വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 22

അദൃശ്യം എങ്കിലും അമൂല്യ​മായ നിക്ഷേ​പങ്ങൾ

അദൃശ്യം എങ്കിലും അമൂല്യ​മായ നിക്ഷേ​പങ്ങൾ

‘കാണാ​ത്ത​വ​യിൽ കണ്ണു നട്ടിരി​ക്കുക. കാണുന്നവ താത്‌കാ​ലി​കം, പക്ഷേ കാണാത്തവ എന്നെന്നും നിലനിൽക്കു​ന്നു.’​—2 കൊരി. 4:18.

ഗീതം 45 എന്റെ ഹൃദയ​ത്തിൻ ധ്യാനം

പൂർവാവലോകനം *

1. സ്വർഗ​ത്തി​ലെ നിക്ഷേ​പ​ങ്ങ​ളെ​ക്കു​റിച്ച്‌ യേശു എന്താണു പറഞ്ഞത്‌?

എല്ലാ നിക്ഷേ​പ​ങ്ങ​ളും നമുക്കു കാണാൻ കഴിയില്ല. ഏറ്റവും വലിയ നിക്ഷേ​പങ്ങൾ കാണാൻ കഴിയാ​ത്ത​വ​യാണ്‌ എന്നതാണു സത്യം. ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ സമ്പത്തി​നെ​ക്കാ​ളെ​ല്ലാം വളരെ ശ്രേഷ്‌ഠ​മായ സ്വർഗ​ത്തി​ലെ നിക്ഷേ​പ​ങ്ങ​ളെ​ക്കു​റിച്ച്‌ യേശു പറഞ്ഞു. എന്നിട്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളു​ടെ നിക്ഷേപം എവി​ടെ​യാ​ണോ അവി​ടെ​യാ​യി​രി​ക്കും നിങ്ങളു​ടെ ഹൃദയ​വും.” (മത്താ. 6:19-21) നമ്മൾ നിക്ഷേ​പ​മാ​യി കാണുന്ന, അങ്ങേയറ്റം വില കല്‌പി​ക്കുന്ന കാര്യ​ങ്ങൾക്കു​വേണ്ടി പ്രവർത്തി​ക്കാൻ നമ്മുടെ ഹൃദയം നമ്മളെ പ്രചോ​ദി​പ്പി​ക്കും. ദൈവ​ത്തി​ന്റെ മുമ്പാകെ ഒരു നല്ല പേര്‌, അതായത്‌ ഒരു നല്ല നില നേടി​ക്കൊണ്ട്‌ നമ്മൾ “സ്വർഗ​ത്തിൽ നിക്ഷേ​പങ്ങൾ” സ്വരൂ​പി​ക്കു​ന്നു. ആ നിക്ഷേ​പങ്ങൾ ആർക്കും നശിപ്പി​ക്കാ​നോ മോഷ്ടി​ക്കാ​നോ കഴിയി​ല്ലെന്നു യേശു വിശദീ​ക​രി​ച്ചു.

2. (എ) 2 കൊരി​ന്ത്യർ 4:17, 18-ൽ എന്തിൽ കണ്ണു നട്ടിരി​ക്കാ​നാണ്‌ പൗലോസ്‌ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

2 ‘കാണാത്ത കാര്യ​ങ്ങ​ളിൽ കണ്ണു നട്ടിരി​ക്കാൻ’ പൗലോസ്‌ അപ്പോ​സ്‌തലൻ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (2 കൊരി​ന്ത്യർ 4:17, 18 വായി​ക്കുക.) ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തിൽ നമുക്കു കിട്ടാൻപോ​കുന്ന എല്ലാ അനു​ഗ്ര​ഹ​ങ്ങ​ളും ഈ കാണാത്ത കാര്യ​ങ്ങ​ളിൽ ഉൾപ്പെ​ടു​ന്നുണ്ട്‌. എന്നാൽ നമുക്ക്‌ ഇപ്പോൾത്തന്നെ ആസ്വദി​ക്കാൻ കഴിയുന്ന അദൃശ്യ​മായ നാലു നിക്ഷേ​പ​ങ്ങ​ളെ​ക്കു​റിച്ച്‌ ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും. ഏതൊ​ക്കെ​യാണ്‌ അവ? ദൈവ​വു​മാ​യുള്ള സൗഹൃദം, പ്രാർഥന എന്ന സമ്മാനം, പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായം, യഹോ​വ​യും യേശു​വും ദൂതന്മാ​രും ശുശ്രൂ​ഷ​യിൽ നമുക്കു തരുന്ന പിന്തുണ. അദൃശ്യ​മായ ഈ നിക്ഷേ​പ​ങ്ങ​ളോട്‌ എങ്ങനെ വിലമ​തി​പ്പു കാണി​ക്കാ​മെ​ന്നും നമ്മൾ പഠിക്കും.

യഹോ​വ​യു​മാ​യുള്ള നമ്മുടെ സൗഹൃദം

3. കാണാൻ കഴിയാത്ത നിക്ഷേ​പ​ങ്ങ​ളിൽ ഏറ്റവും വലുത്‌ ഏതാണ്‌, അത്‌ സാധ്യ​മാ​കു​ന്നത്‌ എങ്ങനെ?

3 അദൃശ്യ​മായ നിക്ഷേ​പ​ങ്ങ​ളിൽ ഏറ്റവും വലുത്‌ ദൈവ​മായ യഹോ​വ​യു​മാ​യുള്ള സൗഹൃ​ദ​മാണ്‌. (സങ്കീ. 25:14) പരിശു​ദ്ധ​നായ ദൈവ​ത്തിന്‌ എങ്ങനെ​യാണ്‌ പാപി​ക​ളായ മനുഷ്യ​രു​ടെ സുഹൃ​ത്താ​കാൻ കഴിയു​ന്നത്‌? യേശു​വി​ന്റെ ബലി, മനുഷ്യ​വർഗ​മാ​കുന്ന ‘ലോക​ത്തി​ന്റെ പാപം നീക്കി​ക്ക​ള​യു​ന്ന​തു​കൊ​ണ്ടാണ്‌’ ദൈവ​ത്തിന്‌ അതു കഴിയു​ന്നത്‌. (യോഹ. 1:29) മനുഷ്യ​വർഗ​ത്തിന്‌ ഒരു രക്ഷകനെ നൽകുക എന്ന തന്റെ ഉദ്ദേശ്യം ഉറപ്പാ​യും നടക്കു​മെന്ന്‌ യഹോ​വ​യ്‌ക്ക്‌ നേര​ത്തേ​തന്നെ അറിയാ​മാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ ക്രിസ്‌തു മരിക്കു​ന്ന​തി​നു മുമ്പ്‌ ജീവി​ച്ചി​രുന്ന മനുഷ്യ​രെ​യും സുഹൃ​ത്തു​ക്ക​ളാ​ക്കാൻ ദൈവ​ത്തിന്‌ കഴിഞ്ഞത്‌.​—റോമ. 3:25.

4. ക്രിസ്‌തു​വി​നു മുമ്പ്‌ ജീവി​ച്ചി​രുന്ന ദൈവ​ത്തി​ന്റെ ചില സുഹൃ​ത്തു​ക്കൾ ആരൊ​ക്കെ​യാണ്‌?

4 ക്രിസ്‌തു​വി​നു മുമ്പ്‌ ജീവി​ച്ചി​രുന്ന ദൈവ​ത്തി​ന്റെ ചില സുഹൃ​ത്തു​ക്കളെ നമുക്ക്‌ പരിച​യ​പ്പെ​ടാം. വളരെ ശക്തമായ വിശ്വാ​സം ഉണ്ടായി​രുന്ന ഒരാളാ​യി​രു​ന്നു അബ്രാ​ഹാം. അബ്രാ​ഹാം മരിച്ച്‌ ആയിര​ത്തി​ല​ധി​കം വർഷം കഴിഞ്ഞി​ട്ടും യഹോവ അബ്രാ​ഹാ​മി​നെ വിളി​ച്ചത്‌ ‘എന്റെ സ്‌നേ​ഹി​തൻ’ എന്നാണ്‌. (യശ. 41:8) അതു​കൊണ്ട്‌ മരണത്തി​നു​പോ​ലും യഹോ​വ​യു​മാ​യുള്ള സൗഹൃദം ഇല്ലാതാ​ക്കാൻ കഴിയില്ല. അബ്രാ​ഹാം യഹോ​വ​യു​ടെ ഓർമ​യിൽ ഇന്നും ജീവി​ക്കു​ന്നു. (ലൂക്കോ. 20:37, 38) ഇയ്യോ​ബാ​ണു മറ്റൊ​രാൾ. ദൂതന്മാ​രെ​ല്ലാം സ്വർഗ​ത്തിൽ ഒരുമി​ച്ചു​കൂ​ടിയ ഒരവസ​ര​ത്തിൽ യഹോവ അഭിമാ​ന​ത്തോ​ടെ ഇയ്യോ​ബി​നെ​ക്കു​റിച്ച്‌ സംസാ​രി​ച്ചു. ഇയ്യോ​ബി​നെ “ദൈവ​ഭ​ക്ത​നും നേരു​ള്ള​വ​നും നിഷ്‌ക​ള​ങ്ക​നും” എന്നു വിളി​ക്കു​ക​യും “തെറ്റായ കാര്യ​ങ്ങ​ളൊ​ന്നും അവൻ ചെയ്യാ​റില്ല” എന്നു പറയു​ക​യും ചെയ്‌തു. (ഇയ്യോ. 1:6-8) ഇനി, വ്യാജാ​രാ​ധ​ക​രു​ടെ ഒരു ദേശത്ത്‌ 80-ഓളം വർഷം ദൈവത്തെ വിശ്വ​സ്‌ത​മാ​യി സേവിച്ച വൃദ്ധനായ ദാനി​യേ​ലി​നെ യഹോവ എങ്ങനെ​യാണ്‌ കണ്ടത്‌? ദാനി​യേൽ ദൈവ​ത്തിന്‌ വളരെ “പ്രിയ​പ്പെ​ട്ട​വ​നാണ്‌” എന്ന്‌ മൂന്നു തവണ ദൂതന്മാർ അദ്ദേഹ​ത്തിന്‌ ഉറപ്പു കൊടു​ത്തു. (ദാനി. 9:23; 10:11, 19) മരിച്ചു​പോയ തന്റെ പ്രിയ​പ്പെട്ട സുഹൃ​ത്തു​ക്കളെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്തുന്ന ദിവസ​ത്തി​നാ​യി യഹോവ കാത്തി​രി​ക്കു​ക​യാണ്‌. അക്കാര്യ​ത്തിൽ ഒരു സംശയ​വു​മില്ല.​—ഇയ്യോ. 14:15.

അദൃശ്യമായ നിക്ഷേ​പ​ങ്ങ​ളോ​ടുള്ള വിലമ​തി​പ്പു കാണി​ക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏതെല്ലാ​മാണ്‌? (5-ാം ഖണ്ഡിക കാണുക) *

5. യഹോ​വ​യു​ടെ ഉറ്റ സുഹൃ​ത്താ​ക​ണ​മെ​ങ്കിൽ നമ്മൾ എന്തു ചെയ്യണം?

5 ഇക്കാല​ത്തും അപൂർണ​രായ മനുഷ്യർ യഹോ​വ​യു​മാ​യി സൗഹൃദം ആസ്വദി​ക്കു​ന്നു​ണ്ടോ? അങ്ങനെ​യുള്ള ലക്ഷക്കണ​ക്കിന്‌ ആളുക​ളുണ്ട്‌. ലോക​മെ​മ്പാ​ടു​മുള്ള അനേകം പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും കുട്ടി​ക​ളും തങ്ങളുടെ പ്രവർത്ത​ന​ങ്ങ​ളി​ലൂ​ടെ തങ്ങൾ ദൈവ​ത്തി​ന്റെ സുഹൃ​ത്തു​ക്ക​ളാ​ണെന്നു തെളി​യി​ക്കു​ന്നു. “നേരു​ള്ള​വ​രെ​യാ​ണു ദൈവം ഉറ്റസു​ഹൃ​ത്തു​ക്ക​ളാ​ക്കു​ന്നത്‌” എന്നാണ​ല്ലോ പറഞ്ഞി​രി​ക്കു​ന്നത്‌. (സുഭാ. 3:32) യേശു​വി​ന്റെ മോച​ന​വി​ല​യിൽ വിശ്വ​സി​ച്ച​തു​കൊ​ണ്ടാണ്‌ അവർക്ക്‌ യഹോ​വ​യു​ടെ സുഹൃ​ത്താ​കാൻ കഴിഞ്ഞത്‌. ആ ബലിയു​ടെ അടിസ്ഥാ​ന​ത്തിൽ നമുക്കും നമ്മളെ​ത്തന്നെ യഹോ​വ​യ്‌ക്ക്‌ സമർപ്പി​ക്കാ​നും സ്‌നാ​ന​മേൽക്കാ​നും കഴിയും. സമർപ്പി​ക്കു​ക​യും സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്യു​മ്പോ​ഴാണ്‌ പ്രപഞ്ച​ത്തി​ലെ ഏറ്റവും ഉന്നതനായ വ്യക്തി​യു​ടെ ‘ഉറ്റ സുഹൃ​ത്താ​കാൻ’ നമുക്ക്‌ കഴിയു​ന്നത്‌. അങ്ങനെ ഇപ്പോൾത്തന്നെ ആ സൗഹൃദം ആസ്വദി​ക്കുന്ന ലക്ഷക്കണ​ക്കിന്‌ ക്രിസ്‌ത്യാ​നി​ക​ളു​ടെ കൂടെ നമ്മളും ചേരും.

6. ദൈവ​വു​മാ​യുള്ള അടുത്ത സൗഹൃദം വിലമ​തി​ക്കു​ന്നെന്ന്‌ നമുക്ക്‌ എങ്ങനെ കാണി​ക്കാം?

6 ദൈവ​വു​മാ​യുള്ള സൗഹൃദം ഒരു നിധി​പോ​ലെ കാണു​ന്നെന്ന്‌ നമുക്ക്‌ എങ്ങനെ കാണി​ക്കാം? അബ്രാ​ഹാ​മും ഇയ്യോ​ബും നൂറി​ല​ധി​കം വർഷക്കാ​ലം യഹോ​വ​യോട്‌ വിശ്വ​സ്‌ത​രാ​യി നിന്നു. നമ്മളും അതു​പോ​ലെ ഈ പഴയ വ്യവസ്ഥി​തി​യിൽ യഹോ​വയെ സേവി​ക്കാൻ തുടങ്ങി​യിട്ട്‌ എത്ര നാളാ​യെ​ങ്കി​ലും വിശ്വ​സ്‌ത​രാ​യി തുടരണം. ഇനി, ദാനി​യേ​ലി​നെ​പ്പോ​ലെ നമ്മൾ ദൈവ​വു​മാ​യുള്ള സൗഹൃ​ദ​ത്തിന്‌ നമ്മുടെ ജീവ​നെ​ക്കാ​ളും വില കല്‌പി​ക്കണം. (ദാനി. 6:7, 10, 16, 22) നമുക്ക്‌ യഹോ​വ​യു​ടെ സഹായ​മുണ്ട്‌. അതു​കൊണ്ട്‌ നമുക്ക്‌ നേരി​ടുന്ന ഏതു പരി​ശോ​ധ​ന​യും സഹിച്ചു​നിൽക്കാ​നും ദൈവ​വു​മാ​യുള്ള അടുത്ത ബന്ധം കാത്തു​സൂ​ക്ഷി​ക്കാ​നും നമുക്ക്‌ കഴിയും.​—ഫിലി. 4:13.

പ്രാർഥന എന്ന സമ്മാനം

7. (എ) സുഭാ​ഷി​തങ്ങൾ 15:8 അനുസ​രിച്ച്‌ യഹോ​വ​യ്‌ക്ക്‌ നമ്മുടെ പ്രാർഥ​ന​ക​ളെ​ക്കു​റിച്ച്‌ എന്താണ്‌ തോന്നു​ന്നത്‌? (ബി) യഹോവ എങ്ങനെ​യാണ്‌ നമ്മുടെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം തരുന്നത്‌?

7 പ്രാർഥ​ന​യാണ്‌ അദൃശ്യ​മായ മറ്റൊരു നിക്ഷേപം. ഉറ്റസു​ഹൃ​ത്തു​ക്കൾ ഉള്ളു തുറന്ന്‌ സംസാ​രി​ക്കും. ചിന്തക​ളും വികാ​ര​ങ്ങ​ളും ഒക്കെ തമ്മിൽ പങ്കു​വെ​ക്കും. യഹോ​വ​യു​മാ​യുള്ള സൗഹൃ​ദ​ത്തി​ന്റെ കാര്യ​ത്തി​ലും അത്‌ അങ്ങനെ​ത​ന്നെ​യാണ്‌. യഹോവ തന്റെ വചനത്തി​ലൂ​ടെ നമ്മളോട്‌ സംസാ​രി​ക്കു​ന്നു. തന്റെ ചിന്തക​ളും വികാ​ര​ങ്ങ​ളും ഒക്കെ വെളി​പ്പെ​ടു​ത്തു​ന്നു. നമുക്ക്‌ ദൈവ​ത്തോട്‌ സംസാ​രി​ക്കാ​നുള്ള വഴി പ്രാർഥ​ന​യാണ്‌. പ്രാർഥി​ക്കു​മ്പോൾ നമുക്ക്‌ നമ്മുടെ ഉള്ളിന്റെ ഉള്ളിലെ ചിന്തക​ളും വികാ​ര​ങ്ങ​ളും ദൈവ​വു​മാ​യി പങ്കു​വെ​ക്കാം. നമ്മുടെ പ്രാർഥ​നകൾ കേൾക്കു​ന്നത്‌ യഹോ​വ​യ്‌ക്ക്‌ സന്തോ​ഷ​മാണ്‌. (സുഭാ​ഷി​തങ്ങൾ 15:8 വായി​ക്കുക.) സ്‌നേ​ഹ​മുള്ള നമ്മുടെ സുഹൃ​ത്തായ യഹോവ നമ്മുടെ പ്രാർഥ​നകൾ കേൾക്കുക മാത്രമല്ല അവയ്‌ക്ക്‌ ഉത്തരം തരുക​യും ചെയ്യുന്നു. ചില​പ്പോൾ നമുക്ക്‌ പെട്ടെന്ന്‌ ഉത്തരം ലഭി​ച്ചേ​ക്കാം. മറ്റു ചില​പ്പോൾ ഒരു കാര്യ​ത്തി​നു​വേണ്ടി നമ്മൾ കുറെ കാലം പ്രാർഥി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. എന്തായാ​ലും ഏറ്റവും കൃത്യ​മായ സമയത്ത്‌ യഹോവ ഉത്തരം തരു​മെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം. അതായി​രി​ക്കും ഏറ്റവും നല്ല ഉത്തരവും. പക്ഷേ, എപ്പോ​ഴും അതു നമ്മൾ പ്രതീ​ക്ഷി​ക്കുന്ന ഉത്തരമാ​ക​ണ​മെ​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, ഒരു പരി​ശോ​ധന നീക്കി​ക്ക​ള​യു​ന്ന​തി​നു പകരം ‘പിടി​ച്ചു​നിൽക്കാ​നുള്ള’ ജ്ഞാനവും ശക്തിയും ആയിരി​ക്കും ദൈവം നമുക്ക്‌ തരുന്നത്‌.​—1 കൊരി. 10:13.

(8-ാം ഖണ്ഡിക കാണുക) *

8. പ്രാർഥന എന്ന സമ്മാനത്തെ വിലമ​തി​ക്കു​ന്നെന്ന്‌ നമുക്ക്‌ എങ്ങനെ കാണി​ക്കാം?

8 പ്രാർഥന എന്ന അമൂല്യ​മായ സമ്മാന​ത്തോ​ടുള്ള വിലമ​തിപ്പ്‌ നമുക്ക്‌ എങ്ങനെ കാണി​ക്കാം? ‘ഇടവി​ടാ​തെ പ്രാർഥി​ക്കാൻ’ യഹോവ നമ്മളോട്‌ ആവശ്യ​പ്പെ​ടു​ന്നുണ്ട്‌. അത്‌ അനുസ​രി​ക്കു​ന്ന​താണ്‌ ഒരു വഴി. (1 തെസ്സ. 5:17) യഹോവ നമ്മളെ പ്രാർഥി​ക്കാൻ നിർബ​ന്ധി​ക്കു​ന്നില്ല. പകരം, തിര​ഞ്ഞെ​ടു​ക്കാ​നുള്ള നമ്മുടെ സ്വാത​ന്ത്ര്യ​ത്തെ മാനി​ക്കു​ക​യും ‘മടുത്ത്‌ പിന്മാ​റാ​തെ പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കാൻ’ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുന്നു. (റോമ. 12:12) ഓരോ ദിവസ​വും കൂടെ​ക്കൂ​ടെ പ്രാർഥി​ച്ചു​കൊണ്ട്‌ പ്രാർഥന എന്ന സമ്മാനം വിലമ​തി​ക്കു​ന്നെന്ന്‌ കാണി​ക്കാം. എന്നാൽ പ്രാർഥി​ക്കു​മ്പോൾ യഹോ​വ​യ്‌ക്ക്‌ നന്ദിയും സ്‌തു​തി​യും അർപ്പി​ക്കാൻ മറന്നു​പോ​ക​രുത്‌.​—സങ്കീ. 145:2, 3.

9. ഒരു സഹോ​ദ​രനു പ്രാർഥ​ന​യെ​ക്കു​റിച്ച്‌ എന്താണ്‌ തോന്നു​ന്നത്‌, നിങ്ങൾക്ക്‌ പ്രാർഥ​ന​യെ​ക്കു​റിച്ച്‌ എന്താണ്‌ തോന്നു​ന്നത്‌?

9 കാലം കടന്നു​പോ​കു​ന്ന​ത​നു​സ​രിച്ച്‌ പ്രാർഥ​ന​യോ​ടുള്ള നമ്മുടെ വിലമ​തിപ്പ്‌ കൂടി​ക്കൂ​ടി വരും. കാരണം, നമ്മുടെ പ്രാർഥ​ന​കൾക്ക്‌ യഹോവ ഉത്തരം തരുന്നത്‌ നമ്മൾ കൂടുതൽ അനുഭ​വി​ച്ച​റി​യും. ഉദാഹ​ര​ണ​ത്തിന്‌, കഴിഞ്ഞ 47 വർഷമാ​യി മുഴു​സ​മ​യ​സേ​വനം ചെയ്യുന്ന ക്രിസ്‌ സഹോ​ദ​രന്റെ കാര്യ​മെ​ടു​ക്കുക. സഹോ​ദരൻ പറയുന്നു: “അതിരാ​വി​ലെ യഹോ​വ​യോ​ടു പ്രാർഥി​ക്കാ​നാ​യി ഞാൻ സമയം മാറ്റി​വെ​ച്ചി​ട്ടുണ്ട്‌. പ്രഭാ​ത​സൂ​ര്യ​ന്റെ ആദ്യകി​ര​ണ​ങ്ങ​ളേറ്റ്‌ മഞ്ഞുതു​ള്ളി​കൾ വെട്ടി​ത്തി​ള​ങ്ങുന്ന സമയത്ത്‌ യഹോ​വ​യോട്‌ പ്രാർഥി​ക്കാ​നാ​കു​ന്നത്‌ എത്ര നവോ​ന്മേഷം പകരുന്ന അനുഭ​വ​മാ​ണെ​ന്നോ! പ്രാർഥന ഉൾപ്പെടെ യഹോവ തന്ന എല്ലാ സമ്മാന​ങ്ങൾക്കും നന്ദി പറയാൻ അപ്പോൾ എനിക്ക്‌ തോന്നി​പ്പോ​കും. ഇനി, പ്രാർഥ​ന​യോ​ടെ ഓരോ ദിവസ​വും അവസാ​നി​പ്പി​ക്കാ​നും ഞാൻ ശ്രമി​ക്കും. അങ്ങനെ ശാന്തമായ ഒരു മനസ്സോ​ടെ ഉറങ്ങാ​നും എനിക്ക്‌ കഴിയു​ന്നു.”

പരിശു​ദ്ധാ​ത്മാവ്‌ എന്ന സമ്മാനം

10. ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​നെ നമ്മൾ നിധി​പോ​ലെ കരു​തേ​ണ്ടത്‌ എന്തു​കൊണ്ട്‌?

10 നമ്മൾ നിധി​പോ​ലെ കാണേണ്ട അദൃശ്യ​മായ മറ്റൊരു സമ്മാന​മാണ്‌ ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാവ്‌. പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കാൻ യേശു നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (ലൂക്കോ. 11:9, 13) തന്റെ ആത്മാവി​ലൂ​ടെ യഹോവ നമുക്ക്‌ ശക്തി തരുന്നു. നമുക്ക്‌ വേണ്ട​പ്പോൾ “അസാധാ​ര​ണ​ശക്തി” പോലും തരുന്നു. (2 കൊരി. 4:7; പ്രവൃ. 1:8) ദൈവാ​ത്മാ​വി​ന്റെ സഹായം ഉണ്ടെങ്കിൽ നമുക്ക്‌ നേരി​ടേ​ണ്ടി​വ​രുന്ന ഏതൊരു പരി​ശോ​ധ​ന​യും സഹിച്ചു​നിൽക്കാൻ നമുക്ക്‌ കഴിയും.

(11-ാം ഖണ്ഡിക കാണുക) *

11. പരിശു​ദ്ധാ​ത്മാവ്‌ ഏതു വിധത്തിൽ നമ്മളെ സഹായി​ക്കും?

11 ദൈവ​സേ​വ​ന​ത്തി​ലെ നമ്മുടെ നിയമ​ന​ങ്ങ​ളും ഉത്തരവാ​ദി​ത്വ​ങ്ങ​ളും ചെയ്യാൻ പരിശു​ദ്ധാ​ത്മാവ്‌ നമ്മളെ സഹായി​ക്കും. നമ്മുടെ പ്രാപ്‌തി​ക​ളും സ്വതസ്സി​ദ്ധ​മായ കഴിവു​ക​ളും മെച്ച​പ്പെ​ടു​ത്താൻ പരിശു​ദ്ധാ​ത്മാ​വിന്‌ കഴിയും. ദൈവ​സേ​വ​ന​ത്തി​ലെ നമ്മുടെ ശ്രമങ്ങൾക്കു നല്ല ഫലങ്ങളു​ണ്ടാ​കു​ന്നത്‌ ദൈവാ​ത്മാ​വി​ന്റെ സഹായം​കൊണ്ട്‌ മാത്ര​മാണ്‌ എന്ന്‌ നമുക്ക്‌ അറിയാം.

12. സങ്കീർത്തനം 139:23, 24 അനുസ​രിച്ച്‌, നമുക്ക്‌ എന്തിനു​വേണ്ടി പ്രാർഥി​ക്കാം?

12 നമുക്ക്‌ എങ്ങനെ പരിശു​ദ്ധാ​ത്മാ​വി​നെ വിലമ​തി​ക്കു​ന്നെന്നു കാണി​ക്കാം? നമ്മുടെ ഉള്ളിൽ എന്തെങ്കി​ലും തെറ്റായ ചിന്തയോ ആഗ്രഹ​മോ ഉണ്ടെങ്കിൽ അത്‌ തിരി​ച്ച​റി​യാൻ പരിശു​ദ്ധാ​ത്മാ​വി​നെ തന്ന്‌ സഹായി​ക്കേ​ണമേ എന്ന്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്ന​താണ്‌ ഒരു വിധം. (സങ്കീർത്തനം 139:23, 24 വായി​ക്കുക.) നമ്മൾ അങ്ങനെ പ്രാർഥി​ച്ചാൽ യഹോവ തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗിച്ച്‌ തെറ്റായ ആഗ്രഹ​ങ്ങ​ളും ചിന്തക​ളും മനസ്സി​ലാ​ക്കാൻ നമ്മളെ സഹായി​ക്കും. അങ്ങനെ എന്തെങ്കി​ലും നമ്മുടെ ഉള്ളിൽ ഉണ്ടെന്ന്‌ മനസ്സി​ലാ​യാൽ എന്തു ചെയ്യണം? അങ്ങനെ​യുള്ള ചിന്തക​ളും ആഗ്രഹ​ങ്ങ​ളും ഒഴിവാ​ക്കാ​നുള്ള ശക്തി കിട്ടു​ന്ന​തി​നും നമ്മൾ പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി പ്രാർഥി​ക്കണം. എന്തു​കൊ​ണ്ടാണ്‌ അതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌? കാരണം അങ്ങനെ ചെയ്‌തി​ല്ലെ​ങ്കിൽ, യഹോവ പരിശു​ദ്ധാ​ത്മാ​വി​നെ തന്ന്‌ നമ്മളെ സഹായി​ക്കു​ന്ന​തി​നു തടസ്സമാ​കുന്ന എന്തെങ്കി​ലും നമ്മൾ ചെയ്‌തു​പോ​യേ​ക്കാം.​—എഫെ. 4:30.

13. പരിശു​ദ്ധാ​ത്മാ​വി​നോ​ടുള്ള നമ്മുടെ വിലമ​തി​പ്പു കൂടണ​മെ​ങ്കിൽ എന്തു ചെയ്യണം?

13 പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ കൈവ​രി​ച്ചി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ അതി​നോ​ടുള്ള നമ്മുടെ വിലമ​തി​പ്പു കൂടും. സ്വർഗ​ത്തി​ലേക്കു പോകു​ന്ന​തി​നു മുമ്പ്‌ യേശു ശിഷ്യ​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: ‘പരിശു​ദ്ധാ​ത്മാവ്‌ നിങ്ങളു​ടെ മേൽ വരു​മ്പോൾ നിങ്ങൾക്കു ശക്തി കിട്ടും. അങ്ങനെ നിങ്ങൾ ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങൾവരെ എന്റെ സാക്ഷി​ക​ളാ​യി​രി​ക്കും.’ (പ്രവൃ. 1:8) ഈ വാക്കുകൾ അത്ഭുത​ക​ര​മായ വിധത്തിൽ ഇന്നു നടന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​ത്താൽ ഭൂമി​യു​ടെ എല്ലാ ഭാഗങ്ങ​ളി​ലു​മുള്ള 85 ലക്ഷത്തോ​ളം ആളുകൾ യഹോ​വ​യു​ടെ ആരാധ​ക​രാ​യി​ത്തീർന്നി​രി​ക്കു​ന്നു. കൂടാതെ, സ്‌നേഹം, സന്തോഷം, സമാധാ​നം, ക്ഷമ, ദയ, നന്മ, വിശ്വാ​സം, സൗമ്യത, ആത്മനി​യ​ന്ത്രണം പോലുള്ള ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാൻ പരിശു​ദ്ധാ​ത്മാവ്‌ നമ്മളെ സഹായി​ക്കു​ന്ന​തു​കൊണ്ട്‌ ഒരു ആത്മീയ​പ​റു​ദീ​സ​യി​ലാ​യി​രി​ക്കാ​നും നമുക്കു കഴിയു​ന്നു. ഈ ഗുണങ്ങ​ളെ​ല്ലാം ചേരു​മ്പോ​ഴാ​ണ​ല്ലോ ‘ദൈവാ​ത്മാ​വി​ന്റെ ഫലമാ​കു​ന്നത്‌.’ (ഗലാ. 5:22, 23) പരിശു​ദ്ധാ​ത്മാവ്‌ അമൂല്യ​മായ ഒരു സമ്മാനം​ത​ന്നെ​യല്ലേ!

ശുശ്രൂ​ഷ​യിൽ യഹോ​വ​യും യേശു​വും ദൂതന്മാ​രും തരുന്ന പിന്തുണ

14. ശുശ്രൂ​ഷ​യിൽ നമുക്ക്‌ അദൃശ്യ​മായ എന്തു സഹായ​മാ​ണു​ള്ളത്‌?

14 യഹോ​വ​യു​ടെ​യും യേശു​വി​ന്റെ​യും ദൂതന്മാ​രു​ടെ​യും ‘സഹപ്ര​വർത്ത​ക​രാ​യി​രി​ക്കുക’ എന്നത്‌ അദൃശ്യ​മായ ഒരു നിക്ഷേ​പ​മാണ്‌. (2 കൊരി. 6:1) ശിഷ്യ​രാ​ക്കൽവേ​ല​യിൽ ഏർപ്പെ​ടു​മ്പോ​ഴെ​ല്ലാം നമ്മൾ അവരോ​ടൊ​പ്പം പ്രവർത്തി​ക്കു​ക​യാണ്‌. “ഞങ്ങൾ ദൈവ​ത്തി​ന്റെ സഹപ്ര​വർത്ത​ക​രാണ്‌” എന്നു പൗലോസ്‌ തന്നെക്കു​റി​ച്ചും ഈ പ്രവർത്തനം ചെയ്യുന്ന മറ്റുള്ള​വ​രെ​ക്കു​റി​ച്ചും പറഞ്ഞു. (1 കൊരി. 3:9) ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​മ്പോൾ നമ്മൾ യേശു​വി​ന്റെ​യും സഹപ്ര​വർത്ത​ക​രാണ്‌. കാരണം, തന്റെ അനുഗാ​മി​കൾക്ക്‌ ‘എല്ലാ ജനതക​ളി​ലെ​യും ആളുകളെ ശിഷ്യ​രാ​ക്കാ​നുള്ള’ കല്‌പന കൊടു​ത്ത​ശേഷം യേശു പറഞ്ഞു: “ഞാൻ നിങ്ങളു​ടെ​കൂ​ടെ​യുണ്ട്‌.” (മത്താ. 28:19, 20) ഇനി, ദൂതന്മാ​രു​ടെ കാര്യ​മോ? ‘ഭൂമി​യിൽ താമസി​ക്കുന്ന എല്ലാവ​രെ​യും എന്നും നിലനിൽക്കുന്ന ഒരു സന്തോ​ഷ​വാർത്ത’ അറിയി​ക്കാൻ ദൂതന്മാ​രാ​ണു നമ്മളെ നയിക്കു​ന്നത്‌. അവരു​ടെ​കൂ​ടെ പ്രവർത്തി​ക്കാ​നാ​കു​ന്നത്‌ എത്ര വലിയ ഒരു പദവി​യാണ്‌!​—വെളി. 14:6.

15. യഹോവ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ എന്തു പ്രധാ​ന​പ്പെട്ട പങ്കാണു വഹിക്കു​ന്നത്‌? ഒരു ബൈബിൾ ഉദാഹ​രണം പറയുക.

15 സ്വർഗ​ത്തിൽനിന്ന്‌ ഈ സഹായം ലഭിക്കു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം എന്താണ്‌? നമ്മൾ രാജ്യ​സ​ന്ദേശം വിതയ്‌ക്കു​മ്പോൾ, ചില വിത്തുകൾ അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കാൻ തയ്യാറുള്ള ചിലരു​ടെ ഹൃദയ​ത്തിൽ വീഴു​ക​യും വളരു​ക​യും ചെയ്യുന്നു. (മത്താ. 13:18, 23) സത്യത്തി​ന്റെ ആ വിത്തുകൾ വളരാ​നും ഫലം കായ്‌ക്കാ​നും ആരാണ്‌ ഇടയാ​ക്കു​ന്നത്‌? “പിതാവ്‌ ആകർഷി​ക്കാ​തെ” ഒരു മനുഷ്യ​നും തന്റെ അനുഗാ​മി​യാ​കാൻ കഴിയി​ല്ലെന്നു യേശു പറഞ്ഞു. (യോഹ. 6:44) ഇതു തെളി​യി​ക്കുന്ന ഒരു സംഭവം ബൈബി​ളി​ലുണ്ട്‌. ഒരിക്കൽ ഫിലിപ്പി നഗരത്തി​നു പുറത്തു​വെച്ച്‌ ഒരു കൂട്ടം സ്‌ത്രീ​കളെ പൗലോസ്‌ സന്തോ​ഷ​വാർത്ത അറിയി​ച്ചു. അതിൽ ലുദിയ എന്നു പേരുള്ള ഒരു സ്‌ത്രീ​യെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയു​ന്ന​തെന്നു ശ്രദ്ധി​ക്കുക: “പൗലോസ്‌ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധി​ക്കാൻ യഹോവ ലുദി​യ​യു​ടെ ഹൃദയം തുറന്നു.” (പ്രവൃ. 16:13-15) ലുദി​യ​യെ​പ്പോ​ലെ, ലക്ഷക്കണ​ക്കിന്‌ ആളുകളെ യഹോവ ആകർഷി​ച്ചി​രി​ക്കു​ന്നു.

16. ശുശ്രൂ​ഷ​യിൽ നമുക്കു കിട്ടുന്ന നല്ല ഫലങ്ങൾക്കുള്ള ബഹുമതി ആർക്ക്‌ അർഹത​പ്പെ​ട്ട​താണ്‌?

16 ശുശ്രൂ​ഷ​യിൽ നമുക്കു നല്ല ഫലം കിട്ടു​ന്നെ​ങ്കിൽ, അതിന്റെ ബഹുമതി ആർക്കു​ള്ള​താണ്‌? കൊരി​ന്തി​ലെ സഭയെ​ക്കു​റിച്ച്‌ പൗലോസ്‌ എഴുതിയ ഈ വാക്കു​ക​ളിൽ അതിനുള്ള ഉത്തരമുണ്ട്‌: “ഞാൻ നട്ടു, അപ്പൊ​ല്ലോസ്‌ നനച്ചു. എന്നാൽ ദൈവ​മാ​ണു വളർത്തി​യത്‌. അതു​കൊണ്ട്‌ നടുന്ന​വ​നോ നനയ്‌ക്കു​ന്ന​വ​നോ അല്ല വളർത്തുന്ന ദൈവ​ത്തി​നാ​ണു ബഹുമതി കിട്ടേ​ണ്ടത്‌.” (1 കൊരി. 3:6, 7) പൗലോ​സി​നെ​പ്പോ​ലെ, ശുശ്രൂ​ഷ​യിൽ നമുക്കു കിട്ടുന്ന എല്ലാ നല്ല ഫലങ്ങൾക്കും ഉള്ള മഹത്ത്വം നമ്മൾ യഹോ​വ​യ്‌ക്കു കൊടു​ക്കണം.

17. ദൈവ​ത്തി​ന്റെ​യും ക്രിസ്‌തു​വി​ന്റെ​യും ദൂതന്മാ​രു​ടെ​യും ‘സഹപ്ര​വർത്ത​ക​രാ​യി​രി​ക്കു​ന്നത്‌’ വിലമ​തി​ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം?

17 ദൈവ​ത്തി​ന്റെ​യും ക്രിസ്‌തു​വി​ന്റെ​യും ദൂതന്മാ​രു​ടെ​യും ‘സഹപ്ര​വർത്ത​ക​രാ​യി​രി​ക്കാ​നുള്ള’ പദവി വിലമ​തി​ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം? മറ്റുള്ള​വരെ സന്തോ​ഷ​വാർത്ത അറിയി​ക്കാൻ നമ്മളെ​ക്കൊണ്ട്‌ കഴിയു​ന്ന​തെ​ല്ലാം ചെയ്യു​ന്ന​താണ്‌ അതിനുള്ള ഒരു വിധം. പല രീതി​യിൽ നമുക്ക്‌ അതു ചെയ്യാം. നമുക്കു “പരസ്യ​മാ​യും വീടു​തോ​റും” സാക്ഷീ​ക​രി​ക്കാൻ കഴിയും. (പ്രവൃ. 20:20) അനൗപ​ചാ​രി​ക​സാ​ക്ഷീ​ക​രണം നടത്തു​ന്ന​തും പലർക്കും ഇഷ്ടമാണ്‌. പരിച​യ​മി​ല്ലാത്ത ഒരാളെ കണ്ടാൽ ആദ്യം​തന്നെ അവർ പുഞ്ചി​രി​യോ​ടെ അഭിവാ​ദനം ചെയ്യും, എന്നിട്ട്‌ ഒരു സംഭാ​ഷണം തുടങ്ങാൻ ശ്രമി​ക്കും. ആ വ്യക്തി സംസാ​രി​ക്കാൻ താത്‌പ​ര്യം കാണി​ച്ചാൽ അവർ പതിയെ രാജ്യ​സ​ന്ദേ​ശ​ത്തി​ലേക്കു സംഭാ​ഷണം തിരി​ച്ചു​വി​ടും.

(18-ാം ഖണ്ഡിക കാണുക) *

18-19. (എ) രാജ്യ​വി​ത്തു​കൾ നമ്മൾ എങ്ങനെ​യാ​ണു നനയ്‌ക്കു​ന്നത്‌? (ബി) ഒരു ബൈബിൾവി​ദ്യാർഥി​യെ യഹോവ സഹായി​ച്ച​തി​ന്റെ ഉദാഹ​രണം പറയുക.

18 “ദൈവ​ത്തി​ന്റെ സഹപ്ര​വർത്ത​ക​രായ” നമ്മൾ സത്യത്തി​ന്റെ വിത്തുകൾ നടുക മാത്രമല്ല, നനയ്‌ക്കു​ക​യും വേണം. ഒരാൾ താത്‌പ​ര്യം കാണി​ച്ചാൽ ആ വ്യക്തി​യു​മാ​യി ബൈബിൾപ​ഠനം തുടങ്ങുക എന്ന ലക്ഷ്യത്തിൽ നമ്മൾ പ്രവർത്തി​ക്കണം. ഒന്നുകിൽ നമ്മൾതന്നെ ആ വ്യക്തിയെ വീണ്ടും കാണാൻ എല്ലാ ശ്രമവും ചെയ്യണം. അല്ലെങ്കിൽ ആ വ്യക്തി​യു​മാ​യി ബന്ധപ്പെ​ടാൻ മറ്റൊ​രാ​ളെ ക്രമീ​ക​രി​ക്കണം. പതി​യെ​പ്പ​തി​യെ, ചിന്തയി​ലും മനോ​ഭാ​വ​ത്തി​ലും മാറ്റം വരുത്താൻ ഒരു ബൈബിൾവി​ദ്യാർഥി​യെ യഹോവ സഹായി​ക്കു​ന്നതു കാണു​മ്പോൾ നമുക്കു സന്തോഷം തോന്നും.

19 സൗത്ത്‌ ആഫ്രി​ക്ക​യി​ലെ ഒരു മന്ത്രവാ​ദ​വൈ​ദ്യ​നാ​യി​രുന്ന റാഫല​ലാ​നി​യു​ടെ അനുഭവം നോക്കാം. അദ്ദേഹം ബൈബിൾ പഠിക്കാൻ തുടങ്ങി. പഠിച്ച കാര്യങ്ങൾ അദ്ദേഹ​ത്തിന്‌ ഇഷ്ടമായി. പക്ഷേ മരിച്ചു​പോയ പൂർവി​ക​രോ​ടു സംസാ​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ അദ്ദേഹ​ത്തിന്‌ ഉൾക്കൊ​ള്ളാ​നാ​യില്ല. (ആവ. 18:10-12) എന്നാൽ പതുക്കെ തന്റെ ചിന്തയിൽ മാറ്റം വരുത്താൻ അദ്ദേഹം യഹോ​വയെ അനുവ​ദി​ച്ചു. അങ്ങനെ അദ്ദേഹം തന്റെ ഏക വരുമാ​ന​മാർഗ​മാ​യി​രുന്ന മന്ത്രവാ​ദം ഉപേക്ഷി​ച്ചു. ഇപ്പോൾ 60 വയസ്സുള്ള റാഫല​ലാ​നി പറയുന്നു: “യഹോ​വ​യു​ടെ സാക്ഷി​ക​ളോട്‌ എനിക്ക്‌ ഒത്തിരി നന്ദിയുണ്ട്‌. ജോലി കണ്ടെത്തു​ന്ന​തി​നും മറ്റു പല കാര്യ​ങ്ങ​ളി​ലും അവർ എന്നെ സഹായി​ച്ചു. അതി​ലേറെ, ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താൻ സഹായി​ച്ച​തിന്‌ യഹോ​വ​യോട്‌ എനിക്കു നന്ദിയുണ്ട്‌. ഇപ്പോൾ സ്‌നാ​ന​പ്പെട്ട ഒരു സാക്ഷി​യെന്ന നിലയിൽ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടാൻ എനിക്കു കഴിയു​ന്നു.”

20. എന്തു ചെയ്യാ​നാ​ണു നിങ്ങൾ തീരു​മാ​നി​ച്ചി​രി​ക്കു​ന്നത്‌?

20 ഈ ലേഖന​ത്തിൽ, നമ്മൾ അദൃശ്യ​മായ നാലു നിക്ഷേ​പ​ങ്ങ​ളെ​ക്കു​റിച്ച്‌ പഠിച്ചു. പ്രാർഥി​ക്കാ​നുള്ള പദവി​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​വും ശുശ്രൂ​ഷ​യിൽ ദൈവ​വും ദൈവ​ത്തി​ന്റെ സംഘട​ന​യു​ടെ സ്വർഗീ​യ​ഭാ​ഗ​വും തരുന്ന പിന്തു​ണ​യും അതിൽപ്പെ​ടും. ഇതെല്ലാം സാധ്യ​മാ​ക്കു​ന്ന​തോ? യഹോ​വ​യു​മാ​യുള്ള നമ്മുടെ അടുത്ത സൗഹൃദം! നാലു നിക്ഷേ​പ​ങ്ങ​ളിൽ ഏറ്റവും വലുത്‌ അതാണ്‌. നമ്മൾ പഠിച്ച അദൃശ്യ​മായ ഈ നാലു നിക്ഷേ​പ​ങ്ങ​ളോ​ടും ഉള്ള നമ്മുടെ വിലമ​തിപ്പ്‌ ആഴമു​ള്ള​താ​ക്കാൻ നമുക്ക്‌ ഉറച്ച തീരു​മാ​ന​മെ​ടു​ക്കാം. നമ്മുടെ ഏറ്റവും അടുത്ത സുഹൃ​ത്താ​യി​രി​ക്കു​ന്ന​തിന്‌ യഹോ​വ​യോ​ടു നമുക്ക്‌ എപ്പോ​ഴും നന്ദി പറയാം.

ഗീതം 145 ദൈവം വാഗ്‌ദാ​നം ചെയ്‌ത പറുദീസ

^ ഖ. 5 കഴിഞ്ഞ ലേഖന​ത്തിൽ, ദൈവം നമുക്കു തന്ന കാണാൻ കഴിയുന്ന ചില നിക്ഷേ​പ​ങ്ങ​ളെ​ക്കു​റിച്ച്‌ പഠിച്ചു. നമുക്കു കാണാൻ കഴിയാത്ത ചില നിക്ഷേ​പ​ങ്ങ​ളെ​ക്കു​റി​ച്ചും അതി​നോട്‌ എങ്ങനെ വിലമ​തി​പ്പു കാണി​ക്കാ​മെ​ന്നും ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും. ആ നിക്ഷേ​പങ്ങൾ നമുക്കു തന്ന ദൈവ​മായ യഹോ​വ​യോ​ടുള്ള നമ്മുടെ വിലമ​തി​പ്പു വർധി​പ്പി​ക്കാ​നും ഈ ലേഖനം സഹായി​ക്കും.

^ ഖ. 58 ചിത്രക്കുറിപ്പ്‌: (1) യഹോ​വ​യു​ടെ സൃഷ്ടികൾ കണ്ട്‌ ആസ്വദി​ക്കു​മ്പോൾ ഒരു സഹോ​ദരി യഹോ​വ​യു​മാ​യി തനിക്കുള്ള സൗഹൃ​ദ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നു.

^ ഖ. 60 ചിത്രക്കുറിപ്പ്‌: (2) അതേ സഹോ​ദരി സാക്ഷീ​ക​രി​ക്കാ​നുള്ള സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നു.

^ ഖ. 62 ചിത്രക്കുറിപ്പ്‌: (3) ധൈര്യ​ത്തോ​ടെ അനൗപ​ചാ​രി​ക​മാ​യി സാക്ഷീ​ക​രി​ക്കാൻ പരിശു​ദ്ധാ​ത്മാവ്‌ സഹോ​ദ​രി​യെ സഹായി​ക്കു​ന്നു.

^ ഖ. 64 ചിത്രക്കുറിപ്പ്‌: (4) അനൗപ​ചാ​രി​ക​മാ​യി സാക്ഷീ​ക​രിച്ച വ്യക്തി​യു​മാ​യി സഹോ​ദരി ബൈബിൾപ​ഠനം നടത്തുന്നു. ദൂതന്മാ​രു​ടെ സഹായ​ത്തോ​ടെ സഹോ​ദരി പ്രസംഗ-ശിഷ്യ​രാ​ക്കൽ വേല ചെയ്യുന്നു.