ അദ്ദേഹ​ത്തെ​യും ഭാര്യ ജെന്നി​ഫ​റി​നെ​യും സഭയ്‌ക്ക് ഒരു അനു​ഗ്ര​ഹ​മാ​യി​ട്ടാ​ണു കാണു​ന്നത്‌. അവരെ​ക്കു​റിച്ച് മൂപ്പന്മാ​രു​ടെ അഭി​പ്രാ​യം ഇതാണ്‌: “മുൻനി​ര​സേ​വ​ക​രായ അവർ വളരെ ലളിത​മാ​യി​ട്ടാ​ണു ജീവി​ക്കു​ന്നത്‌. ദൈവ​രാ​ജ്യ​ത്തിന്‌ ഒന്നാം സ്ഥാനം കൊടു​ക്കുന്ന കാര്യ​ത്തിൽ അവർ നല്ലൊരു മാതൃ​ക​യാണ്‌.”—ലൂക്കോ. 12:31.

9, 10. ശുശ്രൂ​ഷ​യിൽ മറ്റുള്ള​വ​രോട്‌ അനുകമ്പ കാണി​ക്കു​ന്ന​തി​ന്‍റെ അനു​ഗ്ര​ഹ​ങ്ങൾക്കു ചില ഉദാഹ​ര​ണങ്ങൾ പറയുക.

9 രാജ്യ​സ​ന്ദേശം മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കു​മ്പോ​ഴും ‘ആളുകൾക്കു നന്മ ചെയ്യാൻ’ നമുക്ക് അവസരം കിട്ടും. (ഗലാ. 6:10) തങ്ങളുടെ നാട്ടി​ലേക്കു കുടി​യേ​റി​പ്പാർക്കു​ന്ന​വ​രോട്‌ അനുകമ്പ തോന്നു​ന്ന​തു​കൊണ്ട് പല സാക്ഷി​ക​ളും അവരുടെ ഭാഷ പഠി​ച്ചെ​ടു​ക്കാൻ ശ്രമി​ക്കു​ന്നു. (1 കൊരി. 9:23) അതു​കൊണ്ട് വലിയ പ്രയോ​ജ​ന​ങ്ങ​ളു​ണ്ടാ​യി​ട്ടുണ്ട്. ഓസ്‌​ട്രേ​ലി​യ​യി​ലുള്ള മുൻനി​ര​സേ​വി​ക​യായ റ്റിഫാനി സഹോ​ദ​രി​യു​ടെ അനുഭവം അതാണു കാണി​ക്കു​ന്നത്‌. ബ്രിസ്‌ബേൻ നഗരത്തി​ലെ സ്വാഹി​ലി ഭാഷാ​സ​ഭയെ സഹായി​ക്കു​ന്ന​തി​നു സഹോ​ദരി ആ ഭാഷ പഠിച്ചു. ഭാഷ പഠിക്കാൻ കുറച്ച് കഷ്ടപ്പെ​ട്ടെ​ങ്കി​ലും റ്റിഫാ​നി​യു​ടെ ജീവി​ത​ത്തിന്‌ അതു കൂടുതൽ അർഥം പകർന്നു. സഹോ​ദരി പറയുന്നു: “നിങ്ങൾക്കു ശുശ്രൂഷ കൂടുതൽ രസകര​മാ​ക്ക​ണ​മെ​ന്നു​ണ്ടോ? എങ്കിൽ ഒരു അന്യഭാ​ഷാ​സ​ഭ​യോ​ടൊത്ത്‌ സേവി​ച്ചു​നോ​ക്കൂ. സ്വന്തം നഗരം വിടാ​തെ​തന്നെ ഒരു യാത്ര പോകു​ന്ന​തു​പോ​ലെ​യാണ്‌ അത്‌. നമ്മുടെ ലോക​വ്യാ​പ​ക​സ​ഹോ​ദ​ര​കു​ടും​ബം എന്നാൽ എന്താ​ണെ​ന്നും അവരുടെ ഇടയിലെ ഐക്യം എത്ര വിസ്‌മ​യ​ക​ര​മാ​ണെ​ന്നും നിങ്ങൾ നേരിട്ട് അറിയും.”

മറുനാട്ടുകാരെ സഹായി​ക്കാൻ ക്രിസ്‌ത്യാ​നി​കളെ എന്താണു പ്രേരി​പ്പി​ക്കു​ന്നത്‌? (10-‍ാ‍ം ഖണ്ഡിക കാണുക)

10 ജപ്പാനി​ലെ ഒരു കുടും​ബ​ത്തി​ന്‍റെ അനുഭ​വ​വും ഇതിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌. ആ കുടും​ബ​ത്തി​ലെ ഏകമക​ളായ സാകി​കോ പറയുന്നു: “1990-കളിൽ, ബ്രസീ​ലിൽനിന്ന് ജപ്പാനി​ലേക്കു കുടി​യേ​റിയ ധാരാളം ആളുകളെ വയൽസേ​വ​ന​ത്തി​നി​ടെ ഞങ്ങൾ കണ്ടുമു​ട്ടാ​റു​ണ്ടാ​യി​രു​ന്നു. പോർച്ചു​ഗീസ്‌ ഭാഷയി​ലുള്ള അവരുടെ ബൈബി​ളിൽനിന്ന് വെളി​പാട്‌ 21:3, 4-ഉം അതു​പോ​ലെ സങ്കീർത്തനം 37:10, 11, 29-ഉം ഒക്കെ കാണി​ക്കു​മ്പോൾ അവർ നന്നായി ശ്രദ്ധി​ക്കും. ചില​പ്പോ​ഴൊ​ക്കെ അവരുടെ കണ്ണുകൾ നിറ​ഞ്ഞൊ​ഴു​കു​ന്ന​തും കാണാ​മാ​യി​രു​ന്നു.” അത്തരം ആളുക​ളോട്‌ ആ കുടും​ബം തുടർന്നും അനുകമ്പ കാണിച്ചു. എങ്ങനെ? സാകി​കോ പറയുന്നു: “അവർക്ക് ആത്മീയ​വി​ശ​പ്പു​ണ്ടെന്നു കണ്ടപ്പോൾ ഞങ്ങളുടെ കുടും​ബം പോർച്ചു​ഗീസ്‌ ഭാഷ പഠിക്കാൻ തുടങ്ങി.” പിന്നീട്‌ ആ കുടും​ബം ഒരു പോർച്ചു​ഗീസ്‌ സഭ സ്ഥാപി​ക്കാൻ സഹായി​ച്ചു. കഴിഞ്ഞു​പോയ വർഷങ്ങ​ളിൽ കുടി​യേ​റ്റ​ക്കാ​രായ അനേക​മാ​ളു​കളെ യഹോ​വ​യു​ടെ ദാസരാ​കാൻ അവർ സഹായി​ച്ചി​രി​ക്കു​ന്നു. സാകി​കോ തുടരു​ന്നു: “പോർച്ചു​ഗീസ്‌ പഠി​ച്ചെ​ടു​ക്കു​ന്നത്‌ ഇത്തിരി ബുദ്ധി​മു​ട്ടാ​യി​രു​ന്നു. പക്ഷേ ലഭിച്ച അനു​ഗ്ര​ഹ​ങ്ങ​ളു​മാ​യി തട്ടിച്ചു​നോ​ക്കു​മ്പോൾ ആ കഷ്ടപ്പാ​ടു​ക​ളൊ​ന്നും ഒന്നുമല്ല. യഹോ​വ​യോട്‌ ഒരുപാ​ടു നന്ദിയുണ്ട്.”—പ്രവൃ​ത്തി​കൾ 10:34, 35 വായി​ക്കുക.

‘താഴ്‌മ ധരിക്കുക’

11, 12. (എ) നമ്മൾ പുതിയ വ്യക്തി​ത്വം ധരിക്കാൻ ശ്രമി​ക്കേ​ണ്ടതു നല്ല ആന്തര​ത്തോ​ടെ​യാ​യി​രി​ക്ക​ണ​മെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്? (ബി) താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

11 നമ്മൾ പുതിയ വ്യക്തി​ത്വം ധരിക്കു​ന്നത്‌ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്താ​നാണ്‌, അല്ലാതെ മനുഷ്യ​രു​ടെ പ്രശംസ പിടി​ച്ചു​പ​റ്റാൻവേ​ണ്ടി​യല്ല. ഓർക്കുക! അഹങ്കാരം തലയ്‌ക്കു​പി​ടി​ച്ച​തു​കൊ​ണ്ടാ​ണു പൂർണ​നാ​യി​രുന്ന ഒരു ആത്മവ്യ​ക്തി​പോ​ലും പാപം ചെയ്‌തത്‌. (യഹസ്‌കേൽ 28:17 താരത​മ്യം ചെയ്യുക.) അങ്ങനെ​യെ​ങ്കിൽ അപൂർണ​രായ മനുഷ്യ​രു​ടെ കാര്യം പറയാ​നു​ണ്ടോ! അവർക്ക് അഹങ്കാ​ര​വും ധാർഷ്‌ട്യ​വും ഒഴിവാ​ക്കാൻ എത്ര ബുദ്ധി​മു​ട്ടാ​യി​രി​ക്കും! എങ്കിലും നമുക്കു താഴ്‌മ ധരിക്കാൻ സാധി​ക്കു​ക​തന്നെ ചെയ്യും. അതിനു നമ്മളെ എന്തു സഹായി​ക്കും?

12 താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്ക​ണ​മെ​ങ്കിൽ, ദൈവ​വ​ച​ന​ത്തിൽനിന്ന് വായി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച് ധ്യാനി​ക്കാൻ ദിവസ​വും സമയം മാറ്റി​വെ​ക്കണം. (ആവ. 17:18-20) പ്രത്യേ​കിച്ച്, യേശു​വി​ന്‍റെ ഉപദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും താഴ്‌മ​യു​ടെ കാര്യ​ത്തിൽ യേശു വെച്ച അതുല്യ​മാ​തൃ​ക​യെ​ക്കു​റി​ച്ചും ചിന്തി​ക്കു​ന്നതു ഗുണം ചെയ്യും. (മത്താ. 20:28) അപ്പോ​സ്‌ത​ല​ന്മാ​രു​ടെ കാലു കഴുകു​ക​പോ​ലും ചെയ്‌ത വ്യക്തി​യാ​ണു യേശു. (യോഹ. 13:12-17) ഇനി, നമ്മൾ മറ്റുള്ള​വ​രെ​ക്കാൾ ഒരു പടി മുകളി​ലാണ്‌ എന്ന ചിന്ത വളർന്നു​വ​രാ​തി​രി​ക്കാൻ ദൈവാ​ത്മാ​വി​നു​വേണ്ടി കൂടെ​ക്കൂ​ടെ പ്രാർഥി​ക്കു​ക​യും വേണം.—ഗലാ. 6:3, 4; ഫിലി. 2:3.

13. താഴ്‌മയുള്ളവരായിരിക്കുന്നതിന്‍റെ പ്രയോജനങ്ങൾ എന്തെല്ലാം?

13 സുഭാ​ഷി​തങ്ങൾ 22:4 വായി​ക്കുക. എല്ലാ സത്യാ​രാ​ധ​ക​രും താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കണം. അതു​കൊണ്ട് ധാരാളം പ്രയോ​ജ​ന​ങ്ങ​ളുണ്ട്. നമ്മൾ താഴ്‌മ​യു​ള്ള​വ​രാ​ണെ​ങ്കിൽ സഭയിൽ സമാധാ​ന​വും ഐക്യ​വും വളരും. താഴ്‌മ​യു​ണ്ടെ​ങ്കിൽ ദൈവം നമ്മളോട്‌ അനർഹദയ കാണി​ക്കു​ക​യും ചെയ്യും. അപ്പോ​സ്‌ത​ല​നായ പത്രോസ്‌ എഴുതി: “താഴ്‌മ ധരിച്ച് വേണം നിങ്ങൾ അന്യോ​ന്യം ഇടപെ​ടാൻ. കാരണം ദൈവം അഹങ്കാ​രി​ക​ളോട്‌ എതിർത്തു​നിൽക്കു​ന്നു; എന്നാൽ താഴ്‌മ​യു​ള്ള​വ​രോട്‌ അനർഹദയ കാട്ടുന്നു.”—1 പത്രോ. 5:5.

‘സൗമ്യ​ത​യും ക്ഷമയും ധരിക്കുക’

14. സൗമ്യ​ത​യും ക്ഷമയും കാണി​ക്കു​ന്ന​തിൽ ഏറ്റവും നല്ല മാതൃക ആരാണ്‌?

14 സൗമ്യ​ത​യും ക്ഷമയും ഉള്ളവരെ പൊതു​വേ ദുർബ​ല​രാ​യി​ട്ടാ​ണു ലോകം കാണു​ന്നത്‌. പക്ഷേ ആ ചിന്താ​ഗതി എത്രയോ തെറ്റാണ്‌. പ്രപഞ്ച​ത്തി​ലെ ഏറ്റവും ശക്തനായ വ്യക്തി​യാ​ണു മനോ​ഹ​ര​മായ ആ ഗുണങ്ങ​ളു​ടെ ഉറവി​ട​മെന്ന് ഓർക്കുക! സൗമ്യ​ത​യു​ടെ​യും ക്ഷമയു​ടെ​യും അത്യു​ത്ത​മ​മാ​തൃ​ക​യാണ്‌ യഹോവ. (2 പത്രോ. 3:9) യഹോ​വ​യു​ടെ തീരു​മാ​നത്തെ അബ്രാ​ഹാ​മും ലോത്തും ചോദ്യം ചെയ്‌ത​പ്പോൾ യഹോവ എങ്ങനെ​യാണ്‌ അവരോട്‌ ഇടപെ​ട്ട​തെന്ന് ഒന്നു ചിന്തി​ക്കുക. (ഉൽപ. 18:22-33; 19:18-21) ഇസ്രാ​യേ​ല്യ​രു​ടെ കാര്യ​മോ? അനുസ​ര​ണം​കെട്ട ആ ജനത​യോട്‌ 1,500-ലധികം വർഷമാണ്‌ യഹോവ ക്ഷമ കാണി​ച്ചത്‌.—യഹ. 33:11.

15. സൗമ്യ​ത​യും ക്ഷമയും കാണി​ക്കു​ന്ന​തിൽ യേശു എന്തു മാതൃ​ക​യാ​ണു വെച്ചത്‌?

15 യേശു​വും ‘സൗമ്യ​ത​യു​ള്ള​വ​നാ​യി​രു​ന്നു.’ (മത്താ. 11:29) യേശു​വി​ന്‍റെ അനുഗാ​മി​കൾക്കു പല ബലഹീ​ന​ത​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും യേശു അവരോ​ടു വളരെ ക്ഷമയോ​ടെ ഇടപെട്ടു. അതു​പോ​ലെ, ഭൂമി​യി​ലെ ശുശ്രൂ​ഷ​ക്കാ​ല​ത്തു​ട​നീ​ളം മത​വൈ​രി​ക​ളു​ടെ അന്യാ​യ​മായ വിമർശ​ന​ങ്ങ​ളും യേശു​വി​നു സഹി​ക്കേ​ണ്ടി​വന്നു. എന്നിട്ടും മരണം​വരെ യേശു സൗമ്യ​ത​യും ക്ഷമയും കൈവി​ട്ടില്ല. ദണ്ഡനസ്‌തം​ഭ​ത്തിൽ കഠിന​വേ​ദ​ന​കൊണ്ട് പുളയു​മ്പോ​ഴും യേശു പിതാ​വി​നോ​ടു പ്രാർഥി​ച്ചത്‌, തന്നെ കൊല്ലാൻ കൂട്ടു​നി​ന്ന​വ​രോ​ടു ക്ഷമിക്കാ​നാണ്‌. ‘പിതാവേ, ഇവർ ചെയ്യു​ന്നത്‌ എന്താ​ണെന്ന് ഇവർക്ക് അറിയില്ല’ എന്നാണു യേശു പറഞ്ഞത്‌. (ലൂക്കോ. 23:34) വേദന​യും സമ്മർദ​വും നിറഞ്ഞ സാഹച​ര്യ​ത്തിൽപ്പോ​ലും സൗമ്യ​ത​യും ക്ഷമയും കാണി​ച്ച​തി​ന്‍റെ എത്ര ശ്രദ്ധേ​യ​മായ മാതൃക!—1 പത്രോസ്‌ 2:21-23 വായി​ക്കുക.

16. സൗമ്യ​ത​യും ക്ഷമയും കാണി​ക്കാ​നാ​കുന്ന ഒരു വിധം ഏത്‌?

16 നമുക്ക് എങ്ങനെ സൗമ്യ​ത​യും ക്ഷമയും കാണി​ക്കാം? അതിനുള്ള ഒരു മാർഗ​ത്തെ​ക്കു​റിച്ച് പൗലോസ്‌ സഹവി​ശ്വാ​സി​കൾക്ക് എഴുതി: “ഒരാൾക്കു മറ്റൊ​രാൾക്കെ​തി​രെ എന്തെങ്കി​ലും പരാതി​ക്കു കാരണ​മു​ണ്ടാ​യാൽത്തന്നെ അതു സഹിക്കു​ക​യും അന്യോ​ന്യം ഉദാര​മാ​യി ക്ഷമിക്കു​ക​യും ചെയ്യുക. യഹോവ നിങ്ങ​ളോട്‌ ഉദാര​മാ​യി ക്ഷമിച്ച​തു​പോ​ലെ നിങ്ങളും ക്ഷമിക്കുക.” (കൊലോ. 3:13) സൗമ്യത, ക്ഷമ എന്നീ ഗുണങ്ങ​ളു​ണ്ടെ​ങ്കി​ലേ നമുക്ക് ഈ കല്‌പന അനുസ​രി​ക്കാൻ കഴിയൂ എന്നതു ശരിയാണ്‌. എന്നാൽ നമ്മൾ മറ്റുള്ള​വ​രു​ടെ തെറ്റുകൾ ക്ഷമിച്ചാൽ അതു സഭയ്‌ക്കു പ്രയോ​ജനം ചെയ്യു​മെന്ന് ഓർക്കുക. അതു സഭയുടെ ഐക്യം വളർത്തു​ക​യും കാത്തു​സൂ​ക്ഷി​ക്കു​ക​യും ചെയ്യും.

17. സൗമ്യ​ത​യും ക്ഷമയും പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

17 സൗമ്യ​ത​യും ക്ഷമയും ധരിക്കു​ക​യെ​ന്നത്‌ ഒരു ക്രിസ്‌ത്യാ​നി​ക്കു തോന്നി​യാൽ മാത്രം ചെയ്യേണ്ട ഒരു കാര്യമല്ല. അതു നമ്മുടെ രക്ഷയ്‌ക്ക് ഒഴിച്ചു​കൂ​ടാ​നാ​കാ​ത്ത​താണ്‌. (മത്താ. 5:5; യാക്കോ. 1:21) എന്നാൽ അതിനു പ്രധാ​ന​പ്പെട്ട മറ്റു ചില പ്രയോ​ജ​ന​ങ്ങ​ളു​മുണ്ട്. നമുക്ക് ഈ ഗുണങ്ങ​ളു​ണ്ടെ​ങ്കിൽ അത്‌ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തും. ഒപ്പം ബൈബിൾസ​ന്ദേ​ശ​ത്തി​നു ചെവി കൊടു​ക്കാൻ മറ്റുള്ള​വരെ പ്രേരി​പ്പി​ക്കു​ക​യും ചെയ്യും.—ഗലാ. 6:1; 2 തിമൊ. 2:24, 25.

“സ്‌നേഹം ധരിക്കുക”

18. സ്‌നേ​ഹ​വും പക്ഷപാ​ത​മി​ല്ലാ​യ്‌മ​യും തമ്മിൽ എന്താണു ബന്ധം?

18 നമ്മൾ ഇതുവരെ കണ്ട എല്ലാ ഗുണങ്ങ​ളും സ്‌നേ​ഹ​വു​മാ​യി അടുത്ത്‌ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. ധനിക​രോ​ടു പക്ഷപാതം കാണി​ച്ച​തി​നു ശിഷ്യ​നായ യാക്കോബ്‌ സഹോ​ദ​ര​ങ്ങൾക്കു കൊടുത്ത ഉപദേശം അതിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌. അത്തരം പെരു​മാ​റ്റം, “നിന്‍റെ അയൽക്കാ​രനെ നിന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം” എന്ന രാജകീ​യ​നി​യ​മ​ത്തിന്‌ എതിരാ​ണെന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ട് ഇങ്ങനെ കൂട്ടി​ച്ചേർത്തു: “ഇനിയും ഇങ്ങനെ പക്ഷപാതം കാണി​ക്കു​ക​യാ​ണെ​ങ്കിൽ നിങ്ങൾ പാപം ചെയ്യു​ക​യാണ്‌.” (യാക്കോ. 2:8, 9) എന്നാൽ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ നമ്മൾ വിദ്യാ​ഭ്യാ​സം, വംശം, സമൂഹ​ത്തി​ലെ നിലയും വിലയും എന്നതി​ന്‍റെ​യൊ​ന്നും അടിസ്ഥാ​ന​ത്തിൽ തരംതി​രിവ്‌ കാണി​ക്കില്ല. പക്ഷപാ​ത​മി​ല്ലായ്‌മ ഒരു പുറം​മോ​ടി മാത്ര​മാ​യി​രി​ക്ക​രുത്‌. അതു നമ്മുടെ വ്യക്തി​ത്വ​ത്തി​ന്‍റെ ഭാഗമാ​യി​രി​ക്കണം.

19. നമ്മൾ സ്‌നേഹം ധരി​ക്കേ​ണ്ട​തി​ന്‍റെ പ്രാധാ​ന്യം എന്താണ്‌?

19 സ്‌നേഹം, “ക്ഷമയും ദയയും” ഉള്ളതു​മാണ്‌. സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ നമ്മൾ ആരും ‘വലിയ ആളാ​ണെന്നു ഭാവി​ക്കു​ക​യില്ല.’ (1 കൊരി. 13:4) അതെ, അയൽക്കാ​രോ​ടു തുടർന്നും ദൈവ​രാ​ജ്യ​സ​ന്ദേശം അറിയി​ക്കാൻ നമുക്കു ക്ഷമയും ദയയും താഴ്‌മ​യും ആവശ്യ​മാണ്‌. (മത്താ. 28:19) ഇതേ ഗുണങ്ങൾ, നമ്മുടെ സഭയിലെ എല്ലാ സഹോ​ദ​ര​ങ്ങ​ളു​മാ​യി ഒത്തു​പോ​കാ​നും സഹായി​ക്കും. അത്തരം സ്‌നേഹം കാണി​ക്കു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം എന്താണ്‌? അതു സഭയിൽ ഐക്യം വളർത്തു​ക​യും യഹോ​വ​യ്‌ക്കു ബഹുമതി കരേറ്റു​ക​യും ചെയ്യും. മറ്റുള്ള​വ​രും ഈ ഐക്യം കണ്ട് സത്യത്തി​ലേക്ക് ആകർഷി​ത​രാ​കും. പുതിയ വ്യക്തി​ത്വ​ത്തെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്‍റെ വിവരണം ഈ വാക്കു​ക​ളോ​ടെ ഉപസം​ഹ​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടും ഉചിത​മാണ്‌: “ഇതി​നെ​ല്ലാം പുറമേ ആളുകളെ ഒറ്റക്കെ​ട്ടാ​യി നിറു​ത്താൻ കഴിവുള്ള സ്‌നേഹം ധരിക്കുക.”—കൊലോ. 3:14.

‘പുതു​ക്ക​പ്പെ​ട്ടു​കൊ​ണ്ടേ​യി​രി​ക്കുക’

20. (എ) നമ്മൾ ഏതു ചോദ്യ​ങ്ങൾ നമ്മളോ​ടു​തന്നെ ചോദി​ക്കണം, എന്തു​കൊണ്ട്? (ബി) നമ്മൾ ഏതു കാലത്തി​നാ​യാണ്‌ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നത്‌?

20 നമ്മൾ ഓരോ​രു​ത്ത​രും ഇങ്ങനെ സ്വയം ചോദി​ക്കണം: ‘പഴയ വ്യക്തി​ത്വം ഉരിഞ്ഞു​ക​ള​യാ​നും അതിൽനിന്ന് അകലം പാലി​ക്കാ​നും എനിക്ക് ഇനിയും എന്തൊക്കെ ചെയ്യാ​നാ​കും?’ നമ്മൾ ദൈവ​ത്തി​ന്‍റെ സഹായ​ത്തി​നു​വേണ്ടി ഉള്ളുരു​കി പ്രാർഥി​ക്കണം. ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കു​ന്ന​തിൽനിന്ന് നമ്മളെ തടയുന്ന ഏതൊരു മനോ​ഭാ​വ​വും ശീലവും മറിക​ട​ക്കാൻ കഠിന​മാ​യി പ്രയത്‌നി​ക്കു​ക​യും വേണം. (ഗലാ. 5:19-21) ‘ഞാൻ എന്‍റെ ചിന്താ​രീ​തി എപ്പോ​ഴും പുതു​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു​ണ്ടോ’ എന്ന ചോദ്യ​വും ചിന്താ​വി​ഷ​യ​മാ​ക്കുക. (എഫെ. 4:23, 24) പുതിയ വ്യക്തി​ത്വം ധരിക്കു​ന്ന​തും അതു നഷ്ടമാ​കാ​തെ നോക്കു​ന്ന​തും തുടർച്ച​യായ ഒരു പ്രക്രി​യ​യാണ്‌. ഒടുവിൽ എല്ലാ മനുഷ്യ​രും പുതിയ വ്യക്തി​ത്വം ധരിച്ച് യഹോ​വ​യു​ടെ മനോ​ഹ​ര​ഗു​ണങ്ങൾ പൂർണ​മാ​യി അനുക​രി​ക്കുന്ന ഒരു നാൾ വന്നെത്തും. അന്നത്തെ ആ ജീവിതം എത്ര മനോ​ഹ​ര​മാ​യി​രി​ക്കും!

^ ഖ. 3 ബൈബിൾക്കാലങ്ങളിൽ സിഥിയൻ ജനതയെ മറ്റുള്ളവർ അപരി​ഷ്‌കൃ​ത​രാ​യി​ട്ടാ​ണു കണ്ടിരു​ന്നത്‌. ആളുകൾക്ക് അവരോട്‌ അവജ്ഞയാ​യി​രു​ന്നു.