വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം എന്തു ചെയ്യും?

ദൈവം എന്തു ചെയ്യും?

ബുദ്ധിമുട്ടു വരു​മ്പോൾ ഒരു അടുത്ത സുഹൃത്തു നിങ്ങളെ സഹായി​ക്കാൻ എന്തെങ്കി​ലും ചെയ്യു​മെന്നു നിങ്ങൾ തീർച്ച​യാ​യും പ്രതീ​ക്ഷി​ക്കും. അതു​കൊണ്ട്‌, ദൈവം നമ്മുടെ സുഹൃ​ത്താ​ണെ​ങ്കിൽ പ്രശ്‌നങ്ങൾ വരു​മ്പോൾ ന്യായ​മാ​യും സഹായി​ക്കേ​ണ്ട​തല്ലേ എന്നു ചിലർ ചിന്തി​ക്കു​ന്നു. സത്യത്തിൽ, നമ്മുടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി ദൈവം ഇതി​നോ​ട​കം​തന്നെ പല കാര്യ​ങ്ങ​ളും ചെയ്‌തി​ട്ടു​ണ്ടെന്നു മാത്രമല്ല നമ്മൾ ഇന്ന്‌ അനുഭ​വി​ക്കുന്ന എല്ലാ പ്രശ്‌ന​ങ്ങ​ളും പരിഹ​രി​ക്കാ​നുള്ള നടപടി ഉടൻതന്നെ എടുക്കു​ക​യും ചെയ്യും. ദൈവം എന്തു ചെയ്യും?

ദുഷ്ടത​യെ​ല്ലാം അവസാ​നി​പ്പി​ക്കും

ദൈവം ദുഷ്ടത​യെ​യും അതിന്റെ കാരണ​ക്കാ​ര​നെ​യും ഇല്ലാതാ​ക്കും. ‘ലോകം മുഴുവൻ നിയ​ന്ത്രി​ക്കുന്ന ദുഷ്ടൻ’ എന്നാണ്‌ ആ കാരണ​ക്കാ​രനെ ബൈബിൾ വിശേ​ഷി​പ്പി​ക്കു​ന്നത്‌. (1 യോഹ​ന്നാൻ 5:19) “ഈ ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി” എന്നു യേശു വിളിച്ച പിശാ​ചായ സാത്താ​നാണ്‌ ഈ ‘ദുഷ്ടൻ.’ (യോഹ​ന്നാൻ 12:31) മനുഷ്യ​കു​ടും​ബ​ത്തി​ന്റെ മേലുള്ള സാത്താന്റെ സ്വാധീ​ന​മാ​ണു ഭൂമി​യി​ലെ വിഷമ​ക​ര​മായ സാഹച​ര്യ​ങ്ങ​ളു​ടെ അടിസ്ഥാ​ന​കാ​രണം. ദൈവം എന്തു ചെയ്യും?

യഹോവ തന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വി​നെ ഉപയോ​ഗിച്ച്‌, ‘മരണം വരുത്താൻ കഴിവുള്ള പിശാ​ചി​നെ ഇല്ലാതാ​ക്കാ​നുള്ള’ നടപടി പെട്ടെ​ന്നു​തന്നെ സ്വീക​രി​ക്കും. (എബ്രായർ 2:14; 1 യോഹ​ന്നാൻ 3:8) “തനിക്കു കുറച്ച്‌ കാലമേ ബാക്കി​യു​ള്ളൂ” എന്നു സാത്താ​നു​തന്നെ അറിയാം എന്ന കാര്യം ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നു. (വെളി​പാട്‌ 12:12) ദൈവം ദുഷ്ടത​യെ​യും ദുഷ്ടത പ്രവർത്തി​ക്കു​ന്ന​വ​രെ​യും ഇല്ലാതാ​ക്കും.—സങ്കീർത്തനം 37:9; സുഭാ​ഷി​തങ്ങൾ 2:22.

ഭൂമി ഒരു പറുദീ​സ​യാ​ക്കും

ഭൂമി​യിൽനിന്ന്‌ ദുഷ്ടത​യെ​ല്ലാം തുടച്ചു​നീ​ക്കി​യ​തി​നു ശേഷം സ്രഷ്ടാവ്‌ മനുഷ്യ​രെ​ക്കു​റി​ച്ചും ഭൂമി​യെ​ക്കു​റി​ച്ചും ഉള്ള തന്റെ എന്നേക്കു​മുള്ള ഉദ്ദേശ്യം നടപ്പാ​ക്കും. എന്തൊക്കെ കാര്യ​ങ്ങൾക്കു​വേണ്ടി നമുക്കു നോക്കി​യി​രി​ക്കാം?

നിലനിൽക്കു​ന്ന സമാധാ​ന​വും സുരക്ഷി​ത​ത്വ​വും. “സൗമ്യ​ത​യു​ള്ളവർ ഭൂമി കൈവ​ശ​മാ​ക്കും; സമാധാ​ന​സ​മൃ​ദ്ധി​യിൽ അവർ അത്യധി​കം ആനന്ദി​ക്കും.”—സങ്കീർത്തനം 37:11.

സമൃദ്ധ​മാ​യ പോഷ​കാ​ഹാ​രം.“ഭൂമി​യിൽ ധാന്യം സുലഭ​മാ​യി​രി​ക്കും; മലമു​ക​ളിൽ അതു നിറഞ്ഞു​ക​വി​യും.”—സങ്കീർത്തനം 72:16.

നല്ല വീടും സംതൃ​പ്‌തി തരുന്ന ജോലി​യും. “അവർ വീടുകൾ പണിത്‌ താമസി​ക്കും, മുന്തി​രി​ത്തോ​ട്ടങ്ങൾ നട്ടുണ്ടാ​ക്കി അവയുടെ ഫലം അനുഭ​വി​ക്കും. . . . ഞാൻ തിര​ഞ്ഞെ​ടു​ത്തവർ മതിവ​രു​വോ​ളം തങ്ങളുടെ അധ്വാ​ന​ഫലം ആസ്വദി​ക്കും.”—യശയ്യ 65:21, 22.

ഇത്തരം അവസ്ഥ വന്നുകാ​ണാൻ നിങ്ങളും ആഗ്രഹി​ക്കു​ന്നി​ല്ലേ? ഇതൊക്കെ പെട്ടെ​ന്നു​തന്നെ നമ്മുടെ അനുദി​ന​ജീ​വി​ത​ത്തി​ന്റെ ഭാഗമാ​കാൻ പോകുന്ന കാര്യ​ങ്ങ​ളാണ്‌.

രോഗ​വും മരണവും ഇല്ലാതാ​ക്കും

ഇന്ന്‌ ആളുകൾ രോഗി​ക​ളാ​കു​ന്നു, ഒടുവിൽ മരിക്കു​ന്നു. എന്നാൽ കുറച്ച്‌ കഴിയു​മ്പോൾ ഇതൊ​ന്നും ഉണ്ടാകില്ല. “തന്റെ ഏകജാ​ത​നായ മകനിൽ വിശ്വ​സി​ക്കുന്ന ആരും നശിച്ചു​പോ​കാ​തെ അവരെ​ല്ലാം നിത്യ​ജീ​വൻ നേടാൻ” ദൈവം ഉടൻതന്നെ യേശു​വി​ന്റെ മോച​ന​വി​ല​യു​ടെ മൂല്യം ഉപയോ​ഗി​ക്കും. (യോഹ​ന്നാൻ 3:16) അപ്പോൾ എന്തു സംഭവി​ക്കും?

രോഗം ഇല്ലാതാ​കും. “‘എനിക്കു രോഗ​മാണ്‌’ എന്നു ദേശത്ത്‌ വസിക്കുന്ന ആരും പറയില്ല. അവിടെ താമസി​ക്കു​ന്ന​വ​രു​ടെ തെറ്റു​കൾക്കു ക്ഷമ ലഭിച്ചി​രി​ക്കും.”—യശയ്യ 33:24.

മരണം മനുഷ്യ​നെ വേട്ടയാ​ടില്ല. “ദൈവം മരണത്തെ എന്നേക്കു​മാ​യി ഇല്ലാതാ​ക്കും, പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോവ എല്ലാ മുഖങ്ങ​ളിൽനി​ന്നും കണ്ണീർ തുടച്ചു​മാ​റ്റും.”—യശയ്യ 25:8.

ആളുകൾ എന്നും ജീവി​ക്കും. “ദൈവം തരുന്ന സമ്മാന​മോ നമ്മുടെ കർത്താ​വായ ക്രിസ്‌തു​യേ​ശു​വി​ലൂ​ടെ​യുള്ള നിത്യ​ജീ​വ​നും.”—റോമർ 6:23.

മരിച്ചു​പോ​യ​വർ തിരികെ വരും. ‘നീതി​മാ​ന്മാ​രു​ടെ​യും നീതി​കെ​ട്ട​വ​രു​ടെ​യും പുനരു​ത്ഥാ​നം ഉണ്ടാകും.’ (പ്രവൃ​ത്തി​കൾ 24:15) ദൈവ​ത്തി​ന്റെ സമ്മാന​മായ മോച​ന​വി​ല​യിൽനിന്ന്‌ അവർക്കു പ്രയോ​ജനം ലഭിക്കും.

ദൈവം ഇതെല്ലാം എങ്ങനെ നടപ്പാ​ക്കും?

തികവുറ്റ ഒരു ഗവൺമെന്റ്‌ സ്ഥാപി​ക്കും

മനുഷ്യരെക്കുറിച്ചും ഭൂമിയെക്കുറിച്ചും ഉള്ള തന്റെ ഉദ്ദേശ്യം ദൈവം നടപ്പിലാക്കുന്നതു യേശുക്രിസ്‌തു ഭരണാധികാരിയായുള്ള ഒരു സ്വർഗീ​യ​ഗ​വൺമെ​ന്റി​ലൂ​ടെ​യാ​യി​രി​ക്കും. (സങ്കീർത്തനം 110:1, 2) ഈ ഗവൺമെ​ന്റി​നു​വേണ്ടി അഥവാ രാജ്യ​ത്തി​നു​വേണ്ടി പ്രാർഥി​ക്കാ​നാ​ണു “സ്വർഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ, . . . അങ്ങയുടെ രാജ്യം വരേണമേ” എന്ന പ്രാർഥ​നാ​വാ​ക്കു​ക​ളി​ലൂ​ടെ യേശു അനുഗാ​മി​കളെ പഠിപ്പി​ച്ചത്‌.—മത്തായി 6:9, 10.

ദൈവ​ത്തി​ന്റെ ഗവൺമെന്റ്‌ ഭൂമിയെ ഭരിക്കു​മ്പോൾ ദുഃഖ​ങ്ങ​ളും കഷ്ടപ്പാ​ടു​ക​ളും ഇല്ലാതാ​ക്കും. മനുഷ്യർ കണ്ടിട്ടു​ള്ള​തിൽവെച്ച്‌ ഏറ്റവും മികച്ച ഗവൺമെന്റ്‌ ആയിരി​ക്കും അത്‌. അതു​കൊ​ണ്ടാണ്‌ യേശു “ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത” ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ പ്രസം​ഗി​ച്ച​തും തന്റെ ശിഷ്യ​ന്മാ​രോ​ടു പ്രസം​ഗി​ക്കാൻ പറഞ്ഞതും.—മത്തായി 4:23; 24:14.

മനുഷ്യ​രെ അതിയാ​യി സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌ ഈ പറഞ്ഞ കാര്യ​ങ്ങ​ളെ​ല്ലാം ചെയ്യു​മെന്ന്‌ യഹോവ ഉറപ്പു തന്നിരി​ക്കു​ന്നു. ഇതു ദൈവ​ത്തെ​ക്കു​റിച്ച്‌ അറിയാ​നും ദൈവ​ത്തോട്‌ അടുക്കാ​നും നിങ്ങളെ പ്രചോ​ദി​പ്പി​ക്കു​ന്നി​ല്ലേ? അങ്ങനെ ചെയ്‌താൽ നിങ്ങൾക്ക്‌ എന്തു പ്രയോ​ജനം കിട്ടും? അടുത്ത ലേഖനം അതെക്കു​റി​ച്ചു​ള്ള​താണ്‌.

ദൈവം എന്തു ചെയ്യും? ദൈവം രോഗ​വും മരണവും ഇല്ലാതാ​ക്കും, തന്റെ ഭരണത്തിൻകീ​ഴിൽ മനുഷ്യകുടുംബത്തെ ഒന്നിപ്പിക്കും, ഭൂമിയെ ഒരു പറുദീ​സ​യാ​ക്കും