വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 40

ഈ ‘അവസാ​ന​നാ​ളു​ക​ളു​ടെ’ അവസാ​ന​ത്തിൽ ഉത്സാഹ​ത്തോ​ടെ

ഈ ‘അവസാ​ന​നാ​ളു​ക​ളു​ടെ’ അവസാ​ന​ത്തിൽ ഉത്സാഹ​ത്തോ​ടെ

“ഇളകി​പ്പോ​കാ​തെ ഉറച്ചു​നിൽക്കുക. . . . കർത്താ​വി​ന്റെ വേലയിൽ എപ്പോ​ഴും തിരക്കു​ള്ള​വ​രാ​യി​രി​ക്കുക.”—1 കൊരി. 15:58.

ഗീതം 58 സമാധാ​നം പ്രിയ​പ്പെ​ടു​ന്ന​വരെ അന്വേ​ഷി​ക്കു​ക

പൂർവാവലോകനം *

1. നമ്മൾ “അവസാ​ന​നാ​ളു​ക​ളിൽ” ആണു ജീവി​ക്കു​ന്ന​തെന്ന്‌ ഉറപ്പോ​ടെ പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

നിങ്ങൾ 1914-നു ശേഷം ജനിച്ച ഒരാളാ​ണോ? എങ്കിൽ നിങ്ങൾ ജീവി​ച്ചതു മുഴു​വ​നും ഈ വ്യവസ്ഥി​തി​യു​ടെ ‘അവസാ​ന​കാ​ല​ത്താണ്‌.’ (2 തിമൊ. 3:1) ഈ കാലത്ത്‌ നടക്കു​മെന്നു യേശു മുൻകൂ​ട്ടി​പ്പറഞ്ഞ സംഭവ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള വാർത്തകൾ നമ്മൾ എല്ലാവ​രും കേൾക്കു​ന്നുണ്ട്‌. അതിൽ യുദ്ധം, ഭക്ഷ്യക്ഷാ​മം, ഭൂകമ്പം, പകർച്ച​വ്യാ​ധി, വർധി​ച്ചു​വ​രുന്ന നിയമ​ലം​ഘനം, യഹോ​വ​യു​ടെ ജനത്തി​നെ​തി​രെ​യുള്ള ഉപദ്രവം തുടങ്ങി​യവ ഉൾപ്പെ​ടു​ന്നു. (മത്താ. 24:3, 7-9, 12; ലൂക്കോ. 21:10-12) കൂടാതെ, പൗലോസ്‌ അപ്പോ​സ്‌തലൻ മുൻകൂ​ട്ടി​പ്പറഞ്ഞ സ്വഭാ​വ​വി​ശേ​ഷ​ങ്ങ​ളുള്ള ആളുക​ളെ​യും നമ്മൾ കാണു​ന്നുണ്ട്‌. (“ ആളുകൾ ഇന്ന്‌ പെരു​മാ​റുന്ന വിധം” എന്ന ചതുരം കാണുക.) നമ്മൾ ജീവി​ക്കു​ന്നതു ശരിക്കും “അവസാ​ന​നാ​ളു​ക​ളിൽ” ആണെന്ന്‌ യഹോ​വ​യു​ടെ ആരാധ​ക​രായ നമുക്ക്‌ ഉറച്ച ബോധ്യ​മുണ്ട്‌.—മീഖ 4:1.

 

2. ഏതെല്ലാം ചോദ്യ​ങ്ങൾക്കു നമ്മൾ ഉത്തരം കണ്ടെത്തണം?

2 നമ്മൾ ഇപ്പോൾ തീർച്ച​യാ​യും ‘അവസാ​ന​നാ​ളു​ക​ളു​ടെ’ അവസാ​ന​ത്തി​ലാണ്‌. കാരണം 1914-നു ശേഷം ഒരുപാ​ടു വർഷങ്ങൾ കടന്നു​പോ​യി​രി​ക്കു​ന്നു. ഈ വ്യവസ്ഥി​തി​യു​ടെ അവസാ​ന​ത്തോ​ടു നമ്മൾ ഇത്ര അടുത്തി​രി​ക്കു​ന്ന​തു​കൊണ്ട്‌ ചില പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങ​ളു​ടെ ഉത്തരം കണ്ടെത്തണം: (1) ‘അവസാ​ന​നാ​ളു​ക​ളു​ടെ’ ഒടുവിൽ ഏതെല്ലാം സംഭവങ്ങൾ നടക്കും? (2) ആ സംഭവ​ങ്ങൾക്കാ​യി കാത്തി​രി​ക്കുന്ന ഈ സമയത്ത്‌ നമ്മൾ എന്തു ചെയ്യാ​നാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌?

‘അവസാ​ന​നാ​ളു​ക​ളു​ടെ’ ഒടുവിൽ ഏതെല്ലാം സംഭവങ്ങൾ നടക്കും?

3. ലോക​നേ​താ​ക്കൾ നടത്തുന്ന ഏതു പ്രഖ്യാ​പ​ന​ത്തെ​ക്കു​റി​ച്ചാണ്‌ 1 തെസ്സ​ലോ​നി​ക്യർ 5:1-3 മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നത്‌?

3 1 തെസ്സ​ലോ​നി​ക്യർ 5:1-3 വായി​ക്കുക. പൗലോസ്‌ ഇവിടെ പറഞ്ഞ “യഹോ​വ​യു​ടെ ദിവസം” എന്താണ്‌ അർഥമാ​ക്കു​ന്നത്‌? വ്യാജ​മ​ത​ങ്ങ​ളു​ടെ ലോക​സാ​മ്രാ​ജ്യ​മായ ‘ബാബി​ലോൺ എന്ന മഹതി​യു​ടെ’ മേലുള്ള ആക്രമ​ണ​ത്തോ​ടെ തുടങ്ങി, അർമ​ഗെ​ദോ​നിൽ അവസാ​നി​ക്കുന്ന ഒരു കാലഘ​ട്ട​മാണ്‌ ഈ തിരു​വെ​ഴു​ത്തിൽ പറയുന്ന ‘യഹോ​വ​യു​ടെ ദിവസം.’ (വെളി. 16:14, 16; 17:5) ആ “ദിവസം” തുടങ്ങു​ന്ന​തി​നു തൊട്ടു​മുമ്പ്‌ “സമാധാ​നം! സുരക്ഷി​ത​ത്വം!” എന്ന്‌ രാഷ്‌ട്രങ്ങൾ പ്രഖ്യാ​പി​ക്കും. (“സമാധാ​ന​മെ​ന്നും നിർഭ​യ​മെ​ന്നും” ചില പരിഭാ​ഷ​ക​ളിൽ കാണുന്നു.) രാഷ്‌ട്രങ്ങൾ തമ്മിലുള്ള ബന്ധം മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റിച്ച്‌ പറയു​മ്പോൾ ചില​പ്പോ​ഴൊ​ക്കെ ലോക​നേ​താ​ക്കൾ ഇങ്ങനെ​യുള്ള പദപ്ര​യോ​ഗങ്ങൾ ഉപയോ​ഗി​ക്കാ​റുണ്ട്‌. * എന്നാൽ അതല്ല ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന “സമാധാനം, സുരക്ഷി​ത​ത്വം” എന്ന പ്രഖ്യാ​പനം. എന്തു​കൊണ്ട്‌? കാരണം ഈ പ്രഖ്യാ​പനം കേൾക്കു​മ്പോൾ ലോകം കൂടുതൽ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും നിറഞ്ഞ ഒരിടം ആക്കുന്ന​തിൽ ലോക​നേ​താ​ക്കൾ വിജയി​ച്ചെന്നു പലരും ചിന്തി​ക്കും. പക്ഷേ വാസ്‌ത​വ​ത്തിൽ ‘പെട്ടെ​ന്നുള്ള നാശമാ​യി​രി​ക്കും’ പിന്നെ സംഭവി​ക്കുക.—മത്താ. 24:21.

“സമാധാ​നം, സുരക്ഷി​ത​ത്വം” എന്നു രാഷ്‌ട്രങ്ങൾ പ്രഖ്യാ​പി​ക്കു​മ്പോൾ അതു കേട്ട്‌ നമ്മൾ വിഡ്‌ഢി​ക​ളാ​ക​രുത്‌ (3-6 ഖണ്ഡികകൾ കാണുക) *

4. (എ) “സമാധാ​നം, സുരക്ഷി​ത​ത്വം” പ്രഖ്യാ​പ​ന​ത്തെ​ക്കു​റിച്ച്‌ നമ്മൾ ഇനിയും എന്തെല്ലാ​മാണ്‌ അറിയാ​നു​ള്ളത്‌? (ബി) അതി​നെ​ക്കു​റിച്ച്‌ ഇപ്പോൾ എന്തൊക്കെ അറിയാം?

4 “സമാധാ​നം, സുരക്ഷി​ത​ത്വം” എന്ന പ്രഖ്യാ​പ​ന​ത്തെ​ക്കു​റിച്ച്‌ നമുക്കു ചില കാര്യങ്ങൾ അറിയാം. എന്നാൽ നമുക്ക്‌ അറിയി​ല്ലാത്ത ചില കാര്യ​ങ്ങ​ളു​മുണ്ട്‌. ഈ പ്രഖ്യാ​പ​ന​ത്തി​ലേക്കു നയിക്കുന്ന സംഭവങ്ങൾ ഏതെല്ലാ​മാണ്‌, പ്രഖ്യാ​പനം എങ്ങനെ​യാ​ണു നടത്തു​ന്നത്‌? നമുക്ക്‌ അറിയില്ല. ഒരു പ്രഖ്യാ​പനം മാത്ര​മാ​യി​രി​ക്കു​മോ അതോ പ്രഖ്യാ​പ​ന​ങ്ങ​ളു​ടെ ഒരു പരമ്പര​യാ​ണോ അതിൽ ഉൾപ്പെ​ടു​ന്നത്‌? അതും നമുക്ക്‌ അറിയില്ല. എന്തൊക്കെ സംഭവി​ച്ചാ​ലും ഒരു കാര്യം അറിയാം: ലോക​നേ​താ​ക്കൾക്ക്‌ ഒരിക്ക​ലും ലോക​സ​മാ​ധാ​നം കൊണ്ടു​വ​രാൻ കഴിയില്ല. അതു​കൊണ്ട്‌ അവരുടെ പ്രഖ്യാ​പനം നമ്മളെ വിഡ്‌ഢി​ക​ളാ​ക്ക​രുത്‌. ഓർക്കുക: ബൈബിൾ നമ്മളോ​ടു നോക്കി​യി​രി​ക്കാൻ പറഞ്ഞി​രി​ക്കുന്ന പ്രഖ്യാ​പ​ന​മാണ്‌ അത്‌. കാരണം “യഹോ​വ​യു​ടെ ദിവസം” തുടങ്ങാൻ പോകു​ന്ന​തി​ന്റെ അടയാ​ള​മാണ്‌ അത്‌!

5. യഹോ​വ​യു​ടെ ദിവസ​ത്തി​നു​വേണ്ടി ഒരുങ്ങി​യി​രി​ക്കാൻ എന്തെല്ലാം ചെയ്യണ​മെ​ന്നാണ്‌ 1 തെസ്സ​ലോ​നി​ക്യർ 5:4-6 പറയു​ന്നത്‌?

5 1 തെസ്സ​ലോ​നി​ക്യർ 5:4-6 വായി​ക്കുക. ‘യഹോ​വ​യു​ടെ ദിവസ​ത്തി​നു​വേണ്ടി’ തയ്യാ​റെ​ടു​ക്കാൻ നമ്മൾ എന്തെല്ലാം ചെയ്യണ​മെന്നു പൗലോ​സി​ന്റെ വാക്കു​ക​ളിൽ കാണാം. നമ്മൾ ‘മറ്റുള്ള​വ​രെ​പ്പോ​ലെ ഉറങ്ങി​പ്പോ​ക​രുത്‌.’ പകരം, നമ്മൾ ജാഗ്ര​ത​യോ​ടെ ‘ഉണർന്നി​രി​ക്കണം.’ ഉദാഹ​ര​ണ​ത്തിന്‌, ലോക​ത്തി​ന്റെ രാഷ്‌ട്രീ​യ​പ്ര​ശ്‌ന​ങ്ങ​ളിൽ കൂടു​തൽക്കൂ​ടു​തൽ താത്‌പ​ര്യം കാണി​ച്ചു​കൊണ്ട്‌ നമ്മുടെ നിഷ്‌പ​ക്ഷ​ത​യിൽ വിട്ടു​വീഴ്‌ച ചെയ്യരുത്‌. കാരണം അറിയാ​തെ നമ്മൾ ‘ലോക​ത്തി​ന്റെ ഭാഗമാ​യി​പ്പോ​കാൻ’ അത്‌ ഇടയാ​ക്കും. (യോഹ. 15:19) ദൈവ​രാ​ജ്യ​ത്തി​നു മാത്രമേ ലോക​സ​മാ​ധാ​നം കൊണ്ടു​വ​രാൻ കഴിയൂ എന്നു നമുക്ക്‌ അറിയാം.

6. മറ്റുള്ള​വരെ എന്തു ചെയ്യാൻ സഹായി​ക്കാ​നാ​ണു നമ്മൾ ആഗ്രഹി​ക്കു​ന്നത്‌, എന്തു​കൊണ്ട്‌?

6 ഉണർന്നി​രി​ക്കു​ന്ന​തോ​ടൊ​പ്പം മറ്റുള്ള​വരെ സഹായി​ക്കാ​നും നമ്മൾ ആഗ്രഹി​ക്കു​ന്നു. ലോകത്ത്‌ നടക്കു​മെന്നു ബൈബിൾ മുൻകൂ​ട്ടി​പ്പറഞ്ഞ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അവരും പഠിക്ക​ണ​മെ​ന്നാ​ണു നമ്മുടെ ആഗ്രഹം. ഓർക്കുക: മഹാകഷ്ടത തുടങ്ങു​ന്ന​തോ​ടെ ആളുകൾക്ക്‌ യഹോ​വ​യി​ലേക്കു തിരി​യാ​നുള്ള സമയം തീർന്നി​രി​ക്കും. അതു​കൊ​ണ്ടാണ്‌ പ്രസം​ഗ​പ്ര​വർത്തനം ഇന്ന്‌ ഇത്ര അടിയ​ന്തി​ര​മാ​യി​രി​ക്കു​ന്നത്‌! *

പ്രസംഗപ്രവർത്തനത്തിൽ തിരക്കോടെ

സന്തോഷവാർത്ത അറിയി​ക്കു​മ്പോൾ, ദൈവ​രാ​ജ്യ​ത്തി​നു മാത്രമേ ലോകത്തെ ശരിക്കും സമാധാ​ന​വും സുരക്ഷി​ത​ത്വ​വും ഉള്ള ഇടമാക്കി മാറ്റാൻ കഴിയൂ എന്നു നമ്മൾ കാണി​ക്കു​ക​യാണ്‌ (7-9 ഖണ്ഡികകൾ കാണുക)

7. ഇപ്പോൾ നമ്മൾ എന്തു ചെയ്യാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌?

7 “യഹോ​വ​യു​ടെ ദിവസം” തുടങ്ങു​ന്ന​തി​നു മുമ്പുള്ള ഈ ചുരു​ങ്ങിയ സമയത്ത്‌ നമ്മൾ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ തിര​ക്കോ​ടെ ഏർപ്പെ​ടാൻ യഹോവ ആഗ്രഹി​ക്കു​ന്നു. ‘കർത്താ​വി​ന്റെ വേലയിൽ എപ്പോ​ഴും തിരക്കു​ള്ള​വ​രാ​ണെന്ന്‌’ നമ്മൾ ഉറപ്പു​വ​രു​ത്തണം. (1 കൊരി. 15:58) ഇക്കാര്യം യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌. അവസാ​ന​നാ​ളു​ക​ളിൽ സംഭവി​ക്കാൻപോ​കുന്ന പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ യേശു ഇങ്ങനെ കൂട്ടി​ച്ചേർത്തു: “മാത്രമല്ല ആദ്യം ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത സകല ജനതക​ളോ​ടും പ്രസം​ഗി​ക്കേ​ണ്ട​താണ്‌.” (മർക്കോ. 13:4, 8, 10; മത്താ. 24:14) ഒന്ന്‌ ആലോ​ചിച്ച്‌ നോക്കൂ: ഓരോ തവണ ശുശ്രൂ​ഷ​യ്‌ക്കു പോകു​മ്പോ​ഴും നിങ്ങൾ ബൈബിൾപ്ര​വ​ച​ന​ത്തി​ന്റെ നിവൃ​ത്തി​യിൽ പങ്കെടു​ക്കു​ക​യാണ്‌.

8. നമ്മുടെ പ്രസം​ഗ​പ്ര​വർത്തനം പുരോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

8 പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ പുരോ​ഗ​തി​യെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തു പറയാം? ഓരോ വർഷം കഴിയും​തോ​റും പ്രവർത്തനം ഊർജി​ത​മാ​കു​ക​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഈ അവസാ​ന​കാ​ലത്ത്‌ ലോക​വ്യാ​പ​ക​മാ​യി രാജ്യ​ഘോ​ഷ​ക​രു​ടെ എണ്ണത്തി​ലു​ണ്ടായ വർധന നോക്കുക. 1914-ൽ 43 ദേശങ്ങ​ളി​ലാ​യി 5,155 പ്രചാ​ര​ക​രാ​ണു​ണ്ടാ​യി​രു​ന്നത്‌. എന്നാൽ ഇന്ന്‌ 240 ദേശങ്ങ​ളി​ലാ​യി ഏതാണ്ട്‌ 85 ലക്ഷം പ്രചാ​ര​ക​രുണ്ട്‌! നമ്മുടെ പ്രവർത്തനം അവസാ​നി​പ്പി​ക്കാം എന്നല്ല ഇതിന്‌ അർഥം. മനുഷ്യ​വർഗ​ത്തി​ന്റെ എല്ലാ പ്രശ്‌ന​ങ്ങൾക്കു​മുള്ള ഒരേ ഒരു പരിഹാ​ര​മാ​യി നമ്മൾ ദൈവ​ത്തി​ന്റെ രാജ്യം ഘോഷി​ച്ചു​കൊ​ണ്ടി​രി​ക്കണം.—സങ്കീ. 145:11-13.

9. നമ്മൾ രാജ്യ​സ​ന്ദേശം പ്രസം​ഗി​ക്കു​ന്നതു തുട​രേ​ണ്ടത്‌ എന്തു​കൊണ്ട്‌?

9 യഹോവ മതി എന്നു പറയു​ന്ന​തു​വരെ നമ്മൾ പ്രസം​ഗ​പ്ര​വർത്തനം തുടരും. യഹോ​വ​യെ​യും യേശു​ക്രി​സ്‌തു​വി​നെ​യും കുറിച്ച്‌ അറിയാൻ ആളുകൾക്ക്‌ ഇനി എത്ര സമയമാ​ണു ബാക്കി​യു​ള്ളത്‌? (യോഹ. 17:3) നമുക്കു പറയാൻ കഴിയില്ല. പക്ഷേ നമുക്ക്‌ അറിയാ​വു​ന്നത്‌, മഹാകഷ്ടത തുടങ്ങു​ന്ന​തു​വരെ ‘നിത്യ​ജീ​വനു യോഗ്യ​രാ​ക്കുന്ന തരം മനോ​ഭാ​വ​മുള്ള’ ആർക്കും സന്തോ​ഷ​വാർത്ത​യോ​ടു പ്രതി​ക​രി​ക്കാൻ കഴിയും എന്നാണ്‌. (പ്രവൃ. 13:48) വൈകി​പ്പോ​കു​ന്ന​തി​നു മുമ്പ്‌ ഈ ആളുകളെ നമുക്ക്‌ എങ്ങനെ സഹായി​ക്കാൻ കഴിയും?

10. ആളുകളെ സത്യം പഠിപ്പി​ക്കാൻ യഹോവ നമുക്ക്‌ എന്തെല്ലാം സഹായ​മാ​ണു തരുന്നത്‌?

10 ആളുകളെ സത്യം പഠിപ്പി​ക്കാൻ വേണ്ട​തെ​ല്ലാം യഹോവ സംഘട​ന​യി​ലൂ​ടെ നമുക്കു തരുന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഇടദി​വ​സത്തെ സഭാ​യോ​ഗ​ത്തിൽനിന്ന്‌ ഓരോ ആഴ്‌ച​യും നമുക്കു പരിശീ​ലനം ലഭിക്കു​ന്നു. ആദ്യസ​ന്ദർശ​ന​ങ്ങ​ളി​ലും മടക്കസ​ന്ദർശ​ന​ങ്ങ​ളി​ലും എന്തു പറയണം, ബൈബിൾപ​ഠ​നങ്ങൾ എങ്ങനെ നടത്തണം എന്നെല്ലാം ആ യോഗങ്ങൾ നമ്മളെ പഠിപ്പി​ക്കു​ന്നു. കൂടാതെ, യഹോ​വ​യു​ടെ സംഘടന പഠിപ്പി​ക്കാ​നുള്ള ഉപകര​ണങ്ങൾ നമുക്കു തന്നിട്ടുണ്ട്‌. ആ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ

  • സംഭാ​ഷ​ണങ്ങൾ തുടങ്ങാ​നും

  • താത്‌പ​ര്യം തോന്നുന്ന വിധത്തിൽ സന്ദേശം അറിയി​ക്കാ​നും

  • കൂടുതൽ പഠിക്കാൻ ആളുകളെ പ്രചോ​ദി​പ്പി​ക്കാ​നും

  • ബൈബിൾപ​ഠ​ന​ത്തി​ലൂ​ടെ സത്യം പഠിപ്പി​ക്കാ​നും

  • താത്‌പ​ര്യ​ക്കാ​രെ നമ്മുടെ വെബ്‌​സൈറ്റ്‌ സന്ദർശി​ക്കാൻ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും രാജ്യ​ഹാ​ളി​ലേക്കു ക്ഷണിക്കാ​നും

സഹായി​ക്കും. ഈ ഉപകര​ണങ്ങൾ കൈയി​ലു​ണ്ടാ​യി​രു​ന്നാൽ മാത്രം പോരാ. അവ നമ്മൾ ഉപയോ​ഗി​ക്കണം. * ഉദാഹ​ര​ണ​ത്തിന്‌, നമ്മൾ താത്‌പ​ര്യ​മുള്ള ഒരു വ്യക്തി​യു​മാ​യി നന്നായി സംസാ​രി​ച്ച​തി​നു ശേഷം ഒരു ലഘു​ലേ​ഖ​യോ മാസി​ക​യോ കൊടു​ത്താൽ, നിങ്ങൾ അദ്ദേഹത്തെ വീണ്ടും കാണു​ന്ന​തു​വരെ അദ്ദേഹ​ത്തിന്‌ അതു വായി​ക്കാൻ കഴിയും. രാജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത അറിയി​ക്കുന്ന പ്രവർത്ത​ന​ത്തിൽ ഓരോ മാസവും തിര​ക്കോ​ടെ ഏർപ്പെ​ടാ​നുള്ള ഉത്തരവാ​ദി​ത്വം നമുക്ക്‌ ഓരോ​രു​ത്തർക്കു​മുണ്ട്‌.

11. ഓൺലൈൻ ബൈബിൾ പാഠങ്ങൾ തുടങ്ങി​യത്‌ എന്തു​കൊ​ണ്ടാണ്‌?

11 ആളുകളെ സത്യം പഠിപ്പി​ക്കാൻ യഹോവ സഹായി​ക്കു​ന്ന​തി​ന്റെ മറ്റൊരു ഉദാഹ​ര​ണ​മാ​ണു jw.org -ലെ ഓൺലൈൻ ബൈബിൾ പാഠങ്ങൾ. * എന്തു​കൊ​ണ്ടാണ്‌ ഓൺലൈൻ ബൈബിൾ പാഠങ്ങൾ തുടങ്ങി​യത്‌? ഓരോ മാസവും ആയിര​ക്ക​ണ​ക്കിന്‌ ആളുക​ളാ​ണു ബൈബിൾ പഠിക്കാൻ ഇന്റർനെ​റ്റിൽ പരതു​ന്നത്‌. നമ്മുടെ വെബ്‌​സൈ​റ്റി​ലെ ബൈബിൾ പാഠങ്ങൾ ദൈവ​വ​ച​ന​ത്തി​ലെ സത്യങ്ങൾ പഠിച്ചു​തു​ട​ങ്ങാൻ ഈ ആളുകളെ സഹായി​ക്കും. ഇനി, നമ്മൾ സംസാ​രി​ക്കുന്ന ചില ആളുക​ളോട്‌, നമ്മൾ അവരു​മാ​യി നേരിട്ട്‌ ബൈബിൾചർച്ചകൾ നടത്താം എന്നു പറഞ്ഞാൽ അതു സ്വീക​രി​ക്കാൻ മടി കാണി​ച്ചേ​ക്കാം. അങ്ങനെ​യു​ള്ള​വർക്കു നമ്മുടെ വെബ്‌​സൈ​റ്റി​ലെ ഈ സവി​ശേഷത കാണി​ച്ചു​കൊ​ടു​ക്കാം. അല്ലെങ്കിൽ ഈ ബൈബിൾ പാഠങ്ങ​ളു​ടെ ഒരു ലിങ്ക്‌ അയച്ചു​കൊ​ടു​ക്കാം. സാധി​ക്കു​മെ​ങ്കിൽ, വീട്ടു​കാർക്കു മനസ്സി​ലാ​കുന്ന ഭാഷയി​ലുള്ള പാഠങ്ങ​ളെ​ക്കു​റിച്ച്‌ അവരോ​ടു പറയാം.

12. ഓൺലൈൻ ബൈബിൾ പാഠങ്ങ​ളിൽ ഒരു വ്യക്തിക്ക്‌ എന്തൊക്കെ പഠിക്കാൻ കഴിയും?

12 നമ്മുടെ ബൈബിൾ പാഠങ്ങ​ളു​ടെ വിഷയങ്ങൾ ഇവയാണ്‌: “ബൈബി​ളും അതിന്റെ രചയി​താ​വും,” “ബൈബി​ളി​ലെ പ്രധാ​ന​പ്പെട്ട കഥാപാ​ത്രങ്ങൾ,” “ബൈബിൾ നൽകുന്ന പ്രത്യാ​ശ​യു​ടെ സന്ദേശം.” ഈ വിഷയ​ങ്ങ​ളു​ടെ കീഴിൽ പിൻവ​രുന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്നു:

  • ഒരു വ്യക്തിയെ ബൈബിൾ എങ്ങനെ സഹായി​ക്കും?

  • യഹോ​വ​യും യേശു​വും ദൂതന്മാ​രും ആരാണ്‌?

  • ദൈവം എന്തിനാ​ണു മനുഷ്യ​രെ സൃഷ്ടി​ച്ചത്‌?

  • കഷ്ടപ്പാ​ടും തിന്മയും ഉള്ളത്‌ എന്തു​കൊണ്ട്‌?

കൂടാതെ,

  • കഷ്ടപ്പാ​ടും മരണവും ഇല്ലാതാ​ക്കാൻ

  • മരിച്ച​വരെ ജീവനി​ലേക്കു കൊണ്ടു​വ​രാൻ

  • മനുഷ്യ ഗവൺമെ​ന്റു​ക​ളു​ടെ സ്ഥാനത്ത്‌ ദൈവ​രാ​ജ്യം കൊണ്ടു​വ​രാൻ

യഹോവ എന്തു ചെയ്യു​മെ​ന്നും ഈ പാഠങ്ങൾ ചർച്ച ചെയ്യുന്നു.

13. ഓൺലൈൻ ബൈബിൾ പാഠങ്ങൾ ബൈബിൾപഠന പരിപാ​ടി​ക്കു പകരമാ​ണോ? വിശദീ​ക​രി​ക്കുക.

13 വീടു​തോ​റു​മുള്ള ബൈബിൾപഠന പരിപാ​ടി​ക്കു പകരമല്ല ഈ ഓൺലൈൻ ബൈബിൾ പാഠങ്ങൾ. ശിഷ്യ​രാ​ക്കാ​നുള്ള നിയമനം യേശു നമുക്കു തന്നിട്ടുണ്ട്‌. താത്‌പ​ര്യ​മുള്ള ആളുകൾ ഓൺലൈൻ പാഠങ്ങൾ നോക്കു​മെ​ന്നും പഠിക്കുന്ന കാര്യങ്ങൾ അവർക്ക്‌ ഇഷ്ടമാ​കു​മെ​ന്നും അപ്പോൾ കൂടുതൽ പഠിക്കാൻ അവർക്ക്‌ ആഗ്രഹം തോന്നു​മെ​ന്നും ആണു നമ്മൾ പ്രതീ​ക്ഷി​ക്കു​ന്നത്‌. അങ്ങനെ​യാ​കു​മ്പോൾ അവർ ഒരു ബൈബിൾപ​ഠനം ആവശ്യ​പ്പെ​ട്ടേ​ക്കാം. വെബ്‌​സൈ​റ്റി​ലെ ഓരോ ബൈബിൾ പാഠത്തി​ന്റെ​യും അവസാനം, ആരെങ്കി​ലും നേരിട്ട്‌ വന്ന്‌ ബൈബിൾ പഠിപ്പി​ക്കാൻ ആവശ്യ​പ്പെ​ടു​ന്ന​തി​നുള്ള ഓപ്‌ഷ​നുണ്ട്‌. നമ്മുടെ വെബ്‌​സൈ​റ്റി​ലൂ​ടെ ഓരോ ദിവസ​വും ശരാശരി 230 ബൈബിൾപ​ഠ​ന​ങ്ങ​ളു​ടെ അപേക്ഷ​ക​ളാ​ണു ലോക​മെ​മ്പാ​ടും ലഭിക്കു​ന്നത്‌. നേരിട്ട്‌ പോയി ആളുകളെ ബൈബിൾ പഠിപ്പി​ക്കേ​ണ്ടതു വളരെ പ്രധാ​ന​മാണ്‌.

ആളുകളെ ശിഷ്യ​രാ​ക്കാൻ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കുക

14. മത്തായി 28:19, 20-ലെ യേശു​വി​ന്റെ നിർദേ​ശ​ങ്ങൾക്കു ചേർച്ച​യിൽ എന്തു ചെയ്യാൻ നമ്മൾ കഠിന​ശ്രമം ചെയ്യണം, എന്തു​കൊണ്ട്‌?

14 മത്തായി 28:19, 20 വായി​ക്കുക. ബൈബിൾപ​ഠ​നങ്ങൾ നടത്തു​മ്പോൾ ‘ആളുകളെ ശിഷ്യ​രാ​ക്കാ​നും (യേശു) കല്‌പി​ച്ച​തെ​ല്ലാം അനുസ​രി​ക്കാൻ അവരെ പഠിപ്പി​ക്കാ​നും’ നമ്മൾ കഠിന​ശ്രമം ചെയ്യണം. യഹോ​വ​യ്‌ക്കും ദൈവ​രാ​ജ്യ​ത്തി​നും വേണ്ടി ഒരു നിലപാ​ടു സ്വീക​രി​ക്കു​ന്നത്‌ എത്ര പ്രധാ​ന​മാ​ണെന്നു മനസ്സി​ലാ​ക്കാൻ നമ്മൾ ആളുകളെ സഹായി​ക്കണം. അതിനു​വേണ്ടി, പഠിക്കുന്ന കാര്യങ്ങൾ ജീവി​ത​ത്തിൽ ബാധക​മാ​ക്കി​ക്കൊണ്ട്‌ സത്യം സ്വന്തമാ​ക്കാ​നും യഹോ​വ​യ്‌ക്കു ജീവിതം സമർപ്പി​ക്കാ​നും സ്‌നാ​ന​പ്പെ​ടാ​നും നമ്മൾ അവരെ പ്രചോ​ദി​പ്പി​ക്കണം. അങ്ങനെ ചെയ്‌താൽ മാത്രമേ അവർക്ക്‌ യഹോ​വ​യു​ടെ ദിവസത്തെ അതിജീ​വി​ക്കാ​നാ​കൂ.—1 പത്രോ. 3:21.

15. നമുക്ക്‌ എന്തിനു സമയമില്ല, എന്തു​കൊണ്ട്‌?

15 നേരത്തേ പറഞ്ഞതു​പോ​ലെ, ഈ വ്യവസ്ഥി​തി​യു​ടെ അവസാ​ന​ത്തിന്‌ ഇനി അധികം സമയമില്ല. അതു​കൊണ്ട്‌ ക്രിസ്‌തു​വി​ന്റെ ശിഷ്യ​രാ​കാൻ വലിയ താത്‌പ​ര്യ​മൊ​ന്നു​മി​ല്ലാത്ത ആളുകളെ പിന്നെ​യും​പി​ന്നെ​യും ബൈബിൾ പഠിപ്പി​ച്ചു​കൊണ്ട്‌ സമയം പാഴാ​ക്കാൻ നമുക്കു കഴിയില്ല. (1 കൊരി. 9:26) വളരെ പെട്ടെന്നു ചെയ്യേണ്ട ഒരു പ്രവർത്ത​ന​മാ​ണു നമ്മു​ടേത്‌! സമയം തീരു​ന്ന​തി​നു മുമ്പ്‌ രാജ്യ​സ​ന്ദേശം കേൾക്കേണ്ട ധാരാളം ആളുകൾ ഇനിയു​മുണ്ട്‌.

എല്ലാ വ്യാജമതങ്ങളിൽനിന്നും പൂർണമായി അകന്ന്‌ നിൽക്കുക

16. വെളി​പാട്‌ 18:2, 4, 5, 8 അനുസ​രിച്ച്‌, നമ്മൾ എല്ലാവ​രും എന്തു ചെയ്യണം? (അടിക്കു​റി​പ്പും കാണുക.)

16 വെളി​പാട്‌ 18:2, 4, 5, 8 വായി​ക്കുക. യഹോവ തന്റെ ആരാധ​ക​രിൽനിന്ന്‌ പ്രതീ​ക്ഷി​ക്കുന്ന മറ്റൊരു കാര്യം ഈ വാക്യ​ങ്ങ​ളിൽ കാണാം. എല്ലാ ക്രിസ്‌ത്യാ​നി​ക​ളും ബാബി​ലോൺ എന്ന മഹതി​യിൽനിന്ന്‌ പൂർണ​മാ​യി വിട്ടു​നിൽക്കണം. സത്യം പഠിക്കുന്ന ഒരു ബൈബിൾവി​ദ്യാർഥി ഏതെങ്കി​ലും ഒരു വ്യാജ​മ​ത​ത്തി​ലെ അംഗമാ​യി​രി​ക്കാം. ആ മതത്തിന്റെ ചടങ്ങു​ക​ളി​ലും പ്രവർത്ത​ന​ങ്ങ​ളി​ലും ഒക്കെ ആ വ്യക്തി ഏർപ്പെ​ടു​ന്നു​ണ്ടാ​കാം. അല്ലെങ്കിൽ ആ സംഘട​ന​യ്‌ക്കു സംഭാവന കൊടു​ക്കു​ന്നു​ണ്ടാ​യി​രി​ക്കും. ഒരു പ്രചാ​ര​ക​നാ​കാൻ യോഗ്യത നേടു​ന്ന​തിന്‌, ആ വ്യക്തി വ്യാജ​മ​ത​വു​മാ​യുള്ള എല്ലാ ബന്ധവും ഉപേക്ഷി​ക്കണം. തന്റെ മുമ്പി​ലത്തേ മതത്തി​ലോ ബാബി​ലോൺ എന്ന മഹതി​യു​മാ​യി ബന്ധപ്പെട്ട ഏതെങ്കി​ലും സംഘട​ന​യി​ലോ അംഗത്വ​മു​ണ്ടെ​ങ്കിൽ അദ്ദേഹം ഒരു രാജി​ക്കത്ത്‌ കൊടു​ത്തു​കൊ​ണ്ടോ മറ്റേ​തെ​ങ്കി​ലും വിധത്തി​ലോ അവയു​മാ​യുള്ള ബന്ധം വിച്ഛേ​ദി​ക്കണം. *

17. ഏതു തരം ജോലി​കൾ ഒരു ക്രിസ്‌ത്യാ​നി ഒഴിവാ​ക്കണം, എന്തു​കൊണ്ട്‌?

17 തന്റെ ജോലി​ക്കു ബാബി​ലോൺ എന്ന മഹതി​യു​മാ​യി ഒരു ബന്ധവു​മി​ല്ലെന്ന്‌ ഒരു ക്രിസ്‌ത്യാ​നി ഉറപ്പാ​ക്കണം. (2 കൊരി. 6:14-17) ഉദാഹ​ര​ണ​ത്തിന്‌, അദ്ദേഹം ഏതെങ്കി​ലും ഒരു മതസം​ഘ​ട​ന​യു​ടെ ജോലി​ക്കാ​രൻ ആയിരി​ക്കില്ല. ഇനി, ഒരു പ്ലംബറോ ഇലക്‌ട്രീ​ഷ്യ​നോ പോലെ മറ്റൊ​രാ​ളു​ടെ കീഴിൽ ജോലി ചെയ്യു​മ്പോ​ഴും വ്യാജാ​രാ​ധ​ന​യ്‌ക്കു​വേ​ണ്ടി​യുള്ള ഏതെങ്കി​ലും കെട്ടി​ട​ത്തിൽ വളരെ​യ​ധി​കം ജോലി ചെയ്യാ​നും ഒരു ക്രിസ്‌ത്യാ​നി ആഗ്രഹി​ക്കില്ല. ഇനി സ്വന്തമാ​യി ജോലി ചെയ്യുന്ന ഒരാളാ​ണെ​ങ്കിൽ, ബാബി​ലോൺ എന്ന മഹതി​യു​ടെ ഏതെങ്കി​ലും ഭാഗത്തി​നു​വേണ്ടി അദ്ദേഹം ഒരു ജോലി​യും ഏറ്റെടു​ക്കില്ല. നമ്മൾ എന്തു​കൊ​ണ്ടാണ്‌ ഇത്തരം ഒരു ഉറച്ച നിലപാ​ടു സ്വീക​രി​ക്കു​ന്നത്‌? കാരണം, ദൈവ​ത്തി​ന്റെ കണ്ണിൽ അശുദ്ധ​മായ മതസം​ഘ​ട​ന​ക​ളു​ടെ പാപങ്ങ​ളി​ലും അവയുടെ പ്രവർത്ത​ന​ങ്ങ​ളി​ലും പങ്കാളി​ക​ളാ​കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നില്ല.—യശ. 52:11. *

18. ജോലി​യോ​ടുള്ള ബന്ധത്തിൽ ഒരു സഹോ​ദരൻ ബൈബിൾത​ത്ത്വ​ങ്ങ​ളോ​ടു പറ്റിനി​ന്നത്‌ എങ്ങനെ?

18 വർഷങ്ങൾക്കു മുമ്പ്‌, ഒരു കോൺട്രാ​ക്ടർ ഒരു മൂപ്പ​നോട്‌, അദ്ദേഹം താമസി​ച്ചി​രുന്ന പട്ടണത്തി​ലെ പള്ളിയിൽ മരപ്പണി ചെയ്യാ​മോ എന്നു ചോദി​ച്ചു. പള്ളിക​ളിൽ ജോലി ചെയ്യി​ല്ലെന്നു മുമ്പ്‌ പലപ്പോ​ഴും സഹോ​ദരൻ പറഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു. പക്ഷേ ഇത്തവണ കോൺട്രാ​ക്ടർക്കു മറ്റാ​രെ​യും ജോലി​ക്കു കിട്ടി​യില്ല. എങ്കിലും മൂപ്പൻ ബൈബിൾത​ത്ത്വ​ങ്ങ​ളോ​ടു പറ്റിനിൽക്കു​ക​യും ജോലി നിരസി​ക്കു​ക​യും ചെയ്‌തു. പിറ്റേ ആഴ്‌ച​യി​ലെ ദിനപ്പ​ത്ര​ത്തിൽ, മറ്റൊരു മരപ്പണി​ക്കാ​രൻ പള്ളിയിൽ കുരിശ്‌ ഉറപ്പി​ക്കുന്ന ഒരു ഫോട്ടോ വന്നു. നമ്മുടെ സഹോ​ദരൻ തന്റെ നിലപാ​ടിൽ വിട്ടു​വീഴ്‌ച ചെയ്‌തി​രു​ന്നെ​ങ്കിൽ, ആ സ്ഥാനത്ത്‌ സഹോ​ദ​രന്റെ ഫോട്ടോ പത്രത്തിൽ വന്നേനേ. ഒന്നു ചിന്തി​ക്കുക: അങ്ങനെ സംഭവി​ച്ചി​രു​ന്നെ​ങ്കിൽ സഹോ​ദ​ര​ങ്ങൾക്കി​ട​യിൽ അദ്ദേഹ​ത്തി​ന്റെ സത്‌പേരു നഷ്ടപ്പെ​ടി​ല്ലാ​യി​രു​ന്നോ? അതിൽ ഉപരി, യഹോ​വ​യ്‌ക്ക്‌ എന്തു തോന്നു​മാ​യി​രു​ന്നു എന്നും ചിന്തി​ക്കുക.

നമ്മൾ എന്തു പഠിച്ചു?

19-20. (എ) നമ്മൾ ഇതുവരെ എന്തു പഠിച്ചു? (ബി) നമ്മൾ കൂടു​ത​ലാ​യി എന്തെല്ലാം അറിയാ​നുണ്ട്‌?

19 ബൈബിൾ പ്രവച​ന​മ​നു​സ​രിച്ച്‌, ലോക​മാ​കുന്ന വേദി​യിൽ അടുത്ത​താ​യി അരങ്ങേ​റാൻ പോകുന്ന പ്രധാ​ന​പ്പെട്ട രംഗം “സമാധാ​നം, സുരക്ഷി​ത​ത്വം” എന്ന രാഷ്‌ട്ര​ങ്ങ​ളു​ടെ പ്രഖ്യാ​പ​ന​മാണ്‌. യഹോവ നമ്മളെ പഠിപ്പി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ നമുക്ക്‌ അറിയാം, രാഷ്‌ട്ര​ങ്ങൾക്ക്‌ ഒരിക്ക​ലും ശാശ്വ​ത​സ​മാ​ധാ​നം കൊണ്ടു​വ​രാൻ കഴിയില്ല എന്ന്‌. ആ പ്രഖ്യാ​പ​ന​ത്തി​നു ശേഷം പെട്ടെ​ന്നുള്ള നാശം വരും. അതുവരെ നമ്മൾ എന്തു ചെയ്യണം? നമ്മൾ ഉത്സാഹ​ത്തോ​ടെ രാജ്യ​സ​ന്ദേശം പ്രസം​ഗി​ക്കാ​നും കൂടുതൽ ആളുകളെ ശിഷ്യ​രാ​ക്കാൻ ശ്രമി​ക്കാ​നും യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. അതു​പോ​ലെ, എല്ലാ വ്യാജ​മ​ത​ങ്ങ​ളിൽനി​ന്നും നമ്മൾ അകന്ന്‌ നിൽക്കണം. അതിനു​വേണ്ടി നമ്മൾ വ്യാജ​മ​ത​ത്തി​ലെ അംഗത്വം പൂർണ​മാ​യി ഉപേക്ഷി​ക്കണം, ബാബി​ലോൺ എന്ന മഹതി​യു​മാ​യി ബന്ധമുള്ള ജോലി​കൾ ഒഴിവാ​ക്കു​ക​യും വേണം.

20 “അവസാ​ന​നാ​ളു​ക​ളു​ടെ” ഒടുവിൽ നടക്കാൻപോ​കുന്ന മറ്റു സംഭവ​ങ്ങ​ളുണ്ട്‌. നമ്മൾ ചെയ്യാൻ യഹോവ പ്രതീ​ക്ഷി​ക്കുന്ന മറ്റു കാര്യ​ങ്ങ​ളു​മുണ്ട്‌. എന്തൊ​ക്കെ​യാണ്‌ അവ? തൊട്ടു​മു​മ്പിൽ നമ്മളെ കാത്തി​രി​ക്കുന്ന സംഭവ​ങ്ങൾക്കാ​യി എങ്ങനെ ഒരുങ്ങാം? അടുത്ത ലേഖന​ത്തിൽ ഇക്കാര്യ​ങ്ങൾ ചർച്ച ചെയ്യും.

ഗീതം 71 നമ്മൾ യഹോ​വ​യു​ടെ സൈന്യം!

^ ഖ. 5 ‘സമാധാ​ന​വും സുരക്ഷി​ത​ത്വ​വും’ കൈവ​രി​ച്ചു എന്ന രാഷ്‌ട്ര​ങ്ങ​ളു​ടെ പ്രഖ്യാ​പനം പെട്ടെ​ന്നു​തന്നെ നടക്കു​മെന്നു നമ്മൾ പ്രതീ​ക്ഷി​ക്കു​ന്നു. മഹാകഷ്ടത തുടങ്ങാൻ പോകു​ന്ന​തി​ന്റെ അടയാ​ള​മാണ്‌ ആ പ്രഖ്യാ​പനം. ഇപ്പോൾമു​തൽ ആ പ്രഖ്യാ​പനം നടക്കുന്ന സമയം​വരെ നമ്മൾ എന്തു ചെയ്യാ​നാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌? ഉത്തരം കണ്ടെത്താൻ ഈ ലേഖനം നമ്മളെ സഹായി​ക്കും.

^ ഖ. 3 ഉദാഹരണത്തിന്‌, “അന്തർദേ​ശീയ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും കാത്തു​സൂ​ക്ഷി​ക്കു​ന്നു” എന്ന്‌ ഐക്യ​രാ​ഷ്‌ട്ര സംഘടന അവരുടെ വെബ്‌​സൈ​റ്റിൽ അവകാ​ശ​പ്പെ​ടു​ന്നു.

^ ഖ. 23 ‘പഠിപ്പി​ക്കാ​നുള്ള ഉപകര​ണങ്ങൾ’ എങ്ങനെ ഉപയോ​ഗി​ക്ക​ണ​മെന്ന്‌ അറിയാൻ 2018 ഒക്ടോബർ ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “സത്യം പഠിപ്പി​ക്കുക” എന്ന ലേഖനം കാണുക.

^ ഖ. 11 നിലവിൽ ഇംഗ്ലീ​ഷി​ലും പോർച്ചു​ഗീ​സി​ലും ഈ പാഠങ്ങൾ ലഭ്യമാണ്‌. കൂടുതൽ ഭാഷക​ളിൽ ഇതു തുടങ്ങും.

^ ഖ. 16 വൈഎംസിഎ (ക്രൈ​സ്‌ത​വ​യു​വാ​ക്ക​ളു​ടെ ഒരു സഖ്യം), വൈഡ​ബ്ല്യൂ​സിഎ (ക്രൈ​സ്‌ത​വ​യു​വ​തി​ക​ളു​ടെ ഒരു സഖ്യം) പോലെ യുവജ​ന​പ്ര​സ്ഥാ​ന​ങ്ങ​ളും വിനോ​ദ​പ​രി​പാ​ടി​ക​ളും സംഘടി​പ്പി​ക്കുന്ന ഏതെങ്കി​ലും സംഘട​ന​യ്‌ക്കു വ്യാജ​മ​ത​വു​മാ​യി ബന്ധമു​ണ്ടെ​ങ്കിൽ നമുക്ക്‌ അതിൽ അംഗങ്ങ​ളാ​കാൻ കഴിയില്ല. വൈഎം​സിഎ, വൈഡ​ബ്ല്യൂ​സിഎ തുടങ്ങി​യ​വ​യു​ടെ പ്രാ​ദേ​ശിക സംഘട​നകൾ തങ്ങൾക്കു മതപര​മായ ലക്ഷ്യങ്ങ​ളൊ​ന്നു​മി​ല്ലെന്ന രീതി​യി​ലാ​യി​രി​ക്കും പ്രവർത്ത​നങ്ങൾ സംഘടി​പ്പി​ക്കു​ന്നത്‌. പക്ഷേ ശരിക്കും ഈ സംഘട​നകൾ മതപര​മായ ആശയങ്ങ​ളും ലക്ഷ്യങ്ങ​ളും ആണു പ്രചരി​പ്പി​ക്കു​ന്നത്‌.

^ ഖ. 17 മതസംഘടനകളുമായി ബന്ധപ്പെട്ട ജോലി​യെ​ക്കു​റി​ച്ചുള്ള തിരു​വെ​ഴു​ത്തു​വീ​ക്ഷണം കുറച്ചു​കൂ​ടെ നന്നായി മനസ്സി​ലാ​ക്കാൻ 1999 ഏപ്രിൽ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” കാണുക.

^ ഖ. 84 ചിത്രക്കുറിപ്പ്‌: ടിവി​യിൽ സമാധാ​നം, സുരക്ഷി​ത​ത്വം” എന്നൊരു പ്രഖ്യാ​പനം കേൾക്കു​മ്പോൾ ഒരു ഹോട്ട​ലിൽ വന്നിരി​ക്കു​ന്നവർ അതി​ലേ​ക്കു​തന്നെ നോക്കി​യി​രി​ക്കു​ന്നു. വയൽസേ​വ​ന​ത്തി​നി​ടെ കാപ്പി കുടി​ക്കാൻ കയറിയ ഒരു സാക്ഷി​ദ​മ്പ​തി​കൾ ഈ വാർത്ത കേട്ട്‌ അതിശ​യി​ക്കു​ന്നില്ല.