വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന ലേഖനം 28

നിരോ​ധ​ന​ത്തിൻകീ​ഴി​ലും യഹോ​വയെ ആരാധി​ക്കുക

നിരോ​ധ​ന​ത്തിൻകീ​ഴി​ലും യഹോ​വയെ ആരാധി​ക്കുക

“ഞങ്ങൾ കാണു​ക​യും കേൾക്കു​ക​യും ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്കാ​തി​രി​ക്കാൻ ഞങ്ങൾക്കു കഴിയില്ല.”—പ്രവൃ. 4:19, 20.

ഗീതം 122 അചഞ്ചല​രായ്‌ ഉറച്ചു​നിൽക്കാം

പൂർവാവലോകനം *

1-2. (എ) ഗവൺമെന്റ്‌ നമ്മുടെ പ്രവർത്തനം നിരോ​ധി​ച്ചാൽ അതിശ​യി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) ഈ ലേഖന​ത്തിൽ നമ്മൾ ഏതെല്ലാം കാര്യങ്ങൾ ചിന്തി​ക്കും?

ലോക​മെ​ങ്ങു​മാ​യി 2018-ൽ സന്തോ​ഷ​വാർത്ത​യു​ടെ 2,23,000-ത്തിലധി​കം പ്രചാ​രകർ പ്രവർത്തി​ച്ചതു സത്യാ​രാ​ധ​ന​യ്‌ക്കു നിരോ​ധ​ന​മോ കടുത്ത നിയ​ന്ത്ര​ണ​മോ ഉള്ള പ്രദേ​ശ​ങ്ങ​ളി​ലാണ്‌. ഇതു നമ്മളെ അതിശ​യി​പ്പി​ക്കേ​ണ്ട​തില്ല. കാരണം, കഴിഞ്ഞ ലേഖന​ത്തിൽ പഠിച്ച​തു​പോ​ലെ സത്യ​ക്രി​സ്‌ത്യാ​നി​കൾ ഉപദ്ര​വങ്ങൾ പ്രതീ​ക്ഷി​ക്കണം. (2 തിമൊ. 3:12) നമ്മൾ ജീവി​ക്കു​ന്നത്‌ എവി​ടെ​യാ​യാ​ലും, സ്‌നേ​ഹ​മുള്ള നമ്മുടെ ദൈവ​മായ യഹോ​വയെ ആരാധി​ക്കു​ന്നതു ഗവൺമെ​ന്റു​കൾ ഒരു മുന്നറി​യി​പ്പും​കൂ​ടാ​തെ, പെട്ടെന്നു നിരോ​ധി​ച്ചേ​ക്കാം.

2 നിങ്ങൾ ജീവി​ക്കുന്ന രാജ്യത്തെ ഗവൺമെന്റ്‌ യഹോ​വയെ ആരാധി​ക്കു​ന്നതു നിരോ​ധി​ക്കാൻ തീരു​മാ​നി​ച്ചാൽ നിങ്ങൾക്കു ചില സംശയങ്ങൾ തോന്നി​യേ​ക്കാം: ‘നമുക്കു ദൈവ​ത്തി​ന്റെ പ്രീതി​യി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണോ ഉപദ്ര​വ​ങ്ങ​ളു​ണ്ടാ​കു​ന്നത്‌? നിരോ​ധനം സത്യാ​രാ​ധന എന്നേക്കു​മാ​യി ഇല്ലാതാ​ക്കു​മോ? ദൈവത്തെ സ്വത​ന്ത്ര​മാ​യി സേവി​ക്കാൻ കഴിയുന്ന ഒരു സ്ഥലത്തേക്കു ഞാൻ താമസം മാറണോ?’ ഈ ചോദ്യ​ങ്ങൾ നമുക്ക്‌ ഇപ്പോൾ ചർച്ച ചെയ്യാം. നമ്മുടെ പ്രവർത്തനം നിരോ​ധി​ച്ചാ​ലും എങ്ങനെ തുടർന്നും യഹോ​വയെ സേവി​ക്കാ​മെന്നു നമ്മൾ കാണും. ഒഴിവാ​ക്കേണ്ട ചില അപകട​ങ്ങ​ളെ​ക്കു​റി​ച്ചും നമ്മൾ ചിന്തി​ക്കും.

ഉപദ്ര​വങ്ങൾ ദൈവ​പ്രീ​തി നഷ്ടമാ​യ​തി​ന്റെ തെളി​വാ​ണോ?

3. 2 കൊരി​ന്ത്യർ 11:23-27 അനുസ​രിച്ച്‌, പൗലോസ്‌ അപ്പോ​സ്‌തലൻ എന്തെല്ലാം ഉപദ്ര​വ​ങ്ങ​ളാ​ണു സഹിച്ചത്‌, പൗലോ​സി​ന്റെ ജീവി​ത​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

3 ഗവൺമെന്റ്‌ നമ്മുടെ പ്രവർത്തനം നിരോ​ധി​ച്ചാൽ നമുക്കു ദൈവാ​നു​ഗ്രഹം ഇല്ലാതാ​യെന്നു നമ്മൾ കണക്കാ​ക്കി​യേ​ക്കാം. അതു ശരിയല്ല. ഓർക്കുക: യഹോ​വ​യ്‌ക്കു നമ്മളോട്‌ എന്തെങ്കി​ലും വിരോ​ധ​മു​ണ്ടെ​ന്ന​തി​ന്റെ തെളിവല്ല ഉപദ്ര​വങ്ങൾ. പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ കാര്യ​മെ​ടു​ക്കുക. ദൈവ​പ്രീ​തി​യുള്ള ഒരാളാ​യി​രു​ന്നു അദ്ദേഹം എന്ന കാര്യ​ത്തിൽ ഒരു സംശയ​വു​മില്ല. ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളു​ടെ ഭാഗമായ 14 കത്തുകൾ എഴുതാ​നുള്ള അവസരം അദ്ദേഹ​ത്തി​നു കിട്ടി. ജനതക​ളു​ടെ അപ്പോ​സ്‌ത​ല​നാ​യും അദ്ദേഹം സേവിച്ചു. അദ്ദേഹ​ത്തി​നും കഠിന​മായ ഉപദ്ര​വങ്ങൾ സഹി​ക്കേ​ണ്ടി​വന്നു. (2 കൊരി​ന്ത്യർ 11:23-27 വായി​ക്കുക.) തന്റെ വിശ്വ​സ്‌ത​രായ ദാസന്മാർ ഉപദ്ര​വങ്ങൾ സഹിക്കാൻ യഹോവ അനുവ​ദി​ക്കു​മെന്നു പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ അനുഭവം നമ്മളെ പഠിപ്പി​ക്കു​ന്നു.

4. ലോകം നമ്മളെ വെറു​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

4 ഉപദ്ര​വങ്ങൾ പ്രതീ​ക്ഷി​ക്കേ​ണ്ട​തി​ന്റെ കാരണം യേശു വിശദീ​ക​രി​ച്ചു. നമ്മൾ ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​ത്ത​തു​കൊണ്ട്‌ ലോകം നമ്മളെ വെറു​ക്കു​മെന്നു യേശു പറഞ്ഞു. (യോഹ. 15:18, 19) നമുക്ക്‌ യഹോ​വ​യു​ടെ അനു​ഗ്രഹം ഇല്ലെന്നല്ല ഉപദ്ര​വങ്ങൾ സൂചി​പ്പി​ക്കു​ന്നത്‌. പകരം, നമ്മൾ ശരി ചെയ്യുന്നു എന്നതിന്റെ സൂചന​യാണ്‌ അത്‌.

നിരോ​ധനം സത്യാരാധന ഇല്ലാതാക്കുമോ?

5. മനുഷ്യർക്കു സത്യാ​രാ​ധന ഇല്ലാതാ​ക്കാൻ കഴിയു​മോ? വിശദീ​ക​രി​ക്കുക.

5 നമ്മുടെ എതിരാ​ളി​കൾ വെറും മനുഷ്യ​രാണ്‌. സർവശ​ക്ത​നായ ദൈവ​മായ യഹോ​വ​യു​ടെ ആരാധന പൂർണ​മാ​യി ഇല്ലാതാ​ക്കാൻ അവർക്ക്‌ ഒരിക്ക​ലും കഴിയില്ല. പലരും ശ്രമിച്ച്‌ പരാജ​യ​പ്പെട്ട ഒരു കാര്യ​മാണ്‌ അത്‌. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ എന്തു സംഭവി​ച്ചെന്നു ചിന്തി​ക്കുക. ആ സമയത്ത്‌ പല രാജ്യ​ങ്ങ​ളി​ലെ​യും ഗവൺമെ​ന്റു​കൾ ദൈവ​ജ​നത്തെ കഠിന​മാ​യി ഉപദ്ര​വി​ച്ചു. ജർമനി​യി​ലെ നാസി പാർട്ടി മാത്രമല്ല, ഓസ്‌​ട്രേ​ലി​യ​യി​ലെ​യും കാനഡ​യി​ലെ​യും മറ്റു പല ദേശങ്ങ​ളി​ലെ​യും ഗവൺമെ​ന്റു​ക​ളും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്തനം നിരോ​ധി​ച്ചു. എന്നാൽ എന്താണു സംഭവി​ച്ചത്‌? 1939-ൽ യുദ്ധം തുടങ്ങിയ സമയത്ത്‌ ലോക​മെ​ങ്ങു​മുള്ള പ്രചാ​ര​ക​രു​ടെ എണ്ണം 72,475 ആയിരു​ന്നു. റിപ്പോർട്ടു​കൾ കാണി​ക്കു​ന്ന​ത​നു​സ​രിച്ച്‌ 1945-ൽ യുദ്ധം അവസാ​നി​ച്ച​പ്പോ​ഴേ​ക്കും ആ എണ്ണം 1,56,299 ആയി. അതെ, യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ പ്രചാ​ര​ക​രു​ടെ എണ്ണം ഇരട്ടി​യി​ല​ധി​ക​മാ​യി.

6. എതിർപ്പു​ക​ളു​ണ്ടാ​കു​മ്പോൾ, അതു​കൊണ്ട്‌ എന്തെല്ലാം നല്ല ഫലങ്ങളു​ണ്ടാ​യേ​ക്കാം? ഒരു ഉദാഹ​രണം പറയുക.

6 ഉപദ്ര​വ​ങ്ങ​ളു​ണ്ടാ​കു​മ്പോൾ നമുക്കു ഭയം തോന്നാം. എന്നാൽ യഹോ​വയെ നന്നായി സേവി​ക്കു​ന്ന​തിന്‌ അതു നമ്മളെ പ്രചോ​ദി​പ്പി​ച്ചേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, കൊച്ചു​കു​ട്ടി​യു​ണ്ടാ​യി​രുന്ന ഒരു ദമ്പതി​ക​ളു​ടെ കാര്യ​മെ​ടു​ക്കുക. ആ രാജ്യത്തെ ഗവൺമെന്റ്‌ നമ്മുടെ ആരാധന നിരോ​ധി​ച്ചു. ആ ദമ്പതികൾ പേടിച്ച്‌ ഒതുങ്ങി​ക്കൂ​ടി​യോ? ഇല്ല. പകരം, അവർ സാധാരണ മുൻനി​ര​സേ​വനം തുടങ്ങു​ക​യാ​ണു ചെയ്‌തത്‌. അതിനു​വേണ്ടി ഭാര്യ നല്ല ശമ്പളമുള്ള ജോലി ഉപേക്ഷി​ച്ചു. നിരോ​ധനം വന്നപ്പോൾ പലർക്കും യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ അറിയാൻ ജിജ്ഞാസ തോന്നി എന്നാണു ഭർത്താവ്‌ പറഞ്ഞത്‌. അതിന്റെ ഫലമായി അദ്ദേഹ​ത്തി​നു ബൈബിൾപ​ഠ​നങ്ങൾ തുടങ്ങു​ന്നത്‌ എളുപ്പ​മാ​യി​ത്തീർന്നു. നിരോ​ധ​നം​കൊണ്ട്‌ മറ്റൊരു ഗുണവു​മു​ണ്ടാ​യി. യഹോ​വയെ സേവി​ക്കു​ന്നതു നിറു​ത്തി​ക്ക​ള​ഞ്ഞി​രുന്ന പലരും മീറ്റി​ങ്ങു​കൾക്കു വരാനും പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടാ​നും തുടങ്ങി​യെന്ന്‌ ആ രാജ്യത്തെ ഒരു മൂപ്പൻ പറഞ്ഞു.

7. (എ) ലേവ്യ 26:36, 37-ൽനിന്ന്‌ നമ്മൾ എന്താണു പഠിക്കു​ന്നത്‌? (ബി) നിരോ​ധ​ന​മു​ണ്ടാ​യാൽ നിങ്ങൾ എന്തു ചെയ്യും?

7 നമ്മുടെ ആരാധന ശത്രുക്കൾ നിരോ​ധി​ക്കു​മ്പോൾ, നമ്മളെ ഭയപ്പെ​ടു​ത്തി യഹോ​വയെ സേവി​ക്കു​ന്നതു നിറു​ത്തി​ക്കാ​മെ​ന്നാണ്‌ അവർ പ്രതീ​ക്ഷി​ക്കു​ന്നത്‌. നിരോ​ധ​ന​ത്തി​നു പുറമേ, അവർ ചില​പ്പോൾ കള്ളക്കഥകൾ പ്രചരി​പ്പി​ച്ചേ​ക്കാം, നമ്മുടെ വീടു പരി​ശോ​ധി​ക്കാൻ ഉദ്യോ​ഗ​സ്ഥ​ന്മാ​രെ അയയ്‌ക്കു​ക​യോ നമ്മളെ കോടതി കയറ്റു​ക​യോ ചില​പ്പോൾ ജയിലി​ലാ​ക്കു​ക​യോ ഒക്കെ ചെയ്‌തേ​ക്കാം. ചിലരെ ജയിലി​ല​ട​ച്ചാൽ നമ്മൾ എല്ലാവ​രും ഭയപ്പെ​ട്ടു​പോ​കു​മെ​ന്നാണ്‌ അവർ കരുതു​ന്നത്‌. അവരെ ഭയപ്പെ​ട്ടാൽ നമ്മുടെ ആരാധ​ന​യ്‌ക്കു നമ്മൾതന്നെ ‘നിരോ​ധനം’ ഏർപ്പെ​ടു​ത്തി​യേ​ക്കാം. എന്നാൽ ലേവ്യ 26:36, 37-ൽ (വായി​ക്കുക.) പറഞ്ഞി​രി​ക്കു​ന്ന​വ​രെ​പ്പോ​ലെ​യാ​കാൻ നമ്മൾ ആഗ്രഹി​ക്കു​ക​യില്ല. ഭയപ്പെട്ട്‌ നമ്മൾ നമ്മുടെ ആത്മീയ​പ്ര​വർത്ത​നങ്ങൾ കുറച്ചു​ക​ള​യു​ക​യോ നിറു​ത്തി​ക്ക​ള​യു​ക​യോ ഇല്ല. നമ്മൾ യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കും, നമ്മൾ പരി​ഭ്രാ​ന്ത​രാ​കില്ല. (യശ. 28:16) ശരിയായ വഴി കാണി​ച്ചു​ത​രേ​ണമേ എന്നു നമ്മൾ യഹോ​വ​യോട്‌ അപേക്ഷി​ക്കും. യഹോ​വ​യു​ടെ പിന്തു​ണ​യു​ള്ള​തു​കൊണ്ട്‌ നമ്മുടെ ദൈവത്തെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്ന​തിൽനിന്ന്‌ ഒരു ഗവൺമെ​ന്റി​നും നമ്മളെ തടയാൻ കഴിയി​ല്ലെന്നു നമുക്ക്‌ അറിയാം.—എബ്രാ. 13:6.

ഞാൻ മറ്റൊരു സ്ഥലത്തേക്കു പോകണോ?

8-9. (എ) ഓരോ കുടും​ബ​നാ​ഥ​നും അല്ലെങ്കിൽ ഓരോ വ്യക്തി​യും ഏതു തീരു​മാ​ന​മാ​ണു സ്വന്തമാ​യി എടു​ക്കേ​ണ്ടത്‌? (ബി) ജ്ഞാനമുള്ള ഒരു തീരു​മാ​നം എടുക്കാൻ ഒരു വ്യക്തിയെ എന്തു സഹായി​ക്കും?

8 നിങ്ങൾ ജീവി​ക്കുന്ന രാജ്യത്തെ ഗവൺമെന്റ്‌ നമ്മുടെ ആരാധന നിരോ​ധി​ച്ചാൽ, യഹോ​വയെ സ്വത​ന്ത്ര​മാ​യി സേവി​ക്കാൻ കഴിയുന്ന മറ്റൊരു രാജ്യ​ത്തേക്കു മാറി​ത്താ​മ​സി​ച്ചാ​ലോ എന്നു നിങ്ങൾ ചിന്തി​ച്ചേ​ക്കാം. ഇതു നിങ്ങൾതന്നെ എടുക്കേണ്ട തീരു​മാ​ന​മാണ്‌. നിങ്ങൾക്കു​വേണ്ടി മറ്റാർക്കും അതു ചെയ്യാൻ കഴിയില്ല. ഉപദ്ര​വ​മു​ണ്ടാ​യ​പ്പോൾ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ എന്താണു ചെയ്‌ത​തെന്നു ചിന്തി​ക്കു​ന്നതു തീരു​മാ​ന​മെ​ടു​ക്കാൻ ഒരാളെ സഹായി​ച്ചേ​ക്കും. സ്‌തെ​ഫാ​നൊ​സി​നെ ശത്രുക്കൾ കല്ലെറിഞ്ഞ്‌ കൊന്ന​തി​നെ തുടർന്ന്‌, യരുശ​ലേ​മി​ലെ ശിഷ്യ​ന്മാർ യഹൂദ്യ​യി​ലേ​ക്കും ശമര്യ​യി​ലേ​ക്കും മാത്രമല്ല, അങ്ങ്‌ ദൂരെ​യുള്ള ഫൊയ്‌നി​ക്യ, സൈ​പ്രസ്‌, അന്ത്യോ​ക്യ തുടങ്ങിയ സ്ഥലങ്ങളി​ലേ​ക്കും ചിതറി​പ്പോ​യി. (മത്താ. 10:23; പ്രവൃ. 8:1; 11:19) ഒരു തീരു​മാ​നം എടുക്കു​മ്പോൾ കണക്കി​ലെ​ടു​ക്കാ​വുന്ന മറ്റൊരു സംഭവം നോക്കാം. ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ എതിരെ വീണ്ടും ഉപദ്രവം പൊട്ടി​പ്പു​റ​പ്പെ​ട്ട​പ്പോൾ, പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ എതിർപ്പുള്ള സ്ഥലങ്ങളിൽനിന്ന്‌ മാറി​പ്പോ​കേണ്ടാ എന്നു പൗലോസ്‌ അപ്പോ​സ്‌തലൻ തീരു​മാ​നി​ച്ചു. പകരം, കടുത്ത ഉപദ്ര​വങ്ങൾ നേരി​ടുന്ന നഗരങ്ങ​ളിൽ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നും അവി​ടെ​യുള്ള സഹോ​ദ​ര​ന്മാ​രെ ബലപ്പെ​ടു​ത്താ​നും അദ്ദേഹം സ്വന്തം ജീവൻപോ​ലും അപകട​പ്പെ​ടു​ത്തി.—പ്രവൃ. 14:19-23.

9 ഈ വിവര​ണ​ങ്ങ​ളിൽനിന്ന്‌ നമ്മൾ എന്താണു പഠിക്കു​ന്നത്‌? മറ്റൊരു സ്ഥലത്തേക്കു മാറി​ത്താ​മ​സി​ക്ക​ണോ എന്ന്‌ ഓരോ കുടും​ബ​നാ​ഥ​നു​മാ​ണു തീരു​മാ​നി​ക്കേ​ണ്ടത്‌. യഹോ​വ​യിൽ ആശ്രയി​ച്ചു​വേണം തീരു​മാ​ന​മെ​ടു​ക്കാൻ. കുടും​ബ​ത്തി​ന്റെ സാഹച​ര്യ​ങ്ങ​ളും താമസം മാറി​യാൽ കുടും​ബ​ത്തിന്‌ ഉണ്ടാ​യേ​ക്കാ​വുന്ന നല്ലതും മോശ​വും ആയ പരിണ​ത​ഫ​ല​ങ്ങ​ളും അദ്ദേഹം നന്നായി ചിന്തി​ക്കണം. ഇക്കാര്യ​ത്തിൽ ഓരോ ക്രിസ്‌ത്യാ​നി​യും ‘സ്വന്തം ചുമടു ചുമക്കണം.’ (ഗലാ. 6:5) മറ്റുള്ളവർ എന്തു തീരു​മാ​നം എടുത്താ​ലും അതിന്റെ പേരിൽ അവരെ കുറ്റ​പ്പെ​ടു​ത്ത​രുത്‌.

നിരോ​ധ​ന​ത്തിൻകീ​ഴിൽ നമ്മൾ എങ്ങനെ പ്രവർത്തി​ക്കും?

10. ബ്രാ​ഞ്ചോ​ഫീ​സും മൂപ്പന്മാ​രും നിങ്ങൾക്ക്‌ എന്തു നിർദേ​ശങ്ങൾ നൽകും?

10 നിരോ​ധനം വരു​മ്പോൾ തുടർന്നും യഹോ​വയെ സേവി​ക്കാൻ എന്തു ചെയ്യാം? ആത്മീയാ​ഹാ​രം ലഭിക്കാൻ എന്തു ചെയ്യണം, മീറ്റി​ങ്ങു​കൾക്ക്‌ എങ്ങനെ കൂടി​വ​രാം, സന്തോ​ഷ​വാർത്ത എങ്ങനെ പ്രസം​ഗി​ക്കാം എന്നതി​നെ​ക്കു​റി​ച്ചെ​ല്ലാം ബ്രാ​ഞ്ചോ​ഫീസ്‌ മൂപ്പന്മാർക്കു നിർദേശം നൽകും. ബ്രാ​ഞ്ചോ​ഫീ​സി​നു മൂപ്പന്മാ​രു​മാ​യി ബന്ധപ്പെ​ടാൻ സാധി​ക്കു​ന്നി​ല്ലെ​ങ്കിൽ തുടർന്നും യഹോ​വയെ ആരാധി​ക്കാൻ നിങ്ങ​ളെ​യും സഭയിലെ മറ്റുള്ള​വ​രെ​യും മൂപ്പന്മാർ സഹായി​ക്കും. ബൈബി​ളി​നും ക്രിസ്‌തീ​യ​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങൾക്കും ചേർച്ച​യിൽ വേണ്ട മാർഗ​നിർദേ​ശങ്ങൾ മൂപ്പന്മാർ നൽകും.—മത്താ. 28:19, 20; പ്രവൃ. 5:29; എബ്രാ. 10:24, 25.

11. നിങ്ങൾക്ക്‌ ആത്മീയാ​ഹാ​രം ലഭിക്കു​മെന്ന കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌, നിങ്ങളു​ടെ ബൈബി​ളും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും സംരക്ഷി​ക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാം?

11 തന്റെ ദാസന്മാർക്കു വേണ്ട ആത്മീയാ​ഹാ​രം ക്രമമാ​യി ലഭിക്കു​മെന്ന്‌ യഹോവ ഉറപ്പു തന്നിട്ടുണ്ട്‌. (യശ. 65:13, 14; ലൂക്കോ. 12:42-44) അതു​കൊണ്ട്‌ വിശ്വാ​സം ശക്തമാ​ക്കി​നി​റു​ത്തു​ന്ന​തിന്‌ ആവശ്യ​മാ​യ​തെ​ല്ലാം നിങ്ങൾക്കു തരാൻ സംഘടന പരമാ​വധി ശ്രമി​ക്കു​മെന്ന കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കാം. നിങ്ങളു​ടെ ഭാഗത്ത്‌ എന്താണ്‌ ആവശ്യം? നിങ്ങളു​ടെ ബൈബി​ളും മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഒളിപ്പി​ച്ചു​വെ​ക്കാൻ കഴിയുന്ന, പറ്റിയ ഒരു സ്ഥലം കണ്ടുപി​ടി​ക്കുക. പ്രസി​ദ്ധീ​ക​ര​ണങ്ങൾ, അച്ചടി​ച്ച​താ​ണെ​ങ്കി​ലും ഇലക്‌​ട്രോ​ണിക്‌ രൂപത്തി​ലു​ള്ള​താ​ണെ​ങ്കി​ലും, ആളുകൾക്ക്‌ എളുപ്പം കണ്ടുപി​ടി​ക്കാൻ കഴിയുന്ന ഒരിടത്ത്‌ അവ വെക്കരുത്‌. നിരോ​ധ​ന​ത്തിൻകീ​ഴിൽ ആത്മീയ​മാ​യി ശക്തരാ​യി​രി​ക്കാൻ നമ്മൾ ഓരോ​രു​ത്ത​രും വേണ്ട നടപടി​കൾ സ്വീക​രി​ക്കണം.

യഹോവയുടെ പിന്തു​ണ​യു​ള്ള​തു​കൊണ്ട്‌ നമ്മൾ നിർഭയം ആരാധ​ന​യ്‌ക്കാ​യി കൂടി​വ​രും (12-ാം ഖണ്ഡിക കാണുക) *

12. മറ്റുള്ള​വ​രു​ടെ ശ്രദ്ധ പിടി​ച്ചു​പ​റ്റാ​തെ മൂപ്പന്മാർക്ക്‌ എങ്ങനെ മീറ്റി​ങ്ങു​കൾ സംഘടി​പ്പി​ക്കാൻ കഴിയും?

12 നമ്മുടെ മീറ്റി​ങ്ങു​ക​ളു​ടെ കാര്യ​മോ? എതിരാ​ളി​ക​ളു​ടെ ശ്രദ്ധ ആകർഷി​ക്കാത്ത വിധത്തിൽ മൂപ്പന്മാർ മീറ്റി​ങ്ങു​കൾ ക്രമീ​ക​രി​ക്കും. ചെറിയ കൂട്ടങ്ങ​ളാ​യി കൂടി​വ​രാൻ അവർ നിങ്ങ​ളോട്‌ ആവശ്യ​പ്പെ​ട്ടേ​ക്കാം. യോഗ​ങ്ങ​ളു​ടെ സമയവും അതു നടക്കുന്ന സ്ഥലവും അവർ ഇടയ്‌ക്കി​ടെ മാറ്റി​യേ​ക്കാം. സഹോ​ദ​ര​ങ്ങ​ളു​ടെ സുരക്ഷി​ത​ത്വം ഉറപ്പാ​ക്കാൻ നിങ്ങൾക്കും ചിലതു ചെയ്യാം. മീറ്റി​ങ്ങി​നു വരു​മ്പോ​ഴും പോകു​മ്പോ​ഴും അധികം ഒച്ചവെച്ച്‌ സംസാ​രി​ക്കാ​തി​രി​ക്കുക. മറ്റുള്ള​വ​രു​ടെ ശ്രദ്ധ ആകർഷി​ക്കുന്ന തരത്തി​ലുള്ള വസ്‌ത്ര​ധാ​രണം ഒഴിവാ​ക്കുക.

ഗവൺമെന്റ്‌ നിരോ​ധി​ച്ചാ​ലും നമ്മൾ പ്രസംഗപ്രവർത്തനം നിറു​ത്തി​ല്ല (13-ാം ഖണ്ഡിക കാണുക) *

13. സോവി​യറ്റ്‌ യൂണി​യ​നി​ലെ നമ്മുടെ സഹോ​ദ​ര​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

13 പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ കാര്യ​ത്തിൽ ഒരു സ്ഥലത്തെ സാഹച​ര്യ​മാ​യി​രി​ക്കില്ല വേറൊ​രി​ടത്ത്‌. ചില സ്ഥലങ്ങളിൽ നല്ല ജാഗ്രത വേണം, മറ്റു സ്ഥലങ്ങളിൽ അത്ര കുഴപ്പ​മി​ല്ലാ​യി​രി​ക്കും. എന്തുത​ന്നെ​യാ​യാ​ലും, നമ്മൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു. ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയാൻ നമുക്ക്‌ ഇഷ്ടമാണ്‌. അതു​കൊണ്ട്‌ പ്രസം​ഗ​പ്ര​വർത്തനം നടത്താൻ നമ്മൾ ഒരു വഴി കണ്ടുപി​ടി​ക്കും. (ലൂക്കോ. 8:1; പ്രവൃ. 4:29) മുൻ സോവി​യറ്റ്‌ യൂണി​യ​നി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തെ​ക്കു​റിച്ച്‌ ചരി​ത്ര​കാ​രി​യായ എമിലി ബി. ബാരൻ ഇങ്ങനെ പറഞ്ഞു: “വിശ്വാ​സി​ക​ളോട്‌ അവരുടെ വിശ്വാ​സം പ്രചരി​പ്പി​ക്ക​രു​തെന്നു ഗവൺമെന്റ്‌ പറഞ്ഞ​പ്പോൾ സാക്ഷികൾ അവരുടെ അയൽക്കാ​രോ​ടും സഹജോ​ലി​ക്കാ​രോ​ടും കൂട്ടു​കാ​രോ​ടും ഒക്കെ സംസാ​രി​ച്ചു. അതിന്‌ അവരെ ശിക്ഷിച്ച്‌ തൊഴിൽപ്പാ​ള​യ​ങ്ങ​ളി​ലേക്ക്‌ അയച്ചു. അവിടെ സാക്ഷികൾ സഹതട​വു​കാ​രോ​ടു പ്രസം​ഗി​ച്ചു.” നിരോ​ധ​ന​ത്തിൻകീ​ഴി​ലും, സോവി​യറ്റ്‌ യൂണി​യ​നി​ലെ നമ്മുടെ സഹോ​ദ​രങ്ങൾ പ്രസം​ഗ​പ്ര​വർത്തനം നിറു​ത്തി​യില്ല. നിങ്ങളു​ടെ രാജ്യത്ത്‌ എന്നെങ്കി​ലും നിരോ​ധനം വന്നാൽ, അതുത​ന്നെ​യാ​യി​രി​ക്കട്ടെ നിങ്ങളു​ടെ​യും ഉറച്ച തീരു​മാ​നം!

ഒഴിവാ​ക്കേണ്ട ചില കെണികൾ

മൗനമായിരിക്കേണ്ടത്‌ എപ്പോഴാണെന്നു നമ്മൾ അറിഞ്ഞിരിക്കണം (14-ാം ഖണ്ഡിക കാണുക) *

14. ഏത്‌ അപകടം ഒഴിവാ​ക്കാൻ സങ്കീർത്തനം 39:1 സഹായി​ക്കും?

14 മറ്റുള്ള​വ​രോ​ടു ചില കാര്യങ്ങൾ പറയരു​തെന്ന കാര്യം ഓർത്തി​രി​ക്കുക. നിരോ​ധ​ന​ത്തിൻകീ​ഴിൽ, ‘മൗനമാ​യി​രി​ക്കാ​നുള്ള’ സമയം ഏതാ​ണെന്നു നമ്മൾ തിരി​ച്ച​റി​യണം. (സഭാ. 3:7) നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​ടെ പേരുകൾ, നമ്മൾ കൂടി​വ​രുന്ന സ്ഥലങ്ങൾ, നമ്മൾ ശുശ്രൂഷ ചെയ്യുന്ന രീതി, എങ്ങനെ​യാ​ണു നമുക്ക്‌ ആത്മീയാ​ഹാ​രം ലഭിക്കു​ന്നത്‌ തുടങ്ങിയ രഹസ്യ​വി​വ​രങ്ങൾ പുറത്തു​പോ​കാ​തി​രി​ക്കാൻ നമ്മൾ ശ്രദ്ധി​ക്കണം. നമ്മൾ ഇത്തരം കാര്യങ്ങൾ അധികാ​രി​ക​ളോ​ടു പറയില്ല. അതു​പോ​ലെ, നമ്മുടെ രാജ്യ​ത്തെ​യോ മറ്റു രാജ്യ​ങ്ങ​ളി​ലെ​യോ സുഹൃ​ത്തു​ക്ക​ളോ​ടും ബന്ധുക്ക​ളോ​ടും നമ്മൾ ഇക്കാര്യ​ങ്ങൾ പറയില്ല, അവർ യഹോ​വയെ സേവി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും അല്ലെങ്കി​ലും. അങ്ങനെ ചെയ്‌താൽ, സഹോ​ദ​ര​ങ്ങ​ളു​ടെ സുരക്ഷ​യാ​യി​രി​ക്കും നമ്മൾ അപകട​ത്തി​ലാ​ക്കു​ന്നത്‌.—സങ്കീർത്തനം 39:1 വായി​ക്കുക.

15. സാത്താൻ നമ്മളോട്‌ എന്തു ചെയ്യാൻ ശ്രമി​ക്കും, അവന്റെ കെണി ഒഴിവാ​ക്കാൻ നമുക്ക്‌ എന്തു ചെയ്യാം?

15 ചെറിയ പ്രശ്‌ന​ങ്ങ​ളു​ടെ പേരിൽ നമുക്കി​ട​യിൽ ഭിന്നത​യു​ണ്ടാ​ക​രുത്‌. ഭിന്നി​ച്ചു​നിൽക്കുന്ന ഒരു കുടും​ബ​ത്തി​നു നിലനിൽപ്പി​ല്ലെന്നു സാത്താന്‌ അറിയാം. (മർക്കോ. 3:24, 25) നമുക്ക്‌ ഇടയിൽ ഭിന്നത സൃഷ്ടി​ക്കാൻ അവൻ കൂടെ​ക്കൂ​ടെ ശ്രമി​ക്കും. അങ്ങനെ​യാ​യാൽ, നമ്മൾ അവനോ​ടു പോരാ​ടു​ന്ന​തി​നു പകരം പരസ്‌പരം പോര​ടി​ച്ചു​കൊ​ള്ളു​മെന്ന്‌ അവൻ കണക്കു കൂട്ടുന്നു.

16. ഗെർട്ട്‌റൂഡ്‌ സഹോ​ദരി എന്തു നല്ല മാതൃ​ക​യാ​ണു വെച്ചത്‌?

16 ഈ കെണി​യിൽ വീഴാ​തി​രി​ക്കാൻ പക്വത​യുള്ള ക്രിസ്‌ത്യാ​നി​കൾപോ​ലും ശ്രദ്ധി​ക്കണം. ഗെർട്ട്‌റൂഡ്‌ പോട്ട്‌സി​ങ്ങർ, എൽഫ്രീ​ഡെ ലോർ എന്നീ അഭിഷി​ക്ത​സ​ഹോ​ദ​രി​മാ​രു​ടെ അനുഭവം നോക്കുക. മറ്റു ക്രിസ്‌തീയ സഹോ​ദ​രി​മാ​രു​ടെ​കൂ​ടെ അവരെ​യും നാസി തടങ്കൽപ്പാ​ള​യ​ത്തി​ലാ​ക്കി. അവി​ടെ​വെച്ച്‌ എൽഫ്രീ​ഡെ സഹോ​ദരി മറ്റു സഹോ​ദ​രി​മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി നല്ല പ്രസം​ഗങ്ങൾ നടത്തു​ന്നതു കണ്ടപ്പോൾ ഗെർട്ട്‌റൂഡ്‌ സഹോ​ദ​രിക്ക്‌ അസൂയ തോന്നി. എന്നാൽ അങ്ങനെ ചിന്തി​ച്ച​തിൽ പിന്നീടു ഗെർട്ട്‌റൂഡ്‌ സഹോ​ദ​രി​ക്കു ലജ്ജ തോന്നു​ക​യും സഹായ​ത്തി​നാ​യി യഹോ​വ​യോട്‌ അപേക്ഷി​ക്കു​ക​യും ചെയ്‌തു. സഹോ​ദരി പിന്നീട്‌ ഇങ്ങനെ എഴുതി: “മറ്റുള്ള​വർക്കു നമ്മളെ​ക്കാൾ പ്രാപ്‌തി​കൾ കണ്ടേക്കാം, അവർക്കു കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ ലഭി​ച്ചേ​ക്കാം. ഇക്കാര്യ​ങ്ങൾ അംഗീ​ക​രി​ക്കാൻ നമ്മൾ മനസ്സു കാണി​ക്കണം.” സഹോ​ദരി എങ്ങനെ​യാണ്‌ അസൂയ മറിക​ട​ന്നത്‌? എൽഫ്രീ​ഡെ സഹോ​ദ​രി​യു​ടെ നല്ല ഗുണങ്ങ​ളി​ലേ​ക്കും നല്ല പെരു​മാ​റ്റ​രീ​തി​യി​ലേ​ക്കും ഗെർട്ട്‌റൂഡ്‌ സഹോ​ദരി ശ്രദ്ധ തിരിച്ചു. അങ്ങനെ എൽഫ്രീ​ഡെ സഹോ​ദ​രി​യു​മാ​യി നല്ല ബന്ധം വീണ്ടെ​ടു​ക്കാൻ ഗെർട്ട്‌റൂഡ്‌ സഹോ​ദ​രി​ക്കാ​യി. രണ്ടു പേരും തടങ്കൽപ്പാ​ള​യ​ങ്ങ​ളി​ലെ ദുഷ്‌ക​ര​മായ കാലഘട്ടം അതിജീ​വി​ക്കു​ക​യും ഭൂമി​യി​ലെ ജീവി​ത​ത്തി​ന്റെ അവസാ​നം​വരെ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി നിൽക്കു​ക​യും ചെയ്‌തു. സഹോ​ദ​ര​ങ്ങ​ളു​മാ​യുള്ള അഭി​പ്രാ​യ​വ്യ​ത്യാ​സങ്ങൾ പരിഹ​രി​ക്കാൻ നമ്മൾ നല്ല ശ്രമം ചെയ്യു​ന്നെ​ങ്കിൽ ഭിന്നത എന്ന കെണി ഒഴിവാ​ക്കാൻ നമുക്കു കഴിയും.—കൊലോ. 3:13, 14.

17. നമ്മൾ എപ്പോ​ഴും നിർദേ​ശങ്ങൾ പിൻപ​റ്റേ​ണ്ടത്‌ എന്തു​കൊണ്ട്‌?

17 എപ്പോ​ഴും നിർദേ​ശങ്ങൾ പിൻപ​റ്റുക. ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ത്തുള്ള സഹോ​ദ​രങ്ങൾ തരുന്ന നിർദേ​ശങ്ങൾ അനുസ​രി​ക്കു​ന്നെ​ങ്കിൽ പ്രശ്‌നങ്ങൾ ഒഴിവാ​ക്കാൻ നമുക്കു കഴിയും. (1 പത്രോ. 5:5) നമ്മുടെ പ്രവർത്ത​ന​ത്തി​നു നിരോ​ധ​ന​മുള്ള ഒരു രാജ്യത്ത്‌ നടന്ന ഒരു സംഭവം നോക്കുക. ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കു​മ്പോൾ അച്ചടിച്ച പ്രസി​ദ്ധീ​ക​ര​ണങ്ങൾ മറ്റുള്ള​വർക്കു കൊടു​ക്ക​രു​തെന്ന്‌ ഉത്തരവാ​ദി​ത്വ​മുള്ള സഹോ​ദ​രങ്ങൾ പ്രചാ​ര​കർക്കു നിർദേശം നൽകി​യി​രു​ന്നു. എന്നാൽ മുൻനി​ര​സേ​വ​ക​നായ ഒരു സഹോ​ദരൻ, തനിക്കാ​ണു കാര്യങ്ങൾ നന്നായി അറിയാ​വു​ന്ന​തെന്നു ചിന്തി​ക്കു​ക​യും പ്രസി​ദ്ധീ​ക​ര​ണങ്ങൾ കൊടു​ക്കു​ക​യും ചെയ്‌തു. എന്തു സംഭവി​ച്ചു? ആ സഹോ​ദ​ര​നും മറ്റു ചിലരും അനൗപ​ചാ​രിക സാക്ഷീ​ക​രണം ചെയ്‌തു​ക​ഴിഞ്ഞ്‌ ഉടനെ പോലീസ്‌ അവരെ ചോദ്യം ചെയ്‌തു. അധികാ​രി​കൾ അവരെ പിന്തു​ട​രു​ന്നു​ണ്ടാ​യി​രു​ന്നു. അവർ കൊടുത്ത ചില പ്രസി​ദ്ധീ​ക​ര​ണങ്ങൾ കണ്ടെടു​ക്കു​ക​യും ചെയ്‌തു. ഈ അനുഭ​വ​ത്തിൽനിന്ന്‌ എന്തു പഠിക്കാം? നമുക്കു കാര്യങ്ങൾ നന്നായി അറിയാ​മെന്നു തോന്നി​യാ​ലും എപ്പോ​ഴും നിർദേ​ശങ്ങൾ അനുസ​രി​ക്കണം. നമുക്കി​ട​യിൽ നേതൃ​ത്വ​മെ​ടു​ക്കാൻ യഹോവ നിയമി​ച്ചി​രി​ക്കു​ന്ന​വ​രോ​ടു നമ്മൾ സഹകരി​ക്കു​മ്പോൾ യഹോവ നമ്മളെ അനു​ഗ്ര​ഹി​ക്കും.—എബ്രാ. 13:7, 17.

18. നമ്മൾ അനാവ​ശ്യ​മായ നിയമങ്ങൾ വെക്കരു​താ​ത്തത്‌ എന്തു​കൊണ്ട്‌?

18 അനാവ​ശ്യ​മായ നിയമങ്ങൾ വെക്കരുത്‌. മൂപ്പന്മാർ അനാവ​ശ്യ​മാ​യി നിയമങ്ങൾ വെച്ചാൽ അവർ മറ്റുള്ള​വരെ ഭാര​പ്പെ​ടു​ത്തു​ക​യാ​യി​രി​ക്കും ചെയ്യു​ന്നത്‌. മുൻ ചെക്കോ​സ്ലൊ​വാ​ക്യ​യിൽ നിരോ​ധ​ന​മു​ണ്ടാ​യി​രുന്ന കാല​ത്തെ​ക്കു​റിച്ച്‌ യൂറൈ കാമിൻസ്‌ക്കി പറയുന്നു: ‘ഉത്തരവാ​ദി​ത്വ സ്ഥാനങ്ങൾ വഹിച്ചി​രുന്ന സഹോ​ദ​ര​ന്മാ​രും മൂപ്പന്മാ​രിൽ പലരും അറസ്റ്റു ചെയ്യപ്പെട്ടശേഷം, സഭകളി​ലും സർക്കി​ട്ടു​ക​ളി​ലും നേതൃത്വ സ്ഥാനങ്ങൾ വഹിച്ചി​രു​ന്ന​വ​രിൽ ചിലർ പ്രചാ​ര​കർക്കു പെരു​മാ​റ്റ​ച്ച​ട്ടങ്ങൾ കൽപ്പി​ച്ചു​കൊ​ടു​ക്കാൻ തുടങ്ങി, ഇന്നതു ചെയ്യണം ഇന്നതു ചെയ്യരുത്‌ എന്നൊക്കെ.’ മറ്റുള്ള​വ​രു​ടെ വ്യക്തി​പ​ര​മായ കാര്യ​ങ്ങ​ളിൽ തീരു​മാ​ന​മെ​ടു​ക്കാ​നുള്ള അധികാ​രം യഹോവ നമുക്കു തന്നിട്ടില്ല. അനാവ​ശ്യ​മായ നിയമങ്ങൾ വെക്കുന്ന ഒരാൾ സഹോ​ദ​രന്റെ വിശ്വാ​സ​ത്തി​ന്മേൽ ആധിപ​ത്യം നടത്താൻ ശ്രമി​ക്കു​ക​യാണ്‌. (2 കൊരി. 1:24) സഹോ​ദ​ര​ങ്ങളെ സംരക്ഷി​ക്കാ​നുള്ള ശരിയായ വഴി അതല്ല.

യഹോ​വയെ ആരാധിക്കുന്നത്‌ ഒരിക്കലും നിറു​ത്ത​രുത്‌

19. സാത്താൻ എന്തെല്ലാം ചെയ്‌താ​ലും ധൈര്യ​ത്തോ​ടെ​യി​രി​ക്കാ​നുള്ള എന്തു കാരണ​മാ​ണു 2 ദിനവൃ​ത്താ​ന്തം 32:7, 8 തരുന്നത്‌?

19 നമ്മുടെ മുഖ്യ​ശ​ത്രു, പിശാ​ചായ സാത്താൻ യഹോ​വ​യു​ടെ വിശ്വ​സ്‌ത​രായ ദാസരെ ഉപദ്ര​വി​ക്കാ​നുള്ള ശ്രമം ഒരിക്ക​ലും ഉപേക്ഷി​ക്കില്ല. (1 പത്രോ. 5:8; വെളി. 2:10) സാത്താ​നും അവന്റെ ഏജന്റു​മാ​രും സത്യാ​രാ​ധന നിരോ​ധി​ക്കാൻ ശ്രമി​ക്കും. എന്നാൽ നമ്മൾ ഭയന്ന്‌ പ്രവർത്ത​ന​ങ്ങ​ളെ​ല്ലാം നിറു​ത്തേണ്ട കാര്യ​മില്ല. (ആവ. 7:21) യഹോവ നമ്മു​ടെ​കൂ​ടെ​യുണ്ട്‌. നിരോ​ധ​ന​ത്തി​ലാ​ണെ​ങ്കിൽപ്പോ​ലും യഹോവ നമ്മളെ പിന്തു​ണ​യ്‌ക്കും.—2 ദിനവൃ​ത്താ​ന്തം 32:7, 8 വായി​ക്കുക.

20. എന്തായി​രി​ക്കണം നിങ്ങളു​ടെ തീരു​മാ​നം?

20 ഒന്നാം നൂറ്റാ​ണ്ടിൽ ജീവി​ച്ചി​രുന്ന നമ്മുടെ സഹോ​ദ​ര​ന്മാർ അധികാ​രി​ക​ളോട്‌ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “ദൈവ​ത്തി​നു പകരം നിങ്ങളെ അനുസ​രി​ക്കു​ന്നതു ദൈവ​മു​മ്പാ​കെ ശരിയാ​ണോ? നിങ്ങൾതന്നെ ചിന്തി​ച്ചു​നോ​ക്കൂ. ഞങ്ങൾ കാണു​ക​യും കേൾക്കു​ക​യും ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്കാ​തി​രി​ക്കാൻ ഞങ്ങൾക്കു കഴിയില്ല.” (പ്രവൃ. 4:19, 20) നമ്മുടെ തീരു​മാ​ന​വും അതുത​ന്നെ​യാ​യി​രി​ക്കട്ടെ!

ഗീതം 73 ധൈര്യം തരേണമേ

^ ഖ. 5 യഹോ​വയെ ആരാധി​ക്കു​ന്നതു ഗവൺമെന്റ്‌ നിരോ​ധി​ക്കു​ക​യാ​ണെ​ങ്കിൽ എന്തു ചെയ്യണം? നമ്മുടെ ദൈവത്തെ തുടർന്നും ആരാധി​ക്കു​ന്ന​തി​നു നമ്മൾ ചെയ്യേ​ണ്ട​തും ചെയ്യരു​താ​ത്ത​തും ആയ ചില കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചാണ്‌ ഈ ലേഖന​ത്തിൽ പറയു​ന്നത്‌.

^ ഖ. 59 ചിത്രക്കുറിപ്പ്‌: നമ്മുടെ പ്രവർത്തനത്തിനു നിയന്ത്രണമുള്ള രാജ്യങ്ങളിൽ സേവിക്കുന്ന സാക്ഷികൾ പ്രവർത്തിക്കുന്ന വിധം. ഒരു സഹോദരന്റെ സ്റ്റോർ റൂമിൽ കുറച്ച്‌ സഹോദരങ്ങൾ മീറ്റിങ്ങിനു കൂടിവരുന്നു.

^ ഖ. 61 ചിത്രക്കുറിപ്പ്‌: ഒരു സ്‌ത്രീയോടു സംസാരിച്ചിരിക്കുന്ന ഒരു സഹോദരി (ഇടത്‌) സന്തോഷവാർത്തയിലേക്കു സംഭാഷണം തിരിച്ചുവിടാൻ നോക്കുന്നു.

^ ഖ. 63 ചിത്രക്കുറിപ്പ്‌: പോലീസ്‌ ചോദ്യം ചെയ്യുമ്പോൾ സഭയെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ ഒരു സഹോദരൻ വിസമ്മതിക്കുന്നു.