വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 12

മറ്റുള്ള​വ​രു​ടെ മനോ​വി​കാ​രങ്ങൾ പരിഗ​ണി​ക്കുക

മറ്റുള്ള​വ​രു​ടെ മനോ​വി​കാ​രങ്ങൾ പരിഗ​ണി​ക്കുക

‘നിങ്ങൾ എല്ലാവ​രും സഹാനു​ഭൂ​തി​യു​ള്ള​വ​രാ​യി​രി​ക്കുക.’ —1 പത്രോ. 3:8.

ഗീതം 90 പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കുക

പൂർവാവലോകനം *

1. 1 പത്രോസ്‌ 3:8-നു ചേർച്ച​യിൽ, നമ്മുടെ വിഷമങ്ങൾ മനസ്സി​ലാ​ക്കു​ക​യും ക്ഷേമത്തിൽ താത്‌പ​ര്യം കാണി​ക്കു​ക​യും ചെയ്യുന്ന ആളുക​ളു​ടെ ഇടയി​ലാ​യി​രി​ക്കു​ന്നതു സന്തോഷം തരുന്നത്‌ എന്തു​കൊണ്ട്‌?

നമ്മുടെ വിഷമങ്ങൾ മനസ്സി​ലാ​ക്കുന്ന, നമ്മുടെ ക്ഷേമത്തിൽ താത്‌പ​ര്യം കാണി​ക്കുന്ന ആളുക​ളു​ടെ ഇടയി​ലാ​യി​രി​ക്കു​ന്നതു സന്തോഷം തരുന്ന കാര്യ​മാണ്‌. അങ്ങനെ​യു​ള്ളവർ നമ്മുടെ സ്ഥാനത്ത്‌ അവരെ​ത്തന്നെ നിറുത്തി, നമ്മുടെ ചിന്തക​ളും വികാ​ര​ങ്ങ​ളും മനസ്സി​ലാ​ക്കാൻ ശ്രമി​ക്കും. പലപ്പോ​ഴും നമ്മൾ ചോദി​ക്കാ​തെ​തന്നെ നമ്മുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്‌ സഹായി​ക്കും. നമ്മളോ​ടു “സഹാനു​ഭൂ​തി” * കാണി​ക്കു​ന്ന​വ​രോട്‌, നമ്മുടെ മനസ്സ്‌ അറിയു​ന്ന​വ​രോട്‌, നമുക്കു സ്‌നേഹം തോന്നും, നന്ദി തോന്നും.—1 പത്രോസ്‌ 3:8 വായി​ക്കുക.

2. സഹാനു​ഭൂ​തി കാണി​ക്കു​ന്നത്‌ എളുപ്പ​മ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

2 ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയിൽ, സഹാനു​ഭൂ​തി കാണി​ക്കാൻ നമ്മൾ എല്ലാവ​രും ആഗ്രഹി​ക്കു​ന്നു. എന്നാൽ അത്‌ അത്ര എളുപ്പമല്ല. എന്തു​കൊണ്ട്‌? ഒന്ന്‌, നമ്മുടെ അപൂർണ​ത​യാണ്‌. (റോമ. 3:23) അതു​കൊണ്ട്‌ മുഖ്യ​മാ​യും നമ്മളെ​ക്കു​റി​ച്ചു​തന്നെ ചിന്തി​ക്കാ​നാ​ണു നമ്മുടെ സ്വാഭാ​വി​ക​മായ ചായ്‌വ്‌, മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ നമ്മൾ നല്ല ശ്രമം ചെയ്യണം. രണ്ട്‌, ചിലരു​ടെ കാര്യ​ത്തിൽ, അവർ വളർന്നു​വന്ന സാഹച​ര്യ​ങ്ങ​ളും മുൻകാ​ലത്തെ അനുഭ​വ​ങ്ങ​ളും സഹാനു​ഭൂ​തി കാണി​ക്കു​ന്ന​തി​നു തടസ്സമാ​യേ​ക്കാം. അവസാ​ന​മാ​യി, നമ്മുടെ ചുറ്റു​മുള്ള ആളുക​ളു​ടെ മനോ​ഭാ​വം നമ്മളെ സ്വാധീ​നി​ച്ചേ​ക്കാം. ഈ അവസാ​ന​കാ​ലത്ത്‌, മറ്റുള്ള​വ​രു​ടെ വികാ​ര​ങ്ങൾക്ക്‌ ഒരു പരിഗ​ണ​ന​യും കൊടു​ക്കാ​ത്ത​വ​രാ​ണു പലരും. അവർ ‘സ്വസ്‌നേ​ഹി​ക​ളാണ്‌.’ (2 തിമൊ. 3:1, 2) മറ്റുള്ള​വ​രോ​ടു സഹാനു​ഭൂ​തി കാണി​ക്കു​ന്ന​തി​നു തടസ്സമാ​യി നിൽക്കുന്ന ഈ കാര്യ​ങ്ങളെ മറിക​ട​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

3. (എ) സഹാനു​ഭൂ​തി കാണി​ക്കു​ന്ന​തിൽ നമുക്ക്‌ എങ്ങനെ മെച്ച​പ്പെ​ടാം? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

3 ദൈവ​മായ യഹോ​വ​യെ​യും ദൈവ​പു​ത്ര​നായ യേശു​ക്രി​സ്‌തു​വി​നെ​യും അനുക​രി​ക്കു​ന്നെ​ങ്കിൽ സഹാനു​ഭൂ​തി കാണി​ക്കു​ന്ന​തിൽ നമുക്കു മെച്ച​പ്പെ​ടാ​നാ​കും. യഹോവ സ്‌നേ​ഹ​ത്തി​ന്റെ ദൈവ​മാണ്‌. മറ്റുള്ള​വ​രോ​ടു സഹാനു​ഭൂ​തി കാണി​ക്കു​ന്ന​തിൽ യഹോവ ഏറ്റവും മികച്ച മാതൃക വെച്ചി​രി​ക്കു​ന്നു. (1 യോഹ. 4:8) യേശു തന്റെ പിതാ​വി​ന്റെ വ്യക്തി​ത്വം അതേപടി ജീവി​ത​ത്തിൽ പകർത്തി. (യോഹ. 14:9) ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ, ഒരു മനുഷ്യന്‌ എങ്ങനെ അനുകമ്പ കാണി​ക്കാൻ കഴിയു​മെന്ന്‌ യേശു കാണി​ച്ചു​തന്നു. യഹോ​വ​യും യേശു​വും മറ്റുള്ള​വ​രു​ടെ വികാ​ര​ങ്ങ​ളോ​ടു പരിഗണന കാണി​ച്ച​തി​ന്റെ ചില ദൃഷ്ടാ​ന്തങ്ങൾ ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും. അവരുടെ മാതൃക എങ്ങനെ അനുക​രി​ക്കാ​മെ​ന്നും നമ്മൾ പഠിക്കും.

യഹോ​വ​യു​ടെ മാതൃക

4. യഹോവ തന്റെ ദാസരു​ടെ ചിന്തക​ളും വികാ​ര​ങ്ങ​ളും പരിഗ​ണി​ക്കു​ന്നു​ണ്ടെന്ന്‌ യശയ്യ 63:7-9 നമുക്കു കാണി​ച്ചു​ത​രു​ന്നത്‌ എങ്ങനെ?

4 തന്റെ ദാസരു​ടെ ചിന്തക​ളും വികാ​ര​ങ്ങ​ളും യഹോവ എപ്പോ​ഴും ശ്രദ്ധി​ക്കു​ന്നു​ണ്ടെന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, പുരാ​ത​ന​കാ​ലത്ത്‌ ഇസ്രാ​യേ​ല്യർ കഷ്ടതക​ളി​ലൂ​ടെ കടന്നു​പോ​യ​പ്പോൾ യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നി​യ​തെന്നു നോക്കുക. “അവരുടെ വേദനകൾ ദൈവ​ത്തെ​യും വേദനി​പ്പി​ച്ചു” എന്നു ദൈവ​വ​ചനം പറയുന്നു. (യശയ്യ 63:7-9 വായി​ക്കുക.) പിന്നീട്‌, ആരെങ്കി​ലും തന്റെ ജനത്തോ​ടു മോശ​മാ​യി പെരു​മാ​റി​യാൽ, അതു തന്നോടു മോശ​മാ​യി പെരു​മാ​റു​ന്ന​തു​പോ​ലെ​യാ​ണെന്ന്‌ സെഖര്യ പ്രവാ​ച​ക​നി​ലൂ​ടെ യഹോവ പ്രഖ്യാ​പി​ച്ചു. യഹോവ തന്റെ ദാസ​രോ​ടു പറഞ്ഞു: “നിങ്ങളെ തൊടു​ന്നവൻ എന്റെ കണ്ണിലെ കൃഷ്‌ണ​മ​ണി​യെ തൊടു​ന്നു.” (സെഖ. 2:8) യഹോ​വ​യ്‌ക്കു സ്വന്തം ജനത്തോ​ടുള്ള സഹാനു​ഭൂ​തി​യു​ടെ എത്ര നല്ല ഒരു ചിത്രം ആണ്‌ ഇത്‌!

ഈജിപ്‌തിലെ അടിമ​ത്ത​ത്തിൽനിന്ന്‌ യഹോവ അനുക​മ്പ​യോ​ടെ ഇസ്രാ​യേ​ല്യ​രെ മോചി​പ്പി​ച്ചു (5-ാം ഖണ്ഡിക കാണുക)

5. കഷ്ടപ്പാ​ടു​കൾ അനുഭ​വി​ക്കുന്ന തന്റെ ദാസരെ സഹായി​ക്കാൻ യഹോവ പ്രവർത്തി​ച്ച​തി​ന്റെ ഒരു ദൃഷ്ടാന്തം പറയുക.

5 കഷ്ടപ്പാ​ടു​കൾ അനുഭ​വി​ക്കുന്ന തന്റെ ദാസ​രോട്‌ യഹോ​വ​യ്‌ക്ക്‌ അനുകമ്പ തോന്നുക മാത്രമല്ല ചെയ്യു​ന്നത്‌. അവരെ സഹായി​ക്കാൻ യഹോവ വേണ്ടതു ചെയ്യും. ഉദാഹ​ര​ണ​ത്തിന്‌, ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽ അടിമ​ക​ളാ​യി​രുന്ന കാലത്ത്‌, യഹോവ അവരുടെ വേദന മനസ്സി​ലാ​ക്കി. അവരുടെ കഷ്ടപ്പാ​ടു​കൾക്ക്‌ അറുതി വരുത്താൻ യഹോവ പ്രേരി​ത​നാ​യി. യഹോവ മോശ​യോ​ടു പറഞ്ഞു: ‘എന്റെ ജനത്തിന്റെ ദുരിതം ഞാൻ കണ്ടു. അവർ നിലവി​ളി​ക്കു​ന്നതു ഞാൻ കേട്ടു. അവർ അനുഭ​വി​ക്കുന്ന വേദനകൾ എനിക്കു നന്നായി അറിയാം. അവരെ ഈജി​പ്‌തു​കാ​രു​ടെ കൈയിൽനിന്ന്‌ രക്ഷിക്കാൻ ഞാൻ ഇറങ്ങി​ച്ചെ​ല്ലും.’ (പുറ. 3:7, 8) തന്റെ ജനത്തോട്‌ അനുകമ്പ തോന്നി​യ​തു​കൊണ്ട്‌ യഹോവ അവരെ അടിമ​ത്ത​ത്തിൽനിന്ന്‌ മോചി​പ്പി​ച്ചു. പിന്നീടു വന്ന നൂറ്റാ​ണ്ടു​ക​ളിൽ ഇസ്രാ​യേ​ല്യർ വാഗ്‌ദ​ത്ത​ദേ​ശ​ത്താ​യി​രുന്ന കാലത്ത്‌, അവർ ശത്രു​ക്ക​ളിൽനി​ന്നുള്ള ആക്രമ​ണങ്ങൾ നേരിട്ടു. അപ്പോൾ യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നി​യത്‌? “അവരെ അടിച്ച​മർത്തു​ക​യും അവരോ​ടു ക്രൂര​മാ​യി പെരു​മാ​റു​ക​യും ചെയ്‌തവർ കാരണം അവർ ഞരങ്ങി​യ​പ്പോൾ യഹോ​വ​യു​ടെ മനസ്സ്‌ അലിഞ്ഞു.” തന്റെ ജനത്തെ സഹായി​ക്കാൻ സഹാനു​ഭൂ​തി യഹോ​വയെ പ്രേരി​പ്പി​ച്ചു. ശത്രു​ക്ക​ളിൽനിന്ന്‌ അവരെ രക്ഷിക്കാൻ യഹോവ ന്യായാ​ധി​പ​ന്മാ​രെ അയച്ചു.—ന്യായാ. 2:16, 18.

6. യോന​യു​ടെ ചിന്തകൾ തെറ്റാ​യി​രു​ന്ന​പ്പോൾപ്പോ​ലും യഹോവ യോന​യു​ടെ വികാ​രങ്ങൾ കണക്കി​ലെ​ടു​ത്തത്‌ എങ്ങനെ? വിശദീ​ക​രി​ക്കുക.

6 തന്റെ ദാസന്മാർക്കു നിരു​ത്സാ​ഹ​വും ഭയവും ഒക്കെ തോന്നു​മ്പോൾ യഹോവ അതു മനസ്സി​ലാ​ക്കി അവരോ​ടു പരിഗ​ണ​ന​യോ​ടെ ഇടപെ​ടും. അത്തരം തോന്ന​ലു​കൾ ശരിയ​ല്ലാ​ത്ത​പ്പോൾപ്പോ​ലും യഹോവ അവരോ​ടു സഹാനു​ഭൂ​തി കാണി​ക്കു​ന്നു. യോന​യു​ടെ കാര്യം നോക്കുക. നിനെ​വെ​ക്കാർക്കെ​തി​രെ ഒരു ന്യായ​വി​ധി സന്ദേശം പ്രഖ്യാ​പി​ക്കാൻ യഹോവ ആ പ്രവാ​ച​കനെ അയച്ചു. അവർ പശ്ചാത്ത​പി​ച്ച​പ്പോൾ, അവരെ നശിപ്പി​ക്കാ​നുള്ള തീരു​മാ​നം യഹോവ ഉപേക്ഷി​ച്ചു. എന്നാൽ യോന​യ്‌ക്ക്‌ അത്‌ ഇഷ്ടപ്പെ​ട്ടില്ല. താൻ പ്രവചി​ച്ച​തു​പോ​ലെ നടക്കാ​തെ​വ​ന്ന​തു​കൊണ്ട്‌ യോന​യ്‌ക്കു “വല്ലാത്ത ദേഷ്യം തോന്നി.” എന്നാൽ യഹോവ യോന​യോ​ടു ക്ഷമയോ​ടെ ഇടപെട്ടു, ചിന്തകൾക്കു മാറ്റം വരുത്താൻ യോനയെ സഹായി​ച്ചു. (യോന 3:10–4:11) അങ്ങനെ, യോന ഇതിൽനിന്ന്‌ ഒരു പാഠം പഠിച്ചു. നമ്മുടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി ആ വിവരണം എഴുതാൻ യഹോവ യോനയെ ഉപയോ​ഗി​ക്കു​ക​പോ​ലും ചെയ്‌തു.—റോമ. 15:4. *

7. തന്റെ ദാസരു​മാ​യുള്ള യഹോ​വ​യു​ടെ ഇടപെ​ട​ലു​കൾ നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു?

7 തന്റെ ജനവു​മാ​യുള്ള യഹോ​വ​യു​ടെ ഇടപെ​ട​ലു​കൾ എന്താണു പഠിപ്പി​ക്കു​ന്നത്‌? യഹോവ പരിഗ​ണ​ന​യുള്ള ഒരു ദൈവ​മാണ്‌. ഓരോ വ്യക്തി​യും അനുഭ​വി​ക്കുന്ന വേദന​യും കഷ്ടപ്പാ​ടും യഹോ​വ​യ്‌ക്കു നന്നായി അറിയാം. “മനുഷ്യ​രു​ടെ ഹൃദയം വായി​ക്കാൻ” യഹോ​വ​യ്‌ക്കു കഴിയും. (2 ദിന. 6:30) നമ്മുടെ എല്ലാ ചിന്തക​ളും ഉള്ളിന്റെ ഉള്ളിലെ വിഷമ​ങ്ങ​ളും നമ്മുടെ പരിമി​തി​ക​ളും എല്ലാം യഹോ​വ​യ്‌ക്കു മനസ്സി​ലാ​കും. “(നമുക്കു) ചെറു​ക്കാ​നാ​കാത്ത ഒരു പ്രലോ​ഭ​ന​വും ദൈവം അനുവ​ദി​ക്കില്ല.” (1 കൊരി. 10:13) എത്ര ആശ്വാസം തരുന്ന ഒരു ഉറപ്പാണ്‌ ഇത്‌!

യേശു​വി​ന്റെ മാതൃക

8-10. മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ യേശു​വി​നെ ഏതൊക്കെ കാര്യങ്ങൾ സഹായി​ച്ചി​രി​ക്കണം?

8 മനുഷ്യ​നാ​യി ഭൂമി​യി​ലാ​യി​രുന്ന കാലത്ത്‌, തന്റെ ചുറ്റു​മു​ള്ള​വ​രെ​ക്കു​റിച്ച്‌ യേശു​വി​നു ചിന്തയു​ണ്ടാ​യി​രു​ന്നു. കുറഞ്ഞതു മൂന്നു കാര്യ​ങ്ങ​ളെ​ങ്കി​ലും ഈ ഗുണം വളർത്തി​യെ​ടു​ക്കാൻ യേശു​വി​നെ സഹായി​ച്ചി​രി​ക്കണം. ഒന്ന്‌, നമ്മൾ ആദ്യം കണ്ടതു​പോ​ലെ, യേശു തന്റെ സ്വർഗീ​യ​പി​താ​വി​ന്റെ വ്യക്തി​ത്വം അതേപടി പകർത്തി. തന്റെ പിതാ​വി​നെ​പ്പോ​ലെ, യേശു​വും ആളുകളെ സ്‌നേ​ഹി​ച്ചു. യഹോവ എല്ലാം സൃഷ്ടിച്ച സമയത്ത്‌, യേശു​വും ഒപ്പമു​ണ്ടാ​യി​രു​ന്നു. ഓരോ സൃഷ്ടി​യും യേശു​വിന്‌ ആനന്ദം പകരു​ന്ന​താ​യി​രു​ന്നു. എന്നാൽ യേശു​വി​നു “മനുഷ്യ​മ​ക്ക​ളോട്‌ . . . പ്രത്യേ​ക​പ്രി​യം തോന്നി.” (സുഭാ. 8:31) മറ്റുള്ള​വ​രു​ടെ മനോ​വി​കാ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ ആ സ്‌നേഹം യേശു​വി​നെ പ്രേരി​പ്പി​ച്ചു.

9 രണ്ട്‌, യഹോ​വ​യെ​പ്പോ​ലെ യേശു​വി​നും ആളുക​ളു​ടെ ഹൃദയം വായി​ക്കാൻ കഴിയും. (മത്താ. 9:4; യോഹ. 13:10, 11) ആളുക​ളു​ടെ വിഷമ​വും വേദന​യും എല്ലാം യേശു മനസ്സി​ലാ​ക്കി. അതു​കൊണ്ട്‌, ഹൃദയം തകർന്ന ആളുകളെ കണ്ടപ്പോൾ അവർക്ക്‌ ആശ്വാസം പകരാൻ സഹാനു​ഭൂ​തി യേശു​വി​നെ പ്രേരി​പ്പി​ച്ചു.—യശ. 61:1, 2; ലൂക്കോ. 4:17-21.

10 മൂന്ന്‌, ആളുകൾ അനുഭ​വിച്ച ചില കഷ്ടപ്പാ​ടു​കൾ യേശു സ്വന്തം ജീവി​ത​ത്തിൽ അനുഭ​വി​ച്ച​റി​ഞ്ഞു. ഉദാഹ​ര​ണ​ത്തിന്‌, യേശു ഒരു ദരി​ദ്ര​കു​ടും​ബ​ത്തി​ലാ​ണു വളർന്നു​വ​ന്നത്‌. വളർത്ത​ച്ഛ​നായ യോ​സേ​ഫി​നോ​ടൊ​പ്പം ജോലി ചെയ്‌ത​പ്പോൾ കഠിനാ​ധ്വാ​നം ചെയ്യാൻ യേശു പഠിച്ചു. (മത്താ. 13:55; മർക്കോ. 6:3) യേശു​വി​ന്റെ ശുശ്രൂഷ ആരംഭി​ക്കു​ന്ന​തി​നു മുമ്പ്‌ യോ​സേഫ്‌ മരിച്ചു​പോ​യി​രി​ക്കണം. അങ്ങനെ​യെ​ങ്കിൽ, പ്രിയ​പ്പെട്ട ഒരാൾ മരിക്കു​മ്പോ​ഴത്തെ വേദന യേശു അനുഭ​വി​ച്ചി​ട്ടുണ്ട്‌. കുടും​ബാം​ഗങ്ങൾ പല മതങ്ങളി​ലാ​കു​ന്ന​തി​ന്റെ ബുദ്ധി​മു​ട്ടു​ക​ളും യേശു മനസ്സി​ലാ​ക്കി. (യോഹ. 7:5) ഇതും ഇതു​പോ​ലുള്ള മറ്റു സാഹച​ര്യ​ങ്ങ​ളും സാധാ​ര​ണ​ക്കാ​രു​ടെ പ്രശ്‌ന​ങ്ങ​ളും വിഷമ​ങ്ങ​ളും മനസ്സി​ലാ​ക്കാൻ യേശു​വി​നെ സഹായി​ച്ചു.

ബധിരനായ ഒരു മനുഷ്യ​നെ ജനക്കൂ​ട്ട​ത്തിൽനിന്ന്‌ മാറ്റി​ക്കൊ​ണ്ടു​പോ​യി യേശു സുഖപ്പെടുത്തുന്നു (11-ാം ഖണ്ഡിക കാണുക)

11. യേശു​വി​ന്റെ സഹാനു​ഭൂ​തി പ്രത്യേ​കിച്ച്‌ വ്യക്തമാ​യത്‌ എപ്പോൾ? വിശദീ​ക​രി​ക്കുക. (പുറം​താ​ളി​ലെ ചിത്രം കാണുക.)

11 യേശു​വി​ന്റെ സഹാനു​ഭൂ​തി​യെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ യേശു ചെയ്‌ത അത്ഭുത​ങ്ങ​ളെ​പ്പറ്റി ചിന്തിച്ചാൽ മതി. ഒരു കടമ നിറ​വേ​റ്റു​ന്ന​തു​പോ​ലെയല്ല യേശു അത്ഭുതങ്ങൾ ചെയ്‌തത്‌. വേദനി​ക്കു​ന്ന​വരെ കണ്ടപ്പോൾ യേശു​വി​ന്റെ ‘മനസ്സ്‌ അലിഞ്ഞു.’ (മത്താ. 20:29-34; മർക്കോ. 1:40-42) ഉദാഹ​ര​ണ​ത്തിന്‌, ബധിര​നായ ഒരു വ്യക്തിയെ ജനക്കൂ​ട്ട​ത്തിൽനിന്ന്‌ മാറ്റി​ക്കൊ​ണ്ടു​പോ​യി സുഖ​പ്പെ​ടു​ത്തിയ സംഭവ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അപ്പോൾ, യേശു​വി​ന്റെ മനസ്സി​ലൂ​ടെ എന്തെല്ലാം വികാ​രങ്ങൾ കടന്നു​പോ​യെന്ന്‌ ഒന്നു ഭാവന​യിൽ കാണാ​മോ! ഇനി, ഒരു വിധവ​യു​ടെ ഏകമകനെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്തിയ സംഭവ​മോ? (മർക്കോ. 7:32-35; ലൂക്കോ. 7:12-15) ആ വ്യക്തി​ക​ളോ​ടു യേശു​വി​നു സഹതാപം തോന്നി, അവരെ സഹായി​ക്കാൻ യേശു ആഗ്രഹി​ച്ചു.

12. യോഹ​ന്നാൻ 11:32-35 അനുസ​രിച്ച്‌, യേശു മാർത്ത​യോ​ടും മറിയ​യോ​ടും എങ്ങനെ​യാ​ണു സഹാനു​ഭൂ​തി കാണി​ച്ചത്‌?

12 മാർത്ത​യോ​ടും മറിയ​യോ​ടും യേശു സഹാനു​ഭൂ​തി കാണിച്ചു. അവരുടെ സഹോ​ദ​ര​നായ ലാസർ മരിച്ച​പ്പോൾ അവർക്കു​ണ്ടായ വേദന യേശു കണ്ടു. അപ്പോൾ, “യേശു​വി​ന്റെ കണ്ണു നിറ​ഞ്ഞൊ​ഴു​കി.” (യോഹ​ന്നാൻ 11:32-35 വായി​ക്കുക.) തന്റെ ഉറ്റസു​ഹൃ​ത്തി​ന്റെ വേർപാ​ടല്ല യേശു​വി​നെ ദുഃഖി​പ്പി​ച്ചത്‌. കാരണം താൻ ലാസറി​നെ ഉയിർപ്പി​ക്കാൻ പോകു​ക​യാ​ണെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. തന്റെ പ്രിയ​സു​ഹൃ​ത്തു​ക്ക​ളു​ടെ ഹൃദയ​വേദന യേശു​വി​നു മനസ്സി​ലാ​ക്കാൻ കഴിഞ്ഞു, അതു യേശു​വി​നെ ആഴത്തിൽ സ്‌പർശി​ച്ചു. അതു​കൊ​ണ്ടാ​ണു യേശു കരഞ്ഞു​പോ​യത്‌.

13. യേശു​വി​ന്റെ സഹാനു​ഭൂ​തി​യെ​ക്കു​റിച്ച്‌ അറിയു​ന്നതു നമുക്കു പ്രോ​ത്സാ​ഹനം പകരു​ന്നത്‌ എന്തു​കൊണ്ട്‌?

13 യേശു​വി​ന്റെ സഹാനു​ഭൂ​തി​യെ​ക്കു​റിച്ച്‌ പഠിക്കു​ന്നതു നമുക്കു വളരെ​യ​ധി​കം പ്രയോ​ജനം ചെയ്യും. മറ്റുള്ള​വ​രോ​ടു യേശു ഇടപെട്ട വിധം ഓർക്കു​മ്പോൾ നമുക്കു യേശു​വി​നോ​ടു സ്‌നേഹം തോന്നു​ന്നി​ല്ലേ? (1 പത്രോ. 1:8) ദൈവ​രാ​ജ്യ​ത്തി​ന്റെ വാഴുന്ന രാജാ​വാണ്‌ യേശു​ക്രി​സ്‌തു​വെന്ന്‌ അറിയു​ന്നതു നമുക്ക്‌ ഒരു പ്രോ​ത്സാ​ഹ​ന​മാണ്‌. എല്ലാ കഷ്ടപ്പാ​ടു​കൾക്കും യേശു ഉടൻ അറുതി വരുത്തും. സാത്താന്റെ ഭരണം മനുഷ്യ​രു​ടെ മേൽ വരുത്തി​വെച്ച എല്ലാ മുറി​വു​ക​ളും ഉണക്കാൻ ഏറ്റവും പറ്റിയ സ്ഥാനത്താ​യി​രി​ക്കു​ന്നതു യേശു​വാണ്‌. കാരണം യേശു​വും ഒരിക്കൽ മനുഷ്യ​നാ​യി​രു​ന്ന​ല്ലോ. ‘നമ്മുടെ ബലഹീ​ന​ത​ക​ളിൽ സഹതാപം തോന്നുന്ന’ ഒരു ഭരണാ​ധി​കാ​രി​യെ കിട്ടി​യ​തിൽ നമുക്കു സന്തോ​ഷി​ക്കാം.—എബ്രാ. 2:17, 18; 4:15, 16.

യഹോ​വ​യു​ടെ​യും യേശു​വി​ന്റെ​യും മാതൃക അനുക​രി​ക്കു​ക

14. എഫെസ്യർ 5:1, 2-നു ചേർച്ച​യിൽ നമ്മൾ എന്തു ചെയ്യണം?

14 യഹോ​വ​യും യേശു​വും വെച്ച മാതൃ​ക​യെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ സഹാനു​ഭൂ​തി കാണി​ക്കു​ന്ന​തിൽ മെച്ച​പ്പെ​ടാൻ നമുക്കു പ്രചോ​ദനം തോന്നും. (എഫെസ്യർ 5:1, 2 വായി​ക്കുക.) അവർക്കു​ള്ള​തു​പോ​ലെ, ഹൃദയം വായി​ക്കാ​നുള്ള കഴിവ്‌ നമുക്കില്ല. എങ്കിലും മറ്റുള്ള​വ​രു​ടെ മനോ​വി​കാ​ര​ങ്ങ​ളും ആവശ്യ​ങ്ങ​ളും മനസ്സി​ലാ​ക്കി​യെ​ടു​ക്കാൻ നമുക്കു ശ്രമി​ക്കാം. (2 കൊരി. 11:29) സ്വാർഥത നിറഞ്ഞ ഇന്നത്തെ ലോകത്ത്‌, “സ്വന്തം താത്‌പ​ര്യം മാത്രം നോക്കാ​തെ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​വും​കൂ​ടെ” നോക്കി​ക്കൊണ്ട്‌ നമുക്കു വ്യത്യ​സ്‌ത​രാ​യി നിൽക്കാം.—ഫിലി. 2:4.

(15-19 ഖണ്ഡികകൾ കാണുക) *

15. പ്രത്യേ​കിച്ച്‌ ആരാണു സഹാനു​ഭൂ​തി കാണി​ക്കേ​ണ്ടത്‌?

15 പ്രത്യേ​കിച്ച്‌ സഭാമൂ​പ്പ​ന്മാർ സഹാനു​ഭൂ​തി കാണി​ക്കണം. തങ്ങളെ ഭരമേൽപ്പി​ച്ചി​രി​ക്കുന്ന ആട്ടിൻപ​റ്റ​ത്തി​ന്റെ കാര്യ​ത്തിൽ തങ്ങൾ കണക്കു ബോധി​പ്പി​ക്കേ​ണ്ട​വ​രാ​ണെന്ന്‌ അവർക്ക്‌ അറിയാം. (എബ്രാ. 13:17) സഹവി​ശ്വാ​സി​കളെ സഹായി​ക്ക​ണ​മെ​ങ്കിൽ, മൂപ്പന്മാർ അവരുടെ സാഹച​ര്യ​ങ്ങ​ളും ആവശ്യ​ങ്ങ​ളും നന്നായി മനസ്സി​ലാ​ക്കണം. മൂപ്പന്മാർക്ക്‌ എങ്ങനെ സഹാനു​ഭൂ​തി കാണി​ക്കാം?

16. സഹാനു​ഭൂ​തി​യുള്ള ഒരു മൂപ്പൻ എങ്ങനെ പ്രവർത്തി​ക്കും, അതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

16 സഹാനു​ഭൂ​തി​യുള്ള ഒരു മൂപ്പൻ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം സമയം ചെലവി​ടും. ഇതു വിശേ​ഷാൽ പ്രധാ​ന​മാ​യി​രി​ക്കുന്ന ഒരു സാഹച​ര്യ​മുണ്ട്‌. ആട്ടിൻപ​റ്റ​ത്തി​ലെ ഒരു ആട്‌ തന്റെ ഹൃദയ​ത്തി​ലെ ചിന്തക​ളും വിഷമ​ങ്ങ​ളും എല്ലാം തുറന്നു​പ​റ​യാൻ ആഗ്രഹി​ക്കു​ന്നു, പക്ഷേ അതു പറഞ്ഞറി​യി​ക്കാൻ അദ്ദേഹ​ത്തി​നു വാക്കുകൾ കിട്ടു​ന്നില്ല. അപ്പോൾ മൂപ്പൻ കാര്യങ്ങൾ ചോദി​ച്ച​റി​യാൻ ശ്രമി​ക്കു​ക​യും ആ വ്യക്തി സംസാ​രി​ക്കു​മ്പോൾ ക്ഷമയോ​ടെ ശ്രദ്ധിച്ച്‌ കേൾക്കു​ക​യും ചെയ്യും. (സുഭാ. 20:5) മനസ്സോ​ടെ സമയം മറ്റുള്ള​വർക്കാ​യി വിട്ടു​കൊ​ടു​ക്കു​മ്പോൾ, മൂപ്പന്മാർക്കു സഹോ​ദ​ര​ങ്ങ​ളു​മാ​യി വിശ്വാ​സ​ത്തി​ന്റെ​യും സൗഹൃ​ദ​ത്തി​ന്റെ​യും സ്‌നേ​ഹ​ത്തി​ന്റെ​യും ശക്തമായ ബന്ധം സ്ഥാപി​ക്കാൻ കഴിയും.—പ്രവൃ. 20:37.

17. എങ്ങനെ​യുള്ള മൂപ്പന്മാ​രെ​യാ​ണു മിക്ക സഹോ​ദ​ര​ങ്ങ​ളും വിലമ​തി​ക്കു​ന്നത്‌? ഒരു ഉദാഹ​രണം പറയുക.

17 തങ്ങളുടെ ഉത്‌ക​ണ്‌ഠ​ക​ളും വിഷമ​ങ്ങ​ളും ക്ഷമയോ​ടെ കേൾക്കാ​നും മനസ്സി​ലാ​ക്കാ​നും ശ്രമി​ക്കുന്ന മൂപ്പന്മാ​രെ വിലമ​തി​ക്കു​ന്നെന്നു പല സഹോ​ദ​ര​ങ്ങ​ളും പറയുന്നു. എന്തു​കൊണ്ട്‌? അഡലെ​യ്‌ഡ്‌ എന്ന സഹോ​ദരി പറയുന്നു: “അവരുടെ അടുത്ത്‌ പോയി ധൈര്യ​മാ​യി സംസാ​രി​ക്കാം. കാരണം അവർ നമ്മളെ മനസ്സി​ലാ​ക്കു​മെന്നു നമുക്ക്‌ അറിയാം.” സഹോ​ദരി ഇങ്ങനെ​യും പറയുന്നു: “അവരോ​ടു സംസാ​രി​ക്കു​മ്പോൾ അവർ പ്രതി​ക​രി​ക്കുന്ന വിധത്തിൽനിന്ന്‌ അവർക്കു നമ്മളോ​ടു സഹാനു​ഭൂ​തി​യു​ണ്ടെന്നു മനസ്സി​ലാ​ക്കാം.” ഒരു സഹോ​ദരൻ നന്ദി​യോ​ടെ ഓർക്കു​ന്നു: “എന്റെ സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ അതു കേട്ട്‌ ഒരു മൂപ്പന്റെ കണ്ണു നിറയു​ന്നതു ഞാൻ കണ്ടു. ആ ചിത്രം എപ്പോ​ഴും എന്റെ മനസ്സി​ലു​ണ്ടാ​യി​രി​ക്കും.”—റോമ. 12:15.

18. നമുക്ക്‌ എങ്ങനെ സഹാനു​ഭൂ​തി വളർത്തി​യെ​ടു​ക്കാം?

18 മൂപ്പന്മാർ മാത്രമല്ല സഹാനു​ഭൂ​തി കാണി​ക്കേ​ണ്ടത്‌. നമുക്ക്‌ എല്ലാവർക്കും ഈ ഗുണം വളർത്തി​യെ​ടു​ക്കാൻ കഴിയും. എങ്ങനെ? നിങ്ങളു​ടെ കുടും​ബാം​ഗ​ങ്ങ​ളും സഹവി​ശ്വാ​സി​ക​ളും കടന്നു​പോ​കുന്ന സാഹച​ര്യ​ങ്ങൾ നന്നായി മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. സഭയിലെ കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ​യും രോഗി​ക​ളു​ടെ​യും പ്രായ​മാ​യ​വ​രു​ടെ​യും അതു​പോ​ലെ പ്രിയ​പ്പെ​ട്ട​വരെ മരണത്തിൽ നഷ്ടപ്പെ​ട്ട​വ​രു​ടെ​യും കാര്യ​ത്തിൽ പ്രത്യേ​കം താത്‌പ​ര്യ​മെ​ടു​ക്കുക. അവരുടെ വിശേ​ഷങ്ങൾ തിരക്കുക. അവർ സംസാ​രി​ക്കു​മ്പോൾ ശരിക്കും ശ്രദ്ധി​ക്കുക. അവരുടെ സാഹച​ര്യ​ങ്ങൾ നിങ്ങൾക്കു നന്നായി മനസ്സി​ലാ​കു​ന്നു​ണ്ടെന്ന്‌ അവർക്കു കാണാ​നാ​കണം. കഴിയുന്ന വിധങ്ങ​ളി​ലെ​ല്ലാം അവരെ സഹായി​ക്കാ​മെന്ന്‌ ഉറപ്പു കൊടു​ക്കുക. ഇങ്ങനെ​യൊ​ക്കെ ചെയ്യു​മ്പോൾ നമ്മൾ ആത്മാർഥ​മായ സ്‌നേഹം കാണി​ക്കു​ക​യാണ്‌.—1 യോഹ. 3:18.

19. എല്ലാവ​രെ​യും നമ്മൾ ഒരേ രീതി​യിൽ സഹായി​ക്കാൻ ശ്രമി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

19 എല്ലാവ​രെ​യും നമ്മൾ ഒരേ രീതി​യി​ലല്ല സഹായി​ക്കാൻ ശ്രമി​ക്കേ​ണ്ടത്‌. കാരണം ബുദ്ധി​മു​ട്ടു​ക​ളു​ണ്ടാ​കു​മ്പോൾ ആളുകൾ വ്യത്യ​സ്‌ത​വി​ധ​ങ്ങ​ളി​ലാ​ണു പ്രതി​ക​രി​ക്കു​ന്നത്‌. ചിലർക്കു സംസാ​രി​ക്കാൻ ഇഷ്ടമാണ്‌. എന്നാൽ ഒതുങ്ങി​ക്കൂ​ടാ​നാ​യി​രി​ക്കും മറ്റു ചിലർക്ക്‌ ഇഷ്ടം. അതു​കൊണ്ട്‌ സഹായം കൊടു​ക്കാൻ മുന്നോ​ട്ടു​വ​രു​മ്പോൾ തീർത്തും വ്യക്തി​പ​ര​മായ കാര്യങ്ങൾ ചോദി​ക്കാ​തി​രി​ക്കാൻ നമ്മൾ ശ്രദ്ധി​ക്കണം. (1 തെസ്സ. 4:11) ഇനി, മറ്റുള്ളവർ അവരുടെ ഉള്ളു തുറക്കു​മ്പോൾ, അതു നമ്മുടെ വീക്ഷണ​വു​മാ​യി ചേരണ​മെ​ന്നില്ല. അപ്പോൾ സംസാ​രി​ക്കാൻ തിടുക്കം കൂട്ടരുത്‌, പകരം കേൾക്കാൻ തിടുക്കം കാണി​ക്കണം. കാരണം, അവർക്ക്‌ എന്താണു തോന്നു​ന്നത്‌ എന്നാണ്‌ അവർ പറയു​ന്നത്‌.—മത്താ. 7:1; യാക്കോ. 1:19.

20. അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

20 സഭയിൽ മാത്രമല്ല, ശുശ്രൂ​ഷ​യി​ലും സഹാനു​ഭൂ​തി എന്ന മനോ​ഹ​ര​മായ ഗുണം കാണി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു. ആളുകളെ ശിഷ്യ​രാ​ക്കുന്ന പ്രവർത്ത​ന​ത്തിൽ ഏർപ്പെ​ടു​മ്പോൾ നമുക്ക്‌ എങ്ങനെ സഹാനു​ഭൂ​തി കാണി​ക്കാം? അടുത്ത ലേഖന​ത്തിൽ അതു ചർച്ച ചെയ്യും.

ഗീതം 130 ക്ഷമിക്കു​ന്ന​വ​രാ​യി​രി​ക്കുക

^ ഖ. 5 യഹോ​വ​യും യേശു​വും മറ്റുള്ള​വ​രു​ടെ മനോ​വി​കാ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​രാണ്‌. അവരുടെ മാതൃ​ക​യിൽനിന്ന്‌ എന്തെല്ലാം പഠിക്കാ​മെന്ന്‌ ഈ ലേഖനം ചർച്ച ചെയ്യും. എന്തു​കൊ​ണ്ടാണ്‌ സഹാനു​ഭൂ​തി കാണി​ക്കേ​ണ്ട​തെ​ന്നും അത്‌ എങ്ങനെ ചെയ്യാ​മെ​ന്നും നമ്മൾ പഠിക്കും.

^ ഖ. 1 പദപ്രയോഗത്തിന്റെ വിശദീ​ക​രണം: മറ്റുള്ള​വ​രു​ടെ സന്തോ​ഷ​വും സങ്കടവും എല്ലാം മനസ്സി​ലാ​ക്കി, അവർക്കു തോന്നു​ന്നതു നമ്മുടെ ഉള്ളിൽ അനുഭ​വ​പ്പെ​ടു​ന്ന​തി​നെ​യാ​ണു “സഹാനു​ഭൂ​തി” എന്നതു​കൊണ്ട്‌ അർഥമാ​ക്കു​ന്നത്‌. (റോമ. 12:15) ഈ ലേഖന​ത്തിൽ “സഹാനു​ഭൂ​തി” എന്നതും “പരിഗണന” എന്നതും ഒരേ അർഥത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

^ ഖ. 6 നിരുത്സാഹവും ഭയവും ഒക്കെ തോന്നിയ വിശ്വ​സ്‌ത​രായ മറ്റു വ്യക്തി​ക​ളോ​ടും യഹോവ അനുകമ്പ കാണി​ച്ചി​ട്ടുണ്ട്‌. ഹന്ന (1 ശമു. 1:10-20), ഏലിയ (1 രാജാ. 19:1-18), ഏബെദ്‌-മേലെക്ക്‌ (യിരെ. 38:7-13; 39:15-18) എന്നിവർ ഉൾപ്പെ​ടുന്ന ബൈബിൾവി​വ​ര​ണ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക.

^ ഖ. 65 ചിത്രക്കുറിപ്പുകൾ: രാജ്യ​ഹാ​ളി​ലെ മീറ്റി​ങ്ങു​കൾ ഹൃദ്യ​മായ സഹവാ​സ​ത്തി​നുള്ള ധാരാളം അവസരങ്ങൾ തരുന്നു. (1) ഒരു മൂപ്പൻ പ്രചാ​ര​ക​നായ ഒരു ചെറിയ കുട്ടി​യോ​ടും അവന്റെ അമ്മയോ​ടും സംസാ​രി​ക്കു​ന്നു, (2) ഒരു സഹോ​ദ​ര​നും മകളും പ്രായം​ചെന്ന ഒരു സഹോ​ദ​രി​യെ കാറിന്‌ അടു​ത്തേക്കു കൂട്ടി​ക്കൊ​ണ്ടു​പോ​കു​ന്നു, (3) മാർഗ​നിർദേശം ആരായുന്ന ഒരു സഹോ​ദ​രി​യെ രണ്ടു മൂപ്പന്മാർ ശ്രദ്ധി​ച്ചു​കേൾക്കു​ന്നു.