വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 6

നിങ്ങളു​ടെ നിഷ്‌ക​ളങ്കത കാത്തു​സൂ​ക്ഷി​ക്കുക

നിങ്ങളു​ടെ നിഷ്‌ക​ളങ്കത കാത്തു​സൂ​ക്ഷി​ക്കുക

“മരണം​വരെ ദൈവ​ത്തോ​ടുള്ള വിശ്വ​സ്‌തത (നിഷ്‌ക​ളങ്കത, അടിക്കു​റിപ്പ്‌) ഞാൻ ഉപേക്ഷി​ക്കില്ല!”—ഇയ്യോ. 27:5.

ഗീതം 34 നിഷ്‌ക​ള​ങ്ക​രാ​യി നടക്കാം

പൂർവാവലോകനം *

1. ഈ ഖണ്ഡിക​യിൽ പറഞ്ഞി​രി​ക്കുന്ന മൂന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ എങ്ങനെ​യാണ്‌ യഹോ​വ​യ്‌ക്കു​വേണ്ടി ഒരു നിലപാ​ടെ​ടു​ത്തത്‌?

യഹോ​വ​യു​ടെ സാക്ഷികൾ ഉൾപ്പെ​ടുന്ന പിൻവ​രുന്ന മൂന്നു സാഹച​ര്യ​ങ്ങൾ ഒന്നു ഭാവന​യിൽ കാണുക. (1) ഒരു വിശേ​ഷ​ദി​വ​സ​ത്തി​ന്റെ ആഘോ​ഷ​ത്തിൽ പങ്കെടു​ക്കാൻ ഒരു അധ്യാ​പിക കുട്ടി​ക​ളോട്‌ ആവശ്യ​പ്പെ​ടു​ന്നു. എന്നാൽ ആ ക്ലാസിലെ സാക്ഷി​യായ ഒരു പെൺകു​ട്ടിക്ക്‌ അതു ദൈവ​ത്തിന്‌ ഇഷ്ടമി​ല്ലാത്ത കാര്യ​മാ​ണെന്ന്‌ അറിയാം. അതു​കൊണ്ട്‌ അതിൽ പങ്കെടു​ക്കാൻ കഴിയി​ല്ലെന്ന്‌ അവൾ ആദര​വോ​ടെ അറിയി​ക്കു​ന്നു. (2) ലജ്ജാലു​വായ ഒരു ചെറു​പ്പ​ക്കാ​രൻ വീടു​തോ​റു​മുള്ള പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ലാണ്‌. മുമ്പ്‌ സാക്ഷി​കളെ കളിയാ​ക്കി​യി​ട്ടുള്ള തന്റെ സഹപാ​ഠി​യു​ടേ​താണ്‌ അടുത്ത വീടെന്ന്‌ അവൻ മനസ്സി​ലാ​ക്കു​ന്നു. പക്ഷേ ആ ചെറു​പ്പ​ക്കാ​രൻ ധൈര്യ​ത്തോ​ടെ ചെന്ന്‌ കതകിൽ മുട്ടുന്നു. (3) കുടും​ബത്തെ പുലർത്താൻ അഹോ​രാ​ത്രം പണി​യെ​ടു​ക്കുന്ന ഒരു മനുഷ്യൻ. ഒരു ദിവസം ബോസ്‌ അദ്ദേഹത്തെ വിളി​ച്ചിട്ട്‌, നിയമ​പ​ര​മാ​യി തെറ്റായ ഒരു കാര്യം ചെയ്യാൻ ആവശ്യ​പ്പെ​ടു​ന്നു. അങ്ങനെ ചെയ്‌തി​ല്ലെ​ങ്കിൽ ജോലി പോകു​മെന്ന്‌ അറിയാ​മാ​യി​രു​ന്നി​ട്ടും, തനിക്ക്‌ അതു കഴിയി​ല്ലെന്നു പറയുന്നു. കാരണം, താൻ സത്യസ​ന്ധ​നാ​യി​രി​ക്കാ​നും രാജ്യത്തെ നിയമം അനുസ​രി​ക്കാ​നും ദൈവം പ്രതീ​ക്ഷി​ക്കു​ന്നു​ണ്ടെന്ന്‌ അദ്ദേഹം വിശദീ​ക​രി​ക്കു​ന്നു.—റോമ. 13:1-4; എബ്രാ. 13:18.

2. നമ്മൾ ഏതു ചോദ്യ​ങ്ങ​ളാ​ണു ചർച്ച ചെയ്യാൻപോ​കു​ന്നത്‌, എന്തു​കൊണ്ട്‌?

2 ഈ മൂന്നു പേർക്കു​മുള്ള പൊതു​വായ ഒരു ഗുണം ഏതാണ്‌? ധൈര്യ​വും സത്യസ​ന്ധ​ത​യും പോ​ലെ​യുള്ള പല ഗുണങ്ങ​ളും നിങ്ങൾ ശ്രദ്ധി​ച്ചു​കാ​ണും. എന്നാൽ ഒരു പ്രത്യേ​ക​ഗു​ണം മുന്തി​നിൽക്കു​ന്നുണ്ട്‌. ഏതാണ്‌ അമൂല്യ​മായ ആ ഗുണം? നിഷ്‌ക​ളങ്കത. മൂന്നു പേരും യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രു​ന്നു. ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങ​ളിൽ അവർ ഒരു തരത്തി​ലും വിട്ടു​വീഴ്‌ച ചെയ്‌തില്ല. നിഷ്‌ക​ള​ങ്ക​ത​യാണ്‌ ഇങ്ങനെ ചെയ്യാൻ അവരെ പ്രേരി​പ്പി​ച്ചത്‌. അവർ ഓരോ​രു​ത്ത​രും ആ ഗുണം കാണി​ച്ച​തിൽ യഹോ​വ​യ്‌ക്ക്‌ ഉറപ്പാ​യും അഭിമാ​നം തോന്നി​യി​ട്ടു​ണ്ടാ​കും. നമ്മളെ​ക്കു​റിച്ച്‌ ഓർക്കു​മ്പോ​ഴും നമ്മുടെ സ്വർഗീ​യ​പി​താ​വിന്‌ അഭിമാ​നം തോന്നാൻ നമ്മൾ ആഗ്രഹി​ക്കു​ന്നുണ്ട്‌. അതു​കൊണ്ട്‌ ഈ ലേഖന​ത്തിൽ മൂന്നു ചോദ്യ​ങ്ങൾ നമ്മൾ ചർച്ച ചെയ്യും: എന്താണു നിഷ്‌ക​ളങ്കത? നമുക്ക്‌ ആ ഗുണം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? പ്രശ്‌നങ്ങൾ നിറഞ്ഞ ഈ കാലത്ത്‌ നിഷ്‌ക​ളങ്കത കാത്തു​സൂ​ക്ഷി​ക്കാ​നുള്ള നമ്മുടെ തീരു​മാ​നം എങ്ങനെ ശക്തമാ​ക്കാം?

എന്താണു നിഷ്‌ക​ളങ്കത?

3. (എ) ദൈവ​ത്തി​ന്റെ ദാസർ എങ്ങനെ​യാ​ണു നിഷ്‌ക​ളങ്കത കാണി​ക്കു​ന്നത്‌? (ബി) നിഷ്‌ക​ള​ങ്ക​ത​യു​ടെ അർഥം മനസ്സി​ലാ​ക്കാൻ ഏതൊക്കെ ഉദാഹ​ര​ണങ്ങൾ നമ്മളെ സഹായി​ക്കും?

3 ദൈവ​ത്തി​ന്റെ ദാസർ എങ്ങനെ​യാ​ണു നിഷ്‌ക​ളങ്കത കാണി​ക്കു​ന്നത്‌? അവർ മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ സ്‌നേ​ഹി​ക്കും, അവരുടെ ഭക്തി ഇളകാ​ത്ത​താ​യി​രി​ക്കും. അവർ എല്ലാ കാര്യ​ത്തി​ലും യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന രീതി​യിൽ പ്രവർത്തി​ക്കും. ബൈബി​ളിൽ ഈ പദം എങ്ങനെ​യാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തെന്നു നോക്കാം. “നിഷ്‌ക​ളങ്കത” എന്ന ബൈബിൾപ​ദ​ത്തിന്‌ അടിസ്ഥാ​ന​പ​ര​മാ​യി സമ്പൂർണ​മായ, മുഴു​വ​നായ, ന്യൂന​ത​യി​ല്ലാത്ത എന്നൊക്കെ അർഥമാ​ണു​ള്ളത്‌. ഉദാഹ​ര​ണ​ത്തിന്‌, ഇസ്രാ​യേ​ല്യർ യഹോ​വ​യ്‌ക്കു മൃഗങ്ങളെ ബലിയർപ്പി​ച്ചി​രു​ന്നു. ആ മൃഗങ്ങൾ ന്യൂന​ത​യി​ല്ലാ​ത്ത​താ​യി​രി​ക്കണം എന്നു നിയമ​ത്തിൽ വ്യവസ്ഥ ചെയ്‌തി​രു​ന്നു. * (ലേവ്യ 22:21, 22) ഒരു കാലോ ചെവി​യോ കണ്ണോ ഇല്ലാത്ത മൃഗങ്ങളെ യാഗമർപ്പി​ക്കാൻ പാടി​ല്ലാ​യി​രു​ന്നു. അതു​പോ​ലെ എന്തെങ്കി​ലും അസുഖ​മുള്ള മൃഗ​ത്തെ​യും ദൈവം സ്വീക​രി​ക്കി​ല്ലാ​യി​രു​ന്നു. എങ്ങനെ​യുള്ള മൃഗ​ത്തെ​യാണ്‌ അർപ്പി​ച്ചി​രു​ന്നത്‌ എന്നത്‌ യഹോവ വളരെ ഗൗരവ​മാ​യെ​ടു​ത്തി​രു​ന്നു. (മലാ. 1:6-9) ന്യൂന​ത​ക​ളൊ​ന്നു​മി​ല്ലാത്ത മൃഗങ്ങളെ അർപ്പി​ക്കാൻ യഹോവ ആവശ്യ​പ്പെ​ട്ട​തി​ന്റെ കാരണം മനസ്സി​ലാ​ക്കാൻ നമുക്കു ബുദ്ധി​മു​ട്ടില്ല. നമ്മൾ ഒരു പഴമോ ഒരു പുസ്‌ത​ക​മോ പണിയാ​യു​ധ​മോ വാങ്ങു​ന്നെ​ന്നി​രി​ക്കട്ടെ. ചീയാൻതു​ട​ങ്ങിയ പഴമോ പേജുകൾ നഷ്ടപ്പെട്ട പുസ്‌ത​ക​മോ കേടു​പാ​ടു​ക​ളുള്ള പണിയാ​യു​ധ​മോ നമ്മൾ വാങ്ങില്ല. ന്യൂന​ത​ക​ളി​ല്ലാത്ത, കുറവു​ക​ളി​ല്ലാത്ത സാധന​മാ​ണു നമുക്കു വേണ്ടത്‌. തന്നോ​ടുള്ള നമ്മുടെ സ്‌നേ​ഹ​ത്തി​ന്റെ​യും വിശ്വ​സ്‌ത​ത​യു​ടെ​യും കാര്യ​ത്തിൽ യഹോ​വ​യ്‌ക്കും അതുത​ന്നെ​യാ​ണു തോന്നു​ന്നത്‌. അതു സമ്പൂർണ​മാ​യി​രി​ക്കണം.

4. (എ) ഒരു അപൂർണ​മ​നു​ഷ്യ​നു നിഷ്‌ക​ളങ്കത കാണി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) സങ്കീർത്തനം 103:12-14 അനുസ​രിച്ച്‌ യഹോവ എന്താണു നമ്മിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌?

4 നിഷ്‌ക​ള​ങ്ക​രാ​യി​രി​ക്കു​ന്ന​തി​നു നമ്മൾ പൂർണ​രാ​കേണ്ട ആവശ്യ​മു​ണ്ടോ? എന്തുത​ന്നെ​യാ​യാ​ലും നമ്മൾ കുറവു​ക​ളു​ള്ള​വ​രാണ്‌, നമുക്കു പല തെറ്റു​ക​ളും പറ്റും. അത്‌ ഓർത്ത്‌ ഉത്‌ക​ണ്‌ഠ​പ്പെ​ടാ​തി​രി​ക്കാ​നുള്ള രണ്ടു കാരണങ്ങൾ നോക്കാം. ഒന്ന്‌, യഹോവ നമ്മുടെ തെറ്റു​ക​ളി​ലേക്കല്ല നോക്കു​ന്നത്‌. ദൈവ​വ​ചനം പറയുന്നു: “യഹോവേ, തെറ്റു​ക​ളി​ലാണ്‌ അങ്ങ്‌ ശ്രദ്ധ വെക്കു​ന്ന​തെ​ങ്കിൽ യാഹേ, ആർക്കു പിടി​ച്ചു​നിൽക്കാ​നാ​കും?” (സങ്കീ. 130:3) നമ്മൾ അപൂർണ​രാ​ണെ​ന്നും പാപി​ക​ളാ​ണെ​ന്നും യഹോ​വ​യ്‌ക്ക്‌ അറിയാം. യഹോവ നമ്മളോട്‌ ഉദാര​മാ​യി ക്ഷമിക്കു​ന്നു. (സങ്കീ. 86:5) രണ്ടാമത്‌, യഹോ​വ​യ്‌ക്കു നമ്മുടെ പരിമി​തി​കൾ അറിയാം, നമുക്കു കഴിയു​ന്ന​തി​ലും അപ്പുറം യഹോവ നമ്മിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നില്ല. (സങ്കീർത്തനം 103:12-14 വായി​ക്കുക.) അങ്ങനെ​യെ​ങ്കിൽ നമുക്ക്‌ എങ്ങനെ​യാണ്‌ യഹോ​വ​യു​ടെ കണ്ണിൽ ന്യൂന​ത​ക​ളി​ല്ലാ​ത്ത​വ​രാ​കാൻ കഴിയു​ന്നത്‌?

5. നിഷ്‌ക​ള​ങ്ക​രാ​യി​രി​ക്കു​ന്ന​തിന്‌ യഹോ​വ​യു​ടെ ദാസർക്ക്‌ യഹോ​വ​യോ​ടു സ്‌നേഹം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

5 യഹോ​വ​യു​ടെ ദാസരു​ടെ നിഷ്‌ക​ള​ങ്ക​ത​യു​ടെ അടിസ്ഥാ​നം സ്‌നേ​ഹ​മാണ്‌. ദൈവ​ത്തോ​ടുള്ള നമ്മുടെ സ്‌നേഹം മുഴു​ഹൃ​ദ​യ​ത്തോ​ടെ​യു​ള്ള​താ​യിരി​ക്കണം, നമ്മുടെ സ്വർഗീ​യ​പി​താ​വി​നോ​ടുള്ള അചഞ്ചല​ഭക്തി ന്യൂന​ത​ക​ളി​ല്ലാ​ത്ത​താ​യി​രി​ക്കണം, സമ്പൂർണ​മാ​യി​രി​ക്കണം. പരി​ശോ​ധ​ന​ക​ളു​ണ്ടാ​കു​മ്പോൾപോ​ലും നമ്മുടെ സ്‌നേഹം ഇളകാതെ നിൽക്കു​ന്നെ​ങ്കിൽ നമ്മൾ നിഷ്‌ക​ള​ങ്ക​രാ​ണെ​ന്നാണ്‌ അതിന്‌ അർഥം. (1 ദിന. 28:9; മത്താ. 22:37) ലേഖന​ത്തി​ന്റെ തുടക്ക​ത്തിൽ കണ്ട മൂന്നു സാക്ഷി​ക​ളു​ടെ കാര്യം ചിന്തി​ക്കുക. അവർ എന്തു​കൊ​ണ്ടാണ്‌ ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രു​ന്നത്‌? സ്‌കൂ​ളിൽ രസവും തമാശ​യും ഒക്കെ ആസ്വദി​ക്കു​ന്നത്‌ ആ പെൺകു​ട്ടിക്ക്‌ ഇഷ്ടമി​ല്ലാ​ഞ്ഞി​ട്ടാ​ണോ? ഇനി, സഹപാഠി തന്നെ കളിയാ​ക്കാൻ ആ ചെറു​പ്പ​ക്കാ​രൻ ആഗ്രഹി​ക്കു​ന്നു​ണ്ടോ? ആ കുടും​ബ​നാ​ഥനു തന്റെ ജോലി നഷ്ടപ്പെ​ടു​ന്നത്‌ ഇഷ്ടമാ​ണോ? ഒരിക്ക​ലു​മല്ല. പക്ഷേ യഹോ​വ​യു​ടെ നിലവാ​രങ്ങൾ നീതി​യു​ള്ള​താ​ണെന്ന്‌ അവർക്ക്‌ അറിയാം. തങ്ങളുടെ സ്വർഗീ​യ​പി​താ​വി​നെ സന്തോ​ഷി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാണ്‌ എപ്പോ​ഴും അവരുടെ ചിന്ത. യഹോ​വ​യു​ടെ ഇഷ്ടം കണക്കി​ലെ​ടു​ത്തു​കൊണ്ട്‌ ഓരോ തീരു​മാ​ന​വു​മെ​ടു​ക്കാൻ യഹോ​വ​യോ​ടുള്ള സ്‌നേഹം അവരെ പ്രേരി​പ്പി​ക്കു​ന്നു. അങ്ങനെ അവർ തങ്ങളുടെ നിഷ്‌ക​ളങ്കത തെളി​യി​ക്കു​ന്നു.

നിഷ്‌ക​ള​ങ്ക​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌

6. (എ) നമ്മൾ നിഷ്‌ക​ള​ങ്ക​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) ആദാമും ഹവ്വയും നിഷ്‌ക​ളങ്കത കൈവി​ട്ടത്‌ എങ്ങനെ?

6 നമ്മൾ എല്ലാവ​രും നിഷ്‌ക​ള​ങ്ക​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? കാരണം, സാത്താൻ യഹോ​വ​യ്‌ക്കെ​തി​രെ ആരോ​പ​ണങ്ങൾ ഉന്നയിച്ചു, നിങ്ങ​ളെ​യും അവൻ പ്രതി​ക്കൂ​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാണ്‌. അന്ന്‌ ഏദെൻ തോട്ട​ത്തിൽവെച്ച്‌ ധിക്കാ​രി​യായ ആ ദൂതൻ തന്നെത്തന്നെ സാത്താൻ അഥവാ ‘എതിരാ​ളി’ ആക്കിത്തീർത്തു. സ്വാർഥ​നും നുണയ​നും ആയ ഒരു മോശം ഭരണാ​ധി​കാ​രി​യാണ്‌ യഹോവ എന്ന്‌ ആരോ​പി​ച്ചു​കൊണ്ട്‌ സാത്താൻ യഹോ​വ​യു​ടെ സത്‌കീർത്തി​യു​ടെ​മേൽ കളങ്കം ചാർത്തി. ആദാമും ഹവ്വയും യഹോ​വയെ ധിക്കരി​ച്ചു​കൊണ്ട്‌ സാത്താന്റെ പക്ഷം ചേർന്നു എന്നതാണു സങ്കടക​ര​മായ കാര്യം. (ഉൽപ. 3:1-6) ഏദെൻ തോട്ട​ത്തിൽ ജീവിച്ച കാലത്ത്‌ യഹോ​വ​യോ​ടുള്ള സ്‌നേഹം ശക്തമാ​ക്കാൻ അവർക്ക്‌ ധാരാളം അവസര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എന്നാൽ സാത്താൻ ആരോ​പ​ണങ്ങൾ ഉന്നയിച്ച സമയത്ത്‌ അവരുടെ സ്‌നേഹം തികവു​റ്റ​താ​യി​രു​ന്നില്ല, അഥവാ സമ്പൂർണ​മാ​യി​രു​ന്നില്ല. അങ്ങനെ മറ്റൊരു ചോദ്യ​വും വന്നു: ഏതെങ്കി​ലും മനുഷ്യൻ യഹോ​വ​യോ​ടുള്ള സ്‌നേ​ഹം​കൊണ്ട്‌ ദൈവ​ത്തോ​ടു വിശ്വ​സ്‌ത​നാ​യി​രി​ക്കു​മോ? മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, മനുഷ്യർക്കു നിഷ്‌ക​ള​ങ്ക​രാ​യി​രി​ക്കാൻ കഴിയു​മോ? ഇയ്യോ​ബി​ന്റെ കാര്യ​ത്തി​ലും സാത്താൻ ആ ചോദ്യം ചോദി​ച്ചു.

7. ഇയ്യോബ്‌ 1:8-11 അനുസ​രിച്ച്‌, ഇയ്യോ​ബി​ന്റെ നിഷ്‌ക​ള​ങ്ക​ത​യെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നി​യത്‌, സാത്താന്‌ എന്താണു തോന്നി​യത്‌?

7 ഇസ്രാ​യേ​ല്യർ ഈജി​പ്‌തി​ലാ​യി​രുന്ന കാലത്താണ്‌ ഇയ്യോബ്‌ ജീവി​ച്ചി​രു​ന്നത്‌. ആ കാലത്ത്‌ ഇയ്യോ​ബി​നെ​പ്പോ​ലെ നിഷ്‌ക​ള​ങ്ക​നാ​യി മറ്റാരു​മി​ല്ലാ​യി​രു​ന്നു. നമ്മളെ​പ്പോ​ലെ​തന്നെ ഇയ്യോ​ബും പൂർണ​നാ​യി​രു​ന്നില്ല. അദ്ദേഹ​ത്തി​നു തെറ്റുകൾ പറ്റി. എങ്കിലും നിഷ്‌ക​ള​ങ്ക​നാ​യി ജീവി​ച്ച​തു​കൊണ്ട്‌ യഹോവ ഇയ്യോ​ബി​നെ സ്‌നേ​ഹി​ച്ചു. മനുഷ്യ​ന്റെ നിഷ്‌ക​ള​ങ്ക​ത​യു​ടെ പേരിൽ സാത്താൻ യഹോ​വയെ അതി​നോ​ട​കം​തന്നെ നിന്ദി​ച്ചു​കാ​ണും. അതു​കൊ​ണ്ടാണ്‌ യഹോവ ഇയ്യോ​ബി​ലേക്കു സാത്താന്റെ ശ്രദ്ധ ക്ഷണിച്ചത്‌. ആ മനുഷ്യ​ന്റെ ജീവിതം സാത്താൻ ഒരു നുണയ​നാ​ണെന്നു തെളി​യി​ക്കു​ന്ന​താ​യി​രു​ന്നു. പരീക്ഷി​ച്ചു​നോ​ക്കി​യാ​ലേ ഇയ്യോബ്‌ ശരിക്കും നിഷ്‌ക​ള​ങ്ക​നാ​ണോ എന്ന്‌ അറിയാ​നാ​കൂ എന്നു സാത്താൻ പറഞ്ഞു. യഹോ​വ​യ്‌ക്കു തന്റെ സുഹൃ​ത്തായ ഇയ്യോ​ബി​നെ വിശ്വാ​സ​മാ​യി​രു​ന്നു, അതു​കൊണ്ട്‌ ഇയ്യോ​ബി​നെ പരീക്ഷി​ക്കാൻ യഹോവ സാത്താനെ അനുവ​ദി​ച്ചു.—ഇയ്യോബ്‌ 1:8-11 വായി​ക്കുക.

8. സാത്താൻ എങ്ങനെ​യാണ്‌ ഇയ്യോ​ബി​നെ ആക്രമി​ച്ചത്‌?

8 ക്രൂര​നായ ഒരു കൊല​പാ​ത​കി​യാ​ണു സാത്താൻ. ആദ്യം ഇയ്യോ​ബി​നു​ണ്ടാ​യി​രു​ന്ന​തെ​ല്ലാം സാത്താൻ നശിപ്പി​ച്ചു. ഇയ്യോ​ബി​ന്റെ സമ്പത്തും സമൂഹ​ത്തി​ലു​ണ്ടാ​യി​രുന്ന പേരും സാത്താൻ നശിപ്പി​ച്ചു, ദാസന്മാ​രെ​യും കൊന്നു​ക​ളഞ്ഞു. പിന്നെ സാത്താൻ ലക്ഷ്യം വെച്ചത്‌ ഇയ്യോ​ബി​ന്റെ കുടും​ബ​മാ​യി​രു​ന്നു, അദ്ദേഹ​ത്തി​ന്റെ പത്തു മക്കളെ​യും സാത്താൻ കൊന്നു. അടുത്ത ലക്ഷ്യം ഇയ്യോ​ബി​ന്റെ ശരീര​മാ​യി​രു​ന്നു, ഉള്ളങ്കാൽമു​തൽ നെറു​ക​വരെ പരുക്കൾ വരുത്തി ഇയ്യോ​ബി​ന്റെ ആരോ​ഗ്യം നശിപ്പി​ച്ചു. ആകെ തകർന്നു​പോയ ഇയ്യോ​ബി​ന്റെ ഭാര്യ, ദൈവത്തെ ശപിച്ചിട്ട്‌ മരിച്ചു​ക​ള​യാൻ ഇയ്യോ​ബി​നോ​ടു പറഞ്ഞു. ഇയ്യോ​ബി​നും മരിച്ചാൽ കൊള്ളാ​മെന്നു തോന്നി. പക്ഷേ അദ്ദേഹം ഒരിക്ക​ലും തന്റെ നിഷ്‌ക​ളങ്കത കൈവി​ട്ടില്ല. പിന്നെ സാത്താൻ തന്ത്രം മാറ്റി പരീക്ഷി​ച്ചു. ഇത്തവണ മൂന്നു കൂട്ടു​കാ​രെ​യാണ്‌ അവൻ ഉപയോ​ഗി​ച്ചത്‌. ഇയ്യോ​ബി​ന്റെ അടുത്ത്‌ വന്ന്‌ ആശ്വസി​പ്പി​ക്കു​ന്ന​തി​നു പകരം ഒരു ദാക്ഷി​ണ്യ​വു​മി​ല്ലാ​തെ ഇയ്യോ​ബി​നെ വിമർശി​ക്കു​ക​യും ശകാരി​ക്കു​ക​യും ആണ്‌ അവർ ചെയ്‌തത്‌. ദൈവ​മാണ്‌ ഇയ്യോ​ബി​ന്റെ ദുരി​ത​ങ്ങൾക്കു കാരണ​മെ​ന്നും ഇയ്യോബ്‌ നിഷ്‌ക​ള​ങ്ക​നാ​ണോ എന്നതൊ​ന്നും ദൈവ​ത്തിന്‌ ഒരു വിഷയ​മ​ല്ലെ​ന്നും അവർ പറഞ്ഞു. ഇയ്യോബ്‌ ഒരു ദുഷ്ടനാ​ണെ​ന്നും ഇപ്പോൾ അനുഭ​വി​ക്കു​ന്ന​തെ​ല്ലാം ഇയ്യോബ്‌ അർഹി​ക്കു​ന്ന​താ​ണെ​ന്നും​കൂ​ടെ അവർ പറഞ്ഞു.—ഇയ്യോ. 1:13-22; 2:7-11; 15:4, 5; 22:3-6; 25:4-6.

9. പരി​ശോ​ധ​ന​ക​ളു​ണ്ടാ​യ​പ്പോ​ഴും ഇയ്യോബ്‌ എന്തു ചെയ്‌തില്ല?

9 ഇങ്ങനെ​യൊ​ക്കെ സംഭവി​ച്ച​പ്പോൾ ഇയ്യോബ്‌ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? പൂർണ​ന​ല്ലാ​യി​രു​ന്ന​തു​കൊണ്ട്‌ ‘ആശ്വസി​പ്പി​ക്കാൻ വന്നവരെ’ ഇയ്യോബ്‌ കോപ​ത്തോ​ടെ ശകാരി​ച്ചു. താൻ ചിന്തി​ക്കാ​തെ സംസാ​രി​ച്ചു​പോ​യെന്ന്‌ ഇയ്യോ​ബു​തന്നെ പിന്നീടു സമ്മതിച്ചു. ദൈവം നീതി​മാ​നാ​ണെന്നു സ്ഥാപി​ക്കു​ന്ന​തി​നെ​ക്കാൾ താൻ നീതി​മാ​നാ​ണെന്നു തെളി​യി​ക്കാ​നാണ്‌ ഇയ്യോബ്‌ ആഗ്രഹി​ച്ചത്‌. (ഇയ്യോ. 6:3; 13:4, 5; 32:2; 34:5) എന്നാൽ സാഹച​ര്യം അങ്ങേയറ്റം മോശ​മാ​യ​പ്പോൾപ്പോ​ലും ഇയ്യോബ്‌ ദൈവ​മായ യഹോ​വ​യ്‌ക്കെ​തി​രെ തിരി​ഞ്ഞില്ല. വ്യാജ​സു​ഹൃ​ത്തു​ക്കൾ പറഞ്ഞ നുണക​ളൊ​ന്നും ഇയ്യോബ്‌ വിശ്വ​സി​ക്കാൻ കൂട്ടാ​ക്കി​യില്ല. അദ്ദേഹം പറഞ്ഞു: “നിങ്ങളെ നീതി​മാ​ന്മാ​രെന്നു വിളി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ എനിക്കു ചിന്തി​ക്കാ​നേ കഴിയില്ല! മരണം​വരെ ദൈവ​ത്തോ​ടുള്ള വിശ്വ​സ്‌തത ഞാൻ ഉപേക്ഷി​ക്കില്ല!” (ഇയ്യോ. 27:5) എന്തുതന്നെ സംഭവി​ച്ചാ​ലും താൻ നിഷ്‌ക​ളങ്കത കൈവി​ടില്ല എന്നാണു നിശ്ചയ​ദാർഢ്യ​ത്തോ​ടെ​യുള്ള ആ വാക്കുകൾ കാണി​ക്കു​ന്നത്‌. ഇയ്യോബ്‌ ഒരിക്ക​ലും വീണു​പോ​യില്ല. നമുക്കും അതിനു കഴിയും.

10. ഇയ്യോ​ബി​നെ​ക്കു​റിച്ച്‌ സാത്താൻ ഉന്നയിച്ച ആരോ​പ​ണ​ത്തിൽ നിങ്ങൾ എങ്ങനെ​യാണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

10 സാത്താന്റെ ആരോ​പ​ണങ്ങൾ നമ്മളെ​യും ബാധി​ക്കു​ന്ന​താ​ണോ? അതെ. സാത്താന്റെ ആരോ​പ​ണങ്ങൾ നമുക്ക്‌ എതി​രെ​ക്കൂ​ടി​യു​ള്ള​താണ്‌. നമുക്ക്‌ യഹോ​വ​യോ​ടു സ്‌നേ​ഹ​മി​ല്ലെ​ന്നും സ്വന്തം സ്ഥിതി അപകട​ത്തി​ലാ​ണെന്നു കണ്ടാൽ നമ്മൾ ദൈവത്തെ സേവി​ക്കു​ന്നതു നിറു​ത്തു​മെ​ന്നും അവൻ പറയുന്നു. നിങ്ങൾ നിഷ്‌ക​ളങ്കത കാത്തു​സൂ​ക്ഷി​ക്കില്ല എന്നാണ്‌ ഇതിന്റെ സാരം. (ഇയ്യോ. 2:4, 5; വെളി. 12:10) എത്ര ക്രൂര​മായ ആരോ​പണം, അല്ലേ? എന്നാൽ ഓർക്കുക: നിങ്ങളു​ടെ നിഷ്‌ക​ളങ്കത പരി​ശോ​ധി​ക്കാൻ യഹോവ സാത്താനെ അനുവ​ദി​ച്ചി​രി​ക്കു​ക​യാണ്‌. യഹോ​വ​യ്‌ക്കു നിങ്ങളെ വിശ്വാ​സ​മാ​ണെ​ന്നല്ലേ അതു കാണി​ക്കു​ന്നത്‌? നിഷ്‌ക​ളങ്കത കാത്തു​സൂ​ക്ഷി​ക്കാ​നും സാത്താൻ ഒരു നുണയ​നാ​ണെന്നു തെളി​യി​ക്കാ​നും നിങ്ങൾക്കു കഴിയു​മെന്ന്‌ യഹോ​വ​യ്‌ക്ക്‌ ഉറപ്പാണ്‌, നിങ്ങളെ സഹായി​ക്കു​മെന്ന്‌ യഹോവ വാക്കും തന്നിട്ടുണ്ട്‌. (എബ്രാ. 13:6) ചിന്തി​ക്കുക: പ്രപഞ്ച​ത്തി​ന്റെ പരമാ​ധി​കാ​രി നിങ്ങളെ വിശ്വ​സി​ക്കു​ന്നു! എത്ര വലിയ പദവി! നിഷ്‌ക​ള​ങ്ക​ത​യു​ടെ പ്രാധാ​ന്യം വ്യക്തമല്ലേ? നിഷ്‌ക​ള​ങ്ക​രാ​ണെ​ങ്കിൽ, സാത്താന്റെ ആരോ​പ​ണങ്ങൾ തെറ്റാ​ണെന്നു തെളി​യി​ക്കാ​നും നമ്മുടെ പിതാ​വി​ന്റെ സത്‌പേര്‌ കാത്തു​സൂ​ക്ഷി​ക്കാ​നും ദൈവ​ത്തി​ന്റെ ഭരണത്തെ പിന്തു​ണ​യ്‌ക്കു​ന്നെന്നു കാണി​ക്കാ​നും നമുക്കു കഴിയും. ഈ ഗുണം നമുക്ക്‌ എങ്ങനെ വളർത്തി​യെ​ടു​ക്കാം?

ഇക്കാലത്ത്‌ നമുക്ക്‌ എങ്ങനെ നിഷ്‌ക​ളങ്കത കാത്തു​സൂ​ക്ഷി​ക്കാം

11. നമുക്ക്‌ ഇയ്യോ​ബിൽനിന്ന്‌ എന്തു പഠിക്കാം?

11 പ്രക്ഷു​ബ്ധ​മായ ഈ “അവസാ​ന​കാ​ലത്ത്‌” സാത്താൻ തന്റെ ആക്രമ​ണ​ങ്ങ​ളു​ടെ ആക്കം കൂട്ടി​യി​രി​ക്കു​ക​യാണ്‌. (2 തിമൊ. 3:1) ദുഷ്‌ക​ര​മായ ഈ നാളു​ക​ളിൽ നിഷ്‌ക​ള​ങ്ക​രാ​യി​രി​ക്കു​ന്നത്‌ എളുപ്പ​മാ​യി​രി​ക്കില്ല. നമുക്ക്‌ എങ്ങനെ ഇക്കാര്യ​ത്തിൽ കരുത്ത​രാ​കാം? ഇയ്യോ​ബിൽനിന്ന്‌ നമുക്കു ധാരാളം പഠിക്കാ​നുണ്ട്‌. പരി​ശോ​ധ​ന​ക​ളു​ണ്ടാ​കു​ന്ന​തി​നു മുമ്പു​തന്നെ ഇയ്യോ​ബി​നു നിഷ്‌ക​ള​ങ്ക​ത​യു​ടെ ഒരു നല്ല രേഖയു​ണ്ടാ​യി​രു​ന്നു. നിഷ്‌ക​ളങ്കത കരുത്തു​റ്റ​താ​ക്കാൻ സഹായി​ക്കുന്ന മൂന്നു പാഠങ്ങൾ ഇയ്യോ​ബിൽനിന്ന്‌ പഠിക്കാം.

നിഷ്‌കളങ്കത കാത്തു​സൂ​ക്ഷി​ക്കാ​നുള്ള തീരു​മാ​നം ശക്തമാ​ക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏവ? (12-ാം ഖണ്ഡിക കാണുക) *

12. (എ) ഇയ്യോബ്‌ 26:7, 8, 14 പറയു​ന്ന​തു​പോ​ലെ, ഇയ്യോബ്‌ എങ്ങനെ​യാണ്‌ യഹോ​വ​യോ​ടു ഭയാദ​ര​വും ബഹുമാ​ന​വും വളർത്തി​യെ​ടു​ത്തത്‌? (ബി) നമുക്ക്‌ എങ്ങനെ നമ്മുടെ ഹൃദയ​ത്തിൽ ദൈവ​ത്തോ​ടുള്ള ഭയാദ​രവ്‌ നിറയ്‌ക്കാം?

12 യഹോ​വ​യോ​ടു ഭയാദ​രവ്‌ വളർത്തി​യെ​ടു​ത്തു​കൊണ്ട്‌ ഇയ്യോബ്‌ ദൈവ​സ്‌നേഹം ശക്തമാക്കി. യഹോ​വ​യു​ടെ സൃഷ്ടി​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ ഇയ്യോബ്‌ സമയ​മെ​ടു​ത്തി​രു​ന്നു. (ഇയ്യോബ്‌ 26:7, 8, 14 വായി​ക്കുക.) ഭൂമി​യെ​യും ആകാശ​ത്തെ​യും മേഘങ്ങ​ളെ​യും ഇടിമു​ഴ​ക്ക​ത്തെ​യും കുറിച്ച്‌ ചിന്തി​ച്ച​പ്പോൾ ഇയ്യോബ്‌ അത്ഭുത​പ്പെ​ട്ടു​പോ​യി. പക്ഷേ ഇക്കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള തന്റെ അറിവ്‌ പരിമി​ത​മാ​ണെന്ന്‌ ഇയ്യോബ്‌ തിരി​ച്ച​റി​ഞ്ഞു. യഹോ​വ​യു​ടെ വചനങ്ങ​ളെ​ക്കു​റി​ച്ചും ഇയ്യോ​ബി​നു മതിപ്പു തോന്നി. “ദൈവ​ത്തി​ന്റെ വാക്കുകൾ ഞാൻ ഒരു നിധി​പോ​ലെ സൂക്ഷിച്ചു” എന്നാണ്‌ ഇയ്യോബ്‌ പറഞ്ഞത്‌. (ഇയ്യോ. 23:12) യഹോ​വ​യോ​ടു തോന്നിയ ഭയാദ​ര​വും ബഹുമാ​ന​വും ഇയ്യോ​ബി​ന്റെ ഹൃദയത്തെ ശക്തമായി സ്വാധീ​നി​ച്ചു. അദ്ദേഹം തന്റെ സ്വർഗീ​യ​പി​താ​വി​നെ സ്‌നേ​ഹി​ക്കു​ക​യും സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്‌തു. അങ്ങനെ നിഷ്‌ക​ളങ്കത കാത്തു​സൂ​ക്ഷി​ക്കാ​നുള്ള ഇയ്യോ​ബി​ന്റെ തീരു​മാ​നം ശക്തമായി. ഇയ്യോബ്‌ ചെയ്‌തതു നമ്മളും ചെയ്യണം. ഇയ്യോ​ബി​ന്റെ കാല​ത്തെ​ക്കാൾ സൃഷ്ടി​യി​ലെ വിസ്‌മ​യ​ങ്ങ​ളെ​ക്കു​റിച്ച്‌ നമുക്ക്‌ അറിയാം. കൂടാതെ നമുക്ക്‌ ഇന്നു ബൈബിൾ മുഴു​വ​നും ലഭ്യമാണ്‌. യഹോ​വയെ ശരിക്കും അടുത്ത്‌ അറിയാൻ അതുവഴി നമുക്കു സാധി​ക്കും. പഠിക്കു​ന്ന​തെ​ല്ലാം നമ്മുടെ ഹൃദയ​ത്തിൽ യഹോ​വ​യോ​ടു ബഹുമാ​ന​വും ആദരവും വളർന്നു​വ​രാൻ ഇടയാ​ക്കും. അത്‌ യഹോ​വയെ സ്‌നേ​ഹി​ക്കാ​നും അനുസ​രി​ക്കാ​നും നമ്മളെ പ്രചോ​ദി​പ്പി​ക്കും, നിഷ്‌ക​ളങ്കത കാത്തു​സൂ​ക്ഷി​ക്കാ​നുള്ള ആഗ്രഹം ശക്തമാ​ക്കും.—ഇയ്യോ. 28:28.

അശ്ലീലം കാണാ​തി​രു​ന്നു​കൊണ്ട്‌ നിഷ്‌കളങ്കത ശക്തമാ​ക്കുക (13-ാം ഖണ്ഡിക കാണുക) *

13-14. (എ) ഇയ്യോബ്‌ 31:1-ൽ കാണു​ന്ന​തു​പോ​ലെ ഇയ്യോബ്‌ എങ്ങനെ​യാണ്‌ അനുസ​ര​ണ​മുള്ള വ്യക്തി​യാ​യി​രു​ന്നത്‌? (ബി) നമുക്ക്‌ എങ്ങനെ ഇയ്യോ​ബി​ന്റെ മാതൃക അനുക​രി​ക്കാം?

13 അനുസ​രണം കാണി​ച്ചത്‌ നിഷ്‌ക​ള​ങ്ക​നാ​യി​രി​ക്കാ​നുള്ള തീരു​മാ​നം ശക്തമാ​ക്കാൻ ഇയ്യോ​ബി​നെ സഹായി​ച്ചു. നിഷ്‌ക​ള​ങ്ക​നായ ഒരാൾ അനുസ​ര​ണ​മു​ള്ള​വ​നാ​യി​രി​ക്ക​ണ​മെന്ന്‌ ഇയ്യോ​ബിന്‌ അറിയാ​മാ​യി​രു​ന്നു. വാസ്‌ത​വ​ത്തിൽ അനുസ​രണം കാണി​ക്കുന്ന ഓരോ അവസര​ത്തി​ലും നിഷ്‌ക​ള​ങ്ക​രാ​യി​രി​ക്കാ​നുള്ള തീരു​മാ​നം നമ്മൾ ശക്തമാ​ക്കു​ക​യാണ്‌. അനുദി​ന​ജീ​വി​ത​ത്തിൽ ദൈവത്തെ അനുസ​രി​ക്കാൻ ഇയ്യോബ്‌ നല്ല ശ്രമം ചെയ്‌തു. ഉദാഹ​ര​ണ​ത്തിന്‌, സ്‌ത്രീ​ക​ളോ​ടുള്ള പെരു​മാ​റ്റ​ത്തിൽ ഇയ്യോബ്‌ ശ്രദ്ധയു​ള്ള​വ​നാ​യി​രു​ന്നു. (ഇയ്യോബ്‌ 31:1 വായി​ക്കുക.) വിവാ​ഹി​ത​നായ താൻ, ഭാര്യ​യ​ല്ലാത്ത ഒരു സ്‌ത്രീ​യോ​ടു പ്രേമാ​ത്മ​ക​മാ​യി ഇടപെ​ടു​ന്നതു ശരിയ​ല്ലെന്ന്‌ ഇയ്യോ​ബിന്‌ അറിയാ​മാ​യി​രു​ന്നു. ഇന്ന്‌, ലൈം​ഗി​ക​കാ​ര്യ​ങ്ങ​ളോ​ടു പ്രലോ​ഭനം തോന്നാൻ ഇടയാ​ക്കുന്ന ഒരു ലോക​ത്താ​ണു നമ്മൾ ജീവി​ക്കു​ന്നത്‌. ഇയ്യോ​ബി​നെ​പ്പോ​ലെ, ഇണയല്ലാത്ത ഒരാ​ളോ​ടു നമ്മൾ അനുചി​ത​മായ താത്‌പ​ര്യം കാണി​ക്കി​ല്ലെന്ന്‌ ഉറച്ച തീരു​മാ​ന​മെ​ടു​ക്കു​മോ? അതു​പോ​ലെ, തരംതാ​ണ​തോ അശ്ലീലം കലർന്ന​തോ ആയ ചിത്രങ്ങൾ നോക്കു​ന്നത്‌ ഒഴിവാ​ക്കു​മോ? (മത്താ. 5:28) ഓരോ ദിവസ​വും ആത്മനി​യ​ന്ത്രണം കാണി​ക്കു​ന്നെ​ങ്കിൽ നിഷ്‌ക​ള​ങ്ക​രാ​യി​രി​ക്കു​ന്നതു കൂടുതൽ എളുപ്പ​മാ​കും.

വസ്‌തു​വ​ക​ക​ളെ​ക്കു​റിച്ച്‌ ശരിയായ വീക്ഷണമുണ്ടായിരുന്നുകൊണ്ട്‌ നിഷ്‌കളങ്കത ശക്തമാ​ക്കുക (14-ാം ഖണ്ഡിക കാണുക) *

14 പണത്തോ​ടും വസ്‌തു​വ​ക​ക​ളോ​ടും ഉള്ള വീക്ഷണ​ത്തി​ലും ഇയ്യോബ്‌ യഹോ​വയെ അനുസ​രി​ച്ചു. അവയിൽ ആശ്രയം വെച്ചാൽ ശിക്ഷ അർഹി​ക്കുന്ന ഒരു തെറ്റാണു താൻ ചെയ്യു​ന്ന​തെന്ന്‌ ഇയ്യോബ്‌ മനസ്സി​ലാ​ക്കി. (ഇയ്യോ. 31:24, 25, 28) പണത്തോട്‌ ആർത്തി​യുള്ള ഒരു ലോക​ത്താ​ണു നമ്മൾ ജീവി​ക്കു​ന്നത്‌. ബൈബിൾ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു​പോ​ലെ, പണത്തെ​യും വസ്‌തു​വ​ക​ക​ളെ​യും കുറിച്ച്‌ നമുക്ക്‌ ഒരു ശരിയായ വീക്ഷണ​മു​ണ്ടെ​ങ്കിൽ, നിഷ്‌ക​ളങ്കത കൈവി​ടാ​തി​രി​ക്കാ​നുള്ള തീരു​മാ​നം നമ്മൾ ശക്തമാ​ക്കും.—സുഭാ. 30:8, 9; മത്താ. 6:19-21.

പ്രത്യാശ മനസ്സിൽ മങ്ങാതെ സൂക്ഷി​ച്ചു​കൊണ്ട്‌ നിഷ്‌കളങ്കത ശക്തമാ​ക്കുക (15-ാം ഖണ്ഡിക കാണുക) *

15. (എ) ആരു തനിക്കു പ്രതി​ഫലം തരും എന്ന പ്രതീ​ക്ഷ​യാണ്‌ ഇയ്യോ​ബി​നു​ണ്ടാ​യി​രു​ന്നത്‌? (ബി) യഹോവ വാഗ്‌ദാ​നം ചെയ്‌ത പ്രത്യാശ ജ്വലി​പ്പി​ച്ചു​നി​റു​ത്തു​ന്നതു നമ്മളെ എന്തിനു സഹായി​ക്കും?

15 ദൈവം തനിക്കു പ്രതി​ഫലം തരും എന്ന പ്രത്യാ​ശ​യിൽ ദൃഷ്ടി പതിപ്പി​ച്ച​തും നിഷ്‌ക​ള​ങ്ക​നാ​യി​രി​ക്കാൻ ഇയ്യോ​ബി​നെ സഹായി​ച്ചു. തന്റെ നിഷ്‌ക​ള​ങ്ക​ത​യ്‌ക്കു ദൈവ​മു​മ്പിൽ വിലയു​ണ്ടെന്ന്‌ ഇയ്യോ​ബിന്‌ ഉറപ്പാ​യി​രു​ന്നു. (ഇയ്യോ. 31:6) ഇപ്പോൾ കഷ്ടപ്പാ​ടു​ക​ളൊ​ക്കെ​യാ​ണെ​ങ്കി​ലും പിന്നീട്‌ യഹോവ തനിക്കു പ്രതി​ഫലം തരു​മെന്ന്‌ ഇയ്യോ​ബി​നു തീർച്ച​യു​ണ്ടാ​യി​രു​ന്നു. ആ ഉറപ്പ്‌ നിഷ്‌ക​ളങ്കത കൈവി​ടാ​തി​രി​ക്കാൻ ഇയ്യോ​ബി​നെ സഹായി​ച്ചു. ഇയ്യോ​ബി​ന്റെ നിഷ്‌ക​ളങ്കത കണ്ട്‌ യഹോ​വ​യ്‌ക്ക്‌ എന്തു സന്തോഷം തോന്നി​യെ​ന്നോ! അതു​കൊണ്ട്‌ അപൂർണ​നാ​യി​രു​ന്ന​പ്പോൾത്തന്നെ ഇയ്യോ​ബിന്‌ യഹോവ സമൃദ്ധ​മായ പ്രതി​ഫ​ലങ്ങൾ കൊടു​ത്തു. (ഇയ്യോ. 42:12-17; യാക്കോ. 5:11) അതിലും മഹത്തായ പ്രതി​ഫ​ലങ്ങൾ ഇയ്യോ​ബി​നെ കാത്തി​രി​പ്പുണ്ട്‌. നിങ്ങളു​ടെ നിഷ്‌ക​ള​ങ്ക​ത​യ്‌ക്ക്‌ യഹോവ പ്രതി​ഫലം തരു​മെന്നു നിങ്ങൾക്ക്‌ ഉറപ്പു​ണ്ടോ? നമ്മുടെ ദൈവ​ത്തി​നു മാറ്റം വന്നിട്ടില്ല. (മലാ. 3:6) നമ്മുടെ നിഷ്‌ക​ള​ങ്ക​ത​യ്‌ക്ക്‌ യഹോവ പ്രതി​ഫലം തരു​മെന്ന്‌ ഉറപ്പാണ്‌. നിങ്ങൾക്ക്‌ ഈ ഉറപ്പു​ണ്ടെ​ങ്കിൽ നിഷ്‌ക​ളങ്കത കാത്തു​സൂ​ക്ഷി​ക്കാ​നും നല്ല ഒരു ഭാവി നിങ്ങളെ കാത്തി​രി​പ്പു​ണ്ടെന്ന പ്രത്യാശ ഹൃദയ​ത്തിൽ ജ്വലി​പ്പി​ച്ചു​നി​റു​ത്താ​നും നിങ്ങൾക്കു കഴിയും.—1 തെസ്സ. 5:8, 9.

16. എന്താണു നമ്മുടെ ഉറച്ച തീരു​മാ​നം?

16 അതു​കൊണ്ട്‌ നമുക്കു നിഷ്‌ക​ളങ്കത കൈവി​ടാ​തി​രി​ക്കാം, അതായി​രി​ക്കട്ടെ നമ്മുടെ ഉറച്ച തീരു​മാ​നം! ചില​പ്പോൾ നിഷ്‌ക​ള​ങ്ക​ത​യു​ടെ പാതയിൽ ഒറ്റയ്‌ക്കാ​ണെന്നു നിങ്ങൾക്കു തോന്നി​യേ​ക്കാം, പക്ഷേ നിങ്ങൾ ഒരിക്ക​ലും ഒറ്റയ്‌ക്കാ​കില്ല. നിഷ്‌ക​ളങ്കത കൈവി​ടാത്ത, ലോക​മെ​ങ്ങു​മുള്ള ലക്ഷക്കണ​ക്കിന്‌ ആളുക​ളിൽ ഒരാളാ​ണു നിങ്ങൾ. പണ്ടുകാ​ലത്ത്‌ നിഷ്‌ക​ളങ്കത കാത്തു​സൂ​ക്ഷിച്ച സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ടെ വലിയ സമൂഹ​ത്തി​ന്റെ ഭാഗവു​മാ​ണു നിങ്ങൾ. വധഭീ​ഷ​ണി​യു​ടെ മുമ്പി​ലും പതറാതെ പിടി​ച്ചു​നി​ന്ന​വ​രുണ്ട്‌ അക്കൂട്ട​ത്തിൽ. (എബ്രാ. 11:36-38; 12:1) “ദൈവ​ത്തോ​ടുള്ള നിഷ്‌ക​ളങ്കത ഞാൻ ഉപേക്ഷി​ക്കില്ല!” എന്ന ഇയ്യോ​ബി​ന്റെ വാക്കു​കൾക്കു ചേർച്ച​യി​ലാ​യി​രി​ക്കട്ടെ നമ്മുടെ ജീവിതം. നമ്മുടെ നിഷ്‌ക​ളങ്കത യഹോ​വയെ എന്നെന്നും മഹത്ത്വ​പ്പെ​ടു​ത്തട്ടെ!

ഗീതം 124 എന്നും വിശ്വ​സ്‌തൻ

^ ഖ. 5 എന്താണു നിഷ്‌ക​ളങ്കത? തന്റെ ദാസർക്ക്‌ ഈ ഗുണമു​ണ്ടാ​യി​രി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? നമ്മൾ ഈ ഗുണം പ്രധാ​ന​മാ​യി കാണേ​ണ്ടത്‌ എന്തു​കൊണ്ട്‌? ഈ ചോദ്യ​ങ്ങൾക്കുള്ള ബൈബി​ളി​ന്റെ ഉത്തരം മനസ്സി​ലാ​ക്കാൻ ഈ ലേഖനം സഹായി​ക്കും. എന്നും നിഷ്‌ക​ളങ്കത കാത്തു​സൂ​ക്ഷി​ക്കാ​നുള്ള നമ്മുടെ തീരു​മാ​നം എങ്ങനെ ശക്തമാ​ക്കാ​മെ​ന്നും നമ്മൾ പഠിക്കും. നിഷ്‌ക​ളങ്കത കൈവി​ടാ​തി​രി​ക്കു​ന്നതു വലിയ അനു​ഗ്ര​ഹങ്ങൾ കൈവ​രു​ത്തും.

^ ഖ. 3 മൃഗങ്ങളോടുള്ള ബന്ധത്തിൽ ഉപയോ​ഗി​ക്കുന്ന “ന്യൂന​ത​ക​ളി​ല്ലാത്ത” എന്നതി​നുള്ള എബ്രാ​യ​പ​ദ​വും മനുഷ്യ​രോ​ടുള്ള ബന്ധത്തിൽ ഉപയോ​ഗി​ക്കുന്ന “നിഷ്‌ക​ളങ്കത” എന്നതി​നുള്ള എബ്രാ​യ​പ​ദ​വും തമ്മിൽ ബന്ധമുണ്ട്‌.

^ ഖ. 50 ചിത്രക്കുറിപ്പ്‌: ഇയ്യോബ്‌ യഹോ​വ​യു​ടെ സൃഷ്ടി​യി​ലെ അത്ഭുതങ്ങൾ മക്കൾക്കു പറഞ്ഞു​കൊ​ടു​ക്കു​ന്നു.

^ ഖ. 52 ചിത്രക്കുറിപ്പ്‌: അശ്ലീലം കാണാ​നുള്ള സഹജോ​ലി​ക്കാ​രു​ടെ ക്ഷണം ഒരു സഹോ​ദരൻ നിരസി​ക്കു​ന്നു.

^ ഖ. 54 ചിത്രക്കുറിപ്പ്‌: തനിക്ക്‌ ആവശ്യ​മി​ല്ലാ​ത്ത​തും വില താങ്ങാൻ കഴിയാ​ത്ത​തും ആയ ടെലി​വി​ഷൻ വാങ്ങാൻ നിർബ​ന്ധി​ക്കു​മ്പോൾ അദ്ദേഹം അതു നിരസി​ക്കു​ന്നു.

^ ഖ. 56 ചിത്രക്കുറിപ്പ്‌: പറുദീ​സ​യിൽ ജീവി​ക്കാ​നുള്ള പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ അദ്ദേഹം സമയ​മെ​ടുത്ത്‌ പ്രാർഥ​നാ​പൂർവം ധ്യാനി​ക്കു​ന്നു.