വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 27

ഉപദ്ര​വങ്ങൾ നേരി​ടാൻ ഇപ്പോൾത്തന്നെ തയ്യാ​റെ​ടു​ക്കുക

ഉപദ്ര​വങ്ങൾ നേരി​ടാൻ ഇപ്പോൾത്തന്നെ തയ്യാ​റെ​ടു​ക്കുക

“ക്രിസ്‌തു​യേ​ശു​വി​നോ​ടുള്ള യോജി​പ്പിൽ ദൈവ​ഭ​ക്തി​യോ​ടെ ജീവി​ക്കാൻ ആഗ്രഹി​ക്കുന്ന എല്ലാവർക്കും ഉപദ്രവം സഹി​ക്കേ​ണ്ടി​വ​രും.”—2 തിമൊ. 3:12.

ഗീതം 129 നമ്മൾ എന്നും സഹിച്ചു​നിൽക്കും

പൂർവാവലോകനം *

1. ഉപദ്ര​വങ്ങൾ നേരി​ടാൻ നമ്മൾ ഒരുങ്ങി​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

തന്റെ ശിഷ്യ​രാ​കു​ന്ന​വ​രെ​യെ​ല്ലാം മറ്റുള്ളവർ വെറു​ക്കു​മെന്ന്‌ മരണത്തി​ന്റെ തലേ രാത്രി യേശു പറഞ്ഞു. (യോഹ. 17:14) അന്നു​തൊട്ട്‌ ഇന്നുവരെ സത്യാ​രാ​ധ​ന​യു​ടെ എതിരാ​ളി​കൾ, വിശ്വ​സ്‌ത​രായ ക്രിസ്‌ത്യാ​നി​കളെ ഉപദ്ര​വി​ച്ചി​ട്ടുണ്ട്‌. (2 തിമൊ. 3:12) ഈ വ്യവസ്ഥി​തി അതിന്റെ അവസാ​ന​ത്തോട്‌ അടുക്കും​തോ​റും എതിർപ്പു കൂടി​ക്കൂ​ടി​വ​രു​മെന്നു നമ്മൾ പ്രതീ​ക്ഷി​ക്കണം.—മത്താ. 24:9.

2-3. (എ) ഭയം നമുക്ക്‌ അപകടം ചെയ്‌തേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

2 ഉപദ്ര​വങ്ങൾ നേരി​ടാൻ നമുക്ക്‌ ഇപ്പോൾത്തന്നെ എങ്ങനെ തയ്യാ​റെ​ടു​ക്കാം? ഉപദ്ര​വ​ത്തി​ന്റെ ഭാഗമാ​യി നമുക്കു സംഭവി​ച്ചേ​ക്കാ​വുന്ന കാര്യ​ങ്ങ​ളെ​ല്ലാം ഭാവന​യിൽ കാണേണ്ട ആവശ്യ​മില്ല. അങ്ങനെ ചെയ്‌താൽ ഭയവും ഉത്‌ക​ണ്‌ഠ​യും നമ്മളെ വീർപ്പു​മു​ട്ടി​ക്കും. ഭയം നമ്മളെ കീഴട​ക്കി​യാൽ ശരിക്കു​മുള്ള പരി​ശോ​ധന വരുന്ന​തി​നു മുമ്പു​തന്നെ യഹോ​വയെ സേവി​ക്കു​ന്നതു നമ്മൾ നിറു​ത്തി​ക്ക​ള​ഞ്ഞേ​ക്കാം. (സുഭാ. 12:25; 17:22) നമ്മുടെ “എതിരാ​ളി​യായ പിശാച്‌” നമുക്ക്‌ എതിരെ ഉപയോ​ഗി​ക്കുന്ന ശക്തമായ ഒരു ആയുധ​മാ​ണു ഭയം. (1 പത്രോ. 5:8, 9) അങ്ങനെ​യെ​ങ്കിൽ ഉപദ്ര​വങ്ങൾ സഹിച്ചു​നിൽക്കാൻ നമുക്ക്‌ ഇപ്പോൾ എന്തൊക്കെ ചെയ്യാം?

3 യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധം ശക്തി​പ്പെ​ടു​ത്താൻ കഴിയുന്ന വിധങ്ങ​ളും അത്‌ ഇപ്പോൾത്തന്നെ ചെയ്യേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​വും ഈ ലേഖന​ത്തിൽ ചിന്തി​ക്കും. നല്ല ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കാൻ എന്തു ചെയ്യണ​മെ​ന്നും നമ്മൾ ചർച്ച ചെയ്യും. അവസാ​ന​മാ​യി, ആളുക​ളു​ടെ വെറു​പ്പിന്‌ ഇരകളാ​കു​മ്പോൾ എങ്ങനെ പിടി​ച്ചു​നിൽക്കാ​മെ​ന്നും നമ്മൾ കാണും.

യഹോ​വ​യു​മാ​യുള്ള ബന്ധം എങ്ങനെ ശക്തി​പ്പെ​ടു​ത്താം?

4. എബ്രായർ 13:5, 6 നമ്മളോട്‌ എന്താണ്‌ പറയു​ന്നത്‌? അതിൽ നമുക്ക്‌ ഉറപ്പ്‌ ഉണ്ടായി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

4 യഹോവ നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നെ​ന്നും നിങ്ങളെ ഒരിക്ക​ലും ഉപേക്ഷി​ക്കി​ല്ലെ​ന്നും ഉറപ്പു​ണ്ടാ​യി​രി​ക്കുക. (എബ്രായർ 13:5, 6 വായി​ക്കുക.) വർഷങ്ങൾക്കു മുമ്പ്‌ വീക്ഷാ​ഗോ​പു​രം ഇങ്ങനെ പറഞ്ഞു: “ദൈവത്തെ ഏറ്റവും നന്നായി അറിയുന്ന വ്യക്തി ഉപദ്ര​വ​ങ്ങ​ളു​ടെ സമയത്ത്‌ ഏറ്റവും കൂടു​ത​ലാ​യി ദൈവ​ത്തിൽ ആശ്രയി​ക്കും.” ഇത്‌ എത്ര ശരിയാണ്‌! ഉപദ്ര​വങ്ങൾ സഹിച്ചു​നിൽക്കു​ന്ന​തിന്‌ നമ്മൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കു​ക​യും വേണം. യഹോ​വ​യ്‌ക്കു നമ്മളോ​ടു സ്‌നേ​ഹ​മു​ണ്ടോ എന്ന്‌ ഒരിക്ക​ലും സംശയി​ക്ക​രുത്‌.—മത്താ. 22:36-38; യാക്കോ. 5:11.

5. യഹോ​വ​യു​ടെ സ്‌നേഹം അനുഭ​വി​ച്ച​റി​യാൻ നിങ്ങളെ എന്തു സഹായി​ക്കും?

5 യഹോ​വ​യോ​ടു കൂടുതൽ അടുക്കുക എന്ന ലക്ഷ്യത്തിൽ ദിവസ​വും ബൈബിൾ വായി​ക്കുക. (യാക്കോ. 4:8) ബൈബിൾ വായി​ക്കു​മ്പോൾ യഹോ​വ​യു​ടെ കരുണ​യും ദയയും പോലുള്ള ഗുണങ്ങൾ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. യഹോവ പറയു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യുന്ന കാര്യ​ങ്ങ​ളിൽനിന്ന്‌ യഹോ​വ​യു​ടെ സ്‌നേ​ഹ​വും വാത്സല്യ​വും അനുഭ​വി​ച്ച​റി​യുക. (പുറ. 34:6) എന്നാൽ മറ്റുള്ള​വ​രു​ടെ സ്‌നേഹം ഒരിക്ക​ലും കിട്ടി​യി​ട്ടി​ല്ലാത്ത ചിലർക്ക്‌, ദൈവം തങ്ങളെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു വിശ്വ​സി​ക്കാൻ ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം. നിങ്ങൾക്ക്‌ അങ്ങനെ തോന്നു​ന്നെ​ങ്കിൽ, യഹോവ നിങ്ങ​ളോ​ടു കരുണ​യും ദയയും കാണി​ക്കു​ന്ന​തി​ന്റെ ഒരു ലിസ്റ്റ്‌ ഉണ്ടാക്കാൻ ഓരോ ദിവസ​വും ശ്രമം നടത്തുക. (സങ്കീ. 78:38, 39; റോമ. 8:32) ഓരോ ദിവസ​ത്തെ​യും അനുഭ​വ​ങ്ങ​ളും ദൈവ​വ​ച​ന​ത്തിൽനിന്ന്‌ വായിച്ച കാര്യ​ങ്ങ​ളും ധ്യാനി​ക്കു​മ്പോൾ യഹോവ നിങ്ങൾക്കു​വേണ്ടി ചെയ്‌ത പലപല കാര്യ​ങ്ങ​ളും ലിസ്റ്റിൽ ഉൾപ്പെ​ടു​ത്താൻ നിങ്ങൾക്കു കഴിയും. യഹോവ ചെയ്‌ത കാര്യ​ങ്ങ​ളോ​ടുള്ള നിങ്ങളു​ടെ വിലമ​തി​പ്പു വർധി​ക്കു​ന്ന​ത​നു​സ​രിച്ച്‌, യഹോ​വ​യോ​ടുള്ള നിങ്ങളു​ടെ അടുപ്പ​വും വർധി​ക്കും.—സങ്കീ. 116:1, 2.

6. സങ്കീർത്തനം 94:17-19 പറയു​ന്ന​ത​നു​സ​രിച്ച്‌, ഹൃദയം​ഗ​മ​മായ പ്രാർഥ​ന​യ്‌ക്കു നിങ്ങളെ എങ്ങനെ സഹായി​ക്കാൻ കഴിയും?

6 ദിവസ​വും പ്രാർഥി​ക്കുക. അച്ഛന്റെ കരവല​യ​ത്തിൽ നെഞ്ചോ​ടു ചേർന്നി​രി​ക്കുന്ന ഒരു കൊച്ചു​കു​ട്ടി​യെ സങ്കൽപ്പി​ക്കുക. ആ കൈക​ളിൽ അവന്‌ അങ്ങേയറ്റം സുരക്ഷി​ത​ത്വം അനുഭ​വ​പ്പെ​ടു​ന്നു. അതു​കൊണ്ട്‌, അച്ഛനോ​ടു സംസാ​രി​ക്കാൻ അവന്‌ ഒട്ടും പേടി തോന്നു​ന്നില്ല. അന്നേ ദിവസം അവനു​ണ്ടായ നല്ല കാര്യ​ങ്ങ​ളും മോശം കാര്യ​ങ്ങ​ളും എല്ലാം അവൻ അച്ഛനോ​ടു പറയുന്നു. ഓരോ ദിവസ​വും ഹൃദയം​ഗ​മ​മായ പ്രാർഥ​ന​യോ​ടെ യഹോ​വ​യോ​ടു കൂടുതൽ അടുത്ത്‌ ചെല്ലു​ന്നെ​ങ്കിൽ, നിങ്ങൾക്കും യഹോ​വ​യു​മാ​യി ഇതു​പോ​ലെ ഒരു ബന്ധം ആസ്വദി​ക്കാൻ കഴിയും. (സങ്കീർത്തനം 94:17-19 വായി​ക്കുക.) യഹോ​വ​യോ​ടു പ്രാർഥി​ക്കു​മ്പോൾ നിങ്ങളു​ടെ “ഹൃദയം വെള്ളം​പോ​ലെ പകരുക.” നിങ്ങളു​ടെ ഉത്‌ക​ണ്‌ഠ​യും ഭയവും എല്ലാം സ്‌നേ​ഹ​മുള്ള പിതാ​വി​നെ അറിയി​ക്കുക. (വിലാ. 2:19) എന്തായി​രി​ക്കും ഫലം? “മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മായ ദൈവ​സ​മാ​ധാ​നം” നിങ്ങൾക്ക്‌ അപ്പോൾ അനുഭ​വി​ച്ച​റി​യാ​നാ​കും. (ഫിലി. 4:6, 7) ഇത്തരത്തിൽ നിങ്ങൾ എത്രയ​ധി​കം പ്രാർഥി​ക്കു​ന്നോ, അത്രയ​ധി​കം നിങ്ങൾക്ക്‌ യഹോ​വ​യോട്‌ അടുപ്പം തോന്നും.—റോമ. 8:38, 39.

യഹോവയിലും ദൈവ​രാ​ജ്യ​ത്തി​ലും ഉള്ള ഉറച്ച വിശ്വാ​സ​മാ​ണു ധൈര്യ​ത്തി​ന്റെ അടിസ്ഥാ​നം

സ്റ്റാൻലി ജോൺസ്‌ സഹോ​ദരൻ ദൈവ​രാ​ജ്യം ഒരു യാഥാർഥ്യ​മാ​ണെന്നു സ്വയം ബോധ്യ​പ്പെ​ടു​ത്തി. അത്‌ അദ്ദേഹ​ത്തി​ന്റെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തി (7-ാം ഖണ്ഡിക കാണുക)

7. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​നങ്ങൾ സത്യമാ​യി​ത്തീ​രു​മെന്നു നിങ്ങ​ളെ​ത്തന്നെ ബോധ്യ​പ്പെ​ടു​ത്തേ​ണ്ടത്‌ എന്തു​കൊണ്ട്‌?

7 ദൈവ​രാ​ജ്യ​ത്തി​ന്റെ അനു​ഗ്ര​ഹങ്ങൾ നടപ്പാ​കു​മെന്ന്‌ ഉറച്ച്‌ വിശ്വ​സി​ക്കുക. (സംഖ്യ 23:19) ഈ വാഗ്‌ദാ​ന​ങ്ങ​ളി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം കുറവാ​ണെ​ങ്കിൽ സാത്താ​നും അവന്റെ അനുയാ​യി​കൾക്കും നിങ്ങളെ ഭയപ്പെ​ടു​ത്താൻ എളുപ്പ​മാ​യി​രി​ക്കും. (സുഭാ. 24:10; എബ്രാ. 2:15) ദൈവ​രാ​ജ്യ​ത്തി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം എങ്ങനെ ശക്തി​പ്പെ​ടു​ത്താം? ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ പരി​ശോ​ധി​ക്കു​ന്നത്‌ ഒരു പഠന​പ്രോ​ജ​ക്ടാ​ക്കുക. അവ സംഭവി​ക്കു​മെന്നു വിശ്വ​സി​ക്കാൻ നിങ്ങളെ സഹായി​ക്കുന്ന തെളി​വു​കൾക്കാ​യി നോക്കുക. ഉപദ്ര​വങ്ങൾ നേരി​ടാൻ ഇതു നിങ്ങളെ എങ്ങനെ സഹായി​ക്കും? വിശ്വാ​സ​ത്തി​ന്റെ പേരിൽ ഏഴു വർഷ​ത്തോ​ളം ജയിലി​ലാ​യി​രുന്ന സ്റ്റാൻലി ജോൺസ്‌ സഹോ​ദ​രന്റെ അനുഭവം നോക്കുക. * സഹിച്ചു​നിൽക്കാൻ അദ്ദേഹത്തെ എന്താണു സഹായി​ച്ചത്‌? അദ്ദേഹം പറഞ്ഞു: “ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള അറിവ്‌, അത്‌ ഒരു യാഥാർഥ്യ​മാ​ണെന്ന ഉറപ്പ്‌, ഒരിക്കൽപ്പോ​ലും സംശയി​ക്കാ​തി​രു​ന്നത്‌, ഇതെല്ലാം ഉറച്ചു​നിൽക്കാൻ എന്നെ സഹായി​ച്ചു.” ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളിൽ നിങ്ങൾക്ക്‌ ഉറച്ച വിശ്വാ​സ​മു​ണ്ടെ​ങ്കിൽ നിങ്ങൾ യഹോ​വ​യോ​ടു കൂടുതൽ അടുക്കും. അതു ഭയത്തിൽ വീണു​പോ​കാ​തി​രി​ക്കാൻ നിങ്ങളെ സഹായി​ക്കും. —സുഭാ. 3:25, 26.

8. മീറ്റി​ങ്ങി​നോ​ടുള്ള നമ്മുടെ മനോ​ഭാ​വം എന്തു സൂചി​പ്പി​ച്ചേ​ക്കാം? വിശദീ​ക​രി​ക്കുക.

8 എല്ലാ സഭാ​യോ​ഗ​ങ്ങൾക്കും പോകുക. യഹോ​വ​യോ​ടു കൂടുതൽ അടുക്കാൻ മീറ്റി​ങ്ങു​കൾ സഹായി​ക്കും. പരി​ശോ​ധ​ന​ക​ളു​ണ്ടാ​കു​മ്പോൾ നമ്മൾ പിടി​ച്ചു​നിൽക്കു​മോ ഇല്ലയോ എന്നതു മീറ്റി​ങ്ങി​നോ​ടുള്ള നമ്മുടെ ഇപ്പോ​ഴത്തെ മനോ​ഭാ​വത്തെ ആശ്രയി​ച്ചി​രി​ക്കും. (എബ്രാ. 10:24, 25) എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? ഇന്നു നമ്മൾ ചെറി​യ​ചെ​റിയ കാരണ​ങ്ങ​ളു​ടെ പേരിൽ മീറ്റി​ങ്ങു​കൾക്കു പോകു​ന്നി​ല്ലെന്നു കരുതുക. അങ്ങനെ​യെ​ങ്കിൽ നാളെ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം കൂടി​വ​രു​ന്നതു ഗവൺമെന്റ്‌ നിരോ​ധി​ച്ചാൽ, നമ്മൾ യോഗ​ങ്ങൾക്കു പോകു​മോ? നേരെ മറിച്ച്‌, മീറ്റി​ങ്ങി​നു പോകാൻ ഇന്ന്‌ ഒരു ഉറച്ച തീരു​മാ​നം എടുക്കു​ന്നെ​ങ്കിൽ എതിരാ​ളി​കൾ തടസ്സങ്ങൾ സൃഷ്ടി​ക്കുന്ന സമയത്തും നമ്മൾ കൂടി​വ​രാ​തി​രി​ക്കില്ല. അതു​കൊണ്ട്‌ മീറ്റി​ങ്ങു​ക​ളോ​ടു സ്‌നേഹം വളർത്താ​നുള്ള സമയം ഇപ്പോ​ഴാണ്‌. അങ്ങനെ ചെയ്‌താൽ എന്തൊക്കെ എതിർപ്പു​ക​ളു​ണ്ടാ​യാ​ലും, ഗവൺമെന്റ്‌ നിരോ​ധി​ച്ചാൽപ്പോ​ലും, നമ്മൾ ദൈവത്തെ അനുസ​രി​ക്കും.—പ്രവൃ. 5:29.

തിരുവെഴുത്തുകളും രാജ്യ​ഗീ​ത​ങ്ങ​ളും മനഃപാ​ഠ​മാ​ക്കു​ന്നത്‌ ഉപദ്ര​വ​ങ്ങ​ളു​ണ്ടാ​കു​മ്പോൾ പിടിച്ചുനിൽക്കാൻ നിങ്ങളെ സഹായി​ക്കും (9-ാം ഖണ്ഡിക കാണുക) *

9. തിരു​വെ​ഴു​ത്തു​കൾ മനഃപാ​ഠ​മാ​ക്കു​ന്നത്‌ ഉപദ്ര​വ​ങ്ങൾക്കു​വേണ്ടി തയ്യാ​റെ​ടു​ക്കാൻ നമ്മളെ എങ്ങനെ സഹായി​ക്കും?

9 ഇഷ്ടപ്പെട്ട തിരു​വെ​ഴു​ത്തു​കൾ മനഃപാ​ഠ​മാ​ക്കുക. (മത്താ. 13:52) എല്ലാം ഓർത്തി​രി​ക്കാ​നുള്ള കഴിവ്‌ നിങ്ങൾക്കി​ല്ലാ​യി​രി​ക്കും, പക്ഷേ മനഃപാ​ഠ​മാ​ക്കിയ തിരു​വെ​ഴു​ത്തു​കൾ യഹോവ പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗിച്ച്‌ നിങ്ങളു​ടെ ഓർമ​യി​ലേക്കു കൊണ്ടു​വ​രും. (യോഹ. 14:26) പൂർവ​ജർമ​നി​യിൽ, ഏകാന്ത​ത​ടവ്‌ അനുഭ​വി​ക്കേ​ണ്ടി​വന്ന ഒരു സഹോ​ദരൻ പറഞ്ഞതു ശ്രദ്ധി​ക്കുക: “ഞാൻ അതി​നോ​ടകം 200-ലധികം തിരു​വെ​ഴു​ത്തു​കൾ മനഃപാ​ഠ​മാ​ക്കി​യി​രു​ന്നു. അത്‌ എന്തൊരു അനു​ഗ്ര​ഹ​മാ​യെ​ന്നോ! ഒറ്റയ്‌ക്കാ​യി​രുന്ന ആ ദിവസ​ങ്ങ​ളിൽ വ്യത്യസ്‌ത ബൈബിൾവി​ഷ​യ​ങ്ങ​ളെ​ക്കു​റിച്ച്‌ എനിക്കു ധ്യാനി​ക്കാൻ കഴിഞ്ഞു.” യഹോ​വ​യോ​ടു പറ്റിനിൽക്കാ​നും വിശ്വ​സ്‌ത​മാ​യി സഹിച്ചു​നിൽക്കാ​നും ആ തിരു​വെ​ഴു​ത്തു​കൾ സഹോ​ദ​രനെ സഹായി​ച്ചു.

(10-ാം ഖണ്ഡിക കാണുക) *

10. നമ്മൾ പാട്ടുകൾ മനഃപാ​ഠ​മാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

10 യഹോ​വയെ സ്‌തു​തി​ക്കുന്ന പാട്ടുകൾ മനഃപാ​ഠ​മാ​ക്കു​ക​യും പാടു​ക​യും ചെയ്യുക. പൗലോ​സും ശീലാ​സും യഹോ​വ​യ്‌ക്കുള്ള ചില സ്‌തു​തി​ഗീ​തങ്ങൾ മനഃപാ​ഠ​മാ​ക്കി​യി​രു​ന്നു. ഫിലി​പ്പി​യിൽ ജയിലി​ലാ​യി​രു​ന്ന​പ്പോൾ അവർക്ക്‌ അവ പാടാൻ കഴിഞ്ഞു. (പ്രവൃ. 16:25) ഇനി, മുൻ സോവി​യറ്റ്‌ യൂണി​യ​നിൽനിന്ന്‌ സൈബീ​രി​യ​യി​ലേക്കു നമ്മുടെ സഹോ​ദ​ര​ങ്ങളെ നാടു​ക​ട​ത്തി​യ​പ്പോൾ അവർ എങ്ങനെ​യാ​ണു ശക്തിയാർജി​ച്ചത്‌? മരിയ ഫെഡുൻ സഹോ​ദരി പറയുന്നു: “നമ്മുടെ പാട്ടു​പു​സ്‌ത​ക​ത്തി​ലെ ഞങ്ങൾക്ക്‌ അറിയാ​വുന്ന എല്ലാ പാട്ടു​ക​ളും ഞങ്ങൾ പാടി.” ആ പാട്ടുകൾ അവർക്കു ധൈര്യം പകർന്നെ​ന്നും യഹോ​വ​യോ​ടു കൂടുതൽ അടുത്ത​തു​പോ​ലെ തോന്നാൻ ഇടയാ​ക്കി​യെ​ന്നും സഹോ​ദരി പറഞ്ഞു. പ്രിയ​പ്പെട്ട പാട്ടുകൾ പാടു​മ്പോൾ നിങ്ങൾക്കും അങ്ങനെ തോന്നാ​റു​ണ്ടോ? എങ്കിൽ ആ പാട്ടുകൾ ഇപ്പോൾ മനഃപാ​ഠ​മാ​ക്കുക.—“ ധൈര്യം തരേണമേ” എന്ന ചതുരം കാണുക.

എങ്ങനെ നല്ല ധൈര്യ​മു​ള്ള​വ​രാ​കാം?

11-12. (എ) 1 ശമുവേൽ 17:37, 45-47 അനുസ​രിച്ച്‌ എങ്ങനെ​യാ​ണു ദാവീ​ദി​നു ധൈര്യം കിട്ടി​യത്‌? (ബി) ദാവീ​ദി​ന്റെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

11 ഉപദ്ര​വങ്ങൾ നേരി​ടു​ന്ന​തി​നു ധൈര്യം വേണം. പക്ഷേ നിങ്ങൾക്കു വേണ്ടത്ര ധൈര്യ​മി​ല്ലെന്നു തോന്നു​ന്നെ​ങ്കിൽ എന്തു ചെയ്യാം? ഓർക്കുക: യഥാർഥ​ധൈ​ര്യ​ത്തി​ന്റെ അടിസ്ഥാ​നം വലുപ്പ​മോ ശക്തിയോ കഴിവോ ഒന്നും അല്ല. ദാവീ​ദി​ന്റെ മാതൃക നോക്കാം. ഗൊല്യാ​ത്തി​നെ നേരി​ട്ട​പ്പോൾ ദാവീദ്‌ തീരെ ചെറു​പ്പ​മാ​യി​രു​ന്നു. ഭീമാ​കാ​ര​നായ ആ മനുഷ്യ​നു​മാ​യി താരത​മ്യ​പ്പെ​ടു​ത്തി​യാൽ ദാവീദ്‌ വലുപ്പ​ത്തി​ലും ശക്തിയി​ലും തീരെ ചെറു​താ​യി​രു​ന്നു. ആയുധ​ങ്ങ​ളു​ടെ കാര്യ​ത്തി​ലാ​കട്ടെ, ദാവീ​ദിന്‌ ഒരു വാളു​പോ​ലും ഉണ്ടായി​രു​ന്നില്ല. പക്ഷേ ദാവീദ്‌ അല്‌പം​പോ​ലും പതറാതെ അഹങ്കാ​രി​യായ ഗൊല്യാ​ത്തി​നു നേരേ ധൈര്യ​ത്തോ​ടെ ഓടി​യ​ടു​ത്തു.

12 ദാവീ​ദിന്‌ എങ്ങനെ​യാണ്‌ ഇത്രയും ധൈര്യം കിട്ടി​യത്‌? യഹോവ തന്റെകൂ​ടെ​യു​ണ്ടെന്നു ദാവീദ്‌ ഉറച്ച്‌ വിശ്വ​സി​ച്ചു. (1 ശമുവേൽ 17:37, 45-47 വായി​ക്കുക.) ഗൊല്യാ​ത്തി​ന്റെ മുമ്പിൽ താൻ എത്ര ചെറു​താ​ണെന്നല്ല, പകരം യഹോ​വ​യു​ടെ മുമ്പിൽ ഗൊല്യാത്ത്‌ എത്ര ചെറു​താ​ണെ​ന്നാണ്‌ ദാവീദ്‌ നോക്കി​യത്‌. ഈ വിവര​ണ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? യഹോവ നമ്മു​ടെ​കൂ​ടെ​യു​ണ്ടെന്നു വിശ്വ​സി​ക്കു​ന്ന​തും സർവശ​ക്ത​നായ ദൈവ​ത്തോ​ടുള്ള താരത​മ്യ​ത്തിൽ നമ്മുടെ എതിരാ​ളി​കൾ വെറും പൊടി​യാ​ണെന്നു ചിന്തി​ക്കു​ന്ന​തും ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മളെ സഹായി​ക്കും. (2 ദിന. 20:15; സങ്കീ. 16:8) ഉപദ്ര​വങ്ങൾ വരുന്ന​തി​നു മുമ്പേ നമുക്ക്‌ എങ്ങനെ ധൈര്യം വളർത്തി​യെ​ടു​ക്കാം?

13. നമുക്ക്‌ എങ്ങനെ ധൈര്യം ശക്തമാ​ക്കാം? വിശദീ​ക​രി​ക്കുക.

13 ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചു​കൊണ്ട്‌ ഇപ്പോൾ നമുക്കു ധൈര്യം വളർത്തി​യെ​ടു​ക്കാൻ കഴിയും. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? കാരണം, പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടു​മ്പോൾ യഹോ​വ​യിൽ ആശ്രയി​ക്കാൻ നമ്മൾ പഠിക്കും. ആളുകളെ പേടി​ക്കാ​തി​രി​ക്കാ​നും അതു നമ്മളെ പഠിപ്പി​ക്കും. (സുഭാ. 29:25) വ്യായാ​മം ചെയ്യു​ന്നതു നമ്മുടെ പേശി​കൾക്കു കരു​ത്തേ​കും. സമാന​മാ​യി, നമ്മൾ വീടു​തോ​റും പരസ്യ​മാ​യും അനൗപ​ചാ​രി​ക​മാ​യും അതു​പോ​ലെ ബിസി​നെസ്സ്‌ പ്രദേ​ശ​ങ്ങ​ളി​ലും പ്രസം​ഗി​ക്കു​ന്നത്‌, നമ്മളെ കൂടുതൽ ധൈര്യ​മു​ള്ള​വ​രാ​ക്കും. പ്രസം​ഗി​ക്കാ​നുള്ള ധൈര്യം ഇന്നു നമ്മൾ നേടി​യെ​ടു​ക്കു​ന്നെ​ങ്കിൽ, നമ്മുടെ പ്രവർത്തനം നിരോ​ധി​ച്ചാൽപ്പോ​ലും പ്രസം​ഗി​ക്കു​ന്ന​തിൽ നമ്മൾ തുടരും.—1 തെസ്സ. 2:1, 2.

നാൻസി യൻ സഹോ​ദരി സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്നതു നിറു​ത്താൻ വിസമ്മ​തി​ച്ചു (14-ാം ഖണ്ഡിക കാണുക)

14-15. നാൻസി യൻ, വലന്റിനാ ഗാർനോ​ഫ്‌സ്‌കയ എന്നീ സഹോ​ദ​രി​മാ​രിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

14 അസാമാ​ന്യ​മായ ധൈര്യം കാണിച്ച രണ്ടു വിശ്വ​സ്‌ത​സ​ഹോ​ദ​രി​മാ​രെ​ക്കു​റിച്ച്‌ നോക്കാം. അവരിൽനിന്ന്‌ നമുക്കു പലതും പഠിക്കാ​നുണ്ട്‌. നാൻസി യൻ സഹോ​ദ​രിക്ക്‌ അഞ്ചടി​യിൽ താഴെയേ ഉയരമു​ള്ളൂ. പക്ഷേ സഹോ​ദരി ഭീഷണി​ക്കു മുന്നിൽ ഭയന്ന്‌ പിന്തി​രി​യുന്ന ഒരാള​ല്ലാ​യി​രു​ന്നു. * ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്നതു നിറു​ത്താൻ സഹോ​ദരി വിസമ്മ​തി​ച്ചു. ഫലമോ? 20 വർഷ​ത്തോ​ളം ചൈന​യിൽ സഹോ​ദ​രി​ക്കു ജയിലിൽ കഴി​യേ​ണ്ടി​വന്നു. രാജ്യത്തെ “ഏറ്റവും വലിയ ദുശ്ശാ​ഠ്യ​ക്കാ​രി​യാണ്‌” സഹോ​ദരി എന്ന്‌ അവരെ ചോദ്യം ചെയ്‌ത അധികാ​രി​കൾ പറഞ്ഞു.

യഹോവ തന്റെകൂ​ടെ​യു​ണ്ടെന്നു വലന്റിനാ ഗാർനോ​ഫ്‌സ്‌കയ സഹോ​ദ​രിക്ക്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു (15-ാം ഖണ്ഡിക കാണുക)

15 സമാന​മാ​യി, വലന്റിനാ ഗാർനോ​ഫ്‌സ്‌കയ സഹോ​ദ​രി​ക്കു മുൻ സോവി​യറ്റ്‌ യൂണി​യ​നിൽവെച്ച്‌ മൂന്നു വ്യത്യസ്‌ത കാലയ​ള​വി​ലാ​യി 21 വർഷ​ത്തോ​ളം ജയിലിൽ കഴി​യേ​ണ്ടി​വന്നു. * എന്തു​കൊണ്ട്‌? “അങ്ങേയറ്റം അപകട​കാ​രി​യായ കുറ്റപ്പു​ള്ളി” എന്നു മുദ്ര​കു​ത്തി​യി​ട്ടും സഹോ​ദരി പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ തുടരാൻ തീരു​മാ​നി​ച്ചു​റ​ച്ചി​രു​ന്നു. വിശ്വ​സ്‌ത​രായ ഈ രണ്ടു സ്‌ത്രീ​കൾക്ക്‌ ഇത്രയ​ധി​കം ധൈര്യം എങ്ങനെ കിട്ടി? യഹോവ തങ്ങളു​ടെ​കൂ​ടെ​യു​ണ്ടെന്ന്‌ അവർക്ക്‌ ഉറപ്പാ​യി​രു​ന്നു.

16. യഥാർഥ​ധൈ​ര്യ​ത്തി​ന്റെ അടിസ്ഥാ​നം എന്താണ്‌?

16 നമ്മൾ പഠിച്ചതുപോലെ, സ്വന്തം കഴിവു​ക​ളി​ലും പ്രാപ്‌തി​ക​ളി​ലും ആശ്രയി​ച്ചാൽ ധൈര്യം ശക്തമാ​ക്കാൻ നമുക്കു കഴിയില്ല. യഹോവ നമ്മു​ടെ​കൂ​ടെ​യു​ണ്ടെ​ന്നും നമുക്കു​വേണ്ടി പോരാ​ടു​മെ​ന്നും ഉള്ള വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കണം. (ആവ. 1:29, 30; സെഖ. 4:6) അതാണ്‌ യഥാർഥ​ധൈ​ര്യ​ത്തി​ന്റെ അടിസ്ഥാ​നം.

മറ്റുള്ള​വ​രു​ടെ വെറുപ്പിന്‌ ഇരയാകുമ്പോൾ

17-18. യോഹ​ന്നാൻ 15:18-21 അനുസ​രിച്ച്‌, യേശു എന്തു മുന്നറി​യി​പ്പാ​ണു നമുക്കു തന്നത്‌? വിശദീ​ക​രി​ക്കുക.

17 മറ്റുള്ള​വ​രു​ടെ ആദരവ്‌ നേടി​യെ​ടു​ക്കാൻ നമ്മളെ​ല്ലാം ആഗ്രഹി​ക്കു​ന്നു. പക്ഷേ ആളുകൾക്കു നമ്മളോ​ടു താത്‌പ​ര്യ​മി​ല്ലെ​ങ്കിൽ അതിന്‌ അർഥം നമുക്കു വിലയില്ല എന്നല്ല. യേശു പറഞ്ഞു: “മനുഷ്യ​പു​ത്രന്റെ നാമത്തിൽ ആളുകൾ നിങ്ങളെ വെറു​ക്കു​ക​യും ഒറ്റപ്പെ​ടു​ത്തു​ക​യും നിന്ദി​ക്കു​ക​യും നിങ്ങളു​ടെ പേര്‌ ചീത്തയാ​ക്കു​ക​യും ചെയ്യു​മ്പോൾ നിങ്ങൾ സന്തുഷ്ടർ.” (ലൂക്കോ. 6:22) യേശു എന്താണ്‌ അർഥമാ​ക്കി​യത്‌?

18 ആളുകൾ വെറു​ക്കു​ന്നതു ക്രിസ്‌ത്യാ​നി​കൾ ആസ്വദി​ക്കും എന്നല്ല യേശു പറഞ്ഞത്‌. പകരം, എന്തു സംഭവി​ക്കാൻപോ​കു​ന്നെന്നു മുന്നറി​യി​പ്പു തരുക​യാ​യി​രു​ന്നു. നമ്മൾ ഈ ലോക​ത്തി​ന്റെ ഭാഗമല്ല. നമ്മൾ യേശു പറഞ്ഞത​നു​സ​രിച്ച്‌ ജീവി​ക്കു​ന്നു, യേശു പ്രസം​ഗിച്ച സന്ദേശം പ്രസം​ഗി​ക്കു​ന്നു. അതു​കൊണ്ട്‌ ലോകം നമ്മളെ വെറു​ക്കു​ന്നു. (യോഹ​ന്നാൻ 15:18-21 വായി​ക്കുക.) യഹോ​വയെ സന്തോ​ഷി​പ്പി​ക്കുക എന്നതാണു നമ്മുടെ ആഗ്രഹം. യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു എന്ന കാരണ​ത്താൽ ആളുകൾ നമ്മളെ വെറു​ക്കു​ന്നെ​ങ്കിൽ അത്‌ അവരുടെ കുഴപ്പ​മാണ്‌.

19. അപ്പോ​സ്‌ത​ല​ന്മാ​രു​ടെ മാതൃക നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം?

19 നിസ്സാ​ര​രായ മനുഷ്യർ എന്തെങ്കി​ലും പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്‌തു എന്നു കരുതി, യഹോ​വ​യു​ടെ സാക്ഷി​യാ​യി​രി​ക്കു​ന്ന​തിൽ ലജ്ജ തോന്ന​രുത്‌. (മീഖ 4:5) യേശു​വി​ന്റെ മരണ​ശേഷം അധികം വൈകാ​തെ യരുശ​ലേ​മിൽ അപ്പോ​സ്‌ത​ല​ന്മാർ എന്തു ചെയ്‌തെന്നു ചിന്തി​ക്കു​ന്നതു മാനു​ഷ​ഭ​യത്തെ മറിക​ട​ക്കാൻ നമ്മളെ സഹായി​ക്കും. ജൂത മതനേ​താ​ക്ക​ന്മാർ തങ്ങളെ എത്ര​ത്തോ​ളം വെറു​ക്കു​ന്നെന്ന്‌ അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. (പ്രവൃ. 5:17, 18, 27, 28) എന്നിട്ടും എല്ലാ ദിവസ​വും അവർ ആലയത്തിൽ പോയി പ്രസം​ഗി​ക്കു​ക​യും അതുവഴി തങ്ങൾ യേശു​വി​ന്റെ ശിഷ്യ​ന്മാ​രാ​ണെന്നു കാണി​ച്ചു​കൊ​ടു​ക്കു​ക​യും ചെയ്‌തു. (പ്രവൃ. 5:42) ഭയം തങ്ങളെ കീഴട​ക്കാൻ അവർ അനുവ​ദി​ച്ചില്ല. ജോലി​സ്ഥ​ല​ത്തും സ്‌കൂ​ളി​ലും നമ്മുടെ ചുറ്റു​വ​ട്ട​ത്തും ഒക്കെ നമ്മൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്നു വെളി​പ്പെ​ടു​ത്തി​ക്കൊണ്ട്‌ നമുക്കും അവരെ​പ്പോ​ലെ ഭയത്തെ കീഴ്‌പെ​ടു​ത്താൻ കഴിയും.—പ്രവൃ. 4:29; റോമ. 1:16.

20. അപ്പോ​സ്‌ത​ല​ന്മാ​രെ മറ്റുള്ളവർ വെറു​ത്ത​പ്പോ​ഴും അവർ സന്തോ​ഷി​ച്ചത്‌ എന്തു​കൊണ്ട്‌?

20 അപ്പോ​സ്‌ത​ല​ന്മാർ എന്തു​കൊ​ണ്ടാ​ണു സന്തോ​ഷി​ച്ചത്‌? തങ്ങളെ ആളുകൾ വെറു​ക്കു​ന്ന​തി​ന്റെ കാരണം അവർ മനസ്സി​ലാ​ക്കി. യഹോ​വ​യു​ടെ ഇഷ്ടം ചെയ്യു​ന്ന​തു​കൊ​ണ്ടാ​ണു തങ്ങളെ ഉപദ്ര​വി​ക്കു​ന്ന​തെന്ന്‌ അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. അതിൽ അവർ അഭിമാ​നി​ക്കു​ക​യാ​ണു ചെയ്‌തത്‌. (ലൂക്കോ. 6:23; പ്രവൃ. 5:41) അപ്പോ​സ്‌ത​ല​നായ പത്രോസ്‌ പിന്നീട്‌ ഇങ്ങനെ എഴുതി: “നീതി നിമിത്തം കഷ്ടത സഹി​ക്കേ​ണ്ടി​വ​ന്നാ​ലും നിങ്ങൾക്കു സന്തോ​ഷി​ക്കാം.” (1 പത്രോ. 2:19-21; 3:14) ശരിയാ​യതു ചെയ്യു​ന്ന​തി​നാണ്‌ ആളുകൾ നമ്മളെ വെറു​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കി​യാൽ, അതിന്റെ പേരിൽ നമ്മൾ യഹോ​വയെ സേവി​ക്കു​ന്നതു നിറു​ത്തില്ല.

തയ്യാ​റെ​ടു​ക്കു​ന്നതു പ്രയോ​ജനം ചെയ്യും

21-22. (എ) ഉപദ്ര​വ​ങ്ങൾക്കാ​യി ഇപ്പോൾത്തന്നെ തയ്യാ​റെ​ടു​ക്കാൻ നിങ്ങൾ എന്തു ചെയ്യാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു? (ബി) അടുത്ത ലേഖന​ത്തിൽ എന്തു ചർച്ച ചെയ്യും?

21 ആളുകൾ നമ്മുടെ മേൽ ഉപദ്രവം അഴിച്ചു​വി​ടു​ന്നത്‌ എപ്പോ​ഴാ​ണെ​ന്നോ, അധികാ​രി​കൾ നമ്മുടെ പ്രവർത്തനം നിരോ​ധി​ക്കു​ന്നത്‌ എന്നാ​ണെ​ന്നോ നമുക്ക്‌ അറിയില്ല. അതു​കൊണ്ട്‌ തയ്യാറാ​യി​രി​ക്കുക. യഹോ​വ​യോ​ടു കൂടുതൽ അടുക്കു​ക​യും ധൈര്യം വളർത്തി​യെ​ടു​ക്കു​ക​യും ആളുകൾ നമ്മളെ വെറു​ക്കു​മ്പോൾ എങ്ങനെ പിടി​ച്ചു​നിൽക്കാ​മെന്നു മനസ്സി​ലാ​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നമുക്കു തയ്യാ​റെ​ടു​ക്കാം. ഇന്നു നമ്മൾ ചെയ്യുന്ന കാര്യങ്ങൾ നാളെ ഉറച്ചു​നിൽക്കാൻ നമ്മളെ സഹായി​ക്കും.

22 നമ്മുടെ ആരാധ​ന​യ്‌ക്കു നിരോ​ധനം വരുക​യാ​ണെ​ങ്കി​ലോ? നിരോ​ധ​ന​ത്തിൻകീ​ഴി​ലും യഹോ​വ​യു​ടെ സേവന​ത്തിൽ തുടരാൻ സഹായി​ക്കുന്ന ബൈബിൾത​ത്ത്വ​ങ്ങൾ അടുത്ത ലേഖന​ത്തിൽ നമ്മൾ ചർച്ച ചെയ്യും.

ഗീതം 118 “ഞങ്ങളുടെ വിശ്വാ​സം വർധി​പ്പി​ച്ചു​ത​രണേ”

^ ഖ. 5 ആരും നമ്മളെ വെറു​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നില്ല. പക്ഷേ ഇന്ന്‌ അല്ലെങ്കിൽ നാളെ, നമ്മൾ എല്ലാവ​രും ഉപദ്ര​വങ്ങൾ നേരി​ടേ​ണ്ടി​വ​രും. അവയെ ധൈര്യ​ത്തോ​ടെ നേരി​ടാൻ ഈ ലേഖനം നമ്മളെ സഹായി​ക്കും.

^ ഖ. 7 1965 ഡിസംബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) 756-767 പേജുകൾ കാണുക.

^ ഖ. 14 1979 ജൂലൈ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) 4-7 പേജുകൾ കാണുക. JW പ്രക്ഷേ​പ​ണ​ത്തി​ലെ “നാൻസി യൻ: യഹോ​വ​യു​ടെ നാമം പ്രസി​ദ്ധ​മാ​കും” എന്ന വീഡി​യോ കാണുക. (അഭിമു​ഖ​ങ്ങ​ളും അനുഭ​വ​ങ്ങ​ളും എന്നതിനു കീഴിൽ നോക്കുക.)

^ ഖ. 67 ചിത്രക്കുറിപ്പ്‌: കുടും​ബാ​രാ​ധ​ന​യു​ടെ സമയത്ത്‌, കാർഡു​കൾ ഉപയോ​ഗിച്ച്‌ തിരു​വെ​ഴു​ത്തു​കൾ മനഃപാ​ഠ​മാ​ക്കാൻ മാതാ​പി​താ​ക്കൾ മക്കളെ സഹായി​ക്കു​ന്നു.

^ ഖ. 70 ചിത്രക്കുറിപ്പ്‌: മീറ്റി​ങ്ങി​നു പോകുന്ന വഴിക്ക്‌ കാറിൽവെച്ച്‌ ഒരു കുടും​ബം രാജ്യ​ഗീ​തങ്ങൾ പാടുന്നു.