വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“സമാധാ​നമല്ല, വാൾ വരുത്താ​നാ​ണു ഞാൻ വന്നത്‌“

“സമാധാ​നമല്ല, വാൾ വരുത്താ​നാ​ണു ഞാൻ വന്നത്‌“

“ഞാൻ ഭൂമി​യിൽ സമാധാ​നം വരുത്താ​നാ​ണു വന്നത്‌ എന്നു വിചാ​രി​ക്കേണ്ടാ. സമാധാ​നമല്ല, വാൾ വരുത്താ​നാ​ണു ഞാൻ വന്നത്‌.”—മത്താ. 10:34.

ഗീതങ്ങൾ: 123, 128

1, 2. (എ) നമ്മൾ ഇപ്പോൾ എങ്ങനെ​യുള്ള സമാധാ​നം ആസ്വദി​ക്കു​ന്നു? (ബി) ഇക്കാലത്ത്‌ പൂർണ​മായ സമാധാ​ന​മി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

ഉത്‌ക​ണ്‌ഠ​ക​ളി​ല്ലാത്ത സമാധാ​ന​മുള്ള ഒരു ജീവി​ത​മാ​ണു നമ്മളെ​ല്ലാം ആഗ്രഹി​ക്കു​ന്നത്‌. ആശങ്ക​പ്പെ​ടു​ത്തുന്ന ചിന്തക​ളിൽനി​ന്നും വികാ​ര​ങ്ങ​ളിൽനി​ന്നും നമ്മളെ സംരക്ഷി​ക്കാൻ കഴിയുന്ന “ദൈവ​സ​മാ​ധാ​നം” എന്ന ആന്തരി​ക​ശാ​ന്തത തരുന്ന​തിൽ നമ്മൾ യഹോ​വ​യോട്‌ എത്ര നന്ദിയു​ള്ള​വ​രാണ്‌. (ഫിലി. 4:6, 7) യഹോ​വ​യ്‌ക്കു നമ്മുടെ ജീവിതം സമർപ്പി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട് നമുക്ക് യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധമുണ്ട്. അങ്ങനെ നമ്മൾ ‘ദൈവ​വു​മാ​യി സമാധാ​ന​ത്തി​ലാണ്‌.’—റോമ. 5:1.

2 എങ്കിലും പൂർണ​മായ സമാധാ​നം സ്ഥാപി​ക്കു​ന്ന​തി​നുള്ള ദൈവ​ത്തി​ന്‍റെ സമയം ഇതുവരെ വന്നിട്ടില്ല. ബുദ്ധി​മു​ട്ടു നിറഞ്ഞ ഈ അവസാ​ന​കാ​ലത്ത്‌ അനേക​രും മത്സരമ​നോ​ഭാ​വ​മു​ള്ള​വ​രാണ്‌, അതു​കൊ​ണ്ടു​തന്നെ ലോകം സംഘർഷ​ങ്ങ​ളാൽ നിറഞ്ഞി​രി​ക്കു​ന്നു. (2 തിമൊ. 3:1-4) ഇനി, ക്രിസ്‌ത്യാ​നി​ക​ളായ നമുക്കു സാത്താ​നും അവൻ വ്യാപി​പ്പി​ക്കുന്ന വ്യാജ​പ​ഠി​പ്പി​ക്ക​ലു​കൾക്കും എതിരെ പോരാ​ടേ​ണ്ട​തുണ്ട്. (2 കൊരി. 10:4, 5) പക്ഷേ നമ്മുടെ സമാധാ​ന​ത്തിന്‌ ഏറ്റവും അധികം ഭീഷണി വന്നേക്കാ​വു​ന്നത്‌ അവിശ്വാ​സി​ക​ളായ ബന്ധുക്ക​ളിൽനി​ന്നാ​യി​രി​ക്കാം. അവർ നമ്മുടെ വിശ്വാ​സ​ങ്ങളെ പരിഹ​സി​ച്ചേ​ക്കാം, കുടും​ബം കലക്കു​ന്ന​വ​രാ​ണെന്നു കുറ്റ​പ്പെ​ടു​ത്തി​യേ​ക്കാം, ‘നിങ്ങളു​ടെ ഈ വിശ്വാ​സം ഉപേക്ഷി​ച്ചി​ല്ലെ​ങ്കിൽ നിങ്ങളു​മാ​യി ഇനി ഒരു ബന്ധവു​മില്ല’ എന്നു പറഞ്ഞ് ഭീഷണി​പ്പെ​ടു​ത്തി​യേ​ക്കാം. എന്നാൽ, കുടും​ബ​ത്തിൽനി​ന്നുള്ള എതിർപ്പി​നെ നമ്മൾ എങ്ങനെ വീക്ഷി​ക്കണം? അതിന്‍റെ പേരി​ലു​ണ്ടാ​കുന്ന വ്യത്യസ്‌ത പ്രശ്‌ന​ങ്ങളെ എങ്ങനെ നേരി​ടാം?

കുടും​ബ​ത്തിൽനി​ന്നുള്ള എതിർപ്പി​നെ എങ്ങനെ വീക്ഷി​ക്കണം?

3, 4. (എ) യേശു​വി​നെ അനുഗ​മി​ക്കു​മ്പോൾ എന്തു പരിണ​ത​ഫലം പ്രതീ​ക്ഷി​ക്കണം? (ബി) യേശു​വി​നെ അനുക​രി​ക്കു​ന്നതു പ്രത്യേ​കി​ച്ചും ബുദ്ധി​മു​ട്ടാ​യി​ത്തീർന്നേ​ക്കാ​വു​ന്നത്‌ എപ്പോൾ?

3 തന്‍റെ പഠിപ്പി​ക്ക​ലു​കൾ ആളുകൾക്കി​ട​യിൽ ഭിന്നി​പ്പു​ണ്ടാ​ക്കു​മെ​ന്നും എതിർപ്പു​കളെ നേരി​ടാൻ തന്‍റെ അനുഗാ​മി​കൾക്കു ധൈര്യം ആവശ്യ​മാ​ണെ​ന്നും യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. കുടും​ബാം​ഗ​ങ്ങൾക്കി​ട​യി​ലെ സമാധാ​നത്തെ ഇതു ബാധി​ക്കു​മാ​യി​രു​ന്നു. യേശു പറഞ്ഞു: “ഞാൻ ഭൂമി​യിൽ സമാധാ​നം വരുത്താ​നാ​ണു വന്നത്‌ എന്നു വിചാ​രി​ക്കേണ്ടാ. സമാധാ​നമല്ല, വാൾ വരുത്താ​നാ​ണു ഞാൻ വന്നത്‌. മകനെ അപ്പനോ​ടും മകളെ അമ്മയോ​ടും മരുമ​കളെ അമ്മായി​യ​മ്മ​യോ​ടും ഭിന്നി​പ്പി​ക്കാ​നാ​ണു ഞാൻ വന്നത്‌. ഒരാളു​ടെ വീട്ടു​കാർതന്നെ അയാളു​ടെ ശത്രു​ക്ക​ളാ​കും.”—മത്താ. 10:34-36.

4 “ഞാൻ ഭൂമി​യിൽ സമാധാ​നം വരുത്താ​നാ​ണു വന്നത്‌ എന്നു വിചാ​രി​ക്കേണ്ടാ” എന്നു പറഞ്ഞ​പ്പോൾ യേശു എന്താണ്‌ ഉദ്ദേശി​ച്ചത്‌? തന്നെ അനുഗ​മി​ക്കു​ന്ന​തു​കൊ​ണ്ടു​ണ്ടാ​കുന്ന പരിണ​ത​ഫ​ല​ങ്ങ​ളെ​ക്കു​റിച്ച് തന്‍റെ ശ്രോ​താ​ക്കൾ ചിന്തി​ക്കേ​ണ്ട​തു​ണ്ടെ​ന്നാ​ണു യേശു അർഥമാ​ക്കി​യത്‌. യേശു​വി​ന്‍റെ സന്ദേശം ആളുകളെ ഭിന്നി​പ്പി​ക്കു​മാ​യി​രു​ന്നു. എന്നാൽ യേശു​വി​ന്‍റെ ഉദ്ദേശ്യം ദൈവ​വ​ച​ന​ത്തി​ലെ സത്യം അറിയി​ക്കുക എന്നതാ​യി​രു​ന്നു, അല്ലാതെ ബന്ധങ്ങൾ തകർക്കുക എന്നതാ​യി​രു​ന്നില്ല. (യോഹ. 18:37) എങ്കിലും, ഉറ്റസു​ഹൃ​ത്തു​ക്ക​ളോ കുടും​ബാം​ഗ​ങ്ങ​ളോ സത്യത്തെ എതിർക്കു​മ്പോൾ ക്രിസ്‌തു പഠിപ്പി​ക്കു​ന്ന​ത​നു​സ​രിച്ച് ജീവി​ക്കു​ന്നത്‌ അത്ര എളുപ്പമല്ല.

5. യേശു​വി​ന്‍റെ ശിഷ്യ​ന്മാർ എന്ത് അനുഭ​വി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു?

5 തന്‍റെ അനുഗാ​മി​കൾ പലതരം കഷ്ടതകൾ സഹിച്ചു​നിൽക്കേ​ണ്ടി​വ​രു​മെന്നു യേശു പറഞ്ഞു. അക്കൂട്ട​ത്തിൽ കുടും​ബാം​ഗ​ങ്ങ​ളിൽനി​ന്നുള്ള എതിർപ്പു​ക​ളും ഉൾപ്പെ​ടു​ന്നു. (മത്താ. 10:38) ക്രിസ്‌തു​വി​ന്‍റെ ഒരു ശിഷ്യ​നാ​യി​രി​ക്കു​ന്ന​തി​നു കുടും​ബാം​ഗ​ങ്ങ​ളിൽനി​ന്നുള്ള പരിഹാ​സ​വും ഒറ്റപ്പെ​ടു​ത്ത​ലും ഒക്കെ അവർ സഹിച്ചു​നിൽക്കേ​ണ്ടി​വ​രു​മാ​യി​രു​ന്നു. പക്ഷേ അവർ നേടിയ കാര്യ​ങ്ങ​ളു​മാ​യി തട്ടിച്ചു​നോ​ക്കു​മ്പോൾ അവർ നഷ്ടപ്പെ​ടു​ത്തി​യത്‌ ഒന്നുമല്ല!മർക്കോസ്‌ 10:29, 30 വായി​ക്കുക.

6. യഹോ​വയെ ആരാധി​ക്കാ​നുള്ള നമ്മുടെ ശ്രമങ്ങളെ ബന്ധുക്കൾ എതിർക്കു​ന്നെ​ങ്കിൽ നമ്മൾ എന്തെല്ലാം ഓർക്കണം?

6 യഹോ​വയെ ആരാധി​ക്കു​ന്ന​തി​നെ കുടും​ബാം​ഗങ്ങൾ എതിർത്താ​ലും നമ്മൾ അവരെ തുടർന്നും സ്‌നേ​ഹി​ക്കും. പക്ഷേ ഒന്നോർക്കണം: നമ്മൾ ഏറ്റവും അധികം സ്‌നേ​ഹി​ക്കേ​ണ്ടതു ദൈവ​ത്തെ​യും ക്രിസ്‌തു​വി​നെ​യും ആണ്‌. (മത്താ. 10:37) അതു​പോ​ലെ, കുടും​ബാം​ഗ​ങ്ങ​ളോ​ടു നമുക്കുള്ള സ്‌നേ​ഹ​വും അടുപ്പ​വും മുത​ലെ​ടു​ത്തു​കൊണ്ട് നമ്മുടെ വിശ്വ​സ്‌തത തകർക്കാൻ സാത്താൻ ശ്രമി​ക്കു​മെന്ന കാര്യം മറക്കരുത്‌. കുടും​ബ​ത്തിൽനി​ന്നുള്ള എതിർപ്പു നേരി​ട്ടേ​ക്കാ​വുന്ന ചില സാഹച​ര്യ​ങ്ങ​ളും അത്തരം സാഹച​ര്യ​ങ്ങളെ എങ്ങനെ വിജയ​ക​ര​മാ​യി കൈകാ​ര്യം ചെയ്യാ​മെ​ന്നും നമുക്ക് ഇപ്പോൾ നോക്കാം.

ഇണ അവിശ്വാ​സി​യാ​ണെ​ങ്കിൽ

7. അവിശ്വാ​സി​യായ ഇണയുള്ള ഒരാൾ തന്‍റെ സാഹച​ര്യ​ത്തെ എങ്ങനെ നോക്കി​ക്കാ​ണണം?

7 “വിവാഹം കഴിക്കു​ന്ന​വർക്കു ജഡത്തിൽ കഷ്ടപ്പാ​ടു​കൾ ഉണ്ടാകും” എന്നു ബൈബിൾ മുന്നറി​യി​പ്പു തരുന്നു. (1 കൊരി. 7:28) നിങ്ങളു​ടെ ഇണ അവിശ്വാ​സി​യാ​ണെ​ങ്കിൽ സാധാരണ വിവാ​ഹ​ബ​ന്ധ​ത്തി​ലു​ണ്ടാ​കു​ന്ന​തി​നെ​ക്കാൾ കൂടുതൽ പ്രശ്‌ന​ങ്ങ​ളും ഉത്‌ക​ണ്‌ഠ​ക​ളും നിങ്ങൾക്കു​ണ്ടാ​യേ​ക്കാം. അപ്പോൾ നിങ്ങളു​ടെ സാഹച​ര്യ​ത്തെ യഹോവ കാണു​ന്ന​തു​പോ​ലെ കാണുക. യഹോ​വ​യു​ടെ വീക്ഷണ​ത്തിൽ, ക്രിസ്‌തു​വി​ന്‍റെ അനുഗാ​മി​യാ​കാൻ നിങ്ങളു​ടെ ഇണ ഇപ്പോൾ തയ്യാറല്ല എന്നതു വിവാ​ഹ​മോ​ച​ന​ത്തി​നോ വേർപി​രി​യ​ലി​നോ ഉള്ള ന്യായ​മായ കാരണമല്ല. (1 കൊരി. 7:12-16) അതു​പോ​ലെ, അവിശ്വാ​സി​യായ ഭർത്താവ്‌ ആത്മീയ​കാ​ര്യ​ങ്ങ​ളിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്നി​ല്ലെ​ങ്കി​ലും അദ്ദേഹത്തെ ബഹുമാ​നി​ക്കണം, കാരണം അദ്ദേഹം കുടും​ബ​ത്തി​ന്‍റെ തലയാണ്‌. അതു​പോ​ലെ, ഭാര്യ അവിശ്വാ​സി​യാ​ണെ​ങ്കി​ലും ഒരു ക്രിസ്‌തീ​യ​ഭർത്താവ്‌ അവളോട്‌ ആത്മത്യാ​ഗ​സ്‌നേ​ഹ​വും വാത്സല്യ​വും കാണി​ക്കണം.—എഫെ. 5:22, 23, 28, 29.

8. നിങ്ങളു​ടെ ദൈവ​സേ​വ​ന​ത്തിന്‌ ഇണ പരിധി​കൾ വെക്കാൻ ശ്രമി​ക്കു​ന്നെ​ങ്കിൽ ഏതു ചോദ്യം സ്വയം ചോദി​ക്കണം?

8 നിങ്ങളു​ടെ ദൈവ​സേ​വ​ന​ത്തി​നു ചില പരിധി​കൾ വെക്കാൻ ഇണ ശ്രമി​ക്കു​ന്നെ​ങ്കിൽ എന്തു ചെയ്യും? ഉദാഹ​ര​ണ​ത്തിന്‌, ആഴ്‌ച​യി​ലെ ചില ദിവസങ്ങൾ മാത്രമേ വയൽസേ​വ​ന​ത്തി​നു പോകാ​വൂ എന്ന് ഒരു സഹോ​ദ​രി​യോ​ടു ഭർത്താവ്‌ പറഞ്ഞു. നിങ്ങൾ അത്തരം ഒരു സാഹച​ര്യം നേരി​ടു​ന്നെ​ങ്കിൽ സ്വയം ചോദി​ക്കുക: ‘യഹോ​വയെ ആരാധി​ക്കു​ന്നതു പൂർണ​മാ​യി നിറു​ത്താ​നാ​ണോ ഇണ ആവശ്യ​പ്പെ​ടു​ന്നത്‌? അങ്ങനെ​യ​ല്ലെ​ങ്കിൽ ഇണയുടെ അഭ്യർഥന മാനി​ക്കാ​വു​ന്ന​തല്ലേ?’ വിട്ടു​വീഴ്‌ച കാണി​ക്കാ​നുള്ള സന്നദ്ധത വിവാ​ഹ​ബ​ന്ധ​ത്തിൽ അനാവ​ശ്യ​പ്ര​ശ്‌നങ്ങൾ ഒഴിവാ​ക്കാൻ സഹായി​ക്കും.—ഫിലി. 4:5.

9. അവിശ്വാ​സി​യായ പിതാ​വി​നെ​യോ മാതാ​വി​നെ​യോ ബഹുമാ​നി​ക്കാൻ മക്കളെ എങ്ങനെ പഠിപ്പി​ക്കാം?

9 ഇണ അവിശ്വാ​സി​യാ​ണെ​ങ്കിൽ കുട്ടി​കളെ പരിശീ​ലി​പ്പി​ക്കു​ന്നതു പ്രത്യേ​കി​ച്ചും ബുദ്ധി​മു​ട്ടാ​യി​ത്തീർന്നേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, “നിന്‍റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കുക” എന്ന ബൈബിൾക​ല്‌പ​ന​യെ​ക്കു​റിച്ച് ചിന്തി​ക്കുക. (എഫെ. 6:1-3) എന്നാൽ നിങ്ങളു​ടെ ഇണ ബൈബി​ളി​ലെ നിലവാ​ര​ങ്ങൾക്ക​നു​സ​രി​ച്ചല്ല ജീവി​ക്കു​ന്ന​തെ​ങ്കിൽ ഈ കല്‌പന അനുസ​രി​ക്കാൻ കുട്ടിയെ എങ്ങനെ പഠിപ്പി​ക്കാം? ഇണയോ​ടു ബഹുമാ​നം കാണി​ച്ചു​കൊണ്ട് നിങ്ങൾതന്നെ നല്ലൊരു മാതൃക വെക്കണം. ഇണയുടെ നല്ല ഗുണങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കുക, ഇണ ചെയ്യുന്ന നല്ല കാര്യ​ങ്ങ​ളോ​ടു നിങ്ങൾക്കുള്ള വിലമ​തി​പ്പു പ്രകടി​പ്പി​ക്കുക. മക്കളുടെ മുമ്പിൽവെച്ച് ഇണയെ​പ്പറ്റി മോശ​മായ വിധത്തിൽ സംസാ​രി​ക്ക​രുത്‌. യഹോ​വയെ സേവി​ക്ക​ണോ വേണ്ടയോ എന്നത്‌ ഓരോ​രു​ത്ത​രും തീരു​മാ​നി​ക്കേണ്ട കാര്യ​മാ​ണെന്നു മക്കളോ​ടു വിശദീ​ക​രി​ക്കുക. ഒരുപക്ഷേ കുട്ടി​ക​ളു​ടെ നല്ല പെരു​മാ​റ്റം അവിശ്വാ​സി​യായ പിതാ​വി​നെ​യോ മാതാ​വി​നെ​യോ സത്യത്തി​ലേക്ക് ആകർഷി​ച്ചേ​ക്കാം.

സാധിക്കുമ്പോഴൊക്കെ നിങ്ങളു​ടെ കുട്ടി​കളെ ബൈബിൾസ​ത്യം പഠിപ്പി​ക്കു​ക (10-‍ാ‍ം ഖണ്ഡിക കാണുക)

10. ദമ്പതി​ക​ളിൽ ഒരാൾ അവിശ്വാ​സി​യാ​ണെ​ങ്കിൽ വിശ്വാ​സി​യായ ഇണയ്‌ക്ക് എങ്ങനെ തങ്ങളുടെ മക്കളെ ബൈബിൾസ​ത്യം പഠിപ്പി​ക്കാം?

10 വ്യാജ​മ​ത​ത്തോ​ടു ബന്ധപ്പെട്ട ആഘോ​ഷ​ങ്ങ​ളിൽ പങ്കെടു​ക്കാ​നോ വ്യാജ​മ​ത​വി​ശ്വാ​സങ്ങൾ പഠിക്കാ​നോ ചില​പ്പോൾ അവിശ്വാ​സി​യായ ഇണ മക്കളെ നിർബ​ന്ധി​ച്ചേ​ക്കാം. ഭാര്യ കുട്ടി​കളെ ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ അവിശ്വാ​സി​ക​ളായ ചില ഭർത്താ​ക്ക​ന്മാർ വിലക്കി​യേ​ക്കാം. അപ്പോൾപ്പോ​ലും കുട്ടി​കളെ ബൈബിൾസ​ത്യം പഠിപ്പി​ക്കാൻ ക്രിസ്‌തീ​യ​ഭാ​ര്യ തന്നാലാ​കു​ന്ന​തെ​ല്ലാം ചെയ്യണം. (പ്രവൃ. 16:1; 2 തിമൊ. 3:14, 15) ഉദാഹ​ര​ണ​ത്തിന്‌, കുട്ടി​ക​ളു​മാ​യി ക്രമമായ ബൈബിൾപ​ഠനം നടത്താ​നോ അവരെ മീറ്റി​ങ്ങു​കൾക്കു കൊണ്ടു​പോ​കാ​നോ അവിശ്വാ​സി​യായ ഭർത്താവ്‌ സമ്മതി​ക്കി​ല്ലാ​യി​രി​ക്കാം. അദ്ദേഹ​ത്തി​ന്‍റെ തീരു​മാ​ന​ങ്ങളെ മാനി​ക്കു​മ്പോൾത്തന്നെ, അവസരം കിട്ടു​മ്പോ​ഴെ​ല്ലാം കുട്ടി​ക​ളോ​ടു തന്‍റെ വിശ്വാ​സ​ത്തെ​ക്കു​റിച്ച് ഭാര്യക്കു സംസാ​രി​ക്കാ​നാ​കും. അങ്ങനെ യഹോ​വ​യെ​ക്കു​റി​ച്ചും ശരിയും തെറ്റും സംബന്ധിച്ച യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളെ​ക്കു​റി​ച്ചും ഉള്ള അറിവ്‌ പകർന്നു​കൊ​ടു​ക്കണം. (പ്രവൃ. 4:19, 20) എന്താ​ണെ​ങ്കി​ലും, യഹോ​വയെ സേവി​ക്ക​ണോ വേണ്ടയോ എന്നുള്ളതു മുതിർന്നു​വ​രവെ കുട്ടി​കൾതന്നെ എടുക്കേണ്ട ഒരു തീരു​മാ​ന​മാണ്‌.—ആവ. 30:19, 20. *

ബന്ധുക്കൾ സത്യാ​രാ​ധ​നയെ എതിർക്കു​മ്പോൾ

11. സാക്ഷി​ക​ള​ല്ലാത്ത ബന്ധുക്ക​ളു​മാ​യി പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കാൻ എന്ത് ഇടയാ​ക്കി​യേ​ക്കാം?

11 യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ​കൂ​ടെ ബൈബിൾ പഠിക്കുന്ന കാര്യം ആദ്യ​മൊ​ന്നും നമ്മൾ ബന്ധുക്ക​ളോ​ടു പറഞ്ഞി​ട്ടു​ണ്ടാ​കില്ല. എന്നാൽ നമ്മുടെ വിശ്വാ​സം ബലപ്പെ​ട്ട​പ്പോൾ ബൈബിൾസ​ത്യ​ത്തെ​ക്കു​റിച്ച് മറ്റുള്ള​വ​രോ​ടു പറയേ​ണ്ട​താ​ണെന്നു നമ്മൾ മനസ്സി​ലാ​ക്കി. (മർക്കോ. 8:38) നിങ്ങളു​ടെ ധീരമായ നിലപാ​ടു​മൂ​ലം സാക്ഷി​ക​ള​ല്ലാത്ത ബന്ധുക്ക​ളു​മാ​യി ചില പ്രശ്‌നങ്ങൾ ഉണ്ടായി​ട്ടു​ണ്ടാ​കാം. അങ്ങനെ​യെ​ങ്കിൽ അത്തരം പ്രശ്‌നങ്ങൾ കുറയ്‌ക്കാ​നും വിശ്വ​സ്‌ത​രാ​യി തുടരാ​നും നമ്മളെ സഹായി​ക്കുന്ന ചില കാര്യങ്ങൾ നമുക്ക് ഇപ്പോൾ ചർച്ച ചെയ്യാം.

12. അവിശ്വാ​സി​ക​ളായ ബന്ധുക്കൾ നമ്മളെ എതിർക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം, നമ്മൾ എന്തു മനസ്സി​ലാ​ക്കാൻ ശ്രമി​ക്കണം?

12 അവിശ്വാ​സി​ക​ളായ ബന്ധുക്കളെ അവരുടെ സ്ഥാനത്തു​നിന്ന് നോക്കി​ക്കാ​ണാൻ ശ്രമി​ക്കുക. ബൈബിൾസ​ത്യം അറിഞ്ഞ​പ്പോൾ നമുക്കു വലിയ ആവേശ​വും സന്തോ​ഷ​വും ഒക്കെ തോന്നി​ക്കാ​ണും. പക്ഷേ നമ്മുടെ ബന്ധുക്കൾ കാര്യങ്ങൾ അങ്ങനെ​യാ​യി​രി​ക്കില്ല കാണു​ന്നത്‌. നമ്മളെ ആരോ പറഞ്ഞ് പറ്റിച്ചി​രി​ക്കു​ക​യാ​ണെ​ന്നോ നമ്മൾ ഒരു വിചി​ത്ര​മായ മതത്തിന്‍റെ ഭാഗമാ​യെ​ന്നോ ഒക്കെയാ​യി​രി​ക്കാം അവരുടെ ചിന്ത. അവരു​ടെ​കൂ​ടെ ആഘോ​ഷ​ങ്ങ​ളി​ലൊ​ന്നും പങ്കെടു​ക്കാ​ത്ത​തു​കൊണ്ട് നമുക്ക് ഇപ്പോൾ അവരോ​ടു സ്‌നേ​ഹ​മി​ല്ലെ​ന്നാ​യി​രി​ക്കാം അവർ കരുതു​ന്നത്‌. മരണ​ശേഷം ദൈവം നമ്മെ ശിക്ഷി​ക്കു​മെ​ന്നു​പോ​ലും അവർ ആകുല​പ്പെ​ട്ടേ​ക്കാം. അതു​കൊണ്ട്, അവരുടെ സ്ഥാനത്തു​നിന്ന് കാര്യങ്ങൾ നോക്കി​ക്കാ​ണാൻ ശ്രമി​ച്ചു​കൊണ്ട് സഹാനു​ഭൂ​തി കാണി​ക്കുക. അവർ നമ്മളിൽ താത്‌പ​ര്യം കാണി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. (സുഭാ. 20:5) ‘എല്ലാ തരം ആളുക​ളോ​ടും’ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തിന്‌ അവരെ നന്നായി മനസ്സി​ലാ​ക്കാൻ പൗലോസ്‌ അപ്പോ​സ്‌തലൻ ശ്രമിച്ചു. അങ്ങനെ ചെയ്യു​ന്നതു നമ്മളെ​യും സഹായി​ക്കും.—1 കൊരി. 9:19-23.

13. അവിശ്വാ​സി​ക​ളായ ബന്ധുക്ക​ളോ​ടു നമ്മൾ എങ്ങനെ സംസാ​രി​ക്കണം?

13 സൗമ്യ​ത​യോ​ടെ സംസാ​രി​ക്കുക. “എപ്പോ​ഴും നിങ്ങളു​ടെ വാക്കുകൾ . . . ഹൃദ്യ​മാ​യി​രി​ക്കട്ടെ” എന്നു ബൈബിൾ പറയുന്നു. (കൊലോ. 4:6) ബന്ധുക്ക​ളോ​ടു സംസാ​രി​ക്കു​മ്പോൾ പരിശു​ദ്ധാ​ത്മാ​വി​ന്‍റെ ഫലം പ്രകട​മാ​ക്കാ​നുള്ള സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കാം. അവരുടെ തെറ്റായ എല്ലാ മതവി​ശ്വാ​സ​ങ്ങ​ളെ​യും ഖണ്ഡിക്കാൻ നമ്മൾ ശ്രമി​ക്കേ​ണ്ട​തില്ല. അവർ നമ്മളെ വാക്കു​കൊ​ണ്ടോ പ്രവൃ​ത്തി​കൊ​ണ്ടോ മുറി​പ്പെ​ടു​ത്തു​ന്നെ​ങ്കിൽ നമുക്ക് അപ്പോ​സ്‌ത​ല​ന്മാ​രു​ടെ മാതൃക അനുക​രി​ക്കാം. പൗലോസ്‌ എഴുതി: “ഞങ്ങളെ അപമാ​നി​ക്കു​മ്പോൾ ഞങ്ങൾ അനു​ഗ്ര​ഹി​ക്കു​ന്നു. ഞങ്ങളെ ഉപദ്ര​വി​ക്കു​മ്പോൾ ഞങ്ങൾ ക്ഷമയോ​ടെ അതെല്ലാം സഹിക്കു​ന്നു. ഞങ്ങളെ​ക്കു​റിച്ച് അപവാദം പറയു​മ്പോൾ ഞങ്ങൾ സൗമ്യ​മാ​യി മറുപടി പറയുന്നു.”—1 കൊരി. 4:12, 13.

14. നല്ല പെരു​മാ​റ്റ​ത്തി​ന്‍റെ പ്രയോ​ജ​നങ്ങൾ എന്തെല്ലാം?

14 നല്ല പെരു​മാ​റ്റം കാത്തു​സൂ​ക്ഷി​ക്കുക. അവിശ്വാ​സി​ക​ളായ ബന്ധുക്ക​ളോട്‌ ഇടപെ​ടു​മ്പോൾ സൗമ്യ​ത​യോ​ടെ സംസാ​രി​ക്ക​ണ​മെന്നു നമ്മൾ കണ്ടു. എന്നാൽ നമ്മുടെ നല്ല പെരു​മാ​റ്റം അതി​നെ​ക്കാൾ ഗുണം ചെയ്യും. (1 പത്രോസ്‌ 3:1, 2, 16 വായി​ക്കുക.) യഹോ​വ​യു​ടെ സാക്ഷികൾ സന്തുഷ്ട കുടും​ബ​ജീ​വി​തം ആസ്വദി​ക്കു​ന്നെ​ന്നും കുട്ടി​കളെ നന്നായി പരിപാ​ലി​ക്കു​ന്നെ​ന്നും ശുദ്ധവും ധർമനി​ഷ്‌ഠ​യു​ള്ള​തും സംതൃ​പ്‌ത​വും ആയ ജീവിതം നയിക്കു​ന്ന​വ​രാ​ണെ​ന്നും നിങ്ങളു​ടെ നല്ല മാതൃ​ക​യി​ലൂ​ടെ ബന്ധുക്കൾ കാണട്ടെ. നമ്മുടെ ബന്ധുക്കൾ സത്യം സ്വീക​രി​ച്ചി​ല്ലെ​ങ്കിൽപ്പോ​ലും സന്തോ​ഷി​ക്കാം, കാരണം നമ്മുടെ വിശ്വ​സ്‌തത യഹോ​വയെ പ്രസാ​ദി​പ്പി​ക്കും.

15. ബന്ധുക്ക​ളു​മാ​യുള്ള വാഗ്വാ​ദങ്ങൾ ഒഴിവാ​ക്കാൻ നമുക്ക് എങ്ങനെ മുന്നമേ തയ്യാറാ​കാം?

15 മുൻകൂ​ട്ടി തയ്യാ​റെ​ടു​ക്കുക. പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യേ​ക്കാ​വുന്ന സാഹച​ര്യ​ങ്ങ​ളെ​ക്കു​റിച്ച് മുന്നമേ ചിന്തി​ക്കുക. അത്‌ എങ്ങനെ കൈകാ​ര്യം ചെയ്യാ​മെന്നു തീരു​മാ​നി​ക്കുക. (സുഭാ. 12:16, 23) ഓസ്‌​ട്രേ​ലി​യ​യി​ലുള്ള ഒരു സഹോ​ദരി പറയുന്നു: “സത്യ​ത്തോ​ടു കടുത്ത എതിർപ്പു​ള്ള​യാ​ളാ​യി​രു​ന്നു എന്‍റെ ഭർത്താ​വി​ന്‍റെ അച്ഛൻ. ഞങ്ങളോ​ടു കടുത്ത ഭാഷയിൽ സംസാ​രി​ച്ചാ​ലും അതേ നാണയ​ത്തിൽ തിരി​ച്ച​ടി​ക്കാ​തി​രി​ക്കാ​നുള്ള സഹായ​ത്തി​നാ​യി പ്രാർഥി​ച്ചി​ട്ടാ​യി​രു​ന്നു ഞങ്ങൾ അച്ഛനെ ഫോൺ വിളി​ച്ചി​രു​ന്നത്‌. സംഭാ​ഷണം നല്ല രീതി​യിൽ മുന്നോട്ട് കൊണ്ടു​പോ​കാൻ സഹായി​ക്കുന്ന വിഷയങ്ങൾ ഞങ്ങൾ മുന്നമേ തയ്യാറാ​കും. നീണ്ട സംഭാ​ഷ​ണങ്ങൾ മിക്ക​പ്പോ​ഴും മതത്തെ​ക്കു​റി​ച്ചുള്ള ചൂടു​പി​ടിച്ച വാഗ്വാ​ദ​ങ്ങ​ളി​ലേക്കു നയിക്കാൻ സാധ്യ​ത​യു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട് എപ്പോൾ സംഭാ​ഷണം നിറു​ത്ത​ണ​മെന്നു ഞങ്ങൾ മുൻകൂ​ട്ടി തീരു​മാ​നി​ക്കു​മാ​യി​രു​ന്നു.”

16. ബന്ധുക്കളെ അപ്രീ​തി​പ്പെ​ടു​ത്തുന്ന കാര്യങ്ങൾ ചെയ്യേ​ണ്ടി​വ​രു​മ്പോ​ഴുള്ള കുറ്റ​ബോ​ധത്തെ നിങ്ങൾക്ക് എങ്ങനെ മറിക​ട​ക്കാം?

16 അവിശ്വാ​സി​ക​ളായ ബന്ധുക്ക​ളു​മാ​യി എല്ലാ കാര്യ​ത്തി​ലും യോജി​പ്പി​ലെ​ത്താൻ കഴിയു​മെന്നു പ്രതീ​ക്ഷി​ക്കാ​നാ​കില്ല. നിങ്ങൾ അവരെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊ​ണ്ടും അവരെ എപ്പോ​ഴും പ്രീതി​പ്പെ​ടു​ത്താൻ ശ്രമി​ച്ചി​രു​ന്ന​തു​കൊ​ണ്ടും അഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ടാ​കു​മ്പോൾ നിങ്ങൾക്കു കുറ്റ​ബോ​ധം തോന്നി​യേ​ക്കാം. അങ്ങനെ തോന്നു​ന്നെ​ങ്കിൽ ഓർക്കുക, കുടും​ബ​ത്തോ​ടുള്ള സ്‌നേ​ഹ​ത്തെ​ക്കാൾ പ്രധാനം യഹോ​വ​യോ​ടുള്ള വിശ്വ​സ്‌ത​ത​യാണ്‌. നിങ്ങൾ അങ്ങനെ​യൊ​രു നിലപാ​ടെ​ടു​ക്കു​മ്പോൾ, ബൈബിൾസ​ത്യ​ത്തി​നു ചേർച്ച​യിൽ ജീവി​ക്കു​ന്നതു നിങ്ങൾക്ക് എത്ര​ത്തോ​ളം പ്രധാ​ന​മാ​ണെന്ന് അവർ തിരി​ച്ച​റി​ഞ്ഞേ​ക്കാം. എന്തുത​ന്നെ​യാ​യാ​ലും സത്യം സ്വീക​രി​ക്കാൻ നിങ്ങൾക്കു മറ്റുള്ള​വരെ നിർബ​ന്ധി​ക്കാ​നാ​കില്ല. പകരം യഹോ​വ​യു​ടെ വഴിക​ളിൽ നടക്കു​ന്ന​തു​കൊണ്ട് നിങ്ങൾ എന്തെല്ലാം പ്രയോ​ജ​നങ്ങൾ അനുഭ​വി​ക്കു​ന്നെന്ന് അവർ കാണട്ടെ. നമ്മുടെ സ്‌നേ​ഹ​വാ​നായ ദൈവം നമുക്ക് അവസരം തന്നതു​പോ​ലെ പോകേണ്ട വഴി തിര​ഞ്ഞെ​ടു​ക്കാൻ അവർക്കും അവസരം കൊടു​ക്കു​ന്നു.—യശ. 48:17, 18.

കുടും​ബാം​ഗം യഹോ​വയെ ഉപേക്ഷി​ച്ചു​പോ​കു​മ്പോൾ

17, 18. ഒരു കുടും​ബാം​ഗം യഹോ​വയെ സേവി​ക്കു​ന്നതു നിറു​ത്തി​യാൽ പിടി​ച്ചു​നിൽക്കാൻ നിങ്ങളെ എന്തു സഹായി​ക്കും?

17 കുടും​ബ​ത്തി​ലെ ഒരംഗത്തെ പുറത്താ​ക്കു​മ്പോ​ഴോ അദ്ദേഹം സഭയു​മാ​യി നിസ്സഹ​വ​സി​ക്കു​മ്പോ​ഴോ വാളു​കൊണ്ട് കുത്തു​ന്ന​തു​പോ​ലെ​യുള്ള വേദന​യാ​യി​രി​ക്കും തോന്നുക. അത്തരം സാഹച​ര്യ​ത്തിൽ നമുക്ക് എങ്ങനെ പിടി​ച്ചു​നിൽക്കാം?

18 നിങ്ങളു​ടെ ആത്മീയ​ച​ര്യ​ക്കു മുടക്കം വരുത്ത​രുത്‌. നിങ്ങളു​ടെ ആത്മീയ​ബലം വർധി​പ്പി​ക്കാൻ ക്രമമാ​യി ബൈബിൾ വായി​ക്കുക, ക്രിസ്‌തീ​യ​യോ​ഗ​ങ്ങൾക്കു തയ്യാറാ​കു​ക​യും ഹാജരാ​കു​ക​യും ചെയ്യുക, ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടുക, സഹിച്ചു​നിൽക്കാ​നുള്ള ശക്തിക്കാ​യി പ്രാർഥി​ക്കുക. (യൂദ 20, 21) എന്നാൽ ഇക്കാര്യ​ങ്ങ​ളെ​ല്ലാം നിങ്ങൾക്കു ഹൃദയ​മർപ്പിച്ച് സന്തോ​ഷ​ത്തോ​ടെ ചെയ്യാൻ കഴിയു​ന്നി​ല്ലെ​ങ്കി​ലോ? എല്ലാം യാന്ത്രി​ക​മാ​യി​ട്ടാ​ണു ചെയ്യു​ന്ന​തെന്നു തോന്നു​ന്നെ​ങ്കി​ലോ? മടുത്ത്‌ പിന്മാ​റാ​തെ യഹോ​വ​യു​ടെ സേവന​ത്തിൽ തുടരുക. ഒരു നല്ല ആത്മീയ​ചര്യ നിലനി​റു​ത്തി​യാൽ നിങ്ങളു​ടെ ചിന്തക​ളെ​യും വികാ​ര​ങ്ങ​ളെ​യും നിയ​ന്ത്രി​ക്കാൻ സാധി​ക്കു​ക​തന്നെ ചെയ്യും. 73-‍ാ‍ം സങ്കീർത്ത​ന​ത്തി​ന്‍റെ എഴുത്തു​കാ​രന്‍റെ അനുഭവം നോക്കാം. തെറ്റായ ചിന്തകൾ അദ്ദേഹത്തെ പിടി​മു​റു​ക്കാൻ തുടങ്ങി. അദ്ദേഹ​ത്തിന്‌ ആകെ അസ്വസ്ഥത തോന്നി. എന്നാൽ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ പോയ​പ്പോൾ അദ്ദേഹ​ത്തി​നു തന്‍റെ ചിന്തകൾ തിരു​ത്താ​നാ​യി. (സങ്കീ. 73:16, 17) യഹോ​വയെ വിശ്വ​സ്‌ത​മാ​യി ആരാധി​ക്കു​ന്നതു നിങ്ങ​ളെ​യും സഹായി​ക്കും.

19. യഹോ​വ​യിൽനി​ന്നുള്ള ശിക്ഷണ​ത്തോ​ടു നമുക്ക് എങ്ങനെ ആദരവ്‌ കാണി​ക്കാം?

19 യഹോ​വ​യിൽനി​ന്നുള്ള ശിക്ഷണത്തെ മാനി​ക്കുക. ശിക്ഷണം ആദ്യം അൽപ്പം വേദനാ​ക​ര​മാ​യി​രി​ക്കും, പക്ഷേ തെറ്റു ചെയ്‌ത​യാൾ ഉൾപ്പെടെ എല്ലാവ​രു​ടെ​യും നിത്യ​ന​ന്മ​യിൽ അതു കലാശി​ക്കും. (എബ്രായർ 12:11 വായി​ക്കുക.) ഉദാഹ​ര​ണ​ത്തിന്‌, പശ്ചാത്താ​പ​മി​ല്ലാത്ത ദുഷ്‌പ്ര​വൃ​ത്തി​ക്കാ​ര​നു​മാ​യുള്ള “കൂട്ടു​കെട്ട് ഉപേക്ഷി​ക്ക​ണ​മെ​ന്നാണ്‌” യഹോവ നമ്മളോട്‌ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌. (1 കൊരി. 5:11-13) പുറത്താ​ക്ക​പ്പെട്ട കുടും​ബാം​ഗ​വു​മാ​യി ആവശ്യ​മി​ല്ലാ​തെ സമ്പർക്ക​ത്തിൽവ​രാൻ ശ്രമി​ക്കു​ന്നത്‌ ഒഴിവാ​ക്കണം, അതു വേദനാ​ക​ര​മാ​ണെ​ങ്കിൽക്കൂ​ടി. ഫോൺ, മെസ്സേജ്‌, കത്തുകൾ, ഇ-മെയിൽ എന്നിവ​യി​ലൂ​ടെ​യോ ഫേസ്‌ബുക്ക് പോ​ലെ​യുള്ള സോഷ്യൽമീ​ഡി​യ​യി​ലൂ​ടെ​യോ അനാവ​ശ്യ​മാ​യി ബന്ധപ്പെ​ടാൻ ശ്രമി​ക്ക​രുത്‌.

20. ഏതു പ്രതീക്ഷ നമ്മൾ കൈവി​ട​രുത്‌?

20 പ്രതീക്ഷ കൈവി​ട​രുത്‌. സ്‌നേഹം “എല്ലാം പ്രത്യാ​ശി​ക്കു​ന്നു.” യഹോ​വയെ ഉപേക്ഷി​ച്ചു​പോയ ഒരാൾ തിരികെ വരു​മെ​ന്നുള്ള പ്രതീ​ക്ഷ​യും അതിൽ ഉൾപ്പെ​ടു​ന്നു. (1 കൊരി. 13:7) പുറത്താ​ക്ക​പ്പെട്ട ഒരു അടുത്ത കുടും​ബാം​ഗ​ത്തി​ന്‍റെ ഹൃദയ​നി​ല​യിൽ മാറ്റം വരുന്ന​താ​യി നിങ്ങൾ നിരീ​ക്ഷി​ക്കു​ന്നെ​ങ്കി​ലോ? “എന്‍റെ അടു​ത്തേക്കു മടങ്ങി​വ​രുക” എന്ന യഹോ​വ​യു​ടെ ആഹ്വാ​ന​ത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കാ​നുള്ള ശക്തി തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന് അദ്ദേഹ​ത്തി​നു ലഭിക്കാ​നാ​യി പ്രാർഥി​ക്കുക.—യശ. 44:22.

21. യേശു​വി​നെ അനുഗ​മി​ക്കു​ന്നതു നിങ്ങളു​ടെ കുടും​ബ​ത്തിൽ ഭിന്നത​യ്‌ക്കു കാരണ​മാ​യി​ട്ടു​ണ്ടെ​ങ്കിൽ എന്തു ചെയ്യണം?

21 തന്നെക്കാൾ അധികം ഏതെങ്കി​ലും മനുഷ്യ​നു പ്രാധാ​ന്യം കൊടു​ക്കുന്ന ഒരാൾ തന്‍റെ ശിഷ്യ​നാ​യി​രി​ക്കാൻ യോഗ്യ​ന​ല്ലെന്നു യേശു പറഞ്ഞു. എങ്കിലും, കുടും​ബ​ത്തിൽനിന്ന് എതിർപ്പു​ക​ളു​ണ്ടാ​യാ​ലും വിശ്വ​സ്‌തത കാത്തു​സൂ​ക്ഷി​ക്കാ​നുള്ള ധൈര്യം തന്‍റെ ശിഷ്യർക്കു​ണ്ടാ​യി​രി​ക്കു​മെന്നു യേശു​വിന്‌ ഉറപ്പാ​യി​രു​ന്നു. യേശു​വി​ന്‍റെ ഒരു അനുഗാ​മി​യാ​യ​തി​നെ​പ്രതി നിങ്ങളു​ടെ കുടും​ബ​ത്തി​ലേക്ക് “ഒരു വാൾ” വന്നിട്ടു​ണ്ടെ​ങ്കിൽ, അതു നിമി​ത്ത​മു​ണ്ടായ വെല്ലു​വി​ളി​കളെ തരണം ചെയ്യാ​നുള്ള സഹായ​ത്തി​നാ​യി യഹോ​വ​യിൽ ആശ്രയി​ക്കുക. (യശ. 41:10, 13) യഹോ​വ​യും യേശു​വും നിങ്ങളിൽ സന്തുഷ്ട​രാ​ണെന്ന് അറിയുക. നിങ്ങളു​ടെ വിശ്വ​സ്‌ത​ഗ​തിക്ക് അവർ പ്രതി​ഫലം തരും. ആ അറിവ്‌ നിങ്ങളെ സന്തോ​ഷി​പ്പി​ക്കട്ടെ!

^ ഖ. 10 പിതാവോ മാതാ​വോ മാത്രം യഹോ​വയെ സേവി​ക്കുന്ന കുടും​ബ​ങ്ങ​ളിൽ എങ്ങനെ കുട്ടി​കളെ പരിശീ​ലി​പ്പി​ക്കാം എന്നതി​നെ​ക്കു​റി​ച്ചുള്ള കൂടുതൽ വിവര​ങ്ങൾക്കാ​യി 2002 ആഗസ്റ്റ് 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” കാണുക.