വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുറമേ കാണു​ന്ന​തു​വെച്ച് വിധി​ക്ക​രുത്‌

പുറമേ കാണു​ന്ന​തു​വെച്ച് വിധി​ക്ക​രുത്‌

“പുറമേ കാണു​ന്ന​തു​വെച്ച് വിധി​ക്കാ​തെ നീതി​യോ​ടെ വിധി​ക്കുക.”യോഹ. 7:24.

ഗീതങ്ങൾ: 142, 123

1. യേശു​വി​നെ​പ്പറ്റി യശയ്യ എന്താണു പ്രവചി​ച്ചത്‌, ഈ വാക്കുകൾ നമുക്ക് ഒരു പ്രോ​ത്സാ​ഹ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

“കണ്ണു​കൊണ്ട് കാണു​ന്ന​ത​നു​സ​രിച്ച് അവൻ വിധി കല്‌പി​ക്കില്ല, ചെവി​കൊണ്ട് കേൾക്കു​ന്ന​ത​നു​സ​രിച്ച് ശാസി​ക്കു​ക​യു​മില്ല. പാവ​പ്പെ​ട്ട​വരെ അവൻ ന്യായ​ത്തോ​ടെ വിധി​ക്കും” എന്നു നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​നെ​ക്കു​റിച്ച് യശയ്യ മുൻകൂ​ട്ടി​പ്പ​റഞ്ഞു. (യശ. 11:3, 4) യേശു​വി​നെ​ക്കു​റി​ച്ചുള്ള ഈ പ്രാവ​ച​നി​ക​വാ​ക്കു​കൾ നമുക്കു ധൈര്യ​വും പ്രോ​ത്സാ​ഹ​ന​വും പകരു​ന്നത്‌ എന്തു​കൊണ്ട്? കാരണം, പക്ഷപാ​ത​വും മുൻവി​ധി​യും നിറഞ്ഞ ഒരു ലോക​ത്തി​ലാ​ണു നമ്മൾ ജീവി​ക്കു​ന്നത്‌. പുറമേ കാണു​ന്ന​ത​നു​സ​രിച്ച് വിധി​ക്കാത്ത, എല്ലാം തികഞ്ഞ ഇങ്ങനെ​യുള്ള ഒരു ന്യായാ​ധി​പ​നു​വേ​ണ്ടി​യല്ലേ നമ്മൾ കാത്തി​രി​ക്കു​ന്നത്‌!

2. യേശു എന്തു ചെയ്യാ​നാ​ണു നമ്മളോ​ടു കല്‌പി​ച്ചത്‌, ഈ ലേഖന​ത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

2 ഓരോ ദിവസ​വും നമ്മൾ ആളുക​ളെ​ക്കു​റിച്ച് പലപല വിലയി​രു​ത്ത​ലു​കൾ നടത്താ​റുണ്ട്. എന്നാൽ അപൂർണ​രാ​യ​തു​കൊണ്ട് യേശു​വി​നെ​പ്പോ​ലെ ഒരു പിഴവും​കൂ​ടാ​തെ കാര്യങ്ങൾ വിലയി​രു​ത്താൻ നമുക്കു കഴിയില്ല. കണ്ണിനു കാണു​ന്ന​ത​നു​സ​രിച്ച് വിധി​ക്കാ​നുള്ള ഒരു ചായ്‌വ്‌ നമുക്കുണ്ട്. പക്ഷേ ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു ഇങ്ങനെ കല്‌പി​ച്ചു: “പുറമേ കാണു​ന്ന​തു​വെച്ച് വിധി​ക്കാ​തെ നീതി​യോ​ടെ വിധി​ക്കുക.” (യോഹ. 7:24) വ്യക്തമാ​യും, പുറമേ കാണു​ന്ന​തു​വെച്ച് മറ്റുള്ള​വരെ വിധി​ക്കു​ന്ന​തി​നു പകരം നമ്മൾ യേശു​വി​നെ​പ്പോ​ലെ​യാ​കാ​നാ​ണു യേശു ആഗ്രഹി​ക്കു​ന്നത്‌. മിക്ക​പ്പോ​ഴും കണ്ണിനു കാണു​ന്ന​തു​പോ​ലെ ആളുകളെ വിധി​ക്കാൻ ഇടയാ​ക്കുന്ന മൂന്നു കാര്യങ്ങൾ ഈ ലേഖന​ത്തിൽ ചർച്ച ചെയ്യും: ജാതി, സമ്പത്ത്‌, പ്രായം. ഓരോ​ന്നി​നെ​ക്കു​റി​ച്ചും പഠിക്കു​മ്പോൾ, നമുക്കു യേശു​വി​ന്‍റെ കല്‌പന എങ്ങനെ അനുസ​രി​ക്കാ​മെ​ന്നും നമ്മൾ ചിന്തി​ക്കും.

ജാതി​യു​ടെ അടിസ്ഥാ​ന​ത്തിൽ വിധി​ക്ക​രുത്‌

3, 4. (എ) ജനതക​ളിൽപ്പെ​ട്ട​വ​രോ​ടുള്ള വീക്ഷണ​ത്തി​നു മാറ്റം​വ​രു​ത്താൻ ഏതൊക്കെ സംഭവ​ങ്ങ​ളാ​ണു പത്രോ​സി​നെ പ്രേരി​പ്പി​ച്ചത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.) (ബി) ഏതു പുതിയ സത്യം മനസ്സി​ലാ​ക്കാൻ യഹോവ പത്രോ​സി​നെ സഹായി​ച്ചു?

3 ജനതക​ളിൽപ്പെട്ട കൊർന്നേ​ല്യൊ​സി​ന്‍റെ വീട്ടി​ലേക്കു ചെല്ലാൻ പറഞ്ഞ​പ്പോൾ പത്രോസ്‌ അപ്പോ​സ്‌ത​ലന്‍റെ മനസ്സി​ലൂ​ടെ എന്തൊക്കെ ചിന്തകൾ കടന്നു​പോ​യി​രി​ക്കാം? (പ്രവൃ. 10:17-29) അക്കാലത്തെ മറ്റു ജൂതന്മാ​രെ​പ്പോ​ലെ പത്രോ​സും ചെറു​പ്പം​മു​തലേ ചിന്തി​ച്ചി​രു​ന്നതു ജനതക​ളിൽപ്പെ​ട്ടവർ അശുദ്ധ​രാ​ണെ​ന്നാണ്‌. എന്നാൽ മാറി​ച്ചി​ന്തി​ക്കാൻ പത്രോ​സി​നെ പ്രേരി​പ്പിച്ച ചില സംഭവ​ങ്ങ​ളു​ണ്ടാ​യി. ഉദാഹ​ര​ണ​ത്തിന്‌, പത്രോ​സിന്‌ അത്ഭുത​ക​ര​മായ ഒരു ദർശനം ലഭിച്ചു. (പ്രവൃ. 10:9-16) പത്രോസ്‌ എന്താണു കണ്ടത്‌? വിരി​പോ​ലെ​യുള്ള ഒരു പാത്രം പത്രോ​സി​ന്‍റെ മുന്നി​ലേക്ക് ഇറക്കുന്നു. അതിൽ അശുദ്ധ​മൃ​ഗങ്ങൾ നിറഞ്ഞി​രു​ന്നു. ഒപ്പം, “പത്രോ​സേ, എഴു​ന്നേറ്റ്‌ ഇവയെ അറുത്ത്‌ തിന്നൂ” എന്ന് ആജ്ഞാപി​ക്കുന്ന ഒരു സ്വർഗീ​യ​ശ​ബ്ദ​വും. ഇങ്ങനെ മൂന്നു പ്രാവ​ശ്യം സംഭവി​ച്ചു. ഓരോ തവണയും പത്രോസ്‌ കഴിക്കാൻ വിസമ്മ​തി​ച്ചു. അപ്പോ​ഴൊ​ക്കെ സ്വർഗീ​യ​ശബ്ദം പത്രോ​സി​നോട്‌, “ദൈവം ശുദ്ധീ​ക​രി​ച്ച​വയെ നീ മലിന​മെന്നു വിളി​ക്ക​രുത്‌” എന്നു പറഞ്ഞു. ദർശന​ത്തിൽനിന്ന് ഉണർന്ന പത്രോ​സിന്‌ ആ പറഞ്ഞതി​ന്‍റെ അർഥം എന്താ​ണെന്നു മനസ്സി​ലാ​യില്ല. അപ്പോ​ഴാ​ണു കൊർന്നേ​ല്യൊസ്‌ അയച്ച ആളുകൾ അവിടെ എത്തിയത്‌. പരിശു​ദ്ധാ​ത്മാ​വിൽനി​ന്നും നിർദേശം ലഭിച്ച പത്രോസ്‌ ഒട്ടും മടിക്കാ​തെ അവരു​ടെ​കൂ​ടെ കൊർന്നേ​ല്യൊ​സി​ന്‍റെ വീട്ടി​ലേക്കു പോയി.

4 പുറമേ കാണു​ന്ന​തു​വെച്ച് മാത്രം കാര്യങ്ങൾ വിലയി​രു​ത്തു​ക​യാ​യി​രു​ന്നെ​ങ്കിൽ പത്രോസ്‌ ഒരിക്ക​ലും കൊർന്നേ​ല്യൊ​സി​ന്‍റെ വീട്ടിൽ പ്രവേ​ശി​ക്കു​മാ​യി​രു​ന്നില്ല. കാരണം, ജൂതന്മാർക്കു ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ വീടു​ക​ളിൽ കയറുന്ന രീതി​യി​ല്ലാ​യി​രു​ന്നു. ആഴത്തിൽ വേരൂ​ന്നിയ മുൻവി​ധി​ക​ളു​ണ്ടാ​യി​രു​ന്നി​ട്ടും പത്രോസ്‌ എന്തു​കൊ​ണ്ടാ​ണു പോയത്‌? ദർശന​വും പരിശു​ദ്ധാ​ത്മാ​വിൽനിന്ന് കിട്ടിയ ഉറപ്പും പത്രോ​സി​നെ അത്ര​യേറെ സ്വാധീ​നി​ച്ചു. കൊർന്നേ​ല്യൊസ്‌ പറഞ്ഞ വിവരങ്ങൾ കേട്ട പത്രോസ്‌ ദൈവ​പ്ര​ചോ​ദി​ത​നാ​യി ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “ദൈവം പക്ഷപാ​ത​മു​ള്ള​വ​ന​ല്ലെന്ന് എനിക്ക് ഇപ്പോൾ ശരിക്കും മനസ്സി​ലാ​യി. ഏതു ജനതയിൽപ്പെട്ട ആളാ​ണെ​ങ്കി​ലും, ദൈവത്തെ ഭയപ്പെട്ട് ശരിയാ​യതു പ്രവർത്തി​ക്കുന്ന മനുഷ്യ​നെ ദൈവം അംഗീ​ക​രി​ക്കു​ന്നു.” (പ്രവൃ. 10:34, 35) ദൂരവ്യാ​പ​ക​ഫ​ലങ്ങൾ ഉളവാ​ക്കു​മാ​യി​രുന്ന ഈ പുതിയ ഗ്രാഹ്യം പത്രോ​സി​നെ ആവേശം​കൊ​ള്ളി​ച്ചു. ഇത്‌ മറ്റു ക്രിസ്‌ത്യാ​നി​കളെ എങ്ങനെ ബാധി​ക്കു​മാ​യി​രു​ന്നു?

5. (എ) എല്ലാ ക്രിസ്‌ത്യാ​നി​ക​ളും ഏതു കാര്യം മനസ്സി​ലാ​ക്ക​ണ​മെ​ന്നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌? (ബി) സത്യം അറിഞ്ഞ​തി​നു ശേഷവും നമ്മുടെ ഉള്ളിൽ എന്തു കാണും?

5 താൻ പക്ഷപാ​ത​മു​ള്ള​വനല്ല എന്നു മനസ്സി​ലാ​ക്കാൻ പത്രോ​സി​നെ ഉപയോ​ഗി​ച്ചു​കൊണ്ട് എല്ലാ ക്രിസ്‌ത്യാ​നി​ക​ളെ​യും യഹോവ സഹായി​ക്കു​ക​യാ​യി​രു​ന്നു. ജാതി, വർഗം, രാഷ്‌ട്രം, ഗോത്രം, ഭാഷ എന്നിവ​യ്‌ക്കൊ​ന്നും യഹോവ ഒരു പ്രാധാ​ന്യ​വും കല്‌പി​ക്കു​ന്നില്ല. തന്നെ ഭയപ്പെട്ട് ശരിയാ​യതു പ്രവർത്തി​ക്കുന്ന ആരെയും ദൈവം അംഗീ​ക​രി​ക്കു​ന്നു. (ഗലാ. 3:26-28; വെളി. 7:9, 10) ഇക്കാര്യം സത്യമാ​ണെന്നു നിങ്ങൾ അംഗീ​ക​രി​ക്കും എന്നതിനു സംശയ​മില്ല. പക്ഷേ മറ്റുള്ള​വ​രോ​ടു മുൻവി​ധി​കൾ വെച്ചു​പു​ലർത്തുന്ന ഒരു ദേശത്തോ ഭവനത്തി​ലോ ആണ്‌ നിങ്ങൾ ജനിച്ചു​വ​ളർന്ന​തെ​ങ്കിൽ ഒരു അപകട​മുണ്ട്. പക്ഷപാ​ത​മി​ല്ലാത്ത ആളാ​ണെന്നു സ്വയം തോന്നി​യേ​ക്കാ​മെ​ങ്കി​ലും ഒരുപക്ഷേ നിങ്ങളു​ടെ ഉള്ളിന്‍റെ ഉള്ളിൽ മുൻവി​ധി​കൾ ഇപ്പോ​ഴും അവശേ​ഷി​ക്കു​ന്നു​ണ്ടാ​കും. യഹോ​വ​യ്‌ക്കു പക്ഷപാ​ത​മി​ല്ലെന്നു മനസ്സി​ലാ​ക്കാൻ മറ്റുള്ള​വരെ സഹായിച്ച പത്രോ​സു​പോ​ലും പിന്നീടു മുൻവി​ധി​യോ​ടെ ഇടപെട്ടു. (ഗലാ. 2:11-14) യേശു പറഞ്ഞതി​നു ചേർച്ച​യിൽ പുറമേ കാണു​ന്ന​തു​വെച്ച് മറ്റുള്ള​വരെ വിധി​ക്കു​ന്നതു നിറു​ത്താൻ നമുക്ക് എങ്ങനെ പഠി​ച്ചെ​ടു​ക്കാ​നാ​കും?

6. (എ) ഹൃദയ​ത്തിൽനിന്ന് മുൻവി​ധി പിഴു​തെ​റി​യാൻ നമ്മളെ എന്തു സഹായി​ക്കും? (ബി) ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ത്തുള്ള ഒരു സഹോ​ദ​രന്‍റെ റിപ്പോർട്ട് എന്താണു കാണി​ക്കു​ന്നത്‌?

6 നമ്മൾ മറ്റുള്ള​വ​രോട്‌ ഏതെങ്കി​ലും തരത്തി​ലുള്ള മുൻവി​ധി ഇപ്പോ​ഴും വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ടോ എന്നു ദൈവ​വ​ച​ന​ത്തി​ന്‍റെ വെളി​ച്ച​ത്തിൽ സ്വയം പരി​ശോ​ധി​ച്ചു​നോ​ക്കണം. (സങ്കീ. 119:105) സ്‌നേ​ഹ​ത്തോ​ടെ മറ്റുള്ളവർ തരുന്ന സഹായ​വും നമുക്ക് ആവശ്യ​മാ​യി​രു​ന്നേ​ക്കാം. കാരണം നമുക്കു മുൻവി​ധി​യു​ണ്ടോ ഇല്ലയോ എന്നു സ്വയം കാണാൻ കഴി​ഞ്ഞെ​ന്നു​വ​രില്ല. എന്നാൽ മറ്റുള്ളവർ അതു നിരീ​ക്ഷി​ച്ചേ​ക്കാം. (ഗലാ. 2:11, 14) ഈ മനോ​ഭാ​വങ്ങൾ നമ്മുടെ ഉള്ളിൽ ആഴത്തിൽ വേരോ​ടി​യ​വ​യാ​യ​തു​കൊണ്ട് നമ്മൾ ഒരുപക്ഷേ അവ അറിയു​ന്നു​പോ​ലു​മു​ണ്ടാ​കില്ല. ഉദാഹ​ര​ണ​ത്തിന്‌, ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ത്തുള്ള ഒരു സഹോ​ദരൻ മുഴു​സ​മ​യ​സേ​വ​ന​ത്തിൽ നന്നായി പ്രവർത്തി​ക്കുന്ന ഒരു ദമ്പതി​ക​ളെ​ക്കു​റിച്ച് ഒരിക്കൽ ഒരു റിപ്പോർട്ട് അയച്ചു. മറ്റുള്ളവർ പുച്ഛ​ത്തോ​ടെ കണ്ടിരുന്ന ഒരു വംശീ​യ​ക്കൂ​ട്ട​ത്തിൽനി​ന്നുള്ള ആളായി​രു​ന്നു ഭർത്താവ്‌. റിപ്പോർട്ടിൽ സഹോ​ദരൻ ഭർത്താ​വി​നെ​ക്കു​റിച്ച് ധാരാളം നല്ല കാര്യങ്ങൾ ചേർത്തി​രു​ന്നു. പക്ഷേ അത്‌ അവസാ​നി​പ്പി​ച്ചത്‌ ഇങ്ങനെ​യാണ്‌: “ഈ വംശത്തി​ലുള്ള മിക്കവ​രും ശുചി​ത്വ​മി​ല്ലാ​ത്ത​വ​രും അവരുടെ ജീവി​ത​നി​ല​വാ​രം വളരെ താഴ്‌ന്ന​തും ആണ്‌. എങ്കിലും, ഇദ്ദേഹ​ത്തി​ന്‍റെ പെരു​മാ​റ്റ​രീ​തി​യും ജീവി​ത​ശൈ​ലി​യും ഈ വംശത്തി​ലെ എല്ലാവ​രും അങ്ങനെ​യ​ല്ലെന്നു മനസ്സി​ലാ​ക്കാൻ മറ്റുള്ള​വരെ സഹായി​ക്കും.” രസകര​മായ ഒരു സംഗതി, ആ വംശത്തി​ലു​ള്ള​വ​രോ​ടു തനിക്കു തിരി​ച്ചു​വ്യ​ത്യാ​സ​മു​ണ്ടെന്ന് ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ത്തുള്ള ഈ സഹോ​ദരൻ തിരി​ച്ച​റി​ഞ്ഞില്ല. ഇതിൽ നമുക്ക് ഒരു പാഠമി​ല്ലേ? നമുക്കു സംഘട​ന​യിൽ പലപല ഉത്തരവാ​ദി​ത്വ​ങ്ങൾ കാണും. എങ്കിൽപ്പോ​ലും, മുൻവി​ധി​യു​ടെ എന്തെങ്കി​ലും കണികകൾ നമ്മുടെ ഹൃദയ​ത്തി​ലു​ണ്ടോ എന്നു ശ്രദ്ധാ​പൂർവം പരി​ശോ​ധി​ക്കു​ക​യും മറ്റുള്ള​വ​രിൽനിന്ന് താഴ്‌മ​യോ​ടെ സഹായം സ്വീക​രി​ക്കു​ക​യും വേണം. കൂടു​ത​ലാ​യി നമുക്ക് എന്തു ചെയ്യാൻ കഴിയും?

7. വിശാ​ല​ത​യു​ള്ള​വ​രാ​ണെന്നു നമുക്ക് എങ്ങനെ കാണി​ക്കാം?

7 നമ്മുടെ ഹൃദയം വിശാ​ല​മാ​ക്കു​ന്നെ​ങ്കിൽ മുൻവി​ധി​യു​ടെ സ്ഥാനത്ത്‌ സ്‌നേഹം വളർന്നു​വ​രും. (2 കൊരി. 6:11-13) നിങ്ങൾ ദേശമോ ജാതി​യോ മതപശ്ചാ​ത്ത​ല​മോ ഭാഷയോ ഇപ്പോ​ഴും നോക്കാ​റു​ണ്ടോ? അതിന്‍റെ അടിസ്ഥാ​ന​ത്തി​ലാ​ണോ ഉറ്റസു​ഹൃ​ത്തു​ക്കളെ തിര​ഞ്ഞെ​ടു​ക്കു​ന്നത്‌? എങ്കിൽ വിശാ​ല​ത​യു​ള്ള​വ​രാ​കുക. നിങ്ങളു​ടെ​കൂ​ടെ വയൽസേ​വ​ന​ത്തി​നോ കൂടി​വ​ര​വി​നോ ഭക്ഷണത്തി​നോ വ്യത്യ​സ്‌ത​പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ലുള്ള സഹോ​ദ​ര​ങ്ങളെ നിങ്ങൾ ക്ഷണിക്കാ​റു​ണ്ടോ? (പ്രവൃ. 16:14, 15) അങ്ങനെ​യെ​ല്ലാം ചെയ്യു​മ്പോൾ നിങ്ങളു​ടെ ഹൃദയ​ത്തിൽ സ്‌നേഹം നിറയും, അവിടെ മുൻവി​ധി​ക്കു യാതൊ​രു സ്ഥാനവും കാണില്ല. പുറമേ കാണു​ന്ന​തു​വെച്ച് ആളുകൾ മറ്റുള്ള​വരെ വിധി​ക്കാൻ ചായ്‌വ്‌ കാണി​ക്കുന്ന മറ്റു പല മേഖല​ക​ളു​മുണ്ട്. അതി​ലൊ​ന്നാ​ണു സമ്പത്ത്‌.

സമ്പത്തിന്‍റെ അടിസ്ഥാ​ന​ത്തിൽ വിധി​ക്ക​രുത്‌

8. ലേവ്യ 19:15 അനുസ​രിച്ച്, ആളുക​ളു​ടെ സാമ്പത്തി​ക​സ്ഥി​തി നമ്മുടെ വീക്ഷണത്തെ സ്വാധീ​നി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ?

8 ആളുക​ളു​ടെ സാമ്പത്തി​ക​നില നമ്മൾ അവരെ വീക്ഷി​ക്കുന്ന വിധത്തെ സ്വാധീ​നി​ച്ചേ​ക്കാം. ലേവ്യ 19:15 പറയുന്നു: “നിങ്ങൾ നീതി​ര​ഹി​ത​മാ​യി ന്യായം വിധി​ക്ക​രുത്‌. ദരി​ദ്ര​നോ​ടു പക്ഷപാ​ത​മോ സമ്പന്ന​നോ​ടു പ്രത്യേ​ക​പ​രി​ഗ​ണ​ന​യോ കാണി​ക്ക​രുത്‌. സഹമനു​ഷ്യ​നെ നീതി​യോ​ടെ വിധി​ക്കണം.” സമ്പന്നരാ​ണോ ദരി​ദ്ര​രാ​ണോ എന്നു നോക്കി​യാ​ണോ നമ്മൾ ആളുകളെ വിലയി​രു​ത്തു​ന്നത്‌?

9. ശലോ​മോൻ രേഖ​പ്പെ​ടു​ത്തിയ ദുഃഖ​ക​ര​മായ ഒരു സത്യം ഏതാണ്‌, അതു നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

9 അപൂർണ​മ​നു​ഷ്യ​രെ​ക്കു​റിച്ച് ദുഃഖ​ക​ര​മായ ഒരു സത്യം രേഖ​പ്പെ​ടു​ത്താൻ പരിശു​ദ്ധാ​ത്മാവ്‌ ശലോ​മോ​നെ പ്രചോ​ദി​പ്പി​ച്ചു. സുഭാ​ഷി​തങ്ങൾ 14:20 പറയുന്നു: “ദരി​ദ്രനെ അയൽക്കാർപോ​ലും വെറു​ക്കു​ന്നു; എന്നാൽ പണക്കാ​രന്‌ അനേകം കൂട്ടു​കാ​രു​ണ്ടാ​യി​രി​ക്കും.” ഈ വാക്യം നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌? ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ നമ്മൾ സമ്പന്നരായ സഹോ​ദ​ര​ങ്ങളെ മാത്രം സുഹൃ​ത്തു​ക്ക​ളാ​ക്കാൻ ആഗ്രഹി​ച്ചേ​ക്കാം, പാവപ്പെട്ട സഹോ​ദ​ര​ങ്ങളെ അവഗണി​ക്കു​ക​യും ചെയ്‌തേ​ക്കാം. സമ്പത്തിന്‍റെ അടിസ്ഥാ​ന​ത്തിൽ മറ്റുള്ള​വരെ വിലയി​രു​ത്തു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌ ഇത്ര അപകട​മാ​യി​രി​ക്കു​ന്നത്‌?

10. ഏതു പ്രശ്‌ന​ത്തെ​ക്കു​റി​ച്ചാ​ണു യാക്കോബ്‌ പറഞ്ഞത്‌?

10 മറ്റുള്ള​വരെ സാമ്പത്തി​ക​നി​ല​യു​ടെ അടിസ്ഥാ​ന​ത്തിൽ കാണു​ന്നെ​ങ്കിൽ നമ്മൾ സഭയിൽ ഭിന്നത സൃഷ്ടി​ച്ചേ​ക്കാം. ഒന്നാം നൂറ്റാ​ണ്ടി​ലെ ചില സഭകളിൽ തരംതി​രി​വു​കൾക്കു കാരണ​മായ ഈ മനോ​ഭാ​വ​ത്തിന്‌ എതിരെ യാക്കോബ്‌ മുന്നറി​യി​പ്പു നൽകി. (യാക്കോബ്‌ 2:1-4 വായി​ക്കുക.) ഇത്തരം മനോ​ഭാ​വം ഇന്നു സഭകളെ സ്വാധീ​നി​ക്കാ​തി​രി​ക്കാൻ നമ്മൾ ജാഗ്രത പാലി​ക്കണം. സമ്പത്തിന്‍റെ അടിസ്ഥാ​ന​ത്തിൽ ആളുകളെ വിധി​ക്കു​ന്നതു നമുക്ക് എങ്ങനെ ഒഴിവാ​ക്കാം?

11. ഒരാളു​ടെ സമ്പത്ത്‌ യഹോ​വ​യു​മാ​യുള്ള അയാളു​ടെ ബന്ധത്തെ സ്വാധീ​നി​ക്കു​മോ? വിശദീ​ക​രി​ക്കുക.

11 നമ്മൾ സഹോ​ദ​ര​ങ്ങളെ യഹോവ കാണു​ന്ന​തു​പോ​ലെ കാണണം. പണക്കാ​ര​നാ​ണോ പാവ​പ്പെ​ട്ട​വ​നാ​ണോ എന്നു നോക്കി​യല്ല യഹോവ ഒരാൾക്കു വില കല്‌പി​ക്കു​ന്നത്‌. യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധം നിർണ​യി​ക്കു​ന്ന​തും ഇതല്ല. “ധനികനു സ്വർഗ​രാ​ജ്യ​ത്തിൽ കടക്കാൻ പ്രയാ​സ​മാ​ണെന്നു” യേശു പറഞ്ഞു എന്നതു സത്യമാണ്‌. പക്ഷേ അത്‌ അസാധ്യ​മാ​ണെന്നു യേശു പറഞ്ഞില്ല. (മത്താ. 19:23) അതേസ​മയം യേശു ഇങ്ങനെ​യും പറഞ്ഞു: “ദരി​ദ്ര​രായ നിങ്ങൾ സന്തുഷ്ടർ. കാരണം ദൈവ​രാ​ജ്യം നിങ്ങൾക്കു​ള്ള​താണ്‌.” (ലൂക്കോ. 6:20) എന്നാൽ ഇതിന്‍റെ അർഥം ദരി​ദ്രർക്കു പ്രത്യേക അനു​ഗ്ര​ഹ​മു​ണ്ടെ​ന്നും അവർ എല്ലാവ​രും യേശു​വി​ന്‍റെ പഠിപ്പി​ക്ക​ലു​കൾ സ്വീക​രി​ച്ചെ​ന്നും അല്ല. ദരി​ദ്ര​രായ പലരും യേശു​വി​നെ ശ്രദ്ധി​ച്ചില്ല. ചുരു​ക്ക​ത്തിൽ ആശയമി​താണ്‌: ഒരാളു​ടെ വസ്‌തു​വ​ക​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ യഹോ​വ​യു​മാ​യി അയാൾക്കു ബന്ധമു​ണ്ടോ ഇല്ലയോ എന്നു പറയാൻ കഴിയില്ല.

12. സമ്പന്നർക്കും ദരി​ദ്രർക്കും തിരു​വെ​ഴു​ത്തു​കൾ എന്തു ബുദ്ധി​യു​പ​ദേ​ശ​മാ​ണു കൊടു​ത്തി​രി​ക്കു​ന്നത്‌?

12 പണക്കാ​രാ​ണെ​ങ്കി​ലും പാവപ്പെട്ടവരാണെങ്കിലും യഹോവയെ  പൂർണഹൃദയത്തോടെ സ്‌നേ​ഹി​ക്കു​ക​യും സേവി​ക്കു​ക​യും ചെയ്യുന്ന ധാരാളം സഹോ​ദ​ര​ങ്ങ​ളു​ള്ള​തിൽ നമ്മൾ സന്തുഷ്ട​രാണ്‌. ‘അസ്ഥിര​മായ ധനത്തിലല്ല, ദൈവ​ത്തിൽ പ്രത്യാശ വെക്കാൻ’ തിരു​വെ​ഴു​ത്തു​കൾ സമ്പന്ന​രോട്‌ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 6:17-19 വായി​ക്കുക.) അതേസ​മയം പണസ്‌നേ​ഹ​ത്തിന്‌ എതിരെ ജാഗ്രത പാലി​ക്കാൻ എല്ലാ ദൈവ​ദാ​സർക്കും, സമ്പന്നർക്കും ദരി​ദ്രർക്കും ഒരു​പോ​ലെ, ദൈവ​വ​ചനം മുന്നറി​യി​പ്പു കൊടു​ക്കു​ക​യും ചെയ്യുന്നു. (1 തിമൊ. 6:9, 10) നമ്മൾ കണ്ണു തുറന്ന് യഹോവ കാണു​ന്ന​തു​പോ​ലെ സഹോ​ദ​ര​ങ്ങളെ കാണു​ന്നെ​ങ്കിൽ സമ്പത്ത്‌ മാത്രം നോക്കി അവരെ വിലയി​രു​ത്താൻ നമുക്കു തോന്നില്ല. എന്നാൽ പ്രായ​മോ? ആളുകളെ വിധി​ക്കാ​നുള്ള ശരിയായ അളവു​കോ​ലാ​ണോ അത്‌? അതാണ്‌ ഇനി കാണാൻപോ​കു​ന്നത്‌.

പ്രായ​ത്തി​ന്‍റെ അടിസ്ഥാ​ന​ത്തിൽ വിധി​ക്ക​രുത്‌

13. പ്രായ​മാ​യ​വ​രോട്‌ ആദരവ്‌ കാണി​ക്കു​ന്ന​തി​നെ​ക്കു​റിച്ച് ബൈബിൾ എന്താണു പറയു​ന്നത്‌?

13 പ്രായ​മാ​യ​വരെ ബഹുമാ​നി​ക്ക​ണ​മെന്നു തിരു​വെ​ഴു​ത്തു​കൾ നമ്മളെ കൂടെ​ക്കൂ​ടെ ഉപദേ​ശി​ക്കു​ന്നു. ലേവ്യ 19:32 പറയുന്നു: “മുടി നരച്ചയാ​ളു​ടെ മുന്നിൽ എഴു​ന്നേൽക്കു​ക​യും പ്രായം​ചെ​ന്ന​യാ​ളോ​ടു ബഹുമാ​നം കാണി​ക്കു​ക​യും വേണം. നിന്‍റെ ദൈവത്തെ നീ ഭയപ്പെ​ടണം.” അതു​പോ​ലെ സുഭാ​ഷി​തങ്ങൾ 16:31-ൽ ഈ ബുദ്ധി​യു​പ​ദേശം കാണാം: “നീതി​യു​ടെ മാർഗ​ത്തിൽ നടക്കു​ന്ന​വർക്ക് നരച്ച മുടി സൗന്ദര്യ​കി​രീ​ട​മാണ്‌.” കൂടാതെ, പ്രായ​മുള്ള ഒരു പുരു​ഷനെ നിശി​ത​മാ​യി വിമർശി​ക്ക​രു​തെന്നു പൗലോസ്‌ തിമൊ​ഥെ​യൊ​സി​നോ​ടു പറഞ്ഞു. അങ്ങനെ​യു​ള്ള​വരെ തിമൊ​ഥെ​യൊസ്‌ അപ്പനെ​പ്പോ​ലെ കാണണ​മാ​യി​രു​ന്നു. (1 തിമൊ. 5:1, 2) പ്രായ​മുള്ള സഹോ​ദ​ര​ങ്ങ​ളു​ടെ മേൽ തിമൊ​ഥെ​യൊ​സിന്‌ ഒരളവു​വരെ അധികാ​ര​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അദ്ദേഹം അവരോട്‌ ആദര​വോ​ടെ​യും അനുക​മ്പ​യോ​ടെ​യും ഇടപെ​ട​ണ​മാ​യി​രു​ന്നു.

14. ഏതു സാഹച​ര്യ​ത്തി​ലാ​ണു നമ്മളെ​ക്കാൾ പ്രായ​ക്കൂ​ടു​ത​ലുള്ള ഒരാൾക്കു ബുദ്ധി​യു​പ​ദേ​ശ​മോ ശിക്ഷണ​മോ കൊടു​ക്കു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​ന്നത്‌?

14 എന്നാൽ പ്രായ​മായ ഒരാൾ മനഃപൂർവം പാപം ചെയ്യു​ക​യോ യഹോ​വ​യ്‌ക്ക് ഇഷ്ടമി​ല്ലാത്ത ഒരു കാര്യം പ്രചരി​പ്പി​ക്കു​ക​യോ ചെയ്യു​ന്നെ​ങ്കി​ലെന്ത്? അവരോ​ടുള്ള ആദരവി​ന്‍റെ പേരിൽ അത്തരം കാര്യ​ങ്ങൾക്കു നേരെ നമ്മൾ കണ്ണടയ്‌ക്കു​മോ? യഹോവ പുറമേ കാണു​ന്ന​തു​വെച്ച് വിധി​ക്കു​ന്നില്ല, പ്രായ​മായ ഒരാളാണ്‌ എന്നതു മനഃപൂർവം പാപം ചെയ്യു​ന്ന​തി​നുള്ള ഒരു ഒഴിക​ഴി​വാ​യി യഹോവ കാണു​ന്നു​മില്ല. യശയ്യ 65:20-ലെ തത്ത്വം നോക്കുക: “നൂറു വയസ്സു​ണ്ടെ​ങ്കി​ലും പാപി ശപിക്ക​പ്പെ​ടും.” യഹസ്‌കേ​ലി​ന്‍റെ ദർശന​ത്തി​ലും സമാന​മായ ഒരു തത്ത്വം കാണാ​നാ​കും. (യഹ. 9:5-7) ഏറ്റവും പ്രായ​മുള്ള, പുരാ​ത​ന​കാ​ലം​മു​തലേ ഉള്ള ദൈവ​മായ യഹോ​വയെ എങ്ങനെ ആദരി​ക്കാം എന്നതാ​യി​രി​ക്കണം നമ്മുടെ പ്രധാ​ന​ചിന്ത. (ദാനി. 7:9, 10, 13, 14) അങ്ങനെ​യെ​ങ്കിൽ, എത്ര പ്രായ​മായ ആളായാ​ലും ശരി, ബുദ്ധി​യു​പ​ദേശം ആവശ്യ​മാ​യി​രി​ക്കുന്ന ഒരാൾക്ക് അതു നൽകാൻ നമുക്കു മടി തോന്നില്ല.—ഗലാ. 6:1.

ചെറുപ്പക്കാരായ സഹോ​ദ​ര​ങ്ങ​ളോ​ടു നിങ്ങൾ ആദരവ്‌ കാണി​ക്കു​ന്നു​ണ്ടോ (15-‍ാ‍ം ഖണ്ഡിക കാണുക)

15. പ്രായം കുറഞ്ഞ​വ​രോട്‌ ആദരവ്‌ കാണി​ക്കു​ന്ന​തി​നെ​ക്കു​റിച്ച് പൗലോ​സിൽനിന്ന് എന്തു പഠിക്കാം?

15 സഭയിലെ പ്രായ​ത്തിൽ ചെറു​പ്പ​മായ സഹോ​ദ​ര​ങ്ങ​ളു​ടെ കാര്യ​മോ? അവരെ നിങ്ങൾ എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്നത്‌? ചെറു​പ്പ​മാ​യി​രുന്ന തിമൊ​ഥെ​യൊ​സിന്‌ പൗലോസ്‌ ഇങ്ങനെ എഴുതി: “നീ ചെറു​പ്പ​മാ​ണെന്ന കാരണ​ത്താൽ ആരും നിന്നെ വില കുറച്ച് കാണാൻ അനുവ​ദി​ക്ക​രുത്‌. പകരം, സംസാ​ര​ത്തി​ലും പെരു​മാ​റ്റ​ത്തി​ലും സ്‌നേ​ഹ​ത്തി​ലും വിശ്വാ​സ​ത്തി​ലും നിർമ​ല​ത​യി​ലും വിശ്വ​സ്‌തർക്ക് ഒരു മാതൃ​ക​യാ​യി​രി​ക്കുക.” (1 തിമൊ. 4:12) പൗലോസ്‌ ഈ വാക്കുകൾ എഴുതു​മ്പോൾ തിമൊ​ഥെ​യൊ​സിന്‌ ഏകദേശം 30 വയസ്സാ​യി​രു​ന്നി​രി​ക്കാം. എങ്കിലും വളരെ പ്രധാ​ന​പ്പെട്ട ഉത്തരവാ​ദി​ത്വ​ങ്ങൾ കൈകാ​ര്യം ചെയ്യാൻ പൗലോസ്‌ തിമൊ​ഥെ​യൊ​സി​നെ നിയമി​ച്ചു. എന്താണ്‌ ഇതിൽനി​ന്നുള്ള പാഠം? ചെറു​പ്പ​മാ​യ​വരെ അവരുടെ പ്രായ​ത്തി​ന്‍റെ അടിസ്ഥാ​ന​ത്തിൽ മാത്രം വിലയി​രു​ത്ത​രുത്‌. നമ്മുടെ കർത്താ​വായ യേശു ഭൂമി​യി​ലെ തന്‍റെ ശുശ്രൂഷ മുഴുവൻ നിർവ​ഹി​ച്ചത്‌ 30-കളുടെ തുടക്ക​ത്തി​ലാ​യി​രു​ന്നെന്ന് ഓർക്കുക.

16, 17. (എ) ഒരു സഹോ​ദ​രനു ശുശ്രൂ​ഷാ​ദാ​സ​നോ മൂപ്പനോ ആകാനുള്ള യോഗ്യ​ത​യു​ണ്ടോ എന്നു മൂപ്പന്മാർ എങ്ങനെ​യാ​ണു നിർണ​യി​ക്കു​ന്നത്‌? (ബി) വ്യക്തി​പ​ര​മോ സാംസ്‌കാ​രി​ക​മോ ആയ വീക്ഷണങ്ങൾ തിരു​വെ​ഴു​ത്തു​കൾക്കു വിരു​ദ്ധ​മാ​യേ​ക്കാ​വു​ന്നത്‌ എങ്ങനെ?

16 ചില സംസ്‌കാ​ര​ങ്ങ​ളിൽ ചെറു​പ്രാ​യ​ത്തി​ലു​ള്ള​വർക്കു വലിയ വില​യൊ​ന്നും കൊടു​ക്കു​ന്നി​ല്ലാ​യി​രി​ക്കും. അങ്ങനെ​യാ​ണെ​ങ്കിൽ യോഗ്യ​ത​യുള്ള, പ്രായം കുറഞ്ഞ സഹോ​ദ​ര​ന്മാ​രെ ശുശ്രൂ​ഷാ​ദാ​സ​ന്മാ​രോ മൂപ്പന്മാ​രോ ആയി ശുപാർശ ചെയ്യാൻ മൂപ്പന്മാർ മടി​ച്ചേ​ക്കാം. ഒരാളെ ശുശ്രൂ​ഷാ​ദാ​സ​നോ മൂപ്പനോ ആയി ശുപാർശ ചെയ്യാൻ കുറഞ്ഞ പ്രായ​പ​രി​ധി​യൊ​ന്നും തിരു​വെ​ഴു​ത്തു​കൾ നിർദേ​ശി​ച്ചി​ട്ടി​ല്ലെന്ന് എല്ലാ മൂപ്പന്മാ​രും ഓർക്കണം. (1 തിമൊ. 3:1-10, 12, 13; തീത്തോ. 1:5-9) പ്രാ​ദേ​ശി​ക​സം​സ്‌കാ​ര​ത്തി​നു ചേർച്ച​യിൽ ഒരു മൂപ്പൻ ഒരു നിയമം വെക്കു​ന്നെ​ങ്കിൽ അദ്ദേഹം തിരു​വെ​ഴു​ത്തു​കൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കു​കയല്ല. വ്യക്തി​പ​ര​മോ സാംസ്‌കാ​രി​ക​മോ ആയ വീക്ഷണ​കോ​ണി​ലൂ​ടെയല്ല, മറിച്ച് ദൈവ​വ​ചനം എന്ന അളവു​കോൽ ഉപയോ​ഗി​ച്ചു​വേണം ചെറു​പ്പ​ക്കാ​രെ വിലയി​രു​ത്താൻ.—2 തിമൊ. 3:16, 17.

17 ശുശ്രൂ​ഷാ​ദാ​സ​ന്മാ​രെ​യും മൂപ്പന്മാ​രെ​യും നിയമി​ക്കു​ന്ന​തിൽ മൂപ്പന്മാർ ബൈബി​ളി​ലെ നിർദേ​ശങ്ങൾ പിൻപ​റ്റു​ന്നി​ല്ലെ​ങ്കിൽ നിയമ​ന​ത്തി​നു യോഗ്യ​ത​യു​ള്ള​വരെ അവർ തടയു​ക​യാ​യി​രി​ക്കും ചെയ്യു​ന്നത്‌. ഒരു അനുഭവം നോക്കാം. ഒരു രാജ്യത്ത്‌, നല്ല യോഗ്യ​ത​യു​ണ്ടാ​യി​രുന്ന ഒരു ശുശ്രൂ​ഷാ​ദാ​സ​നു​ണ്ടാ​യി​രു​ന്നു. അദ്ദേഹത്തെ മൂപ്പന്മാർ ഗൗരവ​മുള്ള ഉത്തരവാ​ദി​ത്വ​ങ്ങൾ ഏൽപ്പി​ക്കു​ക​യും ചെയ്‌തി​രു​ന്നു. ഒരു മൂപ്പനാ​കാ​നുള്ള തിരു​വെ​ഴു​ത്തു​യോ​ഗ്യ​ത​ക​ളെ​ല്ലാം ന്യായ​മായ അളവിൽ അദ്ദേഹ​ത്തി​നു​ണ്ടെന്നു മൂപ്പന്മാ​രെ​ല്ലാം സമ്മതി​ച്ചെ​ങ്കി​ലും അവർ അദ്ദേഹത്തെ ശുപാർശ ചെയ്‌തില്ല. അദ്ദേഹത്തെ കണ്ടാൽ ഒരു മൂപ്പനാ​കാ​നുള്ള പ്രായം തോന്നു​ക​യില്ല എന്നായി​രു​ന്നു പ്രായ​മുള്ള ചില മൂപ്പന്മാ​രു​ടെ ശക്തമായ നിലപാട്‌. സങ്കടക​ര​മെന്നു പറയട്ടെ, പ്രായ​മാ​യില്ല എന്ന ഒറ്റക്കാ​ര​ണ​ത്താൽ ആ സഹോ​ദ​രനെ മൂപ്പനാ​യി ശുപാർശ ചെയ്‌തില്ല. ഇത്‌ ഒരു ഒറ്റപ്പെട്ട അനുഭ​വ​മാ​ണെ​ങ്കി​ലും ലോക​ത്തി​ന്‍റെ പല ഭാഗങ്ങ​ളി​ലും ഇത്തരം ചിന്തകൾ നിലനിൽക്കു​ന്നെന്നു റിപ്പോർട്ടു​കൾ സൂചി​പ്പി​ക്കു​ന്നു. നമ്മുടെ വ്യക്തി​പ​ര​മോ സാംസ്‌കാ​രി​ക​മോ ആയ വീക്ഷണ​ങ്ങൾക്കു പകരം തിരു​വെ​ഴു​ത്തു​ക​ളിൽ ആശ്രയി​ക്കു​ന്നത്‌ എത്ര പ്രധാ​ന​മാണ്‌! അതാണു യേശു​വി​നെ അനുസ​രി​ച്ചു​കൊണ്ട് പുറമേ കാണു​ന്ന​തി​ന്‍റെ അടിസ്ഥാ​ന​ത്തിൽ മറ്റുള്ള​വരെ വിധി​ക്കു​ന്നതു നിറു​ത്താ​നുള്ള ഏകമാർഗം.

നീതി​യോ​ടെ വിധി​ക്കു​ക

18, 19. യഹോവ കാണു​ന്ന​തു​പോ​ലെ മറ്റുള്ള​വരെ കാണാൻ നമ്മൾ എന്തു ചെയ്യണം?

18 യഹോ​വ​യു​ടെ പക്ഷപാ​ത​മി​ല്ലാത്ത കണ്ണുക​ളി​ലൂ​ടെ മറ്റുള്ള​വരെ കാണാൻ നമ്മൾ പഠിക്കണം. അപൂർണ​രാ​ണെ​ങ്കി​ലും നമുക്ക് അതിനു കഴിയും. (പ്രവൃ. 10:34, 35) പക്ഷേ അതിനു നമ്മുടെ ഭാഗത്ത്‌ തുടർച്ച​യായ ശ്രമം ആവശ്യ​മാണ്‌. ഒപ്പം, ദൈവ​വ​ച​ന​ത്തിൽനി​ന്നുള്ള ഓർമി​പ്പി​ക്ക​ലു​കൾക്കു ശ്രദ്ധ കൊടു​ക്കു​ക​യും വേണം. ഈ ഓർമി​പ്പി​ക്ക​ലു​കൾ ബാധക​മാ​ക്കു​ന്നെ​ങ്കിൽ, പുറമേ കാണു​ന്ന​തു​വെച്ച് മറ്റുള്ള​വരെ വിധി​ക്കു​ന്നതു നിറു​ത്താ​നുള്ള യേശു​വി​ന്‍റെ കല്‌പന അനുസ​രി​ക്കു​ന്ന​തിൽ നമ്മൾ പുരോ​ഗ​മി​ക്കും.—യോഹ. 7:24.

19 പെട്ടെ​ന്നു​തന്നെ നമ്മുടെ രാജാ​വായ യേശു​ക്രി​സ്‌തു മുഴു മനുഷ്യ​വർഗ​ത്തെ​യും ന്യായം വിധി​ക്കും. അതു തന്‍റെ കണ്ണു​കൊണ്ട് കാണു​ന്ന​ത​നു​സ​രി​ച്ചോ ചെവി​കൊണ്ട് കേൾക്കു​ന്ന​ത​നു​സ​രി​ച്ചോ ആയിരി​ക്കില്ല. മറിച്ച് നീതി​യോ​ടെ​യാ​യി​രി​ക്കും യേശു വിധി​ക്കു​ന്നത്‌. (യശ. 11:3, 4) വിസ്‌മ​യ​ക​ര​മായ ആ സമയത്തി​നാ​യി നമുക്കു കാത്തി​രി​ക്കാം!