സത്യമായിത്തീരുന്ന വാഗ്ദാനങ്ങൾ
യേശു പ്രവചിച്ചതുപോലെ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത ഇന്നു ഭൂമിയിലെങ്ങും പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. (മത്തായി 24:14) എന്താണ് ഈ ദൈവരാജ്യം? ബൈബിളിലെ ദാനിയേൽ പുസ്തകം ഈ രാജ്യം ദൈവത്തിന്റെ ഗവൺമെന്റാണെന്നു പറയുന്നു. ആ പുസ്തകത്തിന്റെ രണ്ടാം അധ്യായത്തിൽ, പുരാതനബാബിലോൺ മുതൽ നമ്മുടെ കാലം വരെ മാറിമാറി വന്ന പ്രധാനപ്പെട്ട മനുഷ്യഗവൺമെന്റുകളെക്കുറിച്ച് അഥവാ രാജ്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അടുത്തതായി നടക്കാൻ പോകുന്നത് എന്താണെന്ന് 44-ാം വാക്യത്തിൽ കാണാം.
“സ്വർഗസ്ഥനായ ദൈവം ഒരിക്കലും നശിച്ചുപോകാത്ത ഒരു രാജ്യം സ്ഥാപിക്കും. ആ രാജ്യം മറ്റൊരു ജനതയ്ക്കും കൈമാറില്ല. ഈ രാജ്യങ്ങളെയെല്ലാം തകർത്ത് ഇല്ലാതാക്കിയിട്ട് അതു മാത്രം എന്നും നിലനിൽക്കും.”
ദൈവരാജ്യം എല്ലാ ഭരണങ്ങളെയും നീക്കി, കെട്ടുറപ്പുള്ള ഒരു സമൂഹം വാർത്തെടുക്കുന്ന ഒരു ഭരണം സ്ഥാപിക്കുമെന്ന് ഈ പ്രവചനവും മറ്റു ബൈബിൾപ്രവചനങ്ങളും സൂചിപ്പിക്കുന്നു. ആ രാജ്യത്തിൽ ജീവിതം എങ്ങനെയുള്ളതായിരിക്കും? ഉടനെ യാഥാർഥ്യമാകാൻ പോകുന്ന മനോഹരമായ ചില വാഗ്ദാനങ്ങൾ പരിശോധിക്കാം.
-
ഇനി യുദ്ധം ഇല്ല
സങ്കീർത്തനം 46:9: “ദൈവം ഭൂമിയിലെങ്ങും യുദ്ധങ്ങൾ നിറുത്തലാക്കുന്നു. വില്ല് ഒടിച്ച് കുന്തം തകർക്കുന്നു, യുദ്ധവാഹനങ്ങൾ കത്തിച്ചുകളയുന്നു.”
യുദ്ധായുധങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പണവും വൈദഗ്ധ്യവും മനുഷ്യർക്കു പ്രയോജനം ചെയ്യുന്ന കാര്യങ്ങൾക്കുവേണ്ടി ഉപയോഗിച്ചാൽ ലോകത്തിന്റെ അവസ്ഥ എത്ര മെച്ചമായിരുന്നേനേ! ദൈവരാജ്യത്തിൽ ഈ വാഗ്ദാനം യാഥാർഥ്യമായിത്തീരും.
-
ഇനി രോഗം ഇല്ല
യശയ്യ 33:24: “‘എനിക്കു രോഗമാണ്’ എന്നു ദേശത്ത് വസിക്കുന്ന ആരും പറയില്ല.”
ഹൃദ്രോഗം, ക്യാൻസർ, മലമ്പനി ഇതുപോലുള്ള രോഗങ്ങളൊന്നും ഇല്ലാത്ത ഒരു ലോകം ഒന്നു ചിന്തിച്ചുനോക്കൂ. ആശുപത്രികളുടെയും മരുന്നുകളുടെയും ആവശ്യമില്ല. എല്ലാവർക്കും പൂർണാരോഗ്യം! ഭൂമിയിൽ ജീവിക്കുന്നവരെ കാത്തിരിക്കുന്നത് അതാണ്.
-
ഇനി ഭക്ഷ്യക്ഷാമം ഇല്ല
സങ്കീർത്തനം 72:16: “ഭൂമിയിൽ ധാന്യം സുലഭമായിരിക്കും; മലമുകളിൽ അതു നിറഞ്ഞുകവിയും.”
ഭൂമി എല്ലാവർക്കും ആവശ്യമായ ഭക്ഷണം ഉത്പാദിപ്പിക്കും. എല്ലാവർക്കും അതു ലഭ്യമാകുകയും ചെയ്യും. പട്ടിണിയും പോഷകക്കുറവും വെറും പഴങ്കഥകളാകും.
-
ഇനി വേദനയോ ദുഃഖമോ മരണമോ ഇല്ല
വെളിപാട് 21:4: “ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല. പഴയതെല്ലാം കഴിഞ്ഞുപോയി!”
ഭൂമിയിലെ പറുദീസയിൽ എല്ലാവരും ഒരു കുറവുകളുമില്ലാതെ, എന്നേക്കും ജീവിക്കും! അതാണ്, നമ്മുടെ സ്നേഹവാനായ സ്രഷ്ടാവും ദൈവവും ആയ യഹോവ വാഗ്ദാനം ചെയ്തിരിക്കുന്നത്.
“ഉറപ്പായും നടത്തും”
ഇതു വെറുമൊരു സ്വപ്നമാണോ? ബൈബിളിൽ പറഞ്ഞിരിക്കുന്നതുപോലുള്ള ജീവിതം ആസ്വദിക്കാൻ ആളുകൾ ആഗ്രഹിക്കുന്നുവെന്നതു ശരിയാണ്. പക്ഷേ, എല്ലാ കാലത്തും ജീവിക്കുക എന്നതു പലർക്കും ഉൾക്കൊള്ളാനാകുന്നില്ല. അതിൽ അതിശയിക്കാനില്ല. കാരണം, അങ്ങനെയൊരു ജീവിതത്തെക്കുറിച്ച് പറഞ്ഞുതരാൻമാത്രം അത് അനുഭവിച്ചറിഞ്ഞ ആരുംതന്നെയില്ല.
മനുഷ്യകുടുംബം പാപത്തിന്റെയും മരണത്തിന്റെയും അടിമകളാണ്. മനുഷ്യരെല്ലാം കാലങ്ങളായി വേദനയിലൂടെയും ദുരിതങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയും ഞരങ്ങിനീങ്ങുകയാണ്. അതുകൊണ്ട്, ജീവിതം എന്നാൽ ഇങ്ങനെയാണെന്നാണ് പലരും ചിന്തിക്കുന്നത്. എന്നാൽ മനുഷ്യരെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം ഇതിൽനിന്ന് വളരെ വ്യത്യസ്തമാണ്.
തന്റെ വാഗ്ദാനങ്ങളെല്ലാം എത്രത്തോളം ഉറപ്പുള്ളതാണെന്നു മനസ്സിലാക്കാൻ നമ്മളെ സഹായിച്ചുകൊണ്ട് ദൈവം ഇങ്ങനെ തറപ്പിച്ചുപറഞ്ഞു: “ഫലം കാണാതെ അത് എന്റെ അടുത്തേക്കു മടങ്ങിവരില്ല. അത് എന്റെ ഇഷ്ടമെല്ലാം നിറവേറ്റും; ഞാൻ അയച്ച കാര്യം ഉറപ്പായും നടത്തും!”—യശയ്യ 55:11.
യഹോവയെ “നുണ പറയാൻ കഴിയാത്ത ദൈവം” എന്നാണു ബൈബിളിൽ വിളിക്കുന്നത്. (തീത്തോസ് 1:2) ഈ ദൈവമാണ് മനോഹരമായ ഈ വാഗ്ദാനങ്ങളെല്ലാം നൽകിയിരിക്കുന്നത്. അതുകൊണ്ട് പിൻവരുന്ന ചോദ്യങ്ങളെക്കുറിച്ച് മനസ്സിരുത്തി ചിന്തിക്കുന്നത് നല്ലതായിരിക്കും: വാഗ്ദാനം ചെയ്തിരിക്കുന്ന പറുദീസാഭൂമിയിൽ മനുഷ്യർക്ക് എല്ലാ കാലവും ജീവിച്ചിരിക്കാമെന്നു പറയുന്നതു ശരിയായിരിക്കില്ലേ? ദൈവത്തിന്റെ വാഗ്ദാനത്തിൽനിന്ന് പ്രയോജനം നേടണമെങ്കിൽ നമ്മൾ എന്തു ചെയ്യണം? ഈ മാസികയുടെ തുടർന്നുവരുന്ന ലേഖനങ്ങളിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കും.