വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവി​ത​കഥ

ഒരു എളിയ തുടക്കം—പക്ഷേ സമ്പന്നമായ ജീവിതം

ഒരു എളിയ തുടക്കം—പക്ഷേ സമ്പന്നമായ ജീവിതം

ഐക്യനാടുകളിലെ ഇൻഡ്യാ​ന​യി​ലുള്ള ലിബർട്ടി എന്ന കൊച്ചു​പ​ട്ട​ണ​ത്തിൽ തടി​കൊ​ണ്ടുള്ള ഒരു ഒറ്റമു​റി​വീ​ട്ടി​ലാ​ണു ഞാൻ ജനിച്ചത്‌. എനിക്ക്‌ ഒരു ചേട്ടനും രണ്ടു ചേച്ചി​മാ​രും ഉണ്ടായി​രു​ന്നു. ഞങ്ങൾ നാലു പേരെ കൂടാതെ പിന്നീട്‌ എനിക്കു രണ്ട്‌ അനിയ​ന്മാ​രും ഒരു അനിയ​ത്തി​യും കൂടി ഉണ്ടായി.

ഞാൻ ജനിച്ച തടി​കൊ​ണ്ടുള്ള വീട്‌

സ്‌കൂൾപ​ഠ​ന​കാ​ലത്ത്‌ വലിയ മാറ്റങ്ങ​ളൊ​ന്നും ഉണ്ടായില്ല. സ്‌കൂ​ളിൽ ഒന്നാം ക്ലാസിൽ എന്റെകൂ​ടെ ഉണ്ടായി​രുന്ന കുട്ടി​കൾത​ന്നെ​യാ​യി​രു​ന്നു അവി​ടെ​നിന്ന്‌ ഞാൻ പോരു​മ്പോ​ഴും ഉണ്ടായി​രു​ന്നത്‌. ആ ചെറു​പ​ട്ട​ണ​ത്തി​ലെ മിക്കവ​രു​ടെ​യും പേരുകൾ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു, അവർക്ക്‌ എന്റെയും.

ഏഴു മക്കളിൽ ഒരാളാ​യി​രു​ന്നു ഞാൻ, കൃഷി​യെ​ക്കു​റിച്ച്‌ ചെറു​പ്പ​ത്തിൽ ധാരാളം പഠിച്ചു

ലിബർട്ടി പട്ടണത്തി​ന്റെ ചുറ്റും ചെറി​യ​ചെ​റിയ കൃഷി​സ്ഥ​ല​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ചോള​മാ​യി​രു​ന്നു പ്രധാ​ന​കൃ​ഷി. ഞാൻ ജനിക്കു​മ്പോൾ എന്റെ അച്ഛൻ അവിടത്തെ ഒരു കൃഷി​ക്കാ​രന്റെ പണിക്കാ​ര​നാ​യി​രു​ന്നു. കൗമാ​ര​പ്രാ​യ​ത്തിൽത്തന്നെ ഞാൻ ട്രാക്‌റ്റർ ഓടി​ക്കാ​നും കൃഷി​പ്പ​ണി​യോ​ടു ബന്ധപ്പെട്ട കുറെ കാര്യ​ങ്ങ​ളും പഠിച്ചു.

ഞാൻ ജനിക്കു​മ്പോൾ എന്റെ അച്ഛന്‌ 56 വയസ്സാ​യി​രു​ന്നു, അമ്മയ്‌ക്ക്‌ 35-ഉം. ചെറുപ്പം പടിക​ട​ന്നി​രു​ന്നെ​ങ്കി​ലും വണ്ണം കുറഞ്ഞ്‌, അരോ​ഗ​ദൃ​ഢ​ഗാ​ത്ര​നായ അച്ഛനു കഠിനാ​ധ്വാ​നം ചെയ്യു​ന്നത്‌ ഇഷ്ടമാ​യി​രു​ന്നു. ഞങ്ങൾ മക്കളെ​യെ​ല്ലാം അതിന്റെ മൂല്യം പഠിപ്പി​ക്കു​ക​യും ചെയ്‌തു. അദ്ദേഹം അധികം പണമൊ​ന്നും ഉണ്ടാക്കി​യില്ല. എന്നാലും ഞങ്ങൾക്കു കയറി​ക്കി​ട​ക്കാൻ ഒരു ഇടവും ഉടുക്കാൻ വസ്‌ത്ര​ങ്ങ​ളും കഴിക്കാൻ ആഹാര​വും ഉണ്ടെന്ന്‌ ഉറപ്പാക്കി. ഞങ്ങൾക്ക്‌ എന്ത്‌ ആവശ്യം​വ​ന്നാ​ലും അച്ഛൻ കൂടെ​യു​ണ്ടാ​യി​രു​ന്നു. മരിക്കു​മ്പോൾ അച്ഛന്‌ 93 വയസ്സാ​യി​രു​ന്നു. അമ്മ 86-ാമത്തെ വയസ്സി​ലും മരിച്ചു. രണ്ടു പേരും യഹോ​വയെ ആരാധി​ച്ചി​രു​ന്നില്ല. കൂടപ്പി​റ​പ്പു​ക​ളിൽ ഒരു അനിയൻ മാത്രം യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്നു. 1970-കളുടെ ആരംഭ​ത്തിൽ സഭാമൂ​പ്പൻ എന്ന ക്രമീ​ക​രണം വന്നതു​മു​തൽ അനിയൻ ഒരു മൂപ്പനാണ്‌.

എന്റെ കുട്ടി​ക്കാ​ലം

എന്റെ അമ്മ വലിയ മതഭക്ത​യാ​യി​രു​ന്നു. എല്ലാ ഞായറാ​ഴ്‌ച​യും അമ്മ ഞങ്ങളെ ഒരു ബാപ്‌റ്റിസ്റ്റ്‌ പള്ളിയിൽ കൊണ്ടു​പോ​കും. എനിക്ക്‌ 12 വയസ്സു​ണ്ടാ​യി​രു​ന്ന​പ്പോ​ഴാ​ണു ഞാൻ ആദ്യമാ​യി ത്രിത്വ​ത്തെ​ക്കു​റിച്ച്‌ കേട്ടത്‌. കാര്യം പിടി​കി​ട്ടാ​തെ ഞാൻ അമ്മയോ​ടു ചോദി​ച്ചു: “യേശു​വിന്‌ എങ്ങനെ​യാണ്‌ ഒരേ സമയം അപ്പനും മകനും ആയിരി​ക്കാൻ കഴിയു​ന്നത്‌?” അമ്മയുടെ മറുപടി ഞാൻ ഇന്നും ഓർക്കു​ന്നു: “മോനേ, അത്‌ ഒരു വലിയ രഹസ്യ​മാണ്‌. നമുക്ക്‌ അതു മനസ്സി​ലാ​ക്കാൻ കഴിയില്ല.” അത്‌ എനിക്കു ശരിക്കും ഒരു രഹസ്യം​ത​ന്നെ​യാ​യി​രു​ന്നു. എങ്കിലും 14-ാമത്തെ വയസ്സിൽ അടുത്തുള്ള ഒരു അരുവി​യിൽ ഞാൻ സ്‌നാ​ന​പ്പെട്ടു. മൂന്നു പ്രാവ​ശ്യം ഞാൻ മുങ്ങി, പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും പേരിൽ ഓരോ പ്രാവ​ശ്യം.

1952—17-ാമത്തെ വയസ്സിൽ സൈന്യ​ത്തി​ലെടുക്കുന്നതി​നു മുമ്പ്‌

ഹൈസ്‌കൂ​ളിൽ പഠിച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ എനിക്കു ഗുസ്‌തി​ക്കാ​ര​നായ ഒരു കൂട്ടു​കാ​രൻ ഉണ്ടായി​രു​ന്നു. അവന്റെ പ്രേരണ കാരണം ഞാൻ ബോക്‌സിങ്‌ പരിശീ​ലനം തുടങ്ങി. ഗോൾഡൺ ഗ്ലൗസ്‌ എന്ന ഒരു ബോക്‌സിങ്‌ സംഘട​ന​യിൽ ഞാൻ അംഗമാ​യി. എനിക്ക്‌ വഴങ്ങാത്ത കാര്യ​മാണ്‌ അതെന്നു വൈകാ​തെ മനസ്സി​ലാ​യി. അതു​കൊണ്ട്‌ കുറച്ച്‌ മത്സരങ്ങൾ കഴിഞ്ഞ​പ്പോൾ ഞാൻ ബോക്‌സി​ങ്ങി​നോ​ടു വിട പറഞ്ഞു. പിന്നീട്‌ എന്നെ സൈന്യ​ത്തി​ലെ​ടു​ത്തു, എന്നെ ജർമനി​യി​ലേക്ക്‌ അയച്ചു. എനിക്കു നല്ല നേതൃ​പാ​ട​വ​മു​ണ്ടെന്നു വിചാ​രിച്ച്‌ അവിടത്തെ ഉദ്യോ​ഗസ്ഥർ എന്നെ സൈനിക അക്കാദ​മി​യിൽ ചേർത്തു. ഞാൻ സൈനി​ക​സേ​വനം തൊഴി​ലാ​ക്ക​ണ​മെ​ന്നാണ്‌ അവർ ആഗ്രഹി​ച്ചത്‌. എന്നാൽ എനിക്കു സൈന്യ​ത്തിൽ തുടരാൻ യാതൊ​രു താത്‌പ​ര്യ​വും ഇല്ലായി​രു​ന്നു. അതു​കൊണ്ട്‌ രണ്ടു വർഷത്തെ സൈനി​ക​സേ​വ​ന​ത്തി​നു ശേഷം 1956-ൽ ഞാൻ വിരമി​ച്ചു. പക്ഷേ അധികം വൈകി​യില്ല, ഞാൻ മറ്റൊരു സൈന്യ​ത്തിൽ ചേർന്നു, തികച്ചും വ്യത്യ​സ്‌ത​മായ ഒരു സൈന്യ​ത്തിൽ.

1954-1956—രണ്ടു വർഷം അമേരി​ക്കൻ സൈന്യ​ത്തിൽ സേവന​മ​നു​ഷ്‌ഠി​ച്ചു

ഒരു പുതിയ ജീവിതം തുടങ്ങു​ന്നു

ജീവി​ത​ത്തിൽ ഈ ഘട്ടംവരെ ഒരു യഥാർഥ​പു​രു​ഷൻ എങ്ങനെ​യാ​യി​രി​ക്ക​ണ​മെ​ന്ന​തി​നെക്കു​റിച്ച്‌ എനിക്ക്‌ ഒരു തെറ്റായ ധാരണ​യാണ്‌ ഉണ്ടായി​രു​ന്നത്‌. സിനി​മ​ക​ളും സാമൂ​ഹിക ചുറ്റു​പാ​ടു​ക​ളും എന്നെ ഈ വിഷയ​ത്തിൽ വളരെ​യ​ധി​കം സ്വാധീ​നി​ച്ചു. സുവി​ശേ​ഷ​കർക്കു വേണ്ടത്ര പുരു​ഷ​ത്വം ഇല്ലെന്നാ​യി​രു​ന്നു എന്റെ ചിന്ത. എന്നാൽ എന്റെ ജീവിതം മാറ്റി​മ​റിച്ച ചില കാര്യങ്ങൾ ഞാൻ പഠിക്കാൻതു​ടങ്ങി. ഒരു ദിവസം ഞാൻ പട്ടണത്തി​ലൂ​ടെ എന്റെ ചുവന്ന കാറോ​ടിച്ച്‌ പോകു​മ്പോൾ രണ്ടു പെൺകു​ട്ടി​കൾ എന്നെ കൈവീ​ശി​ക്കാ​ണി​ച്ചു. എന്റെ മൂത്ത ചേച്ചി​യു​ടെ ഭർത്താ​വി​ന്റെ അനിയ​ത്തി​മാ​രാ​യി​രു​ന്നു അവർ. രണ്ടു പേരും യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​രു​ന്നു. മുമ്പ്‌ ഞാൻ അവരുടെ കൈയിൽനിന്ന്‌ വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​കകൾ മേടി​ച്ചി​ട്ടുണ്ട്‌. വീക്ഷാ​ഗോ​പു​രം അൽപ്പം കടുപ്പ​മാ​യി​ട്ടാണ്‌ എനിക്കു തോന്നി​യത്‌. ഇത്തവണ അവർ എന്നെ അവരുടെ വീട്ടിൽവെച്ച്‌ നടക്കുന്ന സഭാപു​സ്‌ത​കാ​ധ്യ​യ​ന​ത്തി​നു വിളിച്ചു. ബൈബിൾപ​ഠ​ന​ത്തി​നും ചർച്ചയ്‌ക്കും ഉള്ള ഒരു ചെറിയ മീറ്റി​ങ്ങാ​യി​രു​ന്നു അത്‌. ആലോ​ചി​ക്കാ​മെന്നു ഞാൻ പറഞ്ഞു. പുഞ്ചി​രി​ച്ചു​കൊണ്ട്‌ അവർ ചോദി​ച്ചു, “വാക്കു തരാമോ?” “ഓകെ,” ഞാൻ പറഞ്ഞു.

വാക്കു കൊടു​ക്കേ​ണ്ടാ​യി​രു​ന്നെന്ന്‌ എനിക്കു പിന്നെ തോന്നി. എന്നാലും പറഞ്ഞതല്ലേ എന്നു വിചാ​രിച്ച്‌ അന്നു വൈകു​ന്നേരം ഞാൻ പോയി. അവിടത്തെ കുട്ടി​ക​ളാണ്‌ എന്നെ ഏറ്റവും അധികം അത്ഭുത​പ്പെ​ടു​ത്തി​യത്‌. അവർക്കു ബൈബി​ളി​നെ​ക്കു​റിച്ച്‌ എന്തു മാത്രം അറിവു​ണ്ടാ​യി​രു​ന്നെ​ന്നോ! ഈ കണ്ട കാല​മെ​ല്ലാം ഞായറാ​ഴ്‌ച​ക​ളിൽ അമ്മയു​ടെ​കൂ​ടെ പള്ളിയിൽ പോയി​ട്ടും എനിക്ക്‌ ബൈബി​ളി​നെ​ക്കു​റിച്ച്‌ ഒന്നും​തന്നെ അറിയി​ല്ലാ​യി​രു​ന്നു. പഠിക്കാൻതന്നെ ഞാൻ തീരു​മാ​നി​ച്ചു. ഒരു ബൈബിൾപ​ഠ​ന​ത്തി​നു ഞാൻ സമ്മതിച്ചു. സർവശ​ക്ത​നായ ദൈവ​ത്തി​ന്റെ വ്യക്തി​പ​ര​മായ പേര്‌ യഹോവ എന്നാ​ണെന്നു ഞാൻ ആദ്യം​തന്നെ മനസ്സി​ലാ​ക്കി. വർഷങ്ങൾക്കു മുമ്പ്‌ അമ്മയോട്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ ചോദി​ച്ച​പ്പോൾ അമ്മയുടെ മറുപടി ഇതായി​രു​ന്നു: “ഓ, അവരോ? യഹോവ എന്നു പേരുള്ള ഏതോ വയസ്സ​നെ​യാണ്‌ അവർ ആരാധി​ക്കു​ന്നത്‌.” എന്നാൽ യഹോവ യഥാർഥ​ത്തിൽ ആരാ​ണെന്ന്‌ എനിക്ക്‌ ഇപ്പോൾ മനസ്സി​ലാ​യി.

സത്യം കണ്ടെത്തി​യെന്നു മനസ്സി​ലാ​യ​പ്പോൾ ഞാൻ പെട്ടെന്നു പുരോ​ഗതി വരുത്തി. ആദ്യത്തെ മീറ്റിങ്ങ്‌ കൂടി ഒൻപതു മാസത്തി​നകം 1957 മാർച്ചിൽ ഞാൻ സ്‌നാ​ന​പ്പെട്ടു. ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള എന്റെ കാഴ്‌ച​പ്പാട്‌ ആകെ മാറി. പുരു​ഷ​ത്വ​ത്തെ​പ്പ​റ്റി​യുള്ള എന്റെ പഴയ ധാരണ​ക​ളു​ടെ സ്ഥാനത്ത്‌ ഒരു യഥാർഥ​പു​രു​ഷൻ എങ്ങനെ​യാ​യി​രി​ക്കു​മെന്നു ബൈബിൾ പറയു​ന്നതു ഞാൻ മനസ്സി​ലാ​ക്കി. അത്‌ എന്നെ സന്തോ​ഷി​പ്പി​ച്ചു. യേശു ഒരു പൂർണ​ത​യുള്ള പുരു​ഷ​നാ​യി​രു​ന്നു. മറ്റ്‌ ഏതു പുരു​ഷ​നെ​ക്കാ​ളും ശക്തിയും കായി​ക​ബ​ല​വും യേശു​വി​നു​ണ്ടാ​യി​രു​ന്നു. എങ്കിലും യേശു ആരോ​ടും വഴക്കി​നും അടിപി​ടി​ക്കും ഒന്നും പോയില്ല. പകരം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ “അവൻ പീഡനം ഏറ്റുവാ​ങ്ങി.” (യശ. 53:2, 7) യേശു​വി​ന്റെ ഒരു യഥാർഥ അനുഗാ​മി ‘എല്ലാവ​രോ​ടും ശാന്തമാ​യി ഇടപെ​ടു​ന്ന​വ​നാ​യി​രി​ക്കണം’ എന്നു ഞാൻ പഠിച്ചു.—2 തിമൊ. 2:24.

തൊട്ട​ടു​ത്ത വർഷം, അതായത്‌ 1958-ൽ, ഞാൻ മുൻനി​ര​സേ​വനം ആരംഭി​ച്ചു. പക്ഷേ എനിക്ക്‌ അൽപ്പകാ​ല​ത്തേക്ക്‌ അതു നിറു​ത്തേ​ണ്ടി​വന്നു. എന്തു​കൊണ്ട്‌? കാരണം, ഞാൻ വിവാഹം കഴിക്കാൻ തീരു​മാ​നി​ച്ചു. എന്നെ പുസ്‌ത​കാ​ധ്യ​യ​ന​ത്തി​നു ക്ഷണിച്ച ആ രണ്ടു യുവതി​ക​ളി​ല്ലേ, അതിൽ ഒരാളായ ഗ്ലോറിയ ആയിരു​ന്നു വധു. ആ തീരു​മാ​ന​ത്തിൽ എനിക്ക്‌ ഒരു ഖേദവും തോന്നി​യി​ട്ടില്ല. ഗ്ലോറിയ അന്നും ഇന്നും ഒളിമ​ങ്ങാത്ത രത്‌നം​പോ​ലെ​യാണ്‌. ഏറ്റവും വിലയുള്ള വജ്ര​ത്തെ​ക്കാ​ളും വിലയു​ള്ള​വ​ളാണ്‌ അവൾ. അവളെ ഭാര്യ​യാ​യി കിട്ടി​യ​തിൽ എനിക്ക്‌ അതിയായ സന്തോ​ഷ​മുണ്ട്‌. അവളെ​ക്കു​റിച്ച്‌ ചിലത്‌ അവൾത്തന്നെ പറയും:

“17 മക്കളിൽ ഒരാളാ​യി​രു​ന്നു ഞാൻ. എന്റെ മമ്മി വിശ്വ​സ്‌ത​യായ ഒരു സാക്ഷി​യാ​യി​രു​ന്നു. എനിക്ക്‌ 14 വയസ്സു​ള്ള​പ്പോൾ മമ്മി മരിച്ചു. ആ സമയത്താ​ണു ഡാഡി ബൈബിൾ പഠിക്കാൻ തുടങ്ങി​യത്‌. മമ്മിയി​ല്ലാ​ത്ത​തു​കൊണ്ട്‌ വീട്ടു​കാ​ര്യ​ങ്ങൾ നോക്കി​ന​ട​ത്തു​ന്ന​തി​നു ഡാഡി സ്‌കൂ​ളി​ലെ പ്രിൻസി​പ്പ​ലു​മാ​യി സംസാ​രിച്ച്‌ ഒരു ക്രമീ​ക​രണം ചെയ്‌തു. ഞാനും ഹൈസ്‌കൂ​ളി​ലാ​യി​രുന്ന എന്റെ മൂത്ത ചേച്ചി​യും ഒന്നിട​വിട്ട ദിവസ​ങ്ങ​ളിൽ സ്‌കൂ​ളിൽ പോകാ​നാ​യി​രു​ന്നു അത്‌. അങ്ങനെ ഒരാൾക്കു വീട്ടിൽ ഇരുന്ന്‌ കുട്ടി​ക​ളു​ടെ കാര്യങ്ങൾ നോക്കാ​നും ഡാഡി ജോലി കഴിഞ്ഞ്‌ വരു​മ്പോ​ഴേ​ക്കും അത്താഴം തയ്യാറാ​ക്കാ​നും കഴിയു​മാ​യി​രു​ന്നു. പ്രിൻസി​പ്പൽ സമ്മതിച്ചു. ചേച്ചി ഹൈസ്‌കൂൾ വിദ്യാ​ഭ്യാ​സം പൂർത്തി​യാ​ക്കു​ന്ന​തു​വരെ കാര്യങ്ങൾ ഇങ്ങനെ പോയി. രണ്ടു സാക്ഷി​ക്കു​ടും​ബങ്ങൾ ഞങ്ങളെ ബൈബിൾ പഠിപ്പി​ച്ചു, ഞങ്ങളിൽ 11 മക്കൾ സ്‌നാ​ന​പ്പെട്ടു. വയൽസേ​വനം എനിക്കു വളരെ ഇഷ്ടമാ​യി​രു​ന്നു, പക്ഷേ ലജ്ജ എപ്പോ​ഴും ഒരു പ്രശ്‌ന​മാ​യി​രു​ന്നു. സാം എന്നെ ഇക്കാര്യ​ത്തിൽ വളരെ​യ​ധി​കം സഹായി​ച്ചു.”

ഗ്ലോറി​യ​യും ഞാനും 1959 ഫെബ്രു​വ​രി​യിൽ വിവാ​ഹി​ത​രാ​യി. ഒരുമി​ച്ചുള്ള മുൻനി​ര​സേ​വനം ഞങ്ങൾ വളരെ​യ​ധി​കം ആസ്വദി​ച്ചു. ആ വർഷം ജൂ​ലൈ​യിൽ ഞങ്ങൾ ബഥേൽസേ​വ​ന​ത്തിന്‌ അപേക്ഷ കൊടു​ത്തു. ലോകാ​സ്ഥാ​നത്ത്‌ സേവി​ക്കുക എന്നതാ​യി​രു​ന്നു ഞങ്ങളുടെ ആഗ്രഹം. സൈമൺ ക്രാക്കർ എന്നു പേരുള്ള ഒരു സഹോ​ദരൻ ഞങ്ങളെ അഭിമു​ഖം നടത്തി. ആ സമയത്ത്‌ ബഥേലി​ലേക്കു ദമ്പതി​കളെ ക്ഷണിക്കു​ന്നി​ല്ലെന്ന്‌ അദ്ദേഹം ഞങ്ങളോ​ടു പറഞ്ഞു. എങ്കിലും ബഥേലിൽ സേവി​ക്കാ​നുള്ള ആഗ്രഹം ഞങ്ങൾക്ക്‌ ഒരിക്ക​ലും നഷ്ടമാ​യില്ല. പക്ഷേ അതിനു​വേണ്ടി ഞങ്ങൾക്കു കുറെ​ക്കാ​ലം കാത്തി​രി​ക്കേ​ണ്ടി​വന്നു.

ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ക്കാൻ ആഗ്രഹ​മു​ണ്ടെന്ന്‌ അറിയി​ച്ചു​കൊണ്ട്‌ ഞങ്ങൾ ലോകാ​സ്ഥാ​ന​ത്തേക്ക്‌ എഴുതി. ഞങ്ങൾക്കു മറുപടി കിട്ടി. തിര​ഞ്ഞെ​ടു​ക്കാ​നാ​യി പല സ്ഥലങ്ങൾ തന്നില്ല, ഒരു സ്ഥലം മാത്രം, അർക്കൻസാ​സി​ലെ പൈൻ ബ്ലഫ്‌. അക്കാലത്ത്‌ പൈൻ ബ്ലഫിൽ രണ്ടു സഭകളു​ണ്ടാ​യി​രു​ന്നു, വെളുത്ത വർഗക്കാർ കൂടി​വ​ന്നി​രുന്ന ഒരു സഭയും, കറുത്ത വർഗക്കാർ കൂടി​വ​ന്നി​രുന്ന മറ്റൊരു സഭയും. ഞങ്ങളെ രണ്ടാമത്തെ സഭയി​ലേ​ക്കാണ്‌ അയച്ചത്‌. അവിടെ വെറും 14 പ്രചാ​ര​കരേ ഉണ്ടായി​രു​ന്നു​ള്ളൂ.

വേർതി​രി​വും വംശീ​യ​ത​യും നേരി​ട്ടു​കൊണ്ട്‌. . .

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകളിൽ എന്തു​കൊ​ണ്ടാ​ണു വംശീ​യ​വേർതി​രിവ്‌ ഉണ്ടായി​രു​ന്ന​തെന്നു നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടാ​യി​രി​ക്കും. അക്കാലത്ത്‌ അങ്ങനെ ചെയ്യാൻ സഹോ​ദ​രങ്ങൾ നിർബ​ന്ധി​ത​രാ​കു​ക​യാ​യി​രു​ന്നു എന്നതാണു ലളിത​മായ ഉത്തരം. വ്യത്യ​സ്‌ത​വം​ശ​ക്കാർ തമ്മിൽ ഇടപഴ​ക​രു​തെന്നു ചില സ്ഥലങ്ങളിൽ നിയമ​മു​ണ്ടാ​യി​രു​ന്നു. അങ്ങനെ ചെയ്‌താൽ ആക്രമി​ക്ക​പ്പെ​ടു​മെ​ന്നുള്ള ഭീഷണി​യും. ചില സ്ഥലങ്ങളിൽ രണ്ടു വംശത്തിൽപ്പെ​ട്ടവർ ഒന്നിച്ച്‌ ആരാധ​ന​യ്‌ക്കു കൂടി​വ​ന്നാൽ അവരുടെ രാജ്യ​ഹാൾ നശിപ്പി​ക്ക​പ്പെ​ടാ​നുള്ള സാധ്യ​ത​യു​ണ്ടാ​യി​രു​ന്നു, അങ്ങനെ സംഭവി​ച്ചി​ട്ടു​മുണ്ട്‌. കറുത്ത വർഗക്കാ​രായ സഹോ​ദ​രങ്ങൾ വെള്ളക്കാ​രു​ടെ പ്രദേ​ശ​ങ്ങ​ളിൽ വീടു​തോ​റു​മുള്ള പ്രവർത്ത​ന​ത്തിൽ ഏർപ്പെ​ട്ടാൽ അവരെ അറസ്റ്റ്‌ ചെയ്യു​മാ​യി​രു​ന്നു. ചില​പ്പോൾ മർദന​വും ഏൽക്കേ​ണ്ടി​വ​രും. അതു​കൊണ്ട്‌ പ്രസം​ഗ​പ്ര​വർത്തനം നന്നായി മുന്നോട്ട്‌ കൊണ്ടു​പോ​കു​ന്ന​തി​നു ഞങ്ങൾ ഈ നിയമങ്ങൾ അനുസ​രി​ച്ചു, ഭാവി​യിൽ കാര്യങ്ങൾ മെച്ച​പ്പെ​ടു​മെന്ന പ്രതീ​ക്ഷ​യോ​ടെ.

ശുശ്രൂ​ഷ​യിൽ ഞങ്ങൾ പല വെല്ലു​വി​ളി​ക​ളും നേരിട്ടു. ചില​പ്പോൾ കറുത്ത വർഗക്കാർ താമസി​ച്ചി​രുന്ന പ്രദേ​ശത്ത്‌ സാക്ഷീ​ക​രി​ക്കു​മ്പോൾ ഞങ്ങൾ അറിയാ​തെ വെള്ളക്കാ​രു​ടെ വീട്ടിൽ കയറും. ആ സമയത്ത്‌ ചുരു​ക്ക​മാ​യി അവതരണം നടത്തണോ അതോ ക്ഷമാപണം നടത്തി അവി​ടെ​നിന്ന്‌ പോര​ണോ എന്നു ഞങ്ങൾ പെട്ടെന്നു തീരു​മാ​നി​ക്ക​ണ​മാ​യി​രു​ന്നു. അതൊരു കാലം! 

മുൻനി​ര​സേ​വ​നം ചെയ്യു​ന്ന​തോ​ടൊ​പ്പം ജീവി​ക്കാ​നുള്ള വക കണ്ടെത്തു​ന്ന​തി​നു ഞങ്ങൾ കഠിന​മാ​യി ജോലി ചെയ്യു​ക​യും വേണമാ​യി​രു​ന്നു. ഞങ്ങളുടെ മിക്ക ജോലി​കൾക്കും ദിവസം മൂന്നു ഡോള​റാ​യി​രു​ന്നു കൂലി. ഗ്ലോറിയ വീടുകൾ വൃത്തി​യാ​ക്കുന്ന ജോലി ചെയ്‌തു. ഒരു വീട്ടിൽ ഞാനും അവളെ സഹായി​ച്ചി​രു​ന്നു. അങ്ങനെ പകുതി സമയം​കൊണ്ട്‌ അവൾക്കു പണി തീർക്കാൻ കഴിഞ്ഞു. അവി​ടെ​നിന്ന്‌ ഞങ്ങൾക്ക്‌ ഉച്ചയ്‌ക്കത്തെ ഭക്ഷണം കിട്ടി​യി​രു​ന്നു. ജോലി കഴിഞ്ഞ്‌ പോരു​ന്ന​തി​നു മുമ്പ്‌ ഞാനും ഗ്ലോറി​യ​യും കൂടെ അതു കഴിക്കും. മറ്റൊരു വീട്ടിൽ ഗ്ലോറിയ എല്ലാ ആഴ്‌ച​യും തുണി തേക്കാൻ പോകു​മാ​യി​രു​ന്നു. ഞാൻ പൂന്തോ​ട്ടം വൃത്തി​യാ​ക്കും, ജനലുകൾ കഴുകും, മറ്റ്‌ അല്ലറചി​ല്ലറ പണികൾ ചെയ്യും. ഒരു വെള്ളക്കാ​രന്റെ വീട്ടിൽ ഞങ്ങൾ ജനലുകൾ വൃത്തി​യാ​ക്കാൻ പോയി​രു​ന്നു. ഗ്ലോറിയ ജനലിന്റെ അകം വൃത്തി​യാ​ക്കും, ഞാൻ പുറവും. ഒരു ദിവസത്തെ പണിയാ​യി​രു​ന്നു അത്‌. അതു​കൊണ്ട്‌ അവി​ടെ​നിന്ന്‌ ഞങ്ങൾക്കു ഭക്ഷണം കിട്ടി​യി​രു​ന്നു. ഗ്ലോറിയ വീടിന്‌ അകത്ത്‌ ഇരുന്ന്‌ ഭക്ഷണം കഴിക്കും, പക്ഷേ വീട്ടു​കാ​രു​ടെ​കൂ​ടെ ഇരിക്കാൻ അനുവാ​ദ​മി​ല്ലാ​യി​രു​ന്നു. ഞാൻ കാർ ഷെഡിൽ ഇരുന്ന്‌ ഭക്ഷണം കഴിക്കും. അതൊ​ന്നും ഒരു പ്രശ്‌ന​മ​ല്ലാ​യി​രു​ന്നു. കാരണം നല്ല ഭക്ഷണമാ​യി​രു​ന്നു. ആ വീട്ടു​കാ​രും നല്ലവരാ​യി​രു​ന്നു. ചുറ്റു​മു​ള്ള​വ​രു​ടെ സമ്മർദം കാരണം അവർ അങ്ങനെ​യാ​യി​പ്പോ​യ​താണ്‌. ഒരു ദിവസം ഞങ്ങൾ പെ​ട്രോൾ അടിക്കാ​നാ​യി പമ്പിൽ കയറി. പെ​ട്രോൾ അടിച്ചു​ക​ഴിഞ്ഞ്‌ ഞാൻ അവിടത്തെ ജോലി​ക്കാ​ര​നോ​ടു ഗ്ലോറിയ ടോയ്‌ലെറ്റ്‌ ഉപയോ​ഗി​ച്ചോ​ട്ടേ എന്നു ചോദി​ച്ചു. അയാൾ എന്നെ രൂക്ഷമാ​യി ഒന്നു നോക്കി​യിട്ട്‌ പറഞ്ഞു: “അതു പൂട്ടി​യി​ട്ടി​രി​ക്കു​ക​യാണ്‌.”

മനസ്സിൽ തങ്ങിനിൽക്കുന്ന ദയാ​പ്ര​വൃ​ത്തി​കൾ

അതേസ​മയം സഹോ​ദ​ര​ങ്ങ​ളു​മാ​യുള്ള സഹവാ​സ​വും ശുശ്രൂ​ഷ​യും ഞങ്ങൾ വളരെ​യ​ധി​കം ആസ്വദി​ച്ചു. ഞങ്ങൾ പൈൻ ബ്ലഫിൽ എത്തിയ​പ്പോൾ അന്ന്‌ ആ സഭയുടെ സഭാദാ​സ​നാ​യി സേവി​ച്ചി​രുന്ന സഹോ​ദ​ര​നോ​ടൊ​പ്പ​മാ​ണു താമസി​ച്ചത്‌. അദ്ദേഹ​ത്തി​ന്റെ ഭാര്യ അപ്പോൾ സാക്ഷി​യ​ല്ലാ​യി​രു​ന്നു. ഗ്ലോറിയ ആ സ്‌ത്രീ​യു​ടെ​കൂ​ടെ ബൈബിൾപ​ഠനം തുടങ്ങി. ഞാൻ അവരുടെ മകളെ​യും മകളുടെ ഭർത്താ​വി​നെ​യും ബൈബിൾ പഠിപ്പി​ക്കാൻ തുടങ്ങി. അമ്മയും മകളും യഹോവയെ സേവിക്കാൻ തീരു​മാ​നി​ക്കു​ക​യും സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്‌തു.

ഞങ്ങളുടെ ഉറ്റ സുഹൃ​ത്തു​ക്ക​ളിൽ വെള്ളക്കാ​രായ സഹോ​ദ​ര​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. അവർ ഇടയ്‌ക്കി​ടെ ഞങ്ങളെ അത്താഴ​ത്തി​നു വിളി​ച്ചി​രു​ന്നു. പക്ഷേ അതു രാത്രി​യിൽ വളരെ രഹസ്യ​മാ​യി​ട്ടാ​യി​രു​ന്നു. വംശീ​യ​ത​യ്‌ക്കും അക്രമ​ത്തി​നും ചുക്കാൻപി​ടി​ച്ചി​രുന്ന കു ക്ലക്‌സ്‌ ക്ലാൻ എന്ന സംഘടന ആ സമയത്ത്‌ സജീവ​മാ​യി​രു​ന്നു. ഒരു രാത്രി അതിലെ അംഗങ്ങൾ ധരിക്കു​ന്ന​തു​പോ​ലുള്ള വേഷം ധരിച്ച്‌ ഒരാൾ അയാളു​ടെ വീടിന്റെ മുൻവ​ശത്ത്‌ ഇരിക്കു​ന്നതു ഞാൻ ഇന്നും ഓർക്കു​ന്നു. പക്ഷേ ഇങ്ങനെ​യുള്ള സംഭവ​ങ്ങ​ളൊ​ന്നും ദയ കാണി​ക്കു​ന്ന​തിൽനിന്ന്‌ സഹോ​ദ​ര​ങ്ങളെ തടഞ്ഞില്ല. ഒരു വേനൽക്കാ​ലത്ത്‌ കൺ​വെൻ​ഷനു പോകാൻ ഞങ്ങളുടെ കയ്യിൽ പണമി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ ഞങ്ങളുടെ കാർ ഒരു സഹോ​ദ​രനു വിറ്റു. ഒരു മാസം കഴിഞ്ഞ്‌ ഒരു ദിവസം ഞങ്ങൾ പൊരി​വെ​യി​ലത്ത്‌ നടന്ന്‌ വയൽസേ​വ​ന​വും ബൈബിൾപ​ഠ​ന​വും എല്ലാം കഴിഞ്ഞ്‌ ക്ഷീണിച്ച്‌ വന്നപ്പോൾ വീടിനു മുറ്റത്ത്‌, അതാ ഞങ്ങളുടെ കാർ! വണ്ടിയുടെ മുമ്പിലെ ഗ്ലാസിൽ ഒരു ചെറിയ കുറി​പ്പും: “ഇതാ നിങ്ങളു​ടെ കാർ തിരി​ച്ചു​ത​രു​ന്നു. ഇത്‌ എന്റെ ഒരു സമ്മാന​മാണ്‌. നിങ്ങളു​ടെ സഹോ​ദരൻ.”

എന്റെ മനസ്സിൽ ഇപ്പോ​ഴും തങ്ങിനിൽക്കുന്ന മറ്റൊരു സംഭവം ഉണ്ടായി. 1962-ൽ ന്യൂ​യോർക്കി​ലെ സൗത്ത്‌ ലാൻസി​ങ്ങിൽവെച്ച്‌ നടക്കാ​നി​രുന്ന രാജ്യ​ശു​ശ്രൂ​ഷാ​സ്‌കൂ​ളിൽ പങ്കെടു​ക്കാൻ എനിക്കു ക്ഷണം കിട്ടി. സഭകളു​ടെ​യും സർക്കി​ട്ടു​ക​ളു​ടെ​യും ഡിസ്‌ട്രി​റ്റു​ക​ളു​ടെ​യും മേൽനോ​ട്ടം വഹിക്കു​ന്ന​വർക്കുള്ള ഒരു മാസത്തെ കോഴ്‌സാ​യി​രു​ന്നു അത്‌. ക്ഷണം കിട്ടിയ സമയത്ത്‌ എനിക്കു ജോലി​യി​ല്ലാ​യി​രു​ന്നു, ആകെ കഷ്ടപ്പാ​ടി​ലാ​യി​രു​ന്നു. എന്നാൽ പൈൻ ബ്ലഫിലുള്ള ഒരു ടെലി​ഫോൺ കമ്പനി​യു​ടെ ജോലി​ക്കാ​യുള്ള ഇന്റർവ്യൂ​വി​നു ഞാൻ പങ്കെടു​ത്തി​രു​ന്നു. ജോലി കിട്ടി​യി​രു​ന്നെ​ങ്കിൽ ആ കമ്പനി​ക്കു​വേണ്ടി ജോലി ചെയ്യുന്ന കറുത്ത​വർഗ​ക്കാ​ര​നായ ആദ്യത്തെ വ്യക്തി ഞാനാ​കു​മാ​യി​രു​ന്നു. എനിക്കു ജോലി തരാ​മെന്നു പറയു​ക​യും ചെയ്‌തു. എന്തു ചെയ്യണ​മെന്ന്‌ എനിക്ക്‌ അറിയില്ല. ഏതായാ​ലും ന്യൂ​യോർക്കി​ലേക്കു പോകാ​നുള്ള പണമില്ല. അതു​കൊണ്ട്‌ ജോലി സ്വീക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും രാജ്യ​ശു​ശ്രൂ​ഷാ​സ്‌കൂ​ളി​ലേ​ക്കുള്ള ക്ഷണം വേണ്ടെന്നു വെക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ഞാൻ ചിന്തി​ക്കാൻ തുടങ്ങി. ക്ഷണം നിരസി​ച്ചു​കൊ​ണ്ടുള്ള കത്തു ബഥേലിന്‌ എഴുതാൻ തീരു​മാ​നി​ച്ചു. അപ്പോ​ഴാണ്‌ ഒരു സംഭവം ഉണ്ടായത്‌. അതു ഞാൻ ഒരിക്ക​ലും മറക്കില്ല.

ഞങ്ങളുടെ സഭയിലെ ഒരു സഹോ​ദരി ഒരു ദിവസം അതിരാ​വി​ലെ ഞങ്ങളുടെ കതകിൽ മുട്ടി​യിട്ട്‌ എന്റെ നേരെ ഒരു കവർ നീട്ടി. അതു നിറച്ചും പണമാ​യി​രു​ന്നു. സഹോ​ദ​രി​യു​ടെ ഭർത്താവ്‌ സാക്ഷി​യ​ല്ലാ​യി​രു​ന്നു. എനിക്കു ന്യൂ​യോർക്കി​ലേക്കു പോകാ​നുള്ള പണമി​ല്ലെന്ന്‌ അറിഞ്ഞ്‌ ആ സഹോ​ദ​രി​യും സഹോ​ദ​രി​യു​ടെ ചില മക്കളും കുറച്ച്‌ ദിവസ​മാ​യി അതിരാ​വി​ലെ എഴു​ന്നേറ്റ്‌ വയലിൽ പണിക്കു പോകു​ന്നു​ണ്ടാ​യി​രു​ന്നു. പരുത്തി​ച്ചെ​ടി​കൾക്കി​ട​യി​ലെ കള പറിക്കുന്ന ജോലി ചെയ്‌ത്‌ അവർ എനിക്കു​വേണ്ട പണമു​ണ്ടാ​ക്കി. സഹോ​ദരി പറഞ്ഞു: “സ്‌കൂ​ളിൽ പോയി പഠിക്കാൻ കഴിയു​ന്നത്ര പഠിക്കണം. എന്നിട്ട്‌ വന്ന്‌ ഞങ്ങളെ പഠിപ്പി​ക്കണം.” പിന്നീടു ഞാൻ ടെലി​ഫോൺക​മ്പ​നി​യി​ലേക്കു വിളിച്ച്‌ അഞ്ചാഴ്‌ച കഴിഞ്ഞ്‌ ജോലി​ക്കു കയറി​യാൽ മതിയോ എന്നു ചോദി​ച്ചു. “പറ്റില്ല” എന്നായി​രു​ന്നു അവരുടെ ഉറച്ച മറുപടി. പക്ഷേ അതു ഞാൻ കാര്യ​മാ​ക്കി​യില്ല. രാജ്യ​ശു​ശ്രൂ​ഷാ​സ്‌കൂ​ളിൽ പോകാൻതന്നെ ഞാൻ തീരു​മാ​നി​ച്ചി​രു​ന്നു. ആ ജോലി ഏറ്റെടു​ക്കാ​തി​രു​ന്നത്‌ എത്ര നന്നായി!

പൈൻ ബ്ലഫിലെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ ഗ്ലോറിയ ഓർക്കു​ന്നു: “എനിക്ക്‌ ആ പ്രദേശം വളരെ ഇഷ്ടമാ​യി​രു​ന്നു. എനിക്ക്‌ 15 മുതൽ 20 വരെ ബൈബിൾപ​ഠ​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. രാവിലെ ഞങ്ങൾ വീടു​തോ​റും പോകും. ബാക്കി സമയം ബൈബിൾപ​ഠ​നങ്ങൾ നടത്തും. ചില​പ്പോൾ അതു രാത്രി 11 മണിവരെ നീളും. ശുശ്രൂഷ എത്ര രസമാ​യി​രു​ന്നെ​ന്നോ! മുൻനി​ര​സേ​വ​ന​ത്തിൽത്തന്നെ തുടരാ​നാ​യി​രു​ന്നു എനിക്ക്‌ ഇഷ്ടം. സത്യത്തിൽ സർക്കിട്ട്‌ വേലയ്‌ക്കു പോകാൻ ഞാൻ ആഗ്രഹി​ച്ചില്ല. പക്ഷേ യഹോ​വ​യു​ടെ ആഗ്രഹം മറ്റൊ​ന്നാ​യി​രു​ന്നു.”

സഞ്ചാര​വേല

പൈൻ ബ്ലഫിൽ മുൻനി​ര​സേ​വനം ചെയ്‌തു​കൊ​ണ്ടി​രുന്ന കാലത്ത്‌ ഞങ്ങൾ പ്രത്യേക മുൻനി​ര​സേ​വ​ക​രാ​കാ​നുള്ള അപേക്ഷ കൊടു​ത്തു. ഞങ്ങൾക്ക്‌ ആ നിയമനം കിട്ടു​മെ​ന്നു​ത​ന്നെ​യാ​ണു വിചാ​രി​ച്ചത്‌. കാരണം ടെക്‌സ​സി​ലെ ഒരു സഭയ്‌ക്കു സഹായം ആവശ്യ​മാ​ണെന്നു ഡിസ്‌ട്രി​ക്‌റ്റ്‌മേൽവി​ചാ​രകൻ ഞങ്ങളോ​ടു പറഞ്ഞി​രു​ന്നു. ഞങ്ങൾ അവിടെ പ്രത്യേക മുൻനി​ര​സേ​വ​ക​രാ​യി സേവി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ ആഗ്രഹം. അതു ഞങ്ങൾക്കും ഇഷ്ടമാ​യി​രു​ന്നു. സൊ​സൈ​റ്റി​യിൽനി​ന്നുള്ള മറുപ​ടി​ക്കാ​യി ഞങ്ങൾ കുറേ നാൾ കാത്തി​രു​ന്നു. പക്ഷേ മറുപ​ടി​യൊ​ന്നും വന്നില്ല. ഒടുവിൽ കാത്തു​കാ​ത്തി​രുന്ന്‌ ഒരു കത്തു വന്നു, ഞങ്ങളെ സഞ്ചാര​വേ​ല​യ്‌ക്കു നിയമി​ച്ചു​കൊണ്ട്‌! 1965 ജനുവ​രി​യി​ലാ​യി​രു​ന്നു അത്‌. ഇപ്പോൾ ഐക്യ​നാ​ടു​ക​ളി​ലെ ബ്രാഞ്ച്‌ കമ്മിറ്റി ഏകോ​പ​ക​നാ​യി സേവി​ക്കുന്ന ലിയോൺ വീവർ സഹോ​ദ​ര​നും ആ സമയത്താ​ണു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യത്‌.

സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഓർത്ത​പ്പോൾ എനിക്കു ശരിക്കും പേടി തോന്നി. ഏകദേശം ഒരു വർഷം മുമ്പ്‌ ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവിചാരകനായ ജയിംസ്‌ എ. തോംസൺ സഹോ​ദരൻ എന്നോടു സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ യോഗ്യ​ത​ക​ളെ​ക്കു​റിച്ച്‌ സംസാ​രി​ച്ചി​രു​ന്നു. നല്ല സർക്കിട്ട്‌ മേൽവി​ചാ​ര​കനു വേണ്ട പ്രാപ്‌തി​ക​ളെ​ക്കു​റി​ച്ചും ഞാൻ പുരോ​ഗതി വരുത്തേണ്ട ചില വശങ്ങ​ളെ​ക്കു​റി​ച്ചും അദ്ദേഹം എനിക്കു പറഞ്ഞു​തന്നു. ശരിക്കും എനിക്കു വേണ്ട ഉപദേ​ശ​ങ്ങൾത​ന്നെ​യാണ്‌ അദ്ദേഹം തന്നതെന്നു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി കുറച്ച്‌ നാളു​കൾക്കകം ഞാൻ മനസ്സി​ലാ​ക്കി. ഞാൻ സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യ​പ്പോൾ ജയിംസ്‌ എ. തോംസൺ സഹോ​ദ​ര​നാ​യി​രു​ന്നു അന്നത്തെ ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​രകൻ. വിശ്വ​സ്‌ത​നായ ആ ആത്മീയ​വ്യ​ക്തി​യിൽനിന്ന്‌ ഞാൻ ധാരാളം കാര്യങ്ങൾ പഠിച്ചു.

വിശ്വസ്‌തരായ ആത്മീയ​വ്യ​ക്തികളിൽനിന്ന്‌ ലഭിച്ച സഹായം ഞാൻ നന്ദി​യോ​ടെ ഓർക്കു​ന്നു

അക്കാലത്ത്‌ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർക്കു വളരെ കുറച്ച്‌ പരിശീ​ല​നമേ ലഭിച്ചി​രു​ന്നു​ള്ളൂ. ഒരു സർക്കിട്ട്‌ മേൽവി​ചാ​രകൻ ഒരു സഭ സന്ദർശി​ച്ച​പ്പോൾ ആ ഒരാഴ്‌ച​ക്കാ​ലം അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ ഞാൻ കണ്ടുപ​ഠി​ച്ചു. അതുക​ഴിഞ്ഞ്‌ അടുത്ത ആഴ്‌ച ഞാൻ മറ്റൊരു സഭ സന്ദർശി​ച്ച​പ്പോൾ ഞാൻ ചെയ്യുന്ന കാര്യങ്ങൾ എങ്ങനെ​യു​ണ്ടെന്ന്‌ അറിയാൻ അദ്ദേഹം എന്നോ​ടൊ​പ്പം ചെലവ​ഴി​ച്ചു. അദ്ദേഹം എനിക്ക്‌ ആവശ്യ​മായ മാർഗ​നിർദേ​ശങ്ങൾ നൽകി. പിന്നീട്‌ ഞാൻതന്നെ കാര്യങ്ങൾ ചെയ്യണ​മാ​യി​രു​ന്നു. ഞാൻ ഗ്ലോറി​യ​യോ​ടു ഇങ്ങനെ പറഞ്ഞത്‌ ഇപ്പോ​ഴും ഓർക്കു​ന്നു: “അദ്ദേഹം പോയാൽ എന്തു ചെയ്യും?” കാലങ്ങൾ കഴിഞ്ഞ​പ്പോൾ എനിക്ക്‌ ഒരു പ്രധാ​ന​കാ​ര്യം മനസ്സി​ലാ​യി. നമ്മളെ സഹായി​ക്കാ​നാ​യി എപ്പോ​ഴും സഹോ​ദ​രങ്ങൾ കൂടെ​യു​ണ്ടാ​കും, നമ്മൾ അവരെ അനുവ​ദി​ച്ചാൽ മാത്രം മതി. അങ്ങനെ എന്നെ സഹായിച്ച ചില സഹോ​ദ​ര​ങ്ങ​ളാണ്‌ അപ്പോൾ ഒരു സഞ്ചാര​മേൽവി​ചാ​ര​ക​നാ​യി​രുന്ന ജെ. ആർ. ബ്രൗൺ സഹോ​ദ​ര​നും ബഥേലം​ഗ​മാ​യി​രുന്ന ഫ്രഡ്‌ റസ്‌ക്‌ സഹോ​ദ​ര​നും. ആ സഹോ​ദ​ര​ങ്ങളെ ഞാൻ ഇന്നും നന്ദി​യോ​ടെ ഓർക്കു​ന്നു.

വംശീ​യ​ചി​ന്താ​ഗതി ശക്തമാ​യി​രുന്ന കാലമാ​യി​രു​ന്നു അത്‌. ഒരു ദിവസം ഞങ്ങൾ ടെന്നസീ​യിൽ സന്ദർശനം നടത്തുന്ന സമയത്ത്‌ അവിടെ കു ക്ലക്‌സ്‌ ക്ലാൻ ഒരു മാർച്ച്‌ നടത്തി. മറ്റൊരു തവണ വയൽസേ​വ​ന​ത്തി​നി​ടെ ഒരു ഹോട്ട​ലിൽ കയറി​യ​പ്പോൾ ഞാൻ അവിടത്തെ ബാത്ത്‌റൂ​മിൽ പോയി. അപ്പോൾ വെള്ളക്കാ​ര​നായ ഒരാൾ എന്റെ പുറകേ വന്നു. കടുത്ത വംശീ​യ​ചി​ന്താ​ഗ​തി​ക്കാർ പച്ച കുത്തി​യി​രു​ന്ന​തു​പോ​ലെ അയാളു​ടെ ദേഹത്തും പച്ച കുത്തി​യി​രു​ന്നു. ആ സമയത്തു​തന്നെ വെള്ളക്കാ​ര​നായ ഒരു സഹോ​ദരൻ ഞങ്ങളുടെ പുറകേ വന്നു. എന്നെക്കാ​ളും എന്റെ പുറകേ വന്ന വെള്ളക്കാ​ര​നെ​ക്കാ​ളും ഒക്കെ ഒത്ത ശരീര​മുള്ള ആളായി​രു​ന്നു ആ സഹോ​ദരൻ. അദ്ദേഹം എന്നോടു ചോദി​ച്ചു: “എന്തെങ്കി​ലും പ്രശ്‌ന​മു​ണ്ടോ, ഹെർഡ്‌ സഹോ​ദരാ?” മറ്റെയാൾ ബാത്ത്‌റൂ​മിൽ കയറാൻ നിൽക്കാ​തെ സ്ഥലം കാലി​യാ​ക്കി. കഴിഞ്ഞു​പോയ വർഷങ്ങ​ളിൽ എനിക്കു മനസ്സി​ലായ ഒരു കാര്യ​മുണ്ട്‌: വംശീ​യ​ചി​ന്താ​ഗ​തി​ക്കു കാരണം ഒരു വ്യക്തി​യു​ടെ തൊലി​യു​ടെ നിറമല്ല പകരം പാപമാണ്‌, നമ്മളെ​യെ​ല്ലാം ബാധി​ച്ചി​രി​ക്കുന്ന ആദാമി​ക​പാ​പം. മറ്റൊരു കാര്യ​വും ഞാൻ മനസ്സി​ലാ​ക്കി: നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​ടെ തൊലി​യു​ടെ നിറം ഏതായാ​ലും അവർ നമ്മുടെ സഹോ​ദ​ര​ങ്ങ​ളാണ്‌, നമുക്കു​വേണ്ടി മരിക്കാൻപോ​ലും അവർ തയ്യാറാണ്‌.

സമ്പന്നമായ ഒരു ജീവിതം

33 വർഷം ഞങ്ങൾ സഞ്ചാര​വേ​ല​യി​ലാ​യി​രു​ന്നു. അതിൽ അവസാ​നത്തെ 21 വർഷം ഡിസ്‌ട്രി​ക്‌റ്റ്‌ വേലയി​ലും. ധാരാളം നല്ലനല്ല അനുഭ​വ​ങ്ങ​ളു​ണ്ടായ മനോ​ഹ​ര​മായ കാലമാ​യി​രു​ന്നു അത്‌. പക്ഷേ ഞങ്ങളെ മറ്റ്‌ അനു​ഗ്ര​ഹ​ങ്ങ​ളും കാത്തി​രി​പ്പു​ണ്ടാ​യി​രു​ന്നു. 1997 ആഗസ്റ്റിൽ ബഥേൽസേ​വനം എന്ന ഞങ്ങളുടെ ദീർഘ​കാ​ല​സ്വ​പ്‌നം പൂവണി​ഞ്ഞു. ഞങ്ങളെ ഐക്യ​നാ​ടു​ക​ളി​ലെ ബഥേലി​ലേക്കു ക്ഷണിച്ചു. ഞങ്ങൾ ആദ്യത്തെ അപേക്ഷ കൊടു​ത്തിട്ട്‌ 38 വർഷം കഴിഞ്ഞ്‌! അടുത്ത മാസം ഞങ്ങൾ ബഥേൽസേ​വനം ആരംഭി​ച്ചു. കുറച്ച്‌ കാല​ത്തേക്കു ബഥേലിൽ സഹായി​ക്കാൻ ഞങ്ങളെ വിളി​ച്ച​താ​ണെ​ന്നാ​ണു ഞാൻ കരുതി​യത്‌. പക്ഷേ അങ്ങനെ​യ​ല്ലാ​യി​രു​ന്നു.

ഗ്ലോറിയ ഒരു രത്‌ന​മാണ്‌, ഞാൻ വിവാ​ഹം​ക​ഴിച്ച സമയത്തും ഇന്നും

സർവീസ്‌ ഡിപ്പാർട്ടു​മെ​ന്റി​ലേ​ക്കാണ്‌ എന്നെ ആദ്യം നിയമി​ച്ചത്‌. അതു ശരിക്കും ഒരു അനുഭ​വ​മാ​യി​രു​ന്നു. ഈ ഡിപ്പാർട്ടു​മെ​ന്റി​ലുള്ള സഹോ​ദ​രങ്ങൾ, രാജ്യ​ത്തെ​മ്പാ​ടു​മുള്ള മൂപ്പന്മാ​രു​ടെ സംഘങ്ങ​ളും സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രും ഉന്നയി​ക്കുന്ന സങ്കീർണ​മായ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കൊടു​ക്ക​ണ​മാ​യി​രു​ന്നു. ആ സഹോ​ദ​രങ്ങൾ എത്ര ക്ഷമയോ​ടെ​യും സഹായ​മ​ന​സ്ഥി​തി​യോ​ടെ​യും ആണ്‌ എന്നെ പരിശീ​ലി​പ്പി​ച്ച​തെ​ന്നോ! ഇനിയും അവിടെ നിയമനം കിട്ടു​ക​യാ​ണെ​ങ്കി​ലും ഞാൻ ആദ്യം​മു​തലേ പഠിച്ചു​തു​ട​ങ്ങ​ണ​മെ​ന്നാണ്‌ എനിക്കു തോന്നു​ന്നത്‌.

എനിക്കും ഗ്ലോറി​യ​യ്‌ക്കും ബഥേൽജീ​വി​തം വളരെ ഇഷ്ടമാണ്‌. ഞങ്ങൾക്ക്‌ അതിരാ​വി​ലെ എഴു​ന്നേൽക്കുന്ന ശീലമു​ണ്ടാ​യി​രു​ന്നു. ബഥേലിൽ വന്നപ്പോൾ അതു ശരിക്കും ഗുണം ചെയ്‌തു. ഏതാണ്ട്‌ ഒരു വർഷത്തി​നു ശേഷം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘ​ത്തി​ന്റെ സർവീസ്‌ കമ്മിറ്റി​യു​ടെ സഹായി​യാ​യി ഞാൻ സേവി​ക്കാൻ തുടങ്ങി. 1999-ൽ എന്നെ ഒരു ഭരണസം​ഘാം​ഗ​മാ​യി നിയമി​ച്ചു. ഈ നിയമനം എന്നെ പലതും പഠിപ്പി​ച്ചു. പക്ഷേ ഞാൻ പഠിച്ച ഏറ്റവും പ്രധാ​ന​പ്പെട്ട ഒരു പാഠമുണ്ട്‌: ഏതെങ്കി​ലും മനുഷ്യ​നല്ല, മറിച്ച്‌ യേശു​ക്രി​സ്‌തു​വാ​ണു ക്രിസ്‌തീ​യ​സ​ഭ​യു​ടെ തല.

1999 മുതൽ ഭരണസം​ഘാം​ഗ​മാ​യി സേവിക്കാനുള്ള പദവി എനിക്കു ലഭിച്ചു

എന്റെ ജീവി​ത​ത്തി​ലേക്കു തിരി​ഞ്ഞു​നോ​ക്കു​മ്പോൾ പ്രവാ​ച​ക​നായ ആമോ​സി​നെ​യാ​ണു ഞാൻ ഓർക്കു​ന്നത്‌. താഴ്‌മ​യുള്ള ഒരു ആട്ടിട​യ​നാ​യി​രു​ന്നു ആമോസ്‌. പാവ​പ്പെ​ട്ട​വ​രു​ടെ ഭക്ഷണമായ സിക്ക്‌മൂർ അത്തിക്കാ​യ്‌ക​ളു​ടെ സമയത്ത്‌ അതു തുളയ്‌ക്കുന്ന ജോലി ചെയ്യാ​നും അദ്ദേഹം പോയി​രു​ന്നു. അങ്ങനെ ഒരു എളിയ ജോലി ചെയ്‌തി​രുന്ന ആമോ​സി​നെ യഹോവ ശ്രദ്ധിച്ചു. ദൈവം ആമോ​സി​നെ ഒരു പ്രവാ​ച​ക​നാ​യി നിയമി​ച്ചു, ശരിക്കും ആത്മീയ​മാ​യി സമ്പന്നമായ ഒരു നിയമനം. (ആമോ. 7:14, 15, അടിക്കു​റിപ്പ്‌) സമാന​മാ​യി, ഇൻഡ്യാ​ന​യി​ലുള്ള ലിബർട്ടി​യി​ലെ ഒരു പാവപ്പെട്ട കൃഷി​ക്കാ​രന്റെ മകനായ എന്നെയും യഹോവ ശ്രദ്ധിച്ചു. എന്റെ മേൽ അനു​ഗ്ര​ഹങ്ങൾ കോരി​ച്ചൊ​രി​ഞ്ഞു, എണ്ണിത്തീർക്കാൻ ആകാത്തത്ര അനു​ഗ്ര​ഹങ്ങൾ! (സുഭാ. 10:22) എന്റെ ജീവി​തത്തെ ഇങ്ങനെ വർണി​ക്കാം: ഒരു എളിയ തുടക്കം, പക്ഷേ ആത്മീയ​മാ​യി സമ്പന്നമായ ഒരു ജീവിതം, ഞാൻ ഒരിക്ക​ലും സ്വപ്‌നം​പോ​ലും കണ്ടിട്ടി​ല്ലാ​ത്തത്ര സമ്പന്നമായ ഒന്ന്‌!