വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സാത്താന്റെ ഒരു കെണി—എങ്ങനെ സംരക്ഷണം നേടാം?

സാത്താന്റെ ഒരു കെണി—എങ്ങനെ സംരക്ഷണം നേടാം?

പുരാതന ഇസ്രാ​യേ​ല്യർ യോർദാൻ നദി കുറുകെ കടന്ന്‌, വാഗ്‌ദ​ത്ത​ദേ​ശത്ത്‌ പ്രവേ​ശി​ക്കാ​നുള്ള തയ്യാ​റെ​ടു​പ്പി​ലാണ്‌. ഇപ്പോൾ അവരെ കാണാൻ ചിലർ എത്തുന്നു. അന്യ​ദേ​ശ​ക്കാ​രായ സ്‌ത്രീ​ക​ളാ​യി​രു​ന്നു ആ സന്ദർശകർ. അവർ ഇസ്രാ​യേൽപു​രു​ഷ​ന്മാ​രെ ഒരു വിരു​ന്നി​നു ക്ഷണിച്ചു. പുതിയ സുഹൃ​ത്തു​ക്കൾ, നൃത്തം, ഒന്നാന്തരം ഭക്ഷണം അങ്ങനെ പലതും അവരെ കാത്തി​രി​പ്പു​ണ്ടാ​യി​രു​ന്നു. ഇതു വീണു​കി​ട്ടിയ ഒരു അവസര​മാ​ണെന്ന്‌ ആ പുരു​ഷ​ന്മാർക്കു തോന്നി​ക്കാ​ണും. പക്ഷേ ആ സ്‌ത്രീ​ക​ളു​ടെ ആചാര​ങ്ങ​ളും ധാർമി​ക​മൂ​ല്യ​ങ്ങ​ളും ഇസ്രാ​യേ​ല്യർക്കു ദൈവം കൊടുത്ത നിയമ​ത്തി​നു വിരു​ദ്ധ​മാ​യി​രു​ന്നു. എങ്കിലും ചില ഇസ്രാ​യേ​ല്യ​പു​രു​ഷ​ന്മാർ ഇങ്ങനെ ചിന്തി​ച്ചു​കാ​ണും: ‘ഒരു കുഴപ്പ​വും വരില്ല. നമ്മൾ ശ്രദ്ധി​ച്ചാൽ മതി.’

പക്ഷേ എന്താണു സംഭവി​ച്ചത്‌? ബൈബിൾരേഖ നമ്മളോ​ടു പറയുന്നു: “ജനം മോവാ​ബി​ലെ സ്‌ത്രീ​ക​ളു​മാ​യി അധാർമി​ക​പ്ര​വൃ​ത്തി​കൾ ചെയ്യാൻതു​ടങ്ങി.” വാസ്‌ത​വ​ത്തിൽ, തങ്ങളുടെ വ്യാജ​ദൈ​വ​ങ്ങളെ ഇസ്രാ​യേ​ല്യ​പു​രു​ഷ​ന്മാർ ആരാധി​ക്ക​ണ​മെന്ന്‌ ആ സ്‌ത്രീ​കൾ ആഗ്രഹി​ച്ചു. അതാണ്‌ ആ പുരു​ഷ​ന്മാർ ചെയ്‌ത​തും! എന്തായി​രു​ന്നു ഫലം? “യഹോ​വ​യു​ടെ കോപം അവരുടെ നേരെ ആളിക്കത്തി.”—സംഖ്യ 25:1-3.

ആ ഇസ്രാ​യേ​ല്യർ രണ്ടു വിധങ്ങ​ളിൽ ദൈവ​ത്തി​ന്റെ നിയമം ലംഘിച്ചു: അവർ വിഗ്ര​ഹ​ങ്ങൾക്കു മുന്നിൽ കുമ്പിട്ടു, ലൈം​ഗിക അധാർമി​ക​ത​യിൽ ഏർപ്പെട്ടു. അനുസ​ര​ണ​ക്കേടു കാണിച്ച ആയിര​ങ്ങൾക്കാ​ണു ജീവൻ നഷ്ടപ്പെ​ട്ടത്‌. (പുറ. 20:4, 5, 14; ആവ. 13:6-9) ഈ ദുരന്ത​ത്തി​ന്റെ ആഘാതം കൂട്ടി​യത്‌ എന്താണ്‌? അതു നടന്ന സമയം. ആ പുരു​ഷ​ന്മാർ ദൈവ​നി​യമം ലംഘി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഉടനെ​തന്നെ അവർക്കും യോർദാൻ കടന്ന്‌ വാഗ്‌ദ​ത്ത​ദേ​ശത്ത്‌ പ്രവേ​ശി​ക്കാൻ കഴി​ഞ്ഞേനേ.—സംഖ്യ 25:5, 9.

ആ സംഭവ​ങ്ങ​ളെ​ക്കു​റിച്ച്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇങ്ങനെ എഴുതി: “ഈ കാര്യങ്ങൾ അവർക്കു സംഭവി​ച്ചതു നമു​ക്കൊ​രു പാഠമാണ്‌. വ്യവസ്ഥി​തി​ക​ളു​ടെ അവസാ​ന​ത്തിൽ വന്നെത്തി​യി​രി​ക്കുന്ന നമുക്ക്‌ ഒരു മുന്നറി​യി​പ്പാ​യാണ്‌ അവ എഴുതി​യി​രി​ക്കു​ന്നത്‌.” (1 കൊരി. 10:7-11) ഇസ്രാ​യേ​ല്യ​രിൽ ചിലർ ഗുരു​ത​ര​മായ പാപം ചെയ്‌ത്‌ വാഗ്‌ദ​ത്ത​ദേ​ശത്ത്‌ പ്രവേ​ശി​ക്കാ​നുള്ള യോഗ്യത നഷ്ടപ്പെ​ടു​ത്തി​യതു കണ്ടപ്പോൾ സാത്താനു വളരെ സന്തോഷം തോന്നി​ക്കാ​ണും, സംശയ​മില്ല! ആ തെറ്റിൽനി​ന്നുള്ള പാഠം നമുക്ക്‌ എപ്പോ​ഴും നമ്മുടെ ഹൃദയ​ത്തോ​ടു ചേർത്തു​നി​റു​ത്താം. പുതിയ ലോക​ത്തി​ലേക്കു പ്രവേ​ശി​ക്കു​ന്ന​തിൽനിന്ന്‌ നമ്മളെ തടയുക—ഇതല്ലേ സാത്താന്റെ ശരിക്കുള്ള ലക്ഷ്യം?

അപകട​ക​ര​മായ ഒരു കെണി

സാത്താൻ ക്രിസ്‌ത്യാ​നി​കളെ കുരു​ക്കി​ലാ​ക്കാൻ, അനേക​രിൽ പരീക്ഷിച്ച്‌ വിജയിച്ച ഒരു കെണി ഉപയോ​ഗി​ക്കു​ന്നു. നമ്മൾ കണ്ടതു​പോ​ലെ, അവൻ ഇസ്രാ​യേ​ല്യ​രെ വീഴി​ക്കാൻ ലൈം​ഗിക അധാർമി​കത ഉപയോ​ഗി​ച്ചു. ഇക്കാല​ത്തും അധാർമി​കത അപകട​ക​ര​മായ ഒരു കെണി​യാണ്‌. ആ കെണി​യിൽ നമ്മളെ വീഴ്‌ത്താൻ സാത്താൻ ഉപയോ​ഗി​ക്കുന്ന ഒരു മാർഗം അശ്ലീല​മാണ്‌.

ഇന്ന്‌, മറ്റുള്ളവർ അറിയാ​തെ ഒരാൾക്കു അശ്ലീലം കാണാൻ പറ്റും. പക്ഷേ മുമ്പൊ​ക്കെ, ഇതിന്‌ ഒന്നുകിൽ തിയേ​റ്റ​റിൽ പോയി അത്തരത്തി​ലുള്ള സിനിമ കാണണം, അല്ലെങ്കിൽ കടയിൽ പോയി അത്തരം പുസ്‌തകം വാങ്ങണം. എന്നാൽ അങ്ങനെ​യുള്ള സ്ഥലങ്ങളിൽവെച്ച്‌ ആരെങ്കി​ലും തങ്ങളെ കണ്ടാലുള്ള നാണ​ക്കേട്‌ ഓർത്ത്‌ പലരും അതിനു തുനി​യു​മാ​യി​രു​ന്നില്ല. പക്ഷേ ഇന്ന്‌ ഇന്റർനെറ്റ്‌ സൗകര്യ​മുള്ള ഒരാൾക്കു ജോലി​സ്ഥ​ല​ത്തു​വെ​ച്ചോ എന്തിന്‌, കാറിന്‌ ഉള്ളിൽവെ​ച്ചു​പോ​ലും അശ്ലീലം കാണാം. മാത്രമല്ല, പല ദേശങ്ങ​ളി​ലും ഒരു പുരു​ഷ​നോ സ്‌ത്രീ​ക്കോ അശ്ലീലം കാണാൻ വീടിനു പുറത്തി​റ​ങ്ങ​ണ​മെ​ന്നു​പോ​ലു​മില്ല.

തീർന്നില്ല, സ്‌മാർട്ട്‌ഫോൺ പോലെ കൈയിൽ കൊണ്ടു​ന​ട​ക്കാ​വുന്ന ഇലക്‌​ട്രോ​ണിക്‌ ഉപകര​ണങ്ങൾ അശ്ലീലം വീക്ഷി​ക്കു​ന്നതു വളരെ എളുപ്പ​മാ​ക്കി​യി​ട്ടുണ്ട്‌. അതു​കൊ​ണ്ടു​തന്നെ, ആളുകൾക്കു തെരു​വി​ലൂ​ടെ നടക്കു​മ്പോ​ഴോ ബസ്സിലോ ട്രെയി​നി​ലോ യാത്ര ചെയ്യു​മ്പോ​ഴോ ഒക്കെ മോശ​മായ ചിത്രങ്ങൾ കാണാൻ കഴിയും.

മറ്റുള്ളവർ അറിയാ​തെ അശ്ലീലം കാണാൻ കഴിയു​ന്നത്‌ ഇന്നു കൂടുതൽ പേരെ അപകട​ത്തി​ലാ​ക്കി​യി​രി​ക്കു​ന്നു. അശ്ലീലം വീക്ഷി​ക്കു​ന്നതു ധാരാളം പേരുടെ വിവാ​ഹ​ബ​ന്ധ​ത്തിൽ വിള്ളൽ വീഴ്‌ത്തി​യി​രി​ക്കു​ന്നു, അവരുടെ ആത്മാഭി​മാ​നം നഷ്ടപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു, മനസ്സാ​ക്ഷി​യെ കളങ്ക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അവർ ദൈവ​വു​മാ​യുള്ള സൗഹൃദം അപകട​ത്തി​ലാ​ക്കു​ന്നു എന്നതാണ്‌ ഏറെ സങ്കടകരം! അശ്ലീലം വീക്ഷി​ക്കു​ന്നതു പലരെ​യും വളരെ മോശ​മാ​യി ബാധി​ക്കും എന്നതി​നോ​ടു നിങ്ങൾ യോജി​ക്കു​ന്നി​ല്ലേ? പലരു​ടെ​യും കാര്യ​ത്തിൽ അത്‌ മനസ്സി​ലും ഹൃദയ​ത്തി​ലും വരുത്തി​വെ​ക്കുന്ന ദോഷം ഏറെ കാല​ത്തേക്കു നീണ്ടു​നിൽക്കും. ചിലർക്ക്‌ അതിന്റെ ദൂഷ്യ​ഫ​ല​ങ്ങ​ളിൽനിന്ന്‌ പൂർണ​മായ മോചനം ഒരിക്ക​ലും കിട്ടി​യി​ല്ലെ​ന്നും വരാം.

യഹോവ സാത്താന്റെ ഈ തന്ത്രത്തിൽനിന്ന്‌ സംരക്ഷണം വാഗ്‌ദാ​നം ചെയ്യു​ന്നു​ണ്ടെന്നു നമ്മൾ അറിഞ്ഞി​രി​ക്കണം. ആ സംരക്ഷണം ലഭിക്ക​ണ​മെ​ങ്കിൽ നമ്മൾ യഹോ​വയെ ‘കേട്ടനു​സ​രി​ക്കു​ന്ന​തിൽ വീഴ്‌ച വരുത്ത​രുത്‌.’ അക്കാര്യ​ത്തി​ലാ​ണു പുരാതന ഇസ്രാ​യേ​ലി​ലെ ആ പുരു​ഷ​ന്മാർക്കു തെറ്റു പറ്റിയത്‌. (പുറ. 19:5) ദൈവ​ത്തിന്‌ അശ്ലീലം വെറു​പ്പാണ്‌ എന്ന കാര്യം നമ്മൾ മനസ്സി​ലാ​ക്കണം. അങ്ങനെ പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

അതിനെ വെറു​ക്കുക—യഹോവ ചെയ്യു​ന്ന​തു​പോ​ലെ

ദൈവം ഇസ്രാ​യേൽ ജനത്തിനു കൊടുത്ത നിയമങ്ങൾ മറ്റു ജനതകൾക്കു​ണ്ടാ​യി​രുന്ന നിയമ​ങ്ങ​ളിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി​രു​ന്നു. ദൈവി​ക​നി​യ​മങ്ങൾ ഒരു മതിൽപോ​ലെ​യാ​യി​രു​ന്നു. അത്‌ ഇസ്രാ​യേ​ല്യ​രെ ചുറ്റു​മുള്ള ആളുക​ളിൽനി​ന്നും അവരുടെ മോശം സ്വഭാ​വ​രീ​തി​ക​ളിൽനി​ന്നും പ്രവൃ​ത്തി​ക​ളിൽനി​ന്നും സംരക്ഷി​ക്കു​മാ​യി​രു​ന്നു. (ആവ. 4:6-8) ആ നിയമങ്ങൾ ഒരു വലിയ സത്യം നമ്മളെ പഠിപ്പി​ക്കു​ന്നു: യഹോവ ലൈം​ഗിക അധാർമി​കത വെറു​ക്കു​ന്നു.

അയൽജ​ന​ത​ക​ളു​ടെ വൈകൃ​തങ്ങൾ എടുത്തു​പ​റ​ഞ്ഞു​കൊണ്ട്‌ യഹോവ ഇസ്രാ​യേ​ല്യ​രോട്‌ ഇങ്ങനെ ആജ്ഞാപി​ച്ചു: ‘ഞാൻ നിങ്ങളെ കൊണ്ടു​പോ​കുന്ന കനാൻ ദേശത്തെ ആളുകൾ ചെയ്യു​ന്ന​തു​പോ​ലെ നിങ്ങൾ ചെയ്യരുത്‌.’ “ദേശം അശുദ്ധ​മാ​യി​രി​ക്കു​ന്നു. അതിന്റെ തെറ്റു കാരണം ഞാൻ അതിനെ ശിക്ഷി​ക്കും.” പരിശു​ദ്ധ​ദൈ​വ​മായ യഹോ​വ​യു​ടെ വീക്ഷണ​ത്തിൽ കനാന്യ​രു​ടെ ജീവി​ത​രീ​തി അത്ര അറപ്പു​ള്ള​തും അധാർമി​ക​വും ആയിരു​ന്ന​തു​കൊണ്ട്‌ ആ ദേശ​ത്തെ​ത്തന്നെ അശുദ്ധ​മാ​യി ദൈവം കണ്ടു.—ലേവ്യ 18:3, 25.

കനാന്യ​രെ യഹോവ ശിക്ഷി​ച്ചെ​ങ്കി​ലും മറ്റു ജനതകൾ ലൈം​ഗിക അധാർമി​ക​ത​യിൽ ഏർപ്പെ​ടു​ന്ന​തിൽ തുടർന്നു. ഏതാണ്ട്‌ 1,500 വർഷങ്ങൾക്കു ശേഷം, ക്രിസ്‌ത്യാ​നി​കൾക്കു ചുറ്റു​മു​ണ്ടാ​യി​രുന്ന ആളുക​ളെ​ക്കു​റിച്ച്‌ പൗലോസ്‌ ഇങ്ങനെ എഴുതി: “സദാചാ​ര​ബോ​ധം തീർത്തും നഷ്ടപ്പെട്ട അവർ അടങ്ങാത്ത ആവേശ​ത്തോ​ടെ എല്ലാ തരം അശുദ്ധി​യി​ലും മുഴുകി ധിക്കാ​ര​ത്തോ​ടെ പെരു​മാ​റു​ന്നു.” (എഫെ. 4:17-19) ഇക്കാല​ത്തും, അനേകം ആളുകൾ യാതൊ​രു ലജ്ജയു​മി​ല്ലാ​തെ അധാർമി​ക​പ്ര​വൃ​ത്തി​ക​ളിൽ ഏർപ്പെ​ടു​ന്നു. എന്നാൽ സത്യാ​രാ​ധ​ക​രായ നമ്മൾ, ലോക​ത്തി​ലെ ആളുക​ളു​ടെ ഇത്തരം പ്രവൃ​ത്തി​ക​ളു​ടെ ഒരു ദൃശ്യ​വും നോക്കാ​തി​രി​ക്കാൻ സകല​ശ്ര​മ​വും ചെയ്യണം.

അശ്ലീലം ദൈവ​ത്തിന്‌ എതി​രെ​യുള്ള ധിക്കാ​ര​മാണ്‌. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? ദൈവം മനുഷ്യ​രെ സ്വന്തം ഛായയി​ലും സാദൃ​ശ്യ​ത്തി​ലും ആണു സൃഷ്ടി​ച്ചത്‌. അവർക്കു മാന്യ​മായ കാര്യ​ങ്ങ​ളും അല്ലാത്ത കാര്യ​ങ്ങ​ളും തിരി​ച്ച​റി​യാ​നുള്ള പ്രാപ്‌തി നൽകി. ദൈവം ജ്ഞാനപൂർവം ലൈം​ഗി​ക​ത​യ്‌ക്കു പരിധി​കൾ വെച്ചു. വിവാ​ഹ​ബ​ന്ധ​ത്തി​നു​ള്ളിൽ ആസ്വദി​ക്കാ​നാ​യി ദൈവം നൽകിയ ഒരു സമ്മാന​മാ​ണു ലൈം​ഗി​കത. (ഉൽപ. 1:26-28; സുഭാ. 5:18, 19) എന്നാൽ അശ്ലീല​കാ​ര്യ​ങ്ങൾ നിർമി​ക്കു​ക​യും അതിനെ പ്രചരി​പ്പി​ക്കു​ക​യും ചെയ്യു​ന്നവർ എന്താണു ചെയ്യു​ന്നത്‌? അവർ ദൈവ​ത്തി​ന്റെ ധാർമി​ക​നി​ല​വാ​ര​ങ്ങളെ പുച്ഛി​ച്ചു​ത​ള്ളു​ക​യാണ്‌. അശ്ലീലം പ്രചരി​പ്പി​ക്കുന്ന ആളുകൾ യഹോ​വയെ നിന്ദി​ക്കു​ക​യാണ്‌. അധാർമി​കത ഉൾപ്പെട്ട കാര്യങ്ങൾ നിർമി​ക്കു​ക​യും പ്രചരി​പ്പി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ തന്റെ നിലവാ​ര​ങ്ങളെ അവഗണി​ക്കു​ന്ന​വരെ ദൈവം ന്യായം വിധി​ക്കും.—റോമ. 1:24-27.

എന്നാൽ മനഃപൂർവം അശ്ലീലം വായി​ക്കു​ക​യോ കാണു​ക​യോ ചെയ്യു​ന്ന​വ​രെ​ക്കു​റി​ച്ചോ? അത്‌ ഒരു വിനോ​ദം മാത്ര​മാ​ണെ​ന്നും ഒരു ദോഷ​വും ചെയ്യി​ല്ലെ​ന്നും ആണു ചിലർ വിചാ​രി​ക്കു​ന്നത്‌. എന്നാൽ വാസ്‌ത​വ​ത്തിൽ അവർ യഹോ​വ​യു​ടെ നിലവാ​രങ്ങൾ തള്ളിക്ക​ള​യു​ന്ന​വ​രു​ടെ പക്ഷം ചേരു​ക​യാണ്‌. അശ്ലീലം കാണാൻ തുടങ്ങിയ സമയത്ത്‌ അത്‌ ഇത്ര ഗൗരവ​മുള്ള കാര്യ​മാ​ണെന്ന്‌ അവർ ചിന്തി​ച്ചു​കാ​ണില്ല. എന്നാൽ സത്യാ​രാ​ധ​കർക്ക്‌ അശ്ലീല​ത്തോട്‌ അറപ്പാ​യി​രി​ക്കണം. “യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വരേ, മോശ​മാ​യ​തെ​ല്ലാം വെറുക്കൂ!” എന്നാണു ബൈബിൾ പറയു​ന്നത്‌.—സങ്കീ. 97:10.

അശ്ലീലം കാണു​ന്നത്‌ ഒഴിവാ​ക്കാൻ ആഗ്രഹി​ക്കു​ന്ന​വർക്കു​പോ​ലും അതു ബുദ്ധി​മു​ട്ടാ​യി തോന്നി​യേ​ക്കാം. നമ്മൾ അപൂർണ​രാണ്‌, അശുദ്ധ​മായ ലൈം​ഗി​ക​മോ​ഹങ്ങൾ ചെറു​ത്തു​നിൽക്കാൻ ശക്തമായ പോരാ​ട്ടം വേണ്ടി​വ​ന്നേ​ക്കാം. കൂടാതെ, നമ്മുടെ അപൂർണ​ഹൃ​ദയം ദൈവ​ത്തി​ന്റെ നിയമം ലംഘി​ക്കാ​നുള്ള ഒഴിക​ഴിവ്‌ കണ്ടെത്തു​ക​യും ചെയ്‌തേ​ക്കാം. (യിരെ. 17:9) ഈ ദുശ്ശീ​ല​വു​മാ​യി പോരാ​ടുന്ന ഒരാളാ​ണോ നിങ്ങൾ? എങ്കിൽ, ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീർന്ന അനേകർക്ക്‌ ഈ പോരാ​ട്ട​ത്തിൽ വിജയി​ക്കാൻ കഴിഞ്ഞി​ട്ടുണ്ട്‌ എന്ന കാര്യം ഓർക്കു​ന്നതു നിങ്ങളു​ടെ ആത്മവി​ശ്വാ​സം വർധി​പ്പി​ക്കും. സാത്താന്റെ ഒരു കെണി​യായ അശ്ലീല​ത്തിൽ വീഴാ​തി​രി​ക്കാൻ ദൈവ​വ​ച​ന​ത്തി​നു നിങ്ങളെ സഹായി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ​യെന്നു നോക്കാം.

അധാർമി​ക​കാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്ക​രുത്‌

ഇസ്രാ​യേ​ല്യ​രിൽ അനേകം പേർ തെറ്റായ മോഹ​ങ്ങൾക്കു വഴങ്ങി​ക്കൊ​ടു​ത്തതു ദുരന്ത​ത്തിൽ കലാശി​ച്ചു എന്നു നമ്മൾ കണ്ടു. ഇന്നും അതു​പോ​ലെ സംഭവി​ക്കാൻ സാധ്യ​ത​യുണ്ട്‌. യേശു​വി​ന്റെ അർധസ​ഹോ​ദ​ര​നായ യാക്കോബ്‌ ആ അപകട​ത്തെ​ക്കു​റിച്ച്‌ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: ‘സ്വന്തം മോഹ​ങ്ങ​ളാണ്‌ ഓരോ​രു​ത്ത​രെ​യും ആകർഷിച്ച്‌ മയക്കു​ന്നത്‌. പിന്നെ മോഹം ഗർഭം ധരിച്ച്‌ പാപത്തെ പ്രസവി​ക്കു​ന്നു.’ (യാക്കോ. 1:14, 15) അതെ, ഒരു വ്യക്തി തന്റെ ഹൃദയ​ത്തിൽ അധാർമി​ക​മോ​ഹം വളരാൻ അനുവ​ദി​ച്ചാൽ ഒരു ഘട്ടമെ​ത്തു​മ്പോൾ അയാൾ പാപം ചെയ്യാ​നി​ട​യുണ്ട്‌. അതു​കൊണ്ട്‌ അധാർമി​ക​കാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നതു അവസാ​നി​പ്പി​ക്കു​ക​തന്നെ വേണം, എത്ര ശ്രമം ചെയ്‌തി​ട്ടാ​ണെ​ങ്കി​ലും.

നിങ്ങൾക്ക്‌ ഇങ്ങനെ​യൊ​രു പ്രശ്‌ന​മു​ണ്ടെ​ങ്കിൽ ഉടനെ നടപടി എടുക്കുക. യേശു പറഞ്ഞു: “പാപം ചെയ്യാൻ നിന്റെ കൈയോ കാലോ ഇടയാ​ക്കു​ന്നെ​ങ്കിൽ അതു വെട്ടി എറിഞ്ഞു​ക​ള​യുക. . . . പാപം ചെയ്യാൻ നിന്റെ കണ്ണ്‌ ഇടയാ​ക്കു​ന്നെ​ങ്കിൽ അതു ചൂഴ്‌ന്നെ​ടുത്ത്‌ എറിഞ്ഞു​ക​ള​യുക.” (മത്താ. 18:8, 9) യേശു നമ്മുടെ ഏതെങ്കി​ലും അവയവം ഛേദി​ച്ചു​ക​ള​യാൻ പറയു​ക​യാ​യി​രു​ന്നില്ല. പകരം, നമ്മളെ പാപത്തി​ലേക്കു നയിക്കുന്ന കാര്യ​ങ്ങൾക്ക്‌ എതിരെ പെട്ടെ​ന്നു​തന്നെ, ശക്തമായ നടപടി​യെ​ടു​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം യേശു എടുത്തു​കാ​ണി​ക്കു​ക​യാ​യി​രു​ന്നു. അശ്ലീലം വീക്ഷി​ക്കു​ന്ന​തു​മാ​യി ബന്ധപ്പെട്ട്‌ യേശു​വി​ന്റെ ഈ ബുദ്ധി​യു​പ​ദേശം നമുക്ക്‌ എങ്ങനെ ബാധക​മാ​ക്കാം?

ഒരു അശ്ലീല​ദൃ​ശ്യം നിങ്ങളു​ടെ മുന്നി​ലേക്കു വരു​ന്നെ​ങ്കിൽ, ‘എന്നെ ഇതു ബാധി​ക്കില്ല’ എന്നു ചിന്തി​ക്ക​രുത്‌. പെട്ടെന്നു നോട്ടം മാറ്റുക. ടിവി​യോ കമ്പ്യൂ​ട്ട​റോ മൊ​ബൈൽ ഉപകര​ണ​മോ എന്തുമാ​കട്ടെ, അപ്പോൾത്തന്നെ ഓഫാ​ക്കുക. നല്ല കാര്യ​ങ്ങ​ളി​ലേക്കു ശ്രദ്ധ തിരി​ച്ചു​വി​ടുക. ഇങ്ങനെ ചെയ്യു​മ്പോൾ നിങ്ങൾക്കു തെറ്റായ ചിന്തകളെ നിയ​ന്ത്രി​ക്കാൻ കഴിയും. അല്ലെങ്കിൽ അവ നിങ്ങളെ നിയ​ന്ത്രി​ക്കും.

ഓർമകൾ തലപൊ​ക്കു​ന്നെ​ങ്കി​ലോ?

അശ്ലീലം വീക്ഷി​ക്കു​ന്നതു നിറു​ത്തു​ന്ന​തിൽ നിങ്ങൾ വിജയി​ച്ചു, പക്ഷേ നേരത്തേ കണ്ട കാര്യങ്ങൾ ഇടയ്‌ക്കൊ​ക്കെ മനസ്സി​ലേക്കു വരു​ന്നെ​ങ്കി​ലോ? അശ്ലീല ചിത്ര​ങ്ങ​ളും ചിന്തക​ളും വളരെ കാല​ത്തേക്ക്‌ ഒരു വ്യക്തി​യു​ടെ ഓർമ​യിൽ തങ്ങിനി​ന്നേ​ക്കാം. എപ്പോൾ വേണ​മെ​ങ്കി​ലും ആ ഓർമകൾ തലപൊ​ക്കാം. അപ്പോൾ നിങ്ങൾക്കു സ്വയം​ഭോ​ഗം​പോ​ലുള്ള അശുദ്ധ​മായ എന്തെങ്കി​ലും ചെയ്യാ​നുള്ള ശക്തമായ തോന്ന​ലു​ണ്ടാ​യേ​ക്കാം. അതു​കൊണ്ട്‌ അത്തരം ചിന്തകൾ അപ്രതീ​ക്ഷി​ത​മാ​യി മനസ്സി​ലേക്കു കടന്നു​വ​ന്നേ​ക്കാ​മെന്ന്‌ ഓർത്തി​രി​ക്കുക. അതി​നെ​തി​രെ പോരാ​ടാൻ തയ്യാറാ​യി​രി​ക്കുക.

ദൈവം ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ ചിന്തി​ക്കാ​നും പ്രവർത്തി​ക്കാ​നും ഉള്ള നിങ്ങളു​ടെ തീരു​മാ​നം കൂടുതൽ ശക്തമാ​ക്കുക. സ്വന്തം ‘ശരീരത്തെ, ഇടിച്ചി​ടിച്ച്‌ ഒരു അടിമ​യെ​പ്പോ​ലെ കൊണ്ടു​നടന്ന’ പൗലോസ്‌ അപ്പോ​സ്‌ത​ലനെ അനുക​രി​ക്കുക. (1 കൊരി. 9:27) തെറ്റായ മോഹ​ങ്ങ​ളു​ടെ അടിമ​ക​ളാ​ക​രുത്‌. “മനസ്സു പുതുക്കി രൂപാ​ന്ത​ര​പ്പെ​ടുക. അങ്ങനെ, നല്ലതും സ്വീകാ​ര്യ​വും അത്യു​ത്ത​മ​വും ആയ ദൈ​വേഷ്ടം എന്താ​ണെന്നു പരി​ശോ​ധിച്ച്‌ ഉറപ്പു വരുത്താൻ നിങ്ങൾക്കു കഴിയും.” (റോമ. 12:2) ഓർക്കുക: തെറ്റായ ആഗ്രഹ​ങ്ങളെ തൃപ്‌തി​പ്പെ​ടു​ത്തു​ന്നതല്ല, ദൈ​വേ​ഷ്ട​ത്തി​നു ചേർച്ച​യിൽ ചിന്തി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യു​ന്ന​താ​ണു സന്തോഷം തരുന്നത്‌.

തെറ്റായ ആഗ്രഹ​ങ്ങളെ തൃപ്‌തി​പ്പെ​ടു​ത്തു​ന്നതല്ല, ദൈ​വേ​ഷ്ട​ത്തി​നു ചേർച്ച​യിൽ ചിന്തി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യു​ന്ന​താ​ണു സന്തോഷം തരുന്നത്‌

ചില ബൈബിൾവാ​ക്യ​ങ്ങൾ മനഃപാ​ഠ​മാ​ക്കാൻ ശ്രമി​ക്കുക. മോശ​മായ ചിന്തകൾ മനസ്സി​ലേക്കു വരു​മ്പോൾ ആ തിരു​വെ​ഴു​ത്തു​ക​ളി​ലേക്കു മനസ്സു തിരി​ച്ചു​വി​ടുക. സഹായ​ക​മായ ചില തിരു​വെ​ഴു​ത്തു​ക​ളാണ്‌ ഇവ: സങ്കീർത്തനം 119:37; യശയ്യ 52:11; മത്തായി 5:28; എഫെസ്യർ 5:3; കൊ​ലോ​സ്യർ 3:5; 1 തെസ്സ​ലോ​നി​ക്യർ 4:4-8. അശ്ലീല​ത്തെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വീക്ഷണ​ത്തി​നു ചേർച്ച​യിൽ നിങ്ങളു​ടെ ചിന്തകളെ കൊണ്ടു​വ​രാ​നും ദൈവം നമ്മളിൽനിന്ന്‌ എന്താണു പ്രതീ​ക്ഷി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാ​നും ഇതു​പോ​ലുള്ള തിരു​വെ​ഴു​ത്തു​കൾ നിങ്ങളെ സഹായി​ക്കും.

അധാർമി​ക​കാ​ര്യ​ങ്ങൾ കാണാ​നോ അവയെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​നോ ഉള്ള ആഗ്രഹം നിയ​ന്ത്രി​ക്കാൻ പറ്റുന്നി​ല്ലെന്നു തോന്നി​യാ​ലോ? നമ്മുടെ മാതൃ​കാ​പു​രു​ഷ​നായ യേശു​വി​ന്റെ കാലടി​കൾക്കു തൊട്ടു​പി​ന്നാ​ലെ ചെല്ലുക. (1 പത്രോ. 2:21) സ്‌നാ​ന​മേ​റ്റു​ക​ഴി​ഞ്ഞ​പ്പോൾ യേശു​വി​നെ സാത്താൻ പല തവണ പ്രലോ​ഭി​പ്പി​ച്ചു. എപ്പോ​ഴെ​ങ്കി​ലും യേശു മടുത്തു​പോ​യോ? ഇല്ല. യേശു ചെറു​ത്തു​നി​ന്നു. ഒന്നിനു പുറകേ ഒന്നായി തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ സാത്താൻ കൊണ്ടു​വന്ന പ്രലോ​ഭ​ന​ങ്ങളെ യേശു തള്ളിക്ക​ളഞ്ഞു. ഒടുവിൽ, “സാത്താനേ, ദൂരെ പോ” എന്നു യേശു പറഞ്ഞു. സാത്താൻ യേശു​വി​നെ വിട്ടു​പോ​കു​ക​യും ചെയ്‌തു. പിശാ​ചി​നെ​തി​രെ​യുള്ള പോരാ​ട്ട​ത്തിൽ യേശു ഒരിക്ക​ലും മടുത്ത്‌ പിന്മാ​റി​യില്ല. നിങ്ങളും മടുത്തു​പോ​ക​രുത്‌. (മത്താ. 4:1-11) സാത്താ​നും അവന്റെ ലോക​വും അധാർമി​ക​ചി​ന്ത​കൾകൊണ്ട്‌ നിങ്ങളു​ടെ മനസ്സു നിറയ്‌ക്കാൻ ശ്രമി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും. എന്നാൽ ഒരിക്ക​ലും പോരാ​ട്ടം നിറു​ത്തി​ക്ക​ള​യ​രുത്‌. അശ്ലീല​ത്തിന്‌ എതി​രെ​യുള്ള പോരാ​ട്ട​ത്തിൽ നിങ്ങൾക്കു വിജയി​ക്കാൻ കഴിയും. യഹോ​വ​യു​ടെ സഹായ​ത്താൽ നിങ്ങൾക്കു നിങ്ങളു​ടെ ശത്രു​വി​നെ തോൽപ്പി​ക്കാൻ കഴിയും.

യഹോ​വ​യോ​ടു പ്രാർഥി​ക്കുക, യഹോ​വയെ അനുസ​രി​ക്കു​ക

മുട്ടി​പ്പാ​യി പ്രാർഥി​ക്കുക. നിങ്ങളെ സഹായി​ക്കാ​നാ​യി യഹോ​വ​യോ​ടു വീണ്ടും​വീ​ണ്ടും യാചി​ക്കുക. പൗലോസ്‌ പറഞ്ഞു: “നിങ്ങളു​ടെ അപേക്ഷകൾ . . . ദൈവത്തെ അറിയി​ക്കുക. അപ്പോൾ മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മായ ദൈവ​സ​മാ​ധാ​നം നിങ്ങളു​ടെ ഹൃദയ​ത്തെ​യും മനസ്സി​നെ​യും ക്രിസ്‌തു​യേശു മുഖാ​ന്തരം കാക്കും.” (ഫിലി. 4:6, 7) പാപത്തി​നെ​തി​രെ നിങ്ങൾ പോരാ​ടു​മ്പോൾ, ദൈവ​സ​മാ​ധാ​നം നിങ്ങളു​ടെ മനസ്സിനെ ശാന്തമാ​ക്കും. നിങ്ങൾ യഹോ​വ​യോട്‌ അടുത്തു​ചെ​ല്ലു​ക​യാ​ണെ​ങ്കിൽ “(യഹോവ) നിങ്ങ​ളോട്‌ അടുത്ത്‌ വരും.”—യാക്കോ. 4:8.

ഓർക്കുക: സാത്താൻ എത്ര വലിയ പ്രലോ​ഭനം കൊണ്ടു​വ​ന്നാ​ലും ശരി, പ്രപഞ്ച​ത്തി​ന്റെ പരമാ​ധി​കാ​രി​യു​മാ​യി ഒരു അടുത്ത ബന്ധമു​ണ്ടെ​ങ്കിൽ അതായി​രി​ക്കും നമ്മുടെ ഏറ്റവും വലിയ സംരക്ഷണം. യേശു പറഞ്ഞു: “ഈ ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി വരുന്നു. അയാൾക്ക്‌ എന്റെ മേൽ ഒരു അധികാ​ര​വു​മില്ല.” (യോഹ. 14:30) യേശു​വിന്‌ എന്തു​കൊ​ണ്ടാണ്‌ അക്കാര്യം ഉറപ്പാ​യി​രു​ന്നത്‌? ഒരിക്കൽ യേശു ഇങ്ങനെ പറഞ്ഞു: “എന്നെ അയച്ച വ്യക്തി എന്റെകൂ​ടെ​യുണ്ട്‌. ഞാൻ എപ്പോ​ഴും ആ വ്യക്തിക്ക്‌ ഇഷ്ടമു​ള്ളതു ചെയ്യു​ന്ന​തു​കൊണ്ട്‌ അദ്ദേഹം എന്നെ ഒരിക്ക​ലും തനിച്ചാ​ക്കി പോയി​ട്ടില്ല.” (യോഹ. 8:29) യേശു​വി​നെ​പ്പോ​ലെ, നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യ​ങ്ങ​ളി​ലും യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ ശ്രമി​ക്കു​മ്പോൾ യഹോവ നിങ്ങ​ളെ​യും ഉപേക്ഷി​ക്കി​ല്ലെന്നു നിങ്ങൾക്ക്‌ ഉറച്ച്‌ വിശ്വ​സി​ക്കാം. അശ്ലീലം എന്ന കെണി ഒഴിവാ​ക്കുക, നിങ്ങളെ നിയ​ന്ത്രി​ക്കാൻ സാത്താനെ അനുവ​ദി​ക്ക​രുത്‌.