“ആരാണ് യഹോവയുടെ പക്ഷത്തുള്ളത്?”
“നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടണം; ഈ ദൈവത്തെയാണു നിങ്ങൾ സേവിക്കേണ്ടത്; ഈ ദൈവത്തോടാണു നിങ്ങൾ പറ്റിച്ചേരേണ്ടത്.”—ആവ. 10:20.
1, 2. (എ) യഹോവയുടെ പക്ഷത്തായിരിക്കുന്നതാണു ജ്ഞാനം എന്നു പറയുന്നത് എന്തുകൊണ്ട്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
യഹോവയോടു പറ്റിച്ചേരുന്നതാണു ജ്ഞാനം! ഇത്രയധികം ശക്തിയും ജ്ഞാനവും സ്നേഹവും ഉള്ള വേറെയാരുമില്ല! ആ ദൈവത്തിന്റെ പക്ഷം ചേരാൻ നമ്മിൽ ആരാണ് ആഗ്രഹിക്കാത്തത്? (സങ്കീ. 96:4-6) എങ്കിലും ദൈവത്തെ ആരാധിച്ചിരുന്ന ചിലർ യഹോവയുടെ പക്ഷത്ത് നിൽക്കുന്നതിൽ പരാജയപ്പെട്ടു.
2 യഹോവയുടെ പക്ഷത്താണെന്ന് അവകാശപ്പെടുകയും അതേസമയം ദൈവത്തിന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുകയും ചെയ്ത ചിലരെക്കുറിച്ച് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. എല്ലായ്പോഴും യഹോവയോടു വിശ്വസ്തരായി നിൽക്കേണ്ടതിന്റെ പ്രാധാന്യം അവരുടെ അനുഭവങ്ങൾ കാണിച്ചുതരും.
യഹോവ ഹൃദയങ്ങളെ പരിശോധിക്കുന്നു
3. യഹോവ എന്തുകൊണ്ടാണു കയീനെ സഹായിക്കാൻ ശ്രമിച്ചത്, യഹോവ കയീനോട് എന്താണു പറഞ്ഞത്?
3 കയീന്റെ അനുഭവം നോക്കുക. മറ്റു ദൈവങ്ങളെയൊന്നുമല്ല, യഹോവയെ ആരാധിക്കുന്നെന്നാണു കയീൻ അവകാശപ്പെട്ടത്. എന്നിട്ടും കയീന്റെ ആരാധനയിൽ ദൈവം പ്രസാദിച്ചില്ല. കാരണം, കയീന്റെ ഹൃദയത്തിൽ ദുഷ്ടതയുടെ വിത്തുകൾ വളർന്നുവരുന്നത് യഹോവ കാണുന്നുണ്ടായിരുന്നു. (1 യോഹ. 3:12) അതുകൊണ്ട് യഹോവ കയീന് ഈ മുന്നറിയിപ്പു കൊടുത്തു: “നീ നല്ലതു ചെയ്യാൻ മനസ്സുവെച്ചാൽ നിനക്കു വീണ്ടും പ്രീതി ലഭിക്കില്ലേ? എന്നാൽ നീ നല്ലതു ചെയ്യുന്നില്ലെങ്കിൽ പാപം വാതിൽക്കൽ പതിയിരിക്കുന്നു. നിന്നെ കീഴ്പെടുത്താൻ അതു തീവ്രമായി ആഗ്രഹിക്കുന്നു. എന്നാൽ നീ അതിനെ കീഴടക്കണം.” (ഉൽപ. 4:6, 7) യഹോവ ഇങ്ങനെ പറയുന്നതുപോലെയായിരുന്നു അത്: ‘നീ മാനസാന്തരപ്പെടുകയും എന്റെ പക്ഷത്ത് വന്ന് ഉറച്ചുനിൽക്കുകയും ചെയ്യുകയാണെങ്കിൽ ഞാൻ നിന്റെ പക്ഷത്തുണ്ടായിരിക്കും.’
4. യഹോവയുടെ പക്ഷത്ത് നിൽക്കാൻ അവസരമുണ്ടായിരുന്നിട്ടും കയീൻ എന്താണു ചെയ്തത്?
4 ചിന്താരീതിയിൽ മാറ്റം വരുത്തുകയായിരുന്നെങ്കിൽ കയീന് യഹോവയുടെ പ്രീതി ലഭിച്ചേനേ. എന്നാൽ കയീൻ യഹോവയുടെ ഉപദേശം ശ്രദ്ധിച്ചില്ല. തെറ്റായ ചിന്താരീതിയും സ്വാർഥമായ അഭിലാഷങ്ങളും കയീനെ തെറ്റായ പ്രവൃത്തിയിൽ കൊണ്ടെത്തിച്ചു. (യാക്കോ. 1:14, 15) താൻ യഹോവയ്ക്കെതിരെ തിരിയുമെന്നു ചെറുപ്പമായിരുന്നപ്പോൾ കയീൻ ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല. എന്നാൽ കാലാന്തരത്തിൽ അചിന്തനീയമായ ആ കാര്യം കയീൻ ചെയ്തു, ദൈവത്തെ ധിക്കരിച്ചു, സ്വന്തം സഹോദരനെ കൊല ചെയ്തു.
5. ഏതുതരം ചിന്താഗതി യഹോവയുടെ പ്രീതി നഷ്ടമാകാൻ ഇടയാക്കിയേക്കാം?
5 കയീനെപ്പോലെ, ഒരു ക്രിസ്ത്യാനി യഹോവയെ ആരാധിക്കുന്നെന്ന് അവകാശപ്പെടുന്നെങ്കിലും യഹോവയ്ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുന്നുണ്ടാകാം. (യൂദ 11) ഉദാഹരണത്തിന്, ഒരു വ്യക്തി അധാർമികകാര്യങ്ങളെക്കുറിച്ച് ദിവാസ്വപ്നം കാണുകയോ അത്യാഗ്രഹം നിറഞ്ഞ ചിന്തകൾ താലോലിക്കുകയോ ചെയ്യുന്നുണ്ടായിരിക്കും. അല്ലെങ്കിൽ ഒരു സഹക്രിസ്ത്യാനിയോടു വിദ്വേഷം വെച്ചുപുലർത്തുന്നുണ്ടായിരിക്കും. (1 യോഹ. 2:15-17; 3:15) തെറ്റായ പ്രവൃത്തികളിലേക്കു നയിച്ചേക്കാവുന്ന ഇത്തരം ചിന്തകൾ വെച്ചുപുലർത്തുമ്പോൾത്തന്നെ അയാൾ ഉത്സാഹത്തോടെ വയൽസേവനം ചെയ്യുകയും മീറ്റിങ്ങുകളിൽ പതിവായി പങ്കെടുക്കുകയും ചെയ്തേക്കാം. മറ്റു മനുഷ്യർ നമ്മുടെ ചിന്തകളും പ്രവൃത്തികളും അറിഞ്ഞെന്നുവരില്ല, പക്ഷേ യഹോവ എല്ലാം കാണുന്നുണ്ട്. നമ്മൾ മുഴുഹൃദയത്തോടെ യഹോവയുടെ പക്ഷത്ത് നിലയുറപ്പിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് യഹോവയ്ക്ക് അറിയാം.—യിരെമ്യ 17:9, 10 വായിക്കുക.
6. യഹോവയുടെ പക്ഷത്ത് നിൽക്കാൻ നമ്മൾ ഒരു ഉറച്ച തീരുമാനമെടുക്കുന്നെങ്കിൽ പാപപൂർണമായ ചായ്വുകളെ ‘കീഴടക്കാൻ’ യഹോവ നമ്മളെ എങ്ങനെ സഹായിക്കും?
6 എങ്കിലും നമ്മളെ തള്ളിക്കളയാൻ യഹോവ തിടുക്കം കാണിക്കുന്നില്ല. ഒരു വ്യക്തിയുടെ ചുവടുകൾ അയാളെ ദൈവത്തിൽനിന്ന് അകറ്റുമ്പോൾ യഹോവ ആ വ്യക്തിയോടു പറയുന്നത് ഇതാണ്: “എന്റെ അടുത്തേക്കു മടങ്ങിവരൂ; അപ്പോൾ ഞാൻ നിങ്ങളുടെ അടുത്തേക്കും മടങ്ങിവരാം.” (മലാ. 3:7) പ്രത്യേകിച്ച്, നമ്മൾ ഏതെങ്കിലും ബലഹീനതയുമായി പോരാടുകയാണെങ്കിൽ നമ്മൾ തെറ്റിന് എതിരെ ശക്തമായ നിലപാടെടുക്കണമെന്നാണ് യഹോവ ആഗ്രഹിക്കുന്നത്. (യശ. 55:7) അങ്ങനെ ചെയ്യുമ്പോൾ പാപപൂർണമായ ചായ്വുകളെ ‘കീഴടക്കാൻ’ ആവശ്യമായ ആത്മീയവും വൈകാരികവും ശാരീരികവും ആയ ശക്തി തന്നുകൊണ്ട് നമ്മുടെ പക്ഷത്തുണ്ടെന്ന് യഹോവ തെളിയിക്കും.—ഉൽപ. 4:7.
“വഴിതെറ്റിക്കപ്പെടരുത്”
7. ശലോമോന് എങ്ങനെയാണ് യഹോവയുമായുള്ള സൗഹൃദം നഷ്ടമായത്?
7 ശലോമോൻ രാജാവിന്റെ ജീവിതത്തിൽനിന്നും നമുക്കു ധാരാളം പഠിക്കാനുണ്ട്. ചെറുപ്പത്തിൽ ശലോമോൻ മാർഗനിർദേശത്തിനായി യഹോവയിലേക്കു നോക്കിയിരുന്നു. ദൈവം ശലോമോനു മഹത്തായ ജ്ഞാനം കൊടുത്തു, യരുശലേമിൽ പ്രൗഢഗംഭീരമായ ആലയം പണിയാനുള്ള പദവി കൊടുക്കുകയും ചെയ്തു. എന്നാൽ ശലോമോന് യഹോവയുമായുള്ള ബന്ധം നഷ്ടപ്പെട്ടു. (1 രാജാ. 3:12; 11:1, 2) എങ്ങനെ? ഒരു എബ്രായരാജാവിന് “അനേകം ഭാര്യമാരുണ്ടായിരിക്കരുത്; അല്ലാത്തപക്ഷം രാജാവിന്റെ ഹൃദയം വഴിതെറ്റിപ്പോകും” എന്നു ദൈവത്തിന്റെ നിയമം പ്രത്യേകം മുന്നറിയിപ്പു കൊടുത്തിരുന്നു. (ആവ. 17:17) ആ നിയമം ശലോമോൻ പാടേ അവഗണിച്ചു. 700 പേരെയാണു ശലോമോൻ വിവാഹം കഴിച്ചത്, കൂടാതെ 300 ഉപപത്നിമാരും അദ്ദേഹത്തിനുണ്ടായിരുന്നു. (1 രാജാ. 11:3) എന്നു മാത്രമല്ല, ഭാര്യമാരിൽ മിക്കവരും വ്യാജദൈവങ്ങളെ ആരാധിച്ചിരുന്ന ജനതകളിൽപ്പെട്ടവരായിരുന്നു. അങ്ങനെ ജനതകളിൽപ്പെട്ട സ്ത്രീകളെ വിവാഹം കഴിക്കരുതെന്ന ദൈവനിയമവും ശലോമോൻ ലംഘിച്ചു.—ആവ. 7:3, 4.
8. ശലോമോൻ യഹോവയ്ക്ക് ഇഷ്ടമില്ലാത്ത പാതയിൽ എത്രത്തോളം പോയി?
8 യഹോവയുടെ നിബന്ധനകളിൽനിന്ന് പതിയെപ്പതിയെ അകന്നുപോയ ശലോമോൻ പിന്നീടു ഗുരുതരമായ പാപം ചെയ്യാനിടയായി. സീദോന്യരുടെ ദേവിയായ അസ്തോരെത്തിനും വ്യാജദേവനായ കെമോശിനും ശലോമോൻ യാഗപീഠങ്ങൾ പണിതു. എന്നിട്ട് ഭാര്യമാരോടൊപ്പം ചേർന്ന് ആ വ്യാജദൈവങ്ങളെ ആരാധിച്ചു. ഈ യാഗപീഠങ്ങൾ പണിതതോ? ശലോമോൻ യഹോവയുടെ ആലയം പണിതതിനു നേരെ മുന്നിലുള്ള പർവതത്തിൽ! (1 രാജാ. 11:5-8; 2 രാജാ. 23:13) യഹോവയുടെ ആലയത്തിൽ താൻ യാഗങ്ങൾ അർപ്പിക്കുന്നിടത്തോളം കാലം തന്റെ അനുസരണക്കേടു ദൈവം ഗൗരവമായെടുക്കില്ലെന്നു ചിന്തിച്ചുകൊണ്ട് ശലോമോൻ സ്വയം വഞ്ചിച്ചിരിക്കാം.
9. ദൈവത്തിന്റെ മുന്നറിയിപ്പുകൾ ശലോമോൻ അവഗണിച്ചതിന്റെ ഫലം എന്തായിരുന്നു?
9 എന്നാൽ യഹോവ ഒരിക്കലും തെറ്റിനെ നിസ്സാരമായി കാണില്ല. ബൈബിൾ പറയുന്നു: “തനിക്കു രണ്ടു പ്രാവശ്യം പ്രത്യക്ഷപ്പെട്ട . . . യഹോവയിൽനിന്ന് ശലോമോന്റെ ഹൃദയം വ്യതിചലിച്ചുപോയതിനാൽ ശലോമോനു നേരെ യഹോവയുടെ കോപം ആളിക്കത്തി. മറ്റു ദൈവങ്ങളുടെ പിന്നാലെ പോകരുതെന്നു ദൈവം മുന്നറിയിപ്പു നൽകിയിരുന്നു; എന്നാൽ യഹോവയുടെ കല്പന ശലോമോൻ അനുസരിച്ചില്ല.” എന്തായിരുന്നു അതിന്റെ ഫലം? ദൈവം തന്റെ അംഗീകാരവും പിന്തുണയും പിൻവലിച്ചു. ശലോമോന്റെ അനന്തരാവകാശികൾക്കു മുഴു ഇസ്രായേലിനെയും ഭരിക്കാനുള്ള അവസരം കിട്ടിയില്ല. തലമുറകളോളം പല ദുരന്തങ്ങളും അവർക്ക് അനുഭവിക്കേണ്ടിവന്നു.—10. യഹോവയുമായുള്ള നല്ല ബന്ധം നമുക്കു നഷ്ടപ്പെട്ടേക്കാവുന്നത് എങ്ങനെ?
10 ശലോമോനു സംഭവിച്ചതുപോലെ, യഹോവയുടെ നിലവാരങ്ങളുടെ മൂല്യം മനസ്സിലാക്കുകയോ അതിനെ ആദരിക്കുകയോ ചെയ്യാത്ത ആളുകളുമായുള്ള സൗഹൃദമാണു നമ്മുടെ ആത്മീയതയ്ക്കുള്ള വലിയൊരു ഭീഷണി. അക്കൂട്ടത്തിൽ സഭയോടൊത്ത് സഹവസിക്കുന്ന, ആത്മീയമായി ബലഹീനരായ ആളുകളുമുണ്ടായിരിക്കും. വേറെ ചിലർ യഹോവയെ ആരാധിക്കാത്ത നമ്മുടെ ബന്ധുക്കളോ അയൽക്കാരോ സഹജോലിക്കാരോ സഹപാഠികളോ ആയിരിക്കാം. ആരായാലും, യഹോവയുടെ നിലവാരങ്ങളോട് ആദരവില്ലാത്തവരാണു നമ്മുടെ അടുത്ത കൂട്ടുകാരെങ്കിൽ കാലക്രമേണ യഹോവയുമായുള്ള നമ്മുടെ നല്ല ബന്ധം നശിപ്പിക്കാൻ അവർക്കു കഴിയും.
11. ഒരാളുമായുള്ള സഹവാസം വേണ്ടെന്നുവെക്കണോ എന്നു നിർണയിക്കാൻ നമ്മളെ എന്തു സഹായിക്കും?
11 1 കൊരിന്ത്യർ 15:33 വായിക്കുക. മിക്ക ആളുകൾക്കും ചില നല്ല ഗുണങ്ങളൊക്കെ കാണും. അതുപോലെ സഭയ്ക്കു പുറത്തുള്ള എല്ലാവരും പ്രകടമായ വിധത്തിൽ തെറ്റു ചെയ്യുന്നവരുമല്ല. നിങ്ങൾ സഹവസിക്കുന്നവർ അത്തരക്കാരാണെങ്കിൽ, അവരുമായി കൂട്ടുകൂടുന്നതിൽ അത്ര കുഴപ്പമില്ലെന്നാണോ നിങ്ങൾക്കു തോന്നുന്നത്? എങ്കിൽ, ആ കൂട്ടുകെട്ട് യഹോവയുമായുള്ള നിങ്ങളുടെ ബന്ധത്തെ എങ്ങനെ ബാധിക്കുമെന്നു ചിന്തിക്കുക. യഹോവയുമായുള്ള ബന്ധം മെച്ചപ്പെടാൻ അവർ നിങ്ങളെ സഹായിക്കുമോ? എന്താണ് അവരുടെ ഹൃദയത്തിലുള്ളത്? ഉദാഹരണത്തിന്, ഭൂരിപക്ഷം സമയവും അവർ സംസാരിക്കുന്നതു പുതുപുത്തൻ ഫാഷനുകളെയും പണത്തെയും ഇലക്ട്രോണിക് ഉപകരണങ്ങളെയും വിനോദത്തെയും മറ്റു സാധനങ്ങളെയും കുറിച്ചാണോ? മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്ന അഭിപ്രായങ്ങൾ അവർ പറയാറുണ്ടോ? അശ്ലീലഫലിതങ്ങൾ പറയാൻ അവർക്ക് ഇഷ്ടമാണോ? യേശു തന്ന ഈ മുന്നറിയിപ്പ് ഓർക്കുക: “ഹൃദയം നിറഞ്ഞുകവിയുന്നതാണു വായ് സംസാരിക്കുന്നത്!” (മത്താ. 12:34) യഹോവയുമായുള്ള നല്ല ബന്ധത്തിനു നിങ്ങളുടെ കൂട്ടുകെട്ടു ഭീഷണിയായി തോന്നുന്നെങ്കിൽ ചിന്തിച്ചുനിൽക്കരുത്. ഉടനടി ആ സഹവാസം കുറയ്ക്കുക, ആവശ്യമെങ്കിൽ അത് അവസാനിപ്പിക്കുക.—സുഭാ. 13:20.
യഹോവ സമ്പൂർണഭക്തി ആവശ്യപ്പെടുന്നു
12. (എ) ഇസ്രായേല്യർ ഈജിപ്തിൽനിന്ന് മോചിതരായി അധികം വൈകാതെ യഹോവ അവർക്ക് ഏതു കാര്യം വ്യക്തമാക്കിക്കൊടുത്തു? (ബി) ദൈവം സമ്പൂർണഭക്തി ആവശ്യപ്പെട്ടപ്പോൾ ഇസ്രായേല്യർ എങ്ങനെയാണു പ്രതികരിച്ചത്?
12 ഇനി, ഇസ്രായേല്യർ ഈജിപ്തിൽനിന്ന് മോചിതരായി അധികം കഴിയുന്നതിനു മുമ്പുണ്ടായ പുറ. 19:16-19) ഭയഗംഭീരമായ ഈ പശ്ചാത്തലത്തിൽ ‘സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമായി’ യഹോവ തന്നെത്തന്നെ വെളിപ്പെടുത്തി. തന്നെ സ്നേഹിക്കുകയും തന്റെ കല്പനകൾ പാലിക്കുകയും ചെയ്യുന്നവരോടു താൻ വിശ്വസ്തനായിരിക്കുമെന്ന് യഹോവ ഉറപ്പു കൊടുത്തു. (പുറപ്പാട് 20:1-6 വായിക്കുക.) ജനത്തോട് യഹോവ ഇങ്ങനെ പറയുന്നതുപോലെയായിരുന്നു ഇത്: ‘നിങ്ങൾ എന്റെ പക്ഷത്ത് നിൽക്കുകയാണെങ്കിൽ, ഞാൻ നിങ്ങളുടെ പക്ഷത്തുണ്ടായിരിക്കും.’ ‘ഞാൻ നിങ്ങളോടു വിശ്വസ്തനായിരിക്കും’ എന്ന് യഹോവ നിങ്ങൾക്ക് ഉറപ്പു തരുകയാണെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും? ഇസ്രായേല്യർ പറഞ്ഞതുതന്നെയായിരിക്കും നിങ്ങൾ പറയുക. അവർ “ഒരേ സ്വരത്തിൽ പറഞ്ഞു: ‘യഹോവ കല്പിച്ചിരിക്കുന്നതെല്ലാം ചെയ്യാൻ ഞങ്ങൾ ഒരുക്കമാണ്.’” (പുറ. 24:3) എന്നാൽ പെട്ടെന്നുതന്നെ ഇസ്രായേല്യരുടെ വിശ്വസ്തത പരിശോധിക്കുന്ന അപ്രതീക്ഷിതമായ ഒരു സംഭവമുണ്ടായി.
ഒരു സംഭവം നോക്കാം. അതിൽനിന്ന് നമുക്കു കൂടുതലായ പാഠങ്ങൾ പഠിക്കാനുണ്ട്. ഇപ്പോൾ ജനം സീനായ് പർവതത്തിനു മുമ്പിൽ ഒന്നിച്ചുകൂടിയിരിക്കുകയാണ്. അവിടെവെച്ച് അത്ഭുതകരമായ വിധത്തിൽ യഹോവ തന്റെ സാന്നിധ്യമറിയിച്ചു. പർവതത്തിനു മുകളിൽ ഇരുണ്ട മേഘം രൂപപ്പെട്ടു. ഇടിയും മിന്നലും പുകയും കൊമ്പുവിളിപോലുള്ള ഗംഭീരശബ്ദവും ഉണ്ടാകാൻ യഹോവ ഇടയാക്കി. (13. ഇസ്രായേല്യരുടെ വിശ്വാസം പരിശോധിക്കപ്പെട്ട സാഹചര്യം എന്തായിരുന്നു?
13 ഇരുണ്ട മേഘവും മിന്നലും ദൈവശക്തിയുടെ പ്രകടനമായ മറ്റ് അടയാളങ്ങളും കണ്ട് ഇസ്രായേല്യർ ഭയചകിതരായി. അതുകൊണ്ട് അവരുടെ അഭ്യർഥന മാനിച്ച് അവർക്കുവേണ്ടി യഹോവയോടു സംസാരിക്കാൻ മോശ സീനായ് പർവതത്തിലേക്കു കയറിപ്പോയി. (പുറ. 20:18-21) മോശ പർവതത്തിൽനിന്ന് തിരിച്ചുവരാൻ വൈകുന്നതായി ഇസ്രായേല്യർക്കു തോന്നി. അവർ ആകെ ആശങ്കാകുലരായി. ‘ആശ്രയയോഗ്യനായ ഞങ്ങളുടെ നേതാവില്ലാതെ ഞങ്ങൾ ഇനി എന്തു ചെയ്യും’ എന്ന് അവർ ചിന്തിച്ചുകാണുമോ? അവരുടെ നേതാവിൽ അവർ വെച്ച ആ ആശ്രയം അൽപ്പം അതിരുകവിഞ്ഞുപോയി എന്നു വ്യക്തമല്ലേ? അവർ അഹരോനോടു പറഞ്ഞു: “ഞങ്ങളെ നയിക്കാൻ ഒരു ദൈവത്തെ ഉണ്ടാക്കിത്തരുക. ഈജിപ്ത് ദേശത്തുനിന്ന് ഞങ്ങളെ നയിച്ചുകൊണ്ടുവന്ന ആ മോശയ്ക്ക് എന്തു പറ്റിയെന്ന് ആർക്ക് അറിയാം.”—പുറ. 32:1, 2.
14. ഇസ്രായേല്യർ എങ്ങനെയാണു സ്വയം വഞ്ചിച്ചത്, യഹോവ എങ്ങനെയാണു പ്രതികരിച്ചത്?
14 യഹോവയ്ക്കെതിരെയുള്ള ഗുരുതരമായ പാപമാണു വിഗ്രഹാരാധനയെന്ന് ഇസ്രായേല്യർ മനസ്സിലാക്കിയിട്ട് അധികം സമയം ആയിരുന്നില്ല. (പുറ. 20:3-5) പക്ഷേ അവർ ഇതാ, ഇപ്പോൾ ഒരു സ്വർണക്കാളക്കുട്ടിയെ ആരാധിക്കുകയാണ്. എന്നാൽ, അത്ര പ്രകടമായ രീതിയിൽ അനുസരണക്കേടു കാണിച്ചപ്പോഴും തങ്ങൾ യഹോവയുടെ പക്ഷത്താണെന്നു ചിന്തിച്ചുകൊണ്ട് അവർ സ്വയം വഞ്ചിച്ചു. കാളക്കുട്ടിയെ ആരാധിച്ചതിനെ ‘യഹോവയ്ക്ക് ഒരു ഉത്സവം’ എന്നുപോലും അഹരോൻ വിളിച്ചു! യഹോവ എങ്ങനെയാണ് അതിനോടു പ്രതികരിച്ചത്? ജനം തന്നോടു വിശ്വാസവഞ്ചന കാണിച്ചതായിട്ടാണ് യഹോവയ്ക്കു തോന്നിയത്. ‘ജനം വഷളായിപ്പോയെന്നും താൻ അവരോടു കല്പിച്ച പാതയിൽനിന്ന് അവർ മാറിപ്പോയെന്നും’ യഹോവ മോശയോടു പറഞ്ഞു. തന്റെ “കോപാഗ്നിയിൽ,” പുതുതായി രൂപംകൊണ്ട ഇസ്രായേൽ ജനതയെ തുടച്ചുനീക്കുന്നതിനെക്കുറിച്ചുപോലും യഹോവ ചിന്തിച്ചു.—പുറ. 32:5-10.
15, 16. തങ്ങൾ പൂർണമായും യഹോവയുടെ പക്ഷത്താണെന്നു മോശയും അഹരോനും തെളിയിച്ചത് എങ്ങനെ? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
15 എന്നാൽ യഹോവ കരുണയുള്ളവനാണ്. ഇസ്രായേല്യരെ പൂർണമായും നശിപ്പിക്കാനുള്ള തീരുമാനം യഹോവ ഉപേക്ഷിച്ചു. വിശ്വസ്തരായ ആരാധകർക്ക് അവർ തന്റെ പക്ഷത്താണെന്നു തെളിയിക്കാൻ യഹോവ ഒരു അവസരം കൊടുത്തു. (പുറ. 32:14) ആളുകൾ യാതൊരു നിയന്ത്രണവുമില്ലാതെ ആർത്തുവിളിക്കുകയും പാടുകയും വിഗ്രഹത്തിനു മുമ്പാകെ നൃത്തം ആടുകയും ചെയ്യുന്നതു കണ്ട മോശ സ്വർണക്കാളക്കുട്ടിയെ തകർത്ത് പൊടിയാക്കി. അതിനു ശേഷം ഇങ്ങനെ പറഞ്ഞു: “ആരാണ് യഹോവയുടെ പക്ഷത്തുള്ളത്? അവർ എന്റെ അടുത്ത് വരട്ടെ!” അപ്പോൾ എന്തു സംഭവിച്ചു? “ലേവ്യരെല്ലാം മോശയ്ക്കു ചുറ്റും ഒന്നിച്ചുകൂടി.”—പുറ. 32:17-20, 26.
16 അഹരോൻ വിഗ്രഹത്തെ ഉണ്ടാക്കുന്നതിനു കൂട്ടുനിന്നെങ്കിലും പിന്നീടു പശ്ചാത്തപിക്കുകയും ബാക്കിയുള്ള ലേവ്യരോടൊപ്പം യഹോവയുടെ പക്ഷത്ത് വരുകയും ചെയ്തു. വിശ്വസ്തരുടെ ഈ കൂട്ടം യഹോവയുടെ പക്ഷം ചേരുക മാത്രമായിരുന്നില്ല, തെറ്റു ചെയ്തവരിൽനിന്ന് തങ്ങളെത്തന്നെ വേർപെടുത്തുകയും ചെയ്തു. ജ്ഞാനപൂർവമായ ഒരു തീരുമാനമായിരുന്നു അത്. കാരണം വിഗ്രഹത്തെ ആരാധിച്ചതിന് അന്ന് ആയിരക്കണക്കിന് ആളുകൾക്കു ജീവൻ നഷ്ടപ്പെട്ടു. എന്നാൽ യഹോവയുടെ പക്ഷത്ത് നിന്നവർക്ക് അനുഗ്രഹം ലഭിക്കുമെന്ന വാഗ്ദാനം കിട്ടി.—പുറ. 32:27-29.
17. സ്വർണക്കാളക്കുട്ടിയോടു ബന്ധപ്പെട്ട സംഭവത്തെക്കുറിച്ച് പൗലോസ് എഴുതിയ വാക്കുകൾ നമ്മളെ എന്താണു പഠിപ്പിക്കുന്നത്?
1 കൊരി. 10:6, 7, 11, 12) പൗലോസ് ചൂണ്ടിക്കാണിച്ചതുപോലെ സത്യാരാധകർപോലും തെറ്റായ കാര്യങ്ങളിൽ ഉൾപ്പെട്ടുപോയേക്കാം. അതുപോലെ, പ്രലോഭനത്തിൽ വീണുപോകുന്നവർ തങ്ങൾക്ക് അപ്പോഴും യഹോവയുടെ അംഗീകാരമുണ്ടെന്നു ചിന്തിച്ചേക്കാം. എന്നാൽ യഹോവയുടെ ഒരു സുഹൃത്താകാൻ ആഗ്രഹിക്കുന്നതുകൊണ്ടോ യഹോവയോടു വിശ്വസ്തനാണെന്ന് അവകാശപ്പെടുന്നതുകൊണ്ടോ മാത്രം ഒരു വ്യക്തിക്ക് യഹോവയുടെ അംഗീകാരമുണ്ടായിരിക്കണമെന്നില്ല.—1 കൊരി. 10:1-5.
17 സ്വർണക്കാളക്കുട്ടിയോടു ബന്ധപ്പെട്ട ആ സംഭവം ഓർമിപ്പിച്ചുകൊണ്ട് പൗലോസ് അപ്പോസ്തലൻ ഇങ്ങനെ മുന്നറിയിപ്പു കൊടുത്തു: “ഇതെല്ലാം നമുക്ക് ഒരു പാഠമാണ്. അവരിൽ ചിലരെപ്പോലെ വിഗ്രഹാരാധകരാകരുത്. വ്യവസ്ഥിതികളുടെ അവസാനത്തിൽ വന്നെത്തിയിരിക്കുന്ന നമുക്ക് ഒരു മുന്നറിയിപ്പായാണ് (ഈ കാര്യങ്ങൾ) എഴുതിയിരിക്കുന്നത്. അതുകൊണ്ട് നിൽക്കുന്നു എന്നു വിചാരിക്കുന്നവൻ വീഴാതിരിക്കാൻ സൂക്ഷിച്ചുകൊള്ളട്ടെ.” (18. യഹോവയിൽനിന്ന് അകന്നുപോകാൻ എന്തു കാരണമായേക്കാം, എന്തായിരിക്കും അതിന്റെ ഭവിഷ്യത്തുകൾ?
18 മോശ സീനായിൽനിന്ന് ഇറങ്ങിവരാൻ താമസിക്കുന്നെന്നു കണ്ടപ്പോൾ ഇസ്രായേല്യർക്ക് ഉത്കണ്ഠ തോന്നിയതുപോലെ ഈ ദുഷ്ടവ്യവസ്ഥിതിയുടെ മേലുള്ള യഹോവയുടെ ന്യായവിധിദിവസവും പുതിയ ലോകവും വരാൻ വൈകുന്നതായി തോന്നിയാൽ ക്രിസ്ത്യാനികൾക്കും ഉത്കണ്ഠ തോന്നിയേക്കാം. ‘ഈ പ്രവചനങ്ങളൊക്കെ ശരിക്കും നടക്കുമോ,’ ‘അടുത്ത കാലത്തെങ്ങും ഇതു നടക്കുമെന്നു തോന്നുന്നില്ല’ എന്നതുപോലുള്ള ചിന്തകൾ ചിലരെ പിടികൂടിയേക്കാം. ഓർക്കുക: അത്തരം ചിന്തകൾക്കു മാറ്റം വരുത്തിയില്ലെങ്കിൽ ജീവിതത്തിൽ യഹോവയുടെ ഇഷ്ടത്തിനു പ്രാധാന്യം കൊടുക്കുന്നതിനു പകരം നമ്മൾ ഭൗതികകാര്യങ്ങളുടെ പിന്നാലെ പോയേക്കാം. അങ്ങനെ പതിയെപ്പതിയെ നമ്മൾ യഹോവയിൽനിന്ന് അകന്നുപോകാനും ആത്മീയമായി ശക്തരായിരുന്ന സമയത്ത് തങ്ങൾ ഒരിക്കലും ചെയ്യില്ലെന്നു കരുതിയ കാര്യങ്ങൾ ചെയ്യാനും ഇടയായേക്കാം.
19. ഏത് അടിസ്ഥാനസത്യം നമ്മൾ ഒരിക്കലും മറന്നുപോകരുത്, എന്തുകൊണ്ട്?
19 യഹോവ ആവശ്യപ്പെടുന്നത്, നമ്മുടെ മുഴു ഹൃദയത്തോടെയുള്ള അനുസരണവും സമ്പൂർണഭക്തിയും ആണെന്ന കാര്യം ഒരിക്കലും മറക്കരുത്. (പുറ. 20:5) സത്യാരാധനയിൽനിന്ന് വഴിമാറിപ്പോയാൽ നമ്മൾ സാത്താന്റെ ഇഷ്ടമായിരിക്കും ചെയ്യുന്നത്. അതു ദുരന്തത്തിലേ കൊണ്ടെത്തിക്കുകയുള്ളൂ. അതുകൊണ്ട് പൗലോസ് നമ്മളെ ഇങ്ങനെ ഓർമിപ്പിക്കുന്നു: “നിങ്ങൾക്ക് ഒരേ സമയം യഹോവയുടെ പാനപാത്രത്തിൽനിന്നും ഭൂതങ്ങളുടെ പാനപാത്രത്തിൽനിന്നും കുടിക്കാൻ കഴിയില്ല. നിങ്ങൾക്ക് ഒരേ സമയം ‘യഹോവയുടെ മേശ’യിൽനിന്നും ഭൂതങ്ങളുടെ മേശയിൽനിന്നും കഴിക്കാനും കഴിയില്ല.”—1 കൊരി. 10:21.
യഹോവയോടു പറ്റിനിൽക്കുക!
20. നമ്മൾ തെറ്റായ ഒരു ചുവടു വെച്ചാലും യഹോവ നമ്മളെ എങ്ങനെ സഹായിക്കും?
20 കയീനെയും ശലോമോനെയും അതുപോലെ ഇസ്രായേല്യരെയും കുറിച്ചുള്ള ബൈബിൾവിവരണങ്ങൾ ഒരിക്കൽക്കൂടി ശ്രദ്ധിക്കുക. ഈ വ്യക്തികൾക്കെല്ലാം പൊതുവായ ഒരു കാര്യമുണ്ടായിരുന്നു. അതായത്, അവർക്കു ‘മാനസാന്തരപ്പെടാനും ദൈവത്തിലേക്കു തിരിയാനും’ ഉള്ള അവസരമുണ്ടായിരുന്നു. (പ്രവൃ. 3:19) തെറ്റായ ഒരു ചുവടു വെക്കുന്നവരെ യഹോവ പെട്ടെന്നു തള്ളിക്കളയില്ലെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം. അഹരോനോട് യഹോവ ക്ഷമിച്ചത് അതിന്റെ തെളിവാണ്. ഇക്കാലത്ത് യഹോവയിൽനിന്നുള്ള മുന്നറിയിപ്പു നമുക്കു ലഭിക്കുന്നതു ബൈബിളിലൂടെയോ പ്രസിദ്ധീകരണങ്ങളിലൂടെയോ അല്ലെങ്കിൽ ഒരു സഹക്രിസ്ത്യാനി ദയയോടെ തരുന്ന ഉപദേശത്തിലൂടെയോ ആയിരിക്കാം. ഇങ്ങനെയുള്ള മുന്നറിയിപ്പുകൾക്കു നമ്മൾ ചെവി കൊടുക്കുന്നെങ്കിൽ യഹോവയുടെ കരുണ ഉറപ്പായും നമുക്കു ലഭിക്കും.
21. യഹോവയോടുള്ള വിശ്വസ്തത പരീക്ഷിക്കപ്പെടുമ്പോൾ എന്തു ചെയ്യാനായിരിക്കണം നമ്മുടെ ദൃഢനിശ്ചയം?
21 യഹോവ നമ്മളോടു കാണിക്കുന്ന അനർഹദയയ്ക്ക് ഒരു ഉദ്ദേശ്യമുണ്ട്. (2 കൊരി. 6:1) ‘അഭക്തിയും ലൗകികമോഹങ്ങളും തള്ളിക്കളയാനുള്ള’ അവസരം അതു നമുക്കു തരുന്നു. (തീത്തോസ് 2:11-14 വായിക്കുക.) “ഈ വ്യവസ്ഥിതിയിൽ” ജീവിക്കുന്നിടത്തോളം യഹോവയോടുള്ള സമ്പൂർണഭക്തി പരിശോധിക്കപ്പെടുന്ന പല സാഹചര്യങ്ങളും നമ്മൾ നേരിടും. അപ്പോഴെല്ലാം യഹോവയുടെ പക്ഷത്ത് ഉറച്ചുനിൽക്കാൻ നമുക്ക് ഒരുങ്ങിയിരിക്കാം. കാരണം ‘നമ്മൾ നമ്മുടെ ദൈവമായ യഹോവയെ ഭയപ്പെടണം; ഈ ദൈവത്തെയാണു നമ്മൾ സേവിക്കേണ്ടത്; ഈ ദൈവത്തോടാണു നമ്മൾ പറ്റിച്ചേരേണ്ടത്.’—ആവ. 10:20.