വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരി​ലേ​ക്കാ​ണു നിങ്ങൾ നോക്കു​ന്നത്‌?

ആരി​ലേ​ക്കാ​ണു നിങ്ങൾ നോക്കു​ന്നത്‌?

“സ്വർഗ​ത്തിൽ സിംഹാ​സ​ന​സ്ഥ​നാ​യി​രി​ക്കുന്ന ദൈവമേ, അങ്ങയി​ലേക്കു ഞാൻ കണ്ണ് ഉയർത്തു​ന്നു.”—സങ്കീ. 123:1.

ഗീതങ്ങൾ: 143, 124

1, 2. യഹോ​വ​യിൽ നമ്മുടെ ദൃഷ്ടി ഉറപ്പി​ക്കു​ന്ന​തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

‘ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങ​ളാ​ണിത്‌.’ മുന്നോ​ട്ടു പോകും​തോ​റും ജീവിതം കൂടുതൽ ദുഷ്‌ക​ര​മാ​കു​കയേ ഉള്ളൂ. ഇന്നത്തെ അവസ്ഥകൾ എല്ലാം മാറി പുതിയ ഒരു പ്രഭാതം വിരി​യു​ക​യും ഭൂമി​യിൽ യഥാർഥ​സ​മാ​ധാ​നം വീണ്ടും ആഗതമാ​കു​ക​യും ചെയ്യു​ന്ന​തു​വരെ കാര്യങ്ങൾ വഷളാ​യി​ക്കൊ​ണ്ടി​രി​ക്കും. (2 തിമൊ. 3:1) അതു​കൊണ്ട് നമ്മളോ​ടു​തന്നെ ഈ ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നതു നന്നായി​രി​ക്കും: ‘സഹായ​ത്തി​നും മാർഗ​നിർദേ​ശ​ത്തി​നും വേണ്ടി ഞാൻ ആരി​ലേ​ക്കാ​ണു നോക്കു​ന്നത്‌?’ “യഹോ​വ​യി​ലേക്ക്” എന്നായി​രി​ക്കാം നമ്മുടെ പെട്ടെ​ന്നുള്ള ഉത്തരം. അതാണ്‌ ഏറ്റവും ശരിയായ ഉത്തരവും.

2 യഹോ​വ​യി​ലേക്കു നോക്കു​ന്ന​തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌? ജീവി​ത​ത്തിൽ സങ്കീർണ​മായ പ്രശ്‌നങ്ങൾ നേരി​ടു​മ്പോൾ നമുക്ക് എങ്ങനെ യഹോ​വ​യിൽത്തന്നെ ദൃഷ്ടി ഉറപ്പി​ച്ചു​നി​റു​ത്താം? സഹായം ആവശ്യ​മു​ള്ള​പ്പോൾ യഹോ​വ​യി​ലേക്കു നോ​ക്കേ​ണ്ട​തി​ന്‍റെ പ്രാധാന്യം നൂറ്റാണ്ടുകൾക്കു മുമ്പ് ജീവി​ച്ചി​രുന്ന ഒരു സങ്കീർത്ത​ന​ക്കാ​രൻ തിരി​ച്ച​റി​ഞ്ഞു. (സങ്കീർത്തനം 123:1-4 വായി​ക്കുക.) നമ്മൾ യഹോ​വ​യി​ലേക്കു നോക്കു​ന്ന​തി​നെ ഒരു ദാസൻ യജമാ​ന​നി​ലേക്കു നോക്കു​ന്ന​തു​മാ​യി​ട്ടാണ്‌ അദ്ദേഹം താരത​മ്യം ചെയ്‌തത്‌. എന്താണ്‌ അദ്ദേഹം അർഥമാ​ക്കി​യത്‌? ആഹാര​ത്തി​നും സംരക്ഷ​ണ​ത്തി​നും വേണ്ടി മാത്രമല്ല ദാസൻ യജമാ​ന​നി​ലേക്കു നോക്കു​ന്നത്‌. യജമാ​നന്‍റെ താത്‌പ​ര്യ​ങ്ങൾ മനസ്സി​ലാ​ക്കി അതു നിറ​വേ​റ്റാ​നും അയാൾ യജമാ​ന​നി​ലേക്കു കൂടെ​ക്കൂ​ടെ നോക്കണം. സമാന​മാ​യി, നമ്മളെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ ഇഷ്ടം എന്താ​ണെന്നു വ്യക്തമാ​യി മനസ്സി​ലാ​ക്കു​ന്ന​തി​നു നമ്മൾ ദിവസ​വും ദൈവ​വ​ച​ന​ത്തിൽ അന്വേ​ഷി​ക്കണം. എന്നിട്ട് അതനു​സ​രിച്ച് ജീവി​ക്കണം. എങ്കിൽ മാത്രമേ സഹായം ആവശ്യ​മാ​യി​രി​ക്കു​മ്പോൾ യഹോവ നമ്മളോ​ടു പ്രീതി കാട്ടു​ക​യു​ള്ളൂ.—എഫെ. 5:17.

3. യഹോ​വ​യിൽനിന്ന് നമ്മുടെ ശ്രദ്ധ മാറി​പ്പോ​കാൻ എന്തു കാരണ​മാ​യേ​ക്കാം?

3 എപ്പോ​ഴും യഹോ​വ​യി​ലേക്കു നോ​ക്കേ​ണ്ട​തി​ന്‍റെ പ്രാധാ​ന്യം നമുക്ക് അറിയാ​മെ​ങ്കി​ലും ചില സമയത്ത്‌ നമ്മുടെ ശ്രദ്ധ പതറി​പ്പോ​യേ​ക്കാം. യേശു​വി​ന്‍റെ അടുത്ത സുഹൃ​ത്തായ മാർത്ത​യ്‌ക്ക് അതാണു സംഭവി​ച്ചത്‌. മാർത്ത “പലപല കാര്യങ്ങൾ ചെയ്യുന്ന തിരക്കി​ലാ​യി​രു​ന്നു” എന്നു ബൈബിൾ പറയുന്നു. (ലൂക്കോ. 10:40-42) യേശു കൂടെ​യു​ണ്ടാ​യി​രു​ന്ന​പ്പോൾ മാർത്ത​യെ​പ്പോ​ലെ വിശ്വ​സ്‌ത​യായ ഒരു വ്യക്തിക്ക് അങ്ങനെ സംഭവി​ച്ചെ​ങ്കിൽ അത്തരം ഒരു അപകടം നമുക്കും സംഭവി​ച്ചു​കൂ​ടേ? അങ്ങനെ​യെ​ങ്കിൽ യഹോ​വ​യിൽനിന്ന് നമ്മുടെ ദൃഷ്ടി മാറ്റി​ക്ക​ള​ഞ്ഞേ​ക്കാ​വുന്ന ചില കാര്യങ്ങൾ ഏതൊ​ക്കെ​യാണ്‌? ഈ ലേഖന​ത്തിൽ മറ്റുള്ള​വ​രു​ടെ പ്രവൃ​ത്തി​കൾ നമ്മുടെ ശ്രദ്ധ പതറി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ​യെന്നു നമ്മൾ പഠിക്കും. നമുക്ക് എങ്ങനെ യഹോ​വ​യിൽ ദൃഷ്ടി ഉറപ്പി​ച്ചു​നി​റു​ത്താ​മെ​ന്നും മനസ്സി​ലാ​ക്കും.

വിശ്വ​സ്‌ത​നായ ഒരു വ്യക്തിക്കു പദവി നഷ്ടമാ​കു​ന്നു

4. വാഗ്‌ദ​ത്ത​ദേ​ശത്ത്‌ പ്രവേ​ശി​ക്കാ​നുള്ള പദവി മോശ​യ്‌ക്കു നഷ്ടപ്പെ​ട്ടതു നമ്മളെ അതിശ​യി​പ്പി​ച്ചേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്?

4 സഹായ​ത്തി​നും മാർഗ​നിർദേ​ശ​ത്തി​നും ആയി യഹോ​വ​യി​ലേക്കു നോക്കിയ ഒരു വ്യക്തി​യാ​ണു മോശ എന്നതിൽ സംശയ​മില്ല. യഥാർഥ​ത്തിൽ “അദൃശ്യ​നായ ദൈവത്തെ കണ്ടാ​ലെ​ന്ന​പോ​ലെ മോശ ഉറച്ചു​നി​ന്നു.” (എബ്രായർ 11:24-27 വായി​ക്കുക.) “മോശ​യെ​പ്പോ​ലെ, യഹോവ മുഖാ​മു​ഖം കണ്ടറിഞ്ഞ ഒരു പ്രവാ​ചകൻ പിന്നീട്‌ ഒരിക്ക​ലും ഇസ്രാ​യേ​ലി​ലു​ണ്ടാ​യി​ട്ടില്ല” എന്നു ബൈബിൾ പറയുന്നു. (ആവ. 34:10) യഹോ​വ​യു​മാ​യി മോശ​യ്‌ക്ക് അത്ര അടുത്ത ബന്ധമു​ണ്ടാ​യി​രു​ന്നി​ട്ടും വാഗ്‌ദ​ത്ത​ദേ​ശത്ത്‌ പ്രവേ​ശി​ക്കാ​നുള്ള പദവി അദ്ദേഹ​ത്തി​നു നഷ്ടപ്പെട്ടു. (സംഖ്യ 20:12) എന്താണു മോശ​യ്‌ക്കു സംഭവി​ച്ചത്‌?

5-7. ഇസ്രാ​യേ​ല്യർ ഈജി​പ്‌ത്‌ വിട്ട് അധികം വൈകാ​തെ എന്തു പ്രശ്‌ന​മാ​ണു നേരി​ട്ടത്‌, മോശ എങ്ങനെ​യാണ്‌ ആ പ്രശ്‌നം കൈകാ​ര്യം ചെയ്‌തത്‌?

5 ഇസ്രാ​യേ​ല്യർ സീനായ്‌ പർവത​ത്തിൽ എത്തുന്ന​തി​നു മുമ്പ് വളരെ ഗൗരവ​മുള്ള ഒരു പ്രശ്‌നം ഉടലെ​ടു​ത്തു. അപ്പോൾ അവർ ഈജി​പ്‌തിൽനിന്ന് പോന്നിട്ട് രണ്ടു മാസം​പോ​ലും തികഞ്ഞി​രു​ന്നില്ല. കുടി​ക്കാൻ വെള്ളമി​ല്ലെന്നു ജനം പരാതി​പ്പെ​ടാൻ തുടങ്ങി. അവർ മോശ​യ്‌ക്കെ​തി​രെ പിറു​പി​റു​ത്തു. സാഹച​ര്യം അങ്ങേയറ്റം വഷളാ​യ​പ്പോൾ മോശ യഹോ​വ​യോട്‌ ഇങ്ങനെ നിലവി​ളി​ച്ചു​പോ​യി: “ഈ ജനത്തെ ഞാൻ എന്തു ചെയ്യും? അൽപ്പം​കൂ​ടെ കഴിഞ്ഞാൽ അവർ എന്നെ കല്ലെറി​യും!” (പുറ. 17:4) എന്തു ചെയ്യണ​മെന്ന് യഹോവ മോശ​യ്‌ക്കു വ്യക്തമായ നിർദേ​ശങ്ങൾ കൊടു​ത്തു. മോശ തന്‍റെ വടി​കൊണ്ട് ഹോ​രേ​ബി​ലെ പാറയിൽ അടിക്ക​ണ​മെ​ന്നും അപ്പോൾ അതിൽനിന്ന് വെള്ളം പുറ​പ്പെ​ടു​മെ​ന്നും യഹോവ പറഞ്ഞു. “ഇസ്രാ​യേൽമൂ​പ്പ​ന്മാ​രു​ടെ കൺമു​ന്നിൽവെച്ച് മോശ അങ്ങനെ ചെയ്‌തു.” മതിവ​രു​വോ​ളം ഇസ്രാ​യേ​ല്യർ വെള്ളം കുടിച്ചു, അങ്ങനെ ആ പ്രശ്‌നം പരിഹ​രി​ച്ചു.—പുറ. 17:5, 6.

6 ബൈബിൾരേഖ തുടർന്ന് പറയുന്നു: “ഇസ്രാ​യേ​ല്യർ കലഹി​ച്ച​തു​കൊ​ണ്ടും ‘യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ’ എന്നു പറഞ്ഞ് യഹോ​വയെ പരീക്ഷി​ച്ച​തു​കൊ​ണ്ടും മോശ ആ സ്ഥലത്തിനു മസ്സ എന്നും മെരീബ എന്നും പേരിട്ടു.” (പുറ. 17:7) ആ പേരുകൾ അനു​യോ​ജ്യ​മാ​യി​രു​ന്നു. കാരണം അവയുടെ അർഥം “പരീക്ഷി​ക്കൽ” എന്നും “കലഹിക്കൽ” എന്നും ആണ്‌.

7 മെരീ​ബ​യി​ലെ ഈ സംഭവത്തെ മോശ​യ്‌ക്കെ​തി​രെ​യുള്ള ധിക്കാരം മാത്ര​മാ​യി​ട്ടാ​ണോ യഹോവ കണ്ടത്‌? അല്ല, തന്‍റെ ദിവ്യാ​ധി​കാ​ര​ത്തി​നെ​തി​രെ​യുള്ള വെല്ലു​വി​ളി​യാ​യി​ട്ടാണ്‌ അവരുടെ പ്രവൃ​ത്തി​കളെ യഹോവ വീക്ഷി​ച്ചത്‌. (സങ്കീർത്തനം 95:8, 9 വായി​ക്കുക.) ഇസ്രാ​യേ​ല്യർ തികച്ചും തെറ്റാ​യി​ട്ടാ​ണു പ്രവർത്തി​ച്ചത്‌. ആ അവസര​ത്തിൽ യഹോ​വ​യി​ലേക്കു നോക്കി​ക്കൊ​ണ്ടും യഹോവ പറഞ്ഞതു​പോ​ലെ ചെയ്‌തു​കൊ​ണ്ടും മോശ ശരിയായ രീതി​യിൽ പ്രവർത്തി​ച്ചു.

8. വിജന​ഭൂ​മി​യി​ലൂ​ടെ​യുള്ള 40 വർഷത്തെ പ്രയാ​ണ​ത്തി​ന്‍റെ അവസാ​ന​ത്തോട്‌ അടുത്ത്‌ എന്തു സംഭവ​മു​ണ്ടാ​യി?

8 എന്നാൽ വിജന​ഭൂ​മി​യി​ലൂ​ടെ​യുള്ള 40 വർഷത്തെ പ്രയാണം അവസാ​നി​ക്കാ​റാ​യ​പ്പോൾ സമാന​മായ ഒരു സംഭവം ആവർത്തി​ച്ചു. വാഗ്‌ദ​ത്ത​ദേ​ശ​ത്തി​ന്‍റെ അതിർത്തി​യോ​ടു ചേർന്ന കാദേ​ശിന്‌ അടുത്തുള്ള ഒരു സ്ഥലത്താണ്‌ ഇപ്പോൾ ഇസ്രാ​യേ​ല്യർ. ആ സ്ഥലത്തി​നും പിന്നീടു മെരീബ എന്ന പേര്‌ വന്നു. * അവി​ടെ​വെച്ച് ഒരിക്കൽക്കൂ​ടി ഇസ്രാ​യേ​ല്യർ വെള്ളമി​ല്ലാ​ത്ത​തി​ന്‍റെ പേരിൽ പരാതി​പ്പെ​ടാൻ തുടങ്ങി. (സംഖ്യ 20:1-5) എന്നാൽ ഇപ്രാ​വ​ശ്യം മോശ പ്രതി​ക​രിച്ച വിധം വ്യത്യ​സ്‌ത​മാ​യി​രു​ന്നു.

9. യഹോവ മോശ​യ്‌ക്ക് എന്തൊക്കെ നിർദേ​ശ​ങ്ങ​ളാ​ണു കൊടു​ത്തത്‌, എന്നാൽ മോശ എന്താണു ചെയ്‌തത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

9 ഇത്തവണ മോശ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? എന്തു ചെയ്യണ​മെന്ന് അറിയാ​നാ​യി മോശ വീണ്ടും യഹോ​വ​യി​ലേക്കു നോക്കി. എന്നാൽ ഇത്തവണ യഹോവ മോശ​യോ​ടു പാറയിൽ അടിക്കാൻ പറഞ്ഞില്ല. വടി എടുക്കാ​നും ജനത്തെ പാറയു​ടെ മുന്നിൽ വിളി​ച്ചു​കൂ​ട്ടാ​നും എന്നിട്ട് പാറ​യോ​ടു സംസാ​രി​ക്കാ​നും ആണ്‌ യഹോവ പറഞ്ഞത്‌. (സംഖ്യ 20:6-8) പക്ഷേ പാറ​യോ​ടു സംസാ​രി​ക്കു​ന്ന​തി​നു പകരം തന്‍റെ ദേഷ്യ​വും നിരാ​ശ​യും എല്ലാം തീർത്തു​കൊണ്ട് മോശ ജനത്തോട്‌ ഇങ്ങനെ ആക്രോ​ശി​ച്ചു: “ധിക്കാ​രി​കളേ, കേൾക്കൂ! ഈ പാറയിൽനിന്ന് ഞങ്ങൾ നിങ്ങൾക്കു വെള്ളം തരുന്നതു കാണണോ?” എന്നിട്ട് മോശ പാറയെ അടിച്ചു, ഒന്നല്ല, രണ്ടു വട്ടം.—സംഖ്യ 20:10, 11.

10. മോശ​യു​ടെ പ്രവൃ​ത്തി​കൾ കണ്ടപ്പോൾ യഹോവ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌?

10 യഹോവ മോശ​യോ​ടു കോപി​ച്ചു, വാസ്‌തവത്തിൽ ഉഗ്രമായി കോപി​ച്ചു. (ആവ. 1:37; 3:26) എന്തു​കൊണ്ട്? പല കാരണ​ങ്ങ​ളു​ണ്ടാ​യി​രി​ക്കാം. നമ്മൾ കണ്ടതു​പോ​ലെ, താൻ കൊടുത്ത പുതിയ നിർദേ​ശ​ങ്ങ​ള​നു​സ​രിച്ച് മോശ പ്രവർത്തി​ക്കാ​തി​രു​ന്നത്‌ യഹോ​വയെ കോപി​പ്പി​ച്ചി​രി​ക്കാം.

11. മോശ പാറയെ അടിച്ചത്‌ യഹോവ ചെയ്‌ത അത്ഭുത​ത്തി​ന്‍റെ വില കുറച്ചു​ക​ള​ഞ്ഞി​രി​ക്കാം എന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്?

11 മറ്റൊരു സാധ്യ​ത​യുണ്ട്. ആദ്യത്തെ മെരീ​ബ​യ്‌ക്ക​ടു​ത്തുള്ള പാറ കരിങ്കൽപ്പാ​ളി​കൾ ചേർന്ന​താണ്‌. എത്ര ശക്തിയാ​യി അടിച്ചാ​ലും അതിൽനിന്ന് വെള്ളം വരു​മെന്ന് ആരും പ്രതീ​ക്ഷി​ക്കില്ല. എന്നാൽ രണ്ടാമത്തെ മെരീ​ബ​യി​ലെ പാറ കട്ടി കുറഞ്ഞ ചുണ്ണാ​മ്പു​ക​ല്ലു​കൊ​ണ്ടു​ള്ള​താണ്‌. ചുണ്ണാ​മ്പു​ക​ല്ലു​കൾക്കി​ട​യി​ലൂ​ടെ വെള്ളം അരിച്ചി​റ​ങ്ങു​ന്ന​തു​കൊണ്ട് അത്തരം പാറ​ക്കെ​ട്ടു​ക​ളിൽ വെള്ളം സുലഭ​മാ​യി കാണും. അങ്ങനെ​യുള്ള പാറയിൽ രണ്ടു പ്രാവ​ശ്യം അടിച്ച​പ്പോൾ, വെള്ളം കിട്ടി​യതു പ്രകൃ​തി​യു​ടെ ഒരു പ്രതി​ഭാ​സം മാത്ര​മാ​ണെന്നു ചിന്തി​ക്കാൻ മോശ ഇടം കൊടു​ത്തു​കാ​ണു​മോ? അങ്ങനെ യഹോ​വ​യ്‌ക്കു കിട്ടേണ്ട മഹത്ത്വം കിട്ടാ​തെ​പോ​യോ? പാറ​യോ​ടു സംസാ​രി​ക്കു​ന്ന​തി​നു പകരം പാറയിൽ അടിച്ച​തി​ലൂ​ടെ ആ അത്ഭുത​ത്തി​ന്‍റെ മാഹാ​ത്മ്യം മോശ കുറച്ചു​ക​ള​ഞ്ഞോ? * നമുക്കു തീർത്തു​പ​റ​യാ​നാ​കില്ല.

എങ്ങനെ​യാ​ണു മോശ ധിക്കാരം കാണി​ച്ചത്‌?

12. യഹോവ മോശ​യോ​ടും അഹരോ​നോ​ടും കോപി​ച്ച​തി​ന്‍റെ മറ്റൊരു കാരണം എന്തായി​രി​ക്കാം?

12 മോശ​യോ​ടും അതു​പോ​ലെ അഹരോ​നോ​ടും യഹോവ കോപി​ച്ച​തി​നു മറ്റൊരു കാരണ​വു​മു​ണ്ടാ​യി​രി​ക്കാം. മോശ ജനത്തോട്‌ എന്താണു പറഞ്ഞ​തെന്നു ശ്രദ്ധി​ക്കുക: “ഈ പാറയിൽനിന്ന് ഞങ്ങൾ നിങ്ങൾക്കു വെള്ളം തരുന്നതു കാണണോ?” “ഞങ്ങൾ” എന്നു പറഞ്ഞ​പ്പോൾ മോശ ഉദ്ദേശി​ച്ചത്‌ മോശ​യെ​യും അഹരോ​നെ​യും ആയിരി​ക്കാം. ആ അത്ഭുത​ത്തി​ന്‍റെ യഥാർഥ ഉറവി​ട​മായ യഹോ​വ​യോ​ടുള്ള കടുത്ത അനാദ​ര​വാ​ണു മോശ​യു​ടെ ആ വാക്കുകൾ സൂചി​പ്പി​ച്ചത്‌. സങ്കീർത്തനം 106:32, 33 ഇതി​നോ​ടു ചേർത്തു​വാ​യി​ക്കു​മ്പോൾ ഇതു കൂടുതൽ വ്യക്തമാ​കും: “മെരീ​ബ​യി​ലെ നീരു​റ​വിന്‌ അടുത്തു​വെച്ച് അവർ ദൈവത്തെ പ്രകോ​പി​പ്പി​ച്ചു; അവർ കാരണം മോശ​യും കുഴപ്പ​ത്തിൽ അകപ്പെട്ടു. അവർ മോശയെ കോപി​പ്പി​ച്ചു; മോശ​യു​ടെ വായ്‌ ചിന്താ​ശൂ​ന്യ​മാ​യി സംസാ​രി​ച്ചു.” * (സംഖ്യ 27:14) എന്തുത​ന്നെ​യാ​യാ​ലും, മോശ​യു​ടെ പ്രവൃ​ത്തി​കൾ യഹോ​വ​യ്‌ക്ക് അർഹമായ ബഹുമാ​നം കവർന്നെ​ടു​ക്കു​ന്ന​താ​യി​രു​ന്നു. മോശ​യോ​ടും അഹരോ​നോ​ടും യഹോവ ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ രണ്ടു പേരും എന്‍റെ ആജ്ഞ ധിക്കരി​ച്ചു.’ (സംഖ്യ 20:24) ഗുരു​ത​ര​മായ ഒരു പാപം​ത​ന്നെ​യാ​യി​രു​ന്നു അത്‌.

13. യഹോവ മോശ​യ്‌ക്ക് ഉചിത​മായ ശിക്ഷയാ​ണു കൊടു​ത്ത​തെന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്?

13 മോശ​യും അഹരോ​നും യഹോ​വ​യു​ടെ ജനത്തിന്‍റെ നേതാ​ക്ക​ന്മാ​രാ​യി​രു​ന്ന​തു​കൊണ്ട് യഹോവ അവരിൽനിന്ന് കൂടുതൽ പ്രതീ​ക്ഷി​ച്ചി​രു​ന്നു. (ലൂക്കോ. 12:48) മുമ്പ്, ധിക്കാരം കാണി​ച്ചതു കാരണം ഇസ്രാ​യേ​ല്യ​രു​ടെ ഒരു തലമു​റ​യ്‌ക്കു മുഴുവൻ കനാൻ ദേശ​ത്തേ​ക്കുള്ള പ്രവേ​ശനം യഹോവ നിഷേ​ധി​ച്ചി​രു​ന്നു. (സംഖ്യ 14:26-30, 34) അതു​കൊണ്ട് ധിക്കാരം കാണിച്ച മോശ​യ്‌ക്കും അതേ ശിക്ഷതന്നെ കൊടു​ക്കു​ന്നത്‌ ഉചിത​വും ന്യായ​വും ആയിരു​ന്നു. മറ്റു ധിക്കാ​രി​കളെ ശിക്ഷി​ച്ച​തു​പോ​ലെ, മോശ​യ്‌ക്കും വാഗ്‌ദ​ത്ത​ദേ​ശത്ത്‌ പ്രവേ​ശി​ക്കാ​നുള്ള അനുമതി യഹോവ കൊടു​ത്തില്ല.

പ്രശ്‌ന​ത്തി​ന്‍റെ കാരണം

14, 15. മോശ ധിക്കാ​ര​ത്തോ​ടെ പ്രവർത്തി​ക്കാൻ എന്താണു കാരണ​മാ​യത്‌?

14 മോശ ധിക്കാ​ര​ത്തോ​ടെ പ്രവർത്തി​ക്കു​ന്ന​തി​ലേക്കു നയിച്ചത്‌ എന്താണ്‌? സങ്കീർത്തനം 106:32, 33 ഒരിക്കൽക്കൂ​ടി ശ്രദ്ധി​ക്കുക: “മെരീ​ബ​യി​ലെ നീരു​റ​വിന്‌ അടുത്തു​വെച്ച് അവർ ദൈവത്തെ പ്രകോ​പി​പ്പി​ച്ചു; അവർ കാരണം മോശ​യും കുഴപ്പ​ത്തിൽ അകപ്പെട്ടു. അവർ മോശയെ കോപി​പ്പി​ച്ചു; മോശ​യു​ടെ വായ്‌ ചിന്താ​ശൂ​ന്യ​മാ​യി സംസാ​രി​ച്ചു.” ഇസ്രാ​യേ​ല്യ​രു​ടെ ധിക്കാരം യഹോ​വ​യ്‌ക്കെ​തി​രെ ആയിരു​ന്നെ​ങ്കി​ലും, ആത്മനി​യ​ന്ത്രണം നഷ്ടപ്പെട്ട് പ്രകോ​പി​ത​നാ​യതു മോശ​യാണ്‌. അതിന്‍റെ ഫലമായി, അദ്ദേഹം ഭവിഷ്യ​ത്തു​ക​ളെ​ക്കു​റിച്ച് ചിന്തി​ക്കാ​തെ സംസാ​രി​ച്ചു.

15 മറ്റുള്ള​വ​രു​ടെ പ്രവൃ​ത്തി​കൾ തന്നെ സ്വാധീ​നി​ക്കാൻ മോശ അനുവ​ദി​ച്ചു. യഹോ​വ​യിൽ ദൃഷ്ടി ഉറപ്പി​ച്ചു​നി​റു​ത്തു​ന്ന​തിന്‌ അത്‌ ഒരു തടസ്സമാ​യി. ആദ്യത്തെ സാഹച​ര്യം മോശ ശരിയായ രീതി​യിൽ കൈകാ​ര്യം ചെയ്‌ത​താണ്‌. (പുറ. 7:6) പക്ഷേ പതിറ്റാ​ണ്ടു​ക​ളോ​ളം ധിക്കാ​രി​ക​ളായ ഇസ്രാ​യേ​ല്യ​രു​മാ​യി ഇടപെട്ട് മോശ ആകെ മടുത്തു​പോ​യി​രി​ക്കാം, നിരാ​ശി​ത​നാ​യി​രി​ക്കാം. അതു​കൊണ്ട് രണ്ടാമത്തെ സാഹച​ര്യ​ത്തിൽ, യഹോ​വയെ എങ്ങനെ മഹത്ത്വ​പ്പെ​ടു​ത്താ​മെന്നു ചിന്തി​ക്കു​ന്ന​തി​നു പകരം തന്‍റെ മാനസി​കാ​വ​സ്ഥ​യിൽ മാത്ര​മാ​യി​രി​ക്കാം മോശ ശ്രദ്ധി​ച്ചത്‌.

16. മോശ​യു​ടെ പ്രവൃ​ത്തി​ക​ളെ​ക്കു​റിച്ച് നമ്മൾ ചിന്തി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

16 മോശ​യെ​പ്പോ​ലെ വിശ്വ​സ്‌ത​നായ ഒരു പ്രവാ​ച​കന്‍റെ ശ്രദ്ധ പതറാ​മെ​ങ്കിൽ, അദ്ദേഹ​ത്തി​നു തെറ്റു പറ്റാ​മെ​ങ്കിൽ, നമുക്കും അങ്ങനെ സംഭവി​ക്കാൻ സാധ്യ​ത​യി​ല്ലേ? മോശ വാഗ്‌ദ​ത്ത​ദേ​ശ​ത്തി​ന്‍റെ തൊട്ട​ടുത്ത്‌ എത്തിയി​രു​ന്നു. ഇന്നു നമ്മൾ ഒരു പ്രതീ​കാ​ത്മ​ക​ദേ​ശ​ത്തി​ന്‍റെ, യഹോവ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന പുതിയ ലോക​ത്തി​ന്‍റെ, പടിവാ​തിൽക്ക​ലാണ്‌. (2 പത്രോ. 3:13) അതിൽ പ്രവേ​ശി​ക്കാ​നുള്ള വിശി​ഷ്ട​പ​ദവി നഷ്ടമാ​കാൻ നമ്മളാ​രും ആഗ്രഹി​ക്കില്ല. പക്ഷേ ആ ലക്ഷ്യത്തിൽ എത്തണ​മെ​ങ്കിൽ എന്തു ചെയ്യണം? നമ്മൾ എപ്പോ​ഴും യഹോ​വ​യു​ടെ ഇഷ്ടമനു​സ​രിച്ച് പ്രവർത്തി​ക്കാൻ ശ്രമി​ച്ചു​കൊണ്ട് നമ്മുടെ കണ്ണ് യഹോ​വ​യിൽ ഉറപ്പി​ച്ചു​നി​റു​ത്തണം. (1 യോഹ. 2:17) മോശ​യു​ടെ തെറ്റിൽനിന്ന് നമുക്ക് എന്തൊക്കെ പാഠങ്ങ​ളാ​ണു പഠിക്കാ​നു​ള്ളത്‌?

മറ്റുള്ള​വ​രു​ടെ പ്രവൃ​ത്തി​കൾ നമ്മുടെ ശ്രദ്ധ പതറി​ക്ക​രുത്‌

17. ആത്മനി​യ​ന്ത്രണം നഷ്ടപ്പെ​ട്ടു​പോ​കാ​തി​രി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

17 നിങ്ങളു​ടെ ആത്മനി​യ​ന്ത്രണം നഷ്ടപ്പെ​ട്ടു​പോ​ക​രുത്‌. ഒരേ പ്രശ്‌നം​തന്നെ വീണ്ടും​വീ​ണ്ടും തലപൊ​ക്കി​യാ​ലും, “നന്മ ചെയ്യു​ന്നതു നിറു​ത്തി​ക്ക​ള​യ​രുത്‌. തളർന്നു​പോ​കാ​തി​രു​ന്നാൽ തക്കസമ​യത്ത്‌ നമ്മൾ കൊയ്യും.” (ഗലാ. 6:9; 2 തെസ്സ. 3:13) മനസ്സു മടുപ്പി​ക്കുന്ന സാഹച​ര്യ​ങ്ങ​ളും ആവർത്തി​ച്ചു​ണ്ടാ​കുന്ന വ്യക്തി​ത്വ​ഭി​ന്ന​ത​ക​ളും നേരി​ടു​മ്പോൾ കോപത്തെ നമ്മൾ നിയ​ന്ത്രി​ക്കു​ന്നു​ണ്ടോ? അപ്പോൾ, വാക്കുകൾ നമ്മൾ സൂക്ഷി​ച്ചാ​ണോ ഉപയോ​ഗി​ക്കു​ന്നത്‌? (സുഭാ. 10:19; 17:27; മത്താ. 5:22) മറ്റുള്ളവർ പ്രകോ​പി​പ്പി​ക്കു​മ്പോൾ ‘ക്രോ​ധ​ത്തിന്‌ ഇടം കൊടു​ക്കാൻ’ പഠിക്കണം. ആരുടെ ക്രോ​ധ​ത്തിന്‌? യഹോ​വ​യു​ടെ. (റോമർ 12:17-21 വായിക്കുക.) യഹോ​വ​യിൽത്ത​ന്നെ​യാണ്‌ നമ്മുടെ കണ്ണെങ്കിൽ ദൈവ​ക്രോ​ധ​ത്തിന്‌ ഇടം കൊടു​ത്തു​കൊണ്ട് യഹോ​വയെ നമ്മൾ ആദരി​ക്കും, ഉചിത​മെന്ന് യഹോ​വ​യ്‌ക്കു തോന്നുന്ന സമയത്ത്‌ യഹോവ പ്രവർത്തി​ക്കു​ന്ന​തു​വരെ നമ്മൾ കാത്തി​രി​ക്കും. എന്നാൽ ഏതെങ്കി​ലും തരത്തിൽ നമ്മൾത്തന്നെ പ്രതി​കാ​രം ചെയ്യാൻ ശ്രമി​ക്കു​ന്നെ​ങ്കിൽ യഹോ​വ​യോ​ടുള്ള അനാദ​ര​വാ​യി​രി​ക്കും അത്‌.

18. നിർദേ​ശങ്ങൾ അനുസ​രി​ക്കുന്ന കാര്യ​ത്തിൽ നമ്മൾ ഏതു കാര്യങ്ങൾ മനസ്സിൽപ്പി​ടി​ക്കണം?

18 ഏറ്റവും പുതിയ നിർദേ​ശങ്ങൾ ശ്രദ്ധാ​പൂർവം അനുസ​രി​ക്കുക. യഹോവ തരുന്ന പുതി​യ​പു​തിയ നിർദേ​ശങ്ങൾ വീഴ്‌ച വരുത്താ​തെ അനുസ​രി​ക്കുന്ന ഒരു രീതി നമുക്കു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ മുമ്പ് ചെയ്‌തു​പോന്ന അതേ വിധത്തിൽ കാര്യങ്ങൾ ചെയ്യാൻ നമ്മൾ നിർബ​ന്ധം​പി​ടി​ക്കില്ല. പകരം, യഹോവ സംഘട​ന​യി​ലൂ​ടെ തരുന്ന ഏതൊരു പുതിയ നിർദേ​ശ​വും നമ്മൾ മടി കൂടാതെ അനുസ​രി​ക്കും. (എബ്രാ. 13:17) അതേസ​മയം ‘എഴുതി​യി​രി​ക്കു​ന്ന​തിന്‌ അപ്പുറം പോകാ​തി​രി​ക്കാ​നും’ നമ്മൾ ശ്രദ്ധി​ക്കും. (1 കൊരി. 4:6) അങ്ങനെ ചെയ്യു​മ്പോൾ നമ്മൾ യഹോ​വ​യിൽ ദൃഷ്ടി ഉറപ്പി​ക്കു​ക​യാ​യി​രി​ക്കും.

മറ്റുള്ളവരുടെ തെറ്റു​ക​ളോ​ടു മോശ പ്രതി​ക​രിച്ച വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (19-‍ാ‍ം ഖണ്ഡിക കാണുക)

19. മറ്റുള്ള​വ​രു​ടെ തെറ്റുകൾ യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധത്തെ തകരാ​റി​ലാ​ക്കു​ന്നത്‌ എങ്ങനെ ഒഴിവാ​ക്കാം?

19 മറ്റുള്ള​വ​രു​ടെ തെറ്റുകൾ യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധത്തിന്‌ ഒരു തടസ്സമാ​കാൻ അനുവ​ദി​ക്ക​രുത്‌. നമ്മുടെ ആലങ്കാ​രി​ക​ക​ണ്ണു​കൾ യഹോ​വ​യിൽത്തന്നെ ഉറപ്പി​ക്കു​ക​യാ​ണെ​ങ്കിൽ മറ്റുള്ള​വ​രു​ടെ പ്രവൃ​ത്തി​കൾ നമ്മളെ കോപി​പ്പി​ക്കാ​നോ യഹോ​വ​യു​മാ​യുള്ള ബന്ധം തകരാ​റി​ലാ​ക്കാ​നോ നമ്മൾ അനുവ​ദി​ക്കു​ക​യില്ല. ദൈവ​ത്തി​ന്‍റെ സംഘട​ന​യിൽ മോശ​യെ​പ്പോ​ലെ നമുക്കും ഏതെങ്കി​ലും ഉത്തരവാ​ദി​ത്വ​സ്ഥാ​ന​മു​ണ്ടെ​ങ്കിൽ ഇതു വിശേ​ഷി​ച്ചും പ്രധാ​ന​മാണ്‌. നമ്മൾ ഓരോ​രു​ത്ത​രും ‘ഭയത്തോ​ടും വിറയ​ലോ​ടും കൂടെ സ്വന്തം രക്ഷയ്‌ക്കു​വേണ്ടി പരി​ശ്ര​മി​ക്കണം’ എന്നതു ശരിയാ​ണെ​ങ്കി​ലും യഹോവ ഒരേ നിലവാ​രം​വെച്ചല്ല നമ്മളെ വിധി​ക്കു​ന്ന​തെന്നു നമ്മൾ ഓർക്കണം. (ഫിലി. 2:12) പകരം, നമുക്ക് ഉത്തരവാ​ദി​ത്വ​ങ്ങൾ എത്ര​യേ​റെ​യു​ണ്ടോ അത്ര​യേറെ യഹോവ നമ്മിൽനിന്ന് പ്രതീ​ക്ഷി​ക്കും. (ലൂക്കോ. 12:48) നമ്മൾ യഹോ​വയെ യഥാർഥ​മാ​യി സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ങ്കിൽ യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തിൽനിന്ന് നമ്മളെ വേർപെ​ടു​ത്താ​നോ വീഴി​ക്കാ​നോ യാതൊ​ന്നി​നു​മാ​കില്ല.—സങ്കീ. 119:165; റോമ. 8:37-39.

20. നമ്മൾ എന്തു ചെയ്യാൻ ഉറച്ച തീരു​മാ​ന​മെ​ടു​ക്കണം?

20 പ്രതി​സ​ന്ധി​കൾ നിറഞ്ഞ ഇക്കാലത്ത്‌, “സ്വർഗ​ത്തിൽ സിംഹാ​സ​ന​സ്ഥ​നാ​യി​രി​ക്കുന്ന” ദൈവ​ത്തി​ലേക്ക് നമ്മുടെ കണ്ണ് ഉയർത്താം, അങ്ങനെ എപ്പോ​ഴും ദൈവ​ത്തി​ന്‍റെ ഇഷ്ടം മനസ്സി​ലാ​ക്കി പ്രവർത്തി​ക്കാം. മറ്റുള്ള​വ​രു​ടെ പ്രവൃ​ത്തി​കൾ യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധത്തെ മോശ​മാ​യി ബാധി​ക്കാൻ നമ്മൾ അനുവ​ദി​ക്ക​രുത്‌. അതിന്‍റെ പ്രാധാ​ന്യം കൂടുതൽ വ്യക്തമാ​ക്കു​ന്ന​താ​ണു മോശ​യു​ടെ അനുഭവം. നമ്മുടെ ചുറ്റു​മു​ള്ള​വ​രു​ടെ അപൂർണ​ത​ക​ളോട്‌ അമിത​മാ​യി പ്രതി​ക​രി​ക്കു​ന്ന​തി​നു പകരം ‘നമ്മോടു പ്രീതി കാണി​ക്കും​വരെ ദൈവത്തെ നോക്കി​ക്കൊ​ണ്ടി​രി​ക്കാം.’ അതായി​രി​ക്കട്ടെ നമ്മുടെ ഉറച്ച തീരു​മാ​നം.—സങ്കീ. 123:1, 2.

^ ഖ. 8 രണ്ടാമത്തെ മെരീബ കാദേ​ശിന്‌ അടുത്തുള്ള മെരീ​ബ​യാണ്‌. മസ്സ എന്നും വിളി​ക്കുന്ന ആദ്യത്തെ മെരീബ രഫീദീ​മിന്‌ അടുത്താണ്‌. എങ്കിലും രണ്ടു സ്ഥലങ്ങൾക്കും ഒരേ പേര്‌ ലഭിച്ചതു രണ്ടിട​ത്തു​വെ​ച്ചും കലഹമു​ണ്ടാ​യ​തു​കൊ​ണ്ടാണ്‌. വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്‍റെ അനുബന്ധം ബി3-യിലെ ഭൂപടം കാണുക.

^ ഖ. 11 പ്രൊഫസർ ജോൺ എ. ബെക്ക് ഇങ്ങനെ പറയുന്നു: “ഒരു ജൂതപാ​ര​മ്പ​ര്യ​മ​നു​സ​രിച്ച് ധിക്കാ​രി​ക​ളായ ഇസ്രാ​യേ​ല്യർ മോശയെ ഇങ്ങനെ വെല്ലു​വി​ളി​ച്ചു: ‘ഈ പാറയു​ടെ പ്രത്യേ​ക​തകൾ മോശ​യ്‌ക്ക് അറിയാം. തന്‍റെ അത്ഭുത​ശക്തി തെളി​യി​ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കിൽ വേറെ ഏതെങ്കി​ലും പാറയിൽനിന്ന് മോശ നമുക്കു വെള്ളം തരട്ടെ.’” ഇതൊരു പാരമ്പ​ര്യ​വി​ശ്വാ​സം മാത്ര​മാണ്‌.

^ ഖ. 12 1987 ഒക്‌ടോ​ബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ (ഇംഗ്ലീഷ്‌) “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” കാണുക.