വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 20

ദുഷ്‌പെ​രു​മാ​റ്റ​ത്തിന്‌ ഇരയാ​യ​വർക്ക്‌ ആശ്വാസം

ദുഷ്‌പെ​രു​മാ​റ്റ​ത്തിന്‌ ഇരയാ​യ​വർക്ക്‌ ആശ്വാസം

“ഏതു സാഹച​ര്യ​ത്തി​ലും ആശ്വാസം തരുന്ന ദൈവം . . . നമ്മുടെ കഷ്ടതക​ളി​ലെ​ല്ലാം . . . ആശ്വസിപ്പിക്കുന്നു.”—2 കൊരി. 1:3, 4.

ഗീതം 134 മക്കൾ—ദൈവം വിശ്വ​സി​ച്ചേൽപ്പി​ച്ചി​രി​ക്കുന്ന നിക്ഷേപം

പൂർവാവലോകനം *

1-2. (എ) മനുഷ്യർക്ക്‌ ആശ്വാസം ആവശ്യ​മാ​ണെ​ന്നും മറ്റുള്ള​വരെ ആശ്വസി​പ്പി​ക്കാൻ അവർക്കു കഴിയു​മെ​ന്നും ഉള്ളതിന്‌ ഒരു ഉദാഹ​രണം നൽകുക. (ബി) ചില കുട്ടി​കൾക്ക്‌ എന്ത്‌ അനുഭ​വി​ക്കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌?

ജനിക്കു​മ്പോൾമു​തൽ ആശ്വാസം ആവശ്യ​മു​ള്ള​വ​രാണ്‌ മനുഷ്യർ. മറ്റുള്ള​വരെ ആശ്വസി​പ്പി​ക്കാ​നുള്ള കഴിവും അവർക്കുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, കളിക്കു​ന്ന​തി​നി​ടെ ഒരു കൊച്ചു​കു​ട്ടി വീണ്‌ കാൽമു​ട്ടി​ലെ തൊലി പോ​യെന്ന്‌ കരുതുക. അവൻ കരഞ്ഞു​കൊണ്ട്‌ പപ്പയു​ടെ​യോ മമ്മിയു​ടെ​യോ അടു​ത്തേക്ക്‌ ഓടും. അവർക്കു മുറി​വു​ണ​ക്കാൻ കഴിയി​ല്ലെ​ങ്കി​ലും അവനെ ആശ്വസി​പ്പി​ക്കാ​നാ​കും. എങ്ങനെ? അവനെ വാരി​യെ​ടുത്ത്‌, “എന്തു പറ്റി മോനേ” എന്നു ചോദിച്ച്‌ കണ്ണീർ തുടയ്‌ക്കും, തലോ​ടി​ക്കൊണ്ട്‌ ആശ്വാ​സ​വാ​ക്കു​കൾ പറയും. എന്നിട്ടു മുറി​വിൽ മരുന്നു പുരട്ടു​ക​യോ ബാൻഡേജ്‌ ഒട്ടിക്കു​ക​യോ ചെയ്യും. അധികം താമസി​യാ​തെ കരച്ചിൽ നിറു​ത്തുന്ന അവനെ പിന്നെ ചില​പ്പോൾ കാണു​ന്നതു കളിസ്ഥ​ല​ത്താ​യി​രി​ക്കും. ദിവസങ്ങൾ കഴിയു​മ്പോൾ അവന്റെ മുറിവ്‌ ഉണങ്ങു​ക​യും ചെയ്യും.

2 എന്നാൽ ചില​പ്പോൾ, കുട്ടി​കൾക്ക്‌ ഇതിലും ഗുരു​ത​ര​മായ മുറി​വു​കൾ ഏൽക്കാ​റുണ്ട്‌. അവരെ ചിലർ ലൈം​ഗി​ക​മാ​യി ദുരു​പ​യോ​ഗം ചെയ്‌തേ​ക്കാം. ഇത്‌ ഒരു തവണ മാത്രം ആകാം. അല്ലെങ്കിൽ വർഷങ്ങ​ളോ​ളം തുടർന്നേ​ക്കാം. എന്തുത​ന്നെ​യാ​യാ​ലും പീഡന​ത്തിന്‌ ഇരയാ​കു​ന്ന​വ​രു​ടെ ഉള്ളിൽ, അത്‌ ആഴമേ​റിയ വൈകാ​രിക മുറി​വു​കൾ സൃഷ്ടി​ക്കും. ചില കേസു​ക​ളിൽ ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രനെ പിടി​കൂ​ടി ശിക്ഷി​ച്ചേ​ക്കാം. മറ്റു കേസു​ക​ളിൽ കുറ്റവാ​ളി നിയമ​ത്തി​ന്റെ പിടി​യിൽപ്പെ​ടാ​തെ രക്ഷപ്പെ​ടും. കുറ്റവാ​ളി ഉടൻതന്നെ ശിക്ഷി​ക്ക​പ്പെ​ട്ടാ​ലും അയാൾ ചെയ്‌ത ദുഷ്‌പ്ര​വൃ​ത്തി​യു​ടെ മോശ​മായ ഫലങ്ങൾ കുട്ടിയെ പ്രായ​പൂർത്തി​യാ​യാ​ലും വിട്ടു​മാ​റ​ണ​മെ​ന്നില്ല.

3. 2 കൊരി​ന്ത്യർ 1:3, 4 പറയു​ന്ന​ത​നു​സ​രിച്ച്‌ യഹോ​വ​യു​ടെ ആഗ്രഹം എന്താണ്‌, നമ്മൾ ഏതെല്ലാം ചോദ്യ​ങ്ങൾ ചിന്തി​ക്കും?

3 കുട്ടി​യാ​യി​രി​ക്കെ ലൈം​ഗി​ക​മാ​യി പീഡി​പ്പി​ക്ക​പ്പെട്ട ഒരു ക്രിസ്‌ത്യാ​നി മുതിർന്നി​ട്ടും മനോ​വേ​ദ​ന​യു​മാ​യി മല്ലിടു​ന്നെ​ങ്കിൽ, എന്തെങ്കി​ലും സഹായം ലഭ്യമാ​ണോ? (2 കൊരി​ന്ത്യർ 1:3, 4 വായി​ക്കുക.) തന്റെ ഓരോ പ്രിയ​ദാ​സ​നും ആവശ്യ​മായ സ്‌നേ​ഹ​വും ആശ്വാ​സ​വും കിട്ടണ​മെന്ന്‌ യഹോവ ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌ നമുക്ക്‌ ഇപ്പോൾ മൂന്നു ചോദ്യ​ങ്ങൾ ചിന്തി​ക്കാം: (1) ചെറു​പ്പ​ത്തിൽ ലൈം​ഗി​ക​പീ​ഡ​ന​ത്തിന്‌ ഇരയാ​യ​വർക്ക്‌ ആശ്വാസം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (2) അവർക്ക്‌ ആശ്വാസം കൊടു​ക്കാൻ കഴിയു​ന്നത്‌ ആർക്കാണ്‌? (3) നമുക്ക്‌ അവരെ എങ്ങനെ ആശ്വസി​പ്പി​ക്കാം?

ആശ്വാസം ആവശ്യ​മാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം

4-5. (എ) കുട്ടികൾ മുതിർന്ന​വ​രിൽനിന്ന്‌ വ്യത്യ​സ്‌ത​രാ​ണെന്നു തിരി​ച്ച​റി​യു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ലൈം​ഗി​ക​പീ​ഡ​ന​ത്തിന്‌ ഇരയാ​കുന്ന ഒരു കുട്ടിക്ക്‌, മറ്റുള്ള​വ​രി​ലുള്ള വിശ്വാ​സം നഷ്ടപ്പെ​ട്ടേ​ക്കാ​വു​ന്നത്‌ എങ്ങനെ?

4 ചെറു​പ്പ​ത്തിൽ ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റ​ത്തിന്‌ ഇരയാ​കേ​ണ്ടി​വന്ന ചിലർക്കു മുതിർന്ന​തി​നു ശേഷവും ആശ്വാസം ആവശ്യ​മാ​യേ​ക്കാം. എന്തു​കൊണ്ട്‌? അതു മനസ്സി​ലാ​ക്കു​ന്ന​തി​നു നമ്മൾ ഒരു കാര്യം അറിഞ്ഞി​രി​ക്കണം. കുട്ടികൾ മുതിർന്ന​വ​രിൽനിന്ന്‌ വളരെ വ്യത്യ​സ്‌ത​രാണ്‌. ദുഷ്‌പെ​രു​മാ​റ്റം ഒരു മുതിർന്ന വ്യക്തിയെ ബാധി​ക്കു​ന്ന​തു​പോ​ലെ അല്ല ഒരു കുട്ടിയെ ബാധി​ക്കു​ന്നത്‌. ചില ഉദാഹ​ര​ണങ്ങൾ നോക്കാം.

5 തങ്ങളെ വളർത്തു​ക​യും പരിപാ​ലി​ക്കു​ക​യും ചെയ്യു​ന്ന​വരെ കുട്ടികൾ വിശ്വ​സി​ക്കു​ന്നു. ഈ ബന്ധങ്ങൾ കുട്ടി​കൾക്കു സുരക്ഷി​ത​ത്വം തോന്നാൻ ഇടയാ​ക്കു​ക​യും തങ്ങളെ സ്‌നേ​ഹി​ക്കുന്ന ആരെയും വിശ്വ​സി​ക്കാൻ അവരെ പഠിപ്പി​ക്കു​ക​യും ചെയ്യും. (സങ്കീ. 22:9) സങ്കടക​ര​മെന്നു പറയട്ടെ, മിക്ക​പ്പോ​ഴും കുട്ടി​കൾക്കെ​തി​രെ​യുള്ള ലൈം​ഗി​ക​പീ​ഡ​നങ്ങൾ ഉണ്ടാകു​ന്നത്‌ അവരുടെ വീട്ടിൽനി​ന്നാണ്‌. അടുത്ത കുടും​ബാം​ഗ​ങ്ങ​ളും കുടും​ബ​സു​ഹൃ​ത്തു​ക്ക​ളും ഒക്കെയാ​യി​രി​ക്കും പലപ്പോ​ഴും ഇതിന്റെ പിന്നിൽ. ഇങ്ങനെ സംഭവി​ച്ചാൽ മറ്റുള്ള​വ​രി​ലുള്ള കുട്ടി​യു​ടെ വിശ്വാ​സം തകരും. കാല​മെത്ര കഴിഞ്ഞാ​ലും അവനോ അവൾക്കോ മറ്റുള്ള​വരെ വിശ്വ​സി​ക്കാൻ വളരെ ബുദ്ധി​മു​ട്ടാ​യി​രി​ക്കും!

6. ലൈം​ഗി​ക​ദു​ഷ്‌പെ​രു​മാ​റ്റം ക്രൂര​വും ഹാനി​ക​ര​വും ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

6 കുട്ടികൾ സ്വയം സംരക്ഷി​ക്കാൻ കഴിവി​ല്ലാ​ത്ത​വ​രാണ്‌, അവരോ​ടുള്ള ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റം ക്രൂര​വും ഹാനി​ക​ര​വും ആണ്‌. വിവാ​ഹ​ത്തെ​യും ലൈം​ഗി​ക​ത​യെ​യും കുറിച്ച്‌ കാര്യ​മായ അറിവി​ല്ലാത്ത പ്രായ​ത്തിൽ കുട്ടി​കളെ നിർബ​ന്ധിച്ച്‌ ലൈം​ഗി​ക​പ്ര​വൃ​ത്തി​കൾക്ക്‌ ഇരയാ​ക്കു​ന്നത്‌ അവർക്കു വളരെ ദോഷം ചെയ്യും. ഇതു കുട്ടി​ക​ളു​ടെ മനസ്സിൽ ലൈം​ഗി​ക​ത​യെ​ക്കു​റിച്ച്‌ മോശ​മായ ചിത്രം പതിപ്പി​ക്കും. മാത്രമല്ല, തങ്ങളെ ഒന്നിനും കൊള്ളി​ല്ലെന്നു തോന്നാ​നും സ്‌നേഹം കാണി​ക്കുന്ന എല്ലാവ​രെ​യും സംശയി​ക്കാ​നും ഇടയാ​ക്കും.

7. (എ) ഒരു കുട്ടിയെ ആർക്കു വേണ​മെ​ങ്കി​ലും എളുപ്പ​ത്തിൽ പറ്റിക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌, എങ്ങനെ? (ബി) ആ നുണകൾ കുട്ടിയെ എങ്ങനെ ബാധി​ക്കും?

7 കുട്ടി​കൾക്കു മുതിർന്ന​വ​രെ​പ്പോ​ലെ ചിന്തി​ക്കാ​നും തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും അപകടങ്ങൾ മുൻകൂ​ട്ടി​ക്കാ​ണാ​നും അവ ഒഴിവാ​ക്കാ​നും ഉള്ള പ്രാപ്‌തി​യില്ല. (1 കൊരി. 13:11) അതു​കൊണ്ട്‌ കുട്ടി​കളെ ആർക്കു വേണ​മെ​ങ്കി​ലും എളുപ്പ​ത്തിൽ പറ്റിക്കാം. പലപ്പോ​ഴും പീഡകൻ കുട്ടിയെ പല നുണക​ളും പറഞ്ഞ്‌ വിശ്വ​സി​പ്പി​ക്കും. സംഭവി​ച്ചത്‌ കുട്ടി​യു​ടെ​തന്നെ തെറ്റാ​ണെ​ന്നും കാര്യം ആരോ​ടും പറയരു​തെ​ന്നും ഇനി ആരോ​ടെ​ങ്കി​ലും പറഞ്ഞാൽത്തന്നെ ആരും വിശ്വ​സി​ക്കി​ല്ലെ​ന്നും ഒരു സഹായ​വും കിട്ടി​ല്ലെ​ന്നും ഒക്കെ അവർ പറയും. കൂടാതെ, ശരിക്കും സ്‌നേഹം കാണി​ക്കേ​ണ്ടത്‌ ഇങ്ങനെ​യാ​ണെ​ന്നും അവർ കുട്ടിയെ ധരിപ്പി​ക്കും. കാലങ്ങൾ കഴിഞ്ഞേ ഇപ്പറഞ്ഞ​തെ​ല്ലാം നുണയാ​യി​രു​ന്നെന്ന്‌ അവർക്കു മനസ്സി​ലാ​കു​ക​യു​ള്ളൂ. ജീവിതം നശിച്ചു​പോ​യെ​ന്നോ, മറ്റുള്ള​വ​രെ​പ്പോ​ലെ സാധാ​ര​ണ​ജീ​വി​തം നയിക്കാൻ കഴിയി​ല്ലെ​ന്നോ, സ്‌നേ​ഹ​ത്തി​നും ആശ്വാ​സ​ത്തി​നും അർഹത​യി​ല്ലെ​ന്നോ ഒക്കെ ചിന്തി​ക്കാൻ അത്‌ ഇടയാ​ക്കി​യേ​ക്കാം.

8. പീഡി​പ്പി​ക്ക​പ്പെ​ട്ട​വരെ യഹോ​വ​യ്‌ക്ക്‌ ആശ്വസി​പ്പി​ക്കാൻ കഴിയു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

8 ചെറു​പ്പ​ത്തിൽ പീഡന​ത്തിന്‌ ഇരയാ​യവർ വളരെ കാല​ത്തേക്ക്‌ അതിന്റെ വേദന അനുഭ​വി​ക്കേ​ണ്ടി​വ​രു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ ഇപ്പോൾ മനസ്സി​ലാ​കു​ന്നി​ല്ലേ? എത്ര പൈശാ​ചി​ക​മായ ഒരു കുറ്റകൃ​ത്യ​മാ​ണു ബാലപീ​ഡനം! ഇതു ലോക​മെ​ങ്ങും ഒരു പകർച്ച​വ്യാ​ധി​പോ​ലെ പടരു​ക​യാണ്‌. നമ്മൾ അവസാ​ന​കാ​ല​ത്താണ്‌, അതായത്‌ “സഹജസ്‌നേ​ഹ​മി​ല്ലാത്ത” ആളുക​ളുള്ള, ‘ദുഷ്ടമ​നു​ഷ്യ​രും തട്ടിപ്പു​കാ​രും അടിക്കടി അധഃപ​തി​ക്കുന്ന’ ഒരു കാലത്താണ്‌, ജീവി​ക്കു​ന്നത്‌ എന്നതിന്റെ തെളി​വല്ലേ ഇത്‌? (2 തിമൊ. 3:1-5, 13) നമ്മളെ ഉപദ്ര​വി​ക്കാ​നുള്ള സാത്താന്റെ പദ്ധതികൾ ശരിക്കും ദുഷ്ടത നിറഞ്ഞ​താണ്‌. അവന്റെ ചൊൽപ്പ​ടി​ക്ക​നു​സ​രിച്ച്‌ മനുഷ്യർ പ്രവർത്തി​ക്കു​ന്നത്‌ അതി​ലേറെ സങ്കടക​ര​മാണ്‌. എന്നാൽ യഹോവ സാത്താ​നെ​ക്കാ​ളും അവന്റെ ഇഷ്ടത്തിനു നിൽക്കു​ന്ന​വ​രെ​ക്കാ​ളും വളരെ​യേറെ ശക്തനാണ്‌. സാത്താൻ ചെയ്യുന്ന കാര്യ​ങ്ങ​ളെ​ല്ലാം യഹോവ കാണു​ന്നുണ്ട്‌. നമ്മൾ അനുഭ​വി​ക്കുന്ന വേദന യഹോവ ശരിക്കും മനസ്സി​ലാ​ക്കു​ന്നു​ണ്ടെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം. നമുക്ക്‌ ആവശ്യ​മായ ആശ്വാസം തരാൻ യഹോ​വ​യ്‌ക്കു കഴിയും. ‘ഏതു സാഹച​ര്യ​ത്തി​ലും ആശ്വാസം തരുന്ന ദൈവ​ത്തെ​യാണ്‌’ നമ്മൾ സേവി​ക്കു​ന്നത്‌. എത്ര അനുഗൃ​ഹീ​ത​രാ​ണു നമ്മൾ! “നമ്മുടെ കഷ്ടതക​ളി​ലെ​ല്ലാം ദൈവം നമ്മളെ ആശ്വസി​പ്പി​ക്കു​ന്നു. അങ്ങനെ ദൈവ​ത്തിൽനിന്ന്‌ കിട്ടുന്ന ആശ്വാ​സം​കൊണ്ട്‌ ഏതുതരം കഷ്ടതകൾ അനുഭ​വി​ക്കു​ന്ന​വ​രെ​യും ആശ്വസി​പ്പി​ക്കാൻ നമുക്കും കഴിയു​ന്നു.” (2 കൊരി. 1:3, 4) അങ്ങനെ​യെ​ങ്കിൽ, ആശ്വാസം തരാൻ യഹോവ ആരെയാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌?

ആശ്വാസം കൊടുക്കാൻ ആർക്കു കഴിയും?

9. സങ്കീർത്തനം 27:10-ൽ കാണുന്ന ദാവീദ്‌ രാജാ​വി​ന്റെ വാക്കു​ക​ള​നു​സ​രിച്ച്‌, മാതാ​പി​താ​ക്ക​ളു​ടെ സംരക്ഷണം കിട്ടാ​ത്ത​വർക്കു​വേണ്ടി യഹോവ എന്തു ചെയ്യും?

9 മാതാ​പി​താ​ക്ക​ളു​ടെ സംരക്ഷണം കിട്ടാ​തി​രു​ന്ന​വർക്കും അടുപ്പ​മുള്ള വ്യക്തികൾ പീഡി​പ്പി​ച്ച​വർക്കും ആശ്വാസം ആവശ്യ​മുണ്ട്‌. ആശ്വസി​പ്പി​ക്കുന്ന കാര്യ​ത്തിൽ ഏറ്റവും നല്ല മാതൃക യഹോ​വ​യാ​ണെന്നു ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. (സങ്കീർത്തനം 27:10 വായി​ക്കുക.) ഉറ്റവരു​ടെ സംരക്ഷണം കിട്ടാ​തി​രു​ന്ന​വരെ യഹോവ സ്വീക​രി​ക്കു​മെന്നു ദാവീ​ദിന്‌ ഉറച്ച വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. യഹോവ എങ്ങനെ​യാണ്‌ അതു ചെയ്യു​ന്നത്‌? ഭൂമി​യി​ലെ തന്റെ വിശ്വ​സ്‌ത​ദാ​സരെ ഉപയോ​ഗി​ച്ചു​കൊണ്ട്‌. യഹോ​വയെ ആരാധി​ക്കുന്ന നമ്മുടെ സഹവി​ശ്വാ​സി​കൾ നമ്മുടെ കുടും​ബാം​ഗ​ങ്ങൾപോ​ലെ​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, യഹോ​വ​യു​ടെ ആരാധ​ന​യിൽ തന്നോ​ടൊ​പ്പം ചേർന്ന​വരെ യേശു സഹോ​ദ​ര​ന്മാ​രെ​ന്നും സഹോ​ദ​രി​മാ​രെ​ന്നും അമ്മയെ​ന്നും ആണ്‌ വിശേ​ഷി​പ്പി​ച്ചത്‌.—മത്താ. 12:48-50.

10. മൂപ്പനാ​യുള്ള തന്റെ സേവനത്തെ പൗലോസ്‌ എങ്ങനെ​യാ​ണു വിശേ​ഷി​പ്പി​ച്ചത്‌?

10 ക്രിസ്‌തീ​യ​സ​ഭ​യിൽ ഇങ്ങനെ​യുള്ള കുടും​ബ​ബ​ന്ധ​ങ്ങൾക്ക്‌ ഒരു ഉദാഹ​രണം നോക്കാം. പൗലോസ്‌ അപ്പോ​സ്‌തലൻ കഠിനാ​ധ്വാ​നി​യും വിശ്വ​സ്‌ത​നും ആയ ഒരു മൂപ്പനാ​യി​രു​ന്നു. അദ്ദേഹം സഭയിൽ നല്ല മാതൃക വെച്ചു. താൻ ക്രിസ്‌തു​വി​നെ അനുക​രി​ച്ച​തു​പോ​ലെ, തന്നെ അനുക​രി​ക്കാൻ മറ്റുള്ള​വ​രോ​ടു പറയാൻപോ​ലും പരിശു​ദ്ധാ​ത്മാവ്‌ അദ്ദേഹത്തെ പ്രചോ​ദി​പ്പി​ച്ചു. (1 കൊരി. 11:1) മൂപ്പനാ​യുള്ള തന്റെ സേവനത്തെ പൗലോസ്‌ വിശേ​ഷി​പ്പി​ച്ചത്‌ എങ്ങനെ​യെന്നു നോക്കുക: “ഒരു അമ്മ താൻ മുലയൂ​ട്ടുന്ന കുഞ്ഞിനെ പരിപാ​ലി​ക്കുന്ന അതേ സ്‌നേ​ഹ​വാ​ത്സ​ല്യ​ത്തോ​ടെ​യാ​ണു ഞങ്ങൾ നിങ്ങ​ളോ​ടു പെരു​മാ​റി​യത്‌.” (1 തെസ്സ. 2:7) അതു​പോ​ലെ ഇന്ന്‌, തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ ആശ്വാസം കൊടു​ക്കു​മ്പോൾ മൂപ്പന്മാർ സ്‌നേ​ഹ​വും വാത്സല്യ​വും തുളു​മ്പുന്ന വാക്കുകൾ ഉപയോ​ഗി​ക്കും.

പക്വതയുള്ള ക്രിസ്‌തീ​യ​സ​ഹോ​ദ​രി​മാർക്കു ദുഷ്‌പെ​രു​മാ​റ്റ​ത്തിന്‌ ഇരയായ സഹോ​ദ​രി​മാ​രെ ആശ്വസി​പ്പി​ക്കാൻ കഴിയും (11-ാം ഖണ്ഡിക കാണുക) *

11. മൂപ്പന്മാ​ര​ല്ല​ത്ത​വർക്കും ആശ്വാസം കൊടു​ക്കാൻ കഴിയും എന്നു നമുക്ക്‌ എങ്ങനെ മനസ്സി​ലാ​ക്കാം?

11 ദുഷ്‌പെ​രു​മാ​റ്റ​ത്തിന്‌ ഇരയാ​യ​വർക്ക്‌ ആശ്വാസം പകരാൻ മൂപ്പന്മാർക്കു മാത്രമേ കഴിയൂ എന്നാണോ? അല്ല. ‘പരസ്‌പരം ആശ്വസി​പ്പി​ക്കാൻ’ നമുക്ക്‌ എല്ലാവർക്കും ഉത്തരവാ​ദി​ത്വ​മുണ്ട്‌. (1 തെസ്സ. 4:18) പക്വത​യുള്ള ക്രിസ്‌തീ​യ​സ​ഹോ​ദ​രി​മാർക്കു സഹോ​ദ​രി​മാ​രെ ആശ്വസി​പ്പി​ക്കാൻ കഴിയും. തന്റെ കുഞ്ഞിനെ ആശ്വസി​പ്പി​ക്കുന്ന ഒരു അമ്മയോട്‌ യഹോവ തന്നെത്തന്നെ ഉപമിച്ചു എന്നോർക്കുക. (യശ. 66:13) വേദന അനുഭ​വി​ച്ച​വർക്ക്‌ ആശ്വാസം നൽകിയ സ്‌ത്രീ​ക​ളെ​പ്പ​റ്റി​യും ബൈബിൾ പറയു​ന്നുണ്ട്‌. (ഇയ്യോ. 42:11) ഇന്ന്‌, വൈകാ​രി​ക​വേ​ദ​ന​യോ​ടു മല്ലിടുന്ന തങ്ങളുടെ സഹോ​ദ​രി​മാർക്കു ക്രിസ്‌തീ​യ​സ്‌ത്രീ​കൾ ആശ്വാസം പകരു​ന്നതു കാണു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എത്രയ​ധി​കം സന്തോഷം തോന്നും! ചില കേസു​ക​ളിൽ, ഇത്തരം സഹായം കൊടു​ക്കാൻ കഴിയു​മോ എന്നു മൂപ്പന്മാർ പക്വത​യുള്ള ഒരു സഹോ​ദ​രി​യോ​ടു വിവേ​ച​ന​യോ​ടെ ചോദി​ച്ചേ​ക്കാം. *

നമുക്ക്‌ എങ്ങനെ ആശ്വസി​പ്പി​ക്കാം?

12. ഒരു സഹക്രി​സ്‌ത്യാ​നി​യെ ആശ്വസി​പ്പി​ക്കാൻ ശ്രമി​ക്കു​മ്പോൾ നമ്മൾ ഏതു കാര്യം ശ്രദ്ധി​ക്കണം?

12 ഒരു സഹക്രി​സ്‌ത്യാ​നി​യെ ആശ്വസി​പ്പി​ക്കാൻ ശ്രമി​ക്കു​മ്പോൾ അദ്ദേഹം സംസാ​രി​ക്കാൻ ആഗ്രഹി​ക്കാത്ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചോദി​ക്കാ​തി​രി​ക്കാൻ ശ്രദ്ധി​ക്കണം. (1 തെസ്സ. 4:11) അങ്ങനെ​യെ​ങ്കിൽ ആശ്വാ​സ​വും സഹായ​വും ആവശ്യ​മു​ള്ള​വരെ നമുക്ക്‌ എങ്ങനെ സഹായി​ക്കാം? അതിനു ബൈബി​ളിൽനിന്ന്‌ പഠിക്കാൻ കഴിയുന്ന അഞ്ചു കാര്യങ്ങൾ നമുക്ക്‌ ഇപ്പോൾ പരി​ശോ​ധി​ക്കാം.

13. 1 രാജാ​ക്ക​ന്മാർ 19:5-8-ൽ പറയു​ന്ന​ത​നു​സ​രിച്ച്‌, യഹോ​വ​യു​ടെ ദൂതൻ ഏലിയ​യ്‌ക്ക്‌ എന്തെല്ലാ​മാ​ണു ചെയ്‌തു​കൊ​ടു​ത്തത്‌, നമുക്ക്‌ ആ ദൂതനെ എങ്ങനെ അനുക​രി​ക്കാം?

13 പ്രാ​യോ​ഗി​ക​മായ വിധങ്ങ​ളിൽ സഹായി​ക്കുക. ശത്രു​ക്ക​ളിൽനിന്ന്‌ ജീവനും​കൊണ്ട്‌ ഓടിയ ഒരു സാഹച​ര്യ​ത്തിൽ ഏലിയ പ്രവാ​ചകൻ തീർത്തും നിരു​ത്സാ​ഹി​ത​നാ​യി. മരിച്ചാൽ മതി​യെ​ന്നു​പോ​ലും തോന്നി​പ്പോ​യി. യഹോവ അദ്ദേഹത്തെ സഹായി​ക്കാൻ ശക്തനായ ഒരു ദൂതനെ അയച്ചു. അപ്പോൾ ആവശ്യ​മായ കാര്യ​ങ്ങ​ളാ​ണു ദൂതൻ ഏലിയ​യ്‌ക്കു നൽകി​യത്‌. ദൂതൻ നല്ല ചൂടുള്ള ഭക്ഷണം കൊടു​ക്കു​ക​യും അതു കഴിക്കാൻ ഏലിയ​യോ​ടു ദയയോ​ടെ ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു. (1 രാജാ​ക്ക​ന്മാർ 19:5-8 വായി​ക്കുക.) ഈ വിവരണം നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌? ചില​പ്പോൾ ചെറിയ ഒരു ദയാ​പ്ര​വൃ​ത്തി​ക്കു​പോ​ലും മറ്റുള്ള​വരെ വളരെ​യ​ധി​കം സഹായി​ക്കാൻ കഴിയും. ഒരു നേരത്തെ ഭക്ഷണമോ ചെറിയ സമ്മാന​മോ ആശ്വാ​സ​വാ​ക്കു​കൾ എഴുതിയ ഒരു കാർഡോ കൊടു​ത്തു​കൊണ്ട്‌ അതു ചെയ്യാം. മനസ്സി​ടിഞ്ഞ ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​ക്കോ ഇതു വലിയ ആശ്വാ​സ​മാ​യി​രി​ക്കും. നമ്മൾ അവരെ എത്ര സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ അവർക്കു മനസ്സി​ലാ​കും. ചില​പ്പോൾ എന്ത്‌ പറഞ്ഞ്‌ ആശ്വസി​പ്പി​ക്ക​ണ​മെന്നു നമുക്ക്‌ അറിയി​ല്ലാ​യി​രി​ക്കും. എങ്കിലും ഇത്തരം പ്രാ​യോ​ഗി​ക​സ​ഹാ​യം ചെയ്യാൻ നമുക്കു കഴി​ഞ്ഞേ​ക്കും.

14. ഏലിയ​യെ​ക്കു​റി​ച്ചുള്ള വിവര​ണ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പാഠം പഠിക്കാൻ കഴിയും?

14 സുരക്ഷി​ത​ത്വം തോന്നുന്ന, പിരി​മു​റു​ക്ക​മി​ല്ലാത്ത ഒരു അന്തരീക്ഷം ഒരുക്കുക. ഏലിയ​യെ​ക്കു​റി​ച്ചുള്ള വിവര​ണ​ത്തിൽനിന്ന്‌ നമുക്കു മറ്റൊരു പാഠം​കൂ​ടി പഠിക്കാം. ഹോ​രേബ്‌ പർവതം വരെ യാത്ര ചെയ്യാൻ യഹോവ ഏലിയയെ അത്ഭുത​ക​ര​മാ​യി സഹായി​ച്ചു. ഏലിയ​യു​ടെ ജീവ​നെ​ടു​ക്കാൻ ആഗ്രഹി​ച്ച​വ​രിൽനിന്ന്‌ വളരെ ദൂരെ​യുള്ള ഒരു സ്ഥലമാ​യി​രു​ന്നു ഇത്‌. നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌ യഹോവ തന്റെ ജനവു​മാ​യി ഉടമ്പടി ചെയ്‌ത വിജന​മായ ആ സ്ഥലത്ത്‌ എത്തിയ​പ്പോൾ ഏലിയ​യ്‌ക്കു സുരക്ഷി​ത​ത്വം തോന്നി​ക്കാ​ണും. ഇതിൽനിന്ന്‌ നമുക്ക്‌ എന്തു പാഠമാ​ണു പഠിക്കാ​നു​ള്ളത്‌? പീഡന​ത്തിന്‌ ഇരയായ വ്യക്തി​കൾക്ക്‌ ആശ്വാസം നൽകാൻ ശ്രമി​ക്കു​മ്പോൾ ആദ്യം ചെയ്യേ​ണ്ടത്‌ സുരക്ഷി​ത​രാ​ണെന്നു തോന്നാൻ അവരെ സഹായി​ക്കുക എന്നതാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ദുഷ്‌പെ​രു​മാ​റ്റ​ത്തിന്‌ ഇരയായ ഒരു സഹോ​ദ​രി​ക്കു വീടിന്റെ ശാന്തത​യിൽ ഇരുന്ന്‌ സംസാ​രി​ക്കു​ന്ന​താ​യി​രി​ക്കും ഒരുപക്ഷേ രാജ്യ​ഹാ​ളിൽവെച്ച്‌ സംസാ​രി​ക്കു​ന്ന​തി​നെ​ക്കാൾ സുരക്ഷി​ത​ത്വം തോന്നു​ന്ന​തെന്നു മൂപ്പന്മാർ ഓർക്കണം. എന്നാൽ വേറൊ​രാൾക്കു മറിച്ചാ​യി​രി​ക്കും തോന്നുക.

ക്ഷമയോടെ ശ്രദ്ധി​ച്ചു​കൊ​ണ്ടും ആത്മാർഥ​മാ​യി പ്രാർഥി​ച്ചു​കൊ​ണ്ടും ആശ്വാസം തുളു​മ്പുന്ന വാക്കുകൾ തിര​ഞ്ഞെ​ടു​ത്തു​കൊ​ണ്ടും നമുക്ക്‌ മുറിവ്‌ ഉണക്കാം (15-20 ഖണ്ഡികകൾ കാണുക) *

15-16. ഒരു നല്ല കേൾവി​ക്കാ​രൻ ആയിരി​ക്കു​ന്ന​തിൽ എന്തെല്ലാം ഉൾപ്പെ​ടു​ന്നുണ്ട്‌?

15 നല്ല കേൾവി​ക്കാ​ര​നാ​യി​രി​ക്കുക. ബൈബിൾ ഇങ്ങനെ വ്യക്തമാ​യി പറയുന്നു: “എല്ലാവ​രും കേൾക്കാൻ തിടു​ക്ക​മു​ള്ള​വ​രാ​യി​രി​ക്കണം; എന്നാൽ സംസാ​രി​ക്കാൻ തിടുക്കം കൂട്ടരുത്‌.” (യാക്കോ. 1:19) നമ്മൾ നല്ല കേൾവി​ക്കാ​രാ​ണോ? കേൾക്കുക എന്നാൽ, സംസാ​രി​ക്കുന്ന വ്യക്തിയെ നോക്കി തിരി​ച്ചൊ​ന്നും പറയാതെ അനങ്ങാ​തി​രി​ക്കു​ന്ന​താ​ണെന്നു നമ്മൾ ചിന്തി​ച്ചേ​ക്കാം. പക്ഷേ നല്ല ഒരു കേൾവി​ക്കാ​രൻ ഇതിലു​മ​ധി​കം ചെയ്യും. ഉദാഹ​ര​ണ​ത്തിന്‌, ഏലിയ ഉള്ളു തുറന്ന്‌ ഉത്‌ക​ണ്‌ഠ​ക​ളെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ യഹോവ അതെല്ലാം ശ്രദ്ധി​ച്ചു​കേട്ടു. ഏലിയ​യ്‌ക്കു ഭയവും ഏകാന്ത​ത​യും തോന്നു​ന്നു​ണ്ടെന്ന്‌ യഹോവ മനസ്സി​ലാ​ക്കി. താൻ ഇതേവരെ ചെയ്‌ത​തെ​ല്ലാം വെറു​തേ​യാ​യി​പ്പോ​യെ​ന്നാണ്‌ ഏലിയ വിചാ​രി​ച്ചത്‌. ഓരോ ഉത്‌ക​ണ്‌ഠ​യും മറിക​ട​ക്കാൻ യഹോവ സ്‌നേ​ഹ​ത്തോ​ടെ ഏലിയയെ സഹായി​ച്ചു. അങ്ങനെ, ഏലിയ പറഞ്ഞ കാര്യങ്ങൾ താൻ ശരിക്കും ശ്രദ്ധി​ച്ചെന്ന്‌ യഹോവ കാണി​ച്ചു​കൊ​ടു​ത്തു.—1 രാജാ. 19:9-11, 15-18.

16 നമ്മുടെ സഹോ​ദ​ര​നോ സഹോ​ദ​രി​യോ സംസാ​രി​ക്കു​മ്പോൾ നമുക്ക്‌ ആർദ്രാ​നു​ക​മ്പ​യും സഹാനു​ഭൂ​തി​യും എങ്ങനെ കാണി​ക്കാം? അവരുടെ വേദന മനസ്സി​ലാ​ക്കു​ന്നെന്നു കാണി​ക്കാൻ ചില​പ്പോൾ ചിന്തിച്ച്‌ പറയുന്ന സ്‌നേ​ഹ​ത്തോ​ടെ​യുള്ള ഏതാനും വാക്കുകൾ മതിയാ​കും. നിങ്ങൾക്ക്‌ ഇങ്ങനെ പറയാ​നാ​യേ​ക്കും: “എനിക്കു സങ്കടമുണ്ട്‌. ഒരു കുട്ടി​ക്കും ഇങ്ങനെ വരാൻ പാടില്ല.” വിഷമി​ച്ചി​രി​ക്കുന്ന നിങ്ങളു​ടെ സുഹൃത്ത്‌ പറഞ്ഞ കാര്യങ്ങൾ നിങ്ങൾക്കു മനസ്സി​ലാ​കു​ന്നു​ണ്ടെന്ന്‌ ഉറപ്പു വരുത്താൻ ഒന്നോ രണ്ടോ ചോദ്യ​ങ്ങൾ ചോദി​ക്കാ​വു​ന്ന​താണ്‌. നിങ്ങൾക്ക്‌ ഒരുപക്ഷേ ഇങ്ങനെ ചോദി​ക്കാം: “സഹോ​ദരൻ ശരിക്കും പറഞ്ഞു​വ​രു​ന്നത്‌ . . . ” അല്ലെങ്കിൽ, “സഹോ​ദരൻ പറഞ്ഞതിൽനിന്ന്‌ എനിക്കു മനസ്സി​ലാ​യത്‌, . . . ശരിയല്ലേ?” സ്‌നേ​ഹ​ത്തോ​ടെ​യുള്ള ഇത്തരം വാക്കുകൾ, നിങ്ങൾ ശരിക്കും ശ്രദ്ധി​ക്കു​ന്നു​ണ്ടെ​ന്നും കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കു​ന്നു​ണ്ടെ​ന്നും ആ വ്യക്തിക്ക്‌ ഉറപ്പു കൊടു​ക്കും.—1 കൊരി. 13:4, 7.

17. നമ്മൾ ‘സംസാ​രി​ക്കാൻ തിടുക്കം കൂട്ടാതെ’ ക്ഷമ കാണി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

17 എന്നാൽ ശ്രദ്ധി​ക്കേണ്ട ഒരു കാര്യ​മുണ്ട്‌: “സംസാ​രി​ക്കാൻ തിടുക്കം കൂട്ടരുത്‌.” ഇടയ്‌ക്കു​ക​യറി ഉപദേശം കൊടു​ക്കു​ക​യോ ആ വ്യക്തി​യു​ടെ ചിന്താ​ഗതി തിരു​ത്തു​ക​യോ ചെയ്യരുത്‌. നമ്മൾ ക്ഷമയോ​ടെ കേട്ടി​രി​ക്കണം. ഏലിയ യഹോ​വ​യു​ടെ മുമ്പാകെ വല്ലാത്ത വിഷമ​ത്തോ​ടെ​യാ​ണു കാര്യങ്ങൾ പറഞ്ഞത്‌. യഹോവ ഏലിയ​യു​ടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തി​യ​തി​നു ശേഷവും അതേ വാക്കുകൾ ഉപയോ​ഗിച്ച്‌ ഏലിയ പിന്നെ​യും തന്റെ ഉള്ളു തുറന്നു. (1 രാജാ. 19:9, 10, 13, 14) എന്താണു നമുക്കുള്ള പാഠം? ചില​പ്പോൾ വിഷമി​ച്ചി​രി​ക്കുന്ന ആളുകൾ ഒരേ കാര്യ​ങ്ങൾതന്നെ വീണ്ടും​വീ​ണ്ടും പറഞ്ഞെ​ന്നു​വ​രാം. യഹോ​വ​യെ​പ്പോ​ലെ നമ്മളും ക്ഷമയോ​ടെ കേൾക്കണം. പോം​വഴി പറഞ്ഞു​കൊ​ടു​ക്കാൻ ശ്രമി​ക്കു​ന്ന​തി​നു പകരം നമ്മൾ അവരോ​ടു മനസ്സലി​വും സഹാനു​ഭൂ​തി​യും കാണി​ക്കണം.—1 പത്രോ. 3:8.

18. വേദനി​ക്കു​ന്ന​വർക്ക്‌ ആശ്വാസം പകരുന്ന വിധത്തിൽ എങ്ങനെ പ്രാർഥി​ക്കാം?

18 വേദന അനുഭ​വി​ക്കുന്ന വ്യക്തി​യോ​ടൊ​പ്പം ആത്മാർഥ​മാ​യി പ്രാർഥി​ക്കുക. മനസ്സി​ടിഞ്ഞ വ്യക്തി​കൾക്ക്‌ ഒരുപക്ഷേ പ്രാർഥി​ക്കാൻ തോന്നി​യെ​ന്നു​വ​രില്ല. തങ്ങൾക്ക്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കാ​നുള്ള യോഗ്യ​ത​യി​ല്ലെന്ന്‌ അങ്ങനെ​യു​ള്ളവർ വിചാ​രി​ച്ചേ​ക്കാം. അവരെ ആശ്വസി​പ്പി​ക്കാൻ അവരോ​ടൊ​പ്പം പ്രാർഥി​ക്കുക. പ്രാർഥ​ന​യിൽ അവരുടെ പേര്‌ എടുത്തു​പ​റ​യുക. മനസ്സു തകർന്ന ആ വ്യക്തി നമുക്കും സഭയ്‌ക്കും എത്ര പ്രിയ​പ്പെട്ട ഒരാളാ​ണെന്ന്‌ യഹോ​വ​യോ​ടു പറയുക. യഹോ​വ​യ്‌ക്കു വിലപ്പെട്ട ആ ദാസന്‌ അല്ലെങ്കിൽ ദാസിക്ക്‌ ആശ്വാ​സ​വും സാന്ത്വ​ന​വും പകരേ​ണമേ എന്നു നമുക്കു പ്രാർഥി​ക്കാം. അങ്ങനെ​യുള്ള പ്രാർഥ​നകൾ വളരെ​യ​ധി​കം ആശ്വാസം പകരു​ന്ന​വ​യാ​യി​രി​ക്കും.—യാക്കോ. 5:16.

19. മറ്റൊ​രാ​ളെ ആശ്വസി​പ്പി​ക്കാൻ നമുക്ക്‌ എങ്ങനെ തയ്യാറാ​കാം?

19 മുറിവ്‌ ഉണക്കു​ക​യും ആശ്വസി​പ്പി​ക്കു​ക​യും ചെയ്യുന്ന വാക്കുകൾ തിര​ഞ്ഞെ​ടു​ക്കുക. സംസാ​രി​ക്കു​ന്ന​തി​നു മുമ്പ്‌ ചിന്തി​ക്കുക. ചിന്തി​ക്കാ​തെ പറയുന്ന വാക്കുകൾ മുറി​പ്പെ​ടു​ത്തും. അതേസ​മയം ദയയോ​ടെ​യുള്ള വാക്കുകൾ മുറിവ്‌ ഉണക്കും. (സുഭാ. 12:18) അതു​കൊണ്ട്‌ ദയയുള്ള, ആശ്വാ​സ​വും സാന്ത്വ​ന​വും പകരുന്ന വാക്കുകൾ ഉപയോ​ഗി​ക്കാൻ സഹായി​ക്കു​ന്ന​തിന്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കുക. ഒപ്പം, ആളുകളെ ഏറ്റവു​മ​ധി​കം സ്വാധീ​നി​ക്കാൻ കഴിയു​ന്നതു ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യഹോ​വ​യു​ടെ വാക്കു​കൾക്കാ​ണെന്ന്‌ ഓർക്കുക.—എബ്രാ. 4:12.

20. ദുഷ്‌പെ​രു​മാ​റ്റ​ത്തിന്‌ ഇരയായ ചിലരു​ടെ മനസ്സിൽ ഏതു കാര്യം ഉറച്ചു​പോ​യി​ട്ടു​ണ്ടാ​കും, ഏതു കാര്യം നമ്മൾ അവരെ ഓർമി​പ്പി​ക്കണം?

20 ചെറു​പ്പ​ത്തിൽ നേരിട്ട ദുഷ്‌പെ​രു​മാ​റ്റം കാരണം തങ്ങൾ ചീത്തയാ​ണെ​ന്നും വില​കെ​ട്ട​വ​രാ​ണെ​ന്നും ഉള്ള തോന്നൽ ചിലരു​ടെ മനസ്സിൽ ഉറച്ചു​പോ​യി​ട്ടു​ണ്ടാ​കും. അവരെ ആരും സ്‌നേ​ഹി​ക്കു​ന്നി​ല്ലെ​ന്നും മറ്റുള്ള​വ​രു​ടെ സ്‌നേഹം ലഭിക്കാൻ തങ്ങൾക്കു യോഗ്യ​ത​യി​ല്ലെ​ന്നും അവർ ചിന്തി​ച്ചേ​ക്കാം. സത്യത്തി​നു നേർവി​പ​രീ​ത​മല്ലേ ഇത്‌! അതു​കൊണ്ട്‌ യഹോ​വ​യു​ടെ കണ്ണുക​ളിൽ അവർ വളരെ വിലയു​ള്ള​വ​രാ​ണെന്നു തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗിച്ച്‌ അവരെ ഓർമി​പ്പി​ക്കുക. (“ തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ആശ്വാസം” എന്ന ചതുരം കാണുക.) പ്രവാ​ച​ക​നായ ദാനി​യേൽ ക്ഷീണിച്ച്‌, ആകെ മനസ്സു മടുത്ത്‌ ഇരുന്ന സമയത്ത്‌ ഒരു ദൂതൻ എങ്ങനെ​യാണ്‌ അദ്ദേഹത്തെ ബലപ്പെ​ടു​ത്തി​യത്‌ എന്നോർക്കുക. ദൂതൻ ദയയോ​ടെ ദാനി​യേ​ലി​നോട്‌ ഇടപെ​ടു​ക​യും ദാനി​യേൽ ദൈവ​ത്തി​നു വളരെ പ്രിയ​പ്പെ​ട്ട​വ​നാ​ണെന്ന്‌ ഓർമി​പ്പി​ക്കു​ക​യും ചെയ്‌തു. ശരിക്കും ദാനി​യേൽ അത്‌ അറിയ​ണ​മെന്ന്‌ യഹോവ ആഗ്രഹി​ച്ചു. (ദാനി. 10:2, 11, 19) സമാന​മാ​യി, മനോ​വേ​ദ​ന​യി​ലാ​യി​രി​ക്കുന്ന നമ്മുടെ ഈ സഹോ​ദ​ര​ന്മാ​രും സഹോ​ദ​രി​മാ​രും യഹോ​വ​യ്‌ക്ക്‌ എത്ര പ്രിയ​പ്പെ​ട്ട​വ​രാണ്‌!

21. പശ്ചാത്താ​പ​മി​ല്ലാത്ത തെറ്റു​കാർക്ക്‌ എന്താണു സംഭവി​ക്കാൻപോ​കു​ന്നത്‌, ആ സമയം വരുന്ന​തു​വരെ എന്തു ചെയ്യാ​നാ​യി​രി​ക്കണം നമ്മുടെ തീരു​മാ​നം?

21 മറ്റുള്ള​വരെ ആശ്വസി​പ്പി​ക്കു​മ്പോൾ നമ്മൾ അവരെ യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ ഓർമി​പ്പി​ക്കു​ക​യാണ്‌. അതേസ​മയം യഹോവ നീതി​യു​ടെ ദൈവ​മാണ്‌ എന്ന കാര്യ​വും നമ്മൾ ഒരിക്ക​ലും മറക്കരുത്‌. ദുഷ്ടത​യു​ടെ ഒരു പ്രവൃ​ത്തി​യും യഹോവ കാണാതെ പോകു​ന്നില്ല. പശ്ചാത്താ​പ​മി​ല്ലാത്ത ഒരു തെറ്റു​കാ​ര​നെ​യും യഹോവ ശിക്ഷി​ക്കാ​തെ വിടു​ക​യു​മില്ല. (സംഖ്യ 14:18) അതു​കൊണ്ട്‌ ദുഷ്‌പെ​രു​മാ​റ്റം അനുഭ​വി​ക്കേ​ണ്ടി​വന്ന എല്ലാവ​രോ​ടും സ്‌നേഹം കാണി​ക്കാൻ കഴിയു​ന്ന​തെ​ല്ലാം നമുക്ക്‌ ഇപ്പോൾ ചെയ്യാം. സാത്താ​നിൽനി​ന്നും അവന്റെ ലോക​ത്തിൽനി​ന്നും ‘മുറിവ്‌ ഏൽക്കേ​ണ്ടി​വന്ന’ എല്ലാവ​രെ​യും യഹോവ പൂർണ​മാ​യും സുഖ​പ്പെ​ടു​ത്തും എന്ന്‌ അറിയു​ന്നത്‌ എത്ര ആശ്വാ​സ​ക​ര​മാണ്‌! വേദനി​പ്പി​ക്കുന്ന ഇത്തരം കാര്യങ്ങൾ എല്ലാവ​രു​ടെ​യും മനസ്സിൽനി​ന്നും ഹൃദയ​ത്തിൽനി​ന്നും എന്നേക്കു​മാ​യി മാഞ്ഞു​പോ​കും. ആ കാലം അകലെയല്ല!—യശ. 65:17.

ഗീതം 109 ഹൃദയ​പൂർവം ഉറ്റ്‌ സ്‌നേ​ഹി​ക്കാം

^ ഖ. 5 ചെറു​പ്രാ​യ​ത്തിൽ ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റ​ത്തിന്‌ ഇരയാ​യവർ വർഷങ്ങൾക്കു ശേഷവും അതിന്റെ ബുദ്ധി​മു​ട്ടു​കൾ നേരി​ടാ​റുണ്ട്‌. അതിന്റെ കാരണം മനസ്സി​ലാ​ക്കാൻ ഈ ലേഖനം നമ്മളെ സഹായി​ക്കും. ആർക്കൊ​ക്കെ അവരെ ആശ്വസി​പ്പി​ക്കാൻ കഴിയു​മെ​ന്നും, അതിനുള്ള ഫലപ്ര​ദ​മായ ചില മാർഗ​ങ്ങ​ളും നമ്മൾ ചർച്ച ചെയ്യും.

^ ഖ. 11 ദുഷ്‌പെരുമാറ്റത്തിന്‌ ഇരയായ ഒരു വ്യക്തി വിദഗ്‌ധ​വൈ​ദ്യ​സ​ഹാ​യം തേടണോ എന്നതു ആ വ്യക്തി​യു​ടെ തീരു​മാ​ന​മാണ്‌.

^ ഖ. 76 ചിത്രക്കുറിപ്പ്‌: വിഷമി​ച്ചി​രി​ക്കുന്ന ഒരു സഹോ​ദ​രി​യെ പക്വത​യുള്ള ഒരു സഹോ​ദരി ആശ്വസി​പ്പി​ക്കു​ന്നു.

^ ഖ. 78 ചിത്രക്കുറിപ്പ്‌: രണ്ടു മൂപ്പന്മാർ മനോ​വേദന അനുഭ​വി​ക്കുന്ന സഹോ​ദ​രി​യെ സന്ദർശി​ക്കു​ന്നു. പക്വത​യുള്ള സഹോ​ദ​രി​യെ കൂടെ​യി​രി​ക്കാൻ ആ സഹോ​ദരി ക്ഷണിച്ചി​ട്ടുണ്ട്‌.