വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 7

സൗമ്യത അന്വേ​ഷി​ക്കൂ, യഹോവയെ സന്തോ​ഷി​പ്പി​ക്കൂ

സൗമ്യത അന്വേ​ഷി​ക്കൂ, യഹോവയെ സന്തോ​ഷി​പ്പി​ക്കൂ

“ഭൂമി​യി​ലെ സൗമ്യരേ, യഹോ​വയെ അന്വേ​ഷി​ക്കുക. . . . സൗമ്യത അന്വേ​ഷി​ക്കുക.”—സെഫ. 2:3.

ഗീതം 80 “യഹോവ നല്ലവ​നെന്നു രുചി​ച്ച​റി​യൂ!”

പൂർവാവലോകനം *

1-2. (എ) മോശയെ എങ്ങനെ​യാ​ണു വിശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്നത്‌, മോശ ധീരനും കരുത്ത​നും ആയിരു​ന്നെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) സൗമ്യത വളർത്തി​യെ​ടു​ക്കു​ന്നത്‌ ഇത്ര പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

“മോശ ഭൂമി​യി​ലുള്ള എല്ലാ മനുഷ്യ​രെ​ക്കാ​ളും സൗമ്യ​നാ​യി​രു​ന്നു” എന്നാണു ബൈബിൾ പറയു​ന്നത്‌. (സംഖ്യ 12:3) ദുർബ​ല​നായ, തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ പ്രാപ്‌തി​യി​ല്ലാത്ത, ഭീരു​വായ ഒരാളാ​യി​രു​ന്നു മോശ എന്നാണോ അതിന്‌ അർഥം? സൗമ്യ​ത​യുള്ള ആളുകളെ ചിലർ അങ്ങനെ​യാ​ണു വിശേ​ഷി​പ്പി​ക്കു​ന്നത്‌. എന്നാൽ അതല്ല സത്യം. ഉറച്ച തീരു​മാ​ന​ങ്ങ​ളെ​ടു​ത്തി​രുന്ന, ധീരനും കരുത്ത​നും ആയ ഒരു ദൈവ​ദാ​സ​നാ​യി​രു​ന്നു മോശ. യഹോ​വ​യു​ടെ സഹായ​ത്താൽ മോശ ഈജി​പ്‌തി​ലെ ശക്തനായ ഭരണാ​ധി​കാ​രി​യെ നേരിട്ട്‌ കണ്ട്‌ സംസാ​രി​ച്ചു, 30 ലക്ഷത്തോ​ളം വരുന്ന ഇസ്രാ​യേ​ല്യ​രെ മരുഭൂ​മി​യി​ലൂ​ടെ നടത്തി, ശത്രു​ക്കളെ കീഴട​ക്കാൻ ഇസ്രാ​യേൽ ജനതയെ സഹായി​ച്ചു.

2 മോശ നേരി​ട്ട​തു​പോ​ലുള്ള പ്രശ്‌നങ്ങൾ നമുക്കില്ല, പക്ഷേ ചില സാഹച​ര്യ​ങ്ങ​ളി​ലും ചില​രോട്‌ ഇടപെ​ടു​മ്പോ​ഴും സൗമ്യത കാണി​ക്കുക അത്ര എളുപ്പമല്ല. ഇത്‌ എല്ലാ ദിവസ​വും നമ്മൾ നേരി​ടുന്ന ഒരു പ്രശ്‌ന​മാണ്‌. എന്നാൽ ഓർക്കുക: “സൗമ്യ​ത​യു​ള്ളവർ ഭൂമി കൈവ​ശ​മാ​ക്കും” എന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു. സൗമ്യത വളർത്തി​യെ​ടു​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ഇതു വ്യക്തമാ​ക്കു​ന്നി​ല്ലേ? (സങ്കീ. 37:11) ‘ഞാൻ സൗമ്യ​ത​യു​ള്ള​യാ​ളാണ്‌’ എന്നു നിങ്ങൾക്കു പറയാ​നാ​കു​മോ? മറ്റുള്ളവർ നിങ്ങ​ളെ​ക്കു​റിച്ച്‌ അങ്ങനെ പറയു​മോ? ഈ പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തു​ന്ന​തിന്‌, സൗമ്യത എന്താ​ണെന്ന്‌ ആദ്യം നമ്മൾ മനസ്സി​ലാ​ക്കണം.

എന്താണു സൗമ്യത?

3-4. (എ) സൗമ്യ​തയെ എന്തി​നോ​ടു താരത​മ്യം ചെയ്യാ​നാ​കും? (ബി) സൗമ്യത ഉണ്ടായി​രി​ക്ക​ണ​മെ​ങ്കിൽ നമുക്ക്‌ ഏതു നാലു ഗുണങ്ങൾ വേണം, എന്തു​കൊണ്ട്‌?

3 മനോ​ഹ​ര​മായ ഒരു ചിത്രം​പോ​ലെ​യാ​ണു സൗമ്യത. * അത്‌ എങ്ങനെ? ആകർഷ​ക​മായ പലപല നിറങ്ങൾ ചേർത്ത്‌ ഒരു കലാകാ​രൻ ചിത്രം വരയ്‌ക്കു​ന്ന​തു​പോ​ലെ ആകർഷ​ക​മായ പല ഗുണങ്ങൾ ചേർന്നാ​ലേ നമുക്കു സൗമ്യ​ത​യു​ള്ള​വ​രാ​കാൻ കഴിയൂ. അതിൽ പ്രധാ​ന​പ്പെട്ട ചിലതാ​ണു താഴ്‌മ, കീഴ്‌പെടൽ, ശാന്തത, ധൈര്യം എന്നിവ. യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ ഈ ഗുണങ്ങൾ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

4 താഴ്‌മ​യുള്ള ആളുകൾ മാത്രമേ ദൈവ​ത്തി​ന്റെ ഇഷ്ടത്തിനു കീഴ്‌പെ​ടു​ക​യു​ള്ളൂ. ദൈവ​ത്തി​ന്റെ ഇഷ്ടത്തിൽ നമ്മൾ ശാന്തരാ​യി​രി​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു. (സുഭാ. 29:11; 2 തിമൊ. 2:24) എന്നാൽ നമ്മൾ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​മ്പോൾ സാത്താൻ ഉഗ്രമാ​യി കോപി​ക്കും. നമ്മൾ താഴ്‌മ​യും സൗമ്യ​ത​യും ഉള്ളവരാ​ണെ​ങ്കി​ലും സാത്താന്റെ ലോക​ത്തി​ലെ പല ആളുക​ളും നമ്മളെ വെറു​ക്കും. (യോഹ. 15:18, 19) അതു​കൊണ്ട്‌ സാത്താനെ ചെറു​ത്തു​നിൽക്ക​ണ​മെ​ങ്കിൽ നമുക്കു ധൈര്യം കൂടിയേ തീരൂ.

5-6. (എ) സൗമ്യ​ത​യുള്ള ആളുകളെ സാത്താൻ വെറു​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) നമ്മൾ ഏതു ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടുപി​ടി​ക്കും?

5 സൗമ്യ​ത​യുള്ള ഒരു വ്യക്തി​യു​ടെ നേർവി​പ​രീ​ത​മായ സ്വഭാ​വ​മുള്ള ഒരാ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ആ വ്യക്തി അഹങ്കാ​രി​യായ, അനിയ​ന്ത്രി​ത​മാ​യി കോപി​ക്കുന്ന, യഹോ​വയെ അനുസ​രി​ക്കാത്ത ഒരാളാ​യി​രി​ക്കും. സാത്താൻ ശരിക്കും അങ്ങനെ​യല്ലേ? അതു​കൊ​ണ്ടു​തന്നെ അവനു സൗമ്യ​ത​യുള്ള ആളുകളെ വെറു​പ്പാണ്‌. അവരുടെ നല്ല ഗുണങ്ങൾ സാത്താന്റെ വ്യക്തി​ത്വ​ത്തി​ലെ കുറവു​കൾ എടുത്തു​കാ​ണി​ക്കു​ന്നു. ഇനി അതു മാത്രമല്ല, സാത്താൻ ഒരു നുണയ​നാ​ണെ​ന്നും അവർ തെളി​യി​ക്കു​ന്നു. എങ്ങനെ? സാത്താൻ എന്തൊക്കെ പറഞ്ഞാ​ലും എന്തൊക്കെ ചെയ്‌താ​ലും ശരി, യഹോ​വയെ സേവി​ക്കു​ന്ന​തിൽനിന്ന്‌ സൗമ്യ​ത​യുള്ള ആളുകളെ തടയാൻ അവനു കഴിയില്ല.—ഇയ്യോ. 2:3-5.

6 എപ്പോ​ഴാ​ണു സൗമ്യത കാണി​ക്കാൻ നമുക്കു ബുദ്ധി​മു​ട്ടു തോന്നുക? എപ്പോ​ഴും സൗമ്യത അന്വേ​ഷി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരത്തി​നാ​യി നമുക്കു മോശ, ബാബി​ലോ​ണി​ലെ മൂന്ന്‌ എബ്രായർ, യേശു എന്നിവ​രു​ടെ മാതൃക നോക്കാം.

സൗമ്യത കാണിക്കുന്നത്‌ എപ്പോഴാണു ബുദ്ധി​മു​ട്ടാ​കുക?

7-8. മറ്റുള്ളവർ തന്നോട്‌ ആദരവി​ല്ലാ​തെ ഇടപെ​ട്ട​പ്പോൾ മോശ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌?

7 നമുക്ക്‌ അധികാ​ര​മു​ള്ള​പ്പോൾ: അധികാ​ര​മു​ള്ള​വർക്കു സൗമ്യത കാണി​ക്കാൻ ചില​പ്പോൾ ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം, പ്രത്യേ​കിച്ച്‌ അവരുടെ അധികാ​ര​ത്തി​ലു​ള്ളവർ അവരോട്‌ അനാദ​ര​വോ​ടെ ഇടപെ​ടു​ക​യും അവരുടെ തീരു​മാ​ന​ങ്ങളെ ചോദ്യം ചെയ്യു​ക​യും ചെയ്യു​മ്പോൾ. നിങ്ങൾക്ക്‌ അങ്ങനെ എപ്പോ​ഴെ​ങ്കി​ലും തോന്നി​യി​ട്ടു​ണ്ടോ? നിങ്ങളു​ടെ കുടും​ബ​ത്തി​ലെ ആരെങ്കി​ലും ആ വിധത്തിൽ പ്രവർത്തി​ച്ചാൽ നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കും? അത്തരം ഒരു സാഹച​ര്യം മോശ എങ്ങനെ കൈകാ​ര്യം ചെയ്‌തെന്നു നോക്കാം.

8 യഹോ​വ​യാ​ണു മോശയെ ഇസ്രാ​യേ​ലി​ന്റെ നേതാ​വാ​യി നിയമി​ച്ചത്‌, ആ ജനതയ്‌ക്കുള്ള നിയമങ്ങൾ രേഖ​പ്പെ​ടു​ത്താ​നുള്ള പദവി​യും കൊടു​ത്തു. മോശ​യ്‌ക്ക്‌ യഹോ​വ​യു​ടെ പിന്തു​ണ​യു​ണ്ടാ​യി​രു​ന്നു എന്നത്‌ ഒരു സംശയ​വു​മി​ല്ലാത്ത കാര്യ​മാണ്‌. എന്നിട്ടും മോശ​യു​ടെ പെങ്ങളായ മിര്യാ​മും ചേട്ടനായ അഹരോ​നും മോശയെ വിമർശി​ക്കു​ക​യും ഭാര്യയെ തിര​ഞ്ഞെ​ടു​ത്ത​തിൽ മോശ​യ്‌ക്കു തെറ്റു പറ്റി​യെന്നു പറയു​ക​യും ചെയ്‌തു. മറ്റാ​രെ​ങ്കി​ലു​മാ​യി​രു​ന്നു മോശ​യു​ടെ സ്ഥാന​ത്തെ​ങ്കിൽ, ഒരുപക്ഷേ കോപി​ക്കു​ക​യും നീരസം വെച്ചു​കൊ​ണ്ടി​രി​ക്കു​ക​യും ചെയ്‌തേനേ. പക്ഷേ മോശ അങ്ങനെ​യുള്ള ഒരാളാ​യി​രു​ന്നില്ല. മോശ പെട്ടെന്നു നീരസ​പ്പെ​ട്ടില്ല, മിര്യാ​മി​നു കൊടുത്ത ശിക്ഷ പെട്ടെന്ന്‌ അവസാ​നി​പ്പി​ക്ക​ണ​മെന്ന്‌ യഹോ​വ​യോട്‌ അപേക്ഷി​ക്കു​ക​പോ​ലും ചെയ്‌തു. (സംഖ്യ 12:1-13) മോശ​യ്‌ക്ക്‌ എങ്ങനെ​യാണ്‌ ഇത്ര സൗമ്യത കാണി​ക്കാൻ കഴിഞ്ഞത്‌?

മിര്യാമിനു കൊടുത്ത ശിക്ഷ പെട്ടെന്ന്‌ അവസാ​നി​പ്പി​ക്ക​ണ​മെന്നു മോശ യഹോ​വ​യോട്‌ അപേക്ഷി​ക്കു​ന്നു (8-ാം ഖണ്ഡിക കാണുക)

9-10. (എ) എന്തു മനസ്സി​ലാ​ക്കാൻ യഹോവ മോശയെ സഹായി​ച്ചു? (ബി) കുടും​ബ​നാ​ഥ​ന്മാർക്കും മൂപ്പന്മാർക്കും മോശ​യിൽനിന്ന്‌ എന്തു പഠിക്കാം?

9 തന്നെ പരിശീ​ലി​പ്പി​ക്കാൻ മോശ യഹോ​വയെ അനുവ​ദി​ച്ചു. ഏതാണ്ട്‌ 40 വർഷം മുമ്പ്‌, ഈജി​പ്‌തി​ലെ രാജകു​ടും​ബാം​ഗ​മാ​യി​രു​ന്ന​പ്പോൾ മോശ​യ്‌ക്കു സൗമ്യ​ത​യി​ല്ലാ​യി​രു​ന്നു. ആ കാലത്ത്‌, ഒരാൾ മോശ​മാ​യി പ്രവർത്തി​ച്ചെന്നു സ്വയം വിധി കല്‌പിച്ച മോശ കോപ​ത്തോ​ടെ അയാളെ കൊല്ലു​ക​പോ​ലും ചെയ്‌തു, അതായി​രു​ന്നു മോശ​യു​ടെ സ്വഭാവം. തന്റെ പ്രവൃ​ത്തി​കൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​മെന്നു മോശ ചിന്തിച്ചു. എന്നാൽ അടുത്ത 40 വർഷം​കൊണ്ട്‌ ഒരു കാര്യം പഠിക്കാൻ യഹോവ മോശയെ സഹായി​ച്ചു: ഇസ്രാ​യേ​ല്യ​രെ നയിക്കാൻ ധൈര്യം മാത്രം പോരാ, സൗമ്യ​ത​യും വേണം. അങ്ങനെ താഴ്‌മ കാണി​ക്കാ​നും കീഴ്‌പെ​ട്ടി​രി​ക്കാ​നും ശാന്തത കൈവി​ടാ​തി​രി​ക്കാ​നും മോശ പഠിച്ചു. ഇങ്ങനെ സൗമ്യ​ത​യു​ടെ പാഠം നന്നായി പഠിച്ച മോശ മികച്ച ഒരു മേൽവി​ചാ​ര​ക​നാ​യി.—പുറ. 2:11, 12; പ്രവൃ. 7:21-30, 36.

10 ഇക്കാലത്തെ കുടും​ബ​നാ​ഥ​ന്മാ​രും മൂപ്പന്മാ​രും മോശയെ അനുക​രി​ക്കണം. ആരെങ്കി​ലും അനാദ​ര​വോ​ടെ ഇടപെ​ട്ടാൽ പെട്ടെന്നു നീരസം തോന്ന​രുത്‌. തെറ്റു പറ്റിയി​ട്ടു​ണ്ടെ​ങ്കിൽ താഴ്‌മ​യോ​ടെ അതു സമ്മതി​ക്കുക. (സഭാ. 7:9, 20) യഹോ​വ​യു​ടെ നിർദേ​ശ​ങ്ങൾക്ക​നു​സ​രിച്ച്‌ പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യുക. അങ്ങനെ യഹോ​വ​യ്‌ക്കു കീഴ്‌പെ​ടുക. എപ്പോ​ഴും സൗമ്യ​ത​യോ​ടെ, ശാന്തമാ​യി മറുപടി പറയുക. (സുഭാ. 15:1) ഈ വിധത്തിൽ പ്രവർത്തി​ക്കുന്ന കുടും​ബ​നാ​ഥ​ന്മാ​രും മൂപ്പന്മാ​രും യഹോ​വയെ സന്തോ​ഷി​പ്പി​ക്കും, അവർ സമാധാ​ന​മു​ണ്ടാ​ക്കും. സൗമ്യത കാണി​ക്കുന്ന കാര്യ​ത്തിൽ അവർ നല്ലൊരു മാതൃക വെക്കു​ക​യു​മാണ്‌.

11-13. മൂന്ന്‌ എബ്രായർ നമുക്ക്‌ എന്തു മാതൃ​ക​യാ​ണു വെച്ചത്‌?

11 മറ്റുള്ളവർ ഉപദ്ര​വി​ക്കു​മ്പോൾ: പണ്ടുകാ​ലം മുതലേ, ഭരണാ​ധി​കാ​രി​കൾ യഹോ​വ​യു​ടെ ജനത്തെ ഉപദ്ര​വി​ച്ചി​ട്ടുണ്ട്‌. അവർ പല ‘കുറ്റങ്ങൾ’ നമ്മുടെ മേൽ ആരോ​പി​ച്ചേ​ക്കാം. പക്ഷേ, ശരിക്കുള്ള കാരണം നമ്മൾ എല്ലാ കാര്യ​ങ്ങ​ളി​ലും ‘ദൈവത്തെ അനുസ​രി​ക്കു​ന്നു’ എന്നതാണ്‌. (പ്രവൃ. 5:29) അവർ നമ്മളെ പരിഹ​സി​ച്ചേ​ക്കാം, തടവി​ലാ​ക്കി​യേ​ക്കാം, നമ്മളെ ഉപദ്ര​വി​ക്കു​ക​പോ​ലും ചെയ്‌തേ​ക്കാം. എന്നാൽ യഹോ​വ​യു​ടെ സഹായ​മു​ള്ള​തു​കൊണ്ട്‌ അപ്പോ​ഴെ​ല്ലാം നമ്മൾ ശാന്തരാ​യി നിൽക്കും, ഒരിക്ക​ലും പകരം വീട്ടില്ല.

12 ഹനന്യ, മീശാ​യേൽ, അസര്യ എന്നീ എബ്രായർ വെച്ച മാതൃക നോക്കാം. * ബാബി​ലോ​ണിൽ കഴി​യേ​ണ്ടി​വന്ന സമയത്ത്‌, സ്വർണം കൊണ്ടു​ണ്ടാ​ക്കിയ ഒരു കൂറ്റൻ പ്രതി​മ​യ്‌ക്കു മുമ്പിൽ കുമ്പി​ടാൻ ഒരിക്കൽ അവിടത്തെ രാജാവ്‌ അവരോട്‌ ആജ്ഞാപി​ച്ചു. എന്നാൽ തങ്ങൾ പ്രതി​മയെ ആരാധി​ക്കാ​ത്ത​തി​ന്റെ കാരണം ശാന്തമാ​യി അവർ രാജാ​വി​നോ​ടു വിശദീ​ക​രി​ച്ചു. കത്തിജ്വ​ലി​ക്കുന്ന തീച്ചൂ​ള​യി​ലേക്ക്‌ എറിയു​മെന്ന്‌ രാജാവ്‌ ഭീഷണി​പ്പെ​ടു​ത്തി​യി​ട്ടും അവർ ദൈവ​ത്തി​നു കീഴ്‌പെ​ട്ടി​രു​ന്നു. അവരെ രക്ഷിക്കാൻ യഹോവ തീരു​മാ​നി​ച്ചു. എന്നാൽ യഹോവ അങ്ങനെ ചെയ്യു​മെന്ന്‌ അവർ പ്രതീ​ക്ഷി​ച്ചില്ല. പകരം, യഹോവ എന്തുതന്നെ അനുവ​ദി​ച്ചാ​ലും അതു സ്വീക​രി​ക്കാൻ അവർ തയ്യാറാ​യി​രു​ന്നു. (ദാനി. 3:1, 8-28) സൗമ്യ​ത​യു​ള്ളവർ ധീരരു​മാ​ണെന്ന്‌ അവർ തെളി​യി​ച്ചു. ഒരു രാജാ​വി​ന്റെ​യും, ഒരു ഭീഷണി​യു​ടെ​യും, ഒരു ശിക്ഷയു​ടെ​യും മുമ്പിൽ യഹോ​വ​യ്‌ക്കുള്ള “സമ്പൂർണ​ഭക്തി” നമ്മൾ അടിയറ വെക്കില്ല.—പുറ. 20:4, 5.

13 ദൈവ​ത്തോ​ടുള്ള വിശ്വ​സ്‌തത പരി​ശോ​ധി​ക്ക​പ്പെ​ട്ടാൽ, നമുക്ക്‌ എങ്ങനെ ഈ മൂന്ന്‌ എബ്രാ​യരെ അനുക​രി​ക്കാം? യഹോവ സഹായി​ക്കു​മെന്ന ഉറപ്പോ​ടെ, താഴ്‌മ​യോ​ടെ നമ്മൾ യഹോ​വ​യിൽ ആശ്രയി​ക്കണം. (സങ്കീ. 118:6, 7) നമ്മുടെ മേൽ കുറ്റം ആരോ​പി​ക്കു​ന്ന​വ​രോ​ടു നമ്മൾ സൗമ്യ​ത​യോ​ടും ബഹുമാ​ന​ത്തോ​ടും കൂടി വേണം മറുപടി പറയാൻ. (1 പത്രോ. 3:15) കൂടാതെ, സ്‌നേഹം നിറഞ്ഞ നമ്മുടെ സ്വർഗീ​യ​പി​താ​വു​മാ​യുള്ള സൗഹൃദം നശിപ്പി​ക്കുന്ന ഒന്നും നമ്മൾ ചെയ്യില്ല.

മറ്റുള്ളവർ നമ്മളെ എതിർക്കു​മ്പോൾ ആദര​വോ​ടെ നമ്മൾ മറുപടി പറയും (13-ാം ഖണ്ഡിക കാണുക)

14-15. (എ) സമ്മർദ​ത്തി​ലാ​കു​മ്പോൾ നമുക്ക്‌ എന്തു സംഭവി​ച്ചേ​ക്കാം? (ബി) യശയ്യ 53:7, 10 അനുസ​രിച്ച്‌, സമ്മർദ​ത്തിൻകീ​ഴി​ലും സൗമ്യത കാണി​ക്കു​ന്ന​തിൽ യേശു ഏറ്റവും നല്ല മാതൃക വെച്ചത്‌ എങ്ങനെ?

14 സമ്മർദം അനുഭ​വി​ക്കു​മ്പോൾ: പലപല കാരണ​ങ്ങ​ളാൽ നമ്മളെ​ല്ലാം സമ്മർദം അനുഭ​വി​ക്കു​ന്നുണ്ട്‌. സ്‌കൂ​ളിൽ ഒരു പരീക്ഷ​യ്‌ക്കു പോകു​മ്പോ​ഴും ജോലി​സ്ഥ​ലത്ത്‌ ഏതെങ്കി​ലും ഒരു പ്രത്യേ​ക​കാ​ര്യം ചെയ്യാൻ ആവശ്യ​പ്പെ​ടു​മ്പോ​ഴും ഒക്കെ നമുക്കു സമ്മർദം തോന്നി​യി​ട്ടു​ണ്ടാ​കും. ചില​പ്പോൾ ഒരു വൈദ്യ​പ​രി​ശോ​ധ​ന​യ്‌ക്കാ​യി ആശുപ​ത്രി​യിൽ പോകു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ച്ച​പ്പോ​ഴാ​യി​രി​ക്കാം സമ്മർദം അനുഭ​വ​പ്പെ​ട്ടത്‌. സമ്മർദ​ത്തി​ലാ​യി​രി​ക്കു​മ്പോൾ സൗമ്യത കാണി​ക്കു​ന്നത്‌ അത്ര എളുപ്പമല്ല. വെറും സാധാ​ര​ണ​കാ​ര്യ​ങ്ങൾ പോലും നമ്മളെ അസ്വസ്ഥ​രാ​ക്കി​യേ​ക്കാം. നമ്മുടെ വാക്കു​കൾക്കു കടുപ്പം കൂടി​യേ​ക്കാം, മറ്റുള്ള​വ​രോ​ടു ദയയി​ല്ലാ​തെ ഇടപെ​ട്ടേ​ക്കാം. നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും സമ്മർദം അനുഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ, യേശു​വി​ന്റെ മാതൃ​ക​യെ​ക്കു​റിച്ച്‌ ചിന്തി​ക്കുക.

15 ഭൂമി​യി​ലെ ജീവി​ത​ത്തി​ന്റെ അവസാ​നത്തെ മൂന്നു മാസങ്ങ​ളിൽ കടുത്ത സമ്മർദ​ത്തിൻകീ​ഴി​ലാ​യി​രു​ന്നു യേശു. താൻ അങ്ങേയറ്റം യാതനകൾ സഹി​ക്കേ​ണ്ടി​വ​രു​മെ​ന്നും വധിക്ക​പ്പെ​ടു​മെ​ന്നും യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. (യോഹ. 3:14, 15; ഗലാ. 3:13) താൻ ആകെ അസ്വസ്ഥ​നാ​ണെന്ന്‌ മരിക്കു​ന്ന​തിന്‌ ഏതാനും മാസങ്ങൾക്കു മുമ്പ്‌ യേശു പറഞ്ഞു. (ലൂക്കോ. 12:50) പിന്നീട്‌, മരിക്കു​ന്ന​തി​നു ദിവസ​ങ്ങൾക്കു മുമ്പും യേശു ഇതേ വാക്കുകൾ ആവർത്തി​ച്ചു: “ഞാൻ ആകെ അസ്വസ്ഥ​നാണ്‌.” യേശു ഇങ്ങനെ​യും പറഞ്ഞു: “പിതാവേ, ഈ നാഴി​ക​യിൽനിന്ന്‌ എന്നെ രക്ഷി​ക്കേ​ണമേ. എങ്കിലും ഇതിനു​വേ​ണ്ടി​യാ​ണ​ല്ലോ ഞാൻ ഈ നാഴി​ക​യി​ലേക്കു വന്നിരി​ക്കു​ന്നത്‌. പിതാവേ, അങ്ങയുടെ പേര്‌ മഹത്ത്വ​പ്പെ​ടു​ത്തേ​ണമേ.” (യോഹ. 12:27, 28) യേശു​വി​ന്റെ താഴ്‌മ​യും കീഴ്‌പെ​ട​ലും അല്ലേ ആ പ്രാർഥ​ന​യിൽ നമ്മൾ കാണു​ന്നത്‌? കൂടാതെ, സമയം വന്നപ്പോൾ യേശു ധൈര്യ​ത്തോ​ടെ ശത്രു​ക്കൾക്കു തന്നെത്തന്നെ വിട്ടു​കൊ​ടു​ത്തു. ഏറ്റവും വേദനാ​ക​ര​മായ, ലജ്ജാക​ര​മായ വിധത്തിൽ അവർ യേശു​വി​നെ വധിച്ചു. ആ കഷ്ടപ്പാ​ടു​ക​ളി​ലും ആ സമ്മർദ​ത്തി​ലും യേശു സൗമ്യ​ത​യോ​ടെ ദൈ​വേഷ്ടം ചെയ്‌തു. സമ്മർദം അനുഭ​വി​ച്ച​പ്പോ​ഴും സൗമ്യത കാണി​ക്കു​ന്ന​തിൽ ഏറ്റവും നല്ല മാതൃക വെച്ചത്‌ ആരാണ്‌ എന്ന ചോദ്യ​ത്തിന്‌ മറ്റൊരു ഉത്തരമില്ല!—യശയ്യ 53:7, 10 വായി​ക്കുക.

യേശുവാണു സൗമ്യ​ത​യു​ടെ ഏറ്റവും നല്ല ദൃഷ്ടാന്തം (16, 17 ഖണ്ഡികകൾ കാണുക) *

16-17. (എ) യേശു​വി​ന്റെ സുഹൃ​ത്തു​ക്കൾ യേശു​വി​ന്റെ സൗമ്യത പരീക്ഷി​ച്ചത്‌ എങ്ങനെ? (ബി) നമുക്കു യേശു​വി​നെ എങ്ങനെ അനുക​രി​ക്കാം?

16 മരണത്തി​നു മുമ്പുള്ള അവസാ​ന​രാ​ത്രി​യിൽ സൗമ്യ​നാ​യി നിൽക്കു​ന്ന​തി​നു യേശു​വി​നു ശരിക്കും ബുദ്ധി​മു​ട്ടു തോന്നി​ക്കാ​ണും. യേശു​വി​ന്റെ ഏറ്റവും അടുത്ത സുഹൃ​ത്തു​ക്ക​ളായ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ ഇടയിലെ തർക്കമാ​യി​രു​ന്നു കാരണം. അവരു​മൊ​ത്തുള്ള അവസാ​നത്തെ ഭക്ഷണത്തി​ന്റെ സമയമാ​യി​രു​ന്നു അത്‌. ആ രാത്രി യേശു എന്തുമാ​ത്രം സമ്മർദം അനുഭ​വി​ച്ചെന്നു ചിന്തി​ച്ചു​നോ​ക്കുക. മരണം​വരെ യേശു വിശ്വ​സ്‌ത​നാ​യി നിൽക്ക​ണ​മാ​യി​രു​ന്നു. കാരണം, കോടി​ക്ക​ണ​ക്കിന്‌ ആളുക​ളു​ടെ ജീവനാ​ണു തുലാ​സ്സിൽ തൂങ്ങു​ന്നത്‌. (റോമ. 5:18, 19) അതിലും പ്രധാ​ന​മാ​യി, യേശു​വി​ന്റെ പ്രവൃ​ത്തി​കൾ പിതാ​വി​ന്റെ പേരി​നെ​യും ബാധി​ക്കു​മാ​യി​രു​ന്നു. (ഇയ്യോ. 2:4) ഇത്രയ​ധി​കം സമ്മർദം അനുഭ​വിച്ച സമയത്താണ്‌, ‘തങ്ങളുടെ കൂട്ടത്തിൽ ആരാണു വലിയവൻ എന്നതി​നെ​പ്പറ്റി ചൂടു​പി​ടിച്ച ഒരു തർക്കം (അപ്പോ​സ്‌ത​ല​ന്മാ​രു​ടെ) ഇടയിൽ ഉണ്ടായത്‌.’ ഈ കാര്യ​ത്തി​നു യേശു പലവട്ടം അവരെ തിരു​ത്തി​യി​ട്ടുണ്ട്‌. എന്തിന്‌, ആ വൈകു​ന്നേ​രം​പോ​ലും യേശു അവരെ ഉപദേ​ശി​ച്ച​താണ്‌! എന്നിട്ട്‌ അതേ കാര്യം അവർ ആവർത്തി​ച്ച​പ്പോൾ യേശു അസ്വസ്ഥ​നാ​യോ? ഇല്ല. പകരം യേശു സൗമ്യ​ത​യോ​ടെ​യാണ്‌ അവരോട്‌ ഇടപെ​ട്ടത്‌. അവർക്കു​ണ്ടാ​യി​രി​ക്കേണ്ട മനോ​ഭാ​വം ദയയോ​ടെ, അതേസ​മയം വ്യക്തമാ​യി വീണ്ടും വിശദീ​ക​രി​ച്ചു​കൊ​ടു​ത്തു. കൂടാതെ, തന്നോടു വിശ്വ​സ്‌ത​മാ​യി പറ്റിനി​ന്ന​തി​നു തന്റെ സുഹൃ​ത്തു​ക്കളെ അഭിന​ന്ദി​ക്കു​ക​യും ചെയ്‌തു.—ലൂക്കോ. 22:24-28; യോഹ. 13:1-5, 12-15.

17 നിങ്ങളാ​യി​രു​ന്നു ആ സാഹച​ര്യ​ത്തി​ലെ​ങ്കിൽ എന്തു ചെയ്യു​മാ​യി​രു​ന്നു? സമ്മർദ​ത്തി​ലാ​യി​രി​ക്കു​മ്പോൾപ്പോ​ലും യേശു​വി​നെ അനുക​രി​ക്കാ​നും സൗമ്യ​ത​യോ​ടെ നിൽക്കാ​നും നമുക്കു കഴിയും. ‘പരാതി​ക്കു കാരണ​മു​ണ്ടാ​യാൽത്തന്നെ അതു സഹിക്കാ​നുള്ള’ യഹോ​വ​യു​ടെ കല്‌പന മനസ്സോ​ടെ അനുസ​രി​ക്കുക. (കൊലോ. 3:13) മറ്റുള്ള​വരെ മുഷി​പ്പി​ക്കുന്ന കാര്യങ്ങൾ നമ്മളും പറയു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യു​മെന്ന്‌ ഓർക്കു​ന്നെ​ങ്കിൽ ഈ കല്‌പന നമ്മൾ അനുസ​രി​ക്കും. (സുഭാ. 12:18; യാക്കോ. 3:2, 5) കൂടാതെ, മറ്റുള്ള​വ​രു​ടെ നല്ല ഗുണങ്ങൾക്ക്‌ അവരെ അഭിന​ന്ദി​ക്കുക.—എഫെ. 4:29.

എപ്പോ​ഴും സൗമ്യത അന്വേ​ഷി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

18. നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ സൗമ്യ​ത​യു​ള്ള​വരെ യഹോവ സഹായി​ക്കു​ന്നത്‌ എങ്ങനെ, പക്ഷേ അവർ എന്തു ചെയ്യണം?

18 നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ നമുക്കു കഴിയും. ജീവി​ത​ത്തിൽ എന്തു ചെയ്യണ​മെന്ന്‌ അറിയാത്ത സാഹച​ര്യ​ങ്ങ​ളിൽ, നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ യഹോവ സഹായി​ക്കും, നമ്മൾ സൗമ്യ​രാ​യി​രി​ക്ക​ണ​മെന്നു മാത്രം. താൻ “സൗമ്യ​രു​ടെ അപേക്ഷ കേൾക്കും” എന്ന്‌ യഹോവ വാക്കു തന്നിട്ടുണ്ട്‌. (സങ്കീ. 10:17) ദൈവം നമ്മുടെ അപേക്ഷ കേൾക്കുക മാത്രമല്ല ചെയ്യു​ന്നത്‌, “ശരിയാ​യതു ചെയ്യാൻ ദൈവം സൗമ്യരെ നയിക്കും; അവരെ തന്റെ വഴികൾ പഠിപ്പി​ക്കും” എന്നും ബൈബിൾ പറയുന്നു. (സങ്കീ. 25:9) ബൈബിൾ, “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ” തരുന്ന പ്രസി​ദ്ധീ​ക​ര​ണങ്ങൾ, * അവർ തയ്യാറാ​ക്കുന്ന മറ്റു പരിപാ​ടി​കൾ എന്നിവ​യി​ലൂ​ടെ യഹോവ നമുക്കു മാർഗ​നിർദേശം നൽകുന്നു. (മത്താ. 24:45-47) അതേസ​മയം, നമ്മൾ ചെയ്യാ​നു​ള്ളതു നമ്മളും ചെയ്യണം. ആദ്യം​തന്നെ, സഹായം ആവശ്യ​മാ​ണെന്ന കാര്യം അംഗീ​ക​രി​ക്കണം. യഹോവ തരുന്ന വിവരങ്ങൾ പഠിക്കണം, പഠിക്കുന്ന കാര്യങ്ങൾ മനസ്സോ​ടെ ബാധക​മാ​ക്കണം.

19-21. മോശ​യ്‌ക്കു കാദേ​ശിൽവെച്ച്‌ എന്തു തെറ്റാണു പറ്റിയത്‌, അതിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം പഠിക്കാം?

19 പല തെറ്റു​ക​ളും ഒഴിവാ​ക്കാൻ നമുക്കു കഴിയും. മോശ​യെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അനേക​വർഷങ്ങൾ മോശ സൗമ്യ​നാ​യി നിൽക്കു​ക​യും യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ക​യും ചെയ്‌തു. എന്നാൽ ഒരിക്കൽ മോശ​യു​ടെ​യും സൗമ്യത നഷ്ടപ്പെട്ടു. വിജന​ഭൂ​മി​യി​ലൂ​ടെ​യുള്ള 40 വർഷത്തെ പ്രയാണം അവസാ​നി​ക്കാ​റായ സമയം. ഇസ്രാ​യേ​ല്യർ ഇപ്പോൾ കാദേ​ശി​ലാണ്‌. മോശ​യു​ടെ പ്രിയ​പ്പെട്ട പെങ്ങൾ, സർവസാ​ധ്യ​ത​യു​മ​നു​സ​രിച്ച്‌ ശിശു​വാ​യി​രു​ന്ന​പ്പോൾ മോശ​യു​ടെ ജീവൻ രക്ഷിച്ച പെങ്ങൾ, അവി​ടെ​വെച്ച്‌ മരിച്ചിട്ട്‌ അധിക​മാ​യില്ല. ഇപ്പോൾ ഇസ്രാ​യേ​ല്യർ വീണ്ടും, അവർക്കു വേണ്ട​തൊ​ന്നും ഇല്ലെന്നു പരാതി​പ്പെ​ടാൻ തുടങ്ങി. ഇത്തവണ വെള്ളമി​ല്ലാ​ത്ത​തി​ന്റെ പേരിൽ അവർ “മോശ​യോ​ടു കലഹിച്ചു.” യഹോവ മോശ​യി​ലൂ​ടെ ഇത്ര​യെ​ല്ലാം അത്ഭുതങ്ങൾ ചെയ്‌തി​ട്ടും, ഇക്കണ്ട കാല​മെ​ല്ലാം ഒരു ലാഭവും നോക്കാ​തെ മോശ ഇസ്രാ​യേ​ലി​നെ നയിച്ചി​ട്ടും ജനം പരാതി​പ്പെട്ടു. വെള്ളമി​ല്ലെന്നു മാത്ര​മ​ല്ലാ​യി​രു​ന്നു പരാതി, തങ്ങളുടെ ഈ അവസ്ഥയ്‌ക്കു കാരണ​ക്കാ​രൻ മോശ​യാ​ണെന്ന രീതി​യി​ലും അവർ സംസാ​രി​ച്ചു.—സംഖ്യ 20:1-5, 9-11.

20 കോപം ആളിക്ക​ത്തിയ മോശ​യു​ടെ സൗമ്യത നഷ്ടപ്പെട്ടു. യഹോവ പറഞ്ഞതു​പോ​ലെ വിശ്വാ​സ​ത്തോ​ടെ പാറ​യോ​ടു സംസാ​രി​ക്കു​ന്ന​തി​നു പകരം മോശ നീരസ​ത്തോ​ടെ ജനത്തോ​ടു സംസാ​രി​ക്കു​ക​യും ആ അത്ഭുതം ചെയ്‌ത​തി​ന്റെ ബഹുമതി കരസ്ഥമാ​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്‌തു. എന്നിട്ട്‌ പാറയെ രണ്ടു പ്രാവ​ശ്യം അടിച്ചു. ധാരാളം വെള്ളം ഒഴുകാൻതു​ടങ്ങി. അഹങ്കാ​ര​വും ദേഷ്യ​വും കാരണ​മാ​ണു മോശ​യ്‌ക്കു ഗുരു​ത​ര​മായ ഈ തെറ്റ്‌ പറ്റിയത്‌. (സങ്കീ. 106:32, 33) അൽപ്പസ​മ​യ​ത്തേക്കു സൗമ്യത നഷ്ടപ്പെ​ട്ട​തു​കൊണ്ട്‌ വാഗ്‌ദ​ത്ത​ദേ​ശത്ത്‌ പ്രവേ​ശി​ക്കാ​നുള്ള അവസരം മോശ​യ്‌ക്കു നഷ്ടമായി.—സംഖ്യ 20:12.

21 ഈ സംഭവ​ത്തിൽനിന്ന്‌ നമുക്കു പ്രധാ​ന​പ്പെട്ട ചില പാഠങ്ങൾ പഠിക്കാ​നുണ്ട്‌. ഒന്ന്‌, സൗമ്യത നിലനി​റു​ത്താൻ നമ്മൾ എപ്പോ​ഴും ശ്രമി​ക്കണം. ഒരു നിമി​ഷ​ത്തേക്കു നമുക്ക്‌ അതു നഷ്ടപ്പെ​ട്ടാൽ, അതിന്റെ സ്ഥാനത്ത്‌ അഹങ്കാരം കടന്നു​വ​ന്നേ​ക്കാം. അങ്ങനെ നമ്മൾ ബുദ്ധി​ശൂ​ന്യ​മാ​യി സംസാ​രി​ക്കാ​നും പ്രവർത്തി​ക്കാ​നും സാധ്യ​ത​യുണ്ട്‌. രണ്ട്‌, സമ്മർദം നമ്മളെ തളർത്തി​യേ​ക്കാം. അതു​കൊണ്ട്‌ അത്തരം സാഹച​ര്യ​ങ്ങ​ളി​ലും സൗമ്യ​ത​യു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മൾ കഠിന​ശ്രമം ചെയ്യണം.

22-23. (എ) നമ്മൾ എപ്പോ​ഴും സൗമ്യത അന്വേ​ഷി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) സെഫന്യ 2:3- ലെ പ്രസ്‌താ​വന എന്താണു സൂചി​പ്പി​ക്കു​ന്നത്‌?

22 നമുക്കു സംരക്ഷണം ലഭിക്കും. പെട്ടെ​ന്നു​തന്നെ യഹോവ ഭൂമി​യിൽനിന്ന്‌ ദുഷ്ടന്മാ​രെ നീക്കം​ചെ​യ്യും. പിന്നെ സൗമ്യ​ത​യു​ള്ളവർ മാത്രമേ ഇവി​ടെ​യു​ണ്ടാ​യി​രി​ക്കൂ. അതിനു ശേഷം ഭൂമി​യിൽ സമാധാ​നം കളിയാ​ടും. (സങ്കീ. 37:10, 11) സൗമ്യ​രായ ആ ആളുക​ളു​ടെ കൂട്ടത്തിൽ നിങ്ങളു​ണ്ടാ​യി​രി​ക്കു​മോ? സെഫന്യ പ്രവാ​ച​ക​നി​ലൂ​ടെ യഹോവ പറഞ്ഞ കാര്യം അനുസ​രി​ക്കു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ അതിനു കഴിയും.—സെഫന്യ 2:3 വായി​ക്കുക.

23 എന്തു​കൊ​ണ്ടാണ്‌ സെഫന്യ 2:3-ൽ ‘ഒരുപക്ഷേ നിങ്ങൾക്കു മറഞ്ഞി​രി​ക്കാ​നാ​കും’ എന്നു പറയു​ന്നത്‌? തന്നെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കുന്ന, താൻ സ്‌നേ​ഹി​ക്കുന്ന ആളുകളെ രക്ഷിക്കാൻ യഹോ​വ​യ്‌ക്കു കഴിയില്ല എന്നല്ല അതിന്‌ അർഥം. അന്തിമ​ഫലം എന്തായി​രി​ക്കു​മെ​ന്നതു നമ്മുടെ പ്രവൃ​ത്തി​ക​ളെ​യും ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌ എന്നാണ്‌ അതു സൂചി​പ്പി​ക്കു​ന്നത്‌. സൗമ്യത അന്വേ​ഷി​ക്കു​ക​യും യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ ‘യഹോ​വ​യു​ടെ കോപ​ദി​വ​സത്തെ’ അതിജീ​വിച്ച്‌ എന്നേക്കും ഈ ഭൂമി​യിൽ ജീവി​ക്കാ​നുള്ള പ്രതീക്ഷ നമുക്കു​ണ്ടാ​യി​രി​ക്കും.

ഗീതം 120 യേശു​വി​ന്റെ സൗമ്യത അനുക​രി​ക്കാം

^ ഖ. 5 സൗമ്യത നമുക്കു ജന്മനാ കിട്ടുന്ന ഒരു ഗുണമല്ല. അതു നമ്മൾ വളർത്തി​യെ​ടു​ക്കേണ്ട ഒന്നാണ്‌. സമാധാ​ന​പ്രി​യ​രായ ആളുക​ളോട്‌ ഇടപെ​ടു​മ്പോൾ സൗമ്യത കാണി​ക്കാൻ നമുക്കു വലിയ ബുദ്ധി​മു​ട്ടി​ല്ലാ​യി​രി​ക്കും. എന്നാൽ അഹങ്കാ​രി​ക​ളായ ആളുക​ളോട്‌ ഇടപെ​ടു​മ്പോൾ അത്‌ അത്ര എളുപ്പ​മാ​യി​രി​ക്കില്ല. സൗമ്യത എന്ന മനോ​ഹ​ര​മായ ഗുണം വളർത്തി​യെ​ടു​ക്കു​ന്ന​തി​നു തടസ്സമാ​യി നിൽക്കുന്ന ചില കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അവ എങ്ങനെ മറിക​ട​ക്കാ​മെ​ന്നും ചർച്ച ചെയ്യും.

^ ഖ. 3 പദപ്രയോഗങ്ങളുടെ വിശദീ​ക​രണം: സൗമ്യത. സൗമ്യ​ത​യുള്ള ആളുകൾ ദയയോ​ടെ മറ്റുള്ള​വ​രോട്‌ ഇടപെ​ടും, ദേഷ്യം വരുന്ന സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും അവർ ശാന്തത കൈവി​ടില്ല. താഴ്‌മ. ഈ ഗുണമു​ള്ളവർ അഹങ്കാ​ര​മോ ഗർവോ ഇല്ലാത്ത​വ​രാണ്‌. അവർ മറ്റുള്ള​വരെ തങ്ങളെ​ക്കാൾ ശ്രേഷ്‌ഠ​രാ​യി കാണുന്നു. യഹോ​വ​യു​ടെ കാര്യ​ത്തി​ലോ? തന്നെക്കാൾ താഴ്‌ന്ന​വ​രോ​ടു സ്‌നേ​ഹ​ത്തോ​ടെ​യും കരുണ​യോ​ടെ​യും ഇടപെ​ടു​ന്നു എന്ന അർഥത്തി​ലാണ്‌ യഹോ​വ​യ്‌ക്കു താഴ്‌മ​യു​ണ്ടെന്നു പറയു​ന്നത്‌.

^ ഖ. 12 ബാബിലോൺകാർ ഈ എബ്രാ​യർക്കു ശദ്രക്ക്‌, മേശക്ക്‌, അബേദ്‌-നെഗൊ എന്നീ പേരുകൾ നൽകി.—ദാനി. 1:7.

^ ഖ. 18 ഉദാഹരണത്തിന്‌, 2011 ഏപ്രിൽ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “ദൈവ​ത്തി​നു മഹത്ത്വം കരേറ്റുന്ന തീരു​മാ​ന​ങ്ങ​ളെ​ടു​ക്കുക” എന്ന ലേഖനം കാണുക.

^ ഖ. 59 ചിത്രക്കുറിപ്പ്‌: തങ്ങളിൽ ആരാണു വലിയ​വ​നെന്നു ശിഷ്യ​ന്മാർ തർക്കി​ച്ച​പ്പോൾ സൗമ്യത കൈവി​ടാ​തെ യേശു അവരെ ശാന്തമാ​യി തിരു​ത്തു​ന്നു.