വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 49

ജോലി​ക്കും വിശ്ര​മ​ത്തി​നും “ഒരു നിയമി​ത​സ​മ​യ​മുണ്ട്‌”

ജോലി​ക്കും വിശ്ര​മ​ത്തി​നും “ഒരു നിയമി​ത​സ​മ​യ​മുണ്ട്‌”

“വരൂ, . . . ഒറ്റപ്പെട്ട ഒരു സ്ഥലത്ത്‌ പോയി അൽപ്പം വിശ്ര​മി​ക്കാം.”—മർക്കോ. 6:31.

ഗീതം 143 പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കാം, ഉണർന്നി​രി​ക്കാം, കാത്തി​രി​ക്കാം

പൂർവാവലോകനം *

1. ജോലി​യെ​ക്കു​റിച്ച്‌ മിക്കയാ​ളു​കൾക്കും എന്തു വീക്ഷണ​മാ​ണു​ള്ളത്‌?

നിങ്ങളു​ടെ നാട്ടിലെ ആളുകൾക്കു ജോലി​യോ​ടുള്ള മനോ​ഭാ​വം എന്താണ്‌? പല രാജ്യ​ങ്ങ​ളി​ലും ആളുകൾ മുമ്പൊ​രി​ക്ക​ലും ചെയ്‌തി​ട്ടി​ല്ലാ​ത്ത​തു​പോ​ലെ കൂടുതൽ സമയം കഠിനാ​ധ്വാ​നം ചെയ്യു​ക​യാണ്‌. അങ്ങനെ​യുള്ള ആളുകൾക്കു വലിയ തിരക്കാണ്‌. അവർക്കു വിശ്രമിക്കാനോ കുടുംബത്തിന്റെകൂടെ ചെലവ​ഴി​ക്കാ​നോ ആത്മീയ​കാ​ര്യ​ങ്ങൾ പഠിക്കാ​നോ ഒന്നും സമയമില്ല. (സഭാ. 2:23) എന്നാൽ വേറെ ചിലർക്കു ജോലി ചെയ്യാനേ താത്‌പ​ര്യ​മില്ല. അതിന്‌ അവർ ഓരോ മുടന്തൻ ന്യായങ്ങൾ കണ്ടുപി​ടി​ക്കു​ക​യും ചെയ്യും.—സുഭാ. 26:13, 14.

2-3. ജോലി ചെയ്യുന്ന കാര്യ​ത്തിൽ യഹോ​വ​യും യേശു​വും എന്തു മാതൃ​ക​യാ​ണു വെച്ചത്‌?

2 ജോലി​യെ​ക്കു​റി​ച്ചുള്ള ലോക​ത്തി​ന്റെ ഇത്തരം തെറ്റായ കാഴ്‌ച​പ്പാ​ടു​ക​ളിൽനിന്ന്‌ വ്യത്യ​സ്‌ത​മാണ്‌ യഹോ​വ​യു​ടെ​യും യേശു​വി​ന്റെ​യും വീക്ഷണം. യഹോവ ജോലി ഇഷ്ടപ്പെ​ടു​ന്നു എന്നതിന്‌ ഒരു സംശയ​വു​മില്ല. ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ യേശു അക്കാര്യം വ്യക്തമാ​ക്കി: “എന്റെ പിതാവ്‌ ഇപ്പോ​ഴും കർമനി​ര​ത​നാണ്‌; ഞാനും അതു​പോ​ലെ കർമനി​ര​ത​നാണ്‌.” (യോഹ. 5:17) എണ്ണമറ്റ ആത്മവ്യ​ക്തി​ക​ളെ​യും നോ​ക്കെത്താ ദൂര​ത്തോ​ളം പരന്നു​കി​ട​ക്കുന്ന പ്രപഞ്ച​ത്തെ​യും സൃഷ്ടി​ക്കാൻ ദൈവം ചെയ്‌ത​തി​നെ​ക്കു​റി​ച്ചെ​ല്ലാം ചിന്തി​ക്കുക. മനോ​ഹ​ര​മായ ഈ ഭൂമി​യി​ലും ദൈവ​ത്തി​ന്റെ കരവി​രു​തു നമുക്കു കാണാം. സങ്കീർത്ത​ന​ക്കാ​രൻ പറഞ്ഞത്‌ എത്രയോ ശരിയാണ്‌: “യഹോവേ, അങ്ങയുടെ സൃഷ്ടികൾ എത്രയ​ധി​കം! അങ്ങ്‌ അവയെ​യെ​ല്ലാം ജ്ഞാന​ത്തോ​ടെ ഉണ്ടാക്കി. അങ്ങയുടെ സൃഷ്ടി​ക​ളാൽ ഭൂമി നിറഞ്ഞി​രി​ക്കു​ന്നു.”—സങ്കീ. 104:24.

3 യേശു പിതാ​വി​നെ അനുക​രി​ച്ചു. പിതാവ്‌ “ആകാശത്തെ സൃഷ്ടി​ച്ച​പ്പോൾ” “ഒരു വിദഗ്‌ധ​ജോ​ലി​ക്കാ​ര​നാ​യി” യേശു​വും ഒപ്പമു​ണ്ടാ​യി​രു​ന്നു. (സുഭാ. 8:27-31) വളരെ കാലം കഴിഞ്ഞ്‌, ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു ശ്രദ്ധേ​യ​മായ പലതും ചെയ്‌തു. ഭൂമി​യിൽ ദൈവം ഏൽപ്പിച്ച നിയമനം ചെയ്‌തു​തീർക്കു​ന്നതു യേശു​വിന്‌ ആഹാരം​പോ​ലെ​യാ​യി​രു​ന്നു. യേശു ചെയ്‌ത പ്രവൃ​ത്തി​കൾ യേശു​വി​നെ ദൈവം അയച്ചതാ​ണെ​ന്ന​തി​നു തെളിവ്‌ നൽകി.—യോഹ. 4:34; 5:36; 14:10.

4. വിശ്ര​മ​ത്തെ​ക്കു​റിച്ച്‌ യഹോ​വ​യിൽനി​ന്നും യേശു​വിൽനി​ന്നും നമുക്ക്‌ എന്തു പഠിക്കാം?

4 അധ്വാ​നി​ക്കുന്ന കാര്യ​ത്തിൽ യഹോ​വ​യും യേശു​വും വെച്ച മാതൃക നമുക്കു വിശ്രമം ആവശ്യ​മി​ല്ലെന്നു സൂചി​പ്പി​ക്കു​ന്നു​ണ്ടോ? ഇല്ല. ഒരിക്ക​ലും തളരു​ന്നി​ല്ലാ​ത്ത​തു​കൊണ്ട്‌ യഹോ​വ​യ്‌ക്കു നമ്മളെ​പ്പോ​ലെ വിശ്രമം ആവശ്യ​മില്ല. എന്നാൽ ആകാശ​വും ഭൂമി​യും സൃഷ്ടി​ച്ച​തി​നു ശേഷം യഹോവ “ആത്മസം​തൃ​പ്‌തി​യോ​ടെ വിശ്ര​മി​ച്ചു” എന്നു ബൈബിൾ പറയുന്നു. (പുറ. 31:17) വ്യക്തമാ​യും, ജോലി ഒന്നു നിറു​ത്തി​യിട്ട്‌, താൻ സൃഷ്ടിച്ച കാര്യങ്ങൾ ആസ്വദി​ക്കാൻ യഹോവ സമയ​മെ​ടു​ത്തു എന്നാണ്‌ ഇതിന്‌ അർഥം. ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു​വും അധ്വാ​നി​ച്ചെ​ങ്കി​ലും വിശ്ര​മി​ക്കാ​നും സുഹൃ​ത്തു​ക്ക​ളോ​ടൊത്ത്‌ ഭക്ഷണം കഴിക്കാ​നും സമയം കണ്ടെത്തി.—മത്താ. 14:13; ലൂക്കോ. 7:34.

5. ദൈവ​ജ​ന​ത്തി​ലെ പലരും ഏതു പ്രശ്‌നം നേരി​ടു​ന്നു?

5 ബൈബിൾ ദൈവ​ജ​നത്തെ ജോലി ചെയ്യാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ദൈവ​ത്തി​ന്റെ ദാസന്മാർ മടിയ​ന്മാ​രാ​ക​രുത്‌, പകരം അധ്വാ​ന​ശീ​ല​മു​ള്ള​വ​രാ​യി​രി​ക്കണം. (സുഭാ. 15:19) ഒരുപക്ഷേ കുടും​ബ​ത്തി​നു​വേണ്ടി കരുതാൻ നിങ്ങൾ ജോലി ചെയ്യു​ന്നു​ണ്ടാ​യി​രി​ക്കും. ക്രിസ്‌തു​വി​ന്റെ എല്ലാ ശിഷ്യ​ന്മാർക്കും സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കുന്ന നിയമ​ന​ത്തിൽ പങ്കെടു​ക്കാ​നുള്ള ഉത്തരവാ​ദി​ത്വ​വു​മുണ്ട്‌. ഒപ്പം ആവശ്യ​ത്തി​നു വിശ്ര​മ​വും വേണം. ചില​പ്പോ​ഴൊ​ക്കെ ജോലി​ക്കും ശുശ്രൂ​ഷ​യ്‌ക്കും വിശ്ര​മ​ത്തി​നും എല്ലാം മതിയായ സമയം കണ്ടെത്താൻ നിങ്ങൾ ബുദ്ധി​മു​ട്ടാ​റു​ണ്ടോ? എത്ര സമയം ജോലി ചെയ്യണം, എത്ര സമയം വിശ്ര​മി​ക്കണം എന്നു നമുക്ക്‌ എങ്ങനെ അറിയാം?

ജോലി​യും വിശ്ര​മ​വും സംബന്ധിച്ച്‌ ശരിയായ വീക്ഷണം

6. മർക്കോസ്‌ 6:30-34 അനുസ​രിച്ച്‌, യേശു​വി​നു ജോലി​യും വിശ്ര​മ​വും സംബന്ധിച്ച്‌ ശരിയായ വീക്ഷണ​മു​ണ്ടാ​യി​രു​ന്നു എന്ന്‌ എങ്ങനെ മനസ്സി​ലാ​ക്കാം?

6 ജോലി​യെ​പ്പറ്റി ഒരു ശരിയായ വീക്ഷണ​മു​ണ്ടാ​യി​രി​ക്കേ​ണ്ടതു പ്രധാ​ന​മാണ്‌. ശലോ​മോൻ രാജാവ്‌ ഇങ്ങനെ എഴുതി: “ഓരോ കാര്യ​ത്തി​നും” “ഒരു നിയമി​ത​സ​മ​യ​മുണ്ട്‌.” നടുക, പണിയുക, കരയുക, ചിരി​ക്കുക, തുള്ളി​ച്ചാ​ടുക ഇങ്ങനെ പല കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അദ്ദേഹം പറഞ്ഞു. (സഭാ. 3:1-8) ജീവി​ത​ത്തി​ന്റെ രണ്ടു പ്രധാ​ന​പ്പെട്ട വശങ്ങളാ​ണു ജോലി​യും വിശ്ര​മ​വും. ജോലി ചെയ്‌താൽ മാത്രം പോരാ, വിശ്ര​മി​ക്കാ​നും സമയം കണ്ടെത്ത​ണ​മെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. ഒരു അവസര​ത്തിൽ, അപ്പോ​സ്‌ത​ല​ന്മാർ പ്രസം​ഗ​പ്ര​വർത്തനം കഴിഞ്ഞ്‌ തിരിച്ച്‌ വന്നു. ‘ഭക്ഷണം കഴിക്കാൻപോ​ലും സമയം കിട്ടാത്ത’ വിധത്തിൽ അവർ അത്ര തിരക്കി​ലാ​യി​രു​ന്നു. അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “വരൂ, നമുക്കു മാത്ര​മാ​യി ഒറ്റപ്പെട്ട ഒരു സ്ഥലത്ത്‌ പോയി അൽപ്പം വിശ്ര​മി​ക്കാം.” (മർക്കോസ്‌ 6:30-34 വായി​ക്കുക.) ആഗ്രഹി​ച്ച​പ്പോ​ഴെ​ല്ലാം വിശ്ര​മി​ക്കാൻ യേശു​വി​നും ശിഷ്യ​ന്മാർക്കും കഴിഞ്ഞി​ല്ലെ​ങ്കി​ലും ശിഷ്യ​ന്മാർക്കു വിശ്രമം ആവശ്യ​മാ​ണെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു.

7. ശബത്ത്‌ നിയമ​ത്തെ​ക്കു​റിച്ച്‌ പഠിക്കു​ന്നതു നമ്മളെ എങ്ങനെ സഹായി​ക്കും?

7 ചില​പ്പോ​ഴൊ​ക്കെ അൽപ്പം വിശ്ര​മ​വും പതിവ്‌ കാര്യ​ങ്ങ​ളിൽനിന്ന്‌ ഒരു മാറ്റവും നമു​ക്കെ​ല്ലാം വേണം. പുരാ​ത​ന​കാ​ലത്ത്‌ യഹോവ തന്റെ ജനത്തിന്‌ ഏർപ്പെ​ടു​ത്തിയ ഒരു ക്രമീ​ക​ര​ണ​ത്തിൽനിന്ന്‌ നമുക്ക്‌ ഇതു മനസ്സി​ലാ​ക്കാം. ആഴ്‌ച​തോ​റു​മുള്ള ശബത്താണ്‌ അത്‌. ഇന്നു നമ്മൾ മോശ​യു​ടെ നിയമ​ത്തി​നു കീഴിൽ അല്ല. എങ്കിലും മോശ​യു​ടെ നിയമ​ത്തിൽ ശബത്തി​നെ​ക്കു​റിച്ച്‌ പറയുന്ന കാര്യങ്ങൾ പഠിക്കു​ന്നതു നമുക്കു പ്രയോ​ജനം ചെയ്യും. ജോലി​യെ​യും വിശ്ര​മ​ത്തെ​യും കുറി​ച്ചുള്ള നമ്മുടെ കാഴ്‌ച​പ്പാ​ടു ശരിയാ​ണോ എന്നു മനസ്സി​ലാ​ക്കാൻ ആ പഠനം സഹായി​ക്കും.

ശബത്ത്‌—വിശ്ര​മി​ക്കാ​നും ആരാധി​ക്കാ​നും

8. പുറപ്പാട്‌ 31:12-15 അനുസ​രിച്ച്‌, ശബത്തു ദിവസം എന്തിനു​ള്ള​താ​യി​രു​ന്നു?

8 ആറ്‌ ‘ദിവസം’ ഭൂമി​യിൽ പലതും സൃഷ്ടിച്ച ശേഷം ദൈവം ഭൂമി​യി​ലെ സൃഷ്ടി​ക്രി​യകൾ നിറുത്തി വിശ്ര​മി​ച്ചെന്നു ദൈവ​വ​ചനം പറയുന്നു. (ഉൽപ. 2:2) എന്നാൽ യഹോവ ജോലി ചെയ്യു​ന്നത്‌ ഇഷ്ടപ്പെ​ടു​ന്നു. മറ്റു വിധങ്ങ​ളിൽ യഹോവ ഇപ്പോ​ഴും “കർമനി​ര​ത​നാണ്‌.” (യോഹ. 5:17) ഉൽപത്തി പുസ്‌ത​ക​ത്തിൽ യഹോ​വ​യു​ടെ വിശ്ര​മ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കു​ന്ന​തി​നു സമാന​മാ​ണു ശബത്ത്‌ ആചരി​ക്കാ​നുള്ള ക്രമീ​ക​രണം. തനിക്കും ഇസ്രാ​യേ​ലി​നും ഇടയി​ലുള്ള ഒരു അടയാ​ള​മാ​ണു ശബത്തെന്നു ദൈവം പറഞ്ഞു. അതു “സമ്പൂർണ​വി​ശ്ര​മ​ത്തി​ന്റെ” ദിവസ​മാണ്‌, “യഹോ​വ​യ്‌ക്കു വിശു​ദ്ധ​മാണ്‌.” (പുറപ്പാട്‌ 31:12-15 വായി​ക്കുക.) അന്നു ജോലി ചെയ്യു​ന്ന​തി​നുള്ള വിലക്ക്‌ എല്ലാവർക്കും, കുട്ടി​കൾക്കും അടിമ​കൾക്കും വളർത്തു​മൃ​ഗ​ങ്ങൾക്കു​പോ​ലും, ബാധക​മാ​യി​രു​ന്നു. (പുറ. 20:10) ആത്മീയ​കാ​ര്യ​ങ്ങൾക്കു കൂടുതൽ ശ്രദ്ധ കൊടു​ക്കാൻ അങ്ങനെ ജനത്തിനു സമയം കിട്ടി.

9. യേശു​വി​ന്റെ കാലത്ത്‌ ശബത്തു നിയമവുമായി ബന്ധപ്പെട്ട്‌ തെറ്റായ ഏതു വീക്ഷണ​മാ​ണു​ണ്ടാ​യി​രു​ന്നത്‌?

9 ദൈവ​ജ​ന​ത്തി​ന്റെ നന്മയെ കരുതി​യാ​ണു ശബത്തു ദിവസം ഏർപ്പെ​ടു​ത്തി​യത്‌. പക്ഷേ യേശു​വി​ന്റെ കാലത്തെ പല മതനേ​താ​ക്ക​ന്മാ​രും ശബത്തു നിയമ​ത്തോ​ടു കർക്കശ​മായ മറ്റ്‌ അനേകം നിയമങ്ങൾ കൂട്ടി​ച്ചേർത്തു. ശബത്തു ദിവസം ധാന്യ​ക്ക​തി​രു​കൾ പറിക്കു​ന്ന​തോ രോഗി​യായ ഒരാളെ സുഖ​പ്പെ​ടു​ത്തു​ന്ന​തോ പോലും തെറ്റാ​ണെന്ന്‌ അവർ പറഞ്ഞു. (മർക്കോ. 2:23-27; 3:2-5) ഇത്തരം വീക്ഷണങ്ങൾ ദൈവ​ത്തി​ന്റെ ചിന്തയു​മാ​യി യോജി​പ്പി​ല​ല്ലാ​യി​രു​ന്നു. തന്റെ ഉപദേശം ശ്രദ്ധി​ച്ച​വർക്കു യേശു അതു വ്യക്തമാ​ക്കി​ക്കൊ​ടു​ത്തു.

ആത്മീയകാര്യങ്ങൾക്കു ശ്രദ്ധ കൊടു​ക്കാൻ യേശു​വി​ന്റെ കുടും​ബം ശബത്തു ദിവസം ഉപയോ​ഗ​പ്പെ​ടു​ത്തി (10-ാം ഖണ്ഡിക കാണുക) *

10. ശബത്തി​നെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ വീക്ഷണ​ത്തെ​പ്പറ്റി മത്തായി 12:9-12 എന്താണു പറയു​ന്നത്‌?

10 യേശു​വും ജൂതരായ യേശു​വി​ന്റെ അനുഗാ​മി​ക​ളും ശബത്തു നിയമം അനുസ​രി​ച്ചു. കാരണം അവർ മോശ​യു​ടെ നിയമ​ത്തി​നു കീഴി​ലാ​യി​രു​ന്നു. * പക്ഷേ അതു പാലി​ക്കുന്ന കാര്യ​ത്തിൽ വഴക്കമു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും ആ ദിവസം മറ്റുള്ള​വരെ സഹായി​ക്കുന്ന കാര്യങ്ങൾ ചെയ്യു​ന്നതു തെറ്റ​ല്ലെ​ന്നും വാക്കി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും യേശു കാണിച്ചു. യേശു വ്യക്തമാ​യി ഇങ്ങനെ പറഞ്ഞു: “ശബത്തിൽ ഒരു നല്ല കാര്യം ചെയ്യു​ന്നതു ശരിയാണ്‌.” (മത്തായി 12:9-12 വായി​ക്കുക.) ആ ദിവസം മറ്റുള്ള​വരെ സഹായി​ക്കുന്ന ദയാ​പ്ര​വൃ​ത്തി​കൾ ചെയ്യു​ന്നതു ശബത്തു നിയമ​ത്തി​ന്റെ ലംഘന​മാ​യി യേശു കണ്ടില്ല. യേശു​വി​ന്റെ പ്രവൃ​ത്തി​കൾ ശബത്തിന്റെ ഒരു പ്രധാ​ന​സ​വി​ശേഷത എടുത്തു​കാ​ട്ടി. ദൈവ​ജനം ജോലി​യിൽനിന്ന്‌ വിശ്ര​മി​ക്കുന്ന ദിവസ​മാ​യ​തു​കൊണ്ട്‌ ആത്മീയ​കാ​ര്യ​ങ്ങൾ കൂടുതൽ ശ്രദ്ധി​ക്കാൻ അവർക്കു കഴിഞ്ഞി​രു​ന്നു. ശബത്തു ദിവസം ആത്മീയ​കാ​ര്യ​ങ്ങൾക്കു​വേണ്ടി മാറ്റി​വെച്ച കുടും​ബ​ത്തി​ലാ​യി​രി​ക്കണം യേശു വളർന്നു​വ​ന്നത്‌. യേശു സ്വന്തം പട്ടണമായ നസറെ​ത്തിൽ ആയിരു​ന്ന​പ്പോൾ ചെയ്‌ത ഒരു കാര്യ​ത്തിൽനിന്ന്‌ അതു മനസ്സി​ലാ​ക്കാം. നമ്മൾ ഇങ്ങനെ വായി​ക്കു​ന്നു: “(യേശു) എല്ലാ ശബത്തി​ലും ചെയ്യാ​റു​ള്ള​തു​പോ​ലെ സിന​ഗോ​ഗിൽ ചെന്ന്‌ വായി​ക്കാൻ എഴു​ന്നേ​റ്റു​നി​ന്നു.”—ലൂക്കോ. 4:15-19.

ജോലി​യോ​ടുള്ള നിങ്ങളുടെ മനോഭാവം എന്താണ്‌?

11. കഠിനാ​ധ്വാ​ന​ത്തി​ന്റെ കാര്യ​ത്തിൽ ആരുടെ നല്ല മാതൃക യേശു കണ്ടിട്ടു​ണ്ടാ​കണം?

11 വളർത്തു​മ​ക​നായ യേശു​വി​നെ മരപ്പണി പഠിപ്പിച്ച യോ​സേ​ഫിന്‌ ഉറപ്പാ​യും ജോലി​യെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വീക്ഷണ​മാ​ണു​ണ്ടാ​യി​രു​ന്നത്‌. (മത്താ. 13:55, 56) തന്റെ വലിയ കുടും​ബ​ത്തി​ന്റെ ആവശ്യ​ങ്ങൾക്കു​വേണ്ടി യോ​സേഫ്‌ പകലന്തി​യോ​ളം പണി​യെ​ടു​ക്കു​ന്നതു യേശു തീർച്ച​യാ​യും കണ്ടിട്ടു​ണ്ടാ​കണം. പിന്നീട്‌ ഒരു അവസര​ത്തിൽ, യേശു ശിഷ്യ​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: “പണിക്കാ​രൻ കൂലിക്ക്‌ അർഹനാ​ണ​ല്ലോ.” (ലൂക്കോ. 10:7) കഠിനാ​ധ്വാ​നം യേശു​വി​നു പരിച​യ​മി​ല്ലാത്ത ഒന്നല്ലാ​യി​രു​ന്നു.

12. ജോലി ചെയ്യു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്റെ വീക്ഷണം മനസ്സി​ലാ​ക്കാൻ ഏതെല്ലാം തിരു​വെ​ഴു​ത്തു​കൾ സഹായി​ക്കും?

12 പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ കാര്യം നോക്കാം. യേശു​വി​ന്റെ പേരി​നെ​യും സന്ദേശ​ത്തെ​യും കുറിച്ച്‌ മറ്റുള്ള​വ​രോ​ടു പറയുക എന്നതാ​യി​രു​ന്നു പൗലോ​സി​ന്റെ പ്രധാ​ന​ദൗ​ത്യം. എങ്കിലും സ്വന്തം ചെലവു​കൾക്കു​വേണ്ടി പൗലോസ്‌ ജോലി ചെയ്യു​ക​യും ചെയ്‌തു. “ആർക്കും ഒരു ഭാരമാ​കാ​തി​രി​ക്കാൻ” പൗലോസ്‌ ‘രാപ്പക​ലി​ല്ലാ​തെ കഷ്ടപ്പെട്ട്‌ പണി​യെ​ടു​ത്ത​തി​നെ​ക്കു​റിച്ച്‌’ തെസ്സ​ലോ​നി​ക്യർക്ക്‌ അറിയാ​മാ​യി​രു​ന്നു. (2 തെസ്സ. 3:8; പ്രവൃ. 20:34, 35) കൂടാ​ര​പ്പ​ണി​യെ​ക്കു​റി​ച്ചാ​യി​രി​ക്കും പൗലോസ്‌ ഇവിടെ പറഞ്ഞത്‌. കൊരി​ന്തി​ലാ​യി​രു​ന്ന​പ്പോൾ പൗലോസ്‌ “കൂടാ​ര​പ്പ​ണി​ക്കാ​രാ​യി​രുന്ന” അക്വി​ല​യു​ടെ​യും പ്രിസ്‌കി​ല്ല​യു​ടെ​യും കൂടെ താമസി​ക്കു​ക​യും ‘അവരോ​ടൊ​പ്പം ജോലി ചെയ്യു​ക​യും ചെയ്‌തു.’ “രാപ്പക​ലി​ല്ലാ​തെ” എന്നു പറഞ്ഞതി​ന്റെ അർഥം പൗലോസ്‌ ഇടതട​വി​ല്ലാ​തെ ജോലി ചെയ്‌തു എന്നല്ല. ഉദാഹ​ര​ണ​ത്തിന്‌, ശബത്തു ദിവസം പൗലോസ്‌ കൂടാ​ര​പ്പണി ചെയ്‌തി​രു​ന്നില്ല. ശബത്തിൽ മറ്റു ജോലി​യൊ​ന്നും ചെയ്യാ​തി​രുന്ന ജൂതന്മാ​രോ​ടു സാക്ഷീ​ക​രി​ക്കാൻ ആ ദിവസം പൗലോസ്‌ ഉപയോ​ഗി​ച്ചു.—പ്രവൃ. 13:14-16, 42-44; 16:13; 18:1-4.

13. പൗലോ​സി​ന്റെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

13 പൗലോസ്‌ അപ്പോ​സ്‌തലൻ നല്ലൊരു മാതൃ​ക​യാ​ണു വെച്ചത്‌. അദ്ദേഹ​ത്തി​നു ജോലി ചെയ്യണ​മാ​യി​രു​ന്നു. എങ്കിലും “ദൈവ​ത്തിൽനി​ന്നുള്ള സന്തോ​ഷ​വാർത്ത അറിയി​ക്കു​ക​യെന്ന വിശു​ദ്ധ​മായ പ്രവർത്തനം” പൗലോസ്‌ ക്രമമാ​യി ചെയ്‌തു. അതിന്‌ ഒരു മുടക്ക​വും വരുത്തി​യില്ല. (റോമ. 15:16; 2 കൊരി. 11:23) അങ്ങനെ ചെയ്യാൻ മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തു. അക്വി​ല​യെ​യും പ്രിസ്‌കി​ല്ല​യെ​യും പൗലോസ്‌ വിളി​ച്ചത്‌ ‘ക്രിസ്‌തു​യേ​ശു​വി​ന്റെ വേലയിൽ എന്റെ സഹപ്ര​വർത്തകർ’ എന്നാണ്‌. (റോമ. 12:11; 16:3) “പണി​യെ​ടു​ക്കാൻ മനസ്സി​ല്ലാ​ത്തവൻ തിന്നാ​നും പാടില്ല” എന്നു പൗലോസ്‌ എഴുതി. (2 തെസ്സ. 3:10) പക്ഷേ ‘കർത്താ​വി​ന്റെ വേലയിൽ എപ്പോ​ഴും തിരക്കു​ള്ള​വ​രാ​യി​രി​ക്കാൻ’ കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതാ​നും യഹോവ പൗലോ​സി​നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.—1 കൊരി. 15:58; 2 കൊരി. 9:8.

14. യോഹ​ന്നാൻ 14:12-ൽ കാണുന്ന യേശു​വി​ന്റെ വാക്കുകൾ എന്താണ്‌ അർഥമാ​ക്കു​ന്നത്‌?

14 പ്രസംഗ-ശിഷ്യ​രാ​ക്കൽ വേലയാണ്‌ ഈ അവസാ​ന​കാ​ലത്ത്‌ നടക്കുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട പ്രവർത്തനം. വാസ്‌ത​വ​ത്തിൽ, ശിഷ്യ​ന്മാർ താൻ ചെയ്‌ത​തി​നെ​ക്കാൾ വലിയ പ്രവൃ​ത്തി​കൾ ചെയ്യു​മെന്നു യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു. (യോഹ​ന്നാൻ 14:12 വായി​ക്കുക.) യേശു​വി​നെ​പ്പോ​ലെ നമ്മൾ അത്ഭുതങ്ങൾ ചെയ്യു​മെന്നല്ല യേശു അർഥമാ​ക്കി​യത്‌. പകരം തന്റെ അനുഗാ​മി​കൾ കൂടുതൽ പ്രദേ​ശ​ങ്ങ​ളിൽ, കൂടുതൽ ആളുക​ളോട്‌, കൂടുതൽ കാലം പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​മെ​ന്നാ​ണു യേശു ഉദ്ദേശി​ച്ചത്‌.

15. ഏതു ചോദ്യ​ങ്ങൾ നമ്മൾ സ്വയം ചോദി​ക്കണം, എന്തു​കൊണ്ട്‌?

15 നിങ്ങൾക്ക്‌ ഒരു ജോലി​യു​ണ്ടെ​ങ്കിൽ സ്വയം ചോദി​ക്കുക: ‘ജോലി​സ്ഥ​ലത്ത്‌ എനിക്കു കഠിനാ​ധ്വാ​നി​യായ ഒരു ജോലി​ക്കാ​രൻ എന്ന പേരു​ണ്ടോ? ജോലി എന്റെ കഴിവു​പോ​ലെ ഏറ്റവും നന്നായി, സമയത്ത്‌ തീർക്കാ​റു​ണ്ടോ?’ ‘ഉണ്ട്‌’ എന്നാണ്‌ ഉത്തര​മെ​ങ്കിൽ, തൊഴി​ലു​ട​മ​യു​ടെ വിശ്വാ​സം നേടാൻ നിങ്ങൾക്കു കഴി​ഞ്ഞേ​ക്കും. രാജ്യ​സ​ന്ദേശം കേൾക്കാൻ നിങ്ങളു​ടെ ജോലി​സ്ഥ​ലത്തെ ആളുകൾ കൂടുതൽ താത്‌പ​ര്യം കാണി​ക്കു​ക​യും ചെയ്‌തേ​ക്കാം. ഇനി, പ്രസംഗ-പഠിപ്പി​ക്കൽ പ്രവർത്ത​ന​ത്തി​ന്റെ കാര്യ​ത്തിൽ സ്വയം ചോദി​ക്കുക: ‘ശുശ്രൂ​ഷ​യിൽ കഠിനാ​ധ്വാ​നം ചെയ്യുന്ന ഒരാളാ​ണോ ഞാൻ? ആദ്യസ​ന്ദർശ​ന​ങ്ങൾക്കാ​യി ഞാൻ നന്നായി തയ്യാറാ​കു​ന്നു​ണ്ടോ? താത്‌പ​ര്യ​ക്കാ​രു​ടെ അടുത്ത്‌ എത്രയും പെട്ടെന്നു ഞാൻ മടങ്ങി​ച്ചെ​ല്ലാ​റു​ണ്ടോ? ശുശ്രൂ​ഷ​യു​ടെ വിവിധ വശങ്ങളിൽ ഞാൻ ക്രമമാ​യി പങ്കെടു​ക്കാ​റു​ണ്ടോ?’ ‘ഉവ്വ്‌’ എന്ന്‌ ഉത്തരം പറയാൻ കഴിയു​മെ​ങ്കിൽ, ശുശ്രൂ​ഷ​യിൽ സന്തോഷം കണ്ടെത്താൻ നിങ്ങൾക്കു സാധി​ക്കും.

വിശ്ര​മ​ത്തോ​ടുള്ള നിങ്ങളുടെ മനോഭാവം എന്താണ്‌?

16. വിശ്ര​മ​ത്തെ​ക്കു​റിച്ച്‌ യേശു​വി​ന്റെ​യും അപ്പോ​സ്‌ത​ല​ന്മാ​രു​ടെ​യും മനോ​ഭാ​വം ഇക്കാലത്തെ പലരു​ടെ​യും മനോ​ഭാ​വ​ത്തിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി​രു​ന്നത്‌ എങ്ങനെ?

16 തനിക്കും അപ്പോ​സ്‌ത​ല​ന്മാർക്കും ഇടയ്‌ക്കൊ​ക്കെ വിശ്രമം വേണ​മെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. എന്നാൽ അക്കാലത്തെയും ഇക്കാല​ത്തെ​യും പലയാ​ളു​ക​ളും യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ത്തി​ലെ ധനിക​നായ വ്യക്തി​യെ​പ്പോ​ലെ​യാണ്‌. അയാൾ തന്നോ​ടു​തന്നെ പറഞ്ഞു: “ഇനി വിശ്ര​മി​ച്ചു​കൊ​ള്ളുക. തിന്നുക, കുടി​ക്കുക, ആനന്ദി​ക്കുക.” (ലൂക്കോ. 12:19; 2 തിമൊ. 3:4) ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യങ്ങൾ വിശ്ര​മ​വും ഉല്ലാസ​വും ആണെന്ന്‌ അയാൾ കരുതി. എന്നാൽ സ്വന്തം സുഖത്തി​നു യേശു​വും അപ്പോ​സ്‌ത​ല​ന്മാ​രും ജീവി​ത​ത്തിൽ ഏറ്റവും പ്രാധാ​ന്യം കൊടു​ത്തില്ല.

ജോലിയുടെയും വിശ്ര​മ​ത്തി​ന്റെ​യും കാര്യത്തിൽ ശരിയായ വീക്ഷണ​മു​ള്ളതു നവോ​ന്മേഷം പകരുന്ന പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ നമ്മളെ സഹായിക്കും (17-ാം ഖണ്ഡിക കാണുക) *

17. ജോലി കഴിഞ്ഞുള്ള സമയം നമ്മൾ എന്തിനു​വേണ്ടി ഉപയോ​ഗി​ക്കു​ന്നു?

17 ജോലി കഴിഞ്ഞുള്ള സമയം വിശ്ര​മി​ക്കാൻ മാത്രം ഉപയോ​ഗി​ക്കു​ന്ന​തി​നു പകരം പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നും ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളിൽ പങ്കുപ​റ്റു​ന്ന​തി​നും നമുക്ക്‌ ഉപയോ​ഗി​ക്കാം. അങ്ങനെ ചെയ്‌തു​കൊണ്ട്‌ യേശു​വി​നെ അനുക​രി​ക്കാൻ ശ്രമി​ക്കാം. വാസ്‌ത​വ​ത്തിൽ ആളുകളെ ശിഷ്യ​രാ​ക്കു​ന്ന​തും ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളിൽ പങ്കുപ​റ്റു​ന്ന​തും പോലുള്ള വിശു​ദ്ധ​മായ പ്രവർത്ത​നങ്ങൾ നമുക്കു വളരെ പ്രധാ​ന​മാ​യ​തു​കൊണ്ട്‌ അതിൽ ക്രമമാ​യി ഏർപ്പെ​ടാൻ നമ്മൾ എല്ലാ ശ്രമവും ചെയ്യുന്നു. (എബ്രാ. 10:24, 25) എങ്ങോ​ട്ടെ​ങ്കി​ലും യാത്ര പോകു​മ്പോ​ഴും നമ്മൾ മീറ്റി​ങ്ങു​കൾക്കു മുടക്കം വരുത്തില്ല. മാത്രമല്ല, പരിച​യ​പ്പെ​ടുന്ന വ്യക്തി​ക​ളോ​ടു സന്തോഷവാർത്ത പറയാനുള്ള വഴി കണ്ടെത്തു​ക​യും ചെയ്യും.—2 തിമൊ. 4:2.

18. നമ്മൾ എന്തു ചെയ്യാ​നാ​ണു രാജാ​വായ ക്രിസ്‌തു​യേശു പ്രതീ​ക്ഷി​ക്കു​ന്നത്‌?

18 രാജാ​വായ ക്രിസ്‌തു​യേശു നമ്മുടെ കഴിവി​ന്റെ അപ്പുറം നമ്മളിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നില്ല. അതു​പോ​ലെ ജോലി​യു​ടെ​യും വിശ്ര​മ​ത്തി​ന്റെ​യും കാര്യ​ത്തിൽ ശരിയായ വീക്ഷണ​മു​ണ്ടാ​യി​രി​ക്കാൻ സഹായി​ക്കു​ക​യും ചെയ്യുന്നു. അതിനു നമ്മൾ നന്ദിയു​ള്ള​വ​രല്ലേ! (എബ്രാ. 4:15) നമുക്കു വേണ്ട വിശ്രമം ലഭിക്കാൻ യേശു ആഗ്രഹി​ക്കു​ന്നു. നമ്മുടെ ആവശ്യ​ങ്ങൾക്കു​വേണ്ടി അധ്വാ​നി​ക്കാ​നും ശിഷ്യ​രാ​ക്കു​ക​യെന്ന നവോ​ന്മേഷം പകരുന്ന പ്രവർത്ത​ന​ത്തിൽ ഏർപ്പെ​ടാ​നും യേശു പ്രതീ​ക്ഷി​ക്കു​ന്നു. അടുത്ത ലേഖന​ത്തിൽ, അടിമ​ത്ത​ത്തി​ന്റെ ക്രൂര​മായ ഒരു രൂപത്തിൽനിന്ന്‌ യേശു നമ്മളെ മോചി​പ്പി​ക്കു​ന്നത്‌ എങ്ങനെ​യെന്നു പഠിക്കും.

ഗീതം 38 ദൈവം നിന്നെ ബലപ്പെ​ടു​ത്തും

^ ഖ. 5 ജോലി​യെ​യും വിശ്ര​മ​ത്തെ​യും കുറിച്ച്‌ ശരിയായ ഒരു വീക്ഷണ​മു​ണ്ടാ​യി​രി​ക്കാൻ തിരു​വെ​ഴു​ത്തു​കൾ നമ്മളെ പഠിപ്പി​ക്കു​ന്നു. ഇസ്രായേല്യർക്കു കൊടുത്ത ആഴ്‌ചതോറുമുള്ള ശബത്തിന്റെ ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു​കൊണ്ട്‌, ജോലി​യോ​ടും വിശ്ര​മ​ത്തോ​ടും ഉള്ള നമ്മുടെ മനോ​ഭാ​വം വിലയി​രു​ത്താൻ ഈ ലേഖനം സഹായി​ക്കും.

^ ഖ. 10 യേശുവിന്റെ ശരീര​ത്തിൽ ഇടാനുള്ള സുഗന്ധ​വ്യ​ഞ്‌ജ​നങ്ങൾ തയ്യാറാ​ക്കുന്ന ജോലി, ശബത്തു ദിവസം തീരു​ന്ന​തു​വരെ ശിഷ്യ​ന്മാർ നിറു​ത്തി​വെച്ചു. ശബത്തു നിയമ​ത്തോ​ടു ശിഷ്യ​ന്മാർക്ക്‌ അത്രയ​ധി​കം ആദരവു​ണ്ടാ​യി​രു​ന്നു എന്നാണ്‌ അതു കാണി​ക്കു​ന്നത്‌.—ലൂക്കോ. 23:55, 56.

^ ഖ. 55 ചിത്രക്കുറിപ്പ്‌: ശബത്തു ദിവസം യോ​സേഫ്‌ കുടും​ബ​ത്തെ​യും കൂട്ടി​ക്കൊണ്ട്‌ സിന​ഗോ​ഗി​ലേക്കു പോകു​ന്നു.

^ ഖ. 57 ചിത്രക്കുറിപ്പ്‌: കുടും​ബ​ത്തി​ന്റെ ആവശ്യ​ങ്ങൾക്കു​വേണ്ടി ജോലി ചെയ്യുന്ന ഒരു പിതാവ്‌, ജോലി കഴിഞ്ഞുള്ള സമയം ആത്മീയ​കാ​ര്യ​ങ്ങൾക്കു​വേണ്ടി ഉപയോ​ഗി​ക്കു​ന്നു. ജോലി​യിൽനിന്ന്‌ അവധി​യെ​ടു​ക്കു​മ്പോ​ഴും അദ്ദേഹ​വും കുടും​ബ​വും അങ്ങനെ ചെയ്യുന്നു.