വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 13

പരസ്‌പരം ഗാഢമാ​യി സ്‌നേ​ഹി​ക്കുക

പരസ്‌പരം ഗാഢമാ​യി സ്‌നേ​ഹി​ക്കുക

“പരസ്‌പരം ഹൃദയ​പൂർവം ഗാഢമാ​യി സ്‌നേ​ഹി​ക്കുക.”—1 പത്രോ. 1:22.

ഗീതം 109 ഹൃദയപൂർവം ഉറ്റ്‌ സ്‌നേ​ഹി​ക്കാം

പൂർവാവലോകനം *

അപ്പോസ്‌തലന്മാരുമൊത്തുള്ള അവസാ​ന​രാ​ത്രി​യിൽ, യേശു സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ എടുത്തുപറഞ്ഞു (1-2 ഖണ്ഡികകൾ കാണുക)

1. യേശു ശിഷ്യ​ന്മാർക്കു വ്യക്തമായ ഏതു കല്‌പ​ന​യാ​ണു കൊടു​ത്തത്‌? (പുറം​താ​ളി​ലെ ചിത്രം കാണുക.)

മരണത്തി​ന്റെ തലേരാ​ത്രി യേശു തന്റെ ശിഷ്യ​ന്മാർക്കു വ്യക്തമായ ഒരു കല്‌പന കൊടു​ത്തു. യേശു പറഞ്ഞു: “ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ച​തു​പോ​ലെ​തന്നെ നിങ്ങളും തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം.” എന്നിട്ട്‌ യേശു ഇങ്ങനെ​യും പറഞ്ഞു: “നിങ്ങളു​ടെ ഇടയിൽ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ, നിങ്ങൾ എന്റെ ശിഷ്യ​ന്മാ​രാ​ണെന്ന്‌ എല്ലാവ​രും അറിയും.”—യോഹ. 13:34, 35.

2. പരസ്‌പരം സ്‌നേ​ഹി​ക്കു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

2 യേശു സ്‌നേ​ഹി​ച്ച​തു​പോ​ലെ ശിഷ്യ​ന്മാർ പരസ്‌പരം സ്‌നേ​ഹി​ക്കു​ക​യാ​ണെ​ങ്കിൽ അവർ തന്റെ യഥാർഥ ശിഷ്യ​ന്മാ​രാ​ണെന്ന്‌ ആളുകൾ മനസ്സി​ലാ​ക്കു​മെന്നു യേശു പറഞ്ഞു. അത്‌ ഒന്നാം നൂറ്റാ​ണ്ടിൽ സത്യമാ​യി​രു​ന്നു, ഇന്നും അത്‌ സത്യമാണ്‌. സ്‌നേഹം കാണി​ക്കു​ന്നത്‌ എളുപ്പ​മ​ല്ലാത്ത സാഹച​ര്യ​ങ്ങ​ളി​ലും നമ്മൾ പരസ്‌പരം സ്‌നേ​ഹി​ക്കേ​ണ്ടത്‌ എത്ര പ്രധാ​ന​മാണ്‌!

3. ഈ ലേഖന​ത്തിൽ നമ്മൾ എന്താണു പഠിക്കാൻ പോകു​ന്നത്‌?

3 നമ്മൾ അപൂർണ​രാ​യ​തു​കൊണ്ട്‌ തമ്മിൽത്ത​മ്മിൽ ആഴമായി സ്‌നേ​ഹി​ക്കു​ന്നത്‌ പലപ്പോ​ഴും ബുദ്ധി​മു​ട്ടാ​യേ​ക്കാം. എന്നാലും നമ്മൾ ക്രിസ്‌തു​വി​നെ അനുക​രി​ക്കാൻ ശ്രമി​ക്കണം. ഈ ലേഖന​ത്തിൽ, സമാധാനമുണ്ടാക്കുന്നവരും പക്ഷപാ​ത​മി​ല്ലാ​ത്ത​വ​രും അതിഥി​പ്രി​യം കാണി​ക്കു​ന്ന​വ​രും ആയിരി​ക്കാൻ സ്‌നേഹം എങ്ങനെ​യാ​ണു സഹായി​ക്കു​ന്ന​തെന്നു നമ്മൾ കാണും. ഈ ലേഖനം പഠിക്കു​മ്പോൾ, നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കുക: ‘സ്‌നേഹം കാണി​ക്കാൻ ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളി​ലും പരസ്‌പരം സ്‌നേഹം കാണിച്ച സഹോ​ദ​ര​ങ്ങ​ളു​ടെ മാതൃ​ക​യിൽനിന്ന്‌ എനിക്ക്‌ എന്തു പഠിക്കാം?’

സമാധാ​ന​മു​ണ്ടാ​ക്കു​ന്നവർ ആയിരി​ക്കാൻ. . .

4. മത്തായി 5:23, 24 അനുസ​രിച്ച്‌, നമ്മളോ​ടു പിണക്ക​മുള്ള ഒരു സഹോദരനുമായി സമാധാനത്തിലാകാൻ ശ്രമി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

4 നമ്മളോ​ടു പിണക്ക​മുള്ള ഒരു സഹോ​ദ​ര​നു​മാ​യി സമാധാ​ന​ത്തി​ലാ​കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം യേശു നമ്മളെ പഠിപ്പി​ച്ചു. (മത്തായി 5:23, 24 വായി​ക്കുക.) ദൈവത്തെ പ്രസാ​ദി​പ്പി​ക്ക​ണ​മെ​ങ്കിൽ മറ്റുള്ള​വ​രു​മാ​യി നമ്മൾ നല്ല ബന്ധം നിലനി​റു​ത്ത​ണ​മെന്നു യേശു എടുത്തു​പ​റഞ്ഞു. നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കാൻ നമ്മൾ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കു​മ്പോൾ യഹോ​വ​യ്‌ക്കു സന്തോഷം തോന്നും. അതേസ​മയം, സമാധാ​ന​ത്തി​നു ശ്രമി​ക്കാൻപോ​ലും തയ്യാറാ​കാ​തെ സഹോ​ദ​ര​ങ്ങ​ളോ​ടു പിണക്കം വെച്ചു​കൊ​ണ്ടി​രു​ന്നാൽ യഹോവ നമ്മുടെ ആരാധന സ്വീക​രി​ക്കില്ല.—1 യോഹ. 4:20.

5. സമാധാ​നം ഉണ്ടാക്കാൻ ശ്രമിച്ച ഒരു സഹോ​ദ​രന്‌ എന്തു ബുദ്ധി​മു​ട്ടാണ്‌ നേരി​ട്ടത്‌?

5 സമാധാ​ന​മു​ണ്ടാ​ക്കു​ന്നത്‌ എപ്പോ​ഴും അത്ര എളുപ്പ​മാ​യി​രി​ക്കില്ല. എന്തു​കൊണ്ട്‌? മാർക്ക്‌ എന്ന സഹോ​ദ​രന്റെ അനുഭവം നോക്കാം. * ഒരു സഹോ​ദരൻ മാർക്കി​നെ വിമർശി​ക്കു​ക​യും അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ സഭയിലെ മറ്റുള്ള​വ​രോ​ടു മോശ​മാ​യി സംസാ​രി​ക്കു​ക​യും ചെയ്‌തു. മാർക്ക്‌ എങ്ങനെ പ്രതി​ക​രി​ച്ചു? അദ്ദേഹം പറയുന്നു: “എന്റെ സകല നിയ​ന്ത്ര​ണ​വും പോയി, ആ സഹോ​ദ​ര​നോ​ടു കയർത്ത്‌ സംസാ​രി​ച്ചു.” എന്നാൽ പിന്നീട്‌ മാർക്കി​നു വിഷമം തോന്നി. അദ്ദേഹം ആ സഹോ​ദ​ര​നോ​ടു മാപ്പു പറഞ്ഞു​കൊണ്ട്‌ സമാധാ​നം ഉണ്ടാക്കാൻ ശ്രമിച്ചു. പക്ഷേ ആ സഹോ​ദ​രന്റെ പിണക്കം മാറി​യില്ല. ‘സമാധാ​നം ഉണ്ടാക്കാൻ അദ്ദേഹ​ത്തിന്‌ ആഗ്രഹ​മില്ല. പിന്നെ ഞാൻ എന്തിനാ​ണു ശ്രമി​ക്കു​ന്നത്‌,’ എന്നാണു മാർക്ക്‌ ആദ്യം ചിന്തി​ച്ചത്‌. എന്നാൽ ശ്രമം വിട്ടു​ക​ള​യാ​തി​രി​ക്കാൻ സർക്കിട്ട്‌ മേൽവി​ചാ​രകൻ മാർക്കി​നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. മാർക്ക്‌ എന്തു ചെയ്‌തു?

6. (എ) മാർക്ക്‌ എങ്ങനെ​യാണ്‌ സമാധാ​ന​മു​ണ്ടാ​ക്കാൻ ശ്രമി​ച്ചത്‌? (ബി) അദ്ദേഹം കൊ​ലോ​സ്യർ 3:13, 14 എങ്ങനെ​യാണ്‌ ബാധക​മാ​ക്കി​യത്‌?

6 മാർക്ക്‌ തന്റെ മനോ​ഭാ​വ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​നോ​ക്കി. തനിക്കു താഴ്‌മ കുറവാ​ണെ​ന്നും താൻ മറ്റുള്ള​വ​രെ​ക്കാൾ ശ്രേഷ്‌ഠ​നാ​ണെന്നു പലപ്പോ​ഴും ചിന്തി​ക്കാ​റു​ണ്ടെ​ന്നും മാർക്കി​നു മനസ്സി​ലാ​യി. മാറ്റം വരുത്തേണ്ട ആവശ്യം അദ്ദേഹം തിരി​ച്ച​റി​ഞ്ഞു. (കൊലോ. 3:8, 9, 12) അദ്ദേഹം താഴ്‌മ​യോ​ടെ ആ സഹോ​ദ​രനെ സമീപിച്ച്‌, മോശ​മാ​യി പെരു​മാ​റി​യ​തി​നു വീണ്ടും മാപ്പു പറഞ്ഞു. സംഭവി​ച്ചു​പോയ കാര്യ​ങ്ങ​ളിൽ സങ്കടമു​ണ്ടെ​ന്നും വീണ്ടും സുഹൃ​ത്തു​ക്ക​ളാ​കാൻ ആഗ്രഹ​മു​ണ്ടെ​ന്നും പറഞ്ഞു​കൊണ്ട്‌ കത്തുകൾ എഴുതി. അദ്ദേഹം ഇഷ്ടപ്പെ​ടുന്ന ചില കൊച്ചു​സ​മ്മാ​ന​ങ്ങ​ളും മാർക്ക്‌ കൊടു​ത്തു. ഇത്ര​യൊ​ക്കെ ചെയ്‌തി​ട്ടും ആ സഹോ​ദരൻ മാർക്കി​നോ​ടു ക്ഷമിക്കാ​നോ കോപം വിട്ടു​ക​ള​യാ​നോ തയ്യാറാ​യില്ല. എങ്കിലും മാർക്ക്‌, സഹോ​ദ​രനെ സ്‌നേ​ഹി​ക്കാ​നും സഹോ​ദ​ര​നോ​ടു ക്ഷമിക്കാ​നും ഉള്ള യേശു​വി​ന്റെ കല്‌പന തുടർന്നും അനുസ​രി​ച്ചു. (കൊ​ലോ​സ്യർ 3:13, 14 വായി​ക്കുക.) സമാധാ​ന​മു​ണ്ടാ​ക്കാ​നുള്ള നമ്മുടെ ശ്രമങ്ങ​ളോ​ടു ചില​പ്പോൾ മറ്റുള്ളവർ സഹകരി​ച്ചി​ല്ലെ​ന്നു​വ​രാം. എങ്കിലും അവരോ​ടു ക്ഷമിക്കാ​നും പഴയതു​പോ​ലെ സുഹൃ​ത്തു​ക്ക​ളാ​കാൻവേണ്ടി പ്രാർഥി​ക്കാ​നും യഥാർഥ ക്രിസ്‌തീ​യ​സ്‌നേഹം നമ്മളെ സഹായി​ക്കും.—മത്താ. 18:21, 22; ഗലാ. 6:9.

നമ്മളോട്‌ ആർക്കെ​ങ്കി​ലും പിണക്ക​മു​ണ്ടെ​ങ്കിൽ സമാധാ​നം ഉണ്ടാക്കാൻ പല കാര്യങ്ങൾ ചെയ്യേണ്ടിവന്നേക്കാം (7-8 ഖണ്ഡികകൾ കാണുക) *

7. (എ) യേശു നമ്മളോട്‌ എന്തു ചെയ്യാ​നാണ്‌ ആവശ്യ​പ്പെ​ട്ടത്‌? (ബി) ഒരു സഹോ​ദരി ഏതു വിഷമ​സാ​ഹ​ച​ര്യം നേരിട്ടു?

7 നമ്മളോ​ടു മറ്റുള്ളവർ എങ്ങനെ പെരു​മാ​റാ​നാ​ണോ നമ്മൾ ആഗ്രഹി​ക്കു​ന്നത്‌, അവരോ​ടും അങ്ങനെ​തന്നെ പെരു​മാ​റാൻ യേശു നമ്മളോട്‌ ആവശ്യ​പ്പെട്ടു. കൂടാതെ, നമ്മളോ​ടു സ്‌നേഹം കാണി​ക്കു​ന്ന​വരെ മാത്രം സ്‌നേ​ഹി​ച്ചാൽ പോ​രെ​ന്നും യേശു പറഞ്ഞു. (ലൂക്കോ. 6:31-33) അത്ര സാധാ​ര​ണ​മ​ല്ലാത്ത ഒരു സാഹച​ര്യം നോക്കാം: സഭയിലെ ഒരാൾ മനഃപൂർവം നിങ്ങളെ ഒഴിവാ​ക്കാൻ ശ്രമി​ക്കു​ന്നു. നിങ്ങ​ളോട്‌ ഒരു ‘ഹലോ’ പറയാൻ പോലും കൂട്ടാ​ക്കു​ന്നില്ല. ലാറ എന്ന സഹോ​ദ​രിക്ക്‌ അങ്ങനെ ഒരു അനുഭ​വ​മു​ണ്ടാ​യി. ലാറ പറയുന്നു: “ഒരു സഹോ​ദരി എപ്പോൾ എന്നെ കണ്ടാലും മിണ്ടാതെ കടന്നു​പോ​കു​മാ​യി​രു​ന്നു. എന്തു​കൊ​ണ്ടാ​ണെന്ന്‌ എനിക്കു മനസ്സി​ലാ​യില്ല. എനിക്ക്‌ ആകെ വിഷമ​മാ​യി. മീറ്റി​ങ്ങി​നു പോകു​ന്ന​തി​ന്റെ സന്തോ​ഷ​വും നഷ്ടമായി.” ആദ്യം ലാറ ചിന്തി​ച്ചത്‌ ഇങ്ങനെ​യാണ്‌: ‘കുറ്റം എന്റേതല്ല. ആ സഹോ​ദ​രി​യെ​ക്കു​റിച്ച്‌ സഭയിലെ മറ്റുള്ള​വർക്കും ഇങ്ങനെ​യൊ​ക്കെ​ത്ത​ന്നെ​യാ​ണു തോന്നു​ന്നത്‌.’

8. സമാധാ​ന​മു​ണ്ടാ​ക്കാൻ ലാറ എന്താണു ചെയ്‌തത്‌, ലാറയു​ടെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

8 സമാധാ​ന​മു​ണ്ടാ​ക്കു​ന്ന​തി​നു ലാറ ചില കാര്യങ്ങൾ ചെയ്‌തു. ലാറ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ക​യും ആ സഹോ​ദ​രി​യോ​ടു സംസാ​രി​ക്കാൻ തീരു​മാ​നി​ക്കു​ക​യും ചെയ്‌തു. അവർ പ്രശ്‌ന​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ച്ചു, കെട്ടി​പ്പി​ടി​ച്ചു, വീണ്ടും സമാധാ​ന​ത്തി​ലാ​യി. എല്ലാം ശരിയാ​യ​തു​പോ​ലെ തോന്നി. ലാറ പറയുന്നു: “പക്ഷേ, കുറെ കഴിഞ്ഞ്‌ ആ സഹോ​ദരി വീണ്ടും എന്നോടു പഴയതു​പോ​ലെ​തന്നെ പെരു​മാ​റാൻ തുടങ്ങി. ചെയ്‌ത​തെ​ല്ലാം വെറു​തേ​യാ​യെന്ന്‌ എനിക്കു തോന്നി.” മറ്റേ സഹോ​ദരി തന്റെ മനോ​ഭാ​വം മാറ്റി​യെ​ങ്കി​ലേ തനിക്കു സന്തോ​ഷ​മു​ണ്ടാ​കൂ എന്നാണ്‌ ആദ്യ​മൊ​ക്കെ ലാറ കരുതി​യത്‌. എന്നാൽ, എപ്പോ​ഴും സഹോ​ദ​രി​യോ​ടു സ്‌നേ​ഹ​ത്തോ​ടെ ഇടപെ​ടു​ന്ന​തും ‘ഉദാര​മാ​യി ക്ഷമിക്കു​ന്ന​തും’ ആണ്‌ തനിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യ​മെന്നു ലാറ ക്രമേണ മനസ്സി​ലാ​ക്കി. (എഫെ. 4:32–5:2) യഥാർഥ ക്രിസ്‌തീ​യ​സ്‌നേഹം “ദ്രോ​ഹ​ങ്ങ​ളു​ടെ കണക്കു സൂക്ഷി​ക്കു​ന്നില്ല. അത്‌ എല്ലാം സഹിക്കു​ന്നു; എല്ലാം വിശ്വ​സി​ക്കു​ന്നു; എല്ലാം പ്രത്യാ​ശി​ക്കു​ന്നു; എന്തു വന്നാലും പിടി​ച്ചു​നിൽക്കു​ന്നു” എന്ന കാര്യം ലാറ ഓർത്തു. (1 കൊരി. 13:5, 7) അങ്ങനെ ലാറയ്‌ക്കു മനസ്സമാ​ധാ​നം തിരി​ച്ചു​കി​ട്ടി. പതി​യെ​പ്പ​തി​യെ ആ സഹോ​ദരി ലാറ​യോ​ടു കുറച്ചു​കൂ​ടെ സ്‌നേഹം കാണി​ക്കാൻ തുടങ്ങി. സഹോ​ദ​ര​ങ്ങ​ളു​മാ​യി സമാധാ​ന​മു​ണ്ടാ​ക്കാൻ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും അവരെ തുടർന്നും സ്‌നേ​ഹി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ, ഉറപ്പാ​യും “സ്‌നേ​ഹ​ത്തി​ന്റെ​യും സമാധാ​ന​ത്തി​ന്റെ​യും ദൈവം നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കും.”—2 കൊരി. 13:11.

പക്ഷപാതം കാണി​ക്കാ​തി​രി​ക്കുക

9. പ്രവൃ​ത്തി​കൾ 10:34, 35 അനുസ​രിച്ച്‌ നമ്മൾ പക്ഷപാതം കാണി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

9 യഹോ​വ​യ്‌ക്കു പക്ഷപാ​ത​മില്ല. (പ്രവൃ​ത്തി​കൾ 10:34, 35 വായി​ക്കുക.) പക്ഷപാതം കാണി​ക്കാ​തി​രു​ന്നാൽ നമ്മൾ യഹോ​വ​യു​ടെ മക്കളാ​ണെന്നു തെളി​യും. അങ്ങനെ ചെയ്യു​മ്പോൾ, അയൽക്കാ​രനെ നമ്മളെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കാ​നുള്ള കല്‌പന നമ്മൾ അനുസ​രി​ക്കു​ക​യാണ്‌, നമ്മുടെ സഹോ​ദ​ര​കു​ടും​ബ​ത്തി​ന്റെ സമാധാ​നം നിലനി​റു​ത്തു​ക​യാണ്‌.—റോമ. 12:9, 10; യാക്കോ. 2:8, 9.

10-11. ഒരു സഹോ​ദരി എങ്ങനെ​യാ​ണു തന്റെ തെറ്റായ ചിന്തകൾ മറിക​ട​ന്നത്‌?

10 എപ്പോ​ഴും പക്ഷപാ​ത​മി​ല്ലാ​ത്ത​വ​രാ​യി​രി​ക്കു​ന്നതു ചിലർക്ക്‌ അത്ര എളുപ്പമല്ല. ഉദാഹ​ര​ണ​ത്തിന്‌, രൂത്ത്‌ എന്ന സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. കൗമാ​ര​ത്തി​ലാ​യി​രു​ന്ന​പ്പോൾ വേറൊ​രു രാജ്യ​ത്തു​നി​ന്നുള്ള ഒരാൾ രൂത്തിന്റെ കുടും​ബ​ത്തോ​ടു വളരെ മോശ​മാ​യി പെരു​മാ​റി. അതോടെ ആ രാജ്യ​ത്തെ​ക്കു​റി​ച്ചുള്ള രൂത്തിന്റെ കാഴ്‌ച​പ്പാ​ടു​തന്നെ മാറി​പ്പോ​യി. രൂത്ത്‌ പറയുന്നു: “ആ രാജ്യത്തെ എല്ലാത്തി​നോ​ടും എനിക്കു വെറു​പ്പാ​യി. അവിടത്തെ എല്ലാ ആളുക​ളും, സഹോ​ദ​ര​ങ്ങൾപോ​ലും, മോശ​മാ​ണെന്നു ഞാൻ കരുതി.” ഈ തെറ്റായ ചിന്തകൾ രൂത്ത്‌ എങ്ങനെ​യാ​ണു മാറ്റി​യത്‌?

11 ഇങ്ങനെ​യുള്ള ചിന്തകൾ മാറ്റാൻ നല്ല ശ്രമം ചെയ്യണ​മെന്നു രൂത്ത്‌ മനസ്സി​ലാ​ക്കി. ആ രാജ്യ​ത്തെ​ക്കു​റിച്ച്‌ വാർഷി​ക​പു​സ്‌ത​ക​ത്തിൽ വന്ന റിപ്പോർട്ടു​ക​ളും അവിടത്തെ അനുഭ​വ​ങ്ങ​ളും സഹോ​ദരി വായിച്ചു. സഹോ​ദരി പറയുന്നു: “ആ രാജ്യത്തെ ആളുക​ളെ​ക്കു​റിച്ച്‌ നല്ലതു മാത്രം ചിന്തി​ക്കാൻ ഞാൻ ബോധ​പൂർവം ഒരു ശ്രമം നടത്തി. എന്റെ നാട്ടി​ലുള്ള ആ രാജ്യ​ക്കാ​രായ സഹോ​ദ​ര​ങ്ങളെ ശ്രദ്ധി​ച്ച​പ്പോൾ അവർ യഹോ​വ​യ്‌ക്കു​വേണ്ടി ഉത്സാഹ​ത്തോ​ടെ പ്രവർത്തി​ക്കു​ന്ന​വ​രാണ്‌ എന്ന്‌ എനിക്കു കാണാൻ കഴിഞ്ഞു. ലോക​മെ​ങ്ങു​മുള്ള സഹോ​ദ​ര​കു​ടും​ബ​ത്തി​ന്റെ ഭാഗമാണ്‌ അവരും എന്ന്‌ എനിക്കു വ്യക്തമാ​യി.” പതി​യെ​പ്പ​തി​യെ അവിടത്തെ ആളുക​ളോ​ടു താൻ സ്‌നേഹം കാണി​ക്ക​ണ​മെന്നു രൂത്തിനു മനസ്സി​ലാ​യി. രൂത്ത്‌ പറയുന്നു: “ആ രാജ്യത്തെ സഹോ​ദ​ര​ങ്ങളെ എവി​ടെ​വെച്ച്‌ കണ്ടാലും അവരോ​ടു സംസാ​രി​ക്കാ​നും അവരു​മാ​യി അടുക്കാ​നും ഞാൻ ഒരു പ്രത്യേ​ക​ശ്രമം നടത്തി. അങ്ങനെ അവരെ അടുത്ത്‌ അറിയാൻ എനിക്കു കഴിഞ്ഞു.” അതു പ്രയോ​ജനം ചെയ്‌തോ? രൂത്ത്‌ തുടരു​ന്നു: “അങ്ങനെ അവസാനം, എന്റെ തെറ്റായ ചിന്തക​ളെ​ല്ലാം മാറി.”

‘സഹോ​ദ​ര​സ​മൂ​ഹത്തെ മുഴുവൻ ഗാഢമാ​യി സ്‌നേ​ഹി​ക്കു​ന്നെ​ങ്കിൽ,’ നമ്മൾ ആരോ​ടും പക്ഷപാതം കാണി​ക്കി​ല്ല (12-13 ഖണ്ഡികകൾ കാണുക) *

12. സാറ എന്ന സഹോ​ദ​രി​യു​ടെ പ്രശ്‌നം എന്തായി​രു​ന്നു?

12 ചിലർ പക്ഷപാ​ത​മു​ള്ള​വ​രാ​യി​രി​ക്കും, പക്ഷേ അത്‌ അവർ അറിയ​ണ​മെ​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, സാറ എന്ന സഹോ​ദ​രി​യു​ടെ കാര്യം നോക്കാം. ജാതി​യോ സമ്പത്തോ സംഘട​ന​യി​ലെ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങ​ളോ ഒന്നും നോക്കി സഹോ​ദരി ആളുകളെ തരംതി​രി​ച്ചി​രു​ന്നില്ല. അതു​കൊണ്ട്‌ താൻ പക്ഷപാ​ത​മി​ല്ലാത്ത ഒരാളാ​ണെന്നു സഹോ​ദരി കരുതി. പക്ഷേ അതായി​രു​ന്നോ സത്യം? സഹോ​ദരി പറയുന്നു: “ശരിക്കും എനിക്കു പക്ഷപാ​ത​മു​ണ്ടെന്നു ഞാൻ മനസ്സി​ലാ​ക്കി.” ഏതു വിധത്തിൽ? സാറയും കുടും​ബാം​ഗ​ങ്ങ​ളും നല്ല വിദ്യാ​ഭ്യാ​സ​മു​ള്ള​വ​രാ​യി​രു​ന്നു. അതു​കൊണ്ട്‌ വിദ്യാ​ഭ്യാ​സ​മുള്ള ആളുക​ളു​മാ​യി ഇടപെ​ടാ​നാ​ണു സഹോ​ദരി കൂടുതൽ ഇഷ്ടപ്പെ​ട്ടി​രു​ന്നത്‌. ഒരിക്കൽ ഒരു സുഹൃ​ത്തി​നോ​ടു സഹോ​ദരി ഇങ്ങനെ പറയു​ക​പോ​ലും ചെയ്‌തു: “നല്ല വിദ്യാ​ഭ്യാ​സ​മുള്ള സഹോ​ദ​ര​ങ്ങ​ളു​ടെ​കൂ​ടെയേ ഞാൻ സഹവസി​ക്കാ​റു​ള്ളൂ. അല്ലാത്ത​വരെ ഞാൻ ഒഴിവാ​ക്കും.” സാറയു​ടെ മനോ​ഭാ​വ​ത്തി​നു ശരിക്കും മാറ്റം ആവശ്യ​മാ​യി​രു​ന്നു. പക്ഷേ അതിന്‌ എന്തു ചെയ്യണ​മാ​യി​രു​ന്നു?

13. സാറ ചിന്തയിൽ മാറ്റം വരുത്തി​യ​തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

13 ചിന്തയിൽ മാറ്റം വരുത്തേണ്ട വശം മനസ്സി​ലാ​ക്കാൻ ഒരു സർക്കിട്ട്‌ മേൽവി​ചാ​രകൻ സാറയെ സഹായി​ച്ചു. സഹോ​ദരി പറയുന്നു: “എന്റെ വിശ്വ​സ്‌ത​സേ​വനം, മീറ്റി​ങ്ങു​ക​ളിൽ പറയുന്ന നല്ല ഉത്തരങ്ങൾ, തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റി​ച്ചുള്ള അറിവ്‌ ഇതി​നെ​ല്ലാം സഹോ​ദരൻ എന്നെ അഭിന​ന്ദി​ച്ചു. എന്നാൽ അറിവ്‌ കൂടു​ന്ന​ത​നു​സ​രിച്ച്‌, താഴ്‌മ, എളിമ, കരുണ പോലുള്ള ക്രിസ്‌തീ​യ​ഗു​ണങ്ങൾ വളർത്തി​യെ​ടു​ക്ക​ണ​മെ​ന്നും സഹോ​ദരൻ പറഞ്ഞു.” അദ്ദേഹ​ത്തി​ന്റെ വാക്കുകൾ സഹോ​ദരി ഗൗരവ​മാ​യി എടുത്തു. “സ്‌നേ​ഹ​വും ദയയും പോലുള്ള ഗുണങ്ങ​ളാണ്‌ ഏറ്റവും പ്രധാ​ന​മെന്ന്‌ എനിക്കു മനസ്സി​ലാ​യി.” അതിനു ശേഷം സഹോ​ദ​ര​ങ്ങ​ളെ​ക്കു​റി​ച്ചുള്ള സഹോ​ദ​രി​യു​ടെ കാഴ്‌ച​പ്പാ​ടി​നു മാറ്റം വന്നു. സഹോ​ദരി പറയുന്നു: “ഏതെല്ലാം ഗുണങ്ങ​ളു​ള്ള​തു​കൊ​ണ്ടാണ്‌ യഹോവ അവരെ ഇഷ്ടപ്പെ​ടു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ ഞാൻ ശ്രമിച്ചു.” നമ്മുടെ കാര്യ​മോ? വിദ്യാ​ഭ്യാ​സ​മു​ള്ള​തു​കൊണ്ട്‌ നമ്മൾ മറ്റുള്ള​വ​രെ​ക്കാൾ ഉയർന്ന​വ​രാ​ണെന്നു നമ്മൾ ഒരിക്ക​ലും ചിന്തി​ക്കില്ല. ‘സഹോ​ദ​ര​സ​മൂ​ഹത്തെ മുഴുവൻ (ഗാഢമാ​യി) സ്‌നേ​ഹി​ക്കു​ന്നെ​ങ്കിൽ,’ നമ്മൾ ആരോ​ടും പക്ഷപാതം കാണി​ക്കില്ല.—1 പത്രോ. 2:17.

അതിഥി​പ്രി​യ​രാ​യി​രി​ക്കുക

14. എബ്രായർ 13:16 പറയു​ന്ന​ത​നു​സ​രിച്ച്‌, നമ്മൾ മറ്റുള്ള​വ​രോട്‌ അതിഥി​പ്രി​യം കാണി​ക്കു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എന്തു തോന്നു​ന്നു?

14 നമ്മൾ സഹോ​ദ​ര​ങ്ങൾക്ക്‌ ആതിഥ്യ​മ​രു​ളു​ന്നത്‌ യഹോവ ഇഷ്ടപ്പെ​ടുന്ന ഒരു കാര്യ​മാണ്‌. (എബ്രായർ 13:16 വായി​ക്കുക.) അതു നമ്മുടെ ആരാധ​ന​യു​ടെ ഒരു ഭാഗമാ​യി​ട്ടാണ്‌ യഹോവ കാണു​ന്നത്‌. പ്രത്യേ​കിച്ച്‌, സഹായം ആവശ്യ​മു​ള്ള​വരെ നമ്മൾ സഹായി​ക്കു​ന്നു​ണ്ടോ എന്ന്‌ യഹോവ നോക്കു​ന്നുണ്ട്‌. (യാക്കോ. 1:27; 2:14-17) അതു​കൊണ്ട്‌ ‘അതിഥി​കളെ സത്‌ക​രി​ക്കു​ന്നതു ശീലമാ​ക്കാൻ’ തിരു​വെ​ഴു​ത്തു​കൾ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (റോമ. 12:13) മറ്റുള്ള​വർക്ക്‌ ആതിഥ്യ​മ​രു​ളു​മ്പോൾ, അവരെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടെ​ന്നും അവരെ സ്‌നേ​ഹി​ക്കു​ന്നെ​ന്നും അവരുടെ കൂട്ടു​കാ​രാ​കാൻ ആഗ്രഹി​ക്കു​ന്നെ​ന്നും നമ്മൾ കാണി​ക്കു​ക​യാണ്‌. നമ്മൾ ചില​പ്പോൾ മറ്റുള്ള​വരെ ചായയ്‌ക്കോ ഭക്ഷണത്തി​നോ വിളി​ച്ചേ​ക്കാം, അല്ലെങ്കിൽ അവരു​ടെ​കൂ​ടെ കുറച്ച്‌ സമയം ചെലവി​ട്ടേ​ക്കാം. എങ്ങനെ​യാ​യാ​ലും നമ്മൾ ചെയ്യു​ന്നത്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്നു. (1 പത്രോ. 4:8-10) എന്നാൽ ആതിഥ്യ​മ​രു​ളു​ന്ന​തി​നു ചില കാര്യങ്ങൾ തടസ്സമാ​യേ​ക്കാം.

“നേരത്തേ, എനിക്ക്‌ അതിഥി​പ്രി​യം കാണി​ക്കാൻ താത്‌പ​ര്യ​മി​ല്ലാ​യി​രു​ന്നു. പക്ഷേ ഞാൻ മാറ്റം വരുത്തി​യ​പ്പോൾ എനിക്ക്‌ ഒരുപാ​ടു സന്തോഷം കിട്ടി” (16-ാം ഖണ്ഡിക കാണുക) *

15-16. (എ) അതിഥി​പ്രി​യം കാണി​ക്കാൻ ചിലർ മടിക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം? (ബി) ഈഡിറ്റ്‌ അതിഥി​പ്രി​യം കാണി​ക്കാ​നുള്ള മടി മറിക​ട​ന്നത്‌ എങ്ങനെ?

15 അതിഥി​പ്രി​യം കാണി​ക്കാൻ നമ്മൾ മടിക്കു​ന്ന​തി​നു പല കാരണങ്ങൾ കണ്ടേക്കാം. ഈഡിറ്റ്‌ എന്ന സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. സഹോ​ദരി ഒരു വിധവ​യാണ്‌. സാക്ഷി​യാ​കു​ന്ന​തി​നു മുമ്പ്‌ ഈഡിറ്റ്‌ മറ്റുള്ള​വ​രു​മാ​യി അടുക്കാൻ താത്‌പ​ര്യം കാണി​ച്ചി​രു​ന്നില്ല. മറ്റുള്ള​വർക്കാണ്‌ അതിഥി​പ്രി​യം കാണി​ക്കാൻ കൂടുതൽ സൗകര്യം എന്നാണ്‌ സഹോ​ദരി ചിന്തി​ച്ചി​രു​ന്നത്‌.

16 സാക്ഷി​യാ​യ​തി​നു ശേഷം ഈഡിറ്റ്‌ തന്റെ ചിന്തയ്‌ക്കു മാറ്റം വരുത്തി. അതിഥി​പ്രി​യം കാണി​ക്കാൻ ചില പടികൾ സ്വീക​രി​ച്ചു. ഈഡിറ്റ്‌ പറയുന്നു: “ഞങ്ങൾ പുതിയ രാജ്യ​ഹാൾ പണിത​പ്പോൾ, അതിനു സഹായി​ക്കാൻ വരുന്ന ഒരു ദമ്പതി​കളെ രണ്ടാഴ്‌ചത്തേക്കു വീട്ടിൽ താമസി​പ്പി​ക്കാ​മോ എന്ന്‌ ഒരു മൂപ്പൻ ചോദി​ച്ചു. സാരെ​ഫാ​ത്തി​ലെ വിധവയെ യഹോവ എങ്ങനെ​യാണ്‌ അനു​ഗ്ര​ഹി​ച്ച​തെന്നു ഞാൻ അപ്പോൾ ഓർത്തു.” (1 രാജാ. 17:12-16) ഈഡിറ്റ്‌ അവരെ താമസി​പ്പി​ക്കാ​മെന്നു സമ്മതിച്ചു. എന്നിട്ട്‌, അനു​ഗ്രഹം ലഭിച്ചോ? സഹോ​ദരി പറയുന്നു: “രണ്ടാഴ്‌ച​യ്‌ക്കു പകരം രണ്ടു മാസം അവർ എന്റെകൂ​ടെ താമസി​ച്ചു. ആ സമയം​കൊണ്ട്‌ ഞങ്ങൾ അടുത്ത കൂട്ടു​കാ​രാ​യി.” സഹോ​ദ​രി​ക്കു സഭയി​ലും അടുത്ത കൂട്ടു​കാ​രെ കിട്ടി. ഇപ്പോൾ ഈഡിറ്റ്‌ ഒരു മുൻനി​ര​സേ​വി​ക​യാണ്‌. കൂടെ പ്രവർത്തി​ക്കു​ന്നവർ അൽപ്പം വിശ്ര​മി​ക്കാ​നാ​യി വീട്ടിൽ വരുന്ന​തും അവരോട്‌ അതിഥി​പ്രി​യം കാണി​ക്കു​ന്ന​തും ഒക്കെ സഹോ​ദ​രിക്ക്‌ ഇഷ്ടമാണ്‌. സഹോ​ദരി പറയുന്നു: “കൊടു​ക്കു​ന്നത്‌ എനിക്കു സന്തോഷം തരുന്നു. തിരിച്ച്‌ ഒത്തിരി അനു​ഗ്ര​ഹങ്ങൾ എനിക്കു കിട്ടു​ക​യും ചെയ്യു​ന്നുണ്ട്‌.”—എബ്രാ. 13:1, 2.

17. ലൂക്കും ഭാര്യ​യും ഏതു കാര്യം തിരി​ച്ച​റി​ഞ്ഞു?

17 നമ്മൾ ഇപ്പോൾത്തന്നെ അതിഥി​പ്രി​യം കാണി​ക്കു​ന്നു​ണ്ടാ​യി​രി​ക്കും, പക്ഷേ അതിൽ മെച്ച​പ്പെ​ടാൻ കഴിയു​മോ? ഉദാഹ​ര​ണ​ത്തിന്‌, ലൂക്കും ഭാര്യ​യും അതിഥി​പ്രി​യ​രാണ്‌. അവർ കൂടെ​ക്കൂ​ടെ മാതാ​പി​താ​ക്ക​ളെ​യും ബന്ധുക്ക​ളെ​യും അടുത്ത കൂട്ടു​കാ​രെ​യും സർക്കിട്ട്‌ മേൽവി​ചാ​ര​ക​നെ​യും ഭാര്യ​യെ​യും വീട്ടി​ലേക്കു ക്ഷണിക്കാ​റുണ്ട്‌. പക്ഷേ ഒരു പ്രശ്‌ന​മു​ണ്ടാ​യി​രു​ന്നു. ലൂക്ക്‌ പറയുന്നു: “അടുപ്പ​മു​ള്ള​വരെ മാത്രമേ ഞങ്ങൾ വീട്ടി​ലേക്കു ക്ഷണിച്ചി​രു​ന്നു​ള്ളൂ.” അതിഥി​പ്രി​യം കാണി​ക്കു​ന്ന​തിൽ മെച്ച​പ്പെ​ടാൻ ലൂക്കും ഭാര്യ​യും എന്താണു ചെയ്‌തത്‌?

18. അതിഥി​പ്രി​യം കാണി​ക്കു​ന്ന​തിൽ ലൂക്കും ഭാര്യ​യും മെച്ച​പ്പെ​ട്ടത്‌ എങ്ങനെ?

18 “നിങ്ങളെ സ്‌നേ​ഹി​ക്കു​ന്ന​വരെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌ നിങ്ങൾക്ക്‌ എന്തു പ്രതി​ഫലം കിട്ടാ​നാണ്‌” എന്ന യേശു​വി​ന്റെ വാക്കുകൾ ചിന്തിച്ച ലൂക്കും ഭാര്യ​യും അവരുടെ കാഴ്‌ച​പ്പാ​ടി​നു മാറ്റം വരുത്തി. (മത്താ. 5:45-47) എല്ലാവർക്കും ഉദാര​മാ​യി കൊടു​ക്കുന്ന യഹോ​വയെ അനുക​രി​ക്ക​ണ​മെന്ന്‌ അവർ മനസ്സി​ലാ​ക്കി. അതു​കൊണ്ട്‌ ഇതേവരെ ക്ഷണിച്ചി​ട്ടി​ല്ലാത്ത സഹോ​ദ​ര​ങ്ങളെ ക്ഷണിക്കാൻ അവർ തീരു​മാ​നി​ച്ചു. ലൂക്ക്‌ പറയുന്നു: “ഇങ്ങനെ​യുള്ള അവസര​ങ്ങ​ളിൽ എല്ലാവർക്കും പ്രോ​ത്സാ​ഹ​ന​വും ആത്മീയ​ബ​ല​വും ലഭിക്കു​ന്നു. ഈ കൂടി​വ​ര​വു​കൾ ഞങ്ങൾ എല്ലാവ​രും ഇഷ്ടപ്പെ​ടു​ന്നുണ്ട്‌.”

19. നമ്മൾ യേശു​വി​ന്റെ ശിഷ്യ​ന്മാ​രാ​ണെന്ന്‌ എങ്ങനെ തെളി​യി​ക്കാം, നിങ്ങളു​ടെ തീരു​മാ​നം എന്താണ്‌?

19 പരസ്‌പരം ഗാഢമാ​യി സ്‌നേ​ഹി​ക്കു​ന്നത്‌, സമാധാ​നം ഉണ്ടാക്കു​ന്ന​വ​രും പക്ഷപാ​ത​മി​ല്ലാ​ത്ത​വ​രും അതിഥി​പ്രി​യ​രും ആയിരി​ക്കാൻ എങ്ങനെ​യാ​ണു സഹായി​ക്കു​ന്ന​തെന്നു നമ്മൾ പഠിച്ചു. സഹോ​ദ​ര​ങ്ങളെ ഹൃദയ​പൂർവം ഗാഢമാ​യി സ്‌നേ​ഹി​ക്കു​ന്ന​തിൽനിന്ന്‌ യാതൊ​ന്നും നമ്മളെ തടയരുത്‌. അങ്ങനെ ചെയ്‌താൽ നമ്മൾ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കും, യേശു​വി​ന്റെ യഥാർഥ ശിഷ്യ​ന്മാ​രാ​ണെന്നു തെളി​യി​ക്കു​ക​യും ചെയ്യും.—യോഹ. 13:17, 35.

ഗീതം 88 അങ്ങയുടെ വഴികൾ അറിയി​ച്ചു​ത​രേ​ണമേ

^ ഖ. 5 സത്യ​ക്രി​സ്‌ത്യാ​നി​കളെ തിരി​ച്ച​റി​യി​ക്കുന്ന അടയാളം സ്‌നേ​ഹ​മാ​ണെന്നു യേശു പറഞ്ഞു. സഹോ​ദ​ര​ങ്ങ​ളോ​ടു സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ നമ്മൾ സമാധാ​ന​മു​ണ്ടാ​ക്കു​ന്ന​വ​രും പക്ഷപാ​ത​മി​ല്ലാ​ത്ത​വ​രും അതിഥി​പ്രി​യം കാണി​ക്കു​ന്ന​വ​രും ആയിരി​ക്കും. ഇത്‌ എല്ലായ്‌പോ​ഴും എളുപ്പ​മാ​യി​രി​ക്കില്ല. ഈ ലേഖനം ചില പ്രാ​യോ​ഗിക നിർദേ​ശങ്ങൾ നമുക്കു തരുന്നുണ്ട്‌. എപ്പോ​ഴും പരസ്‌പരം ഗാഢമാ​യി സ്‌നേ​ഹി​ക്കാൻ അവ നമ്മളെ സഹായി​ക്കും.

^ ഖ. 5 ഈ ലേഖന​ത്തി​ലെ ചില പേരുകൾ യഥാർഥമല്ല.

^ ഖ. 57 ചിത്രക്കുറിപ്പുകൾ: ഒരു പ്രശ്‌നം പരിഹ​രി​ക്കാൻ ഒരു സഹോ​ദരി ശ്രമി​ക്കു​ന്നു. ആദ്യ​ശ്രമം വിജയി​ക്കു​ന്നി​ല്ലെ​ങ്കി​ലും സഹോ​ദരി പിന്മാ​റു​ന്നില്ല. വീണ്ടും വീണ്ടും സ്‌നേഹം കാണി​ച്ച​പ്പോൾ, ഒടുവിൽ അതു ഫലം കണ്ടു.

^ ഖ. 59 ചിത്രക്കുറിപ്പുകൾ: സഭയിലെ ആരും തന്നെ ശ്രദ്ധിക്കാത്തതായി പ്രായ​മുള്ള ഒരു സഹോ​ദ​രനു തോന്നു​ന്നു.

^ ഖ. 61 ചിത്രക്കുറിപ്പുകൾ: അതിഥി​പ്രി​യം കാണി​ക്കാൻ ആദ്യം മടി കാണിച്ച ഒരു സഹോ​ദരി തന്റെ ചിന്തയ്‌ക്കു മാറ്റം വരുത്തുന്നു, അതു സഹോ​ദ​രി​ക്കു കൂടുതൽ സന്തോഷം നൽകുന്നു.