വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സാഹച​ര്യ​ങ്ങൾക്കു മാറ്റം വരു​മ്പോ​ഴും മനസ്സമാ​ധാ​നം നിലനി​റു​ത്തുക

സാഹച​ര്യ​ങ്ങൾക്കു മാറ്റം വരു​മ്പോ​ഴും മനസ്സമാ​ധാ​നം നിലനി​റു​ത്തുക

“ഞാൻ എന്റെ ദേഹിയെ ശാന്തമാ​ക്കി സമാധാ​നി​പ്പി​ച്ചി​രി​ക്കു​ന്നു.”—സങ്കീ. 131:2.

ഗീതങ്ങൾ: 128, 129

1, 2. (എ) ജീവി​ത​ത്തിൽ അപ്രതീ​ക്ഷി​ത​മായ മാറ്റങ്ങ​ളു​ണ്ടാ​കു​മ്പോൾ അത്‌ ഒരു ക്രിസ്‌ത്യാ​നി​യെ എങ്ങനെ ബാധി​ച്ചേ​ക്കാം? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.) (ബി) സങ്കീർത്തനം 131 അനുസ​രിച്ച്‌ മനസ്സമാ​ധാ​നം നിലനി​റു​ത്താൻ ഏതു മനോ​ഭാ​വം നമ്മളെ സഹായി​ക്കും?

ബഥേലിൽ 25-ലധികം വർഷം സേവിച്ച ലോയി​ഡി​നെ​യും അലക്‌സാൻഡ്ര​യെ​യും വയലി​ലേക്കു നിയമി​ച്ച​പ്പോൾ ആദ്യം അവർക്കു വിഷമം തോന്നി. ലോയിഡ്‌ പറയുന്നു: “ബഥേലും അവിടത്തെ നിയമ​ന​വും എന്റെ ജീവനാ​യി​രു​ന്നു. നിയമനം മാറ്റി​യ​തി​നു പിന്നിലെ കാരണ​ങ്ങ​ളോ​ടെ​ല്ലാം എനിക്കു മനസ്സു​കൊണ്ട്‌ യോജി​പ്പാ​യി​രു​ന്നു. പക്ഷേ എന്നെ ആർക്കും ആവശ്യ​മില്ല എന്ന തോന്നൽ മാസങ്ങ​ളോ​ളം എന്നെ വേട്ടയാ​ടി. എന്റെ വികാ​രങ്ങൾ പെട്ടെന്നു മാറി​മ​റി​യു​മാ​യി​രു​ന്നു, ഒരു നിമിഷം സന്തോ​ഷ​മാ​ണെ​ങ്കിൽ അടുത്ത നിമിഷം നിരാ​ശ​യാ​യി​രി​ക്കും തോന്നുക.”

2 നമ്മുടെ ജീവി​ത​ത്തിൽ അപ്രതീ​ക്ഷി​ത​മായ വഴിത്തി​രി​വു​ണ്ടാ​കു​മ്പോൾ അതുണ്ടാ​ക്കുന്ന മാറ്റങ്ങൾ ഉത്‌ക​ണ്‌ഠ​കൾക്കും പിരി​മു​റു​ക്ക​ത്തി​നും കാരണ​മാ​യേ​ക്കാം. (സുഭാ. 12:25) ആ മാറ്റങ്ങൾ അംഗീ​ക​രി​ക്കാൻപോ​ലും നമുക്കു ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം. അത്തരം സാഹച​ര്യ​ങ്ങ​ളിൽ നമുക്ക്‌ എങ്ങനെ നമ്മുടെ ദേഹിയെ ‘ശാന്തമാ​ക്കി സമാധാ​നി​പ്പി​ക്കാം?’ (സങ്കീർത്തനം 131:1-3 വായി​ക്കുക.) നമുക്ക്‌ ഇപ്പോൾ ചില ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​യും ആധുനി​ക​കാല ദൈവ​ദാ​സ​രു​ടെ​യും മാതൃ​കകൾ ചിന്തി​ക്കാം. സാഹച​ര്യ​ങ്ങൾക്കു മാറ്റം വന്നപ്പോൾ എങ്ങനെ​യാണ്‌ അവർ മനസ്സമാ​ധാ​നം നിലനി​റു​ത്തി​യ​തെന്നു നോക്കാം.

“ദൈവ​സ​മാ​ധാ​നം” അനുഭ​വി​ച്ച​റി​യു​ന്നു

3. യോ​സേ​ഫി​ന്റെ ജീവി​ത​ത്തിൽ എന്തു വലിയ മാറ്റമാ​ണു​ണ്ടാ​യത്‌?

3 യോ​സേ​ഫിന്‌ ഏകദേശം 17 വയസ്സു​ള്ള​പ്പോൾ അസൂയ കാരണം ചേട്ടന്മാർ യോ​സേ​ഫി​നെ ഒരു അടിമ​യാ​യി വിറ്റു. യോ​സേ​ഫാ​യി​രു​ന്നു യാക്കോ​ബി​ന്റെ ഇഷ്ടപു​ത്രൻ. (ഉൽപ. 37:2-4, 23-28) തന്നെ വളരെ​യ​ധി​കം സ്‌നേ​ഹി​ച്ചി​രുന്ന പിതാ​വിൽനിന്ന്‌ ദൂരെ ഈജി​പ്‌തിൽ, ഏതാണ്ട്‌ 13 വർഷ​ത്തോ​ളം യോ​സേ​ഫിന്‌ ഒരു അടിമ​യാ​യും തടവു​കാ​ര​നാ​യും ജീവി​ക്കേ​ണ്ടി​വന്നു. നിരാ​ശ​യ്‌ക്കു വഴി​പ്പെ​ടാ​തി​രി​ക്കാ​നും പക വളർന്നു​വ​രാ​തി​രി​ക്കാ​നും യോ​സേ​ഫി​നെ എന്താണു സഹായി​ച്ചത്‌?

4. (എ) തടവറ​യി​ലാ​യി​രു​ന്ന​പ്പോൾ യോ​സേഫ്‌ എന്തിൽ മനസ്സു കേന്ദ്രീ​ക​രി​ച്ചു? (ബി) യഹോവ എങ്ങനെ​യാ​ണു യോ​സേ​ഫി​ന്റെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം കൊടു​ത്തത്‌?

4 തടവറ​യി​ലെ യാതന​യു​ടെ സമയത്ത്‌, യഹോവ തന്നെ അനു​ഗ്ര​ഹി​ക്കു​ന്ന​തി​ന്റെ തെളി​വു​ക​ളിൽ യോ​സേഫ്‌ ഉറപ്പാ​യും മനസ്സു കേന്ദ്രീ​ക​രി​ച്ചു​കാ​ണും. (ഉൽപ. 39:21; സങ്കീ. 105:17-19) ചെറു​പ്പ​ത്തിൽ യോ​സേഫ്‌ കണ്ട പ്രാവ​ച​നിക അർഥമുള്ള സ്വപ്‌ന​ങ്ങ​ളും തനിക്ക്‌ യഹോ​വ​യു​ടെ പ്രീതി​യു​ണ്ടെന്നു യോ​സേ​ഫി​നെ ഓർമ​പ്പെ​ടു​ത്തി​ക്കാ​ണും. (ഉൽപ. 37:5-11) പലവട്ടം തന്റെ ഉള്ളിലെ വിഷമങ്ങൾ യോ​സേഫ്‌ യഹോ​വ​യു​ടെ മുമ്പാകെ പകർന്നി​ട്ടു​ണ്ടാ​കണം. (സങ്കീ. 145:18) യോ​സേ​ഫി​ന്റെ ഉള്ളുരു​കി​യുള്ള പ്രാർഥ​ന​കൾക്ക്‌ ഉത്തരം കിട്ടി​യോ? എന്തു സംഭവി​ച്ചാ​ലും യഹോവ ‘തന്റെകൂ​ടെ​യു​ണ്ടാ​യി​രി​ക്കു​മെന്നു’ യോ​സേ​ഫിന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. അതായി​രു​ന്നു യോ​സേ​ഫി​ന്റെ പ്രാർഥ​ന​കൾക്കുള്ള ഉത്തരം.—പ്രവൃ. 7:9, 10. *

5. “ദൈവ​സ​മാ​ധാ​നം” എങ്ങനെ​യാണ്‌ ആത്മീയ​ല​ക്ഷ്യ​ങ്ങൾ എത്തിപ്പി​ടി​ക്കാ​നുള്ള നമ്മുടെ തീരു​മാ​നത്തെ ശക്തി​പ്പെ​ടു​ത്തു​ന്നത്‌?

5 മടുത്തു​പി​ന്മാ​റാ​തെ, ആത്മീയ​ല​ക്ഷ്യ​ങ്ങൾ എത്തിപ്പി​ടി​ക്കാ​നുള്ള നമ്മുടെ തീരു​മാ​നം ശക്തമാ​ക്കാൻ ‘ദൈവ​സ​മാ​ധാ​ന​ത്തി​നു’ നമ്മളെ സഹായി​ക്കാൻ കഴിയും. എങ്ങനെ? പ്രതി​കൂ​ല​മായ സാഹച​ര്യ​ങ്ങ​ളിൽ നമ്മുടെ മനസ്സിനെ ശാന്തമാ​ക്കു​ക​യും ചിന്തകളെ സംരക്ഷി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌. (ഫിലി​പ്പി​യർ 4:6, 7 വായി​ക്കുക.) അതു​കൊണ്ട്‌ ഉത്‌ക​ണ്‌ഠകൾ വരിഞ്ഞു​മു​റു​ക്കു​മ്പോൾ യഹോ​വ​യി​ലേക്കു തിരി​യുക. ദൈവ​സ​മാ​ധാ​ന​ത്തി​ന്റെ ശക്തി തെളി​യി​ക്കുന്ന ചില ആധുനി​ക​കാ​ല​ദൃ​ഷ്ടാ​ന്തങ്ങൾ നമുക്ക്‌ ഇപ്പോൾ നോക്കാം.

മനസ്സമാ​ധാ​നം വീണ്ടെ​ടു​ക്കാൻ യഹോ​വ​യി​ലേക്കു തിരി​യു​ക

6, 7. കാര്യങ്ങൾ എടുത്തു​പ​റഞ്ഞ്‌ നടത്തുന്ന പ്രാർഥ​നകൾ മനസ്സമാ​ധാ​നം വീണ്ടെ​ടു​ക്കാൻ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ? ഒരു അനുഭവം പറയുക.

6 തങ്ങൾ ഇനി പ്രത്യേക മുൻനി​ര​സേ​വ​ക​രാ​യി​രി​ക്കില്ല എന്ന അറിയി​പ്പു ലഭിച്ച​പ്പോൾ റയാനും ജൂലി​യ​റ്റും ആകെ നിരു​ത്സാ​ഹി​ത​രാ​യി. റയാൻ പറയുന്നു: “ഞങ്ങൾ ഇക്കാര്യം പ്രാർഥ​ന​യിൽ യഹോ​വ​യു​ടെ മുമ്പാകെ വെച്ചു. യഹോ​വ​യി​ലുള്ള ആശ്രയം തെളി​യി​ക്കാ​നുള്ള ഒരു പ്രത്യേക അവസര​മാണ്‌ ഇതെന്നു ഞങ്ങൾ തിരി​ച്ച​റി​ഞ്ഞു. കാരണം, ഞങ്ങളുടെ സഭയി​ലു​ണ്ടാ​യി​രുന്ന പലരും പുതു​താ​യി സത്യം പഠിച്ച​വ​രാ​യി​രു​ന്നു. യഹോ​വ​യിൽ ആശ്രയി​ക്കുന്ന കാര്യ​ത്തിൽ ഒരു നല്ല മാതൃക വെക്കാൻ സഹായി​ക്കണേ എന്നു ഞങ്ങൾ പ്രാർഥി​ച്ചു.”

7 യഹോവ എങ്ങനെ​യാണ്‌ അവരുടെ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം കൊടു​ത്തത്‌? റയാൻ പറയുന്നു: “പ്രാർഥി​ച്ചു​ക​ഴി​ഞ്ഞ​പ്പോൾ തുടക്ക​ത്തിൽ ഞങ്ങൾക്കു​ണ്ടാ​യി​രുന്ന ഭയവും ഉത്‌ക​ണ്‌ഠ​ക​ളും എല്ലാം നീങ്ങി​പ്പോ​യി. ദൈവ​സ​മാ​ധാ​നം ഞങ്ങളുടെ ഹൃദയ​ത്തെ​യും മനസ്സി​നെ​യും കാക്കു​ക​യാ​യി​രു​ന്നു. ശരിയായ മനോ​ഭാ​വം നിലനി​റു​ത്തി​യാൽ യഹോ​വ​യ്‌ക്കു ഞങ്ങൾ തുടർന്നും ഉപയോ​ഗ​മു​ള്ള​വ​രാ​യി​രി​ക്കു​മെന്നു ഞങ്ങൾ മനസ്സി​ലാ​ക്കി.”

8-10. (എ) ഉത്‌ക​ണ്‌ഠകൾ ഉണ്ടാകു​മ്പോൾ ദൈവാ​ത്മാ​വി​നു നമ്മളെ എങ്ങനെ സഹായി​ക്കാൻ കഴിയും? (ബി) ആത്മീയ​വീ​ക്ഷണം നിലനി​റു​ത്താൻ നമ്മൾ നടത്തുന്ന ശ്രമങ്ങളെ യഹോവ എങ്ങനെ​യെ​ല്ലാ​മാ​യി​രി​ക്കും അനു​ഗ്ര​ഹി​ക്കുക?

8 മനസ്സിനെ ശാന്തമാ​ക്കു​ന്ന​തി​നു പുറമേ, ആത്മീയ​കാ​ര്യ​ങ്ങൾ ഒന്നാമതു വെക്കു​ന്ന​തിൽ തുടരാൻ നമ്മളെ സഹായി​ക്കുന്ന പ്രധാ​ന​പ്പെട്ട തിരു​വെ​ഴു​ത്തു​കൾ ശ്രദ്ധയിൽപ്പെ​ടു​ത്താ​നും ദൈവാ​ത്മാ​വി​നു കഴിയും. (യോഹ​ന്നാൻ 14:26, 27 വായി​ക്കുക.) ഏകദേശം 25 വർഷം ബഥേലിൽ സേവിച്ച ഫിലിപ്പ്‌-മേരി ദമ്പതി​ക​ളു​ടെ അനുഭവം അതാണ്‌. നാലു മാസത്തി​നു​ള്ളിൽ അവരുടെ ജീവി​ത​ത്തിൽ എന്തൊക്കെ സംഭവി​ച്ചെ​ന്നോ? രണ്ടു പേരു​ടെ​യും അമ്മമാ​രും മറ്റൊരു കുടും​ബാം​ഗ​വും മരിച്ചു. മേരി സഹോ​ദ​രി​യു​ടെ അച്ഛന്‌ ഒരു പ്രത്യേ​ക​തരം മറവി​രോ​ഗം ബാധി​ച്ച​തി​നാൽ പരിച​രണം ആവശ്യ​മാ​യി​വന്നു.

9 ഫിലിപ്പ്‌ സഹോ​ദരൻ പറയുന്നു: “ഞാൻ ഒരു വിധം നന്നായി കാര്യങ്ങൾ ചെയ്യു​ന്നു​ണ്ടെ​ന്നാണ്‌ എനിക്കു തോന്നി​യി​രു​ന്നത്‌. പക്ഷേ എന്തോ ഒരു കുറവ്‌ എനിക്ക്‌ അനുഭ​വ​പ്പെട്ടു. അങ്ങനെ​യി​രി​ക്കെ, വീക്ഷാ​ഗോ​പു​ര​ത്തി​ലെ ഒരു പഠന​ലേ​ഖ​ന​ത്തിൽ വന്ന കൊ​ലോ​സ്യർ 1:11 ഞാൻ പ്രത്യേ​കം ശ്രദ്ധിച്ചു. ഞാൻ സഹിച്ചു​നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു എന്നതു ശരിയാണ്‌, പക്ഷേ മെച്ച​പ്പെ​ട​ണ​മാ​യി​രു​ന്നു. ഞാൻ ‘എല്ലാം സന്തോ​ഷ​ത്തോ​ടെ​യും ക്ഷമയോ​ടെ​യും സഹിക്ക​ണ​മാ​യി​രു​ന്നു.’ ജീവി​ത​ത്തി​ലെ സന്തോഷം സാഹച​ര്യ​ങ്ങളെ ആശ്രയി​ച്ചല്ല, പകരം ദൈവാ​ത്മാ​വി​ന്റെ പ്രവർത്ത​ന​ഫ​ല​മാ​യി​ട്ടാ​ണു ലഭിക്കു​ന്ന​തെന്ന്‌ ഈ വാക്യം എന്നെ ഓർമി​പ്പി​ച്ചു.”

10 സാഹച​ര്യ​ങ്ങളെ ഒരു ആത്മീയ​വീ​ക്ഷ​ണ​കോ​ണി​ലൂ​ടെ നോക്കി​ക്കാ​ണാൻ നടത്തിയ ശ്രമങ്ങൾക്ക്‌ യഹോവ ഫിലിപ്പ്‌ സഹോ​ദ​ര​നെ​യും സഹോ​ദ​രി​യെ​യും പല വിധങ്ങ​ളിൽ അനു​ഗ്ര​ഹി​ച്ചു. ബഥേലിൽനിന്ന്‌ പോന്ന്‌ അധികം​വൈ​കാ​തെ, അവർക്കു ചില നല്ല ബൈബിൾപ​ഠ​നങ്ങൾ കിട്ടി. ആഴ്‌ച​യിൽ ഒന്നില​ധി​കം തവണ ബൈബിൾ പഠിക്കാൻ ആ ബൈബിൾവി​ദ്യാർഥി​കൾ ആഗ്രഹി​ച്ചു. പിന്തി​രി​ഞ്ഞു​നോ​ക്കി​ക്കൊണ്ട്‌ മേരി പറയുന്നു: “അവരാ​യി​രു​ന്നു ഞങ്ങളുടെ സന്തോഷം. അവരെ കാണു​മ്പോൾ യഹോവ ഞങ്ങളോട്‌ ഇങ്ങനെ പറയു​ന്ന​തു​പോ​ലെ തോന്നി: ‘എല്ലാം ശരിയാ​കും.’”

യഹോ​വ​യ്‌ക്ക്‌ അനു​ഗ്ര​ഹി​ക്കാ​നാ​യി എന്തെങ്കി​ലും ചെയ്യുക

നമ്മുടെ സാഹച​ര്യ​ങ്ങൾ എന്തുത​ന്നെ​യാ​യാ​ലും യോ​സേ​ഫി​ന്റെ മാതൃക എങ്ങനെ അനുക​രി​ക്കാം? (11-13 ഖണ്ഡികകൾ കാണുക)

11, 12. (എ) യഹോ​വ​യു​ടെ അനു​ഗ്രഹം ലഭിക്കു​ന്ന​തി​നു യോ​സേഫ്‌ എങ്ങനെ​യാ​ണു കളമൊ​രു​ക്കി​യത്‌? (ബി) പിടി​ച്ചു​നി​ന്ന​തി​നു യോ​സേ​ഫിന്‌ എങ്ങനെ​യാ​ണു പ്രതി​ഫലം കിട്ടി​യത്‌?

11 ജീവി​ത​ത്തിൽ പെട്ടെന്നു മാറ്റങ്ങ​ളു​ണ്ടാ​കുന്ന സമയത്ത്‌, ഭാവി​യെ​ക്കു​റിച്ച്‌ അമിത​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ട്ടാൽ നമ്മൾ തളർന്നു​പോ​യേ​ക്കാം. യോ​സേ​ഫിന്‌ അങ്ങനെ സംഭവി​ക്കാ​മാ​യി​രു​ന്നു. പക്ഷേ യോ​സേഫ്‌ എന്താണു ചെയ്‌തത്‌? തന്റെ സാഹച​ര്യ​ത്തിൽ നിന്നു​കൊണ്ട്‌ ചെയ്യാൻ കഴിയു​ന്ന​തിൽ ഏറ്റവും മെച്ചമാ​യതു ചെയ്യാൻ യോ​സേഫ്‌ തീരു​മാ​നി​ച്ചു. അങ്ങനെ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്തി​നു കളമൊ​രു​ക്കി. തടവറ​യി​ലാ​യി​രു​ന്നെ​ങ്കി​ലും മേലധി​കാ​രി ഏൽപ്പിച്ച ഉത്തരവാ​ദി​ത്വ​ങ്ങൾ യോ​സേഫ്‌ ആത്മാർഥ​ത​യോ​ടെ നിറ​വേറ്റി, മുമ്പ്‌ പോത്തി​ഫ​റി​ന്റെ അടുത്താ​യി​രു​ന്ന​പ്പോൾ ചെയ്‌ത​തു​പോ​ലെ!—ഉൽപ. 39:21-23.

12 മുമ്പ്‌ ഫറവോ​ന്റെ കൊട്ടാ​ര​ത്തിൽ പ്രധാ​ന​പ്പെട്ട ഉത്തരവാ​ദി​ത്വ​ങ്ങൾ വഹിച്ചി​രുന്ന രണ്ടു തടവു​കാ​രു​ടെ കാര്യങ്ങൾ നോക്കാൻ യോ​സേ​ഫി​നു നിയമനം കിട്ടി. യോ​സേ​ഫി​ന്റെ ദയയോ​ടെ​യുള്ള പെരു​മാ​റ്റ​ത്തിൽ ആകർഷി​ക്ക​പ്പെട്ട അവർ തങ്ങളുടെ പ്രശ്‌ന​ങ്ങ​ളും തലേ രാത്രി കണ്ട അമ്പരപ്പി​ക്കുന്ന സ്വപ്‌ന​ങ്ങ​ളും യോ​സേ​ഫി​നോ​ടു തുറന്നു​പ​റഞ്ഞു. (ഉൽപ. 40:5-8) ആ സംഭാ​ഷണം യോ​സേ​ഫി​ന്റെ മോച​ന​ത്തിൽ കലാശി​ക്കു​മെന്നു യോ​സേഫ്‌ ഒട്ടും പ്രതീ​ക്ഷി​ച്ചു​കാ​ണില്ല. രണ്ടു വർഷം​കൂ​ടെ തടവറ​യിൽ കിട​ക്കേ​ണ്ടി​വ​ന്നെ​ങ്കി​ലും അദ്ദേഹം മോചി​ത​നാ​കു​ക​യും അതേ ദിവസം​തന്നെ ഫറവോൻ കഴിഞ്ഞാൽ അടുത്ത സ്ഥാനത്തുള്ള ഭരണാ​ധി​കാ​രി​യാ​കു​ക​യും ചെയ്‌തു.—ഉൽപ. 41:1, 14-16, 39-41.

13. സാഹച​ര്യം എന്തായാ​ലും യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്തി​നു കളമൊ​രു​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

13 യോ​സേ​ഫി​നു​ണ്ടാ​യ​തു​പോ​ലെ, നമ്മുടെ നിയ​ന്ത്ര​ണ​ങ്ങൾക്കും അപ്പുറ​മുള്ള സാഹച​ര്യ​ങ്ങൾ നമ്മുടെ ജീവി​ത​ത്തി​ലു​ണ്ടാ​യേ​ക്കാം. അപ്പോൾ ക്ഷമ കാണി​ക്കു​ക​യും ആ സാഹച​ര്യ​ത്തിൽ കഴിവി​ന്റെ പരമാ​വധി പ്രവർത്തി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്തി​നു നമ്മൾ കളമൊ​രു​ക്കു​ക​യാ​യി​രി​ക്കും. (സങ്കീ. 37:5) ചില​പ്പോൾ നമ്മൾ ആകെ ‘ആശയക്കു​ഴ​പ്പ​ത്തി​ലാ​യേ​ക്കാം’ എന്നതു ശരിയാണ്‌. പക്ഷേ നമ്മൾ ഒരിക്ക​ലും “ആശയറ്റ​വ​രാ​കു​ന്നില്ല.” (2 കൊരി. 4:8, അടിക്കു​റിപ്പ്‌) പൗലോ​സി​ന്റെ ആ വാക്കുകൾ നമ്മുടെ കാര്യ​ത്തി​ലും സത്യമാ​കും, പ്രത്യേ​കി​ച്ചും നമ്മൾ ശുശ്രൂ​ഷ​യിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നെ​ങ്കിൽ.

ശുശ്രൂ​ഷ​യിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ക

14-16. സാഹച​ര്യ​ങ്ങൾ മാറി​മാ​റി വന്നെങ്കി​ലും സുവി​ശേ​ഷ​ക​നായ ഫിലി​പ്പോസ്‌ ശുശ്രൂ​ഷ​യിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചത്‌ എങ്ങനെ?

14 സാഹച​ര്യ​ങ്ങൾക്കു മാറ്റമു​ണ്ടാ​യ​പ്പോ​ഴും ശുശ്രൂ​ഷ​യി​ലുള്ള ശ്രദ്ധ പതറാ​തി​രു​ന്ന​തി​ന്റെ ഒരു നല്ല മാതൃ​ക​യാ​ണു സുവി​ശേ​ഷ​ക​നായ ഫിലി​പ്പോസ്‌. സ്‌തെ​ഫാ​നൊസ്‌ ഒരു രക്തസാ​ക്ഷി​യാ​യി മരിച്ച​തി​നെ​ത്തു​ടർന്ന്‌ യരുശ​ലേ​മിൽ ക്രിസ്‌ത്യാ​നി​കൾക്കെ​തി​രെ​യുള്ള പീഡനം ആഞ്ഞടിച്ചു. * ആ സമയത്ത്‌ ഫിലി​പ്പോസ്‌ ഒരു പുതിയ സേവന​പ​ദ​വി​യി​ലാ​യി​രു​ന്നു. (പ്രവൃ. 6:1-6) എന്നാൽ ക്രിസ്‌ത്യാ​നി​കൾ ചിതറി​പ്പോ​യ​പ്പോൾ ഫിലി​പ്പോസ്‌ കൈയും കെട്ടി വെറു​തേ​യി​രു​ന്നില്ല. അദ്ദേഹം ശമര്യ​യി​ലേക്കു പോയി, അവിടെ പ്രസം​ഗി​ച്ചു. സന്തോ​ഷ​വാർത്ത അധികം എത്തി​പ്പെ​ട്ടി​ട്ടി​ല്ലാത്ത ഒരു സ്ഥലമാ​യി​രു​ന്നു അത്‌.—മത്താ. 10:5; പ്രവൃ. 8:1, 5.

15 ദൈവാ​ത്മാവ്‌ നയിക്കു​ന്നി​ട​ത്തേ​ക്കെ​ല്ലാം പോകാൻ ഫിലി​പ്പോസ്‌ മനസ്സു​ള്ള​വ​നാ​യി​രു​ന്നു. അതു​കൊണ്ട്‌ പുതിയ പ്രദേ​ശ​ങ്ങ​ളിൽ പോയി പ്രസം​ഗി​ക്കാൻ യഹോവ അദ്ദേഹത്തെ ഉപയോ​ഗി​ച്ചു. ജൂതന്മാർ തീർത്തും അവജ്ഞ​യോ​ടെ​യാ​ണു ശമര്യ​ക്കാ​രെ കണ്ടിരു​ന്നത്‌. അതു​കൊണ്ട്‌ ഫിലി​പ്പോ​സി​ന്റെ പക്ഷപാ​തി​ത്വ​മി​ല്ലായ്‌മ അവരെ തീർച്ച​യാ​യും ആകർഷി​ച്ചി​രി​ക്കണം. ജനക്കൂട്ടം “ഏകമന​സ്സോ​ടെ” ഫിലി​പ്പോ​സി​നെ ശ്രദ്ധി​ച്ച​തിൽ ഒട്ടും അതിശ​യി​ക്കാ​നില്ല.—പ്രവൃ. 8:6-8.

16 അതിനു ശേഷം ദൈവാ​ത്മാവ്‌ ഫിലി​പ്പോ​സി​നെ അസ്‌തോ​ദി​ലേ​ക്കും കൈസ​ര്യ​യി​ലേ​ക്കും നയിച്ചു. ജനതക​ളിൽപ്പെട്ട ആളുകൾ തിങ്ങി​നി​റഞ്ഞ പട്ടണങ്ങ​ളാ​യി​രു​ന്നു അവ. (പ്രവൃ. 8:39, 40) ആദ്യമാ​യി ശമര്യ​യിൽ പ്രസം​ഗി​ച്ചിട്ട്‌ ഏതാണ്ട്‌ 20 വർഷത്തി​നു ശേഷം നമ്മൾ ഫിലി​പ്പോ​സി​നെ കാണു​മ്പോൾ അദ്ദേഹ​ത്തി​ന്റെ സാഹച​ര്യ​ങ്ങൾ പിന്നെ​യും മാറി​യി​രു​ന്നു. അദ്ദേഹം ഇപ്പോൾ ഒരു കുടും​ബ​സ്ഥ​നാ​യി തന്റെ പ്രവർത്ത​ന​പ്ര​ദേ​ശത്ത്‌ താമസ​മാ​ക്കി​യി​രു​ന്നു. സാഹച​ര്യ​ങ്ങൾ മാറി​യെ​ങ്കി​ലും ഫിലി​പ്പോസ്‌ ശുശ്രൂ​ഷ​യിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു. അതിന്റെ ഫലമായി യഹോവ അദ്ദേഹ​ത്തെ​യും കുടും​ബ​ത്തെ​യും സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ച്ചു.—പ്രവൃ. 21:8, 9.

17, 18. സാഹച​ര്യ​ങ്ങൾ മാറു​മ്പോ​ഴും ശ്രദ്ധ പതറാ​തി​രി​ക്കാൻ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടു​ന്നതു നമ്മളെ എങ്ങനെ സഹായി​ക്കും?

17 സാഹച​ര്യ​ങ്ങൾ മാറി​യ​പ്പോ​ഴും ശുശ്രൂ​ഷ​യിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചതു സന്തോ​ഷ​ത്തോ​ടെ മുന്നോ​ട്ടു​പോ​കാൻ തങ്ങളെ സഹായി​ച്ചെന്നു പല മുഴു​സ​മ​യ​സേ​വ​ക​രും പറഞ്ഞി​രി​ക്കു​ന്നു. സൗത്ത്‌ ആഫ്രി​ക്ക​യി​ലുള്ള ദമ്പതി​ക​ളായ ഓസ്‌ബോ​ണും പൊ​ളൈ​റ്റും ബഥേൽ വിട്ട​പ്പോൾ പെട്ടെ​ന്നു​തന്നെ ഒരു അംശകാ​ല​ജോ​ലി​യും താമസ​സ്ഥ​ല​വും കിട്ടു​മെ​ന്നാ​ണു വിചാ​രി​ച്ചത്‌. പക്ഷേ എന്താണു സംഭവി​ച്ചത്‌? ഓസ്‌ബോൺ പറയുന്നു: “ജോലി വിചാ​രി​ച്ചത്ര പെട്ടെന്നു കിട്ടി​യില്ല.” പൊ​ളൈറ്റ്‌ ഓർക്കു​ന്നു: “മൂന്നു മാസം ഞങ്ങൾക്കു ജോലി​യി​ല്ലാ​യി​രു​ന്നു. ഞങ്ങളുടെ കൈയി​ലാ​ണെ​ങ്കിൽ പണവു​മില്ല. എന്തു ചെയ്യണ​മെന്ന്‌ അറിയാത്ത അവസ്ഥ.”

18 സമ്മർദം നിറഞ്ഞ ഈ സാഹച​ര്യ​ത്തിൽ പിടി​ച്ചു​നിൽക്കാൻ അവരെ എന്താണു സഹായി​ച്ചത്‌? ഓസ്‌ബോൺ പറയുന്നു: “ശ്രദ്ധ പതറാ​തി​രി​ക്കാ​നും ശുഭാ​പ്‌തി​വി​ശ്വാ​സ​മു​ള്ള​വ​രാ​യി​രി​ക്കാ​നും സഭയു​ടെ​കൂ​ടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ട്ടതു ഞങ്ങളെ സഹായി​ച്ചു. വെറുതേ ഉത്‌ക​ണ്‌ഠ​പ്പെട്ട്‌ ഇരിക്കു​ന്ന​തി​നു പകരം പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ മുഴു​കാൻ ഞങ്ങൾ തീരു​മാ​നി​ച്ചു. അതു ഞങ്ങൾക്കു വളരെ​യ​ധി​കം സന്തോഷം നേടി​ത്തന്നു. ജോലി​ക്കാ​യി ഞങ്ങൾ പലയി​ട​ത്തും അന്വേ​ഷി​ച്ചു, പിന്നീട്‌ ഒരു ജോലി ലഭിക്കു​ക​യും ചെയ്‌തു.”

യഹോ​വ​യ്‌ക്കാ​യി ക്ഷമയോ​ടെ കാത്തി​രി​ക്കു​ക

19-21. (എ) മനസ്സമാ​ധാ​നം നിലനി​റു​ത്താൻ നമ്മളെ എന്തു സഹായി​ക്കും? (ബി) പുതിയ സാഹച​ര്യ​ങ്ങ​ളു​മാ​യി ഇണങ്ങി​ച്ചേ​രു​ന്ന​തു​കൊണ്ട്‌ നമുക്കു വ്യക്തി​പ​ര​മാ​യി എന്തൊക്കെ പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌?

19 ഈ അനുഭ​വങ്ങൾ കാണി​ക്കു​ന്ന​തു​പോ​ലെ, നമ്മുടെ സാഹച​ര്യ​ങ്ങ​ളിൽ നിന്നു​കൊണ്ട്‌ കഴിവി​ന്റെ പരമാ​വധി പ്രവർത്തി​ക്കു​ക​യും യഹോ​വ​യ്‌ക്കാ​യി ഉറപ്പോ​ടെ കാത്തി​രി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നമുക്ക്‌ മനസ്സമാ​ധാ​നം നിലനി​റു​ത്താ​നാ​കും. (മീഖ 7:7 വായി​ക്കുക.) കുറെ കാലം കഴിഞ്ഞ്‌ പിന്തി​രി​ഞ്ഞു​നോ​ക്കു​മ്പോൾ, പുതിയ സാഹച​ര്യ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ട്ടതു നമ്മളെ ആത്മീയ​മാ​യി വളരെ​യ​ധി​കം സഹായി​ച്ചെന്നു നമ്മൾ തിരി​ച്ച​റി​ഞ്ഞേ​ക്കാം. മുൻഖ​ണ്ഡി​ക​യിൽ കണ്ട പൊ​ളൈറ്റ്‌ പറയുന്നു: “കാര്യ​ങ്ങ​ളൊ​ന്നും ശരിയാ​കാ​തെ വരു​മ്പോ​ഴും യഹോ​വ​യിൽ ആശ്രയി​ക്കുക എന്നു പറഞ്ഞാൽ എന്താണ്‌ അർഥ​മെന്നു നിയമ​ന​ത്തിൽ മാറ്റം വന്നപ്പോൾ ഞാൻ പഠിച്ചു. യഹോ​വ​യു​മാ​യുള്ള എന്റെ ബന്ധം ശക്തമായി.”

20 മുമ്പ്‌ പറഞ്ഞ മേരി, പ്രായ​മായ അച്ഛനെ നോക്കു​ന്ന​തോ​ടൊ​പ്പം മുൻനി​ര​സേ​വ​ന​വും ചെയ്യുന്നു. മേരി പറയുന്നു: “ഉത്‌കണ്‌ഠ തോന്നു​മ്പോൾ എന്തു ചെയ്യണ​മെന്ന്‌ എനിക്ക്‌ അറിയാം. ഞാൻ ഒരു നിമിഷം നിൽക്കും, എന്നിട്ട്‌ പ്രാർഥി​ക്കും, മനസ്സിനെ ശാന്തമാ​ക്കും. യഹോ​വ​യു​ടെ കരങ്ങളിൽ കാര്യങ്ങൾ വിട്ടു​കൊ​ടു​ക്കുക എന്നതാണു ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം. മുന്നോ​ട്ടു പോകും​തോ​റും ഇതു കൂടു​തൽക്കൂ​ടു​തൽ ആവശ്യ​മാ​യി​വ​രും.”

21 സാഹച​ര്യ​ങ്ങൾക്കു മാറ്റം വന്നപ്പോൾ തങ്ങൾ ഒരിക്ക​ലും പ്രതീ​ക്ഷി​ക്കാത്ത വിധങ്ങ​ളിൽ വിശ്വാ​സം പരീക്ഷി​ക്ക​പ്പെ​ട്ടെന്നു തുടക്ക​ത്തിൽ പറഞ്ഞ ലോയി​ഡും അലക്‌സാൻഡ്ര​യും സമ്മതി​ക്കു​ന്നു. പക്ഷേ അവർ പറയുന്നു: “നമുക്കു ശരിക്കും വിശ്വാ​സ​മു​ണ്ടോ എന്നും പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങ​ളിൽ പിടി​ച്ചു​നി​റു​ത്താ​നും ആശ്വസി​പ്പി​ക്കാ​നും ഉള്ള ശക്തി നമ്മുടെ വിശ്വാ​സ​ത്തി​നു​ണ്ടോ എന്നും മനസ്സി​ലാ​ക്കാൻ പരി​ശോ​ധ​നകൾ സഹായി​ക്കു​ന്നു. ഞങ്ങൾ കൂടുതൽ നല്ല വ്യക്തി​ക​ളാ​യി മാറി.”

അപ്രതീക്ഷിതമായ മാറ്റങ്ങൾ അപ്രതീ​ക്ഷി​ത​മായ അനു​ഗ്ര​ഹ​ങ്ങ​ളി​ലേക്കു നയി​ച്ചേ​ക്കാം (19-21 ഖണ്ഡികകൾ കാണുക)

22. നമ്മുടെ ഇപ്പോ​ഴത്തെ സാഹച​ര്യ​ത്തിൽ കഴിവി​ന്റെ പരമാ​വധി ചെയ്യു​ന്നെ​ങ്കിൽ നമുക്ക്‌ എന്ത്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം?

22 നിയമ​ന​ങ്ങ​ളിൽ വരുന്ന മാറ്റമോ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളോ കുടും​ബ​ത്തി​ലെ ഉത്തരവാ​ദി​ത്വ​ങ്ങ​ളോ കാരണം ജീവി​ത​ത്തിൽ അപ്രതീ​ക്ഷി​ത​മായ വഴിത്തി​രി​വു​ണ്ടാ​കു​ന്നെ​ങ്കിൽ ഒരു കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കുക: യഹോ​വ​യ്‌ക്കു നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയുണ്ട്‌, സഹായം ആവശ്യ​മുള്ള സമയത്ത്‌, അതായത്‌ കൃത്യ​സ​മ​യത്ത്‌, യഹോവ നിങ്ങളെ സഹായി​ക്കും. (എബ്രാ. 4:16; 1 പത്രോ. 5:6, 7) നമ്മൾ എന്താണു ചെയ്യേ​ണ്ടത്‌? ഇപ്പോ​ഴത്തെ സാഹച​ര്യ​ത്തിൽ നിങ്ങൾക്ക്‌ എന്തെല്ലാം കഴിയു​മോ അതെല്ലാം ചെയ്യുക, പ്രാർഥ​ന​യി​ലൂ​ടെ സ്വർഗീ​യ​പി​താ​വു​മാ​യി കൂടുതൽ അടുക്കുക, യഹോവ കരുതു​മെന്ന ഉറപ്പോ​ടെ ആ കരങ്ങളി​ലേക്കു നിങ്ങളെ വിട്ടു​കൊ​ടു​ക്കാൻ പഠിക്കുക. അങ്ങനെ, മാറുന്ന സാഹച​ര്യ​ങ്ങ​ളിൽ മനസ്സമാ​ധാ​നം നിലനി​റു​ത്താൻ നിങ്ങൾക്കു കഴിയും.

^ ഖ. 4 ഒരു മകനെ തന്നു​കൊണ്ട്‌ വേദനാ​ക​ര​മായ ഓർമ​ക​ളെ​ല്ലാം യഹോവ മായി​ച്ചു​ക​ള​ഞ്ഞെന്നു തടവറ​യിൽനിന്ന്‌ മോചി​ത​നാ​യി കുറച്ച്‌ കഴിഞ്ഞ്‌ യോ​സേഫ്‌ പറഞ്ഞു. ‘എന്റെ ബുദ്ധി​മു​ട്ടു​കൾ മറക്കാൻ ദൈവം ഇടയാക്കി’ എന്നു പറഞ്ഞു​കൊണ്ട്‌ മൂത്ത മകനു മനശ്ശെ എന്നു പേരിട്ടു.—ഉൽപ. 41:51, അടിക്കു​റിപ്പ്‌.

^ ഖ. 14 ഈ ലക്കത്തിലെ “നിങ്ങൾക്ക്‌ അറിയാ​മോ?” എന്ന ലേഖനം കാണുക.