വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

ഗലാത്യർ 5:22, 23-ലെ ഗുണങ്ങൾ മാത്ര​മാ​ണോ ‘ദൈവാ​ത്മാ​വി​ന്റെ ഫലത്തിൽ’ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

ആ വാക്യ​ങ്ങ​ളിൽ ഒൻപതു ഗുണങ്ങൾ കാണാം: “ദൈവാ​ത്മാ​വി​ന്റെ ഫലം സ്‌നേഹം, സന്തോഷം, സമാധാ​നം, ക്ഷമ, ദയ, നന്മ, വിശ്വാ​സം, സൗമ്യത, ആത്മനി​യ​ന്ത്രണം.” എങ്കിലും ഇത്രയും ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാ​നേ ദൈവാ​ത്മാ​വി​നു നമ്മളെ സഹായി​ക്കാൻ കഴിയൂ എന്നു ചിന്തി​ക്ക​രുത്‌.

ഇതിനു മുമ്പുള്ള വാക്യ​ങ്ങ​ളിൽ പൗലോസ്‌ അപ്പോ​സ്‌തലൻ എന്താണു പറയു​ന്ന​തെന്നു നോക്കുക: “ജഡത്തിന്റെ പ്രവൃ​ത്തി​കൾ . . . ലൈം​ഗിക അധാർമി​കത, അശുദ്ധി, ധിക്കാ​ര​ത്തോ​ടെ​യുള്ള പെരു​മാ​റ്റം, വിഗ്ര​ഹാ​രാ​ധന, ഭൂതവി​ദ്യ, ശത്രുത, വഴക്ക്‌, അസൂയ, ക്രോധം, അഭി​പ്രാ​യ​ഭി​ന്നത, ചേരി​തി​രിവ്‌, വിഭാ​ഗീ​യത, മത്സരം, മുഴു​ക്കു​ടി, വന്യമായ ആഘോ​ഷങ്ങൾ എന്നിവ​യും ഇതു​പോ​ലുള്ള മറ്റു കാര്യ​ങ്ങ​ളും” ആണ്‌. (ഗലാ. 5:19-21) അതിന്റെ അർഥം, ‘ജഡത്തിന്റെ പ്രവൃ​ത്തി​ക​ളു​ടെ’ ഭാഗമാ​യി പൗലോ​സി​നു പറയാൻ കഴിയുന്ന മറ്റു കാര്യ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു എന്നാണ്‌. ഉദാഹ​ര​ണ​ത്തിന്‌, കൊ​ലോ​സ്യർ 3:5-ൽ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലുള്ള കാര്യങ്ങൾ. സമാന​മാ​യി, ഒൻപതു നല്ല ഗുണങ്ങൾ പട്ടിക​പ്പെ​ടു​ത്തി​യ​തി​നു ശേഷം പൗലോസ്‌ ഇങ്ങനെ എഴുതി: “ഇവയ്‌ക്ക്‌ എതിരു​നിൽക്കുന്ന ഒരു നിയമ​വു​മില്ല.” ഗ്രീക്ക്‌ ഭാഷയിൽ, “ഇവയ്‌ക്ക്‌” എന്നതിനെ “ഇങ്ങനെ​യുള്ള കാര്യ​ങ്ങൾക്ക്‌” എന്നും പരിഭാ​ഷ​പ്പെ​ടു​ത്താം. അതു​കൊണ്ട്‌ പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​ത്തോ​ടെ നമുക്കു വളർത്തി​യെ​ടു​ക്കാൻ കഴിയുന്ന എല്ലാ ഗുണങ്ങ​ളും പൗലോസ്‌ ഇവിടെ ഉൾപ്പെ​ടു​ത്തി​യി​ട്ടില്ല.

ദൈവാ​ത്മാ​വി​ന്റെ ഫലത്തെ, പൗലോസ്‌ എഫെ​സൊ​സി​ലെ സഭയ്‌ക്ക്‌ എഴുതിയ ‘വെളി​ച്ച​ത്തി​ന്റെ ഫലവു​മാ​യി’ താരത​മ്യം ചെയ്‌താൽ ഇതു കൂടുതൽ വ്യക്തമാ​കും. പൗലോസ്‌ ഇങ്ങനെ എഴുതി: “വെളി​ച്ച​ത്തി​ന്റെ ഫലമാ​ണ​ല്ലോ എല്ലാ തരം നന്മയും നീതി​യും സത്യവും.” (എഫെ. 5:8, 9) ഇവിടെ ‘നീതി,’ ‘സത്യം’ എന്നീ ഗുണങ്ങ​ളോ​ടൊ​പ്പം വെളി​ച്ച​ത്തി​ന്റെ ഫലത്തിന്റെ ഭാഗമാ​യി പറഞ്ഞി​രി​ക്കുന്ന ‘നന്മ’ എന്ന ഗുണം ദൈവാ​ത്മാ​വി​ന്റെ ഫലത്തിന്റെ ഭാഗവു​മാണ്‌. അങ്ങനെ​യെ​ങ്കിൽ, ഈ വാക്യ​ത്തിൽ നന്മയോ​ടൊ​പ്പം കൊടു​ത്തി​രി​ക്കുന്ന ‘നീതി,’ ‘സത്യം’ എന്നീ ഗുണങ്ങ​ളെ​യും ദൈവാ​ത്മാ​വി​ന്റെ ഫലത്തിന്റെ ഭാഗമാ​യി കണക്കാ​ക്കാ​വു​ന്ന​തല്ലേ?

അതു​പോ​ലെ, പൗലോസ്‌ തിമൊ​ഥെ​യൊ​സി​നെ, “നീതി, ദൈവ​ഭക്തി, വിശ്വാ​സം, സ്‌നേഹം, സഹനശക്തി, സൗമ്യത” എന്നീ ആറു സദ്‌ഗു​ണങ്ങൾ വളർത്തി​യെ​ടു​ക്കാൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (1 തിമൊ. 6:11) അതിൽ വിശ്വാ​സം, സ്‌നേഹം, സൗമ്യത എന്നീ ഗുണങ്ങൾ മാത്രമേ ദൈവാ​ത്മാ​വി​ന്റെ ഫലത്തിന്റെ ഭാഗമാ​യി​ട്ടു​ള്ളൂ. എങ്കിലും മറ്റു മൂന്നു ഗുണങ്ങ​ളായ നീതി, ദൈവ​ഭക്തി, സഹനശക്തി എന്നിവ വളർത്തി​യെ​ടു​ക്കാ​നും തിമൊ​ഥെ​യൊ​സി​നു ദൈവാ​ത്മാ​വി​ന്റെ സഹായം ആവശ്യ​മാ​യി​രു​ന്നു.​—കൊ​ലോ​സ്യർ 3:12; 2 പത്രോസ്‌ 1:5-7 താരത​മ്യം ചെയ്യുക.

അതു​കൊണ്ട്‌, ക്രിസ്‌ത്യാ​നി​കൾ വളർത്തി​യെ​ടു​ക്കേണ്ട എല്ലാ ഗുണങ്ങ​ളും പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഭാഗമാ​ണു ഗലാത്യർ 5:22, 23 എന്നു ചിന്തി​ക്കേ​ണ്ട​തില്ല. ‘ദൈവാ​ത്മാ​വി​ന്റെ ഫലത്തിന്റെ’ ഒൻപതു വശങ്ങൾ വളർത്തി​യെ​ടു​ക്കാൻ ദൈവാ​ത്മാവ്‌ നമ്മളെ സഹായി​ക്കു​ക​തന്നെ ചെയ്യും. എന്നാൽ ക്രിസ്‌തീ​യ​പ​ക്വ​ത​യി​ലേക്കു വളരാ​നും ‘ശരിയായ നീതി​ക്കും വിശ്വ​സ്‌ത​ത​യ്‌ക്കും ചേർച്ച​യിൽ ദൈവ​ത്തി​ന്റെ ഇഷ്ടമനു​സ​രിച്ച്‌ സൃഷ്ടി​ച്ചി​രി​ക്കുന്ന പുതിയ വ്യക്തി​ത്വം ധരിക്കാ​നും’ ശ്രമി​ക്കു​മ്പോൾ നമ്മൾ വളർത്തി​യെ​ടു​ക്കേണ്ട മറ്റു ഗുണങ്ങ​ളു​മുണ്ട്‌. അതിനും ദൈവാ​ത്മാവ്‌ സഹായി​ക്കും.​—എഫെ. 4:24.