വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 45

ക്രിസ്‌തു​വി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കാൻ മറ്റുള്ള​വരെ എങ്ങനെ സഹായി​ക്കാം?

ക്രിസ്‌തു​വി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കാൻ മറ്റുള്ള​വരെ എങ്ങനെ സഹായി​ക്കാം?

“അതു​കൊണ്ട്‌ നിങ്ങൾ പോയി . . . ആളുകളെ ശിഷ്യ​രാ​ക്കു​ക​യും . . . ഞാൻ നിങ്ങ​ളോട്‌ കല്‌പി​ച്ച​തെ​ല്ലാം അനുസ​രി​ക്കാൻ അവരെ പഠിപ്പി​ക്കു​ക​യും വേണം.”—മത്താ. 28:19, 20.

ഗീതം 89 ശ്രദ്ധിക്കാം, അനുസ​രി​ക്കാം, അനു​ഗ്രഹം നേടാം

പൂർവാവലോകനം *

1. മത്തായി 28:18-20 അനുസ​രിച്ച്‌ യേശു ശിഷ്യ​ന്മാർക്ക്‌ എന്ത്‌ കല്‌പന കൊടു​ത്തു?

ഉയിർപ്പി​ക്ക​പ്പെ​ട്ട​ശേഷം യേശു ഗലീല​യിൽ കൂടിവന്ന തന്റെ ശിഷ്യ​ന്മാർക്ക്‌ പ്രത്യ​ക്ഷ​നാ​യി. യേശു​വിന്‌ അവരോട്‌ പ്രധാ​ന​പ്പെട്ട ഒരു കാര്യം പറയാ​നു​ണ്ടാ​യി​രു​ന്നു. എന്തായി​രു​ന്നു അത്‌? യേശു​വി​ന്റെ വാക്കുകൾ മത്തായി 28:18-20-ൽ (വായി​ക്കുക) രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.

2. നമ്മൾ ഏതു ചോദ്യ​ങ്ങൾ ചർച്ച ചെയ്യും?

2 ആളുകളെ ശിഷ്യ​രാ​ക്കാ​നുള്ള യേശു​വി​ന്റെ കല്‌പന ഇക്കാലത്തെ ഓരോ ദൈവ​ദാ​സ​നും അനുസ​രി​ക്കേ​ണ്ട​താണ്‌. അതു​കൊണ്ട്‌ യേശു തന്ന നിയമ​ന​ത്തോട്‌ ബന്ധപ്പെട്ട മൂന്ന്‌ ചോദ്യ​ങ്ങൾ നമുക്ക്‌ ചിന്തി​ക്കാം. ഒന്ന്‌, പുതിയ ശിഷ്യരെ ദൈവ​ത്തി​ന്റെ വ്യവസ്ഥ​ക​ളും നിബന്ധ​ന​ക​ളും പഠിപ്പി​ക്കു​ന്ന​തോ​ടൊ​പ്പം നമ്മൾ എന്തുകൂ​ടെ ചെയ്യണം? രണ്ട്‌, ബൈബിൾവി​ദ്യാർഥി​കളെ ആത്മീയ​മാ​യി പുരോ​ഗ​മി​ക്കാൻ സഭയിലെ എല്ലാ പ്രചാ​ര​കർക്കും എങ്ങനെ സഹായി​ക്കാം? മൂന്ന്‌, ആളുകളെ ശിഷ്യ​രാ​ക്കുന്ന വേല വീണ്ടും തുടങ്ങാൻ നിഷ്‌ക്രി​യ​രായ സഹവി​ശ്വാ​സി​കളെ നമുക്ക്‌ എങ്ങനെ സഹായി​ക്കാം?

ക്രിസ്‌തു​വി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കാൻ പഠിപ്പി​ക്കു​ക

3. യേശു കൊടുത്ത കല്‌പ​ന​യിൽ ഏതു പ്രത്യേ​ക​നിർദേശം കൂടി​യു​ണ്ടാ​യി​രു​ന്നു?

3 യേശു​വി​ന്റെ നിർദേ​ശങ്ങൾ വളരെ വ്യക്തമാണ്‌. യേശു​വി​ന്റെ കല്‌പ​നകൾ എന്താ​ണെന്ന്‌ നമ്മൾ ആളുകളെ പഠിപ്പി​ക്കണം. എന്നാൽ യേശു പറഞ്ഞത്‌ ഒന്ന്‌ അടുത്ത്‌ ശ്രദ്ധി​ക്കുക. ‘ഞാൻ നിങ്ങ​ളോട്‌ കല്‌പി​ച്ച​തെ​ല്ലാം അവരെ പഠിപ്പി​ക്കുക’ എന്നല്ല, “ഞാൻ നിങ്ങ​ളോ​ടു കല്‌പി​ച്ച​തെ​ല്ലാം അനുസ​രി​ക്കാൻ അവരെ പഠിപ്പി​ക്കുക” എന്നാണ്‌ യേശു പറഞ്ഞത്‌. അതിന്‌ നമ്മൾ, എന്തു ചെയ്യണം എന്ന്‌ ഒരു ബൈബിൾവി​ദ്യാർഥിക്ക്‌ പറഞ്ഞു​കൊ​ടു​ത്താൽ മാത്രം പോരാ, എങ്ങനെ ചെയ്യണം എന്ന്‌ കാണി​ച്ചു​കൊ​ടു​ക്കു​ക​യും വേണം. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌?

4. യേശു​വി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കാൻ എങ്ങനെ ഒരു ബൈബിൾവി​ദ്യാർഥി​യെ പഠിപ്പി​ക്കാ​മെന്ന്‌ മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന ഒരു ഉദാഹ​രണം പറയുക.

4 യേശു​വി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കാൻ നമുക്ക്‌ എങ്ങനെ ഒരു ബൈബിൾവി​ദ്യാർഥി​യെ പഠിപ്പി​ക്കാം? അത്‌ മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന ഒരു ഉദാഹ​രണം നോക്കാം. ഒരു ഡ്രൈ​വിങ്‌ സ്‌കൂൾ അധ്യാ​പകൻ വിദ്യാർഥി​കളെ എങ്ങനെ​യാണ്‌ ഗതാഗ​ത​നി​യ​മങ്ങൾ പാലി​ക്കാൻ പഠിപ്പി​ക്കു​ന്നത്‌? റോഡിൽ പാലി​ക്കേണ്ട നിയമ​ങ്ങ​ളെ​ക്കു​റിച്ച്‌ അദ്ദേഹം ആദ്യം​തന്നെ ക്ലാസ്‌റൂ​മിൽവെച്ച്‌ പറഞ്ഞു​കൊ​ടു​ക്കും. ആ നിയമങ്ങൾ എങ്ങനെ​യാണ്‌ അനുസ​രി​ക്കേ​ണ്ട​തെന്നു പഠിപ്പി​ക്കാൻ അദ്ദേഹം മറ്റൊരു കാര്യം​കൂ​ടി ചെയ്യും. വിദ്യാർഥി വണ്ടി ഓടി​ക്കു​മ്പോൾ അദ്ദേഹം കൂടെ​യി​രുന്ന്‌, പഠിച്ച കാര്യ​ങ്ങൾക്ക​നു​സ​രിച്ച്‌ എങ്ങനെ വണ്ടി ഓടി​ക്കാം എന്ന്‌ കാണി​ച്ചു​കൊ​ടു​ക്കും. ഈ ദൃഷ്ടാ​ന്ത​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

5. (എ) യോഹ​ന്നാൻ 14:15-ഉം 1 യോഹ​ന്നാൻ 2:3-ഉം അനുസ​രിച്ച്‌ ബൈബിൾവി​ദ്യാർഥി​കളെ എന്തു ചെയ്യാൻ നമ്മൾ പഠിപ്പി​ക്കണം? (ബി) ബൈബിൾത​ത്ത്വ​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്ന​തി​നു നമുക്ക്‌ എങ്ങനെ വിദ്യാർഥി​യെ സഹായി​ക്കാം?

5 ബൈബിൾപ​ഠനം നടത്തു​മ്പോൾ ദൈവ​ത്തി​ന്റെ വ്യവസ്ഥ​ക​ളും നിബന്ധ​ന​ക​ളും എന്താ​ണെന്ന്‌ നമ്മൾ വിദ്യാർഥി​കളെ പഠിപ്പി​ക്കും. എന്നാൽ അതുമാ​ത്രം പോരാ, പഠിച്ച കാര്യ​ങ്ങൾക്കു ചേർച്ച​യിൽ എങ്ങനെ പ്രവർത്തി​ക്കാ​മെ​ന്നും അവരെ നമ്മൾ പഠിപ്പി​ക്കണം. (യോഹ​ന്നാൻ 14:15; 1 യോഹ​ന്നാൻ 2:3 വായി​ക്കുക.) സ്‌കൂ​ളി​ലും ജോലി​സ്ഥ​ല​ത്തും വിനോ​ദ​ങ്ങ​ളിൽ ഏർപ്പെ​ടു​മ്പോ​ഴും ബൈബിൾത​ത്ത്വ​ങ്ങൾക്ക്‌ ചേർച്ച​യിൽ എങ്ങനെ പ്രവർത്തി​ക്കാൻ കഴിയു​മെന്നു മനസ്സി​ലാ​ക്കാൻ നമ്മുടെ മാതൃ​ക​യി​ലൂ​ടെ നമുക്ക്‌ അവരെ സഹായി​ക്കാം. നമ്മുടെ സ്വന്തം അനുഭ​വങ്ങൾ നമുക്ക്‌ അവരോട്‌ പങ്കു​വെ​ക്കാം. ബൈബി​ളി​ന്റെ നിർദേ​ശങ്ങൾ അനുസ​രി​ച്ചത്‌ അപകട​ങ്ങ​ളിൽനിന്ന്‌ നമ്മളെ എങ്ങനെ​യാണ്‌ സംരക്ഷി​ച്ച​തെ​ന്നോ നല്ലൊരു തീരു​മാ​ന​മെ​ടു​ക്കാൻ അത്‌ എങ്ങനെ​യാണ്‌ സഹായി​ച്ച​തെ​ന്നോ നമുക്ക്‌ അവരോ​ടു പറയാം. വിദ്യാർഥി​ക​ളു​ടെ സാന്നി​ധ്യ​ത്തിൽ പ്രാർഥി​ക്കു​മ്പോൾ പരിശു​ദ്ധാ​ത്മാ​വി​നെ കൊടു​ത്തു​കൊണ്ട്‌ അവരെ ശരിയായ വഴിയി​ലൂ​ടെ നയി​ക്കേ​ണമേ എന്ന്‌ നമുക്ക്‌ യഹോ​വ​യോട്‌ അപേക്ഷി​ക്കാം.—യോഹ. 16:13.

6. യേശു​വി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കാൻ മറ്റുള്ള​വരെ പഠിപ്പി​ക്കു​ന്ന​തിൽ വേറെ എന്തുകൂ​ടെ ഉൾപ്പെ​ടു​ന്നു?

6 യേശു​വി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കാൻ വിദ്യാർഥി​കളെ പഠിപ്പി​ക്കു​ന്ന​തിൽ മറ്റെന്തു​കൂ​ടെ ഉൾപ്പെ​ട്ടി​ട്ടുണ്ട്‌? ആളുകളെ ശിഷ്യ​രാ​ക്കാ​നുള്ള ആഗ്രഹം തോന്നാ​നും അത്‌ ശക്തമാ​ക്കാ​നും നമ്മൾ ബൈബിൾവി​ദ്യാർഥി​കളെ സഹായി​ക്കണം. ചില വിദ്യാർഥി​കൾക്ക്‌ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടുന്ന കാര്യം ഓർക്കു​മ്പോൾത്തന്നെ പേടി​യാ​യി​രി​ക്കും. അതു​കൊണ്ട്‌ നമ്മൾ ക്ഷമയു​ള്ള​വ​രാ​യി​രി​ക്കു​ക​യും ബൈബിൾസ​ത്യ​ങ്ങ​ളി​ലുള്ള അവരുടെ ബോധ്യം കൂടുതൽ ശക്തമാ​ക്കാൻ അവരെ സഹായി​ക്കു​ക​യും വേണം. അപ്പോൾ പഠിക്കുന്ന കാര്യങ്ങൾ അവരുടെ ഹൃദയ​ത്തിൽ എത്തുക​യും അവരെ പ്രവർത്ത​ന​ത്തിന്‌ പ്രചോ​ദി​പ്പി​ക്കു​ക​യും ചെയ്യും. സന്തോ​ഷ​വാർത്ത മറ്റുള്ള​വരെ അറിയി​ക്കാ​നുള്ള ആഗ്രഹം വിദ്യാർഥിക്ക്‌ തോന്നി​ത്തു​ട​ങ്ങാൻ നമുക്ക്‌ എന്തു ചെയ്യാം?

7. സന്തോ​ഷ​വാർത്ത മറ്റുള്ള​വരെ അറിയി​ക്കാ​നുള്ള ആഗ്രഹം വിദ്യാർഥിക്ക്‌ തോന്നി​ത്തു​ട​ങ്ങാൻ നമുക്ക്‌ എങ്ങനെ സഹായി​ക്കാം?

7 വിദ്യാർഥി​യോട്‌ നമുക്ക്‌ ഇങ്ങനെ ചില ചോദ്യ​ങ്ങൾ ചോദി​ക്കാം: ‘ബൈബിൾസ​ത്യം നിങ്ങളു​ടെ ജീവി​ത​ത്തിൽ എങ്ങനെ​യാണ്‌ പ്രയോ​ജനം ചെയ്‌തത്‌? മറ്റുള്ളവർ ഈ സത്യം അറിയ​ണ​മെന്ന്‌ നിങ്ങൾക്ക്‌ തോന്നു​ന്നു​ണ്ടോ? അവരെ സഹായി​ക്കാൻ നിങ്ങൾക്ക്‌ എന്ത്‌ ചെയ്യാൻ കഴിയും?’ (സുഭാ. 3:27; മത്താ. 9:37, 38) നമ്മുടെ പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളി​ലെ ലഘു​ലേ​ഖകൾ അദ്ദേഹത്തെ കാണി​ക്കുക. അതിൽ ഏതായി​രി​ക്കും അദ്ദേഹ​ത്തി​ന്റെ ബന്ധുക്കൾക്കോ കൂട്ടു​കാർക്കോ കൂടെ ജോലി ചെയ്യു​ന്ന​വർക്കോ കൂടുതൽ താത്‌പ​ര്യം തോന്നി​യേ​ക്കാ​വു​ന്നത്‌ എന്ന്‌ അദ്ദേഹ​ത്തോട്‌ ചോദി​ക്കുക. ആ ലഘു​ലേ​ഖ​ക​ളിൽ കുറച്ച്‌ വിദ്യാർഥിക്ക്‌ കൊടു​ക്കുക. നയത്തോ​ടെ എങ്ങനെ ഒരാൾക്ക്‌ ആ ലഘുലേഖ പരിച​യ​പ്പെ​ടു​ത്താ​മെന്ന്‌ അദ്ദേഹ​ത്തി​ന്റെ കൂടെ​യി​രുന്ന്‌ പരിശീ​ലി​ക്കുക. പിന്നീട്‌ നമ്മുടെ വിദ്യാർഥി സ്‌നാ​ന​മേൽക്കാത്ത പ്രചാ​ര​ക​നാ​യി യോഗ്യത നേടി​ക്ക​ഴി​യു​മ്പോൾ അദ്ദേഹത്തെ സഹായി​ച്ചു​കൊണ്ട്‌ നമ്മൾ അദ്ദേഹ​ത്തി​ന്റെ കൂടെ​യു​ണ്ടാ​യി​രി​ക്കണം.—സഭാ. 4:9, 10; ലൂക്കോ. 6:40.

സഭയ്‌ക്ക്‌ എങ്ങനെ ബൈബിൾവി​ദ്യാർഥി​കളെ സഹായി​ക്കാം?

8. ദൈവ​ത്തോ​ടും അയൽക്കാ​ര​നോ​ടും നമ്മുടെ വിദ്യാർഥി​കൾ ആഴമായ സ്‌നേഹം വളർത്തി​യെ​ടു​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം എന്താണ്‌? (“ ദൈവ​ത്തോ​ടുള്ള ബൈബിൾവി​ദ്യാർഥി​ക​ളു​ടെ സ്‌നേഹം ആഴമു​ള്ള​താ​ക്കാൻ എന്തു ചെയ്യാം?” എന്ന ചതുരം കാണുക.)

8 താൻ ‘കല്‌പി​ച്ചത്‌ എല്ലാം അനുസ​രി​ക്കാൻ’ മറ്റുള്ള​വരെ പഠിപ്പി​ക്കാ​നാണ്‌ യേശു നമ്മളോട്‌ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌. ദൈവത്തെ സ്‌നേ​ഹി​ക്കാ​നും അയൽക്കാ​രനെ സ്‌നേ​ഹി​ക്കാ​നും ഉള്ള ഏറ്റവും വലിയ രണ്ടു കല്‌പ​നകൾ അതിൽ ഉൾപ്പെ​ടു​ന്നു എന്നതിനു സംശയ​മില്ല. ഈ രണ്ട്‌ കല്‌പ​ന​കൾക്കും പ്രസംഗ-ശിഷ്യ​രാ​ക്കൽ വേലയു​മാ​യി അടുത്ത ബന്ധമുണ്ട്‌. (മത്താ. 22:37-39) അത്‌ എങ്ങനെ​യാണ്‌? പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടാൻ ഒരാളെ പ്രേരി​പ്പി​ക്കുന്ന പ്രധാ​ന​ഘ​ടകം സ്‌നേ​ഹ​മാണ്‌, ദൈവ​ത്തോ​ടും അയൽക്കാ​ര​നോ​ടും ഉള്ള സ്‌നേഹം. സ്വാഭാ​വി​ക​മാ​യും ചില ബൈബിൾവി​ദ്യാർഥി​കൾക്കു പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ പേടി തോന്നി​യേ​ക്കാം. എന്നാൽ യഹോ​വ​യു​ടെ സഹായ​ത്താൽ പതി​യെ​പ്പ​തി​യെ മനുഷ്യ​രോ​ടുള്ള ഭയം മറിക​ട​ക്കാൻ കഴിയു​മെന്നു നമ്മൾ വിദ്യാർഥി​കൾക്ക്‌ ഉറപ്പു കൊടു​ക്കണം. (സങ്കീ. 18:1-3; സദൃ. 29:25) ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​ത്തിൽ വളരാൻ വിദ്യാർഥി​യെ സഹായി​ക്കു​ന്ന​തിന്‌ നമുക്ക്‌ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഈ ലേഖന​ത്തോ​ടൊ​പ്പ​മുള്ള ചതുര​ത്തിൽ കൊടു​ത്തി​ട്ടുണ്ട്‌. ദൈവ​ത്തോ​ടും മറ്റുള്ള​വ​രോ​ടും ഉള്ള സ്‌നേ​ഹ​ത്തിൽ വളരാൻ സഭയിലെ സഹോ​ദ​ര​ങ്ങൾക്ക്‌ പുതിയ ശിഷ്യരെ എങ്ങനെ സഹായി​ക്കാം?

9. ഡ്രൈ​വിങ്‌ പഠിക്കുന്ന ഒരു വിദ്യാർഥി ഏതെല്ലാം വിധങ്ങ​ളി​ലാണ്‌ പ്രധാ​ന​പ്പെട്ട ചില പാഠങ്ങൾ പഠിക്കു​ന്നത്‌?

9 ഡ്രൈ​വിങ്‌ പഠിക്കുന്ന വിദ്യാർഥി​യു​ടെ ഉദാഹ​രണം ഒന്നുകൂ​ടി ചിന്തി​ക്കാം. അധ്യാ​പ​കന്റെ കൂടെ​യി​രുന്ന്‌ റോഡി​ലൂ​ടെ വണ്ടി ഓടി​ക്കു​മ്പോൾ ഏതെല്ലാം വിധങ്ങ​ളി​ലാണ്‌ വിദ്യാർഥി പഠിക്കു​ന്നത്‌? അധ്യാ​പകൻ പറയു​ന്നത്‌ ശ്രദ്ധി​ച്ചു​കൊ​ണ്ടും ശ്രദ്ധ​യോ​ടെ വണ്ടി ഓടി​ക്കുന്ന മറ്റുള്ള​വരെ നിരീ​ക്ഷി​ച്ചു​കൊ​ണ്ടും. ഉദാഹ​ര​ണ​ത്തിന്‌, ഒരു ഡ്രൈവർ തന്റെ വാഹന​ത്തി​നു പിന്നിൽ വരുന്ന മറ്റൊരു വാഹനത്തെ മുന്നിൽ കയറാൻ അനുവ​ദി​ക്കു​ന്നു. ഇനി, മറ്റു ഡ്രൈ​വർമാർക്കു ബുദ്ധി​മുട്ട്‌ ഉണ്ടാക്കാ​തി​രി​ക്കാൻ ഒരു ഡ്രൈവർ തന്റെ കാറിന്റെ ലൈറ്റ്‌ ഡിം ആക്കുന്നു. ഇങ്ങനെ ദയയും മര്യാ​ദ​യും ഒക്കെ കാണി​ക്കുന്ന ഡ്രൈ​വർമാ​രെ അധ്യാ​പകൻ വിദ്യാർഥിക്ക്‌ കാണി​ച്ചു​കൊ​ടു​ക്കും. വണ്ടി ഓടി​ക്കു​മ്പോൾ ശ്രദ്ധി​ക്കേണ്ട ചില പ്രധാ​ന​പ്പെട്ട പാഠങ്ങൾ പഠിക്കാൻ ഇതെല്ലാം വിദ്യാർഥി​യെ സഹായി​ക്കും.

10. ആത്മീയ​പു​രോ​ഗതി വരുത്താൻ ഒരു ബൈബിൾവി​ദ്യാർഥി​യെ എന്ത്‌ സഹായി​ക്കും?

10 സമാന​മാ​യി, ജീവനി​ലേ​ക്കുള്ള വഴിയിൽ യാത്ര ചെയ്‌തു​തു​ട​ങ്ങുന്ന ഒരു ബൈബിൾവി​ദ്യാർഥിക്ക്‌ തന്റെ അധ്യാ​പ​ക​നിൽനിന്ന്‌ മാത്രമല്ല, യഹോ​വ​യു​ടെ മറ്റ്‌ ദാസരു​ടെ നല്ല മാതൃ​ക​യിൽനി​ന്നും പലതും പഠിക്കാൻ കഴിയും. അങ്ങനെ​യെ​ങ്കിൽ നല്ല ആത്മീയ​പു​രോ​ഗതി വരുത്താൻ ബൈബിൾവി​ദ്യാർഥി​കൾ എന്തു ചെയ്യണം? നമ്മുടെ ക്രിസ്‌തീ​യ​യോ​ഗ​ങ്ങൾക്ക്‌ വരണം. എന്തു​കൊണ്ട്‌? അവിടെ പഠിക്കുന്ന കാര്യങ്ങൾ അവരുടെ അറിവ്‌ വർധി​പ്പി​ക്കും, വിശ്വാ​സം ശക്തമാ​ക്കും, അവർക്ക്‌ ദൈവ​ത്തോ​ടുള്ള സ്‌നേഹം വളരാൻ അത്‌ സഹായി​ക്കും. (പ്രവൃ. 15:30-32) കൂടാതെ വിദ്യാർഥി​യു​ടേ​തി​നു സമാന​മായ സാഹച​ര്യ​ങ്ങ​ളുള്ള സഹോ​ദ​ര​ങ്ങളെ അധ്യാ​പ​കന്‌ വിദ്യാർഥിക്ക്‌ പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാൻ കഴിയും. ആ സഹോ​ദ​ര​ങ്ങ​ളു​ടെ മാതൃക വിദ്യാർഥി​യെ എങ്ങനെ സഹായി​ച്ചേ​ക്കും? ചില ഉദാഹ​ര​ണങ്ങൾ നോക്കാം.

11. സഭയിൽ ആരു​ടെ​യെ​ല്ലാം മാതൃ​കകൾ ഒരു വിദ്യാർഥി ശ്രദ്ധി​ച്ചേ​ക്കാം, അത്‌ വിദ്യാർഥി​യെ എങ്ങനെ സ്വാധീ​നി​ച്ചേ​ക്കാം?

11 നിങ്ങളു​ടെ ബൈബിൾവി​ദ്യാർഥി ഒറ്റയ്‌ക്കുള്ള ഒരു മാതാ​വാ​ണെന്ന്‌ കരുതുക. മീറ്റി​ങ്ങു​കൾക്ക്‌ വരു​മ്പോൾ അതേ​പോ​ലെ​യുള്ള ഒരു സഹോ​ദ​രി​യെ അവർ കാണുന്നു. കൊച്ചു​കു​ട്ടി​ക​ളെ​യും കൂട്ടി മീറ്റി​ങ്ങു​കൾക്കു വരാൻ ആ സഹോ​ദരി എത്രമാ​ത്രം കഷ്ടപ്പെ​ടു​ന്നു​ണ്ടെന്ന്‌ കാണു​മ്പോൾ അത്‌ ആ വിദ്യാർഥി​യു​ടെ ഹൃദയത്തെ സ്‌പർശി​ക്കും. പുകവലി നിറു​ത്താൻ പാടു​പെ​ടുന്ന ഒരു വിദ്യാർഥി അതേ ദുശ്ശീ​ല​മു​ണ്ടാ​യി​രുന്ന ഒരു പ്രചാ​ര​കനെ പരിച​യ​പ്പെ​ടു​ന്നു. യഹോ​വ​യോ​ടുള്ള സ്‌നേഹം വളർത്തി​യത്‌ തന്റെ ദുശ്ശീലം മറിക​ട​ക്കാ​നും യഹോ​വ​യു​ടെ കല്‌പ​നകൾ അനുസ​രി​ക്കാ​നും തന്നെ എങ്ങനെ​യാണ്‌ പ്രചോ​ദി​പ്പി​ച്ച​തെന്ന്‌ പ്രചാ​രകൻ വിദ്യാർഥിക്ക്‌ പറഞ്ഞു​കൊ​ടു​ക്കു​ന്നു. (2 കൊരി. 7:1; ഫിലി. 4:13) പ്രചാ​രകൻ തന്റെ അനുഭവം വിവരി​ച്ചിട്ട്‌ “നിങ്ങൾക്കും ഇത്‌ നിറു​ത്താൻ സാധി​ക്കും” എന്നു പറയു​മ്പോൾ വിദ്യാർഥിക്ക്‌ ആത്മവി​ശ്വാ​സം തോന്നും. ബൈബിൾ പഠിക്കുന്ന കൗമാ​ര​പ്രാ​യ​ത്തി​ലുള്ള ഒരു പെൺകു​ട്ടി, യഹോ​വ​യു​ടെ സാക്ഷി​യാ​യുള്ള ജീവിതം ആസ്വദി​ക്കുന്ന തന്റെ അതേ പ്രായ​ത്തി​ലുള്ള ഒരു സഹോ​ദ​രി​യെ കാണുന്നു. സഹോ​ദ​രിക്ക്‌ എങ്ങനെ​യാണ്‌ എപ്പോ​ഴും സന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്ന്‌ അറിയാൻ വിദ്യാർഥിക്ക്‌ ആഗ്രഹം തോന്നു​ന്നു.

12. ബൈബിൾവി​ദ്യാർഥി​കളെ സഹായി​ക്കാൻ സഭയിലെ ഓരോ വ്യക്തി​ക്കും എന്തെങ്കി​ലു​മൊ​ക്കെ ചെയ്യാൻ കഴിയും എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

12 വിശ്വ​സ്‌ത​രായ പലപല പ്രചാ​ര​കരെ പരിച​യ​പ്പെ​ടു​മ്പോൾ ദൈവ​ത്തെ​യും അയൽക്കാ​ര​നെ​യും സ്‌നേ​ഹി​ക്കാ​നുള്ള ക്രിസ്‌തു​വി​ന്റെ കല്‌പന എങ്ങനെ അനുസ​രി​ക്കാ​മെന്ന്‌ അവരുടെ മാതൃ​ക​ക​ളിൽനിന്ന്‌ വിദ്യാർഥിക്ക്‌ പഠിക്കാ​നാ​കും. (യോഹ. 13:35; 1 തിമൊ. 4:12) ഇനി നേരത്തേ കണ്ടതു​പോ​ലെ, താൻ നേരി​ടു​ന്ന​തു​പോ​ലുള്ള പ്രശ്‌നങ്ങൾ നേരി​ടുന്ന പ്രചാ​ര​ക​രിൽനി​ന്നും ഒരു ബൈബിൾവി​ദ്യാർഥിക്ക്‌ പലതും മനസ്സി​ലാ​ക്കാ​നാ​കും. ക്രിസ്‌തു​വി​ന്റെ ഒരു ശിഷ്യ​നാ​കാൻ താൻ വരുത്തേണ്ട മാറ്റങ്ങൾ തന്റെ എത്തുപാ​ടിന്‌ അപ്പുറ​മ​ല്ലെന്നു മനസ്സി​ലാ​ക്കാൻ അവരുടെ നല്ല മാതൃ​കകൾ വിദ്യാർഥി​യെ സഹായി​ക്കും. (ആവ. 30:11) ബൈബിൾവി​ദ്യാർഥി​ക​ളു​ടെ ആത്മീയ​പു​രോ​ഗ​തി​ക്കാ​യി പലതും ചെയ്യാൻ സഭയിലെ ഓരോ വ്യക്തി​ക്കും കഴിയും. (മത്താ. 5:16) മീറ്റി​ങ്ങു​കൾക്ക്‌ വരുന്ന ബൈബിൾവി​ദ്യാർഥി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ നിങ്ങൾ എന്തെല്ലാ​മാണ്‌ ചെയ്യു​ന്നത്‌?

നിഷ്‌ക്രി​യരെ സഹായി​ക്കു​ക

13-14. നിരു​ത്സാ​ഹി​ത​രായ അപ്പോ​സ്‌ത​ല​ന്മാ​രോട്‌ യേശു എങ്ങനെ​യാണ്‌ ഇടപെ​ട്ടത്‌?

13 ക്രിസ്‌തു തന്ന ശിഷ്യ​രാ​ക്കാ​നുള്ള നിയമനം വീണ്ടും ചെയ്‌തു​തു​ട​ങ്ങാൻ നിഷ്‌ക്രി​യ​രായ സഹോ​ദ​ര​ങ്ങളെ നമ്മൾ സഹായി​ക്കണം. ഇക്കാര്യ​ത്തിൽ യേശു നിരു​ത്സാ​ഹി​ത​രായ തന്റെ അപ്പോ​സ്‌ത​ല​ന്മാ​രോട്‌ ഇടപെട്ട വിധം നമുക്ക്‌ നല്ലൊരു മാതൃ​ക​യാണ്‌.

14 യേശു​വി​ന്റെ ഭൂമി​യി​ലെ ശുശ്രൂ​ഷ​യു​ടെ അവസാ​ന​ഘ​ട്ട​ത്തിൽ, യേശു​വി​ന്റെ മരണം തൊട്ട​ടു​ത്തെ​ത്തിയ സമയത്ത്‌ അപ്പോ​സ്‌ത​ല​ന്മാർ എന്താണ്‌ ചെയ്‌തത്‌? അവരെ​ല്ലാ​വ​രും “യേശു​വി​നെ വിട്ട്‌ ഓടി​പ്പോ​യി.” (മർക്കോ. 14:50; യോഹ. 16:32) കുറച്ച്‌ സമയ​ത്തേക്ക്‌ നിരു​ത്സാ​ഹി​ത​രാ​യി​പ്പോയ അപ്പോ​സ്‌ത​ല​ന്മാ​രോട്‌ യേശു എങ്ങനെ​യാണ്‌ ഇടപെ​ട്ടത്‌? പുനരു​ത്ഥാ​ന​പ്പെട്ട്‌ കഴിഞ്ഞ്‌ അധികം വൈകാ​തെ യേശു തന്റെ ചില അനുഗാ​മി​ക​ളോട്‌ ഇങ്ങനെ പറഞ്ഞു: ‘പേടി​ക്കേണ്ടാ, പോയി എന്റെ സഹോ​ദ​ര​ന്മാ​രെ ഞാൻ ഉയിർപ്പി​ക്ക​പ്പെ​ട്ടെന്ന്‌ അറിയി​ക്കുക.’ (മത്താ. 28:10എ) തന്നെ ഉപേക്ഷി​ച്ചു​പോയ അപ്പോ​സ്‌ത​ല​ന്മാ​രെ യേശു കൈവി​ട്ടില്ല. അവരെ ‘എന്റെ സഹോ​ദ​ര​ന്മാർ’ എന്നാണ്‌ യേശു അപ്പോ​ഴും വിളി​ച്ചത്‌. യഹോ​വ​യെ​പ്പോ​ലെ യേശു​വും കരുണ കാണി​ക്കു​ക​യും ക്ഷമിക്കു​ക​യും ചെയ്‌തു.—2 രാജാ. 13:23.

15. ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ന്നത്‌ നിറു​ത്തി​യ​വ​രെ​ക്കു​റിച്ച്‌ നമുക്ക്‌ എന്താണ്‌ തോന്നു​ന്നത്‌?

15 സമാന​മാ​യി, ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ന്നതു നിറു​ത്തി​യ​വ​രെ​ക്കു​റിച്ച്‌ നമുക്കും ചിന്തയുണ്ട്‌. അവർ നമ്മുടെ സഹോ​ദ​ര​ന്മാ​രും സഹോ​ദ​രി​മാ​രും ആണ്‌. അവരെ നമ്മൾ സ്‌നേ​ഹി​ക്കു​ന്നു. മുമ്പ്‌ ഒരുപക്ഷേ വർഷങ്ങ​ളോ​ളം യഹോ​വ​യ്‌ക്കു​വേണ്ടി കഠിനാ​ധ്വാ​നം ചെയ്‌ത​വ​രാണ്‌ അവർ. അവർ ചെയ്‌ത സ്‌നേ​ഹ​പ്ര​വൃ​ത്തി​കൾ നമ്മൾ ഇപ്പോ​ഴും ഓർക്കു​ന്നു. (എബ്രാ. 6:10) അവർ ഇപ്പോൾ നമ്മു​ടെ​കൂ​ടെ ഇല്ലല്ലോ എന്ന്‌ നമ്മൾ ഓർത്തു​പോ​കാ​റുണ്ട്‌. (ലൂക്കോ. 15:4-7) യേശു​വി​നെ​പ്പോ​ലെ അവരെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടെന്ന്‌ നമുക്ക്‌ ഏതെല്ലാം വിധങ്ങ​ളിൽ കാണി​ക്കാം?

16. നിഷ്‌ക്രി​യ​രായ സഹോ​ദ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ണ്ടെന്ന്‌ നമുക്ക്‌ എങ്ങനെ കാണി​ക്കാം?

16 സ്‌നേ​ഹ​ത്തോ​ടെ അവരെ മീറ്റി​ങ്ങു​കൾക്ക്‌ ക്ഷണിക്കുക. നിരു​ത്സാ​ഹി​ത​രാ​യി​പ്പോയ തന്റെ അപ്പോ​സ്‌ത​ല​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ യേശു ചെയ്‌ത ഒരു കാര്യം അവരെ ഒരു യോഗ​ത്തിന്‌ ക്ഷണിച്ച​താണ്‌. (മത്താ. 28:10ബി; 1 കൊരി. 15:6) അതു​പോ​ലെ, നിഷ്‌ക്രി​യ​രായ വ്യക്തികൾ മീറ്റി​ങ്ങി​നു വരുന്നി​ല്ലെ​ങ്കിൽ അങ്ങനെ ചെയ്യാൻ നമുക്ക്‌ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കാം. ഒന്നോ രണ്ടോ പ്രാവ​ശ്യം വിളി​ച്ചാൽ അവർ വരണ​മെ​ന്നില്ല. ചില​പ്പോൾ പല പ്രാവ​ശ്യം അവരെ ക്ഷണി​ക്കേ​ണ്ടി​വ​രു​മെന്ന്‌ നമുക്ക്‌ അറിയാം. തന്റെ ക്ഷണം സ്വീക​രിച്ച്‌ ശിഷ്യ​ന്മാർ വന്നപ്പോൾ യേശു​വിന്‌ എത്രയ​ധി​കം സന്തോഷം തോന്നി​ക്കാ​ണും എന്ന്‌ ഒന്ന്‌ ഓർത്തു​നോ​ക്കുക.—മത്തായി 28:16-ഉം ലൂക്കോസ്‌ 15:6-ഉം താരത​മ്യം ചെയ്യുക.

17. നിഷ്‌ക്രി​യ​നായ ഒരാൾ മീറ്റി​ങ്ങി​നു വരു​മ്പോൾ നമ്മൾ എന്ത്‌ ചെയ്യണം?

17 ആത്മാർഥ​മാ​യി അവരെ സ്വാഗതം ചെയ്യുക. താൻ വിളി​ച്ചു​കൂ​ട്ടിയ യോഗ​ത്തിൽ ശിഷ്യ​ന്മാർ വന്നപ്പോൾ യേശു മുൻ​കൈ​യെ​ടുത്ത്‌ ചെന്ന്‌ അവരോ​ടു സംസാ​രി​ച്ചു. (മത്താ. 28:18) അങ്ങനെ അവർ വന്നതിൽ തനിക്ക്‌ സന്തോ​ഷ​മു​ണ്ടെന്ന്‌ യേശു കാണിച്ചു. നിഷ്‌ക്രി​യ​നായ ഒരാൾ മീറ്റി​ങ്ങിന്‌ വന്നാൽ നമ്മൾ എന്ത്‌ ചെയ്യും? നമ്മൾ മുൻ​കൈ​യെ​ടുത്ത്‌ ചെന്ന്‌ ഹൃദ്യ​മാ​യി അദ്ദേഹത്തെ സ്വാഗതം ചെയ്യണം. ചില​പ്പോൾ എന്തു പറയണം എന്ന്‌ അറിയാ​തെ ആദ്യം നമ്മൾ ഒന്നു മടിച്ചു​നി​ന്നേ​ക്കാം. പക്ഷേ അദ്ദേഹം വന്നതിൽ നമുക്ക്‌ അതിയായ സന്തോ​ഷ​മുണ്ട്‌ എന്ന്‌ പറയു​ന്ന​തു​തന്നെ ഒരു പ്രോ​ത്സാ​ഹ​ന​മാ​യി​രി​ക്കും. ഒരു കാര്യം മാത്രം: അദ്ദേഹ​ത്തി​നു ജാള്യത തോന്നാത്ത രീതി​യിൽ വേണം അതു ചെയ്യാൻ.

18. നമുക്ക്‌ നിഷ്‌ക്രി​യ​രായ പ്രചാ​ര​കർക്ക്‌ എന്ത്‌ ഉറപ്പു നൽകാം?

18 സ്‌നേ​ഹ​ത്തോ​ടെ ഉറപ്പു നൽകുക. ലോക​മെ​ങ്ങും പോയി പ്രസം​ഗി​ക്കണം എന്ന കല്‌പന യേശു കൊടു​ത്ത​പ്പോൾ തങ്ങൾക്ക്‌ അതിന്‌ കഴിയി​ല്ലെന്ന്‌ യേശു​വി​ന്റെ ശിഷ്യ​ന്മാർക്ക്‌ തോന്നി​യി​രി​ക്കാം. എന്നാൽ “എന്നും ഞാൻ നിങ്ങളു​ടെ​കൂ​ടെ​യുണ്ട്‌” എന്ന്‌ യേശു അവർക്ക്‌ ഉറപ്പു കൊടു​ത്തു. (മത്താ. 28:20) യേശു അങ്ങനെ ഉറപ്പു കൊടു​ത്ത​തു​കൊണ്ട്‌ എന്തെങ്കി​ലും ഫലമു​ണ്ടാ​യോ? അധികം താമസി​യാ​തെ, അവർ ‘സന്തോ​ഷ​വാർത്ത പഠിപ്പി​ക്കു​ക​യും അറിയി​ക്കു​ക​യും’ ചെയ്യു​ന്ന​തിൽ തിരക്കു​ള്ള​വ​രാ​യി. (പ്രവൃ. 5:42) നിഷ്‌ക്രി​യ​രായ പ്രചാ​ര​കർക്കും ഇതേ ഉറപ്പാണ്‌ വേണ്ടത്‌. വീണ്ടും പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ ആദ്യം അവർക്ക്‌ ഒരു പേടി തോന്നി​യേ​ക്കാം. ‘നിങ്ങൾ തനിച്ചല്ല, ഞങ്ങളും കൂടെ ഉണ്ടാകും’ എന്നു പറഞ്ഞ്‌ നമുക്ക്‌ അവർക്ക്‌ ഉറപ്പു കൊടു​ക്കാം. അവർ വീണ്ടും ശുശ്രൂ​ഷ​യ്‌ക്ക്‌ പോകാൻ തുടങ്ങു​മ്പോൾ നമുക്ക്‌ അവരോ​ടൊത്ത്‌ പോകാം. നമ്മൾ നൽകുന്ന സഹായത്തെ അവർ വിലമ​തി​ക്കും എന്നതിൽ യാതൊ​രു സംശയ​വു​മില്ല. നിഷ്‌ക്രി​യ​രാ​യ​വരെ നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രാ​യി കണ്ട്‌ നമ്മൾ അവരോട്‌ ഇടപെ​ടു​മ്പോൾ യഹോ​വയെ സേവി​ക്കാ​നാ​യി അവർ മുന്നി​ട്ടി​റ​ങ്ങും. അതു മുഴു​സ​ഭ​യ്‌ക്കും സന്തോ​ഷി​ക്കാ​നുള്ള ഒരു കാരണ​മാ​യി​ത്തീ​രും.

നമ്മളെ വിശ്വ​സിച്ച്‌ ഏൽപ്പി​ച്ചി​രി​ക്കുന്ന നിയമനം ചെയ്‌തു​തീർക്കുക

19. എന്താണ്‌ നമ്മുടെ ആത്മാർഥ​മായ ആഗ്രഹം, എന്തു​കൊണ്ട്‌?

19 ശിഷ്യ​രാ​ക്കൽവേല നമ്മൾ എന്നുവരെ ചെയ്യണം? ഈ വ്യവസ്ഥി​തി​യു​ടെ അവസാ​ന​കാ​ല​ത്തു​ട​നീ​ളം. (മത്താ. 28:20; ബൈബിൾപ​ദാ​വ​ലി​യിൽ “വ്യവസ്ഥി​തി​യു​ടെ അവസാ​ന​കാ​ലം” കാണുക.) യേശു ഏൽപ്പിച്ച നിയമനം ചെയ്‌തു​തീർക്കാൻ നമുക്കു കഴിയു​മോ? അങ്ങനെ ചെയ്യാൻ ഉറച്ച തീരു​മാ​നം എടുത്തി​ട്ടു​ള്ള​വ​രാണ്‌ നമ്മൾ ഓരോ​രു​ത്ത​രും! ‘നിത്യ​ജീ​വന്‌ യോഗ്യ​രാ​ക്കുന്ന തരം മനോ​ഭാ​വ​മു​ള്ള​വരെ’ കണ്ടെത്താ​നാ​യി നമ്മുടെ സമയവും ശക്തിയും പണവും എല്ലാം സന്തോ​ഷ​ത്തോ​ടെ കൊടു​ക്കാൻ നമ്മളെ​ല്ലാം ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ന്നി​ല്ലേ? (പ്രവൃ. 13:48) അങ്ങനെ ചെയ്യു​മ്പോൾ നമ്മൾ യേശു​വി​നെ അനുക​രി​ക്കു​ക​യാണ്‌. യേശു ഇങ്ങനെ പറഞ്ഞു: “എന്നെ അയച്ച വ്യക്തി​യു​ടെ ഇഷ്ടം ചെയ്യു​ന്ന​തും അദ്ദേഹം ഏൽപ്പിച്ച ജോലി ചെയ്‌തു​തീർക്കു​ന്ന​തും ആണ്‌ എന്റെ ആഹാരം.” (യോഹ. 4:34; 17:4) നമ്മളെ വിശ്വ​സിച്ച്‌ ഏൽപ്പി​ച്ചി​രി​ക്കുന്ന വേല ചെയ്‌തു​തീർക്കാൻ നമ്മളും ആഗ്രഹി​ക്കു​ന്നു. (യോഹ. 20:21) നിഷ്‌ക്രി​യർ ഉൾപ്പെടെ മറ്റുള്ള​വ​രും അവസാ​നം​വരെ നമ്മു​ടെ​കൂ​ടെ ഈ വേലയി​ലു​ണ്ടാ​യി​രി​ക്കാ​നും നമ്മൾ ആഗ്രഹി​ക്കു​ന്നു.—മത്താ. 24:13.

20. ഫിലി​പ്പി​യർ 4:13 അനുസ​രിച്ച്‌, യേശു ഏൽപ്പിച്ച വേല നമുക്ക്‌ പൂർത്തി​യാ​ക്കാൻ കഴിയും എന്ന്‌ പറയു​ന്നത്‌ എന്തു​കൊണ്ട്‌?

20 യേശു നമ്മളെ ഏൽപ്പിച്ച നിയമനം ചെയ്‌തു​തീർക്കു​ന്നത്‌ അത്ര എളുപ്പമല്ല എന്നത്‌ ശരിയാണ്‌. എന്നാൽ ഈ വേല നമ്മൾ ഒറ്റയ്‌ക്കല്ല ചെയ്യു​ന്നത്‌. നമ്മളോ​ടൊ​പ്പം ഉണ്ടായി​രി​ക്കും എന്ന്‌ യേശു ഉറപ്പു തന്നിട്ടുണ്ട്‌. “ദൈവ​ത്തി​ന്റെ സഹപ്ര​വർത്ത​ക​രാ​യി” ‘ക്രിസ്‌തു​വി​നോ​ടു ചേർന്നാണ്‌’ നമ്മൾ ശിഷ്യ​രാ​ക്കൽവേല ചെയ്യു​ന്നത്‌. (1 കൊരി. 3:9; 2 കൊരി. 2:17) അതു​കൊണ്ട്‌ നമുക്ക്‌ അത്‌ ചെയ്‌തു​തീർക്കാൻ കഴിയും. ഈ നിയമനം ചെയ്യാ​നും അങ്ങനെ ചെയ്യാൻ മറ്റുള്ള​വരെ സഹായി​ക്കാ​നും കഴിയു​ന്നത്‌ നമുക്ക്‌ സന്തോഷം തരുന്നി​ല്ലേ? അതൊരു വലിയ പദവി​യാ​യി നിങ്ങൾക്ക്‌ തോന്നു​ന്നി​ല്ലേ?—ഫിലി​പ്പി​യർ 4:13 വായി​ക്കുക.

ഗീതം 79 ഉറച്ചു​നിൽക്കാൻ അവരെ പഠിപ്പി​ക്കു​ക

^ ഖ. 5 ആളുകളെ ശിഷ്യ​രാ​ക്കാ​നും താൻ കല്‌പി​ച്ച​തെ​ല്ലാം അനുസ​രി​ക്കു​ന്ന​തിന്‌ അവരെ പഠിപ്പി​ക്കാ​നും യേശു തന്റെ അനുഗാ​മി​കൾക്ക്‌ നിർദേശം നൽകി. ആ നിർദേ​ശങ്ങൾ നമുക്ക്‌ എങ്ങനെ അനുസ​രി​ക്കാ​മെന്ന്‌ ഈ ലേഖന​ത്തിൽ ചർച്ച ചെയ്യും. ഇതിലെ ചില വിവരങ്ങൾ 2004 ജൂലൈ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 14-19 പേജു​ക​ളി​ലെ ലേഖനത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താണ്‌.

^ ഖ. 66 ചിത്രക്കുറിപ്പുകൾ: ദൈവ​ത്തോ​ടുള്ള സ്‌നേഹം ആഴമു​ള്ള​താ​ക്കാൻ എന്തൊക്കെ ചെയ്യണ​മെന്ന്‌ ഒരു സഹോ​ദരി വിദ്യാർഥിക്ക്‌ പറഞ്ഞു​കൊ​ടു​ക്കു​ന്നു. ബൈബിൾ പഠിപ്പിച്ച അധ്യാ​പി​ക​യിൽനിന്ന്‌ കേട്ട മൂന്നു കാര്യങ്ങൾ വിദ്യാർഥി പ്രാവർത്തി​ക​മാ​ക്കു​ന്നു.