വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മനസ്സി​ലാ​ക്കിയ ഈ കാര്യങ്ങൾ ചെയ്യു​ന്നെ​ങ്കിൽ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കും

മനസ്സി​ലാ​ക്കിയ ഈ കാര്യങ്ങൾ ചെയ്യു​ന്നെ​ങ്കിൽ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കും

“ എന്നെ അയച്ച വ്യക്തി​യു​ടെ ഇഷ്ടം ചെയ്യു​ന്ന​തും അദ്ദേഹം ഏൽപ്പിച്ച ജോലി ചെയ്‌തു​തീർക്കു​ന്ന​തും ആണ്‌ എന്‍റെ ആഹാരം.”—യോഹ. 4:34.

ഗീതങ്ങൾ: 80, 35

1. ലോക​ത്തി​ന്‍റെ സ്വാർഥ​മ​നോ​ഭാ​വം നമ്മുടെ താഴ്‌മയെ എങ്ങനെ ബാധി​ച്ചേ​ക്കാം?

ദൈവ​വ​ച​ന​ത്തിൽനിന്ന് പഠിക്കുന്ന കാര്യങ്ങൾ ബാധക​മാ​ക്കു​ന്നത്‌ എളുപ്പ​മ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്? ശരിയാ​യതു ചെയ്യാൻ താഴ്‌മ വേണം, പക്ഷേ എപ്പോ​ഴും താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കുക അത്ര എളുപ്പമല്ല. ഈ “അവസാ​ന​കാ​ലത്ത്‌” നമ്മൾ ജീവി​ക്കു​ന്നത്‌ ‘സ്വസ്‌നേ​ഹി​ക​ളും പണക്കൊ​തി​യ​ന്മാ​രും പൊങ്ങ​ച്ച​ക്കാ​രും ധാർഷ്ട്യ​മു​ള്ള​വ​രും ആത്മനി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​വ​രും’ ആയ ആളുക​ളു​ടെ നടുക്കാണ്‌. (2 തിമൊ. 3:1-3) ആളുക​ളു​ടെ സ്വാർഥ​ത​യോ​ടെ​യുള്ള പ്രവർത്ത​ന​ങ്ങ​ളു​ടെ ഫലമായി പല നേട്ടങ്ങ​ളും കൈവ​രി​ച്ച​തി​നെ​ക്കു​റിച്ച് നമ്മൾ കേൾക്കാ​റുണ്ട്. ദൈവ​ദാ​സർ അത്തരം പെരു​മാ​റ്റത്തെ കുറ്റ​പ്പെ​ടു​ത്തി​യേ​ക്കാ​മെ​ങ്കി​ലും തങ്ങൾക്കും ഇത്തരം നേട്ടങ്ങ​ളൊ​ക്കെ കൈവ​രി​ക്കാൻ കഴിഞ്ഞി​രു​ന്നെ​ങ്കിൽ എന്ന് അവരിൽ ചിലർക്കെ​ങ്കി​ലും തോന്നി​യേ​ക്കാം. (സങ്കീ. 37:1; 73:3) ചില​പ്പോൾ ഇങ്ങനെ​പോ​ലും ചിന്തി​ച്ചേ​ക്കാം, ‘മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​ങ്ങൾക്ക് എന്‍റേതി​നെ​ക്കാൾ പ്രാധാ​ന്യം കൊടു​ക്കു​ന്ന​തു​കൊണ്ട് എനിക്ക് എന്തെങ്കി​ലും പ്രയോ​ജ​ന​മു​ണ്ടോ? ഒരു “ചെറി​യ​വ​നാ​യി,” താഴ്‌മ​യോ​ടെ ഞാൻ പെരു​മാ​റു​ക​യാ​ണെ​ങ്കിൽ ആളുകൾ എന്നെ ബഹുമാ​നി​ക്കാ​തി​രി​ക്കു​മോ?’ (ലൂക്കോ. 9:48) ലോക​ത്തി​ന്‍റെ സ്വാർഥത നിറഞ്ഞ മനോ​ഭാ​വം നമ്മളെ സ്വാധീ​നി​ക്കാൻ അനുവ​ദി​ച്ചാൽ സഭയിലെ സഹോ​ദ​ര​ങ്ങ​ളു​മാ​യുള്ള നല്ല ബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടി​യേ​ക്കാം, ക്രിസ്‌ത്യാ​നി​യാ​യി തിരി​ച്ച​റി​യി​ക്കുന്ന നമ്മുടെ നല്ല ഗുണങ്ങൾ നഷ്ടപ്പെ​ടു​ക​യും ചെയ്‌തേ​ക്കാം. എന്നാൽ ബൈബി​ളി​ലെ നല്ല മാതൃ​കകൾ പഠിക്കു​ക​യും അവ അനുക​രി​ക്കു​ക​യും ചെയ്യു​മ്പോൾ നമുക്കു പ്രതി​ഫലം ഉറപ്പാണ്‌.

2. ദൈവ​ത്തി​ന്‍റെ വിശ്വ​സ്‌ത​രായ ദാസന്മാ​രെ​ക്കു​റിച്ച് പഠിക്കു​ന്നതു നമ്മളെ എങ്ങനെ സ്വാധീ​നി​ക്കും?

2 വിശ്വ​സ്‌ത​രായ ദൈവ​ദാ​സരെ മാതൃ​ക​യാ​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, എങ്ങനെ പ്രവർത്തി​ച്ച​തു​കൊ​ണ്ടാണ്‌ അവർക്കു നേട്ടങ്ങൾ കൈവ​രി​ക്കാൻ കഴിഞ്ഞ​തെന്നു നമ്മൾ മനസ്സി​ലാ​ക്കണം. അവർക്ക് എങ്ങനെ​യാ​ണു ദൈവ​വു​മാ​യി സുഹൃ​ദ്‌ബ​ന്ധ​ത്തി​ലേക്കു വരാനും ദൈവാം​ഗീ​കാ​രം നേടാ​നും ദൈ​വേഷ്ടം ചെയ്യാ​നുള്ള ശക്തി സമ്പാദി​ക്കാ​നും കഴിഞ്ഞത്‌? ഇങ്ങനെ​യെ​ല്ലാം ചിന്തിച്ച് പഠിക്കു​ന്നത്‌ ആത്മീയാ​ഹാ​രം കഴിക്കു​ന്ന​തി​ന്‍റെ പ്രധാ​ന​ഭാ​ഗ​മാണ്‌.

ആത്മീയാ​ഹാ​രം എന്നാൽ അറിവ്‌ മാത്രമല്ല

3, 4. (എ) നമുക്ക് എങ്ങനെ​യാണ്‌ യഹോ​വ​യിൽനി​ന്നുള്ള മാർഗ​നിർദേ​ശങ്ങൾ ലഭിക്കു​ന്നത്‌? (ബി) ആത്മീയാ​ഹാ​രം എന്നാൽ അറിവ്‌ നേടു​ന്നതു മാത്ര​മ​ല്ലെന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്?

3 ബൈബിൾ, ക്രിസ്‌തീ​യ​പ്ര​സി​ദ്ധീ​ക​ര​ണങ്ങൾ, വെബ്‌​സൈ​റ്റു​കൾ, JW പ്രക്ഷേ​പണം, മീറ്റി​ങ്ങു​കൾ, സമ്മേള​നങ്ങൾ തുടങ്ങി​യ​വ​യി​ലൂ​ടെ നമുക്ക് ആവശ്യ​മായ പരിശീ​ല​ന​വും ഉപദേ​ശ​ങ്ങ​ളും ലഭിക്കു​ന്നു. എന്നാൽ യോഹ​ന്നാൻ 4:34-ൽ കാണുന്ന യേശു​വി​ന്‍റെ വാക്കു​ക​ള​നു​സ​രിച്ച്, അറിവ്‌ നേടു​ന്നതു മാത്രമല്ല ആത്മീയാ​ഹാ​ര​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. പിന്നെ എന്തുകൂ​ടെ അതിൽ ഉൾപ്പെ​ട്ടി​ട്ടുണ്ട്? യേശു പറഞ്ഞു: “എന്നെ അയച്ച വ്യക്തി​യു​ടെ ഇഷ്ടം ചെയ്യു​ന്ന​തും അദ്ദേഹം ഏൽപ്പിച്ച ജോലി ചെയ്‌തു​തീർക്കു​ന്ന​തും ആണ്‌ എന്‍റെ ആഹാരം.”

4 അതെ, ദൈവ​ത്തി​ന്‍റെ മാർഗ​നിർദേ​ശ​മ​നു​സ​രിച്ച് പ്രവർത്തി​ക്കു​ന്ന​തും ആത്മീയാ​ഹാ​ര​ത്തി​ന്‍റെ ഭാഗമാ​യി​ട്ടാ​ണു യേശു കണക്കാ​ക്കി​യത്‌. അത്‌ എങ്ങനെ​യാണ്‌ ആഹാരം​പോ​ലെ ആയിരി​ക്കു​ന്നത്‌? നല്ല ഒരു ഊണു കഴിച്ചു​ക​ഴി​യു​മ്പോൾ നമുക്കു സംതൃ​പ്‌തി തോന്നും, നമ്മുടെ ശരീര​ത്തിന്‌ ഊർജം ലഭിക്കും. അതു​പോ​ലെ, ദൈ​വേഷ്ടം ചെയ്യു​മ്പോൾ നമുക്കു സംതൃ​പ്‌തി തോന്നും, നമ്മുടെ വിശ്വാ​സം കരുത്തു​റ്റ​താ​കും. അതു ശരിയാ​ണെന്നു നിങ്ങൾക്കു​തന്നെ തോന്നി​യി​ട്ടി​ല്ലേ? ചില​പ്പോൾ പലപല വിഷമ​ങ്ങ​ളും പേറി​യാ​യി​രി​ക്കും നിങ്ങൾ ഒരു വയൽസേ​വ​ന​യോ​ഗ​ത്തി​നു പോകു​ന്നത്‌. പക്ഷേ വയൽസേ​വനം കഴിഞ്ഞ് തിരി​ച്ചു​വ​രു​ന്ന​തോ? പുത്തൻ ഉണർവോ​ടെ!

5. ജ്ഞാന​ത്തോ​ടെ പ്രവർത്തി​ക്കു​ന്ന​തി​ന്‍റെ പ്രതി​ഫലം എന്താണ്‌?

5 വാസ്‌ത​വ​ത്തിൽ, ദൈവി​ക​മാർഗ​നിർദേ​ശങ്ങൾ ജീവി​ത​ത്തിൽ ബാധക​മാ​ക്കു​ന്ന​താ​ണു ജ്ഞാനം എന്നതു​കൊണ്ട് അർഥമാ​ക്കു​ന്നത്‌. (യാക്കോ. 3:13) ജ്ഞാനി​ക​ളാ​യി​രി​ക്കാൻ നമ്മൾ നടത്തുന്ന എല്ലാ ശ്രമങ്ങ​ളും തക്ക മൂല്യ​മു​ള്ള​താണ്‌. “നീ ആഗ്രഹി​ക്കു​ന്ന​തൊ​ന്നും അതിനു തുല്യ​മാ​കില്ല. . . . അതു കൈവ​ശ​മാ​ക്കു​ന്ന​വർക്ക് അതു ജീവവൃ​ക്ഷ​മാ​യി​രി​ക്കും; അതിനെ മുറുകെ പിടി​ക്കു​ന്നവർ സന്തുഷ്ടർ എന്ന് അറിയ​പ്പെ​ടും.” (സുഭാ. 3:13-18) യേശു പറഞ്ഞു: “ഈ കാര്യ​ങ്ങ​ളെ​ല്ലാം മനസ്സി​ലാ​ക്കിയ നിങ്ങൾ അതനു​സ​രിച്ച് പ്രവർത്തി​ക്കു​ക​കൂ​ടെ ചെയ്‌താൽ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കും.” (യോഹ. 13:17) യേശു പറഞ്ഞതു​പോ​ലെ എപ്പോ​ഴും പ്രവർത്തി​ക്കു​ക​യാ​ണെ​ങ്കിൽ ശിഷ്യ​ന്മാ​രു​ടെ സന്തോഷം നിലനിൽക്കു​മാ​യി​രു​ന്നു. അവർ അങ്ങനെ​തന്നെ ചെയ്‌തു. യേശു​വി​ന്‍റെ പഠിപ്പി​ക്കൽ സ്വീക​രി​ക്കാ​നും യേശു​വി​ന്‍റെ മാതൃ​ക​യ​നു​സ​രിച്ച് ജീവി​ക്കാ​നും ഉള്ള അവരുടെ തീരു​മാ​നം വികാ​ര​ത്തി​ന്‍റെ പുറത്ത്‌ പെട്ടെന്ന് എടുത്ത ഒന്നല്ലാ​യി​രു​ന്നു. അതു​കൊണ്ട് ആ തീരു​മാ​ന​ത്തി​ന​നു​സ​രിച്ച് അവർ ജീവിച്ചു.

6. നമ്മൾ എല്ലായ്‌പോ​ഴും പഠിച്ച​ത​നു​സ​രിച്ച് പ്രവർത്തി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

6 സത്യമാ​ണെന്നു നമ്മൾ മനസ്സി​ലാ​ക്കിയ കാര്യങ്ങൾ എല്ലാ സാഹച​ര്യ​ത്തി​ലും ബാധക​മാ​ക്കു​ന്നതു പ്രധാ​ന​മാണ്‌. ഒരു ദൃഷ്ടാന്തം നോക്കാം, ഒരു മെക്കാ​നി​ക്കി​നു തന്‍റെ പണി ചെയ്യാ​നുള്ള അറിവു​ണ്ടാ​യി​രി​ക്കും. പക്ഷേ അത്‌ ഉപയോ​ഗി​ച്ചി​ല്ലെ​ങ്കിൽ അതു​കൊണ്ട് പ്രയോ​ജ​ന​മു​ണ്ടാ​കില്ല. മുമ്പ് അദ്ദേഹം ഇത്തരം പണിക​ളൊ​ക്കെ ചെയ്യു​ക​യും അനുഭ​വ​സ​മ്പത്ത്‌ നേടു​ക​യും ചെയ്‌തി​ട്ടു​ണ്ടാ​കാം. എന്നാൽ പണിയി​ലുള്ള വൈദ​ഗ്‌ധ്യ​വും ഫലപ്ര​ദ​ത്വ​വും നഷ്ടപ്പെ​ടാ​തി​രി​ക്ക​ണ​മെ​ങ്കിൽ പഠിച്ച പണി ചെയ്‌തു​കൊ​ണ്ടി​രി​ക്കണം. അതു​പോ​ലെ ബൈബി​ളിൽനിന്ന് പഠിക്കുന്ന കാര്യങ്ങൾ ആദ്യ​മൊ​ക്കെ നമ്മൾ ഉത്സാഹ​ത്തോ​ടെ ബാധക​മാ​ക്കു​ക​യും അതിന്‍റെ നല്ല ഫലം ആസ്വദി​ക്കു​ക​യും ചെയ്‌തി​ട്ടു​ണ്ടാ​കും. എന്നാൽ നിലനിൽക്കുന്ന സന്തോഷം ആസ്വദി​ക്ക​ണ​മെ​ങ്കിൽ എല്ലാ ദിവസ​വും നമ്മൾ താഴ്‌മ​യോ​ടെ യഹോ​വ​യു​ടെ മാർഗ​നിർദേ​ശ​ങ്ങ​ള​നു​സ​രിച്ച് ജീവി​ക്കണം.

7. ബൈബി​ളി​ലെ വിശ്വ​സ്‌ത​രായ വ്യക്തി​ക​ളു​ടെ മാതൃ​ക​യിൽനിന്ന് നമുക്ക് എന്തു പഠിക്കാം?

7 താഴ്‌മ പരി​ശോ​ധി​ക്ക​പ്പെ​ടുന്ന ചില സാഹച​ര്യ​ങ്ങൾ നമുക്കു നോക്കാം. സമാന​മായ പ്രശ്‌നങ്ങൾ നേരി​ട്ട​പ്പോൾ പുരാ​ത​ന​കാ​ലത്തെ വിശ്വ​സ്‌ത​രാ​യവർ എന്തു ചെയ്‌തെന്നു നമ്മൾ പഠിക്കും. ഇക്കാര്യ​ങ്ങൾ മനസ്സി​ലാ​ക്കു​ന്ന​തു​കൊണ്ട് മാത്രം നമുക്ക് ആത്മീയാ​രോ​ഗ്യം ലഭിക്കു​ക​യില്ല. ഓരോ ആശയങ്ങ​ളും എങ്ങനെ വ്യക്തി​പ​ര​മാ​യി ബാധക​മാ​ക്കാ​മെന്നു ചിന്തി​ക്കുക. ഒട്ടും വൈകാ​തെ അതു ബാധക​മാ​ക്കുക.

മറ്റുള്ള​വരെ നമുക്കു തുല്യ​രാ​യി കാണുക

8, 9. പ്രവൃ​ത്തി​കൾ 14:8-15-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സംഭവങ്ങൾ പൗലോസ്‌ അപ്പോ​സ്‌ത​ലന്‍റെ താഴ്‌മ​യെ​ക്കു​റിച്ച് എന്താണു വെളി​പ്പെ​ടു​ത്തു​ന്നത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

8 “എല്ലാ തരം ആളുകൾക്കും രക്ഷ കിട്ടണ​മെ​ന്നും അവർ സത്യത്തി​ന്‍റെ ശരിയായ അറിവ്‌ നേടണ​മെ​ന്നും ആണ്‌” ദൈവ​ത്തി​ന്‍റെ ഇഷ്ടം. (1 തിമൊ. 2:4) ഇതുവരെ സത്യം പഠിച്ചി​ട്ടി​ല്ലാത്ത, വ്യത്യസ്‌ത പശ്ചാത്ത​ല​ങ്ങ​ളി​ലുള്ള ആളുക​ളെ​ക്കു​റിച്ച് നിങ്ങൾക്ക് എന്താണു തോന്നു​ന്നത്‌? ദൈവ​ത്തെ​ക്കു​റിച്ച് കുറ​ച്ചൊ​ക്കെ അറിയാ​മാ​യി​രുന്ന ജൂതന്മാ​രോ​ടു മാത്രമല്ല അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പ്രസം​ഗി​ച്ചത്‌. മറ്റു ദൈവ​ങ്ങളെ ആരാധി​ച്ചി​രുന്ന ആളുക​ളോ​ടും സന്തോ​ഷ​വാർത്ത അറിയി​ച്ചു. അവരോ​ടു സന്തോ​ഷ​വാർത്ത അറിയി​ച്ച​പ്പോൾ അവർ പ്രതി​ക​രിച്ച വിധം പൗലോ​സി​ന്‍റെ താഴ്‌മ അളക്കു​മാ​യി​രു​ന്നു.

9 ഉദാഹ​ര​ണ​ത്തിന്‌, പൗലോ​സി​ന്‍റെ ആദ്യത്തെ മിഷന​റി​യാ​ത്ര​യ്‌ക്കി​ടെ പൗലോ​സും ബർന്നബാ​സും ലുക്ക​വോ​ന്യ​യിൽ എത്തി. തങ്ങളുടെ ദൈവ​ങ്ങ​ളായ സിയൂ​സി​ന്‍റെ​യും ഹെർമി​സി​ന്‍റെ​യും അവതാ​ര​ങ്ങ​ളാ​ണു പൗലോ​സും ബർന്നബാ​സും എന്നു വിചാ​രിച്ച് അവി​ടെ​യുള്ള ആളുകൾ അവരെ അമാനു​ഷ​രെ​ന്ന​പോ​ലെ ആദരി​ക്കാൻ തുടങ്ങി. ഈ പുകഴ്‌ച​യിൽ പൗലോ​സും ബർന്നബാ​സും മതിമ​റ​ന്നു​പോ​യോ? ഇതിനു മുമ്പ് സന്ദർശിച്ച രണ്ടു പട്ടണങ്ങ​ളി​ലും നേരിട്ട കടുത്ത ഉപദ്ര​വങ്ങൾ മറക്കാ​നുള്ള ഒരു അവസര​മാണ്‌ ഇതെന്ന് അവർ ചിന്തി​ച്ചു​കാ​ണു​മോ? ഈ അംഗീ​കാ​രം സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്നതു കൂടുതൽ എളുപ്പ​മാ​ക്കി​ത്തീർക്കു​മെന്ന് അവർക്കു തോന്നി​യോ? അങ്ങനെ​യുള്ള ചിന്തക​ളൊ​ന്നും അവരുടെ മനസ്സി​ലേക്കു വന്നില്ല. പകരം ജനങ്ങളു​ടെ പ്രവൃ​ത്തി​യെ അവർ വിലക്കു​ക​യാ​ണു ചെയ്‌തത്‌. തങ്ങളുടെ വസ്‌ത്രം കീറി​ക്കൊണ്ട് ജനക്കൂ​ട്ട​ത്തിന്‌ ഇടയി​ലേക്ക് ഓടി​ച്ചെന്ന് അവർ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “നിങ്ങൾ എന്താണ്‌ ഈ ചെയ്യു​ന്നത്‌? ഞങ്ങളും നിങ്ങ​ളെ​പ്പോ​ലുള്ള സാധാ​ര​ണ​മ​നു​ഷ്യ​രാണ്‌.”—പ്രവൃ. 14:8-15.

10. പൗലോ​സും ബർന്നബാ​സും ലുക്ക​വോ​ന്യ​ക്കാ​രും തുല്യ​രാ​യി​രു​ന്നത്‌ ഏത്‌ അർഥത്തിൽ?

10 അപൂർണ​മ​നു​ഷ്യ​രെന്ന നിലയിൽ തങ്ങൾ ലുക്ക​വോ​ന്യ​ക്കാർക്കു തുല്യ​രാ​ണെന്നു പറഞ്ഞ​പ്പോൾ പൗലോ​സും ബർന്നബാ​സും ഇരുകൂ​ട്ട​രു​ടെ​യും ആരാധ​നാ​രീ​തി ഒന്നുത​ന്നെ​യാ​ണെന്ന് അർഥമാ​ക്കി​യില്ല. അവർ രണ്ടു പേരും പ്രത്യേ​ക​നി​യ​മ​ന​മുള്ള മിഷന​റി​മാ​രാ​യി​രു​ന്നു. (പ്രവൃ. 13:2) അതു​പോ​ലെ അവർ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെ​ട്ട​വ​രും മഹത്തായ ഒരു പ്രത്യാ​ശ​യു​ള്ള​വ​രും ആയിരു​ന്നു. പക്ഷേ ലുക്ക​വോ​ന്യ​ക്കാർ സന്തോ​ഷ​വാർത്ത സ്വീക​രി​ച്ചാൽ അവർക്കും തങ്ങളെ​പ്പോ​ലെ സ്വർഗീ​യ​പ്ര​ത്യാ​ശ ലഭിക്കും എന്ന കാര്യം പൗലോ​സും ബർന്നബാ​സും മനസ്സി​ലാ​ക്കി.

11. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ നമുക്കു പൗലോ​സി​ന്‍റെ താഴ്‌മ എങ്ങനെ അനുക​രി​ക്കാം?

11 നമുക്ക് എങ്ങനെ പൗലോ​സി​ന്‍റെ താഴ്‌മ അനുക​രി​ക്കാം? ഒന്നാമത്‌, യഹോ​വ​യു​ടെ ശക്തി​കൊണ്ട് ചെയ്യുന്ന കാര്യ​ങ്ങ​ളെ​പ്രതി മറ്റുള്ളവർ നമ്മളെ സ്‌തു​തി​ക്കാൻ പ്രതീ​ക്ഷി​ക്ക​രുത്‌, നമ്മൾ അത്തരം സ്‌തുതി സ്വീക​രി​ക്കു​ക​യും അരുത്‌. ഇങ്ങനെ​യുള്ള ഏതു പ്രലോ​ഭ​ന​ത്തെ​യും നമ്മൾ ചെറു​ക്കണം. നമ്മൾ ഓരോ​രു​ത്ത​രും ഇങ്ങനെ ചോദി​ക്കു​ന്നതു നല്ലതാണ്‌: ‘എന്‍റെ പ്രദേ​ശ​ത്തുള്ള ആളുകളെ ഞാൻ എങ്ങനെ​യാ​ണു കാണു​ന്നത്‌? ഏതെങ്കി​ലും പ്രത്യേക കൂട്ടത്തിൽപ്പെ​ട്ട​വ​രോട്‌ ഇന്നു പൊതു​വേ ആളുകൾക്കുള്ള മുൻവി​ധി എനിക്കു​മു​ണ്ടോ?’ സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ലോക​മെ​ങ്ങു​മുള്ള യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ പ്രദേ​ശ​ത്തുള്ള വ്യത്യ​സ്‌ത​ഭാ​ഷ​ക്കാ​രായ ആളുകളെ അന്വേ​ഷി​ക്കു​ന്നു. സന്തോ​ഷ​വാർത്ത കഴിയു​ന്നത്ര ആളുകളെ അറിയി​ക്കാ​നാണ്‌ അവർ ആഗ്രഹി​ക്കു​ന്നത്‌. ചില​പ്പോൾ അതിനു​വേണ്ടി പൊതു​വേ സമൂഹം താഴ്‌ന്ന​വ​രാ​യി കണക്കാ​ക്കുന്ന ആളുക​ളു​ടെ ഭാഷയും രീതി​ക​ളും ഒക്കെ അവർ പഠിക്കു​ന്നു. എന്നാൽ ഇങ്ങനെ​യുള്ള ആളുക​ളോ​ടു പ്രസം​ഗി​ക്കു​മ്പോൾ യഹോ​വ​യു​ടെ സാക്ഷികൾ തങ്ങൾ ഒരു തരത്തി​ലും അവരെ​ക്കാൾ ഉയർന്ന​വ​രാ​ണെന്നു ഭാവി​ക്കാ​റില്ല. പകരം അവർ ഓരോ​രു​ത്ത​രെ​യും മനസ്സി​ലാ​ക്കാ​നും രാജ്യ​സ​ന്ദേശം അവരുടെ ഹൃദയ​ങ്ങ​ളിൽ എത്തിക്കാ​നും ശ്രമി​ക്കു​ന്നു.

പേരെ​ടുത്ത്‌ പറഞ്ഞ് മറ്റുള്ള​വർക്കു​വേണ്ടി പ്രാർഥി​ക്കു​ക

12. മറ്റുള്ള​വ​രു​ടെ ക്ഷേമത്തിൽ തനിക്ക് ആത്മാർഥ​മായ താത്‌പ​ര്യ​മു​ണ്ടെന്ന് എപ്പഫ്രാസ്‌ എങ്ങനെ​യാ​ണു തെളി​യി​ച്ചത്‌?

12 ദൈവ​ത്തിൽനി​ന്നുള്ള മാർഗ​നിർദേശം താഴ്‌മ​യോ​ടെ അനുസ​രി​ക്കു​ന്നെന്നു കാണി​ക്കാ​നുള്ള മറ്റൊരു വിധം, നമ്മു​ടേ​തു​പോ​ലുള്ള ‘അമൂല്യ​മായ ഒരു വിശ്വാ​സം നേടി​യെ​ടു​ക്കു​ന്ന​വർക്കു​വേണ്ടി’ പ്രാർഥി​ക്കു​ന്ന​താണ്‌. (2 പത്രോ. 1:1) അങ്ങനെ ചെയ്‌ത ഒരാളാണ്‌ എപ്പഫ്രാസ്‌. ബൈബിൾ അദ്ദേഹ​ത്തി​ന്‍റെ പേര്‌ നാലു തവണ മാത്ര​മാ​ണു പരാമർശി​ക്കു​ന്നത്‌. നാലും പൗലോ​സി​ന്‍റെ കത്തുക​ളി​ലാണ്‌. “എപ്പഫ്രാസ്‌ (അവർക്കു​വേണ്ടി) നിരന്തരം തീവ്ര​മാ​യി പ്രാർഥി​ക്കു​ന്നുണ്ട്” എന്നു കൊ​ലോ​സ്യ​യി​ലെ ക്രിസ്‌ത്യാ​നി​കൾക്കു റോമിൽ വീട്ടു​ത​ട​ങ്ക​ലിൽ ആയിരുന്ന സമയത്ത്‌ പൗലോസ്‌ എഴുതി. (കൊലോ. 4:12) എപ്പഫ്രാ​സി​നു സഹോ​ദ​ര​ങ്ങ​ളു​ടെ സാഹച​ര്യം നന്നായി അറിയാ​മാ​യി​രു​ന്നു, അവരുടെ ക്ഷേമത്തിൽ അങ്ങേയറ്റം താത്‌പ​ര്യ​വു​മു​ണ്ടാ​യി​രു​ന്നു. പൗലോസ്‌ അദ്ദേഹത്തെ ‘സഹതട​വു​കാ​രൻ’ എന്നു വിളി​ക്കു​ന്നുണ്ട്. അത്തര​മൊ​രു സാഹച​ര്യ​ത്തി​ലാ​യി​ട്ടും മറ്റു സഹോ​ദ​ര​ങ്ങ​ളു​ടെ ആത്മീയാ​വ​ശ്യ​ങ്ങ​ളെ​ക്കു​റിച്ച് എപ്പഫ്രാ​സി​നു ചിന്തയു​ണ്ടാ​യി​രു​ന്നു. (ഫിലേ. 23) അദ്ദേഹം തന്നെ​ക്കൊണ്ട് സാധി​ക്കു​ന്നതു ചെയ്‌തു. സ്‌നേ​ഹ​ത്തി​ന്‍റെ​യും കരുത​ലി​ന്‍റെ​യും തെളി​വല്ലേ ഇത്‌? സഹോ​ദ​ര​ങ്ങൾക്കു​വേണ്ടി നമ്മൾ നടത്തുന്ന പ്രാർഥ​ന​കൾക്കു ശരിക്കും ശക്തിയുണ്ട്. പ്രത്യേ​കിച്ച്, ഓരോ​രു​ത്ത​രു​ടെ​യും കാര്യം പേരെ​ടുത്ത്‌ പറഞ്ഞ് അവർക്കു​വേണ്ടി പ്രാർഥി​ക്കു​മ്പോൾ.—2 കൊരി. 1:11; യാക്കോ. 5:16.

13. പ്രാർഥി​ക്കുന്ന കാര്യ​ത്തിൽ നിങ്ങൾക്ക് എപ്പഫ്രാ​സി​ന്‍റെ മാതൃക എങ്ങനെ അനുക​രി​ക്കാം?

13 നിങ്ങൾക്കു പേരെ​ടുത്ത്‌ പ്രാർഥി​ക്കാൻ കഴിയുന്ന ആളുക​ളെ​ക്കു​റിച്ച് ചിന്തി​ക്കുക. എപ്പഫ്രാ​സി​നെ​പ്പോ​ലെ, ധാരാളം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ അവരുടെ സഭയിലെ സഹോ​ദ​ര​ങ്ങൾക്കു​വേണ്ടി പ്രാർഥി​ക്കു​ന്നു. അവരിൽ ഭാരിച്ച കുടും​ബോ​ത്ത​ര​വാ​ദി​ത്വ​ങ്ങൾ വഹിക്കു​ന്ന​വ​രുണ്ട്, ഗൗരവ​മേ​റിയ തീരു​മാ​നങ്ങൾ എടു​ക്കേ​ണ്ട​വ​രുണ്ട്, പ്രലോ​ഭ​നങ്ങൾ നേരി​ടു​ന്ന​വ​രുണ്ട്, അങ്ങനെ​യു​ള്ള​വർക്കു​വേ​ണ്ടി​യെ​ല്ലാം അവർ പ്രാർഥി​ക്കു​ന്നു. jw.org-ലെ “വിശ്വാ​സ​ത്തി​നു​വേണ്ടി തടവി​ലാ​യി​രി​ക്കുന്ന യഹോ​വ​യു​ടെ സാക്ഷികൾ” [വാർത്താജാലകം> നിയമ​പ​ര​മായ സംഭവ​വി​കാ​സങ്ങൾ (NEWSROOM > LEGAL DEVELOPMENTS) എന്നതിനു കീഴിൽ നോക്കുക.] എന്ന ലേഖന​ത്തിൽ പേര്‌ പറഞ്ഞി​രി​ക്കു​ന്ന​വർക്കു​വേണ്ടി ധാരാളം പേർ പ്രാർഥി​ക്കു​ന്നു. കൂടാതെ പ്രിയ​പ്പെ​ട്ട​വരെ മരണത്തിൽ നഷ്ടപ്പെ​ട്ടവർ, അടുത്ത കാലത്ത്‌ ദുരന്ത​ങ്ങ​ളു​ടെ​യും യുദ്ധങ്ങ​ളു​ടെ​യും കെടു​തി​കൾ അനുഭ​വി​ച്ചവർ, സാമ്പത്തി​ക​പ്ര​തി​സന്ധി നേരി​ടു​ന്നവർ തുടങ്ങി​യ​വർക്കു​വേ​ണ്ടി​യും പ്രാർഥി​ക്കാം. നമ്മുടെ പ്രാർഥന ആവശ്യ​മുള്ള, അതിന്‍റെ പ്രയോ​ജനം നേടാൻ കഴിയുന്ന അനേകം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രുണ്ട് എന്ന കാര്യം വ്യക്തമാണ്‌. അങ്ങനെ​യു​ള്ള​വർക്കു​വേണ്ടി പ്രാർഥി​ക്കു​മ്പോൾ, നമ്മൾ സ്വന്തം താത്‌പ​ര്യം മാത്രം നോക്കാ​തെ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യം​കൂ​ടെ നോക്കു​ന്നു എന്നു തെളി​യി​ക്കു​ക​യാണ്‌. (ഫിലി. 2:4) യഹോവ അങ്ങനെ​യുള്ള പ്രാർഥ​നകൾ ശ്രദ്ധി​ക്കു​ന്നു.

‘കേൾക്കാൻ തിടു​ക്ക​മു​ള്ള​വ​രാ​യി​രി​ക്കുക’

14. യഹോവ ഏറ്റവും നല്ല ശ്രോ​താ​വാ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്?

14 മറ്റുള്ളവർ പറയു​ന്നതു ശ്രദ്ധി​ക്കാ​നുള്ള മനസ്സൊ​രു​ക്ക​മാ​ണു നമ്മുടെ താഴ്‌മ വെളി​പ്പെ​ടു​ത്തുന്ന മറ്റൊരു മണ്ഡലം. യാക്കോബ്‌ 1:19 പറയു​ന്നത്‌, നമ്മൾ ‘കേൾക്കാൻ തിടു​ക്ക​മു​ള്ള​വ​രാ​യി​രി​ക്കണം’ എന്നാണ്‌. ഇക്കാര്യ​ത്തിൽ യഹോവ അത്യു​ത്ത​മ​മാ​തൃ​ക​യാണ്‌. (ഉൽപ. 18:32; യോശു. 10:14) പുറപ്പാട്‌ 32:11-14-ൽ (വായി​ക്കുക.) രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സംഭാ​ഷ​ണ​ത്തിൽനി​ന്നും നമുക്ക് എന്തു പഠിക്കാ​മെന്നു നോക്കാം. മോശ​യു​ടെ ഉപദേ​ശ​മൊ​ന്നും ആവശ്യ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും മോശ​യു​ടെ ഉള്ളിലെ ചിന്തക​ളെ​ല്ലാം വെളി​പ്പെ​ടു​ത്താൻ യഹോവ അവസരം കൊടു​ത്തു. ബുദ്ധി​ശൂ​ന്യ​മാ​യി ചിന്തി​ച്ചി​ട്ടുള്ള ഒരു മനുഷ്യ​ന്‍റെ വാക്കുകൾ ക്ഷമയോ​ടെ കേട്ടു​നിൽക്കാ​നും അതനു​സ​രിച്ച് പ്രവർത്തി​ക്കാ​നും നിങ്ങൾ തയ്യാറാ​കു​മോ? എന്നാൽ വിശ്വാ​സ​ത്തോ​ടെ തന്നെ സമീപി​ക്കുന്ന മനുഷ്യ​രെ യഹോവ ക്ഷമയോ​ടെ ശ്രദ്ധി​ക്കു​ന്നു.

15. മറ്റുള്ള​വരെ ബഹുമാ​നി​ക്കു​ന്ന​തിൽ നമുക്ക് എങ്ങനെ യഹോ​വയെ അനുക​രി​ക്കാം?

15 നമ്മൾ ഓരോ​രു​ത്ത​രും ഇങ്ങനെ ചിന്തി​ക്കു​ന്നതു നല്ലതാണ്‌: ‘അബ്രാ​ഹാം, റാഹേൽ, മോശ, യോശുവ, മനോഹ, ഏലിയ, ഹിസ്‌കിയ എന്നിവ​രു​മാ​യുള്ള യഹോ​വ​യു​ടെ സംഭാ​ഷ​ണങ്ങൾ കാണി​ക്കു​ന്നത്‌ യഹോവ താഴ്‌മ​യോ​ടെ ആളുക​ളോട്‌ ഇടപെ​ടു​ക​യും അവർ പറയു​ന്നതു ശ്രദ്ധി​ക്കു​ക​യും ചെയ്യുന്നു എന്നാണ്‌. യഹോവ അങ്ങനെ ചെയ്‌തെ​ങ്കിൽ, സഹോ​ദ​ര​ന്മാ​രെ ബഹുമാ​നി​ക്കാ​നും അവരുടെ അഭി​പ്രാ​യങ്ങൾ ശ്രദ്ധി​ക്കാ​നും അവ നല്ലതെന്നു തോന്നു​ന്നെ​ങ്കിൽ അതനു​സ​രിച്ച് പ്രവർത്തി​ക്കാ​നും എനിക്കും കഴിയി​ല്ലേ? ഇതിൽ ഞാൻ മെച്ച​പ്പെ​ടേ​ണ്ട​തു​ണ്ടോ, എന്‍റെ കുടും​ബ​ത്തി​ലോ സഭയി​ലോ ഉള്ള ആരെങ്കി​ലും പറയു​ന്ന​തി​നു ഞാൻ കൂടുതൽ ശ്രദ്ധ കൊടു​ക്കേ​ണ്ട​തു​ണ്ടോ? ഇക്കാര്യ​ത്തിൽ ഞാൻ എന്താണു ചെയ്യേ​ണ്ടത്‌? എനിക്ക് അത്‌ എങ്ങനെ ചെയ്യാം?’—ഉൽപ. 30:6; ന്യായാ. 13:9; 1 രാജാ. 17:22; 2 ദിന. 30:20.

“യഹോവ എന്‍റെ ദുരവസ്ഥ കാണും”

ശിമെയിയെ ‘വിട്ടേ​ക്കാൻ’ ദാവീദ്‌ പറഞ്ഞു. നിങ്ങൾ എന്തു ചെയ്യു​മാ​യി​രു​ന്നു? (16, 17 ഖണ്ഡികകൾ കാണുക)

16. ശിമെയി പ്രകോ​പി​പ്പി​ച്ച​പ്പോൾ ദാവീദ്‌ രാജാവ്‌ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌?

16 മറ്റുള്ളവർ പ്രകോ​പി​പ്പി​ക്കു​മ്പോൾ ആത്മനി​യ​ന്ത്രണം നഷ്ടപ്പെ​ടാ​തി​രി​ക്കാ​നും താഴ്‌മ നമ്മളെ സഹായി​ക്കും. (എഫെ. 4:2) ഇക്കാര്യ​ത്തിൽ നല്ല ഒരു മാതൃക 2 ശമുവേൽ 16:5-13-ൽ (വായി​ക്കുക.) കാണാം. ദാവീ​ദി​നെ​യും ഭൃത്യ​ന്മാ​രെ​യും ശൗൽ രാജാ​വി​ന്‍റെ ഒരു ബന്ധുവായ ശിമെയി നിന്ദി​ക്കു​ക​യും ഉപദ്ര​വി​ക്കു​ക​യും ചെയ്‌തു. വേണ​മെ​ങ്കിൽ ദാവീ​ദി​നു ശിമെ​യി​യു​ടെ ധിക്കാരം അപ്പോൾത്തന്നെ അവസാ​നി​പ്പി​ക്കാ​മാ​യി​രു​ന്നു. പക്ഷേ ദാവീദ്‌ അതെല്ലാം സഹിച്ചു. ആത്മനി​യ​ന്ത്രണം പാലി​ക്കാ​നുള്ള ശക്തി ദാവീ​ദിന്‌ എങ്ങനെ​യാ​ണു കിട്ടി​യത്‌? മൂന്നാം സങ്കീർത്ത​ന​ത്തിൽ ഇതിനുള്ള ഉത്തരമുണ്ട്.

17. ആത്മനി​യ​ന്ത്രണം കാണി​ക്കാൻ ദാവീ​ദിന്‌ എങ്ങനെ​യാ​ണു കഴിഞ്ഞത്‌, നമുക്ക് എങ്ങനെ ദാവീ​ദി​നെ അനുക​രി​ക്കാം?

17 ‘തന്‍റെ മകനായ അബ്‌ശാ​ലോ​മി​ന്‍റെ അടുത്തു​നിന്ന് ഓടി​പ്പോ​യ​പ്പോ​ഴാ​ണു’ ദാവീദ്‌ മൂന്നാം സങ്കീർത്തനം എഴുതി​യ​തെന്ന് അതിന്‍റെ മേലെ​ഴുത്ത്‌ സൂചി​പ്പി​ക്കു​ന്നു. 1-ഉം 2-ഉം വാക്യങ്ങൾ 2 ശമുവേൽ 16-‍ാ‍ം അധ്യാ​യ​ത്തിൽ വിവരി​ച്ചി​രി​ക്കുന്ന സംഭവ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണു പറയു​ന്നത്‌. 4-‍ാ‍ം വാക്യ​ത്തിൽ ദാവീ​ദി​ന്‍റെ ഈ ഉറപ്പു നമുക്കു കാണാം: “ഞാൻ യഹോ​വയെ ഉറക്കെ വിളി​ക്കും. തന്‍റെ വിശു​ദ്ധ​പർവ​ത​ത്തിൽനിന്ന് ദൈവം എനിക്ക് ഉത്തര​മേ​കും.” ഇതു​പോ​ലെ, ആളുകൾ നമ്മളോ​ടു മോശ​മാ​യി പെരു​മാ​റു​മ്പോൾ നമുക്കും പ്രാർഥി​ക്കാം. അപ്പോൾ യഹോവ പരിശു​ദ്ധാ​ത്മാ​വി​നെ നമുക്കു തരും, സഹിച്ചു​നിൽക്കാൻ അതു നമ്മളെ സഹായി​ക്കും. ആത്മനി​യ​ന്ത്രണം കാണി​ക്കേണ്ട ഏതെങ്കി​ലും സാഹച​ര്യ​ത്തെ​ക്കു​റിച്ച് നിങ്ങൾക്ക് ഓർക്കാൻ കഴിയു​ന്നു​ണ്ടോ? നിങ്ങ​ളോ​ടു മോശ​മാ​യി പെരു​മാ​റിയ ആരോ​ടെ​ങ്കി​ലും നിരു​പാ​ധി​കം ക്ഷമിക്കാൻ കഴിയു​ന്നു​ണ്ടോ? നിങ്ങളു​ടെ ദുരവസ്ഥ യഹോവ കാണു​ന്നു​ണ്ടെ​ന്നും നിങ്ങളെ അനു​ഗ്ര​ഹി​ക്കു​മെ​ന്നും നിങ്ങൾക്ക് ഉറപ്പു​ണ്ടോ?

“ജ്ഞാനമാണ്‌ ഏറ്റവും പ്രധാനം”

18. ദൈവ​ത്തി​ന്‍റെ മാർഗ​നിർദേ​ശങ്ങൾ അനുസ​രി​ക്കു​ന്ന​തിൽ തുടരു​ന്നെ​ങ്കിൽ അവ നമുക്ക് എങ്ങനെ പ്രയോ​ജനം ചെയ്യും?

18 ശരി​യെന്ന് അറിയാ​വുന്ന കാര്യങ്ങൾ ചെയ്യു​ന്നത്‌ അനു​ഗ്ര​ഹ​ങ്ങ​ളിൽ കലാശി​ക്കും. “ജ്ഞാനമാണ്‌ ഏറ്റവും പ്രധാനം” എന്നു സുഭാ​ഷി​തങ്ങൾ 4:7 പറയു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല! ജ്ഞാനത്തിന്‌ ആധാരം അറിവാണ്‌. എങ്കിലും കാര്യങ്ങൾ വെറുതേ മനസ്സി​ലാ​ക്കു​ന്ന​തി​നെ​ക്കാൾ ഉപരി, ശരിയായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​താ​ണു ജ്ഞാനത്തിൽ ഉൾപ്പെ​ടു​ന്നത്‌. ഉറുമ്പു​കൾപോ​ലും ജ്ഞാനം പ്രകട​മാ​ക്കു​ന്നു. വേനൽക്കാ​ല​ത്തേ​ക്കു​വേണ്ടി ആഹാരം ശേഖരി​ച്ചു​കൊണ്ട് അവ സഹജജ്ഞാ​ന​ത്തോ​ടെ പ്രവർത്തി​ക്കു​ന്നു. (സുഭാ. 30:24, 25) ‘ദൈവ​ജ്ഞാ​ന​മായ’ ക്രിസ്‌തു എപ്പോ​ഴും പിതാ​വിന്‌ ഇഷ്ടമു​ള്ളതു ചെയ്യുന്നു. (1 കൊരി. 1:24; യോഹ. 8:29) ശരിയായ തീരു​മാ​ന​മെ​ടു​ക്കു​ന്ന​തും അതനു​സ​രിച്ച് പ്രവർത്തി​ക്കു​ന്ന​തും രണ്ടും രണ്ടാണ്‌. താഴ്‌മ​യും സഹനശ​ക്തി​യും കാണി​ക്കു​ക​യും സത്യമാ​ണെന്ന് അറിയാ​വുന്ന കാര്യ​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യും ചെയ്യു​ന്ന​വർക്ക് യഹോവ പ്രതി​ഫലം കൊടു​ക്കും. (മത്തായി 7:21-23 വായി​ക്കുക.) അതു​കൊണ്ട് സഭയിൽ താഴ്‌മ എന്ന ഗുണം തഴച്ചു​വ​ള​രാൻ പറ്റിയ ആത്മീയ​ചു​റ്റു​പാ​ടു​കൾ കാത്തു​സൂ​ക്ഷി​ക്കാൻ നമ്മൾ ഓരോ​രു​ത്ത​രും ശ്രദ്ധി​ക്കണം. ശരിയാ​ണെന്നു തിരി​ച്ച​റി​യുന്ന ചില കാര്യങ്ങൾ ബാധക​മാ​ക്കു​ന്ന​തി​നു വളരെ​യ​ധി​കം സമയ​മെ​ടു​ത്തേ​ക്കാം. ക്ഷമയോ​ടെ​യുള്ള ശ്രമവും വേണ്ടി​വ​രും. അതു താഴ്‌മ​യു​ടെ അടയാ​ള​മാണ്‌. ഇപ്പോ​ഴും എന്നേക്കും അതു സന്തോഷം കൈവ​രു​ത്തു​ക​യും ചെയ്യും.