വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 6

നമ്മുടെ പിതാ​വായ യഹോവ നമ്മളെ ആഴമായി സ്‌നേ​ഹി​ക്കു​ന്നു

നമ്മുടെ പിതാ​വായ യഹോവ നമ്മളെ ആഴമായി സ്‌നേ​ഹി​ക്കു​ന്നു

“നിങ്ങൾ ഈ രീതി​യിൽ പ്രാർഥി​ക്കുക: ‘സ്വർഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ.’”—മത്താ. 6:9.

ഗീതം 135 യഹോവയുടെ സ്‌നേഹത്തോടെയുള്ള അപേക്ഷ: ‘മകനേ, നീ ജ്ഞാനി​യാ​യി​രിക്ക’

പൂർവാവലോകനം *

1. പേർഷ്യ​യി​ലെ രാജാ​വി​നെ കാണണ​മെ​ങ്കിൽ ആദ്യം എന്തു ചെയ്യണ​മാ​യി​രു​ന്നു?

നമുക്ക്‌ ഒരു 2,500 വർഷം പിന്നി​ലേക്കു പോകാം. നിങ്ങൾ ഇപ്പോൾ പേർഷ്യ​യി​ലാ​ണെന്നു സങ്കൽപ്പി​ക്കുക. നിങ്ങൾക്ക്‌ അവിടത്തെ രാജാ​വി​നെ കണ്ട്‌ ഒരു കാര്യം ബോധി​പ്പി​ക്കണം. അതിനു​വേണ്ടി നിങ്ങൾ രാജന​ഗ​ര​മായ ശൂശനി​ലേക്കു പോകു​ന്നു. അനുവാ​ദം വാങ്ങാതെ നേരെ ചെന്ന്‌ രാജാ​വി​നെ കാണാൻ നിങ്ങൾ ശ്രമി​ക്കു​മോ? അതു നിങ്ങൾ ചിന്തി​ക്കു​ക​പോ​ലു​മില്ല. കാരണം അങ്ങനെ ചെയ്‌താൽ മരണമാ​യി​രി​ക്കും നിങ്ങൾക്കു കിട്ടാൻപോ​കുന്ന ശിക്ഷ.—എസ്ഥേ. 4:11.

2. നമ്മൾ യഹോ​വ​യോട്‌ എങ്ങനെ സംസാ​രി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌?

2 യഹോവ ആ പേർഷ്യൻ രാജാ​വി​നെ​പ്പോ​ലെ അല്ലാത്ത​തിൽ നമുക്കു സന്തോ​ഷി​ക്കാം. ശരിക്കും പറഞ്ഞാൽ, ഭൂമി​യി​ലെ ഏതൊരു ഭരണാ​ധി​കാ​രി​യെ​ക്കാ​ളും വളരെ​വ​ളരെ ഉന്നതനാണ്‌ യഹോവ. എങ്കിലും ഏതു സമയത്തും തന്നോടു സംസാ​രി​ക്കാ​നുള്ള സ്വാത​ന്ത്ര്യം യഹോവ നമുക്കു തന്നിട്ടുണ്ട്‌. നമ്മൾ ഒരു മടിയും​കൂ​ടാ​തെ തന്റെ അടുത്ത്‌ വരാൻ യഹോവ ആഗ്രഹി​ക്കു​ന്നു. അതിന്റെ ഒരു തെളിവ്‌ നോക്കാം. യഹോ​വ​യ്‌ക്കു മഹാ​സ്ര​ഷ്ടാവ്‌, സർവശക്തൻ, പരമാ​ധി​കാ​രി​യാം കർത്താവ്‌ എന്നതു​പോ​ലുള്ള ഭയഗം​ഭീ​ര​മായ സ്ഥാന​പ്പേ​രു​ക​ളു​ണ്ടെ​ങ്കി​ലും “പിതാവേ” എന്നു വിളി​ച്ചു​കൊണ്ട്‌ നമ്മൾ തന്നോടു സംസാ​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. (മത്താ. 6:9) അതെ, തന്നെ ഒരു പിതാ​വാ​യി കാണാൻ, തന്നോട്‌ അങ്ങനെ ഒരു അടുപ്പം തോന്നാൻ യഹോവ ആഗ്രഹി​ക്കു​ന്നു. അതു നമ്മളെ സന്തോ​ഷി​പ്പി​ക്കു​ന്നി​ല്ലേ!

3. യഹോ​വയെ “പിതാവേ” എന്നു വിളി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌, ഈ ലേഖന​ത്തിൽ നമ്മൾ എന്തെല്ലാം ചർച്ച ചെയ്യും?

3 യഹോ​വയെ “പിതാവേ” എന്നു വിളി​ക്കു​ന്ന​തിൽ ഒരു തെറ്റു​മില്ല. കാരണം യഹോ​വ​യാ​ണു നമ്മുടെ ജീവന്റെ ഉറവ്‌. (സങ്കീ. 36:9) യഹോവ നമ്മുടെ പിതാ​വാ​യ​തു​കൊ​ണ്ടു​തന്നെ നമ്മൾ യഹോ​വയെ അനുസ​രി​ക്കണം. യഹോവ പറയുന്ന കാര്യങ്ങൾ നമ്മൾ അനുസ​രി​ച്ചാൽ, അതിന്റെ അനു​ഗ്ര​ഹങ്ങൾ വലുതാ​യി​രി​ക്കും. (എബ്രാ. 12:9) സ്വർഗ​ത്തി​ലെ​യോ ഭൂമി​യി​ലെ​യോ നിത്യ​ജീ​വ​നാ​ണു നമ്മളെ കാത്തി​രി​ക്കുന്ന ഒരു അനു​ഗ്രഹം. ഇനി, യഹോ​വയെ അനുസ​രി​ച്ചാൽ ഇപ്പോൾത്തന്നെ പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌. ഈ ലേഖന​ത്തിൽ, യഹോവ സ്‌നേ​ഹ​മുള്ള ഒരു പിതാ​വി​നെ​പ്പോ​ലെ പ്രവർത്തി​ക്കുന്ന ചില വിധങ്ങൾ നമ്മൾ കാണും. അതു​പോ​ലെ, ഭാവി​യിൽ യഹോവ നമ്മളെ ഉപേക്ഷി​ക്കി​ല്ലെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്ന​തി​ന്റെ കാരണ​ങ്ങ​ളും ചർച്ച ചെയ്യും. എന്നാൽ അതിനു മുമ്പ്‌, നമ്മുടെ സ്വർഗീ​യ​പി​താവ്‌ നമ്മളെ ആഴമായി സ്‌നേ​ഹി​ക്കു​ക​യും നമ്മളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക​യും ചെയ്യു​ന്നെന്ന്‌ ഉറപ്പു തരുന്ന ചില കാര്യങ്ങൾ നോക്കാം.

സ്‌നേ​ഹ​മുള്ള, നമ്മളെ​ക്കു​റിച്ച്‌ ചിന്തയുള്ള ഒരു പിതാ​വാണ്‌ യഹോവ

സ്‌നേഹമുള്ള ഒരു അപ്പൻ മക്കളുമായി നല്ല ബന്ധമു​ണ്ടാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ, യഹോവ നമ്മളുമായി സ്‌നേഹബന്ധത്തിലായിരിക്കാൻ ആഗ്രഹിക്കുന്നു (4-ാം ഖണ്ഡിക കാണുക)

4. യഹോ​വയെ ഒരു പിതാ​വാ​യി കാണാൻ ചിലർക്കു പ്രയാ​സ​മു​ള്ളത്‌ എന്തു​കൊണ്ട്‌?

4 ദൈവത്തെ നിങ്ങളു​ടെ പിതാ​വാ​യി കാണാൻ നിങ്ങൾക്കു പ്രയാ​സ​മു​ണ്ടോ? യഹോവ എത്രയോ വലിയ​വ​നാ​ണെ​ന്നും ആ ദൈവ​ത്തി​ന്റെ മുമ്പിൽ തങ്ങൾ തീർത്തും നിസ്സാ​ര​രാ​ണെ​ന്നും ആണു ചിലർക്കു തോന്നു​ന്നത്‌. അതു​കൊണ്ട്‌ സർവശ​ക്ത​നായ ദൈവം ഓരോ വ്യക്തി​യെ​യും ശ്രദ്ധി​ക്കു​ന്നെന്നു വിശ്വ​സി​ക്കാൻ അവർക്കു ബുദ്ധി​മു​ട്ടാണ്‌. എന്നാൽ നമ്മൾ അങ്ങനെ ചിന്തി​ക്കാൻ സ്‌നേ​ഹ​മുള്ള നമ്മുടെ പിതാവ്‌ ആഗ്രഹി​ക്കു​ന്നില്ല എന്നതാണു സത്യം. പൗലോസ്‌ ആതൻസ്‌ നഗരത്തി​ലെ ആളുക​ളോ​ടു സംസാ​രി​ച്ച​പ്പോൾ, ദൈവം നമുക്കു ജീവൻ തന്നെന്നും നമ്മൾ തന്റെ സ്‌നേ​ഹി​ത​രാ​കാൻ ദൈവം ആഗ്രഹി​ക്കു​ന്നെ​ന്നും പറഞ്ഞു. അതിനു ശേഷം, “ദൈവം നമ്മിൽ ആരിൽനി​ന്നും അകന്നി​രി​ക്കു​ന്നില്ല” എന്നും പൗലോസ്‌ അപ്പോ​സ്‌തലൻ വിശദീ​ക​രി​ച്ചു. (പ്രവൃ. 17:24-29) സ്‌നേ​ഹ​മുള്ള അപ്പനോ​ടോ അമ്മയോ​ടോ ഒരു കുട്ടി യാതൊ​രു മടിയും​കൂ​ടാ​തെ സംസാ​രി​ക്കും. നമ്മൾ ഓരോ​രു​ത്ത​രും അതു​പോ​ലെ​തന്നെ ഒരു മടിയും​കൂ​ടാ​തെ തന്നോടു സംസാ​രി​ക്കാ​നാ​ണു ദൈവം ആഗ്രഹി​ക്കു​ന്നത്‌.

5. ഒരു സഹോ​ദ​രി​യു​ടെ അനുഭ​വ​ത്തിൽനിന്ന്‌ നമ്മൾ എന്താണു പഠിക്കു​ന്നത്‌?

5 യഹോ​വയെ പിതാ​വാ​യി കാണാൻ ചിലർക്കു ബുദ്ധി​മു​ട്ടു​ള്ള​തി​നു വേറൊ​രു കാരണ​മുണ്ട്‌. അവരുടെ അച്ഛൻ അവരോട്‌ സ്‌നേ​ഹ​മോ വാത്സല്യ​മോ കാണി​ച്ചി​ട്ടില്ല എന്നതാണ്‌ അത്‌. ഒരു സഹോ​ദ​രി​യു​ടെ വാക്കുകൾ അതിനു തെളി​വാണ്‌. സഹോ​ദരി പറയുന്നു: “എന്റെ അച്ഛൻ എന്നെ വാക്കു​കൊണ്ട്‌ എപ്പോ​ഴും മുറി​പ്പെ​ടു​ത്തു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ബൈബിൾ പഠിക്കാൻ തുടങ്ങി​യ​പ്പോൾ സ്വർഗീ​യ​പി​താ​വി​നോട്‌ അടുപ്പം തോന്നു​ന്നത്‌ എനിക്കു ബുദ്ധി​മു​ട്ടാ​യി​രു​ന്നു. എന്നാൽ യഹോ​വയെ മനസ്സി​ലാ​ക്കാൻ തുടങ്ങി​യ​പ്പോൾ അതിനു മാറ്റം വന്നു.” നിങ്ങൾക്ക്‌ അങ്ങനെ​യൊ​രു പ്രശ്‌ന​മു​ണ്ടോ? വിഷമി​ക്കേണ്ടാ. യഹോ​വയെ അറിയു​മ്പോൾ, കിട്ടാ​വു​ന്ന​തിൽവെച്ച്‌ ഏറ്റവും നല്ല പിതാ​വാണ്‌ യഹോ​വ​യെന്നു നിങ്ങൾക്കും മനസ്സി​ലാ​കും.

6. മത്തായി 11:27 പറയു​ന്ന​ത​നു​സ​രിച്ച്‌ തന്നെ സ്‌നേ​ഹ​മുള്ള ഒരു പിതാ​വാ​യി കാണാൻ യഹോവ നമ്മളെ സഹായി​ച്ചി​രി​ക്കുന്ന ഒരു വിധം ഏതാണ്‌?

6 തന്നെ സ്‌നേ​ഹ​മുള്ള ഒരു പിതാ​വാ​യി കാണാൻ യഹോവ നമ്മളെ സഹായി​ക്കു​ന്നു. അതിന്‌ യഹോവ ചെയ്‌ത ഒരു കാര്യം യേശു​വി​ന്റെ വാക്കു​ക​ളും പ്രവൃ​ത്തി​ക​ളും ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യ​താണ്‌. (മത്തായി 11:27 വായി​ക്കുക.) യേശു പിതാ​വി​ന്റെ വ്യക്തി​ത്വം അതേപടി തന്റെ ജീവി​ത​ത്തിൽ പകർത്തി. “എന്നെ കണ്ടിട്ടു​ള്ളവൻ പിതാ​വി​നെ​യും കണ്ടിരി​ക്കു​ന്നു” എന്നു യേശു​വി​നു പറയാൻ കഴിഞ്ഞത്‌ അതു​കൊ​ണ്ടാണ്‌. (യോഹ. 14:9) ഇനി, യേശു യഹോ​വയെ അനേകം തവണ ഒരു പിതാ​വാ​യി വർണി​ച്ചി​ട്ടു​മുണ്ട്‌. നാലു സുവി​ശേ​ഷ​ങ്ങ​ളിൽ മാത്രം, യഹോ​വയെ കുറി​ക്കാൻ യേശു “പിതാവ്‌” എന്ന വാക്കു 165-ഓളം പ്രാവ​ശ്യ​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. യേശു എന്തു​കൊ​ണ്ടാണ്‌ അങ്ങനെ ചെയ്‌തത്‌? യഹോവ സ്‌നേ​ഹ​മുള്ള ഒരു പിതാ​വാ​ണെന്ന്‌ ആളുകൾക്ക്‌ ഉറപ്പു കൊടു​ക്കുക എന്നതാ​യി​രു​ന്നു ഒരു ഉദ്ദേശ്യം.—യോഹ. 17:25, 26.

7. തന്റെ മകനോട്‌ ഇടപെട്ട വിധത്തിൽനിന്ന്‌ യഹോ​വ​യെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തു പഠിക്കാം?

7 തന്റെ മകനായ യേശു​വി​നോട്‌ ഇടപെട്ട വിധത്തിൽനിന്ന്‌ യഹോ​വ​യെ​ക്കു​റിച്ച്‌ നമുക്കു പലതും പഠിക്കാൻ കഴിയും. യഹോവ എപ്പോ​ഴും യേശു​വി​ന്റെ പ്രാർഥ​നകൾ കേട്ടു. കേൾക്കുക മാത്രമല്ല, ഉത്തരവും കൊടു​ത്തു. (യോഹ. 11:41, 42) ഓരോ പരി​ശോ​ധന നേരി​ട്ട​പ്പോ​ഴും പിതാ​വി​ന്റെ സ്‌നേ​ഹ​വും പിന്തു​ണ​യും യേശു അനുഭ​വി​ച്ച​റി​ഞ്ഞു.—ലൂക്കോ. 22:42, 43.

8. യഹോവ യേശു​വിന്‌ ആവശ്യ​മാ​യ​തെ​ല്ലാം കൊടു​ത്തത്‌ എങ്ങനെ​യാണ്‌?

8 തനിക്കു ജീവൻ തന്നതും നിലനി​റു​ത്തു​ന്ന​തും യഹോ​വ​യാ​ണെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ യേശു ഇങ്ങനെ പറഞ്ഞത്‌: ‘ഞാൻ പിതാവ്‌ കാരണം ജീവി​ച്ചി​രി​ക്കു​ന്നു.’ (യോഹ. 6:57) തന്നെ പൂർണ​മാ​യി ആശ്രയിച്ച യേശു​വി​ന്റെ ഭൗതി​ക​മായ ആവശ്യ​ങ്ങൾക്കു​വേണ്ടി പിതാ​വായ യഹോവ കരുതി. ഏറ്റവും പ്രധാ​ന​മാ​യി, ആത്മീയ​മാ​യി വേണ്ടതും യഹോവ യേശു​വി​നു നൽകി.—മത്താ. 4:4.

9. യേശു​വി​ന്റെ കാര്യ​ത്തിൽ, താൻ സ്‌നേ​ഹ​മുള്ള ഒരു പിതാ​വാ​ണെന്ന്‌ യഹോവ തെളി​യി​ച്ചത്‌ എങ്ങനെ?

9 യേശു​വിന്‌ യഹോ​വ​യു​ടെ പിന്തു​ണ​യു​ണ്ടാ​യി​രു​ന്നു. ഇക്കാര്യം യേശു​വിന്‌ അറിയാ​മെന്ന്‌ യഹോവ ഉറപ്പു വരുത്തി. (മത്താ. 26:53; യോഹ. 8:16) യഹോവ യേശു​വി​നെ എല്ലാ ദുരി​ത​ങ്ങ​ളിൽനി​ന്നും രക്ഷിച്ചില്ല. പക്ഷേ പരി​ശോ​ധ​നകൾ സഹിച്ചു​നിൽക്കാൻ യേശു​വി​നെ സഹായി​ച്ചു. തനിക്കു നേരി​ട്ടേ​ക്കാ​വുന്ന ഏതൊരു അനർഥ​വും താത്‌കാ​ലി​കം മാത്ര​മാ​ണെന്നു യേശു​വിന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. (എബ്രാ. 12:2) ചുരു​ക്കി​പ്പ​റ​ഞ്ഞാൽ, താൻ യേശു​വി​നെ സ്‌നേ​ഹി​ക്കു​ന്നെന്ന്‌ യഹോവ തെളി​യി​ച്ചത്‌ എങ്ങനെ​യെ​ല്ലാ​മാണ്‌? യഹോവ യേശു​വി​ന്റെ പ്രാർഥ​നകൾ ശ്രദ്ധിച്ചു, യേശു​വി​നു​വേണ്ടി കരുതി, യേശു​വി​നെ പരിശീ​ലി​പ്പി​ക്കു​ക​യും പിടി​ച്ചു​നിൽക്കാൻ സഹായി​ക്കു​ക​യും ചെയ്‌തു. (യോഹ. 5:20; 8:28) ഈ വിധങ്ങ​ളിൽ യഹോവ നമുക്കു​വേണ്ടി എങ്ങനെ​യാ​ണു കരുതു​ന്ന​തെന്നു നമുക്കു നോക്കാം.

സ്‌നേ​ഹ​മുള്ള പിതാവ്‌ നമുക്കു​വേണ്ടി എങ്ങനെ​യാ​ണു കരുതു​ന്നത്‌?

സ്‌നേഹമുള്ള ഒരു അപ്പൻ (1) മക്കളെ ശ്രദ്ധി​ക്കും, (2) ആവശ്യ​മാ​യതു കൊടു​ക്കും, (3) പരിശീ​ലി​പ്പി​ക്കും, (4) അവരെ സംരക്ഷി​ക്കും. സ്‌നേഹമുള്ള നമ്മുടെ സ്വർഗീ​യ​പി​താവ്‌ അതേപോലെ നമ്മളെ കരുതു​ന്നു (10-15 ഖണ്ഡികകൾ കാണുക) *

10. സങ്കീർത്തനം 66:19, 20 അനുസ​രിച്ച്‌, നമ്മളെ സ്‌നേ​ഹി​ക്കു​ന്നെന്ന്‌ യഹോവ എങ്ങനെ​യാ​ണു കാണി​ക്കു​ന്നത്‌?

10 യഹോവ നമ്മുടെ പ്രാർഥ​നകൾ ശ്രദ്ധി​ക്കു​ന്നു. (സങ്കീർത്തനം 66:19, 20 വായി​ക്കുക.) കൂടെ​ക്കൂ​ടെ പ്രാർഥി​ക്കാൻ യഹോവ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു, പ്രാർഥ​ന​കൾക്കു നമ്മൾ ഒരു പരിധി വെക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നില്ല. (1 തെസ്സ. 5:17) എവി​ടെ​വെ​ച്ചും, എപ്പോൾ വേണ​മെ​ങ്കി​ലും നമുക്കു ദൈവ​ത്തോട്‌ ആദര​വോ​ടെ സംസാ​രി​ക്കാം. നമ്മുടെ പ്രാർഥന കേൾക്കാൻ യഹോവ എപ്പോ​ഴും ഒരുക്ക​മാണ്‌, അതിനു സമയമി​ല്ലെന്ന്‌ ഒരിക്ക​ലും പറയില്ല. യഹോവ നമ്മുടെ പ്രാർഥന കേൾക്കു​ന്ന​വ​നാ​ണെന്ന്‌ ഓർക്കു​മ്പോൾ നമുക്ക്‌ യഹോ​വ​യോട്‌ അടുപ്പം തോന്നു​ന്നി​ല്ലേ? സങ്കീർത്ത​ന​ക്കാ​രൻ പറഞ്ഞു: “ദൈവം എന്റെ സ്വരം കേൾക്കു​ന്ന​തി​നാൽ, . . . ഞാൻ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു.”—സങ്കീ. 116:1.

11. യഹോവ എങ്ങനെ​യാ​ണു പ്രാർഥ​ന​കൾക്ക്‌ ഉത്തരം തരുന്നത്‌?

11 നമ്മുടെ പിതാവ്‌ പ്രാർഥന കേൾക്കുക മാത്രമല്ല അതിന്‌ ഉത്തരവും തരുന്നു. യോഹ​ന്നാൻ അപ്പോ​സ്‌തലൻ നമുക്ക്‌ ഈ ഉറപ്പു നൽകുന്നു: “ദൈവ​ത്തി​ന്റെ ഇഷ്ടത്തിനു ചേർച്ച​യിൽ എന്ത്‌ അപേക്ഷി​ച്ചാ​ലും ദൈവം നമ്മുടെ അപേക്ഷ കേൾക്കും എന്നു നമുക്ക്‌ ഉറപ്പാണ്‌.” (1 യോഹ. 5:14, 15) നമ്മുടെ പ്രാർഥ​ന​കൾക്ക്‌ എപ്പോ​ഴും നമ്മൾ ആഗ്രഹി​ക്കുന്ന ഉത്തരം​തന്നെ കിട്ടണ​മെ​ന്നില്ല. നമുക്ക്‌ ഏറ്റവും നല്ലത്‌ എന്താ​ണെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാം, അതു​കൊണ്ട്‌ ഉത്തരം ചില​പ്പോൾ ‘ഇല്ല’ എന്നോ അല്ലെങ്കിൽ ‘കാത്തി​രി​ക്കൂ’ എന്നോ ആയിരി​ക്കും.—2 കൊരി. 12:7-9.

12-13. ഏതെല്ലാം വിധങ്ങ​ളിൽ നമ്മുടെ സ്വർഗീ​യ​പി​താവ്‌ നമുക്ക്‌ ആവശ്യ​മാ​യതു തരുന്നു?

12 വേണ്ട​തെ​ല്ലാം യഹോവ നമുക്കു തരുന്നു. താൻ എല്ലാ അപ്പന്മാ​രോ​ടും ചെയ്യാൻ ആവശ്യ​പ്പെ​ടുന്ന കാര്യം യഹോ​വ​യും ചെയ്യുന്നു. (1 തിമൊ. 5:8) തന്റെ മക്കളുടെ ജീവി​താ​വ​ശ്യ​ങ്ങൾക്കു​വേണ്ടി ദൈവം കരുതു​ന്നു. ആഹാര​ത്തി​ന്റെ​യും വസ്‌ത്ര​ത്തി​ന്റെ​യും പാർപ്പി​ട​ത്തി​ന്റെ​യും കാര്യം ഓർത്ത്‌ നമ്മൾ ഉത്‌ക​ണ്‌ഠ​പ്പെ​ടാൻ ദൈവം ആഗ്രഹി​ക്കു​ന്നില്ല. (മത്താ. 6:32, 33; 7:11) സ്‌നേ​ഹ​മുള്ള ഒരു പിതാ​വാ​യ​തു​കൊണ്ട്‌, ഭാവി​യി​ലെ നമ്മുടെ എല്ലാ ആവശ്യ​ങ്ങ​ളും തൃപ്‌തി​പ്പെ​ടു​ത്താൻവേണ്ട ക്രമീ​ക​ര​ണ​ങ്ങ​ളും യഹോവ ചെയ്‌തി​ട്ടുണ്ട്‌.

13 യഹോവ നമ്മുടെ ആത്മീയാ​വ​ശ്യ​ങ്ങൾക്കു വേണ്ടതു തരുന്നു എന്നതാണ്‌ ഏറ്റവും പ്രധാ​ന​കാ​ര്യം. ദൈവം തന്റെ വചനത്തി​ലൂ​ടെ, ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യവും ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​വും ജീവി​ത​ത്തി​ന്റെ അർഥവും ഭാവി​യിൽ സംഭവി​ക്കാ​നി​രി​ക്കുന്ന കാര്യ​ങ്ങ​ളും പറഞ്ഞു​ത​ന്നി​ട്ടുണ്ട്‌. മാതാ​പി​താ​ക്ക​ളെ​യോ മറ്റൊ​രാ​ളെ​യോ ഉപയോ​ഗിച്ച്‌ തന്നെക്കു​റി​ച്ചുള്ള സത്യം പഠിക്കാൻ നമ്മളെ ദൈവം സഹായി​ച്ചു. ദൈവം ഓരോ വ്യക്തി​യെ​യും ശ്രദ്ധി​ക്കു​ന്നു എന്നല്ലേ അതു കാണി​ക്കു​ന്നത്‌? സഭയിലെ സ്‌നേ​ഹ​മുള്ള മൂപ്പന്മാ​രി​ലൂ​ടെ​യും പക്വത​യുള്ള മറ്റു സഹോ​ദ​ര​ങ്ങ​ളി​ലൂ​ടെ​യും യഹോവ ഇപ്പോ​ഴും നമ്മളെ സഹായി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. കൂടാതെ, ദൈവം നമ്മളെ സഭാ​യോ​ഗ​ങ്ങ​ളി​ലൂ​ടെ പഠിപ്പി​ക്കു​ന്നു. അവിടെ നമ്മുടെ ആത്മീയ​കു​ടും​ബ​ത്തി​ന്റെ കൂടെ​യി​രുന്ന്‌ നമ്മൾ പഠിക്കു​ന്നു. ഒരു പിതാ​വി​നെ​പ്പോ​ലെ യഹോവ നമ്മളോട്‌ എല്ലാവ​രോ​ടും സ്‌നേഹം കാണി​ക്കുന്ന ചില വിധങ്ങൾ മാത്ര​മാണ്‌ ഇവ.—സങ്കീ. 32:8.

14. യഹോവ എന്തു​കൊ​ണ്ടാ​ണു നമ്മളെ പരിശീ​ലി​പ്പി​ക്കു​ന്നത്‌, യഹോവ എങ്ങനെ​യാണ്‌ അതു ചെയ്യു​ന്നത്‌?

14 യഹോവ നമ്മളെ പരിശീ​ലി​പ്പി​ക്കു​ന്നു. നമ്മൾ യേശു​വി​നെ​പ്പോ​ലെയല്ല, നമ്മൾ അപൂർണ​രാണ്‌. അതു​കൊണ്ട്‌ പരിശീ​ല​ന​ത്തി​ന്റെ ഭാഗമാ​യി, ചില​പ്പോ​ഴൊ​ക്കെ സ്‌നേ​ഹ​മുള്ള നമ്മുടെ പിതാവ്‌ ശിക്ഷണം തരും. ദൈവ​വ​ചനം നമ്മളെ ഓർമി​പ്പി​ക്കു​ന്നു: “യഹോവ താൻ സ്‌നേ​ഹി​ക്കു​ന്ന​വർക്കു ശിക്ഷണം നൽകുന്നു.” (എബ്രാ. 12:6, 7) യഹോവ പല രീതി​യിൽ നമുക്കു ശിക്ഷണം തരും. ഉദാഹ​ര​ണ​ത്തിന്‌, ദൈവ​വ​ച​ന​ത്തിൽ വായി​ക്കുന്ന ഒരു കാര്യ​മോ മീറ്റി​ങ്ങു​ക​ളിൽ കേൾക്കുന്ന ഒരു ആശയമോ, നമ്മൾ മാറ്റം വരുത്തേണ്ട ഒരു വശം നമുക്കു കാണി​ച്ചു​ത​ന്നേ​ക്കാം. ചില​പ്പോൾ നമുക്ക്‌ ആവശ്യ​മുള്ള സഹായം കിട്ടു​ന്നതു മൂപ്പന്മാ​രി​ലൂ​ടെ​യാ​യി​രി​ക്കും. ഏതു രീതി​യി​ലാ​ണു ശിക്ഷണം കിട്ടു​ന്ന​തെ​ങ്കി​ലും, അതു തരാൻ യഹോ​വ​യ്‌ക്കു തോന്നു​ന്നതു നമ്മളോ​ടു സ്‌നേ​ഹ​മു​ള്ള​തു​കൊ​ണ്ടാണ്‌.—യിരെ. 30:11.

15. പരി​ശോ​ധ​ന​ക​ളു​ണ്ടാ​കു​മ്പോൾ യഹോവ ഏതെല്ലാം വിധങ്ങ​ളിൽ നമ്മളെ സഹായി​ക്കു​ന്നു?

15 പരി​ശോ​ധ​ന​ക​ളു​ണ്ടാ​കു​മ്പോൾ പിടി​ച്ചു​നിൽക്കാൻ യഹോവ നമ്മളെ സഹായി​ക്കു​ന്നു. സ്‌നേ​ഹ​മുള്ള ഒരു അപ്പൻ മക്കൾക്ക്‌ എന്തെങ്കി​ലും പ്രശ്‌ന​മു​ണ്ടാ​യാൽ അവരെ സഹായി​ക്കും. അതു​പോ​ലെ, പരി​ശോ​ധ​ന​ക​ളു​ണ്ടാ​കു​മ്പോൾ നമ്മുടെ സ്വർഗീ​യ​പി​താവ്‌ നമ്മളെ​യും താങ്ങും. നമുക്ക്‌ ആത്മീയ​മാ​യി ഒരു കുഴപ്പ​വും വരാതെ നോക്കാൻ യഹോവ പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗി​ക്കു​ന്നു. (ലൂക്കോ. 11:13) നമ്മുടെ മനസ്സു തളരു​മ്പോ​ഴും യഹോവ നമ്മളെ സഹായി​ക്കു​ന്നു. അതിനു​വേ​ണ്ടി​യാ​ണു ദൈവം നമുക്കു മഹത്തായ ഒരു പ്രത്യാശ തന്നിരി​ക്കു​ന്നത്‌. ബുദ്ധി​മു​ട്ടു​കൾ സഹിച്ചു​നിൽക്കാൻ ആ പ്രത്യാശ നമ്മളെ സഹായി​ക്കും. ഒന്ന്‌ ഓർത്തു​നോ​ക്കൂ: നമുക്ക്‌ എന്തെല്ലാം അനർഥങ്ങൾ സംഭവി​ച്ചാ​ലും, നമുക്കു​ണ്ടാ​കുന്ന എല്ലാ കഷ്ടനഷ്ട​ങ്ങ​ളും സ്‌നേ​ഹ​മുള്ള നമ്മുടെ പിതാവ്‌ പരിഹ​രി​ക്കും. നമ്മൾ ഇപ്പോൾ നേരി​ടുന്ന പരി​ശോ​ധ​നകൾ എന്തായാ​ലും, അതെല്ലാം താത്‌കാ​ലി​കം മാത്ര​മാണ്‌, എന്നാൽ യഹോവ തരുന്ന അനു​ഗ്ര​ഹങ്ങൾ എന്നേക്കു​മു​ള്ള​താണ്‌.—2 കൊരി. 4:16-18.

നമ്മുടെ പിതാവ്‌ നമ്മളെ ഒരിക്കലും ഉപേക്ഷി​ക്കി​ല്ല

16. ആദാം സ്വർഗീ​യ​പി​താ​വി​നോട്‌ അനുസ​ര​ണ​ക്കേടു കാണി​ച്ച​പ്പോൾ എന്തു സംഭവി​ച്ചു?

16 ദൈവ​ത്തി​ന്റെ ഭൂമി​യി​ലെ കുടും​ബ​ത്തിൽ ആദ്യം പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യ​പ്പോൾ ദൈവം അതു കൈകാ​ര്യം ചെയ്‌ത വിധം നോക്കി​യാൽ ദൈവ​ത്തി​നു നമ്മളോ​ടുള്ള സ്‌നേഹം മനസ്സി​ലാ​ക്കാം. ആദാം സ്വർഗീ​യ​പി​താ​വി​നോട്‌ അനുസ​ര​ണ​ക്കേടു കാണി​ച്ച​പ്പോൾ, യഹോ​വ​യു​ടെ കുടും​ബ​ത്തിൽനിന്ന്‌ ആദാം പുറത്താ​യി, ആദാമി​ന്റെ സന്തതി​ക​ളും ആ കുടും​ബ​ത്തി​ന്റെ ഭാഗമ​ല്ലാ​താ​യി. (റോമ. 5:12; 7:14) എന്നാൽ യഹോവ സഹായി​ക്കാൻ മുന്നോ​ട്ടു​വന്നു.

17. ആദാം അനുസ​ര​ണ​ക്കേടു കാണി​ച്ച​പ്പോൾ, പെട്ടെ​ന്നു​തന്നെ യഹോവ എന്തു ചെയ്‌തു?

17 യഹോവ ആദാമി​നെ ശിക്ഷിച്ചു. പക്ഷേ ആദാമി​ന്റെ പിൻഗാ​മി​കളെ ദൈവം കൈവി​ട്ടില്ല. അനുസ​ര​ണ​മുള്ള മനുഷ്യർക്കു തന്റെ കുടും​ബ​ത്തി​ലേക്കു തിരി​ച്ചു​വ​രാൻ കഴിയു​മെന്ന്‌ യഹോവ ഉടനെ​തന്നെ മുൻകൂ​ട്ടി​പ്പ​റഞ്ഞു. (ഉൽപ. 3:15; റോമ. 8:20, 21) തന്റെ പ്രിയ​മ​ക​നായ യേശു​വി​ന്റെ മോച​ന​വി​ല​യു​ടെ അടിസ്ഥാ​ന​ത്തി​ലാണ്‌ യഹോവ ഇതിനു​വേണ്ട ക്രമീ​ക​ര​ണങ്ങൾ ചെയ്‌തത്‌. തന്റെ മകനെ നമുക്കു​വേണ്ടി തന്നു​കൊണ്ട്‌, നമ്മളെ എത്ര ആഴമായി സ്‌നേ​ഹി​ക്കു​ന്നെന്ന്‌ യഹോവ കാണിച്ചു.—യോഹ. 3:16.

നമ്മൾ യഹോ​വ​യിൽനിന്ന്‌ അകന്നു​പോ​യ​വ​രാ​ണെ​ങ്കി​ലും പശ്ചാത്താ​പ​മു​ണ്ടെ​ങ്കിൽ നമ്മളെ തിരികെ സ്വീക​രി​ക്കാൻ യഹോവ ഒരുക്ക​മാണ്‌, അതിനു പൂർണമനസ്സുമാണ്‌ (18-ാം ഖണ്ഡിക കാണുക)

18. നമ്മൾ യഹോ​വ​യിൽനിന്ന്‌ അകന്നു​പോ​യാ​ലും, നമ്മളെ മക്കളായി വേണ​മെന്ന്‌ യഹോവ ആഗ്രഹി​ക്കു​ന്നു​ണ്ടെന്ന്‌ എങ്ങനെ അറിയാം?

18 നമ്മൾ അപൂർണ​രാ​ണെ​ങ്കി​ലും, നമ്മൾ തന്റെ കുടും​ബ​ത്തി​ന്റെ ഭാഗമാ​ക​ണ​മെ​ന്നാണ്‌ യഹോ​വ​യു​ടെ ആഗ്രഹം. നമ്മളെ ഒരു ഭാരമാ​യി യഹോവ ഒരിക്ക​ലും കാണു​ന്നില്ല. ചില​പ്പോൾ നമ്മൾ ദൈവത്തെ നിരാ​ശ​പ്പെ​ടു​ത്തി​യേ​ക്കാം, അല്ലെങ്കിൽ കുറച്ച്‌ കാല​ത്തേക്കു ദൈവ​ത്തിന്‌ ഇഷ്ടമി​ല്ലാത്ത വഴിയി​ലൂ​ടെ പോ​യെ​ന്നു​വ​രാം. എന്നാൽ, ദൈവം ഒരിക്ക​ലും ‘ഇനി ഇവൻ തിരി​ച്ചു​വ​രാൻപോ​കു​ന്നില്ല’ എന്നു നമ്മളെ​ക്കു​റിച്ച്‌ കരുതില്ല. കാണാ​തെ​പോയ മകന്റെ കഥ പറഞ്ഞ​പ്പോൾ യഹോ​വ​യ്‌ക്കു നമ്മളോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ ആഴമാണു യേശു കാണി​ച്ചു​ത​ന്നത്‌. (ലൂക്കോ. 15:11-32) ആ കഥയിലെ അപ്പൻ, മകൻ തിരി​ച്ചു​വ​രു​മെന്ന പ്രതീക്ഷ ഒരിക്ക​ലും കൈവി​ട്ടില്ല. മകൻ തിരി​ച്ചു​വ​ന്ന​പ്പോൾ, അപ്പൻ ഇരു​കൈ​യും നീട്ടി അവനെ സ്വീക​രി​ച്ചു. യഹോവ ആ അപ്പനെ​പ്പോ​ലെ​യാണ്‌. നമ്മൾ യഹോ​വ​യിൽനിന്ന്‌ അകന്നു​പോ​യ​വ​രാ​ണെ​ങ്കി​ലും പശ്ചാത്താ​പ​മു​ണ്ടെ​ങ്കിൽ നമ്മളെ തിരികെ സ്വീക​രി​ക്കാൻ യഹോവ ഒരുക്ക​മാണ്‌, അതിനു പൂർണ​മ​ന​സ്സു​മാണ്‌. അക്കാര്യ​ത്തിൽ ഒരു സംശയ​വും വേണ്ടാ.

19. ആദാം വരുത്തി​വെച്ച കുഴപ്പങ്ങൾ യഹോവ എങ്ങനെ പരിഹ​രി​ക്കും?

19 ആദാം വരുത്തി​വെച്ച എല്ലാ കുഴപ്പ​ങ്ങ​ളും യഹോവ പരിഹ​രി​ക്കും. ആദാം ധിക്കാരം കാണി​ച്ച​തി​നു ശേഷം മനുഷ്യ​രിൽനിന്ന്‌ 1,44,000 പേരെ ദത്തെടു​ക്കാൻ ദൈവം തീരു​മാ​നി​ച്ചു. അവർ യേശു​വി​ന്റെ​കൂ​ടെ സ്വർഗ​ത്തിൽ രാജാ​ക്ക​ന്മാ​രും പുരോ​ഹി​ത​ന്മാ​രും ആയി സേവി​ക്കും. പുതിയ ലോക​ത്തിൽ, യേശു​വും 1,44,000 ഭരണാ​ധി​കാ​രി​ക​ളും ചേർന്ന്‌ അനുസ​ര​ണ​മുള്ള മനുഷ്യ​രെ പൂർണ​രാ​കാൻ സഹായി​ക്കും. അതു കഴിഞ്ഞ്‌ ഒരു പരി​ശോ​ധ​ന​യും​കൂ​ടെ ഉണ്ടാകും. അതിൽ വിജയി​ക്കു​ന്ന​വർക്കു ദൈവം നിത്യ​ജീ​വൻ കൊടു​ക്കും. അതിനു ശേഷം ഭൂമി​യിൽ ദൈവ​ത്തി​ന്റെ പൂർണ​ത​യുള്ള മക്കളേ ഉണ്ടായി​രി​ക്കൂ. അതു കാണു​മ്പോൾ നമ്മുടെ പിതാ​വി​നു എത്രയ​ധി​കം സംതൃ​പ്‌തി തോന്നും! എത്ര മഹത്തായ സമയമാ​യി​രി​ക്കും അത്‌!

20. നമ്മളെ ആഴമായി സ്‌നേ​ഹി​ക്കു​ന്നെന്ന്‌ യഹോവ ഏതെല്ലാം വിധങ്ങ​ളിൽ കാണി​ച്ചു​ത​രു​ന്നു, അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

20 നമ്മളെ താൻ എത്രയ​ധി​കം സ്‌നേ​ഹി​ക്കു​ന്നെന്ന്‌ യഹോവ കാണി​ച്ചു​ത​രു​ന്നു. ഏറ്റവും നല്ല പിതാ​വാണ്‌ യഹോവ. ദൈവം നമ്മുടെ പ്രാർഥ​നകൾ കേൾക്കു​ന്നു, ജീവി​ക്കാൻ ആവശ്യ​മായ കാര്യങ്ങൾ തരുന്നു, നമ്മുടെ ആത്മീയാ​വ​ശ്യ​ങ്ങൾ നിറ​വേ​റ്റു​ന്നു. നമ്മളെ പരിശീ​ലി​പ്പി​ക്കു​ക​യും സഹായി​ക്കു​ക​യും ചെയ്യുന്നു. അത്ഭുത​പ്പെ​ടു​ത്തുന്ന അനു​ഗ്ര​ഹങ്ങൾ യഹോവ ഭാവി​യി​ലേക്കു നമുക്കു​വേണ്ടി കരുതി​വെ​ച്ചി​ട്ടു​മുണ്ട്‌. യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ക​യും നമ്മളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക​യും ചെയ്യുന്നു എന്ന്‌ അറിയു​ന്നതു നമ്മളെ സന്തോ​ഷി​പ്പി​ക്കു​ന്നി​ല്ലേ! ദൈവ​ത്തി​ന്റെ മക്കളായ നമുക്ക്‌ എങ്ങനെ ദൈവ​ത്തി​ന്റെ സ്‌നേ​ഹ​ത്തോ​ടു നന്ദി കാണി​ക്കാ​മെന്ന്‌ അടുത്ത ലേഖന​ത്തിൽ പഠിക്കും.

ഗീതം 108 ദൈവ​ത്തി​ന്റെ അചഞ്ചല​സ്‌നേ​ഹം

^ ഖ. 5 യഹോ​വ​യെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ മിക്ക​പ്പോ​ഴും നമ്മുടെ മനസ്സിലേക്കു വരുന്നത്‌ എന്താണ്‌? സ്രഷ്ടാവ്‌, പരമാ​ധി​കാ​രി​യായ ഭരണകർത്താവ്‌ ഇതൊ​ക്കെ​യാ​യി​രി​ക്കും ആദ്യം നമ്മൾ ചിന്തി​ക്കു​ന്നത്‌. എന്നാൽ നമ്മളോ​ടു സ്‌നേ​ഹ​മുള്ള, നമ്മളെ​ക്കു​റിച്ച്‌ ചിന്തയുള്ള ഒരു പിതാവായി യഹോ​വയെ നമുക്കു കാണാൻ കഴിയും. അതിനുള്ള ചില കാരണങ്ങൾ ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും. യഹോവ നമ്മളെ ഒരിക്ക​ലും ഉപേക്ഷി​ക്കി​ല്ലെന്ന്‌ ഉറപ്പു തരുന്ന ചില കാര്യങ്ങളും നമ്മൾ ചിന്തി​ക്കും.

^ ഖ. 59 ചിത്രക്കുറിപ്പുകൾ: ഒരു അപ്പനും കുട്ടി​യും ഒത്തുള്ള നാലു രംഗങ്ങൾ: മകൻ പറയു​ന്നത്‌ അപ്പൻ ശ്രദ്ധിച്ച്‌ കേൾക്കു​ന്നു, മകൾക്കു വേണ്ടത്‌ അപ്പൻ കൊടു​ക്കു​ന്നു, ഒരു അപ്പൻ മകനെ പരിശീ​ലി​പ്പി​ക്കു​ന്നു, വേറൊ​രു അപ്പൻ മകനെ ആശ്വസി​പ്പി​ക്കു​ന്നു. പുറകിൽ യഹോ​വ​യു​ടെ കൈയു​ടെ ചിത്രം വരച്ചി​രി​ക്കു​ന്നതു കാണാം. യഹോവ ഈ വിധങ്ങ​ളി​ലെ​ല്ലാം നമുക്കു​വേണ്ടി കരുതു​ന്നു എന്ന്‌ അതു നമ്മളെ ഓർമി​പ്പി​ക്കു​ന്നു.