വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോ​വയെ അറിയുക​—നോഹയെയും ദാനി​യേ​ലി​നെ​യും ഇയ്യോ​ബി​നെ​യും പോലെ

യഹോ​വയെ അറിയുക​—നോഹയെയും ദാനി​യേ​ലി​നെ​യും ഇയ്യോ​ബി​നെ​യും പോലെ

“ദുഷ്ടന്മാർക്കു ന്യായം മനസ്സി​ലാ​ക്കാ​നാ​കില്ല; എന്നാൽ യഹോ​വയെ തേടു​ന്ന​വർക്കു സകലവും മനസ്സി​ലാ​കും.”​—സുഭാ. 28:5.

ഗീതങ്ങൾ: 126, 150

1-3. (എ) ഈ അവസാ​ന​കാ​ലത്ത്‌ ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി നിൽക്കാൻ നമ്മളെ എന്തു സഹായി​ക്കും? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

ഈ അവസാ​ന​കാ​ലത്ത്‌ ‘ദുഷ്ടന്മാർ കളപോ​ലെ മുളച്ചു​പൊ​ങ്ങു​ക​യാണ്‌.’ (സങ്കീ. 92:7, അടിക്കു​റിപ്പ്) അതു​കൊ​ണ്ടു​തന്നെ ധാർമി​ക​നി​ല​വാ​രങ്ങൾ അധഃപ​തി​ക്കു​ന്ന​തിൽ നമ്മൾ അതിശ​യി​ക്കേ​ണ്ട​തില്ല. ഇത്തര​മൊ​രു ചുറ്റു​പാ​ടിൽ ‘തിന്മ സംബന്ധിച്ച് കുട്ടി​ക​ളാ​യി​രി​ക്കാ​നും കാര്യങ്ങൾ ഗ്രഹി​ക്കു​ന്ന​തിൽ മുതിർന്ന​വ​രാ​യി​രി​ക്കാ​നും’ നമുക്ക് എങ്ങനെ കഴിയും?​—1 കൊരി. 14:20.

2 അതിനുള്ള ഉത്തരം നമ്മുടെ ആധാര​വാ​ക്യ​ത്തി​ലുണ്ട്. അതിന്‍റെ ഒരു ഭാഗം ഇങ്ങനെ പറയുന്നു: “യഹോ​വയെ തേടു​ന്ന​വർക്കു സകലവും മനസ്സി​ലാ​കും,” അതായത്‌ യഹോ​വയെ പ്രസാ​ദി​പ്പി​ക്കു​ന്ന​തിന്‌ എന്തൊ​ക്കെ​യാ​ണു ചെയ്യേ​ണ്ട​തെന്ന് അവർ തിരി​ച്ച​റി​യും. (സുഭാ. 28:5) അതേ ആശയം​ത​ന്നെ​യാ​ണു സുഭാ​ഷി​തങ്ങൾ 2:7, 9-ൽ കാണു​ന്നത്‌. അവിടെ പറയുന്നു: “നേരു​ള്ള​വർക്കാ​യി ദൈവം ജ്ഞാനം സൂക്ഷി​ച്ചു​വെ​ക്കു​ന്നു.” അങ്ങനെ നേരു​ള്ളവർ “നീതി​യും ന്യായ​വും ശരിയും എന്താ​ണെന്നു മനസ്സി​ലാ​ക്കും; സകല സന്മാർഗ​വും തിരി​ച്ച​റി​യും.”

3 നോഹ​യും ദാനി​യേ​ലും ഇയ്യോ​ബും അങ്ങനെ​യുള്ള ജ്ഞാനം നേടി​യ​വ​രാണ്‌. (യഹ. 14:14) ഇന്നത്തെ ദൈവ​ജ​ന​ത്തി​ന്‍റെ കാര്യ​ത്തി​ലും അതു സത്യമാണ്‌. എന്നാൽ നിങ്ങളു​ടെ ഓരോ​രു​ത്ത​രു​ടെ​യും കാര്യ​ത്തി​ലോ? യഹോ​വയെ പ്രസാ​ദി​പ്പി​ക്കാൻ ആവശ്യ​മാ​യി​രി​ക്കുന്ന ‘സകലവും നിങ്ങൾക്കു മനസ്സി​ലാ​കു​ന്നു​ണ്ടോ?’ അതിനു നിങ്ങൾ യഹോ​വ​യെ​ക്കു​റി​ച്ചുള്ള ശരിയായ അറിവ്‌ നേടണം. നമ്മൾ ഇപ്പോൾ മൂന്നു കാര്യ​ങ്ങ​ളെ​ക്കു​റിച്ച് പഠിക്കും. (1) നോഹ​യും ദാനി​യേ​ലും ഇയ്യോ​ബും എങ്ങനെ​യാ​ണു ദൈവ​ത്തെ​ക്കു​റിച്ച് അറിഞ്ഞത്‌? (2) ആ അറിവ്‌ അവർക്ക് എങ്ങനെ പ്രയോ​ജനം ചെയ്‌തു? (3) അവർക്കു​ണ്ടാ​യി​രു​ന്ന​തു​പോ​ലുള്ള വിശ്വാ​സം നമുക്ക് എങ്ങനെ വളർത്തി​യെ​ടു​ക്കാം?

നോഹ ദൈവ​ത്തോ​ടു​കൂ​ടെ നടന്നു

4. നോഹ എങ്ങനെ​യാണ്‌ യഹോ​വ​യെ​ക്കു​റിച്ച് അറിഞ്ഞത്‌, ശരിയായ അറിവ്‌ നോഹയെ എങ്ങനെ​യാ​ണു സഹായി​ച്ചത്‌?

4 നോഹ എങ്ങനെ​യാണ്‌ യഹോ​വ​യെ​ക്കു​റിച്ച് അറിഞ്ഞത്‌? മനുഷ്യചരിത്രത്തിന്‍റെ ആദ്യകാ​ല​ങ്ങ​ളിൽ വിശ്വ​സ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാർ ദൈവ​ത്തെ​ക്കു​റിച്ച് പ്രധാ​ന​പ്പെട്ട മൂന്നു വിധങ്ങ​ളി​ലൂ​ടെ പഠിച്ചു: സൃഷ്ടിയെ നിരീ​ക്ഷി​ച്ചു​കൊണ്ട്, ദൈവ​ഭ​യ​മുള്ള മറ്റു വ്യക്തി​ക​ളിൽനിന്ന്, ദൈവത്തെ അനുസ​രി​ക്കു​ന്ന​തി​ന്‍റെ പ്രയോ​ജ​നങ്ങൾ അനുഭ​വി​ച്ച​റി​ഞ്ഞ​തി​ലൂ​ടെ. (യശ. 48:18) സൃഷ്ടിയെ നിരീ​ക്ഷി​ച്ച​പ്പോൾ ദൈവ​മുണ്ട് എന്നതിന്‍റെ തെളിവ്‌ മാത്രമല്ല, “നിത്യ​ശ​ക്തി​യും ദിവ്യ​ത്വ​വും” പോലുള്ള ദൈവ​ത്തി​ന്‍റെ അദൃശ്യ​ഗു​ണ​ങ്ങ​ളും നോഹ കണ്ടിരി​ക്കാം. (റോമ. 1:20) ഇതൊക്കെ കണ്ടപ്പോൾ, ദൈവ​മുണ്ട് എന്ന അറിവി​ലു​പരി, ദൈവ​ത്തിൽ ശക്തമായ വിശ്വാ​സം വളർത്തി​യെ​ടു​ക്കാൻ നോഹ​യ്‌ക്കു കഴിഞ്ഞു.

5. മനുഷ്യ​രെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്‍റെ ഉദ്ദേശ്യം നോഹ എങ്ങനെ​യാ​ണു മനസ്സി​ലാ​ക്കി​യത്‌?

5 “വചനം കേട്ടതി​നു ശേഷമാ​ണു വിശ്വാ​സം വരുന്നത്‌.” (റോമ. 10:17) എങ്ങനെ​യാ​ണു നോഹ യഹോ​വ​യെ​ക്കു​റിച്ച് കേട്ടത്‌? പിതാ​വായ ലാമെ​ക്കിൽനി​ന്നും മറ്റു കുടും​ബാം​ഗ​ങ്ങ​ളിൽനി​ന്നും നോഹ വളരെ​യ​ധി​കം കാര്യങ്ങൾ പഠിച്ചി​രി​ക്കാം. ദൈവ​ത്തിൽ വിശ്വാ​സ​മു​ണ്ടാ​യി​രുന്ന ലാമെക്ക് ജനിച്ച​തി​നു ശേഷമാണ്‌ ആദാം മരിക്കു​ന്നത്‌. (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.) അതു​പോ​ലെ മുത്തച്ഛ​നായ മെഥൂ​ശ​ല​ഹിൽനി​ന്നും മെഥൂ​ശ​ല​ഹി​ന്‍റെ മുത്തച്ഛ​നായ യാരെ​ദിൽനി​ന്നും നോഹ പഠിച്ചി​രി​ക്കണം. നോഹ ജനിച്ച് 366 വർഷം കഴിഞ്ഞാ​ണു യാരെദ്‌ മരിക്കു​ന്നത്‌. * (ലൂക്കോ. 3:36, 37) ഇവരിൽനി​ന്നും സാധ്യ​ത​യ​നു​സ​രിച്ച് ഇവരുടെ ഭാര്യ​മാ​രിൽനി​ന്നും മനുഷ്യ​വർഗ​ത്തി​ന്‍റെ തുടക്ക​ത്തെ​ക്കു​റി​ച്ചും നീതി​യുള്ള മനുഷ്യ​രെ​ക്കൊണ്ട് ഭൂമി നിറയ്‌ക്കാ​നുള്ള ദൈവ​ത്തി​ന്‍റെ ഉദ്ദേശ്യ​ത്തെ​ക്കു​റി​ച്ചും നോഹ മനസ്സി​ലാ​ക്കി​യി​രി​ക്കണം. അതു​പോ​ലെ ഏദെൻ തോട്ട​ത്തിൽവെച്ച് ആദ്യമാ​താ​പി​താ​ക്കൾ ദൈവത്തെ ധിക്കരി​ച്ച​തി​നെ​ക്കു​റി​ച്ചും നോഹ പഠിച്ചു. ആ ധിക്കാ​ര​ത്തി​ന്‍റെ ഭവിഷ്യ​ത്തു​കൾ മനുഷ്യർ അനുഭ​വി​ക്കു​ന്നത്‌ അദ്ദേഹ​ത്തി​നു സ്വന്തം കണ്ണു​കൊണ്ട് കാണാ​മാ​യി​രു​ന്നു. (ഉൽപ. 1:28; 3:16-19, 24) എന്താ​ണെ​ങ്കി​ലും പഠിച്ച കാര്യങ്ങൾ നോഹ​യു​ടെ ഹൃദയത്തെ സ്വാധീ​നി​ച്ചു, ദൈവത്തെ സേവി​ക്കാൻ അത്‌ അദ്ദേഹത്തെ പ്രചോ​ദി​പ്പി​ച്ചു.​—ഉൽപ. 6:9.

6, 7. പ്രത്യാശ എങ്ങനെ​യാ​ണു നോഹ​യു​ടെ വിശ്വാ​സം ബലപ്പെ​ടു​ത്തി​യത്‌?

6 പ്രത്യാശ വിശ്വാ​സ​ത്തി​നു കൂടുതൽ ബലമേ​കും. നോഹ എന്ന തന്‍റെ പേരിൽ പ്രത്യാശ എന്ന ആശയം അടങ്ങി​യി​രി​ക്കു​ന്നെന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ നോഹ​യ്‌ക്ക് എന്തു തോന്നി​ക്കാ​ണു​മെന്നു ചിന്തി​ച്ചു​നോ​ക്കുക. ആ പേരിന്‍റെ അർഥം, “വിശ്രമം,” “ആശ്വാസം” എന്നൊ​ക്കെ​യാ​യി​രി​ക്കാം. (ഉൽപ. 5:29, അടിക്കു​റിപ്പ്) ദൈവ​പ്ര​ചോ​ദി​ത​നാ​യി ലാമെക്ക് ഇങ്ങനെ പറഞ്ഞു: “യഹോവ ശപിച്ച ഈ ഭൂമി​യിൽ നമുക്കു ചെയ്യേ​ണ്ടി​വ​രുന്ന പണിക​ളിൽനി​ന്നും നമ്മുടെ കൈക​ളു​ടെ കഠിനാ​ധ്വാ​ന​ത്തിൽനി​ന്നും ഇവൻ (നോഹ) നമുക്ക് ആശ്വാസം തരും.” നോഹ ദൈവ​ത്തിൽ പ്രത്യാ​ശ​വെച്ചു. ഒരു “സന്തതി” സർപ്പത്തി​ന്‍റെ തല തകർക്കു​മെന്നു തനിക്കു മുമ്പു​ണ്ടാ​യി​രുന്ന ഹാബേ​ലി​നെ​യും ഹാനോ​ക്കി​നെ​യും പോലെ നോഹ വിശ്വ​സി​ച്ചു.​—ഉൽപ. 3:15.

7 ഉൽപത്തി 3:15-ൽ പറഞ്ഞി​രി​ക്കുന്ന പ്രവച​ന​ത്തി​ന്‍റെ മുഴുവൻ വിശദാം​ശ​ങ്ങ​ളും നോഹ​യ്‌ക്കു മനസ്സി​ലാ​യി​ട്ടു​ണ്ടാ​കില്ല. എങ്കിലും ഈ പ്രവചനം, വിടു​ത​ലി​ന്‍റെ പ്രത്യാശ നൽകു​ന്നു​ണ്ടെന്നു നോഹ മനസ്സി​ലാ​ക്കി. ദുഷ്ടമ​നു​ഷ്യർക്കു നാശം സംഭവി​ക്കു​മെന്നു മുൻകൂ​ട്ടി​പ്പറഞ്ഞ ഹാനോ​ക്കി​ന്‍റെ സന്ദേശം ഏദെനി​ലെ വാഗ്‌ദാ​ന​വു​മാ​യി ബന്ധമു​ള്ള​താ​യി​രു​ന്നു. (യൂദ 14, 15) അർമ​ഗെ​ദോ​നിൽ അന്തിമ​മാ​യി നിറ​വേ​റാ​നി​രി​ക്കുന്ന ഹാനോ​ക്കി​ന്‍റെ ആ സന്ദേശ​വും നോഹ​യു​ടെ വിശ്വാ​സ​വും പ്രത്യാ​ശ​യും ഉറപ്പാ​യും ശക്തമാ​ക്കി​യി​രി​ക്കണം.

8. ശരിയായ അറിവ്‌ നോഹയെ ഏതെല്ലാം വിധങ്ങ​ളി​ലാ​ണു സംരക്ഷി​ച്ചത്‌?

8 ദൈവ​ത്തെ​ക്കു​റി​ച്ചുള്ള ശരിയായ അറിവ്‌ നോഹ​യ്‌ക്ക് എങ്ങനെ​യാ​ണു പ്രയോ​ജനം ചെയ്‌തത്‌? ശരിയായ അറിവു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട് വിശ്വാ​സ​വും ദൈവി​ക​ജ്ഞാ​ന​വും വളർത്തി​യെ​ടു​ക്കാൻ നോഹ​യ്‌ക്കു കഴിഞ്ഞു. അത്‌ അപകട​ങ്ങ​ളിൽനിന്ന്, പ്രത്യേ​കിച്ച് ആത്മീയ​ഹാ​നി​യിൽനിന്ന് നോഹയെ സംരക്ഷി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, ‘സത്യ​ദൈ​വ​ത്തോ​ടു​കൂ​ടെ നടന്നതു​കൊണ്ട്’ ദൈവ​ഭ​ക്തി​യി​ല്ലാ​ത്ത​വരെ നോഹ സുഹൃ​ത്തു​ക്ക​ളാ​ക്കി​യില്ല. മനുഷ്യ​ശ​രീ​ര​മെ​ടുത്ത്‌ ഭൂമി​യിൽ വന്ന ഭൂതങ്ങൾ തങ്ങളുടെ അമാനു​ഷ​ക​ഴി​വു​കൾ പ്രദർശി​പ്പി​ച്ച​പ്പോൾ വിശ്വാ​സ​ഹീ​ന​രായ ആളുകൾ പെട്ടെന്ന് അവരുടെ വലയിൽ വീണു. ചിലയാ​ളു​കൾ ആ ഭൂതങ്ങളെ ആരാധി​ക്കുന്ന അളവോ​ളം പോയി​രി​ക്കാം. പക്ഷേ ഇതു​കൊ​ണ്ടൊ​ന്നും നോഹ വഞ്ചിക്ക​പ്പെ​ട്ടില്ല. (ഉൽപ. 6:1-4, 9) മക്കളെ ജനിപ്പിച്ച് ഭൂമി നിറയ്‌ക്കാൻ ദൈവം മനുഷ്യ​രോ​ടാ​ണു പറഞ്ഞി​രി​ക്കു​ന്ന​തെന്നു നോഹ​യ്‌ക്ക് അറിയാ​മാ​യി​രു​ന്നു. (ഉൽപ. 1:27, 28) അതു​കൊണ്ട്, സ്‌ത്രീ​ക​ളും മനുഷ്യ​ശ​രീ​ര​മെ​ടുത്ത ആത്മവ്യ​ക്തി​ക​ളും തമ്മിലുള്ള ലൈം​ഗി​ക​ബന്ധം പ്രകൃ​തി​വി​രു​ദ്ധ​വും തെറ്റും ആണെന്നു നോഹ മനസ്സി​ലാ​ക്കി​യി​രി​ക്കണം. ഇവർക്കുണ്ടായ മക്കളുടെ അസാധാ​രണ വലുപ്പ​വും ശക്തിയും കണ്ടപ്പോൾ നോഹ​യ്‌ക്ക് ഇക്കാര്യം ഉറപ്പാ​യി​ക്കാ​ണും. പിന്നീട്‌, താൻ ഒരു പ്രളയം വരുത്താൻപോ​കു​ക​യാ​ണെന്നു ദൈവം നോഹ​യോ​ടു പറഞ്ഞു. യഹോവ തന്ന ആ മുന്നറി​യി​പ്പു പൂർണ​മാ​യി വിശ്വ​സിച്ച നോഹ ഒരു പെട്ടകം പണിതു, അങ്ങനെ തന്‍റെ കുടും​ബത്തെ രക്ഷിച്ചു.​—എബ്രാ. 11:7.

9, 10. നോഹ​യു​ടെ വിശ്വാ​സം നമുക്ക് എങ്ങനെ അനുക​രി​ക്കാം?

9 നമുക്ക് എങ്ങനെ നോഹ​യു​ടേ​തു​പോ​ലുള്ള വിശ്വാ​സം വളർത്തി​യെ​ടു​ക്കാം? ദൈവവചനം നന്നായി പഠിക്കുക എന്നതാണു പ്രധാ​ന​മാ​യും നമ്മൾ ചെയ്യേ​ണ്ടത്‌. പഠിക്കുന്ന കാര്യങ്ങൾ പ്രിയ​പ്പെ​ടുക. ആ അറിവി​ന​നു​സ​രിച്ച് ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തു​ക​യും ശരിയായ തീരു​മാ​നങ്ങൾ എടുക്കു​ക​യും ചെയ്യുക. (1 പത്രോ. 1:13-15) അങ്ങനെ വളർത്തി​യെ​ടു​ക്കുന്ന വിശ്വാ​സ​വും ദൈവി​ക​ജ്ഞാ​ന​വും സാത്താന്‍റെ തന്ത്രങ്ങ​ളിൽനി​ന്നും ലോക​ത്തി​ന്‍റെ ദുഷിച്ച ആത്മാവിൽനി​ന്നും നമ്മളെ സംരക്ഷി​ക്കും. (2 കൊരി. 2:11) ആ ആത്മാവ്‌ ഇന്ന് അക്രമ​ത്തോ​ടും അധാർമി​ക​ത​യോ​ടും ഉള്ള സ്‌നേഹം ആളുക​ളിൽ ഊട്ടി​വ​ളർത്തു​ന്നു, ജഡത്തിന്‍റെ മോഹ​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ അവരിൽ പ്രേരണ ചെലു​ത്തു​ന്നു. (1 യോഹ. 2:15, 16) കൂടാതെ, ദൈവ​ത്തി​ന്‍റെ മഹാദി​വസം അടുത്തി​രി​ക്കു​ന്നു എന്നതിന്‍റെ തെളി​വു​കൾ അവഗണി​ക്കാൻ ആത്മീയ​മാ​യി ബലഹീ​ന​രാ​യ​വരെ അതു പ്രേരി​പ്പി​ക്കു​ക​പോ​ലും ചെയ്യുന്നു. ഇത്‌ അപകടം ചെയ്യും. കാരണം നമ്മുടെ കാലവും നോഹ​യു​ടെ കാലവും തമ്മിൽ താരത​മ്യം ചെയ്‌ത​പ്പോൾ യേശു അന്നത്തെ അക്രമ​ത്തെ​യും അധാർമി​ക​ത​യെ​യും കുറിച്ചല്ല പറഞ്ഞത്‌, പകരം ആത്മീയ​കാ​ര്യ​ങ്ങ​ളി​ലുള്ള താത്‌പ​ര്യ​മി​ല്ലാ​യ്‌മ​യെ​ക്കു​റി​ച്ചാണ്‌.​—മത്തായി 24:36-39 വായി​ക്കുക.

10 നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘എനിക്ക് യഹോ​വയെ ശരിക്കും അറിയാ​മെന്ന് എന്‍റെ ജീവി​ത​രീ​തി തെളി​യി​ക്കു​ന്നു​ണ്ടോ? ദൈവി​ക​നി​ല​വാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കാ​നും അതെക്കു​റിച്ച് മറ്റുള്ള​വ​രോ​ടു പറയാ​നും എന്‍റെ വിശ്വാ​സം എന്നെ പ്രേരി​പ്പി​ക്കു​ന്നു​ണ്ടോ?’ ഈ ചോദ്യ​ങ്ങൾക്കുള്ള നിങ്ങളു​ടെ ഉത്തരങ്ങൾ നിങ്ങളും ‘സത്യ​ദൈ​വ​ത്തോ​ടു​കൂ​ടെ​യാ​ണു’ നടക്കു​ന്ന​തെന്നു തെളി​യി​ക്കട്ടെ.

ദാനി​യേൽ ദൈവി​ക​ജ്ഞാ​നം പ്രകട​മാ​ക്കി

11. (എ) യുവാ​വാ​യി​രു​ന്ന​പ്പോൾ ദാനി​യേൽ പ്രകട​മാ​ക്കിയ ദൈവ​ഭയം, മാതാ​പി​താ​ക്കൾ അദ്ദേഹത്തെ വളർത്തിയ വിധ​ത്തെ​ക്കു​റിച്ച് എന്താണു കാണി​ച്ചു​ത​രു​ന്നത്‌? (ബി) ദാനി​യേ​ലി​ന്‍റെ ഏതൊക്കെ ഗുണങ്ങ​ളാ​ണു നിങ്ങൾ അനുക​രി​ക്കാൻ ആഗ്രഹി​ക്കു​ന്നത്‌?

11 ദാനി​യേൽ എങ്ങനെ​യാണ്‌ യഹോ​വ​യെ​ക്കു​റിച്ച് അറിഞ്ഞത്‌? തെളി​വ​നു​സ​രിച്ച്, യഹോ​വ​യെ​യും ദൈവ​വ​ച​ന​ത്തെ​യും സ്‌നേ​ഹി​ക്കാൻ മാതാ​പി​താ​ക്കൾ ദാനി​യേ​ലി​നെ പഠിപ്പി​ച്ചി​രു​ന്നു. ആ സ്‌നേഹം ദാനി​യേൽ തന്‍റെ ജീവി​ത​കാ​ലം മുഴുവൻ കാത്തു​സൂ​ക്ഷി​ച്ചു. വാർധ​ക്യ​ത്തി​ലും അദ്ദേഹം തിരു​വെ​ഴു​ത്തു​കൾ ശ്രദ്ധ​യോ​ടെ പഠിച്ചി​രു​ന്ന​താ​യി നമ്മൾ വായി​ക്കു​ന്നുണ്ട്. (ദാനി. 9:1, 2) ദാനി​യേ​ലി​നു ദൈവ​ത്തെ​ക്കു​റിച്ച് നല്ല അറിവു​ണ്ടാ​യി​രു​ന്നു, ദൈവം ഇസ്രാ​യേ​ലു​മാ​യി ഇടപെട്ട വിധ​ത്തെ​ക്കു​റി​ച്ചും അറിയാ​മാ​യി​രു​ന്നു. ഇതു ദാനി​യേൽ 9:3-19-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഹൃദയ​സ്‌പർശി​യായ, പശ്ചാത്താ​പം നിറഞ്ഞ അദ്ദേഹ​ത്തി​ന്‍റെ പ്രാർഥ​ന​യിൽനിന്ന് നമുക്കു മനസ്സി​ലാ​ക്കാം. ആ ഭാഗം ഒന്നു വായി​ക്കാ​നും ആ പ്രാർഥ​ന​യെ​ക്കു​റിച്ച് ധ്യാനി​ക്കാ​നും കുറച്ച് സമയം എടുത്തു​കൂ​ടേ? ദാനി​യേ​ലി​നെ​ക്കു​റിച്ച് ആ പ്രാർഥന എന്താണു പഠിപ്പി​ക്കു​ന്നത്‌ എന്നതിനു പ്രത്യേ​ക​ശ്രദ്ധ കൊടു​ക്കുക.

12-14. (എ) ദാനി​യേൽ എങ്ങനെ​യാ​ണു ദൈവി​ക​ജ്ഞാ​നം പ്രകട​മാ​ക്കി​യത്‌? (ബി) ധൈര്യ​വും വിശ്വ​സ്‌ത​ത​യും കാണിച്ച ദാനി​യേ​ലി​നെ യഹോവ എങ്ങനെ​യാണ്‌ അനു​ഗ്ര​ഹി​ച്ചത്‌?

12 ദൈവ​ത്തെ​ക്കു​റി​ച്ചുള്ള ശരിയായ അറിവ്‌ ദാനി​യേ​ലിന്‌ എങ്ങനെ​യാ​ണു പ്രയോ​ജനം ചെയ്‌തത്‌? വ്യാജാ​രാ​ധ​ന​യിൽ മുങ്ങിയ ബാബി​ലോ​ണിൽ വിശ്വ​സ്‌ത​രായ ജൂതന്മാർക്കു പല പ്രതി​സ​ന്ധി​ക​ളും നേരിട്ടു. ഉദാഹ​ര​ണ​ത്തിന്‌, യഹോവ ജൂതന്മാ​രോട്‌ ഇങ്ങനെ പറഞ്ഞി​രു​ന്നു: “ഞാൻ നിങ്ങളെ നാടു കടത്തിയ നഗരത്തിൽ സമാധാ​നം നിലനി​റു​ത്താൻ ശ്രദ്ധി​ക്കണം.” (യിരെ. 29:7) എന്നാൽ അതേസ​മയം യഹോവ അവരോ​ടു സമ്പൂർണ​ഭക്തി ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു. (പുറ. 34:14) ഈ രണ്ടു കല്‌പ​ന​ക​ളും സമനി​ല​യിൽ കൊണ്ടു​പോ​കാൻ ദാനി​യേ​ലിന്‌ എങ്ങനെ കഴിയു​മാ​യി​രു​ന്നു? യഹോ​വ​യോ​ടുള്ള അനുസ​ര​ണ​മാ​ണു ഗവൺമെന്‍റ് അധികാ​രി​ക​ളോ​ടുള്ള അനുസ​ര​ണ​ത്തെ​ക്കാൾ പ്രധാ​ന​മെന്നു മനസ്സി​ലാ​ക്കാൻ ദൈവി​ക​ജ്ഞാ​നം അദ്ദേഹത്തെ സഹായി​ച്ചു. നൂറ്റാ​ണ്ടു​കൾക്കു ശേഷം യേശു അതേ തത്ത്വം പഠിപ്പി​ച്ചു.​—ലൂക്കോ. 20:25.

13 രാജാ​വി​നോ​ട​ല്ലാ​തെ മറ്റൊരു ദൈവ​ത്തോ​ടോ മനുഷ്യ​നോ​ടോ 30 ദിവസ​ത്തേക്കു പ്രാർഥി​ക്ക​രു​തെ​ന്നുള്ള രാജാ​വി​ന്‍റെ കല്‌പ​ന​യെ​ക്കു​റിച്ച് കേട്ട​പ്പോൾ ദാനി​യേൽ എന്തു ചെയ്‌തെന്നു നോക്കാം. (ദാനി​യേൽ 6:7-10 വായി​ക്കുക.) ‘30 ദിവസ​ത്തേ​ക്കല്ലേ ഉള്ളൂ’ എന്നൊക്കെ പറഞ്ഞ് ദാനി​യേ​ലിന്‌ ഒഴിക​ഴി​വു​കൾ നിരത്താ​മാ​യി​രു​ന്നു. പക്ഷേ, ഒരു രാജാവ്‌ പുറ​പ്പെ​ടു​വിച്ച കല്‌പ​ന​യ്‌ക്കു ദാനി​യേൽ തിരു​വെ​ഴു​ത്തു​ക​ല്‌പ​ന​ക​ളെ​ക്കാൾ പ്രാധാ​ന്യം കൊടു​ത്തില്ല. വേണ​മെ​ങ്കിൽ ദാനി​യേ​ലിന്‌ ആരും കാണാതെ പ്രാർഥി​ക്കാ​മാ​യി​രു​ന്നു. എന്നാൽ തന്‍റെ പ്രാർഥ​നാ​രീ​തി പരക്കെ അറിയാ​വു​ന്ന​താ​ണെന്നു ദാനി​യേൽ മനസ്സി​ലാ​ക്കി. അതു​കൊണ്ട് ജീവനു ഭീഷണി നേരി​ടു​മെ​ങ്കി​ലും ആരാധ​ന​യിൽ താൻ വിട്ടു​വീഴ്‌ച ചെയ്‌തെന്ന ധാരണ മറ്റുള്ള​വർക്കു കൊടു​ക്കാൻ ദാനി​യേൽ ആഗ്രഹി​ച്ചില്ല.

14 മനസ്സാ​ക്ഷി​ക്കു ചേർച്ച​യിൽ ധീരമായ ഒരു തീരു​മാ​ന​മെ​ടു​ത്ത​തിന്‌ യഹോവ ദാനി​യേ​ലി​നെ അനു​ഗ്ര​ഹി​ച്ചു. വേദനാ​ക​ര​മായ ഒരു മരണത്തിൽനിന്ന് യഹോവ ദാനി​യേ​ലി​നെ അത്ഭുത​ക​ര​മാ​യി രക്ഷപ്പെ​ടു​ത്തി. മേദോ-പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ന്‍റെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങ​ളിൽപ്പോ​ലും ആളുകൾ യഹോ​വ​യെ​ക്കു​റിച്ച് അറിയാൻ ഈ സംഭവം ഇടയാക്കി.​—ദാനി. 6:25-27.

15. ദാനി​യേ​ലി​ന്‍റേ​തു​പോ​ലുള്ള വിശ്വാ​സം വളർത്തി​യെ​ടു​ക്കാൻ നമുക്ക് എങ്ങനെ കഴിയും?

15 നമുക്ക് എങ്ങനെ ദാനി​യേ​ലി​ന്‍റേ​തു​പോ​ലുള്ള വിശ്വാ​സം വളർത്തി​യെ​ടു​ക്കാം? ദൈവ​വ​ചനം വെറുതേ വായി​ക്കു​ന്നതല്ല, അതിന്‍റെ ‘സാരം മനസ്സി​ലാ​ക്കു​ന്ന​താണ്‌’ ശക്തമായ വിശ്വാ​സ​ത്തി​ന്‍റെ അടിസ്ഥാ​നം. (മത്താ. 13:23) ഓരോ കാര്യ​ത്തെ​ക്കു​റി​ച്ചും യഹോ​വ​യു​ടെ ചിന്ത എന്താ​ണെന്നു മനസ്സി​ലാ​ക്കണം. അതിൽ ബൈബിൾത​ത്ത്വ​ങ്ങൾ ഗ്രഹി​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു. അതു​കൊണ്ട് നമ്മൾ വായി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച് ധ്യാനി​ക്കണം. പതിവാ​യുള്ള ആത്മാർഥ​മായ പ്രാർഥ​ന​ക​ളും പ്രധാ​ന​മാണ്‌, പ്രത്യേ​കി​ച്ചും പരി​ശോ​ധ​ന​ക​ളോ പ്രതി​സ​ന്ധി​ക​ളോ നേരി​ടു​മ്പോൾ. ജ്ഞാനത്തി​നും ശക്തിക്കും വേണ്ടി വിശ്വാ​സ​ത്തോ​ടെ പ്രാർഥി​ക്കു​മ്പോൾ യഹോവ ഉദാര​മാ​യി അവ നമുക്കു തരും.​—യാക്കോ. 1:5.

ഇയ്യോബ്‌ ദൈവി​ക​ത​ത്ത്വ​ങ്ങൾ അനുസ​രി​ച്ചു

16, 17. ഇയ്യോബ്‌ ദൈവ​ത്തെ​ക്കു​റി​ച്ചുള്ള ശരിയായ അറിവ്‌ നേടി​യത്‌ എങ്ങനെ​യാണ്‌?

16 ഇയ്യോബ്‌ എങ്ങനെ​യാണ്‌ യഹോ​വ​യെ​ക്കു​റിച്ച് അറിഞ്ഞത്‌? ഇയ്യോബ്‌ ഒരു ഇസ്രാ​യേ​ല്യ​ന​ല്ലാ​യി​രു​ന്നെ​ങ്കി​ലും അബ്രാ​ഹാ​മി​ന്‍റെ​യും യിസ്‌ഹാ​ക്കി​ന്‍റെ​യും യാക്കോ​ബി​ന്‍റെ​യും ഒരു അകന്ന ബന്ധുവാ​യി​രു​ന്നു. ഇവരോട്‌ യഹോവ തന്നെക്കു​റി​ച്ചും മനുഷ്യ​വർഗ​ത്തെ​പ്പ​റ്റി​യുള്ള തന്‍റെ ഉദ്ദേശ്യ​ത്തെ​ക്കു​റി​ച്ചും വെളി​പ്പെ​ടു​ത്തി​യി​രു​ന്നു. എങ്ങനെ​യെന്നു നമുക്ക് അറിയി​ല്ലെ​ങ്കി​ലും ഈ അമൂല്യ​സ​ത്യ​ങ്ങ​ളിൽ പലതും ഇയ്യോബ്‌ മനസ്സി​ലാ​ക്കി. (ഇയ്യോ. 23:12) “എന്‍റെ ചെവികൾ അങ്ങയെ​ക്കു​റിച്ച് കേട്ടി​ട്ടുണ്ട്” എന്ന് ഇയ്യോബ്‌ പറഞ്ഞു. (ഇയ്യോ. 42:5) ഇയ്യോബ്‌ തന്നെക്കു​റിച്ച് സത്യമായ കാര്യങ്ങൾ പറഞ്ഞെന്നു പിന്നീട്‌ യഹോ​വ​തന്നെ പറയു​ക​യു​ണ്ടാ​യി.​—ഇയ്യോ. 42:7, 8.

സൃഷ്ടിക്രിയകളിൽ പ്രകട​മാ​യി​രി​ക്കുന്ന ദൈവ​ത്തി​ന്‍റെ അദൃശ്യ​ഗു​ണങ്ങൾ നിരീ​ക്ഷി​ക്കു​മ്പോൾ നമ്മുടെ വിശ്വാ​സം ശക്തി​പ്പെ​ടും (17-‍ാ‍ം ഖണ്ഡിക കാണുക)

17 ദൈവ​ത്തി​ന്‍റെ അദൃശ്യ​ഗു​ണ​ങ്ങ​ളിൽ പലതും സൃഷ്ടി​ക്രി​യ​ക​ളി​ലൂ​ടെ ഇയ്യോ​ബിന്‌ അറിയാൻ കഴിഞ്ഞു. (ഇയ്യോ. 12:7-9, 13) പിന്നീട്‌ എലീഹു​വും യഹോ​വ​യും സൃഷ്ടി​ക്രി​യകൾ ഉപയോ​ഗിച്ച്, ദൈവ​ത്തോ​ടുള്ള താരത​മ്യ​ത്തിൽ മനുഷ്യൻ എത്ര നിസ്സാ​ര​നാ​ണെന്ന് ഇയ്യോ​ബി​നെ പഠിപ്പി​ച്ചു. (ഇയ്യോ. 37:14; 38:1-4) യഹോ​വ​യു​ടെ വാക്കുകൾ ഇയ്യോ​ബി​ന്‍റെ ഹൃദയത്തെ സ്‌പർശി​ച്ചു. അദ്ദേഹം താഴ്‌മ​യോ​ടെ ദൈവ​ത്തോ​ടു പറഞ്ഞു: “അങ്ങയ്‌ക്ക് എല്ലാം ചെയ്യാൻ കഴിയു​മെ​ന്നും അങ്ങ് ഉദ്ദേശി​ക്കു​ന്ന​തൊ​ന്നും നടക്കാ​തെ​പോ​കി​ല്ലെ​ന്നും എനിക്ക് ഇപ്പോൾ മനസ്സി​ലാ​യി. . . . ഞാൻ പൊടി​യി​ലും ചാരത്തി​ലും ഇരുന്ന് പശ്ചാത്ത​പി​ക്കു​ന്നു.”​—ഇയ്യോ. 42:2, 6.

18, 19. യഹോ​വയെ ഇയ്യോബ്‌ ശരിക്കും മനസ്സി​ലാ​ക്കി​യി​രു​ന്നെന്ന് ഏതൊക്കെ വിധങ്ങ​ളി​ലാ​ണു തെളി​യി​ച്ചത്‌?

18 ദൈവ​ത്തെ​ക്കു​റി​ച്ചുള്ള ശരിയായ അറിവ്‌ ഇയ്യോ​ബിന്‌ എങ്ങനെ​യാ​ണു പ്രയോ​ജനം ചെയ്‌തത്‌? ഇയ്യോ​ബി​നു ദൈവി​ക​ത​ത്ത്വ​ങ്ങ​ളെ​ക്കു​റിച്ച് നല്ല ഉൾക്കാ​ഴ്‌ച​യു​ണ്ടാ​യി​രു​ന്നു. യഹോ​വയെ നന്നായി അറിയാ​മാ​യി​രുന്ന ഇയ്യോബ്‌, ആ അറിവി​നു ചേർച്ച​യിൽ പ്രവർത്തി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നെന്ന് അവകാ​ശ​പ്പെ​ടാ​നും അതേസ​മയം സഹമനു​ഷ്യ​രോ​ടു ദയയി​ല്ലാ​തെ പ്രവർത്തി​ക്കാ​നും കഴിയി​ല്ലെന്ന് ഇയ്യോ​ബിന്‌ അറിയാ​മാ​യി​രു​ന്നു. (ഇയ്യോ. 6:14) മറ്റുള്ള​വ​രെ​ക്കാൾ ഉയർന്ന​വ​നാ​ണെന്നു ചിന്തി​ക്കു​ന്ന​തി​നു പകരം സമ്പന്ന​രെ​ന്നോ ദരി​ദ്ര​രെ​ന്നോ വ്യത്യാ​സ​മി​ല്ലാ​തെ ഇയ്യോബ്‌ എല്ലാവ​രോ​ടും കുടും​ബാം​ഗ​ങ്ങ​ളോ​ടെ​ന്ന​പോ​ലെ ഇടപെട്ടു. “എന്നെ ഗർഭപാ​ത്ര​ത്തിൽ നിർമി​ച്ച​വൻത​ന്നെ​യല്ലേ അവരെ​യും നിർമി​ച്ചത്‌” എന്നാണ്‌ ഇയ്യോബ്‌ പറഞ്ഞത്‌. (ഇയ്യോ. 31:13-22) പേരും പെരു​മ​യും സമ്പത്തും ഉണ്ടായി​രുന്ന കാലത്തും ഇയ്യോബ്‌ അഹങ്കരി​ക്കു​ക​യോ മറ്റുള്ള​വരെ ചെറു​താ​യി കാണു​ക​യോ ചെയ്‌തില്ല. ഇന്ന് അധികാ​ര​വും സമ്പത്തും ഉള്ള പലരിൽനി​ന്നും എത്ര വ്യത്യ​സ്‌ത​നാ​യി​രു​ന്നു ഇയ്യോബ്‌!

19 ഇയ്യോബ്‌ എല്ലാ തരം വിഗ്ര​ഹാ​രാ​ധ​ന​യും തള്ളിക്ക​ളഞ്ഞു. സമ്പത്തിൽ ആശ്രയം​വെ​ക്കു​ന്നത്‌ ഉൾപ്പെ​ടെ​യുള്ള വ്യാജാ​രാ​ധന “മീതെ​യുള്ള സത്യ​ദൈ​വത്തെ” തള്ളിക്ക​ള​യു​ന്ന​തി​നു തുല്യ​മാ​ണെന്ന് ഇയ്യോ​ബിന്‌ അറിയാ​മാ​യി​രു​ന്നു. (ഇയ്യോബ്‌ 31:24-28 വായി​ക്കുക.) പുരു​ഷ​നും സ്‌ത്രീ​യും തമ്മിലുള്ള പാവന​മായ ഒരു ബന്ധമായി വിവാഹത്തെ ഇയ്യോബ്‌ കണ്ടു. ഒരു കന്യകയെ മോശ​മായ രീതി​യിൽ നോക്കി​ല്ലെന്ന് അദ്ദേഹം തന്‍റെ കണ്ണുമാ​യി ഒരു ഉടമ്പടി ചെയ്യു​ക​പോ​ലു​മു​ണ്ടാ​യി. (ഇയ്യോ. 31:1) ഒരാൾക്ക് ഒന്നില​ധി​കം ഭാര്യ​മാ​രു​ള്ള​തി​നെ യഹോവ വിലക്കാ​തി​രുന്ന സമയമാണ്‌ അതെന്ന് ഓർക്കുക. വേണ​മെ​ങ്കിൽ ഇയ്യോ​ബി​നു മറ്റൊരു സ്‌ത്രീ​യെ​ക്കൂ​ടി ഭാര്യ​യാ​ക്കാ​മാ​യി​രു​ന്നു. * പക്ഷേ, ഒരു സ്‌ത്രീ​യെ​യും ഒരു പുരു​ഷ​നെ​യും ചേർത്ത്‌ ദൈവം ഏദെനിൽ സ്ഥാപിച്ച വിവാ​ഹ​ക്ര​മീ​ക​ര​ണ​ത്തെ​ക്കു​റിച്ച് ഇയ്യോ​ബിന്‌ അറിയാ​മാ​യി​രു​ന്നി​രി​ക്കാം. സാധ്യ​ത​യ​നു​സ​രിച്ച് ഇയ്യോബ്‌ ആ മാതൃക പിൻപറ്റി ജീവി​ക്കു​ക​യും ചെയ്‌തു. (ഉൽപ. 2:18, 24) വിവാ​ഹ​വും ലൈം​ഗി​ക​ത​യും സംബന്ധിച്ച് ദൈവം വെച്ച അതേ തത്ത്വങ്ങൾ അനുസ​രി​ക്കാ​നാണ്‌ ഏതാണ്ട് 1,600 വർഷങ്ങൾക്കു ശേഷം യേശു​ക്രി​സ്‌തു തന്‍റെ ശ്രോ​താ​ക്കളെ പഠിപ്പി​ച്ചത്‌.​—മത്താ. 5:28; 19:4, 5.

20. യഹോ​വ​യെ​യും ദൈവി​ക​നി​ല​വാ​ര​ങ്ങ​ളെ​യും കുറി​ച്ചുള്ള ശരിയായ അറിവ്‌ കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലും വിനോ​ദ​ത്തി​ന്‍റെ കാര്യ​ത്തി​ലും നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

20 നമുക്ക് എങ്ങനെ ഇയ്യോ​ബി​ന്‍റേ​തു​പോ​ലുള്ള വിശ്വാ​സം വളർത്തി​യെ​ടു​ക്കാം? യഹോ​വ​യെ​ക്കു​റിച്ച് ശരിയായ അറിവ്‌ നേടു​ക​യും എല്ലാ കാര്യ​ങ്ങ​ളി​ലും ആ അറിവി​നു ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യും ചെയ്യുക. ഉദാഹ​ര​ണ​ത്തിന്‌, “അക്രമം ഇഷ്ടപ്പെ​ടു​ന്ന​വനെ ദൈവം വെറു​ക്കു​ന്നു” എന്നു സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ എഴുതി. അതു​പോ​ലെ ‘വഞ്ചകരായ’ ആളുക​ളോ​ടു കൂട്ടു​കൂ​ടു​ന്ന​തിന്‌ എതിരെ മുന്നറി​യി​പ്പു നൽകു​ക​യും ചെയ്‌തു. (സങ്കീർത്തനം 11:5; 26:4 വായി​ക്കുക.) ദൈവ​ത്തി​ന്‍റെ ചിന്ത​യെ​ക്കു​റിച്ച് ഈ തിരു​വെ​ഴു​ത്തു​കൾ നിങ്ങ​ളോട്‌ എന്താണു പറയു​ന്നത്‌? നിങ്ങൾ മുൻഗ​ണ​നകൾ വെക്കു​ന്ന​തി​നെ ഈ അറിവ്‌ എങ്ങനെ​യാ​ണു സ്വാധീ​നി​ക്കു​ന്നത്‌? ഇന്‍റർനെറ്റ്‌ ഉപയോ​ഗി​ക്കു​മ്പോ​ഴും കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കു​മ്പോ​ഴും അതു​പോ​ലെ വിനോ​ദ​ത്തി​ന്‍റെ കാര്യ​ത്തി​ലും യഹോ​വ​യു​ടെ ഈ ചിന്ത നിങ്ങളെ എങ്ങനെ സ്വാധീ​നി​ക്കണം? ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ യഹോ​വയെ എത്ര നന്നായി അറിയാ​മെന്നു മനസ്സി​ലാ​ക്കാൻ നിങ്ങളെ സഹായി​ക്കും. സങ്കീർണ​മായ, ദുഷ്ടത നിറഞ്ഞ ഇന്നത്തെ ലോക​ത്തിൽ കുറ്റമ​റ്റ​വ​രാ​യി നടക്കാൻ “വിവേ​ച​നാ​പ്രാ​പ്‌തി”യെ നമ്മൾ പരിശീ​ലി​പ്പി​ക്കണം. അപ്പോൾ ശരിയും തെറ്റും തമ്മിൽ മാത്രമല്ല, ബുദ്ധി​യും ബുദ്ധി​ഹീ​ന​ത​യും തമ്മിലുള്ള വ്യത്യാ​സ​വും വിവേ​ചി​ച്ച​റി​യാൻ നമുക്കു കഴിയും.​—എബ്രാ. 5:14; എഫെ. 5:15.

21. നമ്മുടെ സ്വർഗീ​യ​പി​താ​വി​നെ പ്രസാ​ദി​പ്പി​ക്കാൻ ആവശ്യ​മായ ‘സകലവും മനസ്സി​ലാ​ക്കാൻ’ നമുക്ക് എങ്ങനെ കഴിയും?

21 നോഹ​യും ദാനി​യേ​ലും ഇയ്യോ​ബും പൂർണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ അന്വേ​ഷി​ച്ചു. അതു​കൊണ്ട് അവർക്കു ദൈവത്തെ കണ്ടെത്താൻ കഴിഞ്ഞു, തന്നെ പ്രസാ​ദി​പ്പി​ക്കാൻ ആവശ്യ​മായ ‘സകലവും മനസ്സി​ലാ​ക്കാൻ’ യഹോവ അവരെ സഹായി​ക്കു​ക​യും ചെയ്‌തു. അങ്ങനെ അവർക്കു നീതി​യോ​ടെ പ്രവർത്തി​ച്ച​തി​ന്‍റെ നല്ല മാതൃ​ക​ക​ളാ​കാൻ കഴിഞ്ഞു, ജീവി​ത​ത്തിൽ വിജയി​ക്കാ​നു​മാ​യി. (സങ്കീ. 1:1-3) നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘നോഹ​യെ​യും ദാനി​യേ​ലി​നെ​യും ഇയ്യോ​ബി​നെ​യും പോലെ എനിക്ക് യഹോ​വയെ അത്ര നന്നായി അറിയാ​മോ?’ വാസ്‌ത​വ​ത്തിൽ, ആത്മീയ​വെ​ളി​ച്ചം കൂടു​തൽക്കൂ​ടു​തൽ ശോഭ​യേ​റി​വ​രുന്ന ഇക്കാലത്ത്‌ നമുക്ക് യഹോ​വയെ കൂടുതൽ നന്നായി അറിയാ​നുള്ള അവസര​മുണ്ട്. (സുഭാ. 4:18) അതു​കൊണ്ട് ദൈവ​വ​ച​ന​ത്തി​ലേക്ക് ആഴത്തിൽ കുഴി​ച്ചി​റ​ങ്ങുക. അതെക്കു​റിച്ച് ധ്യാനി​ക്കുക. പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി പ്രാർഥി​ക്കുക. അപ്പോൾ നിങ്ങളു​ടെ സ്വർഗീ​യ​പി​താ​വി​നോ​ടു നിങ്ങൾ കൂടുതൽ അടുക്കും. ഇന്നത്തെ അഭക്ത​ലോ​ക​ത്തിൽ ഉൾക്കാ​ഴ്‌ച​യോ​ടും ജ്ഞാന​ത്തോ​ടും കൂടെ പ്രവർത്തി​ക്കാൻ നിങ്ങൾക്കു കഴിയും.​—സുഭാ. 2:4-7.

^ ഖ. 5 നോഹയുടെ പിതാ​വി​ന്‍റെ മുത്തച്ഛ​നായ ഹാനോക്ക് “സത്യ​ദൈ​വ​ത്തി​ന്‍റെ​കൂ​ടെ നടന്നു.” പക്ഷേ, നോഹ ജനിക്കു​ന്ന​തിന്‌ 69 വർഷം മുമ്പ് ‘ദൈവം ഹാനോ​ക്കി​നെ എടുത്തു.’​—ഉൽപ. 5:23, 24.

^ ഖ. 19 നോഹയുടെ കാര്യ​ത്തി​ലും അതുതന്നെ പറയാൻ കഴിയും. ഏദെനി​ലെ ധിക്കാ​ര​ത്തി​നു ശേഷം വൈകാ​തെ​തന്നെ പലരും ഒന്നില​ധി​കം സ്‌ത്രീ​കളെ ഭാര്യ​മാ​രാ​ക്കാൻ തുടങ്ങി​യി​രു​ന്നു. പക്ഷേ നോഹ​യ്‌ക്ക് ഒരു ഭാര്യയേ ഉണ്ടായി​രു​ന്നു​ള്ളൂ.​—ഉൽപ. 4:19.