വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചരി​ത്ര​സ്‌മൃ​തി​കൾ

പൊതു​പ്ര​സം​ഗങ്ങൾ അയർലൻഡി​ലെ​ങ്ങും സന്തോഷവാർത്ത വ്യാപിപ്പിക്കുന്നു

പൊതു​പ്ര​സം​ഗങ്ങൾ അയർലൻഡി​ലെ​ങ്ങും സന്തോഷവാർത്ത വ്യാപിപ്പിക്കുന്നു

വർഷം 1910. മെയ്‌ മാസത്തി​ലെ ഒരു പ്രഭാതം. ബെൽഫാസ്റ്റ് ലാക്‌ ഉൾക്കടൽ കീറി​മു​റി​ച്ചു​കൊണ്ട് ഒരു ബോട്ട് കുതി​ച്ചു​പാ​യു​ക​യാണ്‌. പ്രഭാ​ത​വെ​ളി​ച്ച​ത്തിൽ കുളി​ച്ചു​നിൽക്കുന്ന മലനി​ര​ക​ളു​ടെ മനോ​ഹാ​രിത ആസ്വദി​ച്ചു​കൊണ്ട് അതിന്‍റെ മേൽത്ത​ട്ടിൽ കുറച്ചു​പേർ നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു. അതി​ലൊ​രാ​ളാ​യി​രുന്ന ചാൾസ്‌ റ്റെയ്‌സ്‌ റസ്സലിന്‍റെ അഞ്ചാമത്തെ അയർലൻഡ്‌ യാത്ര​യാ​യി​രു​ന്നു അത്‌. നിർമാ​ണ​ത്തി​ലി​രി​ക്കുന്ന രണ്ടു കൂറ്റൻ കപ്പലുകൾ റസ്സൽ സഹോ​ദരൻ കണ്ടു, ടൈറ്റാ​നി​ക്കും ഒളിമ്പി​ക്കും. * കപ്പൽനിർമാ​ണ​ശാ​ല​യു​ടെ അപ്പുറ​ത്തുള്ള ജെട്ടി​യിൽ 12-ഓളം ബൈബിൾവി​ദ്യാർഥി​കൾ അദ്ദേഹ​ത്തെ​യും കാത്ത്‌ നിൽപ്പു​ണ്ടാ​യി​രു​ന്നു.

ആ സംഭവ​ത്തിന്‌ ഏകദേശം 20 വർഷം പിന്നി​ലേക്കു നമുക്കു പോകാം. ലോക​മെ​ങ്ങും സന്തോ​ഷ​വാർത്ത വ്യാപി​പ്പി​ക്കു​ന്ന​തിന്‌ ഏറ്റവും നല്ല മാർഗങ്ങൾ തേടി​ക്കൊണ്ട് അമേരി​ക്ക​യിൽനിന്ന് ലോക​ത്തി​ന്‍റെ പല ഭാഗങ്ങ​ളി​ലേ​ക്കും യാത്രകൾ നടത്താൻ റസ്സൽ സഹോ​ദരൻ തീരു​മാ​നി​ച്ചു. അദ്ദേഹ​ത്തി​ന്‍റെ ആദ്യയാ​ത്ര 1891 ജൂ​ലൈ​യിൽ അയർലൻഡി​ലേ​ക്കാ​യി​രു​ന്നു. സിറ്റി ഓഫ്‌ ചിക്കാ​ഗോ എന്ന കപ്പലിന്‍റെ മേൽത്ത​ട്ടിൽ നിന്ന്, അദ്ദേഹം അടുത്ത​ടു​ത്തു​വ​രുന്ന ക്വീൻസ്‌ടൗൺ കടൽത്തീ​ര​ത്തി​ന്‍റെ മീതെ സൂര്യൻ എരിഞ്ഞ​ട​ങ്ങു​ന്നതു കണ്ടു. ഒരുപക്ഷേ തന്‍റെ മാതാ​പി​താ​ക്കൾ അവരുടെ ജന്മനാ​ടി​നെ​ക്കു​റിച്ച് പറഞ്ഞ കാര്യങ്ങൾ അപ്പോൾ അദ്ദേഹ​ത്തി​ന്‍റെ മനസ്സി​ലേക്കു വന്നിരി​ക്കാം. വൃത്തി​യുള്ള നഗരങ്ങ​ളും മനോ​ഹ​ര​മായ നാട്ടിൻപു​റ​ങ്ങ​ളും പിന്നി​ടു​മ്പോൾ റസ്സൽ സഹോ​ദ​ര​നും അദ്ദേഹ​ത്തി​ന്‍റെ സഹകാ​രി​കൾക്കും ഒരു കാര്യം മനസ്സി​ലാ​യി, “ഇതു കൊയ്‌ത്തി​നു പാകമായ ഒരു വയൽത്തന്നെ.”

റസ്സൽ സഹോ​ദരൻ മൊത്തം ഏഴു തവണ അയർലൻഡ്‌ സന്ദർശി​ച്ചു. ആദ്യസ​ന്ദർശനം ആളുക​ളിൽ നല്ല താത്‌പ​ര്യം ഉണർത്തി​യ​തു​കൊണ്ട് പിന്നീ​ടുള്ള സന്ദർശ​ന​ങ്ങ​ളിൽ നൂറു​ക​ണ​ക്കിന്‌, ചില​പ്പോൾ ആയിര​ക്ക​ണ​ക്കിന്‌ ആളുകൾ അദ്ദേഹ​ത്തി​ന്‍റെ പ്രസം​ഗങ്ങൾ കേൾക്കാ​നാ​യി കൂടി​വന്നു. 1903 മെയ്യിൽ അദ്ദേഹം രണ്ടാമത്‌ അയർലൻഡിൽ എത്തിയ​പ്പോൾ ബെൽഫാ​സ്റ്റി​ലും ഡബ്ലിനി​ലും നടക്കാ​നി​രുന്ന പൊതു​പ്ര​സം​ഗങ്ങൾ പ്രാ​ദേ​ശിക ദിനപ്പ​ത്രങ്ങൾ പരസ്യം​ചെ​യ്‌തു. അബ്രാ​ഹാ​മി​ന്‍റെ വിശ്വാ​സ​ത്തെ​യും മനുഷ്യർക്കുള്ള ഭാവി​യ​നു​ഗ്ര​ഹ​ങ്ങ​ളെ​യും കുറി​ച്ചുള്ള “ആണയോ​ടു​കൂ​ടിയ വാഗ്‌ദാ​നം” എന്ന പ്രസംഗം “സദസ്സ് വളരെ ശ്രദ്ധ​യോ​ടെ കേട്ടി​രു​ന്നു” എന്നു റസ്സൽ സഹോ​ദരൻ പിന്നീട്‌ ഒരിക്കൽ പറയു​ക​യു​ണ്ടാ​യി.

ആളുക​ളു​ടെ താത്‌പ​ര്യം കണക്കി​ലെ​ടുത്ത്‌ തന്‍റെ മൂന്നാ​മത്തെ യൂറോ​പ്യൻപ​ര്യ​ട​ന​ത്തിൽ റസ്സൽ സഹോ​ദരൻ അയർലൻഡി​ലേ​ക്കും പോയി. 1908 ഏപ്രി​ലി​ലെ ഒരു പ്രഭാ​ത​ത്തിൽ അദ്ദേഹം ബെൽഫാസ്റ്റ് തുറമു​ഖത്ത്‌ എത്തിയ​പ്പോൾ അഞ്ചു സഹോ​ദ​ര​ന്മാർ അദ്ദേഹത്തെ സ്വാഗതം ചെയ്യാ​നാ​യി അവിടെ നിൽപ്പു​ണ്ടാ​യി​രു​ന്നു. “സാത്താന്‍റെ സാമ്രാ​ജ്യം മറിച്ചി​ട​പ്പെ​ടു​ന്നു” എന്ന പ്രസംഗം പരസ്യം ചെയ്‌തി​രു​ന്നു. അന്നു വൈകു​ന്നേരം അതു കേൾക്കാ​നാ​യി താത്‌പ​ര്യ​ക്കാ​രായ 300 പേർ കൂടി​വന്നു. അക്കൂട്ട​ത്തിൽ ഒരാൾ എതിർവാ​ദങ്ങൾ ഉന്നയി​ച്ചെ​ങ്കി​ലും റസ്സൽ സഹോ​ദരൻ തിരു​വെ​ഴു​ത്തു​കൾ ഫലകര​മാ​യി ഉപയോ​ഗിച്ച് അദ്ദേഹത്തെ നിശ്ശബ്ദ​നാ​ക്കി. ഡബ്ലിനിൽ ഇതി​നെ​ക്കാൾ കൂടുതൽ റസ്സൽ സഹോ​ദ​രനെ എതിർത്ത ഒരാളു​ണ്ടാ​യി​രു​ന്നു, വൈഎം​സിഎ-യുടെ സെക്ര​ട്ട​റി​യാ​യി​രുന്ന ഒക്കോണർ. അവിടെ പ്രസംഗം കേൾക്കാൻവന്ന ആയിര​ത്തി​ല​ധി​കം ആളുകളെ അദ്ദേഹം ബൈബിൾവി​ദ്യാർഥി​കൾക്കെ​തി​രെ തിരി​ക്കാൻ ശ്രമിച്ചു. എന്താണു സംഭവി​ച്ചത്‌?

നമുക്കു കാലത്തി​ലൂ​ടെ പുറ​കോ​ട്ടു​പോ​യി അന്നു നടന്നി​രി​ക്കാൻ സാധ്യ​ത​യുള്ള കാര്യങ്ങൾ ഒന്നു ഭാവന​യിൽ കാണാൻ ശ്രമി​ക്കാം. ബൈബിൾസ​ത്യം കണ്ടെത്താൻ താത്‌പ​ര്യ​മു​ണ്ടാ​യി​രുന്ന ഒരാൾ പ്രസംഗം കേൾക്കാ​നാ​യി അവിടെ എത്തുന്നു. ദി ഐറിഷ്‌ റ്റൈം​സിൽ വന്ന പരസ്യം കണ്ടാണ്‌ അദ്ദേഹം വന്നിരി​ക്കു​ന്നത്‌. തിങ്ങി​നി​റഞ്ഞ സദസ്സിൽ അദ്ദേഹം കഷ്ടപ്പെട്ട് ഒരു സീറ്റ്‌ കണ്ടുപി​ടി​ച്ചു. നീണ്ട, കറുത്ത കോട്ട് ധരിച്ച, നരച്ച മുടി​യുള്ള, താടി​ക്കാ​ര​നായ റസ്സൽ സഹോ​ദ​രന്‍റെ പ്രസംഗം അദ്ദേഹം ശ്രദ്ധ​യോ​ടെ കേട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. പ്ലാറ്റ്‌ഫോ​മി​ലൂ​ടെ അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും നടന്ന് യഥേഷ്ടം ആംഗ്യങ്ങൾ കാണി​ച്ചു​കൊണ്ട് റസ്സൽ സഹോ​ദരൻ പ്രസം​ഗി​ക്കു​ന്നു. സഹോ​ദരൻ ഒന്നിനു പിറകേ ഒന്നായി തിരു​വെ​ഴു​ത്തു​തെ​ളി​വു​കൾ നിരത്തു​ക​യാണ്‌. ഇതു സത്യം മനസ്സി​ലാ​ക്കാൻ ആ വ്യക്തിയെ സഹായി​ച്ചു. മൈക്കി​ന്‍റെ​യൊ​ന്നും സഹായം​കൂ​ടാ​തെ ഒന്നര മണിക്കൂ​റോ​ളം സദസ്സിന്‍റെ ശ്രദ്ധ പിടി​ച്ചു​നി​റു​ത്തി​ക്കൊണ്ട് സഹോ​ദ​രന്‍റെ ശബ്ദം ആ ഓഡി​റ്റോ​റി​യ​ത്തി​ന്‍റെ മുക്കി​ലും മൂലയി​ലും എത്തുന്നു​ണ്ടാ​യി​രു​ന്നു. അതിനു ശേഷമുള്ള ചോ​ദ്യോ​ത്തര സെഷനിൽ ഒക്കോ​ണ​റും സുഹൃ​ത്തു​ക്ക​ളും ഉന്നയിച്ച തടസ്സവാ​ദ​ങ്ങ​ളെ​ല്ലാം ബൈബിൾ ഉപയോ​ഗിച്ച് സഹോ​ദരൻ ഖണ്ഡിച്ചു. സദസ്സു കരഘോ​ഷം മുഴക്കി. രംഗം ശാന്തമാ​യ​പ്പോൾ കൂടുതൽ പഠിക്കു​ന്ന​തി​നാ​യി ആ വ്യക്തി സഹോ​ദ​ര​ന്മാ​രു​ടെ അടുത്ത്‌ വന്നു. ദൃക്‌സാ​ക്ഷി​കൾ പറയു​ന്ന​ത​നു​സ​രിച്ച് ധാരാളം പേർ ഈ വിധത്തിൽ സത്യം പഠിച്ചി​ട്ടുണ്ട്.

1909 മെയ്‌ മാസത്തിൽ റസ്സൽ സഹോ​ദരൻ നാലാ​മത്തെ സന്ദർശ​ന​ത്തി​നാ​യി മൗറി​റ്റാ​നിയ എന്ന കപ്പലിൽ ന്യൂ​യോർക്കിൽനിന്ന് തിരി​ക്കു​മ്പോൾ സ്റ്റെനോ​ഗ്രാ​ഫ​റായ ഹണ്ട്സിം​ഗർ സഹോ​ദ​ര​നെ​യും കൂടെ കൂട്ടി. യാത്ര​യ്‌ക്കി​ടെ വീക്ഷാ​ഗോ​പു​രം മാസി​ക​യ്‌ക്കു​വേ​ണ്ടി​യുള്ള ലേഖനങ്ങൾ പറഞ്ഞു​കൊ​ടുത്ത്‌ എഴുതി​ക്കു​ന്ന​തി​നാ​യി​രു​ന്നു ഇത്‌. ബെൽഫാ​സ്റ്റിൽ റസ്സൽ സഹോ​ദരൻ നടത്തിയ പ്രസംഗം കേൾക്കാൻ നാട്ടു​കാ​രായ 450 പേർ എത്തിയി​രു​ന്നു. ഇരിക്കാൻ സ്ഥലമി​ല്ലാ​തി​രു​ന്ന​തു​കൊണ്ട് 100-ഓളം പേർ നിന്നു​കൊ​ണ്ടാ​ണു പ്രസംഗം കേട്ടത്‌.

ലൂസിറ്റാനിയ എന്ന കപ്പലിൽ റസ്സൽ സഹോദരൻ

തുടക്ക​ത്തിൽ പരാമർശിച്ച അഞ്ചാമത്തെ സന്ദർശ​ന​ത്തി​ലും കാര്യ​ങ്ങൾക്കു മാറ്റ​മൊ​ന്നു​മു​ണ്ടാ​യില്ല. ഡബ്ലിനിൽ ഒക്കോണർ പേരു​കേട്ട ഒരു ദൈവ​ശാ​സ്‌ത്ര​ജ്ഞ​നെ​യും കൂട്ടി​യാ​ണു വന്നത്‌. പ്രസം​ഗ​ത്തി​നു ശേഷം ദൈവ​ശാ​സ്‌ത്ര​ജ്ഞന്‍റെ ചോദ്യ​ങ്ങൾക്കു റസ്സൽ സഹോ​ദരൻ തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന് മറുപടി കൊടു​ത്തു. സദസ്സിന്‌ ഇതു നന്നേ ബോധി​ച്ചു. പിറ്റെ ദിവസം സഹോ​ദ​രങ്ങൾ തപാലു​മാ​യി പോകുന്ന ഒരു സ്‌പീഡ്‌ ബോട്ടിൽ ലിവർപൂ​ളി​ലെത്തി പ്രസി​ദ്ധ​മായ ലൂസി​റ്റാ​നിയ കപ്പലിൽ കയറി ന്യൂ​യോർക്കി​ലേക്കു പോയി. *

പൊതുപ്രസംഗം ഐറിഷ്‌ റ്റൈം​സിൽ പരസ്യം ചെയ്‌തി​രി​ക്കു​ന്നു, 1910 മെയ്‌ 20

റസ്സൽ സഹോ​ദ​രന്‍റെ ആറാമ​ത്തെ​യും ഏഴാമ​ത്തെ​യും പര്യട​ന​ങ്ങ​ളി​ലും മുൻകൂ​ട്ടി പരസ്യം​ചെയ്‌ത പ്രസം​ഗങ്ങൾ നടത്തി. 1911-ലായി​രു​ന്നു അത്‌. ആ വർഷം ഏപ്രി​ലിൽ, വെറും 20 ബൈബിൾവി​ദ്യാർഥി​കൾ മാത്ര​മു​ണ്ടാ​യി​രുന്ന ബെൽഫാസ്റ്റ് നഗരത്തിൽ 2,000 പേർ “ഇതിനു​ശേഷം” എന്ന പ്രസംഗം കേൾക്കാൻ കൂടി​വന്നു. ഡബ്ലിനിൽ എത്തിയ​പ്പോൾ, വീണ്ടും ഒക്കോണർ മറ്റൊരു മതശു​ശ്രൂ​ഷ​ക​നു​മാ​യി വന്നു. പക്ഷേ തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗിച്ച് റസ്സൽ സഹോ​ദരൻ കൊടുത്ത മറുപ​ടി​കൾ ജനം ഹർഷാ​ര​വ​ത്തോ​ടെ​യാ​ണു സ്വീക​രി​ച്ചത്‌. ആ വർഷം ഒക്‌ടോ​ബർ, നവംബർ മാസങ്ങ​ളിൽ അദ്ദേഹം മറ്റു പട്ടണങ്ങൾ സന്ദർശി​ച്ചു, എല്ലായി​ട​ത്തും നല്ല ഹാജരു​ണ്ടാ​യി​രു​ന്നു. 100 റൗഡി​ക​ളു​മാ​യി എത്തിയ ഒക്കോണർ ഡബ്ലിനി​ലെ മീറ്റിങ്ങ് ഒരിക്കൽക്കൂ​ടി അലങ്കോ​ല​പ്പെ​ടു​ത്താൻ ശ്രമിച്ചു. പക്ഷേ സദസ്സ് ഉത്സാഹ​ത്തോ​ടെ പ്രസം​ഗ​കനെ പിന്തു​ണച്ചു.

അക്കാലത്ത്‌ പ്രധാ​ന​മാ​യും പൊതു​പ്ര​സം​ഗങ്ങൾ നടത്തി​യി​രു​ന്നതു റസ്സൽ സഹോ​ദ​ര​നാ​യി​രു​ന്നെ​ങ്കി​ലും, “ഒരു മനുഷ്യ​നെ ആശ്രയി​ച്ചല്ല കാര്യങ്ങൾ മുന്നോ​ട്ടു പോകു​ന്നത്‌” എന്ന് അദ്ദേഹ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു. “ഇതു മനുഷ്യ​രു​ടെ പ്രവർത്ത​നമല്ല, ദൈവ​ത്തി​ന്‍റേ​താണ്‌” എന്ന് അദ്ദേഹം മനസ്സി​ലാ​ക്കി. മുൻകൂ​ട്ടി പരസ്യം​ചെയ്‌ത അത്തരം പ്രസം​ഗങ്ങൾ തിരു​വെ​ഴു​ത്തു​സ​ത്യ​ങ്ങൾ അറിയി​ക്കാ​നുള്ള നല്ല അവസര​ങ്ങ​ളാ​യി​രു​ന്നു. ഇന്നത്തെ പൊതു​പ്ര​സം​ഗ​ങ്ങ​ളു​ടെ മുന്നോ​ടി​യാ​യി​രു​ന്നു ആ പരസ്യ​പ്ര​സം​ഗങ്ങൾ. അവ എന്തു നേട്ടം കൈവ​രു​ത്തി? സന്തോ​ഷ​വാർത്ത വ്യാപി​ക്കാൻ സഹായി​ച്ചു, അയർലൻഡി​ലെ അനേകം നഗരങ്ങ​ളിൽ സഭകൾ സ്ഥാപി​ക്ക​പ്പെട്ടു.​—ബ്രിട്ട​നി​ലെ ശേഖര​ത്തിൽനിന്ന്.

^ ഖ. 3 രണ്ടു വർഷത്തി​നു​ള്ളിൽ ടൈറ്റാ​നിക്‌ അപകട​ത്തിൽപ്പെട്ട് കടലിന്‍റെ ആഴങ്ങളി​ലേക്കു താണു​പോ​യി.

^ ഖ. 9 ലൂസിറ്റാനിയ 1915 മെയ്യിൽ അയർലൻഡി​ന്‍റെ തെക്കൻ തീരത്തു​വെച്ച് ബോം​ബാ​ക്ര​മ​ണ​ത്തിൽ തകർക്ക​പ്പെട്ടു.