വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ അറിയാ​മോ?

നിങ്ങൾക്ക്‌ അറിയാ​മോ?

ഉപദ്രവങ്ങൾ നേരി​ട്ട​പ്പോൾ ശിഷ്യ​നായ സ്‌തെ​ഫാ​നൊ​സിന്‌ എങ്ങനെ​യാണ്‌ അത്രയും ശാന്തനാ​യി നിൽക്കാൻ കഴിഞ്ഞത്‌?

വൈരാ​ഗ്യ​ബു​ദ്ധി​യോ​ടെ നിൽക്കുന്ന ഒരു കൂട്ടം ആളുക​ളു​ടെ മുന്നി​ലാണ്‌ സ്‌തെ​ഫാ​നൊസ്‌. ഇസ്രാ​യേ​ലി​ലെ ഉന്നത​കോ​ട​തി​യായ സൻഹെ​ദ്രി​നി​ലെ ആ 71 ന്യായാ​ധി​പ​ന്മാർ രാജ്യത്തെ ഏറ്റവും ശക്തരായ പുരു​ഷ​ന്മാ​രാണ്‌. മഹാപു​രോ​ഹി​ത​നായ കയ്യഫയാണ്‌ അവരെ വിളി​ച്ചു​കൂ​ട്ടി​യി​രി​ക്കു​ന്നത്‌. ഏതാനും മാസങ്ങൾക്കു മുമ്പ്‌ യേശു​വി​നെ മരണത്തി​നു വിധി​ച്ച​പ്പോ​ഴും കോട​തി​യു​ടെ അധ്യക്ഷൻ കയ്യഫയാ​യി​രു​ന്നു. (മത്താ. 26:57, 59; പ്രവൃ. 6:8-12) കള്ളസ്സാ​ക്ഷി​കളെ ഒന്നിനു പുറകേ ഒന്നായി അണിനി​ര​ത്തി​ക്കൊ​ണ്ടി​രുന്ന അവർ അതിശ​യ​ക​ര​മായ ഒരു വസ്‌തുത ശ്രദ്ധിച്ചു. ‘സ്‌തെ​ഫാ​നൊ​സി​ന്റെ മുഖം ഒരു ദൈവ​ദൂ​തന്റെ മുഖം​പോ​ലി​രി​ക്കു​ന്നു.’—പ്രവൃ. 6:13-15.

സ്‌തെ​ഫാ​നൊ​സിന്‌ എങ്ങനെ​യാണ്‌ അത്രയും ശാന്തനാ​യി നിൽക്കാൻ കഴിഞ്ഞത്‌, അതും ആരും ഭയപ്പെ​ട്ടു​പോ​കുന്ന ഒരു സന്ദർഭ​ത്തിൽ? സൻഹെ​ദ്രി​ന്റെ മുന്നി​ലേക്കു ബലമായി പിടി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​നു മുമ്പ്‌, സ്‌തെ​ഫാ​നൊസ്‌ പരിശു​ദ്ധാ​ത്മാ​വി​ന്റെ ശക്തമായ സ്വാധീ​ന​ത്തിൽകീ​ഴിൽ തന്റെ ശുശ്രൂ​ഷ​യിൽ മുഴു​കി​യി​രി​ക്കു​ക​യാ​യി​രു​ന്നു. (പ്രവൃ. 6:3-7) വിചാ​ര​ണ​യു​ടെ സമയത്ത്‌ അതേ ആത്മാവ്‌ ഒരു ആശ്വാ​സ​ക​നാ​യി സ്‌തെ​ഫാ​നൊ​സി​ന്റെ മേൽ പ്രവർത്തി​ച്ചു. (യോഹ. 14:16, അടിക്കു​റിപ്പ്‌) സ്‌തെ​ഫാ​നൊസ്‌ തന്റെ ഭാഗം വിശദീ​ക​രിച്ച്‌ സംസാ​രിച്ച ആ സമയത്ത്‌ 20-ഓ അതില​ധി​ക​മോ എബ്രാ​യ​തി​രു​വെ​ഴു​ത്തു​കൾ പരിശു​ദ്ധാ​ത്മാവ്‌ അദ്ദേഹ​ത്തി​ന്റെ ഓർമ​യി​ലേക്കു കൊണ്ടു​വന്നു. അദ്ദേഹ​ത്തി​ന്റെ വാക്കുകൾ പ്രവൃ​ത്തി​കൾ 7-ാം അധ്യാ​യ​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. (യോഹ. 14:26) യേശു ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ നിൽക്കു​ന്ന​താ​യി ദർശനം കണ്ടപ്പോൾ സ്‌തെ​ഫാ​നൊ​സി​ന്റെ വിശ്വാ​സം ഒന്നുകൂ​ടി ശക്തി​പ്പെട്ടു.—പ്രവൃ. 7:54-56, 59, 60.

ഒരു ദിവസം നമുക്കും ഇതു​പോ​ലെ ഭീഷണി​ക​ളോ ഉപദ്ര​വ​ങ്ങ​ളോ നേരി​ടേ​ണ്ട​താ​യി​വ​ന്നേ​ക്കാം. (യോഹ. 15:20) ദൈവ​വ​ച​ന​ത്തിൽനി​ന്നുള്ള ആത്മീയാ​ഹാ​രം ക്രമമാ​യി ഭക്ഷിക്കു​ക​യും ശുശ്രൂ​ഷ​യിൽ മുഴു​കി​യി​രി​ക്കു​ക​യും ചെയ്യു​ക​യാ​ണെ​ങ്കിൽ യഹോ​വ​യു​ടെ ആത്മാവ്‌ നമ്മളിൽ പ്രവർത്തി​ക്കാൻ നമ്മൾ വഴി തുറക്കു​ക​യാ​യി​രി​ക്കും. ആന്തരി​ക​സ​മാ​ധാ​നം നിലനി​റു​ത്തി​ക്കൊണ്ട്‌ എതിർപ്പു​കൾ നേരി​ടാ​നുള്ള ശക്തിയും നമുക്കു ലഭിക്കും.—1 പത്രോ. 4:12-14.