വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 26

ദുരി​തങ്ങൾ നേരി​ടാൻ മറ്റുള്ള​വരെ സഹായി​ക്കുക

ദുരി​തങ്ങൾ നേരി​ടാൻ മറ്റുള്ള​വരെ സഹായി​ക്കുക

“നിങ്ങൾ എല്ലാവ​രും ഐക്യ​വും സഹാനു​ഭൂ​തി​യും സഹോ​ദ​ര​പ്രി​യ​വും മനസ്സലി​വും താഴ്‌മ​യും ഉള്ളവരാ​യി​രി​ക്കുക.”—1 പത്രോ. 3:8.

ഗീതം 107 സ്‌നേ​ഹ​ത്തി​ന്റെ ദിവ്യ​മാ​തൃ​ക

പൂർവാവലോകനം *

1. സ്‌നേ​ഹ​മുള്ള നമ്മുടെ പിതാ​വായ യഹോ​വയെ നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം?

യഹോവ നമ്മളെ ആഴമായി സ്‌നേ​ഹി​ക്കു​ന്നു. (യോഹ. 3:16) സ്‌നേ​ഹ​വാ​നായ ആ പിതാ​വി​നെ അനുക​രി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌ എല്ലാവ​രോ​ടും, ‘പ്രത്യേ​കിച്ച്‌ വിശ്വാ​സ​ത്താൽ നമ്മുടെ ബന്ധുക്ക​ളാ​യ​വ​രോട്‌,’ “സഹാനു​ഭൂ​തി​യും സഹോ​ദ​ര​പ്രി​യ​വും മനസ്സലി​വും” കാണി​ക്കാൻ നമ്മൾ ശ്രമി​ക്കു​ന്നു. (1 പത്രോ. 3:8; ഗലാ. 6:10) നമ്മുടെ ആത്മീയ​കു​ടും​ബ​ത്തി​ലെ അംഗങ്ങൾ ക്ലേശങ്ങൾ നിറഞ്ഞ സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കു​മ്പോൾ അവരെ സഹായി​ക്കാൻ നമ്മൾ മുൻ​കൈ​യെ​ടു​ക്കും.

2. ഈ ലേഖന​ത്തിൽ നമ്മൾ എന്തെല്ലാം ചർച്ച ചെയ്യും?

2 യഹോ​വ​യു​ടെ കുടും​ബ​ത്തി​ന്റെ ഭാഗമാ​കാൻ ആഗ്രഹി​ക്കുന്ന എല്ലാവർക്കും ബുദ്ധി​മു​ട്ടു​ക​ളു​ണ്ടാ​കും. (മർക്കോ. 10:29, 30) ഈ വ്യവസ്ഥി​തി​യു​ടെ അന്ത്യം അടുക്കും​തോ​റും നമ്മൾ നേരി​ടുന്ന പ്രശ്‌നങ്ങൾ കൂടാനേ സാധ്യ​ത​യു​ള്ളൂ. നമുക്ക്‌ എങ്ങനെ പരസ്‌പരം സഹായി​ക്കാൻ കഴിയും? ലോത്ത്‌, ഇയ്യോബ്‌, നൊ​വൊ​മി എന്നിവ​രെ​ക്കു​റി​ച്ചുള്ള ബൈബിൾവി​വ​ര​ണ​ങ്ങ​ളിൽനിന്ന്‌ നമുക്കു ചില കാര്യങ്ങൾ പഠിക്കാ​നുണ്ട്‌. ഇന്നു നമ്മുടെ സഹോ​ദ​രങ്ങൾ നേരി​ടുന്ന ചില ബുദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ചും നമ്മൾ ചർച്ച ചെയ്യും. അവരുടെ വിഷമ​ങ്ങ​ളിൽ പിടി​ച്ചു​നിൽക്കാൻ എങ്ങനെ സഹായി​ക്കാൻ കഴിയു​മെ​ന്നും നമ്മൾ കാണും.

ക്ഷമയു​ള്ള​വ​രാ​യി​രി​ക്കുക

3. 2 പത്രോസ്‌ 2:7, 8-ൽ കാണു​ന്ന​ത​നു​സ​രിച്ച്‌, ലോത്ത്‌ ഏതു മോശം തീരു​മാ​ന​മാണ്‌ എടുത്തത്‌, അതിന്റെ ഫലം എന്തായി​രു​ന്നു?

3 സമ്പദ്‌സ​മൃ​ദ്ധ​മാ​യി​രു​ന്നെ​ങ്കി​ലും ധാർമി​ക​മാ​യി അങ്ങേയറ്റം അധഃപ​തിച്ച സൊ​ദോം പട്ടണത്തി​ലേക്കു ലോത്ത്‌ താമസം മാറ്റി. അത്‌ ഒരു മോശം തീരു​മാ​ന​മാ​യി​രു​ന്നു. (2 പത്രോസ്‌ 2:7, 8 വായി​ക്കുക.) അതിനു ലോത്ത്‌ കൊടു​ക്കേ​ണ്ടി​വന്ന വില വലുതാ​യി​രു​ന്നു. (ഉൽപ. 13:8-13; 14:12) ലോത്തി​ന്റെ ഭാര്യ ആ നഗരത്തി​ലെ വസ്‌തു​വ​കകൾ സ്‌നേ​ഹി​ച്ചി​രി​ക്കാം, അല്ലെങ്കിൽ അവൾക്ക്‌ അവിടത്തെ ചില ആളുക​ളോട്‌ അടുത്ത ബന്ധമു​ണ്ടാ​യി​രു​ന്നി​രി​ക്കാം. യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേടു കാണി​ക്കു​ന്ന​തി​ലേക്ക്‌ അതു നയിച്ചു. ഫലമോ? ദൈവം തീയും ഗന്ധകവും വർഷിച്ച്‌ ആ പ്രദേശം നശിപ്പി​ച്ച​പ്പോൾ അവൾക്കു ജീവൻ നഷ്ടപ്പെട്ടു. ലോത്തി​ന്റെ രണ്ടു പെൺമ​ക്ക​ളു​ടെ കാര്യ​മോ? അവരു​മാ​യി വിവാഹം ഉറപ്പി​ച്ചി​രുന്ന പുരു​ഷ​ന്മാ​രും സൊ​ദോം നശിപ്പി​ക്ക​പ്പെ​ട്ട​പ്പോൾ മരണമ​ടഞ്ഞു. ലോത്തി​നു വീടും സ്വത്തു​ക്ക​ളും നഷ്ടമായി. ഏറ്റവും സങ്കടക​ര​മെന്നു പറയട്ടെ, ഭാര്യ​യും നഷ്ടപ്പെട്ടു. (ഉൽപ. 19:12-14, 17, 26) വേദന​യും സമ്മർദ​വും നിറഞ്ഞ ആ സമയത്ത്‌ ലോത്തു​മാ​യി ഇടപെ​ട്ട​പ്പോൾ യഹോ​വ​യു​ടെ ക്ഷമ നശിച്ചോ? ഇല്ല.

ലോത്തിനെയും കുടും​ബ​ത്തെ​യും രക്ഷിക്കാൻ യഹോവ അനുക​മ്പ​യോ​ടെ ദൂതന്മാ​രെ അയച്ചു (4-ാം ഖണ്ഡിക കാണുക)

4. ലോത്തി​നോട്‌ യഹോവ ക്ഷമ കാണി​ച്ചത്‌ എങ്ങനെ? (പുറം​താ​ളി​ലെ ചിത്രം കാണുക.)

4 സൊ​ദോ​മിൽ താമസി​ക്കുക എന്നതു ലോത്തി​ന്റെ തീരു​മാ​ന​മാ​യി​രു​ന്നെ​ങ്കി​ലും ലോത്തി​നെ​യും കുടും​ബ​ത്തെ​യും രക്ഷിക്കാൻ ദൂതന്മാ​രെ അയച്ചു​കൊണ്ട്‌ യഹോവ അനുകമ്പ കാണിച്ചു. എന്നാൽ സൊ​ദോ​മിൽനിന്ന്‌ പെട്ടെന്നു പുറത്ത്‌ കടക്കാ​നുള്ള ദൂതന്മാ​രു​ടെ ആജ്ഞ ഉടനെ അനുസ​രി​ക്കു​ന്ന​തി​നു പകരം ലോത്ത്‌ “മടിച്ചു​നി​ന്നു.” അവസാനം ദൂതന്മാർക്കു ലോത്തി​നെ​യും കുടും​ബ​ത്തെ​യും കൈക്കു പിടിച്ച്‌ നഗരത്തി​നു പുറത്തു കൊണ്ടു​വ​രേ​ണ്ടി​വന്നു. (ഉൽപ. 19:15, 16) എന്നിട്ട്‌ മലകളി​ലേക്ക്‌ ഓടി​പ്പോ​കാൻ ലോത്തി​നോ​ടു പറഞ്ഞു. എന്നാൽ യഹോ​വയെ അനുസ​രി​ക്കു​ന്ന​തി​നു പകരം അടുത്തുള്ള പട്ടണത്തി​ലേക്കു പോകാൻ ലോത്ത്‌ അനുവാ​ദം ചോദി​ച്ചു. (ഉൽപ. 19:17-20) ലോത്ത്‌ പറഞ്ഞത്‌ യഹോവ ക്ഷമയോ​ടെ കേൾക്കു​ക​യും അടുത്തുള്ള ആ പട്ടണത്തി​ലേക്കു പോകാൻ അനുവാ​ദം കൊടു​ക്കു​ക​യും ചെയ്‌തു. പിന്നീട്‌ അവിടെ താമസി​ക്കാൻ ലോത്തി​നു പേടി തോന്നി. അതു​കൊണ്ട്‌ ലോത്ത്‌ മലനാ​ട്ടി​ലേക്കു പോയി. യഹോവ ആദ്യം പോകാൻ പറഞ്ഞ അതേ സ്ഥലത്തേക്ക്‌! (ഉൽപ. 19:30) എത്ര വലിയ ക്ഷമയാണ്‌ യഹോവ കാണി​ച്ചത്‌! നമുക്ക്‌ എങ്ങനെ യഹോ​വയെ അനുക​രി​ക്കാം?

5-6. 1 തെസ്സ​ലോ​നി​ക്യർ 5:14–നു ചേർച്ച​യിൽ നമുക്ക്‌ എങ്ങനെ ദൈവത്തെ അനുക​രി​ക്കാം?

5 ലോത്തി​നെ​പ്പോ​ലെ, നമ്മുടെ ആത്മീയ​കു​ടും​ബ​ത്തി​ലെ ആരെങ്കി​ലും മോശ​മായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ക​യും അതിന്റെ ഫലമായി പ്രശ്‌ന​ങ്ങ​ളിൽ ചെന്നു​പെ​ടു​ക​യും ചെയ്‌തേ​ക്കാം. അങ്ങനെ സംഭവി​ച്ചാൽ നമ്മൾ എന്തു ചെയ്യും? ‘ഒരാൾ വിതയ്‌ക്കു​ന്നതു തന്നെ കൊയ്യും’ എന്നൊക്കെ അയാ​ളോ​ടു പറയാൻ നമുക്ക്‌ തോന്നി​യേ​ക്കാം. അത്‌ സത്യമാ​ണു​താ​നും. (ഗലാ. 6:7) എന്നാൽ ഇതി​നെ​ക്കാൾ നല്ല ഒരു വഴിയുണ്ട്‌. യഹോവ ലോത്തി​നെ സഹായിച്ച വിധം അനുക​രി​ക്കുക. അത്‌ എങ്ങനെ ചെയ്യാം?

6 യഹോവ ദൂതന്മാ​രെ അയച്ചതു ലോത്തി​നു മുന്നറി​യി​പ്പു കൊടു​ക്കാൻ മാത്രമല്ല, സൊ​ദോ​മി​ന്റെ നാശത്തെ അതിജീ​വി​ക്കാൻ സഹായി​ക്കാ​നു​മാണ്‌. അതു​പോ​ലെ നമ്മുടെ ഒരു സഹോ​ദരൻ കുഴപ്പ​ത്തിൽ ചാടാൻ പോകു​ക​യാ​ണെന്നു കാണു​മ്പോൾ നമ്മൾ മുന്നറി​യി​പ്പു കൊടു​ത്തേ​ക്കാം. എന്നാൽ നമുക്ക്‌ ആ സഹോ​ദ​രനെ സഹായി​ക്കാ​നും കഴി​ഞ്ഞേ​ക്കും. ബൈബി​ളിൽനിന്ന്‌ കാണി​ച്ചു​കൊ​ടു​ക്കുന്ന മാർഗ​നിർദേ​ശ​ത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കാൻ ആ സഹോ​ദരൻ വൈകു​ന്നെ​ങ്കി​ലോ? ദേഷ്യം തോന്ന​രുത്‌. ആ രണ്ടു ദൂതന്മാ​രെ​പ്പോ​ലെ നമ്മൾ പ്രവർത്തി​ക്കണം. ക്ഷമ നശിച്ച്‌ സഹായി​ക്കാ​നുള്ള ശ്രമം ഉപേക്ഷി​ക്കു​ന്ന​തി​നു പകരം പ്രാ​യോ​ഗി​ക​സ​ഹാ​യങ്ങൾ നൽകാൻ ശ്രമി​ക്കുക. (1 യോഹ. 3:18) അദ്ദേഹ​ത്തി​നു കൊടുത്ത ഉപദേ​ശ​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കാൻ സഹായി​ച്ചു​കൊണ്ട്‌ നമ്മൾ ആ സഹോ​ദ​രനെ ‘കൈക്കു പിടിച്ച്‌’ നടത്തണം.1 തെസ്സ​ലോ​നി​ക്യർ 5:14 വായി​ക്കുക.

7. വേറെ ഏതു വിധത്തിൽ നമുക്ക്‌ യഹോ​വയെ അനുക​രി​ക്കാം?

7 കാലങ്ങൾക്കു ശേഷം, ലോത്തി​നെ നീതി​മാ​നെന്നു വിശേ​ഷി​പ്പി​ക്കാൻ യഹോവ പത്രോ​സി​നെ പ്രചോ​ദി​പ്പി​ച്ചു. ലോത്തി​ന്റെ അപൂർണ്ണ​ത​ക​ളി​ലല്ല യഹോവ ശ്രദ്ധി​ച്ച​തെന്ന്‌ ഇതു കാണി​ക്കു​ന്നി​ല്ലേ? യഹോവ നമ്മുടെ തെറ്റുകൾ കണക്കി​ടാ​ത്ത​തിൽ നമ്മൾ എത്ര സന്തോ​ഷ​മു​ള്ള​വ​രാണ്‌! (സങ്കീ. 130:3) യഹോ​വയെ അനുക​രി​ച്ചു​കൊണ്ട്‌ നമുക്കു നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​ടെ നല്ല ഗുണങ്ങ​ളിൽ ശ്രദ്ധി​ക്കാം. അപ്പോൾ നമുക്ക്‌ അവരോ​ടു കൂടുതൽ ക്ഷമയോ​ടെ ഇടപെ​ടാൻ പറ്റും. നമ്മുടെ സഹായം സ്വീക​രി​ക്കാൻ അവർക്ക്‌ കൂടുതൽ എളുപ്പ​മാ​കു​ക​യും ചെയ്യും.

അനുക​മ്പ​യു​ള്ള​വ​രാ​യി​രി​ക്കുക

8. അനുകമ്പ എന്തു ചെയ്യാൻ നമ്മളെ പ്രേരി​പ്പി​ക്കും?

8 കഷ്ടതകൾ അനുഭ​വിച്ച മറ്റൊ​രാ​ളാണ്‌ ഇയ്യോബ്‌. ലോത്തി​നെ​പ്പോ​ലെ ഏതെങ്കി​ലും മോശ​മായ തീരു​മാ​നം എടുത്ത​തി​ന്റെ ഫലമായല്ല അതു സംഭവി​ച്ചത്‌. പക്ഷേ ഇയ്യോ​ബി​ന്റെ ജീവി​ത​ത്തി​ലും വലിയ ദുരന്ത​ങ്ങ​ളു​ണ്ടാ​യി. ഇയ്യോ​ബി​നു സമ്പത്തെ​ല്ലാം നഷ്ടമായി. സമൂഹ​ത്തി​ലെ നിലയും വിലയും പോയി. ആരോ​ഗ്യം നഷ്ടപ്പെട്ടു. എല്ലാറ്റി​ലും ഉപരി, ഇയ്യോ​ബി​ന്റെ എല്ലാ മക്കളും മരിച്ചു​പോ​യി. അതായി​രി​ക്കാം ഇയ്യോ​ബി​നെ​യും ഭാര്യ​യെ​യും ഏറ്റവും അധികം ദുഃഖി​പ്പി​ച്ചത്‌. മൂന്നു വ്യാജ​സു​ഹൃ​ത്തു​ക്കൾ ഇയ്യോ​ബി​നെ​തി​രെ ആരോ​പണം ഉന്നയിച്ചു. ആ വ്യാജാ​ശ്വാ​സ​കർക്ക്‌ ഇയ്യോ​ബി​നോട്‌ അനുകമ്പ തോന്നാ​തി​രു​ന്ന​തി​ന്റെ ഒരു കാരണം എന്താണ്‌? ഇയ്യോ​ബി​ന്റെ വേദന മനസ്സി​ലാ​ക്കാൻ അവർ ശ്രമി​ച്ചില്ല, പകരം അവർ എടുത്തു​ചാ​ടി തെറ്റായ നിഗമ​ന​ത്തിൽ എത്തുക​യും ഇയ്യോ​ബി​നെ ഒരു ദയയു​മി​ല്ലാ​തെ കുറ്റം​വി​ധി​ക്കു​ക​യും ചെയ്‌തു. ഇതു​പോ​ലൊ​രു പിഴവ്‌ വരുത്താ​തി​രി​ക്കാൻ നമ്മൾ എന്തു ചെയ്യണം? ഒരാളു​ടെ സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ എല്ലാം അറിയാ​വു​ന്നത്‌ യഹോ​വ​യ്‌ക്കു മാത്ര​മാ​ണെന്ന്‌ ഓർക്കുക. കഷ്ടത അനുഭ​വി​ക്കുന്ന വ്യക്തി സംസാ​രി​ക്കു​മ്പോൾ ശ്രദ്ധി​ച്ചു​കേൾക്കുക. കേവലം പറയു​ന്നതു കേട്ടി​രു​ന്നാൽ പോരാ, പകരം ആ വ്യക്തി​യു​ടെ വേദന നമുക്ക്‌ അനുഭ​വി​ച്ച​റി​യാ​നാ​കണം. എങ്കിൽ മാത്രമേ നമുക്ക്‌ ആ സഹോ​ദ​ര​നോട്‌ യഥാർഥ സഹാനു​ഭൂ​തി കാണി​ക്കാൻ കഴിയു​ക​യു​ള്ളൂ.

9. അനുക​മ്പ​യു​ണ്ടെ​ങ്കിൽ നമ്മൾ എന്തു ചെയ്യില്ല, എന്തു​കൊണ്ട്‌?

9 അനുക​മ്പ​യു​ണ്ടെ​ങ്കിൽ മറ്റുള്ളവർ അനുഭ​വി​ക്കുന്ന പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ അനാവ​ശ്യ​മാ​യി നമ്മൾ പറഞ്ഞു​ന​ട​ക്കില്ല. പരകാ​ര്യ​ങ്ങൾ പറഞ്ഞു​ന​ട​ക്കു​ന്ന​യാൾ സഭയെ ബലപ്പെ​ടു​ത്തു​കയല്ല, മറിച്ച്‌ സഭയുടെ ഐക്യം തകർക്കു​ക​യാണ്‌. (സുഭാ. 20:19; റോമ. 14:19) അങ്ങനെ​യൊ​രാൾക്കു ദയയു​ണ്ടെന്നു പറയാ​നാ​കില്ല, ചിന്തി​ക്കാ​തെ പറയുന്ന വാക്കുകൾ വേദനി​ച്ചി​രി​ക്കുന്ന വ്യക്തിയെ വീണ്ടും മുറി​പ്പെ​ടു​ത്തും. (സുഭാ. 12:18; എഫെ. 4:31, 32) പകരം അദ്ദേഹ​ത്തി​ന്റെ നല്ല ഗുണങ്ങൾ കാണാൻ ശ്രമി​ക്കു​ന്നത്‌ എത്ര നന്നായി​രി​ക്കും! മാത്രമല്ല, ആ വ്യക്തി പ്രശ്‌ന​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കു​മ്പോൾ എങ്ങനെ സഹായി​ക്കാ​മെ​ന്നും നമുക്കു ചിന്തി​ക്കാം.

ഒരു സഹവി​ശ്വാ​സി നിയ​ന്ത്ര​ണം​വിട്ട്‌ സംസാ​രി​ക്കു​ന്നെ​ങ്കിൽ ക്ഷമയോ​ടെ കേൾക്കുക, ഉചിതമായ സമയത്ത്‌ ആശ്വാസം പകരുന്ന വാക്കുകൾ പറയുക (10, 11 ഖണ്ഡികകൾ കാണുക) *

10. ഇയ്യോബ്‌ 6:2, 3 ഏതു വസ്‌തുത നമ്മുടെ ഓർമ​യി​ലേക്കു കൊണ്ടു​വ​രു​ന്നു?

10 ഇയ്യോബ്‌ 6:2, 3 വായിക്കുക. ചില സമയങ്ങ​ളിൽ ഇയ്യോബ്‌ “മയമി​ല്ലാ​തെ, നിയ​ന്ത്ര​ണം​വിട്ട്‌” സംസാ​രി​ച്ചു. എന്നാൽ പിന്നീട്‌, താൻ പറഞ്ഞ ചില കാര്യങ്ങൾ ഇയ്യോ​ബി​നു തിരി​ച്ചെ​ടു​ക്കേ​ണ്ടി​വന്നു. (ഇയ്യോ. 42:6) ഇയ്യോ​ബി​നെ​പ്പോ​ലെ പ്രശ്‌ന​ങ്ങ​ളു​ടെ സമ്മർദ​ത്തിൽ വലയുന്ന ഒരാൾ ചിന്തി​ക്കാ​തെ പലതും പറഞ്ഞു​പോ​യേ​ക്കാം, അതെക്കു​റിച്ച്‌ പിന്നീട്‌ സങ്കട​പ്പെ​ടു​ക​യും ചെയ്‌തേ​ക്കാം. അപ്പോൾ നമ്മൾ എന്തു ചെയ്യണം? കുറ്റ​പ്പെ​ടു​ത്തു​ന്ന​തി​നു പകരം അനുകമ്പ കാണി​ക്കുക. നമ്മൾ ഇന്ന്‌ അനുഭ​വി​ക്കുന്ന പ്രശ്‌ന​ങ്ങ​ളും വേദന​ക​ളും ഒക്കെ കൈകാ​ര്യം ചെയ്യാ​നുള്ള വിധത്തി​ലല്ല യഹോവ മനുഷ്യ​രെ സൃഷ്ടി​ച്ചത്‌. കാരണം ഇതൊ​ന്നും ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തി​ന്റെ ഭാഗമ​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ ക്ലേശങ്ങ​ളി​ലൂ​ടെ കടന്നു​പോ​കു​മ്പോൾ യഹോ​വ​യു​ടെ ഒരു വിശ്വ​സ്‌ത​ദാ​സൻ ചിന്താ​ശൂ​ന്യ​മാ​യി സംസാ​രി​ച്ചാൽ അതിൽ അതിശ​യി​ക്കാ​നില്ല. അത്തരം സാഹച​ര്യ​ങ്ങ​ളിൽ ഒരാൾ യഹോ​വ​യെ​ക്കു​റി​ച്ചോ നമ്മളെ​ക്കു​റി​ച്ചോ ഒരു അടിസ്ഥാ​ന​വു​മി​ല്ലാത്ത കാര്യങ്ങൾ പറഞ്ഞേ​ക്കാം. അപ്പോൾ നമ്മൾ പെട്ടെന്നു ദേഷ്യ​പ്പെ​ടു​ക​യോ അങ്ങനെ പറഞ്ഞതിന്‌ അയാളെ കുറ്റ​പ്പെ​ടു​ത്തു​ക​യോ ചെയ്യരുത്‌.—സുഭാ. 19:11.

11. ബുദ്ധി​യു​പ​ദേശം കൊടു​ക്കു​മ്പോൾ മൂപ്പന്മാർക്ക്‌ എങ്ങനെ എലീഹു​വി​ന്റെ മാതൃക അനുക​രി​ക്കാം?

11 ചില സമയങ്ങ​ളിൽ, പ്രയാസം അനുഭ​വി​ക്കുന്ന വ്യക്തിക്കു ബുദ്ധി​യു​പ​ദേശം കൊടു​ക്കേ​ണ്ട​താ​യി വന്നേക്കാം. (ഗലാ. 6:1) മൂപ്പന്മാർക്ക്‌ എങ്ങനെ അതു ചെയ്യാം? അവർക്ക്‌ എലീഹു​വി​ന്റെ മാതൃക അനുക​രി​ക്കാൻ കഴിയും. എലീഹു ഇയ്യോബ്‌ പറഞ്ഞ കാര്യങ്ങൾ അനുക​മ്പ​യോ​ടെ കേട്ടു. (ഇയ്യോ. 33:6, 7) ഇയ്യോ​ബി​ന്റെ ചിന്തകൾ മനസ്സി​ലാ​ക്കി​യ​തി​നു ശേഷം മാത്ര​മാണ്‌ എലീഹു ബുദ്ധി​യു​പ​ദേശം കൊടു​ത്തത്‌. എലീഹു​വി​ന്റെ മാതൃക അനുക​രി​ക്കുന്ന മൂപ്പന്മാർ, പ്രയാസം അനുഭ​വി​ക്കുന്ന വ്യക്തിയെ ശ്രദ്ധി​ക്കു​ക​യും അദ്ദേഹ​ത്തി​ന്റെ അവസ്ഥ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്യും. അതിനു ശേഷമാ​ണു ബുദ്ധി​യു​പ​ദേശം കൊടു​ക്കു​ന്ന​തെ​ങ്കിൽ അത്‌ ആ വ്യക്തി​യു​ടെ ഹൃദയ​ത്തിൽ എത്താനുള്ള സാധ്യത കൂടു​ത​ലാണ്‌.

ആശ്വാസം തോന്നുന്ന രീതി​യിൽ സംസാ​രി​ക്കു​ക

12. ഭർത്താ​വി​ന്റെ​യും രണ്ട്‌ ആൺമക്ക​ളു​ടെ​യും മരണം നൊ​വൊ​മി​യെ എങ്ങനെ ബാധിച്ചു?

12 യഹോ​വയെ സ്‌നേ​ഹിച്ച ഒരു വിശ്വ​സ്‌ത​സ്‌ത്രീ​യാ​യി​രു​ന്നു നൊ​വൊ​മി. ഭർത്താ​വി​ന്റെ​യും രണ്ട്‌ ആൺമക്ക​ളു​ടെ​യും മരണത്തി​നു ശേഷം തന്റെ പേര്‌, “കയ്‌പു​ള്ളത്‌” എന്ന്‌ അർഥം വരുന്ന “മാറാ” എന്ന്‌ മാറ്റാൻ നൊ​വൊ​മിക്ക്‌ തോന്നി​പ്പോ​യി. (രൂത്ത്‌ 1:3, 5, 20, അടിക്കു​റിപ്പ്‌, 21) ബുദ്ധി​മുട്ട്‌ നിറഞ്ഞ ഈ സമയ​ത്തെ​ല്ലാം മരുമ​ക​ളായ രൂത്ത്‌ നൊ​വൊ​മി​യു​ടെ ഒപ്പം നിന്നു. രൂത്ത്‌ നൊ​വൊ​മിക്ക്‌ ആവശ്യ​മാ​യ​തെ​ല്ലാം ചെയ്‌തു​കൊ​ടു​ത്തു എന്നു മാത്രമല്ല നൊ​വൊ​മി​യോട്‌ ആശ്വാസം തോന്നുന്ന രീതി​യിൽ സംസാ​രി​ക്കു​ക​യും ചെയ്‌തു. ആത്മാർഥ​ത​യോ​ടെ പറഞ്ഞ ഏതാനും ചില വാക്കു​ക​ളി​ലൂ​ടെ തന്റെ സ്‌നേ​ഹ​വും പിന്തു​ണ​യും രൂത്ത്‌ പ്രകടി​പ്പി​ച്ചു.—രൂത്ത്‌ 1:16, 17.

13. വിവാഹ ഇണയെ മരണത്തിൽ നഷ്ടപ്പെ​ട്ട​വർക്കു നമ്മുടെ പിന്തുണ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

13 ഇണയെ മരണത്തിൽ നഷ്ടമായ ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​ക്കോ നമ്മുടെ പിന്തുണ ആവശ്യ​മാണ്‌. അടുത്ത​ടുത്ത്‌ വളർന്നു​വ​രുന്ന രണ്ടു മരങ്ങ​ളോ​ടു ഭാര്യാ​ഭർത്താ​ക്ക​ന്മാ​രെ ഉപമി​ക്കാ​നാ​കും. വർഷങ്ങൾ കടന്നു​പോ​കു​മ്പോൾ ആ മരങ്ങളു​ടെ വേരുകൾ തമ്മിൽ കെട്ടു​പി​ണ​യും. അതിൽ ഒരു മരം വേരോ​ടെ മറിഞ്ഞു​വീ​ണാൽ മറ്റേ മരത്തെ അതു സാരമാ​യി ബാധി​ക്കും. അതു​പോ​ലെ ഇണയെ മരണമെന്ന ശത്രു കവർന്നെ​ടു​ക്കു​മ്പോൾ അത്‌ മറ്റേയാ​ളെ തകർത്തു​ക​ള​ഞ്ഞേ​ക്കാം. അതിൽനിന്ന്‌ കരകയ​റാൻ കുറെ കാല​മെ​ടു​ത്തേ​ക്കാം. ഭർത്താ​വി​നെ അപ്രതീ​ക്ഷി​ത​മാ​യി മരണത്തിൽ നഷ്ടപ്പെട്ട പൗലാ * പറയുന്നു: “എന്റെ ജീവിതം കീഴ്‌മേൽ മറിഞ്ഞു, എന്റെ ശക്തി​യെ​ല്ലാം ചോർന്നു​പോ​യ​തു​പോ​ലെ എനിക്കു തോന്നി. എന്റെ ഏറ്റവും നല്ല സുഹൃ​ത്തി​നെ​യാണ്‌ എനിക്കു നഷ്ടമാ​യത്‌. ഞാൻ എല്ലാ കാര്യ​ങ്ങ​ളും അദ്ദേഹ​ത്തോ​ടു പറയു​മാ​യി​രു​ന്നു. സന്തോ​ഷങ്ങൾ പങ്കു​വെ​ക്കാ​നും സങ്കടങ്ങൾ ഇറക്കി​വെ​ക്കാ​നും അദ്ദേഹം എപ്പോ​ഴും എന്റെകൂ​ടെ ഉണ്ടായി​രു​ന്നു. അദ്ദേഹം എനിക്കു ശരിക്കും താങ്ങും തണലും ആയിരു​ന്നു. എന്റെ പാതി മുറി​ച്ചു​മാ​റ്റി​യ​തു​പോ​ലെ​യാണ്‌ എനിക്ക്‌ തോന്നി​യത്‌.”

ഇണയെ നഷ്ടപ്പെ​ട്ട​വരെ നമുക്ക്‌ എങ്ങനെ പിന്തു​ണ​യ്‌ക്കാം? (14, 15 ഖണ്ഡികകൾ കാണുക) *

14-15. വിവാ​ഹ​യിണ നഷ്ടപ്പെട്ട ഒരാളെ നമുക്ക്‌ എങ്ങനെ ആശ്വസി​പ്പി​ക്കാം?

14 ഇണയെ മരണത്തിൽ നഷ്ടപ്പെട്ട ഒരാളെ നമുക്ക്‌ എങ്ങനെ ആശ്വസി​പ്പി​ക്കാം? അവരോ​ടു സംസാ​രി​ക്കുക എന്നതാണ്‌ ഒരു പ്രധാ​ന​കാ​ര്യം. അവരോട്‌ എന്തു പറയണം, എങ്ങനെ പറയണം എന്നൊ​ന്നും അറിയി​ല്ലെന്ന്‌ ഓർത്ത്‌ മടിച്ചു​നിൽക്ക​രുത്‌. നേരത്തേ കണ്ട പൗലാ പറയുന്നു: “മരിച്ച​യാ​ളു​ടെ പ്രിയ​പ്പെ​ട്ട​വ​രോട്‌ എന്തു പറയണ​മെന്നു പലർക്കും അറിയി​ല്ലാ​യി​രി​ക്കും. ആശ്വസി​പ്പി​ക്കാൻ പറയുന്ന വാക്കുകൾ തെറ്റി​പ്പോ​യേ​ക്കു​മോ എന്ന്‌ ആളുകൾ ചിന്തി​ച്ചേ​ക്കാം. പക്ഷേ, ആരും ഒന്നും പറയാ​തി​രി​ക്കു​ന്ന​തി​നെ​ക്കാൾ നല്ലതാണ്‌ ആരെങ്കി​ലും എന്തെങ്കി​ലും പറയു​ന്നത്‌ എന്നാണ്‌ എനിക്കു തോന്നു​ന്നത്‌, അത്‌ അൽപ്പം തെറ്റി​പ്പോ​യാ​ലും.” വിഷമി​ച്ചി​രി​ക്കുന്ന വ്യക്തി സാധാ​ര​ണ​ഗ​തി​യിൽ നമ്മളിൽനിന്ന്‌ ‘ജ്ഞാന​മൊ​ഴി​കൾ’ കേൾക്കാൻ പ്രതീ​ക്ഷി​ക്കില്ല. പൗലാ തുടരു​ന്നു: “ചില കൂട്ടു​കാർ, ‘നിനക്ക്‌ ഇതു സംഭവി​ച്ച​തിൽ എനിക്കു സങ്കടമുണ്ട്‌’ എന്നു പറഞ്ഞതു​പോ​ലും എനിക്ക്‌ ആശ്വാ​സ​മാ​യി.”

15 കുറച്ച്‌ വർഷങ്ങൾക്കു മുമ്പ്‌ ഭാര്യ മരിച്ചു​പോയ വില്ല്യം പറയുന്നു: “ഭാര്യ​യെ​ക്കു​റി​ച്ചുള്ള നല്ല ഓർമകൾ മറ്റുള്ളവർ പറഞ്ഞു​കേൾക്കു​ന്നത്‌ എനിക്ക്‌ ഇഷ്ടമാണ്‌. അങ്ങനെ ആളുകൾക്ക്‌ അവളോ​ടു സ്‌നേ​ഹ​വും ആദരവും ഉണ്ടായി​രു​ന്നെന്ന്‌ എനിക്ക്‌ ഉറപ്പു കിട്ടുന്നു. ഇത്‌ എനിക്ക്‌ വലിയ സഹായ​മാണ്‌. ഉള്ളിന്റെ ഉള്ളിൽ വലിയ ആശ്വാസം തോന്നു​ന്നു. കാരണം അവൾ എനിക്ക്‌ അത്ര പ്രിയ​പ്പെ​ട്ടവൾ ആയിരു​ന്നു; എന്റെ ജീവനാ​യി​രു​ന്നു.” ഭർത്താവ്‌ മരിച്ചു​പോയ ബിയാങ്ക പറയുന്നു: “മറ്റുള്ളവർ എന്റെകൂ​ടെ ഇരുന്ന്‌ പ്രാർഥി​ക്കു​ന്ന​തും ഒന്നോ രണ്ടോ തിരു​വെ​ഴു​ത്തു​കൾ വായി​ക്കു​ന്ന​തും എനിക്ക്‌ ആശ്വാ​സ​മാണ്‌. അവർ എന്റെ ഭർത്താ​വി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ന്ന​തും ഞാൻ അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​മ്പോൾ അവർ കേൾക്കു​ന്ന​തും എനിക്ക്‌ വലിയ സഹായ​മാണ്‌.”

16. (എ) പ്രിയ​പ്പെട്ട ഒരാളെ മരണത്തിൽ നഷ്ടപ്പെട്ട വ്യക്തി​കളെ പിന്തു​ണ​യ്‌ക്കു​ന്നതു പെട്ടെന്നു നിറു​ത്ത​രു​താ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) യാക്കോബ്‌ 1:27 അനുസ​രിച്ച്‌ നമുക്ക്‌ എന്ത്‌ ഉത്തരവാ​ദി​ത്വ​മുണ്ട്‌?

16 രൂത്ത്‌ നൊ​വൊ​മി​യെ വിട്ടു​പോ​യില്ല. അതു​പോ​ലെ പ്രിയ​പ്പെട്ട ഒരാളെ മരണത്തിൽ നഷ്ടപ്പെട്ട വ്യക്തി​കൾക്കു സഹായം നൽകു​ന്നതു നമ്മൾ എളുപ്പം നിറു​ത്തി​ക്ക​ള​യ​രുത്‌. പൗലാ പറയുന്നു: “എന്റെ ഭർത്താവ്‌ മരിച്ച​തി​നു ശേഷമുള്ള സമയങ്ങ​ളിൽ എനിക്കു നല്ല പിന്തുണ കിട്ടി. സമയം കടന്നു​പോ​യ​തോ​ടെ ആളുകൾ അവരുടെ സാധാ​ര​ണ​ജീ​വി​ത​ത്തി​ലേക്കു മടങ്ങി​പ്പോ​കു​ന്ന​താ​യി എനിക്കു തോന്നി. പക്ഷേ എന്റെ ജീവിതം തികച്ചും മാറി​പ്പോ​യി. പ്രിയ​പ്പെ​ട്ട​വ​രു​ടെ വേർപാ​ടിൽ വേദനി​ക്കു​ന്ന​വർക്കു മാസങ്ങ​ളോ​ളം, ഒരുപക്ഷേ വർഷങ്ങ​ളോ​ളം മറ്റുള്ള​വ​രു​ടെ പിന്തുണ ആവശ്യ​മാണ്‌. ഇതു മനസ്സി​ലാ​ക്കി പ്രവർത്തി​ക്കു​ന്നതു വലി​യൊ​രു സഹായ​മാ​യി​രി​ക്കും.” ഓരോ​രു​ത്ത​രും വ്യത്യ​സ്‌ത​രാണ്‌ എന്നതു ശരിയാണ്‌. ചിലർ തങ്ങളുടെ പുതിയ സാഹച​ര്യ​ങ്ങ​ളോട്‌ എളുപ്പ​ത്തിൽ ഇണങ്ങി​ച്ചേർന്നേ​ക്കാം. എന്നാൽ മറ്റു ചിലർ അങ്ങനെയല്ല. മരിച്ചു​പോയ പ്രിയ​പ്പെ​ട്ട​വ​രു​ടെ​കൂ​ടെ മുമ്പ്‌ ചെയ്‌തി​രുന്ന കാര്യങ്ങൾ അവർ ഇപ്പോൾ ചെയ്യു​മ്പോൾ ആ വ്യക്തിയെ ഓർത്തു​പോ​കും. ആ ഓർമകൾ അവരെ വേദനി​പ്പി​ക്കും. ദുഃഖം പ്രകടി​പ്പി​ക്കു​ന്നത്‌ ഓരോ​രു​ത്ത​രും ഓരോ തരത്തി​ലാ​യി​രി​ക്കും. ഇണയെ മരണത്തിൽ നഷ്ടപ്പെ​ട്ട​വരെ സഹായി​ക്കാ​നുള്ള പദവി​യും ഉത്തരവാ​ദി​ത്വ​വും യഹോവ നമുക്കു നൽകു​ന്നു​ണ്ടെന്ന്‌ ഓർത്തി​രി​ക്കാം.—യാക്കോബ്‌ 1:27 വായി​ക്കുക.

17. വിവാ​ഹ​യിണ ഉപേക്ഷി​ക്കു​ന്ന​വർക്കു നമ്മുടെ സഹായ​വും പിന്തു​ണ​യും വേണ്ടത്‌ എന്തു​കൊണ്ട്‌?

17 ചിലർക്ക്‌ ഇണ ഉപേക്ഷി​ച്ചു​പോ​കു​ന്ന​തി​ന്റെ തീവ്ര​മായ വേദന​യും സമ്മർദ​വും അനുഭ​വി​ക്കേ​ണ്ടി​വ​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ജോയ്‌സി​ന്റെ ഭർത്താവ്‌ മറ്റൊരു സ്‌ത്രീ​യു​ടെ​കൂ​ടെ ജീവി​ക്കാ​നാ​യി അവരെ വിട്ടു​പോ​യി. ജോയ്‌സ്‌ പറയുന്നു: “ഭർത്താവ്‌ മരിച്ചു​പോ​യാൽപ്പോ​ലും എനിക്ക്‌ ഇത്രയും വേദന തോന്നു​മാ​യി​രു​ന്നില്ല. ഒരു അപകട​ത്താ​ലോ രോഗം വന്നോ മരിക്കു​ക​യാ​യി​രു​ന്നെ​ങ്കിൽ അദ്ദേഹത്തെ കുറ്റം പറയാൻ കഴിയി​ല്ല​ല്ലോ. പക്ഷേ എന്നെ ഭർത്താവ്‌ ഉപേക്ഷി​ക്കാൻ തീരു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഞാൻ വില​കെ​ട്ട​വ​ളാ​ണെന്ന്‌ എനിക്കു തോന്നി​പ്പോ​യി.”

18. വിവാ​ഹ​യിണ കൂടെ​യി​ല്ലാ​ത്ത​തി​ന്റെ വേദന അനുഭ​വി​ക്കു​ന്ന​വരെ സഹായി​ക്കാൻ കഴിയുന്ന ചില വിധങ്ങൾ പറയുക.

18 വിവാ​ഹ​യിണ കൂടെ​യി​ല്ലാ​ത്ത​തി​ന്റെ വേദന അനുഭ​വി​ക്കു​ന്ന​വർക്കു ചെറി​യ​ചെ​റിയ ദയാ​പ്ര​വൃ​ത്തി​കൾ ചെയ്‌തു​കൊ​ടു​ക്കു​മ്പോൾ, അവരോ​ടു ശരിക്കും സ്‌നേ​ഹ​മു​ണ്ടെന്നു നമ്മൾ കാണി​ക്കു​ക​യാണ്‌. അവർ ഒറ്റയ്‌ക്കാണ്‌, അവർക്കു നല്ല സുഹൃ​ത്തു​ക്കളെ ആവശ്യ​മുണ്ട്‌. (സുഭാ. 17:17) അവരുടെ സ്‌നേ​ഹി​ത​നാ​ണെന്നു നിങ്ങൾക്ക്‌ എങ്ങനെ തെളി​യി​ക്കാം? അവരെ ഒരു നേരത്തെ ഭക്ഷണത്തി​നു വീട്ടി​ലേക്കു ക്ഷണിക്കാം. അവരോ​ടൊ​പ്പം എന്തെങ്കി​ലും വിനോ​ദ​ങ്ങ​ളിൽ ഏർപ്പെ​ടു​ക​യോ വയൽസേ​വ​ന​ത്തി​നു പോകു​ക​യോ ചെയ്യാം. ഇനി, ഇടയ്‌ക്കൊ​ക്കെ അവരെ നിങ്ങളു​ടെ കുടും​ബാ​രാ​ധ​ന​യ്‌ക്കു വിളി​ക്കാം. ഇങ്ങനെ​യെ​ല്ലാം ചെയ്യു​മ്പോൾ നിങ്ങൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ക​യാണ്‌. ഓർക്കുക: യഹോവ “ഹൃദയം തകർന്ന​വ​രു​ടെ അരികി​ലുണ്ട്‌,” യഹോവ “വിധവ​മാ​രു​ടെ സംരക്ഷകൻ” ആണ്‌.—സങ്കീ. 34:18; 68:5.

19. 1 പത്രോസ്‌ 3:8 നമ്മളോട്‌ എന്തു ചെയ്യാ​നാണ്‌ ആവശ്യ​പ്പെ​ടു​ന്നത്‌?

19 വൈകാ​തെ ദൈവ​രാ​ജ്യം ഭൂമിയെ ഭരിക്കും, അന്ന്‌ ആളുകൾ ഇന്നത്തെ “യാതന​ക​ളെ​ല്ലാം മറന്നു​പോ​യി​രി​ക്കും.” അന്ന്‌, “പഴയ കാര്യങ്ങൾ ആരു​ടെ​യും മനസ്സി​ലേക്കു വരില്ല; ആരു​ടെ​യും ഹൃദയ​ത്തിൽ അവയു​ണ്ടാ​യി​രി​ക്കില്ല.” ആ കാലത്തി​നാ​യി എത്ര ആകാം​ക്ഷ​യോ​ടെ​യാ​ണു നമ്മൾ കാത്തി​രി​ക്കു​ന്നത്‌! (യശ. 65:16, 17) അതുവരെ, നമുക്ക്‌ അന്യോ​ന്യം പിന്തു​ണ​യ്‌ക്കാം, വാക്കു​കൊ​ണ്ടും പ്രവൃ​ത്തി​കൊ​ണ്ടും നമ്മുടെ ആത്മീയ​കു​ടും​ബ​ത്തി​ലെ എല്ലാവ​രെ​യും സ്‌നേ​ഹി​ക്കു​ന്നെന്നു തെളി​യി​ക്കാം.—1 പത്രോസ്‌ 3:8 വായി​ക്കുക.

ഗീതം 111 സന്തോ​ഷി​ക്കാ​നുള്ള കാരണങ്ങൾ

^ ഖ. 5 ലോത്തും ഇയ്യോ​ബും നൊ​വൊ​മി​യും യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ച്ച​വ​രാണ്‌. എന്നാൽ അവർക്കും ജീവി​ത​ത്തിൽ പല ബുദ്ധി​മു​ട്ടു​ക​ളും സഹി​ക്കേ​ണ്ടി​വന്നു. അവരുടെ അനുഭ​വ​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം പഠിക്കാൻ കഴിയു​മെന്ന്‌ ഈ ലേഖനം ചർച്ച ചെയ്യും. സഹോ​ദ​രങ്ങൾ പ്രശ്‌നങ്ങൾ നേരി​ടു​മ്പോൾ അവരോ​ടു ക്ഷമയും അനുക​മ്പ​യും കാണി​ക്കു​ക​യും ആശ്വാസം തോന്നുന്ന രീതി​യിൽ സംസാ​രി​ക്കു​ക​യും ചെയ്യേ​ണ്ടതു പ്രധാ​ന​മാ​ണെ​ന്നും നമ്മൾ പഠിക്കും.

^ ഖ. 13 ഈ ലേഖന​ത്തി​ലേത്‌ യഥാർഥ​പേ​രു​കളല്ല.

^ ഖ. 57 ചിത്രക്കുറിപ്പ്‌: സമ്മർദം അനുഭ​വി​ക്കുന്ന ഒരു സഹോ​ദരൻ “മയമി​ല്ലാ​തെ, നിയ​ന്ത്ര​ണം​വിട്ട്‌” സംസാ​രി​ക്കു​മ്പോൾ ഒരു മൂപ്പൻ ക്ഷമയോ​ടെ കേട്ടി​രി​ക്കു​ന്നു. പിന്നീട്‌, സഹോ​ദരൻ ശാന്തനാ​യി​രി​ക്കുന്ന ഒരു സമയത്ത്‌, മൂപ്പൻ ദയയോ​ടെ വേണ്ട സഹായം കൊടു​ക്കു​ന്നു.

^ ഖ. 59 ചിത്രക്കുറിപ്പ്‌: അടുത്ത കാലത്ത്‌ ഭാര്യ മരിച്ചു​പോയ ഒരു സഹോ​ദ​ര​നോ​ടൊ​പ്പം ഒരു യുവദ​മ്പ​തി​കൾ സമയം ചെലവ​ഴി​ക്കു​ന്നു. അദ്ദേഹ​ത്തി​ന്റെ ഭാര്യ​യെ​ക്കു​റി​ച്ചുള്ള നല്ല ഓർമകൾ അവർ പങ്കു​വെ​ക്കു​ന്നു.