വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയ്‌ക്കു നിങ്ങളുടെ “ആമേൻ” പ്രധാന​മാണ്‌

യഹോവയ്‌ക്കു നിങ്ങളുടെ “ആമേൻ” പ്രധാന​മാണ്‌

യഹോവ നമ്മുടെ ആരാധന വിലയു​ള്ള​താ​യി കാണുന്നു. യഹോവ തന്റെ ദാസർ പറയു​ന്നതു ‘ശ്രദ്ധ​യോ​ടെ കേട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.’ തന്നെ സ്‌തു​തി​ക്കാ​നാ​യി നമ്മൾ ചെയ്യുന്ന ഓരോ കാര്യ​വും, അത്‌ എത്ര ചെറു​താ​ണെ​ങ്കിൽപ്പോ​ലും, യഹോ​വ​യു​ടെ കണ്ണിൽപ്പെ​ടാ​തെ പോകില്ല. (മലാ. 3:16) ഉദാഹ​ര​ണ​ത്തിന്‌, നമ്മൾ എത്രയോ തവണ പറഞ്ഞി​ട്ടുള്ള ഒരു വാക്കിന്റെ കാര്യം ചിന്തി​ക്കുക, “ആമേൻ” എന്ന വാക്ക്‌. നമ്മൾ പറയുന്ന ആ ചെറിയ വാക്കു​പോ​ലും യഹോവ പ്രധാ​ന​മാ​യി കാണു​ന്നു​ണ്ടോ? തീർച്ച​യാ​യും ഉണ്ട്‌! അതിന്റെ കാരണം മനസ്സി​ലാ​ക്കാൻ ആ വാക്കിന്റെ അർഥവും അതു ബൈബി​ളിൽ എങ്ങനെ​യാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ എന്നും നോക്കാം.

“ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം”

“ആമേൻ” എന്ന മലയാളം വാക്കിന്റെ അർഥം “ആകട്ടെ,“ “അങ്ങനെ ആകട്ടെ” എന്നൊ​ക്കെ​യാണ്‌. “വിശ്വ​സ്‌ത​നാ​യി​രി​ക്കുക,” “ആശ്രയ​യോ​ഗ്യ​നാ​യി​രി​ക്കുക” എന്ന്‌ അർഥം വരുന്ന ഒരു എബ്രായ മൂലപ​ദ​ത്തിൽനി​ന്നാണ്‌ ഈ വാക്കു വന്നിരി​ക്കു​ന്നത്‌. കോട​തി​ക്കേ​സു​ക​ളു​മാ​യി ബന്ധപ്പെട്ട്‌ ഈ പദം ചില​പ്പോ​ഴൊ​ക്കെ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഒരു വ്യക്തി ഒരു കാര്യം സംബന്ധിച്ച്‌ ആണ ഇട്ട്‌ സത്യം ചെയ്‌ത​തി​നു ശേഷം “ആമേൻ” എന്നു പറയു​മാ​യി​രു​ന്നു. താൻ പറഞ്ഞതി​ന്റെ സത്യത ഉറപ്പാ​ക്കാ​നും പറഞ്ഞ കാര്യ​ങ്ങ​ളു​ടെ അനന്തര​ഫ​ലങ്ങൾ സ്വീക​രി​ക്കാൻ തയ്യാറാ​ണെന്നു സമ്മതി​ക്കാ​നും ആണ്‌ അദ്ദേഹം അതു ചെയ്‌തത്‌. (സംഖ്യ 5:22) ഒരാൾ ചെയ്‌ത ആണയിൽ പ്രതിജ്ഞ ഉൾപ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കിൽ, പരസ്യ​മാ​യി “ആമേൻ” പറയു​ന്നത്‌, ആ പ്രതിജ്ഞ പാലി​ക്കാൻ ആ വ്യക്തിക്കു കൂടു​ത​ലായ ഒരു കാരണ​മാ​യി​രു​ന്നു.—നെഹ. 5:13.

ആവർത്തനം 27-ാം അധ്യാ​യ​ത്തിൽ “ആമേൻ” എന്ന വാക്കു ശ്രദ്ധേ​യ​മായ വിധത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു കാണാം. ഇസ്രാ​യേ​ല്യർ വാഗ്‌ദ​ത്ത​ദേ​ശത്ത്‌ പ്രവേ​ശി​ച്ച​തി​നു ശേഷം, മോശ​യു​ടെ നിയമം വായി​ച്ചു​കേൾക്കു​ന്ന​തിന്‌ അവർ ഏബാൽ പർവത​ത്തി​ന്റെ​യും ഗരിസീം പർവത​ത്തി​ന്റെ​യും ഇടയി​ലാ​യി കൂടി​വ​ര​ണ​മാ​യി​രു​ന്നു. മോശ​യു​ടെ നിയമം വായി​ക്കു​മ്പോൾ ജനം കേട്ടി​രു​ന്നാൽ മാത്രം പോരാ​യി​രു​ന്നു, ആ നിയമം തങ്ങൾ സ്വീക​രി​ക്കു​ന്നെന്നു പ്രഖ്യാ​പി​ക്കു​ക​യും വേണമാ​യി​രു​ന്നു. അനുസ​ര​ണ​ക്കേ​ടി​ന്റെ ഫലങ്ങൾ വായി​ക്കു​മ്പോൾ “ആമേൻ!” എന്നു മറുപടി പറഞ്ഞു​കൊ​ണ്ടാണ്‌ അവർ അതു ചെയ്‌തത്‌. (ആവ. 27:15-26) ആയിര​ക്ക​ണ​ക്കിന്‌ പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും കുട്ടി​ക​ളും ഉച്ചത്തിൽ അതു പറയു​ന്ന​തി​ന്റെ ആരവം നിങ്ങൾക്കു കേൾക്കാൻ കഴിയു​ന്നു​ണ്ടോ! (യോശു. 8:30-35) അന്നു പറഞ്ഞ വാക്കുകൾ അവർ ഒരിക്ക​ലും മറന്നു​പോ​യി​ട്ടു​ണ്ടാ​കില്ല. അവർ ആ വാക്കു പാലി​ക്കു​ക​യും ചെയ്‌തു. കാരണം വിവരണം ഇങ്ങനെ പറയുന്നു: “യോശു​വ​യു​ടെ കാലത്തും യഹോവ ഇസ്രാ​യേ​ലി​നു​വേണ്ടി ചെയ്‌ത കാര്യ​ങ്ങ​ളെ​ല്ലാം കണ്ട, യോശു​വ​യു​ടെ കാലത്തെ മൂപ്പന്മാർ മരിക്കു​ന്ന​തു​വ​രെ​യും ഇസ്രാ​യേൽ യഹോ​വയെ സേവി​ച്ചു​പോ​ന്നു.”—യോശു. 24:31.

താൻ പറഞ്ഞതി​ന്റെ സത്യത ഉറപ്പാ​ക്കാൻ യേശു​വും “ആമേൻ” എന്ന വാക്ക്‌ ഉപയോ​ഗി​ച്ചു. എന്നാൽ യേശു പ്രത്യേ​ക​മായ ഒരു വിധത്തി​ലാണ്‌ അത്‌ ഉപയോ​ഗി​ച്ചത്‌. മറുപടി പറയു​മ്പോൾ ആ വാക്ക്‌ ഉപയോ​ഗി​ക്കു​ന്ന​തി​നു പകരം, “ആമേൻ” (മലയാളം ബൈബി​ളിൽ “സത്യമാ​യി”) എന്ന വാക്ക്‌ യേശു പ്രസ്‌താ​വ​നകൾ നടത്തി​യ​പ്പോ​ഴാണ്‌ ഉപയോ​ഗി​ച്ചത്‌. ചില പ്രസ്‌താ​വ​ന​ക​ളോ​ടുള്ള ബന്ധത്തിൽ യേശു “ആമേൻ ആമേൻ” എന്ന്‌ അടുപ്പിച്ച്‌ രണ്ടു തവണ പറഞ്ഞി​ട്ടുണ്ട്‌. (മത്താ. 5:18; യോഹ. 1:51) താൻ പറയു​ന്നതു തികച്ചും സത്യമാ​ണെന്നു യേശു അങ്ങനെ തന്റെ കേൾവി​ക്കാർക്ക്‌ ഉറപ്പു കൊടു​ത്തു. യേശു​വിന്‌ അങ്ങനെ ചെയ്യാൻ കഴിയു​മാ​യി​രു​ന്നു, കാരണം ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളെ​ല്ലാം നിവർത്തി​ക്കാ​നുള്ള അധികാ​രം യേശു​വി​നാ​ണു ലഭിച്ചത്‌.—2 കൊരി. 1:20; വെളി. 3:14.

‘ജനം “ആമേൻ!” എന്നു പറഞ്ഞു, അവർ യഹോ​വയെ സ്‌തു​തി​ച്ചു’

യഹോ​വയെ സ്‌തു​തി​ക്കു​മ്പോ​ഴും യഹോ​വ​യോ​ടു പ്രാർഥി​ക്കു​മ്പോ​ഴും ഇസ്രാ​യേ​ല്യർ “ആമേൻ” എന്ന വാക്ക്‌ ഉപയോ​ഗി​ച്ചി​രു​ന്നു. (നെഹ. 8:6; സങ്കീ. 41:13) ഒരു പ്രാർഥന നടത്തി​യ​തി​നു ശേഷം ആ വാക്കു പറയു​മ്പോൾ ആ പ്രാർഥ​ന​യി​ലെ വാക്കു​ക​ളോ​ടു തങ്ങൾ യോജി​ക്കു​ന്നെന്ന്‌ അവർ കാണി​ക്കു​ക​യാണ്‌. അങ്ങനെ അവിടെ കൂടി​വ​രുന്ന എല്ലാവർക്കും ആരാധ​ന​യിൽ പങ്കു​കൊ​ള്ളാൻ കഴിയു​മാ​യി​രു​ന്നു. യഹോ​വയെ ആരാധി​ക്കുന്ന ആ അവസരം സന്തോ​ഷ​ക​ര​മാ​ക്കു​ക​യും ചെയ്യാ​മാ​യി​രു​ന്നു. ദാവീദ്‌ രാജാവ്‌ യഹോ​വ​യു​ടെ നിയമ​പെ​ട്ടകം യരുശ​ലേ​മി​ലേക്കു കൊണ്ടു​വ​ന്ന​പ്പോൾ അതാണു സംഭവി​ച്ചത്‌. അതിനു ശേഷമുള്ള ആഘോ​ഷ​ത്തിൽ ഹൃദയ​സ്‌പർശി​യായ ഒരു പ്രാർഥന നടത്തി. ഗീതത്തി​ന്റെ രൂപത്തിൽ ചിട്ട​പ്പെ​ടു​ത്തിയ ആ പ്രാർഥന 1 ദിനവൃ​ത്താ​ന്തം 16:8-36-ൽ കാണാം. ദാവീ​ദി​ന്റെ വാക്കുകൾ അവിടെ കൂടി​വ​ന്നി​രു​ന്ന​വരെ ആഴത്തിൽ സ്‌പർശി​ച്ചു. “ജനം മുഴുവൻ ‘ആമേൻ!’ എന്നു പറഞ്ഞു; അവർ യഹോ​വയെ സ്‌തു​തി​ച്ചു.” ഈ വിധത്തിൽ ഒന്നിച്ച്‌ യഹോ​വയെ ആരാധി​ക്കാൻ കഴിഞ്ഞ​പ്പോൾ അവരുടെ സന്തോഷം വർധിച്ചു.

ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളും യഹോ​വയെ സ്‌തു​തി​ച്ച​പ്പോൾ “ആമേൻ” എന്ന വാക്ക്‌ ഉപയോ​ഗി​ച്ചു. ബൈബി​ളെ​ഴു​ത്തു​കാർ പലപ്പോ​ഴും ഈ വാക്കു തങ്ങളുടെ കത്തുക​ളിൽ ഉൾപ്പെ​ടു​ത്തി. (റോമ. 1:25; 16:27; 1 പത്രോ. 4:11) സ്വർഗ​ത്തി​ലെ ആത്മവ്യ​ക്തി​കൾ യഹോ​വയെ ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ സ്‌തു​തി​ക്കു​ന്ന​താ​യി വെളി​പാ​ടു പുസ്‌തകം പറയുന്നു: “ആമേൻ! യാഹിനെ സ്‌തു​തി​പ്പിൻ.” (വെളി. 19:1, 4) മീറ്റി​ങ്ങു​ക​ളിൽ പ്രാർഥ​ന​കൾക്കു ശേഷം ആദ്യകാല ക്രിസ്‌ത്യാ​നി​കൾക്ക്‌ “ആമേൻ” പറയുന്ന രീതി​യു​ണ്ടാ​യി​രു​ന്നു. (1 കൊരി. 14:16) എങ്കിലും അവർ ഒരു ചടങ്ങു​പോ​ലെ ആവർത്തി​ക്കേണ്ട ഒരു വാക്കല്ലാ​യി​രു​ന്നു അത്‌.

നിങ്ങൾ പറയുന്ന “ആമേൻ” പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌

യഹോ​വ​യു​ടെ മുൻകാ​ലത്തെ ദാസന്മാർ “ആമേൻ” ഉപയോ​ഗിച്ച രീതി മനസ്സി​ലാ​ക്കു​മ്പോൾ, “ആമേൻ” പറഞ്ഞു​കൊണ്ട്‌ പ്രാർഥന അവസാ​നി​പ്പി​ക്കു​ന്നതു തികച്ചും ഉചിത​മാ​ണെന്നു പറയാ​നാ​കും. നമ്മുടെ വ്യക്തി​പ​ര​മായ പ്രാർഥ​ന​യ്‌ക്കു ശേഷം “ആമേൻ” പറയു​മ്പോൾ, പൂർണ​ബോ​ധ്യ​ത്തോ​ടെ​യാ​ണു പ്രാർഥി​ച്ച​തെന്നു നമ്മൾ കാണി​ക്കു​ക​യാണ്‌. ഒരു പരസ്യ​പ്രാർഥ​ന​യ്‌ക്കു ശേഷം “ആമേൻ” പറയു​മ്പോൾ, അത്‌ ഉറക്കെ​യ​ല്ലെ​ങ്കിൽപ്പോ​ലും, പ്രാർഥ​ന​യിൽ പറഞ്ഞ കാര്യ​ങ്ങ​ളോ​ടു യോജി​ക്കു​ന്നെന്നു കാണി​ക്കു​ക​യാണ്‌. “ആമേൻ” പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തി​ന്റെ മറ്റു ചില കാരണങ്ങൾ നോക്കാം.

ആരാധ​ന​യിൽ ശ്രദ്ധ​യോ​ടി​രി​ക്കു​ന്നെന്നു കാണി​ക്കു​ക​യാണ്‌. പ്രാർഥ​ന​യു​ടെ സമയത്ത്‌ നമ്മുടെ വാക്കി​ലൂ​ടെ മാത്രമല്ല, ആ സമയത്തെ പെരു​മാ​റ്റ​ത്തി​ലൂ​ടെ​യും നമ്മൾ യഹോ​വയെ ആരാധി​ക്കു​ന്നു. ആത്മാർഥ​മാ​യി “ആമേൻ” പറയാൻ കഴി​യേ​ണ്ട​തി​നു നമ്മൾ ശരിയായ ഒരു മനോ​ഭാ​വ​ത്തോ​ടെ നിൽക്കു​ക​യും പ്രാർഥന ശ്രദ്ധി​ച്ചു​കേൾക്കു​ക​യും ചെയ്യുന്നു.

യഹോ​വ​യു​ടെ ആരാധകർ എന്ന നിലയിൽ നമ്മളെ ഒന്നിപ്പി​ക്കു​ന്നു. പരസ്യ​പ്രാർഥ​ന​ക​ളിൽ, എല്ലാവ​രും കേൾക്കു​ന്നത്‌ ഒരേ പ്രാർഥ​ന​യാണ്‌. (പ്രവൃ. 1:14; 12:5) അതിനു ശേഷം സഹോ​ദ​ര​ങ്ങ​ളോട്‌ ഒന്നിച്ച്‌ നമ്മൾ “ആമേൻ” പറയു​മ്പോൾ, നമുക്കി​ട​യി​ലെ ഐക്യം വർധി​ക്കും. ഉറക്കെ​യാ​ണെ​ങ്കി​ലും ഹൃദയ​ത്തി​ലാ​ണെ​ങ്കി​ലും, “ആമേൻ” പറയു​മ്പോൾ നമ്മുടെ കൂട്ടായ അപേക്ഷ​കൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കാൻ നമ്മൾ യഹോ​വ​യ്‌ക്കു മറ്റൊരു കാരണം​കൂ​ടി കൊടു​ക്കു​ക​യാണ്‌.

നമ്മുടെ “ആമേൻ” യഹോവയെ സ്‌തുതിക്കുന്നു

നമ്മൾ യഹോ​വയെ സ്‌തു​തി​ക്കു​ന്നു. നമ്മൾ ആരാധ​ന​യിൽ ചെയ്യുന്ന ഓരോ കാര്യ​വും, അതു ചെറു​താ​ണെ​ങ്കിൽപ്പോ​ലും, യഹോവ ശ്രദ്ധി​ക്കു​ന്നുണ്ട്‌. (ലൂക്കോ. 21:2, 3) നമ്മുടെ ഉള്ളിലു​ള്ളത്‌ എന്താ​ണെ​ന്നും ഒരു കാര്യം ചെയ്യാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കു​ന്നത്‌ എന്താ​ണെ​ന്നും യഹോവ കാണു​ന്നുണ്ട്‌. നമ്മൾ ഫോണി​ലൂ​ടെ മീറ്റി​ങ്ങിൽ പങ്കെടു​ക്കേണ്ട സാഹച​ര്യ​ത്തി​ലാ​ണെ​ങ്കി​ലും താഴ്‌മ​യോ​ടെ “ആമേൻ” പറയു​ന്നത്‌ യഹോവ ശ്രദ്ധി​ക്കു​ന്നുണ്ട്‌. “ആമേൻ” പറയു​മ്പോൾ മീറ്റി​ങ്ങു​ക​ളിൽ യഹോ​വയെ സ്‌തു​തി​ക്കു​ന്ന​വ​രോ​ടൊ​പ്പം നമ്മളും ചേരു​ക​യാണ്‌.

നമ്മൾ “ആമേൻ” എന്നു പറയു​മ്പോൾ അതിനു വലിയ വില​യൊ​ന്നു​മി​ല്ലെന്നു നമുക്കു തോന്നി​യേ​ക്കാം. എന്നാൽ അത്‌ അങ്ങനെയല്ല. ഒരു ബൈബിൾ വിജ്ഞാ​ന​കോ​ശം പറയു​ന്നത്‌ “ഈ ഒരു വാക്കി​ലൂ​ടെ” ദൈവ​ത്തി​ന്റെ ദാസന്മാർക്കു “തങ്ങളുടെ വിശ്വാ​സ​വും അംഗീ​കാ​ര​വും ഉള്ളിലുള്ള പ്രത്യാ​ശ​യും” പ്രകടി​പ്പി​ക്കാൻ കഴിയും എന്നാണ്‌. നമ്മൾ ഓരോ പ്രാവ​ശ്യ​വും “ആമേൻ” പറയു​മ്പോൾ അത്‌ യഹോ​വയെ പ്രസാ​ദി​പ്പി​ക്കു​ന്ന​താ​കട്ടെ!—സങ്കീ. 19:14.